Geographies of Islamophobia Kerala Islamophobia Special Report

മലപ്പുറം ജില്ലാ വിഭജനം: പ്രചാരണങ്ങളും വസ്തുതകളും (2006-2026)

പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണെങ്കിൽ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, ന്യൂനപക്ഷ പ്രീണനം,  മതപ്രശ്നം, മതരാഷ്ട്രവാദം, മാപ്പിളസ്ഥാൻ ആരോപണം   ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്.  1969ൽ രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു (വിശദ വായനക്ക്:മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025): ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി). എന്നാൽ ഇപ്പോൾ മലപ്പുറം വിഭജന ചര്ച്ചയാണ്.

കേരളത്തിലെ ജില്ലകളിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. 2011ലെ സെൻസസ് കണക്ക് പ്രകാരം 41,10,956 ആണ് ജില്ലയിലെ ജനസംഖ്യ. രാജ്യത്തെ 672 ജില്ലകളിൽ 50-ാം സ്ഥാനത്ത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ടു ശതമാനം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇടുക്കി, പത്തനംതിട്ട, കാസർകോട്, വയനാട് തുടങ്ങിയ നാലു ജില്ലകളുടെ മൊത്തം ജനസംഖ്യക്കു തുല്യം(അര്‍ഷക് വാഴക്കാട്, മലപ്പുറം തേടുന്ന വിഭജനം, ഉത്തരകാലം,  മാര്‍ച്ച് 11, 2019).

2006നു ശേഷമാണ് മലപ്പുറം ജില്ലാ വിഭജന ചര്ച്ച വികസിക്കുന്നത്. ലഭ്യമായ രേഖകൾ പ്രകാരം 20 വർഷമായി തുടരുന്ന ആവശ്യമാണത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് പോകുന്നതിന്റെ മുമ്പു 2026 ഫെബ്രുവരിയിൽ ജില്ലാ കലക്ടർ വി ആർ വിനോദ് തന്നെ ജില്ലാ വിഭജന ആവശ്യത്തെ പിന്തുണച്ചു സംസാരിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിലാണ് ഹിന്ദുത്വർ ഈ ചർച്ചയെ പ്രതിഷ്‌ഠിക്കുന്നത്. ജൻമഭൂമി ( 2 മെയ് 2026) നൽകിയ വാർത്തയുടെ തലക്കെട്ട് ഇതാണ്: “എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്.” തുടരുന്ന വിദ്വേഷ പ്രചാരണങ്ങളും അതിന്റെ വസ്തുതകളും ഈ സാഹചര്യത്തിൽ പരിശോധിക്കേണ്ടതുണ്ട്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (2006)

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006-ല്‍ പുറത്തിറക്കിയ ‘കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു’ എന്ന അന്വേഷണത്തിന്റെ ഭാഗമായി നടന്ന കേരള പഠനം ആണ് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ മലപ്പുറം ജില്ലയിലെ വിവിധ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഒരുപരിധി വരെ ജില്ലയില്‍മാത്രം ഒതുങ്ങിനിന്നൊരു ചര്‍ച്ചയായിരുന്നു. എന്നാൽ മലപ്പുറത്തെ വിവിധ സംഘടനകൾ ഈ ചര്ച്ച ഏറ്റെടുത്തു. മലബാറിന്റെ പൊതുവികസന പിന്നാക്കാവസ്ഥക്കൊപ്പം തന്നെ ഈ ചര്ച്ചയും വികസിച്ചു.

ജില്ലാ ഹർത്താൽ ( 2013)

കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒന്നാമതാണ് മലപ്പുറം ജില്ല; ഭൂവിസ്തൃതിയില്‍ മൂന്നാമത്തേതും. വികസനകാര്യത്തില്‍ പിന്നാക്കംനില്‍ക്കുന്ന ജില്ല വിഭജിക്കണമെന്ന ആവശ്യം 2013ലാണ് സംസ്ഥാനതലത്തില്‍ത്തന്നെയൊരു പൊതുചര്‍ച്ചയായി ഉയര്‍ന്നുവന്നത്. സോളിഡാരിറ്റി, ഐ.എന്‍.എല്‍ അടക്കമുള്ള സംഘടനകള്‍ വര്‍ഷങ്ങളായി ഈയാവശ്യം ഉന്നയിക്കുന്നവരാണ്. ഈയാവശ്യം ഉന്നയിച്ച് എസ്.ഡി.പി.ഐ 2013ല്‍ ജില്ലാ ഹര്‍ത്താല്‍ നടത്തി. 2019ലും 2021ലും അവര്‍ തുടര്‍സമരപരിപാടികള്‍ ആവിഷ്‌കരിച്ചു. (ഉത്തരകാലം, അര്‍ഷക് വാഴക്കാട്, മാര്‍ച്ച് 11, 2019).  2010 ജൂൺ 16 നു ‘തിരൂർ ജില്ല എന്തിന്?’ എന്ന തലക്കെട്ടിൽ എസ്ഡിപിഐ സെമിനാർ സംഘടിപ്പിച്ചായിരുന്നു തുടക്കം. 2013-ൽ തന്നെ ‘ഒരു ജില്ലയെ വിഭജിക്കാനുള്ള ന്യായങ്ങൾ’ എന്ന തലക്കെട്ടിൽ സിറാജ് ദിനപത്രത്തിൽ ( 6 ജൂൺ 2013) ലേഖനവും വന്നിരുന്നു.

കേരളത്തെ വിഭജിക്കുവാനും അതുവഴി മലബാര്‍ പ്രദേശത്തെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കുവാനുമുള്ള അണിയറ നീക്കങ്ങള്‍  (2013)

സന്തോഷ് അറക്കൽ  ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ (ഇന്നലെ പ്രത്യേക ജില്ല, ഇന്നു പ്രത്യേക സംസ്ഥാനം, നാളെ ..? 16 സെപ്തംബർ 2013)  നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

കേരളത്തെ വിഭജിക്കുവാനും അതുവഴി മലബാര്‍ പ്രദേശത്തെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കുവാനുമുള്ള അണിയറ നീക്കങ്ങള്‍ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന കേരളത്തിന്റെ വിഭജന വാദത്തിന്‌ കേരള സമൂഹത്തില്‍ നിന്നും ഉണ്ടാകുവാന്‍ പോകുന്ന പ്രതികരണം എന്തായിരിക്കുമെന്ന്‌ അറിയുവാനുള്ള ചില ശക്തികളുടെ ടെസ്റ്റ്‌ ഡോസാണ്‌ ഇപ്പോള്‍ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുള്ള മലപ്പുറം ജില്ലാ വിഭജന പദ്ധതി. കേരള വിഭജന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നതിന്‌ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഭരണ കക്ഷി നേതൃത്വത്തിനുള്ള പങ്കും ചെറുതല്ല [..].

ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ നടക്കുന്ന മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം അത്തരം ഒരു സാഹചര്യത്തിലേക്കാണ്‌ നാടിനെ നയിക്കുന്നത്‌. മുമ്പ്‌ മലപ്പുറം ജില്ലാ രൂപീകരണ സമയത്ത്‌ മുസ്ലീം ലീഗും മറ്റും ഉന്നയിച്ചിരുന്ന വിഷയം തന്നെയാണ്‌ ഇപ്പോള്‍ ജില്ലാ വിഭജന വിഷയത്തിലും ഉന്നയിക്കുന്നത്‌. അന്ന്‌ പ്രാദേശിക വികസനം എന്നതായിരുന്നു അവര്‍ ഉയര്‍ത്തിയിരുന്ന വിഷയം . ഇപ്പോള്‍ പറയുന്നത്‌ പദ്ധതി രൂപീകരണത്തിനും വികസനത്തിനും വിഭജനം അത്യാവശ്യമാണന്ന്‌ വാദിക്കുന്നു. മലപ്പുറം ജില്ലാ രൂപീകരണ സമയത്ത്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല രൂപീകരിക്കുന്നതിനെ ശക്തമായി എതിര്‍ത്ത ഭാരതീയ ജനസംഘവും മറ്റ്‌ ദേശീയ പ്രസ്ഥാനങ്ങളും ഉന്നയിച്ച ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിവയ്‌ക്കുന്ന നിലപാടുകളാണ്‌ നമ്മള്‍ പിന്നീട്‌ മലപ്പുറം ജില്ലയില്‍ കണ്ടത്‌. മലപ്പുറം ജില്ലാ രൂപീകരണത്തിലൂടെ ലീഗ്‌ ലക്ഷ്യം വച്ചത്‌ കേവലം വികസനം മാത്രമായിരുന്നില്ലന്നും മറിച്ച്‌ സാമുദായിക സംബന്ധിയായ ഹിഡന്‍ അജണ്ടകള്‍ അതിനു പിന്നില്‍ ഒളിച്ചിരുപ്പുണ്ടന്നും കേരള സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ജില്ലാ രൂപീകരണത്തെ എതിര്‍ത്തിരുന്ന കര്‍മ്മ സമിതി അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അതിനായി അനേകം നിരന്തര സമരങ്ങളും നടന്നിരുന്നു. എന്നാല്‍ വോട്ടു ബാങ്കുകള്‍ മാത്രം ലക്ഷ്യംവച്ച്‌ പ്രവര്‍ത്തിക്കുന്ന ഇടതു വലതു രാഷ്‌ട്രീയ പാര്‍ട്ടികര്‍ തീര്‍ത്ത പുകമറക്കുള്ളില്‍ അവയ്‌ക്ക്‌ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോവുകയും ഭാരതത്തിനുള്ളില്‍ ഒരു കുട്ടിപാക്കിസ്ഥാന്‍ സൃഷ്‌ടിച്ചു നല്‍കുവാന്‍ അവര്‍ക്കാവുകയും ചെയ്‌തിരിക്കുന്നു. പീന്നീട്‌ മലപ്പുറം ജില്ല പ്രവര്‍ത്തികൊണ്ട്‌ ജനസംഘവും മറ്റും ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണന്ന്‌ ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു [..]. 

ജില്ലാപഞ്ചായത്ത് പ്രമേയം, ന്യൂനപക്ഷപ്രീണനം (2015)

ആദ്യം ജില്ലാ വിഭജന ആവശ്യത്തോട് മൃദുസമീപനമാണ് ലീഗ് കൈക്കൊണ്ടിരുന്നതെങ്കിലും പിന്നീട് അവര്‍തന്നെ മുന്‍കയ്യെടുത്ത് ചര്‍ച്ച സജീവമാക്കി. 2015ല്‍ ജില്ലാ വിഭജനത്തിനുള്ള സാധ്യതാപഠനം നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ജില്ല രണ്ടായി വിഭജിച്ചാല്‍ ഗുണകരമായിരിക്കുമെന്നാണ് പി സൈതലവി അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നത് (മലബാര്‍ ന്യൂസ്, സെപ്തംബര്‍ 8, 2015). പ്രമേയത്തോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സമ്മിശ്രപ്രതികരണമായിരുന്നു. മുസ്‌ലിം ലീഗ് പ്രമേയത്തെ ശക്തിയായി പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതികരിച്ചതേയില്ല.

വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രം ( 2015)

ഇടതുപക്ഷം മലപ്പുറം ജില്ലാ വിഭജനപ്പ്രമേയത്തെ എതിര്‍ത്തു. പ്രമേയവും ചര്‍ച്ചയും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്നാണ് സി.പി.എം വിലയിരുത്തല്‍. ബി.ജെ.പിയും വിഭജനത്തിനെതിരാണ്. സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്ന് ആരോപിക്കുമെന്നായിരുന്നു ജില്ലാ വിഭജനത്തെ എതിര്‍ത്ത പാര്‍ട്ടികളുടെ ഭയം. വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള ശ്രമമെന്നാണ് സി.പി.ഐയുടെ നിലപാട് (മലയാളം വെബ് ദുനിയ, സെപ്തംബര്‍ 2015).

മുസ്‌ലിം തീവ്രവാദികളുടെ മുദ്രാവാക്യം ( 2015)

മുസ്‌ലിം തീവ്രവാദികളുടെ മുദ്രാവാക്യം മുസ്‌ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. മുസ്‌ലിം തീവ്രവാദികളുടെയും യാഥാസ്തികരുടെയും പ്രത്യേകിച്ച് തീരദേശ മേഖലയിലെ തീവവാദികളുടെ വോട്ടു ബാങ്കിനെ ലക്ഷ്യമിട്ടാണിത് ( ഇ എൻ മോഹൻദാസ്, ആക്ടിംഗ് ജില്ലാ സെക്രട്ടറി, സി പി എം, മലപ്പുറം വിഭജനം രാഷ്ട്രീയ നേട്ടത്തിനോ? 11 സെപ്‌തംബർ 2015, ഏഷ്യാനെറ്റ് )

വിഭജനത്തിന്റെ നേട്ടം മുസ്‌ലികള്‍ക്കു മാത്രമാണെന്ന ചിന്ത ശരിയല്ല (2015)

മലപ്പുറം ജില്ല വിഭജിക്കേണ്ടത് ജില്ലയിലെ ഓരോ പൗരന്റെയും ആവശ്യമാണെന്നായിരുന്നു ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട്. വിഭജനം മുസ്‌ലിംലീഗിന്റെ മാത്രമാവശ്യമല്ല. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകേണ്ടതുണ്ട്. വിഭജനത്തിന്റെ നേട്ടം മുസ്‌ലികള്‍ക്കു മാത്രമാണെന്ന ചിന്ത ശരിയല്ല. ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ഒന്നും നേടാനില്ലെന്നു അദേഹം പറഞ്ഞു (എക്സ്പ്രസ് കേരള, ഒക്ടോബര്‍ 16, 2015).

വര്‍ഗീയശക്തികളുടെ ആവശ്യം (2018)

മുന്‍മന്ത്രി കെ.ടി ജലീൽ  മലപ്പുറം ജില്ലാ വിഭജനത്തിന് എതിരായിരുന്നു. രിസാല ഓണ്‍ലൈനിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം ഈ പ്രശ്നത്തോട് ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലപ്പുറം ജില്ല വിഭജിക്കേണ്ട ആവശ്യമില്ല. പുതിയ ജില്ല ഉണ്ടാവുകയല്ല ജില്ലക്കകത്ത് പുതിയ ഭരണസംവിധാനങ്ങള്‍ രൂപപ്പെടുകയാണ് വേണ്ടത്. ജില്ല പുരോഗമിക്കണമെങ്കില്‍ ജില്ല വിഭജിക്കണം എന്ന വാദം അടിസ്ഥാനരഹിതമാണ്. അത് ചില വര്‍ഗീയശക്തികള്‍ അവര്‍ക്ക് മേല്‍കൈ കിട്ടാന്‍വേണ്ടി ഉയര്‍ത്തികൊണ്ടുവരുന്നതാണ്. അതിനെ എന്തുവില കൊടുത്തും എതിര്‍ക്കണം. വിഭജിക്കണം എന്ന നിലപാടിനോട് ലീഗ് യോജിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം അത്ഭുതപ്പെട്ടു (മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി, ഡോ. കെ.ടി ജലീല്‍/ ശരീഫ് പാലോളി, രിസാല ഓണ്‍ലൈന്‍, ആഗസ്റ്റ് 11, 2018).

ജനങ്ങള്‍ കൂടുതലുള്ള ജില്ല എന്ന നിലയിലുള്ള പരിഗണന മലപ്പുറത്തിന് ലഭിക്കണം: അമിത് മീണ (ജില്ലാ കലക്ടർ) ( 2018) 

ജനസംഖ്യാ ആനുപാതികമായി ഉദ്യോഗസ്ഥരോ അടിസ്ഥാന സൗകര്യങ്ങളോ മലപ്പുറത്ത് ഇല്ലെന്നാണ് കളക്ടര്‍ അമിത് മീണ പറയുന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്കൊപ്പം ഒരു ജില്ല എന്ന നിലയിലാണ് മലപ്പുറത്തെ പരിഗണിക്കുന്നത്. ഈ സ്ഥിതി മാറണം. പകരം ജനങ്ങള്‍ കൂടുതലുള്ള ജില്ല എന്ന നിലയിലുള്ള പരിഗണന മലപ്പുറത്തിന് ലഭിക്കണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം ജില്ലയില്‍ പ്രതിസന്ധി രൂക്ഷമാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ജില്ലയിലില്ല. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ പദ്ധതികള്‍ പരിശോധിക്കാന്‍ പോലും ഓഫീസര്‍മാരില്ല. വികസന പദ്ധതികള്‍ ഒരുക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ലെന്നും കളക്ടര്‍ പറയുന്ന (മലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ല, 21 മാർച്ച് 2018, വൺഇൻഡ്യ)

നിയമസഭ ചര്ച്ച: ശാസ്ത്രീയ സമീപനമല്ല, ഏകപക്ഷീയം (2019)

മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ ചേര്‍ന്നുനിന്ന നേതാവാണ് കെ.എന്‍.എ ഖാദര്‍. 2019 ജൂണില്‍ അദ്ദേഹം നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. അതു വലിയ വിവാദമായി. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസ്സിന് പ്രമേയത്തോട് വിയോജിപ്പുണ്ടായിരുന്നു. എസ്.ഡി.പി.ഐയുടെ നിലപാടിനൊപ്പം സഞ്ചരിക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം (ജൂണ്‍ 27, 2019, മനോരമ). ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്നും കോണ്‍ഗ്രസ്സിന് പരാതിയുണ്ടായിരുന്നു (ജൂണ്‍ 20, 2019, ഏഷ്യാനെറ്റ്).

സംസ്ഥാനത്തു പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു (മീഡിയവണ്‍, ജൂണ്‍ 25, 2019).

വികസനത്തിന് ജില്ലാ വിഭജനം ( 2023)

ജനസംഖ്യാനുപാതിക വികസന പദ്ധതികൾ മലപ്പുറത്തിനു ലഭ്യമാക്കുന്നതിന് ജില്ലയുടെ വിഭജനം വേണം: എസ് വൈ എസ്, സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി ( മീഡിയവൺ, 13 മെയ് 2023)

നവകേരള സദസ്സിലും ആവശ്യം: ശാസ്ത്രീയമായ സമീപനമല്ലെന്ന് (2023)

2023ല്‍ മലപ്പുറത്തു നടന്ന നവകേരള സദസ്സില്‍ ഒളകര, പുകയൂരിലെ ഷൗക്കത്തലി ഇതുസംബന്ധിച്ച ഒരു പരാതി സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ വിഭജനം ശാസ്ത്രീയമായ സമീപനമല്ലെന്നും പരിഗണിക്കാനാവില്ലെന്നുമായിരുന്നു മലപ്പുറം കലക്ടറുടെ മറുപടി (ജൂണ്‍ 6, 2024). തിരൂരില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന പ്രഭാത സദസ്സിലും അദ്ദേഹം ഇതേ മറുപടിയാണ് നല്‍കിയത് (മലയാള മനോരമ, നവംബര്‍ 28, 2023).

മലപ്പുറം വിഭജനാവശ്യവുമായി മതരാഷ്ട്രവാദികള്‍ (2024)

വികസന സൌകര്യത്തിനായി മലപ്പുറം ജില്ലയെ വിഭജിക്കണമെന്നത് മതരാഷ്ട്രവാദത്തെ അനുകൂലിക്കുന്നവരുടെ മുദ്രാവാക്യമാണ്- സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന (07 ഒക്ടോബര്‍ 2024, സമകാലിക മലയാളം)

നെയ്യാറ്റിന്‍കരജില്ലയും മലപ്പുറം ജില്ലാ വിഭജനവും (2024 )

തലസ്ഥാന ജില്ലയെ വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹര്‍ജി സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിന്‍കര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നതായിരുന്നു ആവശ്യം. അതിന്റെ ഭാഗമായി ജനങ്ങളില്‍നിന്നു സ്വരൂപിച്ച അരലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമഹരജിയും സമിതി ചെയര്‍മാന്‍ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. അവിടെ മാറ്റമുണ്ടാക്കുവാന്‍ ജില്ലാ രൂപീകരണംകൊണ്ടേ സാധ്യമാവുകയുള്ളുവെന്നാണ് അവരുടെ അഭിപ്രായം: 1984 ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതിനാല്‍ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന പറയുന്നു. തമിഴ്നാടും കര്‍ണ്ണാടകയും ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വര്‍ധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കി
(ജൂലൈ 11, 2024, മീഡിയവണ്‍). പുതിയ ജില്ല രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

എന്നാല്‍, നെയ്യാറ്റിന്‍കര ജില്ല വേണമെന്ന ആവശ്യത്തോടുള്ള പൊതുസമീപനവും അതിനോടുള്ള പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഇതിനുമുൻപ് ജില്ല വിഭജിക്കണമെന്ന ആവശ്യം മലപ്പുറത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നപ്പോഴുള്ള ആശങ്കകൾ പൊതുചർച്ചകളിൽ ഇല്ലായിരുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളെയും താരതമ്യം ചെയ്യുകയാണെങ്കില്‍ നയപരവും വ്യവസ്ഥാപിതവുമായ കാര്യങ്ങളില്‍ ഇസ്‌ലാമോഫോബിയയുടെ സ്വാധീനം മനസിലാക്കാനാവും.

വിഭജന സിദ്ധാന്തം : ജന്മഭൂമി ( 2025)

മലപ്പുറം വിഭജന ആവശ്യത്തെക്കുറിച്ചുള്ള ഹിന്ദുത്വ ആഖ്യാനത്തിന്റെ ഒരു മാതൃക താഴെ ( (മലപ്പുറം വിഭജിക്കണം:എസ്ഡിപിഐ ആവശ്യത്തിന് പിന്നാലെ മുസ്ലിം ലീഗും. 29 സെപ്തംബർ 2025, ജന്മഭൂമി )):

“മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗും രംഗത്ത്. തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവുമായി ലീഗ് എംഎൽഎ കുറുക്കോളി മൊയ്തീൻ രംഗത്തെത്തി. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും മുമ്പ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നതാണ്. മാസങ്ങൾക്ക് മുമ്പ് ഈ ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ മലപ്പുറത്ത് റാലി സംഘടിപ്പിച്ചിരുന്നു. എന്നാൽ മുസ്ലിം ലീഗ് ഔദ്യോഗികമായി, പ്രത്യക്ഷത്തിൽ ആദ്യമായാണ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത്.

മലപ്പുറം ജില്ലയ്ക്ക് ആവശ്യമായ വിഹിതം ലഭിക്കുന്നില്ലെന്നും, ജില്ലയുടെ മൂന്നിലൊന്ന് വിസ്തൃതിയുള്ള മറ്റ് ജില്ലകൾക്ക് ലഭിക്കുന്ന വിഹിതമേ മലപ്പുറത്തിനും ലഭിക്കുന്നുള്ളുവെന്നും എംഎൽഎ ആരോപിച്ചു. മലപ്പുറത്ത് ജനസംഖ്യ കൂടുതലാണെങ്കിലും, അതിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. സർക്കാർ ജില്ലയെ അവഗണിക്കുകയാണെന്നും വിഭജനത്തെ ന്യായീകരിച്ച് എംഎൽഎ വ്യക്തമാക്കി.

മുൻകാലങ്ങളിൽ ലീഗ് രഹസ്യമായി സർക്കാരുകളോട് ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും, പ്രത്യക്ഷത്തിൽ അടുത്ത കാലത്തൊന്നും ഇത്തരമൊരു ആവശ്യം ലീഗ് ഉയർത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയം ചർച്ചയാക്കാനാണ് എംഎൽഎ നേരിട്ട് രംഗത്തെത്തിയത്. ജില്ലയുടെ വിഭജനവുമായി ബന്ധപ്പെട്ട് ഇടത്-വലത് മുന്നണികൾ നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് വിഭജന സിദ്ധാന്തത്തെ പിന്തുണച്ച് മുസ്ലിം ലീഗും രംഗത്തെത്തിയത്.”

ജില്ലാ വിഭജനത്തെ വർഗീയവാദമെന്നു വിളിക്കുന്നു (2025)

“ജില്ലാ വിഭജനം എന്ന് പറയുമ്പോൾ നമ്മൾ വർഗീയവാദികൾ…”; മലബാ‌ർ ജില്ലാ വിഭജന വികസന മുന്നേറ്റ സമിതി സെമിനാറിൽ പി.വി അൻവർ പറഞ്ഞു ( 10 ആഗസ്‌റ്റ് 2025, മീഡിയവൺ). എന്നാൽ പി വി അൻവർ മലയോര ജില്ല എന്ന ആവശ്യമാണ് ഉയർത്തുന്നത്. ജില്ലാ വിഭജന യാത്രയും അദേഹം സംഘടിപ്പിച്ചിരുന്നു ( 10 ജൂലൈ 2025, മീഡിയവൺ).

മലപ്പുറം വിഭജന ആവശ്യത്തിന് പിന്നിൽ മാപ്പിളസ്ഥാൻ രൂപീകരിക്കൽ (2025)

മലപ്പുറം വിഭജന ആവശ്യത്തിന് പിന്നിൽ മാപ്പിളസ്ഥാൻ രൂപീകരിക്കൽ,
കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാനെന്ന് മുദ്രാവാക്യം വിളിച്ചവരുടെ പിൻതലമുറക്കാർ ഇന്നും മലപ്പുറത്തുണ്ട്: കാ ഭാ സുരേന്ദ്രൻ (26 സെപ്തംബർ 2025, ജനം ടിവി)

ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ (2025)

മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു (ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്, സമകാലിക മലയാളം. 30 ഡിസംബർ 2025)

മതപരമായ കണ്ണിലൂടെ കാണരുത് (2026)

ജില്ലാ വിഭജനം വികസന ആവശ്യമാണെന്നും മതപരമായ കണ്ണിലൂടെ കാണരുതെന്നു
സമസ്‌ത എ പി വിഭാഗം ആവശ്യപ്പെട്ടിരുന്നു ( ന്യൂസ് മലയാളം, 7 ജനുവരി 2026). കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നയിച്ച കേരള യാത്രയിലും ഇത് ചര്‍ച്ചയായി. ജില്ലാ വിഭജനം കേവലം മതത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു: (‘മലപ്പുറം വിഭജിക്കണം, കേവലം മതപരമായി ഇതിനെ കാണരുത്: കാന്തപുരം എ.പി വിഭാഗം’ , 08 ജനുവരി, ഡൂള്‍ ന്യൂസ്)

പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ ജില്ലയും മറ്റാനുകൂല്യങ്ങളും നല്കണോ?കെ പി ശശികല (2026) 

ഹിന്ദു ഐക്യവേദി നേതാവായ കെ.പി.ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് (മാധ്യമം 8 ജനുവരി 2026):

” മൊയ്ല്യാരെ അവിടുത്തെ പ്രശ്നം ജില്ലയില്ലാത്തതല്ലല്ലോ. ജനസംഖ്യയല്ലേ?. അതു
കുറക്കാൻ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?. അതിനായി മൊയ്ല്യാർ
എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ ?. പെറ്റുകൂട്ടുന്നവർക്ക് ഇനാമായി സർക്കാർ
ജില്ലയും മറ്റാൻ കൂല്യങ്ങളും നല്കണോ?. ഇവിടുള്ളതു പോരാതേ മൊയ്ല്യാര്
വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ
നോക്കുന്നുമുണ്ട്. രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന
അന്യായ ജനസംഖ്യ കുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട
സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശമാക്കിയാൽ പരിഹാരമുണ്ടാകുമോ ?.
ബൈ ദ ബൈ കാന്തപുരവും നോളജ് സിറ്റിയും രണ്ടും കോഴിക്കോട് ജില്ലയിലാണ്
പക്ഷേ മൊയ്ല്യാർക്ക് ആശങ്ക മലപ്പുറത്തേപ്പറ്റിയും അതെന്താണാവോ അങ്ങനെ?”

മുസ്‌ലിം യാഥാസ്തികരും ഫണ്ടമെൻ്റെലിസ്‌റ്റുകളും കാണുന്ന ഗുണം കേരള സംസ്ഥാനത്തു രണ്ടു മുസ്‌ലിം ഭൂരിപക്ഷ ജില്ലകളുണ്ടാവുമെന്നാണ്: അഡ്വ. എ ജയശങ്കർ (2026)

മലപ്പുറം ജില്ലാ രൂപീകരണം ഭൂമിശാസ്ത്രപരമായ കാരണങ്ങളായിരുന്നില്ല. ലീഗിൻ്റെ മതപരമായ ആവശ്യമായിരുന്നു. ഏറനാട് താലൂക്കിൻ്റെ ആസ്ഥാനമായ മഞ്ചേരി ജില്ലാ കേന്ദ്രമായി വരാതിരുന്നതു മലപ്പുറം എന്ന ചെറുഗ്രാമത്തിലെ പാണക്കാട് തങ്ങൾ മാർ അടക്കമുള്ള മുസ്‌ലിം യാഥാസ്തികരുടെ കേന്ദ്രമായിരുന്നതിനാലാണ്. എന്നാൽ മലപ്പുറം മറ്റുജില്ലകളെപ്പോലെ സാമുദായിക സംഘട്ടനമോ വർഗീയതയൊന്നുമില്ല. എന്നാൽ ഇന്ന് ജില്ലാ വിഭജന ആവശ്യമാണ്. ജനസംഖ്യാപരമായ ന്യായവുമുണ്ട്. മലയോര ജില്ലയും തീരദേശ ജില്ലയുമായി മാറ്റണം എന്നാണാവശ്യം. ഒറ്റക്കേൾവിയിൽ ഒരു ദോഷവുമില്ല. എന്നാൽ മുസ്‌ലിം യാഥാസ്തികരും ഫണ്ടമെൻ്റെലിസ്‌റ്റുകളും കാണുന്ന ഗുണം കേരള സംസ്ഥാനത്തു രണ്ടു മുസ്‌ലിം ഭൂരിപക്ഷ ജില്ലകളുണ്ടാവുമെന്നാണ്. ( മലപ്പുറം ജില്ലാ വിഭജനവും കയ്പ്പുള്ള യാഥാർഥ്യവും: അഡ്വ. ജയശങ്കർ, മറുനാടൻ മലയാളി, 10 ജനുവരി 2026)

ഒരിക്കൽ വിഭജിക്കേണ്ടിവരും: മലപ്പുറം കലക്ടർ വി. ആർ.വിനോദ് ( 2026)

മലപ്പുറം ജില്ലാ വിഭജന ആവശ്യത്തെ അനുകൂലിച്ച് കളക്ടര്‍ വി. ആര്‍ വിനോദ്. മലപ്പുറം ജില്ലാ വിഭജനം വികസനത്തിനു കൂടുതല്‍ ഗുണമാകുമെന്നു അദ്ദേഹം പറയുന്നു. ജില്ലയുടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കണമെങ്കില്‍ നാലര മണിക്കൂര്‍ എടുക്കുമെന്നും വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ വിഭവ ശേഷിയുടെ കുറവ് മലപ്പുറത്തുണ്ടെന്നും വി. ആര്‍ വിനോദ് പറഞ്ഞു ( 26 ഫെബ്രുവരി, മലബാർ ടൈംസ് ന്യൂസ്) .വലിയ വിസ്തൃതി ഉള്ള കേരളത്തിലെ ജില്ലയാണ് മലപ്പുറം. ജനസംഖ്യ ഏറ്റവും കൂടുതലാണ്. ഭരണനിർവഹണത്തിൻ്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഒക്കെ നടക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ജില്ലാ വിഭജനം ഗൗരവമായി പരിഗണിക്കപ്പെടേണ്ടി വരും. മലപ്പുറത്തെ സാമുദായിക സൗഹാര്‍ദം ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് പോകുന്നതിന്റെ ഭാഗമായി മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രെസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ (2026)

മലപ്പുറം ജില്ല വിഭജനം എന്ന ആവശ്യം ശക്തമാകുന്നതിനിടെ കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണമെന്ന നിർദേശവുമായി തൃത്താല മുൻ എം എൽ എ വിടി ബൽറാം (വൺഇൻഡ്യ . 8 ജനുവരി 2026)

സമസ്ത നൂറാം വാർഷിക സമ്മേളന പ്രമേയം ( 2026)

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം . നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് ഭരണസൗകര്യത്തിനും വികസനത്തിനുമായി പുതിയ ജില്ല രൂപീകരിക്കേണ്ടത് ആവശ്യമാണെന്നു  കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്‍റെ  പ്രമേയം. എന്നാൽ ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പരിഗണന വേണമെന്നും സമസ്ത ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തി സമഗ്രമായ ജില്ലാ പുനർനിർണ്ണയം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു (മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത; ‘മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’ എഷ്യാനെറ്റ് , 7 ഫെബ്രുവരി 2026)

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല (2026)

മലപ്പുറം ജില്ല വിഭജിക്കണം എന്ന പ്രമേയം അവതരിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്. മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ജില്ല വിഭജിക്കണം എന്ന പ്രമേയം അവതരിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണം എന്നാണ് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെടുന്നത് (മലപ്പുറം ജില്ല വിഭജിക്കണമെന്ന് യൂത്ത് ലീഗ്. തിരൂരങ്ങാടി പുതിയ ജില്ലയാക്കണമെന്ന് നിര്‍ദേശം, വൺ ഇന്ത്യ, 1 മെയ് 2026) . ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി “മലപ്പുറം” എന്ന പേരിൽ ഒരു ജില്ല രൂപീകരിച്ച് മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി “തിരൂരങ്ങാടി” എന്ന പേരിൽ പുതിയ ജില്ല രൂപീകരിച്ച് തിരൂരങ്ങാടിയെ ആസ്ഥാനമാക്കണം. വലിയ ജനസംഖ്യയുള്ള ജില്ലകളെ ചെറിയ, കാര്യക്ഷമ ജില്ലകളാക്കി പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.എന്നാൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. വിഭജനത്തിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങളെന്ന് യൂത്ത് ലീഗ് ചൂണ്ടി കാണിക്കുന്നവ. 1) ഭരണ കാര്യക്ഷമത വർധിക്കും. 2) സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തും. 3) പ്രദേശിക വികസന അസമത്വം കുറയും. 4) പുതിയ ഇൻഫ്രാസ്ട്രക്ചർ വികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാകും. 5) തീരപ്രദേശവും മലനാടും നഗരമേഖലയും ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പ്രത്യേക വികസന നയങ്ങൾ നടപ്പാക്കാൻ സാധിക്കും. 40 ലക്ഷത്തിലേറെ ജനങ്ങളും 16 നിയമസഭാ മണ്ഡലങ്ങളും ഉൾകൊള്ളുന്ന മലപ്പുറം ജില്ലയുടെ വിഭജനത്തിന്റെ അടിസ്ഥാനം ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവും ആയ ഒരു വികസന ആവശ്യമാണ് എന്നതാണ് വാദം.

എന്നാൽ ജൻമഭൂമി ( 2 മെയ് 2026) നൽകിയ വാർത്തയുടെ തലക്കെട്ട് ഇതാണ്: “എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്.”

(ഇതുവരെ ലഭ്യമായ വിവരങ്ങളാണ് ഈ റിപ്പോർട്ടിൻ്റെ ആധാരം. വിവിധ സംഘടനകൾ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ഉൾപ്പെടുത്താവുന്നതാണ്. വസ്തുതകൾ ലഭിക്കുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്. )