Kerala Islamophobia Special Report

33 ഇസ്‌ലാമോഫോബിക് പൊതുബോധങ്ങള്‍

  1. ഒരു ‘യഥാര്‍ത്ഥ’ ഇസ്‌ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല.
  2. മുസ്‌ലിം സാമുദായിക താല്‍പര്യങ്ങള്‍ അപകടകരവും ദേശവിരുദ്ധവുമാണ്.
  3. മുസ്‌ലിംകള്‍ക്ക് വേണ്ടത്ര മതേതരത്വമില്ല.
  4. ന്യൂനപക്ഷ പാര്‍ട്ടികളും സംഘടനകളും ദേശീയോത്ഗ്രഥനത്തിന് തടസ്സമാണ്.
  5. മുസ്‌ലിംകളുടെ മതപരത ദേശവിരുദ്ധമാണ്.
  6. മുസ്‌ലിംകള്‍ക്ക് ‘പൊതു’വാകാനാവില്ല; അവര്‍ക്ക് എപ്പോഴും മതപരമായ താല്‍പര്യങ്ങളുണ്ട്.
  7. മുസ്‌ലിംകള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വ വര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്.
  8. ‘പൊതു’ ആചാരങ്ങളോട് ചില മുസ്‌ലിംകള്‍ വിശ്വാസപരമായി അകലം പാലിക്കുന്നത് വര്‍ഗീയത മൂലമാണ്.
  9. മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ചില ഗൂഢതന്ത്രങ്ങളുണ്ട്.
  10. മുസ്‌ലിംകള്‍ വര്‍ഗീയവാദികളാണ്; അവര്‍ വര്‍ഗീയമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
  11. മുസ്‌ലിംകള്‍ക്കിടയില്‍ ഹോമോഫോബിയ കൂടുതലാണ്.
  12. ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണ്; ഇസ്‌ലാം അങ്ങനെയല്ല.
  13. മുസ്‌ലിംകളിലെ ഓരോ വിഭാഗവും പരസ്പരം നിലപാടെടുക്കണം.
  14. മുസ്‌ലിംകള്‍ ബാല്യവിവാഹം ആഗ്രഹിക്കുന്നു.
  15. ഇതരമതസ്ഥരെ വിവാഹം കഴിക്കുന്ന മുസ്‌ലിംകള്‍ക്ക് അന്താരാഷ്ട്ര താല്‍പര്യങ്ങളുണ്ട്.
  16. ഇസ്‌ലാമിലേക്കുള്ള മതംമാറ്റം മതമൗലികവാദവും വര്‍ഗീയതയുമാണ്.
  17. മുസ്‌ലിംകള്‍ എല്ലാം ഒരുപോലെയാണ്; തരംതിരിവുകള്‍ അപ്രസക്തം.
  18. എല്ലാ ഇസ്‌ലാമിസ്റ്റുകളും മുസ്‌ലിംകളും സൗദിപക്ഷപാതികളാണ്.
  19. അറബി പറയുന്നതും സംഭാഷണത്തില്‍ അറബി വാക്കുകള്‍ ഉപയോഗിക്കുന്നതും വര്‍ഗീയതയുടെ ഭാഗമാണ്.
  20. മുസ്‌ലിം ജ്ഞാനവ്യവസ്ഥ അറിവായി കണക്കാക്കാനാവില്ല.
  21. ഇന്ത്യയില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന മുസ്‌ലിംകള്‍ മറ്റു രാജ്യങ്ങളില്‍ അത് നിഷേധിക്കുന്നു.
  22. മുസ്‌ലിംകള്‍ക്ക് കൂട്ടായ ബാധ്യതയുണ്ട്.
  23. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയതയാണ്; അത് സാമുദായിക സംതുലനത്തെ തകര്‍ക്കും.
  24. മതേതരരെന്ന് നടിക്കും; മുസ്‌ലിംകള്‍ക്ക് ഇരട്ടമുഖമാണ്.
  25. മുസ്‌ലിംകള്‍ അതിവൈകാരികതയുള്ളവരും അമിത ലൈംഗികതയുള്ളവരുമാണ്.
  26. മുസ്‌ലിംകള്‍ സ്ത്രീകളെ പള്ളിയില്‍ കയറ്റുന്നില്ല.
  27. മുസ്‌ലിം സ്ത്രീകള്‍ ദുര്‍ബലരാണ്; മുസ്‌ലിം പുരുഷന്റെ ഇരകളാണ്.
  28. ന്യൂനപക്ഷങ്ങള്‍ ഹിന്ദുവിന്റെ സമ്പത്ത് തട്ടിയെടുക്കുന്നു.
  29. മതേതര പാര്‍ട്ടികളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് നുഴഞ്ഞുകയറുന്ന മുസ്‌ലിംകളാണ്.
  30. മുസ്‌ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു; താമസിയാതെ അധികാരം പിടിച്ചെടുക്കും.
  31. മുസ്‌ലിംകള്‍ ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും വിലക്കെടുക്കുന്നു.
  32. മുസ്‌ലിംകളുടെ മിക്ക പ്രവര്‍ത്തികളും അറപ്പും വെറുപ്പും അലോസരവും ഉണ്ടാക്കുന്നതാണ്.
  33. മുസ്‌ലിംകള്‍ അനര്‍ഹമായ അധികാരസ്ഥാനങ്ങള്‍ തട്ടിയെടുക്കുന്നു.

 

1. ഒരു ‘യഥാര്‍ത്ഥ’ ഇസ്‌ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല

2018 ഡിസംബറില്‍ കൊല്ലം വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളജില്‍ യൂനിയന്‍ ഉദ്ഘാടനത്തിനെത്തിയ നടന്‍ സലിംകുമാറിനെ കറുത്ത വസ്ത്രം ധരിച്ചാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആഘോഷത്തിന് പഞ്ചുണ്ടാക്കാനാണ് കുട്ടികള്‍ കറുത്തവസ്ത്രം ധരിച്ചത്. കറുത്ത വസ്ത്രം ഐഎസ് ബന്ധത്തിന്റെ സൂചനയാണെന്ന് സാമൂഹികമാധ്യമങ്ങളില്‍ സംഘപരിവാരബന്ധമുള്ള ചിലര്‍ ആരോപിച്ചു. ‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത ഭീകരസംഘടനയുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടന’മെന്ന് ജനം ടി വി വാര്‍ത്ത എഴുതി( 2018, ഡിസംബര്‍ 29). താമസിയാതെ ഈ ആരോപണം മുഖ്യധാര ഏറ്റെടുത്തു. 2018 ഡിസംബര്‍ 31 ന്യൂസ് അവറില്‍ ഏഷ്യാനെറ്റ് ഈ പ്രശ്‌നം ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ സലിംകുമാര്‍ കുട്ടികള്‍ക്കനുകൂലമായി നിലപാടെടുത്തത് രക്ഷയായി. താനും കുട്ടികളുടെ അഭ്യര്‍ത്ഥനമാനിച്ച് കറുത്ത വസ്ത്രം ധരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഫേസ്ബുക്ക് വാളിലും അദ്ദേഹം വാര്‍ത്തയ്‌ക്കെതിരേ ആഞ്ഞടിച്ചു. (താന്‍ ഉദ്ഘാടകനായി എത്തിയ ക്യാമ്പസ് പരിപാടിയെ തീവ്രവാദ അനുകൂല റാലിയാക്കിയ ചാനലിനെതിരെ സലീംകുമാര്‍; ‘കോളേജിലെ ഒരു ആഘോഷം മാത്രമാണിത്, അതിലുപരിയായി അതിനകത്ത് മറ്റൊന്നുമില്ല’- കൈരളിന്യൂസ് ഓണ്‍ലൈന്‍, ഡിസംബര്‍ 30, 2018).

വര്‍ക്കലയിലേത് വെറുമൊരു വാര്‍ത്താസ്റ്റണ്ട് മാത്രമായിരുന്നെങ്കില്‍ കോഴിക്കോട് പേരാമ്പ്രയിലെ കോളജില്‍ ഇതേ ആരോപണം പോലിസ് കേസിലാണ് അവസാനിച്ചത്. 2019 ആഗസ്തില്‍ കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ പതാക വീശിയെന്ന് ആരോപിച്ച് ഏഴ് പേരെ കോളജില്‍നിന്ന് പുറത്താക്കി. പൊതുസമൂഹത്തില്‍ വ്യാപകമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കോളജ് അധികൃതരുടെ നടപടി. അവര്‍ പോലിസിനെയും സമീപിച്ചുവത്രെ. തൊട്ടുപിന്നാലെ 30 പേര്‍ക്കെതിരേ പേരാമ്പ്ര പോലിസ് കേസെടുത്തു. (വണ്‍ ഇന്ത്യമലയാളം, ആഗസ്റ്റ് 31, 2019)ജന്മനാടിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭാഗമായ കോളജില്‍ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ഭാഗമായാണ് പതാകവീശല്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ എംഎസ്എഫ് അവരുടെത്തന്നെ സംഘടനാപതാകയുടെ വലിയ മാതൃകയാണ് വീശിയത്. പാകിസ്താന്‍ പതാകയും എംഎസ്എഫ് പതാകയും തമ്മില്‍ നിറംകൊണ്ടും ഘടനകൊണ്ടും ചില സമാനതകളുണ്ട്. പതാകകള്‍ തമ്മിലുള്ള സാമ്യം മുതലെടുത്ത് കുട്ടികള്‍ പാക്പതാക വീശിയെന്ന് ആരോപിക്കുകയായിരുന്നു.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് രാഹുല്‍ഗാന്ധിയാണ് ലോക്‌സഭയിലേക്ക് മല്‍സരിച്ചത്. അദ്ദേഹത്തിന്റെ റാലിയില്‍ ഘടകകക്ഷിയായ ലീഗ് സ്വന്തം പതാക വീശിയപ്പോള്‍ പാക്പതാക വീശിയെന്ന് നുണപ്രചാരണം നടന്നു. (ന്യൂസ് 18, ഏപ്രില്‍ 3, 2019)അത് അഖിലേന്ത്യാതലത്തില്‍ത്തന്നെ പ്രചരിപ്പിക്കപ്പെട്ടു. കൂട്ടത്തില്‍ ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചെന്ന പ്രചാരവും വ്യാപകമായി. ഇതിനെതിരേ ലീഗ് നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി കെ പിഎ മജീദ് തന്നെ കുറിപ്പുമായി രംഗത്തുവന്നു (കെ പിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റ്, 2019, ഏപ്രില്‍ 3). അങ്ങനെയൊരു നിര്‍ദേശമുണ്ടായിട്ടില്ലെന്നും നടക്കുന്നത് നുണപ്രചാരണമാണെന്നും അദ്ദേഹം അറിയിച്ചു. പച്ചനിറത്തിലുള്ള പതാകയുടെ പേരില്‍ വിദ്വേഷപരാമര്‍ശവുമായി ബിജെപി നേതാവ് അമിത് ഷായും രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ പരിപാടി കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. തിരഞ്ഞെടുപ്പ് കാലയളവില്‍ നാഗ്പൂരില്‍നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചത്. രാഹുലിന്റെ റാലിയിലെ പച്ചക്കൊടിയാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. (ന്യൂസ് മിനിറ്റ്, ഏപ്രില്‍ 10, 2019). ഇതിന്റെ പേരില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പരാതി തള്ളി(ഇന്ത്യന്‍ എക്‌സ്പ്രസ്, മെയ്, 4, 2019)

2022ലെ ലോകകപ്പ് ഫുട്്‌ബോള്‍ ഖത്തറില്‍ അരങ്ങേറിയ സമയത്ത് കേരളീയരുടെ ഫുട്‌ബോള്‍ഹരം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതേ കുറിച്ച് മലയാളികള്‍ അഭിമാനം കൊണ്ടു. മലയാളികളായ അര്‍ജന്റീന ഫാന്‍സിനെയും ബ്രസീല്‍ ഫാന്‍സിനെയും ഫിഫ പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമാനത്തോടെ മറുപടി ട്വീറ്റ് ചെയ്തു. അര്‍ജന്റീന, ബ്രസീല്‍, ജര്‍മന്‍ കൊടികളുമായുള്ള ധാരാളം പ്രകടനങ്ങളാണ് ലോകകപ്പ് സമയത്ത് സംസ്ഥാനത്ത് നടന്നത്.
എന്നാല്‍ മലയാളികളായ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫാന്‍സിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നു. ആ രാജ്യത്തോടുള്ള തങ്ങളുടെ ആഭിമുഖ്യത്തിന്റെ കാരണം വ്യക്തമാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അന്നം നല്‍കുന്ന രാജ്യത്തോടുള്ള സ്‌നേഹമെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും നല്‍കിയ വിശദീകരണം. ‘അന്നം തരുന്ന നാടിനെ ഇടനെഞ്ചിലേറ്റി, സൗദി അറേബ്യയുടെ ഫ്‌ളക്‌സുമായി പ്രവാസികള്‍’ എന്ന ശീര്‍ഷകത്തില്‍ മീഡിയാ വണ്‍ 2022 നവംബര്‍ 14ന് ഒരു വാര്‍ത്തപോലും ചെയ്തു. അര്‍ജന്റീന, ബ്രസീല്‍ പതാകകളുണ്ടാക്കുന്ന പ്രതികരണമല്ല പാക്ക്-സൗദി പതാകകളുണ്ടാക്കിയത്.
ഇതിനും ഏതാനും വര്‍ഷം മുമ്പ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന പേരില്‍ ഒരു സിനിമ പോലും മലയാളത്തിലുണ്ടായിട്ടുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തിലെ അര്‍ജന്റീന ഫാന്‍സിന്റെ ജീവിതമായിരുന്നു പ്രമേയം.

മുസ്‌ലിം ചിഹ്നങ്ങളെ പാകിസ്താനുമായി സമീകരിക്കുക മാത്രമല്ല, അങ്ങോട്ട് നാടുകടത്തണമെന്ന ആവശ്യവും ഉയരാറുണ്ട്. മുസ്‌ലിംകളുടെ മാതൃരാജ്യം ഇന്ത്യയല്ല, പാകിസ്താനാണെന്നതാണ് ഇത്തരം പ്രചാരണം നടത്തുന്നവര്‍ പറയാന്‍ ശ്രമിക്കുന്നത്. രാജ്യത്തോട് കൂറില്ലെന്നും ആരോപിക്കപ്പെടുന്നു. പുതിയ കാലത്ത് ഇതൊരു സ്ഥിരം പല്ലവിയാണ്. മുന്‍കാലങ്ങളിലും അതുണ്ടായിട്ടുണ്ട്.

1971 ഇന്ത്യ-പാകിസ്താന്‍ യുദ്ധം നടക്കുന്ന സമയം. പാകിസ്താനെ വിമര്‍ശിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാന്‍ കേരളനിയമസഭയില്‍ സീറോ അവറില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയസുരക്ഷയും വിദേശനയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പാര്‍ലിമെന്റിലാണ് ഇത് ചര്‍ച്ച ചെയ്യേണ്ടതെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ കെ മൊയ്തീന്‍ കുട്ടി പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിനെതിരെ തനിനിറം പത്രത്തിന്റെ എഡിറ്റര്‍ കൃഷ്ണന്‍ നായര്‍ മുഖപ്രസംഗം എഴുതി. ‘സ്പീക്കറുടെ കൂറെവിടെ?’ എന്നായിരുന്നു ശീര്‍ഷകം. അനിവാര്യമായ പ്രസ്തുത പ്രമേയത്തെ തള്ളിക്കളഞ്ഞത് അത് പ്രതിപക്ഷം കൊണ്ടുവന്നതു കൊണ്ടാണെന്നും സ്പീക്കര്‍ ഒരു ദേശീയവിരുദ്ധനാണെന്നും അദ്ദേഹത്തെ തലമുണ്ഡനം ചെയ്ത് പട്ടിക്കോലം വരച്ച് പാകിസ്താനിലേക്കു നാടുകടത്തണമെന്നും കൃഷ്ണന്‍ നായര്‍ എഴുതി. ഇതിന്റെ പേരില്‍ കൃഷ്ണന്‍ നായരെ പ്രവിലേജസ് കമ്മിറ്റി നിയമസഭയില്‍ വരുത്തി അവകാശലംഘനത്തിന് ശിക്ഷിച്ചു. കേരളനിയമസഭകളില്‍ തിരൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്‌ലിം ലീഗ് നേതാവായ കെ മൊയ്തീന്‍ കുട്ടി ഹാജി നാലാം കേരള നിയമസഭയില്‍ 1970 ഒക്ടോബര്‍ 22-1975 മെയ് 8 കാലയളവില്‍ സ്പീക്കറായിരുന്നു. (കലാനിലയം സംസാരിക്കുന്നു, സതീഷ് പാങ്ങോട്, കറന്റ് ബുക്‌സ്, ഏപ്രില്‍ 2015, പേജ് 91) തനിനിറം പത്രാധിപര്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ ഒരു സംഘപരിവാര പ്രവര്‍ത്തകനോ ഹിന്ദുത്വനോ ആയിരുന്നില്ല. മറിച്ച് അറിയപ്പെടുന്ന നാടകകാരനായിരുന്നു. കലാനിലയം സ്ഥിരം നാടകസമിതിയുടെ ഉടമയും സംവിധായകനുമായിരുന്നു.

ഇന്ത്യന്‍ ദേശീയതയും മതേതരത്വസങ്കല്‍പ്പവും ഹൈന്ദവതയുമായി ചേര്‍ന്നാണ് വികസിച്ചുവന്നത്. അതുകൊണ്ടുതന്നെ ഇതരമതസ്ഥരും കീഴ്ജാതിക്കാര്‍പോലും ദേശീയതയ്ക്കുപുറത്തുള്ള ശക്തികളായാണ് കണക്കാക്കപ്പെടുന്നത്. ആ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ദേശീയയുടെ സാംസ്‌കാരികയുക്തിക്കുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ അധികശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതര മതസ്ഥര്‍ പ്രത്യേകിച്ച് മുസ്‌ലിംകളാണെങ്കില്‍ അത് പിന്നെയും കൂടും. ഹിന്ദുത്വശക്തികള്‍ മാത്രമല്ല, മതേതരവിഭാഗങ്ങള്‍ക്കിടയിലും നിലവിലുള്ള ഇസ്‌ലാമോഫോബിയയുടെ അടിവേരുകള്‍ കിടക്കുന്നത് ഈ സങ്കല്‍പ്പങ്ങള്‍ക്കുള്ളിലാണ്. മുസ്‌ലിംകളുടെ കാര്യത്തില്‍ മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. മുസ്‌ലിംസമുദായത്തിന്റെ രാഷ്ട്രീയസംഘാടനമാണ് ഇന്ത്യയുടെ വിഭജനത്തിന് മൂലകാരണമെന്ന് മിക്കവാറും ദേശീയവാദികള്‍ കരുതുന്നു. വിഭജനത്തെ മതസംഘാടനത്തിന്റെ ഭാഗമായി സംഭവിച്ച വലിയൊരു തിന്മയായും വിലയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുന്‍കാലങ്ങളിലെങ്കിലും മതതാല്‍പര്യങ്ങള്‍ക്കപ്പുറത്ത് വിഭജനത്തിന് മറ്റ് കാരണങ്ങള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ ഏറേ താമസിയാതെ അവരും ഇതര ദേശീയവാദികളുടെ നിലപാടിലേക്ക് മാറി. പാകിസ്താനിലേക്ക് പോകാനുള്ള ഹിന്ദുത്വരുടെ ആക്രോശവും പാകിസ്താന്‍ കൊടിവീശിയെന്ന ആരോപണവുമൊക്കെ സജീവമാകുന്നത് ഇസ്‌ലാമോഫോബിയയുടെ ഈ സാഹചര്യത്തിലാണ്.

വിഭജനപൂര്‍വ യുക്തിയ്ക്കുള്ളില്‍നിന്നാണ് ലീഗിനെപ്പോലുള്ള പാര്‍ട്ടികളെ ഇന്ത്യന്‍ രാഷ്ട്രീയചിന്ത എല്ലായ്‌പ്പോഴും മനസ്സിലാക്കുന്നത്. ലീഗും മുസ്‌ലിംകളും രണ്ടും രണ്ടാണെന്ന് ഇഎംഎസ്സിനെപ്പോലുള്ള വിമര്‍ശകര്‍ വാദിക്കാറുണ്ടെങ്കിലും പില്‍ക്കാല സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന അതല്ല. മതേതരസങ്കല്‍പ്പത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഹൈന്ദവതയുടെ ഘടകങ്ങളും ദേശീയതയുടെ ഹൈന്ദവയുക്തിയും ചേര്‍ന്നുള്ള അന്തരീക്ഷം മുസ്‌ലിംകളെ ശത്രുവായോ പുറംശക്തികളുടെ ഏജന്റുമാരായോ കണക്കാക്കുന്നു.

2. മുസ്‌ലിം സാമുദായികതാല്‍പര്യങ്ങള്‍ അപകടകരവും ദേശവിരുദ്ധവുമാണ്

മുസ്‌ലിംതാല്‍പര്യങ്ങള്‍ ആരെങ്കിലും മുന്നോട്ട്‌വച്ചാല്‍ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. മുസ്‌ലിംകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെ പരിഗണിക്കുന്നതും അങ്ങനെത്തന്നെ. പലപ്പോഴും അത് മുസ്‌ലിംകളുടെ സ്വന്തം താല്‍പര്യമാകണമെന്നുമില്ല. അങ്ങനെ അവതരിക്കപ്പെട്ടാലും മതി.

മലപ്പുറം ജില്ലാ രൂപീകരണസമയത്ത് ഉയര്‍ന്നുകേട്ട ആരോപണങ്ങളിലൊന്ന് അത് ദേശീയ ഐക്യത്തെ തുരങ്കംവയ്ക്കുമെന്നാണ്. മുസ്‌ലിംലീഗാണ് മലപ്പുറത്തിനുവേണ്ടി കൂടുതല്‍ താല്‍പര്യമെടുത്തത്. ജനസംഘവും കേളപ്പന്റെ നേതൃത്വത്തിലുള്ള സര്‍വോദയ ഗാന്ധിയന്മാരും മലപ്പുറത്തെ മിനിപാകിസ്താനെന്ന് വിശേഷിപ്പിച്ചു. മലപ്പുറത്തെ എല്ലായ്‌പ്പോഴും അവര്‍ ഇന്ത്യാവിഭജനവുമായി കൂട്ടിക്കെട്ടി. മാപ്പിളസ്ഥാന്‍ എന്നായിരുന്നു മറ്റൊരു പ്രചാരണം. മാപ്പിളസ്ഥാന്‍ രൂപീകരിക്കപ്പെട്ടാല്‍ രാജ്യസുരക്ഷക്ക് അപകടകരമായി മാറുമെന്ന് ഹിന്ദുസ്ഥാന്‍ സ്റ്റാന്റേര്‍ഡ് എഴുതി. ഫ്രീപ്രസ് ജേര്‍ണല്‍ എഴുതിയത് ഇങ്ങനെ: ”കമ്മ്യൂണിസ്റ്റുകളും മുസ്‌ലിംകളും വര്‍ഗീയവാദികളും ചേര്‍ന്ന് ദേശീയഐക്യത്തെ തുരങ്കംവയ്ക്കാന്‍ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെ ഗൂഢാലോചന സംഘടിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ അവര്‍ പാകിസ്താന്റെ കോഴിക്കുഞ്ഞിനെ വിരിയിച്ചിരിക്കുകയാണ്. കാലാന്തരത്തില്‍ അതൊരു പൂവന്‍കോഴിയാവും. സിഹംത്തിന്റെ മൂന്നിരട്ടി ഭയങ്കരനായ കോഴിപ്പൂവന്‍”. ഇതിനിടയിലും മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ടാകുന്ന ജില്ല രൂപീകരിക്കുന്നത് വര്‍ഗീയ നടപടിയാണെന്നും പാകിസ്താന്റെ നുഴഞ്ഞുകയറ്റത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നുമുള്ള കേളപ്പന്റെ വാദത്തെ തുറന്നുകാട്ടുന്നതില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനെപ്പോലുള്ള പത്രങ്ങള്‍ മുന്നില്‍നിന്നു(ഉദ്ധരണികളും വിവരങ്ങളും ‘മലപ്പുറം ജില്ല, പിറവിയും പ്രയാണവും’; ടിപിഎം ബഷീര്‍, ഗ്രേസ് ബുക്‌സ്, 2015, പേജ് 160, എന്ന ഗ്രന്ഥത്തില്‍നിന്ന്). മുസ്‌ലിംതാല്‍പര്യം വൈദേശിക താല്‍പര്യത്തിന്റെ ഭാഗമാണെന്ന മട്ടിലായിരുന്നു പ്രചാരണം. മലപ്പുറത്തെ കേന്ദ്രീകരിച്ച് രൂപം കൊണ്ട ഈ പ്രചാരണങ്ങള്‍ പില്‍ക്കാലത്തും സജീവമായിരുന്നു. ഇപ്പോഴും മലപ്പുറം ഈ മട്ടില്‍ത്തന്നെയാണ് പൊതുമണ്ഡലത്തില്‍ വിവക്ഷിക്കപ്പെടുന്നത്.

അതുപോലെത്തന്നെ മുസ്‌ലിംസാമുദായികത കേരളത്തിന്റെ അന്തരീക്ഷത്തില്‍ മിക്കപ്പോഴും വര്‍ഗീയതയുടെ പര്യായമായാണ് വിശദീകരിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. ദേശീയതയുമായി മുസ്‌ലിംസാമുദായികതക്ക് ചേര്‍ന്നുപോകാനാവില്ലെന്നതാണ് പ്രധാന ആരോപണം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇക്കാര്യത്തില്‍ കുറേക്കൂടി ഭേദപ്പെട്ട നിലപാടെടുത്തത് കമ്മ്യൂണിസ്റ്റുകളാണ്. പാകിസ്താന്‍ വാദത്തിനുള്ളില്‍ ഉള്ളടങ്ങിയ വിവിധ ദേശീയതകളുടെയും ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സാകട്ടെ സ്വാതന്ത്ര്യത്തിനുശേഷം ലീഗിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രചാരണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ അവര്‍ ലീഗുമായി നീക്കുപോക്കിന് തയ്യാറായിരുന്നില്ല. കെ പി കേശവമേനോനെപ്പോലുള്ള സവര്‍ണനേതൃത്വം നെഹ്രുവില്‍ സ്വാധീനംചെലുത്തി ഉള്ളില്‍നിന്നുളള അനുരഞ്ജന ശ്രമങ്ങളെ തടഞ്ഞു. 1957ലെ തിരഞ്ഞെടുപ്പില്‍ ലീഗിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കിലും അതിനുവച്ച നിബന്ധന കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്നതായിരുന്നു. സ്വാഭാവികമായും അവരതുതള്ളി. സോഷ്യലിസ്റ്റുകളായ പിഎസ്പി മാത്രമാണ് അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായത്.

പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരെ കൂടെക്കൂട്ടാന്‍ അര്‍ധസമ്മതം മൂളി. ധാരണയുണ്ടാക്കാന്‍ നെഹ്രു പറഞ്ഞ ന്യായം കമ്മ്യൂണിസ്റ്റുകളാണ് ആദ്യം ലീഗുമായി ധാരണയുണ്ടാക്കിയതെന്നാണ്. എങ്കിലും മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മന്ത്രിസ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസിലെ മുസ് ലിംനേതാക്കളായിരുന്നു എതിര്‍ത്തത്. ഒടുവില്‍ സ്പീക്കര്‍സ്ഥാനം നല്‍കാന്‍ തയ്യാറായി, 1960 ഫെബ്രുവരി 22ന് കെ എം സീതി സാഹിബ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.13 മാസത്തിനുള്ളില്‍ സ്പീക്കറായിരിക്കത്തന്നെ അദ്ദേഹം മരിച്ചു. സിഎച്ചിനെ ലീഗ് നേതൃത്വം നിര്‍ദേശിച്ചു. പക്ഷേ, മുസ്‌ലിംമിനെ സ്പീക്കറാക്കാന്‍ തയ്യാറായിരുന്നെങ്കിലും വീണ്ടുമൊരു ലീഗുകാരനെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. ലീഗിനെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഈ കാലത്ത് അഖിലേന്ത്യാതലത്തിലുണ്ടായിരുന്നു.സ്പീക്കറായി ലീഗുകാരനല്ലാതെ കോണ്‍ഗ്രസ്സുകാരനെ വച്ചാല്‍ പിന്തുണക്കാമെന്ന് കമ്മ്യൂണിസ്റ്റുകള്‍ അറിയിച്ചു. ഒടുവില്‍ ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സിഎച്ചിനെ സ്പീക്കറാക്കാന്‍ അനുവദിച്ചു. പക്ഷേ, പകരം സിഎച്ച് തന്റെ പാര്‍ട്ടി അംഗത്വം രാജിവയ്ക്കണം. ലീഗുകാരനായ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവരുടെ ആദര്‍ശം അനുവദിക്കില്ലത്രെ. ഒടുവില്‍ സ്പീക്കര്‍ പദവി നിലനിര്‍ത്താന്‍ സിഎച്ച് സ്വന്തം പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു.അതേസമയം സീതി സാഹിബിന്റെ മരണംകൊണ്ട് ഒഴിവുവന്ന കുറ്റിപ്പുറം സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാമെന്ന് കമ്മ്യൂണിസ്റ്റുകളും വാഗ്ദാനം ചെയ്തു. ഒടുവില്‍ കുറ്റിപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റക്ക് മല്‍സരിച്ചു. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. പകരം കോണ്‍ഗ്രസ് വിമതന്‍ മല്‍സരിച്ചു, സിപിഐ അദ്ദേഹത്തെ പിന്തുണച്ചു. ഉപതിരഞ്ഞെടുപ്പിലെ അവഗണനയില്‍ പ്രതിഷേധിച്ച് സിഎച്ച് സ്പീക്കര്‍സ്ഥാനം രാജിവച്ചു.

പാകിസ്താന്‍ പ്രശ്‌നത്തില്‍ പൊതുസവര്‍ണ നിലപാടിനുവിരുദ്ധമായി കുറേക്കൂടി മുസ്‌ലിം അനുകൂല നിലപാട് എടുത്തതുവഴി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പഴികളെക്കുറിച്ച് ഇഎംഎസ് ‘മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, അവര്‍ണഹിന്ദുക്കള്‍’ എന്ന ലേഖനത്തില്‍ പരിതപിക്കുന്നുണ്ട്. തങ്ങളുടെ നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തങ്ങള്‍ മുസ്‌ലിംലീഗിന് അനുകൂലമായല്ല നിലപാടെടുത്തതെന്നും ഇപ്പോള്‍ അത് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഉദ്ഭവവും വളര്‍ച്ചയും’ എന്ന പുസ്തകത്തില്‍ സ്വയംവിമര്‍ശനപരമായി എഴുതി.

ഓരോ പ്രശ്‌നത്തിലും നിരവധി ഘടകങ്ങളുണ്ടാകാമെങ്കിലും മുസ്‌ലിംസാമുദായിക താല്‍പര്യങ്ങളെ മതപരവും വിശ്വാസപരവുമായി മാത്രം മനസ്സിലാക്കുന്ന ശൈലിയാണ് ഇത്തരം ആഖ്യാനങ്ങള്‍ക്ക് കാരണമാവുന്നത്. മുസ്‌ലിംജനതയെയും ഇസ്‌ലാമിനെത്തന്നെയും പുറംശക്തിയായി കണക്കാക്കുന്നതോടെ ദേശവിരുദ്ധതയുടെതായ ആഖ്യാനം രൂപപ്പെടുന്നു. മതപരതയെ ദുഷ്ടപ്രവണതയായി കണക്കാക്കുന്ന മതേതരയുക്തിയും ഇതിന് കാരണമാണ്. ഇസ്‌ലാമോഫോബിക്കായ ഈ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നവരില്‍ സംഘപരിവാരശക്തികള്‍മാത്രമല്ല, മതേതരരുമുണ്ട്.

3. മുസ്‌ലിംകള്‍ക്ക് വേണ്ടത്ര മതേതരത്വമില്ല

ദേശീയതയോടെന്ന പോലെ മതേതരത്വത്തോടും മുസ്‌ലിംകള്‍ക്ക് കൂറില്ലെന്ന് വലിയൊരു വിഭാഗവും കരുതുന്നു. മതേതരത്വത്തെ പ്രത്യേകതരത്തില്‍ നിര്‍വചിച്ചും നിര്‍മിച്ചുമാണ് ഈ വാദഗതി ഉറപ്പിക്കുന്നത്. ഉദാഹരണത്തിന് ഭൂരിപക്ഷമതത്തിന്റെ ആചാരരീതികളെയും വേഷവിധാനങ്ങളെയും മതേരതമായി നിര്‍വചിച്ചാണ് മുസ്‌ലിംകളുടെ മതപരതയെ മതേതരവിരുദ്ധമായി ആരോപിക്കുന്നത്. ഭൂരിപക്ഷമതരീതികളെ മതേതരമായി കാണുന്നവര്‍തന്നെ മറിച്ചുളളവ മതേതരവിരുദ്ധമായി കാണുന്നു. ഈ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നതുപോലും വര്‍ഗീയതയുടെ പ്രകാശനമായാണ് മനസ്സിലാക്കുന്നത്. വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം.

മുസ്‌ലിംകളുടെ വിശ്വാസവും മതേതരത്വവും തമ്മില്‍ ഒത്തുപോവില്ലെന്നും എന്നാല്‍ മറ്റ് മതങ്ങളിലുള്ളവര്‍ക്ക് ഈ പ്രശ്‌നമില്ലെന്നും പലരും കരുതുന്നു. ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ മതചിന്ത വച്ചുപുലര്‍ത്തിയാല്‍ അത് മതേതരത്വത്തെ ബാധിക്കില്ലെന്നാണ് പൊതുബോധം. 2014ല്‍ പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കിയ മലപ്പുറംഗരിമയെന്ന സോവനീറില്‍ ‘മലപ്പുറത്തെ ലീഗ് ‘ഹീഗെമെനി’ ഒരു വിശകലനം’ എന്ന എം എം നാരായണന്‍ തന്റെ ലേഖനം തുടങ്ങുന്നതുതന്നെ മലപ്പുറത്തെ ഒരു ‘മതേതര ദുര്‍ബലപ്രദേശ’-മെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്. അദ്ദേഹം എഴുതുന്നു: ”മലപ്പുറം ജില്ല താരതമ്യേന ഒരു മതേതര ദുര്‍ബ്ബല പ്രദേശമാണ്. അതിനാലവിടെ ഇടതുപക്ഷത്തിനിപ്പോഴും വേണ്ടത്ര ശക്തി കൈവരിക്കാന്‍ കഴിയുന്നില്ല. ജില്ലയിലെ വലതുപക്ഷ വര്‍ഗീയതയുടെ പ്രതിനിധാനമായ മുസ് ലിംലീഗാവട്ടെ പനപോലെ വളര്‍ന്നുനില്‍ക്കുന്നു.” തുടര്‍ന്നദ്ദേഹം ഈ അവസ്ഥയുടെ കാരണങ്ങളിലേക്ക് പോകുന്നു. മുസ്‌ലിംഭൂരിപക്ഷ ജില്ലയായതിനാല്‍ മുസ്‌ലിംലീഗെന്ന ചിന്ത അദ്ദേഹം തളളിക്കളയുക മാത്രമല്ല, അത് വര്‍ഗീയതയെ സാധൂകരിക്കുന്ന നിലപാടാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗിനോട് എടുത്ത സമീപനങ്ങളെയും ലേഖനം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ലീഗ് കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷരാഷ്ട്രീയമാണെന്ന വാദത്തോടും വിയോജിപ്പുണ്ട്. ലീഗിനെ ഒരു വര്‍ഗീയപാര്‍ട്ടിയായി കാണുന്നുവെന്നുമാത്രമല്ല ലീഗിന്റെ വളര്‍ച്ചതന്നെ അദ്ദേഹത്തിന് വര്‍ഗീയതയുടെ സൂചനയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മതത്തെ പൊതുജീവിതത്തില്‍നിന്ന് ആട്ടിയോടിച്ച് മതേതരപാര്‍ട്ടികളുടെ സ്വാധീനം വര്‍ധിപ്പിക്കാത്തതുകൊണ്ടാണ് മലപ്പുറം ഇപ്പോഴും മതേതരദുര്‍ബലപ്രദേശമായിരിക്കുന്നത്.
ന്യൂനപക്ഷമതസമൂഹങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ കാര്യത്തില്‍ മതേതരയുക്തിക്ക് ഒരു കീഴടക്കല്‍ സ്വഭാവമാണ് ഉള്ളത്. മുസ്‌ലിംസാമുദായികതയെ വര്‍ഗീയമായി നോക്കിക്കാണുന്ന രീതിശാസ്ത്രം തന്നെയാണ് മതേതര ദുര്‍ബലതയെന്ന യുക്തിയ്ക്കും പിന്നിലും പ്രവര്‍ത്തിക്കുന്നത്.

4. ന്യൂനപക്ഷപാര്‍ട്ടികളും സംഘടനകളും ദേശീയോദ്ഗ്രഥനത്തിന് തടസ്സമാണ്

ദേശീയോത്ഗ്രഥനത്തോടും ദേശീയതയോടുമുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ നിലപാട് എല്ലായ്‌പ്പോഴും ന്യൂനപക്ഷങ്ങളെ പുറത്തുനിര്‍ത്തുന്നതായിരുന്നു. ദേശീയ തലത്തിലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ന്യൂനപക്ഷങ്ങളുമായി ആലോചിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്സ് മുതല്‍ കമ്മ്യൂണിസ്റ്റുകള്‍വരെ ആത്മാര്‍ത്ഥമായി വിശ്വസിച്ചുപോന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് മുസ്‌ലിംലീഗ് ഉന്നയിച്ചിരുന്ന പല പ്രശ്‌നങ്ങളോടും കമ്മ്യൂണിസ്റ്റുകള്‍ അനുഭാവം പുലര്‍ത്തിയിരുന്നെങ്കില്‍ പില്‍ക്കാലത്ത് അവരതിനെ തള്ളിപ്പറഞ്ഞു. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും സ്വയം നിര്‍വചിക്കാനും ഇതരരെ പുലഭ്യം പറയാനും ലീഗിനെ ഉപയോഗപ്പെടുത്തി. മുസ്‌ലിംസ്വത്വം ഉരിച്ചുകളയുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് മതേതരവാദിയാകാന്‍ കഴിയൂ എന്നു കരുതപ്പെട്ടിരുന്നതുകൊണ്ട് ഫലത്തില്‍ മുസ്‌ലിംലീഗിനെക്കുറിച്ചുള്ളതൊക്കെ മുസ്‌ലിംകള്‍ക്കും ബാധകമായിരുന്നു.

1961ല്‍ ഇഎംഎസ് ദേശാഭിമാനിയുടെ താളുകളില്‍ ദേശീയോദ്ഗ്രഥനത്തെക്കുറിച്ച് വലിയൊരു ചര്‍ച്ച നടത്തുന്നുണ്ട്, ‘ദേശീയോത്ഗ്രഥനത്തെക്കുറിച്ചുളള പ്രസംഗം അര്‍ത്ഥശൂന്യമാണെ’ന്ന ലേഖനത്തില്‍. വര്‍ഗീയതയും കമ്മ്യൂണിസവും ഒരു പോലെ വര്‍ജിക്കണമെന്ന അക്കാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജീവറെഡ്ഡിയുടെ പ്രസ്താവനയോടനുബന്ധിച്ചായിരുന്നു ചര്‍ച്ച. ആ സമയത്ത് അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്പീക്കറായിരുന്ന സീതി സാഹിബിന്റെ മരണശേഷം കുറ്റിപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പു സമയമായിരുന്നു അത്. വര്‍ഗീയതയെക്കുറിച്ചും മുസ്‌ലിംസമൂഹത്തെക്കുറിച്ചുമുളള വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട തിരഞ്ഞെടുപ്പുമായിരുന്നു അത്.സഞ്ജീവറെഡ്ഡിയുടെ പ്രസ്താവനയോട് ഇഎംഎസ്സിന്റെ പ്രതികരണം ലീഗുമായി ബന്ധം തുടര്‍ന്നുകൊണ്ടുപോകുമ്പോള്‍ ദേശീയോത്ഗ്രഥനത്തെക്കുറിച്ച് പ്രസംഗിച്ചിട്ട് കാര്യമില്ലെന്നായിരുന്നു. അതേസമയം ദേശീയോദ്ഗ്രഥനം സാധ്യമാവാന്‍ കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റുകള്‍ക്കും ഒരുമിച്ചുപ്രവര്‍ത്തിക്കാനാവുമെന്ന് അദ്ദേഹം കരുതി. ഇക്കാര്യം റെഡ്ഡി സൂചിപ്പിച്ചതും ഇഎംഎസ് ഓര്‍ത്തെടുക്കുന്നു.കുറ്റിപ്പുറം തിരഞ്ഞെടുപ്പില്‍ വര്‍ഗീയകക്ഷിയും കമ്മ്യൂണിസ്റ്റ് കക്ഷിയും ഒരുമിച്ച് മല്‍സരിച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് റെഡ്ഡി പറഞ്ഞത് ചെകുത്താനും കടലിനും ഇടയില്‍ ഒന്നു തിരഞ്ഞെടുക്കേണ്ടിവരുന്ന സ്ഥിതിവിശേഷമെന്നാണ്. ദേശീയശക്തികളുമായി ചേര്‍ന്ന് വര്‍ഗീയ ശക്തികളെ ചെറുക്കണമെന്ന എഐസിസി പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഈ വാദം ശരിയല്ലെന്ന് ഇഎംഎസ്സും വാദിച്ചു.

ചുരുക്കത്തില്‍ ദേശീയോത്ഗ്രഥന ശ്രമങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പങ്കെടുക്കാനാവില്ലെന്നും അവ വ്യത്യസ്തമായ ആശയങ്ങളാണെന്നും ഇഎംഎസ് മാത്രമല്ല, മുഖ്യധാരാപാര്‍ട്ടികളുടെ ഒട്ടുമിക്ക നേതാക്കളും വിശ്വസിച്ചു. ലീഗുമായി ഒരുമിച്ച് മല്‍സരിക്കുന്നതിലൂടെ ദേശീയോദ്ഗ്രഥനം തകരാറിലാക്കിയെന്ന് കോണ്‍ഗ്രസ്സിനെ അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്. അതേസമയം ഈ വിഷയങ്ങളില്‍ ലീഗിനെ കൂടെനിര്‍ത്തുമ്പോഴും കോണ്‍ഗ്രസ്സിന്റെ നിലപാടും വ്യത്യസ്തമായിരുന്നില്ല. മുസ്‌ലിംകള്‍ക്ക് ദേശീയവാദികളാകാന്‍ സാധ്യമല്ലെന്ന വാദത്തിന്റെ തുടര്‍ച്ചയാണ് ഇത്. മുസ്‌ലിംകളുമായി (ന്യൂനപക്ഷങ്ങളുമായി) ഐക്യപ്പെട്ട് ദേശീയോദ്ഗ്രഥനം സാധ്യമല്ലെന്നും ഇടത്- വലത് ദേശീയവാദികള്‍ കരുതി.

മുസ്‌ലിംലീഗിനെ വര്‍ഗീയ സംഘടനാണെന്ന് പണ്ഡിറ്റ് നെഹ്രു കുറ്റപ്പെടുത്തിയതിനെക്കുറിച്ച് സിഎച്ച് മുഹമ്മദ് കോയ 1955 ഡിസംബര്‍ അവസാനവാരത്തില്‍ ചന്ദ്രികയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി എഴുതിയ മുഖപ്രസംഗത്തില്‍ അപഗ്രഥിക്കുന്നുണ്ട്. ന്യൂനപക്ഷാവകാശങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം വാഗ്ദാനം ചെ്തിട്ടുള്ള ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുന്ന രാജ്യത്ത് എന്തിന് സംഘടിക്കുന്നുവെന്ന ചോദ്യം അപ്രസക്തമാണെന്ന് അദ്ദേഹം പറയുന്നു. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നത് വര്‍ഗീയതയാണെന്നാണല്ലോ ഇസ്‌ലാമോഫോബിയവാദക്കാരുടെ യുക്തി.

5. മുസ്‌ലിംകളുടെ മതപരത ദേശവിരുദ്ധമാണ്

മുസ്‌ലിംകളുടെ മതപരമായ എല്ലാ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കപ്പെടണമെന്ന് കരുതുന്നു. കൊളോണിയല്‍ കാലത്ത് പള്ളികള്‍ പണിയുന്നതിനും മറ്റും മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നു. പില്‍ക്കാലത്ത് ഇടത് സര്‍ക്കാരിന്റെ കാലത്താണ് മുസ്‌ലിംകളുടെ വിശ്വാസ്യതയെ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തുന്ന ആ വ്യവസ്ഥ എടുത്തുകളഞ്ഞത്.ഇതിനുവേണ്ടി മുസ്‌ലിംലീഗ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് 1959ലെ കേരള സ്‌റ്റേറ്റ് മുസ്‌ലിംലീഗ് സോവനീറില്‍ എഴുതിയ ലേഖനത്തില്‍ സിഎച്ച അനുസ്മരിക്കുന്നുണ്ട്. ”തിരുകൊച്ചിയില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിനും മദ്രസകള്‍ ഉണ്ടാക്കുന്നതിനും വലിയ വിഷമമില്ല. ക്യാമ്പുകളും, ചെറുപള്ളികളും, മദ്രസകളും ഉണ്ടാക്കാന്‍ പെര്‍മിറ്റ് ആവശ്യമില്ല. എന്നാല്‍ മലബാറില്‍ മൂക്കിന്നപ്പുറം കാണാത്ത നമ്മുടെ കോണ്‍ഗ്രസ്സ് സ്‌നേഹിതന്മാര്‍ പള്ളികള്‍ മാത്രമല്ല മദ്രസകള്‍ നിര്‍മ്മിക്കുന്നതിലും പല വയ്യാവേലികളും ഉണ്ടാക്കി. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വന്ന ഉടനെ ഈ അനാവശ്യ നിയമങ്ങള്‍ എടുത്തുകളയുമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതുണ്ടായില്ല. കോണ്‍ഗ്രസ് ഭരണത്തിലെന്നപോലെ ഇപ്പോഴും ഞങ്ങള്‍ക്ക് അതിനെതിരില്‍ ശബ്ദമുയര്‍ത്തേണ്ടിവന്നു. അവസാനം ഈ വിഷയത്തെപ്പറ്റി ഞാന്‍ നിയമസഭയില്‍ ഒരു പ്രമേയം തന്നെ അവതരിപ്പിച്ചു. പള്ളി-മദ്രസ നിര്‍മ്മാണ നിബന്ധനകള്‍ അനാവശ്യമാണെന്ന എന്റെ വാദത്തെ എന്റെ കക്ഷിയിലെ മി. ചടയന്‍ പിന്താങ്ങി. സ. ഇ.പി. ഗോപാലന്‍ പ്രമേയത്തെ എതിര്‍ത്തും പരിഹസിച്ചുമാണ് പ്രസംഗിച്ചത്. പള്ളിയുടെ മുമ്പില്‍ കൂടി ചെണ്ട കൊട്ടിപ്പോകാനുള്ള പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുകൂടി അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അവസാനം പള്ളി നിര്‍മ്മാണം സംബന്ധിച്ച് സമഗ്രമായ ഒരു നിയമം കൊണ്ടുവരുമെന്നും അതുവരെ പള്ളി റിപ്പയറിന്നോ മദ്രസ നിര്‍മ്മാണത്തിന്നോ ലൈസന്‍സ് വേണ്ടെന്നും പള്ളി നിര്‍മ്മാണ കാര്യത്തില്‍ ഉദാരമായി ലൈസന്‍സ് നല്‍കുമെന്നും എന്റെ സ്‌നേഹിതന്‍ കൂടിയായ നിയമമന്ത്രി മി. കൃഷ്ണയ്യര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഞാന്‍ പ്രമേയം പിന്‍വലിച്ചത്” (സിഎച്ചിന്റെ തൂലിക, എഡിറ്റര്‍, മലയില്‍ അബ്ദുല്ലക്കോയ, ഒലിവ്, 2012, പേജ് 68).

എന്നാല്‍ കാലാന്തരത്തില്‍ മുസ്‌ലിംകളുടെ മതപരതയെ വീണ്ടും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി നീക്കങ്ങള്‍ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. 2022 ജൂലൈ പകുതിയോടെ കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് ജുമുഅ നിരീക്ഷിക്കാന്‍ പോലിസ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവാചകനിന്ദക്കെതിരേ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം. അത്തരമൊരു നിര്‍ദേശം കണ്ണൂര്‍ പോലിസ് കമ്മീഷണര്‍ക്കും കിട്ടി. അദ്ദേഹം തനിക്ക് കീഴിലുള്ള സ്‌റ്റേഷനുകളിലേക്ക് നിര്‍ദേശം കൈമാറി. മയ്യില്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫിസര്‍ പ്രദേശത്തെ പള്ളികള്‍ക്ക് ഈ നിര്‍ദേശം എഴുതി നല്‍കി. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നമസകാരത്തിനുശേഷം നടത്തിവരുന്ന മതപ്രഭാഷണത്തില്‍ നിലവിലുളള സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാവുന്ന രീതിയിലോ ഉളളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലെന്നും മറിച്ച് സംഭവിച്ചാല്‍ നിയമനടപിയുണ്ടാകുമെന്നാണ് മയ്യില്‍ പോലിസ് മസ്ജിദ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. (മീഡിയാ വണ്‍, ജൂണ്‍ 15, 2022).

സന്ദേശം വാര്‍ത്തയായതോടെ വിവാദമായി. സര്‍ക്കാരിനും അത് തലവേദനയായതോടെ വിയോജനക്കുറിപ്പുമായി ഉത്തരവ് നല്‍കിയ പോലിസുകാരനും സര്‍ക്കാരും രംഗത്തുവന്നു. സര്‍ക്കുലര്‍ എഴുതി നല്‍കിയതില്‍ വീഴ്ച പറ്റിയത്രെ(മീഡിയാ വണ്‍, ജൂണ്‍ 15, 2022). നിരീക്ഷണം നടത്താന്‍ പറഞ്ഞകാര്യം അദ്ദേഹം നിഷേധിച്ചില്ല. സര്‍ക്കുലര്‍ തങ്ങളുടെ നയമല്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി. എന്നാല്‍ ജുമുഅ നിരീക്ഷിക്കാന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് സര്‍ക്കാര്‍ നിശ്ശബ്ദമായി.

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മതപരതയെയും സാമുദായികതയെയും ദേശീയതയെയും ചേര്‍ത്തുവച്ച് നടത്തുന്ന വിശകലനങ്ങളാണ് ഇത്തരം സംഭവങ്ങളിലും ആഖ്യാനങ്ങളിലും ഇസ്‌ലാമോഫോബിയയുടെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. മതപരതയെ ഹിംസയുടെയും സങ്കുചിതത്വത്തിന്റെയും വിധ്വംസകതയുടെയും ഭാഷയിലൂടെ വിശകലനം ചെയ്യുന്നതിലൂടെ ഒഴിവാക്കപ്പെടേണ്ട ഒരു തിന്മയായി അത് മാറുന്നു. മതേതരത്വത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കും നാം നേരത്തെ കണ്ടതുപോലെ ഇതില്‍ പങ്കുണ്ട്.

6. മുസ്‌ലിംകള്‍ക്ക് ‘പൊതു’വാകാനാവില്ല, അവര്‍ക്ക് എപ്പോഴും മതപരമായ താല്‍പ്പര്യങ്ങളുണ്ട്

1971ല്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌കോയ സര്‍ക്കാര്‍ സ്‌കൂളില്‍ അറബി പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചു. സ്വമതക്കാരെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. 1971 മാര്‍ച്ചില്‍ ചേര്‍ന്ന നിയമസഭാസമ്മേളനമായിരുന്നു സംഘര്‍ഷവേദി.
ആറന്മുള എംഎല്‍എ പി എന്‍ ചന്ദ്രസേനന്‍ മന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘കവലകളില്‍ കുട നന്നാക്കാന്‍ ആളെ കിട്ടാനില്ല. കാരണം എല്ലാവരും മുന്‍ഷിമാരായി പോയി.’

സി.എച്ചിന്റെ മറുപടി: ”ശരിയാണ്, കുട നന്നാക്കികളില്‍ അധ്യാപക യോഗ്യതയുള്ളവരെ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി ജോലിക്കെടുത്തിട്ടുണ്ട്, അവരുടെ അടുത്ത തലമുറ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം”.
എം.വി രാഘവന്‍: ”ആ നിയമനങ്ങള്‍ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്
സി.എച്ച്: ”അതില്‍ വലിയ കാര്യമില്ല. കല്ലായി പുഴക്ക് തീ പിടിച്ചുവെന്ന് പറഞ്ഞ് ആരെങ്കിലും കോടതിയില്‍ പോയാല്‍, അവര്‍ ഉടനെ സ്റ്റേ ഉത്തരവ് കൊടുക്കും. പിന്നീട് വിശദമായ വാദം നടക്കുമ്പോള്‍ മാത്രമേ പുഴക്ക് തീപിടിക്കില്ല എന്ന കാര്യം പരിഗണിക്കൂ.
കെ.ആര്‍ ഗൗരിയമ്മ: ”നിങ്ങള്‍ മുസ്ലിംകളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുകയാണ്.
സി.എച്ച്: ”തിരുകിക്കയറ്റാന്‍ മുസ്ലിംകള്‍ എന്താ മണ്ണെണ്ണ വിളക്കിന്റെ തിരിയാണോ? സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിംകളുടെ ബാക്ക്‌ലോഗ് നികത്താന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിച്ചിട്ടുണ്ട്
എം.വി രാഘവന്‍: ”നിങ്ങള്‍ വര്‍ഗീയ വാദിയാണ്”.
സി.എച്ച്: ”ചരിത്രപരമായ കാരണങ്ങളാല്‍ പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് എന്റെ പാര്‍ട്ടി എന്നെ ഏല്‍പിച്ച ദൗത്യം. അത് മറ്റ് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെയും, അവരുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കാതെയും നിര്‍വഹിക്കും. അതിന്റെ പേരില്‍ ഞാന്‍ വര്‍ഗീയ വാദിയാവുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ.- (നിയമസഭാ രേഖകള്‍, ഉത്തരകാലം ഇടത് -മതേതര ഹിന്ദുത്വകേരളം മുസ് ലിംകളോട് ചെയ്യുന്നത്, കരീം, നവംബര്‍ 5, 2020ല്‍ ഉദ്ധരിച്ചത്).

അറബി കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന ഭാഷയാണ്. പഠിക്കാന്‍ ധാരാളം കുട്ടികളുമുണ്ട്. അതില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ സ്വാഭാവികമായും മുസ്‌ലിംകളായിരിക്കും തിരഞ്ഞെടുക്കപ്പെടുക. പക്ഷേ, അങ്ങനെയൊരു തീരുമാനം വര്‍ഗീയതയുടെ ഭാഗമായാണ് കണക്കാക്കപ്പെട്ടത്. നിയമസഭയ്ക്കുള്ളിലാണ് ഇത്തരമൊരു വാഗ്വാദം നടന്നതെന്നും ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്. ഇതേ കാലത്ത് സംസ്‌കൃതഅധ്യാപക നിയമനങ്ങള്‍ നിരവധി നടന്നതായി 1972ലെ നിയമസഭാരേഖകളില്‍ കാണുന്നുണ്ട്. അന്നൊന്നും ഇതുപോലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നില്ല.

അറബിമാഷുമാരുടെ നിയമനത്തിനെതിരെ അന്ന് കേരളത്തില്‍ വലിയ കോലാഹലങ്ങളാണ് നടന്നത്. ഇതിന്റെ ഭാഗമായി തനിനിറം പത്രത്തില്‍ വന്ന കാര്‍ട്ടൂണിന്റെ പേരില്‍ മന്ത്രി കുമാറെന്ന കാര്‍ട്ടൂണിസ്റ്റിന്റെ ജോലി തെറിച്ച കഥയുമുണ്ട്. (കലാനിലയം സംസാരിക്കുന്നു, സതീഷ് പാങ്ങോട്, കറന്റ് ബുക്‌സ്, ഏപ്രില്‍ 2015, പേജ് 86) കാര്‍ട്ടൂണിസ്റ്റുകൂടിയായ മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു അന്ന് വിജിലന്‍സിന്റെ ചുമതല. അദ്ദേഹത്തിന്റെ ഇടപെടലോടെ മന്ത്രി കുമാറിന് ജോലി തിരിച്ചുകിട്ടി. (എന്റെ ഐ.എ.എസ്. ദിനങ്ങള്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 64 ലക്കം 5, പേജ് 12- കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്്, നവംബര്‍ 30, 2022, ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ‘ഈ കാര്‍ട്ടൂണ്‍ ഈ പ്രസില്‍ അച്ചടിക്കില്ല; കാര്‍ട്ടൂണിനെതിരെ ഉയര്‍ന്ന കത്തിമുനകളുടെ കഥ!’ എന്ന ലേഖനത്തില്‍ ഉദ്ധരിച്ചത്).

മലപ്പുറം ജില്ലാ രൂപീകരണവും കോഴിക്കോട് സര്‍വകലാശാല രൂപീകരണവും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത വിഷയങ്ങളാണ്. ഇതിന്റെ പേരില്‍ മുസ്‌ലിംകളും മുസ്‌ലിംലീഗും വ്യാപകമായി ആക്ഷേപിക്കപ്പെട്ടു. മലപ്പുറം ജില്ലാ രൂപീകരണത്തില്‍ ലീഗിന്റെ താല്‍പ്പര്യം വര്‍ഗീയമാണെന്ന് കെ കേളപ്പനും ഗാന്ധിയന്മാരും ജനസംഘവും പ്രചരിപ്പിച്ചു. കോണ്‍ഗ്രസ്സും എതിരായിരുന്നു. കമ്മ്യൂണിസ്റ്റുകളാണ് കൂടെനിന്നത്. പക്ഷേ, അതിലെത്തന്നെ പല നേതാക്കളും പരസ്യമായി എതിര്‍ത്തു. കെപിആര്‍ ഗോപാലനും എഎസ്എന്‍ നമ്പീശനും ഉദാഹരണം.

മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് കെ കേളപ്പനും കൂട്ടരും പുറത്തിറക്കിയ ലഘുലേഖയുടെ പേര് ‘മാപ്പിളസ്ഥാനോ മലപ്പുറമോ?’ എന്നായിരുന്നു. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്തുവച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് വര്‍ഗീയമാണെന്നായിരുന്നു പ്രചാരണം. ‘കൊച്ചുപാകിസ്താന്‍’, ‘മതംമാറ്റാനുള്ള നീക്കം’ ഇതൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദേശവിരുദ്ധമെന്നായിരുന്നു മറ്റൊരു വ്യാഖ്യാനം. (ഇതിന്റെ വിശദാംശങ്ങള്‍ മലപ്പുറം ജില്ല, പിറവിയും പ്രയാണവും-ടിപിഎം ബഷീര്‍ ഗ്രേസ് ബുക്‌സ്, 2015 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) ഇതേ സമയത്ത് മലനാട് എന്ന പേരില്‍ ഒരു ജില്ലയെക്കുറിച്ചുള്ള ആലോചനയും നടന്നു. ഏകദേശം പകുതിയോളം പേര്‍ ക്രിസ്ത്യാനികള്‍ ഉള്ളടങ്ങുന്ന ഈ ജില്ലയെക്കുറിച്ച് ആരോപണമൊന്നുമയര്‍ന്നില്ല. അന്നത് നടന്നില്ലെങ്കിലും 1972ല്‍ ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടു. മലനാടും ഇടുക്കിയും ഏകദേശം ഒരേ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മതേതരവാദികളെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളുടെ മതപരതതന്നെയാണ് വര്‍ഗീയത.

7. മുസ്‌ലിംകള്‍ക്കിടയിലുള്ള ‘വര്‍ഗീയത’യാണ് ‘ഹിന്ദുത്വവര്‍ഗീയത’യ്ക്ക് കളമൊരുക്കുന്നത്

മുസ്‌ലിംകളെക്കുറിച്ച് പൊതുവെ ആവര്‍ത്തിക്കുന്ന ആരോപണമാണ് മുസ്‌ലിം സംഘടനകള്‍ ഹിന്ദുത്വ തീവ്രവാദത്തിന് കാരണക്കാരാകുന്നുവെന്നത്. അതുകൊണ്ടാണ് ഹിന്ദുത്വസംഘടനകള്‍ രാജ്യത്തുണ്ടാകുന്നുവെന്ന് ഒരുമാതിരിപ്പെട്ട എല്ലാ പാര്‍ട്ടി നേതാക്കളും ആവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആര്‍എസ്എസ്സിന്റെ വളര്‍ച്ചക്കു കാരണം എസ്ഡിപിഐയെന്ന് 2015 മെയില്‍ നടന്ന കേളുവേട്ടന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ ഫാഷിസത്തിനെതിരായ സെമിനാറില്‍ കോടിയേരി പറയുകയുണ്ടായി. ഇത് സിപിഎം മുതല്‍ ഇടത് ചിന്താഗതിക്കാര്‍ പൊതുവെ പങ്കുവയ്ക്കുന്ന നിലപാടാണ്.

എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജമീല്‍ അഹമ്മദ് മെയ് 28, 2019ല്‍ കവി റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. റഫീഖ് അഹമ്മദിന്റെതല്ലാത്ത ഒരു പോസ്റ്റ് ആരോ വ്യാജമായി സൃഷ്്ടിച്ച് പ്രചരിച്ചതാണ് സന്ദര്‍ഭം. ആ പോസ്റ്റില്‍ റഫീഖ് അഹമ്മദ് എഴുതിയ കമന്റില്‍ എണ്‍പതുകളില്‍ മഅ്ദനിയുടെ ഒരു പ്രകടനം അടുത്തുനിന്നു കണ്ട സംഭവം വിവരിക്കുന്നുണ്ട്. മഅ്ദനിയുടെയും അനുയായികളുടെയും യാത്ര അമ്പരപ്പിക്കുന്നതും ഭീകരാന്തരീക്ഷമുണ്ടാക്കുന്നതുമാണെന്നും അദ്ദേഹത്തിന്റെ വര്‍ഗീയവിഷപ്രസംഗ കാസറ്റുകള്‍ മുസ്‌ലിംവീടുകളില്‍ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ മട്ടിലുള്ള വര്‍ഗീയവിഷപ്രസംഗങ്ങള്‍ നടത്തേണ്ടുന്ന ഒരു സാഹചര്യവും കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും ബിജെപി അക്കാലത്ത് ഉണ്ടായിരുന്നോ എന്നുതന്നെ സംശയമായിരുന്നെന്നും കേരളത്തില്‍ ഹൈന്ദവ ഫാഷിസത്തിന് ഇരിക്കാനുള്ള ഇടം ഒരുക്കിയ പലതില്‍ ഒന്നാണ് അതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തുടരുന്നു: ”മുസ്‌ലിംലീഗ് പോലെ മുസ്‌ലിം സമുദായത്തിലെ അധഃസ്ഥിതര്‍ക്ക് ഒരു ഗുണവും ചെയ്തിട്ടില്ലാത്ത ഒരു കച്ചവടപ്പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ വലിയ വിലപേശല്‍ ശക്തിയായി നിലകൊള്ളുന്നു. അവരുടെ ഹുങ്കും ധാര്‍ഷ്ട്യവും വോട്ട് ബാങ്ക് രാഷ്ട്രീയവും ഭൂപരിഷ്‌കരണത്തിലൂടെയും കാലത്തിന്റെ മാറ്റത്തിലൂടെയും പ്രാമാണിത്തം നഷ്ടപ്പെട്ടവരും അസംതൃപ്തരുമുള്‍പ്പെടുന്ന അസംഘടിത ഹിന്ദു സമൂഹത്തെ അരക്ഷിതമാക്കി എന്നത് ഈ പലതില്‍ മറ്റൊന്ന്.(ഹുങ്ക് എന്നു പറഞ്ഞപ്പോള്‍ പുതിയ ഒരു അധികാരി വര്‍ഗത്തെയാണ് സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ ഗള്‍ഫ് പണം കൊണ്ട് സമ്പന്നരായവരെ അല്ല ഞാന്‍ ഉദ്ദേശിച്ചത്) അതോടൊപ്പം പല മതമൗലികവാദ / തീവ്രവാദ സംഘടനകള്‍ ഇവിടെ ശക്തിപ്പെടുന്നതും ന്യൂനപക്ഷ അവകാശങ്ങളുടെ ആനുകൂല്യത്തില്‍ വലിയ സ്ഥാപനങ്ങള്‍ ഉണ്ടാവുന്നതും നമ്മള്‍ കാണുന്നു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതില്‍ ന്യൂനപക്ഷ മതമൗലികവാദങ്ങളും സാമ്പത്തിക ഹുങ്കും തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല” -ഹിന്ദുത്വവാദം മുസ്‌ലിംസമൂഹത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്നുവെന്ന അതിവിചിത്രമായ വാദമാണ് റഫീഖിന്റേത്. തീര്‍ച്ചയായും അദ്ദേഹം തനിച്ചല്ല. ഏറ്റവും കൂടുതല്‍ അനുയായികളുളള വാദമുഖമാണ് ഇത്.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് നാട്ടില്‍ ഭൂരിപക്ഷ മതവര്‍ഗീയതയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും വേരോട്ടമുണ്ടാക്കിയതെന്നു തുടങ്ങുന്ന ഒരു പോസ്റ്റാണ് റഫീഖ് അഹമ്മദിന്റെ പേരില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ടത്. അതിനെക്കുറിച്ച് അദ്ദേഹം എഴുതിയ നിഷേധക്കുറിപ്പില്‍ (എഫ്ബി, മെയ് 27, 2019) കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നതില്‍ ന്യൂനപക്ഷ മതമൗലികവാദങ്ങളും സാമ്പത്തിക ഹുങ്കും തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ലെന്നു തന്റേതായ രീതിയില്‍ ഈ സത്യം പറയാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം ഭൂരിപക്ഷവര്‍ഗീയതയാണ് പ്രാഥമികമായതെന്ന നിലപാടുകാരും കേരളത്തിലുണ്ട്. രണ്ട് വര്‍ഗീയതയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന പക്ഷത്തിനും ആവശ്യത്തിന് പിന്തുണക്കാരുണ്ട്. ഒരുപക്ഷേ, ഇതായിരിക്കണം കൂടുതല്‍ പേര്‍ പങ്കുവയ്ക്കുന്നത്. എല്ലാ ന്യൂനപക്ഷ ഇടപെടലുകളെയും വര്‍ഗീയതയായി ചിത്രീകരിച്ച് നിരായുധമാക്കാന്‍ ഈ പക്ഷക്കാര്‍ക്ക് കഴിയുന്നുവെന്നതാണ് കൂടുതല്‍ ജനാധിപത്യവിരുദ്ധമാകുന്നത്.

മുസ്‌ലിംകള്‍ സംഘടിച്ചാല്‍ ഹിന്ദുക്കള്‍ ആര്‍എസ്എസ്സില്‍ ചേരുമെന്ന വാദം യഥാര്‍ത്ഥത്തില്‍ പുതിയതല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യവാദങ്ങളില്‍ ഒന്നിതായിരുന്നു. അക്കാലത്തുതന്നെ സിഎച്ച് മുഹമ്മദ് കോയ ഇതിന് മറുപടിയും പറഞ്ഞിട്ടുണ്ട്. 1956 നബംബറില്‍ ചന്ദ്രികയുടെ കേരള സ്റ്റേറ്റ് വിശേഷാല്‍ പ്രതിയിലെ ‘ന്യൂനപക്ഷരാഷ്ട്രീയം ഒരു മുഖവുര’ എന്ന ലേഖനത്തില്‍ മുസ്‌ലിംലീഗില്ലാത്ത യുപിയിലും മറ്റുമാണ് ആര്‍എസ്എസ് ഏറ്റവും സജീവമായിരിക്കുന്നതെന്ന് അദ്ദേഹം എഴുതി. ആര്‍എസ്എസ്സുകാര്‍ക്ക് ലീഗിനെയല്ല നശിപ്പിക്കേണ്ടതെന്നും ഇസ്‌ലാമിക, ക്രൈസ്തവ സംസ്‌കാരങ്ങളെയാണെന്നും അദ്ദേഹം പറയുന്നു.
മുസ്‌ലിംകളെ ന്യൂനപക്ഷമെന്ന നിലയില്‍ സംഘടിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ഇത്തരം ആരോപണങ്ങളുടെ താല്‍പര്യം.

8. ‘പൊതു’ ആചാരങ്ങളോട് ചില മുസ്‌ലിംകള്‍ വിശ്വാസപരമായി അകലം പാലിക്കുന്നത് വര്‍ഗീയത മൂലമാണ്

ഉദ്ഘാടന പരിപാടികളില്‍ വിളക്കുകൊളുത്തുക പോലുള്ള ആചാരങ്ങള്‍ ചില മുസ്‌ലിംനേതാക്കള്‍ ചെയ്യാറുണ്ടെങ്കിലും അതില്‍ ഉള്ളടങ്ങിയിട്ടുള്ള മതപരതയുടെ പേരില്‍ ചിലര്‍ അത് ആചരിക്കാറില്ല. വിളക്കുകൊളുത്താന്‍ തയ്യാറാവാത്ത ലീഗ് നേതാവ് അബ്ദുറബ്ബാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ വിമര്‍ശനം നേരിട്ടത്. ഇതിനോട് വിവിധ നേതാക്കള്‍ക്ക് വ്യത്യസ്ത നിലപാടുമാണ്. മുസ്‌ലിംലീഗില്‍ത്തന്നെ വിളക്ക് കൊളുത്തുന്നവരും കൊളുത്താത്തവരുമുണ്ട്. പല പള്ളികളിലും വിളക്കുകൊളുത്തുന്ന ചടങ്ങുകളുള്ളതുകൊണ്ട് (പൊന്നാനി, കൊടുങ്ങല്ലൂര്‍) അത് മുസ് ലിംകള്‍ക്ക് അന്യമല്ലെന്ന ചിന്ത പങ്കുവയ്ക്കുന്നവരുമുണ്ട്. അബ്ദുറബ്ബ് വിളക്കുകൊളുത്താന്‍ വിസമ്മതിച്ചത് ഒരു ഘട്ടത്തില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത വിവാദമായിരുന്നു. സിനിമാനടന്‍ മമ്മുട്ടിപോലും വിളക്ക് കൊളുത്താന്‍ വിസമ്മതിച്ച മന്ത്രിയെ വിമര്‍ശിച്ചിരുന്നു.

വിളക്കുകൊളുത്തല്‍ ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പെന്ന് കാണുന്നതിനുപകരം പലരും ഇതിന്റെ പേരില്‍ അബ്ദുറബ്ബിനെതിരേ വാളെടുത്തു.
സിപിഎം നേതാവായ കെ ടി കുഞ്ഞിക്കണ്ണന്‍ ഇതേ കുറിച്ച് എഴുതി: ”നിലവിളക്ക് കൊളുത്തല്‍ അനിസ്‌ലാമികമാണെന്ന അബ്ദറമ്പുമാരുടെ നിലപാട് ചരിത്രത്തെയും ഇസ്‌ലാമിന്റെ ദര്‍ശനത്തെയും സംബന്ധിച്ച സങ്കുചിതധാരണകളില്‍ കഴിയുന്നത് കൊണ്ടാണ്. ഇസ്‌ലാം അനുഷ്ഠിക്കപ്പെടേണ്ടത് ദേശരാഷ്ട്ര സവിശേഷതകളിലൂന്നിയായിരിക്കണമെന്നാണ് ഖുറാനിക പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. പൊന്നാനിയിലെ പള്ളിയില്‍ ഇപ്പോഴും നിലവിളക്കുണ്ടെന്ന് കെ.ടി ജലീല്‍ ഇസ്‌ലാമിന്റെ സാംസ്‌കാരിക സമഞ്ജസതക്ക് ഉദാഹരണമായി പറയാറുണ്ട്. പെട്രോള്‍ ഡോളറിന്റെ കുരുത്ത് വന്ന രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളാണ് പാനിസ്ലാമിക വീക്ഷണങ്ങള്‍ ഉയര്‍ത്തി ദേശീയ സവിശേഷതകളെയും സാംസ്‌കാരികമായ ബഹുസ്വരതയെയും നിഷേധിക്കുന്ന മൗലികവാദധാരണകള്‍ അടിച്ചേല്‍പ്പിച്ചത്. അറബ് നാടുകളില്‍ ആരംഭിച്ച ദഅവ പ്രസ്ഥാനമാണ് മതത്തെ അനുഷ്ഠാന പരതയിലും മൗലികവാദപരമായ വ്യാഖ്യാനങ്ങളിലും ചുരുക്കിയെടുത്തതെന്ന് അസ്ഖര്‍ അലി എന്‍ജിനിയര്‍ നിരീക്ഷിക്കുന്നുണ്ട്” (ഫേസ്ബുക്ക് പോസ്റ്റ്, ജൂണ്‍ 20, 2015)അനുഷ്ഠാനപരവും തീവ്രവുമായ മതമാണ് അബ്ദുറബ്ബുമാരടക്കമുള്ള വര്‍ഗീയവാദികളുടെ മതമെന്നാണ് അദ്ദേഹം തുടര്‍ന്നെഴുതുന്നത്.അതേസമയം വിളക്കുകൊളുത്താത്ത, പ്രാര്‍ത്ഥനകള്‍ കേള്‍ക്കുമ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന, എഴുന്നേല്‍ക്കാന്‍പോലും വിസമ്മതിക്കുന്ന മതേതരവാദികളെക്കുറിച്ച് പലര്‍ക്കും ഈ അഭിപ്രായമില്ലെന്നതും പ്രസ്തവ്യമാണ്.

2016 ജൂണ്‍ 21ന് ദി ന്യൂസ് മിനിറ്റ്‌സ് റിപോര്‍ട്ട് ചെയ്തതനുസരിച്ച് യോഗാദിനത്തില്‍ യോഗ ചെയ്യുന്നതിനു മുന്നോടിയായി പ്രാര്‍ത്ഥന ആലപിച്ചതിനെ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ഷൈലജ ടീച്ചര്‍ ചോദ്യം ചെയ്തു. യോഗ ചെയ്യുന്ന കാര്‍പ്പറ്റില്‍ മറ്റുളളവര്‍ കൈകൂപ്പി ഇരിക്കുമ്പോള്‍ കൈകൂപ്പാതെ ഇരുന്ന് അവര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. പ്രാര്‍ത്ഥന മതപരമാണെന്നും യോഗ മതേതരമാണെന്നുമായിരുന്നു മന്ത്രി വാദിച്ചത്. ഷൈലജ ടീച്ചറുടെ പ്രവൃത്തി വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഒപ്പം അവര്‍ക്കെതിരേ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ നിലവിളക്ക് കത്തിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയ മുസ്‌ലിംലീഗ് നേതാക്കള്‍ കേള്‍ക്കേണ്ടിവന്നതുപോലുള്ള വിമര്‍ശനമല്ല അവര്‍ നേരിട്ടത്. പൊതുവിനുള്ളില്‍ അടങ്ങിയിരിക്കുന്ന മതപരതയോടുള്ള മുസ്‌ലിം പ്രതികരണം വര്‍ഗീയതയാവുകയും സമാനമായ സന്ദര്‍ഭത്തിലെ മറ്റുള്ളവരുടെ പ്രതികരണം ഉറച്ചനിലപാടിന്റെ ഭാഗമാവുന്നതും ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തിലാണ്.

9. മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ചില ഗൂഢതന്ത്രങ്ങളുണ്ട്

മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ഗൂഢതന്ത്രമുണ്ടെന്ന് പലരും കരുതുന്നു. ഇത് ആവര്‍ത്തിച്ച് പറയാനും ചിലരെങ്കിലും മടിക്കാറില്ല. ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് യോജിച്ച ഉദാഹണങ്ങളും സംഭവങ്ങളും വിവാദങ്ങളും നിരവധിയാണ്. ഇരട്ടമുഖം പോലുള്ള രൂപകങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതും ഇതുതന്നെയാണ്.

ഇതേ കുറിച്ച് പുഴു സിനിമ ഇറങ്ങിയ സമയത്ത് ഒരാള്‍ എഴുതിയത് നോക്കൂ: ‘ജമാ അത്തെ ഇസ്‌ലാമി ഹിന്ദ്’ എന്ന മതരാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സംഘടന മാധ്യമം ആഴ്ച്ചപതിപ്പ് ഉപയോഗിച്ച് സാംസ്‌കാരിക രംഗത്ത് ചെയ്ത അതേ പരിപാടിയാണ് അതിലും ഫലപ്രദമായി ഇപ്പോള്‍ സിനിമരംഗത്തും പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മാധ്യമം വാരിക എന്ന പ്ലാറ്റ്‌ഫോം ഉണ്ടാക്കി, എഴുത്തുകാരെയും ബുദ്ധിജീവികളെയും ചട്ടുകങ്ങളാക്കി, സാംസ്‌കാരികരംഗത്ത് സൂത്രത്തില്‍ തങ്ങളുടെ പ്രോപ്പഗണ്ട നടപ്പില്‍ വരുത്താന്‍ ഉതകുന്ന സ്വാധീനം സൃഷ്ട്ടിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി ഇപ്പോള്‍ രണ്ട് വ്യാഴവട്ടമായി. ഇതിന് സമാനമായാണ് പത്തിരുപത് കൊല്ലം വൈകിയാണെങ്കിലും സിനിമ മേഖലയില്‍ അവരുടെ സ്‌കൂളില്‍ നിന്നുമുള്ള ചെറുപ്പക്കാരെ രചനയിലേക്കും സംവിധാനത്തിലേക്കും കയറ്റി വിട്ട് ‘ഉണ്ട’യായും, ‘പുഴു’വായും, ‘വൈറസ്’ ആയും ‘ഹലാല്‍ ലവ് സ്റ്റോറി’യായും ഒക്കെ ഓടിടിയില്‍ ഓളം ഉണ്ടാക്കുന്നത്. (അനൂപ് നിസ്സീമ16 മെയ് 2022 എഫ് ബി). ഇത് ഒറ്റപ്പെട്ടതല്ല, പലരും പലപ്പോഴായും ആവര്‍ത്തിച്ചിട്ടുള്ള പൊതുബോധമാണ്. ‘മാധ്യമത്തിന് കഥയോ കവിതയോ ലേഖനമോ കൊടുക്കുന്നവരെപ്പോലെത്തന്നെയാണ് ഇവരുടെ സിനിമകളിലെ നിര്‍മ്മാതാവും, നടീനടന്മാരും എന്തിന് സംവിധായകര്‍ പോലും. ഇവര്‍ക്ക് മൗദൂദി അജണ്ട കൃത്യമായി തിരിച്ചറിഞ്ഞു കാണണമെന്നില്ല. പ്രത്യക്ഷത്തില്‍ കുഴപ്പവും തോന്നണമെന്നില്ല. പരിസ്ഥിതി പ്രശ്‌നത്തെ പറ്റി പറയുമ്പോള്‍ ഉന്നം വെക്കുന്നത് വികസനം മുടക്കലാണെന്ന് അപ്പാവികളായ ഇവര്‍ തിരിച്ചറിയില്ല’- അതേ കുറിപ്പില്‍ അനൂപ് ആവര്‍ത്തിക്കുന്നു.

ഇസ്‌ലാമികതീവ്രവാദം: ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനത്തിനൊരാമുഖം എന്ന തന്റെ കൃതിക്ക് എഴുതിയ മുഖവുരയില്‍ ഇടത് സൈദ്ധാന്തികനും മുന്‍ നക്‌സലൈറ്റുമായ കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നതുകാണുക: ”ആര്‍എസ്എസ്സിനെപ്പോലെ ജമാഅത്തെ ഇസ് ലാമിയും മതരാഷ്ട്രവാദത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്റെയും പരിസ്ഥിതിസ്‌നേഹത്തിന്റെയും മുഖംമൂടിയണിഞ്ഞവര്‍ പൊതുസമൂഹത്തില്‍ ഇടം നേടാന്‍ ശ്രമിക്കുന്നത്.” മുസ് ലിംകള്‍ പുറംശക്തികളാണെന്നും ദേശീയതയുടെ അപരമാണെന്നുമുളള നിഗൂഢമായ ധാരണയാണ് ഇത്തരം സങ്കല്‍പ്പങ്ങളുടെ കേന്ദ്രം.

കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. മുസ്‌ലിംകള്‍ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. മതപ്രചാരണം മുതല്‍ ബുദ്ധിജീവികളെ വിലക്കെടുക്കല്‍വരെ അതിവിചിത്രമായ കാരണങ്ങള്‍ ഉന്നയിക്കപ്പെട്ടു.

മുഹ്‌സിന്‍ പരാരിയുടെ ‘കെഎന്‍ 10 പത്ത്’ എന്ന സിനിമ പുറത്തുവന്നതോടെയാണ് മുസ്‌ലിംകള്‍(മൗദൂദികള്‍) സിനിമാമേഖലയിലേക്ക് കടന്നുകയറുന്നുവെന്ന ‘ആരോപണങ്ങള്‍’ കേരളത്തില്‍ തുടങ്ങുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’, ‘ഹലാല്‍ ലൗസ്റ്റോറി’, ‘പുഴു’ തുടങ്ങിയ സിനിമകള്‍ വന്നതോടെ ഈ ആരോപണം വ്യാപകമായി. പക്ഷേ, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം സാന്നിധ്യം ആദ്യമായിരുന്നില്ല. നാല് രാഷ്ട്രപതിമാരില്‍നിന്ന് ദേശീയ പുരസ്‌കാരം ലഭിച്ച മലയാള സിനിമകള്‍ നിര്‍മിച്ചത് മുസ്‌ലിംമായ പരീക്കുട്ടിയായിരുന്നു. നീലക്കുയില്‍, മുടിയനായ പുത്രന്‍, തച്ചോളി ഒതേനന്‍, കുഞ്ഞാലി മരയ്ക്കാര്‍ എന്നീ സിനിമകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. പിന്നെയുമുണ്ട് നിരവധി ഉദാഹരണങ്ങള്‍. പ്രേംനസീറിനെപ്പോലെ മികച്ചൊരു നായകനടനും മുസ്‌ലിംകളില്‍നിന്നുണ്ടായി.
പക്ഷേ, മുസ്‌ലിംകള്‍ സിനിമയിലൂടെ അവരുടെ സ്വത്വത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ചലച്ചിത്രങ്ങളിലെ മുസ്‌ലിം സാന്നിധ്യം പ്രശ്‌നമാവാന്‍ തുടങ്ങിയത്. പില്‍ക്കാലത്ത് കൊച്ചി കേന്ദ്രീകരിച്ച് ജനിച്ചുവളര്‍ന്ന മുസ്‌ലിംകളായ മലയാള സിനിമാപ്രവര്‍ത്തകരും വിശ്വാസികളല്ലാതിരുന്നിട്ടും മുസ്‌ലിംകളായതുകൊണ്ടുമാത്രം ആക്ഷേപിക്കപ്പെട്ടു. ‘സൈബര്‍ വിങ്ങില്‍ സുഡൂസ് സ്ട്രോങ് ആണ് അതുകൊണ്ട് മലയാള സിനിമ സുഡാപ്പിക്കളുടെ കയ്യടിക്കുവേണ്ടിയുള്ളതായി മാറിക്കഴിഞ്ഞു’വെന്നാണ് ഒമര്‍ ലുലു എന്ന സംവിധായകന്‍ ഫേസ്ബുക്കില്‍ (2022 ജൂണ്‍ 5)കുറിച്ചു. പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.

ഇത്തരം ആരോപണങ്ങളൊന്നും പുതിയ കാര്യമല്ല. ഈ ആരോപണത്തിന് മറ്റ് മതവിഭാഗങ്ങളില്‍നിന്നുള്ളവരും വിധേയരായിട്ടുണ്ട്. ആദ്യ കാലത്ത് ഈ കാഴ്ചപ്പാട് മുസ്‌ലിംകളോടുമാത്രമല്ല, ക്രിസ്ത്യാനികളോടുമുണ്ടായിരുന്നു. മുണ്ടശ്ശേരി തന്റെ ആത്മകഥയില്‍ പറയുന്നു: ”കോണ്‍ഗ്രസ്സും പ്രജാമണ്ഡലവുമൊക്കെ ഹിന്ദുക്കളുടെ ഏര്‍പ്പാടാണെന്നും ധരിച്ചുവശായിരുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ മറിച്ചൊരു ധാരണയുണ്ടാക്കാന്‍ എന്റെ അരങ്ങേറ്റം ഉതകുമോ എന്നതായിരുന്നു അത്. മാത്രമല്ല, അന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യാതൊരു കക്ഷിയിലും അംഗമാകാത്ത എന്റെ രാഷ്ട്രീയത്തെ വത്തിക്കാന്‍ രാഷ്ട്രീയമാണോ എന്നും സംശയിക്കുകയും അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ട് എനിക്ക് പ്രജാമണ്ഡലത്തിലെങ്കിലും ചേര്‍ന്നുപ്രവര്‍ത്തിച്ചുകൂടാ എന്നു ചോദിക്കുകയും ചെയ്തിരുന്നു”(കൊഴിഞ്ഞ ഇലകള്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി, കറന്റ് ബുക്‌സ്, തൃശൂര്‍,2017, പേജ് 155).
കമ്മ്യൂണസിറ്റുകള്‍ ദേശീയതയുടെ അപരമായി കരുതപ്പെട്ടിരുന്ന കാലത്ത് അവരും വൈദേശികതാല്‍പര്യങ്ങളുടെ പേരില്‍ ആക്ഷേപിക്കപ്പെട്ടിരുന്നു. ചൈനീസ് ചാരന്മാരും റഷ്യന്‍ ചാരന്മാരുമെന്നതായിരുന്നു അവര്‍ നേരിട്ട ആക്ഷേപം. നക്‌സലൈറ്റുകള്‍ സജീവമായ കാലത്ത് ചൈനീസ് ചാരനെന്ന ആക്ഷേപം വ്യാപകമായിരുന്നു. നക്‌സലൈറ്റുകളെ സിഐഎ ചാരന്മാരായും ചൈനാച്ചാരന്മാരായും ആക്ഷേപിച്ചിരുന്നതിനെക്കുറിച്ച് അജിത തന്റെ ഓര്‍മക്കുറിപ്പുകളില്‍ (ഡിസം ബര്‍ 2005, പേജ്, 30) എഴുതുന്നുണ്ട്.

10. മുസ്‌ലികള്‍ ‘വര്‍ഗീയ’വാദികളാണ്, അവര്‍ ‘വര്‍ഗീയത’ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു

2012 ജൂണ്‍ മാസത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ഏലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. അന്ന് അധ്യാപികമാര്‍ പച്ചബ്ലൗസ് ധരിച്ചുവരണമെന്ന് പ്രൊജക്റ്റ് ഓഫിസര്‍ ഉത്തരവിറക്കി. എറണാകുളം ജില്ലയില്‍ 15 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുണ്ട്. ഈ സെന്ററുകളില്‍ നിന്ന് നാല് അധ്യാപികമാര്‍ വീതം പച്ച ബ്ലൗസും സെറ്റ് സാരിയും ധരിച്ച് ഘോഷയാത്രയില്‍ അണിനിരക്കണമെന്നായിരുന്നു പ്രൊജക്ട് ഓഫീസറുടെ ഉത്തരവ്. ഒരു സ്വകാര്യ ടി.വി. ചാനല്‍ ഇത് വിവാദമാക്കി. പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചു. അതിനെതിരേ കോഴിക്കോട് നഗരത്തില്‍ പച്ചബ്ലൗസിട്ടും പച്ചവെള്ളം കന്നാസിലെടുത്തും പച്ചബ്ലൗസ് കെട്ടിത്തൂക്കിയും നാല് ചെറുപ്പക്കാര്‍ പ്രതിഷേധിച്ചു. ഡിഫി, മഹിളാ അസോസിയേഷന്‍ തുടങ്ങിയവരും പ്രത്യക്ഷസമരത്തിനൊരുങ്ങി.

ഉത്തരവിറക്കിയ എസ്.എസ്.എ. എറണാകുളം ജില്ലാ പ്രൊജക്ട് ഓഫിസര്‍ കെ.എം. അലിയാരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. അതേസമയം സംഭവവുമായി വിദ്യാഭ്യാസ വകുപ്പിനോ മന്ത്രിക്കോ ബന്ധമില്ലെന്ന് ഉന്നത അധികൃതര്‍ അറിയിച്ചു. ഉത്തരവില്‍ ഹിന്ദു സവര്‍ണവസ്ത്രമായി കണക്കാക്കപ്പെടുന്ന സെറ്റ്മുണ്ടുമുണ്ടായിരുന്നുവെന്നത് ആരും പരിഗണിച്ചില്ല. ലീഗിന്റെ അബ്ദുറബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതും ഗംഗ എന്ന വീട്ട്‌പേര് ഗ്രേസ് എന്നാക്കിയതും ചോദ്യപേപ്പറില്‍ എങ്ങനെയോ ചന്ദ്രക്കലയുടെ അടയാളം വന്നതും അക്കാലത്ത് വന്‍തോതില്‍ ചര്‍ച്ച ചെയ്തു.

മുവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രണ്ട് ദശകങ്ങളായി താടിവയ്ക്കുന്നയാളാണ്. അദ്ദേഹത്തിന്റെ നീളമുള്ള താടി 2022 ജൂണില്‍ വലിയ വിവാദവിഷയമായി. അദ്ദേഹത്തിന്റെ താടി നാടിന് അപമാനകരമാണെന്ന നഗരസഭായോഗത്തില്‍ ആരോപണം ഉയര്‍ന്നു. സിപിഎം കൗണ്‍സിലര്‍ ജാഫര്‍ സാദിഖാണ് ഈ ആരോപണം ഉന്നയിച്ചത്. നഗരസഭയില്‍ ജീവനക്കാരുടെ ഒഴിവു നികത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയ്ക്കിടയിലായിരുന്നു പരാമര്‍ശം. പിന്നീല്‍ 2022ല്‍ കെഎസ്ആര്‍ടിസിയിലെ ഒരു മുസ്‌ലിം ഡ്രൈവര്‍ക്കെതിരേ മതപരമായ വേഷം ധരിച്ച് ജോലിക്കെത്തിയെന്ന് ആരോപിച്ച് വന്‍പ്രതിഷേധം അരങ്ങേറി. വിജിലന്‍സ് അന്വേഷണവും നടന്നു. അദ്ദേഹം ധരിച്ചിരുന്നത് കെഎസ്ആര്‍ടിസി യൂണിഫോമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. പള്ളിയില്‍ പോകുന്നതിനിടയില്‍ എന്തോ ചെയ്യാന്‍ തന്റെ സീറ്റിലിരുന്ന ഓരു വില്ലേജ് ഉദ്യോഗസ്ഥന്റെ ചിത്രവും ഇതുപോലെ വിദ്വേഷത്തോടെ പ്രചരിപ്പിക്കപ്പെട്ടു. താടിവച്ച തഹസില്‍ദാര്‍, മതപരമായ ചില സൂചനകള്‍ അടങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഇതൊക്കെ ആക്രമണവിധേയമായി. ഇത് തുടര്‍ക്കഥയാണ്. എല്ലാ കാലത്തും ഒരാളുടെ ഭാവന അനുവദിക്കുന്നിടത്തോളം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. മുസ്‌ലിംകളുടെ സ്വാഭാവികമായ ചെയ്തികളെയും പ്രവര്‍ത്തനങ്ങളെയും വര്‍ഗീയതയുടെ ഘടനയിലൂടെ കാണുന്ന രീതി വ്യാപകമായി ഉപയോഗിക്കുന്നു. വര്‍ഗീയത സംഘടനാപരമായ സവിശേഷതയെന്നതിനേക്കാള്‍ മുസ് ലിംവ്യക്തിയുടെ സവിശേഷതമയായി മനസ്സിലാക്കുകയാണ് ചെയ്യുന്നത്. മുകളില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിധേയരായ ആരും തന്നെ സംഘടനാബന്ധങ്ങളുടെ പേരിലല്ല ആക്ഷേപങ്ങള്‍ക്ക് വിധേയരായത്. മറിച്ച് മുസ് ലിംആയതിന്റെ പേരില്‍ മാത്രമാണ്. ആ അര്‍ത്ഥത്തില്‍ ഇതിനൊരു വംശീയവല്‍ക്കരണത്തിന്റെ സ്വഭാവമാണ് ഉള്ളത്. ഇസ്‌ലാമോഫോബിയ സ്ഥാപനവല്‍ക്കരിക്കുകയും വംശീയവല്‍ക്കരിക്കപ്പെടുകയും ചെയ്ത വിവേചനമാണ്.

11. മുസ്‌ലിംകള്‍ക്കിടയില്‍ ഹോമോഫോബിയ കൂടുതലാണ്

2022 മെയ് മാസം അദില നസ്‌റിന്‍, ഫാത്തിമ നൂറ എന്നീ രണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കി. നേരത്തെത്തന്നെ കുടുംബം ഇവരുടെ ബന്ധത്തിന് എതിരായിരുന്നു (അഭിമുഖം, ദി ക്യൂ , ജൂണ്‍ 1, 2022). പെണ്‍കുട്ടികളിലൊരാള്‍ തങ്ങളുടെ കുടുംബത്തിന്റെ മതപശ്ചാത്തലം പീഡനം വര്‍ധിക്കാന്‍ കാരണമായെന്ന് സൂചിപ്പിച്ചതോടെ മുസ്‌ലിംകള്‍ക്കെതിരേയുള്ള പ്രചാരണം ശക്തമായി. സാമൂഹികമാധ്യമങ്ങളിലും ഇത് വലിയതോതില്‍ ആഘോഷിക്കപ്പെട്ടു. മുസ്‌ലിംകള്‍ കടുത്ത ഹോമോഫോബിയയുളള ഒരു സമൂഹമാണെന്നായിരുന്ന പ്രചാരണത്തിന്റെ പ്രമേയം.

കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ മാത്രമല്ല, മറ്റെല്ലാ സമുദായത്തിനും ലൈംഗികന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഒരേ നിലപാടാണ് ഉള്ളത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് ആദില-നൂറ സംഭവത്തെയും മുസ്‌ലിംകള്‍ക്കെതിരേയുള്ള വടിയായി ഉപയോഗിക്കുകയാണ് ചെയ്തത്. ഈ പെണ്‍കുട്ടികളുടെ കാര്യത്തില്‍ താമരശ്ശേരി പോലിസും തങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്ന് ദി ക്യൂവിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍തന്നെ വെളിപ്പെടുത്തുകയുണ്ടായി. അതായത് മുസ്‌ലിംകളായ പെണ്‍കുട്ടികളുടെ കുടുംബത്തിനും പോലിസ് വകുപ്പിനും ഈ പ്രതിസന്ധി രൂക്ഷമായതില്‍ പങ്കുണ്ടെന്ന് ഇവര്‍ ആരോപിച്ചു. ഇത്തരം കേസുകളില്‍ ഇതൊരു പൊതുപ്രവണതയാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള നയപ്രഖ്യാപനം നടത്തിയ സംസ്ഥാനങ്ങളില്‍ ഒന്നായാണ് കേരളം സ്വയം വിലയിരുത്തുന്നതെങ്കിലും ഈ വിഭാഗത്തിനെതിരേ പോലിസിന്റെ ഭാഗത്തുനിന്ന് പല ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ പൂര്‍ണയും അയേഷയും 2016 ജൂണ്‍ മൂന്നിന് പോലിസിന്റെ ഭാഗത്തുനിന്ന് ആക്രമണം നേരിടുകയുണ്ടായി. (ഇന്ത്യന്‍ എക്‌സ്പ്രസ്, ജൂണ്‍ 2, 2016). 2017 ജൂലൈയിലും സമാനമായ ആക്രമണം നടന്നു. അന്ന് 15 പേരെയാണ് പോലിസ് ആക്രമിച്ചത്. ആക്രമിക്കപ്പെട്ടവരില്‍ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നവരുമുണ്ടായിരുന്നു. പോലിസ് ആക്രമണത്തില്‍ ഒരാളുടെ തലയിലാണ് പരിക്കേറ്റത്(ദി ന്യൂസ് മിനിറ്റ്‌സ്, ജൂലൈ 6, 2017). അതിക്രമണങ്ങളുടെ പേരില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയനേതൃത്വവും ഉത്തരം പറയേണ്ടിവന്നില്ല. ഇതൊക്കെ നടക്കുമ്പോഴും ലൈംഗികന്യൂനപക്ഷ വിഷയത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ സമൂഹമായി മുസ്‌ലിംകളെയാണ് മാധ്യമസമൂഹം വിലയിരുത്താറ്. പോലിസും പ്രതിക്കൂട്ടിലായിരിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുസ്‌ലിംകുടുംബത്തിന്റെ തലയില്‍ ചാര്‍ത്തുന്ന പ്രവണത ആദില-നൂറ സംഭവത്തിലും കാണാം. പോലിസിന്റെ പങ്ക് മാധ്യമങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുകയോ പ്രചാരണത്തിന്റെ ഭാഗമാക്കുകയോ ചെയ്തില്ല.

മുസ്‌ലിംകളെ അപരസ്ഥാനത്തുനിര്‍ത്തുന്ന സമാനമായ പ്രവണത ആഗോളതലത്തിലും ദൃശ്യമാണ്. 2022ലെ ഫിഫ ലോകകപ്പ് സമയത്ത് ആതിഥേയരായ ഖത്തര്‍ ആഗോളതലത്തില്‍ ആക്രമിക്കപ്പെട്ടതും പ്രധാനമായും ലൈംഗികന്യൂനപക്ഷങ്ങളോടുള്ള നിലപാടിന്റെ പേരിലാണ്. ഇതുവരെ ഒരു ലോകകപ്പിലും ഇല്ലാത്തവണ്ണം ഈ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുകയും ബിബിസിയെപ്പോലുള്ള ഒരു മാധ്യമം ഉദ്ഘാടന, സമാപന പരിപാടികളുടെ റിപോര്‍ട്ടിങ്ങില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു. ഖത്തറിനെതിരേ നടന്ന വിദ്വേഷപ്രചാരണം എല്ലാ അതിരുകളെയും ഭേദിക്കുന്നതായിരുന്നു.

ലോകത്തിലെ എല്ലാ ജനാധിപത്യവിരുദ്ധതയും മുസ്‌ലിംകള്‍ക്കുമേല്‍ ചാര്‍ത്തുകയാണ് ഇതുപോലുള്ള വ്യവഹാരങ്ങളുടെ പൊതുരീതി. മുസ്‌ലിംകള്‍ ഹോമോഫോബിക്കാണെന്ന വിശ്വാസത്തിനു പിന്നിലും ഇത് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പൊതുവിശ്വാസങ്ങളില്‍നിന്നു വ്യത്യസ്തമായി സ്വവര്‍ഗലൈംഗികത നിയമവിരുദ്ധമല്ലാത്ത രാജ്യങ്ങളില്‍ 20 മുസ്‌ലിംഭൂരിപക്ഷ രാജ്യങ്ങളും ഉള്‍പ്പെടുന്നു. ചരിത്രത്തിലേയ്ക്കു നോക്കിയാല്‍ ഓട്ടോമന്‍ സാമ്രാജ്യം 1858ല്‍ ഹോമോസെക്ഷ്വാലിറ്റിയെ ക്രിമിനല്‍കുറ്റമല്ലാതാക്കി. 1923ല്‍ ടര്‍ക്കി സ്ഥാപിക്കപ്പെട്ടപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ഓട്ടോമെന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ജോര്‍ദാനിലും ഇതൊരു ക്രിമിനല്‍ കുറ്റമല്ല. മുസ്‌ലിംഭൂരിപക്ഷ രാജ്യമായ ആഫ്രിക്കയിലെ മാലിയിലും 87.22 ശതമാനം മുസ്‌ലിംകളുള്ള ഇന്തോനേഷ്യയിലും ഹോമോസെക്ഷ്വാലിറ്റി കുറ്റകരമല്ല. 1533 മുതല്‍ തന്നെ ബ്രിട്ടന്‍ സ്വവര്‍ഗലൈംഗികയ്‌ക്കെതിരെ നിലപാടെടുത്തിരുന്നു. അവിടെ അത് മരണശിക്ഷ ലഭിക്കുന്ന കുറ്റവുമായിരുന്നു. 1967 കാലത്താണ് ഇതിനു മാറ്റമുണ്ടാകുന്നത്. അമേരിക്കയില്‍ സ്ഥിതി ബ്രിട്ടനോളം ഗുരുതരമായിരുന്നില്ല. നിയമപരവിരുദ്ധമാണെങ്കിലും ഇതിനോടുള്ള മനോഭാവം മെച്ചപ്പെട്ടതായിരുന്നു. 1960കളിലാണ് ഹോമോസെക്ഷ്വാലിറ്റി അമേരിക്കയില്‍ കുറ്റകരമല്ലാതാവുന്നത്. മുസ്‌ലിം-അമുസ്‌ലിം തരംതിരുവുകളേക്കാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴിലായിരുന്ന രാജ്യങ്ങളിലാണ് സ്വവര്‍ഗലൈംഗികത കടുത്ത രീതിയില്‍ വിലക്കപ്പെട്ടിരുന്നതെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ, ഇസ് ലാമോഫോബിയയുടെ വക്താക്കള്‍ക്ക് ഇത്തരം വസ്തുതകളേക്കാള്‍ താല്‍പര്യം വംശീയപ്രചാരണങ്ങളിലാണ്.

12. ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണ്, ഇസ്‌ലാം അങ്ങനെയല്ല

ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണെന്നാണ് പൊതുബോധം. എന്നാല്‍ ഇസ്‌ലാം അങ്ങനെയല്ലെന്നും കരുതുന്നു. പലതരം കെട്ടുപാടുകളുള്ള, കടുംപിടുത്തങ്ങളുള്ള മതമായാണ് ഇസ്‌ലാമിനെയും പൊതുവെ സെമറ്റിക് മതങ്ങളെയും വിശദീകരിക്കുക പതിവ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മറ്റ് മതങ്ങള്‍ പ്രചരിച്ചതിനുപിന്നില്‍ ഹിന്ദുമതത്തിന്റെ സഹിഷ്ണുതയുടെ ഭാഗമായാണ് വിലയിരുത്താറ്. ഒരു പടികൂടി കടന്ന് ഹിന്ദു പൗരോഹിത്യവിഭാഗമായ ബ്രാഹ്‌മണരുടെ സഹിഷ്ണുതയെക്കുറിച്ചും പറയാറുണ്ട്. മറ്റു മതങ്ങളില്‍ ആരോപിക്കപ്പെടുന്ന അസഹിഷ്ണുതയെ എടുത്തുകാട്ടാനാണ് ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെക്കുറിച്ച് വാചാലമാകുന്നത്.

ആ സഹിഷ്ണുതയെക്കുറിച്ച് ആനന്ദ് വിവരിക്കുന്നത് ഇങ്ങനെ: ‘പ്രാകൃതികവിശ്വാസത്തിലധിഷ്ഠിതമായ ഹിന്ദുമതം അവയ്ക്ക് ബാഹ്യമായ വിശ്വാസങ്ങളെയും അവയ്ക്കുള്ളില്‍ത്തന്നെയുള്ള ആസ്തികതതൊട്ട് നാസ്തികതവരെയുള്ള വിവിധ വിശ്വാസങ്ങളെ അവ സ്വീകരിക്കുകയും അതിന്റെ സന്തതികളായി കാണുകയും ചെയ്തു. പുറംനാട്ടില്‍നിന്നെത്തിയ പാര്‍സി, യഹൂദ, ക്രൈസ്തവ, ഇസ് ലാമിക, വിശ്വാസങ്ങളെ വീട്ടില്‍ വിളിച്ചിരുത്തി. ഇത് ഹിന്ദുക്കളെ വീക്ഷണപരമായി വികസിപ്പിച്ചു. (വേട്ടക്കാരനും വിരുന്നുകാരനും, ആനന്ദ്, ഡി സി ബുക്‌സ്, 2000, പേജ് 18-19). തന്റെ ജൈവമനുഷ്യനെന്ന കൃതിയില്‍ അദ്ദേഹം ഇതേ കാര്യം കുറച്ചുകൂടി അടുത്തുനിന്ന് പരിശോധിക്കുന്നുണ്ട്: ”എന്നാല്‍, സാധാരണജനതയ്ക്കു നീട്ടിക്കൊടുത്ത കര്‍മ വിശ്വാസമോ ഉദ്ബുദ്ധരായവരുടെ പ്രജ്ഞയില്‍ ഊറിനിന്ന സാര്‍ത്ഥകമായ സ്വാതന്ത്ര്യബോധമോ ആയിരുന്നില്ല ഹൈന്ദവസമുദായത്തിന്റെ തനിയായ സ്വഭാവം. വെല്ലുവിളികള്‍ നേരിടേണ്ടിവരുമ്പോഴും, വ്യത്യസ്തത ചിന്താഗതികളും താല്‍പര്യങ്ങളും കൂട്ടിമുട്ടുമ്പോഴും എല്ലാം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി അവര്‍ പ്രയത്‌നത്തിനും പലായനത്തിനുമിടയ്ക്ക് ഒരു സുഗമസ്ഥാനം കണ്ടുപിടിച്ചു-വിധി. (ജൈവമനുഷ്യന്‍, ആനന്ദ്, ഡി സി ബുക്‌സ്, 1998, പേജ് 55). സംഘര്‍ഷം ഹൈന്ദവസംസ്‌കാരത്തിന് അജ്ഞാതമായിരുന്നുവെന്നും അദ്ദേഹം എഴുതി. അവര്‍ അദ്വൈതവും ദ്വൈതവും ഒന്നിച്ച് പൊക്കിപ്പിടിച്ചു.
മറ്റു മതങ്ങളുടെ അസഹിഷ്ണുതയ്ക്കു പിന്നിലുള്ള കാരണങ്ങളെപ്പറ്റി ആനന്ദ് പറയുന്നു: ഏകദൈവവിശ്വാസത്തിന്റെ(വിശേഷിച്ചും തീക്ഷ്ണമായ ദൈവത്തിന്റെ) ധാരയുടെ രാഷ്ട്രീയമായ തലത്തിലുള്ള വിസ്താരം സര്‍വാധിപത്യ-ഫാഷിസ്റ്റ് പ്രവണതകള്‍ക്ക് വഴിവയ്ക്കാനാണിട. രാഷ്ട്രീയമായ തലത്തില്‍ ജനാധിപത്യസമ്പ്രദായത്തിന്റെ പാരമ്പര്യങ്ങളൊന്നുമില്ലാതിരുന്ന ഹിന്ദു സമൂഹം അത്തരമൊന്നിന്റെ സന്ദര്‍ഭം കൈവന്നപ്പോള്‍ സ്വാഭാവികതയോടെ അതിനെ സ്വീംശീകരിച്ചത് നാം കാണുന്നു. ഇതേ ഭൂപ്രദേശത്തുനിന്ന് ഇസ്‌ലാമികമായതിനെ മാത്രം ശുദ്ധീകരിച്ചെടുത്ത് സൃഷ്ടിച്ച രണ്ട് വിഭാഗങ്ങള്‍ക്ക് ജനാധിപത്യ സമ്പ്രദായത്തെ സ്വാംശീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ-(വേട്ടക്കാരനും വിരുന്നുകാരനും, ആനന്ദ്, ഡി സി ബുക്‌സ്, 2000, പേജ് 17).

ഇത്രയേറെ സഹിഷ്ണുത പുലര്‍ത്തിയ ഹിന്ദുക്കളോട് വിരുന്നെത്തിയ വേട്ടക്കാരായ മതങ്ങള്‍ ചെയ്തതോ? ”വാളും തോക്കുമായി എത്തിയ ഇത മതസ്ഥര്‍ ഹിന്ദുക്കളെപ്പോലെ വിശാലഹൃദയരായിരുന്നില്ല. അവര്‍ ഇവിടത്തെ സമൂഹവുമായി ഏറ്റുമുട്ടി”. മൊത്തത്തില്‍ വീക്ഷിക്കുമ്പോള്‍ ഹിന്ദുമതത്തിന്റെ സവിശേഷതയായി ആനന്ദ് കണ്ടെത്തുന്നത് അതിന്റെ തുറന്ന അറ്റമാണ്. കാലത്തെ ഉള്ളില്‍ ചേര്‍ക്കുവാനുളള കഴിവാണത്രെ ഹിന്ദു സമൂഹത്തെ ആധുനികവല്‍ക്കരിക്കാന്‍ പ്രാപ്തമാക്കുന്നത്. (വേട്ടക്കാരനും വിരുന്നുകാരനും, ആനന്ദ്, ഡി സി ബുക്‌സ്, 2000, പേജ് 17).

ഏത് സമൂഹത്തിലെന്നതുപോലെ മുസ്‌ലിംകള്‍ക്കിടയിലും പലതരം പ്രശ്‌നങ്ങളും പിന്തിരിപ്പന്‍ നിലപാടുകളുമുണ്ട്. അതൊക്കെ ഹിന്ദുക്കള്‍ക്കും മറ്റ് ഇതര മതസ്ഥര്‍ക്കിടയിലുമുണ്ട്. പക്ഷേ, മുസ്‌ലിംകളെ വിശകലനം ചെയ്യുന്നവര്‍ ഇവയൊക്കെ മതത്തിന്റെ കണക്കിലാണ് എഴുതിച്ചേര്‍ക്കുക. അതുവഴി എന്തിനെയും മത്രപ്രശ്‌നമാക്കി ചുരുക്കാന്‍ കഴിയുന്നു. അസഹിഷ്ണുതയായി വരവുവയ്ക്കാനും കഴിയുന്നു.

ഉദാഹരണത്തിന് ജാതി ഹിന്ദുമതത്തിലെ ഒരു വലിയ മതപ്രശ്‌നമാണ്. ജാതി മാറി വിവാഹം ആലോചിക്കാന്‍ കഴിയാത്തിടത്തോളം ഇന്നും ശക്തമാണ് ജാതിവ്യവസ്ഥ. ജാതിമാറിയുള്ള വിവാഹങ്ങള്‍ ഇന്നും അപവാദങ്ങളാണ്. എന്നാല്‍ ജാതിയെ ഒരു മതപ്രശ്‌നമായല്ല പൊതുസമൂഹം കരുതുന്നത്. വാദത്തിന് അതംഗീകരിച്ചാലും ഈ അസഹിഷ്ണുതയെ മതത്തിന്റെ പേരില്‍ എഴുതാറില്ല. സാമൂഹികവിപത്ത് തുടങ്ങിയ ‘മതേതരമായ’ വാക്കുകളിലൂടെയാണ് ഇത് വിശേഷിപ്പിക്കുന്നത്.
ഇത്തരം ആഖ്യാനങ്ങളിലൂടെ തന്ത്രപരമായി നിര്‍മിച്ചെടുത്തതാണ് ഹിന്ദുമതം സഹിഷ്ണുതയുടെയും ഇസ്‌ലാം അസഹിഷ്ണുതയുടെയും മതമാണെന്നത്. ഇന്ത്യയുടെ ചരിത്രത്തെയും അതിനനുസരിച്ച് വ്യാഖ്യാനിക്കുന്നു.

13. മുസ്‌ലിംകളിലെ ഓരോ വിഭാഗവും പരസ്പരം നിലപാടെടുക്കണം

മുസ്‌ലിംകളിലെ ഓരോ വിഭാഗത്തെക്കൊണ്ടും പരസ്പരം നിലപാടെടുപ്പിക്കുക മാധ്യമങ്ങളുടെ സ്ഥിരം ശൈലിയാണ്. അപരത്വം ഉറപ്പിക്കുന്നതിനുള്ള ഏറ്റവും ഉറപ്പുള്ള മാര്‍ഗവും ഇതാണ്. എന്നാല്‍ മറ്റുള്ളവരെ ഈ കെണിയില്‍ വീഴ്ത്താന്‍ മാധ്യമങ്ങള്‍ പൊതുവെ ശ്രമിക്കാറില്ല. ശ്രമിച്ചാലും അവര്‍ വീഴാറുമില്ല.

2022 മെയ് 22ന് ആലപ്പുഴയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് റാലിയില്‍ ഒരു ചെറിയ കുട്ടി മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ഇതേ കുറിച്ച് റിപോര്‍ട്ടര്‍ ടിവി മെയ് 22ന് ‘എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് പിന്തുണ കൊടുക്കാറില്ലെന്ന് ജിഫ്രി തങ്ങള്‍; ധീരന്‍മാരാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അലിയാര്‍ ഖാസിമി’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ റിപോര്‍ട്ടില്‍ പറയുന്നു: ”എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് ആദ്യം മുതല്‍ക്ക് തന്നെ പിന്തുണ നല്‍കാറില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് ധീരന്‍മാരുടെ സംഘമാണെന്നാണ് ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര്‍ ഖാസിമിയുടെ നിലപാട്. ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസംഗമത്തിലാണ് ഖാസിമി തന്റെ നിലപാട് വ്യക്തമാക്കിയത്”.

ഒരു പരിപാടി റിപോര്‍ട്ട് ചെയ്യുന്ന മട്ടിലാണ് വാര്‍ത്ത ഫ്രയിം ചെയ്തിരുന്നത് എന്നാല്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഈ പരിപാടിയില്‍ ജിഫ്രി തങ്ങള്‍ പങ്കെടുത്തിരുന്നില്ല. മറ്റൊരിടത്ത് മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ കാര്യം പോപുലര്‍ ഫ്രണ്ട് സമ്മേളനവുമായി ചേര്‍ത്തുവയ്ക്കുകയായിരുന്നു റിപോര്‍ട്ടര്‍ ചാനല്‍. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, പോപ്പുലര്‍ ഫ്രണ്ട്, ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് എന്നീ മൂന്ന് വിഭാഗങ്ങളെ പരസ്പരം എതിര്‍നിര്‍ത്തി അപരത്വം നിര്‍മിക്കലാണ് ഈ വര്‍ത്തയുടെ ധര്‍മം. അതുവഴി ഒരു വിഭാഗത്തെ എല്ലായ്‌പ്പോഴും ശത്രുപക്ഷത്തും എതിര്‍പക്ഷത്തും നിര്‍ത്തി വെറുപ്പുല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നു. സമൂഹത്തിലെ ഏറ്റവും അപരവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ് ഈ തന്ത്രത്തിന്റെ ഇരകളാവുക. ഇപ്പോള്‍ അത് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമായിരുന്നെങ്കില്‍ നേരത്തെ പിഡിപിയും അതിനുമുമ്പ് ലീഗുമായിരുന്നു.
പരസ്പരം നിലപാട് പ്രഖ്യാപിക്കുക ഹിന്ദു സവര്‍ണ സംഘടനകളുടെയോ ക്രൈസ്തവ സംഘടനകളുടെയോ ബാധ്യതയില്‍ വരില്ലെങ്കിലും മുസ്‌ലിംകള്‍ക്ക് അത് ബാധ്യതയാണ്.

14. മുസ്‌ലിംകള്‍ ബാല്യവിവാഹം ആഗ്രഹിക്കുന്നു

2003ല്‍ ഡോ. എം കെ മുനീര്‍ സാമൂഹ്യക്ഷേമമന്ത്രിയായിരിക്കെ വിവാഹരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാല്യവിവാഹത്തിലൂടെ ഉണ്ടായ കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഉത്തരവിന്റെ ലക്ഷ്യം. ബാല്യവിവാഹം നിയമവിരുദ്ധമാണെങ്കിലും നിയമങ്ങളും മറ്റും തെറ്റായി വ്യാഖാനിച്ച് വിവാഹം കഴിക്കുകയും അതില്‍ അവര്‍ക്ക് കുട്ടികളുണ്ടാവുകയും ചെയ്താല്‍ നിയമം ആ കുട്ടികളെ ജാരസന്തതികളായല്ല കണക്കാക്കുക. സാധാരണ കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ അവകാശങ്ങളും ഈ കുട്ടികള്‍ക്കുമുണ്ട്. അങ്ങനെയുള്ള നിരവധി കുട്ടികള്‍ സംസ്ഥാനത്തുണ്ട്. ഇത്തരമൊരു പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ നടപടി.

18 തിയകും മുമ്പ് വിവാഹം കഴിക്കുകയും തുടര്‍ന്ന് പ്രസവിക്കുകയും ചെയ്ത ഒരു സ്്ത്രീയും അവരുടെ ഭര്‍ത്താവുമാണ് വര്‍ഷങ്ങള്‍ക്കുശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തതുതരണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. അപേക്ഷ നല്‍കുമ്പോള്‍ ഇവരുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനുവേണ്ടിയാണ് വിവാഹരജിസ്‌ട്രേഷന്‍ ആവശ്യമായത്. വിവാഹം നിയമവിരുദ്ധമായതുകൊണ്ട് സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ അപേക്ഷ നിരസിച്ചു. സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ അവര്‍ അപേക്ഷയുമായി പോയി. അവസാനം കോടതിയെയും സമീപിച്ചു. അതിന്റെ കൂടെ ഭാഗമായാണ് ഇത്തരക്കാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് വിവാദമായത്. ഇതുപോലുള്ള കേസുകള്‍ സംസ്ഥാനത്ത് ധാരാളമുണ്ട്. അതുകൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവാകട്ടെ അടിമുടി ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു.

ഇത് ഉപയോഗിച്ച് മുസ്‌ലിംകള്‍ക്ക് ശൈശവവിവാഹം നടത്താന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ ഇതിന്റെ മുന്നില്‍ത്തന്നെയുണ്ടായിരുന്നു. മാധ്യമങ്ങളും മന്ത്രി മുനീറിനെ കുടഞ്ഞുകീറി.
വിവാദത്തെക്കുറിച്ച് ദീര്‍ഘകാലം ഉന്നത തസ്തികയില്‍ ഭരണം നടത്തിയ ഡി ബാബുപോള്‍ എഴുതിയത് ഇങ്ങനെയാണ്: മുസ് ലിംകള്‍ക്ക് ശൈശവവിവാഹം അനുവദിക്കുന്ന ഒരു പുതിയ ഉത്തരവൊന്നുമല്ല അത്. വിവാഹം വേറെ, വിവാഹ രജിസ്‌ട്രേഷന്‍ വേറെ. വിവാഹപ്രായം നിശ്ചയിക്കുന്നത് 2007ലെ ശിശുവിവാഹനിരോധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. 2007 വരെ ഏതാണ്ട് തൊണ്ണൂറ് കൊല്ലം 1929 ലെ ശിശുവിവാഹ നിയന്ത്രണനിയമവും പ്രാബല്യത്തില്‍ ഉണ്ടായിരുന്നു.
നിയമേന പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും വേണം സാധുവായ വിവാഹത്തില്‍ ഏര്‍പ്പെടാന്‍. വിവാഹസമയത്ത് ആ പ്രായം എത്തിയിരുന്നില്ലെങ്കില്‍ പ്രായപൂര്‍ത്തി ആകുന്ന മുറക്ക് നിയമപരിഹാരം തേടാം. മൈനറാണ് ഇത്തരം ഒരു വിവാഹത്തില്‍ കുടുങ്ങിയതെങ്കില്‍ രക്ഷാകര്‍ത്താവിന് കോടതിയില്‍ പോകാം. കുട്ടിക്ക് പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം നടപടി സ്വീകരിച്ചിരിക്കണമെന്ന് മാത്രം; നിയമത്തിന് എവിടെയെങ്കിലും ഒരു വിരാമം വേണം; അത് ഒരിക്കലും ഡമോക്‌ളിസിന്റെ വാള്‍ ആകരുത് എന്നാണല്ലോ പ്രമാണം. വിവാഹസമയത്ത് കിട്ടിയ പണവും സ്വര്‍ണവും എല്ലാം മടക്കിക്കൊടുക്കണം. വധുവിന് ജീവനാംശവും കൊടുക്കണം. വരനും മൈനറാണെങ്കില്‍ വരന്റെ രക്ഷാകര്‍ത്താവാണ് ജീവനാംശം കൊടുക്കേണ്ടത്. ഇങ്ങനെയൊരു വിവാഹബന്ധത്തില്‍ ശിശു ജനിക്കാം. ആ ശിശുവിനെ ജാരസന്തതിയായിട്ടല്ല നിയമം കാണുക. ശിക്ഷയും പറയുന്നുണ്ട് നിയമത്തില്‍. വധുവും വരനും മൈനറായാലും വരന് വയസ്സ് പതിനെട്ട് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അയാള്‍ അഴി എണ്ണിയേ മതിയാവൂ. രണ്ടുകൊല്ലം വരെ ആവാം കഠിനതടവ്. വരന്‍ മാത്രമല്ല, കല്യാണം നടത്തിക്കൊടുക്കുന്ന പുരോഹിതനും അതിന് ഏതെങ്കിലും തരത്തില്‍ ചൂട്ടുപിടിച്ചുകൊടുക്കുന്നവനും -അത് പള്ളിക്കമ്മിറ്റിക്കാരനാവാം, നാട്ടുപ്രമാണിയാവാം, തന്തപ്പടിയാവാം, രക്ഷാകര്‍ത്താവാകാം, സദ്യ ഉണ്ണുന്നവന്‍ പോലും ആകാം-ശിക്ഷാര്‍ഹരാണ്. സ്ത്രീകളാണെങ്കില്‍ ജയില്‍ശിക്ഷ ഇല്ല എന്ന് മാത്രം. പിഴ ആണിനും പെണ്ണിനും ലക്ഷം രൂപ; പണത്തിന് ലിംഗഭേദമില്ലല്ലോ. എന്നാല്‍ ഇതുകൊണ്ടൊന്നും നടന്നവിവാഹം അസാധുവാകുന്നില്ല. … നിശ്ചിതസമയത്തിനുള്ളില്‍ നിയമപ്രകാരം അസാധു ആക്കിയിട്ടില്ലെങ്കില്‍ വിവാഹം അസാധു ആവുകയില്ലതാനും. ഈ ബന്ധത്തില്‍ ജനിക്കുന്ന ശിശു നിയമാനുസൃതബന്ധത്തില്‍ ജനിച്ചതാണ് എന്നും നിയമം പറയുന്നു.ഇതൊക്കെ ഈ രാജ്യത്തെ നിയമം ആണ്. ഇതിനെതിരെ ഒരു മുനീറിനും ഉത്തരവ് ഇറക്കാനാവുകയില്ല. പിന്നെ എന്താണ് പ്രശ്‌നം? വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടിനും വിസക്കും വിദേശത്തെ ജോലിക്കും ഒക്കെ തടസ്സം ഉണ്ടാകാം” (ഡി ബാബുപോള്‍, മുനീറിന്റെ കാള പെറ്റുവോ?, ജൂണ്‍ 28, 2013, എംപ്ലോയി. കോം). സമാനമായ ഒരു സംഗതിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാനായിരുന്നപ്പോള്‍ എടുത്ത പ്രശസ്തമായ ഒരു നിലപാട് എന്താണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ”അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വൈദികര്‍ മാമ്മോദീസ നിഷേധിച്ചു. പാപ്പാ ചോദിച്ചു, കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?”

ഈ ഉത്തരവിനെതിരേ 2013 ജൂണ്‍ 24ാം തിയ്യതി ദേശാഭിമാനി പത്രം എഴുതിയ മുഖപ്രസംഗം ഇങ്ങനെ: ”കേരളത്തിലെ മതനിരപേക്ഷ സമൂഹത്തില്‍ ജാതിമത വേര്‍തിരിവ് വര്‍ധിപ്പിച്ച് രാഷ്ട്രീയമായി മുതലെടുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഇങ്ങനെ ഒരു ഉത്തരവിറങ്ങുമ്പോള്‍ ഇതര സമുദായക്കാര്‍ പ്രതിഷേധവുമായി രംഗത്തുവരും. അങ്ങനെ സമുദായ മൈത്രിയുടെ അന്തരീക്ഷം കലങ്ങും. ആ കലക്കവെള്ളത്തില്‍നിന്ന് രാഷ്ട്രീയ മീന്‍പിടിത്തം നടത്താന്‍ തങ്ങള്‍ക്ക് കഴിയും.”
നിയമപ്രകാരം പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പ് വിവാഹം കഴിച്ച് മക്കളുണ്ടാകുന്നവരുടെ പ്രശ്‌നം തികച്ചും ഒരു മനുഷ്യാവകാശപ്രശ്‌നമാണ്. പക്ഷേ, ആ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത ഒരു നീക്കത്തെ മതപരമായി ചിത്രീകരിക്കുകയായിരുന്നു ഇടതുപക്ഷവും അതിന്റെ നേതാക്കളും മാധ്യമങ്ങളും ചെയ്തത്. ഒപ്പം അതിനെ മതസാമുദായിക പ്രശ്‌നമാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയെന്ന സങ്കല്‍പ്പത്തിലെ സങ്കീര്‍ണതകള്‍ മാറ്റിവച്ച് വിശകലനം ചെയ്യുമ്പോള്‍ ബാല്യവിവാഹം മുസ്‌ലിം സമൂഹത്തിന്റെ മതപരമെന്നതിനേക്കാള്‍ സാമൂഹികമായ പ്രശ്‌നമാണ്. ഒപ്പം മുസ്‌ലിം സമൂഹത്തെ ബാല്യവിവാഹവുമായി വൈകാരികബന്ധമുള്ള സമൂഹമായി പറഞ്ഞുവയ്ക്കുകയും ചെയ്തു. മുസ്‌ലിംകളെ ബാല്യവിവാഹവുമായി ബന്ധപ്പെടുത്തി ഇകഴ്ത്തുക ഇസ് ലാമോഫോബിയാ പ്രചാരകരുടെ രീതിയാണ്. പുരോഗതിയിലേക്ക് എത്തിയിട്ടില്ലാത്ത പിന്തിരിപ്പന്‍ കൂട്ടമാണ് മുസ്‌ലിം സമൂഹമെന്ന മിത്തിനെ കൂടുതല്‍ ഉറപ്പിക്കുകയാണ് ഇത്തരം പ്രചാരകര്‍ ചെയ്യുന്നത്.

15. ഇതരമതസ്ഥരെ വിവാഹംകഴിക്കുന്ന മുസ്‌ലിംകള്‍ക്ക് അന്താരാഷ്ട്ര താല്‍പര്യങ്ങളുണ്ട്

മുസ്‌ലിംകളുടെ ഇതരമതസ്ഥരുമായുള്ള വിവാഹം പലപ്പോഴും അന്താരാഷ്ട്രതാല്‍പ്പര്യങ്ങളുടെ ഭാഗമായാണ് വിശദീകരിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ ഇതരമതസ്ഥരെ വിവാഹം കഴിച്ച് സിറിയപോലുള്ള രാജ്യങ്ങളിലേക്ക് ജിഹാദിനു കൊണ്ടുപോകുന്നുവെന്ന ആശയം നിരവധി ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തെ മതംമാറ്റം, ജിഹാദ്, തീവ്രവാദപ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത്, അന്താരാഷ്ട്രസായുധ സംഘങ്ങള്‍ തുടങ്ങിയവയുമായി കൂട്ടിക്കെട്ടുന്നു.

‘അന്യമതസ്ഥനായ കാമുകനൊപ്പം താമസിച്ചിരുന്ന പിജി വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മുടി മുറിച്ചുമാറ്റി’യെന്നാണ് 2015 മെയ് മാസത്തില്‍ കൈരളി ന്യൂസ് എറണാകുളത്തെ ഒരു മരണവാര്‍ത്തക്ക് കൊടുത്ത തലക്കെട്ട്. എറണാകുളം മഹാരാജാസിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അനൂജയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഖലീല്‍ എന്ന ഗുരുവായൂര്‍ സ്വദേശിയ്‌ക്കൊപ്പം ഇടപ്പള്ളിയില്‍ വാടകവീട്ടിലാണ് ജീവിച്ചിരുന്നത്. വിവാഹം നിയമപരമായി നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. അനൂജയെ ഒരു ദിവസം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇതേകുറിച്ച് വന്ന വാര്‍ത്തകളില്‍ ഖലീലിന്റെ ഇസ്‌ലാമിക ബന്ധം, ഇസ്‌ലാംമതവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവ കുത്തിനിറച്ചിരുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍, ഇസ്‌ലാമികപുസ്തകം വായിച്ചിരുന്നയാള്‍, ഇസ്‌ലാമിക സിഡികള്‍ എന്നിവ കണ്ടെടുത്തു തുടങ്ങിയ കാര്യങ്ങള്‍ വാര്‍ത്തയില്‍ എടുത്തുപറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലവും വാര്‍ത്തയുടെ ഭാഗമായി. അതേസമയം ഈ പെണ്‍കുട്ടി മതംമാറിയോയെന്ന് വ്യക്തമായിരുന്നില്ല. ഒരു വിവാഹമാണ് ഇത്തരം പദാവലികളാല്‍ വിശദീകരിക്കപ്പെട്ടത്. കുറ്റകൃത്യം, തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം, മതവിശ്വാസം… തുടങ്ങിയവ വിവാഹവുമായി ബന്ധപ്പെടുത്തുന്നതോടെ അതിന്റെ സ്വഭാവം അപ്പാടെ മാറുന്നു.

2022 ഏപ്രില്‍ മാസത്തില്‍ കോടഞ്ചേരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവും മുസ്‌ലിമുമായ ഷിജിന്‍ ക്രിസ്ത്യന്‍ യുവതിയായ ജോയ്‌സ്‌നയുമായി വിവാഹം കഴിച്ചപ്പോള്‍ ഇതേ വിവാദം രൂപംകൊണ്ടു. സമുദായസംഘടനകളാണ് വിവാഹം ലൗജിഹാദാണെന്ന് ആദ്യം പറഞ്ഞത്. സിപിഎമ്മിലെത്തന്നെ ജോര്‍ജ് എം തോമസും ആരോപണത്തെ പിന്തുണച്ചു. തന്റെ ആരോപണം പാര്‍ട്ടി രേഖപ്രകാരമാണെന്നുപോലും ജോര്‍ജ് എം തോമസ് അവകാശപ്പെട്ടു. ഉന്നത ‘വിദ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ പ്രേരിപ്പിച്ച് വിവാഹം കഴിക്കുന്ന പ്രവണത’ എന്ന് രേഖ പറയുന്നത് അതേകുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ”ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളില്‍ പറയുന്നത് പ്രൊഫഷണല്‍ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ ഇതിന് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസോ അതിനെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തില്‍ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്‌നങ്ങളില്‍ ആളുകള്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം, ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്” (ഏപ്രില്‍ 13, 2022, ഏഷ്യാനെറ്റ്).

പിന്നീട് കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാസ്റ്റര്‍ ഷിജിനെക്കുറിച്ചുള്ള ഈ ആരോപണങ്ങള്‍ തള്ളി. ഭാഗ്യവശാല്‍ നിരവധി ഇടത് ബുദ്ധിജീവികളും ഷിജിനെ പിന്തുണച്ചു. ഇതേ കുറിച്ച് ദീപിക കോടഞ്ചേരിയില്‍ വിവാഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന പേരില്‍ എഴുതിയ എഡിറ്റോറിയലില്‍(2022, ഏപ്രില്‍ 19) അഫ്ഗാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നരകിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് എഡിറ്റോറിയല്‍ വിവാഹത്തെ അവതരിപ്പിച്ചത്: ”ലൗ ജിഹാദ് ഉണ്ടായോ ഇല്ലയോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. കോടഞ്ചേരിയിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ അത്തരമൊരു വാദം ഉന്നയിച്ചിട്ടുമില്ല. ഷെജിന്റെ ഇതുവരെയുള്ള പശ്ചാത്തലവും അതല്ല. പക്ഷേ, മലയാളികളായ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെക്കുറിച്ചൊക്കെ മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നരകിക്കുന്ന മക്കളെ രക്ഷിക്കാന്‍ നിമിഷയുടെ അമ്മ ബിന്ദുവും സോണിയയുടെ പിതാവ് സെബാസ്റ്റ്യനും കേന്ദ്രസര്‍ക്കാരിനെയും സുപ്രിംകോടതിയെയുമൊക്കെ സമീപിച്ചു നടന്നതും കേരളം കണ്ടു. ആ മാതാപിതാക്കളെ സഹായിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളെയോ പുരോഗമനവാദികളെയോ ഒന്നും നാളിതുവരെ കണ്ടിട്ടുമില്ല. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്.” മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവ-ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങളില്‍പ്പെട്ട എല്ലാ നല്ല മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണെന്നും അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ജോയ്‌സ്‌നയുടെ നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്റെയോ മതസൗഹാര്‍ദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

ഷിജിന്‍-ജോയ്‌സ്‌ന വിവാഹവിവാദം ഒറ്റപ്പെട്ടതായിരുന്നില്ല. ഷെഫിന്‍ ജഹാന്‍-ഹാദിയ വിവാഹസമയത്ത് ഏറെ ആവര്‍ത്തിക്കപ്പെട്ട കഥയാണ് ഇത്. ഹാദിയ കേസ് കത്തിനിന്ന സമയത്ത് മുസ്‌ലിംകള്‍ ഉള്‍പ്പെട്ട മിശ്രവിവാഹങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാന്‍ എന്‍ഐഎ തീരുമാനിച്ചിരുന്നു(ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2017, ഒക്ടോബര്‍ 13). അതുപ്രകാരം 89 വിവാഹങ്ങളാണ് എന്‍ഐഎ കണ്ടത്തിയത്. അതില്‍ 31 എണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. മുംബൈയിലെയും കേരളത്തിലെയും ചില സംഘടനകള്‍ക്ക് ഐഎസ്സിലേക്ക് ആളെ കടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതെന്ന ഒരു ഹരജിപോലും സുപ്രിംകോടതിയിലെത്തിയിരുന്നു (2017 ഒക്ടോബര്‍ 8, ദി ഹിന്ദു).
2017 നവംബര്‍ 25ലെ റോയിട്ടര്‍ റിപോര്‍ട്ടനുസരിച്ച് മിശ്രവിവാഹിത ദമ്പതിമാരെ ചോദ്യം ചെയ്ത എന്‍ഐഎ നടപടി മാന്യതയുടെ എല്ലാ സീമകളെയും ലംഘിക്കുന്നതായിരുന്നു. 89 കേസില്‍ ഒമ്പത് എണ്ണത്തില്‍ അന്താരാഷ്ട്രതാല്‍പര്യങ്ങളുണ്ടെന്നും ഐഎസ്സില്‍ ചേരാന്‍ പദ്ധതിയിട്ടതായും എന്‍ഐഎ ആരോപിച്ചു. എന്നാല്‍ ഒമ്പത് കേസിലും രക്ഷിതാക്കളാണ് ആരോപണം ഉന്നയിച്ചതെന്ന് റോയിട്ടേഴ്‌സിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഹാദിയയുടെ കേസില്‍ അവരെ സുപ്രിംകോടതി നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുക്കുക പോലും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യസംഭവമെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ പ്രതികരിച്ചത്.

മുസ്‌ലിംസമൂഹത്തെ കുറ്റകൃത്യങ്ങളുടെയും ഗുഢാലോചനയുടെയും ഭാഗമായി അവതരിപ്പിക്കുന്നത് പൊതുശൈലിയാണ്. ലോകത്തെ ആക്രമിച്ചു കീഴടക്കുന്ന പൊതുശത്രുവായി മുസ്‌ലിംകളെയും മുസ്‌ലിംപുരുഷന്മാരെയും ചിത്രീകരിക്കുന്നു. അവരുടെ ഓരോ പ്രവര്‍ത്തിയെയും നിഗൂഢതയോടെ അവതരിപ്പിക്കുന്നു. ഇസ് ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത് അങ്ങനെ കൂടിയാണ്.

16. ഇസ്‌ലാമിലേക്കുള്ള മതംമാറ്റം മതമൗലികവാദവും വര്‍ഗീയതയുമാണ്

മതംമാറ്റത്തെ പൈശാചികമായ കൃത്യമായാണ് പലരും കരുതുന്നത്, പ്രത്യേകിച്ച് പുതിയ കാലത്ത്. മതംമാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്തസ്സും മനുഷ്യപദവിയിലേക്കുള്ള കടന്നുവരവും മതംമാറ്റവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. പല കാരങ്ങളാലാണ് മനുഷ്യന്‍ മതംമാറുന്നത്. ഇതര മതത്തോടുള്ള കാമന മുതല്‍ പല കാരണങ്ങള്‍ അതിനുണ്ട്. സ്വാതന്ത്ര്യപൂര്‍വ കാലത്ത് മതംമാറ്റം അന്തസ്സും സാമൂഹികപദവിയും തേടിയുളള അന്വേഷണമായിരുന്നു. ആത്മീയാന്വേഷണത്തിന്റെ ഭാഗമായി മതംമാറ്റവുമുണ്ട്. ചിലര്‍ ഇഷ്ടപുരുഷനെ/സ്ത്രീയെ വിവാഹം കഴിക്കാന്‍ മതംമാറുന്നു. ടി എന്‍ ജോയിയെപ്പോലെ(നജ്മല്‍ബാബു) രാഷ്ട്രീയകാരങ്ങളാല്‍ മതംമാറിയവരുണ്ട്.

സാമുദായികമായ ഉച്ഛനീചത്വങ്ങളും പദവിയും മതംമാറ്റത്തിന്റെ പ്രധാന കാരണമായിരിക്കുമ്പോള്‍ തന്നെ മതംമാറ്റത്തില്‍ വ്യക്തിനിഷ്ഠ കാമനകള്‍ വഹിച്ചിരുന്ന പങ്ക് നിഷേധിക്കപ്പെടുകയാണ് പതിവ്. ആ സ്ഥാനത്ത് മതംമാറ്റത്തെ സാമ്പത്തികവും ദേശവിരുദ്ധവുമായ താല്‍പ്പര്യങ്ങളോട് കൂട്ടിക്കെട്ടും. സാമൂഹിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ളവയാണ് ഇത്തരം ആഖ്യാനങ്ങള്‍. മതംമാറ്റത്തെ വര്‍ഗീയത, മൗലികവാദം തുടങ്ങിയ വാക്കുകള്‍ക്കൊണ്ടും വിശദീകരിക്കാറുണ്ട്. മതംമാറ്റത്തിനു വേണ്ടി മാത്രം മുസ്‌ലിംകള്‍ പ്രണയിക്കുന്നുണ്ടെന്ന് യുക്തിവാദി സംഘടനകള്‍ മുതല്‍ പല വിഭാഗങ്ങളും പല കാലത്തും ആരോപിച്ചു. ലൗ ജിഹാദ് എന്നാണ് ഇതിന് വിമര്‍ശകര്‍ നല്‍കിയ പേര്(പുസ്തകത്തില്‍ പലയിടങ്ങളിലായി നാമിക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.)

ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തെ സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് ഒരു പഠനം (സമകാലിക മലയാളം ഓണ്‍ലൈന്‍, ജനുവരി 3, 2018)തയ്യാറാക്കിയിരുന്നു. പഠനമനുസരിച്ച് 2011 മുതല്‍ 2016 വരെ 7,299 പേര്‍ കേരളത്തില്‍ ഇസ്‌ലാംമതം സ്വീകരിച്ചു. വര്‍ഷം 1216 പേര്‍. മലബാറില്‍ 568. തുടര്‍ന്ന് മതംമാറിയവരുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ വിപുലമായ കണക്കാണ്. രസകരമായി തോന്നിയത്, മതം മാറാന്‍ പറഞ്ഞ കാരണങ്ങളാണ്. അതിങ്ങനെ: പ്രണയം മൂലം മതംമാറിയവര്‍ 61 ശതമാനമാണ്. കുടുംബത്തകര്‍ച്ച മൂലം 12ഉം, ദാരിദ്ര്യം 8ഉം മാനസികബുദ്ധിമുട്ടുകള്‍ 7ഉം പദവിക്കായി 6ഉം സാമൂഹ്യമാധ്യമങ്ങളിലൂടെ 2ഉം ശതമാനം പേരാണ് മതം മാറിയത്. എന്തെങ്കിലും കുഴപ്പങ്ങള്‍ മൂലമാണ് ആളുകള്‍ മതം മാറുന്നതെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.
മതംമാറ്റം പുതിയ കാലത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഗുരുതരമായ വിഷയമായി മാറി. പല സംസ്ഥാനങ്ങളിലും മതംമാറ്റംതന്നെ നിരോധിച്ചു.

17. മുസ്‌ലിംകള്‍ എല്ലാം ഒരുപോലെയാണ്, തരംതിരിവുകള്‍ അപ്രസക്തം

അധികാരത്തിന്റെ ഒരു പ്രവര്‍ത്തനം അത് തങ്ങള്‍ക്കുതാഴെയുള്ളവരിലെ വ്യതിരിക്തതകളെ കണ്ടതായി നടിക്കില്ലെന്നതാണ്. വ്യത്യസ്തകള്‍ കാണുകയാണെങ്കില്‍ വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കാനാവില്ല. വാര്‍പ്പുമാതൃകയാണ് വംശീയതയുടെയും മിക്കവാറും എല്ലാതരം ഫോബിയകളുടെയും ഉറവിടം. അതൊരു മനോഭാവമാണ്. വ്യത്യസ്തകളെ കാണുകയും അതനുസരിച്ച് മനസ്സിലാക്കപ്പെടുകയും വൈവിധ്യങ്ങളെ വകവച്ചുകൊടുക്കുന്നതുമാണ് ജനാധിപത്യരീതി. മുസ്‌ലിം സമൂഹത്തിന് നിഷേധിക്കപ്പെടുന്നതും അതുതന്നെ.

ഇതിന് സമാനമായ ഒരു മനോഭാവത്തെക്കുറിച്ച് 1909ല്‍ പുറത്തിറക്കിയ കാസ്റ്റ് ആന്റ് ട്രൈബ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഏഴാം വാള്യത്തില്‍ ഗ്രന്ഥകാരനായ എഡ്ഗാര്‍ തേഴ്സ്റ്റന്‍ പറയുന്നുണ്ട്: അക്കാലത്ത് സവര്‍ണര്‍ താഴ്ന്ന ജാതിക്കാര്‍ തമ്മിലുള്ള വ്യത്യാസം കണ്ടതായി നടിക്കാറില്ലത്രെ. തേഴ്സ്റ്റന്‍ പറയുന്നു. പണിയനും കുറുമ്പനും തമ്മിലുള്ള വ്യത്യാസം അയാള്‍ക്കറിയാം. പക്ഷേ, അയാള്‍ പറയും ‘ഈ പണിയന്‍’, മുന്നിലുള്ളയാള്‍ കുറുമ്പ ജാതിക്കാരനാണെന്ന് അറിയുമ്പോള്‍ത്തന്നെയാണ് ഇയാള്‍ അത് മാറ്റിപ്പറയുന്നത്”

സിപിഐഎം നേതാവ് വിപിപി മുസ്തഫയെ കേന്ദ്രമാക്കി 2019 ഫെബ്രുവരി 23ന് മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരനായാണ് അദ്ദേഹത്തെ ചിത്രീകരിച്ചത്. പെരിയകൊലപാകത്തിന്റെ പശ്ചാത്തലത്തില്‍ മുസ്തഫ നടത്തിയ പ്രസംഗമായിരുന്നു പ്രകോപനം. ഒരു സിപിഎമ്മുകാരനെന്ന നിലയില്‍ മുസ്തഫ നടത്തുന്ന കൊലവിളി പ്രസംഗത്തിന്റെ കാരണമായി ഗോപീകൃഷ്ണന്‍ കണ്ടെത്തിയത്് മുസ്തഫതന്നെ തള്ളിപ്പറയാന്‍ സാധ്യതയുള്ള അദ്ദേഹത്തിന്റെ മതസ്വത്വമാണ്.

2021ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്‌ലിമായ എച്ച് സലാമിനെ എസ്ഡിപിഐക്കാരന്‍ ആണെന്നാണ് എതിരാളികള്‍ ആരോപിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിമും ബിജെപി സ്ഥാനാര്‍ഥി ക്രിസ്ത്യനും യുഡിഎഫ് സ്ഥാനാര്‍ത്ഥിമാത്രമാണ് ഹിന്ദുവെന്നുമായിരുന്നു യുഡിഎഫ് പ്രചാരണം. അത്തരത്തില്‍ നോട്ടിസുകളും ഇറങ്ങി.

എസ്ഡിപിഐയുടെ 2022 മെയ് 21ന് നടന്ന ആലപ്പുഴ ജനമഹാ സമ്മേളനത്തിന് അനുമതി നല്‍കിയതിനെ ലസിത പാലക്കല്‍ എന്ന എഫ്ബി അക്കൗണ്ട് വിശേഷിപ്പിച്ചത് മരുമോനെ സുഖിപ്പിക്കാനായി സമ്മേളനത്തിന് അനുമതി നല്‍കിയെന്നാണ്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിന്റെ മുസ്‌ലിംസ്വത്വം കമ്മ്യൂണിസ്റ്റുകാരനായാലും ഉരിഞ്ഞുകളയാനാവില്ലെന്നാണ് സൂചന. ഇത് സംഘപരിവാര്‍ അനുയായികളുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും കാഴ്ചപ്പാടാണ്.
തങ്ങള്‍ക്ക് ആവശ്യമുളളിടത്ത് മുസ്‌ലിംസ്വത്വം ആരോപിക്കുന്ന ഈ ശൈലി ഇസ്‌ലാമോഫോബിയയുടെ വലിയൊരു ഉദ്ഭവകേന്ദ്രമാണ്. മതത്തെ പ്രത്യേകിച്ച് ഇസ് ലാമിനെ ആരോപണസ്ഥലമാക്കുകയും ഇസ്‌ലാമോഫോബിയയുടെ രീതിയാണ്.

18. എല്ലാ ഇസ്‌ലാമിസ്റ്റുകളും മുസ്‌ലിംകളും സൗദിപക്ഷപാതികളാണ്

ഇസ്‌ലാമിസ്റ്റുകള്‍ സൗദി അറേബ്യയില്‍നിന്ന് ‘പെട്രോഡോളര്‍’ സ്വീകരിച്ച് പ്രവര്‍ത്തിച്ചുപോകുന്നവരും മതപുരോഹിത ഭരണകൂടം നിര്‍മിക്കാന്‍ പരിശ്രമിക്കുന്നവരുമാണെന്ന് പൊതുബോധം വിശ്വസിക്കുന്നു. അതിന്റെ ഭാഗമായി എല്ലാ മുസ്‌ലിംകളെയും ഇസ്‌ലാമിസ്റ്റുകളെയും സൗദി പക്ഷപാതികളായി ചിത്രീകരിക്കുന്ന ഒരു രീതി പ്രബലമാണ്. എന്നാല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പലരും സൗദി അറേബ്യപോലുള്ള ഏതാധിപത്യഭരണകൂടങ്ങളുടെ വിമര്‍ശകരാണ്.

ചിലര്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കും/മുസ്‌ലിംകള്‍ക്കും മുഴുവന്‍ അറബിരാജ്യങ്ങളുമായാണ് മാനസികഐക്യം എന്ന് കരുതുന്നവരാണ്. തീര്‍ച്ചയായും മുസ് ലിംസമൂഹത്തിലെ പലര്‍ക്കും അറേബ്യന്‍ നാടുമായി വൈകാരികമായ ഒരു ബന്ധമുണ്ട്. മക്കയുടെ സാന്നിധ്യവും മതപരമായ കാരണങ്ങളും ഒക്കെ ഇതിനുപിന്നിലുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ പ്രദേശങ്ങള്‍ക്ക് മോസ്‌കോ റോഡ് എന്നും വീടുകള്‍ക്ക് ഗ്രാന്‍മ എന്നും മക്കള്‍ക്ക് ലെനിന്‍, സ്റ്റാലിന്‍ എന്നൊക്കെ പേരിടുന്നതുപോലെത്തന്നെ. അത് ഇന്നത്തെ ദേശരാഷ്്ട്രത്തിന്റെ യുക്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതല്ല. വത്തിക്കാന്‍ ക്രൈസ്തവരെയും ആവേശംകൊള്ളിക്കാറുണ്ടല്ലോ.

അതേസമയം രാജ്യത്തെ നിരവധി ഇസ് ലാമികപ്രവര്‍ത്തകരെ യുഎഇ , സൌദി പോലുള്ള ഭരണകൂടങ്ങള്‍ നാടുകടത്തുകയോ ജയിലിലിടുകയോ ചെയ്തിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് മുസ്‌ലിംകളെയും മുസ്‌ലിംരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരെയും സൗദിപക്ഷപാതികളെന്ന് വിളിക്കുന്നത്.

19. അറബി പറയുന്നതും സംഭാഷണത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നതും വര്‍ഗീയതയുടെ ഭാഗമാണ്

അറബിയുടെ ഉപയോഗം മുസ്്‌ലിംകളുടെ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും ലക്ഷണമായി വിലയിരുത്തുകയാണ് പതിവ്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങളും അപ്രകാരം വിലയിരുത്തുന്നു. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് തുടങ്ങി ഏത് ഭാഷ സംസാരത്തിനിടയില്‍ പറഞ്ഞാലും അത് പറയുന്നയാളുടെ പാണ്ഡിത്യത്തിന് മാറ്റുകൂട്ടുകയേയുള്ളൂ. എന്നാല്‍ അറബിയുടെ ഉപയോഗം അങ്ങനെയല്ല.
ഇതേകുറിച്ച് തന്റെ അനുഭവം കെഇഎന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: ”തിരുവനന്തപുരത്ത് നടന്ന ഒരു മതനിരപേക്ഷ സമ്മേളനത്തില്‍ ഞാന്‍ വളരെ ബോധപൂര്‍വംതന്നെ അറബിയില്‍ നിന്നുള്ള ഒരു പ്രയോഗം ഉദ്ധരിച്ച് സംസാരിച്ചു. അങ്ങനെ ചെയ്യുമെന്ന് എന്റെ ചില സുഹൃത്തുക്കളോടും ഞാന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഞാന്‍ പ്രതീക്ഷിച്ച പോലെതന്നെ അതെന്തോ വര്‍ഗീയമായ ഒന്നാണ് എന്ന രീതിയില്‍ ചിലര്‍ മുറുമുറുക്കുകയുണ്ടായി. സാധാരണ പ്രഭാഷണങ്ങളില്‍ ഇംഗ്ലീഷോ ഫ്രഞ്ചോ സംസ്‌കൃതമോ അറബിയോ ഓരോരുത്തരുടെ വൈദഗ്ധ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. പക്ഷേ, സംസ്്കൃതമോ ഇംഗ്ലീഷോ പറയുമ്പോള്‍ ഇല്ലാത്ത എന്തോ ഒരു പ്രശ്‌നം അറബി പറയുമ്പോള്‍ ഉണ്ട് എന്നത് നമ്മുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ലക്ഷണമാണ്് ഭാഷകള്‍ക്കൊന്നും പൊതുവില്‍ മതമില്ലെങ്കിലും സാമൂഹിക വളര്‍ച്ചയുടെ സവിശേഷ പശ്ചാത്തലത്തില്‍ ഭാഷകള്‍ക്ക് മതപരമായ പ്രാധാന്യം ഉണ്ടായിത്തീരുമെന്ന് അദ്ദേഹം തുടര്‍ന്നുപറയുന്നു. (മറുവാക്ക്, കെഇഎന്‍ അഭിമുഖം).

20. മുസ്‌ലിംജ്ഞാനവ്യവസ്ഥ അറിവായി കണക്കാക്കാനാവില്ല

മുസ്‌ലിംകളെ സജീവമായ, ഒരു വിഭാഗമായി കേരളീയ സമൂഹം മനസ്സിലാക്കാറില്ല. മതപരതയുള്ള മുസ് ലിമെന്നാല്‍ നിരക്ഷരരോ വിഡ്ഡികളോ ആയവരെന്നാണ് പലരുടെയും ധാരണ. മതപുസ്തകങ്ങള്‍ വായിക്കുന്ന ഒരാള്‍ വര്‍ഗീയവാദിയാകുമെന്നാണ് യുക്തിവാദികള്‍ കരുതുന്നത്. ഒരു മുസ് ലിം അയാളുടെ ഇടപാടുകളിലൂടെ ആര്‍ജിക്കുന്ന അറിവുകള്‍ ജ്ഞാനമായി പലരും കരുതുന്നില്ല.

തന്റെ കുടുംബത്തിലെ ഒരു രസകരമായ അനുഭവം എഴുത്തുകാരനും അധ്യാപകനുമായ എം എച്ച് ഇല്യാസ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു:
അറബി മലയാളം എഴുതുകയും വായിക്കുകയും അതില്‍ അവഗാഹവുമുളള കൊടുങ്ങല്ലൂരിലെ കുഞ്ഞി ബീവാത്തുമ്മയെ തൊണ്ണൂറുകളിലെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സാക്ഷരതാ വോളണ്ടിയര്‍മാര്‍ ‘നിരക്ഷര’ എന്ന ഗണത്തിലാണ് പെടുത്തിയത്. അവര്‍ക്ക് റെമഡിയല്‍ ക്ലാസുകളും അവര്‍ നിര്‍ദേശിച്ചു. അറബി മലയാളത്തെ അറിവിന്റെ ഭാഷയായി അവര്‍ക്ക് കാണാനായില്ല. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. സംസ്‌കൃതം അറിവിന്റെ ഉയര്‍ന്ന രൂപമായി കരുതുമ്പോള്‍ അറബിയിലുള്ള അറിവിനെ ‘അറിവാ’യി നാം കണക്കാക്കുന്നില്ല.

മുസ്‌ലിംകള്‍ പൊതുവെ, മുസ്‌ലിംസ്ത്രീകള്‍ പ്രത്യേകിച്ച് മറ്റാരേക്കാളും മുന്‍പ് വിദ്യാഭ്യാസത്തിലേക്ക് കടന്നുവന്നവരാണ്. മതപഠനം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണല്ലോ ഇരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും മുസ്‌ലിംസ്ത്രീകള്‍ക്കിടയില്‍ അറബിമലയാളം പ്രചാരത്തിലുണ്ടായിരുന്നു. മലപ്പുറത്തൊക്കെ അവര്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. അവിടത്തെ അധ്യാപികമാരെ മൊല്ലാച്ചിമാരെന്നാണ് വിളിച്ചിരുന്നത്. അറബിമലയാളത്തിലെ ആദ്യ നോവല്‍ 1883ലാണ് പുറത്തുവന്നത്, ഒരു വിവര്‍ത്തനകൃതി. ഇന്ദുലേഖയ്ക്കും 6 കൊല്ലം മുമ്പാണ് അത്. ആ നോവല്‍ സ്്ത്രീകള്‍ക്കിടയില്‍ പോലും വ്യാപകമായി വായിക്കപ്പെട്ടിരുന്നു. പിന്നീട് മുസ് ലിംകള്‍ക്കിടയിലുണ്ടായ ഭാഷാവിലക്ക് അറിവിനോടുള്ള മനോഭാവത്തെയല്ല, ചില സ്വത്വപ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നുവെന്നുവേണം അനുമാനിക്കാന്‍.

21. ഇന്ത്യയില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന മുസ്‌ലിംകള്‍ മറ്റു രാജ്യങ്ങളില്‍ അത് നിഷേധിക്കുന്നു

മുസ്‌ലിംകള്‍ ഇന്ത്യയിലെ ജനാധിപത്യപ്രസ്ഥാനങ്ങളില്‍ വ്യാപകമായി പങ്കെടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി മുതല്‍ മനുഷ്യാവകാശം വരെയുള്ള പ്രസ്ഥാനങ്ങളുടെ മുന്നിലും പിന്നിലും മുസ് ലിംസാന്നിധ്യം പ്രകടമാണ്. പലപ്പോഴും ഇതര വിഭാഗങ്ങളെക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കുന്നവരുമാണ്. വിവിധ പ്രസ്ഥാനങ്ങളില്‍ ഈ ജനവിഭാഗത്തിന്റെ സാന്നിധ്യം വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒരു ജനാധിപത്യരാജ്യത്തെ പൗരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ അവരുടെ വായടപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിമര്‍ശകര്‍ എടുത്തുകാട്ടുന്നവയില്‍ പ്രധാനം മുസ്‌ലിംഭൂരിപക്ഷ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാണ്.

മുസ്‌ലിംകളുടെ മനുഷ്യാവകാശവാദം വെറും മുഖംമൂടിയാണെന്നും അവരുടെ രാജ്യങ്ങളില്‍ വധശിക്ഷ നടത്തുമ്പോള്‍ ഇന്ത്യയില്‍ വധശിക്ഷക്ക് എതിരേ നില്‍ക്കുന്നുവെന്നുമാണ് ഒരാള്‍ ഇതിന്റെ തെളിവായി എടുത്തുകാട്ടിയത്.

ഇതേകുറിച്ച് സന്തോഷ് ഋഷികേശ് എന്ന അധ്യാപകന്‍ തന്റെ ഫേസ്ബുക്ക് വാളില്‍(ആഗസ്റ്റ്, 6, 2015)പറയുന്നു: ”വധശിക്ഷ ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തിനു ചേര്‍ന്നതല്ല. ആഗോളതലത്തില്‍ വധശിക്ഷയ്‌ക്കെതിരായ ഒരു നിലപാടു രൂപീകരിക്കാന്‍ നേതൃത്വം നല്‍കേണ്ട ചരിത്രപരമായ ബാധ്യത ബുദ്ധന്റേയും ഗാന്ധിയുടെയും പിന്‍മുറക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ട്. തിരുത്താന്‍ കഴിയാത്ത ഈ കടുത്ത തിരുമാനത്തെ പലവട്ടം പുനര്‍വിചിന്തനത്തിനു വിധേയമാക്കി കഴിയുമെങ്കില്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് വധശിക്ഷയ്ക്ക് വേണ്ടിയുള്ള തിടുക്കങ്ങളെ ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലൂടെ അവധാനപ്പുര്‍വ്വം കടത്തിവിട്ട് വൈകിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം അതിന്റെ പാരമ്പര്യത്തിനു വിരുദ്ധമായി ഇപ്പോള്‍ കാണിക്കുന്ന തിടുക്കമാണു ചര്‍ച്ചയാവേണ്ടത്. എന്നാല്‍ മേമനെ രക്തസാക്ഷി/ ഇര പരിവേഷം നല്‍കി ഇന്ത്യയെ ഒരു കൊലപാതകരാജ്യമായി അവതരിപ്പിക്കാനുള്ള ചില മനുഷ്യാവകാശ പ്രവര്‍ത്തകന്മാരുടെയും പ്രസ്ഥാനങ്ങളുടെയും നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ചൈന, ഇറാന്‍, സൗദി അറേബ്യ, വടക്കന്‍ കൊറിയ, പാക്കിസ്ഥാന്‍, അമേരിക്ക തുടങ്ങിയ കമ്യുണിസ്റ്റ്, ഇസ്‌ലാമിക, മുതലാളിത്തരാജ്യങ്ങളില്‍ നടക്കുന്ന വധശിക്ഷകളുടെ എണ്ണം ഇന്ത്യയില്‍ നടക്കുന്നതിന്റെ എത്രയെത്രയോ ഇരട്ടിയാണ്. രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ കാരണങ്ങള്‍ കൊണ്ട് പ്രസ്ഥാനങ്ങള്‍ നടത്തുന്ന വൈര സ്വാഭിമാനകൊലകള്‍ വേറെ. രാഷ്ട്രീയമായി തന്നെ തങ്ങള്‍ വധശിക്ഷയ്ക്ക് എതിരാണെന്ന് പരസ്യമായി പറഞ്ഞ്, വധശിക്ഷ ശീലമാക്കിയ ഈ രാഷ്ട്രങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും അതിനെ ന്യായീകരിക്കുന്ന മതപ്രമാണത്തെയും നിങ്ങള്‍ തള്ളിക്കളഞ്ഞതിനു ശേഷം മാത്രം അല്ലയോ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വേഷം കെട്ടിയ ഇസ്‌ലാമിസ്റ്റുകളേ കമ്യുണിസ്റ്റുകളേ, നിങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ നിലപാടിനോട് ഞാന്‍ ഐക്യപ്പെടാം”. സന്തോഷ് കമ്മ്യൂണിസ്റ്റുകളെക്കൂടി വിമര്‍ശനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നിരിക്കുന്നുവെന്നാണ് പ്രധാന വ്യത്യാസം.

പ്രമുഖ ഇസ്‌ലാം വിമര്‍ശകനായ ഹമീദ് ചേന്ദമംഗലൂര്‍ ബീഫിനെ കുറിച്ചുളള അദ്ദേഹത്തിന്റെ സമകാലിക മലയാളത്തിലെ കോളത്തില്‍ ഇന്ത്യയിലെ ബീഫ് നിരോധനത്തെ സൗദി അറേബ്യയിലെ സമാന പ്രശ്‌നത്തോട് സമീകരിക്കുന്നത് നോക്കുക: ‘പശു, കാള എരുമ, പോത്ത് എന്നിവയുടെ ഇറച്ചിയാണ് ഇംഗ്ലീഷില്‍ ബീഫ് എന്ന പദത്താല്‍ വ്യവഹരിക്കപ്പെടുന്നത്. പ്രോട്ടീന്‍ സമൃദ്ധമാണ് ബീഫ്, ഒന്നുമാറ്റിപ്പറഞ്ഞാല്‍ ബീഫ് ഒരു പോഷകാഹാരമാണ്. പൗരന്മാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ടതും താരമ്യേന കുറഞ്ഞ ചെലവില്‍ ലഭ്യവുമായ പോഷകാഹാരം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന വ്യവസ്ഥിതിക്കുകൂടിയാണ് ജനാധിപത്യം എന്ന് പറയുന്നത്. മല്‍സ്യം കഴിക്കുന്നവര്‍ക്ക് അതും ബീഷ് കഴിക്കുന്നവര്‍ക്ക് അതും പന്നിമാംസം കഴിക്കുന്നവര്‍ക്ക് അതും കഴിക്കാനുള്ള സ്വാന്ത്ര്യം നല്‍കപ്പെടണം. പന്നിമാംസം നിഷേധിക്കുന്ന സൗദി അറേബ്യ പോലുള്ള മുസ്‌ലിം രാഷ്ട്രങ്ങളുടെ വിലക്കുകള്‍ ബീഫ് നിരോധിക്കുന്ന പരിവാറിന്റെ വിലക്കുകള്‍പ്പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതുണ്ട്. (ഹമീദ് ചേന്ദമംഗലൂര്‍ മലയാളം വാരികയില്‍ എഴുതിയ കോളം, ജൂണ്‍ 9, 2016). ഇന്ത്യയില്‍ ബീഫ് നിരോധിച്ചതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യന്‍ മുസ്‌ലിംകളുടെ വായടപ്പിക്കാനെന്ന മട്ടില്‍ സൗദി അറേബ്യയിലെ ‘യാഥാര്‍ത്ഥ്യ’ത്തെ എടുത്തുകാട്ടുന്നത്. അദ്ദേഹം എടുത്തുകാട്ടുന്നതുതന്നെ തെറ്റായ താരതമ്യമാണ്. ഇന്ത്യയില്‍ ബീഫ് നിരോധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന മുസ്‌ലിംകളോടാണ് അദ്ദേഹം തന്റെ വിമര്‍ശനം മുന്നോട്ടുവയ്ക്കുന്നത്.

22. മുസ്‌ലിംകള്‍ക്ക് കൂട്ടായ ബാധ്യതയുണ്ട്

ഒരു മുസ്‌ലിം ചെയ്ത കുറ്റത്തിന് എല്ലാ മുസ്‌ലിംകള്‍ക്കും ബാധ്യതയുണ്ടെന്ന് പൊതുസമൂഹം കരുതുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ ക്ഷമാപണസ്വരത്തില്‍ സംസാരിക്കേണ്ടതുണ്ടെന്ന് കരുതുന്നവര്‍ ചെറുതല്ല. ലോകത്ത് പലയിടങ്ങളില്‍ പല സാഹചര്യത്തില്‍ നടക്കുന്ന മോശംപ്രവര്‍ത്തികള്‍ക്ക് മുസ്‌ലിംകള്‍ക്ക് കൂട്ടമായ ബാധ്യതയുള്ളതായി കരുതപ്പെടുന്നു. അതുകൊണ്ട് അവര്‍ വ്യക്തിപരമായി ക്ഷമാപണത്തോടെയായിരിക്കണം സംസാരിക്കേണ്ടത്. അത് നിരന്തരം പരിശോധിക്കപ്പെടുകയും ചെയ്യും. അത് ഓരോതവണയും പുതുക്കേണ്ടതുമുണ്ട്. അത്തരക്കാരെക്കുറിച്ച് ‘ക്ഷമാപണമുസ് ലിംകള്‍’ എന്ന പദപ്രയോഗംതന്നെ സാമൂഹികമാധ്യമങ്ങളില്‍ കാണാറുണ്ട്. ഡാനിഷ് പത്രത്തിലെ കാര്‍ട്ടൂണിന്റെ പേരില്‍ നടന്ന ആക്രമണങ്ങള്‍, താലിബാനുമായി ബന്ധപ്പെട്ട് മുഖ്യധാരാമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന അതിക്രമങ്ങള്‍ ഇവ മുസ്‌ലിംകള്‍ നിരന്തരം നിര്‍ബന്ധപൂര്‍വം തള്ളിപ്പറയണം. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളവരുണ്ടെങ്കില്‍ അതിനെ അപലപിക്കേണ്ടത് ഓരോ ഇന്ത്യന്‍ മുസ്‌ലിമിന്റെയും ബാധ്യതയാണെന്നും പലരും കരുതുന്നു.

ഇസ്‌ലാമിക സമൂഹത്തില്‍പ്പെട്ടവര്‍ അവര്‍ ഏത് രാജ്യത്തുള്ളവരായാലും ചെയ്യുന്ന തെറ്റുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലെ മുസ്‌ലിംകളും ഉത്തരവാദിത്തമുളളവരാകണമെന്നത് ഇന്നത്തെ ഒരു പൊതുബോധമാണ്. തെളിവുകള്‍ ആവശ്യമില്ലാത്തിടത്തോളം ഇത് ദിനംപ്രതി ആവര്‍ത്തിക്കപ്പെടുന്നു. താലിബാന്‍, ഐഎസ്, ബൊക്കൊ ഹറാം, ഡാനിഷ് കാര്‍ട്ടൂണുമായി ബന്ധപ്പെട്ടുണ്ടായ 2015ലെ ആക്രമണങ്ങള്‍… ഇവയോടൊക്കെ ഇന്ത്യന്‍ മുസ് ലിംകള്‍ മറുപടി പറയണമെന്നും നിലപാടെടുക്കണമെന്നും അവ അപ്പപ്പോള്‍ തള്ളിപ്പറയണമെന്നും കരുതുന്നു.

ന്യൂനപക്ഷസമുദായക്കാര്‍ക്ക് ദേശസ്‌നേഹം തെളിയിക്കണമെങ്കില്‍ അവര്‍ സ്വന്തം സമുദായത്തിലെ ‘തീവ്രവാദി’കളെ ചൂണ്ടിക്കാട്ടിക്കൊടുക്കണമെന്നാണ് മതേതരസമൂഹം വിശ്വസിക്കുന്നത്-കൂട്ടായ ബാധ്യതയെന്ന സങ്കല്‍പ്പത്തിന്റെ പരിണതിയാണ് ഇത്. മുസ്‌ലിംകള്‍ക്കുള്ളിലെ ‘തീവ്രവാദി’കളെ നിരന്തരം തള്ളിപ്പറയണം. അത് രാഷ്ട്രീയവും മതപരവുമായ ബാധ്യതയാണ്. തീവ്രവാദിപ്പട്ടമാകട്ടെ നിരന്തരം പുനര്‍നിര്‍വചിക്കപ്പെടുന്ന സങ്കല്‍പ്പമാണ്. ഇന്ന് തീവ്രവാദപ്പട്ടം ലഭിക്കാത്തവര്‍ക്ക് നാളെ അത് ലഭിച്ചേക്കാം.

കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നതിനിടയില്‍ 2008 ഓക്ടോബര്‍ 7ന് മലയാളിയടക്കം നാല് ‘ഭീകരര്‍’ പോലിസിന്റെ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത പോലിസ് പുറത്തുവിട്ടു. കേരളത്തില്‍ ആ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. ‘ഭീകരര്‍’ക്കെതിരേ പൊതുസമൂഹം സടകുടഞ്ഞെഴുന്നേറ്റു. പോലിസ് റിപോര്‍ട്ടനുസരിച്ച് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയായ ഫയാസാണ്. രാജ്യദ്രോഹിയായ തന്റെ മകന്റെ മൃതദേഹം കാണേണ്ടെന്ന് ഉമ്മ സഫിയ നിലപാടെടുത്തു. ഇത് ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധപിടിച്ചുപറ്റി. അത് വലിയ തോതില്‍ പ്രശംസിക്കപ്പെടുകയും മറ്റ് മുസ്‌ലിംകള്‍ക്ക് പാഠവും മാതൃകയുമാണെന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മ സ്വന്തമായി നിലപാടെടുത്തതല്ലെന്നും പല സംഘടനകളും പാര്‍ട്ടിക്കാരായ ബന്ധുക്കളും അവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പിന്നീട് തെളിഞ്ഞു. സഫിയ ഇന്നുവരെ മകന്റെ മയ്യിത്ത് കണ്ടിട്ടില്ല, മരണപ്പെട്ടുകിടക്കുന്ന ചിത്രം പോലും കണ്ടില്ല, മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടിപ്പോലും അവര്‍ക്ക് അധികാരികളുടെ പിറകെ നടക്കേണ്ടിവന്നു. അവര്‍ പറയുന്നു: ”മകന്റെ മരണത്തില്‍ വേദനയേക്കാള്‍ എനിക്കു പേടിയാണുണ്ടായത്. രാജ്യദ്രോഹീന്റെ ഉമ്മാന്ന് കേള്‍ക്കുന്നത് വലിയ സങ്കടല്ലേ? നാട്ടുകാരും ടി.വിക്കാരും പത്രക്കാരുമൊക്കെ തീവ്രവാദിയുടെ ഉമ്മയെ കാണാനെത്തി. മകന്റെ മയ്യിത്ത് കാണണോയെന്നായി ചോദ്യം. പേടിക്കേണ്ടെന്നും എല്ലാ സഹായവും ചെയ്യാമെന്നും പോലിസ് പറഞ്ഞു. എന്നാലും എന്റെ മകന്റെ മയ്യിത്ത് കണ്ട് നാട്ടിലെ മുസ്ലിംകള്‍ക്കൊരു അപകടോം ഉണ്ടാവരുതെന്ന് എനിക്കു തോന്നി. ശരിയാണ്; രാജ്യദ്രോഹിയാണെങ്കില്‍ മകന്റെ മയ്യിത്ത് കാണേണ്ടെന്ന് ഞാന്‍ നെഞ്ചുപൊട്ടി പറഞ്ഞു. പിന്നെ അതായി വാര്‍ത്ത.” പിന്നീടിവിടെ നടന്നതെന്താണ്? എന്റെ വലിയ ഫോട്ടോ നാടായ നാടാകെ ഒട്ടിച്ചു. ‘ഇതു തീവ്രവാദികളുടെ നാടല്ല. രാജ്യദ്രോഹിയായ മകനെ കാണേണ്ടന്നു പറഞ്ഞ ഉമ്മയുടെ നാടാണിത്’ ഇങ്ങനെ ഓരോ വാചകങ്ങള്‍ തിരഞ്ഞെടുപ്പിന്റെ സമയത്തൊക്കെ എഴുതിവച്ചു. ഈ തീവ്രവാദിയെന്നു പറഞ്ഞാല്‍ എന്താണെന്ന് ഇതുവരെ എനിക്ക് അറിയില്ല- സഫിയ ഉമ്മ നെഞ്ചില്‍ കൈവച്ചു പറയുന്നു. ( ഒരു ഉമ്മയുടെ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍, സബ്‌ന സിയാദ്, തേജസ് ആഴ്ചവട്ടം, മാര്‍ച്ച് 27, 2011)- ഒരു മുസ്‌ലിമില്‍നിന്ന് പൊതുസമൂഹം കേള്‍ക്കാനാഗ്രഹിക്കുന്നത് എന്താണെന്ന് ആ സംഭവം വെളിപ്പെടുത്തി.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരോട് ഏഷ്യാനെറ്റ് ചാനലിലെ ജിമ്മി ജെയിംസ് പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയുടെ ഭാഗമായി 2015 ഒക്ടോബര്‍ 19ന് ഒരു അഭിമുഖം നടത്തി. അതിലെ ഒരു ചോദ്യം ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെക്കുറിച്ചായിരുന്നു. കാന്തപുരം അതിനെ അപലപിച്ചപ്പോള്‍ അഭിമുഖകാരന്‍ ചോദിച്ചു, ‘ഈ അസഹിഷ്ണുത ഇന്ത്യയില്‍ മാത്രമല്ല, നിങ്ങളൊക്കെ ആവേശം കൊള്ളുന്ന സൗദി അറേബ്യയിലും അങ്ങനെയാണല്ലോ’യെന്ന്. തുടര്‍ന്ന് സൗദി അറേബ്യയിലെ വിവിധ കാര്യങ്ങള്‍ അദ്ദേഹം എടുത്തുചോദിച്ചു: നോമ്പിന്റെ സമയത്ത് ആ മതത്തില്‍പെടാത്ത ആളുകള്‍ക്കുപോലും ഭക്ഷണം കഴിക്കാനാവില്ല, പ്രശ്‌നമാണ്. ഹറാമായ പന്നിമാംസം കഴിച്ചാല്‍ പിന്നെ പറയേണ്ടല്ലോ. ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല പല രാജ്യങ്ങളും അസഹിഷ്ണുത പുലര്‍ത്തുന്ന രീതിയുണ്ട്. അത് അംഗീകരിക്കുന്നുണ്ടോ തുടങ്ങി ഉള്ളതും ഇല്ലാത്തതും കേട്ടുകേള്‍വിയുമൊക്കെ അദ്ദേഹം ആധികാരികമായി ഉന്നയിക്കുന്നു. മുസ് ലിം രാജ്യങ്ങളിലെ അസഹിഷ്ണുതയ്ക്ക് ഇന്ത്യന്‍ മുസ്‌ലിമായ കാന്തപുരം മറുപടി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുസ്‌ലിംരാഷ്ട്രങ്ങളിലെ ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ കാന്തപുരത്തിന്റെ നിലപാടെന്താണ്? ഇന്ത്യയില്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും ഹിന്ദുവിന് എതിരായ ഗോഹത്യപോലുളളവ പാടില്ലെന്നാണ് ആര്‍എസ്എസ് പുറയുന്നതെന്നും അതുവച്ചുകൊണ്ട് സൗദിയിലെ കാര്യങ്ങളില്‍ കാന്തപുരത്തിന്റെ വിശദീകരണമാണ് താന്‍ തേടുന്നതെന്നും അദ്ദേഹം തുടരുന്നു. അത്തരം കാര്യങ്ങള്‍ ആ രാജ്യത്തുള്ളവരല്ലെ തീരുമാനിക്കുമെന്ന് കാന്തപുരം മറുപടി പറഞ്ഞെങ്കിലും തന്റെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ലെന്ന് പറഞ്ഞ് അഭിമുഖകാരന്‍ വിരമിക്കുന്നു. ഒരു ഇന്ത്യക്കാരനായ മുസ്‌ലിം ഇതിനൊക്കെ മറുപടി പറയണമെന്നാണ് അഭിമുഖകാരന്റെ താല്‍പര്യം. ഇന്ത്യന്‍ മുസ്‌ലിമിന്റെ പലതരം ബാധ്യതകളിലൊന്നാണ് ഇത്. ഇത് പല രൂപത്തില്‍ പലതരത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു.

മുസ്‌ലിംകള്‍ അതിലെ എല്ലാ അവാന്തരവിഭാഗങ്ങളോടും നിലപാടെടുക്കണമെന്നും അത് പരസ്യപ്പെടുത്തണമെന്നതും സമാനമായ യുക്തിയില്‍നിന്ന് ഉയരുന്ന ആവശ്യമാണ്. മുന്‍ നക്‌സലൈറ്റായിരുന്ന ടി എന്‍ ജോയി മതംമാറി നജ്മല്‍ ബാബുവായപ്പോള്‍ അതേ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനും ഐടി ആക്റ്റിലെ ജനവിരുദ്ധവകുപ്പുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ പോരാടി ജയിച്ച അനൂപ് കുമാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍(ഏപ്രില്‍ 19, 2015) ഇങ്ങനെ പറയുന്നു: ‘അപരങ്ങളുമായി ഐക്യപ്പെടുന്ന വ്യക്തി അപരങ്ങളിലെ തീവ്ര-വര്‍ഗീയ ഗ്രൂപ്പുകളോട് എന്തുനിലപാട് സ്വീകരിക്കണം? അത്തരം തീവ്ര വര്‍ഗീയ നിലപാടുകളുള്ള ഗ്രൂപ്പുകളെ എങ്ങനെയാണ് നിര്‍വചിക്കാന്‍/വേര്‍തിരിക്കാന്‍ കഴിയുക? ജോയിയെ പോലെ ‘അചുംബിതമായ ധിഷണ’ യുടെ ഉടമയായ ഒരാള്‍ക്ക് നിലവിലുള്ള ഭൂരിപക്ഷ പൊതുബോധത്തെ നിരാകരിക്കാനും നിലനില്‍ക്കാനും കഴിയാതിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ ജോയി ചെയ്ത പരിവര്‍ത്തനത്തെ രാഷ്ട്രീയമായി ന്യായീകരിക്കുന്ന, മതേതരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് പരിവര്‍ത്തിക്കാതെ ഇനിമുതല്‍ ഇവിടെ ജീവിച്ചുപോകുക? ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കായി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ന്നുവരട്ടെ…’- പ്രമുഖര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഈ ചോദ്യം കേരളത്തില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈന്ദവവിശ്വാസം പ്രഖ്യാപിച്ച ഇതരമതസ്ഥര്‍ക്കെതിരേ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുകപതിവില്ല.

മ്യാന്‍മറിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. എന്നിട്ടും കേരളത്തില്‍ ചിലരെങ്കിലും ബുദ്ധമതം സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണം ചുള്ളിക്കാട്. എന്നിട്ടും ഈ ചോദ്യം ചുള്ളിക്കാടിന് ഇതുവരെയും നേരിടേണ്ടിവന്നില്ല. യേശുദാസ് തന്റെ ഹൈന്ദവവിശ്വാസതാല്‍പ്പര്യം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഹിന്ദുമതത്തിലെ ആചാരങ്ങളുടെ പേരിലോ ഹിന്ദുത്വത്തിന്റെ പേരിലോ അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. നാളെ അദ്ദേഹം ഹിന്ദുവായാലും ചോദ്യമുയരുകയില്ല. സായിഭക്തനായി മാറിയ ഫിലിപ്പന്‍ പ്രസാദും ഇത് നേരിട്ടിട്ടില്ല.

മുസ്‌ലിംകള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന വംശീയമായ ഇസ്‌ലാമോഫോബിക് യുക്തിയില്‍നിന്നാണ് ഇത്തരം ചോദ്യങ്ങളും വിശകലനങ്ങളും തീര്‍പ്പുകളും പുറത്തുവരുന്നത്. തീര്‍ച്ചയായും മുസ്‌ലിംകള്‍ക്കിടയില്‍ ആഗോളതലത്തില്‍ ഒരു സാഹോദര്യമുണ്ട്. അതൊരു യാഥാര്‍ത്ഥ്യവും അത്രതന്നെ യുക്തിപരവുമാണ്. അതേസമയം മുസ്‌ലിംകള്‍ക്കിടില്‍ നിരവധി വൈവിധ്യങ്ങളുമുണ്ട്. അവയെ നിഷേധിക്കുന്നത് വംശീയതയാണ്. വംശീയതയാണ് ഇസ്‌ലാമോഫോബിയയുടെ വലിയൊരു ഘടകം.

23. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുന്നത് ‘വര്‍ഗീയത’യാണ്, സാമുദായിക സംതുലനത്തെ തകര്‍ക്കും

മുസ്‌ലിംസമൂഹം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള സമൂഹങ്ങളിലൊന്നുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചു. മുസ്‌ലിംകളിലെ സാമൂഹികസാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു ഉദ്ദേശ്യം. രണ്ടാം യുപിഎ സര്‍ക്കാര്‍ സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചു. സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി ആരംഭിക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടുമെന്ന പോലെ കേരളത്തോടും നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 2010ല്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തില്‍ ന്യൂനപക്ഷവകുപ്പ് ആരംഭിച്ചു. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ ചെയര്‍മാനാക്കി എട്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. ആ സമിതിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയെ നിയോഗിക്കുമ്പോള്‍ സര്‍ക്കാരിന്റെ മനസ്സില്‍ എന്തായിരുന്നുവെന്ന് മുന്‍ ന്യൂനപക്ഷവകുപ്പ്് മന്ത്രി ഡോ. കെ ടി ജലീല്‍ തന്റെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ച ഘട്ടത്തില്‍ കേരളത്തിലെ മത സാമുദായിക ബന്ധങ്ങളുടെ ഊഷ്മളത തകരാതെ ഈ നിര്‍ദേശം എങ്ങനെ നടപ്പിലാക്കാം എന്നത് പഠിക്കുന്നതിനും റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് പാലോളി കമ്മിറ്റിയെ നിയമിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. (മുസ്‌ലിംകള്‍ ന്യൂനപക്ഷം മാത്രമല്ല പിന്നാക്കവുമാണ്?, ആ നിലയ്ക്കാണ് ആനുകൂല്യങ്ങള്‍: ഡോ. കെ.ടി. ജലീല്‍/ അലി ഹൈദര്‍, ട്രൂകോപ്പി തിങ് മെയ് 30, 2021).

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം സംസ്ഥാനത്തെ മതസാമുദായിക ബന്ധങ്ങളുടെ ഊഷ്മളത തകര്‍ക്കുമെന്ന് ഇടത്പക്ഷ സര്‍ക്കാര്‍ കരുതി. അതേ അഭിമുഖത്തില്‍ അദ്ദേഹം തുടരുന്നു: ”യഥാര്‍ത്ഥത്തില്‍ നൂറ് ശതമാനവും മുസ്‌ലിംകള്‍ക്ക് എന്ന നിലക്കാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. കാരണം സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പാലോളി കമ്മിറ്റി ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്ന് തെളിവെടുപ്പ് നടത്തിയിട്ടില്ലല്ലോ. മുസ്‌ലിം സംഘടനകളില്‍ നിന്ന് തെളിവെടുപ്പ് നടത്താനാണല്ലോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ മുസ്‌ലിം സമൂദായത്തിന്റെ സാമൂഹിക പശ്ചാത്തലം അധികരിച്ചായിരുന്നു ശുപാര്‍ശകള്‍. അങ്ങനെ നൂറ് ശതമാനവും മുസ്‌ലികള്‍ക്ക് നല്‍കേണ്ട, ക്രിസ്ത്യന്‍ വിഭാഗത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ നല്‍കാം എന്ന് അന്ന് തീരുമാനിച്ചു. സാമൂദായിക സൗഹൃദം കാത്തുസൂക്ഷിക്കുക എന്ന കാഴ്ചപ്പാടില്‍ എടുത്ത തീരുമാനമാണത്. 22.02.2011നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്”.

അതായത് മുസ്‌ലിംകള്‍ക്കു കൊടുക്കാന്‍ നീക്കവച്ച ആനുകൂല്യം സമുദായിക സംതുലനം നടപ്പാക്കാന്‍ മറ്റ് വിഭാഗങ്ങള്‍ക്കായി നീക്കിവച്ചു. നിര്‍ദേശപ്രകാരം സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളുടെ പേരില്‍നിന്ന് മുസ്‌ലിം എന്ന പേര് എടുത്തുമാറ്റി അവിടെ ന്യൂനപക്ഷമെന്നാക്കി മാറ്റി.

അതിനും മുമ്പ് 2012ല്‍ യുഡിഎഫ് അധികാരത്തിലിരിക്കുന്ന സമയത്താണ് മുസ് ലിംലീഗ് അഞ്ച് മന്ത്രിമാരെ വേണമെന്ന ആവശ്യം ഉന്നയിച്ചത്. അത് അക്കാലത്ത് വിവാദമാവുകയും പ്രതിപക്ഷം മാത്രമല്ല, യുഡിഎഫിലെത്തന്നെ വിലയൊരു വിഭാഗം അതിനെതിരേ രംഗത്തുവന്നു. ഈ ആവശ്യം സാമുദായിക സംതുലനം തകര്‍ക്കുമെന്നായിരുന്നു ഭരണപ്രതിപക്ഷകക്ഷികളുടെ വാദം.

ഇക്കാലത്ത് ആന്റണി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി മലബാര്‍ പ്രദേശത്ത് കൂടുതല്‍ സ്‌കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയെന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായിരുന്നു അത്. ഇതേ കുറിച്ച് വി ഡി സതീശന്‍ പറഞ്ഞത് മലബാര്‍ മേഖലയില്‍ 33 സ്‌കൂളുകള്‍ അനുവദിച്ചാല്‍ കേരളത്തിലെ മത സാമൂഹിക അന്തരീക്ഷം തകരുമെന്നാണ്. ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സാമൂഹ്യപശ്ചാത്തലം നോക്കണം. 33 സ്‌കൂള്‍ ഇപ്പോള്‍ത്തന്നെ കൊടുക്കണമെന്ന ധൃതിയെന്താണ്. ഭൂരിപക്ഷസമുദായത്തിന്റെ കണ്‍സോളിഡേഷന് ഇടവരുന്നതിന് ഇടയാക്കണോ എന്നദ്ദേഹം ചോദിച്ചു.(ഇന്ത്യവിഷന്‍വീഡിയോ രാജീവന്‍ ഇരിക്കുളച്ചിന്റെ ഫേസ്ബുക്ക്‌പോസ്റ്റില്‍നിന്ന് ). കേരളം ഭരിക്കുന്നത് മുസ് ലിംലീഗാണെന്നും കേരളത്തിന്റെ റവന്യുവിന്റെ 50 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് മുസ്‌ലിം മന്ത്രിമാരാണെന്നും സ്വന്തം മുന്നണിയിലുളളവര്‍തന്നെ ആരോപണമുന്നയിച്ച കാലമായിരുന്നു ഇത്.

24. മതേതരരെന്ന് നടിക്കും, മുസ്‌ലിംകള്‍ക്ക് ഇരട്ടമുഖമാണ്

മുസ്‌ലിംകളെയും ഇസ്‌ലാമിനെയും രണ്ടായി കാണണമെന്നും സംഘപരിവാര്‍ വേദിയിലിരുന്നല്ല ഇസ്‌ലാംവിമര്‍ശനം നടത്തേണ്ടതെന്നും ആക്ടിവിസ്റ്റും ഇസ്‌ലാം വിമര്‍ശകയുമായ ജസ്ല മാടശ്ശേരി ഒരിക്കല്‍ യുക്തിവാദികളെ വിമര്‍ശിച്ചു. യുക്തിവാദികളുടെ ഇത്തരം പ്രവണതകളെ വിമര്‍ശിച്ചതിന് തനിക്ക് ജിഹാദി ചാപ്പകിട്ടിയെന്ന് അവര്‍ പിന്നീട് പറഞ്ഞു. ഡൂള്‍ന്യൂസില്‍ അന്ന കീര്‍ത്തി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.(ഡൂള്‍ ന്യൂസ് മെയ് 18, 2022). മതവിമര്‍ശനം നടത്താന്‍ തന്റേതായ പ്ലാറ്റ്‌ഫോമുകളുണ്ട്. അതിന് സംഘപരിവാര്‍ വേദികളില്‍ പോയി പ്രസംഗിക്കേണ്ട കാര്യമില്ല. സെക്കുലര്‍ എന്ന് തോന്നുന്ന വേദികളില്‍ മാത്രമേ താന്‍ പോകാറുള്ളൂ. സംഘപരിവാറിന്റെ ടൂളായി യുക്തിവാദികള്‍ മാറരുതെന്ന് പറഞ്ഞപ്പോള്‍ ജിഹാദി, സുഡാപ്പി വിളികള്‍ കേള്‍ക്കേണ്ടിവന്നു. തിരിച്ചുമുണ്ടായെന്നും അവര്‍ പറഞ്ഞു. ‘മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും ഒരുപോലെ ശത്രുത പുലര്‍ത്തുന്ന രാഷ്ട്രീയസാഹചര്യം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. മുസ്‌ലിമിനെയും ഇസ് ലാമിനെയും രണ്ടായിട്ടാണ് കാണുന്നത്. ഇസ്‌ലാമാണ് തെറ്റ്, ഇസ്‌ലാമിനെ വിമര്‍ശിക്കാം മുസ്‌ലിമിനെ വിമര്‍ശിച്ചിട്ടെന്ത് കാര്യം. ഇസ്‌ലാംമതവിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുന്നുണ്ട്. അവര്‍ ഇസ്‌ലാമിനെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത് -ജസ്ലയുടെ വിമര്‍ശനം ഇതാണ്.
യുക്തിവാദികള്‍ക്കിടയിലുണ്ടെന്നു അവര്‍ കരുതുന്ന ഇസ്‌ലാമോഫോബിയക്കെതിരേ നിലാപടെടുത്തതാണ് അവര്‍ക്ക് വിനയായത്. ഈ വിമര്‍ശനം അവരുടെ മതേതരകൂറിനെ ചോദ്യം ചെയ്യാന്‍ ഇടയായി. അവരെ ജിഹാദിയായി പലരും ചിത്രീകരിച്ചു. മുസ് ലിംകളിലെ വൈവിദ്ധ്യത്തെ നിഷേധിക്കുകയും അവരുടെ പുറത്തുള്ള മുഖത്തിനുള്ളില്‍ മറ്റൊരു മുഖമുണ്ടെന്നും കരുതുന്നത് ഇന്ത്യന്‍ ഇസ് ലാമോഫോബിയയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

ഹിന്ദു ഐക്യവേദി, കേരളം എന്ന സംഘടന ‘രാമരാജ്യത്തിലെ താലിബാനിസ വിരുദ്ധതയുടെ കാണാപ്പുറങ്ങള്‍’ എന്ന പേരില്‍ 2022 മെയ് 24ന് മുവാറ്റുപഴയില്‍ വച്ച് നടത്തിയ സെമിനാറില്‍ സംഘപരിവാറിനെ വിമര്‍ശിച്ച ‘എക്സ് മുസ്ലിം’ നേതാവായ ആരിഫ് ഹുസൈന്‍ തെരുവത്തിനെ സംഘാടകര്‍ വിമര്‍ശിച്ചത് അദ്ദേഹത്തില്‍നിന്ന് താലിബാനിസം ഒഴിഞ്ഞുപോയിട്ടില്ലെന്നാണ്(ഇക്കാര്യം നാം വാക്കുകള്‍ എന്ന അധ്യായത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു).

‘ക്രിസ്ത്യന്‍ വിരുദ്ധ സിനിമകള്‍ നിര്‍മിക്കാന്‍ ബാദുഷാമാര്‍ക്ക് പണം നല്‍കി സഹായിക്കുന്നത് താരരാജാവ് അവസാനിപ്പിക്കണം’- 2022ല്‍ ഇറങ്ങിയ മമ്മുട്ടിയുടെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ഭീഷ്മപര്‍വം എന്ന ചിത്രത്തെക്കുറിച്ച് കാസ എന്ന കുപ്രസിദ്ധ ഗ്രൂപ്പില്‍വന്ന പോസ്റ്റാണ്(മാര്‍ച്ച് 12, 2022)ഇത്. ഈ സിനിമയുടെ സംവിധായകന്‍ ഹിന്ദുവാണ്. മമ്മുട്ടി മുസ്‌ലിമും.

ഈ പോസ്റ്റില്‍ ജോസഫ് ജോര്‍ജ് എന്നയാള്‍ എഴുതിയ കമന്റ് ഇങ്ങനെ: ‘മമ്മൂട്ടിയുടേത് കപട മതേതരമുഖം. മമ്മൂട്ടിയുടെ സിനിമകള്‍ നിഷ്പക്ഷമല്ല. അതില്‍ പലപ്പോഴും രാഷ്ട്രീയചായ്‌വുണ്ട്. മമ്മൂട്ടി ക്രൈസ്തവരെ സിനിമകളിലൂടെ സമര്‍ത്ഥമായി പറ്റിക്കുകയാണോ? ഇന്നേവരെ സിനിമയിലോ അല്ലാതെയോ സ്വന്തം സമുദായത്തെ വിമര്‍ശിക്കുന്നതോ അപമാനിക്കുന്നതോ ഞാന്‍ കണ്ടില്ല. പക്ഷേ, ചില സിനിമകളില്‍ ക്രൈസ്തവരെയോ വിശ്വാസത്തെയോ ക്രൈസ്തവ പ്രസ്ഥാനങ്ങളെയോ താറടിച്ച് കാണിക്കുന്നുണ്ട്. ഉദാഹരണങ്ങള്‍ നിരവധിയാണ്്(പ്രധാനപ്പെട്ട അവഹേളന സിനിമകള്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,കടല്‍ കടന്നൊരു മാത്തുകുട്ടി, അബ്രഹാമിന്റെ സന്തതികള്‍, നസ്രാണി തുടങ്ങിയവ). ഈ സിനിമയിലെ ക്രൈസ്തവ വിരുദ്ധതയ്ക്ക് മമ്മൂട്ടികൂടി പങ്കാളിയാണോ എന്നത് പ്രസക്തമായ ചോദ്യം. ഏതായാലും ഈ സിനിമ ഞാന്‍ കാണില്ല’- കേരളത്തില്‍ മതപരതയെ പലതലത്തില്‍ വിമര്‍ശിക്കുന്ന മമ്മുട്ടി കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ്. പക്ഷേ, അതൊന്നും ഈ ആരോപണത്തില്‍നിന്ന് മുസ്‌ലിമായ മമ്മുട്ടിക്ക് രക്ഷയാവില്ല.മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ഭീകരവാദ സംഘടനകളുടെ പിതാവെന്നാണ് 2022 ഏപ്രില്‍ 27 മുതല്‍ മേയ് 1 വരെ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ മുന്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.

ജമാഅത്തെ ഇസ് ലാമിയെയും മാധ്യമം പത്രത്തെയും കുറിച്ച് എളമരം കരീം ജമാഅത്തെ ഇസ് ലാമിയുടെ മതരാഷ്ട്രീം-എന്ന ദേശാഭിമാനി ലേഖനത്തില്‍(മെയ് 17, 2021) എഴുതുന്നതുനോക്കു: ”കേരളത്തിലെ മുസ് ലിംകളില്‍ നന്നെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ജമാഅത്തെ ഇസ്‌ലാമിക്ക് ഉള്ളൂ. മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്നതില്‍ അംഗബലത്തിലും കര്‍മബലത്തിനും ശക്തമായ മറ്റു സാന്നിധ്യങ്ങള്‍ നിലവിലുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു പൊതുവേദി പ്രച്ഛന്ന വേഷങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി ആര്‍ജിച്ചിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രച്ഛന്നവേഷങ്ങള്‍ ഇല്ല. മാധ്യമം ദിനപത്രം, വാരിക, മീഡിയ വണ്‍ ചാനല്‍ എന്നിവ പ്രച്ഛന്ന രൂപങ്ങളായിരുന്നു. അതേസമയം തങ്ങളുടെ ആശയാടിത്തറ വിശദീകരിക്കാന്‍ ‘പ്രബോധനം’ നിലനിര്‍ത്തി. ഭൂസമരങ്ങളിലേക്കും ദലത് മുന്നേറ്റ സമരങ്ങളിലേക്കും പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമിക്ക് വഴിവെട്ടിയത് മേല്‍പ്പറഞ്ഞ മാധ്യമങ്ങളാണ്” ഇരട്ടമുഖങ്ങളെക്കുറിച്ചുള്ള മതേതര ആശങ്കയാണ് സിപിഎം നേതാവായ എളമരം കരീമിന്റെ വാക്കുകളിലുള്ളത്. മുസ്‌ലിംകള്‍ക്ക് ഇരട്ടമുഖമാണെന്ന് വിശ്വസിക്കുന്ന നിരവധി പേരെ പലയിടങ്ങളിലും നമുക്ക് കണ്ടെത്താനാവും. പരസ്യമായും രഹസ്യമായും അതാവര്‍ത്തിക്കപ്പെടുന്നു.

25. മുസ്‌ലിംകള്‍ അതിവൈകാരികതയുള്ളവരും അമിത ലൈംഗികതയുള്ളവരുമാണ്

മുസ്‌ലിംകളുടെ അതിവൈകാരികതയും പൊട്ടിത്തെറിയുണ്ടാക്കുന്ന സ്വഭാവും കുപ്രസിദ്ധമാണെന്ന് കരുതപ്പെടുന്നു. അനീതിയോടുള്ള വെറുപ്പും അടിമത്തത്തോടുള്ള നീക്കുപോക്കില്ലാത്ത സന്ധിയില്ലായ്മയും മുസ്‌ലിംസമൂഹത്തിന്റെ മുഖമുദ്രയായിരുന്നിട്ടുണ്ട്. പക്ഷേ, മുസ്‌ലിംകളെ അതിവൈകാരികതയുള്ള വിഭാഗമായി അവതരിപ്പിക്കുന്നതിനു പിന്നില്‍ മറ്റ് കാരണങ്ങളായിരിക്കണം ഉള്ളത്. അതിവൈകാരികതയെ ബുദ്ധിയില്ലായ്മയുടെ ലക്ഷണമായാണ് പൊതുസമൂഹം കണക്കാക്കുന്നത്. പ്രശ്‌നങ്ങളോട് യുക്തിരഹിതമായി ഇടപെടുന്നതിനെയാണ് അതിവൈകാരികതയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

2011ല്‍ പുറത്തിറങ്ങിയ രാജേഷ് പിള്ളിയുടെ ട്രാഫിക് എന്ന സിനിമയില്‍ വാഹനം കടന്നുപോകേണ്ട മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ അതീവ സെന്‍സറ്റീവായ മേഖലയെന്നാണ് വിശേഷിപ്പിക്കുന്നത്. കലാപങ്ങള്‍ വിഷയമായ മിക്കവാറും മലയാളസിനിമകള്‍ ഈ ഇമേജ് വലിയ തോതില്‍ പ്രസരിപ്പിച്ചിട്ടുണ്ട്. അതിവൈകാരികതയെ പിടിച്ചുനിര്‍ത്താന്‍ തോക്കുകള്‍ അനിവാര്യമെന്ന് കരുതുന്നു. കാരണം തോക്കിന്റെ ഭാഷമാത്രമാണ് അവര്‍ക്ക് മനസ്സിലാവുന്നത്.

ഒരു ദിവസം കൊണ്ട് 54-ഉം ഒരാഴ്ചക്കിടെ നൂറും കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 2020 ജൂലൈയില്‍ പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ പൂര്‍ണമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രദേശത്തേക്കുള്ള 16 വഴികള്‍ അടച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു പിന്നാലെ തീരദേശമേഖലയായ പ്രദേശത്ത് സര്‍ക്കാര്‍ സായുധ കമാന്‍ഡോകളെ ഇറക്കി റൂട്ട് മാര്‍ച്ച് നടത്തി. ഇത് വ്യാപകമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ക്ലസ്റ്റര്‍ വ്യാപനം പൂന്തുറയിലാണെന്നും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കമാന്‍ഡോകളെ ഇറക്കിയതെന്നും ആ സമയത്തെ സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ 2020 ജൂണ്‍ എട്ടിന് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിനു കീഴില്‍ അരുണ്‍ മംഗലത്ത് എന്നയാള്‍: ‘വാട്ടീസ് ഈസ് ദ പോസിന്റ് ഓഫ് ഗണ്‍? തോക്ക് ഒഴിവാക്കാമായിരുന്നു. തോക്ക് ആളുകള്‍ക്കെതിരെയുള്ളതാണ്. കോവിഡിനെതിരെയല്ല’ എന്ന് കമന്റ് ചെയ്തു. ഡോ. മുഹമ്മദ് അഷീലിന്റെ മറുപടി ഇങ്ങനെയായിരുന്നു: തോക്കുകളേന്തിക്കൊണ്ടുള്ള റൂട്ട് മാര്‍ച്ച് ഒരു സന്ദേശം നല്‍കാനാണ്. പൂന്തുറ പ്രദേശത്തെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമാണ്. അവിടെയുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് തീരെ സഹകരിക്കുന്നവരല്ല’.

എന്നാല്‍ 2021 ഏപ്രില്‍ 18ന് ഇതേ ഡോ. അഷീല്‍ ഫേസ്ബുക്കിലൂടെ തൃശൂരിലെ ജനതയോട് പൂരാഘോഷങ്ങള്‍ കുറയ്ക്കണമെന്നുള്ള ആവശ്യം ഉയര്‍ത്തിയത് തികച്ചും മറ്റൊരു ഭാഷയിലായിരുന്നു. ‘തൃശ്ശൂര്‍ക്കാരെ… ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്’എന്നു തുടങ്ങുന്ന പോസ്റ്റില്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ അതിന് തന്റെ മുസ് ലിംപേര് തടസ്സമാണെന്ന് അറിയാമെന്ന നിസ്സഹായവസ്ഥയും ചൂണ്ടിക്കാട്ടിയിരുന്നു. (ഏപ്രില്‍ 19, 2021, മീഡിയാവണ്‍ഓണ്‍ലൈന്‍). ഈ അഭ്യര്‍ത്ഥന നടത്തുമ്പോള്‍ തൃശൂരിലെ കൊവിഡ് തോത് 1780ആയിരുന്നു!
അതായത് മുസ്‌ലിംസമൂഹത്തെ കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലെന്നും അവര്‍ അതിവൈകാരികതയുള്ളവരാണെന്നുമുള്ള ഇസ്‌ലാമോഫോബിയയുടെ യുക്തി പങ്കുവയ്ക്കുകയാണ് അഷീലും ചെയ്തതത്.

ഇതോടൊപ്പം മുസ്‌ലിംസമുഹം കേരളീയ സമൂഹത്തില്‍ അമിത ലൈംഗികതാല്‍പര്യമുളള പുരുഷസമൂഹമായാണ് ചിത്രീകരിക്കപ്പെടുന്നത്. മുന്‍കാലങ്ങളില്‍ മുസ് ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബഹുഭാര്യാത്വം അമിത ലൈംഗികതയുടെ പ്രകടനമായാണ് വിശേഷിപ്പിക്കുക പതിവ്. മുസ്‌ലിം പുരോഹിതരെ സ്വവര്‍ഗഭോഗികളായി ആക്ഷേപിക്കുന്ന നിരവധി പ്രതികരണങ്ങള്‍ ഒളിഞ്ഞു തെളിഞ്ഞും കേള്‍ക്കാറുണ്ട്. തെളിവുകള്‍ ആവശ്യമില്ലാത്തിടത്തോളം അത് വ്യാപകമാണ്. അതേസമയം മുസ്‌ലിം സ്ത്രീയെ അമിത ലൈംഗികതയുടെ ഇരയായി ചിത്രീകരിക്കുന്ന ശൈലിയുമുണ്ട്. അതുവഴി മുസ്‌ലിംപുരുഷനില്‍നിന്ന് രക്ഷിക്കപ്പെടേണ്ടയാളായി സ്ത്രീയെ ആവിഷ്‌കരിക്കാന്‍ കഴിയുന്നു. മുസ്‌ലിംകളിലെ പല ജീവിതശൈലിയെയും അമിത ലൈംഗികതയുടെ പദാവലികളാല്‍ ആവിഷ്‌കരിക്കുന്നതില്‍ മലയാളികള്‍ തല്‍പരരാണ്. ഒരുതരം വംശീയതതന്നെ ഇക്കാര്യത്തില്‍ മലയാളികള്‍ പുലര്‍ത്തുന്നു.

2022 ഏപ്രിലില്‍ തിരുവനന്തപുരത്തു നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന ആരോപണങ്ങളിലൊന്ന് മുസ്‌ലിംപുരുഷന്മാര്‍ ഭക്ഷണത്തിലും മറ്റും ചില മരുന്നുകള്‍ നല്‍കി ഇതരമതസ്ഥരായ സ്ത്രീകളില്‍ കാമാവേശമുണ്ടാക്കി അവരോടൊപ്പം ഓടിപ്പോകാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ്. ഫുഡ് ആപ്പുകളില്‍ ജോലി ചെയ്യുന്ന മുസ്‌ലിംകള്‍ക്കെതിരേയായിരുന്നു പരാമര്‍ശം. പി സി ജോര്‍ജ് ആകട്ടെ ഒരു വെളുത്ത പൊടിവഴി ഹിന്ദുക്കളെയും ക്രൈസ്തവരെയും വന്ധ്യംകരിക്കുന്നുവെന്ന് ആരോപിച്ചു. പരസ്പര വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ഒരുപോലെ സാധുതനല്‍കുന്ന ഇടമാണ് ഇസ്‌ലാമോഫോബിയ.

മുസ്‌ലിംകള്‍ക്കെതിരേ കാലാകാലങ്ങളായി പറഞ്ഞുവരുന്ന മറ്റൊരു ആരോപണമാണ് നാലുകെട്ടുന്നവരാണെന്നത്. സാഹിത്യത്തിലൂടെയും സിനിമകളിലൂടെയും ഇത് നിരന്തരം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നാല് കെട്ടുന്നതും അമിത ലൈംഗികതയും തമ്മിലും ബന്ധിപ്പിച്ചിട്ടുമുണ്ട്. തീര്‍ച്ചയായും ഒന്നില്‍ക്കൂടുതല്‍ കെട്ടുനടത്തിയവര്‍ മുസ്‌ലിംസമൂഹത്തിലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വ്യാപകമായ നല്‌കെട്ട് ആരോപണം നടത്തുന്നത്. അതിന് തെളിവായി മതവിധിയും ചൂണ്ടിക്കാട്ടുന്നു. അതേസമയം മുസ്‌ലിംകളൊഴിച്ചുള്ള മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് മതക്കാരും ഒന്നില്‍കൂടുതല്‍ വിവാഹം കഴിക്കുന്നതില്‍ ഏറെ പിന്നിലല്ല.

2022ല്‍ പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ റിപോര്‍ട്ടനുസരിച്ച് ബഹുഭാര്യത്വം എല്ലാ വിഭാഗങ്ങള്‍ക്കിടയിലും നിലവിലുണ്ട്. 2019-20ലെ ഡാറ്റയനുസരിച്ച് മുസ് ലിംകള്‍ക്കിടയില്‍ ബഹുഭാര്യാത്വം 1.9ശതമാനവും ഹിന്ദുക്കള്‍ക്കിടയില്‍ 1.3ശതമാനവുമാണ്. ദരിദ്രര്‍ക്കും വിദ്യാഭ്യാസമില്ലാത്തവര്‍ക്കുമിടയിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ദേശീയ തലത്തില്‍ നോക്കിയാല്‍ മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം മറ്റുള്ളവരേക്കാള്‍ നാമമാത്രമായി കൂടുതലാണ്. ഛത്തിസ്ഗഢ്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ് ലിംകളേക്കാള്‍ ഹിന്ദുക്കള്‍ക്കിടയിലാണ് ബഹുഭാര്യാത്വം കൂടുതലുള്ളത്. ആദിവാസികള്‍ക്കിടയില്‍ ബഹുഭാര്യാത്വം മുസ്‌ലിംകളേക്കാള്‍ കൂടുതലാണ്. വസ്തുത ഇങ്ങനെയായിരിക്കെ ശരിഅത്തിനെതിരേയുളള നിലപാട് കൂര്‍പ്പിക്കുന്നതിനുവേണ്ടി മാത്രം നാല് കെട്ടുന്ന മുസ്‌ലിംകളുടെ കഥ വ്യാപകമായി ആവര്‍ത്തിക്കുന്നതുകാണാം.

26. മുസ്‌ലിംകള്‍ സ്ത്രീകളെ പള്ളിയില്‍ കയറ്റുന്നില്ല

മുസ്‌ലിംസ്ത്രീകളുടെ പള്ളിപ്രവേശം മുസ്‌ലിംകള്‍ക്കെതിരേയുള്ള വലിയൊരു ആരോപണകേന്ദ്രമാണ്. പള്ളിപ്രവേശത്തിനുവേണ്ടി സമരങ്ങളും നടക്കുന്നു. പള്ളിപ്രവേശത്തിന്റെ സ്വഭാവം വലിയൊരു ശതമാനത്തോളം മുസ്‌ലിംരീതിയേക്കാള്‍ ഇന്ത്യന്‍ രീതിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മുസ്‌ലിംകളുടെ പല കാര്യങ്ങളിലും ഇത് കാണാം. ലോകത്തിന്റെ പല പ്രദേശങ്ങളിലും മുസ്‌ലിംകള്‍ക്കിടയില്‍ കാണുന്ന മെച്ചപ്പെട്ട പലതും ഇന്ത്യന്‍ മുസ്‌ലിംകളില്‍ കാണാറില്ല. ഇന്ത്യന്‍ ആചാരങ്ങള്‍ ആന്തരവല്‍ക്കരിച്ച് രൂപപ്പെടുന്ന പെരുമാറ്റരീതിയാണ് ഇതില്‍ ഏറെയും. ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ മഹര്‍ നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ സ്ത്രീധനത്തിനാണ് പ്രാധാന്യം. മഹര്‍ ഇവിടെ നാമമാത്രവും അനുഷ്ഠാനപരവുമാണ്. ഇതുപോലുള്ള ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.
മുസ്‌ലിംസമൂഹത്തിന്റെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമായ മക്കയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. മറിച്ച് വിലക്ക് ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ്. അതേസമയം സത്രീകളെ പ്രവേശിപ്പിക്കുന്ന പള്ളികളും ഇന്ത്യയിലുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ആരാധനാലയങ്ങളില്‍നിന്ന് സത്രീകളെ പലതരത്തില്‍ ഒഴിച്ചുനിര്‍ത്തുന്നവയാണ്. ശബരിമല സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ക്ഷേത്രങ്ങളിലെ മൂലസ്ഥാനങ്ങളില്‍ സ്ത്രീകളെയെന്നല്ല, ബ്രാഹ്‌മണേതര പുരുഷന്മാര്‍ക്കുതന്നെ പ്രവേശനം നല്‍കുന്നില്ല. ക്രൈസ്തവരില്‍ പളളികളില്‍ കൂദാശ നടത്താന്‍ പുരുഷന്മാരെ മാത്രമേ അനുവദിക്കൂ. ഇതൊക്കെയുണ്ടെങ്കിലും മുസ് ലിംകളുടെ പള്ളിപ്രവേശനനിരോധനം മാത്രം പ്രശ്‌നവല്‍ക്കരിക്കുന്നതിനുപിന്നില്‍ ഇസ്‌ലാമോഫോബിയയുടെ യുക്തിയാണ് ഉള്ളത്.

27. മുസ്‌ലിം സ്്ത്രീകള്‍ ദുര്‍ബലരാണ്, മുസ്‌ലിം പുരുഷന്റെ ഇരയാണ്

മുസ്‌ലിംസ്ത്രീ, മുസ്‌ലിംപുരുഷന്റെ അടിമയും ഇരയുമാണെന്നാണ് പൊതുബോധം. മുസ്‌ലിംസ്ത്രീയ്ക്ക് സ്വന്തമായ അസ്തിത്വമില്ലെന്നതാണ് ഇതിന്റെ പിന്നിലുള്ള നിഗമനം. പര്‍ദ്ദയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഇതു കാണാം. മുസ്‌ലിംസ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനുപിന്നില്‍ മുസ്‌ലിംപുരുഷനാണെന്നും അത് അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നുമാണ് കരുതുന്നു. മുസ്‌ലിംസ്ത്രീയ്ക്ക് കര്‍തൃത്വപദവിയില്ലെന്നും തിരഞ്ഞെടുക്കാനുള്ള അധികാരമില്ലെന്നും വാദിക്കപ്പെടുന്നു.

ഒരു സ്ത്രീ പര്‍ദ്ദ തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ സ്വത്വപരവും മതാത്മകവും സാമ്പത്തികവും കാമനാപരവുമായ നിരവധി കാരണങ്ങളുണ്ട്. സ്വത്വപരമായ കാരണങ്ങളാല്‍ പര്‍ദ്ദ ധരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിവരികയാണ്. ഒപ്പം സാമ്പത്തികവും സൗകര്യത്തെച്ചൊല്ലിയും പര്‍ദ്ദ ധരിക്കുന്നവരുണ്ട്. കുടുംബത്തിന്റെ നിര്‍ബന്ധംകൊണ്ട് പര്‍ദ്ദ ധരിക്കുന്നവരും ഉണ്ടായിരിക്കാം. ക്ലാസ്‌മേറ്റ് സിനിമ വന്ന സമയത്ത് പര്‍ദ്ദ ധരിക്കുന്നത് ഒരുതരം ഫാഷനായി മാറിയെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പര്‍ദ്ദ പ്രതിരോധത്തിന്റെ വസ്്ത്രമെന്ന നിലയിലും നിലകൊണ്ടിട്ടുണ്ട്.

ഇതൊക്കെ നിഷേധിച്ച് എല്ലാ കുറ്റവും മുസ്‌ലിംപുരുഷനില്‍ ആരോപിക്കുന്നവരാണ് മുസ്‌ലിം സ്ത്രീയെ ഇരമാത്രമായി കാണുന്നവര്‍. മുസ്‌ലിംസ്ത്രീയോടുള്ള അനുഭാവമായാണ് ഈ വാദഗതി ഉന്നയിക്കപ്പെടുന്നത്. മുസ്‌ലിംസ്്ത്രീ മുസ്‌ലിംപുരുഷന്മാരാല്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന ‘യാഥാര്‍ഥ്യ’ത്തെ കൂടുതല്‍ ശക്തമായി എടുത്തുകാട്ടാന്‍ ഇതുപയോഗപ്പെടും. മുസ്‌ലിംകളെ അപരിഷ്‌കൃതരുടെ ഒരു കൂട്ടമായി ചിത്രീകരിക്കാനും ഇത് ഉപകരിക്കും.
ഇത്തരമൊരു ജാഗ്രത ഹിന്ദുസ്ത്രീയുടെ കാര്യത്തില്‍ സമൂഹം എടുക്കാറില്ല, ഹിന്ദുപുരുഷനെ അത്രമേല്‍ പുറത്തുനിര്‍ത്താറുമില്ല. മുസ്‌ലിം സ്്ത്രീകള്‍ യാഥാസ്ഥിതികരാണെന്ന പൊതുബോധവും വ്യാപകമായുണ്ട്. മുസ്‌ലിസ്ത്രീയെ ദുര്‍ബലരെന്ന് വിലയിരുത്തുന്നവര്‍തന്നെയാണ് ഇതും ചെയ്യുന്നത്.

28. ന്യൂനപക്ഷങ്ങള്‍ ഹിന്ദുവിന്റെ സമ്പത്ത് തട്ടിയെടുക്കുന്നു

കേളത്തിലെ ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളുടെ സമ്പത്ത് തട്ടിയെടുക്കുന്നുവെന്നത് നിരവധി തവണ ആവര്‍ത്തിച്ച നുണയാണ്. മുസ്‌ലിംകള്‍ സമ്പന്നരും ഹിന്ദുക്കള്‍ ദരിദ്രരും എന്നാണ് സങ്കല്‍പ്പം. മുസ്‌ലിംകളില്‍ ചെറിയൊരുശതമാനം ധനികരെ ചൂണ്ടിക്കാട്ടിയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഈ വാദത്തിന് സര്‍ സിപിയുടെ കാലംവരെ പഴക്കമുണ്ട്. വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ ഐക്യപ്പെട്ട് പോരാട്ടം തുടങ്ങിയപ്പോഴാണ് ഈ മിത്ത് പ്രചരിപ്പിക്കപ്പെട്ടത്. പിന്നീടും ഇത് തുടര്‍ന്നു. നഗരങ്ങളിലെ കണ്ണായപ്രദേശങ്ങള്‍ പിടിച്ചടക്കിയ ന്യൂനപക്ഷങ്ങളും താക്കോല്‍സ്ഥാനത്ത് കയറിയിരുന്ന് ഹിന്ദുക്കളെ ഒതുത്തുന്ന മുസ്‌ലിം ഉദ്യോഗസ്ഥരുമൊക്കെ ഇത്തരക്കാരുടെ പ്രചരണത്തിലെ സ്ഥിരം ചേരുവകളാണ്. ഇത് മുസ്‌ലിംള്‍ക്കെതിരേ മാത്രമല്ല, ക്രൈസ്തവര്‍ക്കതിരേയും പറയാറുണ്ട്. മുസ് ലിംകള്‍ക്കെതിരേയാണ് കൂടുതല്‍ ശക്തം. ഈ പ്രമേയം നിരവധി സിനിമകളിലൂടെ ആവര്‍ത്തിക്കപ്പെടുകയും പൊതുബോധത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

എസ്എന്‍ഡിപി നേതാവായ വെള്ളാപ്പിള്ളി നടേശന്‍ 2022 മെയ് 16ന് യോഗനാദത്തിന് എഴുതിയ എഡിറ്റോറിയല്‍ കേരളകൗമുദി പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അദ്ദേഹം ഇത്തരം വാദങ്ങള്‍ അക്കമിട്ട് നിരത്തി. അദ്ദേഹമെഴുതുന്നു: ”മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞ് നോക്കുമ്പോള്‍ ഭൂരിപക്ഷങ്ങളുടെ ചെലവില്‍ ന്യൂനപക്ഷങ്ങള്‍ കൈവരിച്ച സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസനേട്ടങ്ങള്‍ അനീതിയുടെയും വിവേചനങ്ങളുടെയും നേര്‍ക്കാഴ്ചയാകുന്നു… രാഷ്ട്രീയാധികാരവും ഭരണാധികാരവും സമ്പത്തും കൈയൂക്കും കൊണ്ട് മദിക്കുകയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അവര്‍ ബഹുദൂരം മുന്നിലാണ്. ഭൂസ്വത്തില്‍ ഏറിയപങ്കും അവരുടെ കൈവശമാണ്. അധികാര രാഷ്ട്രീയം അവരുടെ നിയന്ത്രണത്തിലാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗങ്ങളില്‍ ഏതാണ്ട് മുഴുവനും അവരുടെ നിയന്ത്രണത്തിലാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഏതാണ്ട് 80 ശതമാനവും പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യം പറ്റുന്നവരാണെന്ന വസ്തുതയുമുണ്ട്. ഇതിലൂടെ തൊഴില്‍, വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങളും അവര്‍ അനുഭവിക്കുന്നു. ന്യൂനപക്ഷങ്ങളില്‍ ജാതിസര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം പോലും അവരിലെ പുരോഹിത നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിലെ മുസ്‌ളീങ്ങള്‍ക്ക് ന്യൂനപക്ഷപദവിക്കൊപ്പം പട്ടികവര്‍ഗ പദവിയുമുണ്ട്. ഒരേസമയം സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍നിന്നും ലഭിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യങ്ങളും സ്വന്തമാക്കുന്നതിലൂടെ ഭൂരിപക്ഷത്തിന്റെ അവസരങ്ങളും അന്യായമായി കവര്‍ന്നെടുക്കുകയാണ്”.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരേ പൊതുവെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനമെങ്കിലും വിമര്‍ശനത്തിന്റെ ഫോക്കസ്സില്‍ മുസ്‌ലിംകളാണ് ഉള്ളത്. ഒരു അവര്‍ണ സമുദായാംഗമായിട്ടും അദ്ദേഹം ഹിന്ദുത്വത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. പത്രം, സിനിമ, മിമിക്രിയും സ്‌കിറ്റും പോലുള്ള കലാസൃഷ്ടികള്‍ തുടങ്ങിയവ ഇവയ്ക്ക് വേണ്ടുവോളം പ്രചാരം നല്‍കുന്നു.

ഹജ്ജ് സബ്‌സിഡി, ക്ഷേമപെന്‍ഷന്‍, ദേവസ്വംബോര്‍ഡിലൂടെ ഹിന്ദുവിന്റെ പണം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്‍ ഇങ്ങനെ നിരവധി ആരോപണങ്ങള്‍ പല കാലത്തായും ഉയര്‍ന്നുവരിയും സര്‍ക്കാര്‍ തന്നെ മറുപടി പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്നിട്ടും ഇത്തരം മറുപടികള്‍ ആവര്‍ത്തിക്കുകയാണ്. ഈ ആരോപണങ്ങളില്‍ പലതിനും കേരള സംസ്ഥാനരൂപീകരണത്തോളം പഴക്കമുണ്ട്. ദേവസ്വം ബോര്‍ഡിലൂടെ ഹൈന്ദവവിശ്വാസികളുടെ പണം സര്‍ക്കാര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണത്തിന് നിരവധി കാലം കേരളസംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്സ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. പക്ഷേ, പ്രചാരണങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇസ്‌ലാമോഫോബിയയുടെ നിര്‍മിതിയില്‍ ആഖ്യാനങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്.

29. മതേതരപാര്‍ട്ടികളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് ‘നുഴഞ്ഞുകയറുന്ന മുസ്‌ലിംകള്‍’

സ്വന്തം അണികളില്‍നിന്നുണ്ടാകുന്ന വിയോജിപ്പുകളെപ്പോലും ‘നുഴഞ്ഞുകയറ്റം’ പോലുളള അപരഭീതി നിറഞ്ഞ വാക്കുകള്‍കൊണ്ടാണ് പല പാര്‍ട്ടികളും വിശേഷിപ്പിക്കുന്നത്. കഠ്‌വയില്‍ മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരേ കേരളത്തില്‍നടന്ന വാട്‌സ്ആപ് ഹര്‍ത്താലെന്ന് മാധ്യമങ്ങള്‍ പേരിട്ട പ്രതിഷേധത്തില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ളവര്‍ പങ്കെടുത്തപ്പോള്‍ അതിനെ സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത് ഇങ്ങനെ: ‘അതു ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത് വാട്‌സാപ് വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ സമയത്താണ്. കഠ്‌വ സംഭവത്തെത്തുടര്‍ന്നായിരുന്നല്ലോ അത്. കൊല്ലപ്പെട്ടതു മുസ്‌ലിം പെണ്‍കുട്ടിയും ആരോപണവിധേയര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരുമായിരുന്നെങ്കിലും, ഇവിടെ വര്‍ഗീയവികാരം ഇളക്കിവിടുന്ന പ്രചാരവേല സംഘടിപ്പിച്ചത് ആര്‍എസ്എസുകാരായ ആറു പേരടങ്ങുന്ന വോയ്‌സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പായിരുന്നു. കലാപമുണ്ടാക്കാനുളള ആര്‍എസ്എസിന്റെ നീക്കമായിരുന്നു അത്. എസ്ഡിപിഐ ഈ സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളിലുംപെട്ടവര്‍ അത് ഏറ്റെടുത്തു. അങ്ങനെ അറസ്റ്റിലായ അഞ്ഞൂറോളം പേരില്‍ കൂടുതലും എസ്ഡിപിഐക്കാരാണ്. കോണ്‍ഗ്രസുകാരും ലീഗുകാരുമെല്ലാം അതിലുണ്ട്; ഒപ്പം സിപിഎമ്മിന്റെ അനുഭാവികളും. ഇവരുടെ പാര്‍ട്ടിബന്ധം പരിശോധിച്ച പൊലിസ് റിപോര്‍ട്ടില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. തുടര്‍ന്ന് ഞങ്ങളതു ഗൗരവമായി പരിശോധിച്ചു. മനസ്സിലായത്, അതില്‍ ചിലര്‍ നേരത്തേ എസ്ഡിപിഐ ബന്ധമുള്ളവരാണെന്നാണ്. പിന്നീട് സിപിഎമ്മുമായി സഹകരിച്ച ഇവരാണ് ആ വാട്‌സാപ് പ്രചാരവേല ഏറ്റെടുത്തത്. മറ്റു പാര്‍ട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതു സംഭവിച്ചത്. പൊലീസിന്റെ ശക്തമായ ഇടപെടലാണു വാട്‌സാപ് ഹര്‍ത്താല്‍ വഴിയുള്ള വര്‍ഗീയ കലാപനീക്കം പൊളിച്ചത്’- അതില്‍ പാര്‍ട്ടി അംഗങ്ങളില്ല, പക്ഷേ, അനുഭാവികളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നാല് ജില്ലകളില്‍ സംഭവിച്ചിട്ടുണ്ടത്രെ. (മനോരമക്ക് കോടിയേരി ബാലകൃഷ്ണന്‍ 2018 ജൂലൈ 19ന് നല്‍കിയ അഭിമുഖം).

സ്വന്തം പാര്‍ട്ടിയില്‍നിന്നുണ്ടായ നീക്കത്തെ മറ്റൊരുവിഭാഗത്തിന്റെ തലയില്‍ ചുമത്തി ദുരാരോപണം ഉന്നയിക്കുന്ന പുതിയ രീതിയാണ് ഇത്.
ഇത് ആദ്യമല്ല, കൊടുങ്ങല്ലൂരില്‍ സത്യേഷ് എന്ന ആര്‍എസ്എസ്സുകാരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഡിവൈഎഫ്‌ഐയില്‍ നുഴഞ്ഞുകയറിയ എന്‍ഡിഎഫുകാരാണ് ചെയ്തതെന്നാണ് സിപിഎം വിശദീകരിച്ചത്. പിന്നീട് ആ കേസില്‍ സിപിഎമ്മിന്റെ പാര്‍ട്ടി നേതാക്കള്‍ തന്നെ അറസ്റ്റിലായി. പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.
ഇതേ കാര്യം മറ്റൊരു രീതിയില്‍ ടിപിയുടെ കൊലപാതകത്തിലും ചെയ്തു. ‘മാഷാഅള്ളാ’ എന്ന സ്റ്റിക്കര്‍ ഉപയോഗിച്ച് മുസ്‌ലിംകളുടെ തലയില്‍ കൊലക്കുറ്റം ചാര്‍ത്താന്‍ ശ്രമംനടന്നു. ഒടുവില്‍ സിപിഎമ്മുമായി ബന്ധമുള്ളവര്‍ കുരുക്കിലായി. മുസ്‌ലിംവിരുദ്ധതയുടെ ഉയര്‍ന്ന രൂപങ്ങളാണ് ഇവ.

പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവരെ വ്യാപകമായി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത നടപടിയെ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്്തപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയിലും നുഴഞ്ഞുകയറ്റം ആരോപിച്ചിരുന്നു. ഫെബ്രുവരി 3, 2020ല്‍ ചോദ്യോത്തരവേളയില്‍ എംഎല്‍എ റോജി ജോണാണ് സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്. അങ്കമാലിയിലെ മഹല്ല് കമ്മിറ്റി നടത്തിയ സമരത്തെയാണ് നിയമനടപടികളിലൂടെ പിണറായി സര്‍ക്കാര്‍ നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഇങ്ങനെയായിരുന്നു: ”മഹല്ല് കമ്മിറ്റികള്‍ സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍ തീവ്രവാദപരമായി ചിന്തിക്കുന്ന എസ്ഡിപിഐ പോലുള്ള ചിലര്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ക്കെതിരെയാവാം പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സമരങ്ങളില്‍ നുഴഞ്ഞു കയറി കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ തീവ്രവാദ, വര്‍ഗീയ സംഘടനകളെ അനുവദിക്കില്ല” (മാതൃഭൂമി ഫെബ്രുവരി 3, 2020)

കോഴിക്കോട് ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരേ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തില്‍ സമരം ചെയ്തപ്പോഴും തീവ്രവാദസാന്നിധ്യമുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയത്.(മീഡിയാവണ്‍, സെപ്തംബര്‍ 10, 2022). മുസ് ലിംകള്‍ നുഴഞ്ഞുകയറ്റക്കാരായ പുറംശക്തികളാണെന്ന കാഴ്ചക്ക് വിഭജനകാലത്തോളം പഴക്കമുണ്ട്.

ഇങ്ങനെ നുഴഞ്ഞുകയറിയ മുസ് ലിംകള്‍ ഇതര മതസ്ഥരെ ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും വ്യാപകമായ പ്രചരിപ്പിക്കപ്പെടുന്നു. മുസ്‌ലിംകള്‍(ക്രിസ്ത്യാനികളും) ഹിന്ദുക്കളെ ചൂഷണം ചെയ്താണ് വളര്‍ന്നുവരുന്നതെന്നും അവര്‍ വിദേശപണം കൈവശപ്പെടുത്തി ചില ഔദാര്യങ്ങള്‍ നല്‍കി പാവപ്പെട്ട ഹിന്ദുക്കളെ പാട്ടിലാക്കി പല തരത്തില്‍ ചൂഷണം ചെയ്യുകയാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ആദ്യമാദ്യം സവര്‍ണര്‍ക്കിടയില്‍ വ്യാപകമായിരുന്ന ഈ മനോഭാവം പതുക്കെപ്പതുക്കെ അവര്‍ണര്‍ക്കിയിലും തലയുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. എസ്എന്‍ഡിപി പോലുള്ള സംഘടനകളുടെ നേതാക്കള്‍ ഇത് വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. യോഗനാദത്തില്‍ എഴുതിയ ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നു: ”ന്യൂനപക്ഷ പദവിയുടെ ബലത്തിലും സര്‍ക്കാര്‍ സഹായത്തോടെയും വിദേശപണം കൊണ്ടും വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും വ്യവസായശാലകളും നാടെങ്ങും വലിയ ആരാധനാലയങ്ങളും പടുത്തുയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഏതാണ്ട് പൂര്‍ണമായും നിയമത്തിന്റെ ബലത്തില്‍ കൈയടക്കി. ഗോതമ്പുപൊടിയും പാല്‍പ്പൊടിയും കൊടുത്തുവരെ പാവപ്പെട്ട ഹിന്ദുക്കളെ മതംമാറ്റി… യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഭൂരിപക്ഷ ജനതയാണ് ഇപ്പോള്‍ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍. അധികാരത്തിന്റെ അകത്തളത്തില്‍ നിന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ മേഖലയിലും വളരാനും ഉയരാനുമുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. വോട്ടുബാങ്കായി നിന്ന് അര്‍ഹതപ്പെട്ടതും അതിലധികവും പിടിച്ചുവാങ്ങാനും അവര്‍ക്ക് സാധിക്കും. അഭയാര്‍ത്ഥികളെപ്പോലെ അവഗണിക്കപ്പെട്ട് കഴിയുന്നവരായി മാറിക്കഴിഞ്ഞു കേരളത്തിലെ ഹിന്ദുക്കള്‍” ( വെള്ളാപ്പിള്ളി നടേശന്‍, 2022 മെയ് 16ന് യോഗനാദത്തിന് എഴുതിയ എഡിറ്റോറിയല്‍ കേരളകൗമുദി പുനഃപ്രസിദ്ധീകരിച്ചത്).

ദിലിത് വിഭാഗങ്ങള്‍ സമരരംഗത്തിറങ്ങുമ്പോള്‍ അതിനുപിന്നില്‍ ആളും അര്‍ത്ഥവും നല്‍കി സഹായിക്കുന്നത് മുസ്്‌ലിംസംഘടനകാണെന്ന് ഇടത്‌വലത് നേതൃത്വം ആരോപിക്കാറുണ്ട്. എല്ലാ സമരങ്ങളോടും ഇത്തരം മനോഭാവം പുലര്‍ത്താറുണ്ടെങ്കിലും ദലിത് സംഘടനകളുടെ കാര്യത്തില്‍ ഇത് പറയുന്നത് രക്ഷാകര്‍തൃമനോഭാവമാരോപിക്കാനാണ്. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് വടയമ്പാടിയിലെ ജാതിമതിലിനെതിരേയുള്ള സമരം. വടയമ്പാടിയിലെ വടയമ്പാടിയില്‍ എന്‍എസ്എസ് നേതൃത്വത്തിലുള്ള അമ്പലക്കമ്മറ്റിയാണ് ദലിത് വിഭാഗങ്ങളെ അരിക്കാക്കി മതില്‍കെട്ടിപ്പൊക്കിയത്. അതാണ് പിന്നീട് ജാതിമതിലെന്ന് അറിയപ്പെട്ടതും സിഎസ് മുരളിയുടെ നേതൃത്വത്തിലുള്ള ആക്റ്റിവിസ്റ്റുകള്‍ തകര്‍ത്തതും.സിപിഎമ്മും പി രാജീവുമൊക്കെ ഇതിനെതിരേ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ത്തി. പൊതുസമ്മേളനം നടത്തി മൗമാ(മൗദൂദി, മാവോ)മുന്നണിയാണ് സമരംനടത്തുന്നതെന്നും തീവ്രവാദശക്തികളാണ് പിന്നിലെന്നും ആരോപിച്ചു.

മന്ത്രി എം വി ഗോവിന്ദന്റെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ പ്രീജിത് രാജ്, നെല്ല് ഓണ്‍ലൈനില്‍ ഇതുസംബന്ധിച്ച് ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. സമരത്തിനു പിന്നിലെ വിധ്വംസകശക്തികളെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെട്ടത്: ”വടയമ്പാടിയിലെ ജാതിമതില്‍ എന്ന് പറഞ്ഞുറപ്പിക്കുകയാണ് മാധ്യമ പ്രവര്‍ത്തകരടക്കമുള്ള ചില പുരോഗമനവാദികള്‍. അവരോട് സഹതാപമാണ് തോന്നുന്നത്. അവര്‍ പറയുംപോലെ ഒരു ജാതിമതില്‍ ഉണ്ടാവേണ്ടത് അവരുടെ വയറ്റുപിഴപ്പിന്റെ ആവശ്യമായിരിക്കും. പക്ഷെ, കേരളത്തില്‍ ഒരു ജാതിമതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന് ആര്‍ക്കും സാധിക്കില്ല. ആര്‍എസ്എസ് വിചാരിച്ചാലൊന്നും കേരളത്തില്‍ എവിടെയും ജാതിമതില്‍ ഉയര്‍ത്താന്‍ കഴിയുകയില്ല. വടയമ്പാടി വിഷയം വൈകാരികമാക്കി വളര്‍ത്തി മുതലെടുക്കാന്‍ നോക്കുന്ന ഒരു വിഭാഗമുണ്ട്. മൗദൂദിസ്റ്റുകളും മാവോവാദികളും അടങ്ങുന്ന മൗമാ മുന്നണിയാണ് അത്. ദളിത് വികാരം കുത്തിപ്പൊക്കി സ്വത്വരാഷ്ട്രീയത്തെ വളര്‍ത്തി, തങ്ങള്‍ക്ക് രാഷ്ട്രീയമായി ലാഭമുണ്ടാക്കാമെന്ന കണക്കുകൂട്ടലില്‍ ആണ് മൗമാ മുന്നണി മുന്നോട്ടുപോകുന്നത്. ആ മുന്നണിക്ക് കൂട്ടായി കേരളത്തിലെ ചില പുരോഗമനവാദികളും കഥയറിയാതെ ആട്ടം കാണുകയും താളം പിടിക്കുകയുമാണ്. വടയമ്പാടിയില്‍ എന്‍എസ്എസ് നേതൃത്വത്തിലുള്ള അമ്പലക്കമ്മറ്റി കെട്ടിപ്പൊക്കിയ മതില്‍ പൊളിച്ച് നീക്കണം എന്ന കാര്യത്തില്‍ പുരോഗമനകാരികള്‍ക്കാര്‍ക്കും രണ്ട് അഭിപ്രായമില്ല. ആര്‍എസ്എസ് സംഘപരിവാരവും മാത്രമാണ് അവിടെ മതില്‍ വേണമെന്ന ദുശ്ശാഠ്യവുമായി ഇപ്പോള്‍ നില്‍ക്കുന്നത്” …”ആ സംഭവത്തില്‍ നാട്ടുകാരേക്കാള്‍ കൂടുതലുണ്ടായിരുന്നത് മൗദൂദിസ്റ്റുകളും മാവോവാദികളുമടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരായിരുന്നു. നിയമപരമായ നടപടികളിലൂടെയും സമവായത്തിലൂടെയും പ്രശ്‌നം പരിഹരിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ടായിരുന്നു. എസ്ഡിപിഐ അടക്കമുള്ള വിധ്വംസകശക്തികള്‍ സമരത്തിലേക്ക് നുഴഞ്ഞുകയറുന്നത് ഈ സമയത്താണ്. മീഡിയാവണ്‍ ചാനലിന്റെ ഒബി വാന്‍ അവിടെ നിന്ന് സ്വത്വരാഷ്ട്രീയത്തിന് സഹായകമായ വാര്‍ത്തകള്‍ പടച്ചുവിടുകയും മറ്റ് ചാനലുകള്‍ക്ക് സ്‌റ്റോറികള്‍ ഉണ്ടാക്കി നല്‍കുന്നതും ഈ ഘട്ടംമുതലാണ്’-(നെല്ല് ഓണ്‍ലൈനില്‍ എഴുതിയ വടയമ്പാടിയിലെ വസ്തുതകള്‍ എന്ന ലേഖനം, വോള്യം 5 ഇഷ്യു 12).

ഇത് ഈ സമരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ദലിത്, ആദിവാസി വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിലെ മിക്കവാറും എല്ലാ സമരത്തിലും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. കുടില്‍കെട്ടി സമരം, മുത്തങ്ങ സമരം, ചെങ്ങറ സമരം എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. ഇത്തരം മനോഭാവം പൊതുമനസ്സാക്ഷിയുടെ ഭാഗമായി മാറിയിട്ടുണ്ട്. പില്‍ക്കാലത്ത് സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയതും ഇത്തരം മനോഭാവമാണ്.

30. മുസ്‌ലിംകള്‍ ജനസംഖ്യാവര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു, താമസിയാതെ അധികാരം പിടിച്ചെടുക്കും

മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ധന കൊളോണിയല്‍കാലം മുതല്‍ ഹിന്ദുഭൂരിപക്ഷത്തിന്റെ ആശങ്കകളിലൊന്നാണ്. ഓരോ സെന്‍സസ് റിപോര്‍ട്ടും പുറത്തുവരുമ്പോള്‍ ഇത്തരം നിറംപിടിപ്പിച്ച കഥകള്‍കൂടി പുറത്തുവരും. ജനസംഖ്യാവര്‍ധന പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായവ പിടിച്ചെടുക്കും. ആനുകൂല്യങ്ങള്‍ നേടും. മുഖ്യധാരാപാര്‍ട്ടികള്‍പോലും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അഹോരാത്രം പണിയെടുക്കുകയാണ്. അങ്ങനെ പോകുന്നു പ്രചാരണങ്ങള്‍.

സാമൂഹിക ഘടനയില്‍ ജനസംഖ്യാപരമായ മാറ്റം വലിയൊരു ഭീഷണിയായാണ് പലരും കരുതുന്നത്. 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം ഇത്തരമൊരു ചിന്ത പലര്‍ക്കുമിടയിലും ഉണ്ടായി. യുഡിഎഫ് ജയിച്ചു. ഇടത്പക്ഷം തോറ്റു. ബിജെപി മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ഇരട്ടിയോളം വോട്ടാണ് ബിജെപിയുടെ ഒ രാജഗോപാല്‍ നേടിയത്. ഹിന്ദു ജനതയെ കൈപ്പിടിയിലൊതുക്കാതെ രക്ഷയില്ലെന്ന് അതോടെ മുഖ്യധാരാപാര്‍ട്ടികള്‍ കരുതാന്‍ തുടങ്ങി. എല്ലാ കാലത്തും പല മട്ടില്‍ പ്രചരിപ്പിച്ചിട്ടുള്ള ആശങ്കയാണെങ്കിലും അത്തവണ ഇടതുപക്ഷവും(സിപിഐ) പ്രചാരണത്തിന്റെ ഭാഗമായി.
സമൂഹത്തില്‍ മുസ്‌ലിം ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുകയാണെന്ന ആശങ്ക കാനം പങ്കുവച്ചു. സാമൂഹിക സംതുലനം നഷ്ടപ്പെടുകയാണെന്ന് ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടു. (എഡിറ്റേഴ്‌സ് അവര്‍, ജൂലൈ 19, 2015 റിപോര്‍ട്ടര്‍ ടിവി).

”2001ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ഹിന്ദു പോപുലേഷന്‍ 56 ശതമാനമായിരുന്നു. 2001ലെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ക്രിസ്ത്യന്‍ മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ എന്ന് നമുക്ക് പൊതുവെ പറയാം. അവര്‍ ചേരുമ്പോള്‍ 50 ശതമാനത്തില്‍ അധികമാകും. 52 ശതമാനം വരെ വന്നേക്കാം. ഔദ്യോഗികകണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇങ്ങനെ ഒരു സമൂഹത്തില്‍ നാം എടുക്കുന്ന സമീപനങ്ങള്‍, അപ്രോച്ച് അത് സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചുമതലയുണ്ട്. അത് ഇടതുപക്ഷവും പരിശോധിക്കണം. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടിക പരിശോധിക്കണം, എങ്കിലേ ന്യൂനപക്ഷപ്രീണനം നടത്തുണ്ടോ എന്ന് മനസ്സിലാക്കാന്‍ പറ്റൂ”. (ഇനി ന്യൂനപക്ഷ പ്രീണനം നടത്തരുതെന്ന് കാനം രാജേന്ദ്രന്‍; എഡിറ്റേഴ്‌സ് അവര്‍, ജൂലൈ 19, 2015 റിപോര്‍ട്ടര്‍ ടിവി). ”ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നതില്‍ എല്‍എഡിഎഫ് ഉദാരമായ സമീപനം സ്വീകരിച്ചു. ഉദ്യോഗസ്ഥ സംവരണത്തിന്റെ കാര്യത്തിലും മറ്റു സംവരണത്തിന്റെ കാര്യത്തിലും എല്ലാം ന്യൂനപക്ഷതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ടു. ഇടത്പക്ഷം തന്നെയാണ് എല്ലാകാലത്തും അത് ചെയ്തത്. അതുകൊണ്ട് ന്യൂനപക്ഷത്തില്‍ പ്രതീക്ഷയില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല, ഞങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്”അദ്ദേഹം അതേ അഭിമുഖത്തില്‍ തുടരുന്നു.

നമ്മുടെ നാട്ടിലെ സോഷ്യല്‍ കോംപോസിഷനില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന കാര്യം സിപിഐ നേതാവ് ബിനോയ് വിശ്വവും ശരിവച്ചു. മുസ്‌ലിംകളുടെ, മൊത്തത്തില്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന വ്യതിയാനം ഇടടുപക്ഷത്തിന്റെയും ആശങ്കയുടെ ഭാഗമായിക്കഴിഞ്ഞുവെന്നാണ് ഈ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ആശങ്ക ഒരു പൊതുപ്രവണതയാണ്. ജനസംഖ്യാഭീതി ദേശീയതയുമായും അത് അബോധത്തില്‍ വച്ചുപുലര്‍ത്തുന്ന അപരസങ്കല്‍പ്പവുമായാണ് ബ്ന്ധപ്പെട്ടിരിക്കുന്നത്.

31. മുസ്‌ലിംകള്‍ ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും വിലക്കെടുക്കുന്നു

മുസ്‌ലിംകള്‍ മറ്റുള്ളവരെ വിലക്കെടുക്കാനാണ് പത്രങ്ങളും ചാനലുകളും മറ്റ് ധൈഷണിക സംരംഭങ്ങളും തുടങ്ങുന്നതെന്ന് പലരും കരുതുന്നു. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വാദഗതിയാണ് ഇത്. പക്ഷേ, ഇവരുടെ ഗൂഢതന്ത്രം ബുദ്ധിജീവികള്‍ക്ക് മനസ്സിലാവുന്നില്ലത്രെ.
ഗ്രീന്‍ബുക്‌സ് സ്ഥാപകന്‍ കൃഷ്ണദാസ് വല്‍സന്‍ തന്റെ ഫേസ്ബുക്ക് പേജില്‍(ജൂണ്‍ 3, 2015) ബംഗ്ലാദേശില്‍ ബ്ലോഗര്‍മാരെ കൊലപ്പെടുത്തിയ സമയത്ത് എഴുതി: ‘ബ്ലോഗര്‍മാരെ വധിച്ച ബംഗ്ലാദേശ് ഭീകരന്മാര്‍ ഇപ്പോള്‍ തസ്‌ലിമയുടെ പിന്നാലെ. അഭയം തേടി അവര് അമേരികയിലേക്ക്. അനുദിനം കറുത്തിരുണ്ട് വരുന്ന ഈ ലോകം. ഗ്രീന്‍ ബുക്‌സ് തസ്ലിമയുടെ 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വര്‍ഗീയതക്കെതിര സംസാരിക്കുന്ന ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളുടെ പ്രതിഷേധം ബീഫ് പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങരുത്. പെരുമാള്‍ മുരുകനെ മാത്രമല്ലാ. അല്‍ഖൈദ എവിടയുമുണ്ട് കേരളത്തിലും കുറെ സാഹിത്യകാരന്മാരെയും അവര്‍ വിലക്ക് വാങ്ങിയിരിക്കുന്നു.”

താലിബാനിസം വിസ്മയമോ? എന്ന പേരില്‍ ബിജെപി കോഴിക്കോട് ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട് ഹമീദ് ചേന്ദമംഗലൂര്‍ മാധ്യമവുമായും ജമാഅത്തെ ഇസ് ലാമി സ്ഥാപനങ്ങളുമായും സഹകരിക്കുന്നവരെക്കുറിച്ച് പറഞ്ഞു: ” കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണ്്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയാറാവുന്നില്ല. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍. കല്‍ബുര്‍ഗിയും പന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോള്‍ രംഗത്തു വന്നവര്‍ താലിബാന്‍കാര്‍ ഹാസ്യനടനെ അടിച്ചു കൊന്നപ്പോഴും നാടോടി ഗായകനെ വെടിവെച്ചുകൊന്നപ്പോഴും പ്രതികരിക്കുന്നില്ല. 1993 ല്‍ ചേകനൂര്‍ മൗലവിയെ കൊലചെയ്തപ്പോഴും കോയമ്പത്തൂരില്‍ എച്ച് ഫറൂഖിനെ വധിച്ചപ്പോഴും മലാലാ യൂസഫ് എന്ന പെണ്‍കുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇവര്‍ നിശ്ശബ്ദരായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. (ഏഷ്യാനെറ്റ് ന്യൂസ്, സെപ്തംബര്‍ 2, 2021)

മുസ്‌ലിംപത്രങ്ങള്‍ മതേതര ബുദ്ധിജീവികളെ വിലക്കെടുത്ത് പത്രാധിപരാക്കുന്നുവെന്ന ആരോപണത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. മതേതരമുഖംമൂടി ലഭിക്കുന്നതിനുളള മാര്‍ഗമാണത്രെ ഇത്. പി കെ ബാലകൃഷ്ണന്‍ മുതലുളളവര്‍ക്കെതിരേ ഈ ആരോപണം പില്‍ക്കാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. അതേസമയം സ്വദേശാഭിമാനി പത്രത്തിനെതിരേ ഈ ആരോപണം ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നതും പ്രധാനം. രാമകൃഷ്ണപ്പിള്ള സവര്‍ണ ഹിന്ദുവും പത്രമുതലാളിയായ വക്കം മൗലവി മുസ്‌ലിമുമായിരുന്നല്ലോ.

മുസ്‌ലിംകളുടെ രാഷ്ട്രീയത്തോട് അനുതാപം പ്രകടിപ്പിക്കുന്ന അമുസ്‌ലിംകളെയും പണത്തിനോ പദവിക്കോ വേണ്ടിയാണ് അത് ചെയ്യുന്നതെന്ന ആരോപണവും വ്യാപകമായി കേള്‍ക്കാറുണ്ട്. ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പയ്യന്നൂരില്‍ സിപിഎമ്മിന്റെ ജാതിരാഷ്്ട്രീയത്തെ ദീര്‍ഘകാലം ചെറുത്തുനിന്ന ചിത്രലേഖ സ്വന്തം അനുഭവത്തില്‍നിന്ന് ഫേസ്ബുക്കില്‍(ജൂലൈ 14, 2018)എഴുതി: മുസ്‌ലിം രാഷ്ട്രീയം പറയുന്നത് കൊണ്ട് അജിത് കുമാറിനും കെ കെ ബാബുരാജിനും ബിഎംഎബ്യൂ ഓഡിയും ഒക്കെ കിട്ടി. രൂപേഷ്‌കുമാറിന് പഴയങ്ങാടിയില്‍ 10 ഏക്കര്‍ സ്ഥലവും കിട്ടി…. എനിക്കും കിട്ടിയെടോ മാരുതി 800… സന്തോഷമായല്ലോ മാഷെ!’.
മുസ് ലിംരാഷ്ട്രീയത്തെ പോസിറ്റീവായി മനസ്സിലാക്കുന്ന ദലിതര്‍ക്ക് പ്രത്യേകപേരുപോലുമുണ്ട്, ‘ബിരിയാണി ദലിതര്‍’.

2015ല്‍ കെ പി രാമനുണ്ണിയുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍ പങ്കെടുത്തുകൊണ്ട് എംഎന്‍ കാരശ്ശേരി മാതൃഭൂമിയില്‍ (ഏതാണ് ഇസ് ലാം; കാരശ്ശേരിയുടെ മറുപടി, മെയ് 5, 2015)എഴുതി: (പലപ്പോഴും)ചിലരുടെ വര്‍ഗീയത മതേതരത്വമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഈ ഇടപാട് കുറച്ചായി നടന്നുവരുന്നു. ഈ കച്ചവടത്തില്‍ ചില സാഹിത്യകാരന്മാര്‍ക്കൊപ്പം ചില മുന്‍ നക്‌സലൈറ്റുകളുണ്ട്, ചരിത്രകാരന്മാരുണ്ട്, ഗവേഷകന്മാരുണ്ട്, അധ്യാപകരുണ്ട്, പൗരാവകാശപ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, സ്ത്രീവാദികളുണ്ട്… പതുക്കെപ്പതുക്കെ രൂപംകൊണ്ടുവരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ ഈ ആയുധപ്പുര തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളും സമ്മാനങ്ങളും സൗജന്യങ്ങളും ശ്രദ്ധിച്ചാല്‍മതി.

32. മുസ്‌ലിംകളുടെ മിക്ക പ്രവര്‍ത്തികളും അറപ്പും വെറുപ്പും അലോസരവും ഉണ്ടാക്കുന്നതാണ്

2016 ജൂലൈ അവസാനം പത്തനാപുരത്തിനടുത്ത് കമുകം ചേരിയില്‍ നായര്‍ സമുദായ സംഘടനയുടെ യോഗത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള ഒരു പ്രസംഗം ചെയ്തു. അതില്‍ അദ്ദേഹം പറഞ്ഞു: ‘തിരുവനന്തപുരത്ത് പോയാല്‍ ഞാന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. മുറ്റത്ത് കൂടെ സുന്നത്ത് നടത്തിയ പയ്യന്‍ ഓടി നടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പത്ത് മുസ് ലിംകള്‍ കൂടിയാല്‍ ആദ്യം വാങ്ങിക്കുക ഒരു മൈക്കാണ്. എന്നാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനെതിരെ അവര്‍ പരാതിനല്‍കും. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. പത്ത് മുസ്‌ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്‌ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’.(മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജി, മെയ് 16, 2022 ഫേസ്ബുക്കില്‍ ഉദ്ധരിച്ചത്). വെറുപ്പിന്റെ അപാരമായ ആവിഷ്‌കാരമായിരുന്നു ഈ പ്രസംഗം. ബിരിയാണിയില്‍ തുപ്പുന്നു, വിഷം കലക്കുന്നു, വൃത്തിയില്ലായ്മ തുടങ്ങി ഈ മട്ടിലുള്ള നിരവധി ആരോപണങ്ങളും മുസ്‌ലിംകള്‍ക്കെതിരേ കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയുടെ മുസ് ലിംവിരുദ്ധ സ്വഭാവത്തിനെതിരേ കേരളത്തില്‍ വലിയ വിമര്‍ശനമുണ്ടായി. കഥയിലെ കലന്തന്‍ ഹാജിയെന്ന കഥാപാത്രം ഒരു മുസ്‌ലിംവിരുദ്ധ വാര്‍പ്പുമാതൃകയാണെന്നതുതൊട്ട് നിരവധിയായിരുന്നു വിമര്‍ശനങ്ങള്‍. സ്വാഭാവികമായും വിമര്‍ശനം കൂടുതലും വന്നത് മുസ്‌ലിം പക്ഷത്തുനിന്നായിരുന്നു.
ഇതിനോട് ഏച്ചിക്കാനത്തിന്റെ പ്രതികരണം ഇങ്ങനെ: ”ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന, ഇടതുപക്ഷ സഹയാത്രികനായ വ്യക്തിയാണ് ഞാന്‍. എന്നെ വായിക്കുന്നവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും അതറിയാം. ഗോപാല്‍ യാദവ്, രാമചന്ദ്രന്‍, ഷുക്കൂര്‍ മിയ, അസൈനാര്‍ച്ച എന്നിങ്ങനെ കഥാപാത്രങ്ങളുടെ പേരുകള്‍ എടുത്തുകാട്ടി ഇവര്‍ ഉന്നയിക്കുന്നത് വിമര്‍ശനമല്ല. ഇവര്‍ ചെയ്യുന്നത് ഭീകരപ്രവര്‍ത്തനമാണ്. ഇതില്‍ സര്‍ഗാത്മകത ഇല്ല.”… ‘ഇസ്‌ലാം മതത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ പോലും കണ്ടെത്താത്ത നിരൂപണമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് നിരൂപണം അല്ലെന്ന് തന്നെ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഭീകരപ്രവര്‍ത്തനമാണിത്.”

ഇത്തരത്തിലുള്ള വിമര്‍ശനം കൊണ്ട് തന്നെപ്പോലുള്ളവര്‍ക്ക് എഴുതാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു. പെരുമാള്‍ മുരുകനോടാണ് അദ്ദേഹം തന്നെ താരതമ്യപ്പെടുത്തുന്നത്. അതായത് ഭീകരപ്രവര്‍ത്തനമെന്ന പദം അദ്ദേഹം വെറുതേ പറഞ്ഞതല്ല. തന്റെ എഴുത്തിനെതിരെ വലിയ തോതിലുളള ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം ഭയപ്പെടുന്നു. പെരുമാള്‍ മുരുകനെ പോലെ എഴുത്തുനിര്‍ത്തേണ്ട സാഹചര്യവും അദ്ദേഹത്തിനുണ്ടത്രെ.
ഇസ്‌ലാമോഫോബിയക്കെതിരേയുളള മുസ് ലിംസമൂഹത്തില്‍നിന്നുള്ള ബുദ്ധിജീവികളുടെ വിമര്‍ശനം ഒരു പ്രമുഖ മുഖ്യധാരാഎഴുത്തുകാരന്‍ സ്വീകരിക്കുന്ന രീതിയാണ് ഇത്. മുസ് ലിംകളുടെ ഇടപെടലുകളെ വെറുപ്പോടും അറപ്പോടും കാണുന്ന വിവിധ രീതികള്‍ക്ക് ഉദാഹരണങ്ങളാണിവ.

33. മുസ്‌ലിംകള്‍ അനര്‍ഹമായ അധികാരസ്ഥാനങ്ങള്‍ തട്ടിയെടുക്കുന്നു

മുസ്‌ലിംകള്‍ അനര്‍ഹമായ അധികാരം തങ്ങളുടെ ശക്തി ഉപയോഗിച്ച് തട്ടിയെടുക്കുന്നുവെന്നത് പലപ്പോഴും ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുള്ള ആരോപണമാണ്. എപ്പോഴെങ്കിലും ഒരു ന്യൂനപക്ഷസംഘടനാ നേതാവോ പാര്‍ട്ടിയോ തങ്ങളുടെ താല്‍പ്പര്യം ഉയര്‍ത്തിയാല്‍ അത് മുഴുവന്‍ മുസ്‌ലിംകളുടെയും പേരില്‍ ചാര്‍ത്തുകപതിവാണ്. അതിന്റെ ഉചിതമായ ഉദാഹരണമാണ് 2012ലെ അഞ്ചാംമന്ത്രി വിവാദം. തങ്ങളുടെ പാര്‍ട്ടിയുടെ ശക്തിയനുസരിച്ച് അഞ്ചാംമന്ത്രിസ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും അതിനെതിരേ രംഗത്തുവന്നു. തങ്ങള്‍ക്ക് ഒരു റോളില്ലെങ്കിലു എല്ലാവരും അതില്‍ അഭിപ്രായംപറഞ്ഞു.
കോണ്‍ഗ്രസിന്റെ കഴുത്തില്‍ കത്തിവെച്ചാണ് ഘടകകക്ഷികള്‍ കാര്യങ്ങള്‍ നേടിയെടുത്തതെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു. അഞ്ചാം മന്ത്രി വിവാദം കോണ്‍ഗ്രസിനെ മുറിപ്പെടുത്തിയെന്നും അത് ഉണങ്ങാന്‍ ഇനി എത്ര നാള്‍ വേണ്ടി വരുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെടരുതായിരുന്നുവെന്നും അഞ്ചാം മന്ത്രിക്കാര്യത്തില്‍ മാത്രമല്ല ലീഗ് ഭരിച്ചുകൊണ്ടിരിക്കുന്ന വകുപ്പുകളുടെ കാര്യത്തിലും മതേതര സ്വഭാവം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നുപോലും അദ്ദേഹം ആരോപിച്ചു.

ഇക്കാര്യത്തില്‍ സിപിഎമ്മും അഭിപ്രായം പറഞ്ഞു. ലീഗുകാര്‍ തങ്ങളുടെ പാര്‍ട്ടിയുടെ ശക്തിയനുസരിച്ച് അവകാശം ചോദിക്കുന്നുവെന്ന് കാണുന്നതിനുപകരം മതേതരത്വത്തെ ചോദ്യം ചെയ്യുന്ന സംഭവമായാണ് ഇടത് നേതാക്കള്‍ അതിനെക്കുറിച്ച് പ്രതികരിച്ചത്. തങ്ങളുടെ സീറ്റിനനുസരിച്ച് തങ്ങള്‍ക്ക് അഞ്ച് മന്ത്രിപദവി വേണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം മതനിരപേക്ഷ രാഷ്ട്രീയത്തെ ബലികൊടുക്കുന്നതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റേത്. ന്യൂനപക്ഷ സമുദായങ്ങളുടെ പേരിലുള്ള വിലപേശലിനു മുന്നില്‍ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും അടിക്കടി കീഴടങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലീഗിന്റെ അഞ്ചാംമന്ത്രിപ്രശ്‌നമെന്നും പിണറായി ചൂണ്ടിക്കാട്ടി. (മുസ്‌ലിംലീഗിന് തീവ്രവാദമുഖം; പിണറായി വിജയന്‍, ഏപ്രില്‍ 26, 2012, കോണ്‍ഗ്രസ്സിലെ തലമാറ്റം, കോടിയേരി ബാലകൃഷ്ണന്‍, നേര്‍വഴി, ദേശാഭിമാനി, സെപ്തംബര്‍ 28, 2018, സമുദായമുന്നണിയുടെ കാണാപ്പുറങ്ങള്‍, ആര്‍ എസ് ബാബു, നവംബര്‍ 12, 2012, ഒരു സെക്കുലറിസ്റ്റിന്റെ വര്‍ഗീയ ചിന്തകള്‍, ബാബുരാജ് ബി എസ്, തേജസ് ദ്വൈവാരിക, ഡിസംബര്‍ 15, 2012) അഞ്ചാംമന്ത്രി സംസ്ഥാനത്തെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന് വി.എസ്. അച്യുതാനന്ദനും സുകുമാരക്കുറുപ്പും അഭിപ്രായപ്പെട്ടു.

മുസ്‌ലിംകള്‍ അനര്‍ഹമായ സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്നുവെന്നപോലുള്ള ആരോപണങ്ങളും സമാനമായി ഉയരാറുണ്ട്. 2015ല്‍ കോഴിക്കോട് കരുവശേരി സ്വദേശി നൗഷാദ്, മാന്‍ഹോളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടയില്‍ ശ്വാസം മുട്ടി മരിച്ചു. മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പിള്ളി നടേശന്‍ ഇത് വിവാദമാക്കി. മുസ്‌ലിമായാലേ സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കൂ എന്നായിരുന്നു എസ്എന്‍ഡിപിയുടെ സമത്വമുന്നേറ്റ യാത്ര കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹം പ്രസംഗിച്ചത്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ നേട്ടങ്ങള്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. (വിശദാംശങ്ങള്‍: മിസ്റ്റര്‍ വൈറ്റ് ചര്‍ച്ച് നിങ്ങളൊരു അപമാനമാണ്… സോഷ്യല്‍മീഡിയയുടെ കൊലവിളി, ബിനു ഫല്‍ഗുണന്‍, നവംബര്‍ 30, 2015, വണ്‍ ഇന്ത്യ) മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു ആരോപണമാണ് ഇത്. ‘ഹജ്ജ്‌യാത്രക്ക് മുസ്‌ലിംകള്‍ക്ക് ആനുകൂല്യം നല്‍കുന്നു. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നു. ഹിന്ദുക്കള്‍ക്കുകൂടി അവകാശപ്പെട്ട പണമാണ് അതുവഴി നഷ്ടപ്പെടുന്നത്. ദേവസ്വം ഫണ്ട് സര്‍ക്കാരുകള്‍ കൈക്കലാക്കി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പള്ളികളിലെ ഫണ്ട് അപ്രകാരം ചെയ്യുന്നില്ല’- ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു. വോട്ട് ബാങ്കിന്റെ ബലത്തില്‍ മതേതര പാര്‍ട്ടികളെ കയ്യിലെടുത്ത് ഇങ്ങനെ അനര്‍ഹമായവ നേടിയെടുക്കുന്നതിനെയാണത്രെ ‘ന്യൂനപക്ഷപ്രീണനം’ എന്ന് പേരിട്ട് വിളിക്കുന്നത്.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാന്‍ എകെ ആന്റണിയെ ചെയര്‍മാനായി ഒരു സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷപ്രീണന നടപടികളാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നായിരുന്നു അദ്ദേഹം കണ്ടെത്തിയത്. റിപോര്‍ട്ടില്‍ പറയുന്നു: ”കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്‍മെന്റില്‍നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നു. കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ട്. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന സത്യം ആരും വിസ്മരിക്കരുത്. അതോടൊപ്പം തന്നെ ഗള്‍ഫിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റത്തിന്റെയും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെയുമൊക്കെ ആനുകൂല്യങ്ങള്‍ കൂടുതലുണ്ടായത്, കൂടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലുണ്ട്, കേരളത്തിന്റെ പട്ടണങ്ങളിലുണ്ട്. ഈ യാഥാര്‍ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. ഇതിന്റെ ഒരു കൂട്ടത്തിലാണ് രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെ മുതലെടുപ്പുകള്‍. ഇതെല്ലാം കാണാന്‍ ഇവിടത്തെ ന്യൂനപക്ഷ നേതാക്കള്‍ തയാറാകണം. സംഘടിത ശക്തി ഉണ്ടെന്നതിന്റെ പേരില്‍ ഗവണ്‍മെന്റിനെക്കൊണ്ട് എന്തും ചെയ്തുകളയാം എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്നവനാണ് ഞാന്‍” (എ.കെ ആന്റണി, മാതൃഭൂമി, 2003 ജൂലൈ 14).

ലീഗാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന ആശങ്ക ആ മുന്നണിയുടെ മാത്രമല്ല, കേരളത്തിന്റെത്തന്നെ ആശങ്കയാണ്. നിരവധി തവണ അത് പല രൂപത്തില്‍ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. 2015 ആഗസ്റ്റ് 13ന് ദേശാഭിമാനി വി എസ് അച്യുതാനന്ദന്റെ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രസ്താവനക്ക് കാരണമായത്. ”കേരളഭരണം മുസ്‌ലിംലീഗിന് കോണ്‍ഗ്രസ് അടിയറവ് വച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷവും അഭിപ്രായപ്പെടുമ്പോഴും പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇതാണ് കാണിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പ് കൈയാളുന്ന ലീഗിന്റെ രാഷ്ട്രീയ ഗൂഢതാല്‍പ്പര്യത്തിന് കോണ്‍ഗ്രസ് വഴങ്ങിയാണ് പുതിയ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും രൂപീകരിച്ചത്. ഇതില്‍ ഒരു മാനദണ്ഡവും ഇല്ലെന്നും നിക്ഷിപ്ത താല്‍പ്പര്യം മാത്രമാണുള്ളതെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് ഹൈക്കോടതി റദ്ദാക്കിയത്. 2010ലെ സ്ഥിതി അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചത്. ഈ നിലപാടുതന്നെയാണ് തങ്ങള്‍ക്കുമുള്ളത് എന്നാണ് മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ നിശ്ചിത സമയത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള കമീഷന്റെ നിലപാടും അവകാശവും അംഗീകരിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. അത് ചെയ്യാതെ അപ്പീല്‍ നല്‍കാനുള്ള നീക്കവും തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള ശ്രമവും വഴി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഭരണം പൂര്‍ണമായും ലീഗിനെ ഭരണം ഏല്‍പ്പിച്ചിരിക്കുകയാണ് എന്നതിന്റെ തെളിവാണ്. സത്യത്തില്‍ ലീഗാണ് ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലവന്നിരിക്കുകയാണെന്നും വി എസ് പറഞ്ഞു.”