Hindutva Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും കീഴാള സമുദായവാദവും

ഇന്ത്യൻ ദേശീയതയുടെ ചരിത്രപരമായ പ്രവർത്തനരീതികളിലൊന്ന് മുസ്‌ലിംകളെ ദേശീയതയുടെ “പുറം അപരരായി” നിർമ്മിക്കുന്നതാണ്. “അപരൻ” എന്നത് ഒരു സമൂഹത്തെ സ്വന്തം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ സ്വാഭാവിക ഭാഗമല്ലാത്തവരായി കാണുന്ന രീതിയാണ്. “പുറം അപരൻ” എന്നത് അതിലും കൂടുതൽ ശക്തമായ ഒരു നിർമ്മിതിയാണ്. ഒരു സമൂഹം രാജ്യത്തിനകത്ത് ജീവിച്ചാലും, ദേശീയ ഭാവനയിൽ അവർ പുറത്തുള്ളവരായി കണക്കാക്കപ്പെടുന്നു. അവർക്ക് പൗരത്വമുണ്ടെങ്കിലും, അവരുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ടതായി വരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾ ദേശീയ ശരീരത്തിന്റെ പൂർണ്ണമായ ഭാഗമല്ലെന്നും അവർ സംശയാസ്പദരാണെന്നും രാജ്യവിരുദ്ധതയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നും സാംസ്കാരികമായി അന്യരാണെന്നും ചിത്രീകരിക്കുന്ന ഒരു പ്രക്രിയ ദീർഘകാലമായി നിലനിൽക്കുന്നു. ഈ നിർമ്മിതി ഒരു വലതുപക്ഷ ഹിന്ദുത്വ ഭാഷയിൽ മാത്രം സംഭവിക്കുന്നതല്ല. ചിലപ്പോൾ അത് ദേശസുരക്ഷയുടെ ഭാഷയിലും, ചിലപ്പോൾ ജനസംഖ്യാ ഭീതിയുടെ ഭാഷയിലും, ചിലപ്പോൾ മതേതര സംരക്ഷണത്തിന്റെ ഭാഷയിലും, ചിലപ്പോൾ പൊതുവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഷയിലും പ്രത്യക്ഷപ്പെടുന്നു. ഇതാണ് മുസ്‌ലിംകളെ പുറം അപരരാക്കുന്ന പ്രക്രിയ.

കീഴാള സമുദായവാദത്തിലാണ് രണ്ടാമത്തെ പ്രക്രിയ കാണേണ്ടത്. ഇന്ത്യൻ ദേശീയത മുസ്‌ലിംകളെ പുറം അപരരാക്കുമ്പോൾ, ദലിത്-ബഹുജൻ, ആദിവാസി, പിന്നാക്ക സമുദായങ്ങളെ ദേശീയതയുടെ “അകം അപരരായി” ഉൾക്കൊള്ളുന്നു. “അകം അപരർ” എന്നത് ദേശീയതയുടെ അകത്ത് ഉൾപ്പെടുന്നവരായിട്ടും സമത്വത്തോടെ അംഗീകരിക്കപ്പെടാത്തവരെയാണ് സൂചിപ്പിക്കുന്നത്. അവർ പുറത്താക്കപ്പെടുന്നില്ല. എന്നാൽ പരിമിതമായ ഉൾക്കൊള്ളൽ യഥാർത്ഥ സമത്വത്തിലോ രാഷ്ട്രീയ അംഗീകാരത്തിലോ അധിഷ്ഠിതമല്ല. മറിച്ച്, നിയന്ത്രിതമായ ഉൾക്കൊള്ളലാണ് അത്. ദലിത്-ബഹുജൻ, ആദിവാസി, പിന്നാക്ക സമുദായങ്ങൾ ദേശീയതയുടെ അകത്ത് ഉൾപ്പെടുന്നു. പക്ഷേ അവരുടെ സ്വതന്ത്ര രാഷ്ട്രീയ അവകാശവാദങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെടുന്നില്ല. ജാതി, സമുദായ അനുഭവം, ഭൂമി പ്രശ്നം, സാമൂഹിക നീതി, സ്വയംഭരണം, രാഷ്ട്രീയ പ്രതിനിധാനം എന്നിവ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രചോദ്യങ്ങളായി അംഗീകരിക്കപ്പെടുന്നില്ല. എന്നാൽ മുസ്‌ലിം വിരുദ്ധ ദേശീയ ക്രമത്തിൽ അവരെ ഉപയോഗിക്കാൻ കഴിയുന്നിടത്ത് അവരെ ഉൾക്കൊള്ളുന്നു.

ഇതാണ് ഇന്ത്യൻ ദേശീയതയുടെ ഒരു പ്രധാന വൈരുദ്ധ്യം. മുസ്‌ലിംകളെ പുറത്തുള്ളവരായി നിർമ്മിക്കുന്ന പ്രക്രിയയും, കീഴാള സമുദായങ്ങളെ നിയന്ത്രിതമായി അകത്ത് ഉൾക്കൊള്ളുന്ന പ്രക്രിയയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഈ ഇരട്ട പ്രക്രിയ മനസ്സിലാക്കാതെ ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കാൻ കഴിയില്ല. കാരണം ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധത കേവലം മുസ്‌ലിം-ഹിന്ദു മതവിദ്വേഷത്തിന്റെ രൂപത്തിൽ മാത്രം പ്രവർത്തിക്കുന്നില്ല. അത് ജാതിയെയും സമുദായത്തെയും ദേശീയതയെയും സാമൂഹിക അധികാരത്തെയും പുനർസംഘടിപ്പിക്കുന്ന രാഷ്ട്രീയമാണ്.

ഹിന്ദുത്വത്തിന്റെ ശക്തി ഈ ഇരട്ട പ്രക്രിയയിലാണ്. മുസ്‌ലിംകളെതിരായ ഹിംസ, അപരത്വം എന്നിവ ഉപയോഗിച്ച് മറ്റു കീഴാള സമുദായങ്ങളെയും ഒരു പ്രത്യേക ദേശീയ-സമുദായിക ക്രമത്തിലേക്ക് പുനർവിന്യസിക്കുന്ന രാഷ്ട്രീയമാണ് ഹിന്ദുത്വം. അതുകൊണ്ട് ഹിന്ദുത്വത്തിന്റെ പ്രവർത്തനം മനസ്സിലാക്കണമെങ്കിൽ, അത് മുസ്‌ലിം വിരുദ്ധത മാത്രം ഉപയോഗിക്കുന്നുവെന്ന് പറയുന്നത് മതിയാകില്ല. അത് ജാതിയെയും സമുദായത്തെയും ഒരുമിച്ച് ഉപയോഗിക്കുന്നു. ഈ സാമൂഹിക വിദ്യയെ മനസ്സിലാക്കാതെ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള വിശകലനം പൂർണ്ണമാവില്ല.

ഹിന്ദുത്വം ഒരു രാഷ്ട്രീയ സമീപനം എന്നതിനൊപ്പം തന്നെ ഒരു സാമൂഹിക പുനർവിന്യാസ പദ്ധതിയാണ്. അത് ആര് ആരുടെ കൂടെ നിൽക്കണം, ആര് ആരെ ഭയപ്പെടണം, ആര് ആരുടെ മുന്നേറ്റത്തെ അസൂയപ്പെടണം, ആര് ആരുടെ രാഷ്ട്രീയ അവകാശത്തെ സംശയിക്കണം എന്നതെല്ലാം നിർമിക്കുന്നു. മുസ്‌ലിം വിരുദ്ധത ഇതിന്റെ കേന്ദ്രഘടകമാണ്. എന്നാൽ അത് ഒറ്റയ്ക്ക് പ്രവർത്തിക്കുന്നില്ല. അത് ജാതി അസമത്വം, കീഴാള സമുദായിക പ്രശ്നം എന്നിവയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

കേവല ഹിന്ദുത്വവിരുദ്ധതയുടെ പരിധികൾ

മുസ്‌ലിം വിരുദ്ധത എങ്ങനെയാണ് ജാതി, സമുദായം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നത് എന്ന ചോദ്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കേവല ഹിന്ദുത്വവിരുദ്ധത, ഹിന്ദുത്വത്തിന്റെ ആഴത്തിലുള്ള സാമൂഹിക സംഘാടന ശേഷിയെ തിരിച്ചറിയാതെ പോകുന്നു. ഹിന്ദുത്വം ഒരു ആശയത്തെ മാത്രം പ്രചരിപ്പിക്കുന്നില്ല. അത് പല സമൂഹങ്ങൾക്കിടയിലുള്ള അസ്വസ്ഥതകളെയും ഭയങ്ങളെയും പുനർസംഘടിപ്പിക്കുന്നു.

1990-കളിൽ ദലിത്-ബഹുജൻ പഠനങ്ങൾ ചൂണ്ടിക്കാണിച്ച ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെ ഓർക്കേണ്ടതാണ്. ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടം ഇന്ത്യയിൽ പലപ്പോഴും അഴിമതിവിരുദ്ധ പോരാട്ടമായി പരിഭാഷപ്പെട്ടു. ആദ്യനോട്ടത്തിൽ അഴിമതിവിരുദ്ധത പുരോഗമനപരമായി തോന്നാം. എന്നാൽ അത് ഏത് സാമൂഹിക പശ്ചാത്തലത്തിൽ, ആരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു എന്ന് നോക്കേണ്ടതുണ്ട്. 1990-കളിൽ ലാലു പ്രസാദ് യാദവ്, മായാവതി തുടങ്ങിയ ദളിത്-ബഹുജൻ രാഷ്ട്രീയ നേതാക്കൾ കീഴാള സമുദായങ്ങളുടെ അധികാരാവകാശങ്ങളെ ശക്തമായി ഉയർത്തിക്കൊണ്ടുവന്നു. ബി.എസ്.പി, എസ്.പി പോലുള്ള പാർട്ടികൾ സവർണ രാഷ്ട്രീയ ആധിപത്യത്തെ ചോദ്യം ചെയ്തു. എന്നാൽ ഇവരെ പലപ്പോഴും അഴിമതിയുടെ ഭാഷയിലൂടെ അപകീർത്തിപ്പെടുത്തി. അവരുടെ രാഷ്ട്രീയത്തെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിച്ചു. അവർ ഹിന്ദുത്വത്തെ ഫലപ്രദമായി തടഞ്ഞുനിർത്തിയിരുന്നുവെങ്കിലും, “അഴിമതി” എന്ന മുദ്ര അവരെ പുരോഗമന ഹിന്ദുത്വവിരുദ്ധതയുടെ “ക്വാളിറ്റി” ഇല്ലാത്തവരായി കാണിക്കാൻ ഉപയോഗിച്ചു.

2010-കളുടെ തുടക്കത്തിൽ അണ്ണാ ഹസാരെയെ മുന്നിൽ നിർത്തിയ അഴിമതിവിരുദ്ധ പ്രക്ഷോഭം ഇതിന്റെ ക്ലൈമാക്സായിരുന്നു. അന്ന് അഴിമതിവിരുദ്ധത സമ്പൂർണമായും ഒരു സവർണ ട്രോജൻ കുതിരയായി പ്രവർത്തിച്ചു. അഴിമതിവിരുദ്ധത വ്യാപകമായിത്തന്നെ നൈതികമായി ആകർഷകമായ മുദ്രാവാക്യമായി തോന്നിയെങ്കിലും, അതിന്റെ സാമൂഹിക-രാഷ്ട്രീയ ഫലം ഹിന്ദുത്വത്തിന് അധികാരത്തിലേക്കുള്ള വഴി തുറക്കുന്നതായിരുന്നു.

കോൺഗ്രസിനെതിരായ ജനവികാരത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അധികാരത്തിലേക്കുള്ള വഴിയായി മാറ്റാൻ ആ പ്രക്ഷോഭം സഹായിച്ചു. പിന്നീട് മാത്രമാണ് ജാതി, സമുദായം, അഴിമതിവിരുദ്ധത, ദേശസ്നേഹം, വികസനം, സുരക്ഷ, ന്യൂനപക്ഷവിരുദ്ധത എന്നിവയെല്ലാം ചേർന്നാണ് ഹിന്ദുത്വം പ്രവർത്തിച്ചതെന്ന് പലർക്കും വ്യക്തമായത്. അപ്പോഴേക്കും സമയം ധാരാളം പിന്നിട്ടിരുന്നു.

കേരളത്തിലെ ഹിന്ദുത്വവിരുദ്ധതയുടെ ഇരട്ട മാനദണ്ഡം

കേരളത്തിലും ഇതേ പ്രശ്നം മറ്റൊരു രൂപത്തിൽ കാണാം. കേരളത്തെക്കുറിച്ചുള്ള പുരോഗമന സ്വയംബോധം പലപ്പോഴും ഇസ്‌ലാമോഫോബിയയെ കേവല ഹിന്ദുത്വ പ്രശ്നമായി, മതേതരത്വത്തിനു പുറത്തുള്ള പ്രശ്നമായി മാത്രം കാണുന്നു. എന്നാൽ അതിലപ്പുറം പോയി കേരളത്തിലെ ഇസ്‌ലാമോഫോബിയ കൂടുതൽ സൂക്ഷ്മമായ സാമൂഹിക-സമുദായിക വഴികളിലൂടെയാണ് പ്രവർത്തിക്കുന്നത്.

കേരളത്തിലെ മതേതര രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഒരു പ്രത്യേക ഒഴിവുകഴിവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിൽ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും സംശയഭാഷകളും പല ഘട്ടങ്ങളിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൂടെ തന്നെ വന്നിട്ടുണ്ട്. എന്നാൽ അത്തരം പാർട്ടികൾക്ക് ഒരേസമയം മുസ്‌ലിം വിരുദ്ധ വിദ്വേഷ ഭാഷകൾ ഉപയോഗിക്കാനും മറ്റൊരേസമയം ഹിന്ദുത്വവിരുദ്ധരായി സ്വയം അവതരിപ്പിക്കാനും സാധിക്കുന്നു. രാഷ്ട്രീയ അധികാരവും മതേതര പ്രതിച്ഛായയും ഉള്ള പാർട്ടികൾക്ക് ഈ മടങ്ങിവരവ് എളുപ്പമാണ്.

ഉദാഹരണത്തിന്, ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിലോ മുന്നണിയിലോ പ്രവർത്തിക്കുന്ന നേതാക്കൾ ചില ഘട്ടങ്ങളിൽ ന്യൂനപക്ഷവിരുദ്ധമോ ഹിന്ദുത്വത്തിന് അനുകൂലമോ ആയ നിലപാടുകൾ എടുത്താലും, അവർക്ക് രാഷ്ട്രീയ അധികാരത്തിന്റെ ബലത്തിൽ മതേതരത്വത്തിലേക്ക് വേഗത്തിൽ മടങ്ങിവരാൻ കഴിയുന്നു. അവരുടെ മുൻകാല പ്രസ്താവനകൾ പലപ്പോഴും “രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗം,” “തിരഞ്ഞെടുപ്പ് ഭാഷ,” “തന്ത്രപരമായ നിലപാട്,” “അവരുടെ യഥാർത്ഥ നിലപാട് അതല്ല” എന്നിങ്ങനെ മൃദുവായി വായിക്കപ്പെടുന്നു. ഈ പാർട്ടികളൊന്നും തന്നെ എല്ലാ അധികാരവുമുള്ള സവർണ സമുദായവാദത്തെ വിമർശിക്കാൻ ഒരിക്കലും തയാറാവുകയുമില്ല.

പക്ഷേ കീഴാള സമുദായിക പ്രസ്ഥാനങ്ങൾക്ക് ഇതേ അവകാശം ലഭിക്കുന്നില്ല. അവർക്കൊരിക്കൽ ഹിന്ദുത്വ ബന്ധമോ ഹിന്ദുത്വത്തോട് തന്ത്രപരമായ സമീപനമോ ഉണ്ടായാൽ, പിന്നീട് അവർക്ക് മതേതര മുന്നണികളിലേക്കോ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിലേക്കോ എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നില്ല. കേരളത്തിലെ കീഴാള സാമൂഹിക-സമുദായിക രാഷ്ട്രീയത്തെപ്പറ്റിയുള്ള ഒരു പ്രത്യേക നിലപാടാണ് ഇത് കാണിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഘടന തന്നെ കീഴാള സമുദായങ്ങളെ ആവശ്യാനുസരണം ബഹിഷ്കരിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് വിദ്വേഷഭാഷയിൽ നിന്ന് മതേതര ഭാഷയിലേക്ക് എളുപ്പത്തിൽ മടങ്ങിവരാൻ കഴിയുമ്പോൾ, കീഴാള സമുദായിക പ്രസ്ഥാനങ്ങൾ ഒരിക്കൽ എടുത്ത തന്ത്രപരമായ തെറ്റിന്റെ പേരിൽ സ്ഥിരമായി പുറത്താക്കപ്പെടുന്നു. ഇതിലൂടെ മുഖ്യധാരാ മതേതരത്വം തന്നെ സവർണ-മധ്യവർഗ്ഗ രാഷ്ട്രീയത്തിന്റെ മാനദണ്ഡങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. ഇതാണ് ശ്രദ്ധിക്കേണ്ടത്. കേവല ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം എന്നു വിളിക്കപ്പെടുന്നത് ചിലപ്പോൾ കീഴാള രാഷ്ട്രീയങ്ങളുടെ സ്വതന്ത്ര അവകാശവാദങ്ങളെ സംശയത്തോടെ കാണുകയും, മുഖ്യധാരാ പാർട്ടികളുടെ വൈരുദ്ധ്യങ്ങളെ ക്ഷമിക്കുകയും ചെയ്യുന്നു.

സി. കെ. ജാനുവിന്റെ രാഷ്ട്രീയ സഞ്ചാരം

സി. കെ. ജാനുവിന്റെ രാഷ്ട്രീയ സഞ്ചാരം ഈ പ്രശ്നം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഉദാഹരണമാണ്. കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയ അവകാശവാദങ്ങളെ ഇടത്-വലത് മുന്നണികൾ മതിയായ ഗൗരവത്തോടെ അംഗീകരിച്ചിട്ടില്ല. ആദിവാസി ഭൂമി, ജീവിതം, സ്വയംഭരണം, സാമൂഹിക മാന്യത എന്നിവയുടെ ചോദ്യങ്ങൾ കേരളത്തിലെ മുഖ്യധാരാ മുന്നണി രാഷ്ട്രീയത്തിൽ ദീർഘകാലം അരികിലായിരുന്നു.

ഈ അവഗണനയുടെ പശ്ചാത്തലത്തിലാണ് സി. കെ. ജാനു ഒരു ഘട്ടത്തിൽ എൻ.ഡി.എയിലേക്ക് പോകുന്നത്. അതിനെ കേവലം “അവർ ഹിന്ദുത്വത്തിലേക്ക് പോയി” എന്ന ലളിതമായ നൈതിക വിധിയിൽ ഒതുക്കുന്നത് പ്രശ്നത്തെ മനസ്സിലാക്കുന്നതല്ല. എന്തുകൊണ്ടാണ് ആദിവാസി രാഷ്ട്രീയത്തിന് കേരളത്തിലെ പുരോഗമന മുന്നണികളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് എന്നതാണ് പ്രധാന ചോദ്യം.

പിന്നീട് അവർ യു.ഡി.എഫിന്റെ ഭാഗമാകാൻ തീരുമാനിച്ചപ്പോഴും അവർക്കും അവർ പ്രതിനിധീകരിക്കുന്ന ആദിവാസി രാഷ്ട്രീയത്തിനും അർഹമായ പ്രാധാന്യം ലഭിച്ചില്ല. ഇതിലൂടെ വ്യക്തമാകുന്നത്, ഹിന്ദുത്വത്തിനെതിരായ പോരാട്ടം ഒരു പൊതുവായ മതനിരപേക്ഷ മുന്നണി നിർമ്മാണം മാത്രമല്ല എന്നതാണ്. ആ പോരാട്ടം ഫലപ്രദമാകണമെങ്കിൽ ആദിവാസി, ദലിത്-ബഹുജൻ, പിന്നാക്ക സമുദായ, ന്യൂനപക്ഷ സമൂഹങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയ അവകാശവാദങ്ങളെ അംഗീകരിക്കണം.

ഇവിടെ സി. കെ. ജാനുവിന്റെ ഉദാഹരണം ഒരു വ്യക്തിയുടെ രാഷ്ട്രീയയാത്രയെ വിലയിരുത്താനുള്ളതല്ല. മറിച്ച്, കേരളത്തിലെ മതേതര-പുരോഗമന രാഷ്ട്രീയത്തിന്റെ ഘടനാപരമായ പരിമിതി മനസ്സിലാക്കാനുള്ളതാണ്. ആദിവാസി രാഷ്ട്രീയത്തിന് സ്വന്തം ആവശ്യങ്ങളോടും സ്വന്തം ഭാഷയോടും സ്വന്തം സംഘടനാ സ്വാതന്ത്ര്യത്തോടും കൂടി നിലനിൽക്കാനുള്ള സ്ഥലം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്രത്തോളം ലഭിച്ചിട്ടുണ്ട് എന്നതാണ് ചോദ്യം. ഈ ചോദ്യം ചോദിക്കാതെ, ഹിന്ദുത്വത്തിലേക്ക് പോയവർ എന്ന ലളിതമായ വിധി മാത്രം പറഞ്ഞാൽ, ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്ന സാമൂഹിക സാഹചര്യം മറയ്ക്കപ്പെടും.

ദേശീയതയും സാമൂഹിക സംഘാടനവും

ഇസ്‌ലാമോഫോബിയക്കെതിരായ നിലപാട് കീഴാള സമുദായവാദത്തെ വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ട്. “സമുദായം” എന്നത് ഇന്ത്യൻ സാഹചര്യത്തിൽ ചരിത്രപരമായി പുറത്താക്കപ്പെട്ട, അധികാരത്തിൽ നിന്ന് അകറ്റപ്പെട്ട, രാഷ്ട്രീയ പ്രതിനിധാനത്തിൽ കുറവുള്ള, സാമൂഹികമായി അപമാനിക്കപ്പെട്ട വിഭാഗങ്ങൾ സ്വയം സംഘടിപ്പിക്കുന്ന ഒരു ജനാധിപത്യ രൂപമാണ്. അതുകൊണ്ട് കീഴാള സമുദായങ്ങളുടെ സംഘടനാപരമായ അവകാശത്തെയും, രാഷ്ട്രീയ ആവശ്യങ്ങളെയും, പ്രതിനിധാന ആവശ്യങ്ങളെയും, ഹിന്ദുത്വത്തിന്റെ വിമർശന മാപിനി മാത്രം ഉപയോഗിച്ചു കാണുന്നത് പ്രശ്നകരമാണ്.

മുസ്‌ലിംകളും മറ്റു കീഴാള സമുദായങ്ങളും സ്വതന്ത്രമായി സംസാരിക്കാനും സംഘടിക്കാനും അവകാശങ്ങൾ ആവശ്യപ്പെടാനും പ്രതിനിധാനം തേടാനും അവകാശമുള്ളവരാണ് എന്ന അടിസ്ഥാന നിലപാട് നിർണായകമാണ്. ഇവിടെ പ്രധാനപ്പെട്ട വ്യത്യാസം തിരിച്ചറിയണം. ഭൂരിപക്ഷ സമുദായവാദം ദേശീയ അധികാരത്തിന്റെ പൊതുഭാഷയാണ്; കീഴാള സമുദായവാദം പലപ്പോഴും ജനാധിപത്യ അവകാശത്തിന്റെയും നിലനിൽപ്പിന്റെയും ഭാഷയാണ്. ഭൂരിപക്ഷ സമുദായവാദം ദേശീയതയായി മാറി രാഷ്ട്രത്തെയും പൊതുജീവിതത്തെയും ഏകപക്ഷീയമായി കൈവശപ്പെടുത്താൻ ശ്രമിക്കുന്നു; കീഴാള സമുദായവാദം പൊതുജീവിതത്തിൽ അംഗീകാരം, മാന്യത, പ്രതിനിധാനം എന്നിവ ആവശ്യപ്പെടുന്നു. അതുകൊണ്ട് എല്ലാത്തരം സമുദായ രാഷ്ട്രീയത്തെയും ഒരേ തൂക്കത്തിൽ അളക്കുന്നത് നീതിയല്ല. അതുകൊണ്ട് ഇസ്‌ലാമോഫോബിയക്കെതിരായ രാഷ്ട്രീയം, മുസ്‌ലിം വിരുദ്ധ വംശീയത എന്നത് ജാതി അധികാരവുമായി, ഭൂരിപക്ഷ ദേശീയതയുമായി, വിവിധതരം സാമുദായിക പുറന്തള്ളലുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് കാണിച്ചുതരുന്ന രാഷ്ട്രീയമാണ്. മുസ്‌ലിംകളുടെ സ്വയം സംഘാടനത്തിന്റെ നിഷേധമാണ് ഇൻഡ്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയെ നിർമിക്കുന്നതെന്ന സമീപനത്തിന്റെ തന്നെ തുടര്ച്ചയാണത്.