മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും പൊതുമണ്ഡലത്തിലേക്ക് തള്ളിവിടുകയും ചെയ്ത ദിവസങ്ങളായിരുന്നു അത്.
കെ. സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായേക്കുമെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് രൂപപ്പെട്ട ജനരോഷത്തെ മുസ്‌ലിം ‘തീവ്രവാദി’കളുടെയും ‘പൊളിറ്റിക്കൽ ഇസ്‌ലാമിസ്‌റ്റുകളുടെയും’ ‘ജിഹാദി’കളുടെയും ‘മതമൗലികവാദി’കളുടെ യും ‘ന്യൂനപക്ഷ പ്രീണന’ക്കാരുടെയും , ‘മതഭീകരവാദി’കളുടെയും അജണ്ടയായി ചിത്രീകരിച്ചു.
ഒരു മുസ്‌ലിം സംഘടനയും മുഖ്യമന്ത്രി ചർച്ചയിൽ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും സതീശനനുകൂലമായി രൂപപ്പെട്ട ജനവികാരത്തെ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സലഫികളുടെയും ലീഗിന്റെയും സമസ്‌തയുടെയും രഹസ്യ അജണ്ടയായി പ്രചരിപ്പിക്കാനും വരുത്തിത്തീര്‍ക്കാനും തീവ്രശ്രമങ്ങളുണ്ടായി.
ജന്മഭൂമി, ദേശാഭിമാനി, ജനയുഗം, മറുനാടന്‍ മലയാളി, തത്വമയി ന്യൂസ്, ജനം ടിവി തുടങ്ങിയ മാധ്യമങ്ങളാണ് പ്രചാരവേലയുടെ ഭാഗമായത്.
മാത്യു സാമുവേല്‍, എ ജയശങ്കർ, ഷാജൻ സ്‌കറിയ തുടങ്ങിയ സ്ഥിരം വിദ്വേഷ പ്രചാരകർ മുതൽ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്‍ അടക്കം വിദ്വേഷ പ്രസ്താവനകളുമായി കളം നിറഞ്ഞു. പതിവിൽ നിന്നു വിപരീതമായി ബിഗ് ടി.വിയിലെ വേണു ബാലകൃഷ്ണനും ഒപ്പം ചേർന്നു.
കെ. സുരേന്ദ്രന്‍, എസ്. സുരേഷ്, വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, എം. ടി. രമേശ്, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, പി. സി. ജോര്‍ജ്, തുടങ്ങിയ ബി.ജെ.പി നേതാക്കൾ ഇടതടവില്ലാതെ വിദ്വേഷ ഭാഷണങ്ങളിലേർപ്പെട്ടു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, എസ്ൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ സമുദായ നേതാക്കളും ചില കെ. എസ്. യു നേതാക്കളും രംഗത്തിറങ്ങി.
കൃത്യമായ ഇടവേളകളില്‍ മുസ്‌ലിം സംഘടനകളെ സംശയത്തിലാക്കാനും , സതീശനു പിന്നില്‍ മുസ്‌ലിം ലീഗും ഇതര മുസ്‌ലിം സംഘടനകളുമാണെന്ന പ്രതീതി സൃഷ്ടിക്കാനും നടന്ന സംഘടിത ശ്രമങ്ങളെ കാണാതെ പോകാനാവില്ല.
കേരളത്തെ പിടിച്ചുകുലുക്കിയ ഈ കാലയളവില്‍ പ്രചരിച്ച 25 ഇസ്‌ലാമോഫോബിക് പ്രസ്താവനകളുടെയും പ്രചാരണങ്ങളുടെയും രേഖാശേഖരമാണ് ചുവടെ:
പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, എം.എസ്.എഫ്: ദേശാഭിമാനി
“ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള വർഗീയ സംഘടനകളും ലീഗിലെ ഒരു വിഭാഗവും സതീശനായി കേരളത്തിലും ഡൽഹിയിലും പ്രകടനങ്ങളും മറ്റും ആസൂത്രിതമായി സംഘടിപ്പിച്ചത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനാണ് ഇത്തരം തെരുവുനാടകങ്ങളെന്ന് വേണുഗോപാൽ കൃത്യമായി രാഹുലിനെ ബോധ്യപ്പെടുത്തി. ഡൽഹിയിൽ എം.എസ്.എഫുകാർ പിന്തുണയറിയിച്ച് പരസ്യമായി രംഗത്തുവന്നതും സതീശനു തിരിച്ചടിയായി.”
(പിടിമുറുക്കി വേണുഗോപാൽ; സമവായ പ്രതീക്ഷയിൽ ചെന്നിത്തല, ദേശാഭിമാനി, 10 മെയ് 2026)
പിന്നിൽ എം.എസ്.എഫ്: ദേശാഭിമാനി
“കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള അടി രാജ്യതലസ്ഥാനത്തെത്തിയപ്പോൾ പക്ഷം പിടിച്ച് എം.എസ്.എഫ്. കേരള ഹൗസിലെത്തിയ സതീശനെ മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ പ്രവർത്തകരാണ് ഷാളണിയിച്ച് തോളിലേറ്റി കേരള ഹൗസിലെത്തിച്ചത്. കേക്കും മുറിച്ചു. എന്നാൽ പിന്നാലെയെത്തിയ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിനോട് ഭീഷണിപ്പെടുത്തി.”
(മുഖ്യമന്ത്രി തർക്കം: ഡൽഹിയിൽ പക്ഷംപിടിച്ച് എം.എസ്.എഫ്, ദേശാഭിമാനി, 10 മെയ് 2026)

ലീഗ് റാലികൾക്ക് പിന്നിൽ ലക്ഷ്യം മലപ്പുറം വിഭജനം: ജനം ടിവി
“വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ മലപ്പുറം വിഭജനമോ?. ലീഗ് റാലികൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണം.”
(10 മെയ് 2026, ജനം ടിവി വാർത്താ കാർഡ് )
പിന്നിൽ എസ്.ഡി.പി.ഐ, ലീഗ്, ജമാഅത്തെ ഇസ്‌ലാമി: ജന്മഭൂമി
“വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ മുസ്‌ലിം ലീഗിന്റെ കൈകളിലെ ഒരു പാവ മാത്രം ആയിരിക്കും…”
“യഥാർത്ഥ ഭരണം നടത്തുക ലീഗും, ജമാഅത്തെ ഇസ്‌ലാമിയും, എസ്.ഡി.പി.ഐയും ചേർന്ന് തന്നെ ആയിരിക്കും.”
“അടുത്ത 5 കൊല്ലം വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും…”
2026 മെയ് 10-ന് ജന്മഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ജനപിന്തുണയല്ല, മറിച്ച് “തീവ്ര മതസംഘടനകൾ” ആണെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. സതീശൻ മുഖ്യമന്ത്രിയായാൽ അദ്ദേഹം മുസ്‌ലിം ലീഗിന്റെ “പാവ” മാത്രമായിരിക്കും എന്നും, യഥാർത്ഥ ഭരണം മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവ ചേർന്നായിരിക്കും നടത്തുക എന്നും പോസ്റ്റ് ആരോപിക്കുന്നു. കൂടാതെ, “സതീശൻ മുഖ്യമന്ത്രി ആയാൽ കേരളം കത്തും” എന്ന പ്രചാരണ സ്വഭാവമുള്ള പ്രസ്താവനയും അതിൽ ഉണ്ട്.
(സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും; ചെന്നിത്തലയെ ഒതുക്കി, സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത്; ജിതിൻ ജേക്കബ്, ജന്മഭൂമി ഓൺലൈൻ, 10 മെയ് 2026)
പിന്നിൽ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ, കുഴി തോണ്ടി സതീശൻ : മറുനാടൻ മലയാളി
2026 മെയ് മാസത്തിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വീഡിയോയിൽ വി.ഡി. സതീശനെ ചുറ്റിപ്പറ്റിയ മുഖ്യമന്ത്രിപദ ചർച്ചയെ “പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ” എന്ന ഫ്രെയിമിലൂടെയാണ് ഷാജൻ സ്‌കറിയ അവതരിപ്പിക്കുന്നത്. “പിടിമുറുക്കി പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ” എന്ന തലക്കെട്ട് തന്നെ സതീശന്റെ രാഷ്ട്രീയ ഉയർച്ചയെയോ നേതൃത്വസാധ്യതയെയോ മുസ്‌ലിം സ്വാധീനവുമായി ബന്ധിപ്പിക്കുന്നു. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കോൺഗ്രസ്, യു.ഡി.എഫ് കേരളം എന്നീ രാഷ്ട്രീയ ടാഗുകളോടൊപ്പം ഈ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നു.
(“പിടിമുറുക്കി പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ… കുഴി തോണ്ടി സതീശൻ”, മറുനാടൻ മലയാളി, 10 മെയ് 2026)
പിന്നിൽ ലീഗും ജമാഅത്തെ ഇസ്‌ലാമിയും: കെ. സുരേന്ദ്രൻ
1. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയപ്പെടുന്നതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. ലീഗും ജമാഅത്തുമാണ് ഇപ്പോൾ കാണുന്ന ബഹളമെല്ലാം ഉണ്ടാക്കുന്നതെന്നും, ഇനി ആരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും അവർ ആദ്യം എത്തുക പാണക്കാട് തറവാട്ടിലായിരിക്കുമെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
( “കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്ന്: കെ. സുരേന്ദ്രൻ.” മീഡിയവൺ, 11 മെയ് 2026)
2. ഭരണം കോൺഗ്രസിന് റിമോട്ട് കൺട്രോൾ ലീഗിന്
ഭരണം കോൺഗ്രസിന് റിമോട്ട് കൺട്രോൾ ലീഗിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്‌ലാമിയെയും ലീഗിനെയും ഭയന്ന്: കെ സുരേന്ദ്രൻ
(12 മെയ് 2026 ജനം ടിവി വാർത്താ കാർഡ്)

കോൺഗ്രസിനെ ലീഗിന് പണയം വെച്ചോ എന്ന് ആത്മാഭിമാനമുള്ള കോൺഗ്രസുകാർ ആലോചിക്കണം: വി. മുരളീധരൻ
മുസ്‌ലിം ലീഗ് മുഖ്യമന്ത്രി ചർച്ചയിലിടപെട്ടതിനെതിരെ പ്രതികരിച്ച് വി. മുരളീധരൻ. എം.എൽ.എമാരുടെ അഭിപ്രായം അറിയാൻ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച രണ്ട് നിരീക്ഷകർ കേരളത്തിൽ വന്നപ്പോൾ അവർ ക്ഷണിക്കാതെ തന്നെ മുസ്‌ലിം ലീഗിന്റെ നേതൃത്വം അങ്ങോട്ട് ചെന്ന് അഭിപ്രായം പറഞ്ഞുവെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ്. കോൺഗ്രസിന്റെ നേതാവിനെയാണ് തീരുമാനിക്കുന്നത്. കോൺഗ്രസിന്റെ തീരുമാനം എടുക്കുന്നതിൽ മുസ്‌ലിം ലീഗ് ഇടപെടുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ആത്മാഭിമാനമുള്ള കോൺഗ്രസുകാർ അവരുടെ പാർട്ടിയെ മുസ്‌ലിം ലീഗിന് പണയം വെച്ചിരിക്കുകയാണോ എന്നുള്ളത് ആലോചിക്കണം. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
(12 മെയ് 2026, റിപ്പോർട്ടർ ലൈവ് യൂട്യൂബ് വീഡിയോ)
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എസ്. സുരേഷ്
“കേരളത്തില്‍ കോണ്‍ഗ്രസ് ആണെങ്കിലും മുസ്‌ലിം ലീഗ് ആണെങ്കിലും സി.പി.എം ആണെങ്കിലും ഇവിടെ അവര്‍ പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള തീവ്രവാദ, വിഘടനവാദ, വിദ്വംസക ശക്തികളുടെ അജണ്ടക്കനുസരിച്ചാണെന്നാരോപിച്ച് ബി.ജെ.പി നേതാവ് എസ്. സുരേഷ്. ഇപ്പോള്‍ അധികാരം കിട്ടിയതിനുശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും മുസ്‌ലിം ലീഗും കേരളത്തിന്റെ മുഖ്യമന്ത്രിയായി ആരാകണമെന്ന് പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. ഈ കേരളത്തില്‍ ആര് മുഖ്യമന്ത്രിയാകണം, എന്ത് നയം നടപ്പാക്കണം, ആരൊക്കെ മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് താലിബാന് സമാനമായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കുന്ന അതിഗുരുതരമായിട്ടുള്ള സാഹചര്യമാണ് ഉള്ളതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.”
(“കേരളത്തിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി”; എസ്. സുരേഷ്, റിപ്പോർട്ടർ ലൈവ്, 12 മെയ് 2026)
പിന്നിൽ മുസ്‌ലിം പൊളിറ്റിക്കൽ കവർ: മാത്യു സാമുവേൽ
മെയ് 12-ാം തീയതി പ്രസിദ്ധീകരിച്ച മാത്യു സാമുവേലിന്റെ വീഡിയോ മുഖ്യമന്ത്രി ചർച്ചകളിൽ സതീശനുവേണ്ടിയുണ്ടായ ജനപക്ഷ മുന്നേറ്റത്തെ മുസ്‌ലിംകളുടെ ഇടപെടലാക്കി മാത്രം ചുരുക്കുകയാണ്. കേരളം മിനി താലിബാനും പാകിസ്താനുമാവുമെന്നും മലയാളികൾ ആന്റി ഇന്ത്യൻ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും സാമുവേൽ പറയുന്നു. ഇക്കാര്യങ്ങളിലൊന്നും മുസ്‌ലിം ലീഗിന് ഉത്തരവാദിത്തം നിഷേധിക്കാനാവില്ലെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. എം.എം. അക്ബറിനെ പേരെടുത്ത് പറഞ്ഞ് സലഫിസം മുതൽ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവരെ പ്രത്യക്ഷാധികാരത്തിൽ കാണാൻ കഴിയില്ലെന്നും നിരീക്ഷിക്കുന്നു. മുസ്‌ലിം ലീഗിനെ പൊളിറ്റിക്കൽ കവറായി ഉപയോഗിക്കുകയാണവർ. വടക്കൻ മലബാറിൽ ഇതിനായി പ്രത്യേകം സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ട്. ഈരാറ്റുപേട്ട മിനി താലിബാനാണെന്ന് പറഞ്ഞതും ആ സംഭവത്തെ ആദ്യം മുഖ്യധാരയിലെത്തിച്ചതും താനാണെന്നും സാമുവേൽ ഊറ്റം കൊള്ളുന്നു.
(2026 മെയ് 12, “ലീഗിനെ ഒതുക്കി നിർത്തിയില്ല എങ്കിൽ കേരളത്തെ നശിപ്പിക്കും”, മാത്യു സാമുവേൽ ഒഫീഷ്യൽ , യൂട്യൂബ് ചാനൽ)
പേര് കണ്ടാൽ തിരിച്ചറിയാം: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ
പേര് കണ്ടാൽ തിരിച്ചറിയാം. തെരുവിലിറങ്ങിയ വി.ഡി. സതീശൻ അനുകൂലികൾക്കെതിരെ വിദ്വേഷപരാമർശവുമായി റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ.
(“പേര് കണ്ടാൽ …… വിദ്വേഷപരാമർശവുമായി റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ”, മക്തൂബ് മീഡിയ, 13 മെയ് 2026)

പി. മുജീബുറഹ്‌മാനും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമാണ് ഹൈക്കമാൻഡ്: കെ. സുരേന്ദ്രൻ
ജമാഅത്ത് അമീറായ പി. മുജീബുറഹ്‌മാന്റെയും മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ചിത്രം പങ്കുവെച്ച് “ഹൈക്കമാൻഡ്” എന്ന ക്യാപ്ഷനോടെയാണ് കെ. സുരേന്ദ്രന്റെ പോസ്റ്റ്.
(“ഹൈക്കമാൻഡ്”, ഫേസ്ബുക്ക് പോസ്റ്റ് , കെ. സുരേന്ദ്രൻ, 14 മെയ് 2026)
മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും ചേർന്ന്: രാജീവ് ചന്ദ്രശേഖർ
കേരളം അപകടത്തിലേക്ക്? കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും ചേർന്ന്: രാജീവ് ചന്ദ്രശേഖർ
(14 മെയ് 2026, കേരളകൗമുദി ഓൺലൈൻ വാർത്താ കാർഡ്)

കോൺഗ്രസിന്റെ ഹൈക്കമാൻഡ് മുസ്‌ലിം ലീഗ്: എം.ടി. രമേശ്
മുസ്‌ലിം ലീഗും പാണക്കാടുമാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡ്; ഒരിക്കൽ കൂടി അക്കാര്യം തെളിഞ്ഞു: എം.ടി. രമേശ്
(14 മെയ് 2026, ജനം ടി.വി വാർത്താ കാർഡ്)
ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാണ് ബാക്കിയുള്ളവർ: പി.സി. ജോർജ്ജ്
ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാടാ എം.എൽ.എമാരും, എസ്.എൻ.ഡി.പിയും, എൻ.എസ്.എസ്സും. ജനവികാരം മാനിച്ചാണെന്ന് വിശ്വസിക്കുന്ന പ്രബുദ്ധരോട്: കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഒന്നും ഹൈക്കമാൻഡ് ചെവി കൊടുക്കാത്ത ജനവികാരത്തിന് കേരളത്തിൽ മാത്രം ചെവി കൊടുത്തെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
(പി.സി. ജോർജ്ജ്, ഫേസ്ബുക്ക് പോസ്റ്റ്, 14 മെയ് 2026)
ജമാഅത്തിൻ്റെയും ലീഗിൻ്റെയും പിന്തുണയിൽ വി. ഡി. സതീശൻ നേടിയെടുത്ത സ്ഥാനങ്ങൾ: കെ എസ് യു സംസ്ഥാന സെക്രട്ടറി
ഹൈകമാൻഡിനെ സമ്മർദ്ദത്തിലാക്കി തീവ്രനിലപാടുകാരുടെയും ജമാഅത്തിൻ്റെയും ലീഗിൻ്റെയും പിന്തുണയിൽ വി. ഡി. സതീശൻ നേടിയെടുത്ത സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ: കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് ആൻ്റെണി
(ഡ്യൂൾ ന്യൂസ് വാര്ത്ത, 15 മെയ് 2026)
കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്: ബി.ജെ.പി കേരള ഘടകത്തിന്റെ ഇൻസ്റ്റഗ്രാം പേജ്
ബി.ജെ.പി കേരള ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരൊറ്റ ദിവസം വന്ന മൂന്ന് പോസ്റ്റുകളാണ് ചുവടെ. പാണക്കാടാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്ന് ആവർത്തിക്കുകയാണ് മൂന്നിലും. ലീഗിന്റെ ആവശ്യമായ മതജില്ല രൂപീകരണമടക്കമുള്ളവ നിറവേറണമെങ്കിൽ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരെ വേണമെന്നും അതിനാണ് ലീഗിന്റെ ഈ സമ്മർദ്ദനീക്കമെന്നും പോസ്റ്റിൽ പറയുന്നു. മുസ്‌ലിം ലീഗിനെ ഉന്നംവെച്ചുള്ള ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തിന്റെ ഭാഗമായി വേണം ഇതിനെ മനസ്സിലാക്കാൻ.

1. പാണക്കാട് പവർ: സ്വാദിഖ് അലി ശിഹാബ് തങ്ങൾ വി.ഡി. സതീശന്റെ ഒരു കൈയുയർത്തി പ്രഖ്യാപിക്കുന്ന എ.ഐ ചിത്രത്തിനൊപ്പം പങ്കുവെച്ചത്.
2. അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും. കെ.എം. ഷാജി പ്രസംഗിച്ചതുപോലെ എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് കാണാം…
3. അടുത്ത 5 വർഷം കേരളം മുസ്‌ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായം വി.ഡി. സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്‌ലിം ലീഗിന്റെ സമ്മർദ്ദം ഒന്നുമാത്രമാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു “മതജില്ല” അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്; അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്.
(14 മെയ് 2026, ബി.ജെ.പി കേരളം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം)
മുസ്‌ലിം ലീഗും മറ്റ് ഘടകകക്ഷികളും എന്തിന് ഇടപെടണം? ജി. സുകുമാരൻ നായർ
“മുസ്‌ലിം ലീഗും മറ്റ് ഘടകകക്ഷികളും ഇടപെടുന്നത് കൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വഴിമുട്ടുന്നത്… തങ്ങൾ പറയുന്നവരെ മുഖ്യമന്ത്രിയാക്കിയാൽ അവരെ തങ്ങളുടെ അധീനതയിൽ എല്ലാം വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.”
“കോൺഗ്രസിന് വേണ്ടി മാറ്റിവെച്ച മുഖ്യമന്ത്രി സ്ഥാനത്തിന് ഘടകകക്ഷികൾ ഇടപെടാൻ പാടില്ലായിരുന്നു. ഇതെല്ലാം കണക്കുകൂട്ടി നോക്കുമ്പോൾ ഇതിൽ ഒരുപാട് ദുരൂഹതയുണ്ട്…”
2026 മെയ് 14-ന് ജന്മഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗിന്റെ ഇടപെടലുകളെ ജി. സുകുമാരൻ നായർ വിമർശിക്കുന്നു. തങ്ങൾ പറയുന്നയാളെ മുഖ്യമന്ത്രിയാക്കി ഭരണം അധീനതയിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയ “ദുരൂഹത” ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
(“കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ എന്തിന് ഇടപെടണം? ജി. സുകുമാരൻ നായർ”, ജന്മഭൂമി ഓൺലൈൻ, 14 മെയ് 2026)

കേരളം മുസ്‌ലിം തീവ്രവാദികളുടെ ഭരണത്തിലേക്ക്; സതീശനെ നിശ്ചയിച്ചത് ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പുകൾ: കെ.എസ്. രാധാകൃഷ്ണൻ
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് നിയമിച്ചതിന് പിന്നാലെ വിദ്വേഷ പരാമർശവുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഇങ്ങനെയൊരനുഭവം മുൻകാലത്തില്ലായിരുന്നുവെന്നും സ്ഥാനാർഥി നിർണയത്തിൽ ഇടപെടാൻ ശ്രമിച്ച സഭയോട് അത് കോൺഗ്രസിന്റെ പണിയാണെന്ന് പറഞ്ഞ കരുണാകരന്റെ പാർട്ടി ഇസ്‌ലാമിക തീവ്രവാദികൾക്ക് കീഴടങ്ങിയെന്നും രാധാകൃഷ്ണൻ എഴുതി. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:
“മുസ്‌ലിം ലീഗ് വിജയിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി. കേരള ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചു. സതീശൻ മുഖ്യമന്ത്രിയാകണം എന്നത് ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. കെ.വി. തോമസ് മാഷിനെ പാർലമെന്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ലത്തീൻ സഭയുടെ സ്ഥാനാർഥി ബാരിസ്റ്റർ സേവ്യർ അറക്കലായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാൻ അക്കാര്യം കരുണാകരനോട് നേരിട്ടു പറഞ്ഞു. അതിന് കരുണാകരൻ ഇങ്ങനെ മറുപടി പറഞ്ഞു: “കോൺഗ്രസിന്റെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, സഭയല്ല.” ഇന്നാകട്ടെ കോൺഗ്രസിലെ എം.എൽ.എമാർക്ക് പോലും അവരുടെ നേതാവിനെ നിശ്ചയിക്കാൻ അവകാശമില്ല. മൊത്തമുള്ള 63 എം.എൽ.എമാരിൽ മഹാഭൂരിപക്ഷം പേരും സതീശന് എതിരാണ്. എന്നാൽ എം.എൽ.എമാരുടെ ഭൂരിപക്ഷമല്ല ബഹുജനാഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്ന വാദം മുസ്‌ലിം ഗ്രൂപ്പുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ജയിച്ച എം.എൽ.എമാരേക്കാൾ അവകാശം ബഹുജനാഭിപ്രായത്തിനാണ് എന്ന പ്രചാരണം മാപ്രകളും ഏറ്റെടുത്തു. പണം കൊടുത്താൽ എന്ത് ഹീനകൃത്യവും ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് മുഖ്യധാരാ മാധ്യമങ്ങൾ എന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്.
ഇനി കേരളം മുസ്‌ലിം തീവ്രവാദികളുടെ ഭരണത്തിലായിരിക്കും. മുസ്‌ലിം തീവ്രവാദികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകിയ ഒരേ ഒരു നേതാവ് സതീശനാണ്. ആ സതീശന്റെ ഭരണം എന്നാൽ മുസ്‌ലിം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം.”
(ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഫേസ്ബുക്ക് പോസ്റ്റ്, 14 മെയ് 2026)
പിന്നിൽ ലീഗ്-സതീശൻ സമവാക്യം; കോൺഗ്രസ് കീഴടങ്ങി: വേണു ബാലകൃഷ്ണൻ

“വി.ഡി. സതീശനും സാദിഖലി തങ്ങളും ടീം യു.ഡി.എഫ് എന്നു പറഞ്ഞു. അത് വളരെ തന്ത്രപരമാണ്. അതിൽ വീഴരുത്. ഈ തീരുമാനം വന്ന ശേഷം വി.ഡി. സതീശൻ ആദ്യം വിളിക്കുന്നത് ടീം യു.ഡി.എഫിലെ എല്ലാവരെയുമല്ല, സാദിഖലി തങ്ങളെയാണ്…”
ബിഗ് ടി.വി ചാനൽ ചർച്ചയിൽ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് തീരുമാനത്തെ മുസ്‌ലിം ലീഗിന് മുന്നിലുള്ള കീഴടങ്ങലായി ചിത്രീകരിക്കുന്നു. “ടീം യു.ഡി.എഫ്” എന്ന പ്രയോഗം വെറും തന്ത്രപരമായ മറ മാത്രമാണെന്നും യഥാർത്ഥത്തിൽ ഇത് ലീഗ്-സതീശൻ സമവാക്യത്തിന്റെ വിജയമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
(“തീരുമാനം വന്ന ശേഷം വി.ഡി. സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെ …… കോൺഗ്രസ് ലീഗിന് കീഴടങ്ങി”, വേണു ബാലകൃഷ്ണൻ, ദർശന ടി.വി ന്യൂസ് കാർഡ്, 15 മെയ് 2026)
സതീശൻ ലീഗിന്റെയും ജമാഅത്തിന്റെയും നോമിനി: എ. ജയശങ്കർ
“വി.ഡി. സതീശൻ മുസ്‌ലിം ലീഗിന്റെ നോമിനിയാണ്. മുസ്‌ലിം ലീഗിന്റെ മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയുടെയും നോമിനിയാണ്. അവർ മുസ്‌ലിം ലീഗിനെ കൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിനെ അട്ടിമറിച്ച്, എം.എൽ.എമാർക്ക് ആർക്കും കണ്ടുകൂടാത്ത, ജനപ്രതിനിധികൾക്ക് തീരെ സ്വീകാര്യനല്ലാത്ത സതീശനെ മുഖ്യമന്ത്രിയാക്കി.”
(16 മെയ് 2026, “ഇതിൽ തമാശയില്ല”, ആക്‌സ് ന്യൂസ്)
നീക്കം ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച്: ജനം ടിവി
മുസ്‌ലിം ലീഗ് വി.ഡി. സതീശനു നൽകിയെന്ന് പറയപ്പെടുന്ന പിന്തുണയെക്കുറിച്ച് ജന്മഭൂമി വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: “ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ അജണ്ടകൾ നടപ്പാക്കാൻ ലീഗ് നീക്കം.”
ജനം ടിവി വാർത്ത:
“ന്യൂനപക്ഷ അജണ്ടകൾ നടപ്പിലാക്കാൻ യു.ഡി.എഫ് മന്ത്രിസഭയിൽ സമ്മർദ്ദം ശക്തമാക്കാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. മതമൗലികവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് മന്ത്രിസഭയിൽ സമ്മർദ്ദം ശക്തമാക്കുക. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പകരം കെ.സി. വേണുഗോപാലിനെ പിന്തുണച്ച കോൺഗ്രസ് എം.എൽ.എമാരെ ബഹിഷ്കരിക്കാനും ലീഗിന്റെ നീക്കം. ശിവദാസ് കർമനം ചേരുകയാണ് . വിശദാംശങ്ങളുമായി ശിവദാസ് ഇവിടെ.
വി.ഡി. സതീശനെ മുഖ്യമന്ത്രിപദത്തിൽ അവരോധിക്കണമെന്ന് ഏറ്റവും കൂടുതൽ വാശിപിടിക്കുന്നത് മുസ്‌ലിം ലീഗാണ്. പക്ഷേ മുസ്‌ലിം ലീഗിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ട്, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളുണ്ട്. അവരാണ് മുസ്‌ലിം ലീഗിനെ കൊണ്ട് ഇത്തരത്തിലുള്ള സമ്മർദ്ദം ചെലുത്തുന്നത് എന്നുള്ള വിമർശനമുണ്ട്. ആ വിമർശനം സാധൂകരിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനായാലും കെ.സി. ആയാലും ചെന്നിത്തലയായാലും അതിനുശേഷവും മന്ത്രിസഭയിൽ തങ്ങളുടെ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ പുതിയ തീരുമാനവും, അല്ലേ?
തീർച്ചയായും അങ്ങനെ തന്നെയാണ്. ഇനി വരുന്ന യു.ഡി.എഫ് മന്ത്രിസഭയിൽ തങ്ങളുടെ സമ്മർദ്ദം ശക്തമാക്കുക എന്നുള്ള ലക്ഷ്യം തന്നെയാണ് മുസ്‌ലിം ലീഗിനുള്ളത്. അതിന്റെ ചരടുവലികൾ അവർ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവർ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ നേരത്തെ തന്നെ അനുകൂലിച്ചിരുന്നതും. അതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. നിലവിൽ കേരളത്തിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി അവസാനിപ്പിക്കണം എന്നും പറഞ്ഞിരുന്നു.
അതായത് കൃത്യമായി തന്നെ മുസ്‌ലിം ലീഗിന് അജണ്ടയുണ്ട്. ന്യൂനപക്ഷ പ്രീണനത്തിൽ ഊന്നിയുള്ള അജണ്ട തന്നെയാണ്. ന്യൂനപക്ഷ വികസനം ലക്ഷ്യമാക്കുക എന്നുള്ള കൃത്യമായ അജണ്ട തന്നെയാണ് മുസ്‌ലിം ലീഗിനുള്ളത്. അതായത് അതിനു പിന്നിൽ മതമൗലികവാദ ശക്തികളുടെ, മതമൗലികവാദ സംഘടനകളുടെ ഒരു പിന്തുണയും അവർക്കുണ്ട്. പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ, മതഭീകരവാദ-തീവ്രവാദ സംഘടനകളുടെ പിൻബലം കൂടി അവർക്കുണ്ട് എന്നുള്ളതാണ്. അതിന് നേതൃത്വം നൽകുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നത്.
കാരണം ജമാഅത്തെ ഇസ്‌ലാമിക്കോ എസ്.ഡി.പി.ഐക്കോ നിലവിൽ ഒരു ജനപ്രതിനിധി ഇല്ല, എം.എൽ.എ ഇല്ല. അതുകൊണ്ടുതന്നെ മുസ്‌ലിം ലീഗിനെ കൂട്ടുപിടിച്ച്, അതിന്റെ നേതൃസ്ഥാനത്ത് മുസ്‌ലിം ലീഗിനെ അവരോധിച്ചുകൊണ്ട്, ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി അവകാശങ്ങൾ, അവരുടെ അവകാശങ്ങൾ വാദിക്കുന്നതിനും സ്ഥാപിക്കുന്നതിനും വേണ്ടി ഇടപെടുന്നതിനു വേണ്ടി അവർ മുസ്‌ലിം ലീഗിനെ നേതൃത്വസ്ഥാനത്ത് കാണുന്നു. അത്തരത്തിലുള്ള ഇടപെടലുകൾ മുസ്‌ലിം ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു.
അത്തരത്തിലുള്ള ഒരു സമ്മർദ്ദശക്തിയായി യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ ഒരു തർക്കവുമില്ല. കാരണം മുൻകാല ചരിത്രം അങ്ങനെയാണ്. യു.ഡി.എഫ് മന്ത്രിസഭയിൽ അത്തരത്തിൽ മുസ്‌ലിം ലീഗ് എപ്പോഴും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയിട്ടുള്ള ഒരു സമ്മർദ്ദശക്തിയായി ഉണ്ട്.
അതായത് ശിവദാസ്, വിദ്യാഭ്യാസം അടക്കം, വ്യവസായം അടക്കം, തദ്ദേശവകുപ്പ് അടക്കം നിർണായകമായ സ്ഥാനങ്ങൾ വേണമെന്നുള്ള ഒരു കാർക്കശ്യത്തിലേക്ക് ലീഗ് നേതൃത്വം വരും ദിവസങ്ങളിൽ നീങ്ങുമെന്ന അർത്ഥമല്ലേ?
തീർച്ചയായും അങ്ങനെ തന്നെയാണ്. കാരണം ഈ യു.ഡി.എഫ് മന്ത്രിസഭയിലെ ഏറ്റവും നിർണായകമായ വകുപ്പുകൾ കൈക്കലാക്കാനുള്ള ഒരു നീക്കം തന്നെയാണ് മുസ്‌ലിം ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മുൻപും അങ്ങനെ തന്നെ ഉണ്ടായിരുന്നു. മുൻപ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിട്ടുണ്ട്. പി.കെ. ബഷീർ, അതുപോലെതന്നെ ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ള ആളുകൾ, പി.കെ. അബ്ദുറബ് അടക്കമുള്ള ആളുകൾ വിദ്യാഭ്യാസ മന്ത്രി ആയിട്ടുണ്ട്. എം.കെ. മുനീർ തദ്ദേശ വകുപ്പ് മന്ത്രി ആയിട്ടുണ്ട്.
ഇത്തവണയും അത്തരത്തിൽ നിർണായക സ്വാധീനമുള്ള വകുപ്പുകൾ ഏറ്റെടുക്കുക എന്നുള്ള ഒരു ലക്ഷ്യം തന്നെയാണ് മുസ്‌ലിം ലീഗിനുള്ളത്. അതിനർത്ഥം കൃത്യമായി തന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വകുപ്പുകൾ ഏറ്റെടുത്ത് ജനകീയ വിഷയങ്ങളിൽ ഇടപെടുക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായിട്ടുള്ള കാര്യങ്ങൾ ചെയ്യുക. അത്തരത്തിലുള്ള ഇടപെടലുകൾ നടത്തുക എന്നുള്ള കൃത്യമായ അജണ്ടയും ലക്ഷ്യവും മുസ്‌ലിം ലീഗിനുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമ്മർദ്ദമാണ് ഇപ്പോൾ ലീഗ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് ഇപ്പോൾ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കോൺഗ്രസ് എം.എൽ.എമാരെ മുസ്‌ലിം ലീഗ് ബഹിഷ്കരിക്കും എന്ന് പറയുന്നു. ഇതൊക്കെ തന്നെ ഇത്തരത്തിലുള്ള ഒരു സമ്മർദ്ദതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കുക എന്ന് ലീഗ് പറയുന്നുണ്ട്. അത്തരത്തിലുള്ള ആവശ്യവുമായി മുന്നോട്ടു വരുന്നുണ്ട്. കെ.സി. വേണുഗോപാലിന് എതിരായി നിൽക്കുന്നു. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കോൺഗ്രസ് എം.എൽ.എമാരെ ബഹിഷ്കരിക്കും എന്ന് പറയുന്നു.
അപ്പോൾ ഇപ്പോൾ തന്നെ മുസ്‌ലിം ലീഗ് ചരടുവലി ആരംഭിക്കുക എന്നത് മാത്രമല്ല, കൃത്യമായി തന്നെ അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ സമ്മർദ്ദതന്ത്രങ്ങളാണ് ഇപ്പോൾ മുസ്‌ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് മുസ്‌ലിം ലീഗിന് മുസ്‌ലിം സംഘടനകളുടെ, സമസ്ത പോലുള്ള സംഘടനകളുടെ, മതമൗലികവാദ സംഘടനകളുടെ ഒക്കെ തന്നെ കൂട്ടും ഉണ്ട്. ഇപ്പോൾ തന്നെ യു.ഡി.എഫിനുള്ളിൽ അവരുടെ സമ്മർദ്ദം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് ലീഗ് ചെയ്തുകൊണ്ടിരിക്കുന്നത്.
മന്ത്രിസഭയിലും പിടിമുറുക്കാൻ ലീഗിന്റെ ആസൂത്രിത നീക്കം. ശിവദാസ് കർമനമാണ് കോഴിക്കോട് നിന്നും വിവരങ്ങൾ നൽകിയത്.”
(“ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ അജണ്ടകൾ നടപ്പാക്കാൻ ലീഗ് നീക്കം”, ജനം ടിവി, 12 മെയ് 2026)

സതീശൻ ജിഹാദി ബിനാമിയോ ? തത്വമയി ടിവി
സതീശൻ ഊതിവീർപ്പിച്ച ബലൂണാണെന്നു തത്വമയി ന്യൂസ് അവതരണം. തല്പരകക്ഷികളാണ് അദ്ദേഹത്തിനു പിന്നില്ലെന്നും പറഞ്ഞു. ഒപ്പം നൽകിയ തലക്കെട്ടാണ്: “സതീശൻ ജിഹാദി ബിനാമിയോ ?”

( സതീശൻ ജിഹാദി ബിനാമി യോ ? തത്വമയി ടിവി ന്യൂസ്, 10 മെയ് 2026)
ലീഗിന്റെ ഉപമുഖ്യമന്ത്രി പദവിക്ക് പിന്നിൽ വി ഡി സതീശൻ: ജനയുഗം
സതീശനു പിന്നിൽ മുസ്‌ലിം സംഘടനകൾ എന്ന പ്രചാരണത്തിനൊപ്പം ജനയുഗം ഓൺലൈൻ നൽകിയ വാർത്തയുടെ തലക്കെട്ടാണ് മുകളിൽ

( ലീഗിന്റെ ഉപമുഖ്യമന്ത്രി പദവിക്ക് പിന്നിൽ വി ഡി സതീശൻ, ജനയുഗം, 6 മെയ് 2026)
സതീശൻ ലീഗ് വക്താവിനെപ്പോലെ: വെള്ളാപ്പള്ളി നടേശൻ
“ആലപ്പുഴയിൽ നിന്നൊരാൾ മുഖ്യമന്ത്രിയായാൽ വലിയ സന്തോഷമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ അതിന് കെൽപ്പുള്ള എത്രയോ കരുത്തരായ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുസ്‌ലിം ലീഗിന്റെ വക്താവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ലീഗ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളിൽ ലീഗ് നേരത്തെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

(“ലീഗ് ചാടിക്കളിക്കാൻ പറഞ്ഞാൽ സതീശൻ അനുസരിക്കും; വിമർശനവുമായി വെള്ളാപ്പള്ളി,” ഇന്ത്യാ ടുഡേ, 9 മെയ് 2026)