Data Brief Islamophobia Studies Kerala Islamophobia

എംഎല്‍എമാര്‍, മന്ത്രിമാര്‍: മുസ്‌ലിം പ്രാതിനിധ്യക്കുറവ് കേരള നിയമസഭയില്‍ (1957-2031)

2011 സെൻസസ് പ്രകാരം മുസ്‌ലിംകൾക്ക് (26.56 %) ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട എംഎൽഎമാരുടെ എണ്ണം 37 ആണ്. കേരളത്തിൽ ഏറ്റവുമധികം മുസ്‌ലിംകൾ ഉള്ള നിയമസഭയാണ് ഇത്: 35.

1957-2026 വരെയുള്ള കേരള നിയമസഭകളില്‍ ഇതുവരെ 2307 എംഎൽഎമാരാണ്. അതിൽ മുസ്‌ലിംകൾ 423 പേരാണ്. ആകെ വേണ്ടിയിരുന്നത് 510 പേരാണ്. 87 പേരുടെ കുറവ്.

കേരളത്തിൽ (1957-2026) ഇതുവരെ ആകെ മന്ത്രിമാർ 394 പേരാണ്. അതിൽ മുസ്‌ലിംകൾ 67 . വേണ്ടിയിരുന്നത് 87 പേരാണ്. ആകെ 20 പേരുടെ കുറവ്. 23 ശതമാനം കുറവ്. അത് നികത്താൻ 2026-2031 മന്ത്രിസഭയിൽ 8 മന്ത്രിമാർ വരെയാവാം. ഒരു മുസ്‌ലിം സ്ത്രീയും ഇതുവരെ മന്ത്രിയായിട്ടില്ല. അതും പരിഗണിക്കേണ്ടതാണ്.

 

യാഥാര്‍ത്ഥ്യം ഇതാണെങ്കിലും കേരളത്തില്‍ മുസ്‌ലിംകള്‍ അധികാരത്തില്‍ വന്നാല്‍ തകര്‍ന്നു പോകുന്ന ”സാമുദായിക സന്തുലന”ത്തെക്കുറിച്ചാണ് പലര്‍ക്കും ആശങ്ക. ”സാമുദായിക സമവാക്യ”ങ്ങളെക്കുറിച്ചുള്ള “കലാപ” ഭീതികളും പ്രചരിക്കുക പതിവാണ്.

2026-2031 കേരള നിയമസഭ: സമുദായ പ്രാതിനിധ്യം

ഈ ഭാഷാനിര്‍മിതിയിലും വ്യവഹാര ഹിംസയിലും ഹിന്ദുത്വ മാധ്യമങ്ങള്‍ മാത്രമല്ല പങ്കെടുക്കാറുള്ളത്. മറ്റു മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതില്‍ പങ്കാളികളാണ്. മുസ് ലിംകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഇതേ മാധ്യമങ്ങളോ മതേതര/ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളോ ഭരണതലത്തില്‍ അമിത പ്രാതിനിധ്യം കൈവശം വയ്ക്കുന്ന സവര്‍ണ ജാതി / സമുദായ വിഭാഗങ്ങളെക്കുറിച്ച് ഇത്തരം ഭാഷാപ്രയോഗങ്ങളൊന്നും നടത്താറില്ല.

പ്രചാരണങ്ങള്‍

മുസ് ലിം പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് കേരളീയ പൊതുസമൂഹത്തില്‍ പ്രചരിക്കുന്ന ഏതാനും ചില വിദ്വേഷപരാമര്‍ശങ്ങള്‍ മാതൃകയായി താഴെ നല്‍കുന്നു:

സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണമെന്ന് മുസ്‌ലിം ലീഗ് തീരുമാനിക്കേണ്ടതില്ല. അത് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാര്‍ട്ടിയിലെ നേതാക്കളും പാര്‍ലമെന്ററി പാര്‍ട്ടിയുമാണ്: വെള്ളാപ്പള്ളി നടേശന്‍.
(മലയാള മനോരമ, 30 ഏപ്രില്‍ 2026).

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ലീഗല്ല പറയേണ്ടത്, പെട്ടി പൊട്ടിച്ചാല്‍ അവര്‍ മുഖ്യമന്ത്രി സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ ആവശ്യപ്പെടും. കെ എം ഷാജി ആഭ്യന്തരം ഭരിക്കും. ലീഗ് ഭരിച്ചാല്‍ മാറാട് ആവര്‍ത്തിക്കും: വെള്ളാപ്പള്ളി നടേശന്‍.
(ഏഷ്യാനെറ്റ്, 30 ഏപ്രില്‍ 2026)

കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഡീല്‍; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗിന് ഉപമുഖ്യമന്ത്രി അടക്കം ആറ് മന്ത്രിമാരുണ്ടാകും: രാജീവ് ചന്ദ്രശേഖര്‍. (ന്യൂസ് 24, 6 ഏപ്രില്‍ 2026)

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ സൂചനകള്‍ പുറത്തുവന്നതോടെ മുസ്‌ലിം ലീഗ് ക്യാമ്പുകളില്‍ വലിയ ആവേശമാണ്. ഭരണം ഉറപ്പിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ മന്ത്രിസ്ഥാന ചര്‍ച്ചകളും സജീവമായി. അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസം, തദ്ദേശം, പൊതുമരാമത്ത്, വ്യവസായം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകള്‍ക്കായാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ സാമുദായിക സന്തുലനാവസ്ഥ തകരുമോ എന്നതാണ് ആശങ്ക. (ന്യൂസ് കേരള മലയാളം, 3 മെയ് 2026).

എക്‌സിറ്റ് പോളുകളിനു പിന്നാലെ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും ചര്‍ച്ചയാകുന്നു. സാമുദായിക സമവാക്യങ്ങളില്‍ ആശങ്ക: റിപോര്‍ട്ടര്‍ വാര്‍ത്ത. (ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും ചര്‍ച്ചയാകുന്നു, റിപോര്‍ട്ടര്‍, 2 മെയ്, 2026).

ലീഗ് അധികാരത്തില്‍ വന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉപയോഗിക്കുന്ന പ്രത്യേക പദമാണ് സാമുദായിക സന്തുലനം. 2012-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും കെ മുരളീധരനും അഞ്ചാം മന്ത്രി വിഷയത്തില്‍ സാമുദായിക സന്തുലനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോഴും ആ ചര്‍ച്ച വീണ്ടും സജീവമാണ്: മാധ്യമം (മാധ്യമം, 5 ഏപ്രില്‍ 2012).

മുസ്‌ലിം ലീഗില്‍ അഞ്ചാം മന്ത്രിയുണ്ടാകുമോ എന്ന് ആശങ്ക; അഞ്ച് പേരുടെ പേര് പരിഗണനയില്‍: റിപ്പോര്‍ട്ടര്‍ വാർത്ത (റിപ്പോര്‍ട്ടര്‍, 2 മെയ്, 2026).

മുസ്‌ലിം  എംഎല്‍എമാരുടെ  പ്രാതിനിധ്യം: വിശകലനം 

1957-ല്‍ 11 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു; അതില്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരും സി.പി.ഐയില്‍ നിന്ന് രണ്ട് പേരും, ഏഴ് പേര്‍ സ്വതന്ത്രരുമായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

1960-ലെ തിരഞ്ഞെടുപ്പില്‍ 16 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു; അതില്‍ 10 പേര്‍ മുസ്‌ലിം ലീഗില്‍ നിന്നുമായിരുന്നു, അഞ്ച് പേര്‍ കോണ്‍ഗ്രസിലും ഒരാള്‍ സി.പി.ഐയിലുമായിരുന്നു. 1957-ലെ 45 ശതമാനമായിരുന്ന പ്രതിനിധിത്വ കുറവ് 1960-ല്‍ 20 ശതമാനമായി കുറഞ്ഞു.

1980-ല്‍ 27 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ കുറവ് പൂര്‍ണ്ണമായും ഇല്ലാതായി (ശൂന്യമായി). എന്നാല്‍ 1982 മുതല്‍ ഈ കുറവ് വീണ്ടും ഉയരാന്‍ തുടങ്ങി, 2001-ലും 2006-ലും ഇത് ഏകദേശം 26 ശതമാനത്തിലെത്തി.

2006-ല്‍ 26 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ഏഴ് പേര്‍ മുസ്‌ലിം ലീഗില്‍ നിന്നുമായിരുന്നു, അഞ്ച് പേര്‍ കോണ്‍ഗ്രസിലും, ഒമ്പത് പേര്‍ സിപിഎമ്മിലും, ഓരോരുത്തര്‍ വീതം ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐഎന്‍എല്‍)ല്‍നിന്നും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടില്‍നിന്നുമായിരുന്നു. മൂന്ന് പേര്‍ സ്വതന്ത്രരുമായിരുന്നു. റണ്ണര്‍-അപ്പ് ആയി 24 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ എത്തിയിരുന്നു; അതില്‍ 11 പേര്‍ ഇന്ത്യന്‍ നാഷണല്‍ ലീഗില്‍നിന്നുമായിരുന്നു. നാല് പേര്‍ കോണ്‍ഗ്രസിലും, മൂന്ന് പേര്‍ സിപിഐയിലും ഓരോരുത്തര്‍ വീതം സിപിഎം, മുസ്‌ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എംഎല്‍കെഎസ്‌സി), ഐഎന്‍എല്‍, ജനതാദള്‍(സെക്കുലര്‍)(ജെഡിഎസ്), ഡെമോക്രാറ്റിക് കോണ്‍ഗ്രസ്(ഡിഐസി) എന്നിവയില്‍ നിന്നുമായിരുന്നു, ഒരാള്‍ സ്വതന്ത്രനുമായിരുന്നു.

2011-ല്‍ 34 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ 19 പേര്‍ മുസ് ലിംലീഗിലും ആറു പേര്‍ കോണ്‍ഗ്രസിലും ആറു പേര്‍ സിപിഎമ്മിലും ഒരാള്‍ ആര്‍എസ്പിയിലും, രണ്ട് പേര്‍ സ്വതന്ത്രരുമായിരുന്നു. 22 സ്ഥാനാര്‍ത്ഥികള്‍ റണ്ണര്‍-അപ്പ് ആയി; ഇവരില്‍ ഭൂരിഭാഗവും സിപിഎമ്മില്‍ നിന്നുള്ളവരായിരുന്നു.

2016-ല്‍ 32 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു; ഇത് 22.86 ശതമാനമായിരുന്നു. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഏകദേശം 14 ശതമാനത്തിന്റെ പ്രതിനിധിത്വ കുറവ് നേരിടേണ്ടി വന്നു. 32 എംഎല്‍എമാരില്‍ 18 പേര്‍ മുസ്‌ലിംലീഗിലും, ആറു പേര്‍ സിപിഎമ്മിലും, രണ്ട് പേര്‍ കോണ്‍ഗ്രസിലും, ഒരാള്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രസി(എന്‍എസ്‌സി)ലും നാല് പേര്‍ സ്വതന്ത്രരുമായിരുന്നു. 11 വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ള 32 സ്ഥാനാര്‍ത്ഥികള്‍ റണ്ണര്‍-അപ്പ് ആയി.

2021-ല്‍ 33 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു; ഇത് 23.57 ശതമാനമാണ്. ജനസംഖ്യയിലെ വിഹിതം അനുസരിച്ച് അവര്‍ക്ക് 37 സീറ്റുകള്‍ ലഭിക്കേണ്ടതായിരുന്നു, അതായത് 11 ശതമാനത്തിന്റെ കുറവ്. 33 എംഎല്‍എമാരില്‍ 15 പേര്‍ മുസ് ലിംലീഗിലും, ഒമ്പത് പേര്‍ സിപിഎമ്മിലും, മൂന്ന് പേര്‍ കോണ്‍ഗ്രസിലും, ഓരോരുത്തര്‍ വീതം സിപിഐയിലും ഐഎന്‍എല്ലില്‍ നിന്നുമായിരുന്നു, നാല് പേര്‍ സ്വതന്ത്രരുമായിരുന്നു. റണ്ണര്‍-അപ്പ് ആയി എത്തിയ 33 സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, സിപിഎം, മുസ്‌ലിം ലീഗ്, സ്വതന്ത്രര്‍ എന്നിവയില്‍ നിന്നുള്ളവരായിരുന്നു.

1957 മുതല്‍ 2021 വരെ ആകെ 388 മുസ്‌ലിം എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ 199 പേരും (51.29 ശതമാനം) ലീഗിലായിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും 50 ശതമാനത്തില്‍ കൂടുതലുള്ള മുസ്‌ലിം എംഎല്‍എമാര്‍ മുസ്‌ലിം ലീഗില്‍ നിന്നുള്ളവരാണ്. ഈ വിതരണ മാതൃക മുസ്‌ലിംകള്‍ക്ക് ലീഗിനോടുള്ള ബന്ധവും തുടര്‍ന്ന് കോണ്‍ഗ്രസിനോടും സിപിഎമ്മിനോടുമുള്ള ബന്ധവും കാണിക്കുന്നു.

ലീഗ് കോണ്‍ഗ്രസിനൊപ്പം യുഡിഎഫിന്റെ ഭാഗമായതിനാല്‍, മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കൂടുതലായും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. മുസ്‌ലിം ലീഗിന്റെ ടിക്കറ്റുകളുടെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്കാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ വിഹിതത്തില്‍ നിന്നു ചില മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കോണ്‍ഗ്രസ്, സിപിഎം, സിപിഐ പോലുള്ള പ്രധാന പാര്‍ട്ടികള്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ജനസംഖ്യാനുപാതത്തില്‍ സീറ്റുകള്‍ നല്‍കുന്നില്ലെന്നത് വ്യക്തമാണ്.

കേരള നിയമസഭയിലെ എംഎൽഎമാർ ( 2026): സമുദായ പ്രാതിനിധ്യം 

 

മുസ് ലിം മന്ത്രിമാർ ( 1957-2026)

1957–1959 (ആകെ മന്ത്രിമാർ: 11)
1.ടി. എ. മജീദ് – പൊതുമരാമത്ത്

1960–1962 (ആകെ: 11)
2.പി. പി. ഉമ്മർ കോയ – വിദ്യാഭ്യാസം

1962–1964 (ആകെ: 11)
3.പി. പി. ഉമ്മർ കോയ – പൊതുമരാമത്ത്

1967–1969 (ആകെ: 14 )

1.ഇമ്പിച്ചി ബാവ – ഗതാഗതം
2.കെ. അവുകാദർകുട്ടി നഹ – പഞ്ചായത്ത് & കമ്മ്യൂണിറ്റി വികസനം
3.എം. പി. എം. അഹമ്മദ് കുരിക്കൾ – പഞ്ചായത്ത് & കമ്മ്യൂണിറ്റി വികസനം (അന്തരിച്ചു)
4.സി. എച്ച്. മുഹമ്മദ് കോയ – വിദ്യാഭ്യാസം
5.കെ. കുഞ്ഞു – ധനകാര്യം

1969–1970 (ആകെ: 8)
1.സി. എച്ച്. മുഹമ്മദ് കോയ – വിദ്യാഭ്യാസവും ആഭ്യന്തരവും
2.കെ. അവുകാദർകുട്ടി നഹ – പ്രാദേശിക ഭരണകൂടം

1970–1977 (ആകെ: 23)
1.ചക്കീരി അഹമ്മദ് കുട്ടി – വിദ്യാഭ്യാസം
2.കെ. അവുകാദർകുട്ടി നഹ – ഭക്ഷണവും പ്രാദേശിക ഭരണവും
3.സി. എച്ച്. മുഹമ്മദ് കോയ – വിദ്യാഭ്യാസവും ആഭ്യന്തരവും

1977 (ആകെ: 15)
കെ. അവുകാദർകുട്ടി നഹ – പ്രാദേശിക ഭരണകൂടം
സി. എച്ച്. മുഹമ്മദ് കോയ – വിദ്യാഭ്യാസം

1977–1978 (ആകെ: 18)
1.കെ. അവുകാദർകുട്ടി നഹ – പ്രാദേശിക ഭരണകൂടം
2.സി. എച്ച്. മുഹമ്മദ് കോയ – വിദ്യാഭ്യാസം
3.യു. എ. ബീരാൻ – വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും

1978–1979 (ആകെ: 16)
1.സി. എച്ച്. മുഹമ്മദ് കോയ – വിദ്യാഭ്യാസം
2.കെ. അവുകാദർകുട്ടി നഹ – പ്രാദേശിക ഭരണകൂടം

1979 (ആകെ: 6)
1.സി. എച്ച്. മുഹമ്മദ് കോയ – മുഖ്യമന്ത്രി (12 ഒക്ടോബർ 1979- 1 ഡിസംബര് 1979)

1980–1981 (ആകെ: 17)
1.പി. എം. അബൂബക്കർ – പൊതുമരാമത്ത്
2.ആര്യാടൻ മുഹമ്മദ് – തൊഴിൽ, വനം

1981–1982 (ആകെ: 8)
1.സി. എച്ച്. മുഹമ്മദ് കോയ – ഉപമുഖ്യമന്ത്രി

1982–1987 (ആകെ: 26)
1.സി. എച്ച്. മുഹമ്മദ് കോയ – ഉപമുഖ്യമന്ത്രി
2.കെ. അവുകാദർകുട്ടി നഹ – ഉപമുഖ്യമന്ത്രി
3.കെ. പി. നൂറുദ്ദീൻ – വനവകുപ്പ്
4.ഇ. അഹമ്മദ് – വ്യവസായം
5.യു. എ. ബീരാൻ – ഭക്ഷണം & സിവിൽ സപ്ലൈസ്

1987–1991 (ആകെ: 20)
1.ടി. കെ. ഹംസ – പൊതുമരാമത്ത്

1991–1995 (ആകെ: 20)
1.സി. ടി. അഹമ്മദ് അലി – പ്രാദേശിക ഭരണകൂടം
2.പി. കെ. കെ. ബാവ – പൊതുമരാമത്ത്
3.പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം
4.ഇ. ടി. മുഹമ്മദ് ബഷീർ – വിദ്യാഭ്യാസം
5.ടി. എച്ച്. മുസ്തഫ – ഭക്ഷണം & സിവിൽ സപ്ലൈസ്

1995–1996 (ആകെ: 19)
1.സി. ടി. അഹമ്മദ് അലി – പൊതുമരാമത്ത്
2.ആര്യാടൻ മുഹമ്മദ് – തൊഴിലും ടൂറിസവും
3.പി. കെ. കെ. ബാവ – പഞ്ചായത്ത് & സാമൂഹ്യക്ഷേമം
4.പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം & മുനിസിപ്പാലിറ്റികൾ
5.ഇ. ടി. മുഹമ്മദ് ബഷീർ – വിദ്യാഭ്യാസം

1996–2001 (ആകെ: 20)
1.കെ. ഇ. ഇസ്മായിൽ – റെവന്യൂ
2.പാലോളി മുഹമ്മദ് കുട്ടി – പ്രാദേശിക ഭരണകൂടം
3.വി. സി. കബീർ – ആരോഗ്യം & കായികം

2001–2004 (ആകെ: 22)
1.ചെർക്കളം അബ്ദുള്ള – പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ടൗൺ പ്ലാനിംഗ്
2.എം. എം. ഹസ്സൻ – പാർലമെന്ററി കാര്യങ്ങൾ, വിവര-ജനസമ്പർക്കം
3.പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം, വാണിജ്യം
4.എം. കെ. മുനീർ – പൊതുമരാമത്ത്
5.നാലകത്ത് സൂപ്പി – പൊതുവിദ്യാഭ്യാസം

2004–2006 (ആകെ: 22)
1.ആര്യാടൻ മുഹമ്മദ് – വൈദ്യുതി
2.പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം
3.ഇ. ടി. മുഹമ്മദ് ബഷീർ – പൊതുവിദ്യാഭ്യാസം
4.കെ. കുട്ടി അഹമ്മദ് കുട്ടി – പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ
5.എം. കെ. മുനീർ – പൊതുമരാമത്ത്
6.വി. കെ. ഇബ്രാഹിം കുഞ്ഞു – സാമൂഹിക ക്ഷേമം

2006–2011 (ആകെ: 24)
1.എളമരം കരീം – വ്യവസായവും വാണിജ്യവും
2.പാലോളി മുഹമ്മദ് കുട്ടി – തദ്ദേശസ്വയംഭരണം

2011–2016 (ആകെ: 23)
1.പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം & ഐ.ടി
2.ആര്യാടൻ മുഹമ്മദ് – വൈദ്യുതി & ഗതാഗതം
3.എം. കെ. മുനീർ – പഞ്ചായത്ത് & സാമൂഹ്യക്ഷേമം
4.പി. കെ. അബ്ദു റബ്ബ് – വിദ്യാഭ്യാസം
5.വി. കെ. ഇബ്രാഹിം കുഞ്ഞു – പൊതുമരാമത്ത്
6.മഞ്ഞളാംകുഴി അലി – നഗരകാര്യങ്ങളും ന്യൂനപക്ഷക്ഷേമവും

2016–2021 (ആകെ: 21)
1.കെ. ടി. ജലീൽ – ഉഉന്നത വിദ്യാഭ്യാസം
2.എ. സി. മൊയ്തീൻ – പഞ്ചായത്ത്

2021–2026 (ആകെ: 21)
1.പി. എ. മുഹമ്മദ് റിയാസ് – പൊതുമരാമത്ത്
2.വി. അബ്ദുറഹിമാൻ – കായികം
3.അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ്

കേരളം ഭരിച്ച മുഖ്യമന്ത്രിമാര്‍:

  1. 53 ദിവസം (സി. എച്ച്. മുഹമ്മദ് കോയ – 12 ഒക്ടോബർ 1979- 1 ഡിസംബര് 1979)

1957-2026 കാലയളവിൽ (ശരാശരി 21.97 ശതമാനം വരുന്ന) മുസ് ലിംകള്‍ക്ക് 53 ദിവസം മാത്രമേ മുഖ്യമന്ത്രി പദവിയിലിരിക്കാനായിട്ടുള്ളൂ.

മുസ് ലിം സ്ത്രീകൾ

ഇന്നേ വരെ കേരളത്തിൽ ഒരു മുസ്‌ലിം സ്ത്രീ മന്ത്രിയായിട്ടില്ല

മന്ത്രിസഭകളിലെ മുസ്‌ലിം: വിശകലനം

മുസ്‌ലിം ലീഗിന്റെ തുടർച്ചയായ പ്രതിനിധാനം 1957 മുതൽ 2026 വരെ നോക്കുമ്പോൾ മുസ്‌ലിം മന്ത്രിമാരുടെ ഭൂരിഭാഗവും മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടവരാണ്. പ്രത്യേകിച്ച് 1967 മുതൽ 2016 വരെ മുസ്‌ലിം ലീഗ് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1987 വരെ വിദ്യാഭ്യാസം, ധനകാര്യം, പൊതുമരാമത്ത്, വ്യവസായം, പ്രാദേശിക ഭരണകൂടം, ആഭ്യന്തരം, ഉപമുഖ്യമന്ത്രി സ്ഥാനം തുടങ്ങിയ പ്രധാന വകുപ്പുകൾ ലീഗിന് ലഭിച്ചിട്ടുണ്ട്. പിന്നീടുള്ള കാലയളവിൽ ധനകാര്യം, ആഭ്യന്തരം, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവികൾ 1987 നു ശേഷം ഒരു മുസ്‌ലിം കൈകാര്യം ചെയ്തിട്ടില്ല.

കേരള ചരിത്രത്തിൽ 1987ലെ നായനാര് സർകാരിലാണ് മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കുറവ് (5 ശതമാനം). 2006ലെ വി എസ് സർകാരിലാണ് പിന്നീട് ഏറ്റവും കുറവ് ( 8. 33 ശതമാനം). അതു കഴിഞ്ഞാൽ ഒന്നാം പിണറായി സർകാർ ( 9. 52 ശതമാനം).

യു.ഡി.എഫ് സർക്കാരുകളിൽ മുസ്‌ലിം മന്ത്രിമാരുടെ ഭൂരിഭാഗവും മുസ്‌ലിം ലീഗിൽ നിന്നാണ് വന്നത്. മുസ്‌ലിം ലീഗുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിനകത്തെ മുസ്‌ലിം മന്ത്രിമാരുടെ എണ്ണം കുറവാണ്. കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുമ്പോൾ മുസ്‌ലിം ലീഗിന് വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം, തദ്ദേശഭരണം തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകുന്ന രീതിയാണ് പല കാലങ്ങളിലും കണ്ടത്.

സി.പി.എം നേതൃത്വത്തിലുള്ള സർക്കാരുകളിൽ മുസ്‌ലിം മന്ത്രിമാരുടെ എണ്ണം താരതമ്യേന കുറവാണ്. 1987–1991-ൽ ടി. കെ. ഹംസ മാത്രം. പിന്നീട് 2006–2011-ൽ രണ്ട് മുസ്‌ലിം മന്ത്രിമാർ മാത്രം. 2016–2021-ൽ കെ. ടി. ജലീൽ, എ. സി. മൊയ്തീൻ എന്നിവർ. 2021–2026-ൽ മുഹമ്മദ് റിയാസ്, അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ.

സിപിഎമ്മിലെ മുസ്‌ലിം പ്രതിനിധാനം മുസ്‌ലിം ലീഗിനെ അപേക്ഷിച്ച് വളരെ പരിമിതവും നിയന്ത്രിതവുമാണ്. സിപിഎം മുസ്‌ലിം ലീഗിനെപ്പോലൊരു സമുദായ പാർട്ടിയെ ആശ്രയിക്കാതെ മുസ്‌ലിം നേതാക്കളെ കേവല വ്യക്തികളായി സ്വന്തം പാർട്ടി ഘടനയ്ക്കുള്ളിൽ നിന്ന് കൊണ്ടുവന്നപ്പോൾ, മുസ്‌ലിം പ്രതിനിധാനത്തിന്റെ വ്യാപ്തിയും തുടർച്ചയും കുറവായിരുന്നു.

മുസ്‌ലിം ലീഗ് നേതാക്കൾക്ക് പലപ്പോഴും വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം പോലുള്ള പ്രധാന വകുപ്പുകൾ ലഭിച്ചിട്ടുണ്ട്. സിപിഎം ഭരണത്തിൽ മുസ്‌ലിം മന്ത്രിമാർക്ക് കൂടുതലായി പഞ്ചായത്ത്, കായികം, പ്രാദേശികഭരണം, വ്യവസായം തുടങ്ങിയ വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്.

സ്പീക്കർ പദവി

ആകെ 24 സ്പീക്കർമാരിൽ 5 പേരാണ് മുസ്‌ലിംകൾ ( പട്ടിക കാണുക)

1960-1961 കെ എം സീതി സാഹിബ്
1961-1961 സിഎച്ച് മുഹമ്മദ് കോയ
1970-1975 കെ മൊയ്തീന്‍കുട്ടി ഹാജി
1977-1980 ചാക്കീരി അഹ്‌മദ്കുട്ടി
2022-2026 എ എന്‍ ഷംസീര്‍

മുസ്‌ലിം പ്രതിനിധാനം:  നിയമസഭാ മണ്ഡലങ്ങള്‍

2011 ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം മുസ്‌ലിംകള്‍ സംസ്ഥാന ജനസംഖ്യയുടെ 26.56 ശതമാനമാണ്, അതിനാല്‍ കുറഞ്ഞത് 37 സീറ്റുകള്‍ അവര്‍ക്കു ലഭിക്കേണ്ടതുണ്ട്. അവര്‍ പ്രധാനമായും ഉത്തര കേരളത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ മുസ്‌ലിം ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളുടെ ഭൂരിഭാഗവും ഇവിടെ തന്നെയാണ്. ചില മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാര്‍ 50 ശതമാനത്തില്‍ കൂടുതലാണ്. മറ്റു ചില മണ്ഡലങ്ങളില്‍ ഇത് 25  മുതല്‍ 40 ശതമാനം വരെയും, 40 മുതല്‍ 50 ശതമാനം വരെയും ആണ്. (മുസ്‌ലിം ഭൂരിപക്ഷം, ശക്തമായ സ്വാധീനം,  നിർണായക മുസ്‌ലിം സാന്നിധ്യം ഒക്കെയുള്ള   മണ്ഡലങ്ങള്‍ താഴെപ്പറയുന്നവയാണ്:

കാസർഗോഡ്

1. മഞ്ചേശ്വരം
2. കാസര്‍ഗോഡ്
3. ഉദുമ
4. തൃക്കരിപ്പൂർ
5. കാഞ്ഞങ്ങാട്

കണ്ണൂർ

6. അഴീക്കോട്
7. കുത്തുപറമ്പ്
8. പേരാവൂര്‍
9. തളിപ്പറമ്പ്
10. കണ്ണൂര്‍

കോഴിക്കോട്

11. നാദാപുരം
12. കുറ്റ്യാടി
13. കൊടുവള്ളി
14. കോഴിക്കോട് സൗത്ത്
15. കോഴിക്കോട് നോര്‍ത്ത്
16. ബേപ്പൂര്‍
17. തിരുവമ്പാടി
18. കൊയിലാണ്ടി
19. പേരാമ്പ്ര
20. ബാലുശ്ശേരി

വയനാട്

21. കല്‍പ്പറ്റ
22. മാനന്തവാടി
23. സുൽത്താൻ ബത്തേരി

മലപ്പുറം

24. കൊണ്ടോട്ടി
25. ഏറനാട്
26. നിലമ്പൂര്‍
27. വണ്ടൂര്‍
28. മഞ്ചേരി
29. പെരിന്തല്‍മണ്ണ
30. മങ്കട
31. മലപ്പുറം
32. വേങ്ങര
33. വള്ളിക്കുന്ന്
34. തിരൂരങ്ങാടി
35. താനൂര്‍
36. തിരൂര്‍
37. കോട്ടക്കല്‍
38. തവനൂര്‍
39. പൊന്നാനി

പാലക്കാട്

40. മണ്ണാര്‍ക്കാട്
41. പട്ടാമ്പി
42. ഷൊര്‍ണൂര്‍
43. പാലക്കാട്
44. കൊങ്ങാട്
45. തൃത്താല

തൃശ്ശൂർ

46. കൈപ്പമംഗലം
47. മണലൂര്‍
48. ഗുരുവായൂര്‍
49. കൊടുങ്ങല്ലൂർ

എറണാകുളം

50. കളമശ്ശേരി
51. ആലുവ
52. തൃക്കാക്കര
53. കൊച്ചി

ആലപ്പുഴ

54. അരൂര്‍
55. അമ്പലപ്പുഴ
56. കായംകുളം

കോട്ടയം

57. പൂഞ്ഞാര്‍

കൊല്ലം

58. പുനലൂര്‍
59. ഇരവിപുരം
60. ചടയമംഗലം

തിരുവനന്തപുരം

61. കഴക്കൂട്ടം
62. അരുവിക്കര
63. കോവളം
64. വര്‍ക്കല

 

കോണ്‍ഗ്രസ്, സിപിഐ, സിപിഎം പോലുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ അവകാശപ്പെട്ട വിഹിതം നല്‍കുകയും മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കുറച്ചെങ്കിലും മുസ് ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയും ചെയ്താല്‍ അവര്‍ക്ക് ഏറെക്കുറെ പൂര്‍ണ്ണമായ അനുപാതിക പ്രതിനിധിത്വം നേടാന്‍ കഴിയും.

കുറിപ്പ്: 2019 ലെ ശാസ്ത്രസാഹിത്യ പരിഷത് സർവെ പ്രകാരം മുസ്‌ലിം ജനസംഖ്യ 30. 2 ആണ്. അതനുസരിച്ച് മുസ്‌ലിംകൾക്ക് 42 എംഎൽഎമാർ ആവശ്യമുണ്ട്. എന്നാൽ അതൊരു സാമ്പിൾ സർവേ ആയതിനാൽ ഈ ഡാറ്റയുടെ ഭാഗമല്ല.

അവലംബം: അബ്ദുറഹ്മാൻ ഐ പി എസ് എഴുതിയ Absent in Politics and Power: Political Exclusion of Indian Muslims (2024))