2026ലെ നിയമസഭാ തിരഞ്ഞടുപ്പിനെ കുറിച്ചുള്ള പലവിധ വിശകലനങ്ങളും പുറത്തുവരുന്നുണ്ട്. ഇടതു-വലത്-തീവ്ര വലതു രാഷ്ട്രീയപാർട്ടികൾ ചർച്ചകളിൽ അവരുടേതായ ഇടങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. വോട്ടാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്. അതിനാൽ പൊതുധാർമികതയും പൗരബോധവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെന്നില്ല. അക്കക്കണക്കിലുള്ള വോട്ടും പാർലമെൻ്റി അധികാരവും ലക്ഷ്യമിടുന്ന രാഷ്ട്രീയ പാർട്ടികൾ സവിശേഷ രീതിയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ആൾക്കൂട്ടവും അതിൻ്റെ ഭാഗമാണ്. ഈ ആൾക്കൂട്ടത്തെ പ്രത്യേകം സൃഷ്ടിക്കാൻ ജാതി,പ്രദേശം, മതം, വർഗം, ലിംഗം, ദേശീയത തുടങ്ങിയ ഘടകങ്ങൾ പല രീതിയിൽ വിദ്വേഷഭരിതമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ പുതിയ രീതിയിലുള്ള ആൾക്കൂട്ട നിർമിതിയോടാണ് വർത്തമാനകാല മലയാളി കക്ഷി രാഷ്ട്രീയം സംവദിക്കാൻ ശ്രമിക്കുന്നത്. ഇതാവട്ടെ വലതുപക്ഷ രാഷ്ട്രീയത്തിനു അനുകൂല സാഹചര്യം ഒരുക്കുന്നു. ഈ ആള്ക്കൂട്ടങ്ങൾ ഒരിക്കലും ചോദ്യങ്ങൾ ചോദിക്കില്ലന്നു അവർ ഉറപ്പു വരുത്തുന്നു. നേതൃത്വം അവർക്ക് ദിവ്യപരിവേശമുള്ള ശക്തിയാണ്. ഇത്തരമൊരു ആൾകൂട്ടത്തിൻ്റെ സ്വാഭാവിക വാസസ്ഥലമാണ് തിരഞ്ഞെടുപ്പു കാലത്തെ വിദ്വേഷ പ്രസ്‌താവനകൾ. അതിൽ തന്നെ പ്രധാനമാണ് മുസ്‌ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ കർതൃത്വത്തെയും കുറിച്ചുള്ള വിദ്വേഷ പ്രചാരണം.
രാഷ്ട്രീയത്തിൽ തിരിച്ചുള്ള ചോദ്യങ്ങൾ സാധ്യമല്ലാത്ത വിധം തികച്ചും വിദ്വേഷത്തിലധിഷ്ഠിതമായി ചിന്തിക്കുന്ന ആൾക്കൂട്ടത്തെ സൃഷ്ട്ടിച്ചു കഴിഞ്ഞുവെന്നതാണ് ഇന്ത്യൻ വലതുപക്ഷം നേടിയ ഏറ്റവും വലിയ വിജയം. ഈ ആൾക്കൂട്ടത്തോട് സംവദിക്കാനും രാഷ്ട്രീയ പ്രചാരണം നടത്താനുമാണ് ഇന്നത്തെ വലതുപക്ഷ രാഷ്ട്രീയം പ്രാധാന്യം കൊടുക്കുന്നത്.
മാറുന്ന ആശയവിനിമയം
കമ്യൂണിക്കേറ്റിംഗ് റ്റു ഡെമോഗ്രാഫി ( communicating to demography ) എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ കഴിയുക. ഇത്തരം രാഷ്ട്രീയ ആശയവിമിനയം കൊണ്ടുള്ള കോട്ടം സ്വതന്ത്ര പൗരസമൂഹം ഇല്ലാതാകുകയാണ്. പകരമൊരു “പ്രതികരണ സമൂഹം” രൂപം കൊള്ളുകയും ചെയ്യുന്നു. ഇവിടെ പൗരൻ എന്ന തിരിച്ചറിവ് പിന്നോട്ട് പോകുന്നു; അതിന് പകരം “അനുയായി” എന്ന തിരിച്ചറിവാണ് മുൻപന്തിയിൽ എത്തുന്നത്. അനുയായികൾക്ക് ചോദ്യങ്ങൾ വേണ്ട, അവർക്ക് വിദ്വേഷം മതിയാകും. ജനാധിപത്യം നിലനിൽക്കാൻ യുക്തിപരമായ ചർച്ചകളാൽ നിർവ്വചിക്കപ്പെട്ട ഒരു “പൊതു മണ്ഡലം” ആവശ്യമാണ്. എന്നാൽ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉയർച്ച പൊതുമണ്ഡലത്തെ ദുർബലമാക്കുന്നു.
കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയമല്ല ചർച്ച ചെയ്തത്. പകരം വെറുപ്പും അപരവൽക്കരണവുമായിരുന്നു മുഖ്യചർച്ച. സ്വാഭാവികമായും മുസ്‌ലിം ന്യൂനപക്ഷ കേന്ദ്രീകൃതമായ ഒരു തിരഞ്ഞെടുപ്പ് ചർച്ച കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി സാമ്പത്തികമായും രാഷ്ട്രീയമായും കേരളത്തിൽ മുസ്‌ലിംകൾ മെച്ചപ്പെട്ട അവസ്ഥയിലാണ്, അത് കൊണ്ട് തന്നെ മുസ്‌ലിം കേന്ദ്രികൃതമായ എല്ലാ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിനും നിബന്ധനകൾക്കും വിധേയമാക്കപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വളർന്നു വികസിച്ച മതരാഷ്ട്രം, കാഫിർ, ഉമ്മത്, ഖൗം, ജിഹാദ്, ദേശവിരുദ്ധർ, വർഗീയവാദി തുടങ്ങിയ പ്രയോഗങ്ങളെക്കുറിച്ചുള്ള ചർച്ച താത്കാലിക നേട്ടത്തിന് വേണ്ടിയാണെങ്കിൽ പോലും ദൂരവ്യാപകമായ മാറ്റങ്ങൾ സൃഷിടിക്കാൻ പോന്നവയാണ്. ഫാസിസം മുതൽ വിദ്വേഷ പ്രസ്താവനകൾ വരെ ചർച്ചയാകുന്നതിനേക്കാൾ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രാധാന്യം കിട്ടിയ പ്രയോഗം മുസ്‌ലിംകളുടെ മതരാഷ്ട്രവാദമാണ്. ഇത്തരം ഇസ്‌ലാമോഫോബിക് രാഷ്ട്രീയം ഇടതുപക്ഷ കക്ഷികളിൽ നിന്നും നിന്നും ഉണ്ടാകുന്നുവെന്നതാണ് ഒരു വശം.
ജനാധിപത്യത്തിന് മേലെ ഒരു ആൾക്കൂട്ട രാഷ്ട്രീയം രൂപപ്പെടുന്നതു ഈ സാഹചര്യത്തിൽ ശക്തിപ്പെടുന്നു. ഇത്തരം ആൾക്കൂട്ടങ്ങളോട് രാഷ്ട്രീയം പറയേണ്ടതില്ല. പകരം വിദ്വേഷവും വെറുപ്പും പറഞ്ഞാൽ മതി. വിദ്വേഷത്തെ പ്രത്യശാസ്ത്രമാക്കിയവരോട് സംവദിക്കാൻ രാഷ്‌ടീയ പ്രബുദ്ധതയുടെ ഭാഷാവേണ്ടയെന്നും വരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രീയ ആശയവിനിമയത്തിന്റെ സ്വഭാവവും ഗൗരവമായി മാറുന്നു. യുക്തിപരമായ വാദങ്ങളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള സംവാദങ്ങൾക്ക് പകരം, വിദ്വേഷവും വെറുപ്പും അപരവൽക്കരണവും ഉത്തേജിപ്പിക്കുന്ന ചുരുക്ക സ്വഭാവത്തിലുള്ള ശക്തമായ സന്ദേശങ്ങളാണ് കൂടുതൽ പ്രചരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾ ഇതിനെ കൂടുതൽ വേഗത്തിലാക്കുകയും തെറ്റായ വിവരങ്ങളും അർധസത്യങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിനും വഴിയൊരുക്കുന്നു. കേരളത്തിലെ സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണ് ഇത്. ഇതിലൂടെ സമൂഹത്തിൽ അനിശ്ചിതത്വവും അവിശ്വാസവും വർദ്ധിക്കുകയും വിവിധ സമൂഹങ്ങൾ തമ്മിലുള്ള ദൂരവും അകലവും കൂടുതൽ ആഴത്തിലാകുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കും ഇതൊരു എളുപ്പമുള്ള പ്രചാരണ മാർഗമായിത്തീരുമ്പോൾ, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വിമർശനാത്മക ചിന്തയും പൊതുപ്രവർത്തനങ്ങളിലുള്ള വിവിധ മനുഷ്യരുടെ സജീവപങ്കാളിത്തം ക്ഷയിക്കുകയും ചെയ്യുന്നു.
പ്രതിരോധവും ഇടപെടലും
ഇത്തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വിദ്യാഭ്യാസം, മാധ്യമങ്ങളുടെ ഉത്തരവാദിത്വബോധം, സിവിൽ സമൂഹത്തിന്റെ സജീവ ഇടപെടൽ എന്നിവ നിർണായകമാണ്. പൊതുസ്ഥലത്ത് ഭിന്നാഭിപ്രായങ്ങൾ മാന്യമായി അവതരിപ്പിക്കാനും, യുക്തിപരമായ ചർച്ചകൾക്ക് അവസരം സൃഷ്ടിക്കാനും കഴിയുമ്പോഴാണ് ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കപ്പെടുന്നത്.
ജനാധിപത്യ ഘടനയെ തകർക്കുന്ന വംശീയ രാഷ്ട്രീയ വാദങ്ങൾ കേരളത്തിൽ വളർന്നു വികസിച്ചിരിക്കുന്നു. ജനാധിപത്യ ഘടനയിൽ പ്രവർത്തനക്ഷമമാവുന്ന മുസ്‌ലിം ന്യുനപക്ഷ രാഷ്ട്രീയ മണ്ഡലം നിരന്തരം സംശയിക്കപ്പെടുന്ന പൗരൻമാരായിത്തീരുന്നു. ഈ സംശയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ചതിൽ കേരളത്തിലെ തീവ്രവലതുപക്ഷത്തിനും, മുഖ്യധാരാ ഇടതുപക്ഷത്തിനും വലിയ പങ്കുണ്ട്. ഇനിവരുന്ന സർക്കാർ എൽഡിഎഫായാലും യു ഡിഎഫ് ആയാലും ചർച്ചചെയ്യാൻ പോകുന്നത് നേരത്തെ സൂചിപ്പിച്ച ന്യുനപക്ഷ രാഷ്ട്രീയ കൃത്യത്വം തന്നെയായിരിക്കും. അതാണ് നമ്മുടെ പൊതുചർച്ചകളുടെ അവസ്ഥ.
ഉത്തരവാദിത്തവും പരിഹാരവും
ഈ രാഷ്ട്രീയ പ്രതിസന്ധി മുസ്‌ലിംകളുടെ മാത്രം പ്രതിസന്ധിയല്ല. പൊതുവായ ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഒരു പൗരസമൂഹ പ്രശ്നം കൂടിയാണ്. എന്നാൽ ഇതുൾക്കൊളളുന്ന പൗരസമൂഹം കേരളത്തിൽ എത്രത്തോളം ശക്തമാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
‘മുസ്‌ലിം ന്യൂനപക്ഷ പ്രശ്നം’ എന്നാൽ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്നമോ അവരുടെ കുഴപ്പമോ അല്ല. അതൊരു പൗരസമൂഹ പ്രശ്‌നമാണ്. ഇത്തരമൊരു വീക്ഷണകോണിൽ മാത്രമെ മുസ്‌ലിം പ്രശ്‌നത്തിൻ്റെ പരിഹാരം സാമൂഹിക ഉത്തരവാദിത്തമായി മാറുകയുള്ളൂ. അതിനായി നിലവിൽ രാഷ്ട്രീയ പാർട്ടികൾ നിർവചിച്ച ‘അനുയായി’കളെയും ‘ആൾക്കൂട്ട’ത്തെയും അധികാരത്തിൻ്റെ പ്രതിനിധികളായി പ്രതിഷ്ഠിക്കുന്ന അവസ്ഥ മാറേണ്ടതുണ്ട്. ഇത്തരം ‘അനുയായി പ്രതിനിധി’കളുടെ വിദ്വേഷ രാഷ്ട്രീയത്തെ മറികടക്കുന്ന പൗരസമൂഹത്തെ സൃഷിടിക്കാനുള്ള സംവാദങ്ങളും ഇടപെടലുകളുമാണ് കേരളത്തിലിനി വികസിക്കേണ്ടത്.