Hindutva Kerala Islamophobia Special Report

അഷ്റഫിന്റെ ഓർമ്മ: ഹിന്ദുത്വ ആൾക്കൂട്ടക്കൊലക്ക് ഒരു വർഷം (2025 ഏപ്രിൽ 27 – 2026 ഏപ്രിൽ 27)

കഴിഞ്ഞ വർഷം കേരളത്തിൽ രണ്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നത് ശ്രദ്ധേയമാണ്. ഒന്നാമത്തേത് മംഗലാപുരത്തിൽ നടന്ന സംഭവമാണ്. പാകിസ്താനിയാണെന്ന് ആരോപിച്ച്, മലപ്പുറത്ത് ജനിച്ച് വളർന്ന അഷ്റഫ് എന്ന യുവാവിനെ 2025 ഏപ്രിൽ 27 നു ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. രണ്ടാമത്തെ സംഭവം പാലക്കാട് വാളയാറിലാണ്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് നാരായണൻ ഭാഗേൽ 2025 ഡിസംബർ 17 നു ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകളോ രാഷ്ട്രീയ പ്രതികരണങ്ങളോ സൃഷ്ടിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ, ഇവയെ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി മാത്രം കാണാൻ കഴിയില്ല. കേരളത്തിൽ ദീർഘകാലമായി വളർന്നു വന്ന വിദ്വേഷപ്രചാരണങ്ങളുടെ അടുത്ത ഘട്ടമായി ആൾക്കൂട്ടാക്രമണങ്ങൾ (മോബ് ലിഞ്ചിങ്)  രൂപംകൊള്ളാൻ തുടങ്ങുന്നുവെന്ന സൂചനകളായിട്ടാണ് ഇവയെ കാണേണ്ടത്.

അഷ്‌റഫിൻ്റെ കൊലപാതകത്തിനു ഒരു വർഷം തികയുന്നു

2025 ഏപ്രില്‍ 27ാം തിയ്യതി മംഗളൂരുവിലെ കുടുപ്പു സാമ്രാട്ട് മൈതാനത്ത് ഒരു മലയാളി മുസ്‌ലിം യുവാവിനെ ഒരു കൂട്ടം അക്രമികള്‍ അടിച്ചുകൊന്നു. സംഭവത്തില്‍ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുല്‍പ്പള്ളിയില്‍ താമസക്കാരനുമായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. 37 വയസ്സായിരുന്നു. അവിവാഹിതനാണ്.ചോലക്കുണ്ടിലെ മൂച്ചിക്കാടൻ കുഞ്ഞീതുവിന്റെയും റുഖിയയുടെയും മകനാണ്. അബ്ദുൽ ഹമീദ്, ബുഷ്റ, സലീന എന്നിവരാണ് അഷ്റഫിന്റെ സഹോദരങ്ങൾ.

ആദ്യം പുറത്തുവന്ന വിവരമനുസരിച്ച് ഒരു ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് കൊലപാതകം നടന്നത്. അഷ്‌റഫുമായി ക്രിക്കറ്റ് കളിക്കാര്‍ ചില വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ടെന്നും ഒരു ഘട്ടത്തില്‍ അവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. 27ാം തിയ്യതി ഭതര്‍ഹല്ലി ദേവസ്ഥാനത്തിനും ഒരു ക്രിക്കറ്റ് ഗ്രൗണ്ടിനും ഇടയിലുള്ള നിരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അതൊരു ആള്‍ക്കൂട്ട ആക്രമണമാണെന്ന വിവരം പുറത്തുവരുന്നത് ഏപ്രില്‍ 28ാം തിയ്യതിയാണ്. എന്നാല്‍ മംഗലാപുരം പോലീസ് കമ്മീഷ്ണര്‍ അനുപം അഗര്‍വാള്‍ ഏപ്രില്‍ 28 വൈകുന്നേരം വരെ, മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അവകാശപ്പെടുക മാത്രമല്ല, ആള്‍ക്കൂട്ട ആക്രമണമാണെന്ന കാര്യം നിഷേധിക്കുകയുംചെയ്തു. അപവാദപ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തിരുന്നു.

കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് ഉണ്ടായിരുന്നത്. 2025 ഏപ്രില്‍ 28ാം തിയ്യതിയാണ് മഞ്ജുനാഥ് എന്നയാളുടെ പരാതിയില്‍ ആദ്യ എഫ്‌ഐആര്‍ ഇട്ടത്. അപരിചിതനായ ഒരാള്‍ ‘പാകിസ്ഥാന്‍ പാകിസ്ഥാന്‍’ എന്ന ഏകപക്ഷീയ മുദ്രാവാക്യവിളി കേട്ടതിനെ തുടര്‍ന്ന് അയാളെ വിടരുതെന്നും അടിക്കണമെന്നും പ്രതികള്‍ പറഞ്ഞുവെന്നാണ് ആദ്യ പരാതിയില്‍ അവകാശപ്പെട്ടത്. ആക്രമണത്തിന് ദൃക്‌സാക്ഷിയായ ദീപക് എന്നയാളാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ആക്രമണത്തിന് ദൃക്‌സാക്ഷിയായ ദീപക് പാരതി നല്‍കാനിരിക്കെയാണ് മറ്റാരോ പരാതി നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം പരാതി നല്‍കാതെ മടങ്ങി. പിന്നീടാണ് മഞ്ജുനാഥിന്റേത് കള്ളപ്പരാതിയാണെന്ന് തിരിച്ചറിഞ്ഞ് പുതിയ പരാതി നല്‍കിയത്. ദീപകിന്റെ പരാതിയനുസരിച്ച് മഞ്ജുനാഥ് പ്രതിയാണ്.

2025 ഏപ്രില്‍ 29ന് രാവിലെ 11:30-ഓടെ കമ്മീഷ്ണര്‍ പത്രസമ്മേളനം വിളിച്ചു. ആള്‍ക്കൂട്ടാക്രമണത്തിന് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ മരിച്ചയാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏപ്രില്‍ 29 വൈകുന്നേരം 2:30-ഓടെ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര്‍ മറ്റൊരു പത്രസമ്മേളനം നടത്തി. കൊല്ലപ്പെട്ടയാള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചിരുന്നെന്ന് മന്ത്രിയും അവകാശപ്പെട്ടു.

കൊല്ലപ്പെട്ടയാള്‍ ആക്രിശേഖരിക്കുന്ന കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അഷ്‌റഫ് എന്നൊരു മുസ്ലിം ചെറുപ്പക്കാരനാണെന്ന് ഏപ്രില്‍ 29-ന് വൈകുന്നേരം 4 മണിയോടെ തിരിച്ചറിഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അവരാണ് കൊല്ലപ്പെട്ടയാള്‍’പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിച്ചിരുന്നുവെന്ന് പറഞ്ഞതെന്ന് മന്ത്രി ഏപ്രില്‍ 30ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു( വസ്തുതാന്വേഷണ റിപോര്‍ട്ട്: ലോസ്റ്റ് ഫ്രറ്റേണിറ്റി: എ മോബ് ലിഞ്ചിംഗ് ഇൻ ബ്രോഡ് ഡേ ലൈറ്റ്: പിയുസിൽ – എപിസി ആർ – ആൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ, ജൂൺ 2025, 164 പേജ് ).

അഷ്‌റഫിന്റെ കൊലപാതകവും മലയാള മാധ്യമങ്ങളും

കൊല നടന്നത് 2025 ഏപ്രില്‍ 27ാം തിയ്യതിയാണെങ്കിലും മലയാള മാധ്യമങ്ങളിലൂടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഏപ്രില്‍ 29ാം തിയ്യതിയോടെയാണ്. മരണം ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്നാണെന്ന് മക്തൂബ് മീഡിയ പുറത്തുവിട്ട 29ാംതിയ്യതിയിലെ വാര്‍ത്തയില്‍ പറയുന്നു( 2025 ഏപ്രില്‍ 29, മഖ്ദൂബ് മീഡിയ). നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്നും അറസ്റ്റിലായവരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുണ്ടെന്നും സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കട്ടിപ്പള്ളയെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തയും ഇതേ ദിവസം പുറത്തുവന്നു(2025 ഏപ്രില്‍ 29, മീഡിയാവണ്‍). പ്രതികളില്‍ ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകരുണ്ടെന്ന വാര്‍ത്ത 2025 ഏപ്രില്‍ 30ാം തിയ്യതി മാധ്യമങ്ങള്‍ പുറത്തുവിട്ടു. എഫ്‌ഐആര്‍ അനുസരിച്ച് ആന്തരിക രക്തസ്രാവവും ആവര്‍ത്തിച്ചുള്ള അടിയുടെ ആഘാതവുമാണ് മരണ കാരണം.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘ് പ്രചാരണം ഏറ്റെടുക്കുന്നുവെന്ന് ഇതിനിടയില്‍ മംഗളൂരുവിലെ സിപിഎം നേതാക്കള്‍ ആരോപിച്ചു. കൊല്ലപ്പെട്ട അഷറഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നത് സംഘ്പരിവാര്‍ പ്രചാരണമാണെന്നും ഈ പരാമര്‍ശം കര്‍ണാടക ആഭ്യന്തര മന്ത്രി പരമേശ്വര തിരുത്തിയില്ലെന്നും സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കട്ടപ്പള്ള മാധ്യമങ്ങളോട് പറഞ്ഞു( 2025 ഏപ്രില്‍ 30, മീഡിയാവണ്‍).

അഷ്‌റഫിന്റെ കുടുംബം പറയുന്നതനുസരിച്ച് ‘അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. ഒരു സംഘടനയിലും പ്രവര്‍ത്തിക്കുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനമാണ് മരണകാരണമെന്നും സംഭവ സ്ഥലത്ത് മൃതദേഹം രണ്ട് മണിക്കൂറോളം കിടന്നിരുന്നുവെന്നും അഷ്‌റഫിന്റെ സഹോദരന്‍ മുഹമ്മദ് ജബ്ബാര്‍ മാധ്യമങ്ങളെ അറിയിച്ചു. സഹോദരന്‍ തന്നെയാണ് മൃതദേഹം ഏറ്റെടുത്തതും പിന്നീട് സംസ്‌കാരിക്കാനായി നാട്ടിലേക്ക് തിരിച്ചതും. ( 2025 ഏപ്രില്‍ 30, ഏഷ്യാനെറ്റ്). 2025 ഏപ്രില്‍ 30ാം തിയ്യതി മലപ്പുറം പറപ്പൂരിലെ ചോലക്കുണ്ട് ജുമാ മസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.

കൊലപാതകത്തിൻ്റെ പേര്

അഷ്‌റഫിന്റെ കൊലപാതകത്തെ സുപ്രഭാതം പത്രം തങ്ങളുടെ വാര്‍ത്തയില്‍ വിശേഷിപ്പിച്ചത് ‘ആള്‍ക്കൂട്ട ഭീകരാക്രമണ’മാണെന്നാണ്. (ഏപ്രില്‍ 30, സുപ്രഭാതം). ‘സാമ്രാട്ട് ഗയ്‌സ്’ ടീമിലെ അംഗങ്ങള്‍ക്ക് കരുതിവച്ച വെള്ളം കുടിച്ചതാണ് പ്രകോപനമെന്ന് ആ സമയത്തുതന്നെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു(മെയ് 3, മാധ്യമം). ‘മംഗളൂരുവിലെ പൈശാചികക്കൊല’ എന്നാണ് മാധ്യമം എഡിറ്റോറിയൽ വിശേഷിപ്പിച്ചത് ( 3 മെയ് 2025 ). ‘പഹൽഗാമിനോടുള്ള രോഷം തീർക്കേണ്ടിതിങ്ങനെയോ?’ എന്നാണ് സിറാജ് പത്രത്തിൽ അതേ ശീർഷകത്തിൽ എഴുതിയ ലേഖനത്തിൽ മുഹമ്മദലി കിനാലൂർ ചോദിച്ചത് ( 2 മെയ് 2025 ).

ആഴ്ചപ്പതിപ്പുകളിൽ ‘കേരള ശബ്ദ’മാണ് വിശദമായ റിപ്പോർട്ട് നൽകിയത് (ഹനീഫ നെല്ലിക്കുത്ത്, മംഗലുരുവിലെ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നു മുസ്‌ലിം ലീഗ്, മെയ് 16 – 31 , കേരളശബ്ദം, പേജ്: 22-25). മറുവാക്ക് മാസികയും വിശദമായ റിപ്പോർട്ടും അഷ്റഫിൻ്റെ സഹോദരൻ അബ്ദുൽ ജബ്ബാറുമായുള്ള അഭിമുഖവും നൽകി ( അംബിക / അബ്ദുൽ ജബ്ബാർ , അഷ്റഫിൻ്റെതു ഹിന്ദുത്വ ആൾകൂട്ടക്കൊല, മറുവാക്ക് മാസിക , ജൂൺ 2025, പേജ് : 5 – 14 ) .

ഹിന്ദുത്വ പരാമര്‍ശമൊഴിവാക്കി ഏഷ്യാനെറ്റ്

മംഗളൂരു റൂറല്‍ പോലിസ് ലിമിറ്റില്‍ ഉള്‍പ്പെട്ട പ്രദേശത്തെ പോലിസ് എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണമാണെന്ന കാര്യം ഒളിച്ചുവച്ചതായുള്ള വാര്‍ത്തകളും ഏപ്രില്‍ 30ാം തിയ്യതി പുറത്തുവന്നു(ഏപ്രില്‍ 30, ഏഷ്യാനെറ്റ്). പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം ഉയര്‍ത്തിയത് പ്രദേശത്തെ ഓട്ടോ തൊഴിലാളിയാണെന്നും ഇതിന് തെളിവില്ലെന്നും കൂടി ഏഷ്യാനെറ്റിന്റെ ഈ വാര്‍ത്തയില്‍ പറയുന്നു. സച്ചിന്‍ പറഞ്ഞതനുസരിച്ചാണ് കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടത്. ആദ്യം ഒളിവിലായ സച്ചിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്‍ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണെന്നും അങ്ങനെയല്ലെങ്കില്‍ അതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് പക്ഷേ, ആള്‍ക്കൂട്ട് ആക്രമണത്തില്‍ പങ്കെടുത്തവര്‍ സംഘപരിവാര്‍ സംഘടനകളാണെന്ന കാര്യം മറച്ചുവച്ചു. പല മാധ്യമങ്ങളുടെയും രീതി ഇതായിരുന്നു. ഈ സാഹചര്യത്തിലാണ് മംഗലാപുരത്ത് ഒരു മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘപരിവാറാണെന്നും അതൊരു സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലയാണെന്നും പ്രതികള്‍ ആര്‍എസ്എസ്, ബജ്‌റങ്ദള്‍ പ്രവര്‍ത്തകരാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മാധ്യമങ്ങളെ ഓര്‍മിപ്പിച്ചത്(മക്തൂബ് മലയാളം, ഏപ്രില്‍ 30, 2025)

പരിഹാസവുമായി സോഷ്യല്‍മീഡിയ

അഷ്‌റഫിനെ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യാപകമായി പുഞ്ചിരി ഇമോജികള്‍ ഉപയോഗിച്ചിരുന്നതായി മീഡിയാവണ്‍ റിപോര്‍ട്ട് ചെയ്തു(ഏപ്രില്‍ 30, ഔട്ട് ഓഫ് ഫോക്കസ്, മീഡിയാവണ്‍). അഷ്‌റഫ് മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന വാര്‍ത്തയില്‍ പ്രത്യേകതരം മാനസികപ്രശ്‌നമെന്നായിരുന്നു ചിലര്‍ കമന്റ് ഇട്ടത്. മലയാളിയായ ഒരു യുവാവ് സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് നമ്മുടെ നാട്ടിലോ, സോഷ്യല്‍മീഡിയയിലോ ഒരു പ്രതിഷേധം പോലും ഉയരുന്നില്ലെന്നും ഔട്ട് ഓഫ് ഫോക്കസ് അവതാരകര്‍ അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മംഗളൂരു സംഘ്പരിവാര്‍ ആള്‍ക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.എം ഷാഹിദ് തെക്കില്‍ കര്‍ണാകട മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കൊല്ലപ്പെട്ട വയനാട് സ്വദേശി അഷ്‌റഫിന്റെ കുടുംബത്തിന് 50 ലക്ഷ രൂപ നഷ്ടപരിഹാരം നല്‍കണം. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണം. കൊലപാതകമാണെന്ന് ആദ്യം മനസിലാക്കാന്‍ സാധിക്കാത്ത മംഗലാപുരം റൂറല്‍ പൊലീസിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണം. സംഭവം അറിയാതെപോയ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണം- ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം(2025 മെയ് 1, മാധ്യമം).

സംഭവത്തില്‍ കൃത്യവിലോപം കാണിച്ചതിന് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ പൊലീസ് സേനയില്‍ മൂന്ന് പേരെ സര്‍ക്കാര്‍ താമസിയാതെ സസ്‌പെന്‍ഡ് ചെയ്തു. മംഗളൂരു റൂറല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി.ചന്ദ്ര , കോണ്‍സ്റ്റബിള്‍ യല്ലലിംഗ എന്നിവര്‍ക്ക് എതിരെയായിരുന്നു നടപടി.(2025 മെയ് 1, മാധ്യമം). അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. സംഭവത്തില്‍ ഇടെപടുന്നതില്‍ സര്‍ക്കാരിന്റെ ഉപേക്ഷയെത്തുടര്‍ന്ന് പറപ്പൂരിലെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്( 2025 മെയ് 1, മലയാള മനോരമ)

ഇടപെടാതെ കേരള സര്‍ക്കാര്‍

കൊലചെയ്യപ്പെട്ടത് മലയാളി മുസ്ലിമാണെങ്കിലും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജബ്ബാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും ഇതേ കാര്യമാണ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സംഘ്പരിവാര്‍ രാജ്യവ്യാപകമായി മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ആക്രമണവും നടത്തുന്നതിന്റെ ഭാഗമായാണ് മാനസിക രോഗിയായ അഷ്‌റഫിനെ തല്ലിക്കൊന്നത്. പാകിസ്താന്‍ എന്നത് എന്താണെന്നു പോലും അറിയാത്ത നിരപരാധിയായ അഷ്‌റഫിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിയണം. മുസ്ലിംകളെ തല്ലിക്കൊല്ലുന്നതും കടകളും വീടുകളും നശിപ്പിക്കുന്നതും നിത്യസംഭവമായി തീരുന്നതിനെതിരെ മതേതര കക്ഷികള്‍ ശക്തമായി മുന്നോട്ട് വരണം.(2025 മെയ് 1, മീഡിയാവണ്‍). തനിക്കെതിരേ വ്യക്തിപരമായി സിപിഎമ്മിനുള്ള വിയോജിപ്പുകളാണ് പ്രശ്‌നത്തില്‍ ഇടപെടാത്തതിനു പിന്നിലെന്നാണ് അഷ്‌റഫിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ മറുവാക്ക് മാസികയ്ക്കു നല്‍കിയ(2025 മെയ് 12, മറുവാക്ക് മാസിക) അഭിമുഖത്തില്‍ ആരോപിച്ചത്. കൊലപാതകം നടന്ന ശേഷവും പ്രതികള്‍ രണ്ടു മണിക്കൂറോളം ക്രിക്കറ്റ് കളി തുടര്‍ന്നതായും സഹോദരന്‍ പറയുന്നു.

പാക് മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം തെറ്റാണെന്ന് കൂടുതല്‍ അന്വേഷണത്തില്‍ മംഗളൂര്‍ പോലിസ് കണ്ടെത്തി. സംഭവത്തില്‍ ആകെ 20 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനം പക്ഷേ, നടപ്പായില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് കേസ് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു(ജൂണ്‍ 30, ഏഷ്യാനെറ്റ്). അഷ്‌റഫിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കര്‍ണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎല്‍എയുമായ യു.ടി ഖാദര്‍ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയില്‍ നല്‍കിയത്. 25 ലക്ഷം രുപ നല്‍കാനുള്ള നീക്കം നടക്കുന്നതായി മാധ്യമം റിപോര്‍ട്ട് ചെയ്തു. (ജൂലൈ 7, മാധ്യമം).

അറിഞ്ഞിടത്തോളം സോളിഡാരിറ്റി, എസ്‌ഐഓ, എസ് ഡി പി ഐ, മുസ്ലിംലീഗ് തുടങ്ങിയ സംഘടനകളാണ് ഈ വിഷയത്തില്‍ കേരളത്തില്‍ ഇടപെട്ടത്. യൂത്ത് ലീഗ് ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകൾ കേരള ശബ്ദം റിപ്പോർട്ട് ചെയ്തു ( ഹനീഫ നെല്ലിക്കുത്ത്, മംഗലുരുവിലെ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നു മുസ്‌ലിം ലീഗ്, 2025 മെയ് 15 – 31 , കേരളശബ്ദം, പേജ്: 22-25). കേസിന്റെ അന്വേഷണം മംഗളൂരു പോലിസ് കേരളത്തിലേക്കും വ്യാപിപ്പിച്ചു(2025 മെയ് 7, മാധ്യമം)

വസ്തുതാന്വേഷണ റിപോര്‍ട്ട്

മംഗളൂരുവില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം നടത്തിയ മലപ്പുറം കോട്ടക്കല്‍ സ്വദേശി അഷ്‌റഫ് കൊലപാതകത്തിന്റെ വസ്തുതാന്വേഷണ റിപോര്‍ട്ട് 2025 ജൂലൈ 6 നു പ്രകാശനം ചെയ്തു. പിയുസിഎല്‍ കര്‍ണാടക ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് കര്‍ണാടക എന്നീ മനുഷ്യാവകാശ സംഘടനകള്‍ സംയുക്തമായാണ് റിപോര്‍ട്ട് (Lost Fratrnity: A Mob Lynching in Broad Daylight (2025 June) തയ്യാറാക്കിയത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പുറത്തിറക്കിയ മലയാള പരിഭാഷ സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് വസ്തുതാന്വേഷണ സംഘത്തെ നയിച്ച അഡ്വ. മാനവി അത്രി, എസ്ആര്‍ ശശാങ്ക് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് പ്രകാശനം ചെയ്തു(അഷ്റഫ് വധം: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി, 2025 ജൂലൈ 7, മാധ്യമം).

(കടപ്പാട്: കേരളീയം ഇസ്‌ലാമോഫോബിയ ക്ലിനിക്)

(2025 ജൂലൈ 7 വരെയുള്ള സംഭവങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. കൂടുതൽ വിവരങ്ങൾ വീണ്ടും അപ്ഡേറ്റ് ചെയ്യുന്നതാണ്)