2005 ഏപ്രിലിൽ ഫ്രീ പ്രസ് മാസിക പുറത്തിറക്കിയ ഇസ്‌ലാമോഫോബിയ പ്രത്യേക പതിപ്പിൽ നിന്നുള്ള ഒരു അനുഭവവിവരണം

ഫ്രീ പ്രസ് എഡിറ്ററുടെ താഴെ കാണുന്ന കുറിപ്പോടെയാണ് അനുഭവം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
(ഫ്രീ പ്രസ് ടീമിന് വി.എച്ച്. നിഷാദ് ഒരു ജേണലിസ്റ്റാണ്. അതിനുമപ്പുറം കഥകളെയും കവിതകളെയും സ്നേഹിക്കുന്ന ഒരെഴുത്തുകാരനും കൂടിയാണ്. എന്നാൽ കെട്ടിടത്തിന്റെ മാനേജർക്കും അയാളെ സമീപിച്ച പോലീസുകാരനും അയാൾ ഒരു ‘മുസ്‌ലിമും’ ഒരു ‘potential terrorist’ഉം ആണെന്ന് ഞങ്ങൾ മനസ്സിലാക്കിയത് പിന്നീടാണ്. ഇസ്‌ലാമോഫോബിയയുടെ ഒരു ഇരയെക്കുറിച്ച് : ഫ്രീ പ്രസ് എഡിറ്റർ)
ജേണലിസത്തിന് പഠിച്ചിരുന്ന കാലത്ത് ‘വി.എച്ച്.നിഷാദ് പി.ഒ.’ എന്ന് കളിയാക്കി വിളിച്ചിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ക്ലാസു തുടങ്ങി ഒരാഴ്ചക്കകം മുപ്പതോളം കത്തുകൾ എം.ജി.യൂണിവേഴ്സിറ്റിയുടെ മാധ്യമ ഡിപ്പാർട്ടുമെന്റിൽ എന്നെത്തേടി വന്നു. വിളി വീണത് അപ്പോഴാണ്. ഇവനാര്? എന്തിനിത്ര കത്തുകൾ? എന്ന മട്ടിൽ സഹപാഠികൾ കാര്യം പിടികിട്ടാതെ നോക്കിനിന്നിടത്തും അതേ കാലത്തായിരുന്നു. സത്യത്തിൽ, സൗഹൃദങ്ങളുടെ ചങ്ങല തകർന്നുപോകാതിരിക്കാൻ വളരെ മുമ്പേ ചെയ്തു വെച്ച ചില ഏർപ്പാടുകളുടെ ഫലമായിരുന്നു പുതിയ വിലാസത്തിൽ എന്നെത്തേടിയെത്തിയ അത്രയും കത്തുകളും അവ സൃഷ്ടിച്ച വിസ്മയവും.
എഴുതിത്തുടങ്ങിയ നാൾ മുതൽക്കുണ്ട് ഇങ്ങനെ എനിക്ക് കത്തുകളോട് പ്രിയം. പ്രീഡിഗ്രിക്കാലത്തും വയനാട്ടിൽ ബിരുദത്തിനു പഠിച്ചപ്പോഴുമെല്ലാം ഡയറിയെഴുതുന്നതുപോലെ ഞാൻ കൂട്ടുകാർക്ക് കത്തുകൾ എഴുതുകയായിരുന്നു. വേമം എന്ന കോളേജ് പോസ്റ്റോഫീസിനെ പ്രേമം പി.ഒ. എന്ന് വായിച്ച് ആ വിലാസത്തിൽ ഒരു കത്തെഴുതേണ്ടി വന്നതും ആ ഹരിത സുന്ദര നാളുകളിലായിരുന്നു. പല വേഷങ്ങളണിയുന്ന എന്നെയാണ് ആ കത്തുകളിലൂടെ കൂട്ടുകാർ കണ്ടുപിടിച്ചത്. ഞാനെഴുതിയ കത്തുകൾ സുഹൃത്തുക്കളെയും ഈ വിധത്തിൽ അടയാളപ്പെടുത്തിയിരിക്കണം.
കോട്ടയത്തെത്തിയപ്പോഴും കത്തെഴുത്ത് ഒരു ദുശ്ശീലം പോലെ കൊണ്ടു നടക്കാൻ എനിക്ക് മടിയുണ്ടായില്ല. ‘നിങ്ങൾ മടി പിടിച്ചിരിക്കുകയാണോ’ എന്ന് കണ്ണൂരുകാരൻ സലാമും ‘എനിക്ക് നിന്നോട് പറയാനുണ്ട് തീരാത്ത കുറെ, കഥകൾ’ എന്ന് കോഴിക്കോട്ടുകാരൻ ഷംസുവും ‘മാതൃഭൂമിയിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ വായിച്ചോ’ എന്ന് കാസർകോഡുകാരി ധന്യയും ‘ഞാൻ ചന്തുവിനും ഉണ്ണുവിനും ചിപ്പുവിനുമൊത്ത് ഇവിടെ ക്രിക്കറ്റ് കളിക്കുന്നു’ എന്ന് തിരുവനന്തപുരത്തുകാരി വീണയും ‘എല്ലാവരും എഴുതാതെയെന്നെ പറ്റിക്കുകയാണെന്ന്’ നടാഷയും പല പേനയിൽ പതിച്ചെടുത്ത അക്ഷരങ്ങളിൽ പറഞ്ഞതും പിന്നെ അനു, തുഷാര, അരുൺ, റീന, മീര, ആദർശ്, ഉണ്ണി, ശുഭ, സുപ്രിയ, സു-ചേച്ചി, കുഞ്ചുചേച്ചി, റസിയേച്ചി, ദിലീപ്, ലാൽ… തുടങ്ങി നീണ്ടു പോകുന്ന കത്തക്ഷരങ്ങൾ തുരുത്തും സ്നേഹകടാക്ഷവുമായി എന്നും വന്നു കൊണ്ടിരുന്നതും ഇങ്ങനെ ഇങ്ങനെയായിരുന്നുവോ. പകരം ഞാനും കുത്തിയിരുന്ന് എന്റെ മഞ്ഞകാർഡുകൾ അവർക്കയച്ചു.
അഡ്രസ് മാറുമ്പോൾ എപ്പോഴും ഞാൻ ഭയപ്പെട്ടു. അതിന് മുൻ കരുതൽ എടുത്ത് കൂട്ടുകാർക്ക് മുമ്പേ കത്തുകൾ വിട്ടു. പുതിയ അഡ്രസിൽ എത്തി ഏറെക്കഴിയും മുമ്പ് അവരുടെ കത്തുകൾ എന്നെത്തേടി വരുന്നതാണ് അതിനെല്ലാമുള്ള മറുപടി.
2003ന്റെ അവസാനമായപ്പോഴേക്കും ഡൽഹിയിലേക്ക് പോകാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു ഞാൻ. ലക്ഷ്യങ്ങൾ പലതാണ്- തലസ്ഥാനനഗരിയിലെ പത്രപ്രവർത്തനം, റിസർച്ച്…
മംഗളാ എക്സ്പ്രസിന്റെ രണ്ടു ദിവസത്തെ ദീർഘനിശ്വാസങ്ങൾ സഹിച്ച് അങ്ങനെ 2003 സെപ്തംബറിൽ ഞാൻ ഡൽഹിയിലെത്തുന്നു. ആ രണ്ടു ദിവസത്തെ യാത്ര ഞാൻ മറക്കില്ല. ഓരോ നിമിഷങ്ങളിലും ഒരുപാട് കാഴ്ചകൾ നിറച്ചിരുന്നു എന്റെയുള്ളിൽ. ഡൽഹിയിൽ വണ്ടിയിറങ്ങിയപ്പോഴേക്കും അവയെക്കുറിചെല്ലാം നാട്ടിലെ കൂട്ടുകാരോട് പറയാൻ… എഴുതാൻ… വെമ്പൽകൊണ്ട് ഞാൻ പരവശനായി.
ചമ്പൽക്കാടെന്നാൽ ഒരു ഭയങ്കര തമാശയെന്നെന്നും കാടിനെക്കുറിച്ചുള്ള എന്റെ സകല ധാരണയും അമിട്ടു വെച്ചു പൊട്ടിച്ചതുപോലെ തകർന്നുപോയി എന്നും, ഡൽഹി സമയവും വേഗതയും രണ്ട് ക്യാൻവാസ് ബൂട്ടുകളിൽ നിറച്ചുകൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടക്കാരനാണെന്നുമെല്ലാം ഞാൻ കൂട്ടുകാർക്ക് വിശേഷങ്ങൾ വീതിച്ചെഴുതി. ഇക്കുറിയും ശീലങ്ങൾ മാറ്റിയില്ല. പുതിയ സ്ഥലം. പുതിയ അഡ്രസ്. പുതിയ അനുഭവങ്ങൾ. 50 കൂട്ടുകാർ- അതു കൊണ്ട് 50 കത്തുകൾ.
രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും. മംഗളാപുരിയിലുള്ള ഞങ്ങളുടെ താമസ സ്ഥലത്ത് നാലു കത്തുകൾ എനിക്ക് മറുപടിയായി കിട്ടി. അവർക്ക് പെട്ടെന്നു തന്നെ മറുപടിയെഴുതി. ബാക്കിയുള്ള കത്തുകൾക്കായുള്ള കാത്തിരിപ്പാണ് പിന്നീട്.
ആ സമയമെല്ലാം ഓർത്തു- ജീവിതത്തിൽ ആകാംക്ഷയുടെ കനം നിറച്ച ഹൃദയവുമായി മറ്റാരെയും ഞാനിത്ര കാത്തിരുന്നിട്ടുണ്ടാവില്ല. സൈക്കിൾ ബെല്ല്, തുണി സഞ്ചി… അതേ, എന്റെ എന്നത്തെയും വിരുന്നുകാരൻ പോസ്റ്റ്മാനാണ്. അത് നാട്ടിലായാലും ഡെൽഹിയിലായാലും മാറാറില്ലല്ലോ.
രണ്ടു മാസങ്ങൾ കഴിഞ്ഞു ഇതിനിടയിൽ. ആദ്യം കിട്ടിയ നാലു മറുപടിക്കത്തുകൾ മാത്രം എന്റെ കയ്യിൽ. ഇടയ്ക്ക് സംശയം തോന്നി നാട്ടിൽ ചില സുഹൃത്തുക്കളെ വിളിച്ച് കാര്യമാന്വേഷിച്ചപ്പോൾ ‘കത്തയച്ചല്ലോ കിട്ടിയില്ലേ’ എന്ന് അവർ.
അപ്പോൾ അവർ എനിക്കയക്കുന്ന കത്തുകളെല്ലാം ഏത് തപാൽപെട്ടിയിലേക്കാണ് പോകുന്നത്?
“എന്തോ സംഭവിക്കുന്നുണ്ട്. പിടി കിട്ടാത്ത എന്തോ ഒന്ന്.” കൂട്ടുകാരൻ വിനോദിനോട് ഞാൻ പറഞ്ഞു.
അങ്ങനെയിരിക്കെ പച്ചക്കറി വാങ്ങി മടങ്ങിവരുന്ന എന്റെ റൂംമേറ്റിനെ ഒരു ദിവസം കെട്ടിടത്തിന്റെ മാനേജർ വിളിക്കുന്നു. ഞങ്ങളുടെ റൂം വാടകയ്ക്കടുത്ത വിനോദിനെ കാണണമത്രേ അയാൾക്ക്.
വിനോദ് അയാളെത്തേടിച്ചെന്നു.
“ആരാണ് നിഷാദ്?” അയാൾ ചോദ്യം തുടങ്ങി.
“…നിങ്ങളുടെ കൂടെ താമസിക്കുന്ന ആ മുസ്‌ലിം തീവ്രവാദി?”
വിനോദ് ഒന്ന് ഞെട്ടാതിരുന്നില്ല.
മാനേജർ പിന്നെ എനിക്ക് വന്ന കുറച്ചു കത്തുകൾ വിനോദിന്റെ കയ്യിലേല്പിച്ചു. പലതും പാതി തുറന്നവയും സീലുകൾ വെക്കാത്തവയുമാണ്.
തുടർന്നുള്ള അന്വേഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായതിങ്ങനെയാണ്: ഡൽഹിയിൽ പുതുതായി എത്തിയ ഒരു മുസ്‌ലിം ചെറുപ്പക്കാരന് തുടർച്ചയായി ധാരാളം കത്തുകൾ വരുന്നത് പോലീസിൽ ചില സംശയങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇതിന്റെ രഹസ്യമെന്തെന്ന് അവർക്കു മനസ്സിലാകുന്നില്ല. അതുകൊണ്ട് പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ നിന്ന് എനിക്ക് വരുന്ന പല കത്തുകളും അവർ നേരിട്ടുകൊണ്ടുപോവുകയാണ്. തുറന്നു നോക്കാനും തർജ്ജമ ചെയ്ത് വായിക്കാനും. കെട്ടിടത്തിന്റെ മാനേജറുടെ അടുത്ത് വന്ന് പോലീസുകാർ എന്നെപ്പറ്റി അന്വേഷിച്ചതോടെ അയാൾക്കും ഭയമായി എനിക്കു കിട്ടിയ കത്തുകൾ പോലീസ് അയാൾക്ക് കൈമാറിയതായിരുന്നു.
നിഷാദെന്നാൽ ഉത്തരേന്ത്യയിൽ ഒരു മുസ്‌ലിം പേരാണെന്നു താമസിയാതെ എനിക്കു ബോധ്യമായി. ഞാനൊരു മുസ്‌ലിമാണെന്ന കാര്യം കേരളത്തിലെ എന്റെ സുഹൃത്തുക്കളിൽ പലർക്കും പഠിക്കുന്ന കാലത്ത് ആദ്യമറിയില്ലായിരുന്നു. പലരും വളരെ താമസിച്ചാണ് അതു മനസ്സിലാക്കിയത്.
“നിഷാദ് മുഹമ്മദ് അല്ലെങ്കിൽ അഹമ്മദ്; എന്താണു നിങ്ങളുടെ യഥാർത്ഥ പേര്?” ഇവിടെ പലരും ചോദിക്കുന്നു എന്നോട്. “ഇല്ല, ഞാൻ നിഷാദ് മാത്രമാണ്. വി.എച്ച്. നിഷാദ്.” എനിക്കു പറയേണ്ടി വരുന്നു.
സ്വന്തം പേരിന്റെ സെക്യുലർ അക്ഷരങ്ങളിൽ ഊറ്റം കൊണ്ടിരുന്ന കേരളീയനായ ഒരു ചെറുപ്പക്കാരൻ എന്നിൽ നിന്ന് കണ്ണാടി കണക്ക് തകർന്നു വീണു കഴിഞ്ഞിരുന്നു അപ്പോഴേക്കും.
“നോക്ക്” കെട്ടിടത്തിന്റെ മാനേജറുടെ മേശപ്പുറത്ത് ആ ദിവസം തന്നെ എന്റെ വോട്ടേഴ്സ് ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വലിച്ചെറിഞ്ഞ് ക്രുദ്ധനായി വിനോദ് തിരിച്ചിറങ്ങി വന്നു. “കഷ്ടം, നമ്മുടെ നാട്!” എന്ന് പിറുപിറുത്തു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഡെൽഹിയിലെ മുതിർന്ന അഭിഭാഷക നന്ദിത ഹക്സർ ചോദിച്ചു- “പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ഒരു പരാതി കൊടുത്തൂടെ നിനക്ക്?”
ഇന്ത്യ ; ഒരു സ്വതന്ത്ര -മതനിരപേക്ഷ- ജനാധിപത്യ രാജ്യം! ഇതെല്ലാം നടക്കുന്നത് ഇവിടെയാണ്. ഒരു മുസ്‌ലിമായി പിറന്നതിന്റെ പേരിൽ ഒരാൾ നോട്ടപ്പുള്ളിയാകുന്നു. ചിലർ വേട്ടയാടപ്പെടുന്നു. മറ്റു ചില മുസ്‌ലിം സുഹൃത്തുക്കൾ ഈ വിധത്തിൽ, അല്ലെങ്കിൽ ഇതിനേക്കാൾ പതിന്മടങ് ശോചനീയമായി നമ്മുടെ രാജ്യത്ത് ദുരിതം അനുഭവിക്കുന്നു. എന്നിട്ടും നമ്മുടെ സാംസ്കാരിക സമൂഹം മിണ്ടാതിരിക്കുന്നതെന്താണ്?
“ഇതിനെയാണോ കൾച്ചർ ഓഫ് സൈലൻസ് എന്നു വിളിക്കുക.” -വിനോദിന്റെ ചോദ്യം.
ഇതിനിടയിൽ പിടിച്ചെടുക്കാത്ത ചില കത്തുകൾ (അതോ, അതിനു ശേഷമുള്ളതോ) എനിക്കു കിട്ടുന്നു. വയനാട്ടുകാരൻ സജീഷ് ലാൽ ‘അനീസിനെ മലപ്പുറത്തു നിന്ന് ഏതോ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി’ എന്ന് ഒരുപാട് നാളായി വിവരമില്ലാത്ത ഒരു കൂട്ടുകാരനെക്കുറിച്ച് എഴുതുന്നു.
അയ്യോ, ഞാൻ നിലവിളിക്കുന്നു.ഇതൊക്കെ ആരാവും വായിക്കുകയെന്നും എന്താവും അവർ കരുതുകയെന്നും ഞാനോർക്കുന്നു.
എനിക്കിതെല്ലാം എന്റെ കൂട്ടുകാരെ അറിയിക്കേണ്ടതുണ്ട്. നിങ്ങൾ എനിക്ക് സൂക്ഷ്മതയോടെ വാക്കുകൾ തിരഞ്ഞെടുത്ത്, ഹ്യൂമർ പുരട്ടാത്ത കത്തുകൾ എഴുതണമെന്നും എഴുതുമ്പോൾ കൂടുതൽ കൂടുതൽ ശ്രദ്ധിക്കണമെന്നും എനിക്കവരോട് പറയണം.
ഒടുവിൽ നാട്ടിലേക്ക് പോയ ഒരാൾ വശം ഞാൻ ഒരു സുഹൃത്തിന് കാര്യങ്ങളെഴുതിക്കൊടുത്തയച്ചു. കത്തെഴുതുമ്പോൾ ദയവായി സൂക്ഷിക്കണേ…
എനിക്ക് കത്തെഴുതുന്നത് അതോടെ പലരും നിർത്തി. അതുകൊണ്ട് ഇനി ഒരു പ്രശ്നമുണ്ടാകേണ്ട എന്നവർ കരുതിയിരിക്കണം. ഇതിനിടയ്ക്ക് കെ. ഷെരീഫ് എന്ന ചിത്രകാരൻ സുഹൃത്ത് ചിത്രം വരച്ച് സാമ്പ്രദായികശൈലിയിൽ എനിക്കെഴുതുന്നു. ‘പാർലമെന്റിലേക്ക് ഞാൻ കോഴിയടകൊടുത്തു വിടാം.’
അയ്യോ… അയ്യോ… ഞാൻ വീണ്ടും നിലവിളിക്കുന്നു. പാർലമെന്റ്, കോഴിയട… ഇതൊക്കെ തർജ്ജമ ചെയ്യുമ്പോൾ അവർ എന്തൊക്കെയാവും അർത്ഥമെടുക്കുക എന്നാണ് ഇക്കുറി എന്റെ വേവലാതി.
ഡെൽഹിയിലെ ദിവസങ്ങൾ നീങ്ങുന്നു. ഇടയ്ക്ക് മാർക്കറ്റിൽ നിന്ന് ഇറച്ചി വാങ്ങി വരുമ്പോഴെല്ലാം ഞാൻ കയ്യിലെ സഞ്ചി ആരും കാണാതെ ഞാൻ സൂക്ഷിക്കുന്നു. എന്നിട്ടും എല്ലാവരുടെയും കണ്ണുകൾ എന്തിനാണിത്ര അരിച് എന്റെ കയ്യിലെ പൊതിക്കു മീതെ ചുറ്റി നിൽക്കുന്നത്?
കുറച്ചു നാൾ മുൻപ് ഞങ്ങളുടെ പോക്കറ്റിൽ രാത്രി മുഴുവൻ നീണ്ടു നിന്ന ഭജന നടക്കുന്നു. രാത്രി പത്തുമണിക്കു ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് ശബ്ദ നിയന്ത്രണമുണ്ട് ഡെൽഹിയിൽ. ഒച്ച കൂടിയപ്പോൾ ആരോ ഒരാൾ പോലീസിന് ഫോൺ ചെയ്തു. പരാതി പ്രകാരം ഭജന നടന്നു കൊണ്ടിരിക്കെ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസ് മടങ്ങിപ്പോയുടനെ ഭജനക്കാർ ഞങ്ങളുടെ ഫ്ലാറ്റിൽ വന്നു. “ആരാണിവിടെ മുസ്‌ലിം?” അവർ ചോദിച്ചു. “തീർച്ചയായും ഒരു മുസ്‌ലിം ആയിരിക്കും പോലീസിന് ഫോൺ ചെയ്തിരിക്കുക”- അവർ ക്രോധം കൊണ്ട് വിറക്കുകയായിരുന്നു.
ഡെൽഹിക്ക് പുറത്തായിരുന്ന ഞാൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കേൾക്കുന്നത് ഈ കാര്യങ്ങളാണ്. ഞാൻ വീണ്ടും പകച്ചു നിൽക്കുകയല്ലാതെ… തീരുന്നില്ല.
ഇടയ്ക്കെല്ലാം ഡെൽഹിയിലെ പത്രങ്ങളിൽ പോലീസിന്റെ പരസ്യം വരുന്നു. ‘ജാക്കറ്റ് ധരിച്ച, താടിയുള്ള ഒരാൾ നിങ്ങളോട് ഇടപഴകാൻ ശ്രമിക്കുന്നെങ്കിൽ ശ്രദ്ധിക്കൂ. അയാൾ തീവ്രവാദിയായിരിക്കും.’ ഞാൻ എന്റെ ജാക്കറ്റ് പേടിയോടെ ഊരിവെക്കുന്നു.
സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ പോയ മറ്റൊരു സുഹൃത്തിനോട് ഡെൽഹിയിലുള്ള ഒരു ഗസറ്റഡ് ഓഫീസർ ഗർജിക്കുന്നു: “നിങ്ങൾക്ക് പഴയ ഫോട്ടോയിൽ താടിയില്ലല്ലോ. ഇപ്പോൾ നിങ്ങൾ താടി വെച്ചിരിക്കുന്നു. ഒരു തീവ്രവാദിയെപ്പോലെയുണ്ട് എങ്ങനെ ഞാനറിയും?”
കൂടുതൽ അങ്കലാപ്പിലാവുകയാണ് ഞാൻ.
ഇപ്പോഴും എനിക്ക് എന്റെ കൂട്ടുകാർ അയക്കുന്ന കത്തുകളിൽ ചിലത് മാത്രം കിട്ടുന്നു. എന്നാൽ ഒരു മുസ്‌ലിമായി ജീവിക്കുന്നതിന്റെ വിഷമതകളെക്കുറിച്ച് എല്ലാ ചിത്രങ്ങളും ജീവിതത്തിൽ നിന്നും കിട്ടുന്നു.
ഇത് ഡെൽഹിയാണ്. ഇവിടെ നിങ്ങൾ താടി വെക്കരുത്. വെളുത്ത തൊപ്പി ധരിക്കരുത്. തട്ടമിടരുത്. ഉറച്ച ശബ്ദത്തിൽ സംസാരിക്കരുത്. ബീഫ് കഴിക്കരുത്. നിങ്ങളുടെ യഥാർത്ഥ പേര് പറയരുത്. അരുത് , അരുത് , അരുത് ….’ഞാനയച്ച ഈദ് കാർഡ് കിട്ടിയില്ലേ… നല്ല ഒന്നായിരുന്നു അത് ‘ കൂട്ടുകാരി ഷബ്നയുടെ ഏറ്റവും പുതിയ സന്ദേശം.
കേൾക്കൂ. കൂട്ടുകാർ എനിക്കെഴുതി പാതിവഴിയിൽ തങ്ങി നിൽക്കുന്ന കത്തുകളെയോർത്താണ് ഇടയ്ക്കല്ലൊം ഞാനിപ്പോൾ നെടുവീർപ്പിടുന്നത്. എങ്കിലും വീണ്ടും എഴുതാതിരിക്കരുതേ എന്ന് അവരോട് ഞാനിപ്പോഴും പറയുന്നു.
ഡെൽഹിയിൽ ബസിൽ യാത്ര ചെയ്യുമ്പോഴെല്ലാം ‘ഓം’ എന്ന് പച്ചകുത്തിയ ശരീരങ്ങൾ മുന്നിൽ നിറയുന്നത് ഞാനിന്നും കാണുന്നു. ദിനംതോറും ഇരട്ടിച്ച് ഇരട്ടിച്ച് വരുന്ന ഈ ചിഹ്നങ്ങൾ തൃശൂല മുനപോലെ എന്റെയുള്ളിൽ ഭയമായി പെരുകുന്നു. കയ്യിൽ, കഴുത്തിൽ, തലയിൽ, വയറ്റിൽ, നെഞ്ചിൽ… ഓ, എവിടെയെല്ലാമാണ്… നമ്മുടെ ജനത എപ്പോഴാണ് മതത്തെ ഇങ്ങനെ ‘ക്രൂരമായി’ സ്നേഹിക്കാൻ തുടങ്ങിയതെന്ന് പിടികിട്ടാതെ ഞാൻ അമ്പരക്കുകയാണ്. എനിക്കു കൂടുതൽ പേടിയാകുന്നു. എന്നിട്ടും ഈ ചിഹ്നങ്ങളെ ആൾക്കാർ പേടിക്കാത്തതെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരു ജനതയുടെ സാധാരണ വേഷമായ തൊപ്പിയും താടിയും തട്ടവുമെല്ലാം വെറുക്കപ്പെടുമ്പോൾ, ഭീകരമായി ചിത്രീകരിക്കപ്പെടുമ്പോൾ എന്തുകൊണ്ട് ഇത്തരം ‘അസാധാരണ വേഷ’ങ്ങളൊന്നും ആർക്കും ഭയമാകുന്നില്ല എന്ന് ഞാനോർക്കുന്നു.
കൂടുതൽ ഓർക്കാനാവുന്നില്ല എനിക്ക്. സത്യം, മലയാളത്തിലെ ഒരു കഥാകാരൻ എഴുതിയതുപോലെ ‘ഭയം അതിന്റെ തീകനൽ പോലുള്ള നാവുകൊണ്ട് എന്റെ നട്ടെല്ലിൽ നക്കുന്നു’ത് ഒടുവിൽ ഇപ്പോൾ ഞാനിതാ അനുഭവിക്കുന്നു.


