Hindutva Indian Islamophobia

അസമിലെയും ഉത്തർപ്രദേശിലെയും വംശീയ ഭരണത്തിന്റെ അനാട്ടമി: സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധസമിതിയുടെ റിപ്പോർട്ട് (2022–2025)

അസമിലും ഉത്തർപ്രദേശിലും നടക്കുന്ന  മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചു  അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധ സമിതി (PIIE) പുറത്തിറക്കിയ റിപ്പോർട്ടിന്റെ (2022–2025) വിശകലനം.

ആമുഖം

മുൻ യുഎൻ റിപ്പോർട്ടർമാരും അന്താരാഷ്ട്ര ക്രിമിനൽ നിയമ പ്രൊഫസർമാരും യുഗോസ്ലാവിയ, റുവാണ്ട ട്രിബ്യൂണലുകളിൽ നിന്നുള്ള അന്വേഷകരും ഉൾപ്പെട്ട മൂന്നംഗ പാനൽ ഓഫ് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ എക്സ്പെർട്സ് (PIIE), 2026 മാർച്ചിൽ നിർണ്ണായകമായ ഒരു നിയമ റിപ്പോർട്ട് പുറത്തുവിട്ടു. 2022-നും 2025-നും ഇടയിൽ അസം, ഉത്തർപ്രദേശ് (UP) എന്നിവിടങ്ങളിൽ മുസ്ലിം ജനവിഭാഗത്തിനെതിരെ നടന്ന ഭരണകൂട അക്രമങ്ങളെക്കുറിച്ചാണ് ഈ രേഖ അന്വേഷിക്കുന്നത്.

ഈ രണ്ട് സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾക്കെതിരെ വ്യാപകവും തുടർച്ചയായും നടക്കുന്ന നിയമ വിരുദ്ധമായ അറസ്റ്റുകൾ, കസ്റ്റഡി പീഡനങ്ങൾ, “ഏറ്റുമുട്ടൽ” കൊലപാതകങ്ങൾ, അർദ്ധ-ഏറ്റുമുട്ടലുകൾ (half-encounters), വീടുകൾ തകർക്കൽ, നിയമ ബാഹ്യമായ നാടുകടത്തൽ എന്നിവ വെറും “ഭരണപരമായ അതിരുകടക്കലുകൾ” അല്ലെന്നും മറിച്ച് ഒരു പ്രത്യേക സിവിലിയൻ ജനവിഭാഗത്തിന് നേരെ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങളാണെന്നും PIIE നിരീക്ഷിക്കുന്നു. അപ്പാർത്തൈഡ് (വർണ്ണവിവേചനം), വംശീയ പീഡനം (persecution) തുടങ്ങിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ (crimes against humanity) നടന്നുവെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ട് തെളിവുകളോടെ സ്ഥാപിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഒരു “നിയമവ്യവസ്ഥക്ക്” ഉള്ളിലുള്ള ഒരു വംശീയ ഭരണക്രമമായി (racial order) ഘടനാപരമായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നും, അവിടെ മുസ്ലിം സമുദായങ്ങൾ അവകാശങ്ങളുള്ള പൗരന്മാരായല്ല,, മറിച്ച് അധീനപ്പെടുത്തപ്പെട്ട ഒരു ശത്രു വിഭാഗമായാണ് ഭരിക്കപെടുന്നതെന്നും റിപ്പോർട്ട് വാദിക്കുന്നു.

റിപ്പോർട്ടിനെ കുറിച്ചുള്ള ഈ വിശകലനം നാല് ഭാഗങ്ങളിലായാണ് നടക്കുന്നത്. ഒന്നാമതായി, റിപ്പോർട്ടിൽ ഊന്നിപ്പറയുന്ന സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്നു. രണ്ടാമതായി, സമിതിയുടെ അന്വേഷണങ്ങളിൽ നിന്നുള്ള നിയമപരമായ കണ്ടെത്തലുകൾ വിവരിക്കുന്നു. മൂന്നാമതായി, ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന വംശീയ ഭരണത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള വിശകലനവും ഒരു വംശീയ ഭരണത്തിന്റെ അനാട്ടമിയുടെ പരിശോധനയുമാണ്. നാലാമതായി, സമിതിയുടെ റിപ്പോർട്ടിന്റെ ശുപാർശകൾ സംഗ്രഹിക്കുന്നു.

ആസൂത്രിതമായ അതിക്രമങ്ങളുടെ ചില സ്ഥിതിവിവരക്കണക്കുകൾ

ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമപദ്ധതികളെ വ്യക്തമാക്കാൻ സർക്കാറിന്റെ തന്നെ രേഖകളും കോടതി ഫയലുകളും മെഡിക്കൽ ഫോറൻസിക് റിപ്പോർട്ടുകളും PIIE ഉപയോഗിക്കുന്നു.

നിയമവിരുദ്ധ കൊലപാതകങ്ങളും ‘എൻകൗണ്ടർ’ സംസ്കാരവും

ഉത്തർപ്രദേശിൽ 2022-നും 2025-നും ഇടയിൽ എൺപത്തിഏഴ് മുസ്ലിംങ്ങൾ പോലീസ് ‘എൻകൗണ്ടറുകളിൽ’ കൊല്ലപ്പെട്ടു. സംസ്ഥാന ജനസംഖ്യയുടെ 19% മാത്രമാണ് മുസ്ലിംങ്ങളെങ്കിലും, എൻകൗണ്ടർ മരണങ്ങളിൽ 32% ഇവരാണ്. ഇതിന്റെ കൂടെ ഇരകളെ പോലീസ് കസ്റ്റഡിയിൽ അംഗ പരിമിതരാക്കിയ അൻപത്തിനാല് “അർദ്ധ-ഏറ്റുമുട്ടലുകൾക്കും” (half-encounter) മുസ്ലിങ്ങൾ വിധേയർ ആയി.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭരണത്തിന് കീഴിൽ അസമിൽ നടന്ന എൺപത്തി മൂന്ന് “ഏറ്റുമുട്ടൽ” കൊലപാതകങ്ങളിൽ അൻപത്തി നാല് ശതമാനവും ബംഗാളി സംസാരിക്കുന്ന മുസ്ലിംങ്ങളായിരുന്നു.

ഫോറൻസിക് തെളിവുകൾ:

കമ്മറ്റി പരിശോധിച്ച എഴുപത്തിമൂന്ന് കേസുകളിൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് മരിച്ചവരുടെ തലയുടെ പിൻഭാഗത്തോ നെഞ്ചിലോ വെടിയേറ്റ പാടുകളാണ്. ഇത് ഏറ്റുമുട്ടലല്ല, മറിച്ച് ആസൂത്രിതമായ നിയമബാഹ്യമായ വധശിക്ഷയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ നിയമവിരുദ്ധ കൊലപാതകങ്ങളുടെ പേരിൽ ഒരൊറ്റ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതിനേക്കാൾ ഭീതിതമായ കാര്യം കൊലപാതകങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ബജറ്റ് വിഹിതം മാറ്റിവെച്ചിട്ടുണ്ടെന്നതാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കസ്റ്റഡി പീഡനങ്ങൾ

മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന കസ്റ്റഡി പീഡനം പതിവാണ്. ഈ കാലയളവിൽ യുപിയിൽ മുസ്ലിംകൾക്കെതിരായ കസ്റ്റഡി പീഡനത്തെ sambandhichulla 1,442 പരാതികൾ റിപ്പോർട്ട് തിരിച്ചറിയുന്നുണ്ട്. അവയിൽ ഒന്നു പോലും ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലോ കുറ്റവിചാരണയിലേക്കോ നയിച്ചിട്ടില്ല.

അന്യായമായ അറസ്റ്റുകളും ‘ബുൾഡോസർ നീതിയും’

2022-നും 2025-നും ഇടയിൽ വിദേശി നിയമപ്രകാരം (foreigners act) അസമിൽ 22,340 ബംഗാളി സംസാരിക്കുന്ന മുസ്ലിംങ്ങളെ അറസ്റ്റ് ചെയ്തു; ഇതിൽ 91% പേർക്കെതിരെയും “വിദേശിയാണെന്ന സംശയം” ഉന്നയിച്ചായിരുന്നു അറസ്റ്റുകൾ എങ്കിലും ഈ കേസുകളിൽ കൃത്യമായ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടില്ല എന്നു കമ്മറ്റി കണ്ടെത്തി. വാറണ്ടില്ലാതെയാണ് ഈ അറസ്റ്റുകൾ നടക്കുന്നത്. തടവുകാർ അഭിഭാഷകരില്ലാതെ മാസങ്ങളോളം തടങ്കലിൽ കഴിയുന്നു.

തെരഞ്ഞെടുപ്പ് സമയത്താണ് അറസ്റ്റുകൾ വർദ്ധിക്കുന്നത്. ഇതു സ്ഥിരമായി വാർത്തകളിൽ ഇടം പിടിക്കുകയും ന്യൂനപക്ഷങ്ങളിൽ ഭീതി ഉണ്ടാക്കുന്നതിലൂടെ അവരുടെ വോട്ട് കുറയ്ക്കുന്നതിനും ഭൂരിപക്ഷ പിന്തുണ ഏകീകരിക്കുന്നതിനും വേണ്ടിയാണെന്ന് ഈ സന്ദർഭം ഉപയോഗിക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു.

ഡൊമിസൈഡ് (വീട് തകർക്കൽ/ബുൾഡോസർ നീതി)

അസമിൽ മുസ്ലിം ഉടമസ്ഥതയിലുള്ള 18,702 കെട്ടിടങ്ങൾ ആണ് ഹിമന്ത ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ തകർത്തു കളഞ്ഞത്. “ബുൾഡോസർ ജസ്റ്റിസ്” എന്ന ഈ നടപടികൾ വഴി വീടുകൾ, കടകൾ, പള്ളികൾ, ദർഗകൾ എന്നിവയുടെ നിയമേതരമായ പൊളിക്കൽ ആണ് നടക്കുന്നത്. ആകെ തകർക്കപ്പെട്ട വീടുകളിൽ തോന്നൂറ്റി ആറ് ശതമാനം മുസ്ലിങ്ങളുടേതായിരുന്നു. പലപ്പോഴും തകർക്കപ്പെട്ട മുസ്ലീം വീടുകൾക്ക് സമീപമുള്ള മറ്റു വീടുകൾ ഒഴിവാക്കപ്പെട്ടു.

മാർച്ച് 2024-ൽ മുഖ്യമന്ത്രി ശർമ്മ “മിയ” (ബംഗാളി മുസ്ലിംകൾക്കെതിരായ അപകീർത്തിപദം) “ചിതലുകൾ” എന്ന് വിളിച്ച പ്രസംഗത്തെത്തുടർന്ന്, നാല് ജില്ലകളിൽ പത്ത് ദിവസത്തിനുള്ളിൽ 1,100 കെട്ടിടങ്ങൾ തകർത്തു. വ്യാപകമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന ജനീവ കൺവെൻഷൻ പ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്ന കുറ്റകൃത്യമാണിത്.

ചില വ്യക്തികൾക്കെതിരെ കുറ്റം ആരോപിക്കപ്പെടുകയും അത് ആരോപിക്കപ്പെട്ട് (കുറ്റം തെളിയുന്നതിന് മുൻപ്) 48 മണിക്കൂറിനുള്ളിൽ അയാളുടെ കുടുംബ വീടോ മറ്റു ബന്ധുക്കളുടെ വീടുകളോ തകർക്കുന്ന രീതി ആസൂത്രിതമായ കൂട്ടശിക്ഷയാണെന്ന് (കളക്ടിവ് പണിഷ്മെന്റ്) കമ്മറ്റി കണ്ടെത്തുന്നു. ഇങ്ങനെ 247 കേസുകളിൽ, ഏതെങ്കിലും ഒരാളുടെ പേരിൽ ആരോപിപ്പെട്ട കുറ്റകൃത്യത്തിന്, കുടുംബവീടുകൾ തകർത്തു. ഒരു ഉത്തരവും ഡോക്യുമെന്റ് ചെയ്യപ്പെട്ടില്ല. ഒരു കോടതിയും അവ അവലോകനം ചെയ്തതുമില്ല, ഇരകൾക്ക് നഷ്ടപരിഹാരമോ പകരം താമസസ്ഥലമോ നൽകപ്പെട്ടില്ല.

കുടി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് അതിക്രമങ്ങളിൽ മാത്രം ആസാമിൽ എട്ട് പേർ കൊല്ലപ്പെട്ടു.

യുപിയിൽ 2025-ലെ മുസ്ലീങ്ങളുടെ ഒരു പ്രതിഷേധ പ്രകടനത്തെ തുടർന്ന് മാത്രം അവരുടെ 27 വീടുകളും 24 കടകളും ശിക്ഷാനടപടിയായി സർക്കാർ തകർത്തു.

അതിർത്തിയിൽ പുറന്തള്ളലും പൗരത്വ നിരാകരണവും

2022-25 കാലത്ത് അസമിൽ നിന്ന് ബംഗ്ലാദേശിലേക്ക് 2,837 “പുഷ്ബാക്ക്” എന്ന യുഫെമിസത്തിൽ അറിയപ്പെട്ട പുറന്തള്ളലുകൾ ഈ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഇവ ഏതെങ്കിലും നിയമ നടപടികളെ തുടർന്ന് നടന്ന നാടുകടത്തലല്ല. പലപ്പോഴും രാത്രിയിൽ, അതിർത്തി ചെക്ക് പോസ്റ്റുകളിലോ വിജനമായ പ്രദേശങ്ങളിലോ നടത്തുന്ന തൽക്ഷണ പുറന്തള്ളലുകൾ ആണ് ഇവ.ലൈഫ് ജാക്കറ്റുകൾ മാത്രം നൽകി തോക്കിൻ മുനയിൽ കടലിൽ ഉപേക്ഷിക്കപ്പെട്ടവരും ഇതിൽ പെടും. പുറത്താക്കപ്പെടുന്ന വ്യക്തികൾക്ക് അഭിഭാഷകരെയോ കുടുംബാംഗങ്ങളെയോ വിളിക്കാൻ അനുവാദമില്ലെന്ന് അതിർത്തി പൊലീസിന്റെ ലോഗുകൾ കാണിക്കുന്നു. ഏറ്റവും ചുരുങ്ങിയത് 86 രേഖപ്പെടുത്തപ്പെട്ട കേസുകളിൽ, പുറത്താക്കപ്പെട്ട വ്യക്തികൾക്ക് സാധുവായ ഇന്ത്യൻ വോട്ടറാണ് എന്ന തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നു. അതേസമയം, പൗരത്വ ഭേദഗതി നിയമവും (CAA) ദേശീയ പൗരത്വ രജിസ്റ്ററും (NRC) ഉപയോഗിച്ച് ബംഗാളി സംസാരിക്കുന്ന ലക്ഷകണക്കിന് മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കാൻ അസം സർക്കാർ ശ്രമിക്കുന്നുണ്ട്.

ഭരണകൂടം സ്പോൺസർ ചെയ്യുന്ന വെറുപ്പിന്റെ പ്രഭാഷണങ്ങൾ (2024–2026)

ഭരിക്കുന്ന ബിജെപിയുടെ ഉന്നത നേതാക്കളും ഭരണാധികാരികളും മുസ്ലിങ്ങളെ അമാനവീകരിക്കുന്ന നൂറുകണക്കിന് പ്രസംഗങ്ങൾ നടത്തിയതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ദേശീയ തലത്തിലും ഈ സംസ്ഥാനങ്ങളിലെയും ഭരണം കയ്യാളുന്നവർ തന്നെ സത്യപ്രതിജ്ഞകൾ ലംഘിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്ക് നേതൃത്വം നൽകി. പ്രധാന മന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവർ തന്നെ കടുത്ത വിദ്വേഷ പ്രസംഗങ്ങളുടെ നായകസ്ഥാനം വഹിച്ചു. തെരഞ്ഞെടുപ്പുകൾ ഇത്തരം വിദ്വേഷ പ്രചരണങ്ങളുടെ കൊയ്ത്ത് കാലം ആയിരുന്നു.

യോഗി ആദിത്യനാഥ് (യുപി മുഖ്യമന്ത്രി): അക്രമികൾക്ക് നരകത്തിലേക്ക് “വൺ-വേ ടിക്കറ്റ്” നൽകുമെന്ന ഭീഷണി ഉൾപ്പെടെ 108 തവണ വെറുപ്പിന്റെ പ്രഭാഷണങ്ങൾ നടത്തിയതായി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

അമിത് ഷാ (ആഭ്യന്തര മന്ത്രി): നുഴഞ്ഞുകയറ്റക്കാരെ “തലകീഴായി കെട്ടിത്തൂക്കും” എന്നത് പോലുള്ള വിവേചനപരമായ പ്രയോഗങ്ങൾ ഉൾപ്പെടെ 85 തവണ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി.

നരേന്ദ്ര മോദി (പ്രധാനമന്ത്രി) പല വേദികളിൽ ആയി 81 തവണ വെറുപ്പിന്റെ പ്രഭാഷണങ്ങൾ നടത്തി. പ്രധാനമായും 2024-ലെ തിരഞ്ഞെടുപ്പ് കാലയളവിൽ മുസ്ലിംങ്ങളെ “നുഴഞ്ഞുകയറ്റക്കാർ” എന്നും ഹിന്ദുക്കളുടെ അവകാശങ്ങൾ തട്ടിപ്പറിക്കുന്നവർ എന്നും വിശേഷിപ്പിച്ചത് റിപ്പോർട്ടിൽ എടുത്തുപറയുന്നു.

ഹിമന്ത ബിശ്വ ശർമ്മ (അസം മുഖ്യമന്ത്രി) അനുയായികളോട് “മിയകളെ” അവർ ചെയ്യുന്ന ജോലിക്ക് അർഹമായത് നൽകാതെ സ്ഥിരമായി “കഷ്ടപ്പെടുത്തുക” എന്ന പരസ്യമായ ആഹ്വാനം ഉൾപ്പെടെ 52 തവണ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി.

സമിതിയുടെ നിയമപരമായ കണ്ടെത്തലുകൾ

രണ്ട് സംസ്ഥാനങ്ങളിലും മുസ്ലിംങ്ങൾക്കെതിരെ വ്യാപകവും ആസൂത്രിതവുമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതിന് വിശ്വസനീയമായ തെളിവുകൾ പാനൽ കണ്ടെത്തി.

റോം ശാസനവും (rome statute) അപ്പാർത്തീഡ് കൺവെൻഷനും പ്രയോഗിച്ച് PIIE മൂന്ന് കേന്ദ്ര നിയമ നിഗമനങ്ങളിൽ എത്തിച്ചേരുന്നു.

1: മനുഷ്യത്വത്തിനെതിരായ കുറ്റകരമായ മത/വംശീയ പീഡനം (persecution)

റോം ശാസനയിലെ ആർട്ടിക്കിൾ 7(1)(h) പ്രകാരം, മതം, വംശം, ദേശീയത, എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിനെതിരായ മൗലികാവകാശങ്ങളുടെ മനഃപൂർവവും കടുത്തതുമായ നിഷേധമാണ് മതപീഡനം. യു പി, അസം എന്നിവിടങ്ങളിലെ മുസ്ലിംകൾ നിയമപരമായ അടിസ്ഥാനമില്ലാത്ത ചിട്ടയായ അറസ്റ്റ്, വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ട് വ്യാപകമായ പൊളിക്കൽ (ഡെമോളിഷൻ), ഭവന/തൊഴിൽ പദ്ധതികളിൽ നിന്നുള്ള ഒഴിവാക്കൽ, ഭരണ പിന്തുണയോടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ എന്നിവയിലൂടെ മതപീഡനത്തിന് വിധേയരായിട്ടുണ്ട്. സർക്കാർ ഭവന പദ്ധതികളിൽ നിന്നുള്ള മുസ്ലിങ്ങളുടെ പുറന്തള്ളൽ ഏകദേശം പൂർണ്ണമാണ്. യുപിയിൽ തകർക്കലുകൾ ഭൂരിഭാഗവും മുസ്ലീങ്ങൾക്കെതിരെ നടന്നപ്പോൾ 2024-ൽ ഭരണകൂടം നൽകിയ വീടുകളിൽ 94 ശതമാനവും മുസ്ലിം ഇതര വിഭാഗങ്ങൾക്കാണ് നൽകിയത് എന്നത് സമിതി ചൂണ്ടിക്കാണിക്കുന്നു.

മുസ്ലീം വെറുപ്പിന്റെ പ്രഭാഷണങ്ങളും ഈ പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് പാനൽ കണ്ടെത്തുന്നു. പ്രതിഷേധക്കാരെ ലക്ഷ്യമിട്ടുള്ള ജീവിതം തകർക്കുന്ന പ്രതികാര നടപടികൾ, മാംസ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരായ വിവേചനം എന്നിവ മതപരമായ പീഡനത്തിന്റെ പരിധിയിൽ വരുന്നു.

ഈ പ്രവൃത്തികൾ വ്യാപകവും ഭരണ നയത്തിന്റെ ഭാഗവുമായതിനാൽ, മനുഷ്യത്വത്തിനെതിരായ കുറ്റമായി മതപീഡനം നടന്നിട്ടുണ്ടെന്ന് PIIE നിഗമനം ചെയ്യുന്നു.

മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ ആരാധനാലയങ്ങളുടെ വ്യാപകമായ തകർക്കലുകൾ, മതംമാറ്റ നിരോധന നിയമത്തിന്റെ വിവേചനപരമായ നടപ്പാക്കൽ, മുസ്ലിം മതസ്ഥാപനങ്ങളിലെ സർക്കാർ ഇടപെടൽ എന്നിവയും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ്.

2: വംശീയ വിവേചന (apartheid) വ്യവസ്ഥ അഥവാ രണ്ട് തരം പൗരത്വം.

1973-ലെ അന്താരാഷ്ട്ര കൺവെൻഷനിലും റോം ശാസനയിലെ ആർട്ടിക്കിൾ 7(1)(j) ലും അപ്പാർത്തീഡ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്, ഒരു വംശീയ വിഭാഗത്തിന്റെ മേൽ മറ്റൊരു വിഭാഗത്തിന്മേലുള്ള ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമായി നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളായാണ്. അസം “അപ്പാർത്തീഡിന്റെ മാതൃക” നൽകുന്നുവെന്ന് റിപ്പോർട്ട് വാദിക്കുന്നു. സംസ്ഥാനം ഒരു രണ്ട് തട്ടുള്ള ഒരു പൗരത്വ വ്യവസ്ഥിതി സൃഷ്ടിച്ചിരിക്കുന്നു: ഹിന്ദു അസമീസുകൾക്ക് സഞ്ചാരം, സ്വത്ത്, രാഷ്ട്രീയ പങ്കാളിത്തം എന്നിവയുടെ പൂർണ്ണ അവകാശങ്ങളുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ പ്രത്യേക നിയമക്രമത്തിന് വിധേയരാകുന്നു. കാരണമില്ലാതെ അറസ്റ്റ് ചെയ്യപ്പെടാം, വിചാരണ കൂടാതെ പുറത്താക്കപ്പെടാം, മുന്നറിയിപ്പില്ലാതെ അവരുടെ വീടുകൾ തകർക്കപ്പെടാം, അവർക്ക് വ്യാപകമായി വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു (മുസ്ലിം ഭൂരിപക്ഷ ജില്ലകളെ ലക്ഷ്യമിട്ടുള്ള വോട്ടർ പട്ടിക ശുദ്ധീകരണത്തിലൂടെ). മുതിർന്ന ചില ഉദ്യോഗസ്ഥർ മുസ്ലീം“ജനസംഖ്യാ നിയന്ത്രണ”ത്തിന്റെ ലക്ഷ്യം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്—ഇത് ഒരു ക്ലാസിക് അപ്പാർത്തീഡ് ന്യായീകരണമാണ്.

വിവേചനപരമായ മതംമാറ്റ നിരോധന നിയമം, പശുസംരക്ഷണ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവ ഉപയോഗിച്ചുള്ള ഏകപക്ഷീയമായ അറസ്റ്റും ദീർഘകാല തടങ്കലും എന്നിവ വംശീയ വിവേചനത്തിന്റെ തെളിവുകൾ ആണ്.

3: വ്യാപകമായ രീതിയായി പീഡനവും നിയമേതര കൊലപാതക പരമ്പരയും

പോലീസ് ‘എൻകൗണ്ടർ’ കൊലപാതകങ്ങളിലൂടെയുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം, കുടിയൊഴിപ്പിക്കൽ നടപടികൾക്കിടയിലെ അമിതമായ ബലപ്രയോഗം, കസ്റ്റഡി മരണങ്ങൾ, ആസൂത്രിതമായ ആൾക്കൂട്ട അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന്റെ അഭാവം എന്നിവ റിപ്പോർട്ട് ഉദാഹരിക്കുന്നു.

പീഡനവും നിയമേതര കൊലപാതകങ്ങളും ഒറ്റപ്പെട്ട അധികാര ദുരുപയോഗങ്ങളല്ല, മറിച്ച് ഈ സ്ഥലങ്ങളിൽ നടക്കുന്ന സാധാരണ നടപടിക്രമമാണെന്ന് (SOP) റിപ്പോർട്ട് കണ്ടെത്തുന്നു.

യു പി സർക്കാരിന് “എൻകൗണ്ടർ” നഷ്ടപരിഹാരത്തിനായി ഒരു ബജറ്റ് ലൈൻ തന്നെ ഉണ്ട്—ഇത് പൊലീസ് കൊലപാതകങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്. സമിതി പരിശോധിച്ച കാലയളവിൽ ഒരൊറ്റ എൻകൗണ്ടർ കൊലപാതകത്തിൽ പോലും ഒരു ഉദ്യോഗസ്ഥനും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ ശിക്ഷാരഹിത്യം തന്നെ ഭരണ നയത്തിന്റെ പ്രത്യക്ഷ തെളിവാണ്.

അസമിൽ 93,021 പേരെ ‘ഡി-വോട്ടർ’ (സംശയാസ്പദമായ വോട്ടർ) പട്ടികയിൽ ഉൾപ്പെടുത്തി അവരുടെ രാഷ്ട്രീയ അവകാശങ്ങൾ കവർന്നു. അത് കൂടാതെ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിന്റെ (SIR) ഭാഗമായി പന്ത്രണ്ട് ലക്ഷം മനുഷ്യരുടെ വോട്ടവകാശം കവരുകയും അവരുടെ പരാതികൾ പരിഗണിക്കാത്ത നടപടി ക്രമങ്ങളും നടപ്പായി.

വ്യക്തികളെ രാജ്യമില്ലാത്തവരാക്കി മാറ്റുന്ന രീതിയിലുള്ള പൗരത്വ നിഷേധവും മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുമുള്ള അതിർത്തി കടത്തിയുള്ള നാടുകടത്തലും മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം, ഒത്തുചേരാനുള്ള അവകാശം എന്നിവയ്ക്കുമേലുള്ള അനാവശ്യ നിയന്ത്രണങ്ങളും വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കലും കടുത്ത കുറ്റകൃത്യമാണ് .

രണ്ട് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ തന്നെയാണ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നത്. പോലീസിന്റെയും ഭരണസംവിധാനത്തിന്റെയും മേൽ പൂർണ്ണ നിയന്ത്രണമുള്ള അവർ ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ മേൽനോട്ടത്തിന് ഉത്തരവാദികളാണ്. മുസ്ലിംകളെ സുരക്ഷാ ഭീഷണിയായി ചിത്രീകരിക്കുന്ന അവരുടെ പരസ്യ പ്രസ്താവനകൾ അക്രമികൾക്ക് ഒരു പച്ചക്കൊടി കാട്ടലായി മാറിയിട്ടുണ്ട്.

നിലവിലുള്ള ആഭ്യന്തര നിയമസംവിധാനങ്ങളിലൂടെ നീതി ലഭിക്കാൻ മുസ്ലിംങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാത്ത രീതിയിൽ സംവിധാനങ്ങൾ പരാജയപ്പെട്ടതായും പാനൽ വിലയിരുത്തുന്നു.

വംശീയ മൃതൃ രാഷ്ട്രീയത്തിന്റെ അനാട്ടമി: റിപ്പോർട്ടിന്റെ ഒരു വിശകലനം

ഒരു വലിയ ജനാധിപത്യത്തിന് എങ്ങനെ ഇത്ര ചിട്ടയായ അതിക്രമങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും എന്ന് മനസിലാക്കാൻ, റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ സംബന്ധിച്ച്, വംശീയ മൃത്യു രാഷ്ട്രീയത്തിന്റെ അനാട്ടമിയുടെ വിശകലനം ആവശ്യമാണ്. വംശീയ ശ്രേണി ഉൽപ്പാദിപ്പിക്കുന്ന ഘട്ടം ഘട്ടമായ നിയമ പരിഷ്കരണങ്ങൾ, ഔദ്യോഗിക ഭരണ അതിക്രമം, വിദ്വേഷ പ്രചരണങ്ങളിലൂടെയുള്ള ഹിംസാത്കമായ ഭൂരിപക്ഷ മേധാവിത്വ രാഷ്ട്രീയത്തിന്റെ സമാഹരണം, ഇതെല്ലാം ഏകോപിപ്പിക്കുന്ന ഘടനാപരമായ വംശീയതയുടെ വിന്യാസം നമുക്ക് ഈ റിപ്പോർട്ടിൽ കാണാം.

നെക്രോ-പൊളിറ്റിക്സും നെക്രോ-റേസിസവും: കൊല്ലാനുള്ള അവകാശത്തിൽ നിന്ന് “അംഗവൈകല്യം” വരുത്താനുള്ള അവകാശത്തിലേക്ക്

ആഷിൽ എംബെംബെയുടെ (achille mbembe) നെക്രോ-പൊളിറ്റിക്സ് എന്നത് ആധുനിക പരമാധികാരത്തിന്റെ (sovereignty) ആരാണ് ജീവിക്കേണ്ടതെന്നും ആരാണ് മരിക്കേണ്ടതെന്നും തീരുമാനിക്കാനുള്ള പരമാധികാരത്തെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഭരണകൂട സംവിധാനങ്ങൾ ഇതിനപ്പുറം പോയി , ജസ്ബീർ പുവാർ ഇസ്രയേലി സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന”അംഗപരിമിതി വരുത്താനുള്ള അവകാശത്തിലേക്ക്” (right to maim) മാറിയിരിക്കുന്നുവെന്ന് PIIE റിപ്പോർട്ട് അനുഭവപ്പെടുത്തുന്നു. ഇത് മൃതി വരുത്തലിൽ മാത്രമല്ല, അതിന്റെ കൂടെ ‘ദുർബലപ്പെടുത്തലിലൂടെ’ (debilitation) ആണ് പ്രവർത്തിക്കുന്നത് – പൂർണ്ണമായ ജീവിതമോ മരണമോ നിഷേധിക്കുന്ന ഒരു അവസ്ഥ ഭരണകൂടം നിർമ്മിക്കുന്നു. പുവാർ എഴുതുന്നു: “ഇത് ജനതയുടെ ജീവിതത്തെ നിർണ്ണയിക്കുന്ന ബയോപൊളിറ്റിക്സോ മരണത്തിന്റെ നെക്രോ-പൊളിറ്റിക്സോ അല്ല, മറിച്ച് ജീവിക്കുന്നവരെ ദുർബലപ്പെടുത്തുന്ന ഒന്നാണ്.”

ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ’ സംസ്കാരം ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. പോലീസ് കസ്റ്റഡിയിലുള്ള മുസ്ലിം യുവാക്കളുടെ കാലിലോ മുട്ടിലോ വെടിവെച്ച് അവരെ ശാശ്വതമായി വൈകല്യമുള്ളവരാക്കുന്ന ‘ഹാഫ്-എൻകൗണ്ടർ’ രീതിയെക്കുറിച്ച് റിപ്പോർട്ട് ഭയാനകമായ വിവരങ്ങൾ നൽകുന്നു. 2024-ൽ മാത്രം ഇത്തരത്തിലുള്ള 50-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ആകസ്മികമായി സംഭവിക്കുന്നതല്ല, മറിച്ച് ഒരു ആസൂത്രിത സാങ്കേതിക വിദ്യയാണ്. പലസ്തീനിലെ യുവാക്കളെ ലക്ഷ്യമിടുന്ന ഇസ്രായേൽ തന്ത്രങ്ങളെക്കുറിച്ച് പുവാർ പറയുന്നത് ഇവിടെയും പ്രസക്തമാണ്: “ഭാവിയിലെ ഏതൊരു പ്രതിരോധത്തെയും ഇല്ലാതാക്കാൻ ശാരീരികവും മാനസികവുമായ പരിക്കുകളിലൂടെ യുവാക്കളെ തളർത്തുക എന്നത് ഒരു ബയോപൊളിറ്റിക്കൽ തന്ത്രമാണ്.”
ഹാഫ്-എൻകൗണ്ടറുകൾ കൊല്ലുന്നില്ല, മറിച്ച് തളർത്തുന്നു. 19-ാം വയസ്സിൽ മുട്ടിന് വെടിയേറ്റ ഒരു മുസ്ലിം യുവാവ് ജീവിതകാലം മുഴുവൻ മുടന്തി നടക്കേണ്ടിയും ആശ്രിതനായി ജീവിക്കേണ്ടിയും വരും. അയാൾക്ക് പിന്നീട് പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാനോ ഒരു തൊഴിലാളിയായി ജോലി ചെയ്യാനോ കഴിയില്ല. അയാൾ ഒരു രാഷ്ട്രീയ പൗരനിൽ നിന്ന് ഭരണകൂടത്തിന്റെ അധികാരത്തിന്റെ ജീവിക്കുന്ന അടയാളമായി മാറുന്നു. പുവാർ വാദിക്കുന്നത് “മരിച്ച ശരീരങ്ങളേക്കാൾ അവയവങ്ങൾ നഷ്ടപ്പെട്ട ശരീരങ്ങൾ കൂടുതൽ കാര്യങ്ങൾ സാധിച്ചെടുക്കുന്നു” എന്നാണ്. ഒരു മരണം ചിലപ്പോൾ വലിയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും കാരണമായേക്കാം. എന്നാൽ വൈകല്യം ബാധിച്ച ശരീരം ഒരു താക്കീതായി സമൂഹത്തിൽ നിലനിൽക്കുന്നു: “നിങ്ങൾ അതിജീവിച്ചാൽ ഇതായിരിക്കും അവസ്ഥ” എന്ന് അത് വിളിച്ചുപറയുന്നു.

ഇവിടെ പ്രവർത്തിക്കുന്നത് ഒരു കൃത്യമായ ബയോപൊളിറ്റിക്കൽ യുക്തിയാണെന്ന് പുവാർ തിരിച്ചറിയുന്നു. ഭരണകൂടം ഇവിടെ “ജീവിക്കാൻ അനുവദിക്കുക” (let live) അല്ലെങ്കിൽ “മരിക്കാൻ അനുവദിക്കുക” (make die) എന്നതല്ല ചെയ്യുന്നത്, മറിച്ച് “മരിക്കാൻ അനുവദിക്കില്ല” (will not let die) എന്ന മൂന്നാമതൊരു രീതിയാണ് പ്രയോഗിക്കുന്നത്. പുവാർ എഴുതുന്നു: “അംഗവൈകല്യം വരുത്തുന്നത് ‘ജീവിക്കാൻ അനുവദിക്കുന്നു’ എന്ന വ്യാജേനയാണ് നടക്കുന്നത്, എന്നാൽ യഥാർത്ഥത്തിൽ അതിന്റെയുക്തി ‘മരിക്കാൻ അനുവദിക്കില്ല’ എന്നതാണ്. കൊല്ലാനല്ല, വൈകല്യം വരുത്താനാണ് വെടിവെക്കുന്നത് എന്ന് വരുമ്പോൾ “അത് ജീവൻ സംരക്ഷിക്കാനുള്ള നടപടിയായി തെറ്റിദ്ധരിക്കപ്പെടുന്നു.”

പോലീസ് ഒരാളുടെ കാലിൽ വെടിവെക്കുമ്പോൾ, “ഞങ്ങൾക്ക് അയാളെ കൊല്ലാമായിരുന്നു, പക്ഷേ ഞങ്ങൾ സംയമനം പാലിച്ചു” എന്ന് അവർക്ക് അവകാശപ്പെടാം. ഈ ഔദ്യോഗിക ഭാഷ്യം വൈകല്യത്തെ ഒരു കാരുണ്യമായി അവതരിപ്പിക്കുന്നു.

എന്നാൽ പുവാർ ഇതിലെ ചതി വെളിപ്പെടുത്തുന്നു: ലക്ഷ്യം ജീവൻ രക്ഷിക്കലല്ല, മറിച്ച് ഇനി ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത വിധം ഒരാളെ ദുർബലപ്പെടുത്തുക/മുരടിപ്പിക്കുക (stunting) എന്നതാണ്. ഹാഫ്-എൻകൗണ്ടർ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം, തങ്ങൾ ഉദ്ദേശിച്ചത് നടക്കതായപ്പോൾ, അതേ പോലീസ് സംഘം തന്നെ മടങ്ങിയെത്തി ആ വ്യക്തിയെ കൊലപ്പെടുത്തിയ 12 കേസുകൾ റിപ്പോർട്ടിലുണ്ട്—ഇതിൽ നിന്ന് ‘സംയമനം’ എന്നത് വെറും തന്ത്രം മാത്രമാണെന്ന് വ്യക്തമാകുന്നു.

കൂടാതെ, അംഗവൈകല്യം വരുത്തുന്നത് വെറുമൊരു യുദ്ധക്കെടുതിയല്ലെന്നും അത് അധിനിവേശ കൊളോണിയലിസത്തിന്റെ (settler colonialism) തന്ത്രപരമായ ലക്ഷ്യമാണെന്നും പുവാർ ഇസ്രായേൽ പശ്ചാത്തലത്തിൽ ഉറപ്പിച്ചു പറയുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിലെയും അസമിലെയും മുസ്ലിം ജനവിഭാഗങ്ങളെ നിശബ്ദരാക്കുക എന്നതാണ് ഈ ലക്ഷ്യം. പുവാർ എഴുതുന്നു, “ശാരീരികവും മാനസികവും വൈജ്ഞാനികവുമായ പരിക്കുകൾ ഏൽപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ ബയോപൊളിറ്റിക്കൽ (biopolitical) തന്ത്രത്തിന്റെ മറ്റൊരു വശമാണ്.’

ഹാഫ്-എൻകൗണ്ടർ ഇവിടെ രണ്ട് കാര്യങ്ങളാണ് ചെയ്യുന്നത്:

1. വ്യക്തികളെ നിത്യമായി തളർത്തുക: വിഭവദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തിൽ, വൈകല്യം ബാധിച്ച ഒരാൾക്ക് കൃത്രിമകാലോ ചികിത്സയോ ലഭിക്കില്ല. കുടുംബത്തിന്റെ ഏക അത്താണികൾ ആയ അവർ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ വെറും യാചകരോ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നവരോ ആയി മാറുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ, ഒരു ‘അംഗവൈകല്യമുള്ളവനെ’ (cripple) പൗരാവകാശങ്ങളുള്ള ‘ഭിന്നശേഷിക്കാരൻ’ (disabled) എന്ന പദവിയിലേക്ക് മാറ്റാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകില്ല. ഈ പോയിന്റ് വളരെ പ്രധാനമാണ്, കാരണം അവകാശ ആഖ്യാനങ്ങളിൽ (rights discourses) ഉയർത്തിക്കാട്ടുന്ന ‘ഭിന്നശേഷിയുള്ള ശരീരം’ എന്നത് ആ വൈകല്യത്തെ ഉൾക്കൊള്ളാനും പുനരധിവസിപ്പിക്കാനുമുള്ള പ്രക്രിയകളുടെ ലഭ്യതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

2. ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക: വീടുകളും ഉപജീവനത്തിനുള്ള കടകളും സാമഗ്രികളും തകർക്കുക, മുസ്ലിം ഗ്രാമങ്ങളിലേക്കുള്ള റോഡുകൾ തടയുക, പൗരത്വ പ്രക്രിയകളുടെ മറവിൽ റേഷൻ കാർഡും ചികിത്സയും നിഷേധിക്കുക, കന്നുകാലികളുമായി ബന്ധപ്പെട്ട ഉപജീവന മാർഗങ്ങൾ നിയമപരമായും സർക്കാർ വിജ്ഞാനപണങ്ങൾ വഴിയും ആൾക്കൂട്ട ആക്രമണങ്ങളിലൂടേയും തടയുക എന്നിവയിലൂടെ ജനങ്ങളെ പുറത്തുനിന്ന് വെടിയുണ്ട കൊണ്ടും ഉള്ളിൽ നിന്ന് ദാരിദ്ര്യം അടിച്ചേൽപ്പിക്കുന്ന പല നീരാളിക്കൈകൾ ഉള്ള ഭരണകൂട നീക്കങ്ങൾ കൊണ്ടും ദുർബലപ്പെടുത്തുന്നു.
അസമിൽ നിലനിൽക്കുന്ന അപ്പാർത്തൈഡിന്റെ വിവിധങ്ങളായ ചേരുവകളെ കുറിച്ച് സമിതിയുടെ കണ്ടെത്തലിന് പുവാറിന്റെ ഈ സിദ്ധാന്തങ്ങൾ കൂടുതൽ തെളിച്ചം നൽകുന്നു. ആധുനിക വംശീയ ഭരണകൂടത്തിന്റെ ലക്ഷ്യം പെട്ടെന്നുള്ള വംശഹത്യയല്ല, മറിച്ച് രാഷ്ട്രീയമായി നട്ടെല്ലൊടിഞ്ഞ, ദുർബലരായ ഒരു ജനതയെയോ സാമൂഹ്യ വിഭാഗങ്ങളേയോ സൃഷ്ടിക്കുക എന്നതാണ്. “കലോറി, വെള്ളം, വൈദ്യുതി, ആരോഗ്യം, മറ്റ് വിതരണങ്ങൾ, ഇന്ധനം, യാത്രാസ്വാതന്ത്ര്യം എന്നിവ നിയന്ത്രിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക വഴി ആരോഗ്യമുള്ള ശരീരങ്ങളെപ്പോലും ശാരീരികാവശതകളിലേക്ക് (debilitation) തള്ളിവിടുന്നു…” എന്ന് പുവാർ നിരീക്ഷിക്കുന്നുണ്ട്.

ഇത്തരമൊരു ഭരണക്രമത്തിൽ അപരർ “ജീവിക്കുകയോ മരിക്കുകയോ എന്നത് നിർണ്ണയിക്കുക അല്ല ലക്ഷ്യം.” മറിച്ച് ഒരു ജനതയെ പ്രതിരോധിക്കാനോ ജോലി ചെയ്യാനോ അതിജീവിക്കാനോ കഴിയാത്ത വിധം സാവധാനം, നിയമപരമായി, ‘സംയമനത്തിന്റെ’ മറവിൽ ഇല്ലാതാക്കുക എന്നതാണ്.

ഇതിനു സമാന്തരമായി, ഭരണകൂട ബാഹ്യമായ അക്രമത്തിന് ഭരണകൂടം തന്നെ സൃഷ്ടിക്കുന്ന അനുവാദാത്മക അന്തരീക്ഷം ഉണ്ട്. 2022-25 കാലത്ത് “പശുക്കടത്ത്” അല്ലെങ്കിൽ “ലവ് ജിഹാദ്” എന്നീ കിംവദന്തികളിൽ പ്രേരിതരായ വിജിലന്റ് സംഘങ്ങൾ ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം നാൽപ്പത്തിയേഴ് മുസ്ലിംകളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ആ സംഭവങ്ങളിൽ നാല്പത്തി രണ്ടിലും, കൊലപാതകത്തിന് ശേഷമാണ് പൊലീസ് എത്തിയത്. അപ്പോഴും അവർ അറസ്റ്റുകളൊന്നും നടത്തിയില്ല എന്ന് മാത്രമല്ല, കുറ്റം ഇരയുടെ മേൽ ചാർത്തിക്കൊണ്ട് എഫ്ഐആർ ഫയൽ ചെയ്യുകയാണ് ചെയ്തത്. ഈ മനഃപൂർവമായ അന്വേഷണ അലംഭാവം, ആൾക്കൂട്ട അക്രമത്തിനുള്ള ഭരണ അംഗീകാരമാണെന്നും, അതിനാൽ ഭരണകൂടത്തെ സഹ കുറ്റവാളിയാക്കുന്നുവെന്നും PIIE കണ്ടെത്തുന്നു.

സ്ലോ ജെനോസൈഡും സോഷ്യൽ ഡെത്തും: നിലനില്പിന്റെ ഘട്ടം ഘട്ടമായുള്ള ക്ഷയിപ്പിക്കൽ

ജെനോസൈഡ് എന്ന പദം രൂപപ്പെടുത്തിയ റാഫേൽ ലെംകിൻ, അതിന്റെ നിർവ്വചനത്തിൽ വൻ കൂട്ടക്കൊലകളെ മാത്രമല്ല, “അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ നാശത്തെ സംബന്ധിച്ച ഒരു ദേശീയ മാതൃകയേയും” ഉൾക്കൊള്ളുന്നുണ്ട്. PIIE റിപ്പോർട്ട് അസമിലും യു പിയിലും അത്തരമൊരു സ്ലോ ജെനിസൈഡ് എന്ന പ്രക്രിയയുടെ സ്വഭാവം വെളിപ്പെടുത്തുന്നു.

നിർബന്ധിത അവകാശച്യുതി (enforced disenfranchisement) ആണ് ഇതിന്റെ പ്രാഥമിക സംവിധാനം. ദേശീയ പൗരത്വ രജിസ്റ്ററും (NRC) പൗരത്വ ഭേദഗതി നിയമവും (CAA), വോട്ടർ പട്ടിക പരിഷ്കരണവും (SIR) ഒരു “പൗരത്വതിന്റെ ഇരട്ട രീതിയായി” പ്രവർത്തിക്കുന്നു. അനധികൃത കുടിയേറ്റക്കാർ ആയ ഹിന്ദുക്കൾക്ക് പോലും, പൗരത്വത്തിലേക്ക് ഒരു ഫാസ്റ്റ് ട്രാക്ക് വാഗ്ദാനം ചെയ്യുന്ന ഈ സംവിധാനങ്ങൾ, മുസ്ലിംകൾക്ക്, മുൻ തലമുറകളിലേക്കുള്ള വംശാവലിയുടെ നീണ്ട തെളിവുകൾ ആവശ്യപ്പെടുന്നു. ദരിദ്രരും ഗ്രാമീണരും ആയ ഭരണ പിന്തുണ ഇല്ലാത്തവരും ആയ ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടുംബങ്ങൾക്ക് നിറവേറ്റാൻ ഏതാണ്ട് അസാധ്യമായ ഭാരം ആണിത്. ഇത് വംശീയ വിവേചനത്തിന്റെ (അപ്പാർത്തീഡ്) ഘടനയായി മാറുന്നുവെന്ന് PIIE കണ്ടെത്തുന്നു, കാരണം ഇത് ബംഗാളി മുസ്ലിംകളെ അവരുടെ താമസാവകാശത്തിൽ നിന്നും രാഷ്ട്രീയ പങ്കാളിത്തത്തിൽ നിന്നും പ്രാഥമിക പൗരാവകാശങ്ങളിൽ നിന്നും ചിട്ടയായി പുറന്തള്ളുന്നു. അസമിലെ 2024 ലെ തെരഞ്ഞെടുപ്പിൽ, “വിദേശി പരിശോധന” എന്ന വ്യാജം വഴി പന്ത്രണ്ട് ലക്ഷം മുസ്ലിംകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അവർക്ക് എതിരായി ഒരിക്കലും ഒരു കുറ്റവും ചാർജ് ചെയ്യപ്പെട്ടില്ല, അവർ വിചാരണ ചെയ്യപ്പെട്ടില്ല, അവരുടെ നിലവിളികൾക്ക് ഒരു കേൾവിയും നൽകപ്പെട്ടില്ല. അങ്ങനെ അവർ രാഷ്ട്രീയ വിഷയിയായി നിലനിൽക്കുന്നത് ഭരണകൂടം അവസാനിപ്പിച്ചു.

സ്വത്ത് നശീകരണമായി ഡോമിസൈഡ് (domicide as dispossession) സ്ലോ ജെനോസൈഡിന്റെ പ്രത്യേക ഡൈമൻഷനാണ്. വൻതോതിലുള്ള കെട്ടിടമിടിപ്പ് ഡ്രൈവുകൾ—അസമിലെ ദരംഗ്, നഗാവോൺ, ധുബ്രി ജില്ലകളിലും, യുപി യിലെ അലിഗഡ്, സഹാറൻപൂർ എന്നിവിടങ്ങളിലും—സോഷ്യൽ ഡെത്തിന്റെ ഒരു രൂപമായി ഉപയോഗിക്കുന്നു. 2024-25 കാലത്ത് മാത്രം മുന്നൂറ്റി പന്ത്രണ്ട് പൊളിക്കൽ ഓപ്പറേഷനുകൾ എണ്ണായിരത്തിലധികം മുസ്ലിം വീടുകൾ നിലംപൊത്തിച്ചതായി റിപ്പോർട്ട് രേഖപ്പെടുത്തുന്നു. അവരുടെ വീട്ടിലെ സാധനങ്ങൾ മാറ്റാൻ കുടുംബങ്ങൾക്ക് പത്ത് മിനിറ്റ് സമയം മാത്രം നൽകുന്നു; പിന്നെ ബുൾഡോസറുകൾ ഉരുളുന്നു. പറയുന്ന കാരണം “നിയമവിരുദ്ധ കൈയേറ്റം” എന്നാണ്, എന്നാൽ 94% കേസുകളിലും, കുടുംബങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്ത് സർക്കാർ രേഖകൾ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട് കാണിക്കുന്നു. പൊളിച്ച് കളഞ്ഞ വീടുകളിൽ ചിലത് മുൻ സർക്കാരുകൾ തന്നെ നൽകിയതാണ് എന്ന വസ്തുത ഈ വാദഗതിയുടെ പൊള്ളത്തരം കാണിക്കുന്നുണ്ട്. ജീവിതത്തിന്റെ ഭൗതിക അടിത്തറയുടെ പൂർണമായ തുടച്ചുനീക്കൽ ആണ് സംഭവിക്കുന്നത്. പാർപ്പിടം, ഉപജീവനമാർഗ്ഗം (വീടുകളോട് ചേർന്നുള്ള കടകൾ), സാമുദായത്തിന്റെ സ്മൃതി എല്ലാം തുടച്ചു നീക്കപ്പെടുന്നു. അനേകം കുടുംബങ്ങൾ ആന്തരികമായി സ്ഥാനഭ്രഷ്ടരാകുന്നു, അവർ ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ റിലീഫ് ക്യാമ്പുകളിൽ കഴിയുന്നു, അവയെ റിപ്പോർട്ട് “തുറന്ന ജയിലുകൾ” എന്നാണ് വിശേഷിപ്പിക്കുന്നത് കാരണം, അവിടെ അതിജീവിച്ചവർ അവരുടെ പൗരത്വ നിലയെക്കുറിച്ച് പതിവായി ചോദ്യം ചെയ്യപ്പെടുന്നു.

“വംശീയ വിവേചന നിയമങ്ങളുടെ വലയം” – ബ്യൂറോക്രസിയുടെ ആയുധവൽക്കരണം

PIIE റിപ്പോർട്ട് അപാർത്ഥീഡ് നിയമങ്ങളുടെ ഒരു പരമ്പര തന്നെ തിരിച്ചറിയുന്നു. ഉപരിപ്ലവമായി നിഷ്പക്ഷമെങ്കിലും വിവേചനപരമായി നടപ്പാക്കപ്പെടുന്ന നിയമനിർമ്മാണം, മുസ്ലിം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ക്രിമിനൽവത്കരിക്കുന്നു. ഇത് ഏകപക്ഷീയമായ നിയമം നടപ്പാക്കലല്ല; വളരെ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്യപ്പെട്ട ഒരു കുരുക്ക് ആണ്.

യുഏപിഎ(UAPA) തുടങ്ങിയ ഭീകര നിയമങ്ങൾ കൂടാതെ FCRA പോലുള്ളവയും അതിനായി സംവിധാനം ചെയ്യപ്പെട്ടവയാണ്. സമാനമായ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് മുസ്ലിംകൾ ഹിന്ദുക്കളേക്കാൾ 18 മടങ്ങ് കൂടുതൽ UAPA പ്രകാരം കുറ്റം ചുമത്തപ്പെടുന്നു. മുസ്ലിംകൾ നടത്തുന്ന 200-ലധികം ചാരിറ്റബിൾ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയെ “ദേശീയ സുരക്ഷ” എന്ന തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ FCRA ഉപയോഗിച്ച് ലൈസൻസുകൾ റദ്ദാക്കി തളർത്തിയിരിക്കുന്നു. 2024 ൽ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചെറിയ സംഭാവനകൾ സ്വീകരിച്ചതിന്, രാഷ്ട്രീയ ബന്ധമില്ലാത്ത 12 മദ്റസകളുടെ FCRA ലൈസൻസുകൾ സർക്കാർ റദ്ദാക്കിയതായി റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്.

മതപരിവർത്തന വിരുദ്ധ നിയമങ്ങളും “ലവ് ജിഹാദ്” ഓർഡിനൻസുകളും മറ്റൊരു ഭരണകൂട ഭീകരതയുടെ ഉപകരണങ്ങൾ ആണ്. ഉത്തർപ്രദേശ് ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾ വിവാഹത്തിനായുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ മുസ്ലിംകളുടെ സാമൂഹികവും ഇന്റിമസിക്കുമുള്ള അവകാശങ്ങളെ ലക്ഷ്യമിടുന്നുവെന്ന് PIIE കണ്ടെത്തുന്നു. 2024-25 ൽ, ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം പുരുഷനെ അറസ്റ്റ് ചെയ്ത 341 കേസുകൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു; ആ 289 കേസുകളിലും, സ്ത്രീ സ്വമേധയാ മതം മാറിയതായി സത്യപ്രതിജ്ഞ ചെയ്തു എങ്കിലും പുരുഷന്മാർ ദീർഘമായ കുറ്റവിചാരണ നേരിട്ടു, സ്ത്രീകളെ “സംരക്ഷണ ഹോമുകൾ” എന്ന ഫലത്തിൽ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചു. വംശീയ ശുദ്ധീകരണത്തിന്റെ ഒരു ക്ലാസിക് രീതിയായ കുടുംബ രൂപീകരണത്തെ തടയുന്ന മതപീഡനമാണിതെന്ന് റിപ്പോർട്ട് കണ്ടെത്തുന്നു.

പശു “സംരക്ഷണവും” മാംസ വ്യാപാര നിയന്ത്രണ നിയമങ്ങളും അടക്കം വിവേചനപരമായ നിയമനിർമ്മാണങ്ങളും നടപ്പാക്കലും മുസ്ലിം ഉടമസ്ഥതയിലുള്ള ബിസിനസുകളെ തകർത്തു. യുപിയിൽ, നിയമപരമായ അറവുശാലകളുടെ എണ്ണം 2022 നും 2025 നും ഇടയിൽ 5,000 ൽ നിന്ന് വെറും തൊണ്ണൂറ്റി ഏഴ് ആയി കുറഞ്ഞു. അതേസമയം മുസ്ലിംകളല്ലാത്തവർ നടത്തുന്ന നിയമവിരുദ്ധ പശുക്കടത്ത് ശൃംഖലകൾ ഒരു തടസ്സമില്ലാതെ തുടർന്നു. ഈ കാലയളവിൽ നാല് ലക്ഷം മുസ്ലിം കുടുംബങ്ങൾക്ക് അവരുടെ പ്രാഥമിക ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് കണക്കാക്കുന്നു, പകരം തൊഴിലൊന്നും നൽകപ്പെട്ടില്ല. ഇത് സ്ലോ ജെനോസൈഡിന്റെ ഒരു ഉപകരണമായ സാമ്പത്തിക പാർശ്വവത്കരണമാണ്.

2025-ലെ വഖഫ് നിയമഭേദഗതികൾ, സംസ്ഥാന സർക്കാരുകൾക്ക് “പൊതു താൽപ്പര്യം” എന്ന കാരണത്തിൽ മുസ്ലിം സാമുദായിക സ്വത്തുക്കൾ – പള്ളികൾ, ശ്മശാനങ്ങൾ, സ്കൂളുകൾ, ചാരിറ്റികൾ – എന്നിവ ഏറ്റെടുക്കാൻ അധികാരം നൽകുന്നു. 2022 നും 2025 നും ഇടയിൽ 1,200 വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കപ്പെടുകയോ ഹിന്ദു മത ട്രസ്റ്റുകൾക്ക് കൈമാറുകയോ ചെയ്തതായി PIIE കണ്ടെത്തുന്നു, ഇത് സമുദായത്തെ അതിന്റെ മതപരവും പൈതൃകത്വുമായ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് അന്യവൽക്കരിക്കുന്നു. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം അംഗങ്ങൾ മാത്രം ഉൾപ്പെട്ടിരുന്ന വഖഫ് ബോർഡുകൾ, ഇപ്പോൾ വ്യാപകമായി ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരികയും അങ്ങനെ പ്രവർത്തനരഹിതരുമാവുകയോ അന്യവൽക്കരിക്കപ്പെടുകയോ ചെയ്തു. ഈ റിപ്പോർട്ട് ഇതിനെ “പ്രാതിനിധ്യമില്ലാത്ത കൈയേറ്റം” എന്നാണ് വിളിക്കുന്നത്.

ഈ നിയമങ്ങലും മറ്റനേകം ഭരണപരമായ ആജ്ഞകളും ഒരുമിച്ച് ഒരു മാട്രിക്സ് രൂപപ്പെടുത്തുന്നു. UAPA, FCRA എന്നിവ രാഷ്ട്രീയ സംഘാടനത്തെ ലക്ഷ്യമിടുമ്പോൾ . മതപരിവർത്തന വിരുദ്ധ നിയമങ്ങൾ “വംശ ശുദ്ധിയെ” ലക്ഷ്യമിടുന്നു. പശു സംരക്ഷണ നിയമങ്ങൾ മുസ്ലീം സാമ്പത്തിക സുരക്ഷിതത്തെ ആക്രമിക്കുന്നു. വഖഫ് ഭേദഗതികൾ സമുദായത്തിന്റെ അടിസ്ഥാന മതപരമായ സൗകര്യങ്ങളെ ലക്ഷ്യമിടുന്നു. അതിന്റെ ഫലം സമ്പൂർണ്ണമായ വേട്ടയാണ്. മുസ്ലിംകൾ ഒത്തുകൂടിയാലും, വിവാഹം കഴിച്ചാലും, ജോലി ചെയ്താലും, പ്രാർത്ഥിച്ചാലും ക്രിമിനൽ കുറ്റവാളികളാക്കപ്പെടുന്നു.

സമിതിയുടെ ശുപാർശകളും അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങളും

അന്താരാഷ്ട്ര സമിതിയുടെ നിയമ വിദഗ്ദ്ധർ തയാറാക്കിയ ഈ റിപ്പോർട്ട് നിയമപരമായ ബാധ്യതകളായി എണ്ണുന്ന പ്രവർത്തനക്ഷമമായ ശുപാർശകളോടെ അവസാനിക്കുന്നു.

ഇന്ത്യൻ ഭരണകൂടം മുസ്ലീങ്ങൾക്കെതിരായ വംശീയ വിദ്വേഷ ആക്രമണങ്ങളിൽ ഒരു കക്ഷിയായിരിക്കുകയും ഇന്ത്യയുടെ ജനാധിപത്യ നിയമ നിർവ്വഹണ സംവിധാനങ്ങൾ വെറും നോക്കുകുത്തികളോ അക്രമത്തിലെ കൂട്ടാളികളോ ആയി മാറി ദുർബ്ബലവും ആയി മാറിയിരിക്കുന്നു എന്ന ചിത്രമാണ് ഈ റിപ്പോർട്ടും പരിഹാര നിർദ്ദേശങ്ങളും നൽകുന്ന അസ്വസ്ഥതാജനകമായ ചിത്രം. ഇന്ത്യൻ ഭരണകൂടത്തോട് ചില നിർദ്ദേശങ്ങൾ അത് മുന്നോട്ട് വെക്കുമ്പോഴും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പ്രധാന പരിഹാരങ്ങൾ അത് തേടുന്നത്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവം കുറഞ്ഞുവരുന്നതിനാൽ ആഭ്യന്തരമായി നീതി ലഭിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

ഇന്ത്യൻ സർക്കാരിനായി റിപ്പോർട്ട് നൽകുന്ന നിർദ്ദേശങ്ങൾ.

കോടതി ഉത്തരവില്ലാതെയുള്ള എല്ലാ കെട്ടിടമിടിപ്പുകളും ഉടനടി നിർത്തുക; “വിദേശിയാണെന്ന സംശയം” എന്ന ആരോപണത്തിന് അപ്പുറം കുറ്റം ചുമത്തപ്പെടാത്ത എല്ലാ വ്യക്തികളെയും ഉടനടി മോചിപ്പിക്കുക; അക്രമത്തിന് പ്രേരിപ്പിക്കുകയും നിയമവിരുദ്ധ നടപടികൾ നടപ്പാക്കുന്നതിനും ഉത്തരവാദികളായ മുഴുവൻ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കുറ്റവിചാരണ നടത്തുക; എൻആർസി പ്രക്രിയയിലൂടെ പൗരത്വം നഷ്ടപ്പെട്ടവർക്ക് പൗരത്വം പുനഃസ്ഥാപിക്കുക; മതപരിവർത്തന വിരുദ്ധ നിയമങ്ങളും വഖഫ് ഭേദഗതികളും റദ്ദാക്കുക.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയോടുള്ള (ICC) നിർദ്ദേശങ്ങൾ

അസമിലെയും യുപിയിലെയും സാഹചര്യത്തിന്റെ ഒരു പ്രാഥമിക പരിശോധന ആരംഭിക്കാൻ ഐ സി സി പ്രോസിക്യൂട്ടറെ സമിതി ആഹ്വാനം ചെയ്യുന്നു. കുറ്റകൃത്യങ്ങൾക്ക് മതിയായ ഗൗരവമുണ്ടെന്നും, ഇന്ത്യൻ കോടതികൾ ഹർജികൾ നടപടിക്രമപരമായി തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിനാൽ ആഭ്യന്തര പരിഹാരങ്ങൾ ലഭ്യമല്ലെന്നും, യഥാർത്ഥ ഫലപ്രദമായ ദേശീയ നടപടികളൊന്നുമില്ലെന്നും റിപ്പോർട്ട് വാദിക്കുന്നു.

ഐക്യരാഷ്ട്രസഭയ്ക്കായുള്ള നിർദ്ദേശങ്ങൾ

സാക്ഷികളെ നേരിട്ട് അഭിമുഖം നടത്താനും ഫോറൻസിക് തെളിവുകൾ ശേഖരിക്കാനും അധികാരമുള്ള ഒരു അന്വേഷണ കമ്മീഷൻ (commission of inquiry) നിയോഗിക്കാൻ യുഎൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിനോട് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടാതെ, മുസ്ലിംകൾക്കെതിരായ വംശീയ അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് അവരുടെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ടെക്നോളജി കമ്പനികൾക്ക് മുന്നറിയിപ്പ് നൽകാൻ ഹൈക്കമ്മീഷണറുടെ ഓഫീസ് ശുപാർശ ചെയ്യണമെന്നും റിപോർട്ട് ആവശ്യപ്പെടുന്നു .

സിവിൽ സൊസൈറ്റിക്കും അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങൾക്കും ഉള്ള നിർദ്ദേശങ്ങൾ

പ്രാദേശിക പൊലീസ് നടപടികളെ ഭരണകൂട ഉത്തരവുകളുമായി ബന്ധിപ്പിക്കുന്ന കമാൻഡ്-ഓഫ്-ചെയിനിനെ കുറിച്ച് തെളിവുകൾ ശേഖരിക്കാനും അപ്പാർത്തീഡിന്റെയും പീഡനത്തിന്റെയും കുറ്റവിചാരണ അനുവദിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ സാർവത്രിക അധികാരപരിധി (universal jurisdiction) ഉപയോഗിച്ച് പരാതികൾ പരിഗണിക്കാൻ അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ഉപസംഹാരം: വിട്ടുവീഴ്ചയില്ലാത്ത വിധിന്യായം

ഭരണപരമായ നടപടികൾ എന്ന പുതപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന, ഒരു ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കാനും പുറന്തള്ളാനും നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ “വംശീയ ഭരണകൂടം” എന്ന് പേരിട്ടു വിളിക്കുന്നതിലൂടെ PIIE ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു.

ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ മൃത്യു രാഷ്ട്രീയം, വംശീയ വിവേചന നിയമങ്ങൾ എന്നിവയുടെ വിശകലനത്തിൽ സമ്പുഷ്ടമായ PIIE റിപ്പോർട്ട്, അവ്യക്തതയ്ക്ക് യാതൊരു ഇടവും നൽകുന്നില്ല. അസമിലും ഉത്തർപ്രദേശിലും ഇന്ത്യ ഒരു വംശീയ മേൽക്കോയ്മയുടെ ഭരണക്രമം നിർമ്മിച്ചിട്ടുണ്ടെന്ന് ഇത് സംശയരഹിതമായി കണ്ടെത്തുന്നു. ഈ ക്രമം മുസ്ലിങ്ങൾക്കെതിരായ ആയിരക്കണക്കിന് അനിയന്ത്രിത അറസ്റ്റുകൾ, നൂറുകണക്കിന് നിയമേതര വധങ്ങൾ, തടവുകാരെ ചിട്ടയായി വികലാംഗരാക്കുന്ന അർദ്ധ ഏറ്റുമുട്ടലുകൾ (half-encounters), വീടുകളും ജീവനിപാതികളും മനഃപൂർവം തകർക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ, പൗരത്വത്തിൽ നിന്ന് മതന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ പുറത്താക്കൽ എന്നിവ ഉത്പാദിപ്പിക്കുന്നു. ഈ പ്രവൃത്തികൾ വംശീയവിവേചനവും (അപ്പാർത്തീഡ്) മതപീഡനവും (persecution) ഉൾപ്പെടെയുള്ള മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്ന് (crimes against humanity) ഇത് വ്യക്തതയോടെ നിഗമനം ചെയ്യുകയും അതിന് പരിഹാരം തേടാൻ അന്താരാഷ്ട്ര സ്ഥാപനങ്ങളോടും സമൂഹത്തോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

റിപ്പോർട്ട് വായിക്കുന്നത് അസ്വസ്ഥതാജനകമായ ഒരു സത്യത്തെ അഭിമുഖീകരിക്കലാണ്. തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും ചിട്ടയായ ഭരണകൂട അതിക്രമങ്ങളോടൊപ്പം നിലനിൽക്കുന്നു. വംശീയ മേൽക്കോയ്മാ ഭരണം എന്ന ഈ രൂപീകരണത്തിന് പേരിടുകയും, നിയമവും നിയമേതര മാർഗ്ഗങ്ങളും ഉപയോഗിച്ച് ചില ജനവിഭാഗങ്ങളെ മുറിവേൽപ്പിക്കൽ, ക്ഷയിപ്പിക്കൽ, നിരാശ്രയത്വത്തിൽ തള്ളിയിടൽ എന്നിവയിലൂടെ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുകയും ചെയ്യുന്നതാണ് റിപ്പോർട്ടിന്റെ സംഭാവന. ഇതിന്റെ പ്രായോഗിക സംഭാവന കുറ്റവിചാരണയ്ക്കുള്ള ഒരു ഡോസിയർ നൽകുക എന്നതാണ്. മനുഷ്യരാശിക്ക് എതിരായ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടോ എന്നത് ഇനി ഒരു ചോദ്യമല്ല. യഥാർത്ഥ ചോദ്യം അന്താരാഷ്ട്ര സമൂഹം അത് പരിഗണിക്കുകയും നടപടിയെടുക്കുകയും ചെയ്യുമോ എന്നതാണ്.

(ഈ വിശകലനം അന്താരാഷ്ട്ര സ്വതന്ത്ര വിദഗ്ധ സമിതിയുടെ (PIIE) 2026-ലെ പൊതു റിപ്പോർട്ടിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഇതിന് എതിരെ ആരോപിക്കപ്പെടുന്ന എല്ലാ വസ്തുതാപരമായ അവകാശവാദങ്ങളും നിയമ നിഗമനങ്ങളും PIIE-യുടേതാണ്, ഈ ലേഖകന്റേതല്ല.)