വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ് . മദ്രാസ് മെഡിക്കൽ കോളേജിൽ എംബിബിഎസ് രണ്ടാം വർഷം പഠിക്കുന്ന സമയം. ഞാനും നാല് സുഹൃത്തുക്കളും ഷിംലയിലേക്ക് ഒരു ടൂർ പോയി. കൂട്ടത്തിൽ ഞാൻ മാത്രമാണ് മുസ്‌ലിം. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിനിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ട്രെയിൻ മഹാരാഷ്ട്രയുടെ ഒരു ഭാഗത്തെത്തിയപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റിൽ ഒരാൾ കയറി. എനിക്കന്ന് ഹിന്ദി വിജ്ഞാനം പരിമിതമാണ്. ഹിന്ദി സ്കൂളിൽ വെച്ച് പഠിച്ചതല്ലാതെ സംസാരിച്ചൊന്നും പരിചയമില്ല. അതുകൊണ്ടുതന്നെ വേഗത്തിലുള്ള ഹിന്ദി ഭാഷയിലുള്ള സംസാരങ്ങൾ എനിക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. എനിക്കന്ന് 18 വയസുണ്ടാകും. ഞങ്ങൾ ഇങ്ങനെ സംസാരിച്ചു പോവുകയായിരുന്നു. ആ വ്യകതിയും സംസാരത്തിലൊക്കെ പങ്കെടുക്കുന്നുണ്ട്. ഞാനും ഇംഗ്ലീഷിൽ കുറച്ചൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയാണ് സംസാരിച്ചിരുന്നത് എന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. പക്ഷേ രാഷ്ട്രീയമൊന്നും സംസാരത്തിൽ കടന്നു വന്നിട്ടില്ല. ആർക്കും ഉപദ്രവം ഇല്ലാത്ത കാര്യങ്ങളാണ് സംസാരിച്ചുകൊണ്ടിരുന്നത്.
അങ്ങനെ സംസാരിച്ചുവരെവേ പേരുകളൊക്കെ പറഞ്ഞ് പരിചയപ്പെട്ടപ്പോൾ ഞാൻ മുസ്‌ലിമാണെന്നു തിരിച്ചറിഞ്ഞതോടെ അയാളുടെ ഭാവം മാറി. ശകാരവാക്കുകൾ കൊണ്ട് അയാൾ എന്നെ ആക്രമിക്കാൻ തുടങ്ങി. ഖുർആനിൽ മോശമായ കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നൊക്കെ വിളിച്ചുപറഞ്ഞ് അയാൾ ദേഷ്യപ്പെട്ടു. ഞാൻ കുറച്ചൊന്ന് ഭയന്നു പോയ ഒരു സന്ദർഭം കൂടിയായിരുന്നു അത്. സംഗതി പന്തിയല്ല എന്ന് കണ്ടപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നെ പതുക്കെ കമ്പാർട്ട്മെന്റിൻ്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി ആശ്വസിപ്പിച്ചു. കുറെ കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ആ മഹാരാഷ്ട്രക്കാരൻ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം ഏതോ സ്റ്റോപ്പിൽ ഇറങ്ങിയിരുന്നു. അന്നത്തെ ആ അനുഭവം ഇന്നും എനിക്ക് മറക്കാനാവുന്നില്ല.
പേരും വീടും
മദ്രാസ് മെഡിക്കൽ കോളേജിലെ എം ബി ബി എസിനും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം എസ് പഠനത്തിനും ശേഷം മുംബൈയിൽ എം.സി.എച്ച് അഥവാ സർജിക്കൽ ഓങ്കോളജിയിൽ സൂപ്പർ സ്പെഷ്യലൈസേഷൻ ചെയ്യാൻ വേണ്ടി ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലായിരുന്നു പോയത്. 2013 മുതൽ 2016 വരെ അവിടെ കാമ്പസിൽ താമസിച്ചു. 2016-ൽ കുറച്ച് കാലത്തേക്ക് അനസ്തേഷ്യ റെസിഡൻസിക്ക് വേണ്ടി ഭാര്യ ജഷ്മ അവിടേക്ക് വന്നപ്പോൾ താമസിക്കാൻ പുറത്തൊരു സൗകര്യം അന്വേഷിക്കേണ്ടിവന്നു. വീട് കണ്ടെത്താൻ ഒരു ഏജന്റിനെ വിളിച്ചു. അയാളുടെ കൂടെ പോയി രണ്ട് മൂന്ന് വീടുകൾ കണ്ടു. അവയിലൊന്നു ഇഷ്‌ടപ്പെട്ടു. വാടകക്കെടുക്കാമെന്നു തീരുമാനിച്ചു.
സ്വാഭാവികമായും ചില ഡോക്യുമെന്റുകൾ വേണമെന്ന് ഏജൻ്റ് പറഞ്ഞു. സംസാരത്തിനിടെ അയാൾ എന്റെ പേര് ചോദിച്ചു. “നിസാമുദ്ദീൻ” എന്ന് പറഞ്ഞപ്പോൾ തന്നെ അന്തരീക്ഷം പൂർണമായും മാറി. ഞാൻ മുസ്‌ലിം ആയിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. ബ്രോക്കർ ഓണറോട് ചോദിച്ചു—“പേര് ഇങ്ങനെയാണ്; കൊടുക്കുമോ?”—എന്ന്. ഉടനെ തന്നെ അവർ പിന്മാറി. മുസ്‌ലിം ആണെങ്കിൽ ഇല്ല എന്നായിരുന്നു അവരുടെ നിലപാട്. ടാറ്റാ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർക്കു വിശ്വാസ്യത കാരണം പൊതുവേ എവിടെയും താമസിക്കാൻ സ്ഥലം കിട്ടുമെങ്കിലും മുസ്‌ലിം ആയ എനിക്ക് അവർ വീട് തരാൻ തയ്യാറായില്ല.
പിന്നീട് ആശുപത്രിയുടെ ഹോസ്റ്റലിൽ തന്നെ എനിക്കും ജഷ്മക്കും ബാത്ത് അറ്റാച്ച്ഡ് ആയ ഒരു റൂം അനുവദിച്ചു കിട്ടി. അങ്ങനെ അവിടെ താമസിച്ചുകൊണ്ടാണ് കോഴ്സ് പൂർത്തീകരിച്ചത്.
ധാരാളം മുസ്‌ലിം പൗരൻമാർ, പ്രത്യേകിച്ച് 2014-നു ശേഷം മാറിയ ഇന്ത്യൻ സാഹചര്യത്തിൽ, ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നുവെന്നതാണ് വാർത്തകളിൽ നിന്നു മനസ്സിലാവുന്നത്.
സൌഹൃദ സംഭാഷണങ്ങൾ
ചുറ്റുപാടുള്ള അനുഭവങ്ങൾ വളരെയധികം നോർമലൈസ് ചെയ്തു കാണാനാണ് നമ്മൾ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ദൈനംദിന അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതിൽ ധാരാളം ഇസ്‌ലാമോഫോബിക് മാതൃകകൾ നമുക്ക് കാണാനാകും.
എന്റെ ഒരു സുഹൃത്തിന്റെ കാര്യം തന്നെയെടുക്കാം. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ താല്പര്യമുള്ള, വിശാല ആത്മീയതയിൽ വിശ്വസിക്കുന്ന വ്യക്തിയാണദ്ദേഹം. ദൈവവിശ്വാസം ഉണ്ടോ എന്ന് ചോദിച്ചാൽ അത് സംശയാസ്പദമാണ്. പക്ഷേ എന്തോ ഒരു ആത്മീയതയിൽ അദ്ദേഹം വിശ്വസിക്കുന്നു.
എന്നാൽ അദ്ദേഹം ഇസ്‌ലാമിനെ പറ്റി മാത്രം പഠിക്കില്ലെന്നു പറയും. കാരണം ഇസ്‌ലാം സ്ത്രീകളെ അടിച്ചമർത്തുന്ന മതമാണെന്നും കറുത്ത പർദ്ദ പോലുള്ള വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത് അതിന് തെളിവാണെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇസ്‌ലാം അക്രമാസക്തവും റിയാക്ഷനറി എലമെന്റ്സുമുള്ള മതമാണെന്ന മുൻവിധി ആ സുഹൃത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. എന്നോടു ധാരാളം ആശയസംവാദങ്ങൾ നടത്താറുള്ളതാണു അദേഹം. സൗഹൃദത്തിനും കുറവില്ല.
മറ്റൊരു സുഹൃത്തിന്റെ കാഴ്ചപ്പാടിൽ, ഫലസ്തീനികൾ തങ്ങളുടെ നിലനിൽപ്പിനായി നടത്തുന്ന ചെറുത്തുനിൽപ്പുകൾ തീവ്രവാദമാണ്. കാരണം ഫലസ്തീനികൾ നിരപരാധികളെ കൊല്ലുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പലസ്തീനികളുടെ ചെറുത്തുനിൽപ്പ് തീവ്രവാദമാണ്, അതൊരു ന്യായമായ ചെറുത്തുനിൽപ്പല്ല, അതിനാൽ അത് തീവ്രവാദത്തിന്റെ പരിധിയിൽ പെടും, അത് കൊണ്ട് എതിർക്കപ്പെടണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ അതേ സമയം തന്നെ, ഇസ്രായേൽ ഗസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ (Genocide) ‘യുദ്ധം’ എന്ന പദമുപയോഗിച്ച് അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നു. യുദ്ധമാകുമ്പോൾ അതിൽ മനുഷ്യർ മരിക്കുന്നത് വെറും ‘കൊലാറ്ററൽ ഡാമേജ്’ മാത്രമാണെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയർത്തുന്നത്. അതിനു കാരണമോ, പലസ്തീനികളും.
മുൻവിധികളോടെയും വസ്തുതകളെ പരിശോധിക്കാതെയും വ്യക്തികൾ പുലർത്തുന്ന ഈ നിലപാടുകളെ എങ്ങിനെയാണ് നാം മനസ്സിലാക്കേണ്ടത് ?
തൊഴിലിടങ്ങളിലെ അനുഭവങ്ങൾ
മറ്റൊരു അനുഭവം എന്റെ ജോലിസ്ഥലത്തുനിന്നുണ്ടായതാണ്. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒരു പരിപാടിയിൽ കുടുംബവുമൊത്ത് പങ്കെടുത്തപ്പോൾ എനിക്ക് വളരെ വേണ്ടപ്പെട്ട കീഴ്ജീവനക്കാരനായ ഒരു സുഹൃത്ത് വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചത്, “സാറെന്തിനാണ് മോളെ ഇങ്ങനെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നത്? അവൾ സ്വതന്ത്രമായി നടക്കട്ടെ സാറെ” എന്നാണ്.
മോഡസ്റ്റിയുടെ ഭാഗമാണ് വസ്ത്രമെന്നും മോഡസ്റ്റി എന്നത് കേവലം ഒരു ഹിജാബിലോ വസ്ത്രത്തിലോ മാത്രം ഒതുങ്ങിക്കുന്നതല്ലെന്നും, അത് മനുഷ്യൻ്റെ ദൈനംദിന പ്രവർത്തനങ്ങളിലും നടത്തത്തിലും നിലപാടുകളിലും എല്ലാം വേണ്ടതുണ്ടെന്നും തിരിച്ചറിയുന്ന പക്വമതിയാണ് എന്റെ മകൾ. ആധുനിക ജീവിതത്തിൻറെ അർത്ഥമില്ലാത്ത കാട്ടിക്കൂട്ടലുകൾക്കിടയിലും ജീവിതത്തിൻറെ അർത്ഥം കണ്ടെത്താൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്. അവൾ സ്വയം തെരഞ്ഞെടുത്ത ആ വസ്ത്രധാരണത്തെ ഒരു ‘അടിച്ചമർത്തലായി’ മാത്രം കാണാനാണ് എന്റെ പ്രിയപ്പെട്ട ആ സുഹൃത്ത് തയ്യാറാവുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുന്ന ആ സുഹൃത്ത് “ഞാൻ എൻ്റെ മകൾക്ക് സ്വാതന്ത്ര്യം അനുവദിക്കണം” എന്നു പറയുമ്പോൾ പുലർത്തുന്ന സാമാന്യ യുക്തിയുടെ തകർച്ച അമ്പരപ്പിക്കുന്നതാണ്. സാങ്കേതിക പുരോഗതിക്കിടയിലും ഇന്നത്തെ മനുഷ്യരെ വ്യാപകമായി ബാധിച്ചിരിക്കുന്ന യുക്തിരാഹിത്യത്തിന്റെ ഇരകൾ കൂടിയാണ് ഇത്തരം വ്യക്തികൾ.
ഓപറേഷൻ തിയേറ്ററിലെ സർജിക്കൽ മാസ്ക്
എൻ്റെ അനുഭവങ്ങൾ വ്യക്തിപരമാണ്. വ്യക്തിപരമായ അനുഭവങ്ങളെ സാമാന്യവൽകരിക്കാനും കഴിയില്ല. എന്നാൽ കേരളത്തിലെ മെഡിക്കൽ രംഗത്തുനിന്നു വരെ കേൾക്കുന്ന നിന്നുള്ള സമീപകാല വാർത്തകൾ ആശങ്കയുളവാക്കുന്നതാണ്. വ്യക്തി അനുഭവങ്ങൾ സ്ഥാപനപരമവുന്നതു (institutionalised) ഗൗരവമുള്ളതാണ്.
2024 -ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചില വിദ്യാർത്ഥിനികൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തലയും കഴുത്തും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ ആ വിദ്യാർഥിനികൾ പ്രിൻസിപ്പലിന് നൽകിയ അപേക്ഷ ആരോ പുറത്തേക്ക് ലീക്ക് ചെയ്തു. അങ്ങനെ പ്രിൻസിപ്പൽ പഠിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം നമ്മുടെ വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അങ്ങാടിപ്പാട്ടായി. സാമാന്യ യുക്തിയെക്കാൾ വികാരത്തിന് പ്രാധാന്യം കൊടുക്കുന്ന ചില ‘ആധുനിക’ സംഭാഷണങ്ങൾ ഇക്കാര്യത്തിലും നടന്നു. പിന്നീട് ചില രാഷ്ട്രീയ നേതാക്കൾ അതിനെ “ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കൽ” എന്ന രീതിയിൽ വളച്ചൊടിച്ചു.
യുകെ പോലുള്ള പല രാജ്യങ്ങളിലും സർജിക്കൽ ഹുഡുകൾ ഉപയോഗിക്കുന്നു. ഇത് തലയും കഴുത്തും എല്ലാം പൂർണമായും മറയുന്ന ഒരിനം സർജിക്കൽ വസ്ത്രമാണ്. പ്രത്യേകിച്ച് എല്ല് സംബന്ധമായ സർജറികളിൽ അണുബാധ ഒഴിവാക്കാൻ കൂടുതൽ സംരക്ഷണം നൽകുന്ന രീതിയാണ് അത്. വേണമെങ്കിൽ അത്തരം മാർഗ്ഗങ്ങൾ നിലവിലുണ്ട് എന്നിരിക്കെ, ഈ വിഷയത്തെ അനാവശ്യമായ ഒരു വിവാദമാക്കി മാറ്റുകയായിരുന്നു നാം ജീവിക്കുന്ന പൊതുസമൂഹം.
“ഹിജാബ് ധരിച്ച് ഓപ്പറേഷൻ തിയേറ്ററിൽ വന്നാൽ അണുബാധ കൂടില്ലേ?” എന്ന തരത്തിൽ ഫേസ്ബുക്കിലും ചില മാധ്യമങ്ങളിലും അശാസ്ത്രീയമായ ചർച്ചകൾ നടന്നു. യഥാർത്ഥത്തിൽ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ സർജന്മാരോ നഴ്സുമാരോ ഉപയോഗിക്കുന്ന വസ്ത്രം കൊണ്ടു മാത്രം അണുബാധ കൂടും എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. മറിച്ച് കോവിഡ് കാലത്ത് നിരവധി അധിക സംരക്ഷണ മാസ്‌കുകളും ഹുഡുകളും ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപയോഗിച്ചിരുന്നു. അപ്പോൾ അണുബാധ കൂടും എന്ന ആശങ്ക ആരും ഉന്നയിച്ചിരുന്നുമില്ല.
ചില വ്യക്തികൾ ഇത്തരം നിലപാടുകളിലേക്ക് എത്തുന്നത് ബോധപൂർവമായ വംശീയ ആയ കാഴ്ചപ്പാടുകൾ മൂലമായിരിക്കാമെന്നു ഈ മേഖലയിലെ ഗവേഷകർ പറയുന്നു. എന്നാൽ എൻ്റെ പല സുഹൃത്തുക്കൾക്കും അജ്ഞതയാണ് കാരണം. അജ്ഞത കാരണം മുൻവിധികൾ, സാമാന്യ യുക്തിയുടെ പ്രായോഗത്തിലുള്ള ഇരട്ടമാനദണ്ഡങ്ങൾ ഒക്കെ വ്യക്തികളിലുണ്ടാവാം.
പാശ്ചാത്യ മാധ്യമങ്ങളിലൂടെയും ഇന്ത്യൻ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുന്ന ഇസ്‌ലാമോഫോബിക് നറേറ്റിവുകൾ സമൂഹത്തിൽ ഇത്തരം മുൻവിധികൾ വളരെ നിഷ്‌കളങ്കരായ വ്യക്തികളിൽ വരെ സൃഷ്ടിക്കുന്നുവെന്നതാണ് മനസ്സിലാവുന്നത്. ഭൂരിഭാഗം സാധാരണക്കാരായ ആളുകൾക്ക് അവരിൽ തന്നെ അറിയാതെ കയറിക്കൂടുന്ന മുൻവിധികൾ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ നമ്മുടെ സാമൂഹികാവബോധത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്.