2015 സെപ്റ്റംബർ 28-നാണ് ഉത്തർപ്രദേശിലെ ദാദ്രിയില്‍ 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നടത്തിയ ഈ കൊലപാതകം രാജ്യമാകെ ചർച്ചയായി. പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളില്‍ അഖ്ലാഖ് വധം വലിയ തോതില്‍ ചർച്ച ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാൻ, പിന്നാലെ വിദ്യാർഥിയായ ജുനൈദ് ഖാൻ, ഝാർഖണ്ഡില്‍ തബ്രീസ് അൻസാരി, അധികം വൈകാതെ മജ്നൂൻ അൻസാരിയും അദ്ദേഹത്തിന്‍റെ സ്കൂള് വിദ്യാർഥിയായ മകനും. ആള്‍ക്കൂട്ടക്കൊലകള്‍ തുടർക്കഥയായി. പിന്നെപ്പിന്നെ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും പൊതു സമൂഹവും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കാതെയായി. ആള്‍ക്കൂട്ടക്കൊലകള്‍ ഒരു സാധാരണ സംഭവം മാത്രമായി മാറി.
ഈ മാസം ആദ്യത്തില്‍ ഉത്തർപ്രദേശിലും രാജസ്ഥാനിലും ബിഹാറിലുമായി ഒരാഴ്ചക്കിടെ നാലുപേരാണ് തെരുവുകളിൽ കൊല്ലപ്പെട്ടത്. മാർച്ച് രണ്ടിന് ലഖ്നൗവിലെ സരോജിനി നഗറില്‍ കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കാൻ പോയ 13 വയസുകാരനായ ഉനൈസ് ഖാൻ നെറ്റിയില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന്റെ മൂന്നാം ദിനമാണ് ബിഹാറിലെ മധുബനിയയില്‍ റോഷൻ ഖാത്തൂം എന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. രാജസ്ഥാനിലെ ഛിത്താർഗഡില്‍ പശുക്കടത്ത് ആരോപിച്ചാണ് ഹരിയാന സ്വദേശിയായ ആമിർ ഖാനെ വെടിവെച്ച് കൊന്നത്. വംശീയ പരാമർശങ്ങള്‍ ചോദ്യം ചെയ്തതായിരുന്നു മാർച്ച് ആറിന് ബിഹാറിലെ ധർഭംഗ ജില്ലയില്‍ അക്രമികള്‍ അടിച്ചു കൊന്ന 65 വയസുകാരനായ അബ്ദുല്‍ സലാം ചെയ്ത കുറ്റം!
ഒരാഴ്ചക്കിടെ നാല് മുസ്‌ലിംകള്‍ വിദ്വേഷ അതിക്രമത്തിന്‍റെ ഇരകളായി ഇന്ത്യൻ തെരുവുകളില്‍ കൊല്ലപ്പെട്ടിട്ടും രാജ്യത്ത് അതൊരു മാധ്യമ ചർച്ച പോലുമായില്ലെന്നതാണ് ഭീതിപ്പെടുത്തുന്ന യാഥാർഥ്യം. പ്രതിപക്ഷ പാർട്ടികളോ മതേതര സംഘടനകളോ ഈ സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിച്ചില്ല. ഭരണകൂട, നിയമപാലന, നീതിന്യായ സംവിധാനങ്ങളെ ഒന്നിനു പിറകെ ഒന്നായി നടന്ന ഈ ആള്‍ക്കൂട്ടക്കൊലകള്‍ അലോസരപ്പെടുത്തിയതേ ഇല്ല. വർത്തമാനകാല ഇന്ത്യയില്‍ ഈ കൊലപാതകങ്ങളെല്ലാം അത്രത്തോളം സ്വാഭാവികവല്‍കരിക്കപ്പെട്ടിരിക്കുന്നു. നിരന്തരമായ വിദ്വേഷ പ്രചാരണങ്ങള്‍ രാജ്യത്ത് മുസ്‌ലിംകളുടെ ജീവൻ പോലും നിസാരനഷ്ടമായി കാണാൻ പാകത്തിലുള്ള ഒരു മാനസികാവസ്ഥ രൂപപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമോഫോബിയ ഇന്ത്യയുടെ ഭരണകൂട സംവിധാനങ്ങളെ മാത്രമല്ല പൊതു മനസാക്ഷിയെയും ആഴത്തിൽ ഗ്രസിച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം പകല്‍ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതാണ് ഈ സംഭവങ്ങള്‍.
ഇസ്‌ലാമോഫോബിയയുടെ സ്ഥാപനവല്‍കരണം
മതത്തിന്‍റെയോ ജാതിയുടേയോ ജന്മസ്ഥലത്തിന്റെയോ പേരില്‍ ഭരണകൂടം പൗരൻമാരോട് വിവേചനം കാണിക്കാൻ പാടില്ലെന്ന സമത്വസങ്കല്‍പം ഭരണഘടയുടെ അടിസ്ഥാന തത്വമാക്കി മാറ്റിയ രാജ്യമാണ് നമ്മുടേത്. പക്ഷേ ഭരണാധികാരികള്‍ തന്നെ വിവേചനത്തിന്റെയും വിദ്വേഷ പ്രചാരണങ്ങളുടെയും നടത്തിപ്പുകാരാകുന്ന കാഴ്ച നാം കാണുന്നു. അസമിലെ മുഖ്യമന്ത്രി തന്നെയാണ് ആ സംസ്ഥാനത്ത് നിന്ന് മുസ്‌ലിംകളെ ദ്രോഹിച്ച് പുറത്ത് ചാടിക്കണമെന്ന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ ‘മിയ’ മുസ്‌ലിംകളെ എങ്ങനെയെങ്കിലും ദ്രോഹിക്കണമെന്നും പ്രശ്നമുണ്ടായാല്‍ നാടുവിട്ട് പോയ്ക്കോളുമെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ തന്‍റെ അനുയായികളോട് ആഹ്വാനം ചെയ്തത്. സമത്വവും സർവമത സമഭാവനയും അടിസ്ഥാന മൂല്യങ്ങളായി കരുതുന്ന ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഈ വിദ്വേഷ പ്രചാരണം നമ്മുടെ രാഷ്ട്രീയ ഭരണ നിയമ നീതിന്യായ മേഖലകളിലൊന്നും ഉണ്ടാകേണ്ടിയിരുന്ന ഒരു ചലനവുമുണ്ടാക്കിയില്ല. ഇത്ര ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തിയിട്ട് ഹിമന്ത ബിശ്വ ശർമക്ക് ആരോടും ഒരു വിശദീകരണം പോലും നൽകേണ്ടി വന്നില്ല. കാരണം, മുസ്‌ലിംകള്‍ക്കെതിരായ ഏത് അതിക്രമവും സമകാലിക ഇന്ത്യയില്‍ അത്രമേല്‍ സ്വാഭാവികമായിത്തീർന്നിരിക്കുന്നു.
രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവിധ സന്നദ്ധ സംഘടനകളുടെ പഠനങ്ങള്‍ പറയുന്നത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവില്‍ റൈറ്റ്സും (APCR) ക്വില്‍ ഫൌണ്ടേഷനും ചേർന്ന് തയ്യാറാക്കിയ പഠന റിപ്പോർട്ട് അനുസരിച്ച് 2024 ജുണ്‍ മുതല്‍ 2025 ജൂൺ വരെയുള്ള ഒരു വർഷത്തിനുള്ളില്‍ രാജ്യത്ത് 947 വിദ്വേഷ അതിക്രമങ്ങളാണ് നടന്നത്. ഇതില്‍ 602 വിദ്വേഷ അതിക്രമങ്ങളും 345 വിദ്വേഷ പ്രസംഗങ്ങളുമായിരുന്നു. ഇന്ത്യാ ഹേറ്റ് ലാബിന്റെ പഠന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ 1318 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നു. ശരാശരി ഒരു ദിവസം നാല് വിദ്വേഷ അതിക്രമങ്ങള്‍. ഇതിൽ 98% മുസ്‌ലിംകളെ ലക്ഷ്യം വെച്ചായിരുന്നു. ബാക്കി ക്രിസ്ത്യാനികളെയും. 2023ല്‍ നിന്ന് 2025 ആകുമ്പോഴേക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ 97% വർധിച്ചെന്നും ഈ റിപ്പോർട്ട് പറയുന്നു.
ആസൂത്രിതമായ വ്യാജ പ്രചാരണങ്ങളിലൂടെ ഇസ്ലാമോഫോബിയ ഇന്ത്യയുടെ പൊതുസമൂഹത്തിന്‍റെ സ്വാഭാവിക മാനസികാവസ്ഥയിലേക്ക് കൊണ്ടുവരുന്നതില്‍ കഴിഞ്ഞ പത്ത്-പന്ത്രണ്ട് വർഷം കൊണ്ട് രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ വിജയിച്ചിട്ടുണ്ട്. മുസ്‌ലിം പേരും മുസ്‌ലിം ചിഹ്നങ്ങളും അകറ്റി നിർത്തേണ്ട അപകടങ്ങളാണെന്ന മിഥ്യാധാരണ മുഖ്യധാര രാഷ്ട്രീയ മാധ്യമ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്നതില്‍ ഈ ശക്തികള്‍ വലിയ വിജയമാണ് നേടിയത്.
മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തിലെ ആത്മീയവും ഭൗതികവുമായ സകലമാന ചലനങ്ങളും ഭീതിയോടെ കാണുന്ന ഒരു മാനസികാവസ്ഥ രൂപപ്പെട്ടു. പ്രണയിച്ചാല്‍ ലൗവ് ജിഹാദ്, പഠിച്ചാല്‍ എജുക്കേഷൻ ജിഹാദ്, ഉന്നത ബിരുദം നേടിയാല്‍ വൈറ്റ്കോളർ ജിഹാദ്, കുറച്ച് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ റിക്രൂട്ട്മെന്റ് ജിഹാദ്. ഒരു തുണ്ട് ഭൂമി വാങ്ങിയാൽ ലാൻഡ് ജിഹാദ്, കുട്ടികളുണ്ടായാല്‍ പോപ്പുലേഷൻ ജിഹാദ്… അങ്ങനെയങ്ങനെ പലതരം വിദ്വേഷാഖ്യാനങ്ങള്‍. അപകടകരമായ ഈ മുസ്‌ലിം വെറുപ്പ് എത്രത്തോളം ആഴത്തിലുള്ളതാണെന്നതിന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വല്‍ ഭുയാൻ അടുത്ത കാലത്താണ് തന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ മകളുടെ സുഹൃത്തിന് മുസ്‌ലിം ആയതിനാല്‍ ഡൽഹിയിൽ വാടക വീട് ലഭിച്ചില്ലെന്ന ദുരനുഭവമാണ് അദ്ദേഹം രാജ്യത്തെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞത്.
ഇസ്‌ലാമോഫോബിയയുടെ കേരള മോഡല്‍
രാജ്യത്ത് സാമുദായിക സൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും അവസാന തുരുത്തുകളിലൊന്നായി നാം അഭിമാനം കൊള്ളുന്ന കേരളത്തിന്റെ രാഷ്ട്രീയ, പൊതു മണ്ഡലത്തിലും ഇസ്‌ലാമോഫോബിയ അപകടകരമാം വിധം സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. മുസ്‌ലിം പേരും ചിഹ്നങ്ങളും സംഘടനകളും സ്ഥാപനങ്ങളും സംശയദൃഷ്ട്യാ സമീപിക്കേണ്ടതാണെന്ന ഹിന്ദുത്വ-കാസ നരേറ്റീവ് മുഖ്യധാരാ മതേതര രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും ഭാഷയിലും വ്യവഹാരങ്ങളിലും കൂടുതലായി തെളിഞ്ഞുവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ധ്രുവീകരണം മനസിലാക്കണമെങ്കില്‍ കാസർകോടും മലപ്പുറത്തും വിജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്ന് പറഞ്ഞത് കേരളത്തിലെ ഇടതുമുന്നണി സർക്കാരിലെ ഒരു മന്ത്രി തന്നെയാണ്. മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധം വിദ്വേഷപ്രസംഗങ്ങള്‍ പതിവാക്കിയ ഒരു സാമുദായിക നേതാവിന് സംസ്ഥാന സർക്കാർ നല്‍കിയ പദവികളും പരിഗണനയും നാം കണ്ടതാണ്. സംസ്ഥാന മുഖ്യമന്ത്രിക്ക് പോലും ആ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഒരു തെറ്റും കണ്ടെത്താനായില്ലെന്നത് അപകടകരമായ ചില സന്ദേശങ്ങള്‍ കേരളീയ സമൂഹത്തിന് നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം കേരളത്തിലും കേരളത്തോട് ചേർന്ന മംഗലാപുരത്തും നടന്ന രണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങളോട് കേരള പൊതുസമൂഹം എങ്ങനെ പ്രതികരിച്ചുവെന്ന് പരിശോധിച്ചാല്‍ നമ്മുടെ നാടിന്റെ പൊതുബോധം എത്രത്തോളം ഇസ്‌ലാമോഫോബിക് ആണെന്ന് മനസിലാക്കാൻ കഴിയും. മലപ്പുറം സ്വദേശിയായ അഷ്റഫിനെ പാകിസ്താനിയെന്ന് ആരോപിച്ചാണ് മംഗലാപുരത്ത് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. രണ്ടാമത്തെ സംഭവം പാലക്കാട് വാളയാറിലാണ് നടന്നത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് റാംനാരായണൻ ഭാഗേൽ എന്നയാളെ ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകളോ രാഷ്ട്രീയ പ്രതികരണങ്ങളോ സൃഷ്ടിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ പതിവായി കാണുന്ന ആൾക്കൂട്ടാക്രമണങ്ങൾ കേരളത്തിൽ സംഭവിക്കില്ലെന്ന കപട ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു റാംനാരായണ്‍ ബഗേല്‍ കൊലപാതകം. കേരളത്തിൽ ദീർഘകാലമായി വളർന്നു വന്ന വിദ്വേഷ പ്രചാരണങ്ങളുടെ അടുത്ത ഘട്ടമായി ലിഞ്ച് മോബുകൾ രൂപംകൊള്ളാൻ തുടങ്ങുന്നുവെന്ന സൂചനകളായിട്ടാണ് ഇവയെ കാണേണ്ടത്.
എന്താണ് പരിഹാരം?
കേരളത്തിൽ ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് വിദ്വേഷ പ്രസ്താവനകൾ. ഇത്തരം പ്രസ്താവനകൾ പലപ്പോഴും വ്യക്തിഗത അഭിപ്രായങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നുവെങ്കിലും, അവയുടെ ആവർത്തനം സമൂഹത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ-സാംസ്കാരിക ധാരണയെ രൂപപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളിലൂടെയും സംസ്ഥാനത്ത് മുസ്‌ലിം വിരുദ്ധമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ ഭരണകൂടവും ഇടത്- വലത് സാംസ്കാരിക ലോകവും ഈ അപകടം കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ഒരു പടികൂടി കടന്ന് ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടുന്നവരെ തീവ്രവാദ ചാപ്പയടിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങളും നാം കാണുന്നു.
വിദ്വേഷ പ്രസ്താവനകളുടെ സ്വാഭാവികമായ തുടർച്ചയാണ് വിദ്വേഷ അതിക്രമങ്ങള്‍. വിദ്വേഷ പ്രചാരണങ്ങള്‍ പലപ്പോഴും നേരിട്ടുള്ള വിദ്വേഷ ആക്രമണങ്ങളിലേക്കോ സംഘർഷങ്ങളിലേക്കോ നയിച്ച ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി സമീപകാലാനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. വിദ്വേഷ പ്രസ്താവനകളുടെ സ്വഭാവവും അതിന്റെ യാഥാർഥ്യവും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. വ്യാജ പ്രചാരണങ്ങളുടെ നിജസ്ഥിതി സമൂഹത്തെ അറിയിക്കാനും അവയെ മടിയില്ലാതെ ചോദ്യം ചെയ്യാനുമുള്ള വിമർശനാത്മക മാധ്യമ-സാമൂഹിക ഇടപെടലുകള്‍ വികസിക്കേണ്ടതുണ്ട്. ഇതിനെല്ലാം അപ്പുറത്ത് വിദ്വേഷ കുറ്റകൃത്യങ്ങളെ തടയാനുള്ള അന്തർദേശീയ മാതൃകകളും കർണാടക അടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലെ അനുഭവങ്ങളും മാതൃകയാക്കി വിദ്വേഷ പ്രചാരണം തടയാനുള്ള നിയമനിർമാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണം. ഇതിനു വേണ്ട രാഷട്രീയ മനോഭാവം രൂപപ്പെടുത്താനുള്ള സാമൂഹ്യ ഉത്തരവാദിത്തം കേരളത്തിന്റെ സൗഹൃദാന്തരീക്ഷവും സാമൂഹിക സൗഹാർദ്ദവും ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ട്.
(കടപ്പാട്: സുപ്രഭാതം ദിനപത്രം)