ഇറാനെതിരെ അമേരിക്കൻ സാമ്രാജ്യത്വവും സയണിസ്റ്റ് ശക്തികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയും ഇറാനോഫോബിയയും ഒന്നു ചേരുകയും വഴിപിരിയുകയും ചെയ്യുന്ന സന്ദർഭങ്ങൾ പ്രത്യേക വിശകലനം അർഹിക്കുന്നു. സമകാലിക ലോകത്ത് സാമ്രാജ്യത്വ വിരുദ്ധതയും ഇസ്‌ലാമോഫോബിയ വിരുദ്ധതയും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്.
ഇസ്‌ലാമോഫോബിയയുടെ ആധുനിക ചരിത്രത്തിൽ 1980-കളെ പല ഗവേഷകരും നിർണായക ഘട്ടമായി കാണുന്നു. 1979-ൽ ഇറാനിൽ നടന്ന ഇസ്‌ലാമിക വിപ്ലവം പാശ്ചാത്യ ശക്തികൾ പിന്തുണച്ചിരുന്ന ഷാ ഭരണത്തെ അവസാനിപ്പിക്കുകയും പുതിയ രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിക്കുകയും ചെയ്തു. മുസ്‌ലിം ലോകത്തോടുള്ള ആഗോള രാഷ്ട്രീയത്തിന്റെ ഭാഷയും സമീപനവും രൂപപ്പെട്ട ഒരു നിർണായക ഘട്ടമായിരുന്നു 1979-ലെ ഇറാനിയൻ ഇസ്‌ലാമിക വിപ്ലവം. ഇതോടെ ഇറാൻ മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് മാറി. ഈ സംഭവത്തിന് പിന്നാലെ പാശ്ചാത്യ ലോകത്തിലെ രാഷ്ട്രീയ-മാധ്യമ ചർച്ചകളിൽ ഇസ്‌ലാമിനെ പുതിയ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത ശക്തമായി. ഒപ്പം ശീതയുദ്ധം അവസാനിക്കുന്ന കാലഘട്ടമായിരുന്നു അത്.
ഈ കാലഘട്ടത്തിലാണ് (1980കൾ) ഫണ്ടമെന്റലിസം, ടെററിസം തുടങ്ങിയ പദങ്ങൾ മുസ്‌ലിം സമൂഹങ്ങളെയും മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിശേഷിപ്പിക്കുന്ന പൊതുഭാഷയായി മാറിത്തുടങ്ങിയത്. ഓറിയന്റലിസ്റ്റ് ചരിത്രകാരനായ ബെർണാർഡ് ലൂയിസ് അമേരിക്കൻ വിദേശനയ വിദഗ്ധരോട് ‘ഇസ്‌ലാമിക് ഫണ്ടമെന്റലിസം’ എന്ന ഭാഷ ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകിയതായും പിന്നീട് അത് മാധ്യമഭാഷയുടെയും നയഭാഷയുടെയും ഭാഗമായതായും നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു (അഹമദ്, 2014). 2003-ലെ ഇറാഖ് അധിനിവേശകാലത്ത് ജോർജ് ബുഷിന്റെ ഉപദേഷ്ടാവായിരുന്നു ലൂയിസ്. ഇങ്ങനെ അക്കാദമിക് വാദങ്ങളും നയരൂപീകരണവും മാധ്യമഭാഷയും തമ്മിൽ ചേർന്ന് ഇസ്‌ലാമിനെ സുരക്ഷാഭീഷണിയായി അവതരിപ്പിക്കുന്ന ഒരു പുതിയ രാഷ്ട്രീയ വ്യവഹാരം രൂപപ്പെട്ടു.
ഇതുപോലെ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ‘ടെററിസം’ എന്ന ഭാഷയിൽ അവതരിപ്പിക്കുന്ന പ്രചാരണരീതികളും ഈ കാലഘട്ടത്തിൽ ശക്തമായി രൂപപ്പെട്ടു. ദീപ കുമാർ എഴുതിയ ‘ഇസ്‌ലാമോഫോബിയ ആൻഡ് ദി പൊളിറ്റിക്സ് ഓഫ് എംപയർ’ (2012) എന്ന ഗ്രന്ഥം രേഖപ്പെടുത്തുന്നത്, ഇറാനിയൻ വിപ്ലവത്തിനു പിന്നാലെ തന്നെ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ‘ഭീകരവാദ’ത്തിന്റെ ഭാഷയിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഇസ്രായേൽ രാഷ്ട്രീയനേതാവായ ബെഞ്ചമിൻ നെതന്യാഹുവും ഉൾപ്പെട്ടിരുന്നുവെന്നാണ്. ഇതിലൂടെ ഇസ്‌ലാമിനെ ഒരു സുരക്ഷാഭീഷണിയായി അവതരിപ്പിക്കുന്ന രാഷ്ട്രീയവ്യവഹാരം ആഗോള രാഷ്ട്രീയത്തിൽ ശക്തിപ്പെട്ടു.
ഇതോടൊപ്പം തന്നെ ഇറാനോഫോബിയ എന്ന ആശയവും രൂപപ്പെട്ടു. ഈ ആശയം വിശദമായി പരിശോധിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ് ചരിത്രകാരനായ ഹഗ്ഗായ് റാം എഴുതിയ ‘ഇറാനോഫോബിയ: ദി ലോജിക് ഓഫ് ആൻ ഇസ്രായേലി ഒബ്സഷൻ’ (2009). ഇറാനെക്കുറിച്ചുള്ള ഭയം കേവലം സൈനിക-സുരക്ഷാ ആശങ്കകളിൽ നിന്നുമാത്രമല്ല ഉരുത്തിരിയുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. മാധ്യമ പ്രതിനിധാനങ്ങൾ, രാഷ്ട്രീയ പ്രസ്താവനകൾ, ചരിത്രസ്മൃതികൾ, സാംസ്കാരിക രൂപകങ്ങൾ എന്നിവ ചേർന്ന് ഒരു രാഷ്ട്രത്തെ സ്ഥിരമായ ഭീഷണി എന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക നിർമാണമാണിത്. പ്രത്യേകിച്ച് ഇറാനിയൻ വിപ്ലവത്തിനു ശേഷം ഇസ്രായേലിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും പൊതുചർച്ചകളിൽ ഇറാൻ ഒരു സ്ഥിരമായ ഭീഷണിയായി ചിത്രീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം കാണിക്കുന്നു.
1979-ലെ വിപ്ലവത്തിനു ശേഷം ഇറാൻ പശ്ചിമേഷ്യയിലേയും തെക്കുപടിഞ്ഞാറൻ ഏഷ്യയിലെയും രാഷ്ട്രീയബന്ധങ്ങളിൽ ഒരു പ്രധാന ശക്തിയായി മാറി. രാജ്യത്തിന്റെ ജിയോസ്ട്രാറ്റജിക് സ്ഥാനവും ഇസ്‌ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ സന്ദേശവും ചേർന്നതോടെ മുസ്‌ലിം ലോകത്തിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇറാൻ ഒരു പ്രചോദനമായി. 1990- കളുടെ തുടക്കത്തിൽ ശീതയുദ്ധകാലത്ത് കമ്മ്യൂണിസം എന്ന ‘ആഗോള ഭീഷണി’ വീര്യം കുറഞ്ഞുപോകുന്ന സമയത്താണ് ഈ മാറ്റങ്ങൾ സംഭവിച്ചത്. അതിനാൽ തന്നെ പാശ്ചാത്യ രാഷ്ട്രീയ ചർച്ചകളിൽ ഇസ്‌ലാമിനെ പുതിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി.
വിപ്ലവാനന്തര ഇറാന്റെ വിദേശനയം ഔദ്യോഗികമായി പാശ്ചാത്യ ആധിപത്യത്തെ നിരസിക്കൽ, മൂന്നാം ലോക വിമോചന പ്രസ്ഥാനങ്ങളെ പിന്തുണക്കൽ തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ അറബ് ഗൾഫ് നാടുകളിലെ ചില ഭരണകൂടങ്ങളും അവരുടെ സഖ്യരാജ്യങ്ങളും ഇറാനെ സംശയത്തോടെ സമീപിക്കുന്നതാണ് രാഷ്ട്രീയ യാഥാർഥ്യം. ഈ സംഘർഷങ്ങളും ഭീതികളും ആഗോള രാഷ്ട്രീയത്തിൽ ‘ഇറാൻ ഭീതി’ എന്ന വിവരണത്തെ ശക്തിപ്പെടുത്തി. വിശിഷ്യ 2011-ലെ സിറിയൻ വിപ്ലവത്തെ അടിച്ചമർത്താൻ സോഷ്യലിസ്റ്റ് സ്വേച്ഛാധിപതിയായ ബഷാർ അസദിനു നൽകിയ പിന്തുണ ഇറാന്റെ അവകാശവാദങ്ങളെ സംശയത്തിലാക്കി.
നല്ല സുന്നി, മോശം ഷിയ
ഇസ്‌ലാമോഫോബിയയുടെ ഈ ഭാഷയും രാഷ്ട്രീയവും പിന്നീട് മറ്റു പല ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ശക്തിപ്പെട്ടു. 1980-കളിൽ സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനിൽ നടന്ന യുദ്ധകാലത്ത് പാശ്ചാത്യ ശക്തികൾ തന്നെ അഫ്ഗാനിലെ “മുജാഹിദീൻ” പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നു (ഇഖ്ബാൽ അഹമദ് 1998). ഇവരാവട്ടെ പ്രധാനമായും സുന്നീ മുസ്‌ലിം പോരാളികളായിരുന്നു. ആ കാലഘട്ടത്തിൽ ഇവരെ പാശ്ചാത്യ മാധ്യമങ്ങളും രാഷ്ട്രീയവും “സ്വാതന്ത്ര്യസമര സേനാനികൾ” എന്ന നിലയിലാണ് അവതരിപ്പിച്ചത്. ഈ സാഹചര്യത്തിൽ ശീഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് പാശ്ചാത്യ ചർച്ചകളിൽ ഭീഷണിയായി ചിത്രീകരിക്കപ്പെട്ടിരുന്നത്. ചുരുക്കി പറഞ്ഞാൽ 1980-കളിൽ സുന്നികൾ “ഗുഡ് മുസ്‌ലിം” ആയിരുന്നു; ശീഇകൾ “ബാഡ് മുസ്‌ലിം” ആയിരുന്നു.
എന്നാൽ ശീതയുദ്ധം അവസാനിച്ചതോടെ ഈ രാഷ്ട്രീയ വ്യവഹാരം മാറിത്തുടങ്ങി. 1990-കളിൽ അൾജീരിയയിലെ ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉയർച്ച, ബോസ്നിയയിലും ചെച്നിയയിലുമുണ്ടായ മുസ്‌ലിം പ്രതിരോധങ്ങൾ, ഫലസ്തീൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പാശ്ചാത്യ മാധ്യമചർച്ചകളിലും സുന്നീ ഇസ്‌ലാമിനെ സുരക്ഷാഭീഷണിയായി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചു. ഇങ്ങനെ മുൻപ് പിന്തുണച്ചിരുന്ന സുന്നീ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെ പിന്നീട് പുതിയ ആഗോള ഭീഷണിയായി അവതരിപ്പിക്കപ്പെട്ടു. ഈ മാറ്റത്തിന്റെ ഏറ്റവും ശക്തമായ രൂപം 2001 സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷം വ്യക്തമായി. അങ്ങിനെ സുന്നികളും “ബാഡ് മുസ്‌ലിം”കളായി (മഹ്മൂദ് മംദാനി, 2004).
ഈ പശ്ചാത്തലത്തിലാണ് “വാർ ഓൺ ടെറർ” എന്ന ആഗോള രാഷ്ട്രീയ തന്ത്രം രൂപപ്പെടുന്നത്. 2001-ലെ സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷമാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. എങ്കിലും, നേരത്തെ സൂചിപ്പിച്ച പോലെ 1990-കളിൽ തന്നെ മുസ്‌ലിം സമൂഹങ്ങളെയും പ്രത്യേകിച്ച് സുന്നീ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചുള്ള സുരക്ഷാഭാഷ രൂപപ്പെടാൻ തുടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനും ഇറാഖും ഉൾപ്പെടെ നിരവധി മുസ്‌ലിം രാജ്യങ്ങളിൽ നടന്ന അധിനിവേശ യുദ്ധങ്ങളും സാമ്രാജ്യത്വ സൈനിക ഇടപെടലുകളും ഈ രാഷ്ട്രീയ ഭാഷയുടെ പശ്ചാത്തലത്തിലാണ് ന്യായീകരിക്കപ്പെട്ടത്. ഇതുവഴി മുസ്‌ലിം സമൂഹങ്ങളെ ആഗോള സുരക്ഷാ ചർച്ചകളുടെ കേന്ദ്രത്തിൽ ഒരു സ്ഥിരമായ സംശയവിഷയമായി അവതരിപ്പിക്കുന്ന പ്രവണത ശക്തിപ്പെട്ടു.
തിരിച്ചറിവുകൾ
ഒരു ഭാഗത്ത് പാശ്ചാത്യ സാമ്രാജ്യത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികൾ ഉണ്ടെങ്കിലും, മറുവശത്ത് അതേ സാമ്രാജ്യത്വ രാഷ്ട്രീയഭാഷ തന്നെയാണ് മുസ്‌ലിം സമൂഹങ്ങളെയും മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിവരിക്കാൻ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. പുരോഗമനവാദികളോ ഇടതുപക്ഷക്കാരോ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളോ എന്ന വ്യത്യാസമില്ലാതെ ഈ പ്രവണത പല സമൂഹങ്ങളിലും കാണപ്പെടുന്നു. ഇതാണ് സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രധാന പ്രതിസന്ധികളിൽ ഒന്ന്.
സാമ്രാജ്യത്വ ശക്തികളെ വിമർശിക്കുമ്പോഴും അതേ സാമ്രാജ്യത്വ രാഷ്ട്രീയഭാഷ തന്നെയാണ് പലപ്പോഴും മുസ്‌ലിം സമൂഹങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നത്. ഈ വൈരുദ്ധ്യം തിരിച്ചറിയാതെ സാമ്രാജ്യത്വവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും അപൂർണമായി തുടരുന്നു.
ഇസ്‌ലാമോഫോബിയയെ വ്യക്തമായി തിരിച്ചറിയുകയും അതിനെ വിമർശനാത്മകമായി ചോദ്യം ചെയ്യുകയും ചെയ്യുമ്പോഴാണ് സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ അർഥം യഥാർഥത്തിൽ പൂർത്തിയാകുന്നത്. ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ ഭീഷണിയായി ചിത്രീകരിക്കുന്ന ഭാഷയും പ്രചരണവും തിരിച്ചറിയാതെ സാമ്രാജ്യത്വവിരുദ്ധതയെക്കുറിച്ച് സംസാരിക്കുന്നത് അപൂർണമായിരിക്കും. അതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയക്കെതിരായ ബോധപൂർവമായ നിലപാട് ഇന്ന് ആഗോള സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയചർച്ചകളിൽ അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു.
റഫറൻസ്
Irfan Ahmad. (2014). “Islamic Reform”. In. Bryan S. Turner et al (eds). Routledge Handbook of Religions in Asia. London, New York: Routledge. Pp. 144 – 157.
Deepa Kumar. (2012). Islamophobia and the Politics of Empire. Haymarket Books.
Eqbal Ahmad and Richard J. Barnet (1988). “Bloody Games.” The New York Times, April 4.
Haggai Ram. (2009). Iranophobia: The Logic of an Israeli Obsession. Stanford University Press.
Mahmood Mamdani (2004). Good Muslim, Bad Muslim: America, the Cold War, and the Roots of Terror. New York: Pantheon Books.