Data Brief Kerala Islamophobia

കേരളത്തിലെ ‘മുസ്‌ലിം പ്രശ്നം’: അവകാശവാദങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യമെന്ത്?

‘വികസിതരാജ്യങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന സുസ്ഥിര വികസന നേട്ട’ങ്ങളുടെ പേരിലും ‘ന്യൂനപക്ഷസമുദായങ്ങൾക്കു സുരക്ഷിതമായ അഭയസ്ഥാന’മെന്നനിലയിലും കാലങ്ങളായി കേരളം പ്രകീർത്തിക്കപ്പെടുന്നു. ഇന്ത്യൻ മതേതര മാതൃകയ്ക്കു വിജയകരമായി പ്രവർത്തിക്കാനാകുമെന്നതിന്റെ തെളിവ് ഇവിടം നല്കുന്നുണ്ടെന്നാണു പലരുടെയും വാദം. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരുമൊക്കെ ചില സ്ഥിരം പല്ലവികളാവർത്തിക്കാറുണ്ട്. ‘മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഇവിടെയേറെ സുരക്ഷിതരാണ്’, ’കേരളം വേറിട്ടുനില്ക്കുന്നു, ‘ഇവിടുത്തെ മതേതര മാതൃക പ്രായോഗികമാണ്’ തുടങ്ങിയവയാണവ.

ഈ സാഹചര്യത്തിൽ, കേരളത്തിലെ മുസ്‌ലിം സമുദായസംബന്ധിയായ അവകാശവാദങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ലേഖനം പരിശോധിക്കുന്നത്. പ്രസ്തുത വാദങ്ങൾ തള്ളിക്കളയുന്നതിനു പകരം, ലഭ്യമായ കണക്കുകളും വിവരങ്ങളും അവരെപ്പറ്റി വ്യക്തമാക്കുന്ന യാഥാർത്ഥ്യമെന്തെന്ന് ഇവിടെ വിശകലനംചെയ്യുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികമുന്നേറ്റം, രാഷ്ട്രീയപ്രാതിനിധ്യം തുടങ്ങിയ മേഖലകളിൽ സമുദായം നിലവിൽ കരസ്ഥമാക്കിയ ഉന്നതി, മറ്റു വിഭാഗങ്ങളുടെതുമായി  താരതമ്യംചെയ്തുകൊണ്ട് ഇത്തരം ഭരണകൂടഭാഷ്യങ്ങൾ മറച്ചുവച്ചിട്ടുള്ള  സത്യാസത്യങ്ങൾ സ്ഥിതിവിവരക്കണക്കുകളുടെ ബലത്തിൽ വിലയിരുത്താനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്. 

രണ്ടായിരത്തിപ്പതിനൊന്നിലെ സെൻസസ് പ്രകാരം, കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 27 ശതമാനം മുസ്‌ലിംകളാണ്. ക്രൈസ്തവരേതാണ്ടു 18 ശതമാനവും. ഭൂരിപക്ഷമായ ഹിന്ദുക്കൾ 55 ശതമാനത്തോളവുംവരും.

ഐതിഹ്യപരമായി, കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തിനു പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തോളം പഴക്കമുണ്ട്. സൈനികാധിനിവേശങ്ങൾക്കുപരി  സമുദ്രമാർഗ്ഗമുള്ള വ്യാപാരത്തിലൂടെയും സാംസ്കാരികവിനിമയങ്ങളിലൂടെയുമായിരുന്നു ഇവിടെ ഈ മതത്തിന്റെ വളർച്ച. പൗരാണികകാലം മുതൽക്കേ, അറബികൾ റോമാക്കാരും ചൈനക്കാരുമൊക്കെയായി  ശക്തമായ കച്ചവടബന്ധങ്ങൾ പുലർത്തിയിരുന്നു. ഈ വ്യാപാരശൃംഖലകളിലൂടെയാണു മലബാർത്തീരത്തു  മുസ്‌ലിംസമുദായം ആദ്യം വേരുറപ്പിച്ചത്. ഉപഭൂഖണ്ഡത്തിലെത്തന്നെ ഏറ്റവും പുരാതനമായ ഇസ്‌ലാമികസമൂഹങ്ങളിലൊന്നായി ഈ ദേശത്തെ മുസ്‌ലിംകൾ മാറിയതുമങ്ങനെയാണ്.

കേരള മുസ്‌ലിംകൾ ഏകശിലാത്മക സ്വഭാവമുള്ള ഒരു സമൂഹമല്ല. അവരെ, പൊതുവിൽ മൂന്ന് വ്യത്യസ്തധാരകളായി തരംതിരിക്കാം: ഭൂരിപക്ഷംവരുന്ന പരമ്പരാഗത സുന്നി വിഭാഗങ്ങൾ, നവോത്ഥാനവാദികളായ സലഫി/ വഹാബി കാഴ്ചപ്പാടുള്ള (മുജാഹിദ്) പ്രസ്ഥാനം, ജമാഅത്തെ ഇസ്‌ലാമി എന്നിവയാണവ. കൂടാതെ, സൂക്ഷ്മന്യൂനപക്ഷങ്ങളായ ഷിയാക്കളും, അഹമ്മദീയകളും ബോറകളുമൊക്ക കേരളത്തിലുണ്ട്.   കേവലം ദൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ മാത്രമല്ല, ഈ വിഭാഗങ്ങൾക്കിടയിലുളളത്; മറിച്ചു, സംസ്ഥാനത്തുടനീളമുള്ള രാഷ്ട്രീയസഖ്യങ്ങളെയും വിവിധ സ്ഥാപനങ്ങളോടുള്ള ആഭിമുഖ്യത്തെയും തിരഞ്ഞെടുപ്പുഫലങ്ങളെയുമൊക്കെ സ്വാധീനിക്കാൻ തക്കവണ്ണം ശക്തമായഭിന്നവീക്ഷണങ്ങളാണ്  പുലർത്തുന്നത്.

കേരളം മുസ്‌ലിം സമുദായത്തിനു ഘടനാപരമായ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്ന അവകാശവാദങ്ങളെ ‘വസ്തുതകൾ’ കാര്യമായി പിന്തുണയ്ക്കുന്നില്ല. എങ്കിലും, ശ്രദ്ധേയമായ വികസനം കൈവരിച്ചൊരു സമൂഹത്തെ കണക്കുകളിൽ കാണാനാകും. എന്നാൽ, ഈ മുന്നേറ്റം പ്രധാനമായും സമുദായം സ്വയമാർജ്ജിച്ച വിഭവങ്ങളിലൂടെയും സ്വപ്രയത്നത്തിലൂടെയുമൊക്കെ നേടിയെടുത്തതാണ്. അതേസമയം, ഭരണകൂടസേവനങ്ങൾ,  ഔദ്യോഗികരംഗങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയ അവകാശവിഷയങ്ങളിൽ ഘടനാപരമായ വിവേചനം ഗണ്യമായ മാറ്റങ്ങളില്ലാതെ ഇപ്പോഴും നിലനില്ക്കുന്നു. പ്രാതിനിധ്യവും അധികാരവും ഒന്നല്ലെന്ന യാഥാർത്ഥ്യത്തിലേക്കാണിതു വിരൽചൂണ്ടുക.

ഈ വ്യത്യാസം തിരിച്ചറിയുകയെന്നതു തിരഞ്ഞെടുപ്പുകാലത്തുമാത്രം പ്രസക്തമാകുന്ന ഒന്നല്ല; നേരേമറിച്ചു, ജനാധിപത്യപരമായ ഉൾച്ചേർക്കലിൽനിന്നു (Democratic inclusion) നാം യഥാർത്ഥത്തിൽ എന്തു പ്രതീക്ഷിക്കുന്നു എന്നതിനെ സംബന്ധിച്ചും ഏറെ പ്രധാനമാണിത്.

അനുമാനം: കേരളത്തിൽ മുസ്‌ലിംകളുടെ അവസ്ഥ മികച്ചതാണ്.

ഒറ്റനോട്ടത്തിൽ ഈ അവകാശവാദത്തിൽ കഴമ്പുണ്ടെന്നു തോന്നും. മാനവവികസന സൂചികയിൽ (Human Development Index) ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണു കേരളം. കേരള മനുഷ്യവികസന റിപ്പോട്ടും ആസൂത്രണ കമ്മീഷന്റെ വിവരങ്ങളും അനുസരിച്ച് ഇവിടുത്തെ സാക്ഷരത 98.9% ആണ്; ആയുർദൈർഘ്യം 74 വയസ്സും. ഗ്രാമീണദാരിദ്ര്യം 1970-കളിലെ 59 ശതമാനത്തിൽനിന്നു 2010 ആയപ്പോഴേക്കും ഏകദേശം 12 ശതമാനമായി കുറഞ്ഞു.

ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ മുസ്‌ലിംകളുടെ വരുമാനനിലവാരം താരതമ്യേന ഉയർന്നതാണെന്നു കാണാം. പ്രമുഖ രാഷ്ട്രമീമാംസകനായ ക്രിസ്റ്റോഫ് ജഫ്രെലോ ‘ഇന്ത്യൻ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേ‘യിലെ വിവരങ്ങൾ വിശകലനംചെയ്തതു പ്രകാരം, ഇവിടുത്തെ മുസ്‌ലിംകളുടെ വരുമാനം ഹിന്ദുക്കളുടെതിന്റെ ഏകദേശം 75 ശതമാനമാണെന്നാണ്. ഈ വരുമാനവ്യത്യാസമൊരു സാമ്പത്തികാസമത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, പശ്ചിമ ബംഗാളിലെയും ഗുജറാത്തിലെയും ഏതാണ്ട് 63% എന്നയവസ്ഥയെയും ഉദ്ദേശം 33% എന്ന ഹരിയാനയിലെ സ്ഥിതിയെയുമൊക്കെത്തമ്മിൽ താരതമ്യംചെയ്യുമ്പോൾ കേരളത്തിലെ  മുസ്‌ലിം സമുദായത്തിന്റെത് ഏറെ മെച്ചപ്പെട്ടനിലയിലാണ്.

രണ്ടായിരത്തിയിരുപത്തൊന്നിൽ കേരളത്തിലെ 140 എം.എൽ.എമാരിൽ 33 പേർ മുസ്‌ലിംകളായിരുന്നു; അതായത്, ഏകദേശം 22.86%. ഇത്, 26-27% എന്ന മുസ്‌ലിംജനസംഖ്യാനുപാതത്തോടു ചേർന്നുനില്ക്കുന്നതാണ്. വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിനായി ഷാഫി പറമ്പിൽ പാലക്കാട് നിയമസഭാംഗത്വം രാജിവെച്ചതിനെത്തുടർന്ന് ആ സംഖ്യ ഇപ്പോൾ 32 ആയിട്ടുണ്ട്.

രണ്ടുപ്രധാന മുന്നണികളാണു കേരളത്തിന്റെ രാഷ്ട്രീയഭൂമികയെ ചലിപ്പിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി (UDF) മുസ്‌ലിംപ്രാതിനിധ്യത്തിന്റെ കരുത്തു മുഖ്യമായും ആർജ്ജിക്കുന്നത് അവരുടെ സുപ്രധാന സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിൽനിന്നാണ്. നിലവിൽ, അവർക്ക് 15 മുസ്‌ലിംഎംഎൽഎമാരുണ്ട്; ഒപ്പം, കോൺഗ്രസിൽനിന്നുള്ള 3 സമുദായ എം.എൽ.എമാരും. ​അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നയിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണി (LDF) കുറച്ചുകൂടി വികേന്ദ്രീകൃതമായ രീതിയാണ് പിന്തുടരുന്നത്: സി.പി.ഐ.(എം)-നു 9 മുസ്‌ലിംഎം.എൽ.എമാരുണ്ട്. അതിനൊപ്പം, സി.പി.ഐ,  മുസ്‌ലിംലീഗിൽനിന്നു പിളർന്നുമാറിയ ഇന്ത്യൻ നാഷണൽ ലീഗ്, നാഷണൽ സെക്യുലർ കോൺഫറൻസ് എന്നീ കക്ഷികൾക്ക് ഓരോന്നുവീതവും കൂടാതെ, 2 സ്വതന്ത്രരും പ്രസ്തുത സമുദായത്തിൽനിന്ന് എൽ.ഡി.എഫിനുണ്ട്. മുസ്‌ലിംകളുടെ  രാഷ്ട്രീയപിന്തുണയ്ക്കായി ഇരുരാഷ്ട്രീയസഖ്യങ്ങളും സജീവമായി മത്സരിക്കുന്ന ദ്വിമുന്നണി സംവിധാനത്തെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.

എന്നാൽ, ദേശീയതലത്തിലെ ചിത്രം ഇതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. ലോക്‌സഭയിലെ 1980-ൽ ലോക്സഭയിൽ 544 എം.പിമാരിൽ 48-49 മുസ്‌ലിംകളുണ്ടായിരുന്നു. ഇന്നാകട്ടെ, സമുദായത്തിന്റെ പ്രാതിനിധ്യം 545 സീറ്റുകളിൽ വെറും 24 ആയി കുറഞ്ഞിരിക്കുന്നു. അതായത്, 9 ശതമാനത്തിൽനിന്നു 4.5 ശതമാനത്തിൽ താഴെയായി. രാജ്യത്തെ ജനസംഖ്യയിൽ മുസ്‌ലിംകളുടെയനുപാതം വർദ്ധിച്ചിട്ടും ഈ ഇടിവു സംഭവിച്ചുവെന്നത് ശ്രദ്ധേയമാണ്. ഓരോ ലോക്‌സഭാ തിരഞ്ഞെടുപ്പും പിന്നിടുമ്പോൾ മുസ്‌ലിംജനസംഖ്യാനുപാതവും അവരുടെ പാർലമെന്റിലെ അവരുടെ പ്രാതിനിധ്യവും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരുന്നുവെന്നാണ് ‘ദ ഇന്ത്യ ഫോറം‘ പ്രസിദ്ധീകരിച്ചൊരു വിശകലനം വ്യക്തമാക്കുന്നത്.

മുസ്‌ലിംകൾ നിയമനിർമ്മണസഭകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിൽ മാത്രമല്ല, അവരെ സ്ഥാനാർത്ഥികളാക്കുന്ന കാര്യത്തിൽപ്പോലും ഈ ഇടിവു പ്രകടമാണ്. 2014-ൽ കോൺഗ്രസ് പ്രസ്തുത സമുദായക്കാരായ 31 പേരെ മത്സരിപ്പിച്ചെങ്കിൽ, 2024 ആയപ്പോഴേക്കും ആ സംഖ്യ 19 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പു കമ്മീഷനൻ നല്കുന്ന വിവരങ്ങൾ പ്രകാരം, പ്രധാന പ്രതിപക്ഷപ്പാർട്ടികളെല്ലാംകൂടി 2024-ൽ ആകെ 43 ഇസ്‌ലാം മതവിശ്വാസികളെമാത്രമാണു മത്സരിപ്പിച്ചത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും പ്രബല പാർട്ടികളുടെ ടിക്കറ്റിൽ ഒരു മുസ്‌ലിം സ്ഥാനാർത്ഥിപോലും ഉണ്ടായിരുന്നില്ല.

ദേശീയതലത്തിലെ ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കണക്കുകൾ തീർച്ചയായും മെച്ചപ്പെട്ടതാണ്. എന്നാൽ, ഈ താരതമ്യ  യാഥാർത്ഥ്യങ്ങൾ വസ്തുതകളെ  അതിന്റെ സമഗ്രതയിൽ വ്യക്തമാക്കുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്.

പ്രാതിനിധ്യം: വിവേചനപരമായ ഉൾക്കൊള്ളൽ 

​മാനവവികസനത്തിലെ ആഗോള മാതൃകയെന്ന കേരളത്തിന്റെ ഖ്യാതി വിളിച്ചോതുന്ന വിവരങ്ങൾ ഏറെയുണ്ടെങ്കിലും അതിനൊപ്പം,  വസ്തുനിഷ്ഠമായ ചില സാമൂഹിക യാഥാർത്ഥ്യങ്ങളെ അവ മറച്ചുപിടിക്കുന്നുമുണ്ട്. കേരളം കൈവരിച്ചതായി ഘോഷിക്കപ്പെടുന്ന പുരോഗതിയുടെ ഗുണഫലങ്ങളൊരിക്കലും തുല്യമായോ നീതിപൂർവ്വമോ എല്ലായിടത്തും വിതരണംചെയ്യപ്പെട്ടിരുന്നില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ കീഴിൽ തിരുവിതാംകൂർ, കൊച്ചി എന്നീ തെക്കൻ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ സ്വാതന്ത്ര്യത്തിനു വളരെമുമ്പുതന്നെ വിദ്യാഭ്യാസരംഗത്തും പൊതുജനാരോഗ്യ മേഖലയിലും നിക്ഷേപംനടത്തിയതിലൂടെ പാകിയ അടിത്തറയിലാണു യഥാർത്ഥത്തിൽ, സംസ്ഥാനത്തിന്റെ വികസനഗാഥയുടെ തുടക്കം. എന്നാൽ, ബ്രിട്ടീഷ് രാജിനു കീഴിൽ നേരിട്ടു ഭരിക്കപ്പെട്ടിരുന്ന വടക്കൻ മേഖലയായ മലബാറിന് അത്തരമൊരു പൈതൃകം അവകാശപ്പെടാനില്ലായിരുന്നു.

കൊളോണിയൽ ഭരണത്തിൻ കീഴിൽ, ജനക്ഷേമപ്രവർത്തനങ്ങൾക്കുപരി വിഭവക്കൊള്ള ലക്ഷ്യമിട്ടുള്ള ചൂഷണാത്മകമായ ഭൂനികുതി വ്യവസ്ഥയാണു മലബാറിൽ അടിച്ചേല്പിക്കപ്പെട്ടത്. ഇതിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തികരംഗത്തുമാത്രം ഒതുങ്ങുന്നതായില്ല; അവ സാംസ്കാരികംകൂടിയായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ ഉപകരണം എന്നനിലയിൽക്കൂടിയെത്തിയ പാശ്ചാത്യവിദ്യാഭ്യാസത്തെ ഏറെ സംശയത്തോടെയാണു മലബാറിലെ ജനങ്ങൾ, പ്രത്യേകിച്ചു മുസ്‌ലിംകൾ നോക്കിക്കണ്ടത്. പ്രതിരോധത്തിന്റെ സുദീർഘമായ ഈ പാരമ്പര്യം കാരണം, സ്ഥാപനവത്കൃത വിദ്യാഭ്യാസത്തോടുള്ള അവരുടെ താൽപര്യം കുറഞ്ഞു. ഇതുമൂലം, ഔദ്യോഗിക പദവികളിലും ഭരണസംവിധാനങ്ങളിലും അവരുടെ പങ്കാളിത്തം ചുരുങ്ങുകയും വലിയൊരു സാമൂഹികവിടവു രൂപപ്പെടുകയുംചെയ്തു. മലബാർ കലാപങ്ങൾക്കു പിന്നിൽ പല ഘടകങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.  വികസനത്തിനും പ്രാതിനിധ്യത്തിനും സ്വയംനിർണ്ണയത്തിനുമായി കൊതിച്ച ഒരു ജനതയുടെ ഇടയിൽ കാലങ്ങൾകൊണ്ടു രൂപപ്പെട്ട സാമൂഹികാമർഷങ്ങളുടെ വികാരപരമായ ബഹിർസ്ഫുരണമായിരുന്നു ഈ  സമരപോരട്ടം.

സ്വാതന്ത്ര്യാനന്തര കേരളം, 1970-കളിൽ 59 ശതമാനമായിരുന്ന ഗ്രാമീണ ദാരിദ്ര്യം 2010 ആയപ്പോഴേക്കും 12 ശതമാനത്തിലേക്കു താഴ്ത്തിയത് വിസ്മയാവഹമായ നേട്ടംതന്നെയാണ്. എന്നാൽ, ഈ പരിവർത്തനത്തിന് നേതൃത്വംനല്കിയ സർക്കാരുകൾ വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയപ്പോൾ സംസ്ഥാനത്തെ ‘ഒരൊറ്റ യൂണിറ്റാ’യാണു പരിഗണിച്ചത്. ഇതു, തെക്കൻ ജില്ലകൾക്ക് തങ്ങളുടെ മുൻകാല നേട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായകമായപ്പോൾ, പതിറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ചൂഷണം സൃഷ്ടിച്ച കെടുതികളിൽനിന്നു കരകയറാൻ മലബാർ ഉൾപ്പെടുന്ന വടക്കൻ ജില്ലകൾ വീണ്ടും പാടുപെട്ടു. ഭരണപരവും രാഷ്ട്രീയവുമായ പരാജയമായതിനാൽത്തന്നെ  ചരിത്രപരമായ ഈ പിന്നാക്കാവസ്ഥ ഔദ്യോഗികമായി ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല, അതിനാൽതന്നെ, അത് വ്യവസ്ഥാപിതമായി പരിഹരിക്കപ്പെട്ടതുമില്ല. സംസ്ഥാനം, പുറമേ പ്രദർശിപ്പിക്കുന്ന മൊത്തത്തിലുള്ള കണക്കുകൾ അസാധാരണമായി മികച്ചുനില്ക്കുമ്പോഴും ഉൾപ്രദേശങ്ങളിലെ വികസനചിത്രങ്ങൾ സങ്കീർണ്ണവും വേദനാജനകവുമായ കഥകൾ ‘നിശ്ശബ്ദം’ വിളിച്ചുപറയുന്നതായി മാറിയെന്നതാണ് ഇതിന്റെ ഫലം.

​നിലവിൽ, നിയമസഭയിലെ 32 മുസ്‌ലിംഎം.എൽ.എമാരിൽ 28 പേരും മലബാറുകാരാണ്; മുഖ്യമായി മലപ്പുറം; പിന്നെ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, തൃശൂരിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവർ. തിരു-കൊച്ചി മേഖലയിൽനിന്നു കേവലം നാലുപേർമാത്രമാണുള്ളത്.

​ഈ കേന്ദ്രീകരണം യാദൃശ്ചികമല്ല; നേരേമറിച്ചു, കൃത്യമായ രാഷ്ട്രീയക്കണക്കുകൂട്ടലുകളുടെ പ്രതിഫലനമാണ്. വലിയരീതിയിൽ മുസ്‌ലിംകേന്ദ്രീകരണമുള്ള മണ്ഡലങ്ങളിൽ മാത്രമേ  രാഷ്ട്രീയപ്പാർട്ടികൾ ആ സമുദായത്തിലെ സ്ഥാനാർത്ഥികളെ നിറുത്താറുള്ളൂ. അത്തരം സ്ഥാനാർത്ഥിത്വങ്ങൾമൂലം ഭൂരിപക്ഷ സമുദായത്തിൽനിന്നു തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുള്ളയിടങ്ങൾ അവർ ബോധപൂർവ്വം ഒഴിവാക്കും.

​ദേശീയതലത്തിലും ഇതേ പ്രവണത ദൃശ്യമാണ്. സമീപകാലത്തെ പാർലമെന്റ് തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്, മുസ്‌ലിംവോട്ടർമാർ 40 ശതമാനത്തിനു മുകളിലുള്ള മണ്ഡലങ്ങളിൽനിന്നാണ് ആ സമുദായത്തിലെ ഭൂരിഭാഗം എം.പിമാരും ജയിച്ചുവരുന്നത് എന്നാണ്. ഇവിടെ പ്രാതിനിധ്യം പേരിനുണ്ടെന്നതു ശരിയാണ്—പക്ഷേയിത്, ഭൂരിപക്ഷമതം നിശ്ചയിച്ച പരിധിക്കുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുകയാണ്. അതിനാൽത്തന്നെ ഇത്, വിശാലാർത്ഥത്തിലുള്ള ‘ജനാധിപത്യപരമായ ഉൾക്കൊള്ളൽ’ (Inclusion) അല്ല; മറിച്ചു, വിവേചനപരമായ ‘ഇടമേകൽ’ ( accommodation) മാത്രമാണ്.

കേരളത്തിന്റെ ‘യഥാർത്ഥ’ നിയന്ത്രണം ആരുടെ കൈകളിൽ?

മുസ്‌ലിം സമുദായാംഗങ്ങൾ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നുണ്ടെങ്കിലും അതിനപ്പുറം, പ്രസക്തമായ മറ്റൊരു പ്രശ്നം പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. ഭരണപരമായ അധികാരത്തിന്റെ (Executive Power) ചുക്കാൻ ആരുടെ കൈകളിലാണ് എന്നതാണ് സുപ്രധാനമായ ആ ചോദ്യം.

കേരളം ഒരു സംസ്ഥാനമായി രൂപീകരിക്കപ്പെട്ടതിനുശേഷം, ഒരു മുസ്‌ലിംമുഖ്യമന്ത്രി ഭരിച്ചതു വെറും 50 നാൾ മാത്രമാണ്. ജനസംഖ്യയുടെ ഏകദേശം 15-17 ശതമാനം വരുന്ന സവർണ്ണ ഹിന്ദുക്കൾ—നായർ, ബ്രാഹ്മണ സമുദായങ്ങൾ ഉൾപ്പെടെ—12,500 ദിവസത്തിലധികം ഈ പദവിയലങ്കരിച്ചിട്ടുണ്ട്. 23-25 ശതമാനം വരുന്ന ഏറ്റവും വലിയ പിന്നാക്ക വിഭാഗമായ ഈഴവ-തീയ്യ സമുദായങ്ങൾ 6,000 ദിനത്തിലേറെ പ്രസ്തുത പദവി വഹിച്ചു. 18-19 ശതമാനമുള്ള ക്രിസ്ത്യാനികൾ 4,600ൽ കൂടുതൽ ദിവസവും ഈ പദവി കയ്യാളി. 

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേ വരെ  ദളിത്‌, ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവരോ ഒരു വനിതയോ മുഖ്യമന്ത്രി ആയിട്ടില്ല. വിവിധ ദലിത് ആദിവാസി പിന്നാക്ക  സമുദായങ്ങളെയും സംബന്ധിച്ചു മുഖ്യമന്ത്രിപദമെന്നത് എത്തിപ്പിടി ക്കാനാകുന്തോറും അകന്നകന്നുപോകുന്ന സവിശേഷ സാഹചര്യമാണു നിലനില്ക്കുന്നതെന്നാണ് ഇതു വ്യക്തമാക്കുന്നത്. 

​മന്ത്രിസഭകളിലെ വകുപ്പു വിഭജനത്തിലും ഈ ഒഴിവാക്കൽ പ്രവണത പ്രകടമാണ്. പതിറ്റാണ്ടുകളായി കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് സഖ്യത്തിൽ ഉറച്ചുനില്ക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിനു സാധാരണമായി വിദ്യാഭ്യാസം, വ്യവസായം, തദ്ദേശസ്വയംഭരണം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകളാണു ലഭിക്കാറുള്ളത്. എന്നാൽ ധനകാര്യം, ആഭ്യന്തരം എന്നീ സുപ്രധാന വകുപ്പുകൾ മിക്കപ്പോഴും കോൺഗ്രസിന്റെയോ അല്ലെങ്കിൽ അവരുടെ മുന്നണിയിലെ സവർണ്ണ വിഭാഗങ്ങളുടെയോ കൈകളിൽത്തന്നെ ഭദ്രമായിരുന്നു. ഭരണത്തിൽ മുസ്‌ലിംലീഗിനു പങ്കാളിത്തം നല്കുന്നുണ്ടെങ്കിലും, സുപ്രധാന തീരുമാനങ്ങളെടുക്കുന്ന അധികാരകേന്ദ്രങ്ങളിൽനിന്ന് അവരെ ബോധപൂർവ്വം അകറ്റിനിറുത്തുകയാണു പതിവ്.

മുസ്‌ലിംകൾ ഇത്തരം കീഴ്വഴക്കങ്ങൾ ചോദ്യംചെയ്യുമ്പോൾ കേരളത്തിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. 2012-ൽ, 20 എം.എൽ.എമാരുള്ള മുസ്‌ലിംലീഗ് തങ്ങൾക്കു വാഗ്ദാനംനല്കിയ ‘അഞ്ചാം മന്ത്രി‘സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചു. മുന്നണിരാഷ്ട്രീയത്തിൽ ഇതൊക്കെ തികച്ചും സ്വാഭാവികമായ നടപടിയാണ്. ആ മന്ത്രിസ്ഥാനം ഒടുവിൽ അവർക്ക് അനുവദിക്കപ്പെട്ടു. എന്നാൽ, അതിനോടുള്ള പ്രതികരണം അസാധാരണമായിരുന്നു. അതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഹർത്താൽ ആഹ്വാനംനടത്തി. കേരളത്തിന്റെ മതനിരപേക്ഷ സന്തുലിതാവസ്ഥയ്ക്കു ഭീഷണിയാണ് ‘അഞ്ചാം മുസ്‌ലിംമന്ത്രി’ എന്നു രാഷ്ട്രീയനിരീക്ഷകർ മുന്നറിയിപ്പുനല്കി. കേവലമൊരു സാധാരണ രാഷ്ട്രീയ വിലപേശൽ പരസ്യമായി നടന്നതിന്റെ പേരിൽമാത്രം വലിയൊരു വർഗീയ പ്രകോപനമായി ചിത്രീകരിക്കപ്പെട്ടു.

​ഇതിനെ 2021-ലെ സാഹചര്യവുമായി താരതമ്യംചെയ്യേണ്ടതുണ്ട്. ജാതിക്കതീതമായി വർഗ്ഗരാഷ്ട്രീയത്തിനു പ്രാധാന്യംകൊടുക്കുന്നു എന്നവകാശപ്പെടുന്ന പാർട്ടി നയിക്കുന്ന എൽ.ഡി.എഫിന്റെ മന്ത്രിസഭയിൽ, ആകെയുള്ള 21 മന്ത്രിസ്ഥാനങ്ങളിൽ ഏഴെണ്ണം നായർ സമുദായത്തിനാണ് അനുവദിച്ചത്. അതായത്, ജനസംഖ്യയിൽ 15–17 ശതമാനംമാത്രമുള്ളൊരു വിഭാഗത്തിനു മന്ത്രിസഭയിൽ 33 ശതമാനം പ്രാതിനിധ്യം ലഭിച്ചു. ഈ അമിത പ്രാതിനിധ്യം ഒരു ഹർത്താലിനും കാരണമായില്ല; മതേതര സന്തുലിതാവസ്ഥ അപകടത്തിലാകുന്നതിനെപ്പറ്റി യാതൊരു മുന്നറിയിപ്പും ആരും നല്കിയതുമില്ല. ഭരണരംഗത്തെ തികച്ചും സ്വാഭാവികമായ  പ്രക്രിയയായാണ് അത് സ്വീകരിക്കപ്പെട്ടത്.

​ചരിത്രം പരിശോധിച്ചാൽ ഇത്തരം വിവേചനങ്ങൾ ഏറെപ്പിന്നിലേക്കു പോകുന്നതായിക്കാണാം. 1960-കളിൽ, കേരള നിയമസഭയുടെ സ്പീക്കറായി മുസ്‌ലിംലീഗിലെ സി.എച്ച്. മുഹമ്മദ് കോയ സത്യപ്രതിജ്ഞ ചെയ്യാനിരുന്നപ്പോൾ, അന്നത്തെ സഖ്യകക്ഷിയായ കോൺഗ്രസ് അദ്ദേഹം പ്രസ്തുത പദവി ഏറ്റെടുക്കുന്നതിനുമുമ്പു പാർട്ടിസ്ഥാനം രാജിവെക്കണമെന്നു നിർബന്ധംപിടിച്ചു. അതുപോലെ, 2024-ൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ, പാകിസ്താന്റെതെന്നു തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കാരണത്താൽ മുസ്‌ലിംലീഗിന്റെ പച്ചപ്പതാകകൾ ഒഴിവാക്കാൻ അനൗദ്യോഗിക നിർദ്ദേശമുണ്ടായി. തുടർന്നു, പാർട്ടിപ്പ്രവർത്തകർക്കു പച്ച ബലൂണുകൾ ഉപയോഗിക്കേണ്ടതായിവന്നു. തങ്ങളുടെ പ്രതീകാത്മക സാന്നിധ്യംപോലും അദൃശ്യമാക്കേണ്ടിവരുകയും ദൃശ്യതയുടെ മാനദണ്ഡങ്ങൾ മറ്റുള്ളവർ തീരുമാനിക്കുകയുംചെയ്യുന്ന ദുഃഖകരമായ അവസ്ഥയാണ് ഇതൊക്കെ കാണിക്കുന്നത്.

വികസന രേഖകൾ: സൂചികകൾ വ്യക്തമാക്കുന്ന യാഥാർത്ഥ്യമെന്ത്?

​സച്ചാർ കമ്മിറ്റി റിപ്പോട്ടിനെത്തുടർന്ന്, അതിന്റെ ശുപാർശകൾ കേരളത്തിൽ എങ്ങനെ നടപ്പാക്കാമെന്നു പരിശോധിക്കാൻ അന്നത്തെ എൽ.ഡി.എഫ് സർക്കാർ പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതിയുടെ കണ്ടെത്തലുകൾ സുവ്യക്തമായിരുന്നു.

​സംസ്ഥാനത്തെ മുസ്‌ലിം സമുദായം സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സൂചികകളിൽ ഏറെ പിന്നിലാണെന്നു സമിതി കണ്ടെത്തി. ഈ വിഭാഗത്തിലെ 37.8% പേർ ഭൂരഹിതരായിരുന്നു. 18-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ 14.3% മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശനംനേടിയത്. തൊഴിൽമേഖലയിലെ പങ്കാളിത്തം 23.25 ശതമാനവും ദാരിദ്ര്യനിരക്ക് 28.7 ശതമാനവുമായിരുന്നു. ഈ വസ്തുതകൾ സമുദായത്തിന്റെ കേവലമായ അധഃസ്ഥിതാവസ്ഥയല്ല, നേരേമറിച്ചു ഘടനാപരമായ പിന്നാക്കാവസ്ഥയാണു വെളിവാക്കുന്നത്. സമിതി പരിശോധിച്ച വികസന സൂചികയോരോന്നും അടിവരയിടുന്നതും ഈ വസ്തുതയാണ്.

സമിതിയുടെ ശുപാർശകൾ കൃത്യമായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപിപ്പിക്കുക, മുസ്‌ലിംമാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് കോളേജുകളുടെ എണ്ണം വർദ്ധിപ്പിക്കുക, പിന്നാക്കപ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ, ഇവയൊന്നും കാര്യമായി നടപ്പാക്കപ്പെട്ടില്ല. റിപ്പോട്ടുകൾ സമർപ്പിക്കപ്പെട്ടെങ്കിലും സാമൂഹികമായവിടവുകൾ ഇന്നും തുടരുകയാണ്.

ഈ അന്തരം നികത്തപ്പെട്ടിട്ടില്ലെന്നു സമീപകാല വിവരങ്ങളും സ്ഥിരീകരിക്കുന്നു. 2025 ജൂണിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കേരള പഠനങ്ങൾ 2.0‘ പ്രകാരം, കേരളത്തിലെ ജനസംഖ്യയുടെ 27.3 ശതമാനം മുസ്‌ലിംകളാണെങ്കിലും, സംസ്ഥാന സർക്കാർ ജോലികളിൽ അവരുടെ പ്രാതിനിധ്യം വെറും 13.8 ശതമാനംമാത്രമാണ്. കേന്ദ്രസർക്കാർ ഉദ്യോഗങ്ങളിലാകട്ടെ ഇത് 1.8 ശതമാനമായി ചുരുങ്ങുന്നു.

​മലബാറിലെ വികസനത്തെയും ഗൾഫ് പ്രവാസത്തെയുംകുറിച്ചുള്ള അജ്മൽ ഖാൻ്റെ ഗവേഷണം വിവിധ സർക്കാർ വകുപ്പുകളിലെ മുസ്‌ലിംപ്രാതിനിധ്യം സംബന്ധിച്ചു സുവ്യക്തമായി വിശകലനംചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ മുസ്‌ലിംജീവനക്കാരുടെ എണ്ണം ഏകദേശം 12.3 ശതമാനമാണ്; അതായത്, ജനസംഖ്യാനുപാതികമായ പങ്കിന്റെ പകുതിയിൽത്താഴെമാത്രം. ആഭ്യന്തരവകുപ്പിൽ ഇത് 10.7 ശതമാനവും ആരോഗ്യവകുപ്പിൽ 10.5 ശതമാനവുമാണ്. സർക്കാർ നേരിട്ടു നിയമനംനടത്തുന്ന എല്ലാ മേഖലകളിലും ഇതേ അവസ്ഥതന്നെയാണുള്ളത്. ജനസംഖ്യാനുപാതത്തെക്കാൾ ഏറെത്താഴെയാണ് അവരുടെ പ്രാതിനിധ്യം. ഇതു പരിഹരിക്കാനുള്ള അർത്ഥവത്തായ യാതൊരു നീക്കവും കാണുന്നുമില്ല.

വിദ്യാഭ്യാസം: മലബാർ നേരിടുന്ന പിന്നാക്കാവസ്ഥ

കേരളത്തിലെ മുസ്‌ലിംജനസംഖ്യയുടെ ഏകദേശം 72 ശതമാനത്തോളം വരുന്ന മലബാറിലെ മാപ്പിള മുസ്‌ലിംങ്ങൾ, ചരിത്രപരമായിത്തന്നെ സംസ്ഥാനത്തെ ഏറ്റവും രൂക്ഷമായ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിട്ട വിഭാഗങ്ങളിൽ ഒന്നായിരുന്നു. തിരുവിതാംകൂർ, കൊച്ചി മേഖലകളിലെ സമുദായാംഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇവർ ഏറെ പിന്നിലായിരുന്നു. എന്നാൽ, സർക്കാർ ഇടപെടലുകളും സമുദായത്തിന്റെ കൂട്ടായ പരിശ്രമങ്ങളും ഗൾഫ് കുടിയേറ്റം തുറന്നുനല്കിയ സാമ്പത്തിക അഭിവൃദ്ധിയുമൊക്കെ സംയോജിതമായി സൃഷ്ടിച്ച മുന്നേറ്റങ്ങളിലൂടെ ഈയവസ്ഥയ്ക്കു മാറ്റംവരാൻതുടങ്ങി.

വിവിധ മുന്നണി സർക്കാരുകളുടെ ഭാഗമായി 1967-മുതൽ വിദ്യാഭ്യാസവകുപ്പു കൈകാര്യംചെയ്ത ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് മലബാറിലെ മാറ്റത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ കാലത്താണ് ഈ പ്രദേശത്തുടനീളം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായത്. 1968-ൽ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ കാലിക്കറ്റ് സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത് ഇതിലൊരു സുപ്രധാന നാഴികക്കല്ലാണ്. തുടർന്നുള്ള പതിറ്റാണ്ടുകളിൽ ഇവിടുത്തെ മുസ്‌ലിംകൾക്കിടയിൽ സാക്ഷരതയിൽ ഏറെ പുരോഗതിയുണ്ടായി. എങ്കിലും, ദീർഘകാലം വിദ്യാഭ്യാസവകുപ്പു കൈവശംവച്ചിരുന്ന ലീഗിന്റെ സാന്നിധ്യത്തിന് ആനുപാതികമായ പുരോഗതിയുണ്ടായോ എന്നതു തർക്കവിഷയമാണ്. 

​എയ്ഡഡ് മേഖലയിലെ പോരായ്മകൾ ഇപ്പോഴും പ്രകടമാണ്. സംസ്ഥാനത്തൊട്ടാകെയുള്ള എയ്ഡഡ് സ്കൂളുകളുടെ 19.38 ശതമാനവും എയ്ഡഡ് കോളേജുകളുടെ 18.63 ശതമാനവും മാത്രമാണ് മുസ്‌ലിംമാനേജ്‌മെന്റിനു കീഴിലുള്ളത്. ഇത് അവരുടെ ജനസംഖ്യാനുപാതത്തെക്കാൾ ഏറെത്താഴെയാണ്. അതേസമയം, എയ്ഡഡ് സ്കൂളുകളിൽ 41.41 ശതമാനവും കോളേജുകളിൽ 30.88 ശതമാനവും ഹൈന്ദവവിഭാഗങ്ങളുടെ കൈവശമാണ്. ജനസംഖ്യയിൽ കുറവായ ക്രിസ്ത്യൻ വിഭാഗമാകട്ടെ, എയ്ഡഡ് കോളേജ് മേഖലയിൽ 46.57 ശതമാനവുമായി ആധിപത്യം പുലർത്തുന്നു. പ്രാദേശികമായി പരിശോധിക്കുമ്പോൾ ഈ ചിത്രം കൂടുതൽ സങ്കീർണ്ണമാകുന്നു. മലബാർ മേഖലയിലെ എയ്ഡഡ് സ്കൂളുകളിൽ മുസ്‌ലിംകളുടെ കൈവശമുള്ളതു 16.44 ശതമാനവും ഹിന്ദുക്കളുടെത് 26.13 ശതമാനവുമാണ്. എയ്ഡഡ് കോളേജുകളുടെ ഉടമസ്ഥതയുടെ കാര്യത്തിൽ മുസ്‌ലിംങ്ങൾ 14.22 ശതമാനവും ഹിന്ദുക്കൾ 7.35 ശതമാനവുമാണു കൈയാളുന്നത്. അതേസമയം, തിരു-കൊച്ചി മേഖലയിൽ മുസ്‌ലിംപ്രാതിനിധ്യം കുത്തനെ താഴോട്ടുപോകുന്നു. സ്കൂളുകളിൽ 2.84 ശതമാനവും കോളേജുകളിൽ 4.4 ശതമാനവും മാത്രമാണവരുടെ മാനേജ്‌മെന്റിലുള്ളത്.

മലബാറിലെ വിദ്യാഭ്യാസ വികാസം സർക്കാരിന്റെ ഔദാര്യത്തിലുള്ള വിഭവവിതരണത്തെക്കാളുപരി, ഗൾഫ് പണത്തിന്റെ പിന്തുണയോടെ സമുദായം സ്വന്തമായി നടത്തിയ സംഘടിതമായ ഇടപെടലുകളുടെ ഫലമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് കുടിയേറ്റത്തിലൂടെ കൈവന്ന അധികവരുമാനം കുടുംബങ്ങൾക്കും മതസ്ഥാപനങ്ങൾക്കും പുറമേ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപകമായൊഴുകി. 2000-ങ്ങളിൽ കേരളം ഉന്നതവിദ്യാഭ്യാസ മേഖല സ്വാശ്രയ നിക്ഷേപങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ, മുസ്‌ലിം സമുദായം വലിയതോതിൽ ഈ രംഗത്തേക്കു കടന്നുവന്നു. ജോസ് സെബാസ്റ്റ്യൻ നടത്തിയ പഠനപ്രകാരം, സംസ്ഥാനത്തെ 890 സ്വാശ്രയ സ്ഥാപനങ്ങളിൽ 154 എണ്ണം—ഏകദേശം 17.3%—മുസ്‌ലിംമാനേജ്‌മെന്റിനു കീഴിലായിരുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ, ലോ, മാനേജ്‌മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

എങ്കിലും, പൊതുവിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ അസമത്വം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. മലബാർ എഡ്യുക്കേഷൻ മൂവ്‌മെന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നത്, സംസ്ഥാനത്തെ ജനസംഖ്യയുടെ 42 ശതമാനം അധിവസിക്കുന്ന മലബാറിൽ 2024–25 അധ്യയന വർഷത്തിൽ 66,170 ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവുണ്ടായിരുന്നു എന്നാണ്. അതേസമയം, തിരു-കൊച്ചി മേഖലയിൽ 20,189 സീറ്റുകൾ അധികമായിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 238 സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 76 എണ്ണംമാത്രമാണു മലബാറിലുള്ളത്. ബി.എഡ് സീറ്റുകളുടെ 29 ശതമാനവും സർക്കാർ എം.ബി.ബി.എസ് സീറ്റുകളുടെ 34 ശതമാനവും മെഡിക്കൽ പി.ജി സീറ്റുകളുടെ വെറും 20 ശതമാനവുംമാത്രമാണ് ഈ മേഖലയിലുള്ളത്.

​എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളുടെ നിയന്ത്രണം പരിശോധിച്ചാലും ഇതേ ചിത്രം വ്യക്തമാകും. കേരള സർവ്വകലാശാലയ്ക്കു കീഴിലുള്ള 46 എയ്ഡഡ് കോളേജുകളിൽ വെറും 4 എണ്ണം മാത്രമാണു മുസ്‌ലിംമാനേജ്‌മെന്റിനു കീഴിലുള്ളത്; മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 62-ൽ മൂന്നും. സംസ്ഥാനത്തെ 17 എയ്ഡഡ് ബി.എഡ് കോളേജുകളിൽ വെറും രണ്ടെണ്ണംമാത്രമാണവരുടെത്. സർക്കാർ നിക്ഷേപങ്ങളുടെ അഭാവം സൃഷ്ടിച്ച വിടവു നികത്താൻ സ്വാശ്രയ മേഖലയ്ക്കു കുറെയൊക്കെ സാധിച്ചെങ്കിലും ആ അസമത്വം പൂർണ്ണമായി പരിഹരിക്കാൻ അവർക്കായിട്ടില്ല.

ഭൂവുടമസ്ഥത

കേരളത്തിലെ മുസ്‌ലിംകളെ ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെ ഇസ്‌ലാമിക വിശ്വാസികളുമായി താരതമ്യപ്പെടുത്തുന്നതിനു പകരം, സംസ്ഥാനത്തെ മറ്റു സമുദായങ്ങളുമായി തുലനംചെയ്യുമ്പോഴാണ് അവരെ സംബന്ധിച്ച യാഥാർത്ഥ്യം കൂടുതൽ വ്യക്തമാകുക. എന്നാൽ, ഇത്തരം പഠനങ്ങൾ വളരെയപൂർവ്വമായേ നടക്കാറുള്ളൂ; അവയേറെ പ്രസക്തമാണെങ്കിലും!

​അരനൂറ്റാണ്ടുകാലത്തെ ഗ്രാമീണ പഠനങ്ങൾ പരിശോധിച്ചാൽ, പഠനസർവേകളിൽ ഉൾപ്പെട്ട വീടുകളിൽ വെറും 33% മാത്രമുള്ള സവർണ ജാതികൾ ഇവിടുത്തെ ഭൂമിയുടെ അഞ്ചിൽ നാല് ഭാഗവും—അതായത് 78.45%—കൈവശംവച്ചിരിക്കുന്നതായി കാണാം. ഇതിൽത്തന്നെ സാമ്പിളിന്റെ 22% മാത്രമുള്ള സവർണ്ണ ക്രൈസ്തവ വിഭാഗങ്ങൾക്കാണ് ഏറ്റവും വലിയ ഭൂവുടമസ്ഥാവകാശം—34.5%—ഉള്ളത്. എന്നാൽ, മുസ്‌ലിം സമുദായത്തിന്റെ കാര്യത്തിൽ സ്ഥിതി ഏറെ വ്യത്യസ്തമാണ്. സർവേകളിൽ ഉൾപ്പെട്ട വീടുകളിൽ 11% വരുന്ന അവരുടെ പക്കൽ ആകെ ഭൂമിയുടെ 4.68% മാത്രമാണുള്ളത്. സാമൂഹികശ്രേണിയിൽ അവർക്കു മുകളിലുള്ള ഏതുസമുദായത്തെക്കാളും, ദലിത് വിഭാഗങ്ങളുടെ ശുഷ്കമായ ഭൂവുടമസ്ഥതയോടാണു മുസ്‌ലിംകളുടെ അവസ്ഥ കൂടുതൽ സാമ്യം കാണിക്കുന്നതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

കേവലമായൊരു വിഭവാസമത്വം എന്നതിലുപരി, മുസ്‌ലിംഭൂവുടമസ്ഥതയുടെ വളർച്ചാപരിണാമങ്ങളാണ് ഏറെ ശ്രദ്ധേയം. 1958-ൽ പ്രസ്തുത സമുദായാംഗങ്ങളുടെ ഭൂമിയിലുള്ള അവകാശം ജനസംഖ്യയ്ക്ക് ആനുപാതികമായിരുന്നു. 1960-കളിലും 70-കളിലും നടന്ന ഭൂപരിഷ്കരണം ദലിതർക്കും ആദിവാസികൾക്കും കാര്യമായ ഗുണംചെയ്തില്ലെങ്കിലും, താഴെത്തട്ടുകാരും ഇടത്തരക്കാരുമായ ഇസ്‌ലാമിക വിശ്വാസികൾക്കു മിതമായ നേട്ടങ്ങൾ നല്കിയിരുന്നു. 1986 ആയപ്പോഴേക്കും മുസ്‌ലിംകൾ തങ്ങളുടെ ജനസംഖ്യയെക്കാൾ അല്പമധികം ഭൂമി കൈവശംവച്ചിരുന്നു. ലഭ്യമായ കണക്കുകൾപ്രകാരം 1992-ലാണ് അവർ ജനസംഖ്യയ്ക്കു തതുല്യമായ ഭൂവുടമസ്ഥതയുടെ ഏറ്റവുമടുത്തെത്തിയത്. 

പിന്നീട്, സ്ഥിതിഗതികൾ കീഴ്മേൽമറിഞ്ഞു. 2006-ഓടെ മുസ്‌ലിംകളുടെ ഭൂവുടമസ്ഥതയിലുള്ള അന്തരം ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം ആഴമുള്ളതായി. 11.29 ശതമാനം ഉണ്ടായിരുന്ന മുസ്‌ലിംകളുടെ ഭൂമി 4.68 ശതമാനമായി ചുരുങ്ങി. ഇതൊക്ക, സ്വാഭാവികമായൊരു മാറ്റമായിരുന്നില്ല; മറിച്ച്, ഒന്നരപ്പതിറ്റാണ്ടിനുള്ളിൽ സംഭവിച്ച വലിയൊരു തകർച്ചയായിരുന്നു.

ഈ പരിവർത്തനമുണ്ടായതിനു പിന്നിൽ  പല കാരണങ്ങളുമുണ്ടായിരുന്നു. സമുദായാംഗങ്ങൾ കൈക്കൊണ്ട  ബോധപൂർവ്വമായ ചില തീരുമാനങ്ങൾ അതിൽ സുപ്രധാന പങ്കുവഹിച്ചു. ഗൾഫ് കുടിയേറ്റത്തിനു പണം കണ്ടെത്താനായി പല മുസ്‌ലിംകുടുംബങ്ങളും തങ്ങളുടെ കാർഷികഭൂമി വില്ക്കുകയും, ചിലരൊക്കെ അങ്ങനെ ലഭിച്ച മൂലധനത്തിലൊരുപങ്ക് വ്യാപാരത്തിലേക്കും ചെറുകിട ബിസിനസ്സുകളിലേക്കും മാറ്റിനിക്ഷേപിക്കുകയും ചെയ്തു. ഇതോടെ, മൂലധനം ഭൂമിയിൽനിന്നു വ്യാപാരത്തിലേക്കും വിദേശ പണത്തിലേക്കും രൂപംമാറി. കൂട്ടുകുടുംബ വ്യവസ്ഥ വഴിമാറി അണുകുടുംബങ്ങളുടെ ഉദയത്തോടെ പരമ്പരാഗതമായ തറവാട്ടുവക ഭൂസ്വത്തുക്കൾ തുണ്ടുകളായി വെട്ടിമുറിക്കപ്പെട്ടു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ റിയൽ എസ്റ്റേറ്റിലേക്കും സേവനമേഖലകളിലേക്കുമൊക്കെ വഴിമാറിയതോടെ ഭൂമിയൊരു പ്രാഥമിക ആസ്തിയെന്നതിലുപരി വില്ക്കാനുള്ളൊരു ചരക്കായിമാറി. അങ്ങനെ, മുസ്‌ലിം സമുദായത്തിന്റെ ഭൂമിയിലുള്ള പിടിയയഞ്ഞുപോയതു കുടിയിറക്കലുകൾകൊണ്ടു മാത്രമല്ല, മൂലധനത്തിന്റെ സ്വഭാവംതന്നെ മാറിമറിഞ്ഞതിനാൽക്കൂടിയാണ്.

വരുമാനം സംബന്ധിച്ച മിഥ്യാധാരണകൾ: ഗൾഫ് പണമോ ഭരണകൂട വികസനമോ?

കേരളത്തിലെ മുസ്‌ലിംകളുടെ ആപേക്ഷികമായ സാമ്പത്തികനില അടിസ്ഥാനപരമായൊരു ചോദ്യമുയർത്തുന്നുണ്ട്: ഇതിൽ എത്രത്തോളം ഭരണകൂടനയങ്ങളുടെ ഫലമാണ്, എത്രമാത്രം കുടിയേറ്റത്തിലൂടെ കെട്ടിപ്പടുത്തതാണ്?

​2023-ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോട്ടുപ്രകാരം, കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 26–27% മാത്രമാണു മുസ്‌ലിംകളെങ്കിലും പ്രവാസികളിൽ 51 ശതമാനത്തോളം ഈ സമുദായത്തിൽനിന്നുള്ളവരാണ്. കേരളത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ (Net State Domestic Product NSDP) 23.2 ശതമാനവും ഇന്നു പ്രവാസിപ്പണമാണ്. 2018-ലെ 13.5 ശതമാനത്തിൽനിന്നാണ് ഈ വർദ്ധനവ്. ഇതു, സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 1.7 മടങ്ങോളംവരുമെന്നതും ശ്രദ്ധനീയമാണ്.

എഴുപതു ശതമാനത്തോളം മുസ്‌ലിംജനസംഖ്യയുള്ളതും മുസ്‌ലിംലീഗിന്റെ രാഷ്ട്രീയഹൃദയഭൂമിയായി കണക്കാക്കപ്പെടുന്നതുമായ മലപ്പുറത്താണ് 2022-23 കാലയളവിൽ കേരളത്തിലെ ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ വരുമാനത്തിന്റെ കാര്യത്തിൽ ജില്ലയ്ക്കു  പുരോഗതിയുണ്ടായിട്ടുണ്ട് എന്നതു വസ്തുതയാണ്. 2005-06 കാലത്തു സംസ്ഥാന ശരാശരിയുടെ 68% ആയിരുന്ന മലപ്പുറത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ന് 74 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ട് എന്നതും സത്യമാണ്. എന്നാൽ, ഈ പുരോഗതിയുടെ ചാലകശക്തി സംസ്ഥാന സർക്കാരിന്റെ വികസനനയങ്ങളല്ല, മറിച്ച് പ്രവാസത്തിൽനിന്നുള്ള വരുമാനമാണ്.

ഈ സാമ്പത്തിക സ്രോതസ്സ് ഇപ്പോൾ വറ്റിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഗൾഫ് (GCC) രാജ്യങ്ങളിലേക്കു പോകുന്ന കേരളീയരുടെ എണ്ണം 2018 ലെ 89.2 ശതമാനത്തിൽനിന്ന് 2023 ൽ 80.5 ശതമാനമായി കുറഞ്ഞുവെന്നാണ്. അതിനൊപ്പം, പ്രവാസമവസാനിപ്പിച്ചു തിരികെയെത്തുന്നവരുടെ എണ്ണം 1.2 ദശലക്ഷത്തിൽനിന്ന് 1.8 ദശലക്ഷമായി ഉയർന്നു. സൗദി അറേബ്യയിലെ ‘നിതാഖാത്’ പോലുള്ള സ്വദേശിവത്കരണ നയങ്ങളുടെ ഫലമായുള്ള തൊഴിൽനഷ്ടവും വിസാ നിയന്ത്രണങ്ങളുമൊക്കെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ഇതേകാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനത്തിൽനിന്നു 12.5 ശതമാനമായി വർദ്ധിച്ചുവെന്നതും കാണേണ്ടതുണ്ട്.

മുസ്‌ലിംവിദ്യാഭ്യാസം: സമുദായം കെട്ടിപ്പടുത്ത പുരോഗതിയാണ് 

കേരള മുസ്‌ലിംകൾ കരസ്ഥമാക്കിയ വിദ്യാഭ്യാസ പുരോഗതിയുടെ സിംഹഭാഗവും ഭരണകൂടത്തിന്റെ ഇടപെടലുകളുടെ ഫലമായിരുന്നില്ല. അതു, തലമുറകളായി സമുദായം‌നടത്തിയ കൂട്ടായ പരിശ്രമങ്ങളിലൂടെ പടിപടിയായി നേടിയെടുത്തതാണ്; പ്രത്യേകിച്ചു മലബാറിൽ.

ഈ മുന്നേറ്റത്തിനുള്ള അസ്ഥിവാരം സ്വാതന്ത്ര്യപൂർവ കാലത്തുതന്നെ മുസ്‌ലിംകൾ ഇട്ടിരുന്നു. സൗത്ത് ഇന്ത്യൻ മുഹമ്മദൻ എജ്യുക്കേഷൻ അസോസിയേഷൻ, ഓൾ ട്രാവൻകൂർ മുസ്‌ലിംമഹാജനസഭ തുടങ്ങിയ സംഘടനകൾ ആധുനിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യാപിപ്പിച്ചു. കെ.എം. മൗലവി, വക്കം മൗലവി തുടങ്ങിയ നവോത്ഥാന നായകർ വിദ്യാഭ്യാസ പുരോഗതിക്കായി സമുദായത്തിനുള്ളിൽ സംഘടിതമായ പരിശ്രമങ്ങൾ നടത്തി. 

സ്വാതന്ത്ര്യാനന്തരം, ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായി വൻതോതിലുള്ള സ്ഥാപന നിർമ്മാണം ആരംഭിച്ചു. റൗദത്തുൽ ഉലൂം അസോസിയേഷൻ 1948-ൽ ഫാറൂഖ് കോളേജ് സ്ഥാപിച്ചു. ഡോ. പി.കെ. അബ്ദുൾ ഗഫൂർ 1964-ൽ സ്ഥാപിച്ച മുസ്‌ലിംഎജ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്), 1967-ൽ മണ്ണാർക്കാട്ട് അവരുടെ ആദ്യത്തെ കോളേജ് തുറന്നു. അതിനുശേഷം, ഈ പ്രസ്ഥാനം പന്തലിച്ച് ഏകദേശം 150 സ്ഥാപനങ്ങൾ അവരുടെ കീഴിലുണ്ടായി. 70-ലധികം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, 35 ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, 10 പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ വിദ്യാഭ്യാസ ശൃംഖല ഈ സംഘടന കെട്ടിപ്പടുത്തു.

മതസംഘടനകളും സമാനമായ വ്യാപ്തിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി. ജമാഅത്തെ ഇസ്‌ലാമി 50,000-ത്തോളം കുട്ടികൾ പഠിക്കുന്ന 600-ൽ അധികം മദ്രസകളും 70,000-ത്തിലധികം വിദ്യാർത്ഥി/വിദ്യാർത്ഥിനികളുള്ള നൂറോളം സി.ബി.എസ്.ഇ സ്കൂളുകളും 25 അറബിക് കോളേജുകളും നടത്തുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം 60 ശതമാനത്തിലധികം വിദ്യാർത്ഥിനികളാണ് എന്നതാണ് ഏറെ ശ്രദ്ധനീയം. സമസ്ത, അവരുടെ വിദ്യാഭ്യാസ ബോർഡിലൂടെ 8,000-ത്തിലധികം മദ്രസകളും ജാമിയ നൂരിയ്യ ഉൾപ്പെടെ നിരവധി അറബിക് കോളേജുകളും നടത്തുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മതവിദ്യാഭ്യാസ ശൃംഖലകളിലൊന്നാണിത്. കേരള നദ്‌വത്തുൽ മുജാഹിദീനും മദ്രസകൾ, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലൂടെ തങ്ങളുടെതായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസ വിപ്ലവത്തിന്റെ  ഈ ചരിത്രം ചോദ്യംചെയ്യുക നമുക്കു പരിചിതമായ പല പൊതുബോധങ്ങളെയുമാണ്. വിദ്യാഭ്യാസരംഗത്തെ “കേരള മോഡൽ” എന്ന് ഘോഷിക്കപ്പെടുന്ന നേട്ടങ്ങൾ, മലബാറിനെ സംബന്ധിച്ചിടത്തോളം സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കാൻ മുസ്‌ലിംകൾ സ്വന്തംനിലയിൽ നടത്തിയ ഇടപെടലുകളുടെ ഫലംകൂടിയാണ്. ഭരണകൂടം നല്കിയ സേവനങ്ങളുടെ കഥയല്ലിത്; മറിച്ച്, അവർ സൃഷ്ടിച്ച പരിമിതികളെ മറികടക്കാൻ ഈ സമുദായം പ്രകടിപ്പിച്ച ആർജ്ജവത്തിന്റെ ചരിത്രമാണ്.

ഇസ്‌ലാമോഫോബിയ: നിശ്ശബ്ദമായ സ്വാഭാവികവത്കരണം

ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ദൃശ്യമാകുന്ന പരസ്യവും അക്രമാസക്തവുമായ ഇസ്‌ലാമോഫോബിയയിൽനിന്നു മുക്തമായൊരു ‘വ്യതിരിക്ത ദേശമായി’  കേരളം പലപ്പോഴും ഉയർത്തിക്കാണിക്കപ്പെടാറുണ്ട്. എന്നാൽ, സമീപകാല സംഭവങ്ങൾ ഏറെ സങ്കീർണ്ണമായ വേറൊരു യാഥാർത്ഥ്യം നമ്മുടെ മുന്നിൽ വരച്ചിടുന്നു.

കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ മുസ്‌ലിംവിരുദ്ധ വംശീയ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്ന ‘ഇസ്‌ലാമോഫോബിയ റിസർച്ച് കളക്ടീവ്‘ , 2026 ഫെബ്രുവരിയിൽമാത്രം 92 ഇസ്‌ലാമോഫോബിക് സംഭവങ്ങളും 13 വിദ്വേഷപ്രസ്താവനകളും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ അത്തരം 78 കാര്യങ്ങളും 29 പരാമർശങ്ങളുമുണ്ടായി; 2025 ഡിസംബറിൽ 45 എണ്ണവും നടന്നു. 2024-ൽ ആകട്ടെ ആകെ 260 ഇത്തരം സംഭവങ്ങളാണ് റിപ്പോട്ട് ചെയ്യപ്പെട്ടത്; അതായത്, ഓരോ 36 മണിക്കൂറിലും ഏകദേശം ഒന്നുവീതം.

ഈ വിവരശേഖരത്തിലെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നത് കേവലം എണ്ണത്തിന്റെ ആധിക്യത്താൽ മാത്രമല്ല, മുസ്‌ലിംവിരുദ്ധ വംശീയത ആരൊക്കെയുൽപാദിപ്പിക്കുന്നു എന്നതിലെ സാർവ്വജനീയതകൊണ്ടുകൂടിയാണ്. യു.ഡി.എഫ്/എൽ.ഡി.എഫ് നേതാക്കൾ, ബി.ജെ.പി ഭാരവാഹികൾ, യുക്തിവാദിരംഗത്തെ പ്രമുഖർ, ഏതാനും ഹൈന്ദവ സന്യാസിമാർ, ക്രൈസ്തവസഭാനേതൃത്വത്തിലെ ചില മെത്രാന്മാർ തുടങ്ങി സാമൂഹികാധികാരം കൈയാളുന്ന നാനാതുറകളിൽപ്പെട്ട വരിൽനിന്നെല്ലാം ഇസ്‌ലാമോഫോബിക് പ്രസ്താവനകളുണ്ടായി. കേരളത്തിലെ ഇസ്‌ലാമോഫോബിയഏതെങ്കിലും പ്രത്യേക സാമൂഹിക/രാഷ്ട്രീയപ്രസ്ഥാനത്തിന്റെമാത്രം ‘കുത്തക’യല്ല;  എല്ലാത്തലങ്ങളിലേക്കും അതു പടർന്നിരിക്കുന്നു. അതുതന്നെയാണ്, ഈ സാമൂഹികവിപത്തിനെ സൂക്ഷ്മസ്ഥൂലതലങ്ങളിൽ തിരിച്ചറിയുന്നതും അതിനെ പ്രതിരോധിക്കുന്നതും ക്ലേശകരമാക്കുന്നത്.

ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന സാമുദായിക-സാംസ്കാരിക സംഘടനയായ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 2025 ഏപ്രിൽമുതൽ ഡിസംബർവരെ 60-ൽ അധികം ഇസ്‌ലാമോഫോബിക് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഇരുമുന്നണികളിൽനിന്നും ഇതിനെതിരേ അർത്ഥവത്തായ യാതൊരു രാഷ്ട്രീയപ്രതികരണങ്ങളും ഉണ്ടായില്ല. ഇതൊരു യാദൃശ്ചികതയല്ല. അകറ്റിനിറുത്തേണ്ട പാർശ്വവത്കൃതനുമല്ല അദ്ദേഹം. പൊതുപരിപാടികളിൽ സജീവമാകുന്ന അദ്ദേഹം, മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിടുകയും

ഔദ്യോഗിക പ്രസംഗങ്ങളിലും സാധാരണ സംഭാഷണങ്ങളിലുമൊക്കെ തന്റെ ഇസ്‌ലാമോഫോബിക് ശൈലി യാതൊരു  മടിയുമില്ലാതെ പരസ്യമായി തുടരുകയാണ്. സമൂഹികസൗഹാർദ്ദത്തിന്റെ അപ്പസ്തോലന്മാരായ അദ്ദേഹത്തിന്റെ രാഷ്ട്രീയസഖ്യകക്ഷികളിൽനിന്ന് ഒരു ‘ഔദ്യോഗിക’ എതിർപ്പുപോലും ഇല്ലാതെയാണിതു സംഭവിക്കുന്നത്.

കേരളത്തിലെ ഇസ്‌ലാമോഫോബിയയെ വേറിട്ടുനിറുത്തുന്നതു, മതനിരപേക്ഷ നേതൃത്വത്തിന്റെ’ അവകാശവാദംപോലെ അതിന്റെ അഭാവമല്ല; മറിച്ച്, അതിന്റെ പ്രയോഗരീതിയാണ്. ഗോപ്യമായിരുന്നു നിശ്ശബ്ദം പ്രവർത്തിക്കുന്ന അത് അപൂർവ്വമായേ പരസ്യവും ശബ്ദായമാനവുമാകുന്നുള്ളൂ. ഏകപക്ഷീയമായി ചമച്ചെടുത്ത സാമൂഹിക മാധ്യമ ഉള്ളടക്കങ്ങളിലൂടെയും എഡിറ്റുചെയ്ത ക്ലിപ്പുകളിലൂടെയും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ ആഖ്യാനങ്ങളിലൂടെയുടെയുമൊക്കെ  മുസ്‌ലിംകളെയൊരു അദൃശ്യഭീഷണിയായി ചിത്രീകരിക്കുന്നു. ‘ആശങ്കകൾ,’ ‘ചോദ്യങ്ങൾ, ‘സുരക്ഷാ ചർച്ചകൾ’ തുടങ്ങിയ വാക്കുകളിലൂടെയാണ് അതു മുഖ്യധാരാ വ്യവഹാരത്തിലേക്കു കടത്തിവിടുന്നത്. പുറമേയ്ക്കു യുക്തിഭദ്രമെന്നു തോന്നുമെങ്കിലും ഉള്ളിൽ മുൻവിധികളുടെ ഘടന പേറുന്ന പ്രയോഗങ്ങളാണിവിടെ ഉപയോഗിക്കുക. മാധ്യമപ്രവർത്തക ജിഷ എം നിരീക്ഷിച്ചതുപോലെ, അതിന്റെ രീതി നേരിട്ടു ശത്രുത പ്രകടിപ്പിക്കുന്നതല്ല; മറിച്ചു, മാധ്യമവത്കരിക്കപ്പെട്ടതും സ്വാഭാവികവത്കരിക്കപ്പെട്ടതുമാണ്.

2024-ലെ മെക് 7  സംഭവം ഇസ്‌ലാമോഫോബിയ പ്രായോഗികതലത്തിലെങ്ങനെ പ്രവർത്തിക്കുന്നുവെന്നു വ്യക്തമാക്കുന്നു. മലപ്പുറത്തുനിന്നുള്ളൊരു കമ്മ്യൂണിറ്റി ഫിറ്റ്നസ് കൂട്ടായ്മ, ചില രാഷ്ട്രീയാരോപണങ്ങളെത്തുടർന്നു പെട്ടെന്നു സംശയത്തിന്റെ നിഴലിലായി. യാതൊരു തെളിവുമില്ലാതെ, മാധ്യമങ്ങൾ അവരുടെ പ്രവർത്തനങ്ങളെ ദുരുദ്ദേശ്യപരമായി ചിത്രീകരിച്ചു. അതിന്റെ ‘ഗൂഢലക്ഷ്യങ്ങളെ’ സംബന്ധിച്ച ചർച്ചകൾക്കവർ ഊന്നൽനല്കി. ആ സംശയംതന്നെ പിന്നീട് വാർത്തയായി മാറി. ഭൂമിശാസ്ത്രപരമായ കാര്യങ്ങളിലും ഇതേ യുക്തിതന്നെയാണു പ്രയോഗിക്കപ്പെടുന്നത്. മലപ്പുറം, ഈരാറ്റുപേട്ട, കാസറഗോഡ് തുടങ്ങിയ മുസ്‌ലിംഭൂരിപക്ഷ പ്രദേശങ്ങൾ പൊതുചർച്ചകളിൽ പലപ്പോഴും അന്തർലീനമായ അപകടസാധ്യതയുള്ള ഇടങ്ങളായി നിരന്തരം മുദ്രകുത്തപ്പെടുന്നു.

ഇതിനെല്ലാം പിന്നിൽ സുദീർഘമായ മറ്റൊരു പ്രവണതയുണ്ട്. ഇസ്‌ലാമോഫോബിയ കളക്ടീവുമായി ബന്ധപ്പെട്ട  ഗവേഷകർ ചൂണ്ടിക്കാണിച്ചതുപോലെ, കേരളത്തിന്റെ മതേതര പൊതുബോധത്തിന് ചരിത്രപരമായി ഒരു ‘മുസ്‌ലിംവില്ലനെ’ ആവശ്യമായിരുന്നു. സ്വീകാര്യനായ മുസ്ലിമും ഭീഷണിയുയർത്തുന്ന മുസ്ലിമും തമ്മിലുള്ള വ്യത്യാസം വരച്ചുകാണിക്കാനാകുന്ന ഒരാൾ. 1990-കൾവരെ, പുരോഗമന ഇടതുപക്ഷവും ലിബറൽ മുസ്‌ലിംകളുമാണ് ഈ ‘വില്ലൻ നിർമ്മാണ ദൗത്യം’ പ്രധാനമായും നിർവ്വഹിച്ചിരുന്നത്. കേരളീയസമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ജാതീയവും പുരുഷാധിപത്യപരവുമായ പ്രവണതകളെ കാര്യമായി പരിഗണിക്കാതെയാണ് അവർ സമുദായത്തെ ‘ശക്തീകരിക്കാൻ’ പരിശ്രമിച്ചത്. എന്നാൽ, 1990-കൾക്കു ശേഷം ഈ വില്ലൻ വേഷം പലവുരു കൈമാറ്റംചെയ്യപ്പെട്ടു. ആദ്യം, അബ്ദുന്നാസർ മഅ്ദനിയുടെ പി.ഡി.പിയുടെയും പിന്നീട് ഐ എൻ എല്ലിന്റെയും പേരിൽ അത്  തുടർന്നു, പിന്നീട് പോപ്പുലർ ഫ്രണ്ടിന്റെയും,  ഇപ്പോൾ  ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയുമൊക്കെ മേൽ പ്രസ്തുത ‘പദവി’ ചാർത്തപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയെ ആർ.എസ്.എസിനു തുല്യമായായ സംഘടനയെന്നാണു കേരള  മുഖ്യമന്ത്രിതന്നെ വിമർശിച്ചത് എന്നതും ഓർക്കേണ്ടതുണ്ട്.

കേരളം ഉത്തരേന്ത്യയെ പ്രതിഫലിപ്പിക്കുന്നു എന്നല്ല ഇതിനർത്ഥം. മറിച്ച്, ഇവിടുത്തെ ഇസ്‌ലാമോഫോബിയ അതിന്റെ ചുറ്റുപാടുകൾക്കനുസരിച്ചു സ്വയം പരിണമിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമാണു നാം മനസ്സിലാക്കേണ്ടത്. അതു ‘മൗനമായും മാന്യമായും’ ആണു പ്രവർത്തിക്കുക; പരസ്യമായ വെറുപ്പായല്ല. പൊതുബോധമായി പ്രസരിക്കുന്നു എന്നതിനാൽത്തന്നെ അതിനെതിരായ പ്രതിരോധം ഏറെ ശ്രമകരമാണ്.

ഇടതുപക്ഷം: മതനിരപേക്ഷതയുടെ മുഖംമൂടിക്കുളളിലൊളിപ്പിച്ച ഇസ്‌ലാമോഫോബിയ

കേരളത്തിൽ സി.പി.ഐ(എം) നേതൃത്വംനല്കുന്ന ഇടതുപക്ഷം തങ്ങളെ, ന്യൂനപക്ഷങ്ങളുടെ സ്വാഭാവിക സംരക്ഷകരായി ദീർഘകാലമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ അവകാശവാദത്തിനു പിന്നിൽ ഒരു നിബന്ധനയുണ്ട്: ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിൽ ഒതുങ്ങുന്നിടത്തോളം കാലംമാത്രമേ മുസ്‌ലിംരാഷ്ട്രീയം അവർക്കു സ്വീകാര്യമാകൂ. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്വതന്ത്രമായ മുന്നേറ്റങ്ങളെ അവർ സ്ഥിരമായി വർഗീയമെന്ന് ആക്ഷേപിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ കർതൃത്വത്തെ   ജനാധിപത്യ അവകാശവാദമായല്ല, പകരം നിയന്ത്രിക്കപ്പെടേണ്ട ഒരു പ്രശ്നമായാണ്  ഇടതുപക്ഷം കൈകാര്യംചെയ്യുന്നത്.

പ്രായോഗികതലത്തിൽ, ഇടതുപക്ഷവിമർശനങ്ങൾ പലപ്പോഴും അവർ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന അതേ ആശയങ്ങളുടെ പിന്തുണയിലേക്കുതന്നെ വഴിമാറിപ്പോകാറുണ്ട്. മുസ്‌ലിം സംഘടനകൾക്കു നേരേയുള്ള രാഷ്ട്രീയവിമർശനങ്ങൾ പലപ്പോഴും സംഘപരിവാറിന്റെ അതേ ശൈലിയാണ് അനുകരിക്കുന്നത്. സമുദായസംഘാടനത്തെ നുഴഞ്ഞുകയറ്റമായി കണ്ടും  അവകാശങ്ങൾക്കായുള്ള ശബ്ദമുയർത്തലിനെ തീവ്രവാദമായി ചിത്രീകരിച്ചും മതപരമായ സ്വത്വത്തെ സംശയനിഴലിലാക്കിയുമൊക്കെ സിപിഎം നിലപാടുകളെടുക്കും. ഇവിടെയൊക്കെ, അവരുടെ പദപ്രയോഗങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ആശയഘടന ഒന്നുതന്നെയാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പു ഗണിതം ഇത്തരം ഇസ്‌ലാമോഫോബിക് നിലപാടുകളുടെ രാഷ്ട്രീയസാധ്യതകൾ എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകളൊരിക്കലും ഇടതുപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കായിരുന്നില്ല. എൽ.ഡി.എഫിന് ഏകദേശം 35-39% മുസ്‌ലിംവോട്ടുകൾ ലഭിക്കുമ്പോൾ, യു.ഡി.എഫിനുള്ള സമുദായത്തിന്റെ പിന്തുണ 58% എന്ന മികച്ചനിലയിലാണ്. എൽ.ഡി.എഫിന്റെ ഉറച്ചയടിത്തറ പ്രധാനമായി, ഈഴവരും പട്ടികവിഭാഗങ്ങളും ഉൾപ്പെട്ട ഹിന്ദു പിന്നാക്ക സമുദായങ്ങളാണ്. അതുകൊണ്ടുതന്നെ, ന്യൂനപക്ഷങ്ങളുടെ പാർട്ടിയായല്ല, നേരേമറിച്ചു തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്കുകൾ സംരക്ഷിച്ചുകൊണ്ടു   ന്യൂനപക്ഷ പിന്തുണയെ തന്ത്രപരമായി കൈകാര്യംചെയ്യുന്ന ഒരു ശക്തിയായാണ് ഇടതുപക്ഷം ഭരണം നടത്തിയിട്ടുള്ളത്.

എന്നാൽ, ആ സമവാക്യങ്ങൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നു. ഈഴവരിൽ ഒരുവിഭാഗം ബി.ജെ.പിയിലേക്കു നീങ്ങാനാരംഭിച്ചിരിക്കുന്നു. ഇതിനോടുള്ള ഇടതുപക്ഷത്തിന്റെ പ്രതികരണം മതനിരപേക്ഷ രാഷ്ട്രീയത്തെ ആഴത്തിൽ ശക്തിപ്പെടുത്തുന്നതിനു പകരം, അകന്നുപോകുന്ന ഭൂരിപക്ഷ സമുദായ വോട്ടർമാരെ തിരിച്ചുപിടിക്കാനായി ഭൂരിപക്ഷ വികാരങ്ങളെ താലോലിക്കുക എന്നതായിരുന്നു. കടുത്ത ഇസ്‌ലാമോഫോബിക് ചരിത്രമുള്ള വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തുന്നതിനു പകരം ചേർത്തുപിടിച്ചു അവർ. മുസ്‌ലിം സംഘടനകൾക്കെതിരായ വിമർശനങ്ങൾ കൂടുതൽ തീവ്രമാക്കിയ സിപിഎം; പലയവസരങ്ങളിലും, യു.ഡി.എഫിനെ മുസ്‌ലിം-ക്രിസ്ത്യൻ ആധിപത്യമുള്ള മുന്നണിയായി ചിത്രീകരിക്കുകയും, ഇസ്‌ലാമിക സ്വാധീനത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുകയുംചെയ്തു. ഏറ്റവുമൊടുവിൽ, മുഖ്യമന്ത്രിതന്നെ ജമാഅത്തെ ഇസ്‌ലാമിയെ ആർ.എസ്.എസുമായി താരതമ്യപ്പെടുത്തി. ഇവയൊന്നും നാക്കുപിഴകളല്ല; പ്രത്യേക പ്രേക്ഷകരെ ലക്ഷ്യംവച്ചുള്ള കൃത്യമായ സന്ദേശങ്ങളായിരുന്നു.

ഇടതുമുന്നണിയുടെ ഭരണനിർവ്വഹണത്തിലും ഇതേ യുക്തിതന്നെയാണു പ്രവർത്തിക്കുന്നത്. സമീപകാലത്തെ എൽഡിഎഫ് സർക്കാരുകളുടെ കീഴിൽ, പോലീസും ആഭ്യന്തരവകുപ്പും മുസ്‌ലിം ആക്ടിവിസ്റ്റുകളെ ലക്ഷ്യംവയ്ക്കുന്നുവെന്ന ആരോപണം ശക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിലും ഇതു പ്രകടമായിരുന്നു. കൂടാതെ, സംഘപരിവാർ നേതാക്കളെ വിമർശിച്ചു  സാമൂഹികമാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾ സാമുദായികസൗഹാർദ്ദത്തിനു ഭീഷണിയാണെന്നു ‘വിലയിരുത്തി’ പോലീസ് കേസെടുത്ത സംഭവങ്ങളുമുണ്ട്. ഇവിടെയൊക്കെ, ന്യൂനപക്ഷസുരക്ഷയെക്കാൾ ഭൂരിപക്ഷസമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണു സാമുദായിക സൗഹാർദ്ദമെന്ന വാക്കുപയോഗിക്കുന്നത്.

ഇത്തരം നടപടികളിലെ വൈരുദ്ധ്യം സുവ്യക്തമാണ്. ബി.ജെ.പിയെ തടഞ്ഞുനിറുത്താൻ ശ്രമിക്കുന്നതിനൊപ്പം, ഇടതുപക്ഷം അവരുടെ ഭാഷയും കർമ്മപദ്ധതിയും സ്വാംശീകരിക്കുകയാണ്. മുസ്‌ലിംരാഷ്ട്രീയസാന്നിധ്യമൊരു പ്രശ്നമായി കാണുന്ന അവർ ഹൈന്ദവ വോട്ടുകൾ ആകർഷിക്കാൻ ശ്രമിക്കുകയാണ്. ഇതൊരിക്കലും, ഹിന്ദുത്വത്തിനെതിരേയുള്ള പ്രതിരോധമാകില്ല; നേരേമറിച്ച്, അതിന്റെ ‘മാന്യമായ’ വകഭേദംമാത്രമാണ്. ഒരുപക്ഷേ, ഇത്തരം തന്ത്രങ്ങളിലൂടെ താത്കാലിക തിരഞ്ഞെടുപ്പു വിജയങ്ങൾ കരസ്ഥമാക്കാനായേക്കും. എന്നാൽ, തങ്ങൾ പ്രതിരോധിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾക്കു ഭാവിയിലേക്കുളള വഴി നിശ്ശബ്ദമായൊരുക്കപ്പെടും എന്നതുമാത്രമായിരിക്കും സിപിഎമ്മിന്റെ ഇത്തരം അടവുനയങ്ങളുടെ ആത്യന്തിക ഫലം.

കോൺഗ്രസും കേരളത്തിലെ മുസ്‌ലിംരാഷ്ട്രീയവും

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, കേരളത്തിലെ മുസ്‌ലിം സമൂഹമെന്നതു ‘കുറഞ്ഞ മുതൽ മുടക്കിൽ ഉയർന്ന നേട്ടം’ നല്കുന്ന (high-yield, low-maintenance) ഒരു രാഷ്ട്രീയസമ്പാദ്യമാണ്. അവർ, മുസ്‌ലിംലീഗിലൂടെയും പരമ്പരാഗത മതശൃംഖലകളിലൂടെയും വോട്ടുകൾ കൃത്യമായി പെട്ടിയിലാക്കും. ഇവിടെ, പ്രസ്ഥാനത്തിലെ മുസ്‌ലിംനേതാക്കൾക്കു മറ്റൊരു ചുമതലയുണ്ട്. ‘ദൃശ്യപരമായ മതേതരത്വം’  സമൂഹത്തിനു മുമ്പിൽ പ്രകടിപ്പിക്കുക എന്നതാണവരുടെ ദൗത്യം. പാർട്ടിയുടെ മറ്റു വോട്ടുബാങ്കുകളെ അലോസരപ്പെടുത്താത്ത, അവർക്കു ഭീഷണിയുയർത്താത്ത ഒരു ‘ദേശീയ മുസ്‌ലിം സ്വത്വം’ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് അവരുടെ ദൗത്യം.

​സ്വാതന്ത്ര്യത്തിനു മുമ്പു കോൺഗ്രസ്സിന്റെ അവസ്ഥ ഇതല്ലായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലെയുള്ള കരുത്തരായ നേതാക്കളും മൊയ്തു മൗലവിയെപ്പോലെയുള്ള ഖിലാഫത്തു പ്രസ്ഥാനത്തിന്റെ മുൻനിരക്കാരുമൊക്കെ ഉൾപ്പെട്ടതും മലബാറിൽ ആഴത്തിൽ വേരോട്ടമുള്ളതുമായ ഒരു നേതൃത്വം ആ പ്രസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ ഇതിനുപകരം ഉപരിവർഗ്ഗ നിയന്ത്രിതമായ ഒരു സംവിധാനം നിലവിൽവന്നു. വിപുലമായ സാമൂഹിക സമ്പർക്കത്തിലൂടെ മുസ്‌ലിംപിന്തുണ നേടിയെടുക്കേണ്ടതിനുപകരം  ഇടനിലക്കാരായ അധികാരദല്ലാൾമാരുടെ കരുണയ്ക്കായി യാചിച്ച കോൺഗ്രസ്സ്, സമുദായികാവശ്യങ്ങൾ മുസ്‌ലിംലീഗിലൂടെ  നിറവേറ്റി. ആ പാർട്ടി ക്രമേണ സവർണ്ണ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ താൽപര്യങ്ങളിൽ കേന്ദ്രീകൃതമായ ഒരു പ്രസ്ഥാനമായി മാറി. അതോടെ, മുസ്‌ലിംകളടക്കമുള്ള മറ്റു പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള നേതൃത്വം ആ പ്രസ്ഥാനത്തിൽ ശുഷ്കമായി.

വ്യത്യസ്തകാലങ്ങളിൽ അധികാരം കയ്യാളിയ കോൺഗ്രസ് സർക്കാരുകളുടെ നാൾവഴികൾ പരിശോധിച്ചാൽ മുസ്‌ലിംകളുടെ ആവശ്യങ്ങളോട് അവർ പ്രകടിപ്പിച്ച ‘നിരാകരണ ഭരണയുക്തി’ വ്യക്തമാകും. ഈ സമുദായത്തെ തഴയുന്ന രീതി അവരുടെ ‌കാലത്തൊക്കെ ആവർത്തിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു (2012-ൽ)  നൂറുകണക്കിന് ഇ-മെയിൽ അക്കൗണ്ടുകൾ നിരീക്ഷിച്ചിരുന്നൊരു രഹസ്യസംവിധാനം പ്രവർത്തിച്ചിരുന്നതായി ആരോപണമുണ്ട്. അതിൽ ബഹുഭൂരിപക്ഷവും മുസ്‌ലിംകളുടെത്— പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, സമുദായ നേതാക്കൾ തുടങ്ങിയവർ—ആയിരുന്നു. 

1991-ൽ കെ. കരുണാകരന്റെ ഭരണകാലത്തുനടന്ന സിറാജുന്നീസയുടെ കൊലപാതകം വിങ്ങുന്നൊരോർമ്മയായി ഇന്നുമവശേഷിക്കുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി മുരളി മനോഹർ ജോഷി നയിച്ച ഏകതാ യാത്രയോടനുബന്ധിച്ചു സംഘടിപ്പിച്ച ഉപയാത്രയ്ക്കെതിരേ പാലക്കാടു നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസ് വെടിവെപ്പു നടത്തുകയായിരുന്നു. സ്വന്തം വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന സിറാജുന്നീസയെന്ന പതിനൊന്നുകാരി അന്നു വെടിയേറ്റു മരിച്ചു. ഈ സംഭവത്തിനു പിന്നാലെ തയ്യാറാക്കിയ എഫ്.ഐ.ആറിൽ , സിറാജുന്നീസ മുന്നൂറോളം വരുന്ന ഒരു ആൾക്കൂട്ടത്തെ നയിച്ചു ബ്രാഹ്മണ അഗ്രഹാരം ആക്രമിക്കാൻ വന്നു എന്നാണു പോലീസ് ആരോപിച്ചത്. മുസ്‌ലിംഇരകളെ സംബന്ധിച്ചുള്ള ഭരണകൂട ഭാഷ്യങ്ങൾ എപ്രകാരമാണു ചമയ്ക്കപ്പെടുന്നത് എന്നതിലേക്കു വെളിച്ചംവീശുന്ന ഈ കുറ്റാരോപണത്തിന്റെ നിജസ്ഥിതി ഒരിക്കൽപ്പോലും ഗൗരവകരമായ പരിശോധനയ്ക്കു വിധേയമായിട്ടില്ല. വാക്കി-ടോക്കിയിലൂടെ “മുസ്‌ലിം  ബാസ്റ്റാഡുകളെ” വെടിവയ്ക്കാൻ ഉദ്യോഗസ്ഥരോട് ആജ്ഞാപിച്ചെന്ന ആരോപണം നേരിട്ട ഡി.ഐ.ജി രമൺ ശ്രീവാസ്തവ ഒരിക്കലും വിചാരണ നേരിട്ടില്ല. 2005-ൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് അദ്ദേഹത്തിനു ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്കുകയാണുണ്ടായത്. ഭരണകൂടം കെട്ടിച്ചമച്ച ഭീകരവാദക്കേസുകളുടെ പേരിൽ— അവയിൽ പലതും ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു—നിരവധി മുസ്‌ലിംയുവാക്കൾ വർഷങ്ങളോളം തടവിലായി; അവരുടെ ജീവിതംതന്നെ തകർന്നു. ഈ കേസുകൾ പിന്നീടു തെളിവില്ലാതെ തള്ളിക്കളയുകയോ ഉത്തരവാദിത്വരഹിതമായി വർഷങ്ങളോളം ഇഴഞ്ഞുനീങ്ങുകയോ ചെയ്തു. 

അധികാരത്തിനായി മുസ്‌ലിംവോട്ടുകളെ ആശ്രയിക്കുന്നൊരു പാർട്ടിതന്നെ മുസ്‌ലിംപൗരന്മാരെ സംശയനിഴലിലും നിരീക്ഷണവലയത്തിലും വെടിയുണ്ടകൾക്കു മുന്നിലും കുറ്റബോധമേതുമില്ലാതെ നിറുത്തിയതാണിവിടെ കണ്ടത്; ഇതിനുത്തരവാദികൾ ശിക്ഷിക്കപ്പെടില്ലെന്ന് അവരുറപ്പാക്കിയെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 

ഭരണത്തിലിരുന്നപ്പോഴെല്ലാം കേരളത്തിലെ കോൺഗ്രസ്, അവർ ദേശീയതലത്തിൽ പിന്തുടർന്ന ശൈലിയിൽനിന്നു വ്യതിചലിച്ചിട്ടില്ല. മുസ്‌ലിംകളെ അന്യവത്കരിക്കുക; അവർ രാഷ്ട്രഭീഷണിയാണെന്ന തോന്നലുണ്ടാക്കുക; സേവനലഭ്യതക്ക് അവകാശമുള്ള ജനവിഭാഗമായി കരുതുന്നതിനു പകരം, നിയന്ത്രിക്കേണ്ട വെറുമൊരു കൂട്ടമായിമാത്രം അവരെക്കാണുക തുടങ്ങിയ നയങ്ങളെല്ലാം കോൺഗ്രസ്സ് ഇവിടെയും നടപ്പാക്കി. ആ പാർട്ടിക്കെതിരേയുള്ള സമുദായത്തിന്റെ അതൃപ്തി ഇല്ലാതാക്കാൻ കേരളത്തിൽ അവർക്ക് എക്കാലത്തും ലീഗിന്റെ സഹായമുണ്ടായിരുന്നു എന്നതായിരുന്നു ദേശീയതലത്തിലേതിൽനിന്ന് ഇവിടെയുണ്ടായിരുന്നൊരു വ്യത്യാസം. 

ഹിന്ദുത്വം:മുസ്‌ലിംവിരുദ്ധ വംശീയതയുടെ നിർമ്മാതാക്കൾ

എം.എസ്. ഗോൾവാൾക്കറുടെ പ്രത്യേക നിർദേശപ്രകാരം കേരളത്തിൽ ആർ.എസ്.എസ്സിനു വിത്തുപാകുകയെന്ന ദൗത്യവുമായി 1942-ൽ 22 വയസ്സുള്ളൊരു നിയമബിരുദധാരി കോഴിക്കോട്ടെത്തി. ദത്തോപാന്ത് തെംഗഡിയെന്ന ആ വ്യക്തി പിൽക്കാലത്തു സംഘപരിവാറിന്റെ സാമ്പത്തിക-തൊഴിലാളി നയങ്ങൾ രൂപപ്പെടുത്തിയ പ്രമുഖ ചിന്തകനായി മാറി. സി. രാജഗോപാലാചാരി കോഴിക്കോട്ടെയൊരു അഭിഭാഷകന് എഴുതിയ കത്തുമായാണദ്ദേഹം എത്തിയത്. എന്നാൽ, “ഇവിടെ ആർ.എസ്.എസ്സിന്റെ ആവശ്യമില്ല” എന്ന ഉറച്ച മറുപടിയാണു പ്രസ്തുത വക്കീൽ നല്കിയത്.

എങ്കിലും, തെംഗഡി പിന്മാറിയില്ല. അദ്ദേഹം സാമൂതിരി രാജകുടുംബത്തെ സമീപിക്കുകയും അവരുടെ പിന്തുണ ആർജ്ജിക്കുകയുംചെയ്തു. അങ്ങനെ, 1942 മാർച്ചിൽ കോഴിക്കോട്ടെ ചാലപ്പുറത്തു കേരളത്തിലെ ആദ്യശാഖ ആർ.എസ്.എസ് ആരംഭിച്ചു. ഇന്നു, കേരളത്തിലുടനീളം 5,100-ലധികം ശാഖകളും 212-ഓളം അനുബന്ധ സംഘടനകളും അതിനുണ്ട്. ഒരു തിരസ്കാരത്തിൽനിന്നു തുടങ്ങിയ ഈ പ്രസ്ഥാനം, ആധുനിക കേരള ചരിത്രത്തിലെ രാഷ്ട്രീയവും സാംസ്കാരികവുമായി ഏറ്റവും വിപുലമായ അടിത്തറയുള്ള സംഘങ്ങളിലൊന്നായി വളർന്നിരിക്കുന്നു.

തിരഞ്ഞെടുപ്പു വിജയങ്ങൾമാത്രമായിരുന്നില്ല അവരുടെ ഏകലക്ഷ്യം; വോട്ടു കണക്കുകൾ ആ വ്യത്യാസം വ്യക്തമാക്കുന്നുണ്ട്. മുന്നാക്ക ഹിന്ദുക്കൾക്കിടയിലെ ബി.ജെ.പി പിന്തുണ 2016-ലെ 11 ശതമാനത്തിൽനിന്ന് 2021-ൽ 32 ശതമാനമായി ഉയർന്നു. എസ്.എൻ.ഡി.പി യോഗവുമായി ബന്ധമുള്ള ഭാരത് ധർമ്മ ജനസേനയെ (ബി.ഡി.ജെ.എസ്) ഒപ്പം നിറുത്തിയതുവഴി ഈഴവ സമുദായത്തിനിടയിലെ പിന്തുണ 18 ശതമാനത്തിൽനിന്ന് 23 ശതമാനമായി വർദ്ധിച്ചു. എന്നാൽ, ദലിത് വോട്ടുകൾ 23 ശതമാനത്തിൽനിന്ന് 7 ശതമാനമായി കുറയുകയാണുണ്ടായത്. മുസ്‌ലിം പിന്തുണ ഇപ്പോഴും 1 ശതമാനത്തിനും 3 ശതമാനത്തിനും ഇടയിൽ തുടരുന്നു. സംഘപരിവാർ കേരളത്തെ തിരഞ്ഞെടുപ്പിൽ കീഴടക്കിയിട്ടില്ലായിരിക്കാം, എന്നാൽ, അവർ സംസ്ഥാനരാഷ്ട്രീയത്തെ പുനർനിർവ്വചിക്കുകയാണ്.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു മുമ്പേ സ്ഥാപനപരമായ സ്വാധീനം ഉറപ്പിക്കുകയെന്നതാണ് അവരുടെ രീതി. ക്ഷേത്രങ്ങൾ, ഉത്സവങ്ങൾ, വിദ്യാഭ്യാസം, കായിക പരിശീലനം, പ്രാദേശിക കൂട്ടായ്മകൾ എന്നിവയിലൂടെ ആർ.എസ്.എസ് നിശ്ശബ്ദമായും ആസൂത്രിതമായും സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നു. ബി.ജെ.പിക്കു ഭൂരിപക്ഷം ലഭിക്കുക എന്നതിനെക്കാൾ, കേരളത്തിലെ ദ്വിമുന്നണി രാഷ്ട്രീയത്തെ (Bipolar politics) ത്രികോണമത്സരമാക്കി മാറ്റുകയെന്നതാണ് അവരുടെ തന്ത്രപരമായ ലക്ഷ്യം. ഇതിലൂടെ, മുസ്‌ലിം വോട്ടുകളുടെ നിർണ്ണായക സ്വാധീനം ഇല്ലാതാക്കാനും മുഖ്യധാരാ മുന്നണികളെ ഭൂരിപക്ഷ പ്രീണനത്തിലേക്കു (Majoritarian accommodation) വലിച്ചടുപ്പിക്കാനും അവർക്ക് സാധിക്കുന്നു.

ക്രൈസ്തവവിഭാഗങ്ങളോടുള്ള—പ്രത്യേകിച്ചു സുറിയാനി ക്രിസ്ത്യാനികളോടുള്ള—ഹിന്ദുത്വരുടെ സമീപനവും ഇതേ യുക്തിയിലുള്ളതാണ്. സമാനമായ ജാതിചിന്തകളും സാമൂഹികയാഥാസ്ഥിതികത്വവുമൊക്കെ ഇരുകൂട്ടർക്കുമിടയിൽ പൊതുവായൊരിടം സൃഷ്ടിച്ചു. കൃത്രിമമായി നിർമ്മിക്കപ്പെട്ടതെന്നു വ്യാപകമായി വിമർശിക്കപ്പെടുന്ന ‘ലൗ ജിഹാദ്’ പോലുള്ള പ്രചാരണങ്ങൾ പുരോഹിതർക്കും  സമുദായസംഘടനകൾക്കുമൊക്കെ ഇടയിൽ ആശയപരമായ ഐക്യം കെട്ടിപ്പടുക്കാൻ ഉപയോഗിക്കപ്പെട്ടു. ഇതിൽനിന്നൊക്കെ, തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടങ്ങളുണ്ടായിട്ടില്ലെങ്കിലും, സംഘപരിവാർ സൃഷ്ടിച്ചെടുത്ത പ്രത്യയശാസ്ത്രമണ്ഡലം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാൻ‌ പര്യാപ്തമാണ്. 

കേന്ദ്ര അന്വേഷണ ഏജൻസികളെ നേരിട്ടു രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന നവീനരീതിയും പ്രകടമാണിന്ന്. ട്വന്റി20 കിഴക്കമ്പലം നേതാവും കോർപറേറ്റ് മുതലാളിയുമായ സാബു എം. ജേക്കബിന് ഫെമ (FEMA) ലംഘനം ആരോപിച്ച് 2025 മേയ് മാസത്തിൽ ഇ.ഡി നോട്ടീസ് നല്കി. 2026 ജനുവരി ആയപ്പോഴേക്കും അദ്ദേഹത്തിന്റെ പാർട്ടി ഔദ്യോഗികമായി എൻ.ഡി.എയുടെ ഭാഗമായി. ഈ സഖ്യം രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്നതിലുപരി, നിയമപരമായ സമ്മർദ്ദത്തിലൂടെ നിർമ്മിച്ചെടുത്തതാണെന്ന ആരോപണങ്ങളെ പ്രസ്തുത നടപടികൾ ശക്തമാക്കി. 2026-ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രമുഖ വ്യക്തികളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ഉൾപ്പെടുത്തി ട്വന്റി20 സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. സ്ഥാപനവിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടു സംഘപരിവാർ കേരളത്തിൽ നടപ്പാക്കുന്ന ‘പിൻവാതിൽ ദൗത്യങ്ങൾ’ക്കൊരു ഉദാഹരണമായാണ് ട്വന്റി20-BJP സഖ്യത്തെ  രാഷ്ട്രീയനിരീക്ഷകർ വീക്ഷിക്കുന്നത്. ഇതര രാഷ്ട്രീയകക്ഷികളുടെ ജാഗ്രത കൂടുതൽ സൂക്ഷ്മമാകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഈ രാഷ്ട്രീയനീക്കം ഓർമ്മിപ്പിക്കുന്നുണ്ട്.

സംഘപരിവാർ അനുകൂല രാഷ്ട്രീയമാറ്റങ്ങൾ കൂടുതൽ വിശാലമായ ഭൂമികയിലാണ് ഇന്നു സംഭവിക്കുന്നത്. ഒരുകാലത്തു ബി.ജെ.പിയിൽനിന്നു ബോധപൂർവ്വം അകലംപാലിച്ചിരുന്ന പരമ്പരാഗത ഹിന്ദുസംഘടനകളായ നായർ സർവീസ് സൊസൈറ്റിയും എസ്.എൻ.ഡി.പിയുമൊക്കെ ഇപ്പോൾ കൂടുതൽ അനുരഞ്ജനപരമായ സമീപനമാണ് അവരോടു സ്വീകരിക്കുന്നത്. ഒരുപതിറ്റാണ്ടു മുമ്പ് അചിന്തനീയമായിരുന്ന രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്, ഇടതുപക്ഷനേതാക്കൾ ബി.ജെ.പിയിലേക്ക് അടിക്കടി കൂടുമാറുന്നതും രാഷ്ട്രീയകേരളം കാണുന്നുണ്ട്.

സംഘപരിവാറിന് അനുകൂലമായ സാമൂഹികമാറ്റങ്ങൾക്കെല്ലാം കാരണം അവരുടെ തന്ത്രങ്ങൾ മാത്രമല്ല; മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടുകൾകൂടിയാണെന്നത് ഏറെ ഗൗരവകരമാണ്. കേരളത്തിൽ ഹിന്ദുത്വം ഇപ്പോൾ പാർശ്വവത്കരിക്കപ്പെട്ട പ്രത്യയശാസ്ത്രമല്ല; അത്, സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും മുഖ്യധാരയിൽ വേരുറപ്പിച്ചുകഴിഞ്ഞ ആശയസംഹിതയാണ്. മതേതരപ്പാർട്ടികളെ മറികടന്നല്ല, മറിച്ച് അവർ ‘ബോധപൂർവ്വം’ ഒഴിഞ്ഞുമാറിയ ഇടങ്ങളിലൂടെയാണ് ഈ ‘മുന്നേറ്റം’ സാധ്യമായത് എന്നതാണ് ഏറെ ചിന്തനീയം.

വസ്തുതകൾ യഥാർത്ഥത്തിൽ വ്യക്തമാക്കുന്നതെന്ത്?

ലഭ്യമായ കണക്കുകളും വസ്തുതകളും സമഗ്രമായി വിലയിരുത്തുമ്പോൾ, പൊതുമണ്ഡലത്തിൽ പരിചിതമായ രണ്ടു നിഗമനത്തെയും അതു നിരാകരിക്കുന്നതായി കാണാം. ഉത്തർപ്രദേശോ അസമോ മുസ്‌ലിം ജനതയെ കൈയൊഴിഞ്ഞതുപോലെ കേരളം ഈ സമുദായത്തെ ഉപേക്ഷിച്ചില്ലെന്നതു സത്യമാണ്. എന്നാൽ, എല്ലാവർക്കും തുല്യമായ നീതി (Equity) ഉറപ്പാക്കാൻ സംസ്ഥാനത്തിനു സാധിച്ചിട്ടുമില്ല.

കേരളത്തിലെ മുസ്‌ലിം സമൂഹം കൈവരിച്ച വളർച്ചയുമുയർച്ചയും അവിതർക്കിതമായ യാഥാർത്ഥ്യമാണ്. ബഹുഭൂരിപക്ഷം ഇന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉയർന്ന വരുമാനം, നിയമനിർമ്മാണ സഭകളിൽ ഏറെക്കുറെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം, സജീവമായ രാഷ്ട്രീയ സാന്നിധ്യം. താരതമ്യേന ശത്രുത കുറഞ്ഞ സാമൂഹിക സാഹചര്യം തുടങ്ങിയ നേട്ടങ്ങളൊന്നും നിസ്സാരമല്ല. അതിനാൽത്തന്നെ, അവയെ തള്ളിക്കളയാനുമാകില്ല.

എങ്കിലും, ഈ നേട്ടങ്ങളുടെ പരിമിതികളെക്കുറിച്ചും കണക്കുകൾ വ്യക്തമായ സൂചനനല്കുന്നുണ്ട്. ഈ ഉന്നതി ഏതാനും മേഖലകളിൽ കേന്ദ്രീകരിക്കപ്പെട്ടതും വ്യവസ്ഥാപിതമായ നിബന്ധനകളാൽ നിയന്ത്രണവിധേയവുമാണ്. കൂടാതെ, ഇവയിൽ ഏറിയപങ്കും ഭരണകൂടത്തിന്റെ വികസന നയങ്ങളുടെ ഫലമെന്നതിനെക്കാൾ ഉപരി സമുദായത്തിന്റെ സ്വപ്രയത്നത്താൽ കരസ്ഥമാക്കിയതുമാണ്. രാഷ്ട്രീയ പ്രാതിനിധ്യമെന്നതു പലപ്പോഴും ഭരണപരമായ അധികാരത്തിന്മേലുള്ള  (Executive power) ഗുണപരമായ നിയന്ത്രണമായി ഇവിടെ പരിവർത്തനം ചെയ്യപ്പെട്ടില്ല. സാമ്പത്തിക മുന്നേറ്റമാകട്ടെ, സംസ്ഥാനത്തിന്റെ സ്ഥാപനപരമായ പിന്തുണയേക്കാൾ കൂടുതൽ പ്രവാസി വരുമാനത്തെ (Gulf remittances) ആശ്രയിച്ചാണു നിലനില്ക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക സ്ഥാപനങ്ങളുടെ ഉടമസ്ഥത തുടങ്ങിയ മേഖലകളിലെ ഘടനാപരമായ പിന്നാക്കാവസ്ഥ ഇപ്പോഴും തുടരുകയാണ്. മാത്രമല്ല, ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ ഭരണകൂടത്തിന്റെ  ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. മുസ്‌ലിം അധഃസ്ഥിതാവസ്ഥയെന്നതു വിമർശകരുടെ ആരോപണമല്ല; മറിച്ചു, സംസ്ഥാന സർക്കാർതന്നെ നിയോഗിച്ച പഠന കമ്മീഷനുകൾ സമർപ്പിച്ച റിപ്പോട്ടുകളിൽ വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിട്ടുള്ളതാണത്. കേരളത്തിലെ മുന്നാക്ക ഹിന്ദുക്കളും പ്രബല ക്രൈസ്തവ വിഭാഗങ്ങളുമൊക്കെയായി താരതമ്യപ്പെടുത്തുമ്പോൾ ഭൂവുടമസ്ഥത, സ്ഥാപനങ്ങളിലെ പങ്കാളിത്തം, വരുമാനം എന്നീ കാര്യങ്ങളിൽ കേരള മുസ്‌ലിംകൾ ഇപ്പോഴും ഏറെപ്പിന്നിലാണ്. അതുകൊണ്ടുതന്നെ, അവർ ശരിയായ അർത്ഥത്തിൽ സാമൂഹിക തുല്യത കൈവരിച്ചുവെന്ന വാദത്തെ സംസ്ഥാനത്തിന്റെതന്നെ ഔദ്യോഗിക കണക്കുകൾപോലും ശരിവയ്ക്കുന്നില്ല.

ഇതൊക്കെ കേരളത്തിൽമാത്രം കാണുന്ന പ്രവണതകളല്ല. ഇന്ത്യൻ മുസ്‌ലിംകൾക്കു പതിറ്റാണ്ടുകളായി വാഗ്ദാനം ചെയ്യപ്പെട്ടുപോരുന്ന സ്ഥിരമായൊരു മാതൃകയുടെ തുടർച്ചയാണിത്. “മതേതര പാർട്ടികൾക്ക് വോട്ടുചെയ്യുക, പകരമായി സംരക്ഷണമുറപ്പാക്കാം; എന്നാൽ ഘടനാപരമായ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കരുത്” ഇന്നതാണിവിടുത്തെ പ്രമാണം. പ്രായോഗികമായി അധികാരമില്ലാത്ത വോട്ടുകളും സാമൂഹിക പരിവർത്തനമുണ്ടാക്കാത്ത പ്രാതിനിധ്യവുമാണ് ഇതിന്റെ ഫലം.

കേരളം ഈ മാതൃകയെ അല്പംകൂടി നവീകരിക്കുന്നു എന്നുമാത്രം; അല്ലാതെ അതിനെ തകർക്കുന്നില്ല. കേരളത്തിൽ  ഇസ്‌ലാമോഫോബിയ ഗോപ്യമായിരുന്നുകൊണ്ടു ജനങ്ങളോടു സംവദിക്കാൻ പഠിച്ചിരിക്കുന്നു. ഇവിടുത്തെ പ്രാതിനിധ്യം ഭരണപരമായ നിയന്ത്രണാധികാരത്തിനു സമീപമെത്തി കൃത്യമായി നിശ്ചലമാകുന്നു. സാമ്പത്തിക പുരോഗതി യാഥാർത്ഥ്യമാണെങ്കിലും അത് സർക്കാർ നിക്ഷേപത്തിന്മേല്ല; നേരേമറിച്ചു, പ്രവാസി തൊഴിലാളികളുടെ അധ്വാനത്തിന്റെ  കരുത്തിലാണു പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, കുടിയേറ്റത്തിന്റെ ഒരൊറ്റച്ചക്രം നിലച്ചാൽത്തന്നെ തകർന്നുപോകാവുന്ന വികസനമാതൃകയാണത്. ചുരുക്കത്തിൽ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായ ഒരു സാഹചര്യം സംസ്ഥാനത്തുണ്ട് എന്നത് ശരിയാണെങ്കിലും, ഇവിടുത്തേതു മറ്റിടങ്ങളിലെ വ്യവസ്ഥാപിതമായ വിവേചനത്തിന്റെ ‘പരിഷ്കരിച്ച’ പതിപ്പുമാത്രമാണ്.

(കടപ്പാട്: Nous Network പ്രസിദ്ധീകരിച്ച The Kerala Muslim Question എന്ന ലേഖനം) 

സംഗ്രഹ വിവർത്തനം: റെൻസൺ വി. എം