Gendered Islamophobia Kerala Islamophobia

ഫാത്തിമ തെഹിലിയക്കെതിരായ ആക്രമണം ലിംഗവല്‍കൃത ഇസ്‌ലാമോഫോബിയ

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതുതലമുറ നേതാക്കളില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ ഏറെ ശ്രദ്ധേയയാണ് അഡ്വ. ഫാത്തിമ തെഹിലിയ. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വന്ന് ഹരിതയുടെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയ ആളാണവര്‍. തന്റെ പാര്‍ട്ടിക്കകത്തുള്ള സ്ത്രീപ്രാതിനിധ്യ ചര്‍ച്ചകളിലും സ്ത്രീനേതൃത്വത്തിനായുള്ള പോരാട്ടങ്ങളിലും അവര്‍ നജ്മ തബ്ഷീറയ്ക്കും മുഫീദ തെസ്‌നിക്കുമൊപ്പം ശ്രദ്ധേയമായ പങ്കുവഹിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്റെ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അവരും മത്സരരംഗത്തുണ്ടായി. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ അവര്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ സിപിഎം സൈബര്‍പോരാളികളുടെയും മറ്റും ഭാഗത്തുനിന്ന് വലിയ തോതിലുള്ള ലൈംഗിക വിദ്വേഷ പരാമര്‍ശങ്ങളും സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നുവന്നു. മാത്രമല്ല, അതോടൊപ്പം വിദ്വേഷ സൂചനകള്‍ അടങ്ങിയ പ്രചാരണങ്ങളും അവര്‍ക്കെതിരേ ഉയര്‍ന്നുവന്നു.

കായംകുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച യു. പ്രതിഭ എംഎല്‍എയ്‌ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സൈബര്‍ ആക്രമണം മാത്രമല്ല, അവര്‍ക്കെതിരെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വീനറുമായ ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരി ശരീരസൗന്ദര്യത്തെ കുറിച്ച് ലൈംഗിക ചുവയുള്ള അത്യന്തം മോശം പരാമര്‍ശം നടത്തി. തുടര്‍ന്ന് യു.ഡി.എഫ്. ആ ലീഗ് നേതാവിനെ ആ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്‌ലിം ലീഗ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നുതന്നെ പുറത്താക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉടന്‍ നടപടി എടുത്തതായി കാണാനാവുന്ന ദുര്‍ലഭം ഒരു ഉദാഹരണമായിരുന്നു അത്. എന്നാല്‍ ഫാത്തിമ തെഹിലിയക്കെതിരായ അധിക്ഷേപങ്ങളില്‍ യാതൊരു ഔദ്യോഗിക പ്രതികരണവും സിപിഎം പക്ഷത്തുനിന്നോ എല്‍ഡിഎഫിന്റെ പക്ഷത്തുനിന്നോ ഉണ്ടായില്ല.

കേരളത്തില്‍ സ്ത്രീകള്‍ പൊതുരംഗത്ത് സംസാരിക്കുമ്പോഴും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമ്പോഴും അവര്‍ക്കെതിരെ ലൈംഗിക അധിക്ഷേപങ്ങളുയരുക എന്നത് സാധാരണമായിരിക്കുന്നു. കെ. കെ. രമ എംഎല്‍എക്കെതിരെയാണ് ഈ രീതിയില്‍ ആദ്യമായി വലിയതോതിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. അവര്‍ക്കെതിരേ നടന്ന ആക്രമണങ്ങളില്‍ അതിന്റെ ഏറ്റവും നിന്ദ്യവും അറപ്പുളവാക്കുന്നതുമായ രൂപം നാം കണ്ടു. ”ആസ്ഥാന വിധവ” പോലുള്ള മ്ലേച്ചപ്രയോഗങ്ങളില്‍ നിന്ന് തുടങ്ങി അത്യന്തം ക്രൂരമായ അധിക്ഷേപങ്ങള്‍ വരെ അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഏത് സ്ത്രീകളുടെ പേജുകള്‍ പരിശോധിച്ചാലും ഓരോരുത്തരും നേരിട്ട ആക്രമണങ്ങളുടെ തീവ്രത വ്യക്തമാകും. പലപ്പോഴും ഇത് വെറും ഓണ്‍ലൈന്‍ അസഭ്യതയല്ല; ഓരോ സ്ത്രീകളുടെയും ജീവിതത്തെയും മാനസികാവസ്ഥയെയും ബാധിച്ച ക്രൂരമായ അതിക്രമങ്ങളാണ്.

ഫാത്തിമ തെഹിലിയെതിരായ സൈബര്‍ ആക്രമണങ്ങള്‍ വെറും പൊതുവായ വിമര്‍ശനങ്ങളിലൊതുങ്ങിയിരുന്നില്ല; അവരുടെ ശരീരത്തെയും രൂപത്തെയും കേന്ദ്രീകരിച്ച് ലൈംഗികവല്‍ക്കരണ പരാമര്‍ശങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയില്‍ അവരെ അപമാനിക്കുന്ന അശ്ലീല കമന്റുകള്‍, പുരുഷ സഹപ്രവര്‍ത്തകരോടൊപ്പം നിന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കി സൂചനാപരമായ അധിക്ഷേപങ്ങള്‍ എന്നിവ വ്യാപകമായി പ്രചരിച്ചു. അതോടൊപ്പം, ”സ്ത്രീയായതിനാലാണ് മുന്നോട്ട് വരുന്നത്” എന്ന തരത്തിലുള്ള ലിംഗവിവേചനപരമായ വിമര്‍ശനങ്ങള്‍ അവരുടെ രാഷ്ട്രീയ കഴിവുകളെ ചെറുതാക്കി കാണിക്കാന്‍ ഉപയോഗിക്കപ്പെട്ടു. ഇതിന് പുറമേ, അവരെ ”ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനി” എന്ന രീതിയില്‍ ചിത്രീകരിക്കുന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളും അരങ്ങേറി.

”നമ്മുടെ ഖൗമിലെ പെണ്‍കുട്ടിക്ക് വോട്ട്” എന്ന തരത്തിലുള്ള പ്രചാരണം യുഡിഎഫ് നടത്തുന്നു എന്ന രീതിയല്‍ അവര്‍ക്കെതിരേ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് മാതൃകയിലുള്ള വ്യാജപ്രചാരങ്ങളും നടത്തുകയുണ്ടായി. ”ഖൗമിലെ പെണ്‍കുട്ടി” എന്ന പ്രയോഗം വിവാദമായി ഉയര്‍ന്നത് എല്‍.ഡി.എഫ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ/വാഹന അനൗണ്‍സ്‌മെന്റിലൂടെയായിരുന്നു. പേരാമ്പ്ര മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന വാഹനത്തില്‍ നിന്ന് ”നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ പെണ്‍കുട്ടിക്ക്” എന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപണം ഉയര്‍ന്നു. ഈ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് നേതാക്കളും ഇത് വിദ്വേഷ പ്രചാരണമാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ഇതിലൂടെ ഫാത്തിമ തെഹിലിയെ ഒരു മതസമൂഹത്തിന്റെ മാത്രം പ്രതിനിധിയായി ചുരുക്കി ചിത്രീകരിക്കാനും മുസ്‌ലിം വോട്ടുകള്‍ മതപരമായി മൊബിലൈസ് ചെയ്യുന്നു എന്ന സംശയം സൃഷ്ടിക്കാനുമുള്ള ശ്രമമായിട്ടാണ് ഈ പ്രചാരണം വായിക്കപ്പെട്ടത്. ഈ എല്ലാ ഘടകങ്ങളും ചേര്‍ന്ന് ലൈംഗിക അധിക്ഷേപം, ലിംഗവിവേചനം, മതവിദ്വേഷം എന്നിവ ഒരുമിച്ചുള്ള ശക്തമായ സൈബര്‍ ആക്രമണമായി അത് മാറി.

ഇതില്‍ ഗൗരവമുള്ള ഒരുകാര്യം ഫാത്തിമ തെഹിലിയയെ ജമാഅത്തെ ഇസ്‌ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നോമിനിയാണെന്ന രീതിയില്‍ ചിത്രീകരിക്കുന്ന പ്രചാരണങ്ങളായിരുന്നു. ഇതിനെ ഒരു സാധാരണ രാഷ്ട്രീയ ആരോപണമായി കാണാനാവില്ല. കേരളത്തില്‍ മുസ്‌ലിം സമൂഹത്തെ സംശയത്തോടെയും ഭീഷണിയോടെയും ചിത്രീകരിക്കുന്ന ഇസ് ലാമോഫോബിക് നരേഷന്റെ ഭാഗമാണത്. ബിജെപിയും സംഘപരിവാറും ദീര്‍ഘകാലമായി മുന്നോട്ടുവച്ചിരുന്ന ”മുസ്‌ലിംകള്‍ അധികാരം പിടിച്ചടക്കുന്നു” എന്ന പ്രചാരണരീതിയുടെ ഒരു പ്രാദേശിക രൂപമായിരുന്നു ഇത്. യുഡിഎഫിനെ നിയന്ത്രിച്ചത് മുസ്‌ലിം ലീഗാണെന്നും, അതിന്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും, ഒടുവില്‍ എല്ലാത്തിന്റെയും പിന്നില്‍ ”മുസ്‌ലിംകള്‍” ആണെന്നുമുള്ള ഒരു പാറ്റേണ്‍ കേരളത്തിലെ ഇടതുപക്ഷ പ്രചാരണങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. ഇത് ഇസ്‌ലാമോഫോബിയയുടെ ഏറ്റവും വംശീയമായ രൂപങ്ങളില്‍ ഒന്നായിരുന്നു.

ഒരു മുസ്‌ലിം സംഘടനയെ ചൂണ്ടിക്കാട്ടി തുടങ്ങുന്ന ഈ പ്രചാരണം പിന്നീട് മറ്റൊരു സംഘടനയിലേക്കും ഒടുവില്‍ മുഴുവന്‍ മുസ്‌ലിം സമൂഹത്തിലേക്കും വ്യാപിപ്പിക്കപ്പെട്ടിരുന്നു. ഇത് വംശീയ രാഷ്ട്രീയത്തിന്റെ സാധാരണ രീതിയായിരുന്നു. ഫാത്തിമ തെഹിലിയയെ ലക്ഷ്യമിട്ട് ഉയര്‍ന്ന ആരോപണങ്ങളും അതേ പാറ്റേണിലായിരുന്നു. പ്രത്യേകിച്ച്, ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഈ വംശീയ-ലൈംഗിക ആക്രമണം നടന്നത് എന്നത് ഇതിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാക്കിയിരുന്നു.

ഫാത്തിമ തെഹിലിയ ഏറെ മുമ്പ് തന്നെ ഈ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത ആളായിരുന്നു. മുസ്‌ലിംലീഗ് യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുത്താല്‍ എന്താണ് പ്രശ്‌നമെന്ന ചോദ്യമുയര്‍ത്തിയ അവരുടെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്നീട് വീണ്ടും പുറത്തെടുക്കപ്പെട്ടു. അത് ഒരു ചര്‍ച്ചയോ മറുപടിയോ എന്ന നിലയില്‍ അല്ല, മറിച്ച് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമായിട്ടാണ് ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ”കാഫിര്‍ സ്‌ക്രീന്‍ഷോട്ട്” പോലുള്ള വംശീയ പ്രചാരണങ്ങള്‍ നടന്നിരുന്നു; എന്നാല്‍ അതിനെതിരേ കാര്യമായ നിയമനടപടികള്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടന്നെങ്കിലും ഗുരുതരമായ ഈ കുറ്റകൃത്യത്തിനെതിരേ മാതൃകാപരവുമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാത്തതുകൊണ്ടാണ് സമാനമായ പ്രചാരണങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നത്.

യു. പ്രതിഭ എംഎല്‍എക്കെതിരായ ആക്രമണങ്ങളെ നേരിട്ട അതേ ഗൗരവത്തോടെയാണ് ഫാത്തിമ തെഹിലിയെതിരായ ആക്രമണങ്ങളെയും നേരിടേണ്ടതുണ്ടായിരുന്നു. പ്രതിഭയുടെ കാര്യത്തില്‍ മുഖ്യമന്ത്രി മുതല്‍ സാംസ്‌കാരികപ്രവര്‍ത്തകരടക്കം ഒന്നടങ്കം രംഗത്തുവന്നെങ്കിലും തെഹിലിയയുടെ കാര്യത്തില്‍ അതുണ്ടായില്ല. കേരളീയ പൊതുസമൂഹവും ഉത്തരവാദപ്പെട്ടവരും പുലര്‍ത്തുന്ന ഇസ്‌ലാമോഫോബിക് സമീപനമായിവേണം ഇതിനെ കണക്കാക്കാന്‍. ആര്‍ക്കെതിരെയായാലും ലൈംഗിക അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വ്യക്തമായ നിലപാട് എടുക്കണം, ഇര്‍ഷാദ് ചക്കാലശ്ശേരിക്കെതിരേ മുസ്‌ലിംലീഗ് നടപടിയെടുത്തപോലെ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. പൊതുസമൂഹം ശക്തമായി പ്രതികരിക്കേണ്ടതുമുണ്ട്.

ഇത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമായിരുന്നില്ല; കേരളത്തിലെ സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിനും മുസ്‌ലിം സ്ത്രീകളുടെ പൊതുസാന്നിധ്യത്തിനുമെതിരായ ആക്രമണമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തെ വെറും കക്ഷിരാഷ്ട്രീയ തര്‍ക്കമായി കാണാനാവാത്തതാണ്. ഫാത്തിമ തെഹിലിയക്കെതിരായ ഈ ആക്രമണങ്ങള്‍ കേരളീയ സമൂഹത്തില്‍ ഇസ് ലാമോഫോബിയയും സ്ത്രീവിദ്വേഷവും അഥവാ ലിംഗവല്‍കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ എത്രമാത്രം ആഴത്തില്‍ പതിഞ്ഞിരുന്നുവെന്ന് കാണിച്ച ഉദാഹരണമായിരുന്നു. കേരളം കൂടുതല്‍ തുറന്ന, ജനാധിപത്യപരമായ ഒരു സമൂഹമായി മാറുകയാണോ, അതോ കൂടുതല്‍ ഇസ്‌ലാമോഫോബിക് ദിശയിലേക്കാണോ നീങ്ങുന്നത് എന്ന ചോദ്യം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു.