സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന ‘ഇൻസൈഡേഴ്സ്’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനകത്ത്, പു.ക.സയുടെ ജനറൽ സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എനെതിരെ ഉയർന്നിട്ടുള്ള ഒരു വംശീയ വിദ്വേഷ പരാമർശം (9 ജൂൺ 2026 ) ഇപ്പോൾ ഏറെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്.
അറിഞ്ഞിടത്തോളം സിപിഎം നിയന്ത്രണത്തിലുള്ള ‘ഇൻസൈഡേഴ്സ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്താണ്. ഈ ഗ്രൂപ്പിൽ 450-ഓളം അംഗങ്ങളുണ്ടെന്നാണ് അറിയുന്നത്. അതിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുണ്ട്, ജില്ലാ സെക്രട്ടറിമാരുണ്ട്, പ്രമുഖ മാധ്യമപ്രവർത്തകരുണ്ട്, ഡിവൈഎഫ്ഐ നേതാക്കളുണ്ട്. അങ്ങനെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പിനകത്താണ് പു.ക.സയുടെ ജനറൽ സെക്രട്ടറിയായ കെ.ഇ.എനെതിരെ ഈ രീതിയിലുള്ള വംശീയ വിദ്വേഷ പരാമർശം ഉയർന്നിട്ടുള്ളത്.
കെ.ഇ.എന്നിനെയൊക്കെ നമ്മൾ എന്തിനാണ് ഇടം കൊടുക്കുന്നത്? സംഘടനയും സഖാക്കളും പണിയെടുത്ത് ഇയാൾക്ക് കേൾവിക്കാരെ ഉണ്ടാക്കിക്കൊടുക്കണോ? ഈയാളൊക്കെ തിരിഞ്ഞുകൊത്തും എന്ന രീതിയിലായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിലുടനീളം അങ്ങേയറ്റം വംശീയ വിദ്വേഷ സ്വഭാവമുള്ള ഭാഷയാണുള്ളതെന്ന് നമുക്ക് മനസ്സിലാക്കാം.

കെ.ഇ.എൻ അതിനോടുള്ള പ്രതികരണമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയുണ്ടായി. “ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആർഎസ്എസ് കളി തുടങ്ങിയോ?” എന്നാണ് അദ്ദേഹം ശീർഷകം നൽകിയത്. ആ ഒറ്റവരി കുറിപ്പോടുകൂടിയാണ് അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
എന്തായാലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഈ ഗ്രൂപ്പ് ഇപ്പോൾ ‘അഡ്മിൻ ഓൺലി’ എന്ന നിലയിലേക്ക് മാറ്റേണ്ടിവന്നിട്ടുണ്ട്. കടുത്ത വംശീയ പരാമർശങ്ങളാണ് ഈ പോസ്റ്റിന് കമന്റുകളായി വന്നിട്ടുള്ളതെന്നാണ് അറിയാൻ കഴിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപീകരിച്ച ഈ ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാവരും സിപിഎമ്മുമായി ബന്ധപ്പെട്ട പ്രമുഖരാണ്. ഈ ഗ്രൂപ്പിന്റെ വിവരണം തന്നെ ശ്രദ്ധേയമാണ്: “നിർണായക ഘട്ടമാണല്ലോ; പറയേണ്ടത് പറയുകയും അടിക്കേണ്ടിടത്ത് അടിക്കുകയും ചെയ്തേ മതിയാകൂ. അത് എങ്ങനെ, എവിടെ, എന്തെല്ലാം എന്ന് പരസ്പരം അറിഞ്ഞു ചെയ്യാനുള്ള വേദി” എന്നാണ് ഗ്രൂപ്പിന്റെ ഡിസ്ക്രിപ്ഷൻ.
അപ്പോൾ, ഇത്തരമൊരു ഗ്രൂപ്പിനകത്താണ് കെ.ഇ.എനെപ്പോലുള്ള ഒരാൾക്കെതിരെ, പു.ക.സയുടെ നേതാവിനെതിരെ, ഈ രീതിയിലുള്ള ഒരു വിദ്വേഷപരാമർശം നടത്തപ്പെട്ടത്. അത് അറിഞ്ഞുകൊണ്ടുതന്നെ നടത്തപ്പെട്ടതാണെന്ന് വേണം നമുക്ക് അനുമാനിക്കാൻ. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് സമയത്ത് രൂപീകരിക്കപ്പെട്ട ഒരു ഗ്രൂപ്പിൽ ഇത്തരമൊരു പരാമർശം വരുന്നത് ചെറിയ കാര്യമല്ല.
നമുക്കറിയാം, കെ.ഇ.എൻ എഴുതിയ ‘ഇരകളുടെ മാനിഫെസ്റ്റോ’ (2004) എന്ന പുസ്തകം പുറത്തിറങ്ങിയ സമയത്ത് അതിനെതിരെ സിപിഎമ്മിനകത്തും ഇടതുപക്ഷവാദികളുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎമ്മിനകത്തും പു.ക.സയ്ക്കകത്തും പുറത്തുമുള്ള മാർക്സിസ്റ്റുകൾ അതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
മാർക്സിസം അറിയാത്തതുകൊണ്ടല്ല കെ.ഇ.എൻ ‘ഇരകളുടെ മാനിഫെസ്റ്റോ’ എഴുതിയത്. ഇന്ത്യയെ പോലുള്ള ഒരു സമൂഹത്തിൽ സ്വത്വരാഷ്ട്രീയത്തിന് വലിയ പ്രാധാന്യവും പ്രസക്തിയും ഉണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആ പുസ്തകം എഴുതിയത്.
ഈ അടുത്ത ദിവസങ്ങളിലാണ് പ്രൊഫസർ പി.കെ. പോക്കർ മാഷിന്റെ ‘എരിക്കിൻ തീ’ (2025) എന്ന ആത്മകഥ പുറത്തിറങ്ങിയത്. ആ പുസ്തകത്തിൽ പു.ക.സയ്ക്കകത്തും പാർട്ടിക്കകത്തും സവർണ ഹിന്ദുത്വ സമീപനം എങ്ങനെ നിലനിൽക്കുന്നു എന്ന കാര്യം അദ്ദേഹം വിശദമായി വ്യക്തമാക്കുന്നുണ്ട്. കെ.ഇ.എനും പോക്കർ മാഷും എത്രമാത്രം വിദ്വേഷ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്ന ഒരു പ്രധാന കാര്യം, സിപിഎമ്മിനകത്തും പു.ക.സയ്ക്കകത്തുമുള്ള നേതാക്കളുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളും അനുഭവങ്ങളും എത്രമാത്രം ഇസ്‌ലാമോഫോബിക് ആയിരുന്നു എന്നതാണ്. പ്രത്യേകിച്ച് സുനിൽ പി. ഇളയിടത്തെയും എം.എം. നാരായണൻ മാഷെയും കുറിച്ചും, അവർ എഴുതിയ പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പരാമർശിക്കുന്നുണ്ട്.
സിപിഎം , പു.ക.സ ഒക്കെ എത്രമാത്രം ഇസ്‌ലാമോഫോബിക് പ്രവണതകൾ പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന അനുഭവങ്ങളാണ് കെ.ഇ.എന്റെയും പോക്കർ മാഷിന്റെയും അനുഭവങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോക്കർ മാഷ് പ്രത്യേകം പറയുന്നുണ്ട്: ഈ ആക്രമണങ്ങളുടെ ചതവ് ഏറ്റുകൊണ്ടാണ് താൻ ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നും, അതിനോടുള്ള പ്രതികരണമായാണ് തന്റെ തുടർപ്രവർത്തനങ്ങളെന്നും.
ഒട്ടും വ്യത്യസ്തമല്ല കെ.ഇ.എന്റെ അനുഭവങ്ങളും. ഇത്രയും കാലം അദ്ദേഹം നേരിട്ടതും, ഇപ്പോൾ പു.ക.സയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിനെതിരെ ഇത്തരമൊരു പോസ്റ്റ് ഉയർന്നുവരുന്നതും ചേർത്ത് നോക്കുമ്പോൾ സിപിഎം ഇപ്പോഴും എവിടെയാണ് നിൽക്കുന്നത് എന്നതാണ് മനസ്സിലാവുന്നത്.
ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം മനസ്സിലാക്കണം. ഇസ്‌ലാമോഫോബിയ ഒരു മുസ്ലിം നാമധാരിയായ വ്യക്തിക്കെതിരെ ഉയർത്തിക്കൊണ്ടുവരുന്ന സമയത്ത്, അവരുടെ ജീവിതം എത്രമാത്രം മതനിരപേക്ഷമായാലും, ഇസ്‌ലാമോഫോബിയ അവരെ വെറുതെ വിടില്ല. പോക്കർ മാഷിന്റെയും കെ.ഇ.എന്റെയും അനുഭവങ്ങൾ അത് വ്യക്തമാക്കുന്നു.
നമുക്കറിയാം, എല്ലാ അർത്ഥത്തിലും അടിമുടി സെക്കുലർ ജീവിതം നയിക്കുന്നവരാണ് പി.കെ. പോക്കർ മാഷും കെ.ഇ.എനും. കെ.ഇ.എന്റെ ജീവിതപങ്കാളി ഇതര മതത്തിൽ നിന്നുള്ള ഒരാളാണ്. പള്ളിയിൽ പോകുകയോ മതപരമായ കാര്യങ്ങൾ ജീവിതത്തിൽ പ്രാധാന്യത്തോടെ കൊണ്ടുനടക്കുകയോ ചെയ്യാത്തവരാണ് അവർ. അവർക്ക് ഉള്ള ഏക ‘കുറ്റം’ ഇസ്‌ലാം മതം പിന്തുടരുന്ന കുടുംബങ്ങളിൽ ജനിച്ചുപോയി എന്നത് മാത്രമാണ്.
ഇപ്പോൾ മാത്രമല്ല, കാലങ്ങളായി അവർ സിപിഎമ്മിനകത്തുനിന്ന് തന്നെ ഇസ്‌ലാമോഫോബിക് ആക്രമണങ്ങൾക്ക് വിധേയരാകുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
കടുത്ത ഇസ്‌ലാമോഫോബിയയുടെ ഒരു കാലത്ത്, സംഘപരിവാരം ഇന്ത്യയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത്, കേരളത്തിലും സംഘപരിവാരം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇടതുപക്ഷമെന്നും വളരെ ‘സെക്കുലർ’ എന്നും സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിനെ പോലെയുള്ള ഒരു സംഘടനയിൽ നിന്നു പുറത്തുവരുന്ന ഇസ്‌ലാമോഫോബിയ എത്രമാത്രം അപകടകരമാണെന്ന് അവർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്.
ഹിന്ദുത്വ ശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇസ്‌ലാമോഫോബിയയെക്കാൾ വേദനിപ്പിക്കുന്ന ഒന്നാണ് സിപിഎമ്മിനെ പോലെയുള്ള മതനിരപേക്ഷരെന്നും ഇടതുപക്ഷ പ്രവർത്തകരെന്നും പറയുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇസ്‌ലാമോഫോബിയ. അത് നമുക്ക് പറയാതെ വയ്യ.