സമകാലിക ഇന്ത്യയിൽ ചരിത്രപരമായി തുടരുന്ന ജാതി സാമൂഹിക വ്യവസ്ഥയ്ക്ക് സമാന്തരമായി ഇസ്‌ലാമോഫോബിയ എന്ന വംശീയരൂപവും സ്വാഭാവികവത്കരിക്കപ്പെട്ടിരിക്കുന്നു. അസമത്വങ്ങളും അപരവത്കരണങ്ങളും ഉൽപാദിപ്പിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്ന ഈ കാലയളവിൽ അംബേദ്കറെന്ന ജൈവബുദ്ധിജീവി രാഷ്ട്രീയമായും സാമൂഹികമായും വിപുലമായി വായിക്കപ്പെടേണ്ടതുണ്ട്.
ഒരുകാലത്ത്, ബോധപൂർവ്വമായ രാഷ്ട്രീയ തിരസ്കരണങ്ങളാൽ പൊതുമണ്ഡലത്തിൽനിന്ന് അംബേദ്കറുടെ ആശയവ്യവഹാരങ്ങൾ അന്യമാക്കപ്പെട്ടു. എന്നാലിന്ന്, ഇസ്‌ലാമോഫോബിയയെ സാധൂകരിക്കുന്ന രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്യുന്ന വൈരുദ്ധ്യാത്മകമായ സാഹചര്യങ്ങൾക്കായി അദ്ദേഹത്തിന്റെ ചിന്താധാരകൾ ദുരുപയോഗിക്കപ്പെടുകയാണ്. ഒരുപക്ഷേ, ചരിത്രത്തിൽത്തന്നെ ഇത്തരം അസാധാരണമായ രാഷ്ട്രീയ വൈപരീത്യത്തിന് വിധേയമാകുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാകുമദ്ദേഹം.
അതുകൊണ്ടുതന്നെ, തീവ്രദേശീയത തുളുമ്പിനില്ക്കുന്ന സമകാലീന ഇന്ത്യൻ സാഹചര്യത്തിലായാലും കേരളീയ ‘മതേതര’ പശ്ചാത്തലത്തിലായാലും അംബേദ്കറെ വായിക്കുകയെന്നത് കേവലമായ ബൗദ്ധിക പ്രവർത്തനത്തിനപ്പുറം ഘടനാപരമായ രാഷ്ട്രീയ ഇടപെടലായിക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹം എന്തുപറഞ്ഞു എന്നതിനെക്കാളുപരി വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്ന പ്രതിസന്ധിയാണ് വാസ്തവത്തിൽ കീഴാളരാഷ്ട്രീയം ഇന്നഭിമുഖീകരിക്കുന്നത്. അംബേദ്കറുടെ ഇസ്‌ലാം വിമർശനങ്ങൾ ഇസ്‌ലാമോഫോബിയയുടെ വംശീയ കാഴ്ചകളിലേക്ക് ബോധപൂർവ്വം ഉൾച്ചേർക്കപ്പെടുന്ന ഇക്കാലത്ത് അംബേദ്കർ ജന്മദിനാഘോഷങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളോടും നിരീക്ഷണങ്ങളോടും ക്രിയാത്മകമായും നൈതികമായും പ്രതികരിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലായിക്കൂടി മാറേണ്ടതുണ്ട്.
സമകാലീന സാമൂഹിക സംവാദങ്ങളിൽ ‘പാക്കിസ്താൻ അഥവാ ഇന്ത്യയുടെ വിഭജനം’ (പാകിസ്ഥാൻ ഓർ പാർട്ടീഷ്യൻ ഓഫ് ഇന്ത്യ) എന്ന പുസ്തകത്തിലെ അംബേദ്കറുടെ ഇസ്‌ലാം വിമർശനങ്ങളാണ് ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളുടെ സൃഷ്ടിക്ക് പൊതുവേ ഉപയോഗപ്പെടുത്താറുള്ളത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ ചരിത്രപരമായ സന്ദർഭങ്ങളിൽനിന്ന് അടർത്തിയെടുത്തു വർത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയിൽ ഇസ്‌ലാമോഫോബിയയുടെ കണ്ണാടിയിലൂടെ പുനരവതരിപ്പിക്കുന്നതിനെ ഒട്ടും നിഷ്കളങ്കമായി കാണാനാവില്ല. അംബേദ്കറെപ്പോലെ യുക്തിസഹമായ വിമർശനങ്ങളും സങ്കീർണ്ണമായ ചിന്തകളും മുന്നോട്ടുവച്ചൊരു വ്യക്തിത്വത്തെ സൗകര്യപൂർവ്വം മുസ്‌ലിം വിരുദ്ധനായ സാംസ്കാരിക വിമർശകനെന്ന സങ്കല്പത്തിലേക്ക് പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ അത്യന്തം അപകടകരമാണ്.
കൊളോണിയൽ ഭരണവ്യവസ്ഥ, പ്രാതിനിധ്യരാഷ്ട്രീയം, വിഭജനം തുടങ്ങി അനേകമടരുകളാൽ സങ്കീർണ്ണമായ രാഷ്ട്രീയാവസ്ഥയിൽ രൂപപ്പെടുത്തിയ നിരീക്ഷണങ്ങളെ സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹചര്യത്തിലെ മുസ്‌ലിം ‘മതപരത’യെ അടയാളപ്പെടുത്താൻ ‘യാന്ത്രികമായി’ പ്രയോജനപ്പെടുത്തുന്നതിൽ വലിയ രാഷ്ട്രീയ ശരികേടുണ്ട്. മാത്രമല്ല, ഇസ്‌ലാം ഉൾപ്പെടെ എല്ലാ മതങ്ങളോടും അതിന്റെ രീതിശാസ്ത്രങ്ങളോടും ഒരുപോലെ യുക്തിസഹമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന അംബേദ്കറെപ്പറ്റി നടത്തുന്ന ഇത്തരം ‘പക്ഷപാതപരമായ വായനകൾ’ വാസ്തവത്തിൽ അദ്ദേഹം മുന്നോട്ടുവച്ച ബൗദ്ധിക വ്യവഹാരങ്ങളോടുതന്നെയുള്ള നീതികേടും വഞ്ചനയുമാണ്.
ബൗദ്ധികജീവിതത്തിലുടനീളം അംബേദ്കർ അചഞ്ചലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് ഹിന്ദു അഥവാ ജാതി സാമൂഹിക വ്യവസ്ഥ സൃഷ്ടിച്ച മർദ്ദക വ്യവഹാരങ്ങളോടും അത് ഉൽപാദിപ്പിച്ച അപര വിദ്വേഷത്തോടുമായിരുന്നു. ഈ രാഷ്ട്രീയയാഥാർഥ്യത്തെ അദൃശ്യവത്കരിക്കുകയും ചരിത്രത്തിൽനിന്ന് അപ്രസക്തമാക്കുകയും ചെയ്യുകയെന്നതാണ് ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഒരു പരിധിവരെ ചില ‘മതേതര’ വ്യവഹാരങ്ങളുടെയും വക്താക്കളുടെ ഗൂഢലക്ഷ്യം. അംബേദ്കറെ വെറുമൊരു ‘മുസ്‌ലിം വിമർശകൻ’ എന്ന ഇടുങ്ങിയ ചട്ടക്കൂടിലേക്ക് ഒതുക്കിത്തീർക്കുക എന്നതാണ് അതിനവർ കണ്ടെത്തിയ കുറുക്കുവഴി എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
മതങ്ങളോടുള്ള അംബേദ്കറുടെ ഇടപെടലുകൾ പൂർണ്ണമായും യുക്തികേന്ദ്രിതമായ അപഗ്രഥനത്തിന്റെ തലത്തിൽനിന്നുള്ളതായിരുന്നു. കേവലമായ നിരാകരണ ബോധത്തിലോ ആരാധനാസങ്കല്പത്തിലോ നിന്നുകൊണ്ടല്ലാതെ നൈതികതയുടെയും രാഷ്ട്രീയാനുഭവത്തിന്റെയും പശ്ചാത്തലത്തിൽനിന്നു മനസിലാക്കേണ്ട സാമൂഹിക വ്യവസ്ഥയായാണ് എല്ലാ മതങ്ങളെയും അംബേദ്കർ സമീപിച്ചിരുന്നത്. ഹിന്ദു ജാതി വ്യവസ്ഥയോടും ക്രൈസ്തവതയോടും മറ്റു മതവിശ്വാസങ്ങളോടും ഒക്കെ ഉന്നയിച്ച സാമൂഹികപരിവർത്തനത്തിന്റെയും നീതിയുടെയും തുല്യതയുടെയും ചോദ്യങ്ങൾതന്നെയാണ് ഇസ്‌ലാമിനോടും അദ്ദേഹം ഉന്നയിച്ചിരുന്നുള്ളൂ.
മതങ്ങളോടുള്ള അംബേദ്കർ വിമർശനങ്ങളിലെ ഈ സമാനതകൾ ഒരു ഇസ്‌ലാമോഫോബിക് സമൂഹത്തിൽ സവിശേഷമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്. കാരണം, അടിസ്ഥാനപരമായി ഇസ്‌ലാമോഫോബിയയെന്നത് ഒരു വിമർശനപദ്ധതി പോലുമല്ല; മറിച്ച്, ഒരു സമൂഹത്തെക്കുറിച്ചുള്ള മുൻവിധികൾ, സാമാന്യവത്കരണം, വാർപ്പുമാതൃകകൾ, ഭീതി തുടങ്ങിയ ഘടകങ്ങളടങ്ങിയ വംശീയതയാണത്. എന്നാൽ, അംബേദ്കറുടെ മതവിമർശനങ്ങളല്ലാംതന്നെ യുക്തിയുടെയും അനുഭവജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാപനവത്കരിക്കപ്പെട്ട ഘടനകളോടുള്ള സംഘർഷങ്ങളാണ്, അല്ലാതെ, മതസമൂഹങ്ങൾക്ക് നേരേയുള്ള പൈശാചികവത്ക്കരണമല്ല. എല്ലാറ്റിനുമുപരി, ആധുനിക ഇന്ത്യയിൽ ന്യൂനപക്ഷാവകാശങ്ങൾക്കായി ഏറ്റവും ശക്തമായി നിലകൊണ്ട വ്യക്തിയെന്നതിനാൽത്തന്നെ മുസ്ലിം വിരുദ്ധ രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് അത്രയെളുപ്പം അംബേദ്കറെ അപഹരിക്കുക സാധ്യമല്ല.
ഇന്ത്യയിൽ ഭൂരിപക്ഷവാദം സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെപ്പറ്റി അംബേദ്കർ എക്കാലത്തും ജാഗ്രത പുലർത്തിയിരുന്നതായി അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാം. വ്യവസ്ഥാപിതമായ സംരക്ഷണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ സർവ്വാധിപത്യത്തിലേക്ക് (റ്റിറനി ഓഫ് മെജോറിറ്റി) കൂപ്പുകുത്തുമെന്ന് അദ്ദേഹത്തിന്റെ മുന്നറിയിപ്പുണ്ട്. ജനാധിപത്യത്തെ കേവലം തെരഞ്ഞെടുപ്പുകൾ ‘സാധ്യമാകുന്ന’ രാഷ്ട്രീയവ്യവസ്ഥയെന്ന നിലയിലല്ല; മറിച്ച് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായ ധാർമ്മിക-സാമൂഹികക്രമമായാണ് അംബേദ്കർ നിർവ്വചിക്കുന്നത്. ഈ അർത്ഥത്തിൽ ഇസ്‌ലാമോഫോബിയ എന്ന സങ്കല്പംതന്നെ അടിസ്ഥാനപരമായി അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ വിപരീതദിശയിലാണ് നിലകൊള്ളുക.
മുസ്‌ലിംങ്ങളെയൊരു സമുദായം എന്നനിലയിൽ അപരവത്കരിക്കുകയും അവരുടെ കർത്തൃത്വത്തെ നിഷേധിക്കുകയും തുല്യതയും പൗരാവകാശങ്ങളും നിഷേധിക്കുകയുംചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് അംബേദ്കറെയൊരു ബൗദ്ധികപങ്കാളിയായി ഏറ്റെടുക്കുക സാധ്യമല്ല. സാഹോദര്യത്തെയാണ് (ഫ്രറ്റേണിറ്റി) ജനാധിപത്യത്തിന്റെ ധാർമ്മികാടിത്തറയായി അംബേദ്കർ കരുതുന്നത്. അതുകൊണ്ടുതന്നെ, ഒരു ഇസ്‌ലാമോഫോബിക് സമൂഹത്തിൽ ഏറ്റവുമധികം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതും ഈ സങ്കല്പമാണ്.
മുസ്ലീങ്ങളെല്ലാം പുറത്തുനിന്നെത്തിയ (ഔട്ട് സൈഡർ) അപരരാണെന്നതരത്തിൽ ആധിപത്യ സമുദായങ്ങൾ നിരന്തരം നിർമ്മിക്കുന്ന ആഖ്യാനങ്ങൾ ജനാധിപത്യത്തിന്റെ കാതലായ ‘സാമൂഹികബന്ധ’ങ്ങളിലാണ് വിള്ളൽവീഴ്ത്തുന്നത്. ഇത് നിരന്തരം ഒരു സമുദായത്തിനു നേരേ സംശയങ്ങളും വെറുപ്പും ഉൽപാദിപ്പിക്കുകയും വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തെ അപകടപ്പെടുത്തിക്കൊണ്ട് സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുകയുംചെയ്യുന്നു. അതിനാൽ, സമകാലീന രാഷ്ട്രീയ കാലാവസ്ഥയിൽ അംബേദ്കറെ വായിക്കുകയെന്നത് സാഹോദര്യത്തിന്റെ മൗലികമായ സാധ്യതകളെ വീണ്ടെടുക്കൽകൂടിയാണ്.
തീവ്രമായ ഇസ്‌ലാമോഫോബിയ പൊതുബോധമാക്കി മാറ്റിയ ഒരു സമൂഹത്തിൽ അംബേദ്കർ ജയന്തി ആഘോഷങ്ങളും അദ്ദേഹത്തെപ്പറ്റിയുള്ള വൈവിധ്യമാർന്ന വായനകളും സജീവമാകുന്നത് സുശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന്റെ പ്രതീകമാണ്. ഭൂരിപക്ഷവാദ രാഷ്ട്രീയം നടത്തുന്ന ദുർവ്യാഖ്യാനങ്ങളെ അപനിർമ്മിച്ചുകൊണ്ട് അംബേദ്കർ ചിന്തകളിലെ സങ്കീർണ്ണതകളെയും റാഡിക്കൽ സങ്കല്പങ്ങളെയും നൈതികമായി സമീപിക്കേണ്ടതിന്റെ ആവശ്യകതപ്പറ്റിയും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.