രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായോ മാധ്യമ പ്രചാരണങ്ങളുമായോ ബന്ധപ്പെട്ടാണ് സാധാരണയായി ഇസ്‌ലാമോഫോബിയയെ വിലയിരുത്താറുള്ളത്. എന്നാല്‍, ഇസ് ലാമോഫോബിയ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ എങ്ങനെയാണു സ്വാഭാവികമായി രൂപപ്പെടുന്നതെന്നും നിലനില്‍ക്കുന്നതെന്നും മനസ്സിലാക്കാന്‍ മനഃശാസ്ത്രപരമായ വിശകലനം കൂടി വേണ്ടതാണ്.
മനഃശാസ്ത്ര ഗവേഷണങ്ങള്‍ പ്രകാരം, ഇസ്‌ലാമോഫോബിയ എന്നത് കേവലം ‘ഭയം’ മാത്രമല്ല; അതൊരു ബഹുമുഖ സാമൂഹിക നിര്‍മിതിയാണ്. മുസ് ലിംകളോടോ ഇസ് ലാമിനോടോ പ്രകടിപ്പിക്കുന്ന മുന്‍വിധി, വെറുപ്പ് മാത്രമല്ല, മുസ് ലിംകളോടുള്ള വിവേചനപരമായ സമീപനങ്ങളുടെയും പെരുമാറ്റങ്ങളുടെയും സങ്കലനം കൂടിയാണത്. അതില്‍ ചിന്താപരമായ (കൊഗിനിറ്റീവ്) മുന്‍വിധികളും വൈകാരികമായ (അഫക്റ്റീവ്) വിദ്വേഷവുംവിവേചനപരമായ പെരുമാറ്റങ്ങളും (ബിഹെവിയെറല്‍) ഉള്‍ക്കൊള്ളുന്നു.
1.അറിവും ചിന്താപരമായ അടിത്തറയും
സാമൂഹികമായ തരംതിരിക്കലിന് പലപ്പോഴും സ്റ്റീരിയോടൈപ്പിങ്ങുമായാണ് ബന്ധം. നമ്മുടെ മസ്തിഷ്‌കം, ലോകത്തെ ‘നമ്മള്‍’ (ഇന്‍ഗ്രൂപ്പ്) എന്നും ‘അവര്‍’ (ഔട്ട്ഗ്രൂപ്പ്) എന്നും വളരെ പെട്ടെന്നു തരംതിരിക്കും. സങ്കീര്‍ണമായ ഈ ലോകത്തെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ മസ്തിഷ്‌കം ഉപയോഗിക്കുന്ന ഒരു ‘കുറുക്കുവഴി’ അഥവാ കോഗ്‌നിറ്റീവ് ഷോര്‍ട്ട്കട്ട് ആണത്. എന്നാല്‍ അത്തരമൊരു ലളിതവല്‍കൃത അവഗമനം, തെറ്റായ നിഗമനത്തിലേക്കു നമ്മളെ നയിച്ചേക്കാം. നമ്മളിലേക്കു വരുന്ന അറിവിനെ തലച്ചോറ് എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഒരു വഴിയായതുകൊണ്ടു തന്നെ, ഇത് യുക്തിപൂര്‍വം പരിശോധിച്ചു മനസ്സിലാക്കുന്നതാവണമെന്നില്ല.
നമ്മള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മനുഷ്യരെല്ലാം വ്യത്യസ്ത ചിന്താഗതികളും സ്വഭാവവുമുള്ളവരാണെന്നു ചിന്തിക്കുകയും അതുകൊണ്ടുതന്നെ, സ്വന്തം ഗ്രൂപ്പിലെ ഒരാള്‍ ഒരു തെറ്റോ കുറ്റകൃത്യമോ ചെയ്താല്‍,നാമതിനെ ആ വ്യക്തിയുടെ മാത്രം പ്രശ്‌നമായി കാണുകയും ചെയ്യും. എന്നാല്‍, ഒരു വിഭാഗത്തെ നമ്മള്‍ ഔട്ഗ്രൂപ്പായി കാണുമ്പോള്‍, ഔട്ട്-ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഒരേ സ്വഭാവമുള്ളവരാണെന്ന തോന്നല്‍ കാരണം, ആ ഔട്ട്-ഗ്രൂപ്പിലെ ഏതെങ്കിലും ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍, അത് ആ ഗ്രൂപ്പിന്റെ മുഴുവന്‍ പൊതുസ്വഭാവമാണെന്ന് മസ്തിഷ്‌കം വേഗത്തില്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഇതിനെ ഔട്ട്-ഗ്രൂപ്പ് ഹോമോജിനിറ്റി എന്നു വിളിക്കുന്നു. അതുകൊണ്ടാണ് മുസ് ലിംങ്ങള്‍ പ്രതികളായ കുറ്റകൃത്യങ്ങളുണ്ടാവുമ്പോള്‍, ‘അല്ലെങ്കിലും മുസ് ലിംങ്ങള്‍ പൊതുവില്‍ പ്രശ്‌നക്കാരാണ്’ എന്ന ചിന്ത പെട്ടെന്നു തന്നെ തലച്ചോര്‍ സ്വാംശീകരിക്കുന്നത്.
കനേഡിയൻ – അമേരിക്കൻ സൈകൊളജിസ്റ്റായ ആല്‍ബര്‍ട്ട് ബന്ദുറയുടെ ‘സോഷ്യല്‍ ലേണിങ് തിയറി’ അനുസരിച്ചു് മനുഷ്യര്‍ അവരുടെ സ്വന്തം അനുഭവത്തില്‍ നിന്നു മാത്രമല്ല കാര്യങ്ങള്‍ പഠിക്കുന്നത്. മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും സാമൂഹികമായി അംഗീകരിക്കപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊണ്ടുമാണു വളരുന്നത്. ഇത്തരം നിലപാടുകള്‍ക്ക് സമൂഹത്തില്‍ നിന്ന് അംഗീകാരം ലഭിക്കുമ്പോള്‍ അതു വ്യക്തിയില്‍ ഉറയ്ക്കപ്പെടുന്നു.
“മുസ് ലിംകള്‍ പിന്നെ, അവര്‍ മാത്രമാണു ശരി എന്നു പറയുന്നവരല്ലേ..?” “അവര്‍ നമ്മളെപ്പോലെയല്ലല്ലോ” എന്നൊക്കെയുള്ള, വീട്ടകങ്ങളിലെ സാധാരണ പരാമര്‍ശങ്ങള്‍ വരെ, അറിഞ്ഞോ അറിയാതെയോ നമ്മള്‍ ആന്തരികവത്കരിക്കയും അത് സാധാരണവല്‍ക്കരിക്കപ്പെട്ട മനോഭാവമായി മാറുകയും ചെയ്യുന്നു.
2. വികാരങ്ങളുടെ സ്വാധീനം
ചിന്തയേക്കാള്‍ വേഗത്തില്‍ നമ്മളെ നിയന്ത്രിക്കുന്നത് നമ്മുടെ വികാരങ്ങളാണ്. അവയെ ഏഴായി തരം തിരിക്കാം:
2.1. ഭീഷണിയെ സംബന്ധിച്ചുള്ള ധാരണ
മുസ് ലിംസമുദായവും അവരുടെ പ്രവര്‍ത്തനങ്ങളും തങ്ങളുടെ സാംസ്‌കാരിക അസ്തിത്വത്തിനു ഭീഷണിയാണെന്ന തരത്തിലുള്ള ‘സിംബോളിക് ഭീഷണി’ ഇവിടെ ബോധപൂര്‍വം നിര്‍മിക്കപ്പെടുന്നു. നമ്മുടെ തലച്ചോറ് ഒരു കാര്യത്തെ ഭീഷണി എന്ന നിലയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് അതുമായി ബന്ധപ്പെട്ട എന്തു സിഗ്‌നല്‍ ലഭിച്ചാലും നമ്മുടെ തലച്ചോറിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗമായ അമിഗ്ദല പെട്ടെന്നു തന്നെ ആ സിഗ്‌നല്‍ ശ്രദ്ധിക്കുകയും തനിക്കൊരു അപകടം സംഭവിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള ഭയം ഉള്ളില്‍ ഉണ്ടാക്കുകയും ചെയ്യും. ഈ സമയത്ത് അമിഗ്ഡല, നമ്മുടെ യുക്തിപരമായ ചിന്തയെ നിയന്ത്രിക്കുന്ന പ്രീഫ്രണ്ടല്‍ കോട്ടെക്‌സിനെ മറികടന്ന് നിയന്ത്രണം ഏറ്റെടുക്കുന്നതുകൊണ്ടാണത്. വിശേഷിച്ചും അതു വളരെ വേഗത്തിലുള്ളതാകുമ്പോള്‍ യുക്തിപരമായ ചിന്ത തടസപ്പെടുകയും ഭയം ഫീല്‍ ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് ശരിക്കും ഇവരെ ഭയപ്പെടേണ്ടതാണെന്ന് നമ്മള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനെ വൈകാരികയുക്തി (ഇമോഷണല്‍ റീസണിങ്) എന്നു പറയാം.
2.2.ഭീതിയുടെ കണ്ടീഷനിങ്
ഇസ്‌ലാമോഫോബിയയെ ശക്തിപ്പെടുത്തുന്ന മറ്റൊരു പ്രക്രിയയാണ് ഭീതിയുടെ കണ്ടീഷനിങ് (ഫിയര്‍ കണ്ടീഷണിങ്) ഇത് ക്ലാസിക്കല്‍ കണ്ടീഷനിങ് എന്ന തത്ത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ഇസ്‌ലാം’ എന്ന അടയാളത്തിനൊപ്പം, ‘ഭീകരത’ അല്ലെങ്കില്‍ ‘കുറ്റകൃത്യം’ എന്ന ദൃശ്യങ്ങള്‍ നിരന്തരം മാധ്യമങ്ങളിലൂടെ കാണുമ്പോള്‍, മസ്തിഷ്‌കം ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നു ഇതിലൂടെ മുസ് ലിംം= അപകടം എന്ന അവബോധം രൂപപ്പെടുന്നു. അതുകൊണ്ടുതന്നെ മുസ് ലിംങ്ങളുമായോ ഇസ്‌ലാമുമായോ ബന്ധപ്പെട്ട എന്തു കാര്യം വരുമ്പോഴും നമ്മുടെ ബ്രെയിന്‍ പെട്ടെന്ന് ”അപകടം” എന്ന ചേര്‍ത്തുവെക്കലിനെ ഓര്‍ക്കും . അപ്പോള്‍, ‘ ഒന്നു ശ്രദ്ധിക്കണം അല്ലെങ്കില്‍ സൂക്ഷിച്ചും കണ്ടും ഇടപെടണം” എന്ന തരത്തില്‍ നാം അലെര്‍ട്ടാവും. പിന്നീട് മുസ് ലിം സമുദായവുമായി ബന്ധപ്പെട്ട നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമായിരിക്കും പെട്ടെന്നു നമ്മുടെ ശ്രദ്ധയില്‍പ്പെടുക. പോസിറ്റീവ് വാര്‍ത്തകളും അനുഭവങ്ങളും ഉണ്ടാവുന്നുണ്ടെങ്കിലും അതു ശ്രദ്ധിക്കാനും അതിനു പ്രാധാന്യം കൊടുക്കാനും കഴിയില്ല. അതായത് നമ്മുടെ വിശ്വാസം ശരിയാണെന്നുള്ളതിന്റെ തെളിവു മാത്രമാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുക. തെളിവുകള്‍ കൂടി ലഭിക്കുന്നതിനാല്‍, മുസ് ലിംകള്‍ എല്ലാവരും കുഴപ്പക്കാരാണെന്ന വിശ്വാസം കൂടുതല്‍ ശക്തിപ്പെടും. ഇതിനെ സൈക്കോളജിയില്‍, കണ്‍ഫെര്‍മേഷന്‍ ബയസ് എന്നു പറയുന്നു.
2.3. എളുപ്പത്തിൽ മനസ്സിലെത്തുന്ന ഉദാഹരണങ്ങളെ ആശ്രയിച്ചുള്ള ധാരണ
എളുപ്പത്തില്‍ ഓര്‍മയില്‍ വരുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് (അവൈലബിലിറ്റി ഹ്യൂറിസ്റ്റിക്‌സ് )ആളുകള്‍ യാഥാര്‍ത്ഥ്യം വിലയിരുത്തുന്നത്. മുസ് ലിം ‘തീവ്രവാദ’ത്തെക്കുറിച്ചും മുസ് ലിം പേരുള്ള വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും നമ്മുടെ ഉള്ളില്‍ ശക്തമായി പതിയും. പിന്നീട് ആ വ്യക്തി മുസ് ലിംങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് ഈ ബിംബങ്ങളായിരിക്കും. ഇതൊരു പൊതുവായ യാഥാര്‍ത്ഥ്യമാണെന്ന് മസ്തിഷ്‌കം തെറ്റായി കണക്കാക്കുന്നു.
2.4. വൈകാരിക സംക്രമണം
ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ വളരെ വേഗത്തില്‍ പടരുന്നവയാണ്. സോഷ്യല്‍ മീഡിയയിലോ വാര്‍ത്തകളിലോ മുസ് ലിംം വിഭാഗത്തെക്കുറിച്ച് ഭയമുണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ പ്രസംഗങ്ങളോ പ്രത്യക്ഷപ്പെടുമ്പോള്‍, കാണുന്നവരിലേക്കും ആ ഭയം പടരുന്നു. വ്യക്തികള്‍ക്ക് നേരിട്ട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍പ്പോലും, ചുറ്റുമുള്ളവര്‍ പ്രകടിപ്പിക്കുന്ന ഭീതിയോ ദേഷ്യമോ അവരിലേക്കു പകരുകയും അവരും അതേ വികാരം പങ്കുവയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരാള്‍ക്കൂട്ടത്തിനിടയില്‍, തൊപ്പിയും താടിയുമൊക്കെയുള്ള രൂപം കണ്ടു ഭയപ്പെടുന്നു എന്നു കരുതുക. ആ ഭയം ശ്രദ്ധിക്കുന്ന മറ്റുള്ളവരിലേക്കും ആ ഭീതി പെട്ടെന്നു പടരുകയും യുക്തിരഹിതമായ വിദ്വേഷാന്തരീക്ഷം അവിടെ രൂപപ്പെടുകയും ചെയ്യുന്നു.
2.5. സംഘ ധ്രുവീകരണം
ഇസ്‌ലാമോഫോബിയ കൂടുതല്‍ തീവ്രമാക്കുന്നതില്‍ സംഘ ധ്രുവീകരണം (ഗ്രൂപ്പ് പോളറൈസേഷന്‍) വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരേ നിലപാടുള്ളവര്‍ മാത്രം ഇരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലോ സോഷ്യല്‍ മീഡിയ പേജുകളിലോ ഒരു വിഭാഗത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, അംഗങ്ങളുടെ മുന്‍വിധികള്‍ കൂടുതല്‍ ശക്തമാകുന്ന പ്രക്രിയയാണിത്. ഗ്രൂപ്പില്‍ മുസ് ലിം വിഭാഗത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആളുകള്‍ പലപ്പോഴും കൂടുതല്‍ കടുത്ത ഉദാഹരണങ്ങള്‍ ഉപയോഗിക്കുന്നു. ചര്‍ച്ചയ്ക്കു മുന്‍പ് ചെറിയ മുന്‍വിധി ഉണ്ടായിരുന്ന ഒരാള്‍, ചര്‍ച്ചയ്ക്കു ശേഷം ആ വിഭാഗത്തെ പൂര്‍ണമായും വെറുക്കുന്ന നിലപാടിലേക്കു മാറുന്നു. ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ നിന്നു ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ തന്റെ വിദ്വേഷം ശരിയാണെന്നു വിശ്വസിക്കാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഇത് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്നു. ചുരുക്കത്തില്‍, വൈകാരിക സംക്രമണം വഴി ഒരു വിഭാഗത്തോടുള്ള ഭയവും വെറുപ്പും വ്യക്തികളില്‍ നിന്നു വ്യക്തികളിലേക്ക് വികാരപരമായി പടരുന്നു. ഗ്രൂപ്പ് പോളറൈസേഷന്‍ വഴി ഈ വികാരങ്ങള്‍ ചര്‍ച്ചകളിലൂടെയും സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയും കൂടുതല്‍ തീവ്രമായ വിദ്വേഷമായി മാറുന്നു.
കേരളം പോലെ, ഉയര്‍ന്ന സാക്ഷരതയും പൊതുമര്യാദ പാലിക്കുന്നതുമായ സമൂഹത്തില്‍, ഇസ് ലാമോഫോബിയ ആളുകളുടെ മനസ്സില്‍ വളരെ കടുത്ത രീതിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും പരസ്യമായ വിദ്വേഷത്തേക്കാള്‍, അദൃശ്യമായ/പരോക്ഷമായ വിവേചനമാണ് കൂടുതലും പ്രകടമാകുന്നതെന്നു തോന്നുന്നു. ഇത് ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ വളരെ ഗൗരവതരമായ പ്രശ്‌നമാണ്. നേരിട്ടു പ്രകടിപ്പിക്കാത്തതും എന്നാല്‍ വളരെ ആഴത്തില്‍ നിലനില്‍ക്കുന്നതുമായ വിവേചനമാണിത്. ഇതു പരസ്യമായ ആക്രമണമോ തെറിവിളിയോ അല്ല, മറിച്ച് മാന്യതയുടെയും യുക്തിയുടെയും മുഖംമൂടി അണിഞ്ഞുകൊണ്ടു ചെയ്യുന്ന മാറ്റിനിര്‍ത്തലുകളാണ്.
വാടക വീടു ചോദിക്കുമ്പോള്‍, മുസ് ലിം ആണെന്നറിഞ്ഞാല്‍, ‘വീട് ഇപ്പോള്‍ കൊടുക്കുന്നില്ല ‘ എന്നു കള്ളം പറയല്‍, ഓരോ മുസ് ലിമും താന്‍ ‘തീവ്രവാദിയല്ലെന്നും രാജ്യസ്‌നേഹി’യാണെന്നും ഇടയ്ക്കിടെ തെളിയിച്ചുകൊണ്ടിരിക്കേണ്ട സാഹചര്യം… ഇതെല്ലാം നിര്‍മ്മിച്ചെടുക്കുന്നത് ഒരു തരം പരോക്ഷ വിവേചനമാണ്. ഇവിടെ, ഇരയാക്കപ്പെടുന്ന വ്യക്തിക്ക് താന്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പായിരിക്കും. പക്ഷേ അതു തെളിയിക്കാന്‍ കഴിയില്ല. ഇത് അവരില്‍ വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും.
2.6. വിതരണം ചെയ്യപ്പെടുന്ന മുന്‍വിധികള്‍
ഇസ് ലാമോഫോബിയ എന്നത് ഏതെങ്കിലും ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, മറിച്ച് അത് സമൂഹത്തിലെ ഭാഷ, മാധ്യമങ്ങള്‍, സ്ഥാപനങ്ങള്‍, ദൈനംദിന സംഭാഷണങ്ങള്‍ എന്നിവയിലുടനീളം ഒരു ശൃംഖല പോലെ പടര്‍ന്നു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഒരു വ്യക്തി മാത്രം വിചാരിച്ചാല്‍ ഇതു നിലനില്‍ക്കില്ല. ആയിരക്കണക്കിനാളുകള്‍ കൈമാറുന്ന ചെറിയ തമാശകള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍, അല്ലെങ്കില്‍ ‘സൂക്ഷിക്കണം’ എന്ന രീതിയിലുള്ള ചെറിയ ഉപദേശങ്ങള്‍ എന്നിവയിലൂടെ ഇതു സമൂഹത്തില്‍ മൊത്തമായി വിതരണം ചെയ്യപ്പെടുന്നു. അത്തരം സാഹചര്യത്തില്‍, വിവേചനം കാണിക്കുന്ന വ്യക്തി താന്‍ ചെയ്യുന്നത് തെറ്റാണെന്നു തിരിച്ചറിയില്ല. കാരണം അയാള്‍ ആ വലിയ സിസ്റ്റത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഉത്തരവാദിത്തം എല്ലാവരിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ കുറ്റബോധം തോന്നാനും തിരുത്താനുമുള്ള സാധ്യത കുറവാണ്.
2.7. നിലവിലുള്ള വ്യവസ്ഥയെ സംരക്ഷിക്കാനുള്ള വാസന
മനുഷ്യര്‍ക്കു സ്വാഭാവികമായി, തങ്ങള്‍ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതി നീതിയുക്തവും സുരക്ഷിതവുമാണെന്നു വിശ്വസിക്കാന്‍ താല്പര്യമുണ്ടാകും (: (സിസ്റ്റം ജസ്റ്റിഫിക്കേഷന്‍ തിയറി). ഒരു വിഭാഗം ആളുകള്‍ (മുസ് ലിംകള്‍) വിവേചനം അനുഭവിക്കുന്നുണ്ടെന്നു സമ്മതിച്ചാല്‍, ആ സാമൂഹിക വ്യവസ്ഥിതി തന്നെ തെറ്റാണെന്നു സമ്മതിക്കേണ്ടി വരും. അതൊഴിവാക്കാന്‍, നിലവിലുള്ള അസമത്വങ്ങളെയും വിവേചനങ്ങളെയും ആളുകള്‍ ന്യായീകരിക്കുന്നത് ഈ രീതിയിലൊക്കെയായിരിക്കും: ‘അവര്‍ അതര്‍ഹിക്കുന്നതാണ്’ അല്ലെങ്കില്‍, ”അവര്‍ മാത്രാമാണ് അവരുടെ മതത്തെ കെട്ടിപ്പിടിച്ചു് ഒന്നിനും സഹകരിക്കാത്തത്”, ”നമ്മള്‍ കൂട്ടത്തില്‍ കൂട്ടാന്‍ ശ്രമിച്ചാലും അവര്‍ സ്വയം അവരുടെ ആളുകളില്‍ മാത്രം ഒതുങ്ങുന്നു.”
ഇസ്‌ലാമോഫോബിയ എന്നത് വെറുമൊരു വെറുപ്പല്ല. മറിച്ച്, സമൂഹത്തിലെ അധികാര സമവാക്യങ്ങളെയും വിവേചനങ്ങളെയും ‘നീതിയുക്തം’ എന്നു തോന്നിപ്പിക്കാന്‍ നമ്മുടെ മനസ് ഉപയോഗിക്കുന്ന പ്രതിരോധ തന്ത്രം കൂടിയാണ്. ഇത് വിവേചനത്തെ ഒരു ‘സ്വാഭാവിക നിയമം’ (നോര്‍മല്‍ സ്റ്റാറ്റസ്‌കൊ)ആയി മാറ്റുന്നു.
ഇസ്‌ലാമോഫോബിയയെ വ്യക്തിപരമായ മുന്‍വിധിയായി മാത്രം കാണാന്‍ കഴിയില്ല. അത് വലിയൊരു സാമൂഹിക-ബൗദ്ധിക ഘടനയുടെ ഭാഗമാണ്. അതിനാല്‍ത്തന്നെ, ഇസ്‌ലാമോഫോബിയക്കെതിരെ നിലപാടു സ്വീകരിക്കുന്ന വ്യക്തികളില്‍പ്പോലും അറിയാതെയോ ഉദ്ദേശിക്കാതെയോ ഇത്തരം ആശയങ്ങള്‍ പ്രത്യക്ഷപ്പെടാം.
അതുകൊണ്ടു തന്നെ, ഒരു വ്യക്തിയെ ‘ഇസ്‌ലാമോഫോബിക്’ എന്നു മുദ്രകുത്തുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. കാരണം, ഒരാളെ ഒരു പ്രത്യേക ലേബല്‍ ഉപയോഗിച്ചു മുദ്രകുത്തുമ്പോള്‍, അതൊരു പേര്‍സണല്‍ അറ്റാക്ക് പോലെയാണ് കേള്‍ക്കുന്നയാള്‍ക്കു ഫീല്‍ ചെയ്യുക. അതിനാല്‍ അവര്‍ കൂടുതല്‍ പ്രതിരോധത്തിലേക്കു പോവുകയും തന്റെ ഭാഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
3. അണ്‍ലേണിങ് എന്ന പ്രക്രിയ
ഇസ്‌ലാമോഫോബിയ എന്നത് വ്യത്യസ്തമായ രീതിയില്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെയുള്ളില്‍ ഉണ്ടായിട്ടുള്ള ഒരു മുന്‍വിധി കൂടിയാണ്. അതു മാറ്റിയെടുക്കുക എന്നത് ഒരു പ്രക്രിയയാണ്. നാം എല്ലാവരും ഒരു സ്‌പെക്ട്രത്തിലാണു നില്‍ക്കുന്നത്. ഒരാളെ വിദ്വേഷി എന്നു വിധിക്കുന്നതിനു പകരം, അവര്‍ കടന്നുപോകുന്ന ആ ‘അണ്‍ലേണിങ്’ പ്രക്രിയയെ സഹായിക്കുകയാണ് വേണ്ടത്.
വ്യക്തിയെ ലേബല്‍ ചെയ്യുന്നതിനു പകരം ആ വ്യക്തി പ്രകടിപ്പിക്കുന്ന ആശയത്തെയാണ് അഭിമുഖീകരിക്കേണ്ടത്. ഒരാള്‍ ഒരു മുന്‍വിധി പ്രകടിപ്പിക്കുമ്പോള്‍, ‘നീ ഇസ്‌ലാമോഫോബാണ്’ എന്നു പറയുന്നതിനു പകരം, ‘ഈ വാദത്തിനു പിന്നിലെ യുക്തിരാഹിത്യം/ഇസ് ലാമോഫോബിയ ഇതാണ്’ എന്നു ചൂണ്ടിക്കാണിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇസ്‌ലാമോഫോബിയ എന്നത് കേവലം അറിവില്ലായ്മയല്ല, മറിച്ച് പലതരം മനഃശാസ്ത്ര പ്രക്രിയകളിലൂടെയും നമ്മുടെ മനസ്സില്‍ നിര്‍മ്മിച്ചെടുക്കുന്ന ഒന്നാണ്. ഒരു മുസ് ലിം വ്യക്തിയെ വിമര്‍ശിക്കുന്നത് സ്വാഭാവികമായി ഇസ്‌ലാമോഫോബിയ ആകണമെന്നില്ല. പക്ഷേ, ആ വിമര്‍ശനം ഏതു ഭാഷയിലാണ് അവതരിപ്പിക്കപ്പെടുന്നത്, അത് ഏതു തരം പൊതുവായ ധാരണകളെയാണ് ആശ്രയിക്കുന്നത് എന്നതു ശ്രദ്ധിക്കേണ്ടതാണ്.