2026 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ കടവൂർ ജങ്ഷനിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ബ്രസീൽ പതാകകളും ബാനറുകളും നിർബന്ധിപ്പിച്ചു അഴിപ്പിച്ച സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 2026 ജൂൺ 13 ശനിയാഴ്ച രാത്രിയാണ് ഈ സംഭവങ്ങളുടെ തുടക്കം. ലോകകപ്പ് ആവേശം പങ്കുവെക്കാൻ ഒരു കൂട്ടം യുവാക്കൾ കവലയിൽ ബ്രസീലിൻ്റെ പച്ചയും മഞ്ഞയും കലർന്ന ദേശീയ പതാകകൾ ഉയർത്തുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകർ ഈ കൊടികൾക്ക് പാകിസ്ഥാൻ്റെ ദേശീയ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിക്കുകയും ആ പ്രദേശത്ത് പച്ച നിറമുള്ള കൊടികൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇവരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് യുവാക്കൾക്ക് ആദ്യതവണ കൊടികൾ അവിടെനിന്ന് മാറ്റേണ്ടി വന്നു. എന്നാൽ കായികപ്രേമികളായ ഈ യുവാക്കൾ തങ്ങളുടെ ലോകകപ്പ് ആവേശം കൈവിടാതെ ബ്രസീലിൻ്റെ പതാകകൾ മുൻപത്തേക്കാൾ കൂടുതൽ ഉയരത്തിൽ വീണ്ടും സ്ഥാപിച്ചു. ഇതോടെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കൊടികൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ യുവാക്കൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിൻ്റെയും പ്രാദേശിക ആർ.എസ്.എസ്പ്ര വർത്തകരുടെയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ യുവാക്കൾക്ക് രണ്ടാം തവണയും പതാകകൾ പൂർണ്ണമായി അഴിപ്പിച്ചു മാറ്റേണ്ടി വരികയായിരുന്നു
(2026 ജൂൺ 15, ദേശാഭിമാനി ദിനപ്പത്രം).
2022ലെ ലോകകപ്പ് ഖത്തറില്‍ അരങ്ങേറിയ സമയത്ത് കേരളീയരുടെ ഫുട്ബോള്ഹരം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. മലയാളികളായ അര്‍ജന്റീന, ബ്രസീല്‍ ആരാധകരെ ഫിഫയും പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനത്തോടെ പ്രതികരിച്ചു. വിവിധ രാഷ്ട്രങ്ങളുടെ കൊടിവീശിക്കൊണ്ട് ധാരാളം പ്രകടനങ്ങളാണ് ആ സമയത്ത് നടന്നത്.എന്നാല്‍ ഇതേ രീതിയില്‍ കൊടിവീശിയ സൗദി ഫുട്ബോള്‍ ആരാധകര്‍ക്കെതിരേ വ്യാപകമായ കുപ്രചരണം ഉയര്‍ന്നു. ആ രാജ്യത്തോടുള്ള തങ്ങളുടെ ആഭിമുഖ്യത്തിന്റെ കാരണം വ്യക്തമാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി (‘അന്നം തരുന്ന നാടിനെ ഇടനെഞ്ചിലേറ്റി, സൗദി അറേബ്യയുടെ ഫ്ളക്സുമായി പ്രവാസികള്‍’ (മീഡിയാ വണ്‍ 2022 നവംബര്‍ 14) . അര്‍ജന്റീന, ബ്രസീല്‍ പതാകകളുണ്ടാക്കുന്ന പ്രതികരണമല്ല സോഷ്യല്‍ മീഡിയയില്‍ സൗദി പതാകയുണ്ടാക്കിയത്. 2018 ലെ ലോകകപ്പിന്റെ സമയത്ത് സമാനമായ പ്രചാരണം മലപ്പുറത്തിനെതിരെ നടന്നിരുന്നു (സ്ക്രീൻഷോട്ട് കാണുക).

2022-ൽ ഖത്തർ ലോകകപ്പ് നടന്ന സമയത്ത് കേരളത്തിൽ വലിയ തോതിലുള്ള ഇസ്ലാമോഫോബിക് വിദ്വേഷപ്രചാരണങ്ങളാണ് നടന്നത്. സാധാരണയായി ഒരു രാജ്യത്ത് ഒരു കായികമത്സരം നടക്കുമ്പോൾ ഉയരുന്ന ഫുട്ബോൾ സംബന്ധിയായ ചർച്ചകൾ മാത്രമല്ല അന്ന് കേരളത്തിൽ നടന്നത്. ഖത്തറിന്റെ മതം, സംസ്കാരം, ആചാരം, വേഷം എന്നിവ മുതൽ ജിയോപൊളിറ്റിക്സ്, ഇറാൻ, സൗദി അറേബ്യ, പശ്ചിമേഷ്യൻ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ വരെ കേരളത്തിലെ പൊതുചർച്ചകളിൽ ഇടംപിടിച്ചു.
എന്നാൽ ഈ ചർച്ചകൾ പലപ്പോഴും ഖത്തറിനെക്കുറിച്ചുള്ള രാഷ്ട്രീയ വിമർശനങ്ങളിലോ സാംസ്കാരിക നിരീക്ഷണങ്ങളിലോ മാത്രം ഒതുങ്ങിയില്ല. അവ കേരളത്തിലെ മുസ്ലിംകളെക്കുറിച്ചുള്ള വംശീയവൽക്കരിച്ച വിദ്വേഷപ്രചാരണങ്ങളിലേക്കും നീങ്ങി. അന്നത്തെ ഘട്ടത്തിൽ കേരളത്തിലെ ഓൺലൈൻ ഇടങ്ങളിൽ ശക്തമായി വ്യാപിച്ചുതുടങ്ങിയ മുസ്ലിംവിരുദ്ധ വിദ്വേഷപ്രചാരണങ്ങളുടെ വലിയൊരു നിര ഖത്തർ ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിലൂടെയും ദൃശ്യമായി.ഇത്തരം പ്രചാരണങ്ങൾ ഖത്തറിനെയോ ലോകകപ്പിനെയോ മാത്രം ലക്ഷ്യമാക്കിയിരുന്നില്ല. മറിച്ച്, കേരളത്തിലെ മുസ്ലിംകളുടെ മതപരമായ ജീവിതം, സാംസ്കാരിക അടയാളങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, ആഗോള മുസ്ലിം സമൂഹങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയെല്ലാം സംശയത്തിന്റെയും പരിഹാസത്തിന്റെയും വിദ്വേഷത്തിന്റെയും വിഷയങ്ങളാക്കി മാറ്റുന്ന രീതിയിലാണ് അവ പ്രവർത്തിച്ചത്.
അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന ലോകകപ്പായാലും, 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പായാലും, ആ രാജ്യങ്ങളുടെ മതപരമായ നിലപാടുകൾ, രാഷ്ട്രീയ നിലപാടുകൾ, ദേശീയ സാംസ്കാരിക നിലപാടുകൾ, ലൈംഗികതയെക്കുറിച്ചുള്ള സമീപനങ്ങൾ, വസ്ത്രധാരണം, ഭക്ഷണസംസ്കാരം തുടങ്ങിയവ ഇതുപോലെ വലിയ ചർച്ചയായിരുന്നില്ല.എന്നാൽ ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചയിൽ മതം — പ്രത്യേകിച്ച് ഇസ്ലാം — ഒരു മുഖ്യ ഘടകമായി തുടർച്ചയായി മുന്നോട്ടുവെക്കപ്പെട്ടു. അമേരിക്കയുടെയും റഷ്യയുടെയും മതപരമായ നിലപാടുകൾ ലോകകപ്പ് ചർച്ചകളിൽ ഇത്തരത്തിൽ കേന്ദ്രവിഷയമാക്കപ്പെട്ടില്ല. ഖത്തറിനെക്കുറിച്ചുള്ള ചർച്ചയിൽ അധികമായി മുഴങ്ങിയത് “ഇസ്ലാം” എന്ന ഘടകമായിരുന്നു; മറ്റ് എല്ലാ ഘടകങ്ങളും അതിന്റെ പിന്നിലേക്ക് മാറ്റപ്പെട്ടു.ഇപ്പോൾ അമേരിക്കയിൽ നടക്കുന്ന ലോകകപ്പും 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പും ഖത്തർ ലോകകപ്പിനെപ്പോലെ കേരളത്തിൽ വലിയ രാഷ്ട്രീയ-സാംസ്കാരിക ചർച്ചയായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതാണ് ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം.
ഈ സാഹചര്യത്തിലാണ് ഖത്തർ ലോകകപ്പിനെ സംബന്ധിച്ചുണ്ടായ ഇസ്ലാമോഫോബിക് വിദ്വേഷപ്രചാരണങ്ങളുടെ രേഖാശേഖരം പ്രസക്തമാകുന്നത്. ഒരു കായികമേളയെ ചുറ്റിപ്പറ്റിയുള്ള ചർച്ച എങ്ങനെ കേരളത്തിൽ മുസ്ലിംകളെ ലക്ഷ്യമാക്കിയ സാമൂഹിക-രാഷ്ട്രീയ വിദ്വേഷപ്രചാരണമായി മാറി എന്നത് മനസ്സിലാക്കാൻ ഈ രേഖാശേഖരം പ്രധാനപ്പെട്ടതാണ്:
ഖത്തറിന്റെ ഇനിയുള്ള കുറച്ചു നാളത്തേക്കെങ്കിലും അവരുടെ വിശുദ്ധ ഗ്രന്ഥമെന്ന് പറയുന്നത് ഖുർആൻ അല്ല, മറിച്ച് ഫിഫ നിയമാവലിയാണ്.
രാജൻ ജോസഫ്: മിഷേൽ പ്ലാറ്റിനിയാണ് അതിനുള്ള എല്ലാ കളികളും കളിച്ചിരുന്നത്. ഓക്കേ, അതുപോട്ടെ. അങ്ങനെ ഇത് ബിഡ് ചെയ്തു. ബിഡ് ചെയ്തപ്പോൾ ഇപ്പോൾ എന്താണെന്ന് വെച്ചാൽ, കയ്യിലുള്ള പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ച അവസ്ഥയിലാണ് ഖത്തർ നിൽക്കുന്നത്. ഫിറോസ് നേരത്തെ പറഞ്ഞതുപോലെതന്നെ, ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിന്റെ, ഇനിയുള്ള കുറച്ചു നാളത്തേക്കെങ്കിലും, അവരുടെ വിശുദ്ധ ഗ്രന്ഥമെന്ന് പറയുന്നത് ഖുർആൻ അല്ല; മറിച്ച് ഫിഫ നിയമാവലിയാണ്. അതിലേക്കാണ് മാറുന്നത്. ഈ സ്വവർഗാനുരാഗം, അതേപോലെതന്നെ വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികബന്ധം, പരസ്യ മദ്യപാനം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും വിലക്കുള്ള ഒരു നാട്ടിൽ എൽ.ജി.ബി.ടി എന്നൊന്നും പറയാൻപോലും പറ്റാത്ത സ്ഥലമാണ് (കേരളത്തിലെ ഉസ്താദുമാരെ സർക്കാർ ചെലവിൽ ലോകകപ്പ് കാണിക്കണം!, എബിസി മലയാളം, 5 ഒക്ടോബർ 2022, രാജൻ ജോസഫ്).
ഖത്തറിന് എല്ലാ കാര്യത്തിലും ഇത്തരമൊരു കുറച്ച് തീവ്രവാദ മൈൻഡ് ഉണ്ട്, കാരണം അവരെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആളുകളാണ്.
രാജൻ ജോസഫ്: ഇവരുടെ അതേ സമാന സ്വഭാവമുണ്ട്. ഇപ്പോൾ ആലോചിച്ചു നോക്ക്, ഇവർക്ക് ചൊറിച്ചിൽ കുറച്ച് കൂടുതലുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ, നൂപുർ ശർമ്മയുടെ വിവാദം വന്നപ്പോൾ നൂപുർ ശർമ്മയെ ബിജെപി ആ സ്ഥാനത്തുനിന്ന് എടുത്തുമാറ്റി. ഖത്തർ പിന്നെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തിയിട്ട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഇവർക്കെന്താണ് ചോദിക്കാൻ അവകാശം? ഇവിടെ സരസ്വതിയുടെ ചിത്രം വരച്ച എം.എഫ്. ഹുസൈന് അവർ രാഷ്ട്രീയ അഭയം കൊടുത്തു. എം.എഫ്. ഹുസൈനെ ആരും കൊല്ലാനും തല്ലാനും ഒന്നും പോയിട്ടില്ല. രാഷ്ട്രീയ അഭയം കൊടുത്തു. അപ്പോൾ ഖത്തറിന് എല്ലാ കാര്യത്തിലും ഇത്തരമൊരു കുറച്ച് തീവ്രവാദ മൈൻഡ് ഉണ്ട്. കാരണം അവരെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആളുകളാണ്; അവരുടെ എല്ലാം ബുദ്ധിപരമായിട്ടുള്ള മേധാവിത്വം. ഒ അബ്ദുല്ല മുമ്പ് പറഞ്ഞിട്ടുണ്ട്: ഖത്തറിൽ പണ്ട് തന്നെ ചില ആളുകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതായത് നമ്മുടെ നാട്ടിലെ ജമാഅത്തെ ഇസ്ലാമിയുടെ, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അതേ പതിപ്പാണ് ബ്രദർഹുഡും. ഖത്തറിലെ ഭരണാധികാരികൾ അറിഞ്ഞോ അറിയാതെയോ ഇവരുടെ കെണിയിൽ പെട്ടുപോയിട്ടുണ്ട്. അത് പോട്ടെ. ഇത്തരം ഇസ്ലാമിക നിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക് ആ ഇസ്ലാമിക നിയമത്തിനകത്ത് വെള്ളം ചേർക്കേണ്ടിവരുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം (കേരളത്തിലെ ഉസ്താദുമാരെ സർക്കാർ ചെലവിൽ ലോകകപ്പ് കാണിക്കണം!, എബിസി മലയാളം, 5 ഒക്ടോബർ 2022, രാജൻ ജോസഫ്).
ഇവരാരും കാണാത്തപോലെ ഷാംപെയിനൊക്കെ റോഡിലിരുന്ന് പൊട്ടിച്ച് കുടിക്കാൻ പോകും
രാജൻ ജോസഫ്: സ്വിറ്റ്സർലൻഡിലെ പോലീസിനെയാണ് ഇതിന്റെ ക്രമസമാധാനം ഏൽപ്പിച്ചിരിക്കുന്നത്. കാരണം ഖത്തറിലെ പോലീസ് — ഒന്ന്, എല്ലാവർക്കും ഇംഗ്ലീഷ് അറിയത്തില്ല; പാവങ്ങളാണ്, പോലീസുകാർ മര്യാദക്കാരാണ്. നമ്മുടെ പോലീസുകാരെപ്പോലെ തല്ലാനോ ഒന്നും വരത്തില്ല. വളരെ ഭവ്യതയോടുകൂടി സംസാരിക്കും, ആ പാവങ്ങളാണ്. പക്ഷേ, എന്ന് വെച്ചാൽ, ഈ സാധുക്കളെക്കൊണ്ടൊന്നും കൈകാര്യം ചെയ്യാൻ കഴിയത്തില്ല; കൈകാര്യം ചെയ്യാൻ കഴിയത്തില്ല. ഇവന്മാരെ ഏൽപ്പിച്ചാൽ ഇവന്മാർ വേണമെങ്കിൽ ഇത്… ഇവരാരും കാണാത്തപോലെ ഷാംപെയിനൊക്കെ റോഡിലിരുന്ന് പൊട്ടിച്ച് കുടിക്കാൻ പോകും, ഫിറോസേ, ഖത്തറിന്റെ തെരുവുകളിൽ (കേരളത്തിലെ ഉസ്താദുമാരെ സർക്കാർ ചെലവിൽ ലോകകപ്പ് കാണിക്കണം!, എബിസി മലയാളം, 5 ഒക്ടോബർ 2022, രാജൻ ജോസഫ്).

വരൂ, കുടിക്കൂ, അർമാദിക്കൂ എന്നാണ് ഖത്തർ ലോകകപ്പ് പറയുന്നത്.
രാജൻ ജോസഫ്: അറബികളും കുറച്ച് ഖത്തറികളും എന്നെക്കൊണ്ട് മദ്യം മേടിപ്പിച്ചിട്ടുണ്ട്. റമദാൻ കാലത്ത് അവിടെ ഈ ബാറുകൾ അടച്ചിടും. റമദാൻ കാലത്ത് ഞാൻ അവസാനം യുഎസ് കമ്പനിയിൽ ഒക്കെ ജോലി ചെയ്യുമ്പോൾ, അന്നാണ് ഈ ഇംഗ്ലീഷുകാരൊക്കെ നമ്മളെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കുടിക്കാൻ തുടങ്ങിയത്. അന്ന് അവർക്ക് വലിയ ഇഷ്ടമായി. ആ സമയത്ത് അങ്ങനെ ഒരു ചർച്ച മദ്യത്തെക്കുറിച്ച് ഉണ്ടല്ലോ. അപ്പോൾ പറഞ്ഞു വന്നത്, ഇത്രയും കാലം ഇതിനൊരു മറയുണ്ടായിരുന്നെങ്കിൽ, ഇനിയിപ്പോൾ ഇവർ പരസ്യമായിട്ട് പറയുന്നത് ഇങ്ങനെയാണ് — വരൂ, കുടിക്കൂ, അർമാദിക്കൂ എന്നാണ് ഖത്തർ ലോകകപ്പ് പറയുന്നത് (കേരളത്തിലെ ഉസ്താദുമാരെ സർക്കാർ ചെലവിൽ ലോകകപ്പ് കാണിക്കണം!, എബിസി മലയാളം, 5 ഒക്ടോബർ 2022, രാജൻ ജോസഫ്).
ഭയങ്കര ഇളക്കമാണ് ഉണ്ടാക്കാൻ പോകുന്നത്. അതായത് ഈ പറയുന്ന ഇറാനിൽ പോലുമുണ്ടാകും.
മാത്യു സാമുവൽ: അതായത്, നമുക്കറിയാം, ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർ, അതേപോലെ പല രാജ്യത്തും പല രീതിയിലുള്ള ഭ്രാന്തന്മാർ — ഈ ഫുട്ബോൾ ഭ്രാന്തന്മാരുണ്ട്. അപ്പോൾ ഇതേപോലെ ഈ പങ്കെടുക്കുന്ന രാജ്യങ്ങളുണ്ട് — ഇപ്പോൾ ബ്രസീൽ. അപ്പോൾ ബ്രസീലിന്റെ സാംബ അവിടെ ഭയങ്കരമായിട്ട് സ്റ്റേഡിയങ്ങളിലും പുറത്തുമൊക്കെ ഭയങ്കര സംഭവമാണ്. അതായത്, ഇസ്ലാമിക രാജ്യങ്ങളിൽ പലതിനും മതവുമായി ബന്ധപ്പെട്ട് ഒരു റെസ്ട്രിക്ഷൻ ഉണ്ട്. അവർക്ക് ഇന്നതേ ചെയ്യാൻ പാടുള്ളൂ, ഇന്ന വസ്ത്രങ്ങൾ… അപ്പോൾ സ്ത്രീകൾക്കുമുണ്ട്, ഈ പറയുന്ന പുരുഷന്മാർക്കും മദ്യപിച്ച് റോഡിലൂടെ നടക്കാനൊന്നും പറ്റുന്നുമില്ല. അപ്പോൾ ആ റെസ്ട്രിക്ഷനിൽ ഉണ്ടാകുന്ന ഒരു മാറ്റം ഈ പറയുന്ന അറേബ്യൻ രാജ്യങ്ങളിൽ… കാരണം മൂന്നോ നാലോ അറേബ്യൻ രാജ്യങ്ങൾ തന്നെ ഈ ലോകകപ്പിൽ പങ്കെടുക്കുന്നുമുണ്ട്. അപ്പോൾ അത് ഭയങ്കര ഇളക്കമാണ് ഉണ്ടാക്കാൻ പോകുന്നത്. അതായത്, ഈ പറയുന്ന ഇറാനിൽ പോലുമുണ്ടാകും. സിമ്പിൾ ഒന്നുമല്ല, ഇറാനിൽ ഇത് വലിയ ഇഷ്യൂ ആയി, ഭയങ്കര സംഭവമായി മാറും (ഖത്തർ ലോകകപ്പിന് ശേഷം അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കും?, മാത്യു സാമുവൽ, നാരദ ന്യൂസ്, 6 ഏപ്രിൽ 2022).
എല്ലാ ഹോട്ടലുകളും ബാറുകളായി മാറും. കാരണം അതിന് റെസ്ട്രിക്ഷൻ കൊണ്ടുവരാൻ പറ്റില്ല
മാത്യു സാമുവൽ: ഈ കൾച്ചർ ഈ പറയുന്ന അറേബ്യൻ രാജ്യങ്ങളിലെ അറബുകൾ നേരിട്ട് കാണുകയാണ്, അവരുടെ രാജ്യത്ത്. കാരണം അവരുടെ ജീവിതവും അവരുടെ ജീവിതശൈലിയും അവർ ആസ്വദിക്കുന്നു. പിന്നെ ഈ കോവിഡിന് ശേഷമുള്ള വലിയൊരു റിലീഫ് വരാൻ പോവുകയാണ്. അതായത്, രണ്ട് വർഷം അകത്തിരുന്നവർ വന്ന് പൊട്ടിത്തെറിക്കാൻ പോവുകയാണ്. അപ്പോൾ അതും ഇതിന്റെ കൂടെ നടക്കുകയാണ്. അപ്പോൾ ഇതെല്ലാം കൂടെ ചേർന്നുവരുമ്പോൾ, ഈ ലോകകപ്പിന്റെ രണ്ട് മൂന്ന് മാസം മുമ്പ് വേൾഡ് കപ്പ് ഫീവർ സ്റ്റാർട്ട് ചെയ്യും; ഒരു ഫീവർ പോലെ അങ്ങ് സ്റ്റാർട്ട് ചെയ്യും. ലോകം മുഴുവനും ഖത്തറിനെയാണ് വാച്ച് ചെയ്യുന്നത്. അവിടെ നടക്കുന്ന ഓരോ മൂവ്മെന്റുകളും… അതായത്, ഇന്ന് ഡിജിറ്റൽ യുഗമാണ്. പണ്ട് അതായിരുന്നില്ല. അപ്പോൾ അതിന്റെയൊരു വ്യത്യാസമുണ്ട്. കാരണം ഓരോ മൂവ്മെന്റുകളും ഡിജിറ്റൽ ഏജിൽ, ഈ സാധനങ്ങൾ അവരുടെ ഫോണിൽ കിട്ടുകയാണ്.അപ്പോൾ അബ്ദുവിന് അറിയാം, പല വേൾഡ് കപ്പിലുമൊക്കെ സ്ത്രീകൾ വസ്ത്രത്തിന്റെ പകുതി ഊരിക്കളയുന്നതൊക്കെ ടിവിയിൽ കാണുന്നത്. ഇതൊക്കെ ഇവിടെ കാണാൻ പോവുകയാണ്. മനസ്സിലായില്ലേ? തെരുവുകളിൽ കാണാൻ പോവുകയാണ് ഇതൊക്കെ. അപ്പോൾ ഇതിനകത്ത് ഈ പറയുന്ന പോലീസിന് ഈ പറയുന്ന റെസ്ട്രിക്ഷൻ കൊണ്ടുവരാനും പറ്റത്തില്ല. കാരണം ഫിഫയുടെ ചില നിയമങ്ങളൊക്കെ ഉണ്ട്. ഇതെല്ലാം സൈൻ ചെയ്ത ശേഷമാണ് ഈ കോർട്ടിലേക്ക് വരുന്നത്. മറ്റുള്ള രാജ്യങ്ങളിലും, മറ്റുള്ള അറേബ്യൻ രാജ്യങ്ങളിലും, ഈ പറയുന്ന റെസ്ട്രിക്ഷൻ കൊണ്ടുവരാൻ പറ്റത്തില്ല. ഈ പറയുന്ന അവിടെയുള്ള എല്ലാ ഹോട്ടലുകളും ബാറുകളായി മാറും. കാരണം അതിന് റെസ്ട്രിക്ഷൻ കൊണ്ടുവരാൻ പറ്റില്ല. കാരണം ഭയങ്കര വിമർശനം ഉണ്ടാകും, ലോകം മുഴുവൻ. പിന്നെ എന്തിനാണ് ഇവിടെ നടത്തിയത് എന്ന് ചോദിക്കും (ഖത്തർ ലോകകപ്പിന് ശേഷം അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കും?, മാത്യു സാമുവൽ, നാരദ ന്യൂസ്, 6 ഏപ്രിൽ 2022).
ഇസ്ലാമിക് കൾച്ചറിന്റെ ഭാഗമായി റെസ്ട്രിക്ഷൻസ് ഉണ്ട്. ആ റെസ്ട്രിക്ഷൻ ബ്രേക്ക് ചെയ്യും ഇപ്രാവശ്യം, ഈ വേൾഡ് കപ്പോടുകൂടി
മാത്യു സാമുവൽ: ടൂറിസം അങ്ങോട്ട് വരും കാരണം അവര്‍ അപ്പോ ഒരു ഫ്രീ നേഷൻ എന്നുള്ള രീതിയിൽ വരും. റെസ്ട്രിക്ഷൻ വന്നാൽ വരില്ല, ഫ്രീ നേഷൻ ‘We can do whatever we want’. അപ്പോ ആ ഒരു കൾച്ചർ ഷിഫ്റ്റ് ഉണ്ടാകുമ്പോൾ ഈ പറയുന്ന ദുബായിൽ നിന്നും കുറച്ചും കൂടെ ഫ്ലെക്സിബിൾ ആക്കി കൊടുക്കും. അപ്പോ ആൾക്കാർക്ക് വരാം, എൻജോയ് ചെയ്യാം, ആ ഒരു രീതിയിലോട്ട് അങ്ങ് പോകും. ഇപ്പോ സൗദി അറേബ്യയിൽ തന്നെ പല അറബ്സും ബഹ്റൈനിൽ വന്നാണ് മദ്യപിക്കുന്നത് . സൗദി അറേബ്യയിൽ ഈ അറബ്സിന് ഇടയ്ക്ക് അവരുടെ ഒരു ഇസ്ലാമിക് കൾച്ചറിന്റെ ഭാഗമായി റെസ്ട്രിക്ഷൻസ് ഉണ്ട്. ആ റെസ്ട്രിക്ഷൻ ബ്രേക്ക് ചെയ്യും ഇപ്രാവശ്യം, ഈ വേൾഡ് കപ്പോടുകൂടി ( ഖത്തർ ലോകകപ്പിന് ശേഷം അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കും? മാത്യു സാമുവൽ , നാരദ ന്യൂസ് , 6 ഏപ്രിൽ 2002)

മുസ്ലിം ക്ലർജീസ് അവരൊക്കെ ബഹളം ഉണ്ടാക്കാൻ തുടങ്ങും ‘ഞങ്ങളുടെ ഹോളി ലാൻഡ്’, ആ പുല്ലൊന്നും നടക്കില്ല
മാത്യു സാമുവൽ: ഈ പറയുന്ന അവിടുത്തെ ക്ലർജികൾ, മുസ്ലിം ക്ലർജികൾ, അവരൊക്കെ ബഹളം ഉണ്ടാക്കാൻ തുടങ്ങും: ‘ഞങ്ങളുടെ ഹോളി ലാൻഡ്’ — ആ പുല്ലൊന്നും നടക്കില്ല. ആൾക്കാർ ഒന്നടങ്കം, ഒറ്റക്കെട്ടായി, ലോകം മുഴുവൻ ഒരു ഫാമിലി ആയിട്ട് എൻജോയ് ചെയ്യും. ആ എൻജോയ്മെന്റിന്റെ അകത്താണ് ഈ പറയുന്ന അറബ് രാജ്യങ്ങളിൽ ഉണ്ടാകാൻ പോകുന്ന അടുത്ത വലിയ മാറ്റം. അത് ഭയങ്കര മാറ്റമുണ്ടാക്കും. കാരണം ഈ പറയുന്ന എല്ലാം ഇതിന്റെ അകത്ത് മിക്സ് ചെയ്യുകയാണ്. അതായത്, ഗ്ലോബൽ കൾച്ചർ കേറി അങ്ങ് അടിക്കുകയാണ് ഇതിന്റെ അകത്തോട്ട് (ഖത്തർ ലോകകപ്പിന് ശേഷം അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കും?, മാത്യു സാമുവൽ, നാരദ ന്യൂസ്, 6 ഏപ്രിൽ 2022).
ഇറാനിൽ പ്രശ്നമുണ്ടാകും
മാത്യു സാമുവൽ: അതെ, ഇറാനിൽ പ്രശ്നമുണ്ടാകും. അതൊരു മറ്റൊരു കൾച്ചറിലോട്ട് കോപ്പി ചെയ്യാനുള്ള പ്രശ്നത്തിലോട്ട് അവർ കടക്കും, കാരണം അവർ നേരിട്ട് കാണുകയാണ്. കാരണം ടിവിയിൽ കൂടെ ഒക്കെ കാണുന്നതിന് പരിമിതിയുണ്ട്. കാരണം ഈ പറയുന്ന പോൺ സൈറ്റുകൾ ഒക്കെ ഇവിടെ ബാൻ ചെയ്തേക്കുകയാണ് അറേബ്യൻ രാജ്യങ്ങളിൽ. മനസ്സിലായില്ലേ? കാരണം അത് ആ റെസ്ട്രിക്ഷന്റെ ഭാഗമായിട്ടാണ്. അപ്പോ ഈ പല കാര്യം—അത് പോൺ സൈറ്റ് വരുന്നു എന്നുള്ള സംഭവമല്ല—അപ്പോ എത്രമാത്രം റെസ്ട്രിക്ഷൻ, ആ റെസ്ട്രിക്ഷനെ മുഴുവനും ബ്രേക്ക് ചെയ്യുകയാണ് വേൾഡ് കപ്പ്. ആ വേൾഡ് കപ്പ് ആണ്, അതുകൊണ്ടാണ് ഞാൻ പറയുന്നത് ആ വേൾഡ് കപ്പ് ഭയങ്കര മാറ്റമുണ്ടാക്കും ഈ അറബ് രാജ്യങ്ങളിൽ. കാരണം ഒരു കാര്യമുണ്ട്, അറബ് രാജ്യങ്ങൾ മാറ്റം മാത്രമല്ല ആ രാജ്യങ്ങളുടെ കുതിപ്പിനും നല്ലതായിരിക്കും. കാരണം മറ്റുള്ള രാജ്യങ്ങൾ… മറ്റുള്ള രാജ്യങ്ങളിൽ പല ആൾക്കാരും, കാരണം എല്ലാവരും വരുമല്ലോ, അവര്‍ അക്സെപ്റ്റ് ചെയ്യാൻ തുടങ്ങും ‘Oh, okay, this is good’. അങ്ങനെ ഒരു അവർ നേരത്തെ കണ്ടിരുന്ന അറബ് രാജ്യങ്ങളിൽ ഒരു വ്യത്യസ്തമായ ഫാന്റസി വേൾഡ് പോലെയായി ഇത് മാറാനുള്ള സാധ്യത ഈ ലോകകപ്പിനുണ്ട് ( ഖത്തർ ലോകകപ്പിന് ശേഷം അറബ് രാജ്യങ്ങളിൽ എന്ത് സംഭവിക്കും? മാത്യു സാമുവൽ , നാരദ ന്യൂസ് , 6 ഏപ്രിൽ 2002).
ഒന്നാമത് ഈ എൽജിബിടിക്യൂവിന്റെ ഇഷ്യൂ, രണ്ടാമത് സ്റ്റേഡിയം പണിത് ഇത്രയും പേര് കൊല്ലപ്പെട്ടു.
മാത്യു സാമുവൽ: ഇതിനകത്ത് ഉദ്ഘാടനത്തിന്റെ ഒരു സെറിമണിയുണ്ട്. അത് ഗംഭീരമായിട്ട് നടത്തി. പക്ഷേ ലോകം—പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെ മീഡിയ, ബിബിസി ഉൾപ്പെടെയുള്ള മീഡിയ, യൂറോപ്പ് രാജ്യങ്ങളിലെ മീഡിയ—അപ്പോ ഇവരെല്ലാം ഉദ്ഘാടന സെറിമണി അവർ ടെലികാസ്റ്റ് ചെയ്തില്ല. അതിനകത്ത് വലിയ മനുഷ്യാവകാശം ഒന്ന്. കമന്റേറ്റർ ഒക്കെ വളരെ മോശമായിട്ടാണ് ഇവരെ ക്രിട്ടിസൈസ് ചെയ്തത്. ഖത്തറിനെയും ഖത്തർ വേൾഡ് കപ്പ് നടത്തിയവരെയും ഫിഫയും ഉൾപ്പെടെ.ഒന്നാമത് ഈ എൽജിബിടിക്യൂവിന്റെ ഇഷ്യൂ, രണ്ടാമത് ആ സ്റ്റേഡിയം പണിത് ഇത്രയും പേര് കൊല്ലപ്പെട്ടു. അതിനെ പല രീതിയിലുള്ള ഒരു തെറ്റായ രീതിയിൽ ഖത്തർ ഗവൺമെന്റ് അതിന്റെ മാനേജ്മെന്റ് അതിന് വ്യാഖ്യാനം കൊടുത്തു. പലർക്കും പണം ഇന്നും കിട്ടാനുണ്ട്. അങ്ങനെ പല ഇഷ്യൂസ്. അതിന്റെ പേരിലാണ് അവർ ഉദ്ഘാടനത്തിന്റെ സെറിമണി ടെലികാസ്റ്റ് ചെയ്തില്ല (ഫിഫാ കപ്പ് ഫ്രാൻസിന് | ലോകകപ്പ് അവലോകനം, മാത്യു സാമുവൽ , നാരദ ന്യൂസ് 21 നവംബർ 2022)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഡിജിറ്റൽ തലമുറയിലുള്ള ജനങ്ങൾക്ക് വേണ്ടി എഴുതിയതല്ല ഈ ഗ്രന്ഥങ്ങളൊന്നും. അവിടെ ജീവിക്കുന്ന മണലാരണ്യത്തിൽ ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടി എഴുതിയതാണ്

മാത്യു സാമുവൽ: കഴിഞ്ഞ ലോകകപ്പ് — അതായത് റഷ്യ വേൾഡ് കപ്പിൽ — എത്ര പേരാണ് കളി കണ്ടത്? ഏകദേശം, അതായത് 2018-ൽ, 350 കോടി ജനങ്ങൾ കളി കണ്ടു; ഫിഫ വേൾഡ് കപ്പ് കണ്ടു എന്നാണ് ഫിഫ പറയുന്നത്. അതേപോലെ ഫിഫ പറഞ്ഞു, ഖത്തർ വേൾഡ് കപ്പ് ഏകദേശം 400–450 കോടി ജനങ്ങൾ കാണും. ഇത്രയും കൂടാൻ പ്രത്യേക കാരണങ്ങളുണ്ട്. ഒന്നാമത്, ഡിജിറ്റൽ കൂടുതൽ ആഴത്തിലേക്ക് പോയി. പിന്നെ മൊബൈലിൽ കളി കാണാം. അതിന്റെ ആക്സസിബിലിറ്റിയും, ഇന്റർനെറ്റിന്റെയും വൈഫൈയുടെയും ആക്സസിബിലിറ്റിയും ലോകം മുഴുവനുമായി. കളി കാണും. ഉറപ്പായിട്ടും ആരാധനയും ആരാധനാമൂർത്തികളും ഉണ്ടാകും, ടീമിനോടുള്ള സ്പിരിറ്റ് (spirit) ഉണ്ടാകും. ഇത് ലോകം മുഴുവനുമുണ്ട്. ആ ഫൈസി കൂടത്തായി എന്ന് പറഞ്ഞ അപരിഷ്കൃതനോട് പറഞ്ഞുകൊടുക്കണം, ഇത് ലോകം മുഴുവനുമുണ്ട്.
അറേബ്യൻ രാജ്യങ്ങളിലും ഉണ്ട്. അറേബ്യൻ രാജ്യങ്ങൾ ഈ പറയുന്ന മലബാറിനേക്കാളൊക്കെ എത്രയോ മുമ്പ് ഇസ്ലാം മതം സ്വീകരിച്ച് അത് പ്രൊപ്പഗേറ്റ് ചെയ്ത രാജ്യങ്ങളിലൊക്കെ ഇതുണ്ട്. അവിടെ, ഈ പറയുന്ന അറേബ്യൻ രാജ്യങ്ങളിൽ, വനിതാ ഫുട്ബോൾ വരെയുണ്ട്. ആലോചിച്ചു നോക്കുക. അവിടെയാണ് സമസ്തയുടെ ഈ നേതാവ്… മനസ്സിലാക്കുക, അടിസ്ഥാനപരമായി ഒരു യുക്തിക്കും നിരക്കാത്ത, ബോധമില്ലാത്ത ഒരു വിഡ്ഢി. ഇതാണ് അദ്ദേഹം പറഞ്ഞത്. ആലോചിച്ചു നോക്കേണ്ട ഒരു വസ്തുതയാണ്, എത്രമാത്രം നിങ്ങൾ ഇതിനെ ഉൾക്കൊള്ളും. ഇതുതന്നെയാണ് നമ്മൾ നേരത്തെ പറഞ്ഞത്.
പിന്നെ മറ്റൊരു ഉസ്താദ് ഏകദേശം ഒരാഴ്ച മുമ്പ് പറഞ്ഞു: ഈ ഫ്ലക്സ് ബോർഡും കട്ടൗട്ടുമൊക്കെ വെക്കുന്നുണ്ട്. അപ്പോൾ അതിനകത്ത് ഈ തുടഭാഗം — അതായത് തൈ (thigh) ഭാഗം — കാണുന്ന രീതിയിൽ, അത് ഇസ്ലാമിൽ ഔറത്ത് എന്ന് പറഞ്ഞൊരു സംഭവമാണ്, അത് ഹറാമാണ്. ആലോചിച്ചു നോക്കുക, മറ്റൊരു വിഡ്ഢി. ഇവർ… ഇത്രമാത്രം കുലുങ്ങുന്നതാണോ ഈ സാധനം? ഇത്രയും ഭയമാണോ? അതായത് സ്ത്രീകൾ മയങ്ങി വീഴും, അതാണ് ഈ പറയുന്നത്. അതായത് എനിക്ക് അറിയത്തില്ല കേട്ടോ. സത്യം പറഞ്ഞാൽ, ഞാൻ ഈ പറയുന്ന മതഗ്രന്ഥം ഇതിനെപ്പറ്റി അവിടെയിവിടെയൊക്കെ വായിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി ചില പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ഇതൊക്കെ ഇതിനകത്ത് എഴുതിയിട്ടുണ്ടോ എന്ന് എനിക്ക് അറിയത്തില്ല. ഉറപ്പായിട്ടും ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ, ഇത് അപരിഷ്കൃതം തന്നെയാണ്.
അതായത് ഞാൻ പണ്ടുമുതലേ പറയുന്നൊരു സംഭവമുണ്ട് — ഈ മതഗ്രന്ഥങ്ങളൊക്കെ അന്നത്തെക്കാലത്ത്, എഴുതിയ കാലത്തെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഡിജിറ്റൽ തലമുറയിലുള്ള ജനങ്ങൾക്ക് വേണ്ടി എഴുതിയതല്ല ഈ ഗ്രന്ഥങ്ങളൊന്നും. ഇതൊക്കെ ഞാൻ പല ആവർത്തി പറഞ്ഞിട്ടുണ്ട്. അവിടെ ജീവിക്കുന്ന, മണലാരണ്യത്തിൽ ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടി എഴുതിയതാണ് (സാംസ്കാരിക കേരളം ഇത് അനുവദിച്ചു കൊടുക്കരുത്, മാത്യു സാമുവൽ, നാരദ ന്യൂസ്, 25 നവംബർ 2022).
കേരള കൌമുദി വാർത്ത ( 18 നവംബർ 2022)

ടി ജി മോഹൻദാസ് ( 19 ഡിസംബർ 2022)
