യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ‘അദറിംഗ് ആൻഡ് ബിലോങ്ങിംഗ് ഇൻസ്റ്റിറ്റ്യൂട്ട്’ (Othering & Belonging Institute) 2021-ൽ പ്രസിദ്ധീകരിച്ച “മുസ്‌ലിംകളുടെ കണ്ണിലൂടെ ഇസ്‌ലാമോഫോബിയ: ധാരണകൾ, അനുഭവങ്ങൾ, പ്രത്യാഘാതങ്ങൾ” റിപ്പോർട്ട് സമകാലീന ഇസ്‌ലാമോഫോബിയ പഠനങ്ങളിലെ സുപ്രധാനമായ അനുഭവ കേന്ദ്രീകൃതമായ സംഭാവനകളിൽ ഒന്നാണ്. 2020 ഒക്ടോബറിനും നവംബറിനുമിടയിൽ അമേരിക്കയിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ 1,123 മുസ്‌ലിംകളിൽ നിന്ന് ശേഖരിച്ച സർവ്വേ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്നതിൽ മുസ്‌ലിം ശബ്ദങ്ങളെയും, അവരുടെ കാഴ്ചപ്പാടുകളെയും, ജീവിതാനുഭവങ്ങളെയും വ്യവസ്ഥാപിതമായി കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചുരുക്കം ചില പഠനങ്ങളിൽ ഒന്നാണിത്.
ഈ റിപ്പോർട്ടിന്റെ പ്രാധാന്യം അത് അവതരിപ്പിക്കുന്ന കണക്കുകളിൽ മാത്രമല്ല, മറിച്ച് അത് നിർവ്വഹിക്കുന്ന രീതിശാസ്ത്രപരവും രാഷ്ട്രീയവുമായ ഊന്നൽ ആണ് . സെപ്റ്റംബർ 11-ന് ശേഷമുള്ള ഏകദേശം രണ്ട് പതിറ്റാണ്ടുകളിൽ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള രചനകളിൽ അധികവും കേന്ദ്രീകരിച്ചിരുന്നത് ഭരണകൂട നയങ്ങൾ, മാധ്യമ സംവാദങ്ങൾ, ഭീകരവാദ പഠനങ്ങൾ, തീവ്രവാദ വിരുദ്ധ ചട്ടക്കൂടുകൾ, മുസ്‌ലിം വിരുദ്ധ വംശീയതയുടെ ആശയപരമായ സാങ്കേതിക സംവിധാനങ്ങൾ എന്നിവയിലായിരുന്നു. മുസ്‌ലിംകൾ പലപ്പോഴും ചർച്ച ചെയ്യപ്പെടേണ്ടവരോ, നിരീക്ഷിക്കപ്പെടേണ്ടവരോ, ദേശീയ മുഖ്യധാരയിൽ ലയിപ്പിക്കപ്പെടേണ്ടവരോ അല്ലെങ്കിൽ ഭയപ്പെടേണ്ടവരോ ആയ ‘വസ്തുക്കൾ’ മാത്രമായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ജീവിതാനുഭവങ്ങളിൽ നിന്ന് ഇസ്‌ലാമോഫോബിയയുടെ വൈകാരികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ വിവരിക്കാൻ ശേഷിയുള്ള ‘സംസാരിക്കുന്ന കർതൃത്വങ്ങളായി’ (speaking subjects) അവർ പരിഗണിക്കപ്പെട്ടത് അപൂർവ്വമായി മാത്രമായിരുന്നു. ഈ റിപ്പോർട്ട് ആ ഒരു വശത്തിൽ കേന്ദ്രീകരിക്കുന്നു.
ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതിന് പകരം, ഇസ്‌ലാമോഫോബിയ ഇതിനകം തന്നെ മുസ്‌ലിം ജീവിതത്തെ രൂപപ്പെടുത്തിക്കഴിഞ്ഞു എന്ന അംഗീകരണത്തിൽ നിന്നാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. അതിനാൽ, ഇത് തീർത്തും വ്യത്യസ്തങ്ങളായ മറ്റൊരു കൂട്ടം ചോദ്യങ്ങളാണ് ചോദിക്കുന്നത്:
* മുസ്‌ലിംകൾ ഇസ്‌ലാമോഫോബിയയെ എങ്ങനെ ഗ്രഹിക്കുന്നു?
* അത് ദൈനംദിന ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു?
* മാനസികാരോഗ്യം, സാമൂഹിക ബന്ധങ്ങൾ, രാഷ്ട്രീയ പങ്കാളിത്തം, അസ്തിത്വം (belonging) എന്നിവയെ അത് എങ്ങനെ ബാധിക്കുന്നു?
* നിരന്തരമായ സംശയത്തിന്റെ സാഹചര്യങ്ങളിൽ എങ്ങനെയുള്ള വൈകാരിക ലോകങ്ങളാണ് രൂപപ്പെടുന്നത്?
ഈ ചോദ്യങ്ങൾ ഇസ്‌ലാമോഫോബിയ പഠനങ്ങളിൽ ഈ റിപ്പോർട്ടിനെ സവിശേഷമാക്കുന്നു. കാരണം, അവ ചർച്ചയെ വെറുപ്പിന്റെ കുറ്റകൃത്യങ്ങളുടെ (hate-crime) കണക്കുകൾക്കും പൊതുനയങ്ങൾക്കും അപ്പുറത്തേക്ക് വികാരം, മനഃശാസ്ത്രം, വ്യക്തിത്വ രൂപീകരണം, സാമൂഹിക അസ്തിത്വം എന്നിവയുടെ സൂക്ഷ്മ തലങ്ങളിലേക്ക് നയിക്കുന്നു.
അതിന്റെ കണ്ടെത്തലുകൾ തികച്ചും കണ്ണുതുറപ്പിക്കുന്നതാണ്. ഏതാണ്ട് 98% പ്രതികരണക്കാരും അമേരിക്കയിൽ ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു, 95% പേർ ഇതിനെ ഗുരുതരമായ സാമൂഹിക പ്രശ്നമായി കണക്കാക്കുന്നു. മൂന്നിൽ രണ്ട് ഭാഗത്തിലധികം (67.5%) പേരും തങ്ങളുടെ ജീവിതകാലത്ത് വ്യക്തിപരമായി ഇസ്‌ലാമോഫോബിയ അനുഭവിച്ചതായി റിപ്പോർട്ട് ചെയ്തു. അവരിൽ 76% പേരും അതിന് മുമ്പുള്ള പന്ത്രണ്ട് മാസത്തിനുള്ളിൽ l അത് അനുഭവിച്ചവരാണ്.
റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകൾ:
* 88.2% പേരും മോശമായ പ്രതികരണങ്ങളെ ഭയന്ന് തങ്ങളുടെ സംസാരത്തിലോ പ്രവൃത്തിയിലോ സ്വയം നിയന്ത്രണം (self-censorahip ) ഏർപ്പെടുത്തുന്നു;
* 93.7% പേർ ഇസ്‌ലാമോഫോബിയ തങ്ങളുടെ വൈകാരികവും മാനസികവുമായ സ്ഥൈര്യത്തെ ബാധിക്കുന്നതായി പ്രസ്താവിച്ചു;
* 79.2% പേർ മുസ്‌ലിം ഇതര വിഭാഗങ്ങളുമായി സാമൂഹിക ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് ഇസ്‌ലാമോഫോബിയ തങ്ങളെ തടയുന്നതായി കരുതുന്നു.
* 76.5% പേർ രാഷ്ട്രീയ അധികാരികളോട് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു;
* 53.3% പേർ തങ്ങളുടെ മതപരമായ വ്യക്തിത്വം കാരണം നിയമപാലകരിൽ നിന്ന് അനീതിയുള്ള പെരുമാറ്റം അനുഭവിച്ചു;
* 62.7% പേർ മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്ന വിവേചനപരമായ ഭരണകൂട നയങ്ങളാൽ നേരിട്ടോ കുടുംബാംഗങ്ങളിലൂടെയോ ബാധിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
മുസ്‌ലിം സ്ത്രീകളാണ് ഇസ്‌ലാമോഫോബിക് ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകാൻ സാധ്യതയുള്ള വിഭാഗമായി കാണപ്പെടുന്നത് എന്ന കണ്ടെത്തലും അത്രതന്നെ പ്രധാനമാണ്. പ്രതികരിച്ചവരിൽ മുക്കാൽ ഭാഗത്തോളം പേരും സ്ത്രീകളെയാണ് ഇസ്‌ലാമോഫോബിയയുടെ പ്രാഥമിക ഇരകളായി തിരിച്ചറിഞ്ഞത്.
ഈ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത് ഇസ്‌ലാമോഫോബിയയെ കേവലം മുൻവിധിയായോ അസഹിഷ്ണുതയായോ മനസ്സിലാക്കാൻ കഴിയില്ല എന്നാണ്. പകരം, വൈകാരിക ജീവിതത്തെ രൂപപ്പെടുത്തുന്ന, പൊതു പെരുമാറ്റത്തെ നിയന്ത്രിക്കുന്ന, പൊതു സംവാദങ്ങളിൽ അച്ചടക്കം പഠിപ്പിക്കുന്ന, സാമൂഹിക ബന്ധങ്ങളെ പുനഃക്രമീകരിക്കുന്ന, അസ്തിത്വത്തെത്തന്നെ അസ്ഥിരപ്പെടുത്തുന്ന ഒരു ‘ഘടന’ (structure) ആയാണ് റിപ്പോർട്ട് ഇസ്‌ലാമോഫോബിയയെ വെളിപ്പെടുത്തുന്നത്. അതിനാൽ, വംശീയവൽക്കരിക്കപ്പെട്ട സുരക്ഷിതത്വമില്ലായ്മയുടെ (racialized insecurity) വിപുലമായ അവസ്ഥയുടെ തെളിവുകളാണ് ഈ സർവ്വേയിലൂടെ പുറത്തുവരുന്നത് .
മുഖ്യധാരാ ചർച്ചകളിൽ നിന്ന് വിഭിന്നമായി അക്രമത്തിന്റെ സൂക്ഷ്മ രൂപങ്ങളെ രേഖപ്പെടുത്തുന്നു എന്നതുകൊണ്ട് ഈ റിപ്പോർട്ട് പ്രത്യേകം ശ്രദ്ധേയമാണ്. ഇസ്‌ലാമോഫോബിയ ഇവിടെ പ്രത്യക്ഷപ്പെടുന്നത് ശാരീരിക ആക്രമണങ്ങളിലോ പ്രകടമായ വിവേചനങ്ങളിലോ മാത്രമല്ല, മറിച്ച് മടുപ്പ്, തളർച്ച, ഭയം, ആശങ്ക, മൗനം, ജാഗ്രത, സ്വയം നിരീക്ഷണം (self-surveillance) എന്നിവയിലുമാണ്. മുസ്‌ലിം വ്യക്തിത്വം സുരക്ഷാപരമായ ഭീഷണിയായി (securitized) മാറ്റപ്പെട്ട ഒരു സമൂഹത്തിൽ തന്റെ ദൃശ്യത, സംസാരം, രൂപം, ചലനം, രാഷ്ട്രീയ ആവിഷ്‌കാരം എന്നിവ നിരന്തരം കണക്കുകൂട്ടേണ്ട ഒരാളായി മുസ്‌ലിം മാറുന്നു.
മുസ്‌ലിം വിരുദ്ധ വിദ്വേഷത്തെ വ്യക്തിപരമായ മുൻവിധികളിലേക്ക് ചുരുക്കുന്ന ലിബറൽ ചട്ടക്കൂടുകൾക്ക് അപ്പുറത്തേക്ക് ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കണമെന്ന് ഈ റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു. വംശീയവൽക്കരണം (racialization), ദേശീയത, സുരക്ഷാ മുൻഗണനകൾ, സെക്യൂരിറ്റി സ്റ്റേറ്റ് എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ട ഒരു ഘടനാപരമായ രാഷ്ട്രീയ പ്രതിഭാസമായാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.
റിപ്പോർട്ടിലെ മൂന്ന് മുതൽ ആറ് വരെയുള്ള ഭാഗങ്ങൾ വലിയ വിശകലങ്ങൾ അർഹിക്കുന്നു. അവ പരിശോധിക്കുന്നത്, ഇസ്‌ലാമോഫോബിയയുമായുള്ള മുസ്‌ലിംകളുടെ ജീവിതാനുഭവങ്ങൾ, മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ, പൗരാവകാശങ്ങളിലും സാമൂഹിക പങ്കാളിത്തത്തിലും ഇസ്‌ലാമോഫോബിയ ചെലുത്തുന്ന സ്വാധീനം, പൗരത്വം, അസ്തിത്വം, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ ധാരണകൾ എന്നിവയാണ്.
പുറമെ നിന്നുള്ള വിവേചനങ്ങളെ രേഖപ്പെടുത്തുന്നതിനപ്പുറം മുസ്‌ലിം അസ്തിത്വത്തിന്റെ ആഭ്യന്തര ലോകത്തേക്ക് (inner life) ഇസ്‌ലാമോഫോബിയ എങ്ങനെ തുളച്ചുകയറുന്നു എന്ന് ഈ ഭാഗങ്ങൾ വ്യക്തമാക്കുന്നു. എങ്ങനെ ഭയം സ്വാഭാവികമാക്കപ്പെടുന്നുവെന്നും (normalized), സ്വയം സെൻസർഷിപ്പ് ശീലമായി മാറുന്നുവെന്നും, സമൂഹങ്ങൾ വിഘടിക്കപ്പെടുന്നുവെന്നും, പൗരത്വം തന്നെ എങ്ങനെ നിബന്ധനകൾക്ക് വിധേയമാക്കപ്പെടുന്നുവെന്നും അവ കാണിച്ചുതരുന്നു. മനഃശാസ്ത്രപരം, വൈകാരികം, സാമൂഹികം, അസ്തിത്വപരം ഈ മാനങ്ങൾ സമകാലീന ഇസ്‌ലാമോഫോബിയ പഠനങ്ങളിൽ പ്രാധാന്യമുള്ളതാനെന്നതാണ് റിപ്പോർട് നൽകുന്ന ഉൾക്കാഴ്ച.
ഇസ്‌ലാമോഫോബിയ വെറും “മുൻവിധി”യോ “ഘടന”യോ?
ഇസ്‌ലാമോഫോബിയയെ പൊതുവെ നിർവ്വചിക്കുന്നത് “മുസ്‌ലിംകളോടോ മുസ്‌ലിംകളായി തോന്നിപ്പിക്കുന്നവരോടോ ഉള്ള പക്ഷപാതം, മുൻവിധി, വെറുപ്പ്, അവഗണന എന്നിവയിൽ വേരൂന്നിയ പ്രവർത്തനങ്ങൾ” എന്നാണ്. വിശകലനത്തിന് ഇത് വളരെ ഉപയോഗപ്രദമാണെങ്കിലും, സർവ്വേയിലെ അനുഭവസിദ്ധമായ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത് വ്യക്തികൾ തമ്മിലുള്ള മുൻവിധിയേക്കാൾ ആഴത്തിലുള്ള ഒന്നിലേക്കാണ്. അവ ഇസ്‌ലാമോഫോബിയയെ അധികാരത്തിന്റെ വംശീയവൽക്കരിക്കപ്പെട്ട ഒരു ഘടനയായി വെളിപ്പെടുത്തുന്നു.
പാശ്ചാത്യ വ്യവഹാരത്തിലെ “മുസ്‌ലിം” എന്നത് കൊളോണിയൽ അറിവ് വ്യവസ്ഥകളിലൂടെ നിർമ്മിക്കപ്പെട്ട ഒരു നാഗരിക നിർമ്മിതിയാണെന്ന് ‘ഓറിയന്റലിസ’ത്തിൽ എഡ്വേർഡ് സൈദ് കാണിച്ചിട്ടുണ്ട്. യുക്തിരഹിതത, അക്രമം, പുരുഷാധിപത്യം, മതഭ്രാന്ത്, സാംസ്കാരികമായ പിന്നാക്കാവസ്ഥ എന്നീ രൂപകങ്ങളിലൂടെയാണ് മുസ്‌ലിംകൾ മനസ്സിലാക്കപ്പെടുന്നത്. അങ്ങനെ ഇസ്‌ലാമോഫോബിയ മതപരമായ അസഹിഷ്ണുതയെ മറികടക്കുന്നു. അതൊരു വംശീയവൽക്കരണ രീതിയായി മാറുന്നു.
ഈ റിപ്പോർട്ട് ഈ നിരീക്ഷണങ്ങളെ കൃത്യമായി ശരിവെക്കുന്നു. സർവേയിൽ പ്രതികരിച്ചവർ, രാഷ്ട്രീയമായി ചാർജ് ചെയ്യപ്പെട്ട ഒരു മുഴുവൻ സാഹചര്യത്തോടുമായി ബന്ധപ്പെട്ട ഒന്നായാണ് തങ്ങളുടെ ദൃശ്യത അവർ മനസ്സിലാക്കുന്നത്. മുസ്‌ലിം സ്ത്രീകൾ—പ്രത്യേകിച്ച് കാഴ്ചയിൽ തിരിച്ചറിയാൻ കഴിയുന്ന മുസ്‌ലിം സ്ത്രീകൾ—ഇസ്‌ലാമോഫോബിക് ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകാൻ സാധ്യതയുള്ളവരായി അവർ കണക്കാക്കുന്നു.
ഹിജാബ്, താടി, മുസ്‌ലിം പേര്, സംസാര ശൈലി, തൊലിനിറം അല്ലെങ്കിൽ വിദേശീയത എന്നിവ വംശീയ അടയാളങ്ങളായി മാറുന്നു. അതിനാൽ ഇസ്‌ലാമോഫോബിയ വംശീയതയ്ക്ക് തീർത്തും സമാനമായി പ്രവർത്തിക്കുന്നു: ഇത് സാംസ്കാരികവും മതപരവുമായ വ്യത്യസ്തതയെ വംശീയ സംശയത്തിന്റെ അടയാളങ്ങളാക്കി മാറ്റുന്നു.
ജീവിതാനുഭവങ്ങളും ഭയത്തിന്റെ നിർമ്മാണവും
ഈ സർവ്വേ തരുന്ന കണക്കുകൾ ഇസ്‌ലാമോഫോബിയ ഒരു ദൈനം ദിന അനുഭവം എന്ന നിലയിൽ സൃഷ്ടിക്കുന്ന സാമൂഹികമായി തകർച്ചയെ സൂചിപ്പിക്കുന്നു,
യുവാക്കളായ മുസ്‌ലിംകൾ ഉയർന്ന തോതിൽ ഇസ്‌ലാമോഫോബിയ അനുഭവിക്കുന്നു, കുടിയേറ്റ മുസ്‌ലിംകളേക്കാൾ അമേരിക്കയിൽ തന്നെ ജനിച്ച മുസ്‌ലിംകൾ കൂടുതൽ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നീ വ്യക്തമായ സൂചനകൾ ഈ റിപ്പോർട്ട് തരുന്നുണ്ട്. ഈ അവസാന പോയിന്റ് കൂടുതൽ ഉൾക്കാഴ്ച നൽകുന്ന ഒന്നാണ്. കുടിയേറ്റക്കാർ കൂടുതൽ അപകടസാധ്യത റിപ്പോർട്ട് ചെയ്യുമെന്ന് ഒരാൾ പ്രതീക്ഷിച്ചേക്കാം. എന്നാലും അമേരിക്കയിൽ ജനിച്ച മുസ്‌ലിംകൾ പുറന്തള്ളപ്പെടലിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. മുസ്‌ലിംകൾ ദേശീയ അസ്തിത്വത്തിന് അവകാശവാദം ഉന്നയിക്കുന്ന ഘട്ടത്തിലാണ് ഇസ്‌ലാമോഫോബിയ തീവ്രമാകുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു. “തദ്ദേശീയനായ മുസ്‌ലിം” (native muslim) എന്നത് മുസ്‌ലിംകളെ രാഷ്ട്രത്തിന് പുറത്തുള്ളവരായി സങ്കൽപ്പിക്കുന്ന ഇസ്ലോഫോബിയയുടെ പ്രബലമായ ആഖ്യാനങ്ങളെ അസ്ഥിരപ്പെടുത്തുന്നു എന്നതിനാലാണിത്. അതിനാൽ അമേരിക്കയിൽ ജനിച്ച മുസ്‌ലിം ഒരു വൈരുദ്ധ്യാത്മക സ്ഥാനത്താണ്: ഔപചാരികമായി ഉൾപ്പെടുത്തപ്പെടടുമ്പോഴും പ്രതീകാത്മകമായി പുറന്തള്ളപ്പെട്ടവർ.
ഫ്രാൻസ് ഫാനൻ “കീഴ്നിലയുടെ തൊലിപ്പുറത്തെ പ്രകടനം” (epidermalization of inferiority) എന്ന് വിളിച്ചതുമായി ഇസ്‌ലാമോഫോബിയ ഇവിടെ സന്ധിക്കുന്നു. മുസ്‌ലിം വിഷയി താൻ മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനെക്കുറിച്ച് അമിത ബോധവാനായി മാറുന്നു. സംസാരിക്കുന്നതിന് മുമ്പ് തന്നെ മുൻവിധികളെ നേരിടേണ്ടി വരുന്നതിനാൽ പൊതുജീവിതം തന്നെ മടുപ്പിക്കുന്നതായി മാറുന്നു.
നിയമപാലന സംവിധാനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഈ വാദത്തെ കൂടുതൽ ആഴത്തിലാക്കുന്നു. പകുതിയിലധികം പേരും (53.3%) തങ്ങളുടെ മതപരമായ സ്വത്വം കാരണം നിയമപാലകരിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പറഞ്ഞു. എങ്കിലും വൈരുദ്ധ്യമെന്നു പറയട്ടെ, മിക്ക പ്രതികരണക്കാരും സുരക്ഷയ്ക്കായി നിയമപാലകരെ ബന്ധപ്പെടുന്നതിൽ ആശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
ഈ വൈരുദ്ധ്യം ലിബറൽ ജനാധിപത്യത്തിലെ ന്യൂനപക്ഷ പൗരത്വത്തിന്റെ അവസ്ഥയുടെ കാമ്പിനെ പ്രതിഫലിപ്പിക്കുന്നു: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഒരേസമയം ഭരണകൂടത്തെ ഭയപ്പെടുമ്പോഴും സുരക്ഷക്ക് വേണ്ടി അതിനെത്തന്നെ ആശ്രയിക്കുകയും ചെയ്യേണ്ടി വരുന്നു എന്നതാണത്.
മുസ്‌ലിം വിഷയി ഒരു വൈരുദ്ധ്യാത്മക ക്രമത്തിൽ കുടുങ്ങിക്കിടക്കുകയാണ് ഇവിടെ. ഭരണകൂടത്താൽ നിരീക്ഷിക്കപ്പെടുന്നു; സമൂഹത്താൽ വംശീയവൽക്കരിക്കപ്പെടുന്നു; എങ്കിലും തങ്ങളെ പാർശ്വവൽക്കരിക്കുന്ന അതേ സ്ഥാപനങ്ങളിൽ നിന്ന് തന്നെ സംരക്ഷണം തേടാൻ നിർബന്ധിതരാകുന്നു.
ഇസ്‌ലാമോഫോബിയയും സെക്യൂരിറ്റി സ്റ്റേറ്റിന്റെ യുക്തിയും
റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്ന്, 62.7% പേരും മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്ന വിവേചനപരമായ ഫെഡറൽ അല്ലെങ്കിൽ ഭരണകൂട നയങ്ങളാൽ തങ്ങളോ തങ്ങൾക്ക് അറിയാവുന്നവരോ ബാധിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തു എന്നതാണ്. ഇസ്‌ലാമോഫോബിയ കേവലം സാംസ്കാരിക വിദ്വേഷമല്ലെന്നും അത് ഭരണസംവിധാനത്തിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ടതാണെന്നും ഇത് സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ 11-ന് ശേഷമുള്ള അമേരിക്ക മുസ്‌ലിം നിരീക്ഷണത്തിന്റെ അസാധാരണമായ രൂപങ്ങളെ സ്വാഭാവികമാക്കി:
* എയർപോർട്ട് പ്രൊഫൈലിംഗ്,
* പള്ളികളിലെ നുഴഞ്ഞുകയറ്റം,
* തീവ്രവാദ വിരുദ്ധ പോലീസ് സംവിധാനം,
* ഇമിഗ്രേഷൻ പരിശോധനകൾ,
* രഹസ്യമായ വാച്ച് ലിസ്റ്റുകൾ,
* പ്രത്യയശാസ്ത്രപരമായ പരിശോധനകൾ
* പൗരത്വത്തെക്കുറിച്ചുള്ള സംശയം.
“ഭീകരതയ്ക്കെതിരായ യുദ്ധം” മുസ്‌ലിം സ്വത്വത്തെ ഒരു സുരക്ഷാ വ്യവഹാരം മാറ്റി. മുസ്‌ലിം ആയിരിക്കുക എന്നത് തന്നെ കുറ്റകരമാകാൻ സാധ്യതയുള്ള ഒന്നായി മാറി. ഇസ്‌ലാമോഫോബിയ ‘ബയോപൊളിറ്റിക്കൽ’ രാഷ്ട്രീയത്തിന്റെ പ്രത്യേക മാതൃകയെ തന്നെ സൃഷ്ടിച്ചു: മുസ്‌ലിങ്ങളുടെ മേലുള്ള പ്രത്യേക നിരീക്ഷണം, അവരുടെ വർഗ്ഗീകരണം, റിസ്ക് അസസ്‌മെന്റ് എന്നിവയിലൂടെ അവരെ കൈകാര്യം ചെയ്യുന്നു. പ്രത്യേക നിരീക്ഷണം ആവശ്യമായ ഒരു ജനതയായി അവർ ഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. മുസ്ലിങ്ങളുടെ സ്വയം സെൻസർഷിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇത് കൂടുതൽ വ്യക്തമാക്കുന്നു.
സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ
ഒരു സാമൂഹ്യശാസ്ത്ര അപഗ്രഥനം എന്ന നിലയിൽ റിപ്പോർട്ടിലെ ഏറ്റവും പ്രധാന ഭാഗം ഇസ്‌ലാമോഫോബിയയുടെ പ്രത്യാഘാതങ്ങൾ എങ്ങനെ പൊതു ഇടങ്ങളിൽ നിന്ന് മുസ്‌ലിം വിഷയികളുടെ സ്വകാര്യ ആഭ്യന്തര ജീവിതത്തിലേക്ക് തുളച്ചു കയറുന്നു എന്ന രേഖപ്പെടുത്തലുകൾ ആണ്. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ 88.2% പേരും മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്ന് തങ്ങളുടെ സംസാരത്തിലോ പ്രവൃത്തിയിലോ സ്വയം സെൻസർഷിപ്പ് നടത്തുന്നു എന്നതാണ്.ഇത് വളരെ പ്രധാനപ്പെട്ട ഒരു ഉൾക്കാഴ്ച ആണ്. ഇസ്‌ലാമോഫോബിയ മുസ്‌ലിം പെരുമാറ്റത്തെ പുറമെ നിന്ന് നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്; അത് മുസ്‌ലിം വ്യക്തിയുടെ ബോധത്തെ ആന്തരികമായി പുനഃക്രമീകരിക്കുന്നു എന്നാണ് ഇതിനർത്ഥം.
ശത്രുത ഉണ്ടാകുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകൾ അത് മുൻകൂട്ടി കാണാൻ തുടങ്ങുന്നു. ആ ആശങ്കകൾ അവരെ സ്വീകാര്യമായ സംഭാഷണവും പെരുമാറ്റ രീതികളും പരിശീലിക്കാൻ പ്രേരിപ്പിക്കുന്നു. രാഷ്ട്രീയമോ സാമൂഹ്യമായോ തങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ സാധ്യതയുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കുന്നു, പലപ്പോഴും വൈകാരിക വിക്ഷോഭങ്ങളും ദേഷ്യവും കടിച്ചമർത്തുന്നു, തങ്ങളുടെ രൂപഭാവങ്ങളിൽ മാറ്റം വരുത്തുന്നു, ദൃശ്യത നിയന്ത്രിക്കുന്നു. അവർ മുൻകൂട്ടി കാണുന്ന നിരീക്ഷണ സാധ്യത ഒഴിവാക്കാൻ അസ്വാഭാവികമായ അളവിൽ സ്വയം അച്ചടക്കം പാലിക്കുന്നു.ആധുനിക വംശീയ അധികാരത്തിന്റെ സവിശേഷതകളിൽ ഒന്നായി നിർവ്വചിക്കുന്ന കാര്യമാണിത്. ആധിപത്യം വിജയിക്കുന്നത് കേവലം ബലപ്രയോഗത്തിലൂടെയല്ല മാത്രമല്ല, അച്ചടക്ക വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്ന സ്വയം നിയന്ത്രണത്തിലൂടെയാണ് (self-regulation).
സർവേയോട് പ്രതികരിച്ചവരിൽ മൂന്നിലൊന്ന് പേരും തങ്ങളുടെ മുസ്‌ലിം വ്യക്തിത്വം പല സന്ദർഭങ്ങളിലും മറച്ചുവെക്കാൻ ശ്രമിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കയിൽ ജനിച്ച യുവാക്കളായ മുസ്‌ലിങ്ങൾ ആണ് ഈ അനുഭവം പങ്കുവെച്ചവരിൽ ഭൂതിഭാഗം പേരും. സ്വന്തം വ്യക്തിത്വം മറച്ചുവെക്കുന്നത് ഭയത്തെക്കാൾ ഉപരി ആധിപത്യം പുലർത്തുന്നവരുടെ ദേശീയ മാനദണ്ഡങ്ങൾക്കുള്ളിൽ സ്വീകാര്യനാകാനുള്ള സമ്മർദ്ദത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ മുസ്‌ലിം സ്വത്വം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ അടിയറ വച്ച്, ജീവിതം തന്ത്രപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാക്കി മാറ്റുന്നു.
ഇങ്ങനെ ജീവിക്കേണ്ടി വരുന്നതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളും അതി കഠിനമാണ്. 93.7% പേർ ഇസ്‌ലാമോഫോബിയ തങ്ങളുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെയും സ്ഥൈര്യത്തേയും ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്തു.ഈ കണ്ടെത്തൽ ട്രോമ തിയറി (trauma theory), അഫക്ട് തിയറി (affect theory), പൊതുജനാരോഗ്യ പഠനങ്ങൾ എന്നിവയുമായി ഇസ്‌ലാമോഫോബിയ പഠനങ്ങളെ കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.ഇസ്‌ലാമോഫോബിയ ഉത്പാദിപ്പിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ചിലവ വളരെ ഗുരുതരം ആണ്:
* വിട്ടുമാറാത്ത ഉത്കണ്ഠ (chronic anxiety)
* മുൻകൂട്ടിയുള്ള ഭയം (anticipatory fear)
* വൈകാരിക തളർച്ച (emotional fatigue),
* അമിത ജാഗ്രത (hypervigilance),
* സമ്മർദ്ദം മൂലമുള്ള വിഷാദം (depressive stress),
* സാമൂഹിക പിന്മാറ്റം (social withdrawal),
* വ്യക്തിത്വത്തിന്റെ ശിഥിലീകരണം (identity fragmentation) എന്നിവയെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങൾ ആണ്.
ഇവിടെ പ്രധാനമായ കാര്യം, ഇവയൊന്നും തന്നെ, ഏതെങ്കിലും വ്യക്തിപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്ന മാനസിക ആഘാതങ്ങൾ അല്ല എന്നതാണ്.ഒരു വംശീയ വ്യവസ്ഥ ഘടനാപരമായി നിർമ്മിക്കുന്ന വൈകാരിക അവസ്ഥകളാണ്.സ്വയം സെൻസർഷിപ്പ് അപകടം ഒഴിവാക്കാനുള്ള ഒരു സ്വാഭാവിക ജാഗ്രതയല്ല. മുസ്‌ലിംകൾ പൊതുമണ്ഡലത്തെ (public sphere) തങ്ങൾക്ക് നിബന്ധനകളോടെ മാത്രം പ്രവേശനമുള്ള ഒരിടമായി അനുഭവിക്കുന്നു എന്നതിന്റെ തെളിവാണത്. ലിബറൽ ജനാധിപത്യ സിദ്ധാന്തത്തിൽ, പൗരത്വം എന്നത് പൊതുജീവിതത്തിലുള്ള സ്വതന്ത്രമായ പങ്കാളിത്തമാണ് എന്നാണ് ഒരു അവകാശവാദമായി പ്രചരിപ്പിക്കാറുള്ളത്. എന്നാൽ ജാഗ്രതയില്ലാതെ അത്തരം അവകാശം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഒരു അപകടസാധ്യതയുള്ള കാര്യമായാണ് മുസ്‌ലിംകൾ അനുഭവിക്കുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മുസ്‌ലിം പ്രകാശനങ്ങൾ പലപ്പോഴും തങ്ങൾക്ക് നിയന്ത്രമില്ലാത്ത സുരക്ഷാ ചട്ടക്കൂടുകളിലൂടെ വ്യാഖ്യാനിക്കപ്പെടുന്നതിനാൽ രാഷ്ട്രീയ ആവിഷ്‌കാരം അവരെ സംബന്ധിച്ച് അപകടകരമായി മാറുന്നു.
അമേരിക്കയുടെ വിദേശനയത്തെ വിമർശിക്കുന്ന മുസ്‌ലിം തീവ്രവാദിയായി വായിക്കപ്പെടാൻ സാധ്യതയുണ്ട്. അത് പോലെ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മുസ്‌ലിം ഭരണകൂടത്താൽ നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. മതപരമായ വ്യക്തിത്വം പരസ്യമായി പ്രഖ്യാപിക്കുന്ന മുസ്‌ലിം സാമൂഹിക സംശയത്തിന് ഇരയാകാൻ സാധ്യതയുണ്ട്. അങ്ങനെ, ഇസ്‌ലാമോഫോബിയ മുസ്ലിങ്ങളുടെ ജനാധിപത്യ പങ്കാളിത്തത്തെ തന്നെ വലിയ രീതിയിൽ പരിമിതപ്പെടുത്തുന്നു.
ജുഡിത്ത് ബട്ട്‌ലർ പറയുന്ന ‘ഡിഫറൻഷ്യൽ റെക്കഗ്‌നൈസബിലിറ്റി’ (differential recognizability) ആണിത്. മുസ്‌ലിം ജീവിതങ്ങൾ നിയന്ത്രിതമായ സാഹചര്യങ്ങളിൽ മാത്രമേ പൊതു വ്യക്തികളായി തിരിച്ചറിയപ്പെടുന്നുള്ളൂ. പലപ്പോഴും “മുസ്‌ലിം” അക്രമത്തെ അപലപിക്കാനും, മിതവാദം പ്രകടിപ്പിക്കാനും, തങ്ങൾക്ക് ദോഷകരമല്ലെന്ന് ഭൂരിപക്ഷത്തിന് നിരന്തരം ഉറപ്പ് നൽകാനും സന്നിഹിതരാകാൻ അവർ പ്രതീക്ഷിക്കപ്പെടുന്നു. സ്ഥിരമായി വിശദീകരണം നൽകേണ്ടി വരുന്ന ഭാരം അവരുടെ കഴുത്തൊടിക്കുന്നു.
സാമൂഹിക വിഘടനവും തടസ്സപ്പെട്ട സമുദായവും
ഇസ്‌ലാമോഫോബിയയുടെ അവഗണിക്കപ്പെട്ട മറ്റൊരു വശം സാമൂഹിക വിശ്വാസത്തിന്റെ തകർച്ചയാണ്. ഏതാണ്ട് 80% പേരും മുസ്‌ലിം ഇതര വിഭാഗങ്ങളുമായി സാമൂഹിക ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് ഇസ്‌ലാമോഫോബിയ തങ്ങളെ തടയുന്നതായി പ്രസ്താവിച്ചു. അതിലും ശ്രദ്ധേയമായി, ഏതാണ്ട് 70% പേരും ഇസ്‌ലാമോഫോബിയ കാരണം മറ്റ് മുസ്‌ലിംകളുമായി സാമുദായിക ബന്ധം കെട്ടിപ്പടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു എന്ന കാര്യവും അതീവ പ്രധാനമാണ്.
ഇസ്‌ലാമോഫോബിയ സാധാരണയായി മുസ്‌ലിംകളും മുസ്‌ലിം ഇതര വിഭാഗങ്ങളും തമ്മിലുള്ള ശത്രുതയായാണ് ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഇസ്‌ലാമോഫോബിയ മുസ്‌ലിംകൾക്കിടയിലെ ആഭ്യന്തര സാമൂഹിക ബന്ധങ്ങളെയും പുനഃക്രമീകരിക്കുന്നു എന്ന് റിപ്പോർട്ട് കാണിക്കുന്നു. ഭയവും ആശങ്കകളും അങ്ങനെ സാമൂഹ്യ വിഘടനത്തെ ഉത്പാദിപ്പിക്കുന്നു. അതിന്റെ പ്രത്യാഘാതം ആയി മുസ്‌ലിംകൾ രാഷ്ട്രീയ കൂട്ടായ്മകൾ ഒഴിവാക്കുകയും പരസ്പരം കാണാൻ കഴിയാത്ത മതിലുകൾ ഉയർത്തുകയും ചെയ്യുന്നു. പള്ളികൾ പോലും നിരീക്ഷണത്തിൻ കീഴിലുള്ള ഇടങ്ങളായി മാറുമ്പോൾ പൊതുവായ മുസ്‌ലിം ദൃശ്യത ഭയപ്പെടുത്തുന്ന ഒന്നായും സാമൂഹ്യ പ്രവർത്തനം ഒഴിഞ്ഞുനിൽക്കേണ്ട അപകടം പിടിച്ച പ്രവൃത്തിയായും മാറുന്നു. ഇതിന്റെ ഫലം ഒറ്റപ്പെടലാണ് (atomization).
തദ്ദേശ ഭരണ സ്ഥാപനങ്ങളോടോ രാഷ്ട്രീയ പ്രതിനിധികളോടോ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ നാലിൽ മൂന്ന് പേർ എന്ന തോതിൽ സർവേയിൽ പങ്കെടുത്തവർ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. വംശീയമായ ഭയത്താൽ നിർമ്മിക്കപ്പെട്ട ജനാധിപത്യ ദാരിദ്ര്യം ആണ് നാം കാണുന്നത്. സംശയത്തിന് ഇരയാകുന്ന സമുദായങ്ങൾ തിരിച്ചടികൾ ഒഴിവാക്കാൻ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾ പരിമിതപ്പെടുത്തി ദൃശ്യത കുറയ്ക്കുന്നു. അങ്ങനെ ഇസ്‌ലാമോഫോബിയ പരോക്ഷമായി മുസ്‌ലിം പൗര സംഘാടനത്തേയും ശക്തിയെയും ദുർബലപ്പെടുത്തുന്നു. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം മുസ്‌ലിംകൾ പൊതുസമൂഹത്തിൽ ലയിക്കുന്നില്ല (fail to integrate) എന്ന് ആരോപിക്കുന്നവർ തന്നെ, അവരെ തുല്യമായ പങ്കാളിത്തത്തിൽ നിന്ന് ഘടനാപരമായി തടസ്സപ്പെടുത്തുന്നു എന്നതാണ്.
അസ്തിത്വം, പൗരത്വം, നിബന്ധനകളുള്ള പൗരത്വം
റിപ്പോർട്ടിലെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം മുസ്ലീങ്ങളുടെ സാമൂഹ്യ അസ്തിത്വത്തെ കുറിച്ചുള്ള വേവലാതികൾ (anxieties about belonging) പരാമർശിക്കുന്ന ആറാം ഭാഗമാണ്. സർവേയിൽ ഭൂരിഭാഗം പേരും ജനാധിപത്യ ബഹുസ്വരതയെയും, വംശീയ സമത്വത്തെയും, സഹവർത്തിത്വത്തെയും ഒക്കെ ശരിവെച്ചു. അവർ സാമൂഹ്യ സമത്വത്തെയും സാംസ്കാരിക വൈവിധ്യത്തെയും പിന്തുണച്ചു. ജനാധിപത്യ ജീവിതവുമായി മുസ്‌ലിംകൾ സാംസ്കാരികമായി പൊരുത്തപ്പെടാത്തവരാണ് എന്ന പ്രബലമായ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളെ ഈ കണ്ടെത്തലുകൾ നേരിട്ട് വെല്ലുവിളിക്കുന്നു. ഈ പ്രതിബദ്ധതകൾക്കിടയിലും പലരും രാഷ്ട്രത്തിനകത്തെ തങ്ങളുടെ അസ്തിത്വം ദുർബലമാണെന്ന് അവർ കരുതുന്നു.
വംശീയവൽക്കരണത്തിന് കീഴിലുള്ള പൗരത്വത്തിന്റെ അസമത്വ സ്വഭാവമാണ് ഈ വൈരുദ്ധ്യം വെളിപ്പെടുത്തുന്നത്. മുസ്‌ലിംകൾക്ക് തങ്ങൾ അമേരിക്കക്കാരാണെന്ന് തോന്നാം, പൗരധർമ്മങ്ങളിൽ പങ്കുചേരാം, ബഹുസ്വരതയെ ഉൾക്കൊള്ളാം, എങ്കിലും അവർ പൊതുമണ്ഡലത്തിൽ സംശയിക്കപ്പെടുന്ന അപരർ ആയി നിലനിർത്തപ്പെടുന്നു.ബി അവരൂടെ അസ്തിത്വം എന്നത് നിബന്ധനകൾക്ക് വിധേയമായി മാറുന്നു. മുസ്‌ലിം പൗരനോട് മറ്റുള്ളവർ കൂറ് തെളിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു നൈരന്തര്യം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.ഈ ഗതികേടിനെയാണ് ഡബ്ല്യു.ഇ.ബി. ഡു ബോയ്സ് l “ഇരട്ട ബോധം” (double consciousness) എന്ന് വിളിച്ചത്. ഒരു വിഭജിക്കപ്പെട്ട കാഴ്ചയാണ് അത്. ഈ ഇരട്ടക്കാഴ്ചയിൽ ഒന്ന്
അവർ സ്വയം എങ്ങനെ കാണുന്നു എന്നതാണ്. അപ്പോൾ തന്നെ ആധിപത്യ സമൂഹം അവരെ എങ്ങനെ കാണുന്നു എന്ന ബോധം ഈ കാഴ്ച്ചയെ മങ്ങൽ ഉള്ളതാക്കുന്നു. ഈ ഇരട്ട ബോധം ഒരേ സമയം വൈകാരിക സമ്മർദ്ദവും ആന്തരികമായി സ്വയം നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്ന ഒരു അമിതമായ രാഷ്ട്രീയ ജാഗ്രതയും ഉൽപ്പിപ്പിക്കുന്നു.
ഇസ്‌ലാമോഫോബിയ ‘നിബന്ധനകളുള്ള ഉൾപ്പെടുത്തൽ’ (conditional inclusion) വ്യവസ്ഥ ആണ്: തുടർച്ചയായി സ്വീകാര്യമായ രീതിയിൽ പെരുമാറുന്നതിലൂടെ മാത്രമേ മുസ്‌ലിംകൾക്ക് ദേശീയ ശരീരത്തിലേക്ക് പ്രവേശനം അനുവദിക്കപ്പെടുന്നുള്ളൂ.
ലിംഗവൽകൃത (ജെൻഡേർഡ്) ഇസ്‌ലാമോഫോബിയയും മുസ്‌ലിം സ്ത്രീകളുടെ ദൃശ്യതയും
റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ മുസ്‌ലിം സ്ത്രീകളുടെ അമിതമായ സുരക്ഷിതത്വമില്ലായ്മയാണ്. ഇത് ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നു. സെക്യുലർ ആധുനികത, സ്ത്രീത്വം, നാഗരികത എന്നിവയെക്കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങളെ ദൃശ്യപരമായി തടസ്സപ്പെടുത്തുന്നതിനാൽ മുസ്‌ലിം സ്ത്രീകൾ പ്രധാന ലക്ഷ്യങ്ങളായി മാറുന്നു. ഹിജാബ് കേവലം ഒരു വസ്ത്രം എന്നതിലുപരി കൊളോണിയൽ കാലം മുതൽ പാശ്ചാത്യരുടെ വിമോചക ഉത്കണ്ഠകൾ (rescuer’s anxieties) പ്രൊജക്റ്റ് ചെയ്യപ്പെടുന്ന ഒരു പ്രതീകമായി രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു.
ലൈല അഹമ്മദ്, ലൈല അബു ലുഗോദ്, സബ മഹ്മൂദ് തുടങ്ങിയ പണ്ഡിതർ കാണിച്ചു തന്നതു പോലെ, കൊളോണിയൽ വ്യവഹാരങ്ങളിൽ മുസ്‌ലിം സ്ത്രീകൾ പലപ്പോഴും ആക്രമങ്ങളെ ന്യാതീകരിക്കാനുള്ള ഉപകരണങ്ങളാക്കപ്പെടുന്നു. “മുസ്‌ലിം പുരുഷന്മാരിൽ നിന്ന് മുസ്‌ലിം സ്ത്രീകളെ രക്ഷിക്കുക” എന്ന വാചകം ചരിത്രപരമായി കൊളോണിയൽ ഇടപെടലുകളെ ന്യായീകരിക്കാൻ ഉപയോഗിച്ചപ്പോൾ തന്നെ മുസ്‌ലിം സ്ത്രീകളുടെ രാഷ്ട്രീയ കർത്തൃത്വത്തെ നിഷേധിക്കുകയും ചെയ്തു.ഈ കൊളോണിയൽ യുക്തി അതേ അളവിൽ തന്നെ സമകാലീന ലിബറൽ സമൂഹങ്ങളിലും നിലനിൽക്കുന്നു എന്നാണ് ഈ സർവ്വേയുടെ കണ്ടെത്തലുകളും സൂചിപ്പിക്കുന്നത്:മുസ്‌ലിം സ്ത്രീകൾ അമിതമായി ദൃശ്യമാക്കപ്പെടുന്നു (hypervisible), നിരീക്ഷിക്കപ്പെടുന്നു,, പൊതു ശത്രുതയ്ക്കും ആക്രമണങ്ങൾക്കും അമിതമായി ഇരയാക്കപ്പെടുന്നു.വംശീയത, പുരുഷാധിപത്യം, സുരക്ഷാ വ്യവസ്ഥ എന്നിവ സംയോജിച്ചതാണ് ഈ ലിംഗവൽക്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ (Gendered Islamophobia).
ഇസ്‌ലാമോഫോബിയ: അമേരിക്കയ്ക്ക് അപ്പുറം
ഈ റിപ്പോർട്ട് അമേരിക്കയിൽ നടന്ന ഒരു പഠനത്തെ കേന്ദ്രീകരിച്ചാണെങ്കിലും വെള്ള വംശീയതയുടെ ആഗോള സ്വഭാവം കൊണ്ട് തന്നെ അത് തരുന്ന പാഠങ്ങൾ ആഗോള പ്രാധാന്യം ഉള്ളതാണ്. യൂറോപ്പ്, ഇന്ത്യ, ചൈന, ഗ്ലോബൽ സൗത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇസ്‌ലാമോഫോബിയ വർദ്ധിച്ചുവരുന്ന ഒരു അതിർവരമ്പുകളില്ലാത്ത രാഷ്ട്രീയ സാങ്കേതികവിദ്യയായി പ്രവർത്തിക്കുന്നു. ഇത് വംശീയ ദേശീയത, മുസ്ലിങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ജനസംഖ്യാപരമായ ഉത്കണ്ഠകൾ, അതിർത്തി രാഷ്ട്രീയം, സ്വേച്ഛാധിപത്യ പോപ്പുലിസം, നാഗരികതയെക്കുറിച്ചുള്ള ആഖ്യാനങ്ങൾ എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
പല സന്ദർഭങ്ങളിലും മുസ്‌ലിംകൾ ജനസംഖ്യാപരമായതോ സാംസ്കാരികമായോ, സുരക്ഷാ സംബന്ധമായോ ഉള്ള ഭീഷണിയായി, അല്ലെങ്കിൽ മതേതരത്വത്തിന് തന്നെ ഉള്ള ഭീഷണിയായി പ്രതിനിധീകരിക്കപ്പെടുന്നു. അതിനാൽ ആധുനിക ദേശീയതയെയും സുരക്ഷാ രാഷ്ട്ര സങ്കൽപ്പങ്ങളെയും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ മുസ്‌ലിം സ്വത്വം ഒരു കേന്ദ്രസ്ഥാനമായി വരുന്ന ആഗോള മാറ്റത്തെയാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്ന അമേരിക്കൻ സാഹചര്യം പ്രതിഫലിപ്പിക്കുന്നത്.
ഉപസംഹാരം
ഈ റിപ്പോർട്ടിന്റെ പ്രാധാന്യം അതിന്റെ അറിവ് ഉല്പാദന സംബന്ധിയായ (epistemological) നിലപാടാണ്.മുസ്‌ലിംകൾ കേവലം നയങ്ങളുടെയോ മാധ്യമ ചർച്ചകളുടെയോ വസ്തുക്കളല്ലെന്ന് റിപ്പോർട്ട് നിർബന്ധം പിടിക്കുന്നു. ഈ റിപോർട്ട് അവരെ സ്വന്തം അവസ്ഥയെ വിശകലനം ചെയ്യുന്ന സൈദ്ധാന്തികർ ആയി പരിഗണിക്കുന്നു.
ഈ സർവ്വേ വിവരങ്ങൾ ഇസ്‌ലാമോഫോബിയയെ ഘടനാപരം (structural), മനഃശാസ്ത്രപരം, വൈകാരികം (affective) എന്നിങ്ങനെ വ്യസ്ത്യസ്ഥ തലങ്ങളിൽ അപഗ്രഥിക്കുന്നു. ഏറ്റവും പ്രധാനമായി, ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നത് വൻ അക്രമങ്ങളിലൂടെ മാത്രമല്ല, മറിച്ച് സാധാരണമായ തളർച്ചകൾ(banal exhaustion) ഉണ്ടാക്കുന്നതിൽ കൂടി ആണ് എന്ന് റിപ്പോർട്ട് തെളിയിക്കുന്നു. സ്വയം സെൻസർഷിപ്പ്, മുൻകൂട്ടിയുള്ള ആശങ്കകൾ, തന്ത്രപരമായ സ്വയം അദൃശ്യത, ദുർബലമായ അസ്തിത്വം, വൈകാരിക തളർച്ച എന്നിങ്ങനെ വ്യക്തി തലത്തിൽ അനവധി ആഘാതങ്ങൾ അത് നിലനിർത്തുന്നു. ഇസ്‌ലാമോഫോബിയ പഠനങ്ങൾ വെറും കുറ്റകൃത്യങ്ങളുടെ ചട്ടക്കൂടുകൾക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടതുണ്ട് എന്ന് ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഒരു വലിയ ജനവിഭാഗത്തിന്റെ പൊതു സംഭാഷണങ്ങൾ, വൈകാരിക അവസ്ഥകൾ, വ്യക്തിത്വ സവിശേഷതകൾ, അഭിലാഷങ്ങൾ എന്നിവ സ്ഥിരമായ സംശയത്തിന് കീഴിൽ പുനഃക്രമീകരിക്കാനും അവർ ഈ കാര്യങ്ങളിൽ സ്വയം നിയന്ത്രണങ്ങൾക്കും നിർബന്ധിതരാകുന്നു എന്നതിലാണ് യഥാർത്ഥത്തിൽ ആഴത്തിലുള്ള അതിക്രമം അടങ്ങിയിരിക്കുന്നത്.
റിപ്പോർട്ട് ആത്യന്തികമായി അസുഖകരവും എന്നാൽ അത്യാവശ്യവുമായ ഒരു ചോദ്യം ഉയർത്തുന്നു. ഒരു ജനത പൊതുജീവിതത്തിൽ പങ്കുചേരുമ്പോൾ തന്നെ അതിനുള്ളിലെ ദൃശ്യതയെ ഭയപ്പെടുമ്പോൾ ജനാധിപത്യം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ആ ചോദ്യം മുസ്‌ലിംകളിൽ മാത്രം ഒതുങ്ങുന്നില്ല. അത് ആധുനിക ലോകത്തെ ബഹുസ്വരതയുടെയും പൗരത്വത്തിന്റെയും അസ്തിത്വത്തിന്റെയും ഭാവിയെക്കുറിച്ചാണ് സംസാരിക്കുന്നത്.