നമ്മുടെ സമൂഹത്തില്‍ പലപ്പോഴും തുറന്നു പറയപ്പെടാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന യുക്തിയുണ്ട്. ഒരു മുസ്ലിം വ്യക്തി എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍, അദ്ദേഹത്തെ ഒരു സ്വതന്ത്ര വ്യക്തിയായി മാത്രം കാണാതെയും, അവരുടെ സമ്മതമില്ലാതെയും, ഒരു വലിയ കൂട്ടായ്മയുടെ പ്രതിനിധിയായി വായിക്കുന്ന പ്രവണത. ഈ പ്രവണത സാധാരണ കാര്യമായിപ്പോലും തോന്നാം. പക്ഷേ ഇത് സാധാരണ കാര്യമല്ല. ഇത് സമൂഹം മുസ്ലിംകളെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രശ്നം ഒരാള്‍ എന്താണ് പറഞ്ഞത് എന്നതില്‍ മാത്രം ഇല്ല; ആ ഒരാളെ നാം എങ്ങനെയാണ് വായിക്കുന്നത് എന്നതിലാണ്.
ഒരു മുസ്ലിം മാധ്യമപ്രവര്‍ത്തക ഒരു ലേഖനം എഴുതാം. ഒരു മുസ്ലിം അധ്യാപകന് പൊതുവേദിയില്‍ സംസാരിക്കാം. ഒരു മുസ്ലിം എഴുത്തുകാരി ഒരു വിവാദകരമായ അഭിപ്രായം പറയാം. ഒരു മുസ്ലിം രാഷ്ട്രീയപ്രവര്ത്തകന് ഒരു നിലപാട് എടുക്കാം. ഈ എല്ലാസാഹചര്യങ്ങളിലും പൊതുചര്‍ച്ച പലപ്പോഴും അവരുടെ വാദത്തിന്റെ ഉള്ളടക്കത്തില്‍ മാത്രം നില്ക്കുന്നില്ല. മറിച്ച് ചര്‍ച്ച വളരെ വേഗത്തില്‍ മാറും: “ഇത് അവരുടെ സമുദായത്തിന്റെ നിലപാടാണോ?”, “ഈ സംഘടനയുടെ രാഷ്ട്രീയം ഇതാണോ?”, “മുസ്ലിംകള് പൊതുവെ ഇങ്ങനെ ആണോ ചിന്തിക്കുന്നത്?”, “ഇവരുടെ പിന്നില്‍ എന്ത് സമുദായിക അജണ്ടയാണ്?” എന്നിങ്ങനെ. അതായത്, ഒരാളുടെ വ്യക്തിപരമായ വാക്ക്, അവരുടെ സമ്മതമില്ലാതെത്തന്നെ, ഒരു സമൂഹത്തിന്റെ “കൂട്ടായ” (കലക്ടീവ്) പ്രസ്താവനയായി വിവര്‍ത്തനം ചെയ്യപ്പെടുന്നു.
ഈ മാറ്റം തന്നെയാണ് നമ്മള് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കാരണം ഒരു മാതൃകാ സമൂഹത്തില്‍ ഒരു വ്യക്തിയുടെ വാക്ക് ആദ്യം വ്യക്തിയുടെ ‘മാത്രം’ വാക്കായിട്ടാണ് കേള്‍ക്കപ്പെടേണ്ടത്. അതിന് ശേഷം മാത്രമേ അദ്ദേഹം ഏത് പാരമ്പര്യത്തില്‍നിന്നാണ് സംസാരിക്കുന്നത്, ഏത് സാമൂഹിക പശ്ചാത്തലത്തിലാണ് നില്‍ക്കുന്നത്, ഏത് ചരിത്രപരമായ സമ്മര്‍ദ്ദങ്ങളിലൂടെയാണ് അഭിപ്രായം രൂപപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ വരാവൂ. അതും അവരുടെ സമ്മതത്തോടു കൂടി മാത്രം. എന്നാല്‍ മുസ്ലിംകളുടെ കാര്യത്തില്‍ പലപ്പോഴും ഈ ക്രമം മറിഞ്ഞുപോകുന്നു. ആദ്യം തന്നെ അദ്ദേഹം ഒരു മുസ്ലിം കൂട്ടായ്മയുടെ ശബ്ദമായി വായിക്കപ്പെടുന്നു. വ്യക്തി എന്ന നില ഏറെ പിന്നിലായിരിക്കും.
ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? കാരണം സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും ഒരേ രീതിയില്‍ വ്യക്തിത്വം/പൌരത്വം അനുവദിക്കപ്പെടുന്നില്ല. ദേശരാഷ്ട്രക്രമത്തിൽ ചിലര്‍ക്ക് “വ്യക്തി” എന്ന അവകാശവും പൌരത്വവും സ്വാഭാവികമായി ലഭിക്കുന്നു. പക്ഷേ ചിലര്‍ക്ക് അങ്ങനെ ലഭിക്കുന്നില്ല. മുസ്ലിംകള് പല സാഹചര്യങ്ങളിലും ആദ്യം തന്നെ (മുൻകൂർ) അടയാളപ്പെടുത്തിയവരായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. “വ്യക്തി” എന്ന നിലയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവർ “മുസ്ലിം” എന്ന കലക്ടീവ് അടയാളത്തില്‍ പൊതുവേദിയിലേക്ക് കൊണ്ടുവരപ്പെടുന്നു.
ഈ പ്രശ്നം നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഒരു ലളിതമായ താരതമ്യം മതി. ഒരു ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട എഴുത്തുകാരന് ഒരു തെറ്റായ അഭിപ്രായം പറഞ്ഞാല്‍, പൊതുവേ പറയപ്പെടുന്നത് ഇതാണ്: “അദ്ദേഹം തെറ്റായി ചിന്തിക്കുന്നു”, “അദ്ദേഹത്തിന്റെ വാദം ദുർബലമാണ്”, “അദ്ദേഹത്തിന്റെ നിലപാട് പ്രശ്നകരമാണ്”. പക്ഷേ ഒരു മുസ്ലിം വ്യക്തി അതേപോലെ പറഞ്ഞാല്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്നത് ഇങ്ങനെ ആയിരിക്കും: “മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രശ്നം ഇതാണ്”, “ഇവരുടെ സമുദായിക മനോഭാവം ഇതാണ്”, “ഇതാണ് അവരുടെ ഉള്ളിലുള്ള യഥാര്‍ഥ രാഷ്ട്രീയം”. അതായത്, ഭൂരിപക്ഷ സമുദായത്തിലെ ഒരാളുടെ തെറ്റ് വ്യക്തിപരമായിരിക്കും; മുസ്ലിം വ്യക്തിയുടെ തെറ്റ് കൂട്ടായ്മയുടെ പ്രതീകമാകും. ഇത് വെറും യാദൃശ്ചികമല്ല. ഇത് ഒരു അധീശ സാമൂഹിക യുക്തിയാണ്.
ഇവിടെയാണ് ഇസ്ലാമോഫോബിയയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടത്. ഇസ്ലാമോഫോബിയ എന്നു പറയുമ്പോള്‍ പലര്‍ക്കും ആദ്യം മനസ്സില്‍ വരുന്നത് തുറന്ന വിദ്വേഷം, അധിക്ഷേപം, നിന്ദ, ആക്രമണപരമായ ഭാഷ, അല്ലെങ്കില്‍ മുസ്ലിം വിരുദ്ധ പ്രചാരണം എന്നിവയാണ്. അവ എല്ലാം ഇസ്ലാമോഫോബിയയുടെ ഭാഗങ്ങളാണ്. പക്ഷേ അതില്‍ ഒതുങ്ങുന്നില്ല. മുസ്ലിം വ്യക്തിയെ ഒരു വ്യക്തിയായി കാണാതെ, ഒരു ഏകീകൃത കൂട്ടായ്മയുടെ അടയാളമായി മാത്രം കാണുന്ന അറിവിന്റെ ഘടനയും ഇസ്ലാമോഫോബിയയുടെ ഭാഗമാണ്. അതായത്, “മുസ്ലിം” എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വ്യക്തി അല്ല, കൂട്ടായ്മയാണ് എങ്കില്‍, അതു മാത്രമാണെങ്കിൽ, അവിടെ തന്നെ ഒരു പ്രശ്നമുണ്ട്.
മുസ്ലിം സമൂഹത്തിനുള്ളിലെ വൈവിധ്യം ഈ വായന ഇല്ലാതാക്കുന്നു. യാഥാര്‍ഥ്യത്തില്‍ മുസ്ലിംകള് ഒരേ രീതിയില്‍ ചിന്തിക്കുന്നില്ല. അവർ രാഷ്ട്രീയമായി വ്യത്യസ്തരാണ്, മതവ്യാഖ്യാനപരമായി വ്യത്യസ്തരാണ്, സാമൂഹികമായി വ്യത്യസ്തരാണ്, ഭാഷാപരമായി വ്യത്യസ്തരാണ്, വര്‍ഗ്ഗപരമായി വ്യത്യസ്തരാണ്, ലിംഗാനുഭവങ്ങളില് വ്യത്യസ്തരാണ്, ആധുനികതയെ സ്വീകരിക്കുന്ന രീതിയില്‍ വ്യത്യസ്തരാണ്. ഒരു മുസ്ലിം വ്യക്തി ഇടതുപക്ഷക്കാരനായിരിക്കാം. മറ്റൊരാള്‍ ലിബറല്‍ ആയിരിക്കാം. മറ്റൊരാള്‍ പരമ്പരാഗത മതചിന്തയില്‍ ഉറച്ചിരിക്കാം. മറ്റൊരാള്‍ മതേതര ആശയങ്ങളോട് അടുപ്പമുണ്ടാകാം. മറ്റൊരാള്‍ സ്ത്രീവാദ വായനകളിലൂടെ സമൂഹത്തെ സമീപിക്കാം. മറ്റൊരാള്‍ മതപരമായ ആത്മീയതയ്ക്ക് മുന്‍ഗണന നല്‍കാം. ഈ പട്ടിക എത്രയും നീട്ടാം. പക്ഷേ പൊതുചര്‍ച്ച പലപ്പോഴും ഈ മുഴുവന്‍ വൈവിധ്യവും മായ്ച്ച് “മുസ്ലിം” എന്ന ഏകവിഭാഗമായി ചുരുക്കുന്നു. ഇതിലൂടെ അറിവിന്റെ ഒരു ചുരുക്കം മാത്രമല്ല ഉണ്ടാകുന്നത്; സാമൂഹിക അനീതിയും ഉണ്ടാകുന്നു.
ഈ അനീതിയുടെ മറ്റൊരു രൂപം പ്രതിനിധാനഭാരമാണ്. മുസ്ലിംകള്ക്ക് പലപ്പോഴും സ്വന്തം നിലയില്‍ മാത്രം സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ല. അവർ എപ്പോഴും ഏതെങ്കിലും വലിയ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്നവരായി കരുതപ്പെടുന്നു. ഒരു മുസ്ലിം പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍, സമൂഹം പലപ്പോഴും അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ഒരു വലിയ ചുമതല ഏല്പിച്ചിരിക്കും: “നീ നിന്റെ സമൂഹത്തെ വിശദീകരിക്കണം”, “നീ നിന്റെ സമൂഹത്തെ എപ്പോഴും പ്രതിരോധിക്കണം”, “നീ അവരുടെ പേരില്‍ സംസാരിക്കണം”, “നീ അവരില്‍നിന്ന് അകലം പാലിക്കണം”, “നീ നല്ല മുസ്ലിം ആണെന്ന് തെളിയിക്കണം” എന്നൊക്കെയാണ് ആ പ്രതീക്ഷകള്‍. ഇത് വലിയ മാനസിക, സാമൂഹിക, രാഷ്ട്രീയ ഭാരമാണ്. ഭൂരിപക്ഷ സമൂഹത്തിലെ ആളുകള്‍ക്ക് ഇല്ലാത്ത ഈ അധികഭാരം മുസ്ലിംകളുടെ മേല്‍ പതിക്കുമ്പോള്‍, വ്യക്തിപരമായ ഇടം കുറയുന്നു.
ഇതില്‍ മറ്റൊരു പ്രധാന വശമുണ്ട്. ചിലര്‍ക്ക് തങ്ങള്‍ “മതേതര വിമര്‍ശനം” നടത്തുകയാണെന്ന തോന്നല്‍ ഉണ്ടാകാം. അവർ തുറന്ന വിദ്വേഷഭാഷ ഉപയോഗിക്കില്ല. അവർ മുസ്ലിംകളെ നേരിട്ട് അപമാനിക്കില്ല. പക്ഷേ അവരുടെ വിമര്‍ശനം മുസ്ലിം വ്യക്തിയുടെ വാദത്തെക്കാള് അദ്ദേഹത്തിന്റെ മതപരമായ അല്ലെങ്കില്‍ സംഘടനാപരമായ അടയാളത്തെ കേന്ദ്രീകരിച്ചായിരിക്കും. അപ്പോള്‍ വിമര്‍ശനം നിഷ്പക്ഷമെന്ന് തോന്നിച്ചാലും, അതിന്റെ രൂപം അനീതിയുടെ ഘടനയുടെ ഭാഗമാവുന്നു. കാരണം മറ്റുള്ളവരോട് പ്രയോഗിക്കാത്ത ഒരു മാനദണ്ഡമാണ് ഇവിടെ മുസ്ലിംകളോട് പ്രയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍, സഹിഷ്ണുതയുള്ള ന്യൂട്രൽ ഭാഷയില്‍ പോലും ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കാം.
ചില സമീപനങ്ങൾ പ്രധാനമാണ്: ഒരു മുസ്ലിം വ്യക്തിയെ വിമര്‍ശിക്കുന്നത് തെറ്റല്ല; പക്ഷേ അദ്ദേഹത്തെ വിമര്‍ശിക്കുന്ന രീതി പ്രധാനമാണ്. ഒരാളുടെ വാദത്തെ വിമര്‍ശിക്കാം. അദ്ദേഹം പറഞ്ഞ യുക്തിയെ ചോദ്യം ചെയ്യാം. അദ്ദേഹത്തിന്റെ എഴുത്ത്, രാഷ്ട്രീയ നിലപാട്, പൊതു ഇടപെടല്‍, ആശയപരമായ പരിമിതി എന്നിവയെക്കുറിച്ച് വിശദമായി വാദിക്കാം. പക്ഷേ അദ്ദേഹത്തിന്റെ മതപരമായ കലക്ടീവ് സ്വഭാവത്തെ അദ്ദേഹത്തിന്റെ സമ്മതമോ അനുമതിയോ ഇല്ലാതെ വിമര്‍ശനത്തിന്റെ പ്രധാന അടിസ്ഥാനമാക്കുമ്പോള്‍ പ്രശ്നം മാറുന്നു. അപ്പോള്‍ നമ്മള് ഒരു വാദത്തെ അല്ല, നമുക്കു താല്പര്യമുള്ള ഒരു അടയാളത്തെ കേന്ദ്രീകരിച്ചാണ് സംസാരിക്കുന്നത്. ഇതാണ് വിമര്‍ശനവും മുന്‍വിധിയും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം.
കൂടാതെ, മുസ്ലിം വ്യക്തിക്ക് മറ്റു വ്യക്തികള്‍ക്കുള്ളതുപോലെ തന്നെ വൈരുധ്യത്തിന്റെയും മാറ്റത്തിന്റെയും അവകാശമുണ്ട്. ഒരാള്‍ക്ക് ഒരു സംഘടനയോട് ഒരേസമയം അടുപ്പവും അകലവും പുലര്‍ത്താന്‍ സാധിക്കും. ഒരാള്‍ക്ക് ഒരു പ്രത്യേക ഇസ് ലാമിക പാരമ്പര്യത്തില്‍നിന്ന് പുറത്തുവരാനും അതിനെ വിമര്‍ശിക്കാനും കഴിയും. ഒരാള്‍ക്ക് ഒരു സമൂഹത്തിന്റെ അംഗമായിരിക്കാനും വ്യക്തിപരമായി സ്വന്തം പേരില്‍ സംസാരിക്കാനും കഴിയും. ഇവ സാധാരണ ജീവിത അനുഭവങ്ങളാണ്.
പക്ഷേ മുസ്ലിംകളുടെ കാര്യത്തില്‍ ഇവ പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. അവർ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരാണെങ്കില് ഏതു സാഹചര്യത്തിലും അവരുടെ എല്ലാ വാക്കുകളും ആ സംഘടനയുടെ ഔദ്യോഗിക ശബ്ദം ആണെന്നു കരുതപ്പെടും. അവർ സമുദായത്തില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ എല്ലാ അഭിപ്രായങ്ങളും ആ സമുദായത്തിന്റെ കൂട്ടായ ബോധം ആണെന്നു കരുതപ്പെടും. അവർ ആഗ്രഹിച്ചാലും സമ്മതം നല്കിയാലും ഇല്ലെങ്കിലും.
ഇതിന്റെ സാമൂഹിക ഫലം എന്താണ്? മുസ്ലിംകള് എപ്പോഴും വിശദീകരിക്കേണ്ടവരായി മാറുന്നു. എപ്പോഴും തങ്ങളുടെ നിലപാട് തെളിയിക്കേണ്ടവരായി മാറുന്നു. എപ്പോഴും “ഞാന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണ്” അല്ലെങ്കില്‍ “എന്റെ വാക്ക് മുഴുവന്‍ സമുദായത്തിന്റെ വാക്കല്ല” എന്ന് പറഞ്ഞുകൊണ്ടിരിക്കേണ്ടിവരുന്നു. ഒരു സമൂഹം തുല്യമായിരിക്കുമ്പോള്‍ ഒരു വിഭാഗം ഇത്രയും തുടർച്ചയായ “സ്വയം വിശദീകരണത്തിന്റെ” ഭാരത്തില്‍ ജീവിക്കേണ്ടതില്ല. അതിനാല്‍ ഇത് വെറും ഭാഷാപ്രശ്നമല്ല; തുല്യപൗരത്വപ്രശ്നമാണ്.
സക്രിയമായ പൊതുജീവിതത്തിന്റെ അര്‍ത്ഥം എല്ലാവര്ക്കും ഒരേ അവകാശവും ശബ്ദവും നല്‍കുക മാത്രമല്ല; എല്ലാവരെയും ഒരേ അടിസ്ഥാനത്തില്‍ കേള്‍ക്കുക എന്നതുമാണ്. ഒരു മുസ്ലിം വ്യക്തിക്ക് തെറ്റുകൾ പറ്റാൻ അവകാശമുണ്ട്. വിയോജിക്കാനാവകാശമുണ്ട്. വിവാദപരമായി സംസാരിക്കാനാവകാശമുണ്ട്. സ്വയം തിരുത്താനാവകാശമുണ്ട്. മറ്റുള്ളവരെപ്പോലെ തന്നെ ഒരു ക്രമരഹിതമായ വ്യക്തിയായി നിലകൊള്ളാനാവകാശമുണ്ട്. ഈ സാധാരണ മനുഷ്യാവകാശം തന്നെ മുസ്ലിംകളില്നിന്ന് പലപ്പോഴും പിന്‍വലിക്കപ്പെടുന്നു. കാരണം അവർ വ്യക്തികളായി അല്ല, അടയാളങ്ങളായി വായിക്കപ്പെടുന്നു.
നാം പഠിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഒന്നാമത്, ഒരാള്‍ മുസ്ലിം ആണെന്ന ഒരൊറ്റ കാരണത്താല്‍ അദ്ദേഹത്തിന്റെ വാക്ക് മുഴുവന്‍ മുസ്ലിം സമൂഹത്തിന്റെ വാക്കായി വായിക്കരുത്. രണ്ടാമത്, ഒരു മുസ്ലിം വ്യക്തിയെക്കുറിച്ചുള്ള വിമര്‍ശനം, മറിച്ചുള്ള വിശദീകരണം ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ വാദത്തിന്മേല് കേന്ദ്രീകരിക്കണം, അദ്ദേഹത്തിന്റെ സംഘടിത സ്വഭാവത്തെ കുറിച്ചുള്ള പൊതുവായ സൂചനകളില്‍ അല്ല. മൂന്നാമത്, മുസ്ലിം സമൂഹത്തിനുള്ളിലെ വൈവിധ്യം അംഗീകരിക്കണം. നാലാമത്, ഒരേ മാനദണ്ഡം എല്ലാവര്ക്കും പ്രയോഗിക്കണം. അഞ്ചാമത്, ഒരാളുടെ വ്യക്തിപരമായ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ കൂട്ടായ അടയാളത്തില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ പഠിക്കണം.
ഈ ചര്‍ച്ച മുസ്ലിംകളെക്കുറിച്ച് മാത്രം അല്ല. ഇത് മറ്റെല്ലാ ന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള വലിയൊരു സാമൂഹിക പാഠമാണ്. ഒരു സമൂഹം മുസ്ലിംകളെ വ്യക്തികളായി കാണാന്‍ പഠിക്കാത്തിടത്ത്, അതേ സമൂഹം മറ്റുള്ള ന്യൂനപക്ഷങ്ങളെയും അതേ രീതിയില്‍ വായിക്കാന്‍ സാധ്യതയുണ്ട്. ആദ്യം ഒരു വിഭാഗത്തെ കൂട്ടായ്മയായി മാത്രം കാണുന്ന യുക്തി, പിന്നീട് മറ്റുള്ളവരിലേക്കും വ്യാപിക്കും. അതിനാല്‍ മുസ്ലിം പ്രതിനിധാനത്തെക്കുറിച്ചുള്ള ഈ ചര്‍ച്ച സാമൂഹിക ജീവിതത്തിന്റെ ബഹുസ്വരസ്വഭാവം അളക്കാനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ്.
ലളിതമായി പറഞ്ഞാല്‍, ചോദ്യം ഇതാണ്: ഒരു മുസ്ലിം സംസാരിക്കുമ്പോള്‍ നാം ഒരു വ്യക്തിയെയാണോ കേള്‍ക്കുന്നത്, അതോ നമ്മുടെ മുന്‍വിധികള്‍ മുന്‍കൂട്ടി നിര്‍മ്മിച്ച ഒരു കൂട്ടായ്മയുടെ ശബ്ദമെന്നു കരുതിയാണോ കേള്‍ക്കുന്നത്? ഈ ചോദ്യത്തിന് നാം നല്കുന്ന ഉത്തരം വെറും മുസ്ലിംകളെക്കുറിച്ചുള്ള നമ്മുടെ നിലപാട് മാത്രമല്ല വെളിപ്പെടുത്തുന്നത്. അത് നമ്മുടെ സമൂഹം എത്രത്തോളം നീതിയുള്ളതാണന്ന് കൂടി വെളിപ്പെടുത്തുന്നു.
അതിനാല്‍ പൊതുചര്‍ച്ചകളില്‍ ഒരു വലിയ മാറ്റം അനിവാര്യമാണ്. മുസ്ലിംകളെപ്പറ്റി സംസാരിക്കുമ്പോള്‍ അവരെ സമുദായമായി മാത്രം കാണാതെ വ്യക്തികളായും കാണണം. അവരുടെ മതപരമായ അടയാളത്തെ മാത്രം കാണാതെ അവരുടെ സാമൂഹിക വാദത്തെയും കാണണം. അവരുടെ സംഘടനാപരമായ ബന്ധങ്ങളെ മാത്രം കാണാതെ അവരുടെ വ്യക്തി ചിന്തയെയും കാണണം.
ഒരു സമൂഹം യഥാര്‍ഥത്തില്‍ ഇസ്ലാമോഫോബിയക്കെതിരെ പ്രവര്‍ത്തിക്കണമെങ്കില്‍, മുസ്ലിംകളെ അപമാനിക്കുന്ന ഭാഷ ഒഴിവാക്കുന്നത് മാത്രം മതിയാവില്ല. മുസ്ലിംകളെ വ്യക്തികളായി കാണാന്‍ പഠിക്കണം. അവരുടെ ഓരോ വാക്കിനേയും ഒരു സമുദായത്തിന്റെ/സംഘടനയുടെ “രഹസ്യപ്രഖ്യാപനമായി” വായിക്കുന്ന ശീലത്തില്‍നിന്ന് മാറണം.