ഇന്ന് ലോക രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിലും വരെ ‘ജനവികാരം’ വളരെ വലിയ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണ്. ആഗ്രഹം , ഭയം, സുരക്ഷാ ഭീഷണി, കോപം, സ്നേഹം, വെറുപ്പ്, അപമാനബോധം, പീഡിതബോധം തുടങ്ങിയ വികാരങ്ങൾ തിരഞ്ഞെടുപ്പുകളെയും മാധ്യമങ്ങളെയും പൊതുചർച്ചകളെയും ശക്തമായി സ്വാധീനിക്കുന്നു. സമകാലിക ഇസ്‌ലാമോഫോബിയയും ഈ വലിയ രാഷ്ട്രീയ പശ്ചാത്തലത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്.
അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ വെറും ഒരു മുൻവിധിയോ മതവൈരമോ ആയി മാത്രം മനസ്സിലാക്കാൻ കഴിയില്ല. അത് ഇന്ന് വലിയൊരു രാഷ്ട്രീയ വികാരമായി പ്രവർത്തിക്കുന്നു. മുസ്‌ലിംകളെക്കുറിച്ചുള്ള ഭയം, സംശയം, അസ്വസ്ഥത, വെറുപ്പ് എന്നിവ സമൂഹത്തിൽ എങ്ങനെ രൂപപ്പെടുന്നു എന്നത് മനസ്സിലാക്കാൻ രാഷ്ട്രീയം എങ്ങനെ മാറിയിരിക്കുന്നു എന്ന് കൂടി നോക്കേണ്ടതുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിൽ രാഷ്ട്രീയം പ്രധാനമായും ആശയധാരകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കമ്മ്യൂണിസം, ലിബറലിസം, സോഷ്യലിസം, ദേശീയത തുടങ്ങിയ രാഷ്ട്രീയ ആശയങ്ങൾ സമൂഹത്തെ എങ്ങനെ ക്രമീകരിക്കണം എന്ന ചർച്ചകളായിരുന്നു പ്രധാനമായിരുന്നത്. ഇതിനെ “രാഷ്ട്രീയ ആശയധാര” (Political Ideology) എന്ന് വിളിക്കാം.
എന്നാൽ ഇന്ന് രാഷ്ട്രീയം പലപ്പോഴും ആശയങ്ങളെക്കാൾ വികാരങ്ങൾ വഴിയാണ് പ്രവർത്തിക്കുന്നത്. ഭയം,സുരക്ഷിതത്വമില്ലായ്മ, ധാർമിക രോഷം,അപരനെക്കുറിച്ചുള്ള ആശങ്ക, സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുന്നു എന്ന തോന്നൽ തുടങ്ങിയവ രാഷ്ട്രീയത്തിന്റെ കേന്ദ്രമാകുന്നു. ഇവിടെ രാഷ്ട്രീയം ഒരു “രാഷ്ട്രീയ ദൈവശാസ്ത്ര” (Political Theology) സ്വഭാവം സ്വീകരിക്കുന്നു.
അതായത് രാഷ്ട്രീയം വെറും നയപരമായ ചർച്ചയല്ലാതാകുന്നു. മറിച്ച് “ആരാണ് നല്ലവർ?”, “ആരാണ് ഭീഷണി?”, “ആരാണ് സമൂഹത്തെ നശിപ്പിക്കുന്നത്?”, “ആരാണ് രക്ഷിക്കേണ്ടവർ?” എന്ന രീതിയിലുള്ള വൈകാരിക-ധാർമിക ഭാഷയിലേക്ക് രാഷ്ട്രീയം മാറുന്നു.
ഇസ്‌ലാമോഫോബിയയും ഈ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. മുസ്‌ലിംകളെ പലപ്പോഴും ഒരു സാധാരണ പൗരസമൂഹത്തിന്റെ ഭാഗമെന്നതിലുപരി “പ്രശ്നം”, “ഭീഷണി”, “അപകടം”, “സംശയകരമായ വിഭാഗം” എന്ന രീതിയിൽ അവതരിപ്പിക്കുന്നു. മുസ്‌ലിം ജനസംഖ്യ, ഹിജാബ്, ഭക്ഷണം, പള്ളി, പ്രാർത്ഥന, രാഷ്ട്രീയം, ജനസംഖ്യ വർധന, പ്രണയം, വ്യാപാരം എന്നിവയെല്ലാം ചിലപ്പോൾ ഒരു “അസാധാരണ ഭീഷണി” ആയി ചിത്രീകരിക്കപ്പെടുന്നു.
ഈ സാഹചര്യത്തിൽ മുസ്‌ലിംകൾക്കെതിരായ വെറുപ്പ് വെറും രാഷ്ട്രീയ ആശയധാര (Political Ideology) മാത്രമല്ല .അത് ഒരു സാമൂഹിക വികാരമാണ്. ഒരു “അപരഭയം” ആണ്.“അപരൻ” എന്നത് സമൂഹം തനിക്കു പുറത്തുള്ളവനായി കാണുന്ന ആളെയാണ് സൂചിപ്പിക്കുന്നത്. ഇസ്‌ലാമോഫോബിയയിൽ മുസ്‌ലിംകൾ ഒരു “അപരർ” ആയി നിർമ്മിക്കപ്പെടുന്നു. അതായത് അവർ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമല്ല; മറിച്ച് സംശയത്തോടെ നോക്കേണ്ട ഒരു വിഭാഗമാണെന്ന ബോധം സൃഷ്ടിക്കപ്പെടുന്നു.
ഇത് എപ്പോഴും തുറന്ന വെറുപ്പായിട്ടല്ല പ്രവർത്തിക്കുന്നത്. ചിലപ്പോൾ “ഞങ്ങൾക്ക് മുസ്‌ലിംകളോട് പ്രശ്നമില്ല, പക്ഷേ…” എന്ന രീതിയിലുള്ള ഭാഷയിലൂടെയും ഇത് വരും. ചിലപ്പോൾ സുരക്ഷ, സ്ത്രീസ്വാതന്ത്ര്യം, മതനിരപേക്ഷത, ദേശസ്നേഹം, ജനസംഖ്യ, വികസനം തുടങ്ങിയ ഭാഷകളിലൂടെയും മുസ്‌ലിംകളെ ഒരു പ്രശ്നമായി അവതരിപ്പിക്കും.
ഇവിടെയാണ് രാഷ്ട്രീയ ആശയധാരയും രാഷ്ട്രീയ ദൈവശാസ്ത്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത്. രാഷ്ട്രീയ ആശയധാര സാധാരണയായി സമൂഹത്തെ എങ്ങനെ ക്രമീകരിക്കണം എന്ന ചർച്ചയാണ്. എന്നാൽ രാഷ്ട്രീയ ദൈവശാസ്ത്രം സമൂഹം “ആരിൽ നിന്ന് രക്ഷിക്കപ്പെടണം” എന്ന വികാരത്തെ സൃഷ്ടിക്കുന്നു. ഇവിടെ രാഷ്ട്രീയം ചോരചിന്താത്ത ഒരു ധാർമിക യുദ്ധമാകുന്നു. ചിലരെ “ശുദ്ധർ” ആയും ചിലരെ “ഭീഷണി” ആയും അവതരിപ്പിക്കുന്നു.
ഇസ്‌ലാമോഫോബിയ പലപ്പോഴും ഇങ്ങനെ പ്രവർത്തിക്കുന്നു.മുസ്‌ലിംകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ, വ്യാജവാർത്തകൾ, ജനസംഖ്യാഭയങ്ങൾ, “ലവ് ജിഹാദ്” പോലുള്ള പ്രചാരണങ്ങൾ, ഭക്ഷണരാഷ്ട്രീയം, ഹിജാബ് വിവാദങ്ങൾ എന്നിവയെല്ലാം വെറും അജഞതയുടെ രാഷ്ട്രീയം മാത്രമല്ല. അവ ആളുകളുടെ വികാരങ്ങളെ സജ്ജമാക്കുന്ന രാഷ്ട്രീയമാണ്.
പക്ഷേ ഇവിടെ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം. രാഷ്ട്രീയം വികാരങ്ങളിലൂടെ പ്രവർത്തിക്കുന്നു എന്നത് മോശം കാര്യമല്ല. മനുഷ്യർ വെറും യുക്തിയിലൂടെ മാത്രം ജീവിക്കുന്നില്ല. അനീതിക്കെതിരായ കോപം, അടിച്ചമർത്തലിനെതിരായ വേദന, ചുറ്റുമുള്ള മനുഷ്യരോടുള്ള സഹാനുഭൂതി, നീതിക്കായുള്ള ആഗ്രഹം, പീഡിതരോടുള്ള ഐക്യദാർഢ്യം എന്നിവയും വികാരങ്ങളാണ്. ദലിത് പ്രസ്ഥാനങ്ങൾ, സ്ത്രീ പ്രസ്ഥാനങ്ങൾ, ഫലസ്തീൻ ഐക്യദാർഢ്യം, ജാതിവിരുദ്ധ സമരങ്ങൾ, ഹിന്ദുത്വത്തിനെതിരായ പ്രതിഷേധങ്ങൾ എന്നിവയെല്ലാം ജനകീയ വികാരങ്ങളില്ലാതെ മുന്നോട്ടുപോയിട്ടില്ല.
പ്രശ്നം വികാരങ്ങൾ രാഷ്ട്രീയത്തിൽ ഉണ്ടാകുന്നതല്ല. ഏത് വികാരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്? ആരെയാണ് “ഭീഷണി” ആയി അവതരിപ്പിക്കുന്നത്? ആരുടെ വേദനയാണ് ദൃശ്യമാക്കുന്നത്? ആരുടെ വേദനയാണ് അദൃശ്യമാക്കുന്നത്? എന്നതാണ് പ്രധാന ചോദ്യം.
ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം മുസ്‌ലിംകളെക്കുറിച്ചുള്ള ഭയവും സംശയവും ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ അതിന് മറുപടിയായി സഹവർത്തിത്വം, ബഹുസ്വരത, ജനാധിപത്യ പ്ലാറ്റ്ഫോമുകൾ, പീഡിതരോടുള്ള ഐക്യദാർഢ്യം തുടങ്ങിയ വികാരങ്ങളും രാഷ്ട്രീയമായി സൃഷ്ടിക്കപ്പെടാം. അതുകൊണ്ട് രാഷ്ട്രീയം വികാരങ്ങളുടെ മേഖലയാകുന്നു എന്നത് പ്രശ്നമല്ല; ആ വികാരങ്ങൾ സമൂഹത്തെ ഏത് ദിശയിലേക്കാണ് നയിക്കുന്നത് എന്നതാണ് നിർണായകം.
അതേസമയം ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം വലിയ അപകടവും സൃഷ്ടിക്കുന്നു. കാരണം ഇത് സമൂഹത്തിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കും. തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ജാതീയത, വിദ്യാഭ്യാസ പ്രതിസന്ധി, ആരോഗ്യപ്രശ്നങ്ങൾ, ജനാധിപത്യ അസമത്വം തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങൾ മറവിയിലേക്ക് പോകും. പകരം ഒരു “അപരനെ” ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ ഭയങ്ങളും അസംതൃപ്തിയും അതിലേക്കു മാറ്റിവെക്കും.
അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുന്നത്, സമൂഹം എങ്ങനെ ഭയപ്പെടുന്നു, രാഷ്ട്രീയം എങ്ങനെ വികാരങ്ങളെ ഉപയോഗിക്കുന്നു, “അപരൻ” എങ്ങനെ നിർമ്മിക്കപ്പെടുന്നു, ജനാധിപത്യം എങ്ങനെ ധാർമിക അവകാശവാദങ്ങളുടെ യുദ്ധഭൂമിയായി മാറുന്നു എന്നിവ മനസ്സിലാക്കുന്നതുമാണ്.
പക്ഷേ അതിനപ്പുറം ഒരു വലിയ രാഷ്ട്രീയ ചോദ്യവും ഇവിടെ ഉയരുന്നുണ്ട്: ഭയത്തിന്റെ ജനവികാരത്തിന് പകരം സഹാനുഭൂതിയുടെ ജനവികാരം സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ? ഒരു സമൂഹത്തെ “അപരർ” ആക്കുന്നതിനുപകരം തുല്യ മനുഷ്യരായി കാണുന്ന ജനവികാരം വളർത്താൻ കഴിയുമോ? പുതിയ കാലത്തെ രാഷ്ട്രീയ ചോദ്യങ്ങളുടെ കേന്ദ്രത്തിൽ തന്നെ നാം ഉത്തരങ്ങൾ തേടേണ്ടതുണ്ട്.
റഫറൻസ്
Ulrich Schmiedel and Jonathan Ralston Saul, eds., “The Spirit of Populism: Political Theologies in Polarized Times” (Leiden: Brill Academic, 2021).
Joshua Miller, “Resisting Theology, Furious Hope: Secular Political Theology and Social Movements” (New York: Palgrave Macmillan, 2019).