Campus Islamophobia Hindutva Indian Islamophobia Islamophobia Studies

കാമ്പസ് രാഷ്ട്രീയവും മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയവും

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്താകമാനം പടർന്നു പന്തലിച്ച നവവിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണു ഹൈദരബാദ് യൂണിവേഴ്‍സിറ്റി. ജാതി നിർമൂലന ചിന്തയെ സാമൂഹിക ഇടപെടലുകളുടെ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ആ വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ പ്രസക്തി. യഥാർത്ഥത്തിൽ ഇതിന് രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുമ്പേയുള്ള ജാതി വിരുദ്ധ ഇടപെടലുകളുടെ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. വിവിധ കീഴാള സമുദായങ്ങളുടെ സ്വന്തന്ത്രമായ സംഘാടനവും അത് വരേണ്യ അക്കാദമിക പരിസരങ്ങളോടു നടത്തിയ നിരന്തര പോരാട്ടവുമാണ് അതിൻ്റെ കാതൽ. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ 1993ൽ രൂപംകൊണ്ട അംബേദ്‍കര്‍ സ്റ്റുഡൻസ് അസോസിയേഷൻ്റെ ഇടപെടലുകൾ അതിൽ പ്രസ്താവ്യമാണ്. ആ അർത്ഥത്തിൽ വ്യത്യസ്തങ്ങളായ അടിച്ചമർത്തപ്പെട്ട രാഷ്ട്രീയ അസ്തിത്വങ്ങളെ അംഗീകരിക്കുന്ന ഒരു സ്വഭാവം ഈ കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയത്തിനുണ്ട്.

വർഗ രാഷ്ട്രീയ ബന്ധിതമായ സാമ്പ്രദായിക ഇടതു രാഷ്ട്രീയത്തിൻ്റെ ദൗർബല്യങ്ങള്‍ ഇവിടെ ഏറെ മുഴച്ചുകാണാം. കീഴാള സമുദായങ്ങളുടെ രാഷ്ട്രീയ അസ്തിത്വപ്രകാശനം സാധ്യമായ ഇടമായത് കൊണ്ടാണത്. പലപ്പോഴുമത് ഇടതു പക്ഷത്തോട് കലഹിച്ചു കൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. എവിടെയോ പോയി മറഞ്ഞിരുന്ന ജാതി രാഷ്ട്രീയത്തെ തിരിച്ചുകൊണ്ട് വരുന്നു എന്ന ആരോപണമാണ് ദലിത് സമുദായ സംഘാടനത്തോട് ഇടതു രാഷ്ട്രീയം ഏറ്റവും കൂടുതലായി ഉന്നയിച്ചിരുന്നത്. വർഗീയവാദികൾ എന്ന പദാവലിയുപയോഗിച്ചാണ് സമാനമായ രീതിയില്‍ മുസ്‍ലിം സമുദായ സംഘടനത്തെ ഇവര്‍ ആരോപിക്കാറ്.

രണ്ടാം മണ്ഡൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഉന്നത സർവ്വകലാശാലകളിലെ ഒ.ബി.സി സംവരണം നടപ്പിലാക്കപ്പെട്ടതിനുശേഷമാണ് ഇത്തരം കാമ്പസുകളിൽ മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നത്. അത് സ്വാഭാവികമായും അവരുടെ മതപരത പൊതുയിടത്തു കൂടുതൽ ദൃശ്യമാവുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കി. യൂറോപ്യന്‍ സമൂഹത്തിൻ്റെയും പാശ്ചാത്യ ആധുനികതയുടെയും ഘടനക്കുളിൽ അടങ്ങിയ ഇസ്‍ലാമോഫോബിയ വെളിവാകുന്ന സമയമാണ് ആ നാടുകളിലെ മുസ്‍ലിം ദൃശ്യതയെ കുറിച്ച ആകുലതകളെന്നു നിരവധി പഠനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അഭയാർത്ഥി പ്രവാഹത്തെ കുറിച്ചു ഭീതി രൂപപ്പെടുന്നതും ഇതേ പരിസരത്ത് നിന്ന് തന്നെയാണ്. മുസ്‍ലിം മതപരതയെ കുറിച്ചുള്ള കാമ്പസ് ആധികളുടെ ഉറവിടവും സമാനമാണെന്ന് ചുരുക്കം.

കാമ്പസിലെത്തിയ മുസ്‍ലിം വിദ്യാർഥികൾ, പ്രത്യേകിച്ച് കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ, സാമ്പ്രദായിക ഇടതുപക്ഷത്തിനൊപ്പം നിൽക്കുക എന്ന നിലപാടായിരുന്നു പൊതുവെ സ്വീകരിച്ചു പോന്നിരുന്നത്. എന്നാൽ അതിൽ നിന്ന വിഭിന്നമായി സംഘടിതമായ മുസ്‍ലിം രാഷ്ട്രീയസ്വഭാവം സ്വീകരിക്കുകയും, അത് എസ്.ഐ.ഒ, എം.എസ്.എഫ് പോലെയുള്ള പ്ലാറ്റഫോമുകളിലൂടെ ഒരു സംഘടനാ രൂപം കൈവരിക്കുകയും ചെയ്തു. മതപരതയെ മാറ്റി നിർത്താതെ തന്നെ തങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ പ്രസ്തുത സംഘടനകളിലൂടെ മുസ്‍ലിം വിദ്യാർഥികൾക്കായി. അതാകട്ടെ, അവിടുത്തെ സാമ്പ്രദായിക ഇടതുപക്ഷത്തെ ചോദ്യം ചെയ്തും അവരുടെ മുസ്‍ലിം വിരുദ്ധവും ജാതീയവുമായ വ്യവഹാരങ്ങളോടും കലഹിച്ചും, ജാതിവിരുദ്ധ രാഷ്ട്രീയത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് നിര്‍വഹിച്ചു വന്നത്.

ഈയൊരു സമയത്താണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (EFLU) എസ്.ഐ.ഒ യൂണിറ്റ് തുടങ്ങുന്നതും. അവിടെയുള്ള ദലിത്-ആദിവാസി-ബഹുജൻ-മൈനോറിറ്റി സ്റ്റുഡന്റസ് അസോസിയേഷനുമായി (DABMSA) സഹകരിച്ചു കൊണ്ടാണ് ശിഹാബ് പൂക്കോട്ടൂരിനെ പോലുള്ളവർ എസ്.ഐ.ഒക്ക് തുടക്കം കുറിക്കുന്നത്. മതത്തെയും അതിൻ്റെ വിമോചന സാധ്യതകളെയും കുറിച്ച് സംസാരിക്കാനുള്ള മതേതര വിമുഖതയെ തുറന്നുകാട്ടിയും എതിർത്തുമാണ് ഇസ്‍ലാമിക രാഷ്ട്രീയ പരീക്ഷണങ്ങൾ അവിടെ സാധ്യമായതെന്നര്‍ഥം. ദലിത് ക്യാമറ സ്ഥാപകനും ഇഫ്ളുവിൽ ഗവേഷകനുമായ രവിചന്ദ്രൻ, ജെയിംസ് മൈക്കിൾ എന്നിവർ എസ്.ഐ.ഒ മലപ്പുറം ജില്ലാ കാമ്പസ് കൺവെൻഷനിൽ പങ്കെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. പിന്നീട് 2012-13 കാലയളവിലാണ് കുറച്ചു കൂടി വിശാലമായിത്തന്നെ ഈ കാമ്പസില്‍ മുസ്‍ലിം സംഘാടനം നടക്കുന്നത്. വിമത സ്വരങ്ങളെ സംഘടിപ്പിച്ചു കൊണ്ട് DABMSA യും എസ്.ഐ.ഒയും ഒരുമിച്ച് ചേർന്ന് പരിപാടികൾ ആവിഷ്കരിക്കാൻ തുടങ്ങി. അതുവഴി ജാതി, സമുദായം, സിനിമ, ജനാധിപത്യം, ആഘോഷങ്ങൾ എന്നിവയുടെയെല്ലാം വരേണ്യതയെ ചോദ്യം ചെയ്തു. അവിടെ എം.എസ്.എഫ് രൂപീകൃതമാവുന്നതും ഈ സമയത്താണ്.

സഖ്യങ്ങളും മുസ്‍ലിം സംഘടനകളും

ഇതര കീഴാള സമുദായങ്ങളോടുള്ള ഐക്യപ്പെടൽ മുസ്‍ലിം വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അധികാരത്തിനുവേണ്ടിയുള്ള സഖ്യം എന്നതിനപ്പുറം ധാർമികമായ (Ethical) നിലപാടായിരുന്നു. ഇസ്‍ലാമികമായ അടിത്തറയിൽ നിന്നുകൊണ്ട് തന്നെയാണ് അങ്ങനെയൊരു നിലപാടിലേക്ക് അവരും അവരുടെ സംഘാടനവും മാറിയതും. ഒറ്റപ്പെടുത്തിക്കൊണ്ടും മലയാളി ഇടങ്ങളിൽ നിന്ന് ബഹിഷ്കരിച്ചു കൊണ്ടുമാണ് സംഘടിതരായ മുസ്‍ലിം വിദ്യാർഥികളോട് ഇടതുപക്ഷം പക വീട്ടിയത്. എസ്.ഐ.ഒവിൻ്റെ കൂടെ നിന്ന ആദ്യകാല മുസ്‍ലിം വിദ്യാർഥിനികളില്‍ പെട്ട നാജിയയെ പോലുള്ളവർക്ക് അങ്ങനെയുള്ള ഒരുപാട് കഥകള്‍ കാണും പറയാന്‍. അതിനെയൊക്കെ അതിജീവിച്ചും അംബേദ്‍കറൈറ്റ്-ദലിത്-ബഹുജൻ-ആദിവാസി സംഘടനകളുമായി സഖ്യപ്പെട്ടും കൊണ്ടാണ് മുസ്‍ലിം വിദ്യാർഥികൾ അവരുടെ രാഷ്ട്രീയ സംഘാടനം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്നത്.

ഇതിലൂടെ പുതിയൊരു ഉണർവ് കീഴാള രാഷ്ട്രീയത്തിന് ലഭിച്ചെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പരസ്‍പരമുള്ള പിണക്കങ്ങൾ മാറ്റിവെച്ച് കൊണ്ട് വ്യത്യസ്ത ദലിത്-ബഹുജൻ സംഘടനകൾ ഒരുമിച്ച് വന്നു. നോർത്ത്-ഈസ്റ്റ്, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഈയൊരു രാഷ്ട്രീയത്തിൻ്റെ കൂടെ നില്‍ക്കാൻ തയ്യാറായിയെന്നതും എടുത്തുപറയണം. ഇതിൻ്റെയെല്ലാം തുടർച്ചയെന്നോണം, വ്യത്യസ്തങ്ങളായ അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയിട്ടുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളും അങ്ങനെയൊരു സഖ്യത്തെ പിന്തുണയ്ക്കാൻ താല്പര്യമുള്ളവരും ഒരുമിച്ചു വന്നു; യുണൈറ്റഡ് ഡെമോക്രാറ്റിക്‌ അലയൻസ് (യു.ഡി.എ) പോലുള്ള തെരെഞ്ഞെടുപ്പ് സഖ്യങ്ങൾ രൂപപ്പെട്ടു. 2014 ൽ തന്നെ യൂണിയൻ ഭരിക്കുന്ന ഒരു നിലയിലേക്ക് വളരാന്‍ യു.ഡി.എ ക്ക് കഴിഞ്ഞു.

അതിനു ശേഷമാണ്, കാമ്പസിലെ ഇടതുപക്ഷ പ്രസ്ഥാനം (എസ്.എഫ്.ഐ) ദലിത്, ആദിവാസി സംഘടനകളെ അവരുടെ ഫോൾഡിലേക്ക് സ്വാംശീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ വരെ പരോക്ഷമായി നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തിൻ്റെ പ്രസ്‌താവ്യ നിലപാടിൽ നിന്നുള്ള വേറിടലായിരുന്നു ദലിത് സ്റ്റുഡൻറ്സ് യൂണിയൻ (DSU), ട്രൈബൽ സ്റ്റുഡൻറ്സ് ഫ്രണ്ട് (TSF) എന്നീ സംഘടനകളുമായി ചേര്‍ന്നു നടത്തിയ തെരെഞ്ഞെടുപ്പ് സഖ്യം. സമൂഹത്തെ ജാതീയമായി വർഗീകരിക്കുന്നുവെന്നും ജാതി ചിന്തകൾ രൂഡ മൂലമാക്കുന്നുവെന്നും പറഞ്ഞു നിരന്തരം ജാതി വിരുദ്ധ സ്വത രാഷ്ട്രീയസംഘാടനത്തെ എതിർത്ത് പോന്നിരുന്ന ഇടതുപക്ഷം തന്നെയാണ് ഇത്തരമൊരു പരീക്ഷണത്തിന് അക്കാലത്ത് തയ്യാറാകുന്നത് എന്നത് ചെറിയ കാര്യമല്ല.

എന്നാൽ ആശയപരമായി കൊണ്ടും കൊടുത്തുമുള്ള ഒരു സഖ്യത്തേക്കാൾ ഈ രാഷ്ട്രീയത്തിൻ്റെ ഇലക്ടറൽ വിജയം മുന്നിൽ കണ്ടു കൊണ്ടുള്ള ഏറ്റെടുക്കലിനുള്ള (Appropriation) വെമ്പലാണ് യഥാർത്ഥത്തിൽ എസ്.എഫ്.ഐ കാണിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിലായി വ്യത്യസ്ത രൂപങ്ങളിൽ അവർ പയറ്റികൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. ഇടതു പക്ഷത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ പട്ടികജാതി ക്ഷേമസമിതിയുണ്ടാക്കിയതും തെലങ്കാനയിൽ ബഹുജൻ-ലെഫ്റ്റ് ഫ്രന്റ് എന്ന ഇലക്ട്രൽ മുന്നണി രൂപീകരിച്ചതും ഇതോട് ചേർത്ത് വായിക്കുമ്പോൾ ഈ പരീക്ഷണത്തെ കുറിച്ച് കൂടുതൽ വ്യക്തത വരും. എന്നാൽ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പോളിറ്റ് ബ്യുറോ തന്നെ തെലങ്കാനയിലെ ഈ പരീക്ഷണത്തെ തള്ളിക്കളഞ്ഞുവെന്നതാണ് ഏറെ രസകരം. ബഹുജൻ-ലെഫ്റ്റ് ഫ്രന്റ് എന്ന ആശയത്തിൽ പ്രതീക്ഷ പുലർത്തിയിരുന്ന കാഞ്ചഐലയ്യയെ പോലുള്ളവർ ഇടതു പാർട്ടികൾക്ക് നേരെ രൂക്ഷ വിമർശനമുന്നയിച്ചതും ഈ സന്ദർഭത്തിലാണ്.

ആ അർഥത്തിൽ ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ ഉണ്ടായിരുന്ന സഖ്യത്തിലേക്ക് എ.എസ്.എയെ കൂടെ ഉൾപ്പെടുത്തുക എന്ന അജണ്ട വിജയിപ്പിക്കാൻ ഈ വര്‍ഷം എസ്.എഫ്.ഐക്ക് കഴിഞ്ഞു. എ.എസ്.എയുമായി തെരെഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാൻ എസ്.എഫ്.ഐ മുന്നോട്ട് വച്ച നിബന്ധന, വർഷങ്ങളോളം എ.എസ്.എയുടെ സഖ്യകക്ഷികളായി പ്രവർത്തിച്ചിരുന്ന എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ മുസ്‍ലിം സംഘടനകളെ എ.എസ്.എ ഉപേക്ഷിക്കണം എന്നതായിരുന്നു. ആഭ്യന്തര ചർച്ചകൾക്കൊടുവിൽ എസ്.എഫ്.ഐയുടെ ഈ ആവശ്യം എ.എസ്.എ അംഗീകരിക്കുകയും അങ്ങനെ മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി കാമ്പസിൽ രൂപപ്പെടുകയും ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്നതിനപ്പുറം, ‘വിജയിക്കുന്ന സഖ്യം’ എന്ന മിനിമൽ ആയ ഒരു ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബഹുജൻ സ്റ്റുഡൻസ് ഫ്രണ്ട് ( BSF), കാമ്പസിൽ പുതുതായി രൂപം കൊണ്ട എ.ഐ.എസ്.എ (AISA) എന്നീ വിദ്യാർഥി സംഘടനകള്‍ ഈ “ഫാഷിസ്റ്റ് വിരുദ്ധ മുന്നണി”ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു.

മുസ്‍ലിം സംഘാടനത്തിൻ്റെ അധിക ഭാരങ്ങളും ആധികളും

മേൽ സൂചിപ്പിച്ചതുപോലെ, യൂണിവേഴ്‍സിറ്റിയിലെ മുസ്‍ലിം വിദ്യാർഥികൾ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ കൂടെ നിന്നും ദലിത്-ആദിവാസി-ബഹുജൻ-അംബേദ്‌കറൈറ്റ് സംഘടനകളുമായി സഹകരിച്ചു കൊണ്ടുമാണ് പ്രവർത്തിച്ചുവന്നത്. മതേതര ആകുലതകളെ മറികടന്ന് മുസ്‍ലിം സമുദായ ചോദ്യങ്ങളെ രാഷ്ട്രീയമായി തന്നെ സമീപിക്കാൻ എ.എസ്.എയും തയ്യാറാണെന്നത് സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. മുസ്‍ലിം മതകീയതയെ പിന്തിരിപ്പനെന്ന് മുദ്രകുത്തി തള്ളിക്കളയുന്ന മതേതര-ലിബറൽ ചിന്താ പദ്ധതിയിൽ നിന്നും വേറിട്ട് കൊണ്ട് മുസ്‍ലീങ്ങളുടെ മതകീയവും സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനത്തെ സ്വാഗതം ചെയ്യാൻ എ.എസ്.എ മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന് കഴിഞ്ഞു.

 

വിമോചനാത്മകവും സാമൂഹികവുമായ ഇസ്‍ലാമിക ചിന്താസരണിയെ കാമ്പസിന് പരിചയപ്പെടുത്തിയ മുസ്‍ലിം വിദ്യാർഥികളുടെ സാമൂഹിക നീതിയലധിഷ്ഠിതമായ രാഷ്ട്രീയനിലപാടുകൾ പരസ്പരമുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കി. ഫുലെ, അംബേദ്‌കർ, സാവിത്രിബായ്, അയ്യൻ‌കാളി എന്നിവരുടെ കൂടെ മാൽക്കം എക്സ്, ഫാത്തിമ, ആലി മുസ്‌ലിയാർ എന്നിവരും മുദ്രാവാക്യങ്ങളിൽ മുഴങ്ങി. ഇക്ബാലും മൗദൂദിയും അലി ശരീഅത്തിയും കൂടാതെ തലാൽ അസദും, സബാ മഹ്മൂദുമെല്ലാം കാമ്പസ്സിൻ്റെ നിത്യ ചർച്ചകളായി. അതുകൊണ്ടാണ് മുസ്‍ലിം പ്രസ്ഥാനങ്ങളായ എസ്.ഐ.ഒ, എം.എസ്.എഫ് അടക്കമുള്ളവർ എ.എസ്.എയുടെ ഭാഗമായിത്തന്നെ നാളിതുവരെ പ്രവർത്തിച്ച് കൊണ്ടിരുന്നത്.

തെരെഞ്ഞെടുപ്പിൽ എ.എസ്.എയുമായി സഖ്യമുണ്ടാക്കാതിരിക്കാന്‍ എസ്.എഫ്.ഐ ആദ്യ ഘട്ടത്തിലുന്നയിച്ച ന്യായം എസ്.ഐ.ഒ പ്രവർത്തകർ എ.എസ്.എയിൽ പ്രവർത്തിക്കുന്നു എന്നതായിരിന്നു. രോഹിത് വെമുലയുടെ കൂടെ സസ്‌പെൻഡ് ചെയ്യപ്പെട്ട വിജയ് അംബേദ്‌കറെ വരെ ഇതുപറഞ്ഞു പിന്തുണക്കാതിരിന്നിട്ടുണ്ട്. എസ്.ഐ.ഒ കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ എസ്.ഐ.ഒവിൻ്റെ എ.എസ്.എയുമായുള്ള സഖ്യമാണ് എസ്.എഫ്.ഐക്ക് പ്രശ്നമായത്. തങ്ങൾക്ക് എസ്.ഐ.ഒവുമായിട്ട് മാത്രമാണ് പ്രശ്നം, എം.എസ്.എഫുമായിട്ട് പ്രശ്നമില്ല എന്ന തരത്തിലുള്ള വ്യവഹാരങ്ങളും തരാതരം പോലെ എസ്.എഫ്.ഐ കൊണ്ടുനടന്നിട്ടുണ്ട്. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മാത്രമാണ് എം.എസ്.എഫിൻ്റെ രാഷ്ട്രീയവും മതപ്രേരിതമാണെന്നും അത് കൊണ്ട് ഞങ്ങൾക്ക് സ്വീകാര്യമല്ലെന്നുംഎസ്.എഫ്.ഐ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ തെരെഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തു പലപ്പോഴും എസ്.ഐ.ഒവും മൗദൂദിയും തന്നെയായിരുന്നു. മോദിയും എ.ബി.വി.പിയും ഫാഷിസ്റ്റ് വിരുദ്ധതയുമെല്ലാം അതിന് ശേഷം മാത്രം.

അതോടൊപ്പം തന്നെ, കഴിഞ്ഞ കുറച്ചുകാലങ്ങളായി, മുസ്‍ലിം വിദ്യാർഥികളുടെ എണ്ണത്തിലുള്ള വർദ്ധനവും മുസ്‍ലിം സംഘടനകൾ ഇടപെടുന്ന വിഷയങ്ങളുടെ വൈവിധ്യവും അവ തീർക്കുന്ന സ്റ്റേറ്റ് സർവയലൻസും, അംബേദ്‍കറൈറ്റ് ദലിത് പ്രസ്ഥാനങ്ങളുടെ മറ്റുപല ശേഷികളെയും കുറക്കുന്നുവെന്ന ചർച്ചകൾ അവരുടെ അകത്തു തന്നെ സജീവമായിരുന്നു. തെരെഞ്ഞെടുപ്പ് സഖ്യ ചർച്ചകളിലാണ് പല രീതികളിലായി ഇവയെല്ലാം പൊന്തി വന്നിരുന്നത്. അതുപോലെതന്നെ എസ്.എഫ്.ഐ ഉത്പാദിപ്പിക്കുന്ന ഇസ്‍ലാമോഫോബിയ നരേറ്റീവുകൾ പ്രത്യക്ഷമായും പരോക്ഷമായും ദലിത്-അംബേദ്‍കറൈറ്റ് സംഘടനകളിലെ ചില വ്യക്തികളെയും സ്വാധീനിച്ചിട്ടുണ്ട്. അഭിമന്യൂവിനെ കൊന്നത് എസ്.ഐ.ഒ – എം.എസ്.എഫ് സംഘടനകളാണ്, മുസ്‍ലിം സംഘടനകൾ ഹോമോഫോബിക് ആണ്, മുസ്‍ലിം രാഷ്ട്രീയം കമ്മ്യൂണൽ ആണ് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും എസ്.എഫ്.ഐ ഉന്നയിച്ചിരുന്നത്.

ഇതിൻ്റെയെല്ലാം ഒരു പരിണതി ആയിട്ടായിരിക്കണം ഇത്തവണ എസ്.ഐ.ഒവിൻ്റെയും എം.എസ്.എഫ്ൻ്റെയും ഭാരം (Burden) ഏറ്റെടുക്കാനില്ലെന്ന് എ.എസ്.എ തീരുമാനിച്ചത്. അപ്പാ റാവുവിൻ്റെ അവസാന വർഷത്തിൽ വിദ്യാർഥി യൂണിയനിൽ അധികാരത്തിൽ വന്നു കൊണ്ട് മറുപടി കൊടുക്കണം; അതുപോലെ പോളിസി ലെവലില്‍ തന്നെ പല വിഷയങ്ങളിലും ഇടപെടാൻ എ.എസ്.എക്കു കഴിയണം; അതിനാൽ എസ്.എഫ്.ഐയുമായി തെരെഞ്ഞെടുപ്പ് ധാരണയുണ്ടാക്കേണ്ടതുണ്ടെന്നാണ് എ.എസ്.എ പറഞ്ഞത്. മുസ്‍ലിം സംഘടനകള്‍ക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാംമെന്നും എ.എസ്.എക്ക് കുറച്ചു കൂടെ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

എ.എസ്.എയുടെ ഈ നിലപാടുകളെ ഒരേ സമയം രണ്ടു രീതിയിൽ വായിക്കാവുന്നതാണ്. ഒരു ഭാഗത്ത്, മുസ്‍ലിം സംഘടനകളുടെ ഓട്ടോണമി, സ്വയം പര്യാപ്തത എന്നിവയെ പരിപോഷിപ്പിക്കുന്ന എ.എസ്.എ നിലപാടിൻ്റെ തുടർച്ചയായിട്ട് ഇതിനെ കാണാം. അതേസമയം തന്നെ ദലിത്-അംബേദ്കറൈറ്റ് സംഘടനകളെ തളർത്തുന്ന ഒരു ‘അധികഘടക’മായി മുസ്‍ലിം സംഘടനകൾ മാറുന്നതിൽ നിന്ന് ഒരു സ്വയം പിൻവാങ്ങൽ എന്നനിലയിലും ഇതിനെ വായിക്കാവുന്നതാണ്. ഇന്ത്യയിലെ മുസ്‍ലീങ്ങള്‍ ഒരു ശിഷ്ടം അല്ലെങ്കിൽ ഒരോർമപ്പെടുത്തലാണ് (reminder/remainder) എന്ന് നിരീക്ഷിക്കുന്നുണ്ട് പ്രൊഫ. എം.ടി അൻസാരി. ഈ ‘അധിക ഘടക’ത്തെ ജാതി, മതം, സമുദായം, ജനാധിപത്യം എന്നീ സംജ്ഞകളെ മുന്‍നിറുത്തി തിരശ്ചീനവും ലംഭവുമായ ഒരു അപഗ്രഥനത്തിന് വിധേയമാക്കുകയാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം.

‘മത ന്യൂനപക്ഷ’ത്തിൻ്റെ രാഷ്ട്രീയ ചോദ്യങ്ങൾ

ദേശീയ പ്രസ്ഥാനത്തിൽ സജീവസാന്നിധ്യമായി മുസ്‍ലീങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള മുസ്‍ലിം വിരുദ്ധതയിലാണ് ദേശീയത പരിപോഷിപ്പിക്കപ്പെടുന്നത്. ഹിന്ദു മതത്തിൻ്റെ ആഭ്യന്തര സംഘർഷങ്ങളെ മറി കടക്കാനുള്ള കുറുക്കുവഴി കൂടിയാണ് അപര-മുസ്‍ലിമിനെ കുറിച്ചുള്ള ആകുലതകൾ. ദേശീയ അഖണ്ഡതയെ അതിർലംഘിക്കുന്ന ഒരു ഘടകം മുസ്‍ലിമിൽ അന്തർലീനമായി കിടക്കുന്നുണ്ടെന്നതും ഇതിൽ നിർണായകമാണ്. റോചന ബാജ്‍പേയ്, ശബ്‌നം തേജാനി, എം.ടി അൻസാരി, ഗ്യാനേന്ദ്ര പാണ്ഡെ, ജി.അലോഷ്യസ് എന്നിവരുടെയൊക്കെ പഠനങ്ങൾ ഇതെ കുറിച്ച് സൂചന തരുന്നുണ്ട്. ദേശീയതയുടെ അപരനാകുന്നത് കൊണ്ട് തന്നെ മുസ്‍ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള സംസാരങ്ങൾ പോലും ദേശവിരുദ്ധമായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. മുസ്‍ലിം സമുദായത്തെ ഇന്ത്യൻ ഭരണഘടനയും അതിന്‍റെ നിർമ്മാണ സമയത്തെ ചർച്ചകളുമെല്ലാം ‘മതപരമായ ന്യൂനപക്ഷം’ എന്ന നിലയിലാണ് നിർവചിച്ചിട്ടുള്ളത്.

അംബേദ്‍കര്‍, ജിന്ന, മുഹമ്മദലി ജൗഹര്‍ തുടങ്ങിയവർ രാഷ്ട്രീയവും സാമൂഹികവുമായ ന്യൂനപക്ഷമായി മുസ്‍ലീങ്ങളെ അംഗീകരിക്കണമെന്നു വാദിച്ചിരുന്നു. ദലിത് സമുദായത്തെയും മുസ്‍ലീങ്ങളെ പോലെ വ്യതിരികതമായ സമുദായമായി അംഗീകരിക്കണമെന്നായിരുന്നു അംബേദ്‍ക്കറുടെ അവശ്യം. എന്നാൽ ഹിന്ദു സംസ്കാരത്തിൽ ഊട്ടപ്പെട്ട ഇന്ത്യൻ ദേശീയത വളരെ തന്ത്രപരമായി മുസ്‍ലീങ്ങളുടെ രാഷ്ട്രീയമായ അവകാശങ്ങളെ നിഷേധിക്കുകയും മതപരമായ ന്യൂനപക്ഷമായി ഒതുക്കുകയും ചെയ്തു. ഹിന്ദു മതത്തെ മുറിവേൽപ്പിക്കാതിരിക്കാൻ ദലിത്-ആദിവാസി വിഭാഗങ്ങളെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായമായി അംഗീകരിക്കുകയും അവരുടെ മതപരമായ വ്യതിരിക്ത വാദത്തെ തള്ളിക്കളയുകയും ചെയ്തു. ആ സമയത്ത് ഏർപ്പെടുത്തിയ സംവരണം ഹിന്ദു മതത്തിനകത്തുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ്, മുസ്‍ലിം-ക്രിസ്ത്യൻ സമുദായത്തിലെ അങ്ങേയറ്റം അവശതയനുഭവിക്കുന്ന വിഭാഗങ്ങൾക്കു പോലും, സംവരണം പോലെയുള്ള ഭരണഘടനാപരമായ അവകാശം ശരിയായവിധം നേടിയെടുക്കാനാകാത്തത്. സച്ചാർകമ്മിറ്റി ചൂണ്ടികാട്ടിയ പോലെ വിദ്യാഭ്യാസപരമായും സാമൂഹികമായും എത്ര തന്നെ പിന്നാക്കമായാലും മതന്യൂനപക്ഷത്തെ സംവരണസമുദായമായി കണക്കാക്കാത്തതും ഇതിൻ്റെ തുടർച്ചയാണ്.മുസ്‍ലീങ്ങളെ മതപരമായ ന്യൂനപക്ഷമായി ചുരുക്കുന്നതോട് കൂടി സ്വാഭാവികമായും അവരുടെ രാഷ്ട്രീയ അവകാശങ്ങൾ ഇല്ലാതാവുന്നു. അതുവഴി, അവർ രാഷ്ട്രീയമായി സംഘടിക്കുന്നത് മതപരമായ സംഘാടനമായിട്ടാണ് മനസിലാക്കപ്പെടുക. മതപരമായ സംഘാടനം മൗലികമായി തന്നെ ഇന്ത്യൻ സെക്കുലറിസത്തിന് വിഘാതമായിട്ടുള്ള ഒന്നായാണ് കണക്കാക്കാറുള്ളത്. അതുകൊണ്ട് തന്നെ, ഇന്ത്യൻ മതേതരത്വത്തെ അപകടപ്പെടുത്തുന്ന ഒന്നായാണ് ഇന്ത്യൻ ഭരണഘടനയും, ദേശീയതയും ഇന്ത്യയുടെ ചരിത്രവും മുസ്‍ലിം രാഷ്ട്രീയ സംഘാടനത്തെ അടയാളപ്പെടുത്തിയുട്ടുള്ളത്. ഇതിനെ യഥാർഥത്തിൽ മതേതരത്വത്തിൻ്റെയും ഇന്ത്യൻ നിയമ വ്യവസ്ഥ മുസ്‍ലിമിനെ പരുവപ്പെടുത്തിയതിൻ്റെയും അടിസ്ഥാനപ്രശ്നമായി കാണാതെ മുസ്‍ലീങ്ങളുടെയും അവരുടെ മതത്തിന്‍റെയും പ്രശ്നമായി കാണുന്നതാണ് നമ്മുടെ രാഷ്ട്രീയ-സാമൂഹിക വിശകലനോപാധികളുടെ ദൗർബല്യം. ഈയൊരു ദൗർബല്യത്തെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ തന്നെയാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ മുസ്‍ലിം സംഘാടനത്തെ കുറിച്ചുള്ള ആകുലതകളിലും തെളിഞ്ഞു കാണുന്നത്. മതപരതയിൽ നിന്ന് ഊന്നി കൊണ്ടുള്ള സംഘാടനം വർഗീയമാണ്, അത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ സാധ്യമല്ലെന്ന എസ്.എഫ്.ഐയുടെ വാദത്തെ ഹിന്ദുദേശീയവാദത്തിൻ്റെ തുടർച്ച മാത്രമായിട്ടാണ് ആ അര്‍ഥത്തില്‍ മനസിലാക്കേണ്ടത്.

ആർക്കാണ് മുസ്‍ലിമിനെ പ്രധിനിധാനം ചെയ്യാനുള്ള അവകാശം?

1930കളിൽ നടന്ന തെരെഞ്ഞെടുപ്പിനു ശേഷം മുസ്‍ലിം ലീഗും കോൺഗ്രസും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചത് മുസ്‍ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മുസ്‍ലിം രാഷ്ട്രീയത്തെ റെപ്രസന്റ് ചെയ്യാൻ ആർക്കാണധികാരം എന്നതായിരുന്നു ആ സംവാദങ്ങളുടെ ഒരു മർമം. തങ്ങൾക്ക് ഒരുപാട് മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സീറ്റ് കിട്ടിയിട്ടുണ്ടെന്നും, തങ്ങൾക്ക് വമ്പിച്ച മുസ്‍ലിം അംഗസംഖ്യ ഉണ്ടെന്നും, അതോടൊപ്പം തന്നെ കോൺഗ്രസ് എല്ലാവരുടെയും പാർട്ടിയായതിനാൽ ഇന്ത്യൻ മുസ്‍ലീങ്ങളെ പ്രതിനിധീകരിക്കാനുള്ള അവകാശം തങ്ങൾക്കാണെന്നുമായിരുന്നു കോണ്‍ഗ്രസിൻ്റെ വാദം. ഇതിനെ ഖണ്ഡിച്ചു കൊണ്ട്, മുസ്‍ലീങ്ങളെ റെപ്രസന്റ് ചെയ്യുന്ന ആധികാരിക സംഘം തങ്ങളാണെന്ന് മുസ്‍ലിം ലീഗും വാദിച്ചു. വലിയ ചർച്ചകൾക്കാണ് ഇത് വഴി വെച്ചത്. കോൺഗ്രസിൻ്റെ ഈ സർവ-പ്രതിനിധാനാവകാശത്തെ വിമർശിച്ചു കൊണ്ട് അംബേദ്‌കർ ഈ പ്രതിസന്ധിയെ വിശകലന വിധേയമാക്കുന്നുണ്ട്.

മറുവശത്ത്, വിജയിച്ച മുസ്‍ലിം ലീഗ് അംഗങ്ങളെ രണ്ട് ഉപാധികളോട് കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് സമ്മതിച്ചു. ഒന്ന്, മുസ്‍ലിം സമുദായത്തെ പ്രധിനിധീകരിക്കാനുള്ള ആധികാരിക സംഘം മുസ്‍ലിം ലീഗാണ് എന്ന വാദം ലീഗ് പിൻവലിക്കണം. രണ്ട്, മുസ്‍ലിം ലീഗ് അംഗങ്ങൾ അവരുടെ സംഘടന മെമ്പർഷിപ്പ് രാജിവെക്കണം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, സംഘടനാപരമായ അസ്തിത്വമില്ലാത്ത മുസ്‍ലിമിനെയാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് വിഭാവനം ചെയ്തിരുന്നത്. ഒരേ സമയം വൈവിധ്യത്തെ കുറിക്കുന്ന നാട്ടക്കുറിയായി മുസ്‍ലിമിനെ ആവശ്യമായി വരികയും എന്നാൽ മുസ്‍ലിം രാഷ്ട്രീയത്തെ തള്ളി കളയുകയും ചെയുന്ന നിലപാടാണിത്.

ഇതിൻ്റെ തുടർച്ചയിൽ വായിക്കാൻ കഴിയുന്നതാണ് ഹൈദരാബാദ് സർവകലാശാലയിലെ എസ്.എഫ്.ഐ വാദങ്ങൾ. സംഘടനാപരമായി നിൽക്കുന്ന മുസ്‍ലീങ്ങളെ അസ്ഥിരപ്പെടുത്താൻ അങ്ങനെയല്ലാത്ത മുസ്‍ലീങ്ങൾക്ക് സ്ഥാനം കൊടുക്കുക എന്നതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, മതേതരത്വം പൂർണമാവാനുള്ള ചേരുവയായി മാത്രമാണ് മുസ്‍ലിമിനെ ഇടതുപക്ഷവും മനസിലാക്കുന്നത്. ഇന്ത്യൻ വൈവിധ്യത്തെ വരച്ചു കാണിക്കാൻ എപ്രകാരമാണ് വാർപ്പ് മാതൃകയിലുള്ള മുസ്‍ലിമിനെ ഇന്ത്യൻ ദേശീയതക്ക് ആവശ്യമായി വരുന്നതെന്ന് ഷാഹിദ് അമീൻ തൻ്റെ പഠനത്തിൽ പറയുന്നുണ്ട്. തൊപ്പി വെച്ച മുസ്‍ലിമും, കാവിയും പൊട്ടുമുള്ള ഹിന്ദുവും, കൊന്തയുള്ള ക്രിസ്ത്യാനിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ എങ്ങനെയാണ് പത്തര മാറ്റ് മതേതരത്തിൻ്റെ ഉദാഹരണമായി മാർക്കറ്റ് ചെയ്യപ്പെടാറുള്ളതെന്നു കേരളക്കാർക്ക് വേഗം മനസ്സിലാവേണ്ടതാണ്.

ഉയർന്ന പദവി കൊടുത്തുകൊണ്ട് അബ്ദുള്ള കുട്ടിയെയും അൽഫോൺസ് കണ്ണന്താനത്തെയും കൂടെ ചേർക്കുന്നതും ശ്രദ്ധേയമാണ്. ഒരേസമയം ഹിന്ദുത്വ രാഷ്ട്രീയം നടത്തുന്ന സാമൂഹിക സംഘാടനത്തിൻ്റെ വൈദഗ്‌ദ്ധ്യവും നേരത്തെ സൂചിപ്പിച്ച പ്രകാരമുള്ള ഇന്ത്യൻ മതേതരത്വത്തിൻ്റെ ‘വൈവിധ്യ പ്രദർശനവും’ കൂടിയാണത്. മുസ്‍ലിമിൻ്റെ പ്രധിനിധാനവകാശം ആർക്ക് എന്നതിൽ നിന്ന് മാറി മുസ്‍ലിം രാഷ്ട്രീയത്തെ കുറിച്ചും മുസ്‍ലിം രാഷ്ട്രീയ കർതൃത്വത്തെ കുറിച്ചുമുള്ള ആലോചനകൾ കൂടുതൽ ഗൗരവമായി നടന്നാൽ മാത്രമേ ഇതിൽ നിന്നുള്ള മാറ്റം സാധ്യമാവുകയുള്ളു.

മറ്റൊന്ന്, മുസ്‍ലിം രാഷ്ട്രീയത്തിന് അതിൻ്റെ ന്യൂനപക്ഷ അവസ്ഥ കൊണ്ട് ‘ശത്രുവിനെ നിർമിക്കാനുള്ള’ ഒരു നിസ്സഹായതയുണ്ട്. അതിനാൽതന്നെ, കാൾ സ്മിത്തിനെ പോലെയുള്ള സൈദ്ധാന്തികരുടെ ഭാഷയിൽ പറഞ്ഞാൽ മുസ്‍ലിം സമുദായത്തിന് പൊളിറ്റിക്കൽ ആവാൻ സാധ്യമല്ല തന്നെ. പരമാധികാരി (Sovereign) യാവുകയെന്നാൽ, ഒരു അടിയന്തിര ഘട്ടത്തിൽ തീരുമാനം എടുക്കാനുള്ള ശേഷി ഉണ്ടാവുക എന്നതാണെന്ന് കാൾ സ്മിത് പറയുന്നുണ്ട്. എത്ര മാത്രം അടിയന്തിര ഘട്ടത്തിലൂടെ കടന്നു പോയാലും മുസ്‍ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു സ്വയം തീരുമാനമെടുത്ത് സ്വയം രാഷ്ട്രീയമായി സംഘടിക്കാനോ നിയമത്തെ ചോദ്യംചെയ്യാനോ, നിയമത്തിനതീതമായി പ്രവർത്തിക്കുവാനോ സാധ്യമല്ലാത്ത ഒരു സാഹചര്യം ഇന്ത്യയിലുണ്ട്. ‘മുസ്‍ലിം പരമാധികാരം എന്നത് അസാധ്യമായ ഒന്നായാണ് ഇവിടെ നിലനിൽക്കുന്നത്. അത് കൊണ്ടാണ് എല്ലായ്‌പ്പോഴും “മതേതര സംരക്ഷണത്തെ” മുസ്‍ലീങ്ങൾ കാംക്ഷിക്കുന്നത്.

ഈ ‘സംരക്ഷണത്തെ’ ചോദ്യം ചെയ്തുകൊണ്ട് മാത്രമാണ് മുസ്‍ലിം രാഷ്ട്രീയത്തിന് ഇന്ത്യയിൽ നിലനിൽപ്പ് സാധ്യമാവുന്നത്. സ്വാഭാവികമായും, മുസ്‍ലിം രാഷ്ട്രീയ ചോദ്യങ്ങൾ മുസ്‍ലിം പരമാധികാരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടിയാണ്. അത് ഇന്ത്യൻ ദേശീയതയെയും ഇന്ത്യൻ മതേതരത്വത്തെയും നിരന്തരം ശല്യം ചെയ്തു കൊണ്ടേയിരിക്കും. മുഹമ്മദ് ഷാ ഹൈദരാബാദ് യൂണിയവേഴ്‍സിറ്റിയിൽ സമർപ്പിച്ച എം.ഫിൽ ഗവേഷണ പ്രബന്ധം മുസ്‍ലിം പരമാധികാരത്തെ കുറിച്ചുള്ള ഈ ചോദ്യത്തെ കൂടുതൽ വ്യക്തമായി കൈകാര്യം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ, ഹൈന്ദവ ഫാഷിസം അതിൻ്റെ മൂർധന്യാവസ്ഥ പ്രാപിച്ച ഈ സാഹചര്യത്തിൽ, ഇന്ത്യൻ മുസ്‍ലീങ്ങള്‍ക്ക് മുമ്പോട്ടു പോകാനുള്ള മാർഗമെന്താണ് എന്നതിനെ കുറിച്ച ആലോചനകൾ ഇനിയും മൂർത്തമായ രീതിയിൽ നടക്കേണ്ടതുണ്ട് എന്നു തോന്നുന്നു. മൗലാന അബുൽ അഅ്‍ലാ മൗദൂദി തൻ്റെ മദ്രാസ് പ്രഭാഷണത്തിൽ മുന്നോട്ടുവെച്ച നിർദേശങ്ങളും ഈ സാഹചര്യത്തിൽ പുനർ വായന അർഹിക്കുന്നുണ്ട്.

മതേതര-ദേശീയ നിർണയങ്ങൾക്കകത്തെ ജാതി ഘടകവും മുസ്‍ലിം രാഷ്ട്രീയവും

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ജാതിവിരുദ്ധ വ്യവഹാരത്തിനു ലെജിറ്റിമേറ്റ് ആയിട്ടുള്ള ഒരു സ്വഭാവം അക്കാദമിക രംഗത്ത് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ദലിത് വിദ്യാർഥികളുടെ നിരന്തര സമരങ്ങളും കീഴാള സംഘടനകളുടെ ഇടപെടലുകളും ദലിത് ബുദ്ധിജീവികളുടെ നിരന്തരമായ എഴുത്തും അതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ ഘടകങ്ങൾ മുഖ്യമായി നിലനിൽക്കുമ്പോൾ തന്നെ അതിനെ പിന്താങ്ങുന്ന ചില ഉപഘടകങ്ങൾ കൂടിയുണ്ട്. വർഗീയത/കലാപം എന്നതിൽ നിന്ന് മാറി മുസ്‍ലിം വ്യവഹാരം ഇന്ത്യയിലെ അക്കാദമിക രംഗത്തു ഉയർന്നു വരാത്തതിന് കാരണവും ഈ ഉപ ഘടകങ്ങളിൽ കാണാൻ സാധിക്കും.

ഒന്നാമതായി, ഇന്ത്യൻ സ്വാതന്ത്ര സമര കാലത്ത് ഇന്ത്യൻ ദേശീയതയെ പിളർത്തുന്ന ഘടകമായിട്ടാണ് ജാതി വിരുദ്ധ സംഘാടനത്തെ മനസിലാക്കിരുന്നത്. ‘കമ്മ്യൂണൽ’ എന്ന് തന്നെയാണ് പലപ്പോഴും അതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ദേശ-രാഷ്ട്ര രൂപീകരണാന്തര അക്കാദമിക വ്യവഹാരത്തിൽ ജാതിയെന്നത് ഒരു സെക്കുലർ എലമന്റ് ആയിട്ടാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ തന്നെ ജാതിയധിഷ്ഠിതമായ സംഘാടനം ഒരിക്കലും അതിൻറെ മതേതര വൈകാരികതയെ മുറിവേൽപ്പിക്കുന്നില്ല. വ്യത്യസ്ത ജാതി വിഭാഗങ്ങൾ കൂടിച്ചേർന്നുകൊണ്ട് ജാതി-ഫെഡറേഷൻ രൂപീകരിക്കുന്നത് രാഷ്ട്രീയ ഗവേഷകൻ രജനി കോത്താരിയെ സംബന്ധിച്ചേടത്തോളം പുരോഗമനപരവും മതേതരവുമാണ്. അവ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ (ജാതി നിർമൂലനം, സംവരണം തുടങ്ങിയവ) മതേതരമായത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വാദം. എന്നാൽ വ്യത്യസ്ത മുസ്‍ലിം വിഭാഗങ്ങൾ ഒരുമിച്ച് വരുമ്പോൾ അവരുടെ ലക്ഷ്യമെന്താണെന്നു പോലും അന്വേഷിക്കപ്പെടാനർഹമല്ല. എന്ന് മാത്രമല്ല, ആ സംഘാടനം തന്നെ കോത്താരിയെ സംബന്ധിച്ചിടത്തോളം വർഗീയമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ മുസ്‍ലിം രാഷ്ട്രീയം എപ്പോഴും ഒരു റിലീജിയസ് എലമെന്റ് അതിനുള്ളിൽ സൂക്ഷിക്കുന്നത് കൊണ്ടും, അതിനെ ഭരണഘടന അങ്ങനെതന്നെ അടയാളപ്പെടുത്തുന്നത് കൊണ്ടും എപ്പോഴും ഒരു കമ്മ്യൂണിറ്റേറിയൻ സ്വഭാവം ഉള്ളതുകൊണ്ടുമെല്ലാം ‘മതേതരവൽക്കരിക്കപ്പെടൽ അസാധ്യമായ’ (impossible to secularize) ഒന്നായാണ് മുസ്‍ലിം രാഷ്ട്രീയം മനസിലാക്കപ്പെടുന്നുത്.

രണ്ടാമതായി, ജാതിയെന്നത് ഇന്ത്യയുടെ ആഭ്യന്തര ഘടനയാണ്. അത് ഇന്ത്യൻ സംസ്കാരത്തിൻ്റെ സവിശേഷ വ്യവസ്ഥയായിട്ടാണ് മനസിലാക്കപ്പെടുന്നത്. അതുകൊണ്ട്, ജാതിയധിഷ്ഠിത സംസാരങ്ങളെല്ലാം ആഭ്യന്തരവും സ്വാഗതാർഹവുമാണ്. അതൊരിക്കലും പുറമെ നിന്നും വരുന്ന ഒരു അപരസ്വത്വം നമുക്ക് തരുന്നില്ല. അതുകൊണ്ടുതന്നെ ജാതിക്ക് മതേതരമായ പൊട്ടൻഷ്യൽ ഉള്ളതോടൊപ്പം തന്നെ, ദേശീയമായ പൊട്ടൻഷ്യൽ കൂടി കൈവരുന്നു. എന്നാൽ, മുസ്‍ലിം എന്നത് അന്തർലീനമായി തന്നെ പുറത്തുള്ളവനാണ്. പാകിസ്ഥാനുമായോ അറേബ്യയുമായോ ചേർത്തു കൊണ്ടാണ് മുസ്‍ലിം സ്വത്വത്തെ മനസിലാക്കുന്നത്. മുസ്‍ലിമിനെ കുറിച്ചുള്ള ചർച്ചകൾ ദേശീയതക്ക് ബാഹ്യമായ ചർച്ചകൾ കൂടിയാണ്. അതുകൊണ്ട് മുസ്‍ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ആലോചനകൾ തന്നെ “അധിക”ത്തെ കുറിച്ചുള്ള അല്ലെങ്കിൽ പുറന്തള്ളപ്പെട്ട (excess അല്ലെങ്കിൽ leftover എന്ന് എം.ടി അൻസാരി) സമുദായത്തെ കുറിച്ചുള്ളതാണ്.

മൂന്നാമതായി, മുസ്‍ലിം രാഷ്ട്രീയ ചോദ്യങ്ങൾ കേവലം പ്രാതിനിധ്യപ്രശ്നം മാത്രമല്ല എന്നതാണ്. അതിനപ്പുറമുള്ള രാഷ്ട്രീയ അസ്തിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടി മുസ്‍ലിം രാഷ്ട്രീയം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടാണ് സച്ചാർ പോലെയുള്ള കമ്മിറ്റികളുടെ വളരെ പ്രസക്തമായ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പോലും, അതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരു വലിയ മുസ്‍ലിം മൂവ്‍മെന്റ് ഉണ്ടായി വരാത്തത്. അതേസമയം മണ്ഡൽ കമ്മീഷനുമായി ബന്ധപ്പെട്ട ഒരു വലിയ ബഹുജൻ മൂവ്‍മെന്റ് ഇന്ത്യയിൽ രൂപപ്പെട്ടു വന്നിട്ടുണ്ട്. അഥവാ മുസ്‍ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചകൾ കേവലം പ്രതിനിധാനവുമായി ബന്ധപ്പെട്ട ഒന്നല്ല. മറിച്ച് ദേശം, മതേതരത്വം എന്നിവയെയടക്കം പ്രതിസന്ധിയിലാക്കുന്ന ചില അധിക എലമെന്റുകൾ കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ചുരുക്കം.

നാലാമതായി, മുസ്‍ലീങ്ങൾക്കിടയിലുള്ള ജാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ തന്നെയാണ്. നിയപരമായ സ്വത്വത്തെയും അതിൻ്റെ രാഷ്ട്രീയമായ മാനങ്ങളെയും പ്രതിസന്ധിയിലാക്കുന്നതാണത്. ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്ത ദലിത് സമുദായത്തിൽ നിന്നുള്ളവരുടെ നിയമപരമായ ജാതിനില എന്താണ്? ഇന്ത്യൻ ഭരണഘടനയുടെ ഹൈന്ദവ കെട്ടിക്കുടുക്കുകൾ കാരണം പട്ടിക ജാതി-പട്ടിക വർഗ സ്വതവും (ഏതാനും ചില ചെറിയ എത്‍നിക് കമ്മ്യൂണിറ്റികളെ മാറ്റി നിർത്തിയാൽ) അങ്ങനെയുള്ള സംവരണവും മുസ്‍ലിം സമുദായത്തിന് ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ നിയമപരമായ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന മുസ്‍ലീങ്ങളെ രാഷ്ട്രീയമായി എങ്ങനെ വ്യവഹരിക്കും എന്നതാണ് ചോദ്യം. രോഹിത് വെമുലയെ ഒ.ബി.സിയായി അടയാളപ്പെടുത്തുന്ന രാഷ്ട്ര നിയമ യുക്തിയെ മറികടക്കാൻ സാധിക്കുന്നവർക്ക് സൂക്ഷമമായി മുസ്‍ലിം ജാതി പ്രശ്നത്തെയും മനസിലാക്കാൻ സാധിക്കേണ്ടതുണ്ട്. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത ദലിതർ നിയമപരമായി പട്ടികജാതി വിഭാഗത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന കാലത്തോളം മുസ്‍ലിം സംഘടനകളിൽ ദലിതരുണ്ടോ എന്ന ചോദ്യം തന്നെ പ്രശ്നബന്ധിതമാണ്.

അതുപോലെ, മുസ്‍ലീങ്ങൾ പൊതുവെയും മലബാറിലെ മുസ്‍ലീങ്ങൾ പ്രത്യേകിച്ചും തീക്ഷ്ണവും സമൂലവുമായ സമരങ്ങളിലൂടെ ജാതിയോർമ്മകൾ തന്നെ മായ്ച്ചുകളഞ്ഞിട്ടുണ്ട്. അതിനാൽ മുസ്‍ലിം സാമുദായത്തിനകത്തെ വർഗ്ഗീകരണങ്ങൾക്ക് ജാതിക്കപ്പുറമുള്ള കാരണങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതിന് സമാന്തരമായ ഹിന്ദു വർഗ സംജ്ഞകൾ കണ്ടെത്താൻ നമ്മെ പ്രേരിപ്പിക്കുന്നത് ഹിന്ദു ആധിപത്യ ബോധത്തിൽ ചുട്ടെടുക്കപ്പെട്ട സാമൂഹിക ശാസ്ത്ര അവബോധത്തിന്റെ കൂടി പ്രശ്നമാണ്. ഇന്ത്യയിലെ സാമൂഹിക ശാസ്ത്രം ഹിന്ദു സാമൂഹിക ശാസ്ത്രമാണെന്ന നസ്രീൻ ഫസൽബോയിയുടെ വാദം ഇവിടെ പ്രസ്താവ്യമാണ്. ഒരു സമുദായത്തെ നോക്കി കാണുവാനും അവരുമായി സഖ്യത്തിലേർപ്പെടാനും നമ്മളുപയോഗിക്കുന്ന വിശകലനോപാധി കൂടിയാണ് ആ സമുദായത്തെ നിർവചിക്കാനും മനസ്സിലാക്കാനും നമ്മെ സഹായിക്കുക. ഹിന്ദു ഫ്രെയിം വർക്കിൽ നിന്ന് മാറികൊണ്ട് മുസ്‍ലീങ്ങളെ വിശകലന ചെയ്യാൻ നമുക്ക് കഴിയുമോ എന്നതാണ് കാതലായ ചോദ്യം.

ജാതി വിരുദ്ധ രാഷ്ട്രീയത്തെ വിഴുങ്ങാൻ ശ്രമിക്കുന്ന ഹിന്ദുത്വം.

ഒന്നാമത്തെയും രണ്ടാമത്തെയും ബി.ജെ.പി സർക്കാരിൻ്റെ പല നയങ്ങളും പരിശോധിച്ചാൽ, ജാതിയെ അവർ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്/ ഉപയോഗപ്പെടുത്തുന്നത് എന്ന് വളരെ കൃത്യമായി മനസിലാകും. അംബേദ്‍കർക്ക് മുന്നിൽ വണങ്ങികൊണ്ടും സംവരണത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തി കൊണ്ടുമാണ് അവർ ദലിത്-പിന്നാക്ക വിഭാഗങ്ങളെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നത്. കശ്‍മീരിൻ്റെ പ്രത്യേകാവകാശം എടുത്തൊഴിവാക്കിയ ഭരണഘടനാ ഭേദഗതി അവതരിപ്പിക്കുമ്പോൾ അമിത് ഷാ പറയുന്നത് കശ്‍മീരിലെ കീഴാള വിഭാഗങ്ങൾക്ക് ഇനി മുതൽ സംവരണം ലഭിക്കുമെന്നാണ് (കാശ്‍മീരിൽ നിലവിലുണ്ടായിരുന്ന സംവരണ ക്രമവും ഇന്ത്യൻ സംവരണ ക്രമവും തമ്മിലെ താരതമ്യമല്ല എൻ്റെ വിഷയം). അതിനെ കുറിച്ച് നരേന്ദ്ര മോദി വാചാലനാകുന്നത് അംബേദ്‍ക്കറുടെ ഭരണഘടന കശ്മീരിലും കൊണ്ട് വരുന്നുവെന്നാണ്. എന്തിന്, ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തന്നെ നോക്കൂ. തെലങ്കാനയിൽ അവരുടെ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങിയത് ലമ്പാട ആദിവാസി സമുദായത്തിൽ നിന്നാണ്. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ എ.ബി.വി.പിയുടെ രക്ഷാ കർതൃത്വത്തിൽ രൂപീകരിച്ച സേവാലാൽ വിദ്യാർത്ഥി ദൾ എന്ന ആദിവാസി സംഘടനയും അവരുടെ കൂടെ സഖ്യത്തിലുള്ള ഒ.ബി.സി. ഫെഡറേഷനും ഹിന്ദുത്വ പരീക്ഷണങ്ങളുടെ കാമ്പസ് തുടർച്ചയാണ്. മനുസ്‌മൃതി കത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന എ.ബി.വി.പിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും ചില സൂചനകളാണ്.

സാമൂഹികനീതിയെക്കുറിച്ചുള്ള ആലോചനകൾ പോലും ഇത്തരം നവീനമായ ഭാഷയിലൂടെ ഹിന്ദുത്വ രാഷ്ട്രീയം ഏറ്റെടുക്കുന്നുണ്ട്. മുന്നോക്കക്കാർക്കിടയിലെ പിന്നാക്കക്കാർക്കുള്ള സംവരണം കൊണ്ടുവരുന്ന സമയത്തുള്ള ചർച്ചകൾ മണ്ഡൽ പ്രക്ഷോഭ സമയത്തു ബഹുജൻ സമുദായങ്ങൾ ഉന്നയിച്ച വാദങ്ങളുടെ സമാനമാണ് എന്നത് ഗൗരവത്തിൽ കാണേണ്ട വിഷയമാണ്. അംബേദ്‍കറെയും ശിവജിയെയും മുന്നിൽ വെച്ച് കൊണ്ട് ജാതീയതക്കെതിരിൽ ഹിന്ദു സമുദായത്തെ ഒരുക്കാൻ ആഹ്വാനം ചെയ്യുന്നുണ്ടെന്നത് ചരിത്രം. ദലിതനായ ഒരാളെ പ്രസിഡന്റ് പദവിയിൽ അവരോധിക്കുക, ഒ.ബി.സിയായ ഒരാളെ പ്രധാനമന്ത്രിയാക്കുക എന്നതെല്ലാം പാരമ്പര്യ ഘടനപ്രകാരം ഹിന്ദുത്വ രാഷ്ട്രീയത്തിന് അസാധ്യമാവേണ്ടതാണ്. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും യൂണിവേഴ്‍സിറ്റികളുടെയും തലപ്പത്തു ദലിത്-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ നിയമിച്ചതും വിമർശനപരമായി പഠിക്കപ്പെടേണ്ടതുണ്ട്. സ്വത രാഷ്ട്രീയത്തിൻ്റെത് മാത്രമായ വിശകലനോപാധികൾ കൊണ്ട് ഇവയെ മനസിലാക്കുന്നത് അപര്യാപ്തമാകും. ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന ഈ ജാതി കലർപ്പുകളെയും അധികാരാപനിർമാണത്തെയും പുതിയ വീക്ഷണകോണിലൂടെ വിമർശന വിധേയമാക്കാൻ സാധിക്കേണ്ടതുണ്ട്. ‘രാഷ്ട്രീയാധികാരം’ എന്ന ഏക സംജ്ഞയിലൂടെ അതിനെ മനസിലാക്കുന്നതിനും പരിമിതികളുണ്ട്. പിന്നാക്ക ജാതി സമുദായങ്ങളെ മാത്രമല്ല, ജാതി വിരുദ്ധ രാഷ്ട്രീയത്തെ തന്നെയും ഏറ്റെടുക്കുന്ന സ്വഭാവം പുതിയ ഹിന്ദുത്വ രാഷ്ട്രീയത്തിനുണ്ട്. ഈ ഏറ്റെടുക്കലിന് വഴങ്ങാത്ത രീതിയിൽ ജാതി വിരുദ്ധ രാഷ്ട്രീയത്തിൻ്റെ വ്യാവഹാരിക പരിസരം നിർണയിക്കുക എന്നത് നമുക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഈയൊരു സാഹചര്യത്തിൽ മുസ്‍ലിം “അധികത്തെ” മാറ്റി നിർത്തി കൊണ്ടാണോ മുസ്‍ലിം സമുദായവുമായി ചേർന്ന് നിന്നുകൊണ്ടാണോ ജാതി ഉന്മൂലന, ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് പോകേണ്ടതെന്നത് കൂടുതൽ ആലോചനകൾ ആവശ്യമായ വിഷയമാണ്. അതോടൊപ്പം വർദ്ധിച്ചു വരുന്ന ഇസ്‍ലാമോഫോബിയയെ പ്രതിരോധിച്ചു നിർത്തുന്നതിൽ മുസ്‍ലീങ്ങളുടെ കൂടെ നിൽക്കേണ്ടതെങ്ങനെയാണ് എന്നതും ചർച്ച ആവശ്യപ്പെടുന്നുണ്ട്.  അങ്ങനെയൊരു രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നതിൻ്റെ പരിധിയും പരിമിതിയും മറികടക്കേണ്ട ബാധ്യത ജാതി നിർമൂലന രാഷ്ട്രീയത്തിനുണ്ടോ എന്നതും ചോദ്യമാണ്.

ജനാധിപത്യത്തെക്കുറിച്ചുള്ള പുനരാലോചനകൾ

ജനാധിപത്യം എപ്പോഴും ജനങ്ങളുടെ ഇടപെടലായാണ് മനസ്സിലാക്കപ്പെടാറുള്ളത്. എന്നാൽ ഈ ജനങ്ങളിൽ ഏതെല്ലാം സമുദായങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും ഏതെല്ലാം പുറത്താക്കപ്പെടുന്നുണ്ടെന്നും അന്വേഷിക്കപ്പെടാറില്ല. ജനാധിപത്യം എന്നത് വളരെയേറെ അധീശത്വപരമായ (Hegemonic) ഒരു ഐഡിയ കൂടിയാണ്. അതുകൊണ്ടാണ് കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന് പോലും ജനാധിപത്യപരമായ ഭരണകൂടമായി സ്വന്തം ഭരണത്തെ വിശേഷിപ്പിക്കേണ്ടി വന്നത്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ പലപ്പോഴും ഭൂരിപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്ന ഒന്നായി മാത്രം ജനാധിപത്യം മാറിയിട്ടുണ്ട്. അതുതന്നെയാണ് ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യത്തിൻ്റെ പോരായ്മ. ജനങ്ങളാണ് (people) ഇന്ത്യയുടെ ഭൂരിപക്ഷമെന്ന ധാരണ തുടക്കം മുതൽ തന്നെ വംശീയമായിരുന്നുവെന്ന് നെഹ്‌റുവും ഗാന്ധിയുമടക്കുള്ള ദേശീയ നേതാക്കളുടെ പ്രസ്താവനകളെ വിലയിരുത്തികൊണ്ട് ഇർഫാൻ അഹ്‌മദ്‌ വാദിക്കുന്നുണ്ട്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന പൂർവ സങ്കല്‍പ്പം സുപ്രീം കോടതി വിധികളെ പോലും സ്വാധീനിക്കുന്നുണ്ട്. ‘വിദേശിയായ ഇസ്‍ലാമും’ ‘രാജ്യത്തോട് കൂറില്ലാത്ത മുസ്‍ലീങ്ങളും’ എന്നതാണ് ഇന്ത്യൻ പോപ്പുലിസത്തിൻ്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.

റോബർട്ട് ദഹൽ പറയുന്നത് പോലെ അനവധി ഭരണഘടനയെ കുറിച്ചുള്ള വ്യത്യസ്തങ്ങളായ ആലോചനകളെ മറികടന്നുകൊണ്ടും അതിൽ പലതിനെയും ഒഴിവാക്കിയുമാണ് ഒരു നിര്‍ണിത ഭരണഘടന പോലും ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഒരുപാട് ഭരണഘടന ഉണ്ടാവുക എന്നത് മാറി ഒരു നിര്‍ണിത ഭരണഘടന ഉണ്ടാവുക എന്നത്, ജനാധിപത്യപരമാണ് എന്നതുപോലെതന്നെ ഏകാധിപത്യപരം കൂടിയാണ്. ഇങ്ങനെയൊരു ജനാധിപത്യം എല്ലാ അംഗങ്ങൾക്കും തുല്യമായ അളവിൽ പങ്കുകൊള്ളാൻ സാധിക്കുന്ന ഒന്നായാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. എന്നാൽ എല്ലാ അംഗങ്ങൾക്കും തുല്യമായ അളവിൽ പങ്കുകൊള്ളാൻ രാഷ്ട്രീയമായി സാധ്യമല്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. രാഷ്ട്രീയമായി ജനാധിപത്യം ഉണ്ടാവുകയും സാമൂഹികമായി രണ്ടു സമൂഹമായി അനീതി നിലനിൽക്കുകയും ചെയ്യുന്ന ഇന്ത്യൻ സാമൂഹിക പരിസരത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ‘ഇന്ത്യ വലിയൊരു ഒരു വൈരുദ്ധ്യത്തിലേക്ക് കടക്കുകയാണ്’ എന്ന് ഭരണഘടനാ നിർമ്മാണ വേളയിൽ അംബേദ്‍കര്‍ പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കാം.

ജനാധിപത്യത്തെ ഇങ്ങനെ വിമർശനാത്മകമായി സമീപിക്കുമ്പോഴാണ് പുതിയ ചോദ്യങ്ങൾ സാധ്യമാവുക. ഇസ്‍ലാം ജനാധിപത്യപരമാണോ? മുസ്‍ലീങ്ങൾ ജനാധിപത്യത്തെ അംഗീകരിക്കുന്നണ്ടോ എന്നെല്ലാമാണ് എളുപ്പം ഉന്നയിക്കപ്പെടാറുള്ള ചോദ്യങ്ങൾ. ജനാധിപത്യത്തെക്കുറിച്ചുള്ള ആലോചനകൾ മുസ്‍ലീങ്ങള്‍ നടത്തുന്നുണ്ടോ ഇല്ലയോ എന്നതിനപ്പുറം, മുസ്‍ലീങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രശ്നം ആയിട്ട് കൂടി അതിനെ മനസ്സിലാക്കണം. സംവരണം പോലെയുള്ള ജാതി അവകാശങ്ങൾ ലെജിറ്റിമേറ്റ് ആയി വ്യവഹരിക്കപ്പെടുമ്പോഴും മുസ്‍ലിം സാമുദായിക അവകാശങ്ങളെയും മുസ്‍ലിം സംവരണത്തെയെല്ലാം ‘പ്രീണനം’ എന്ന വാക്ക് ഉപയോഗിച്ചോ അല്ലെങ്കിൽ ‘കമ്മ്യൂണലായ’ അവകാശ വാദമായിട്ടോ ആണ് പലപ്പോഴും വിശദീക്കാറുള്ളത്. ഈ പ്രശ്നത്തെ തുല്യ പങ്കാളിത്തം റദ്ദ് ചെയ്യുന്ന, ജനാധിപത്യത്തിൻ്റെ പ്രശ്നമായിട്ട് മനസിലാക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

അതുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെങ്കിൽ, ന്യൂനപക്ഷങ്ങളുടെ സാമൂഹിക സ്ഥാനത്തു നിന്നുള്ള ആലോചനകൾ സാധ്യമാകേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാൽ ദേശീയതക്കും മതേതരത്വത്തിനും പുറത്തുള്ള, മുസ്‍ലീങ്ങളുടെ വീക്ഷണകോണിലൂടെ സാധ്യമാവുന്ന ജനാധിപത്യമാണ് കൂടുതൽ ജനാധിപത്യപരമാവുക. സ്വാഭാവികമായും അത് ജനാധിപത്യത്തെ സാമുദായികമായി നയിക്കുന്ന ഒരു സാധ്യത തുറന്നു തരും. ആ അർത്ഥത്തിലുള്ള ‘a communitarian becoming of democracy’ എന്നതാണ് ജനാധിപത്യത്തിൻ്റെ പുനരാലോചനയിൽ നാം മുമ്പോട്ട് വെക്കേണ്ടത്.

അത്തരമൊരു പുനരാലോചനയിൽ ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമല്ല, മനുഷ്യൻ്റെ സമൂലമായ വിമോചനം എന്നതുകൂടി ജനാധിപത്യത്തിന്‍റെ അനിവാര്യ ഘടകമായി മാറേണ്ടതുണ്ട്. അംബേദ്‍ക്കറുടെ കൂട്ട മതപരിവർത്തനത്തെ ഇങ്ങനെ കൂടി വായിക്കാവുന്നതാണെന്ന് തോന്നുന്നു. അതുവരെയും സംവരണം അടിസ്ഥാനപ്പെടുത്തിയുള്ള ഒരുപാട് ചലനങ്ങളെ മുന്നോട്ടു നയിച്ച അംബേദ്‍കർ തന്നെയാണ് (ആ സമയത്ത്) സംവരണ സ്റ്റാറ്റസ് ഇല്ലാത്ത ബുദ്ധമതത്തിലേക്ക് തൻ്റെ അനുയായികളുമായി കടന്നു ചെല്ലുന്നത്. ഇത് ഒരു രാഷ്ട്രീയ പ്രതിനിധാനത്തിൻ്റെ പ്രശ്നത്തിനപ്പുറം  വിമോചനത്തിൻ്റെ നൈതികതയിലേക്ക് കൂടിയുള്ള ഒരു മാറ്റമാണ്.

ഈ തരത്തിൽ വിമോചന കേന്ദ്രീകൃതമായിട്ടുള്ള ആലോചനകൾ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുവാൻ അനിവാര്യമാണ്. അതിൽ സ്വാഭാവികമായിട്ടും ന്യൂനപക്ഷങ്ങളുടെ ശക്തിക്ക് വളരെയധികം പ്രാധ്യാനുമുണ്ട്. ന്യൂനപക്ഷങ്ങളുടെ രൂപാന്തരണ ശക്തിയെ നിയന്ത്രിക്കുവാൻ ഭൂരിപക്ഷത്തിന് സാധ്യമല്ലാത്ത അവസ്ഥ കൂടിയാകും ആ ജനാധിപത്യം. അഥവാ ന്യൂനപക്ഷ രാഷ്ട്രീയം എന്താകണം എന്താകേണ്ട എന്നത് ഇവിടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളോ ലിബറൽ നരേറ്റീവുകളോ അല്ല തീരുമാനിക്കേണ്ടത്. അത് അവർ തന്നെ തീരുമാനിച്ചു അവരുടെ സ്വയം സംഘാടനത്തിൽ അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോൾ അതിനെ കൂടി ഉൾക്കൊള്ളാൻ സാധ്യമാകുന്ന ജനാധിപത്യത്തിനേ ജനാധിപത്യപരമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്ന് ചുരുക്കം