ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്സ്) നാസികിൽ നടന്നത് ഇന്ത്യയിലെ മാധ്യമങ്ങൾ നാലാം തൂണെന്ന നിലയിൽ എത്രത്തോളം തകർച്ചയിലാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്.ജോലിസ്ഥലത്തെ പീഡന പരാതിയായി തുടങ്ങിയ ഒരു സംഭവം, സഹപ്രവർത്തകരായ രണ്ടുപേരുടെ വ്യക്തിപരവും വിവാഹേതരവുമായ ബന്ധം തകര്ന്നതായിരുന്നു ഇതിന്റെ ആധാരം, വളരെ വേഗത്തിൽ വലതുപക്ഷ മാധ്യമലോകത്തിലെ വലിയൊരു വിഭാഗം “നാഗരിക പ്രതിസന്ധി”യായി ഉയര്ത്തിക്കാട്ടി. ടിസിഎസ്സ് നാസികിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തും മുമ്പേ തന്നെ അത് “കോർപ്പറേറ്റ് ജിഹാദ്” ആണെന്ന നിഗമനം വൈറലായി. പ്രധാനമായും വലതുപക്ഷ മാധ്യമങ്ങൾ തെളിവുകളില്ലാതെ “കോർപ്പറേറ്റ് ജിഹാദ്”, “ലവ് ജിഹാദ്” എന്നീ കഥകൾ പൊതുചർച്ചയിൽ നിറച്ചു. എന്നാൽ കമ്പനി തന്നെ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനും പരാതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. പൊലീസും പ്രത്യേക അന്വേഷണ സംഘവും നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട ഒരു കേസും കണ്ടെത്തിയിട്ടില്ലെന്നും, ഒരു സംഘടിത പ്രവർത്തനത്തിനും തെളിവൊന്നുമില്ലെന്നും വ്യക്തമാക്കി.
എന്നിട്ടും മാധ്യമങ്ങൾ പ്രചാരണം നിർത്തിയില്ല. നിദ ഖാനെന്ന മുസ്ലിം സ്ത്രീയെ ചില മാധ്യമങ്ങൾ തെറ്റായി എച്ച്. ആർ മാനേജറും ഈ സംഭവത്തിന്റെ സൂത്രധാരിയുമായി ചിത്രീകരിച്ചു. എന്നാൽ ആ പദവിയിൽ ഒരു ഹിന്ദു ജീവനക്കാരിയാണുണ്ടായിരുന്നതെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ, ഖാൻ ഒരു ടെലി-കോളറായിരുന്നു; വിവാദം പൊട്ടിപ്പുറപ്പെട്ട സമയത്ത് അവർ നാസികിലും ഉണ്ടായിരുന്നില്ല.
എന്നാലും മീമുകളും മറ്റും ഇൻസ്റ്റഗ്രാമിൽ വൈറലായി. ടിസിഎസ്സ് ജോലിയിൽ പ്രവേശിക്കുന്നവർ “ഇസ് ലാമികവൽകരിക്കപ്പെടും” എന്നും ജോലി നേടാൻ ഇസ് ലാം മതം സ്വീകരിക്കേണ്ടിവരുമെന്നും സൂചിപ്പിക്കുന്ന റീലുകൾ പ്രചരിച്ചു. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണങ്ങളിൽ ഹാസ്യവും ആക്ഷേപഹാസ്യവും പ്രചാരണായുധങ്ങളായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചതിനെ സാധൂകരിക്കുന്നതായിരുന്നു ഇതെല്ലാം.
ഡോഗ്-വിസിലിംഗ്
ഈ സംഭവത്തെ ഡോഗ്-വിസിലിംഗിന്റെ വളരെ വ്യക്തമായ ഉദാഹരണമാക്കുന്നത്, അതിന്റെ ‘സൂചനകൾ’ പ്രവർത്തിക്കുന്ന രീതിയാണ്. ഒരു മാധ്യമത്തിനും നേരിട്ട് “മുസ്ലിംകളെ വിശ്വസിക്കരുത്” എന്ന് പറയേണ്ടിവന്നില്ല. പകരം “ജിഹാദ്” എന്ന വാക്ക് തന്നെയാണ് മുഴുവൻ ദൌത്യവും ചെയ്തത്. അതിലൂടെ സങ്കീർണ്ണവും മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെട്ട ഒരു ജോലിസ്ഥലത്തെ വ്യക്തിപരമായ സംഭവത്തെ മുഴുവൻ ഒരു മതസമൂഹത്തിനെതിരായ സംഘടിത “നാഗരിക ഭീഷണി”യായി ചിത്രീകരിക്കപ്പെട്ടു.
“കോർപ്പറേറ്റ് ജിഹാദ്” എന്ന കല്പിതപദം ഒറ്റയ്ക്കല്ല വന്നത്. വർഷങ്ങളായി നിർമ്മിച്ചുവെച്ചിരുന്ന “ലവ് ജിഹാദ്”, “ലാൻഡ് ജിഹാദ്”, “പോപ്പുലേഷൻ ജിഹാദ്” പോലുള്ള പദാവലിയുമായി അത് എളുപ്പത്തിൽ ചേരുകയായിരുന്നു. അതിനാൽ ഓരോ പുതിയ “ജിഹാദ്” കഥയും വരുമ്പോൾ, അതിന് മുമ്പുണ്ടാക്കിയ എല്ലാ ഭയവും സംശയവും സ്വമേധയാ വീണ്ടും സജീവവുന്നു.
മീമുകളും ആക്ഷേപഹാസ്യ റീലുകളും യാദൃശ്ചികമായ “ശബ്ദ”മല്ലായിരുന്നു; സന്ദേശം ഏറ്റവും കാര്യക്ഷമമായി സഞ്ചരിച്ച വാഹനങ്ങളായിരുന്നു അവ. ഇത്തരം പ്രചാരണങ്ങളെ പഠിച്ച ഗവേഷകർ പറയുന്നത്, ഹാസ്യം ഉദ്ദേശ്യപൂർവം ഉപയോഗിക്കപ്പെടുന്നതാണ്. കാരണം അത് വേഗത്തിൽ പടരും, പ്ലാറ്റ്ഫോം നിയന്ത്രണങ്ങളെ മറികടക്കും, കൂടാതെ പരിഹാസത്തിന്റെ മറവിൽ വെറുപ്പിൽ വലിയ ജനപങ്കാളിത്തം സൃഷ്ടിക്കാനും സഹായിക്കും.
ഈ സംഭവത്തിൽ യഥാർത്ഥ പീഡനാരോപണങ്ങൾ ഉണ്ടായിരുന്നു. യഥാർത്ഥ സ്ത്രീകളും യഥാർത്ഥ എഫ് ഐ ആറുകളും ഉണ്ടായിരുന്നു. എന്നാൽ ഡോഗ്-വിസിൽ രാഷ്ട്രീയം ആ യഥാർത്ഥ ഇരകളെ തന്നെ ഒരു ധാർമിക കവചമായി ഉപയോഗിച്ചു. അതിനാൽ ഈ പ്രചാരണത്തെ വിമർശിക്കുന്നത് സ്ത്രീകളുടെ അനുഭവങ്ങളെ നിഷേധിക്കുന്നതുപോലെ തോന്നുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. അതാണ് ഇതിന്റെ സൂക്ഷ്മത. ഇരകളുടെ വേദന, അവരെ സംരക്ഷിക്കാൻ യഥാർത്ഥത്തിൽ ഒരിക്കലും താൽപര്യമില്ലാത്ത അതേ വ്യാജ പ്രചാരണത്തിന്റെ ഉപകരണമായി മാറുന്നു.
സാമ്പത്തിക അപരവൽകരണം
എന്നാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ മാധ്യമങ്ങളുടെ പ്രചാരണ ചക്രത്തിൽ ഒതുങ്ങുന്നില്ല; ഒരു മുഴുവൻ സമൂഹത്തിന്റെ ദൈനംദിന ഭൗതിക ജീവിതങ്ങളിലേക്കാണ് അത് കടന്നുകയറുന്നത്. ഈ സംഭവത്തിലൂടെ നിശ്ശബ്ദമായി നിർമ്മിക്കപ്പെട്ടത് ഒരു സമുദായത്തിനെതിരായ സാമ്പത്തിക അന്യവൽക്കരണത്തിന്റെ ഒരു ചട്ടക്കൂടാണ്. ചരിത്രത്തിൽ പലവട്ടം കണ്ട അതേ പഴയ മാതൃക തന്നെയാണ് ഇത്.
ഒരു സമുദായത്തെ പ്രൊഫഷണൽ തൊഴിൽജീവിതത്തിൽ നിന്ന് പുറത്താക്കാൻ നിയമം വേണമെന്നില്ല. അവരെ ജോലിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്രിയയിൽ ‘ഭയവും ചീത്തപ്പേരും’ സൃഷ്ടിച്ചാൽ മതി. പിന്നെ വിപണി തന്നെ ബാക്കി ജോലി നിശബ്ദമായി നിർവഹിക്കും.
ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിലെ എച്ച് ആർ വിഭാഗങ്ങൾക്കും നിയമന ചുമതലയുള്ള മാനേജർമാർക്കും ഇനിയുള്ള കാലം നിരവധി കാര്യങ്ങൾ കണക്കിലെടുക്കണം. മാധ്യമങ്ങളിൽ അടുത്ത വിവാദ തലക്കെട്ടാകാൻ ഒരു കമ്പനിക്കും താൽപര്യമില്ല. “കോർപ്പറേറ്റ് ജിഹാദ്” എന്ന പദം ഇപ്പോൾ പൊതുബോധത്തിൽ പതിഞ്ഞുകഴിഞ്ഞു. ഇനി ഒരു മുസ്ലിം പ്രൊഫഷണലിന്റെ പേര് ഷോർട്ലിസ്റ്റിൽ വന്നാൽ, ബോധപൂർവമായോ അല്ലാതെയോ ഒരു “റിസ്ക് കണക്കുകൂട്ടൽ” നടക്കും.
മുസ്ലിം പ്രൊഫഷണലുകൾക്കുള്ള സന്ദേശവും അത്രതന്നെ വ്യക്തമാണ്: നിങ്ങളുടെ ജോലിസ്ഥല സാന്നിധ്യം തന്നെ ഒരു വാർത്തയാകാം; സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധങ്ങൾ സംശയാസ്പദമായി വായിക്കപ്പെടാം; നിങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും തൊഴിൽ മുന്നേറ്റവും ഒരു “ബാധ്യത”യായി കണക്കാക്കപ്പെടാം. ടിസിഎസ് എന്ന ബ്രാൻഡിനെ ഇന്ത്യയിലെ കോർപ്പറേറ്റ് ബോർഡ്റൂമുകൾക്കുള്ള മുന്നറിയിപ്പായി മാറ്റിയിരിക്കുന്നു. “മുസ്ലിം ജീവനക്കാരെ നിരീക്ഷിക്കാത്താൽ സംഭവിക്കുക ഇതാണ്” എന്ന സന്ദേശമായി അത് മാറിയിരിക്കുന്നു.
ഇത് പുതിയൊരു സംവിധാനമല്ല. 1930കളിലെ ജര്മനിയിൽ ജൂത പ്രൊഫഷണലുകൾക്കും ഇതേ അനുഭവമായിരുന്നു നേരിട്ടത്. ഒരു രാത്രികൊണ്ട് നിയമപരമായ പുറത്താക്കൽ ഉണ്ടായതല്ല; കഥകളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിൽ ക്രമേണ നിർമ്മിക്കപ്പെട്ട സാമൂഹികവും സാമ്പത്തികവുമായി ഒരു ഒറ്റപ്പെടുത്തലായിരുന്നു അത്. ഷോപ്പുകളും സ്ഥാപനങ്ങളും ആദ്യം നിയമം കാരണം അല്ല, മറിച്ച് അവരുടെ ബന്ധം തന്നെ ചീത്തപ്പേരിന്റെ അപകടമായി മാറിയതിനാലാണ് നിയമനം നിർത്തിയത്.
ഹന്നാ ആറെൻറ് ഈ പ്രക്രിയയുടെ ഭയപ്പെടുത്തുന്ന സാധാരണത്വം ചൂണ്ടിക്കാട്ടിയിരുന്നു: ഒരാൾ പോലും ഒരു പിശാചയായത് കൊണ്ടല്ല ഈ തീരുമാനം എടുക്കുന്നത്. മറിച്ച് , നിരവധി ആളുകൾ നിശ്ശബ്ദമായി “ജാഗ്രതയുള്ള” തീരുമാനങ്ങൾ എടുക്കുന്നതാണ് ഈ അപരവൽകരണം.
ചരിത്രത്തിന്റെ ആവർത്തനം
ചരിത്രത്തിന്റെ അനുപല്ലവി അല്ല . മറിച്ച്, ഇത് ആൽഗോരിതങ്ങളുടെ കൂട്ടിച്ചേർക്കലോടെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നതാണ്. വൈമർ കാലത്തും തുടർന്ന് നാസി ഘട്ടത്തിലും Der Stürmer പോലുള്ള പത്രങ്ങൾ മതാന്തര ബന്ധങ്ങളെ, പ്രത്യേകിച്ച് ജൂത പുരുഷന്മാരും ജൂതരല്ലാത്ത ജർമ്മൻ സ്ത്രീകളും തമ്മിലുള്ള ബന്ധങ്ങളെ, ലൈംഗികവൽക്കരിച്ചും അതിശയോക്തിയോടെയും പ്രചരിപ്പിച്ചു. അതിലൂടെ വലിയ ധാർമിക ഭീതിയുണ്ടാക്കി, ഒരു ന്യൂനപക്ഷത്തെ മനുഷ്യത്വരഹിതരാക്കി, അവർക്കെതിരെയുള്ള വംശീയ പീഡനത്തിനുള്ള ആശയാടിസ്ഥാനം പണിതുയർത്തിയത് നാം കണ്ടതാണ്.
Robert Gellately തന്റെ Backing Hitler എന്ന കൃതിയിൽ ചൂണ്ടിക്കാട്ടുന്നത്, സാധാരണ ജനങ്ങളെ വെറും ബലപ്രയോഗം കൊണ്ടല്ല നാസികൾ രൂപപ്പെടുത്തിയതെന്ന്; വെറുപ്പിനെ സാധാരണ ബുദ്ധിയായി തോന്നിപ്പിച്ച നാസി അനുകൂല മാധ്യമങ്ങളിലൂടെയുമാണ് അത് നടന്നതെന്നാണ്.
ഇപ്പോൾ മഹരാഷ്ട്രയിൽ നടന്ന സംഭവത്തിലും അതേ ഘടനയാണ് കാണുന്നത്: ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലെ പരാജയം എടുത്ത്, അതിലെ മുഴുവൻ സങ്കീർണ്ണതയും അരിച്ച് നീക്കി, അതിന് മതപരമായ ഉദ്ദേശം ചാർത്തി, ഓർക്കാൻ എളുപ്പമുള്ള ഒരു ലേബൽ നൽകി, കോടതിയോ അന്വേഷണ ഏജൻസികളോ സംസാരിക്കുന്നതിന് മുമ്പ് ലോകം മുഴുവൻ വ്യാജ വാര്ത്ത നിറയ്ക്കുക.
APCR Maharashtra നടത്തിയ പരിശോധനയിൽ, രേഖകളിലും തെളിവുകളിലും കാണുന്നതും പൊതുവേദിയിൽ പ്രചരിച്ച കഥയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പറഞ്ഞു. ആരോപണങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണെന്നും, ഉറപ്പായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
പക്ഷേ ആൾക്കൂട്ടത്തിന്റെ വിധി ഇതിനകം പറഞ്ഞുകഴിഞ്ഞു. കോടതികൾ മന്ദഗതിയിലാണ്; ആൽഗോരിതങ്ങൾ വളരെ വേഗത്തിലാണ്. കേസ് തീരുമ്പോഴേക്കും, ഒരു സമൂഹത്തിന്റെ തൊഴിൽ മേഖലയിൽ ഉള്ള മാന്യതക്കും, പൊതു ഇടങ്ങളിലെ സുരക്ഷാബോധത്തിനും, തുല്യ പൗരന്മാരെന്ന അവകാശബോധത്തിനും നാശം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. നിശ്ശബ്ദമായി അത് നടന്നു. അതി വേഗത്തിൽ എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാതെ.
സ്വതന്ത്ര മാധ്യമങ്ങൾ അധികാരത്തിനും ആൾക്കൂട്ട വികാരങ്ങൾക്കും ഇടയിൽ ഒരു സുരക്ഷാഭിത്തിയായിരിക്കേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ ഇന്ത്യൻ മാധ്യമങ്ങളുടെ വലിയൊരു വിഭാഗം അതിന് പകരം ആൾക്കൂട്ടത്തിന്റെ ഏറ്റവും ശക്തമായ ഉച്ചഭാഷിണിയായി മാറി. ഇതിലൂടെ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഏറ്റവും വലിയ പരാജയം അറിവില്ലായ്മയല്ല, മറിച്ച് സത്യം പരിശോധിക്കാനുള്ള സന്നദ്ധത ഉപേക്ഷിച്ച് വൈറലാകലിനെ തിരഞ്ഞെടുക്കുന്നതാണെന്ന് തെളിഞ്ഞു.