ചോദ്യം: ഒരു മുസ്ലിം ഇസ്ലാം വിരുദ്ധനാകുമോ?
ഉത്തരം: ഇല്ല. വിശ്വാസിയായ ഒരു മുസ്ലിം ഇസ്ലാം വിരുദ്ധനല്ല. അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പും തന്നെയാണ് അവരെ ഇസ്ലാമിന്റെ ഭാഗമാക്കുന്നു.
ചോ: എന്നാൽ ഒരു മുസ്ലിം ഇസ്ലാമോഫോബിക് ആവുമോ? ആയി തോന്നുന്നത് എങ്ങനെ?
ഉ:അത് ആന്തരികവൽക്കരിക്കപ്പെട്ട (internalised) ഇസ്ലാമോഫോബിയയിലൂടെ സംഭവിക്കുന്നു. സമൂഹം, മാധ്യമങ്ങൾ, ഭരണകൂടസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇസ്ലാമോഫോബിക് ധാരണകൾ മുസ്ലിംകളിൽ ചിലർ അറിഞ്ഞും അറിയാതെയും സ്വാംശീകരിക്കുന്നു. ആന്തരികവൽക്കരണത്തിലൂടെ മുസ്ലിംകൾ ഇസ്ലാമോഫോബിയയുടെ വാഹകരാവുന്നു (carriers).
ചോ: അതായത് മുസ്ലിംകൾ തന്നെയാണോ ഇസ്ലാമോഫോബിയ നിർമ്മിക്കുന്നത്?
ഉ: ഇല്ല. മുസ്ലിംകൾ ഇസ്ലാമോഫോബിയായുടെ പ്രാഥമിക ഉൽപാദകരല്ല. ഇസ്ലാമോഫോബിയയുടെ ഘടനാപരമായ നിർമ്മാണം മുസ്ലിംകൾക്കു പുറത്താണ്. അവർ സമൂഹത്തിൽ നിർമിക്കപ്പെട്ട ഇസ്ലാമോഫോബിയയെ ആന്തരികവൽക്കരിക്കുകയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത് ഒരു സെക്കണ്ടറി ഇഷ്യൂ മാത്രമാണ്. ഉൽപാദകരാണ് പ്രശ്നം; വാഹകരല്ല.
ആന്തരികവൽക്കരണം
മുസ്ലിംകള്തന്നെ ഇസ്ലാമോഫോബിയയുടെ ഭാഷയും യുക്തിയും ഉപയോഗിച്ച് ഇസ്ലാമിനെ കുറിച്ച് സംസാരിക്കുകയെന്നതാണ് മുസ്ലിംകള് ഇസ്ലാമോഫോബിയ ആന്തരികവല്ക്കരിക്കുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങളിലൊന്ന്. ഇസ്ലാം ഹിംസയുടെ മതമാണെന്ന് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നവരെ നേരിടാന്‍ മുസ്ലിംകള് ഇസ്ലാം സമാധാനമാണെന്ന് വാദിക്കാറുണ്ട്. പ്രത്യക്ഷത്തില്‍ നല്ലൊരു നിലപാടാണെങ്കിലും ഘടനാപരമായി ഇസ്ലാം ഹിംസയാണെന്ന കാഴ്ചപ്പാടിനെ പൊതുചര്‍ച്ചയില്‍ നിലനിര്‍ത്തുകതന്നെയാണ് ഇത് ചെയ്യുന്നത്.
പ്രായോഗികമായ അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ഇത്തരം ബൈനറികള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തവിധമായിരിക്കുന്നു. ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കാന്‍ ഇത്തരം ബൈനറികള്‍ ആവശ്യമാണെ മട്ടിലാണ് പൊതുചര്ച്ചകള്പോലും സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെയുള്ള ബൈനറികള്‍ ഉപയോഗിക്കുമ്പോള്‍ത്തന്നെ അത് ആന്തരവല്ക്കരണത്തിന്റെ പ്രശ്നങ്ങളില്‍നിന്ന് മോചിതമല്ലെന്ന തിരിച്ചറിവ് നിര്‍ണായകമാണ്.
മറ്റൊന്ന് മുസ്ലിംകള് ഇസ്ലാമോഫോബിയയെ ആന്തരികവല്ക്കരിച്ചിരിക്കുന്നുവെന്ന രീതിയില്‍ അവരെത്തന്നെ കുറ്റപ്പെടുത്തുന്ന ഒരു രീതിയും നിലവിലുണ്ട്. ഇരകള്‍ അവരുടെ അടിമത്തം ഒരു ആഭരണം പോലെ ധരിച്ചിരിക്കുകയാണെന്നാണ് വാദം. ആന്തരവല്ക്കരണം എന്നത് ബോധപൂര്‍വമായ ആവശ്യമായിട്ടല്ല ഒരു വ്യക്തിയോ ഒരു സാമൂഹിക വിഭാഗമോ സ്വീകരിക്കുന്നത്. ഏറ്റവും സൂക്ഷ്മമായ അര്‍ഥത്തില്‍ അവരുടെ ബോധത്തെയും കവിഞ്ഞ് നില്ക്കുന്ന ഒന്നാണത്. അതുകൊണ്ടുതന്നെ ആന്തരികവല്ക്കരണത്തിന്റെ പേരില്‍ പരിധിവിട്ട് മുസ്ലിംകളെ കുറ്റപ്പെടുത്തുന്നതും ആന്തരികവല്ക്കരണത്തിന്റെ സ്വാധീനത്തെക്കുറിച്ച് ശരിയായ തിരിച്ചറിവില്ലാത്തതിന്റെ പ്രശ്നമാണ്. ആന്തരികവല്‍ക്കരണം മുസ്ലിംകളുടെ ചോയ്സാണ് എന്നുപറയുന്നതില്‍ അര്‍ഥമില്ല.
മുസ്ലിം സമൂഹത്തില്‍ പരസ്പരം തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിരവധി പേരുണ്ട്. തങ്ങള്‍ക്ക് താല്പര്യമില്ലാത്തവര്ക്കെതിരെ മുസ്ലിംകള്തന്നെ തീവ്രവാദ-ഭീകരവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ മാറുന്ന ചരിത്രസാഹചര്യങ്ങള്ക്കനുസരിച്ച് മുസ്ലിംകളുടെ ആരോപണങ്ങളിലും മാറ്റങ്ങള്‍ വരുന്നുണ്ട്.
ഉദാരണത്തിന് 2001 സെപ്തംബര്‍ 11നുശേഷമാണ് മുസ്ലിം പ്രസ്ഥാനങ്ങളെ ഭീകരവാദ പ്രസ്ഥാനങ്ങളെന്ന് ലോകമാസകലം വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. അതിനുമുമ്പ് മതമൗലികവാദ പ്രസ്ഥാനങ്ങളെന്നും തീവ്രവാദ പ്രസ്ഥാനങ്ങളെന്നുമാണ് ഇവയെ വിശേഷിപ്പിച്ചിരുന്നത്. അവരുടെ വിമര്‍ശനത്തിന്റെ സ്റ്റാന്റേർഡ് നിശ്ചയിക്കുന്നത് അവരല്ല, മറിച്ച് ഇസ്ലാമോഫോബിക്കായ ഭാഷയോ അധികാരമോ വ്യവഹാരമോ ആണെന്നതാണ് വസ്തുത. മുസ്ലിം സംഘടനകള്‍ ഇത് ചെയ്യുന്നത് ബോധപൂര്‍വമല്ല, മറിച്ച് മാധ്യമങ്ങളിലൂടെയും പൊതുസംവാദങ്ങളിലൂടെയും വികസിച്ചിട്ടുള്ള ഇസ്ലാമോഫോബിക് പദാവലികള്‍ കടമെടുക്കുകയാണ്. ഇതിനെ മുസ്ലിം സംഘടനകളുടെ കേവലാര്‍ഥത്തിലുള്ള ചോയിസായി ചിത്രീകരിക്കുന്നത് അതിന്റെ രാഷ്ട്രീയമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ്.
അതീവ വേഗതയില്‍ ഇസ്ലാമോഫോബിയ ലിബറല്‍ സ്വഭാവം വിട്ട് ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഇസ്ലാമോഫോബിയയെ പല മുസ്ലിംകള്തന്നെ മനസ്സിലാക്കുന്നത് അത് തങ്ങളുടെത്തന്നെ എന്തോ കുഴപ്പംകൊണ്ടാണെന്നാണ്. മുസ്ലിംകളെ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ഇസ്ലാമോഫോബിയ വിജയിച്ചിട്ടുണ്ട്. ഇതും ആന്തരികവല്ക്കരണത്തിന്റെ രീതിയാണ്.
ഇസ്ലാമോഫോബിയയും സ്വയം പരിശീലനവും
ഇസ്ലാമോഫോബിയയെക്കുറിച്ചു മുസ്ലിമായതിനാൽ എളുപ്പം അഭിപ്രായം പറയാൻ കഴിയുമെന്ന തോന്നലുണ്ട്. വിശ്വാസിയോ സംഘടനാ പ്രവർത്തനം നടത്തുന്നതു കൊണ്ടോ മാത്രം ഇസ്ലാമോഫോബിയ എന്താണെന്നു വിശദീകരിക്കാൻ കഴിയുമെന്ന് കരുതേണ്ടതില്ല. അനുഭവങ്ങളുണ്ടാവാം എന്നു മാത്രം. അഭിപ്രായങ്ങളുമുണ്ടാവാം. എന്നാൽ സ്വയം പരിശീലനം ഏതു വിഷയത്താലെന്ന പോലെ ഇസ്ലാമോഫോബിയയെ പറ്റി മനസിലാക്കാനും പഠിക്കാനും വിശകലനം ചെയ്യാനും ആവശ്യമാണ്. അതാർക്കും ചെയ്യാവുന്നതാണ്.
അനുഭവം ഉള്ളതുകൊണ്ടോ വിശ്വാസിയായതുകൊണ്ടോ അല്ലാത്തതുകൊണ്ടോ സംഘടനകളിൽ പ്രവർത്തിച്ചതു കൊണ്ടോ അല്ലാത്തതുകൊണ്ടോ ഇസ്ലാമോഫോബിയയുടെ വിവിധ വശങ്ങൾ, പ്രവർത്തന രീതികൾ മനസിലാകണമെന്നില്ല. അതിനായി പ്രത്യേകം പഠിക്കാനും ആലോചിക്കാനും അന്വേഷിക്കാനും തയ്യാറാകണം. അതു മുസ്ലിംകൾക്കും അല്ലാത്തവർക്കും വിശ്വാസിക്കും അവിശ്വാസിക്കും എല്ലാം ചെയ്യാവുന്നതാണ്. കാരണം, മുസ്ലിംകളുടെ പ്രവർത്തനം കൊണ്ടല്ല ഇസ്ലാമോഫോബിയ ഉൽപാദിപ്പിക്കപ്പെടുന്നത്.