- ആറാം നൂറ്റാണ്ട്
- സുഡാപ്പി
- കൈവെട്ട്
- ലൗജിഹാദ്
- മൗദൂദികൾ
- മാപ്പിളസ്ഥാന്‍
- സമാധാനമതം
- മൂരിലീഗ്
- താലിബാനിസം
ഭാഷയുടെ രാഷ്ട്രീയം ഇത്രയേറെ പ്രസക്തമായ ഒരു കാലഘട്ടം ഒരുപക്ഷേ ഉണ്ടായിട്ടില്ല. ലോകത്ത് പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വികാസവുമായി ബന്ധപ്പെട്ടാണ് ഭാഷയുടെ രാഷ്ട്രീയം ഒരു വ്യവഹാരമായി ഉയർന്നുവന്നത്. മത, ഭാഷാ, ലിംഗ, രാഷ്ട്രീയ ന്യൂനപക്ഷങ്ങൾക്കുമേൽ ഭാഷയുടെ ആധിപത്യമാതൃകകൾ ഉണ്ടാക്കുന്ന ഹിംസയും അതിന്റെ പരിഹാരവും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ ഏറെ സങ്കീർണമാക്കുന്നു. സ്ത്രീകളെപ്പറ്റിയും ന്യൂനപക്ഷങ്ങളെപ്പറ്റിയും ഉപയോഗിക്കുന്ന ഭാഷ ഈ സാഹചര്യത്തിൽ ഏറെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട പഠനങ്ങളും ഈ അന്വേഷണത്തിൽ ഏറെ ഉൾക്കാഴ്ചകൾ നൽകുന്നു. ഇത്തരം വാക്കുകളിൽ പ്രത്യേക അർത്ഥത്തോടെ ഉപയോഗിക്കുന്ന നാമപദങ്ങളും ക്രിയാപദങ്ങളും ഉൾക്കൊള്ളുന്നു. ചിലപ്പോൾ പുതിയ വാക്കുകൾ രൂപപ്പെടുത്തുകയും ചെയ്യാറുണ്ട്. ഒളിച്ചുകടത്തൽ, നുഴഞ്ഞുകയറൽ, മാപ്പിളസ്ഥാൻ, മിനി ഗൾഫ്, മിനി പാകിസ്താൻ, ബംഗ്ലാദേശ് കോളനി, ലൗജിഹാദ്, ഇന്റലക്ച്വൽ ജിഹാദ്, കൊറോണ ജിഹാദ്, നർകോട്ടിക്സ് ജിഹാദ്, മൂരിലീഗ്, സുഡാപ്പിണി, സുഡാപ്പി, ജിഹാദി, മൗദൂദി, പച്ച, സമാധാനമതം, ആറാം നൂറ്റാണ്ട്… ഈ പട്ടിക നീട്ടാൻ കഴിയും. ഓരോ പദവും രൂപപ്പെട്ട ചരിത്രസാഹചര്യങ്ങൾ ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ നൽകുന്നു.
മുസ്‌ലിംകളും വാക്കുകളും
അന്തരിച്ച റോബർട്ട് ഫിസ്‌ക് അറിയപ്പെടുന്ന ഇടതുപക്ഷ സ്വഭാവമുള്ള പത്രപ്രവർത്തകനാണ്. അദ്ദേഹം ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും നടത്തിയ സാമ്രാജ്യത്വവിരുദ്ധ പത്രപ്രവർത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അമേരിക്കൻ മഹാസാമ്രാജ്യത്വത്തിന്റെ ഇറാഖ് അധിനിവേശത്തെ അദ്ദേഹം കൈകാര്യം ചെയ്ത രീതി പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. ഇന്നത്തെ ലോകസാഹചര്യത്തിൽ പക്ഷേ, അദ്ദേഹത്തെപ്പോലെയുള്ള പത്രപ്രവർത്തകർ ഉപയോഗിക്കുന്ന ഭാഷ ആഴത്തിൽ വ്യാപിച്ച ഇസ്‌ലാമോഫോബിയയുടെ ആഗോള നിഘണ്ടുവിന്റെ ഭാഗമാണെന്ന് ഹാമിദ് ദബാശി On Being Muslim in the World എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട വാക്കുകൾ ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള ആളുകൾ ഒരുപോലെ തിന്മയുടെ പര്യായമായി വായിക്കുന്ന കാലമാണിത് എന്നാണ് ദബാശി നിരീക്ഷിക്കുന്നത്. 2011ൽ കുത്തക മാധ്യമ മുതലാളിയായ റൂപർട്ട് മർഡോക്ക് ബ്രിട്ടനിൽ നടത്തിയ ഫോൺ ഹാക്കിങ് സംഭവത്തെപ്പറ്റി റോബർട്ട് ഫിസ്‌ക് The Independent പത്രത്തിൽ എഴുതിയത്, “മധ്യപൗരസ്ത്യദേശത്തെ ഒരു ഖലീഫയെപ്പോലെയാണ് റൂപർട്ട് മർഡോക്ക്” എന്നാണ്. ലോകത്തിന്റെ ഏത് കോണിൽ തിന്മ നടന്നാലും അത് മുസ്‌ലിംകളുമായി ബന്ധപ്പെട്ട രൂപകങ്ങളാൽ മാത്രമേ ഏറെ പദസമ്പത്തുള്ള, ആ മേഖലയിൽ രാഷ്ട്രീയ അനുഭവമുള്ള, ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകന് കൈകാര്യം ചെയ്യാൻ കഴിയുന്നുള്ളൂവെന്നത് ഏറെ ഗുരുതരമാണെന്ന് ദബാശി കരുതുന്നു. ഖലീഫ, അഥവാ പ്രതിനിധി, എന്ന വാക്ക് അങ്ങനെ ലോകത്ത് എല്ലാത്തരം രാഷ്ട്രീയ അധികാരചൂഷണത്തിന്റെയും പര്യായമായി മാറുന്നു. പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം എ.ഡി. 632 മുതൽ തുടങ്ങുന്ന മുസ്‌ലിം ഭരണവ്യവസ്ഥയുടെ സാരഥിയായിരുന്നു ഖലീഫ അബൂബക്കർ. അവിടന്നങ്ങോട്ട് ആ വാക്ക് മുസ്‌ലിം ചരിത്രത്തിലും വർത്തമാനത്തിലും സങ്കീർണമായ ഒരു വ്യവഹാരസൂചകമായി നിലനിന്നിട്ടുണ്ട്. ഈ അർത്ഥങ്ങളെ മുഴുവൻ അട്ടിമറിച്ചാണ് റോബർട്ട് ഫിസ്‌ക് രാഷ്ട്രീയ തിന്മയുടെ പ്രതിരൂപമായി ഖലീഫ എന്ന രൂപകത്തെ ചിത്രീകരിക്കുന്നത്. ദബാശി ഉന്നയിച്ച ഈ വിമർശനം എല്ലാ മതങ്ങളുടെയും കാര്യത്തിൽ സംഭവിക്കുന്ന ഒന്നല്ല; മതം ഇസ്‌ലാമാവുമ്പോൾ മാത്രം സംഭവിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഭാഷാരാഷ്ട്രീയമാണത്.
1.ആറാംനൂറ്റാണ്ട്
മുസ്‌ലിംസമൂഹത്തെ പരിഹസിക്കാനും മുസ്‌ലിംകളുടെ ‘പിന്തിരിപ്പത്ത’ത്തെ എടുത്തുകാട്ടാനുമായി ഉപയോഗിക്കുന്നതില്‍ പ്രധാനമായ ഒരു പ്രയോഗമാണ് ആറാം നൂറ്റാണ്ട്. മുസ്‌ലിംസമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഇത് പറയാറുളളതെങ്കിലും മറ്റുള്ളവരുടെ പിന്തിരിപ്പത്തെ അടയാളപ്പെടുത്താനുളള വാക്കായും ഇത് മാറിയിട്ടുണ്ട്. ഇസ് ലാമിന്റെ ആവിര്‍ഭാവമെന്ന നിലയിലാണ് ആറാം നൂറ്റാണ്ടെന്ന് പറയുന്നത്. ആ കാലവും അതിന്റെ ചിന്തയും അതില്‍നിന്ന് രൂപംകൊണ്ട പ്രത്യയശാസ്ത്രവും ആശയങ്ങളും പിന്തിരിപ്പന്‍ മൂല്യങ്ങള്‍ വഹിക്കുന്നുവെന്ന് ഈ പ്രയോഗം സൂചിപ്പിക്കുന്നു. ചില ഘട്ടത്തില്‍ നൂറ്റാണ്ട് എന്ന വാക്കിലൂടെ മാത്രം മുസ്‌ലിംപിന്തിരിപ്പിത്തത്തെ സൂചിപ്പിക്കുന്നിടത്തോളം ഈ വാക്കുകള്‍ അര്‍ത്ഥസമ്പുഷ്ടി നേടിയിട്ടുണ്ട്.
ചിലര്‍ മറ്റു സമയങ്ങളിൽ സമകാലിക മുസ്‌ലിം പ്രതിനിധാനങ്ങളെക്കുറിച്ചു ഏഴാം നൂറ്റാണ്ടെന്നും പ്രയോഗിക്കും. കെ ടി കുഞ്ഞിക്കണ്ണൻ ( മാധ്യമങ്ങളുടെ അർഥശാസ്ത്രവും അരാഷ്ട്രീയവൽകരണവും, ദേശാഭിമാനി വാരിക, 2008 ജനുവരി 27 ) എഴുതിയ ലേഖനത്തിൽ ‘ഏഴാം നൂറ്റാണ്ടാണെന്നാണ്’. യുക്തിവാദി നേതാവായ ഇ എ ജബ്ബാർ 20 ജൂലൈ 2007 നു മാതൃഭൂമിയിൽ എഴുതിയത് ‘ഏഴാം നൂറ്റാണ്ടെന്നാണ്’. മാധ്യമ പ്രവർത്തകനായ എം പി ബഷീർ 2007 ലെ മംഗളം ഓണപ്പതിപ്പിലെഴുതിയ ‘ നടുറോഡിലെ ദീനുൽ ഇസ്‌ലാം’ എന്ന ലേഖനത്തിൽ ഏഴാം നൂറ്റാണ്ടിലേതെന്ന രീതിയിലാണ് സമകാലിക മുസ്‌ലിം വ്യവഹാരങ്ങളെ വിവരിക്കുന്നത്.
കാലം/സമയം അഥവാ ടൈം എന്നതു അപരവല്‍ക്കരണത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നാണ് ജോഹന്നാസ് ഫാബിയന്‍ ടൈം ആന്‍ഡ് അദര്‍ : ഹൗ ആന്ത്രപോളജി മെയ്ക്‌സ് ഇറ്റ്‌സ് ദ ഒബ്ജക്റ്റ്‌സ് ( 2014 കൊളംബിയ യൂനിവേഴ്‌സിറ്റി പ്രസ്) നിരീക്ഷിക്കുന്നു. സമകാലികമായ സമയം ചില പ്രത്യേക അധീശ വിഭാഗങ്ങളുടെ പ്രത്യേകതയാണെന്നും ആധുനികതയുടെ സമയബോധം തന്നെ ഇത്തരത്തില്‍ ബഹിഷ്‌കരണത്തിലൂടെ രൂപപ്പെടുന്നുവെന്നും കാണാം. കാലം തെറ്റിയ സമുദായമായി മുസ്‌ലിംകളെ ചിത്രീകരിക്കുന്നതിനു പിന്നില്‍ ആധുനിക വംശീയതയുടെ സമയ രാഷ്ട്രീയത്തിനുള്ള പങ്കു ഏറെ പഠിക്കേണ്ട വിഷയമാണ്.
2017 നവംബര്‍ 11ന് ഗെയില്‍വിരുദ്ധ സമരത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. കൊച്ചി -ബംഗളൂര്‍ വാതകക്കുഴല്‍ പദ്ധതിക്കെതിരേ മുക്കം എരഞ്ഞിമാവില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് പ്രസ്താവന പുറത്തുവന്നത്. സമരത്തിന് പിന്നില്‍ ‘മലപ്പുറത്തുനിന്നുവന്ന’ എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണെന്നും അവരാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രസ്താവനയിലെ ആരോപണം. ‘പുറത്തുനിന്നു’ വന്ന ഇവര്‍ വികസനവിരോധികളും ഇവിടെയുളളവരെ അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നവരുമാണ്. അക്രമം തടയാനെത്തിയ പോലിസുകാര്‍ക്കെതിരേ ഇവര്‍ നാട്ടുകാരെ തിരിച്ചുവിട്ടു. ഇവര്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുന്ന തീവ്രവാദസംഘങ്ങളാണ്. കേരളത്തിന്റെ ഊര്‍ജവികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്ലിനെതിരേ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനുപകരം കോണ്‍ഗ്രസ് ഇവരെ ന്യായീകരിക്കുന്നവെന്നും പ്രസ്താവന ആരോപിച്ചു.
ഇത് വ്യാപകമായ തോതില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ സിപിഎം നേതാവായ കെ ടി കുഞ്ഞിക്കണ്ണന്‍ വിശദീകരണവുമായി രംഗത്തുവന്നു. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍(2017 നവംബര്‍ 4) വിശദീകരിച്ചു: ‘ഗെയ്ല്‍ സമരത്തിന്റെ അരങ്ങിലും അണിയറയിലും കളിക്കുന്ന ചില മതതീവ്രവാദ ഗ്രൂപ്പുകളെ പരാമര്‍ശിച്ച് കൊണ്ടാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ഈ പ്രയോഗം നടത്തിയത്. കോണ്‍ഗ്രസും മതതീവ്രവാദഗ്രൂപ്പുകളുമാണ് ഇതിനെ വിമര്‍ശിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു വ്യവസായ വികസന പദ്ധതിക്കെതിരെ വൈകാരികമായി ജനങ്ങളെ ഇളക്കിവിട്ടവരെയാണ് ഇസ്‌ലാം എതിര്‍ത്തുപോന്ന പ്രാകൃത ബോധത്തിന്റെ പ്രതിനിധികളായി ആ പ്രസ്താവനയില്‍ സൂചിപ്പിച്ചത്… പ്രാകൃതമായ ഗോത്രാവസ്ഥയില്‍ നിന്നും കാര്‍ഷിക വാണിജ്യ വ്യവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്‌ലാമിന്റെ ഉദയത്തെ മാര്‍ക്സിസ്റ്റുകള്‍ കാണുന്നത്…. ഇസ്‌ലാമിന്റെ ഈ ചരിത്രദര്‍ശനത്തിന് വിരുദ്ധദിശയില്‍ ഭീകരവാദം പടര്‍ത്തുന്ന ഐഎസ്സും അതിന്റെ ഇന്ത്യന്‍ പതിപ്പുകളും നബി എതിര്‍ത്ത അജ്ഞതയുടെയും പ്രാകൃതബോധത്തിന്റെയും പ്രതിനിധികളാണ്… അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആശങ്കകള്‍ വളര്‍ത്തി മുക്കം സംഭവങ്ങളുടെ അണിയറയില്‍ കളിച്ചത്…”(ഫേസ്ബുക്ക് പോസ്റ്റ് കെ ടി കുഞ്ഞിക്കണ്ണന്‍-നവംബര്‍ 4, 2017).
ചുരുക്കത്തില്‍ മുസ്‌ലിംഗ്രൂപ്പുകളെ ഐഎസ്സുമായി സമീകരിക്കുകയും ഒരു പദ്ധതിയോടുള്ള എതിര്‍പ്പിനെ ‘പ്രാകൃതമതബോധ’മാക്കി വിശദീകരിക്കുകയുമാണ് കുഞ്ഞിക്കണ്ണന്‍ ചെയ്തത്. കൂട്ടത്തില്‍ മുസ്‌ലിംകള്‍ എന്ന അമൂര്‍ത്തമായ ഒരു വിഭാഗത്തെ അദ്ദേഹം വിഭാവനം ചെയ്തു. പരിശുദ്ധരായ ആ വിഭാഗത്തെയല്ല തങ്ങള്‍ എതിര്‍ത്തതെന്നും മറിച്ച് അതിനെ അട്ടിമറിക്കുന്ന സംഘടനകള്‍ക്കെതിരേയാണ് അതെന്നുമായിരുന്നു വാദം. ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നവരുടെ പൊതുരീതിശാസ്ത്രമാണ് ഇത്. മൂര്‍ത്തമായതിനെതിരേ വിദ്വേഷം പ്രചരിപ്പിക്കുകയും അമൂര്‍ത്തമായ ഒന്നിനെ സങ്കല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് ഇത്തരക്കാരുടെ രീതി.
ഇതിനൊരു ടിപ്പണി കൂടിയുണ്ട്. ഐഎസ്സിനെക്കുറിച്ച് പ്രബോധനം വാരിക ‘ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത് ഏഴാം നൂറ്റാണ്ടിലെ കിരാത ഗോത്രസംസ്‌കാരം’ എന്ന പേരില്‍ ഒരു കവര്‍ സ്റ്റോറി 2015 ആഗസ്റ്റ് 21ന് പ്രസിദ്ധീകരിച്ചിരുന്നു. സമരക്കാരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം പേറുന്നവരെന്ന് വിളിച്ചതിനെ വിമര്‍ശിച്ചവര്‍ക്കെതിരേ വലിയൊരു മറുപടിയെന്ന മട്ടില്‍ കുഞ്ഞിക്കണ്ണന്‍ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നു (എഫ്ബി, നവംബര്‍ 4, 2017). ഏഴാം നൂറ്റാണ്ടിലെ കിരാത ഗോത്രസംസ്‌കാരം എന്ന് ജമാഅത്തിന്റെ മുഖപ്രസിദ്ധീകരണവും വിശേഷിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കുറിപ്പില്‍നിന്ന്: ”കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന സര്‍വ സിപിഐഎം വിരുദ്ധ ഉന്മാദം പിടിപെട്ടവരുടെയും വിശിഷ്യാ ലീഗ് ജമാഅത്ത് പോപ്പുലര്‍ ഫ്രണ്ട് സുഹൃത്തുക്കള്‍ക്കായിട്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. ജമാത്തെ ഇസ്‌ലാമിയുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനമാസികയാണിത്… ഏഴാം നൂറ്റാണ്ടിലെ കിരാത സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് ഐഎസ് എന്നാണ് പ്രബോധനത്തിന്റെ കവര്‍സ്റ്റോറി… സിപിഐഎം പ്രസ്താവനയിലെ ഗെയ്ല്‍ വാതകക്കുഴല്‍ സമരത്തിന്റെ മറവില്‍ അക്രമമഴിച്ചുവിടുന്ന തീവ്രവാദസംഘങ്ങളെ ഉദ്ദേശിച്ചുള്ള ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ക്ഷുദ്രവികാരമുണര്‍ത്തി വിടുന്നവര്‍ പ്രബോധനത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കിരാതത്വം എന്ന പ്രയോഗം എന്തേ കാണാതെ പോയത്. ഇസ്‌ലാം രൂപപ്പെട്ട, നബി ചോദ്യം ചെയ്ത ചരിത്രഘട്ടത്തെ സൂചിപ്പിക്കുന്ന പ്രയോഗത്തെ അത്യന്തം തെറ്റായി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നവരുടെ കാപട്യത്തെയാണ് ഈ പ്രബോധനം ലക്കം സ്വയം വ്യക്തമാക്കുന്നത്… ഏഴാം നൂറ്റാണ്ടിനെ ഇസ് ലാമായി സമീകരിച്ചാണല്ലോ വര്‍ഗീയവാദികള്‍ പാര്‍ട്ടി പ്രസ്താവനയിലെ പ്രയോഗത്തെ വിവാദമാക്കിയത്”
എന്നാൽ ഇതാദ്യമല്ല കുഞ്ഞികണ്ണൻ ഈ പ്രയോഗം നടത്തുന്നത് എന്ന വസ്തുത ഇതുകൊണ്ടാന്നും മൂടിവെക്കാനാവില്ല. കെ ടി കുഞ്ഞിക്കണ്ണൻ ( മാധ്യമങ്ങളുടെ അർഥശാസ്ത്രവും അരാഷ്ട്രീയവൽകരണവും, ദേശാഭിമാനി വാരിക, 2008 ജനുവരി 27 ) എഴുതിയ ലേഖനത്തിൽ ‘ഏഴാം നൂറ്റാണ്ടാണെന്നാണ്’ സോളിഡാരിറ്റിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്.
1.1. ജന്‍ഡര്‍ന്യൂട്രലും ആറാം നൂറ്റാണ്ടും
2022 ജൂലൈ മാസം അവസാനം ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തെക്കുറിച്ചുളള എംഎസ്എഫ് വേദിയിലെ എം കെ മുനീറിന്റെ പരാമര്‍ശവും വലിയ വിവാദമായി. പിണറായി വിജയന് എന്തുകൊണ്ട് സാരി ധരിച്ചുകൂട എന്ന പ്രകോപനപരമായ പ്രയോഗം വലിയൊരു വിഭാഗം ബുദ്ധിജീവികളെത്തന്നെ അദ്ദേഹത്തിനെതിരാക്കി. താന്‍ വൈവിധ്യത്തിലാണ് വിശ്വസിക്കുന്നതെന്നും ജെന്റര്‍ ന്യൂട്രല്‍ എന്ന പേരില്‍ ഏതെങ്കിലും വസ്ത്രം അടിച്ചേല്‍പ്പിക്കരുതെന്നും ഇഷ്ടമുളളവര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെയെന്ന് പറയുന്നതാണ് യഥാര്‍ത്ഥ ജെന്‍ട്രല്‍ ന്യൂട്രലെന്നും അദ്ദേഹം ഇതേ തുടര്‍ന്ന് പുറത്തുവന്ന ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു. കൂട്ടത്തില്‍ ട്രാന്‍സ്ജെന്റര്‍ പോളിസി കേരളത്തില്‍ കൊണ്ടുവന്നത് താന്‍ സാമൂഹികനീതി വകുപ്പിന്റെ ചുമതലക്കാരനായിരിക്കുമ്പോഴാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. (ട്രൂകോപ്പിതിങ്ക്, ലിബറലുകള്‍ മാത്രമല്ല കേരളത്തിലുള്ളതെന്ന് സി.പി.എം മനസ്സിലാക്കണം, അഭിമുഖം ഡോ. എം കെ മുനീര്‍/ഷഫീക് താമരശ്ശേരി, 1 ആഗസ്റ്റ് 2022).
കംഫര്‍ട്ട് ആണ് തങ്ങളുടെ താക്കോല്‍വാക്കെന്നായിരുന്നു മുനീര്‍ വിമര്‍ശകരുടെ നിലപാട്. ഓരോരുത്തരുടെയും കംഫര്‍ട്ട് അവരാണ് തീരുമാനിക്കുന്നത് മുനീറും വാദിച്ചു. മുനീര്‍ മൃദുതാലിബാനിസത്തിലേക്ക് ചുവടുമാറുന്നുവെന്ന് ഇതേ കുറിച്ച് ട്രൂകോപ്പി തിങ്കില്‍ പ്രസിദ്ധീകരിച്ച മറ്റൊരു കുറിപ്പില്‍ എന്‍ വി ബാലകൃഷ്ണന്‍ ആരോപിച്ചു.(ആഗസ്റ്റ് 2, 2022, മൃദുതാലിബാനിസത്തിലേക്ക് ചുവടുമാറുന്ന ഡോ. എം.കെ.മുനീര്‍). ഇതിനെ ഡിവൈഎഫ്ഐ വിമര്‍ശിച്ചത് ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും അവര്‍ക്ക് 21ാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നുമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ പ്രയോഗം നടത്തിയത്.(‘ലീഗിനും മുനീറിനും ആറാം നൂറ്റാണ്ടില്‍നിന്ന് വണ്ടി കിട്ടിയില്ല; വിമര്‍ശനവുമായി ഡിവൈഎഫ്ഐ, ആഗസ്റ്റ് 1, 2022, മീഡിയവണ്‍). മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്ന് മന്ത്രി ശിവന്‍കുട്ടിയും പരിഹസിച്ചു. ഇതേ വിഷയത്തില്‍ മാതൃഭൂമി ന്യൂസിന്റെ വീഡിയോയുടെ തലവാചകം ഏത് നൂറ്റാണ്ടിലെ ബോധ്യങ്ങളാണ് ഈ പണ്ഡിതനെന്നാണ്.(വക്രദൃഷ്ടി, മാതൃഭൂമി ന്യൂസ്, ആഗസ്റ്റ് 9, 2022).
2. സുഡാപ്പി
‘സംഘികളും സുഡാപ്പികളും വിഷം ആണ്. നമുക്ക് ഏല്‍ക്കാനും നമ്മളെ മരണപ്പെടുത്താനും ഏറ്റവും അടുത്ത സാധ്യതയുള്ളത് സംഘി വിഷവും എന്നാല്‍ വീര്യത്തില്‍ വലുത് സുഡാപ്പി വിഷവും ആണ്. അതാണ് ഈ രണ്ട് നികൃഷ്ടജീവികള്‍ തമ്മിലെ വ്യത്യാസം.’ (മനോജ് കുമാര്‍ മനു, ബൂലോകം ഡോട്ട് കോം, 11 ഏപ്രില്‍ 2021 ).
പല മുസ്‌ലിംസംഘടനകളുടെയും പൊതുപരിപാടികളില്‍ പങ്കെടുക്കാറുള്ള തന്നെ എസ്ഡിപിഐകാരന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയായ വി.ആര്‍. അനൂപ് തന്റെ വാളിലെഴുതിയിരുന്നു. ഇത് ഒറ്റപ്പെട്ടതല്ല. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധി പേര്‍ നമുക്കു ചുറ്റിലുമുണ്ട്. മുസ്‌ലിംമതയാഥാസ്ഥിതികത്വത്തിന്റെയും ‘വര്‍ഗീയത’യുടെയും പ്രകടിത രൂപമായി എസ്ഡിപിഐയെ സ്ഥാപിക്കുന്ന ഒരു ആഖ്യാന പരിസരത്തുനിന്നാണ് ഇതിന്റെ ഉത്ഭവം. സത്യത്തില്‍ എസ്ഡിപിഐ എന്ന സംഘടനയുമായി ഈ ആഖ്യാനത്തിന് വലിയ ബന്ധമൊന്നുമില്ല. വിശ്വാസിയെന്ന നിലയിലോ അല്ലാതെയോ ഇസ്‌ലാമുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുത്താവുന്ന എല്ലാ തിന്മകളുടെയും പ്രകടിതവും ഘനീഭവിക്കപ്പെട്ടതുമായ രൂപത്തിന്റെ മറുവാക്കോ പര്യായമോ ആണിത്. മുസ്‌ലിംസ്വത്വത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിന് വി ആര്‍ അനൂപിന് ലഭിച്ച പട്ടമാണ് എസ്ഡിപിഐക്കാരന്‍. ഇതാണ് പിന്നീട് സുഡാപ്പിയെന്നായി മാറിയത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ജനാധിപത്യപരമായ രീതിയില്‍ കാണുന്ന സ്ത്രീകളെ വിശേഷിപ്പിക്കാനും ഒരു പദം രൂപപ്പെട്ടുവന്നിട്ടുണ്ട്, സുഡാപ്പിണി. മുസ്‌ലിംസമൂഹത്തെയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും പിശാചുവല്‍ക്കരിക്കുന്നതില്‍ ഈ നാമകരണം വലിയ പങ്കുവഹിക്കുന്നു. വംശീയതയിലൂന്നിയ മുസ്‌ലിംവിരുദ്ധയ്ക്ക് പൊതുസമ്മതി നേടിക്കൊടുക്കുന്നതിലും ഇതിന്റെ പങ്ക് നിസ്സാരമല്ല.
കുറച്ചു കാലം മുന്‍പ് ഇതേ പദവിയില്‍ പിഡിപിയെയാണ് പ്രതിഷ്ഠിച്ചിരുന്നത് ( മഅദനി : ബലിമൃഗമോ രക്തസാക്ഷിയോ? രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍, അഴിമുഖം ഡോട്ട് കോം, 14 ജൂലൈ 2014). ഒരു ഘട്ടത്തില്‍ ലൈംഗികഅരാജകത്വം വരെ പിഡിപി യില്‍ ആരോപിക്കപ്പെട്ടിരുന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത വസ്തുക്കളില്‍ നിരോധും’ ഉള്‍പ്പെട്ടിരുന്നുവെന്നു പ്രചാരണമുണ്ടായി. ഇതിനും മുന്‍പ് വിവിധ കാലയളവിലായി മുസ്‌ലിംലീഗും ജമാഅത്തും ഇതേ ‘പദവി’കളില്‍ ഉള്‍പ്പെട്ടിരുന്നു. അതിനുമുമ്പ് കമ്യൂണിസ്റ്റുകളുടെ ഊഴമായിരുന്നു. ഷര്‍ട്ടിന്റെ കൈ തെറുത്തു ചുരുട്ടിവെച്ചവരൊക്കെ അക്കാലത്ത് സവര്‍ണ ഭൂപ്രഭു വര്‍ഗത്തിന്റെ ഗുണ്ടകളുടെയും പോലിസിന്റെ മര്‍ദ്ദനത്തിനു വിധേയരായി. കോണ്‍ഗ്രസുകാരും ഇതിന്റെ ഇരകളായിരുന്ന കാലമുണ്ട്.
ഇത്തരം രൂപകങ്ങളാല്‍ വിശേഷിപ്പിക്കപ്പെടുന്നവര്‍ നേരിടുന്ന മറ്റൊരു ആരോപണം അവര്‍ ആരുടേയോ ചട്ടുകങ്ങളാണെന്നാണ്. അതിന്റെ പേരില്‍ ഫണ്ടു കിട്ടുമെന്നും ആരോപിക്കും. അതേസമയം ഇത്തരം ആരോപണങ്ങളൊന്നും ഹിന്ദുത്വര്‍ക്കെതിരെ ആരോപിക്കാറുമില്ല. ഈ ഫണ്ടില്‍ ഫോറിന്‍ ഫണ്ടും ഉള്‍പ്പെടും. എണ്‍പതുകളിലും തൊണ്ണൂറുകളിലും ദലിത് രാഷ്ട്രീയപ്രവര്‍ത്തകര്‍ നേരിട്ട പ്രധാന ആരോപണങ്ങളിലൊന്ന് ഇതായിരുന്നു. ചൈനീസ് ചാരന്മാരുടെ മേലങ്കിയോടെ നിരവധി കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ ജയിലില്‍ കിടക്കേണ്ടിവന്നത് സ്വാതന്ത്ര്യാനന്തരമാണ്.
പുതിയ കാലത്ത് വൈദേശികസ്വാധീനത്തിന്റെ ആരോപണങ്ങള്‍ പ്രധാനമായും മുസ്‌ലിംകള്‍ക്കെതിരെയാണ് നീളുന്നത്. ഇതാവട്ടെ കേരളത്തില്‍ ഗള്‍ഫ് കുടിയേറ്റത്തിനു ശേഷം ശക്തപ്പെട്ട ഒരു ഭീതിയാണ്. സി ആര്‍ പരമേശ്വരന്‍ 1999 -ല്‍ എഴുതിയ ‘ പൊതു സമൂഹത്തിന്റെ മരണം’ എന്ന കുറിപ്പില്‍ പറയുന്നതു വായിക്കുക ( 24 ജൂണ്‍ 2015 നു മാതൃഭൂമി ഡോട്ട് കോം പുനപ്രസിദ്ധീകരിച്ചത് ). ‘എഴുപതുകളുടെ പകുതിയോടെ ഇവിടേക്ക് ഒഴുകിയെത്തിയ ഗള്‍ഫ് പണം ഇതെല്ലാം അട്ടിമറിച്ചു. അത് കൂലിക്കൊത്ത അധ്വാനം എല്ലാവര്‍ക്കും അനാവശ്യമാക്കി. ഈ കണക്കറ്റ പണം നമ്മുടെ സംസ്ഥാനത്തെ അനാശാസ്യമായ ഒരു കളിക്കളമാക്കി. ഭിഷഗ്വരനും വക്കീലും കരാറുകാരനും വണിക്കും ചുമട്ടുകാരനും നിര്‍മാണത്തൊഴിലാളിയും നികുതിയുദ്യോഗസ്ഥനും വാഹനവകുപ്പുദ്യോഗസ്ഥനും ബാങ്കുകാരനും സിനിമാക്കാരനും മദ്യവില്പനക്കാരനും അധ്യാപകനും കവിയും ശമ്പളമായും കിമ്പളമായും റോയല്‍റ്റിയായും അവാര്‍ഡായും കൂലിയായും വിലയായും കവര്‍ച്ചദ്രവ്യമായും പരസ്പരം പണം കൊടുത്തും പിടിച്ചുപറിച്ചും കളിക്കുന്ന ഒരു കളിക്കളം. ഇത് നമ്മുടെ രാഷ്ട്രീയസാംസ്‌കാരിക ജീവിതങ്ങളെ കൂടുതല്‍ അഴിമതി നിറഞ്ഞതാക്കി.’
കേരളീയ നവോത്ഥാനത്തെ പിറകോട്ടു വലിപ്പിക്കുന്ന ഒന്നായി ഗള്‍ഫില്‍ നിന്നുള്ള മൂലധനത്തെ ചിത്രീകരിക്കുകയാണ് പരമേശ്വരന്‍ ചെയ്യുന്നത്. അതു ഒരു പരിധിയും കഴിഞ്ഞ് മുസ്‌ലിംസംഘടനകളുടെ ഫണ്ടിംഗ് രാഷ്ട്രീയമായി വ്യാഖ്യാനിക്കാനും കഴിയുന്നു. അതിനാല്‍ തന്നെ ഇത്തരം സംഘടനകളോടു സഹകരിക്കരുതെന്ന പ്രചാരണം വ്യാപകമാവുന്നു.
എന്നാല്‍ പച്ചക്കുതിരയിലെ (ഫെബ്രുവരി 2014) ‘ദലിത് പ്രമേയങ്ങള്‍’ എന്ന ലേഖനത്തില്‍ കെ.കെ ബാബുരാജ് സി ആര്‍ പരമേശ്വരന്‍ അടക്കമുള്ളവരുടെ ഇസ്‌ലാമോഫോബിക് വിലാപത്തിന്റെ പ്രശ്‌നത്തെക്കുറിച്ചു ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്:
”2011 ആഗസ്റ്റ് മാസത്തില്‍ ‘നവജനാധിപത്യ പ്രസ്ഥാനം’ എറണാകുളത്ത് ‘മുസ്‌ലിംകള്‍ അന്യരല്ല’ എന്ന പേരില്‍ ഒരു സാഹോദര്യസമ്മേളനം നടത്തുകയുണ്ടായി. ഈ സമ്മേളനത്തില്‍ ‘ജമാഅത്തെ ഇസ്‌ലാമി’യുടെയും എസ്.ഡി.പി.ഐയുടെയും പ്രതിനിധികള്‍ പങ്കെടുത്തതും ഈ ലേഖകനടക്കമുള്ളവര്‍ മുസ്‌ലിംവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും പ്രബോധനം, തേജസ് മുതലായ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതുമാണ് ചിലരെ സംബന്ധിച്ചേടത്തോളം ദലിതര്‍ സ്വന്തം നിലമറന്ന് മറ്റുള്ളവരുടെ ഏജന്‍സിയായി മാറിയെന്ന പ്രചാരണത്തിന് കാരണമായിട്ടുള്ളത്. ഈ സമ്മേളനം നടത്തിയത് കേരളത്തില്‍ ഇസ്‌ലാമിനെതിരെ അതിശക്തമായ പൊതുബോധം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ്. അതിനെ അരക്കിട്ടുറപ്പിക്കുന്ന വിധത്തില്‍ ഭരണകൂടവും മാധ്യമങ്ങളും ഹിന്ദുത്വ-ലിബറല്‍-ഇടതുപക്ഷ കക്ഷികളും കുറുമുന്നണി രൂപപ്പെടുത്തുകയും ചെയ്തു.
അതിനും മുമ്പേ ‘ലൗ ജിഹാദ്’ പോലുള്ള വംശീയ പ്രചാരണങ്ങള്‍ അരങ്ങേറിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പൊതുബോധം കരുത്താര്‍ജിക്കുന്നതിനെ ഫാഷിസത്തിന്റ പ്രത്യക്ഷതയായിട്ടാണ് കാണേണ്ടത്. അംബേദ്കറിന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷങ്ങളാണ് ജനാധിപത്യത്തിന്റെ ഊടും പാവുമായിരിക്കുന്നത്. അവരെ അന്യവത്കരിക്കുകയും സംഘര്‍ഷങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നിടത്ത് ജനാധിപത്യം ദുര്‍മരണത്തിന് വിധേയമാകും. കേരളത്തില്‍ രൂപപ്പെട്ട ഇസ്‌ലാംവിരുദ്ധ ഐക്യമുന്നണിയെ വിജയകരമായി അണിമുറിക്കാന്‍ കഴിഞ്ഞതാണ് സാഹോദര്യ സമ്മേളനത്തിന്റെ ചരിത്ര പ്രാധാന്യം. മാത്രമല്ല, മതേതരത്വത്തിന് ഒരു കീഴാള പരിപ്രേക്ഷ്യം ആവശ്യമാണെന്ന വസ്തുത ബോധ്യപ്പെടാനും മേല്‍പറഞ്ഞ പോലുള്ള ഇടപാടുകളിലൂടെ സാധ്യമായി.
സാഹോദര്യസമ്മേളനത്തിന് മുമ്പും പിന്നീടും ഉയര്‍ന്ന പ്രധാനപ്പെട്ട എതിര്‍വാദം ഇതാണ്. മുസ്‌ലിംസമുദായത്തോട് പൊതുബോധവും, സംഘ്പരിവാര്‍ ശക്തികളും കാണിക്കുന്ന ശത്രുതയെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള വേദികള്‍ മാത്രമേ പാടുള്ളൂ. കെ. അജിതയെ പോലുള്ളവര്‍ വെച്ച മുന്‍ഉപാധി ഇതാണ്. ശബ്ദവും ചലനവും കര്‍തൃത്വവുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും പ്രതിനിധാനങ്ങളെയും അരിച്ചുമാറ്റിയിട്ടു മുസ്‌ലിംസമുദായത്തെ അമൂര്‍ത്തമായി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നു പറയുന്നത് കൊളോണിയല്‍ പിന്തുടര്‍ച്ചയുള്ള സവര്‍ണ വാദമാണ്. ദേശീയ പ്രസ്ഥാന കാലത്ത്, അംബേദ്കറിന്റെ ആശയങ്ങളെ വിദൂരമാക്കി തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവരെ വാഴിക്കാന്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും പയറ്റിയത് ഇപ്പോള്‍ ഇസ്‌ലാമിന്റെ കാര്യത്തിലും ആവര്‍ത്തിക്കുന്നു എന്നു മാത്രമേ ഇതിനര്‍ഥമുള്ളൂ.
ബാബരി മസ്ജിദിന്റെ തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം മുസ്‌ലിംസമുദായത്തിലുണ്ടായ സംഘര്‍ഷങ്ങളെ ഏറ്റവുമധികം ഉള്‍ക്കൊണ്ടത് ഇസ്‌ലാമിക സംഘടനകളാണെന്നത് വ്യക്തമാണ്. മാത്രമല്ല, ‘രാഷ്ട്രീയ ഇസ്‌ലാം’ എന്ന ലോക ചരിത്രപരമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതും സര്‍വോപരി ‘പോപ്പുലര്‍ ഇസ്‌ലാമിസം’ എന്ന പുതുഭാവനയെ ഉപാധിയാക്കി ബഹുജനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും ഇവയാണ്.
മുസ്‌ലിംസമുദായത്തിലെ പുരുഷാധിപത്യ മനോഭാവക്കാരും വരേണ്യരും മാത്രമാണ് ഈ സംഘടനകളെന്ന മുഖ്യധാര വിമര്‍ശനം ഇകഴ്ത്താന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതായിട്ടാണ് മനസ്സിലാവുന്നത്. ഇന്ന് സംഘടനകള്‍ക്ക് ഉപരിയായി മുസ്‌ലിംസമുദായത്തില്‍ നിരവധി കര്‍തൃത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരെ വെറുതെ കുറ്റപ്പെടുത്താതെ; പുതിയൊരു സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായി മാറാന്‍ ഈ പുതുധാരകള്‍ക്ക് കഴിയുമോ, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവുമോ, സവര്‍ണ ഉദാരതയിലുള്ള പരാശ്രിതത്വം ഒഴിവാക്കാന്‍ അവര്‍ക്കാവുമോ എന്നിങ്ങനെയുള്ള ആത്മവിമര്‍ശനങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ഈ അര്‍ഥത്തില്‍, മുസ്‌ലിംസമുദായത്തിന്റെ വര്‍ത്തമാനാവസ്ഥയെ തിരിച്ചറിയുകയെന്നതും അവരുടെ അപരത്വത്തോട് പാരസ്പര്യം പുലര്‍ത്തുകയെന്നതും ദലിത് ജനതയുടെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.
ജമാഅത്തെ ഇസ്‌ലാമി/എസ്.ഡി.പി.ഐ മുതലായ സംഘടനകളുമായും അവയുടെ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളുമായും നവജനാധിപത്യ പ്രസ്ഥാനമോ ദലിത് ബുദ്ധിജീവികളോ യാതൊരു വിധത്തിലുമുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. വളരെ നിര്‍ണായകമായ ജനാധിപത്യ-മനുഷ്യാവകാശ വിഷയങ്ങളിലും, അതിജീവനസമരങ്ങളിലും പൊതുവായ ചില വേദികള്‍ പങ്കിടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതുപോലും ഇസ്‌ലാമിന്റെ ജൈത്രയാത്രയില്‍ കേരളത്തിലെ ‘പുരോഗമന’ സമൂഹം തകര്‍ന്നടിയുന്നതിനു കാരണമാകുമെന്ന് പറഞ്ഞു വിലപിക്കുകയാണ് ചിലര്‍.”
3. കൈവെട്ട്
മുസ്‌ലിംഹിംസകള്‍ മാത്രമല്ല കമ്യൂണിസ്റ്റ്/ക്രൈസ്തവ/ ബുദ്ധിസ്റ്റ്/ ഹിന്ദു/ മതേതര ഹിംസകളും ഇന്നത്തെ ലോകാക്രമത്തിന്റെ ഭാഗമാണ്. മതവും മതേതരത്വവും ലോകത്ത് നിരവധി ഹിംസകളുടെ പ്രത്യയശാസ്ത്ര ന്യായങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോവിയറ്റ് ഗുലാഗുകളും ഹോളോകാസ്റ്റും രണ്ടു ലോകയുദ്ധങ്ങളും എണ്ണമറ്റ മതേതര ദേശീയയുദ്ധങ്ങളും മുസ്‌ലിംകളുടെ കുത്തകയല്ലല്ലോ. പക്ഷേ മുസ്‌ലിംഹിംസയുടെ രൂപകങ്ങള്‍ മറ്റുള്ള സാഹചര്യത്തിലെ ഭാഷാപ്രയോഗങ്ങളേക്കാള്‍ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രശ്നം.
എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട മറ്റൊരു പ്രയോഗമാണ് കൈവെട്ട്. നിയമപ്രശ്‌നമോ ക്രമസമാധാന പ്രശ്‌നമോ ആയ ഒരു കുറ്റകൃത്യം എന്നതിനേക്കാള്‍ ഇന്നതൊരു രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വാക്കാണ്. ചോദ്യപേപ്പറില്‍ പ്രവാചകനിന്ദയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടുന്നത് 2010 ജൂലൈ 4ന് മുവാറ്റുപുഴയില്‍വച്ചാണ്. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്നു അദ്ദേഹം.
താലിബാന്‍ കോടതി, താലിബാന്‍ മോഡല്‍, ഇസ് ലാമിക കോടതി, കേരളത്തില്‍ താലിബാന്‍, മതകോടതി തുടങ്ങി നിരവധി തരത്തില്‍ ഈ കുറ്റകൃത്യം വ്യാഖ്യാനിക്കപ്പെട്ടു. (ടൈംസ് ഓഫ് ഇന്ത്യ, 2010 ജൂലൈ 18, 2014 മാര്‍ച്ച് 12). പ്രചാരണം ശക്തമായപ്പോള്‍ ഇത്തരമൊരു കോടതിയെക്കുറിച്ച് സര്‍ക്കാരിന് അറിവില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു തന്നെ പറയേണ്ടിവന്നു (ദി ഹിന്ദു, 2010 ജൂലൈ 28). 2010നുശേഷം എസ്ഡിപിഐക്കാരും പോപുലര്‍ ഫ്രണ്ടുകാരും പങ്കെടുക്കുന്ന ചാനല്‍ചര്‍ച്ചകളിലും പൊതുഇടപെടലുകളിലും കൈവെട്ട് സംഭവം പരാമര്‍ശിക്കപ്പെടാതെ പോകാറില്ല. ഇക്കാര്യത്തില്‍ മീഡിയാവണ്‍ പോലുള്ള മുസ്‌ലിംപക്ഷത്തുനില്‍ക്കുന്ന ചാനലുകള്‍പോലുമുണ്ട്.
കേരളത്തിലെ ആദ്യത്തെ കൈവെട്ടുകേസല്ല പ്രഫ. ജോസഫിന്റേത്. നക്സലൈറ്റുകള്‍തന്നെ രണ്ട് തവണ രണ്ട് പേരുടെ കൈകള്‍ വെട്ടിയിട്ടുണ്ട്. ഒന്ന് ഒരു ലൈംഗികാരോപണക്കേസിലാണ്, എറണാകുളത്ത്. മറ്റൊന്ന് കോഴിക്കോട് താഴ്വാരത്താണ്. വക്കുപൊട്ടിയ വമ്പന്‍ എന്ന പേരില്‍ ഇതേ കുറിച്ച് ജോയ് മാത്യു എഴുതിയിട്ടുണ്ട്, 2022 നവംബര്‍ 5ലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍.
1980കള്‍ ആദ്യമാണ് സംഭവം നടക്കുന്നത്. കോഴിക്കോട് അടിവാരത്തെ ഒരു ഗുണ്ടയായിരുന്നു ജോസ് എന്നയാള്‍. നാട്ടുകാരും രാഷ്ട്രീയക്കാരും ജോസിനെതിരേ രംഗത്തുവന്നെങ്കിലും ആര്‍ക്കും അയാളെ തളയ്ക്കാനായില്ല. ഒടുവില്‍ നക്സലൈറ്റുകളുടെ നേതൃത്വത്തില്‍ ഇയാളുടെ രണ്ട് കയ്യും മുട്ടിനു താഴെവച്ച് വെട്ടിമാറ്റി. കൈകള്‍ കൂട്ടിയോജിപ്പിക്കാനുള്ള സാധ്യതയില്ലാതാക്കാന്‍ വയനാടന്‍ ചുരത്തിലേക്ക് ആ കൈകള്‍ വലിച്ചെറിഞ്ഞെന്നും ജോയ് മാത്യു എഴുതുന്നു.
4. ലൗജിഹാദ്
ലൗജിഹാദ് എന്ന ആരോപണം ആദ്യം ഉന്നയിക്കുന്നതും പ്രചാരം നേടുന്നതും കേരളത്തില്‍നിന്നാണെന്ന് കരുതപ്പെടുന്നു. വിവിധ സോഴ്സുകളില്‍നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 2009ല്‍ പത്തനംതിട്ടയിലെ ഒരു സ്വാശ്രയ കോളജില്‍നിന്ന് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന് കേസരിയെ ഉപജീവിച്ച് കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഈ വാക്ക് പ്രചാരത്തിലാവുന്നത്. പിന്നീട് ഈ പദം മാതൃഭൂമി, മനോരമ, രാഷ്ട്രദീപിക, മംഗളം, കലാകൗമുദി തുടങ്ങിയവര്‍ പ്രയോഗിച്ചു. (പ്രബോധനം, വി എം റമീസുദ്ദീന്‍, 2021 ജനുവരി 15). അമുസ്‌ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ചും വിലകൂടിയ സുഖസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തും വശീകരിച്ച് അന്താരാഷ്ട്ര തീവ്രവാദസംഘടനകള്‍ക്ക് വില്‍ക്കുന്നതിനെയാണത്രെ ലൗജിഹാദ് എന്ന് പറയുന്നത്. 2009 ഡിസംബര്‍ 9ന് കേരള ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന്‍ ലൗജിഹാദിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ഡിജിപി ജേക്കബ് പുന്നൂസിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഡിജിപി നടത്തിയ അന്വേഷണത്തില്‍ ലൗജിഹാദ് എന്നത് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയെങ്കിലും ആരോപണം ഇന്നും തുടരുന്നു.
2017ല്‍ ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തോടെ ലൗജിഹാദ് വിഷയം പൊതുജനശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ ദലിത്, മതേതര ബുദ്ധിജീവികളില്‍ ഒരു വിഭാഗം ഹാദിയയ്ക്കെതിരേ രംഗത്തുവന്നു. ഹാദിയയുടെ പിതാവ് അശോകന്റെ ദുഃഖവും പരിഗണിക്കണമെന്ന് വാദിച്ചവരുമുണ്ട്. എഴുത്തുകാരിയായ കമലാ സുരയ്യയുടെ മതപരിവര്‍ത്തനമാണ് ലൗജിഹാദ് ആരോപണത്തിന്റെ മറ്റൊരു പുഷ്‌കലകാലം. ലൗജിഹാദ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ കേരളത്തില്‍ 89 ദമ്പതികളെ ചോദ്യം ചെയ്തിരുന്നുവെന്ന് പ്രബോധനം ലേഖനം പറയുന്നു. സീറോ മലബാര്‍ സഭയാണ് ലൗജിഹാദ് ആരോപണം കത്തിച്ചുനിര്‍ത്തിയ മറ്റൊരു സംഘം. ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ പകുതിയും ക്രൈസ്തവരാണെന്നായിരുന്നു അവരുടെ പരാതി. ഈ വിഷയത്തില്‍ ബെന്നി ബഹനാന്‍ എംപി ലോക്സഭയില്‍ കേരളത്തില്‍ ലൗജിഹാദ് ഉണ്ടോയെന്ന് ചോദ്യം ഉന്നയിച്ചു. 2020 ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ലൗജിഹാദ് ഇല്ലെന്ന് സഭയെ അറിയിച്ചെങ്കിലും ആരോപണങ്ങള്‍ തുടരുകയാണ്. ഒരു ഭാഗത്ത് ലൗജിഹാദ് ഇല്ലെന്നു പറയുമ്പോഴും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ലൗജിഹാദ് ഉണ്ടെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. ഉദാഹരണം ദേശീയ ന്യൂനപക്ഷകമ്മീഷന്‍തന്നെ. സംഘടനയുടെ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനാണ് ഈ അവകാശവാദം ഉന്നയിച്ചത്(സമകാലിക മലയാളം, 2019, സപ്തംബര്‍ 23).
ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടു. സീറോമലബാര്‍ സഭയുടെ ചിലര്‍ ഉന്നയിച്ച നര്‍കോട്ടിക്സ് ജിഹാദ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്വന്തം രൂപകല്‍പനയില്‍ പിറന്ന ഇന്റലക്ച്വല്‍ ജിഹാദ്, മാര്‍ക്ക് ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവ ഉദാഹരണം.
4.1. ഷിജിന്‍, ജോയ്സ്ന വിവാഹം
മുസ്‌ലിംകളുടെ ഇതരമതസ്ഥരുമായുള്ള വിവാഹം പലപ്പോഴും അന്താരാഷ്ട്രതാല്‍പ്പര്യങ്ങളുടെ ഭാഗമായാണ് വിശദീകരിക്കപ്പെടുന്നത്. മുസ്‌ലിംകള്‍ ഇതരമതസ്ഥരെ വിവാഹം കഴിച്ച് സിറിയപോലുള്ള രാജ്യങ്ങളിലേക്ക് ജിഹാദിനു കൊണ്ടുപോകുന്നുവെന്ന ആശയം നിരവധി ആവര്‍ത്തിക്കപ്പെട്ടു. വിവാഹത്തെ മതംമാറ്റം, ജിഹാദ്, തീവ്രവാദപ്രവര്‍ത്തനം, മയക്കുമരുന്ന് കടത്ത്, അന്താരാഷ്ട്രസായുധ സംഘങ്ങള്‍ തുടങ്ങിയവയുമായി കൂട്ടിക്കെട്ടുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇരയാകുന്നയാള്‍ വിശ്വാസിയാകണമെന്നുപോലുമില്ല.
2022 ഏപ്രിലിലാണ് കോടഞ്ചേരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുസ്‌ലിമുമായ ഷിജിനും ക്രിസ്ത്യന്‍ യുവതിയായ ജോയ്സ്നയുമായുള്ള വിവാഹം നടക്കുന്നത്. ഈ വിവാഹത്തിനെതിരേ രംഗത്തുവന്നവരില്‍ പ്രമുഖരിലൊരാള്‍ സിപിഎം നേതാവും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസാണ്. സംഭവം ലൗജിഹാദാണെന്നായിരുന്നു ആരോപണം. തന്റെ ആരോപണം പാര്‍ട്ടി രേഖപ്രകാരമാണെന്നുപോലും ജോര്‍ജ് എം തോമസ് പറഞ്ഞുവച്ചു. ഉന്നത വിദ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ പ്രേരിപ്പിച്ച് വിവാഹം കഴിക്കുന്ന പ്രവണതയെക്കുറിച്ച് പാര്‍ട്ടി രേഖയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷിജിന്റെ പ്രണയം സമുദായങ്ങള്‍ തമ്മില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
‘ലൗ ജിഹാദ് എന്ന ഒരു സംഗതിയുണ്ടെന്ന് ഞങ്ങളുടെ പാര്‍ട്ടി രേഖകളില്‍ വ്യക്തമാക്കിയ കാര്യമാണ്. ഞങ്ങളുടെ ഡോക്യുമെന്റ്സില്‍ പറഞ്ഞത് ‘പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ ആക്രമിക്കപ്പെടുന്നു … അങ്ങിനെയൊന്ന് കേരളത്തിലുണ്ടെന്ന് പാര്‍ട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂര്‍വമായിട്ട്. വലിയ ഡിസ്പ്രൊപോര്‍ഷനായിട്ട് വിശദീകരിക്കേണ്ട കാര്യമില്ല. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മിശ്രവിവാഹങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്.’… ലൗ ജിഹാദ് എന്ന പേര് ആര്‍എസ്എസ് ഉണ്ടാക്കിയതാണെന്നതില്‍ തര്‍ക്കമില്ല. അങ്ങിനെയൊരു പേരിന്റെ ലക്ഷ്യം സാമുദായിക മൈത്രി തകര്‍ക്കുക എന്നു തന്നെയാണ്. എന്നാല്‍ അതിനെ കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളില്‍ പറയുന്നത് പ്രൊഫഷണല്‍ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസ് പോലുള്ളവക്കെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തില്‍ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്നങ്ങളില്‍ ആളുകള്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം, ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.എം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്… സി.പി.എം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐ പോലുള്ള സംഘടനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘടനകളുമെല്ലാം ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.’ – ജോര്‍ജ് എം. തോമസ് പറഞ്ഞു(മാധ്യമം ഏപ്രില്‍12, 2022, ഇതേ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ്). പിന്നീട് കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാസ്റ്ററാണ് ഈ ആരോപണം പിന്‍വലിച്ചത്.
ഇതേ കുറിച്ച് ദീപിക എഴുതിയ എഡിറ്റോറിയലില്‍(2022, ഏപ്രില്‍ 19) അഫ്ഗാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നരകിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇവരുടെ വിവാഹത്തെ എഡിറ്റോറിയലില്‍ അവതരിപ്പിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഷെഫിന്‍ ജഹാന്‍-ഹാദിയ വിവാഹസമയത്ത് ഏറെ ആവര്‍ത്തിക്കപ്പെട്ട കഥയാണ് ഇത്. പോലിസും കോടതിയും പത്രങ്ങളും നേതാക്കളും ഇതൊക്കെ ആവശ്യാനുസരണം ആവര്‍ത്തിക്കാറുണ്ട്.
5. മൗദൂദികള്‍
കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. മുസ് ലിംകള്‍ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. മതപ്രചാരണം മുതല്‍ ബുദ്ധിജീവികളെ വിലക്കെടുക്കല്‍വരെ അതിവിചിത്രമായ കാരണങ്ങള്‍ ഉന്നയിക്കപ്പെട്ടു. ജമാഅത്തെ ഇസ് ലാമിയുമായി ബന്ധപ്പെട്ടവരെന്ന അര്‍ത്ഥത്തിലാണ് മൗദൂദികള്‍ എന്ന പ്രയോഗം രൂപപ്പെട്ടത്.
മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ എന്ന സിനിമ 2015-ല്‍ പുറത്തുവന്നതോടെ മൗദൂദികള്‍ സിനിമാമേഖലയിലേക്ക് കടന്നുകയറുന്നുവെന്ന ‘ആരോപണം’ തുടങ്ങി. എന്നാല്‍ ലിബറല്‍ ഇസ്‌ലാമിസത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ് ലാമിക്കാരുടെ സിനിമയാണെന്നു വ്യാഖ്യാനിക്കുന്ന ലേഖനങ്ങള്‍ ഈ സിനിമയെക്കുറിച്ച് പുറത്തു വന്നിരുന്നു ( ജുനൈദ്, കെ എല്‍ പത്തും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍, 18 ആഗസ്റ്റ് 2015, ഡൂള്‍ ന്യൂസ് ഡോട്ട് കോം ) . സകരിയ്യ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ (2018) ഒരു മാനവിക സിനിമയായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
എന്നാല്‍ മുഹ്‌സിന്‍ പരാരിയും സകരിയ്യയും ഒരുമിച്ച്, ജമാഅത്തെ ഇസ്‌ലാമിയെ നേരിട്ടു ചിത്രീകരിക്കുന്ന, ഹലാല്‍ ലൗ സ്റ്റോറി (2020) യാണ് മൗദൂദിസത്തിന്റെ ഒളിച്ചു കടത്തലായി വ്യാഖ്യാനിക്കപ്പെട്ടത്. മുസിരിസ് പോസ്റ്റ് 2020-ല്‍ ഹലാല്‍ ലൗ സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പ്രസിദ്ധീകരിച്ച ഇടതുപക്ഷ പ്രവര്‍ത്തകനായ അനീഷ് ഷംസുദ്ദീന്റെ ലേഖനത്തിന്റെ തലക്കെട്ടു തന്നെ ‘ ഹലാല്‍ സിനിമയും ജമാഅത്തുകാരുടെ ഒളിച്ചുകടത്തലും ‘ എന്നായിരുന്നു. സിനിമ പ്രവര്‍ത്തനം മാത്രമല്ല ‘ പരിസ്ഥിതി , ദലിത് രാഷ്ട്രീയ മേക്കപ്പ് ‘ ഇട്ടു പ്രവര്‍ത്തിക്കുന്നവരായി ജമാഅത്തെ ഇസ്‌ലാമിയെ ചിത്രീകരിക്കുകയും ചെയ്യുന്നു. 2021-ല്‍ ഹര്‍ഷദ്, സുഹാസ് – ഷറഫു തിരക്കഥ എഴുതിയതു കാരണം രത്തീനയുടെ സംവിധാനത്തിലിറങ്ങിയ ‘പുഴു’ തുടങ്ങിയ സിനിമകള്‍ വന്നതോടെ ഈ ആരോപണം വ്യാപകമായി. 2022-ല്‍ പുറത്തിറങ്ങിയ തല്ലുമാല സിനിമയുടെ തിരക്കഥ എഴുതിയതു മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ആയിരുന്നെങ്കിലും വിമര്‍ശനം ജമാഅത്തെ ഇസ് ലാമിക്കു നേരെയായിരുന്നു. ‘തല്ലുമാല എഴുതിയത് ജമാഅത്തെ ഇസ് ലാമി ബുദ്ധിജീവി അല്ലായിരുന്നെങ്കില്‍ ‘ ( ഡൂള്‍ ന്യൂസ് ഡോട്ട് കോം, 2022 , ഹരിനാരായണന്‍) എന്ന ലേഖനം ‘ ചിന്തയുടെ ഗര്‍ഭപാത്രത്തില്‍ ആവിയായ മൗദൂദിയന്‍ പൊളിറ്റിക്കല്‍ കറക്റ്റ് നെസ്സ് ലേഖനങ്ങള്‍ ആദരാഞ്ജലി’ അര്‍പ്പിക്കാനാണ് ശ്രമിച്ചത്.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുസ് ലിം സാന്നിധ്യം ആദ്യമായിരുന്നില്ല. നാല് രാഷ്ട്രപതിമാരില്‍നിന്ന് ദേശീയ പുരസ്‌കാരം ലഭിച്ച മലയാള സിനിമകള്‍ നിര്‍മിച്ചത് മുസ്‌ലിമായ പരീക്കുട്ടിയായിരുന്നു, നീലക്കുയില്‍, മുടിയനായ പുത്രന്‍, തച്ചോളി ഒതേനന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ സിനിമകള്‍ക്ക്. പിന്നെയുമുണ്ട് നിരവധി ഉദാഹരണങ്ങള്‍. പ്രേംനസീറിനെപ്പോലെ മികച്ചൊരു നായകനടനും മുസ് ലിംകളില്‍നിന്നുണ്ടായി. പക്ഷേ, മുസ്‌ലിംകള്‍ സിനിമയിലൂടെ അവരുടെ സ്വത്വത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ചലച്ചിത്രങ്ങളിലെ മുസ്‌ലിംസാന്നിധ്യം പ്രശ്നമാവാന്‍ തുടങ്ങിയത്. പില്‍ക്കാലത്ത് കൊച്ചി കേന്ദ്രീകരിച്ച് ജനിച്ചുവളര്‍ന്ന മുസ്‌ലിംകളായ മലയാള സിനിമാപ്രവര്‍ത്തകരും വിശ്വാസികളല്ലാതിരുന്നിട്ടും മുസ്‌ലിംകളായതുകൊണ്ടുമാത്രം ആക്ഷേപിക്കപ്പെട്ടു. ‘സൈബര്‍ വിങ്ങില്‍ സുഡൂസ് സ്ട്രോങ് ആണ് അതുകൊണ്ട് മലയാള സിനിമ സുഡാപ്പികളുടെ കയ്യടിക്കുവേണ്ടിയുള്ളതായി മാറിക്കഴിഞ്ഞു’വെന്നാണ് ഒമര്‍ ലുലു എന്ന സംവിധായകന്‍ ഫേസ്ബുക്കില്‍ (2022 ജൂണ്‍ 5)പറയുന്നത്. പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.
ഇതും ഒരു പുതിയ കാര്യമല്ല. ഈ ആരോപണത്തിന് മറ്റ് മതവിഭാഗങ്ങളില്‍നിന്നുള്ളവരും വിധേയരായിട്ടുണ്ട്. ആദ്യ കാലത്ത് ഈ കാഴ്ചപ്പാട് മുസ്‌ലിംകളോടുമാത്രമല്ല, ക്രിസ്ത്യാനികളോടുമുണ്ടായിരുന്നു. മുണ്ടശ്ശേരി തന്റെ ആത്മകഥയില്‍ പറയുന്നു: ”കോണ്‍ഗ്രസ്സും പ്രജാമണ്ഡലവുമൊക്കെ ഹിന്ദുക്കളുടെ ഏര്‍പ്പാടാണെന്നും ധരിച്ചുവശായിരുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ മറിച്ചൊരു ധാരണയുണ്ടാക്കാന്‍ എന്റെ അരങ്ങേറ്റം ഉതകുമോ എന്നതായിരുന്നു അത്. മാത്രമല്ല, അന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യാതൊരു കക്ഷിയിലും അംഗമാകാത്ത എന്റെ രാഷ്ട്രീയത്തെ വത്തിക്കാന്‍ രാഷ്ട്രീയമാണോ എന്നും സംശയിക്കുകയും അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ട് എനിക്ക് പ്രജാമണ്ഡലത്തിലെങ്കിലും ചേര്‍ന്നുപ്രവര്‍ത്തിച്ചുകൂടാ എന്നു ചോദിക്കുകയും ചെയ്തിരുന്നു”(കൊഴിഞ്ഞ ഇലകള്‍, 1978).
6. മാപ്പിളസ്ഥാന്‍
1969 ജൂണ്‍ 16നാണ് മലപ്പുറം ജില്ലാ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്. ഇടതുപക്ഷവും മുസ് ലിംലീഗും ഒരുമിച്ച് അധികാരത്തിലിരുന്ന സമയമായിരുന്നു അത്. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കിലെ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് ജില്ല രൂപീകരിക്കുകയായിരുന്നു പദ്ധതി. മലപ്പുറം ജില്ല ദ്വിരാഷ്ട്രവാദത്തിന്റെ പുത്തന്‍ പതിപ്പാണെന്നും വിഭജന കാലത്ത് മലബാറിലെ ലീഗ് നേതാക്കള്‍ മുന്നോട്ടുവച്ച മാപ്പിളസ്ഥാന്‍ വാദത്തെ അംഗീകരിക്കലാണെന്നുമാണ് സര്‍വോദയ നേതാവ് കെ കേളപ്പന്‍ ആരോപിച്ചത്. ദേശീയ തലത്തില്‍ ഭാരതീയ ജനസംഘവും ഇതേ വാദമുയര്‍ത്തി. 1967-ലെ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ ഇലക്ഷന്‍ മാനിഫെസ്റ്റോ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ട്.
ജില്ലാ രൂപീകരണത്തെക്കുറിച്ച് കെ കേളപ്പനും കൂട്ടരും പുറത്തിറക്കിയ ലഘുലേഖയുടെ പേര് ‘മാപ്പിളസ്ഥാനോ മലപ്പുറമോ?’ എന്നായിരുന്നു. മുസ് ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്തുവച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് വര്‍ഗീയമാണെന്നായിരുന്നു പ്രചാരണം. ‘കൊച്ചുപാകിസ്താന്‍’, ‘മതംമാറ്റാനുള്ള നീക്കം’ ഇതൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദേശവിരുദ്ധമെന്നായിരുന്നു മറ്റൊരു വ്യാഖ്യാനം. ഇതേ സമയത്ത് മലനാട് എന്ന പേരില്‍ ഒരു ജില്ലയെക്കുറിച്ചുള്ള ആലോചനയും നടന്നു. ഏകദേശം പകുതിയോളം ജനങ്ങള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ഈ ജില്ലയെക്കുറിച്ച് ആരോപണമൊന്നും ഉയര്‍ന്നില്ലെന്നതാണ് ശ്രദ്ധേയം. അന്നത് നടന്നില്ലെങ്കിലും 1972ല്‍ ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടു. മലനാടും ഇടുക്കിയും ഏകദേശം ഒരേ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. (മുസ് ലിംലീഗ് കേരള ചരിത്രത്തില്‍, 2021, എന്‍ പി ചെക്കുട്ടി, ഐഒഎസ്, ന്യൂഡല്‍ഹി).
‘ നിര്‍ദ്ദിഷ്ടമായ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടാല്‍ അതൊരു കൊച്ചു പാകിസ്ഥാനായിരിക്കും ‘ എന്നാണ് മാതൃഭൂമി ദിനപത്രം ( 6 ജൂണ്‍ 1969) എഴുതിയത്. മാതൃഭൂമി തുടര്‍ന്ന് എഴുതുന്നു: ‘ ആയിരക്കണക്കിനു അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്തു മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയിലുണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശ ബന്ധം സ്ഥാപിക്കുന്നതിനു സാധ്യതയില്ലെന്നു പറഞ്ഞുകൂടാ … ‘ മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്ന രീതിയും പില്‍ക്കാലത്ത് രൂപപ്പെട്ടു. നെഗറ്റീവ് വാര്‍ത്തകളില്‍ മലപ്പുറമെന്ന സ്ഥലപ്പേര് മുഴച്ചുനില്‍ക്കുന്ന രീതിയില്‍ വാര്‍ത്ത എഴുതുകയാണ് ചെയ്യുന്നത്. ( വിശദ വായനക്ക് : ടി പി എം ബഷീര്‍, മലപ്പുറം ജില്ല: പിറവിയും പ്രയാണവും, 2017, ഗ്രേസ് ബുക്‌സ് ).
ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാര്‍ എന്ന സി പി എം നേതാവും മന്ത്രിയുമായ ഇ പി ജയരാജന്റെ പ്രസ്താവന ( 14 ജനുവരി 2019, സുപ്രഭാതം ദിനപത്രം) ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മലപ്പുറം വിദ്വേഷം പിന്നീടു ദേശീയ പ്രശ്‌നമായി മാറി. 2020 ജൂണ്‍ മാസം പാലക്കാട് തിരുവിഴാംകുന്ന് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് ഗര്‍ഭിണിയായ പിടിയാന ചെരിഞ്ഞ കേസില്‍ മലപ്പുറത്തെ മൃഗ പീഡനമായി ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. ‘ മലപ്പുറം അക്രമികളുടെ ജില്ല’ എന്നാണ് മേനകാ ഗാന്ധി ( 4 ജൂണ്‍ 2020 , സമകാലിക മലയാളം ഡോട്ട് കോം ) പ്രതികരിച്ചത്. രാജ്യത്തെ ഏറ്റവും അക്രമ സ്വഭാവമുള്ള ജില്ലയാണ് മലപ്പുറമെന്നാണ് മേനകാ ഗാന്ധിയുടെ വിലയിരുത്തല്‍. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തന്നെ ഇതു ജില്ലയിലല്ലെന്നു പ്രസ്താവന ഇറക്കേണ്ടി വന്നു. മലപ്പുറത്തിന്റെ മുസ്‌ലിംന്യൂനപക്ഷ സ്വഭാവം ഇതിനൊരു കാരണമാണ്.
7. സമാധാനമതം
ഇസ്‌ലാം എന്നാല്‍ അറബി ഭാഷയില്‍ സമാധാനം, സമര്‍പ്പണം എന്നൊക്കെയാണ് അര്‍ത്ഥം. ഈ പ്രയോഗത്തെ വക്രീകരിച്ചാണ് സമാധാനമതം എന്ന പ്രയോഗമുണ്ടാക്കിയത്. കേസരി വീക്കിലി ഡോട്ട് കോമില്‍ പ്രഫസര്‍ എന്‍ എ ഹമീദ് എഴുതിയ ‘ ഇസ്‌ലാം സമാധാനത്തിന്റെ മതമോ ? ‘ എന്ന ലേഖനം ( 19 ഫെബ്രുവരി 2021 ) ഉദാഹരണം. വേദബുക്സ് പ്രസിദ്ധീകരിക്കുന്ന മലബാര്‍ കലാപത്തിന്റെ ബാക്കിപത്രം, എന്ന ഗ്രന്ഥത്തിന്റെ അവതാരികയായാണ് ഈ ലേഖനമുള്ളത്. 2 മെയ് 2022 നു എസ്സന്‍സ് ഗ്ലോബല്‍ ഡോട്ട് കോമില്‍ വന്ന (വ്യാജ) വാര്‍ത്ത ഇങ്ങനെ: ‘എസ്സന്‍സ് ഗ്ലോബല്‍ കൊല്ലം നടത്തിയ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറായ ലിബറോയില്‍ പങ്കെടുക്കാന്‍ എത്തിയ അസ്‌ക്കര്‍ അലി ആയിരുന്നു, സമാധാനമതക്കാരുടെ ഒടുവിലത്തെ ഇര ‘. മുസ്‌ലിംകള്‍ അക്രമികളാണെന്ന പൊതുബോധ്യത്തെ ദ്യോതിപ്പിക്കാനാണ് സമാധാനമതം എന്ന വാക്ക് വിപരീതാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാരവും യുക്തിവാദികളുമാണ് ഈ വാക്ക് വ്യാപകമായി കാണാം.
8. മൂരിലീഗ്
മുസ്‌ലിംന്യൂനപക്ഷ താല്‍പര്യങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ത്തി പിടിക്കുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ വംശീയമായി ആക്ഷേപിക്കുന്ന പ്രയോഗമാണ് മൂരിലീഗ്. ലീഗ് സമ്മേളനം, മൂരികള്‍ എത്തിത്തുടങ്ങി എന്ന വ്യാജ വാര്‍ത്ത ചന്ദ്രിക ദിനപത്രത്തിന്റെ പേരില്‍ അച്ചടിച്ചാണ് ഈ പ്രചാരണം കൊഴുക്കുന്നത് ( 27 ജനുവരി 2020 ബ്രേവ് ഇന്‍ഡ്യ ന്യൂസ് ഡോട്ട് കോം ). വാര്‍ത്ത ഇങ്ങനെ: ‘മൂരികളെത്തി തുടങ്ങി, ലീഗ് സമ്മേളനത്തിന് തുടക്കമായി എന്നായിരുന്നു ചന്ദ്രിക ആദ്യപേജില്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. മൂരികള്‍ എത്തുന്നതിന്റെ ഫോട്ടോ സഹിതമായിരുന്നു വാര്‍ത്ത.’ എന്നാല്‍ വ്യാജ വാര്‍ത്തയില്‍ പോത്തുകളുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഒന്നാം പേജില്‍ ആദ്യ വാര്‍ത്തയായി ചന്ദ്രിക ഇതച്ചടിച്ചുവെന്നാണ് നുണ പ്രചാരണം. ചന്ദ്രിക എഡിറ്റര്‍ നേരിട്ടേല്‍പിച്ച ഒരു അസൈന്‍മെന്റായിരുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത മുന്നോട്ടു പോയി.
സാജു കൊമ്പന്‍ ഒരിക്കല്‍ അഴിമുഖം ഡോട്ട് കോമില്‍ ‘ സോഷ്യല്‍ മീഡിയയാല്‍ ‘മൂരി’കളെന്ന് വിളിക്കപ്പെടുന്ന ലീഗുകാരോട്’ ( 14 ജൂലൈ 2015 ) എന്ന ലേഖനത്തില്‍ ഈ വാക്കിന്റെ പ്രശ്‌നം സൂചിപ്പിക്കുന്നുണ്ട്: ‘സ്‌കൂള്‍ പഠനം കഴിഞ്ഞ ഉടനെ കച്ചവടത്തിനോ ഗല്‍ഫിലേക്കോ കയറിപ്പറ്റുന്നതിന് പകരം ഉയര്‍ന്ന കോഴ്‌സുകള്‍ പഠിക്കുന്നവരാണ് ഭൂരിഭാഗം മുസ്ലീം യുവാക്കളും. അതില്‍ ലീഗുകാരനും പെടും. ഇവരെയൊക്കെ ഉദ്ദേശിച്ച് ‘മൂരി’ എന്ന പ്രയോഗം നിര്‍ബാധം ഉപയോഗിക്കുമ്പോള്‍ അതിലെ ദുസൂചന കാണാതിരിക്കാന്‍ കഴിയുന്നില്ല. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ സംഘങ്ങളെയോ ഈ ഒരു പദത്താല്‍ ഇത്രയധികം ആക്രമണോത്സുകമായി ‘ബഹുമാനിക്കുന്നതും’ ശ്രദ്ധയില്‍ പെട്ടിട്ടില്ല ‘.
എന്നാല്‍ ഈ ജാഗ്രത ഗവേഷണ വിദ്യാര്‍ഥികള്‍ ധാരാളമുള്ള, ഭാഷാ രാഷ്ട്രീയം പഠിക്കുന്ന, ഹൈദരാബാദ് സര്‍വകലാശാലയില്‍ ‘ വെക്കിനെടാ മൂരികളെ, പച്ചക്കൊടി താഴെ ‘ എന്ന മുദ്രാവാക്യം വിളിച്ചിരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ല ( 24 സെപ്തംബര്‍ 2017 ഡൂള്‍ ന്യൂസ് ഡോട്ട് കോം ).
മൂരി ലീഗ് പിന്നീടു സിവില്‍ സമുദായ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുക്കുന്ന കാഴ്ചയാണ്. മുസ്‌ലിംലീഗിന്റെ മിക്ക നേതാക്കളും ‘ മൂരികള്‍ ‘ എന്ന വിളിപ്പേരിനു അര്‍ഹരാണെന്നതു കക്ഷി രാഷ്ട്രീയത്തിലെ വൈകാരിക എതിരാളികള്‍ മാത്രമല്ല ഹരീഷ് വാസുദേവനെ പോലെയുള്ളവരും ( 15 സെപ്തംബര്‍ 2021 , സൗത്ത് ലൈവ് ഡോട്ട് ഇന്‍ ) ആവര്‍ത്തിക്കുന്നു. മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ ഹരിത എന്ന പ്രസ്ഥാനത്തിലെ വനിതാ നേതാക്കള്‍ക്കു പിന്തുണയുമാണ് ഹരീഷിന്റെ വിദ്വേഷ പ്രസ്താവന. സ്ത്രീ അവകാശങ്ങളെ പിന്തുണക്കുന്ന പ്രസ്താവനയാണ് സസ്യേതര ഭക്ഷണത്തിന്റെയും ബീഫിന്റെയും സൂചനയുള്ള വംശീയ പ്രയോഗമായി മാറുന്നത് .
9. താലിബാനിസം
2021 മാര്‍ച്ചില്‍ യുപിയിലൂടെ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കന്യാസ്ത്രീകള്‍ക്കു നേരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടു. ഇതിനെ അപലപിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ (റിപോര്‍ട്ടര്‍ ലൈവ്2021, മാര്‍ച്ച് 22) ആക്രമണത്തെ വിശേഷിപ്പിച്ചതിങ്ങനെ: ‘ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്ദള്‍ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്’. സംഘപരിവാറിന്റെ ഹിംസയെ വിശേഷിപ്പിക്കാന്‍ താലിബാന്‍ എന്ന രൂപകം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുന്ന രാഷ്ട്രീയസാഹചര്യം പരിശോധിക്കേണ്ടതുണ്ട്.
സംഘപരിവാരം ആഗോളരാഷ്ട്രീയത്തിലെ മുസ്‌ലിംകളുടെ മോശംസ്വഭാവം ആര്‍ജിക്കുന്നുവെന്ന നിരപേക്ഷയുക്തി അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു മോശം രൂപകം ആഗോളതലത്തിലെ തിന്മകളുടെ പ്രതീകമായി മാറുന്നതിന്റെ ഭാഷാരാഷ്ട്രീയം ഈ അര്‍ഥത്തില്‍ അദൃശ്യമാക്കപ്പെടുന്നു. ഭാഷയുടെ ധര്‍മം കേവലം ആശയവിനിമയം മാത്രമല്ല; മറിച്ച് അധികാരത്തിന്റെയും ഹിംസയുടെയും നിര്‍മാണമാണെന്നത് അവഗണിക്കപ്പെടുന്നു. സംജ്ഞ (ടെര്‍മിനോളജി) സാങ്കേതിക വിദ്യ (ടെക്നോളജി)യേക്കാള്‍ അപകടകരമാണെന്നു പറയുന്നതിന്റെ കാരണമിതാണ്.
ഇത് സിപിഎമ്മിനു സംഭവിച്ച ഒരു നാക്ക്പിഴ മാത്രമല്ല. പൊതുബോധത്തെ നിയന്ത്രിക്കുന്ന ഉറച്ച ഭാഷാമാതൃകയായി ഇത് മാറിയിരിക്കുന്നു. ഉദാഹരണത്തിന്, 2014ല്‍ ഒരു ഫേസ്ബുക് കുറിപ്പില്‍ എം.ബി രാജേഷ് കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ കഫേക്കെതിരെയുണ്ടായ സംഘപരിവാര്‍ അതിക്രമത്തെ താലിബാനിസം എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത് (ഇവാര്‍ത്ത, 30 ഒക്ടോബര് 2014). അതിനാല്‍ത്തന്നെ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഭാഷാപ്രയോഗം അധീശരാഷ്ട്രീയഭാഷയുടെ ഭാഗമാണ്. സാമാന്യബോധത്തിന്റെയും ഭാഗമാണത്.
സിപിഎം മാത്രമല്ല ഈ പ്രശ്നം അനുഭവിക്കുന്നത്. വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായ പലരും ഈ അലസഭാഷാബോധ്യത്തിന്റെ ഭാഗമാണ്. എസ് ഹരീഷിനെതിരെ സംഘപരിവാരം ആക്രമണം നടത്തിയപ്പോള്‍ കഥാകൃത്തിനോട് ഐക്യപ്പെട്ടുകൊണ്ടു നടത്തിയ പരിപാടിയില്‍ ചലച്ചിത്രപ്രവര്‍ത്തകനായ ആനന്ദ് പടവര്‍ദ്ധന്‍ പറഞ്ഞത് രാജ്യത്ത് ‘ഹിന്ദു താലിബാനിസം’ വളരുന്നുവെന്നാണ് (മാധ്യമം, 22 ജൂലൈ 2018). വിയോജിപ്പുകള്‍ക്കും എതിരഭിപ്രായങ്ങള്‍ക്കും ഇടം നല്‍കുന്ന നൂറു കണക്കിന് മുസ്‌ലിംന്യൂനപക്ഷ സംരംഭങ്ങളുടെ ഭാഗമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. പക്ഷേ, തങ്ങളുടെ മുറ്റത്തെ ആ നല്ല മാതൃകകള്‍ കയ്യൊഴിഞ്ഞ് അവര്‍ അങ്ങകലെ അഫ്ഗാനിസ്താനിലേക്ക് വാക്കുകള്‍ കടമെടുക്കാന്‍ പോവുന്നതിന്റെ കാരണം പരിശോധിക്കപ്പെടണം.
ഇടതുപക്ഷം മാത്രമല്ല, ശശി തരൂര്‍ അടക്കമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ മതേതര ദേശീയ വാദികളും ഈ പുതിയ അധീശ ഭാഷാരാഷ്ട്രീയത്തിന്റെ ഭാഗമാണ്. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ഭാഷാശേഷി കൊണ്ടു ഏറെ ജനപ്രീതി നേടിയ ശശി തരൂരും താലിബാനിസം എന്ന രൂപകത്തെ അലസമായി എടുത്തുപയോഗിക്കാറുണ്ട്. ബിജെപിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഹിന്ദു താലിബാന്‍ എന്നാണ് (മലയാള മനോരമ, 18 ജൂലൈ 2018). ഭാഷയിലെ മികവു കൊണ്ട് വിസ്മയിപ്പിക്കുന്ന തരൂര്‍ ഭാഷാരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ പരാജയപ്പെടുന്നു.
താലിബാന്‍ എന്ന രൂപകം സംഘപരിവാരവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ എടുത്തുപയോഗിക്കുന്നുണ്ട്. രണ്ട് ഉദാഹരണങ്ങള്‍ മാത്രം നല്‍കാം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ച് ജന്മഭൂമി നല്കിയ വാര്‍ത്ത (ജന്മഭൂമി, 13 ജൂലൈ 2019) ഇങ്ങനെ: ‘യൂണിവേഴ്സിറ്റി കോളേജില്‍, എസ്എഫ്ഐയുടെ താലിബാനിസത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ 187 പ്രതിഭകള്‍’. താലിബാന്‍ എന്നാല്‍ വിദ്യാര്‍ഥികള്‍ എന്നാണ് ഭാഷാര്‍ഥം. ജന്മഭൂമി എസ്എഫ്ഐക്കാരെ വളരെ കൃത്യമായി വിദ്യാര്‍ഥികള്‍ അഥവാ താലിബാനികള്‍ എന്നു വിവര്‍ത്തനം ചെയ്തുവെന്നു കരുതാന്‍ മാത്രം ഈ ഭാഷാരാഷ്ട്രീയം നിഷ്‌കളങ്കമല്ല. മാര്‍ക്സിസ്റ്റ് താലിബാനിസം എന്ന പ്രയോഗം തന്നെ ആര്‍എസ്സ്എസ്സ് ദേശീയനേതൃത്വം വികസിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കണമെന്ന് അന്നത്തെ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ആവശ്യപ്പെട്ടതു ഏതാനും വര്‍ഷം മുമ്പാണ്. മാത്രമല്ല, ‘കേരളത്തിലെ മാര്‍ക്സിസ്റ്റ് താലിബാനിസം’ (ഏഷ്യാനെറ്റ് ന്യൂസ്, 4 ആഗസ്റ്റ് 2017) രാജ്യത്തിനുമുന്നില്‍ തുറന്നുകാണിക്കുന്നതിനു ആര്‍എസ്സ്എസ്സ് നേതൃത്വം നല്‍കുമെന്നാണ് തുടര്‍ന്ന് അദ്ദേഹം പറയുന്നത്. ഒരു മുസ്‌ലിംപശ്ചാത്തലത്തിലുള്ള രൂപകത്തിനു കൈവരുന്ന അര്‍ഥങ്ങളാണിത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ അറിഞ്ഞും അറിയാതെയും ഫാഷിസ്റ്റുകളും ഫാഷിസ്റ്റുവിരുദ്ധരും ഒരുപോലെ പങ്കിടുന്ന പൊതുബോധമാണിത്. ഹിന്ദു ഐക്യവേദി, കേരളം എന്ന സംഘടന ‘രാമരാജ്യത്തിലെ താലിബാനിസ വിരുദ്ധതയുടെ കാണാപ്പുറങ്ങള്‍’ എന്ന പേരില്‍ 2022 മെയ് 24ന് മുവാറ്റുപഴയില്‍ വച്ച് നടത്തിയ സെമിനാറില്‍ ‘എക്സ് മുസ്‌ലിം’ നേതാവായ ആരിഫ് ഹുസൈന്‍ തെരുവത്ത് പങ്കെടുത്ത് സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ താന്‍ ന്യൂനപക്ഷവര്‍ഗീയതക്കും ഭൂരിപക്ഷവര്‍ഗീയതക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. താനൊരു സ്വതന്ത്രചിന്തകനാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.ന്യൂനപക്ഷവര്‍ഗീയതയാണ് ഭൂരിപക്ഷവര്‍ഗീയതക്ക് കാരണം. വിശ്വഹിന്ദു പരിഷത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ അമിത ദേശീയതയാല്‍ മുട്ടിനില്‍ക്കുന്നവരാണ്. കേരളത്തില്‍ താലിബാനിസമുണ്ട്. അതുമനസ്സിലാക്കാന്‍ ഒരു സെമിനാറിന്റെ ആവശ്യമൊന്നുമില്ല. അത് അത്ര വ്യക്തമായ കാര്യമാണ്. ഏത് മതത്തിലുള്ളവര്‍ അത്തരം കാര്യങ്ങള്‍ ചെയ്താലും അതിനെ താലിബാനിസമെന്ന് വിളിക്കാം’- ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വാദങ്ങള്‍. തുടര്‍ന്ന് അദ്ദേഹം താലിബാനിസത്തെയും സംഘപരിവാറിനെയും തമ്മില്‍ ലഘുവായി സമീകരിക്കുകയും ബന്ധിപ്പിക്കുകയും ചെയ്തു.
അതിനോട് സംഘാടകരിലൊരാള്‍ പ്രതികരിച്ചത് ആരിഫ് ഹുസൈനില്‍നിന്ന് ‘താലിബാനിസം’ ഇനിയും ഒഴിഞ്ഞുപോയിട്ടില്ലെന്നാണ്. ആരിഫ് ഹുസൈന്‍ താലിബാന്റെ കടുത്ത എതിരാളിയാണെന്ന് പറഞ്ഞയാള്‍ക്കറിയാമെങ്കിലും മുസ്‌ലിംസ്വത്വം താലിബാന്‍ ചാപ്പയ്ക്ക് അദ്ദേഹത്തെ പാകമാക്കി.
താലിബാനിസം എന്ന പ്രയോഗം സാമാന്യബോധത്തിന്റെ ഭാഗമായി സ്വീകരിക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. ഭാഷയിലെ പ്രയോഗം ലളിതമാണ്. മറ്റൊന്നും അതിനു പുറകിലില്ലെന്ന് ഒരാള്‍ക്ക് വാദിക്കാം. എന്നാല്‍ ഭാഷാപഠനത്തിലെ മാറ്റങ്ങള്‍ ഈ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നില്ല. താലിബാന്‍ എന്ന വാക്ക് ഒരു തിരിച്ചിടല്‍ യുക്തിയുടെ ഭാഗമാണ്. ഹിംസയുടെ ലോകക്രമത്തെ മനസ്സിലാക്കാന്‍ നമ്മുടെ രാഷ്ട്രീയ ഭാഷയില്‍ത്തന്നെയാണ് ആദ്യം മാറ്റം വരേണ്ടത്.