2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം :
മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും മുസ്ലിം വിരുദ്ധ പൊതുബോധങ്ങളുടെയും പിടിയിൽ നിന്ന് പൂർണ്ണമായി മോചിതമായിട്ടില്ലെന്ന് പറയാനാകുമോ?
സുദേഷ് എം രഘു: ആദ്യമായി, ഈ പരിപാടിയിലേക്ക് ക്ഷണിച്ചതിന് ദാറുൽ ഹുദയുടെ ഭാരവാഹികൾക്കും വിദ്യാർത്ഥികൾക്കും പരിപാടിയുടെ സംഘാടകർക്കും നന്ദി പറയുന്നു. രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ ഇവിടെ ഒരു പ്രോഗ്രാമിന് വരുന്നത്. തെളിച്ചം മാസികയുമായിട്ട് വളരെ നാളത്തെ ഒരു ബന്ധമുണ്ട്. ഞാൻ അതിൽ എഴുതിയിട്ടുണ്ട്.
ഇങ്ങനെ ഒരു വിഷയം ചർച്ചക്കായി തിരഞ്ഞെടുത്തതിൽ വലിയ സന്തോഷമുണ്ട്. കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി ഇസ്ലാമോഫോബിയ എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ടും ഇടപെട്ടുകൊണ്ടും പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും.
കേരളത്തിനകത്ത് ഇസ്ലാമോഫോബിയ, മറ്റെല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെയും, അല്ലെങ്കിൽ ലോകത്ത് പല സ്ഥലങ്ങളിലും നടക്കുന്നപോലെയും, സജീവമായിത്തന്നെ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം ഞങ്ങൾ ആദ്യം പറയുന്ന സന്ദർഭത്തിൽ അംഗീകരിച്ചിരുന്നില്ലാത്ത ആളുകൾ പോലും ഇപ്പോൾ അംഗീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട മാറ്റം. എന്താണ് ഇസ്ലാമോഫോബിയ എന്ന കാര്യത്തെക്കുറിച്ച് ക്ലാരിറ്റി ഇല്ലാത്ത ആളുകൾക്ക് അത് ക്ലാരിറ്റി ഉണ്ടാക്കിക്കൊടുക്കുന്നതിനും, ഇസ്ലാമോഫോബിയയും ഇസ്ലാം വിമർശനവും തമ്മിലുള്ള വ്യത്യാസം എന്താണ്, ഇസ്ലാമോഫോബിയ എങ്ങനെയാണ് ആരംഭിക്കുന്നത്, എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്, വിവിധ രൂപങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് ‘കേരളത്തിനകത്ത് ഇസ്ലാമോഫോബിയ ഉണ്ട്’ എന്ന സാമൂഹിക അവബോധം ഉണ്ടായിരിക്കുന്നത്.
ഇന്നു ചുരുങ്ങിയ പക്ഷം മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളും മുഖ്യധാര രാഷ്ട്രീയത്തിൽ നിൽക്കുന്ന പ്രധാനപ്പെട്ട നേതാക്കന്മാർക്കും വരെ, ഇസ്ലാമോഫോബിയ എന്ന വാക്ക് ഉപയോഗിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് കേരളത്തിൽ ഇസ്ലാമോഫോബിയ ഇല്ലായിരുന്നു എന്നല്ല. അതിനെക്കുറിച്ചുള്ള സാമൂഹിക അവബോധം ഇല്ലാതിരുന്നു എന്നതാണ് കാര്യം. അവബോധം വരുമ്പോഴാണ് ആളുകൾക്ക് “ഈ സംഭവം ഇസ്ലാമോഫോബിക് ആണ്, ഈ പ്രസ്താവന ഇസ്ലാമോഫോബിക് ആണ്, ഈ പ്രവർത്തി ഇസ്ലാമോഫോബിക് ആണ്, ഈ എഴുത്ത് ഇതെല്ലാം ഇസ്ലാമോഫോബിക് ആണ്” എന്ന രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നത്.
കേരളത്തിന്റെ തന്നെ ചരിത്രവും ഇന്ത്യയുടെ തന്നെ ചരിത്രവും പരിശോധിച്ചാൽ ഇസ്ലാമോഫോബിയക്ക് വളരെ ദീർഘകാലത്തെ പഴക്കമുണ്ട്. ഇപ്പോൾ മാത്രം വന്ന ഒരു കാര്യമല്ല ഇത്. വളരെ ദീർഘകാലമായി ഇസ്ലാമോഫോബിയ ഇവിടെ ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുതന്നെ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാക്കുന്നത്.
ഉദാഹരണത്തിന്, “വർഗീയത” എന്ന വാക്ക് ഉത്ഭവിക്കുന്നത് ഇന്ത്യയിലെ മുസ്ലിം വിഭാഗക്കാർ അവരുടെ രാഷ്ട്രീയ അവകാശങ്ങൾ ഉന്നയിക്കാൻ തുടങ്ങിയപ്പോഴാണ്. അതുവരെ “വർഗീയത” എന്ന വാക്ക് സാമുദായികത എന്ന അർത്ഥത്തിൽ, അല്ലെങ്കിൽ ഒരു പോസിറ്റീവ് അർത്ഥത്തിൽ, പലരും ഉപയോഗിച്ചിരുന്നെങ്കിൽ, പിന്നീട് അത് പതുക്കെ പതുക്കെ മാറി. കേരളത്തിൽ ഉൾപ്പെടെ അത് നെഗറ്റീവ് അർത്ഥത്തിലേക്ക് മാറി. പിന്നെ അത് കൂടുതലും മുസ്ലിംകളെ ഒരു പക്ഷത്ത് കുറ്റപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങി. അതാണ് അതിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
അതുകൊണ്ട് ഞാൻ സൂചിപ്പിക്കുന്നത്, കേരളത്തിനകത്ത് മലപ്പുറം ജില്ല ഉണ്ടാക്കിയ കാലഘട്ടം മുതൽ പരിശോധിച്ചാലും, കേരളത്തിന്റെ ദേശീയ സമരവുമായി ബന്ധപ്പെട്ട് പരിശോധിച്ചാലും, 1921-ലെ മലബാർ ‘കലാപ’വുമായി ബന്ധപ്പെട്ട് പരിശോധിച്ചാലും, ചരിത്രപരമായി പരിശോധിക്കുമ്പോൾ ഇന്ന് നമ്മൾ പറയുന്ന രീതിയിലുള്ള ഇസ്ലാമോഫോബിയയാണെന്ന് അന്ന് ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ ഇസ്ലാമോഫോബിയ അന്ന് പ്രവർത്തിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.
ആ ഇസ്ലാമോഫോബിയയെ ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളും ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് നാം മനസ്സിലാക്കുന്നത്. അതിനെ ഒരു ടൂളായി ഉപയോഗിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിൽ വിദ്വേഷം ഉണ്ടാക്കി, അതിന്റെ ഫലം കൊയ്യാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്.
പിന്നീട് അത് ഏറ്റവും ശക്തമായി നമുക്ക് അനുഭവപ്പെട്ടു തുടങ്ങുന്നത് ഇന്ത്യക്കകത്ത് 2014 മുതൽ ഹിന്ദുത്വ ശക്തികൾ രാഷ്ട്രീയ അധികാരം കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ്. ആർ.എസ്.എസ്. സാമൂഹികമായും സാംസ്കാരികമായും കേരളത്തിൽ ഉൾപ്പെടെ വളരെയധികം ശക്തി പ്രാപിച്ച ഒരു പ്രസ്ഥാനമാണെന്ന് നമുക്കറിയാം. കേരളം ഏറ്റവും കൂടുതൽ ആർ.എസ്.എസ്. ശാഖകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ മുസ്ലിംകൾക്കെതിരായ നറേറ്റീവുകൾ സൃഷ്ടിച്ച് വിപുലമാക്കുന്നതിൽ അവർക്ക് സാധിച്ചിട്ടുണ്ട്.
പക്ഷേ അപ്പോഴും അത് ഒരു രാഷ്ട്രീയ അടിസ്ഥാനത്തിൽ അധികാരത്തിലേക്ക് വരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അടുത്തകാലത്താണ് ആദ്യമായി ഒരു എം.പി.യും 3 എം.എൽ.എമാരും ഉണ്ടാകുന്നത്. പക്ഷേ അഖിലേന്ത്യ തലത്തിൽ ആർ.എസ്.എസ്.-ന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ബി.ജെ.പി. അധികാരത്തിൽ വന്നതോടുകൂടി, ആഗോളതലത്തിൽ 9/11-നുശേഷം ശക്തിപ്പെട്ട ഇസ്ലാമോഫോബിയയെ ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ അതിസൂക്ഷ്മമായ രീതിയിൽ പ്രയോഗിക്കാൻ തുടങ്ങി.
അതിന്റെ ഫലമായി, കേരളത്തിനകത്തും — നമ്മൾ “പ്രബുദ്ധം” എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിനകത്തും — ഇസ്ലാമോഫോബിയ അതിശക്തമായ രീതിയിൽ വളർന്നു. അതിൽ പൊതുവിൽ “മതേതരം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കക്ഷികൾക്ക് വരെ പങ്കുണ്ട് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.മുസ്ലിം വിഷയങ്ങളുമായി, മുസ്ലിം രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട്, അവർ പലപ്പോഴും നടത്തുന്ന സംസാരങ്ങളും ഇടപെടലുകളും തന്നെ ഇസ്ലാമോഫോബിക് ആയി മാറുന്നു. ഒരു ജനവിഭാഗത്തിന്റെ സ്വയം കർതൃത്വത്തെ നിഷേധിക്കുന്ന നിലപാടിലേക്ക് പലപ്പോഴും മതേതര കക്ഷികൾ കൂടി പങ്കുചേരുമ്പോഴാണ് കേരളത്തിനകത്ത് ഇസ്ലാമോഫോബിയ കൂടുതൽ ശക്തമാകുന്നത്.
ബി.ജെ.പി.-ആർ.എസ്.എസ്. വിഭാഗക്കാരെക്കുറിച്ച് സ്വാഭാവികമായി നമുക്ക് മനസ്സിലാക്കാം. അവർ ഇസ്ലാമോഫോബിക് ആണ്. മുസ്ലിം വിരുദ്ധ സമീപനം ഉള്ളവരാണ്. മുസ്ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്ന ആളുകളാണ്. അതിനനുസരിച്ചുള്ള നറേറ്റീവുകൾ സൃഷ്ടിക്കുന്നവരാണ് എന്നെല്ലാം നമുക്കറിയാം. എന്നാൽ മതേതര കക്ഷികളെക്കുറിച്ച് നമുക്ക് ആ കാര്യത്തിൽ അത്ര വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല. പക്ഷേ അവരും ഈ രീതിയിലുള്ള ഒരു നറേറ്റീവ് ബോധപൂർവ്വമോ അല്ലാതെയോ കേരളത്തിനകത്ത് സൃഷ്ടിച്ചതിന്റെ ഫലമായിട്ടാണ്, നേരത്തെ ചൂണ്ടിക്കാണിച്ച ഇസ്ലാമോഫോബിയ എന്ന സംഗതി കേരളത്തിന്റെ പൊതുസമൂഹത്തിനകത്ത് ഇത്ര ശക്തമായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മുബാറക് മുണ്ടുമുഴി: കേരളത്തിൽ ഇസ്ലാം/മുസ്ലിം അപരവൽക്കരണം, അല്ലെങ്കിൽ മുസ്ലിം വിദ്വേഷവും മുസ്ലിം വിരുദ്ധ വംശീയതയും എല്ലാം നിലനിൽക്കുമ്പോഴും, ഇസ്ലാമോഫോബിയ എന്ന വ്യത്യസ്തമായ പദം എന്തിനാണ് നാം ഉപയോഗിക്കുന്നത്? അതിനു പകരം മുസ്ലിം വിരുദ്ധ വംശീയത എന്നോ മുസ്ലിം അപരവൽക്കരണം എന്നോ ഉപയോഗിച്ചാൽ പോരേ? പൊതുവേ ന്യൂനപക്ഷ മതങ്ങൾക്കെതിരെ പലതരത്തിൽ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അവരെ പലരും വംശീയമായി നേരിടാറുണ്ട്. ആ യുക്തിയിൽ നിന്ന് ചിന്തിച്ച്, ആ യുക്തിയിൽ നിന്ന് സംസാരിച്ചാൽ പോരേ? ഈ അടുത്താണ് കേരളത്തിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി നേതാവ് പോലും പറഞ്ഞത്: കേരളത്തിൽ അങ്ങനെ ഇസ്ലാമോഫോബിയ ഒന്നും നിലനിൽക്കുന്നില്ല; അതെല്ലാം ചിലർ പറയുന്ന, ഒരർത്ഥത്തിൽ അക്കാദമിക് ഭാഷയിലെ ഒരു ജാർഗൺ മാത്രമാണ് എന്ന രീതിയിൽ. അങ്ങനെയുള്ള സാഹചര്യം നിലനിൽക്കുമ്പോൾ, എവിടെയാണ് ഇസ്ലാമോഫോബിയ എന്ന ടേമിന്റെ റെലവൻസ് വരുന്നത്?
ബാബുരാജ് ഭഗവതി: ഇങ്ങനെ ഒരു സംവാദ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായതിലുള്ള സന്തോഷം അറിയിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.
ചോദ്യത്തിലേക്ക് വന്നാൽ, നമുക്ക് ഒരു മൗലികവാദമില്ല. ഇസ്ലാമോഫോബിയ എന്ന വാക്ക് തന്നെ ഉപയോഗിക്കണമെന്നു നമുക്ക് ഒരു നിർബന്ധവുമില്ല. നമ്മുടെ നിർബന്ധം, ഇസ്ലാമോഫോബിയ എന്ന വാക്ക് കൊണ്ട് നാം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ മാത്രമാണ്. നാളെ ഒരാൾ എക്സ് എന്ന വാക്ക് കൊണ്ട് നാം പറയുന്ന കാര്യങ്ങളെക്കുറിച്ച് പറയാൻ തയ്യാറാണെങ്കിൽ, ആ എക്സ് എന്ന വാക്ക് ഇതിനു പകരം എടുക്കാൻ നാം തയ്യാറാണ്. അതിൽ നമുക്ക് ഒരു വിയോജിപ്പുമില്ല. അപ്പോൾ, നാം ഇസ്ലാമോഫോബിയ എന്ന വാക്കിന് എന്താണ് നൽകുന്ന അർത്ഥം എന്നതാണ് പ്രധാനം. അല്ലാതെ ആ വാക്ക് ഏതാണെന്നതല്ല പ്രധാനപ്പെട്ടത്. അതാണ് ഇതിൽ ഒന്നാമതായി പറയാനുള്ള കാര്യം.
ഇസ്ലാമോഫോബിയ എന്ന വാക്ക് നാം ഉപയോഗിക്കുന്നതിന് മറ്റൊരു കാരണവും ഉണ്ട്. ലോകത്തു പരിശോധിച്ചു നോക്കുകയാണെങ്കിൽ, ഒരുപാട് ഗവേഷണ കേന്ദ്രങ്ങൾ, യു.എൻ. പോലെയുള്ള പ്രധാനപ്പെട്ട സംവിധാനങ്ങൾ, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഏജൻസികൾ, ഗവേഷണ കേന്ദ്രങ്ങൾ, യൂണിവേഴ്സിറ്റികൾ, കോളേജുകൾ, പ്രഗല്ഭ ഗവേഷകർ, ജേർണലുകൾ — ഇത്തരം ആളുകളും സ്ഥാപനങ്ങളും ഇസ്ലാമോഫോബിയ എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് നാം ഇസ്ലാമോഫോബിയ എന്ന വാക്ക് തെരഞ്ഞെടുക്കുന്നത്.
അപ്പോൾ ഞാൻ പറഞ്ഞത്, ഇസ്ലാമോഫോബിയ എന്ന വാക്കിനോടല്ല നമ്മുടെ പ്രശ്നം. മറിച്ച്, ഇസ്ലാമോഫോബിയ എന്ന വാക്കിന് നാം നൽകുന്ന അർത്ഥമാണ് പ്രധാനപ്പെട്ടത്. നേരത്തെ പറഞ്ഞതുപോലെ, മുസ്ലിം വിരുദ്ധ വംശീയത എന്ന വാക്ക് ഉപയോഗിക്കാം. തീർച്ചയായിട്ടും ഉപയോഗിക്കാവുന്നതാണ്. പക്ഷേ നാം ഇസ്ലാമോഫോബിയയ്ക്ക് കൊടുക്കുന്ന അർത്ഥം എന്താണ് എന്നതാണ് പ്രധാനപ്പെട്ടത്.
യഥാർത്ഥത്തിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് — ഇസ്ലാമോഫോബിയ എന്ന വാക്ക് നേരത്തെയും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. പക്ഷേ പലരും ഇത് ഇസ്ലാമോഫോബിയ ആണെന്ന് പറയും; വേറൊരാൾ ഇത് ഇസ്ലാമോഫോബിയ അല്ലെന്ന് പറയും; മറ്റൊരാളുടെ അഭിപ്രായത്തിൽ വേറേതാണ് ഇസ്ലാമോഫോബിയ. അങ്ങനെ ഇസ്ലാമോഫോബിയക്ക് പലതരത്തിലുള്ള അർത്ഥങ്ങളാണ് ആളുകൾ കൊടുക്കുന്നത്. അർത്ഥത്തിന്റെ മുകളിൽ ഒരു പിടിവലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരാൾ ഇസ്ലാമോഫോബിയ ആണെന്ന് പറയുന്ന കാര്യം മറ്റൊരാൾ ഇസ്ലാമോഫോബിയ ആണെന്ന് പറയണമെന്നില്ല. അവിടെയാണ് നാം ഒരു ക്ലാരിറ്റി വരുത്തുന്നത്. വാക്കിന്റെ അർത്ഥത്തിലാണ് നാം ക്ലാരിറ്റി ഉണ്ടാക്കുന്നത്.
എന്താണ് ഇസ്ലാമോഫോബിയ?ഇന്ത്യൻ സാഹചര്യത്തിൽ നാം ഇസ്ലാമോഫോബിയയെ മൂന്ന് പ്രധാന അടിസ്ഥാനത്തിലാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
ഒന്ന്: ഇസ്ലാമോഫോബിയ എന്ന് പറയുന്നത്, മുസ്ലിംകൾക്ക് അവരുടെ സ്വയം നിർണയാവകാശം തടയുകയാണെങ്കിൽ, അല്ലെങ്കിൽ അവരുടെ സ്വയം നിർവചനാവകാശം തടയുകയാണെങ്കിൽ, അതിനെ തടസ്സപ്പെടുത്തുകയാണെങ്കിൽ, അത് ഇസ്ലാമോഫോബിയ ആണെന്നാണ് നമ്മുടെ അഭിപ്രായം.
അതായത്, മുസ്ലിംകൾക്ക് ഒരു ലോകവീക്ഷണമുണ്ട്. ഇഹപരലോകത്തെക്കുറിച്ച് ഞാൻ ഇങ്ങനെ കരുതുന്നു; ഈ ലോകത്തെ ജീവിതത്തെക്കുറിച്ച് ഞാൻ ഇങ്ങനെ കരുതുന്നു; ആധ്യാത്മികമായ കാര്യങ്ങളെക്കുറിച്ച് എനിക്ക് ഇങ്ങനെ അഭിപ്രായമുണ്ട് — ഇങ്ങനെയൊരു അഭിപ്രായം ഒരാൾക്ക് ഉണ്ടാകാം. മുസ്ലിംകൾക്ക് അവരുടെ അഭിപ്രായം തുറന്നു പറയാനും അത് സൂക്ഷിക്കാനും അത് ഉയർത്തിപ്പിടിക്കാനും അതിനെക്കുറിച്ച് സംസാരിക്കാനും ഉള്ള അവകാശം തടയുകയാണെങ്കിൽ, അത് ഇസ്ലാമോഫോബിയയാണ്. അതാണ് ഇന്ത്യൻ സാഹചര്യത്തിലെ ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന ഭാഗം.
രണ്ടാമത്തെ അടിസ്ഥാനം: ഇന്ത്യൻ സാഹചര്യത്തിൽ ഇസ്ലാമോഫോബിയ മുസ്ലിംകൾക്കെതിരെയുള്ള വംശീയതയാണ്. മുസ്ലിം വിരുദ്ധ വംശീയതയാണ് ഇസ്ലാമോഫോബിയ.
അപ്പോൾ നമുക്ക് പ്രധാനമായി പരിശോധിക്കേണ്ടത് വംശീയത എന്താണ് എന്നതാണ്. വംശീയത എന്ന് പറയുന്നത് വംശമല്ല. ലോകത്ത് അങ്ങനെ കൃത്യമായ വംശങ്ങൾ ഒന്നും നിലനിൽക്കുന്നില്ല. ഒരു ഉദാഹരണം പറയാം. കഴിഞ്ഞ ദിവസത്തെ ഒരു വാർത്തയിൽ പറഞ്ഞത്, ബംഗാളികൾ നാട്ടിൽ നിന്ന് തിരിച്ചുവരാൻ സാധ്യതയില്ല എന്നാണ്. കാരണം ബംഗാളിൽ എന്തൊക്കെയോ കുഴപ്പങ്ങൾ നടന്നിരിക്കുന്നു, അവിടെ ഭരണമാറ്റം ഉണ്ടായി. ഇനി ബംഗാളികൾ നാട്ടിലേക്ക് തിരിച്ച് വരില്ല എന്നാണ് പത്രം എഴുതുന്നത്.
കേരളത്തിലുള്ള “ബംഗാളികൾ” എന്ന് നാം ഉദ്ദേശിക്കുന്നത് ആരെയാണ്? ബംഗാളി എന്ന് പറയുന്നത് ജാർഖണ്ഡിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും യു.പി.യിൽ നിന്നും ഒറീസയിൽ നിന്നും ബംഗാളിൽ നിന്നും വരുന്ന ആളുകളെ പൊതുവായി വിളിക്കുന്ന ഒരു പേരാണ്. മലയാളികളെ പണ്ട് ബോംബെയിലുള്ളവർ “മദ്രാസികൾ” എന്ന് വിളിക്കുമായിരുന്നു. മലയാളികളായാലും തെലുങ്കന്മാരായാലും തമിഴന്മാരായാലും എല്ലാവരെയും “മദ്രാസി” എന്നാണ് വിളിച്ചിരുന്നത്. അത് ഒരു മോശപ്പെട്ട വാക്കായിട്ടാണ് അക്കാലഘട്ടങ്ങളിൽ മലയാളികൾ മനസ്സിലാക്കിയിരുന്നത്.
അതുപോലെ, ബംഗാളികളെയും നമ്മൾ പലപ്പോഴും വിളിക്കുന്നത് ബുദ്ധിയില്ലാത്ത ആളുകൾ ചെയ്യാനുള്ള പണികളാണ് ബംഗാളികൾ ചെയ്യുന്നത് എന്ന രീതിയിലാണ്. ഞാൻ ജോലി ചെയ്യുന്ന പത്രത്തിൽ ഒരു പ്രൂഫ് റീഡർ ഉണ്ടായിരുന്നു. ഏതെങ്കിലും പുതിയ ട്രെയിനി ഒരു വാർത്ത തെറ്റായി എഴുതിയാൽ അദ്ദേഹം ചോദിക്കും: “ഇത് ഏത് ബംഗാളിയാണ് എഴുതിയത്?” എന്ന്. കാരണം അത് മൊത്തം തെറ്റായിരിക്കും. അപ്പോൾ “ബംഗാളി” എന്ന വാക്ക് ഒരു മോശം വാക്കായി കരുതിയിരുന്നു.
അങ്ങനെ നോക്കുമ്പോൾ, വംശീയത എന്നത് ഒരു കൃത്യമായ വംശത്തെക്കുറിച്ചല്ല. മറിച്ച്, വിവിധ സാമൂഹിക വിഭാഗങ്ങളെ വംശീയവൽക്കരിച്ച് കാണുന്നതാണ് വംശീയത. അങ്ങനെ മുസ്ലിംകളെ വംശീയവൽക്കരിച്ച് കാണുന്നതിനെയാണ് നാം ഇസ്ലാമോഫോബിയ എന്ന് പറയുന്നത്.
അതിന് ഒരു ഉദാഹരണം പറഞ്ഞാൽ, ഒരു മുസ്ലിം ഒരു കാര്യം ചെയ്താൽ, ഒരു മുസ്ലിം ഒരു തെറ്റ് ചെയ്താൽ, ആ തെറ്റ് എല്ലാ മുസ്ലിംകൾക്കും ബാധകമാക്കുകയാണെങ്കിൽ, അത് വംശീയതയാണ്. ഒരു മുസ്ലിം വളരെ മോശപ്പെട്ട ഒരു കാര്യം ചെയ്യുമ്പോൾ, അത് എല്ലാ മുസ്ലിംകൾക്കും ബാധകമാക്കി ഒരു സ്റ്റീരിയോടൈപ്പ് ചെയ്യുകയാണെങ്കിൽ, അതിനെ നമുക്ക് വംശീയത എന്ന് വിളിക്കാം. മുസ്ലിംകൾക്കെതിരെയുള്ള വംശീയതയാണ് ഇസ്ലാമോഫോബിയ. ഇതാണ് ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള രണ്ടാമത്തെ പോയിന്റ്.
മൂന്നാമത്തെ പോയിന്റ്: കേരളത്തിലും ഇന്ത്യയിലും മാത്രം പ്രത്യേകമായി കണ്ടുവരുന്ന ഇസ്ലാമോഫോബിയയുടെ ഒരു രൂപം, മുസ്ലിംകളുടെ സംഘാടനത്തോടുള്ള നിഷേധമാണ്.
സംഘാടനം എന്ന് പറഞ്ഞാൽ എന്താണ്? ഈ പരിപാടി തന്നെ ഒരു സംഘാടനമാണ്. നിങ്ങൾ എല്ലാവരും ഗവേഷകരാണ്, അല്ലെങ്കിൽ പഠിക്കുന്ന ആളുകളാണ്, വിദ്യാർത്ഥികളാണ്. നിങ്ങൾ ഒരുമിച്ച് ചേർന്നിരിക്കുന്നത് ഒരു പ്രത്യേക കാര്യത്തിനുവേണ്ടിയാണ്. ഇത് ഒരു സംഘടനയാണ്. ഇവിടെ ഒരു ആധ്യാത്മിക കേന്ദ്രം തുടങ്ങുന്നു — അതൊരു സംഘടനയാണ്. പള്ളി ഒരു സംഘടനയാണ്. പള്ളി കമ്മിറ്റി ഒരു സംഘടനയാണ്. സ്കൂൾ തുറക്കുന്നു — അത് സംഘടനയാണ്. ഒരു പത്രം ഉണ്ടാക്കുന്നു — അത് സംഘടനയാണ്. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നു — അത് സംഘടനയാണ്. മുസ്ലിംകളുടെ ഏത് തരത്തിലുള്ള സംഘടനയോടും സംഘാടനത്തോടും നിഷേധം പ്രകടിപ്പിക്കുകയും അതിനെ വളരെ മോശപ്പെട്ട കാര്യമായി മനസ്സിലാക്കുകയും ചെയ്താൽ, അത് ഇസ്ലാമോഫോബിയയാണ്.
ഉദാഹരണത്തിന്, 1947 നു ശേഷം സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് പിരിച്ചുവിടണം എന്നായിരുന്നു പലരുടെയും അഭിപ്രായം. കാരണം മുസ്ലിം ലീഗ് പിരിച്ചുവിട്ടില്ലെങ്കിൽ മുസ്ലിംകൾ ഇന്ത്യ വിഭജിക്കും എന്ന് ആ കാലഘട്ടത്തിലെ കോൺഗ്രസുകാരും അതുപോലുള്ള ആളുകളും കരുതിയിരുന്നു. അപ്പോൾ മുസ്ലിംകളുടെ ഏതു തരത്തിലുള്ള സംഘാടനത്തോടുള്ള നിഷേധ സമീപനമാണ് ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന രൂപം.
ഞാൻ മൂന്ന് അടിസ്ഥാനങ്ങൾ പറഞ്ഞു. ഈ മൂന്ന് കാര്യങ്ങൾക്കും നിങ്ങൾ ഏത് പേരിട്ട് വിളിച്ചാലും — എക്സ്, വൈ, സെഡ്, അല്ലെങ്കിൽ ഇസ്ലാമോഫോബിയ — നമുക്ക് വിയോജിപ്പില്ല. നമ്മുടെ കാര്യം ആ വാക്കിലല്ല. മറിച്ച്, അതിന് നൽകുന്ന അർത്ഥത്തിലാണ്. അതുകൊണ്ട് മുസ്ലിം വിരുദ്ധ വംശീയത എന്ന് വിളിച്ചാലും, മുസ്ലിം വിരുദ്ധത എന്ന് വിളിച്ചാലും, മുസ്ലിം അപരവൽക്കരണം എന്നു പറഞ്ഞാലും, ഈ അർത്ഥമാണ് നൽകുന്നതെങ്കിൽ നമുക്ക് അതിനോട് വിയോജിപ്പില്ല. കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പദം എന്ന നിലയിൽ ഇസ്ലാമോഫോബിയ എന്ന വാക്ക് ഇപ്പോൾ പോപ്പുലറാണ്. അതിന്റെ അർഥം നിർണയിച്ചു നാം അതുപയോഗിക്കുന്നു.
മുബാറക് മുണ്ടുമുഴി:മുസ്ലിം സമുദായവും മറ്റു സമൂഹങ്ങളും എല്ലാം ഒരു സഹവർത്തിത്വത്തിന്റെയും മൈത്രിയുടെയും ലോകത്തെയാണ് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അത്തരമൊരു സാഹചര്യത്തിലും നാം മാറ്റിപ്പണിയേണ്ട പല പരികൽപനകളും പല ചിന്തകളും ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഉദാഹരണത്തിന്, ബാബരി മസ്ജിദ് ധ്വംസനത്തിന്റെ സമയത്ത് നടന്ന കാര്യങ്ങൾ മുൻനിറുത്തി കേരളത്തിൽ ഇന്നും മുസ്ലിം ലീഗിനെ പ്രശംസിക്കാനായി പറയപ്പെടുന്നത് ഇങ്ങനെയാണ്: “പാണക്കാട് തങ്ങൾ അന്ന് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയില്ലായിരുന്നുവെങ്കിൽ മുസ്ലിം സമുദായം മുഴുവൻ വൈകാരികമായി പ്രതികരിച്ച് കേരളത്തിൽ സംഘർഷം സൃഷ്ടിച്ചേനെ.” അത് അർത്ഥമാക്കുന്നത്, മുസ്ലിം സമുദായത്തിന്റെ ആരാധനാകേന്ദ്രം തകർത്താൽ മുസ്ലിംകൾ യാതൊരു വിവേകപൂർവ്വമായ തീരുമാനവും എടുക്കാതെ, കേരളത്തിലെ അമ്പലങ്ങളെ കല്ലെറിയുകയും അമ്പലങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തേനെ എന്നൊരു ആലോചനയാണ്. അങ്ങിനയെന്നാണ് നാം ലീഗിനെ പ്രശംസിക്കാൻ പോകുന്നത്. അതിലും ഒരു ഇസ്ലാമോഫോബിക് ചിന്ത ഉൾക്കൊള്ളുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇതുപോലെ തന്നെ, കുറച്ചു വർഷങ്ങൾക്ക് മുമ്പ് കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്തും പല മുസ്ലിംകളും പ്രാർത്ഥിക്കുകയായിരുന്നു: “അത് ഒരു മുസ്ലിം ആയി പോകരുതേ” എന്ന്. കാരണം, അത് ഒരു മുസ്ലിം ആയി പോയാൽ ഞാനും എന്റെ സമൂഹവും അതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നൊരു ഭയം നിലനിൽക്കുന്നു.
മറുവശത്ത് ടോപ് മീഡിയ പുറത്തുവിട്ട പ്രതീഷ് ബി. ലാലി പി.എം. എല്ലാം അവരുടെ വീഡിയോയിൽ പറഞ്ഞുവെക്കുന്നത്: “ഞാനൊരു ഇസ്ലാമോഫോബിക് ആയിരുന്നു. എനിക്ക് അങ്ങനെ ഒരു കഴിഞ്ഞകാലമുണ്ട്. എന്റെ ചിന്തകളിലും ലോകവീക്ഷണങ്ങളിലും പല ഇസ്ലാമോഫോബിക് ചിന്തകളും വന്നുപോയിട്ടുണ്ട്” എന്നൊരു പശ്ചാത്താപപ്രകടനമാണ്.ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകൾക്ക് ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി?
സുദേഷ് എം രഘു:ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ , ബാബരി മസ്ജിദിന്റെ വിഷയം വരുമ്പോൾ, വേറൊരു തമാശയാണ് ഓർക്കുന്നത്. എല്ലാ ഡിസംബർ ആറിന്റെ ദിവസവും ശബരിമലയ്ക്ക് ഒരു പ്രത്യേക പ്രൊട്ടക്ഷൻ കൊടുക്കും. അതൊരു സ്ഥിരം വാർത്തയാണ്. “ശബരിമലയിൽ പ്രത്യേക സുരക്ഷ” എന്ന് പറയുന്ന വാർത്ത എല്ലാ വർഷവും പത്രങ്ങളിലും മീഡിയയിലും വരും.അത്തരത്തിൽ, ആ ദിവസം തിരഞ്ഞെടുത്ത് ആക്രമിക്കാൻ വരുന്ന ഒരു മുസ്ലിം തീവ്രവാദി എന്ന കഥാപാത്രം “ബാബ കല്യാണി” എന്ന സിനിമയിൽ മാത്രമേ ഉള്ളൂ. ജീവിതത്തിൽ അങ്ങനെ ഒരിടത്തും കണ്ടിട്ടില്ല. അതുപോലെയുള്ള ഒരു നറേറ്റീവാണ് ഇത് സൃഷ്ടിക്കുന്നത് — മുസ്ലിംകൾ പൊതുവിൽ അത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളാണ് എന്ന നറേറ്റീവ്.
ഇതിന്റെ ഫലമായി പല കാര്യങ്ങളും സംഭവിക്കും. ബാബരി മസ്ജിദ് തകർക്കുന്ന സമയത്ത് പാണക്കാട് തങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും, കേരളത്തിൽ അത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സമൂഹമല്ല മുസ്ലിംകൾ എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. പക്ഷേ വസ്തുതകൾ എതിരായാലും ഈ ആരോപണം ശക്തമായ രീതിയിൽ ഉന്നയിക്കും. അത്തരം ആരോപണങ്ങളുടെ ശക്തികൊണ്ട് പലപ്പോഴും മുസ്ലിംകൾ പിന്നോട്ട് വലിയുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് ഒരു ക്രിമിനൽ കുറ്റം ഉണ്ടാകുമ്പോൾ, എന്ത് നാട്ടിൽ നടന്നാലും, “അത് മുസ്ലിം പേരുകാരൻ ആകരുതേ” എന്ന് അവർ പ്രാർത്ഥിക്കുന്നത്. മുസ്ലിംകൾ മാത്രമല്ല, സോഷ്യൽ മീഡിയയിൽ മറ്റു പലരും “മുസ്ലിം പേരുകാരൻ അല്ലാതെ ആകണേ” എന്ന് പലപ്പോഴും പ്രാർത്ഥിക്കാറുണ്ട്.
ഈ കഴിഞ്ഞ ദിവസം ഞങ്ങൾ ഇസ്ലാമോഫോബിയ വാച്ചിൽ ഇസ്ലാമോഫോബിയുടെ മനശ്ശാസ്ത്രത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ എഴുതിയ ഒരു പ്രധാനപ്പെട്ട പോയിന്റ് ഇതാണ്: പൊതുവിൽ എല്ലാ സമൂഹങ്ങളിലും കുറ്റകൃത്യങ്ങൾ ഉണ്ടാകും. കുറ്റം ചെയ്യുന്ന ആളുകൾ എല്ലാ സമൂഹങ്ങളിലും ഉണ്ടാകും — മുസ്ലിംകളിലും ഉണ്ടാകും, മറ്റേതു സമൂഹത്തിലും ഉണ്ടാകും. മറ്റുള്ള സമൂഹങ്ങളിൽ ഒരാൾ കുറ്റം ചെയ്താൽ, അവരെ അവരുടെ സമൂഹത്തിനകത്തുള്ള ഒരാളായി, ഒരു വ്യക്തിയായി കാണുന്നു. അവരവരുടെ സമൂഹത്തിനകത്തുള്ള ആളുകൾ വ്യത്യസ്തരാണെന്ന് കാണുന്നു. അതുകൊണ്ട് ഒരാൾ കുറ്റം ചെയ്താൽ അത് ആ വ്യക്തിയുടെ കുറ്റമായി കാണുന്നു.
പക്ഷേ മുസ്ലിംകളുടെ കാര്യത്തിൽ അങ്ങനെ അല്ല. അവരെല്ലാം ഒന്നാണ് എന്ന രീതിയിലാണ് കാണുന്നത്. അതുകൊണ്ട് ഒരാൾ ഒരു കുറ്റം ചെയ്താൽ, അയാൾ മാത്രമല്ല കുറ്റക്കാരൻ; ആ കമ്മ്യൂണിറ്റി മുഴുവനും കുറ്റക്കാരാണ് എന്ന രീതിയിലാണ് അത് പ്രവർത്തിക്കുന്നത്. ഇതാണ് മുസ്ലിംകളുടെ കാര്യത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക മനശ്ശാസ്ത്രം.
മുസ്ലിംകൾ എന്നത് ഒരേ സ്വഭാവമുള്ള, വൈവിധ്യങ്ങളില്ലാത്ത, ഹോമോജനസ് ആയ ഒരു സമൂഹമല്ല. ഇവിടെ ഈ സദസ്സിൽ തന്നെ വ്യത്യസ്തമായ രീതിയിൽ തലെക്കെട്ടുകാരായ മുസ്ലിംകൾ ഉണ്ടാകാം. ഞങ്ങളുടെ നാട്ടിൽ ഇങ്ങിനെ ശിരോവസ്ത്രം ധരിക്കുന്ന മുസ്ലിംകൾ ഇല്ല. താടി വെക്കുന്ന മുസ്ലിംകൾ ഉണ്ട്; താടി വെക്കാത്ത മുസ്ലിംകൾ എത്രയോ ഉണ്ട്. പലതരത്തിലുള്ള വേഷത്തിലും രൂപത്തിലും വ്യത്യാസമുണ്ട്. ആശയങ്ങളിലും രാഷ്ട്രീയത്തിലും വലിയ വ്യത്യാസങ്ങളുണ്ട്.
മറ്റെല്ലാ ജനവിഭാഗങ്ങളും പോലെ മുസ്ലിംകളും ആശയപരമായും ഭൗതികമായും എല്ലാതരത്തിലും വളരെ വൈവിധ്യമുള്ള ഒരു കമ്മ്യൂണിറ്റിയാണ്. അത് മുസ്ലിംകളുടെ മാത്രം പ്രത്യേകതയല്ല; എല്ലാ സമൂഹങ്ങളും അങ്ങനെ തന്നെയാണ്. പക്ഷേ ആ കമ്മ്യൂണിറ്റിയെ ഹോമോജനസ് ആയി സങ്കൽപ്പിച്ചു കൊണ്ടാണ്, ആരെങ്കിലും ഒരാൾ കുറ്റം ചെയ്താൽ, മുഴുവൻ കമ്മ്യൂണിറ്റിയും കുറ്റക്കാരാണെന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത്.
കളമശ്ശേരി സ്ഫോടനം നോക്കുക. കളമശ്ശേരി സ്ഫോടനത്തിന്റെ ആദ്യത്തെ പതിനഞ്ച് മിനിറ്റിനകം ഇയാൾ കുറ്റസമ്മതം നടത്തിയില്ലായിരുന്നെങ്കിൽ സംഭവിക്കാവുന്ന കാര്യം എന്താണെന്ന് ആലോചിക്കാൻ പോലും പറ്റില്ല. അത്രയധികം ഹെറ്റ് ക്യാമ്പയിനാണ് ആ വാർത്തയോട് ബന്ധപ്പെട്ട് നടന്നത്.
സെബാസ്റ്റ്യൻ പോളിനെ പോലെയുള്ള, വളരെ പരിണതപ്രജ്ഞനായ, പലപ്പോഴും മുസ്ലിം വിഷയങ്ങളിൽ അനുകൂല നിലപാട് എടുത്തിട്ടുള്ള ഒരു മുൻ എം.പി. വരെ ചാനലിൽ വന്നിരുന്ന് “മുസ്ലിംകൾ ആയിരിക്കും” എന്ന രീതിയിൽ കുറ്റപ്പെടുത്തുകയായിരുന്നു. അത്തരത്തിലുള്ള കുറ്റപ്പെടുത്തലുകളും നിരന്തരമായ ഹെറ്റ് പ്രചാരണങ്ങളും പതിനഞ്ച് മിനിറ്റിനകം ശക്തമായി നടന്നിരുന്നു.ഇയാൾ കുറ്റസമ്മതം നടത്തിയതിന് ശേഷവും അത് അവസാനിച്ചില്ല. “അങ്ങനെ ഒരാൾക്ക് ഒറ്റയ്ക്ക് മാത്രമായി ചെയ്യാൻ പറ്റുമോ?”, ” തുടങ്ങിയ സംശയങ്ങൾ ഉയർത്തി. ഇയാൾ കുറ്റം ഏറ്റെടുത്തിട്ടും ജനങ്ങൾ വിശ്വസിക്കുന്നില്ല. അത്തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്.
അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം: അതുവരെ വലിയ രീതിയിൽ കളമശ്ശേരിയിൽ നടന്ന ഭീകരപ്രവർത്തനം എന്ന നിലയിൽ പറഞ്ഞിരുന്ന ആളുകൾ, കുറ്റം മുസ്ലിം അല്ലാത്ത ഒരാളിലേക്ക് പോയപ്പോൾ പെട്ടെന്ന് അത് ഭീകരപ്രവർത്തനം അല്ലെന്ന രീതിയിലേക്ക് മാറ്റി. കേരളത്തിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട ഒരു സ്ഫോടനം വരെ ഉണ്ടായിട്ടില്ല. എന്നിട്ടും “ഭീകരപ്രവർത്തനം” എന്ന വാക്ക് ഒഴിവാക്കപ്പെട്ടു. കാരണം അപ്പുറത്തു ഒരു മുസ്ലിം ഇല്ലായിരുന്നു.
മാർട്ടിൻ എന്ന ഒരേയൊരു മനുഷ്യനല്ലാതെ വേറെ ആരെയും കുറ്റവാളിയാക്കിയില്ല. ഒരു ഗൂഢാലോചനക്കാരനില്ല. അയാളുടെ വീട്ടുകാർക്ക് ശല്യമില്ല. ബന്ധുക്കൾക്ക് ശല്യമില്ല. സുഹൃത്തുക്കൾക്ക് ശല്യമില്ല. ഒരാളെയും ചോദ്യം ചെയ്തില്ല. ഒരേയൊരു കുറ്റവാളി മാത്രം. യു.എ.പി.എ. കേസ് ഇല്ല. ഇതെല്ലാം എടുത്തു കളഞ്ഞു. മറിച്ച്, അത് ഒരു മുസ്ലിം ആയിരുന്നെങ്കിൽ അവസ്ഥ വേറെയായേനെ.ഇതാണ് ഭരണകൂട ഇസ്ലാമോഫോബിയ എന്ന സവിശേഷതയിലേക്ക് നമ്മെ കൊണ്ടുപോകുന്നത്.
അതുകൊണ്ട് പ്രതീഷ് ബി.യെയും ലാലി പി.എം.നെയും പോലുള്ള ആളുകൾ “ഞങ്ങൾ ഇസ്ലാമോഫോബിക് ആയിരുന്നു” എന്ന് തുറന്നു പറയുന്നതിന്റെ പ്രാധാന്യം വലുതാണ്. ഇസ്ലാമോഫോബിയ എല്ലാ മനുഷ്യരിലും ഉണ്ടാകാം. ഇല്ലെങ്കിൽ അതാണ് അത്ഭുതകരമായ കാര്യം. കാരണം നമ്മുടെ പൊതുസമൂഹത്തിനകത്തുള്ള നറേറ്റീവുകൾ, പൊതുമണ്ഡലത്തിനകത്തും പൊതുമാധ്യമങ്ങളിലുമുള്ള നറേറ്റീവുകൾ, പൊതുരാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ നിലനിൽക്കുന്ന നറേറ്റീവുകൾ — ഇതെല്ലാം വലിയ അളവിൽ ഇസ്ലാമോഫോബിക് ആണ്. മറിച്ചുള്ള അനുഭവങ്ങൾ അപൂർവ്വമാണ്.നമ്മുടെ പാഠപുസ്തകങ്ങൾ, സിനിമ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ മണ്ഡലം — ഇതെല്ലാം ഇസ്ലാമോഫോബിക് ആയതിനാൽ, ഒരു മനുഷ്യൻ, അവർ മുസ്ലിം ആയാലും പോലും, ഇസ്ലാമോഫോബിക് അല്ലാതിരുന്നാൽ മാത്രമാണ് അത്ഭുതം.
ഇസ്ലാമോഫോബിയയിൽ നിന്ന് മാറണമെങ്കിൽ ആത്മവിമർശനവും സ്വയംവിമർശനവും ആത്മപരിശോധനയും വളരെ പ്രധാനപ്പെട്ടതാണ്. ഓരോരുത്തരും നടത്തേണ്ട ആത്മപരിശോധനയാണത് — മുസ്ലിംകൾ ഉൾപ്പെടെ എല്ലാവരും. നോൺ-മുസ്ലിംകൾക്ക് അതിന്റെ ബാധ്യത കൂടുതലാണെന്ന് ഞാൻ പറയും. കാരണം ഇസ്ലാമോഫോബിയ പ്രചാരണത്തിന്റെ ഉൽപാദകരും വാഹകരുമായി കൂടുതലായും നിൽക്കുന്നത് നോൺ-മുസ്ലിംകളാണ്.അതുകൊണ്ട് അവരെ സംബന്ധിച്ച് ഇത് തിരുത്തേണ്ട വലിയ ബാധ്യതയുണ്ട്. ആ ബാധ്യത ഏറ്റെടുക്കുന്ന ആളുകൾ സമൂഹത്തിൽ വളരെ കുറവാണ്. അത്തരത്തിലുള്ള കുറച്ച് ആളുകളാണ് കൂടുതൽ ആളുകളിലേക്ക് ഈ ചിന്ത കൊണ്ടുവരുന്നത്.
ലാലി പി.എം. മുസ്ലിം കുടുംബത്തിൽ ജനിച്ച ആളാണ്. എന്നിട്ടും അവർ ഇസ്ലാമോഫോബിക് ആയിരുന്നു എന്ന് പറയുന്നു. അവരുടെ വ്യക്തിഗത അനുഭവങ്ങളിലൂടെയാണ് അവർ ഇത് തിരിച്ചറിഞ്ഞത്. പിന്നീട് സോഷ്യൽ മീഡിയയിലേക്ക് വന്നപ്പോൾ, ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള അനുകൂലവും പ്രതികൂലവുമായ പല നറേറ്റീവുകളും കണ്ടു, സ്വയം മനസ്സിലാക്കി, തിരുത്താൻ അവർ തയ്യാറായി.
ഈ കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും വളരെ പ്രധാനപ്പെട്ടതാണ്. മുസ്ലിംകളെ സംബന്ധിച്ച വിദ്വേഷ പ്രചാരണങ്ങൾ ഭാവനയ്ക്ക് അനന്തസാധ്യതയുള്ള മേഖലയാണ്. മുസ്ലിം വിരുദ്ധ വംശീയതയിൽ അടിസ്ഥാനമാക്കി ആർക്കും എന്തും പറയാം. മുസ്ലിംകളെക്കുറിച്ചുള്ള സത്യം ഞങ്ങൾക്ക് അറിയേണ്ട എന്ന രീതിയിൽ മുഖം അടച്ചുനിൽക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തിന്റെ ഇടയിൽ നിന്ന് “ഇതാണ് സത്യം, നിങ്ങൾ പറയുന്നത് അസത്യമാണ്” എന്ന് പറയുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് വലിയ പ്രാധാന്യമുള്ള കാര്യമാണ്.അങ്ങനെയാണ് നമുക്ക് ഇതിനെ മറികടക്കാൻ കഴിയുക.
യുക്തിവാദ മണ്ഡലത്തിൽ നിന്ന് പ്രതീഷിനെ പോലെയുള്ള ആളുകൾ ഇസ്ലാമോഫോബിയക്കെതിരെ വരുന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്. കേരളത്തിലെ യുക്തിവാദ മണ്ഡലം വര്ഷങ്ങളായി ഇസ്ലാമോഫോബിക് ആണ്. ഇപ്പോൾ അത് വളരെ ശക്തമാണ്. സി രവിചന്ദ്രന്റെ എസ്സൻസ് ഗ്രൂപ്പുകാരൊക്കെ ഇസ്ലാമോഫോബിക് മാത്രമല്ല, സയണിസ്റ്റിക് നിലപാടുകളും എടുക്കുന്നുണ്ട്.അത്തരമൊരു മണ്ഡലത്തിൽ നിന്ന് ഒരാൾ ശക്തമായി ആന്റി-ഇസ്ലാമോഫോബിക് ആയി വരുന്നത് വലിയ കാര്യം തന്നെയാണ്.
അതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തു നിന്നും, കോൺഗ്രസ് പാർട്ടി പോലുള്ള മതേതര പ്രസ്ഥാനങ്ങളിൽ നിന്നും ശക്തരായ വക്താക്കൾ വരുമ്പോഴാണ് ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ മുന ഒടിയാൻ തുടങ്ങുന്നത്.അവരുടെ തുറന്നുപറച്ചിലുകളെ നമുക്ക് അങ്ങനെ കാണണം. ഓരോരുത്തർക്കും പല അനുഭവങ്ങൾ ഉണ്ടാകും. ആ അനുഭവങ്ങളെ വിശകലനം ചെയ്ത്, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ ഏറ്റവും പ്രധാനപ്പെട്ടത് ആത്മപരിശോധന നടത്താനുള്ള ആർജവമാണ്. അത് ഉണ്ടെങ്കിൽ, മറ്റേതെങ്കിലും സ്ഥാപിത ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ, ഒരു മനുഷ്യന് ഇസ്ലാമോഫോബിയയെ മനസ്സിലാക്കാനും തിരിച്ചറിയാനും തുറന്നു പറയാനും തന്റെ ഉള്ളിലുള്ള ഇസ്ലാമോഫോബിയയെ ഇല്ലാതാക്കാനും കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
മുബാറക് മുണ്ടുമുഴി:പൊതുജനങ്ങൾക്കിടയിലും മാധ്യമങ്ങൾക്കിടയിലും എല്ലാം ഇസ്ലാമോഫോബിയ നിലനിൽക്കുന്നുണ്ട് എന്നതാണ്. നമ്മൾ ഏറെ പ്രതീക്ഷയോടെ കാണുന്ന ചില സാംസ്കാരിക നേതാക്കന്മാരുണ്ട്. പക്ഷേ ഈ അടുത്താണ് മനസ്സിലായത്, അത്തരം സാംസ്കാരിക നേതാക്കന്മാരും ഇതൊക്കെ പ്രചരിപ്പിച്ചു നടക്കുന്നവരാണെന്ന് ഞാൻ പറയുന്നത്, പു.ക.സ.യിൽ അടക്കം ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നു. അതും മുസ്ലിം സമുദായിക വിഷയങ്ങളിലോ ഇസ്ലാമിക അനുഷ്ഠാനങ്ങളിലോ ബന്ധമില്ലാത്ത കെ.ഇ.എൻ. കുഞ്ഞഹമ്മദ് , പി.കെ. പോക്കർ അടക്കം ഇസ്ലാമോഫോബിയക്കു ഇരയാകുന്ന സാഹചര്യത്തിൽ, നമ്മുടെ സാംസ്കാരിക ലോകത്തു പോലും ഇസ്ലാമോഫോബിയ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.ഈ പ്രശ്നം എങ്ങിനെയാണ് മനസ്സിലാക്കുന്നത്?
ബാബുരാജ് ഭഗവതി: ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ, ഇസ്ലാമോഫോബിയ എങ്ങനെയാണ് നമ്മുടെ നാട്ടിൽ ഡെവലപ്പ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം ഞാൻ സൂചിപ്പിക്കാം.
എന്തുകൊണ്ടാണ് ഇസ്ലാമോഫോബിയ ഇങ്ങനെ നിലനിൽക്കുന്നത് എന്ന് ചോദിക്കുമ്പോൾ പറയേണ്ടത്, ഇസ്ലാമോഫോബിക് ആയ ഒരു അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നതാണ്. അതായത്, വ്യാജയുക്തികളുടെയും വ്യാജവിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു അന്തരീക്ഷം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ ഉള്ളിലാണ് നമ്മൾ ജീവിക്കുന്നത്.ഒരു ഉദാഹരണം പറയാം.
സീൻ ഒന്ന്: 2026 ഏപ്രിൽ 21-ാം തീയതിയാണ് മുണ്ടത്തിക്കോട് എന്ന സ്ഥലത്ത് തൃശൂർ പൂരത്തിനിടെ ഒരു സ്ഫോടനം നടക്കുന്നത്. നിങ്ങൾക്കറിയാം, ഒരു വെടിക്കെട്ട് സ്ഫോടനം. പതിനാലുപേർ മരിച്ച ഒരു സ്ഫോടനമാണ് മുണ്ടത്തിക്കോട് സ്ഫോടനം.
സീൻ രണ്ട്: ഏപ്രിൽ 21-ാം തീയതി രാവിലെ ഗുരുവായൂർ അമ്പലത്തിൽ “ഈദ് മുബാറക്” എന്ന് എഴുതിയ ഒരു മിഠായി കടലാസ് കിട്ടുന്നു. അത് കിട്ടുന്നത് ഒരു തമിഴ് ഭക്തയ്ക്കാണ്. അവർ അത് ഒരു വാച്ച്മാനെ കൊണ്ടുകൊടുക്കുന്നു.വാച്ച്മാൻ നോക്കുമ്പോൾ, ഗുരുവായൂർ അമ്പലത്തിന്റെ പരിസരത്ത് നിന്ന് “ഈദ് മുബാറക്” എന്ന് എഴുതിയിട്ടുള്ള ഒരു മിഠായി കടലാസ് കിട്ടിയിരിക്കുന്നു. അവർ അന്വേഷണം നടത്തി: ആരാണ് “ഈദ് മുബാറക്” എന്ന് എഴുതിയിട്ടുള്ള കവറുള്ള മിഠായി അവിടെ ഇട്ടത്? അന്വേഷണം നടത്തി, ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
സീൻ മൂന്ന്: അന്ന് ഉച്ചയ്ക്ക് അമ്പലത്തിൽ വേറൊരു സ്ഥലത്ത് നിന്ന് താരിഖ് അൻവർ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരനെ കണ്ടെത്തുന്നു. അദ്ദേഹം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായി കാണുന്നു. പോലീസ് വന്ന് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകുന്നു. അന്വേഷണത്തിൽ നിന്ന് മനസ്സിലായ ഒരു കാര്യം എന്തെന്നാൽ, താരിഖ് അൻവർ കശ്മീരി സ്വദേശിയാണ്. അദ്ദേഹം കശ്മീരിൽ നിന്ന് എന്നോ മിസ് ആയ ഒരാളാണ്. അദ്ദേഹത്തെ കാണാനില്ലെന്ന് കശ്മീരിലെ ഒരു പോലീസ് സ്റ്റേഷനിൽ പരാതി ഉണ്ട്. ഇവർ അന്വേഷിച്ചപ്പോൾ അദ്ദേഹത്തെ കണ്ടെത്തി. കണ്ടെത്തിയപ്പോൾ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് മനസ്സിലായി. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹത്തെ തൃശ്ശൂരിൽ ആശുപത്രിയിലാക്കി. ഇതെല്ലാം തൃശ്ശൂരിൽ നടന്ന മൂന്ന് ഇൻസിഡന്റുകളാണ്. സത്യത്തിൽ ഈ മൂന്ന് ഇൻസിഡന്റുകളും സീനുകളും തമ്മിൽ ഒരു ബന്ധവുമില്ല.
എന്നാൽ ഇതൊരു ഇസ്ലാമോഫോബിക് പ്രചാരണമാക്കി മാറ്റി.
ആദ്യത്തെ പ്രചാരണം ഇങ്ങനെയാണ്: ബി. ഗോപാലകൃഷ്ണൻ എന്ന ബി.ജെ.പി. സ്ഥാനാർത്ഥി ഒരു നറേഷൻ ഉണ്ടാക്കുന്നു. “മിഠായി കടലാസ് യഥാർത്ഥത്തിൽ വിതരണം ചെയ്തത് താരിഖ് അൻവറാണ്. താരിഖ് അൻവർ വിതരണം ചെയ്ത മിഠായി കടലാസാണ് ആ ഭക്തിക്ക് ലഭിച്ചത്” എന്ന രീതിയിലുള്ള നറേഷൻ, രണ്ടു ദിവസത്തിനുശേഷം ബി.ജെ.പി. നേതാക്കളും ബി. ഗോപാലകൃഷ്ണനും ഉണ്ടാക്കുന്നു.
രണ്ടാമത്തെ പ്രചാരണം ഇങ്ങനെയാണ്: എപ്രിൽ 24-ാം തീയതി പുതിയൊരു നറേഷൻ ഡെവലപ്പ് ചെയ്യുന്നു. പുതിയ നറേഷൻ അനുസരിച്ച്, താരിഖ് അൻവർ താമസിച്ചിരുന്നത് പാഞ്ചജന്യം എന്ന ഗുരുവായൂർ അമ്പലത്തിന്റെ ഔദ്യോഗിക താമസ സൗകര്യത്തിലാണ്. ഗുരുവായൂർ അമ്പലത്തിന് കൗസ്തുഭം, പാഞ്ചജന്യം, മറ്റൊരു പേരിലുള്ള ഗസ്റ്റ് ഹൗസ് — ഇങ്ങനെ മൂന്ന് താമസ സൗകര്യങ്ങളുണ്ട്. അതിൽ ഒന്നിലാണ് താരിഖ് അൻവർ ദിവസങ്ങളായി താമസിച്ചിരുന്നത് എന്ന് പറയുന്നു. അത്തരം സ്ഥലത്ത് അമുസ്ലിംകൾക്കാണ് താമസിക്കാൻ അനുമതി. എന്നിട്ടും “ഐ.എസ്. ഏജന്റ് ആയ താരിഖ് അൻവർ എങ്ങനെയാണ് അവിടെ താമസിക്കാൻ ഇടയായത്?” എന്ന് എഴുതുന്നത് ശശികല ടീച്ചർ എന്നറിയപ്പെടുന്ന സംഘപരിവാർ നേതാവാണ്.അതിനുശേഷം അവർ മറ്റൊരു കാര്യം കൂടി പറയുന്നു: താരിഖ് അൻവർ താമസിച്ചിരുന്ന അതേ ദിവസമാണ് പൂരത്തിന്റെ വെടിക്കെട്ട് അപകടം നടന്നത്. അതിനിടയിൽ, മൂന്നാമതായി, ഈ വെടിക്കെട്ട് അപകടത്തെക്കുറിച്ച് മുൻ ഡി.ജി.പി. ആയ സെൻകുമാർ മറ്റൊരു നറേഷൻ ഉണ്ടാക്കിയിട്ടുണ്ട്.
ഒരുതരത്തിലും ബന്ധമില്ലാത്ത മൂന്ന് കാര്യങ്ങളെ ഒരാൾ മാത്രമല്ല, പലരും പല സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് പരസ്പരം ബന്ധിപ്പിക്കുകയും ഒരു നറേഷൻ സൃഷ്ടിക്കുകയും ചെയ്തു.
ഇവിടെ ഇരിക്കുന്ന ആരും അത് കേട്ടിട്ടില്ലായിരിക്കാം. കാരണം ആ നറേഷൻ അത്ര ശക്തമായി പ്രചരിച്ചില്ല. ഇപ്പോൾ ഞാൻ അതിന് നറേഷൻ ശക്തി കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്, നിങ്ങൾ അത് കേട്ടു. പക്ഷേ എല്ലാം അങ്ങനെയല്ല. ഏത് നറേഷനാണ് ശക്തിപ്പെടുക എന്നത് അത് ഉണ്ടാക്കുന്ന ആളുകൾക്ക് പോലും പലപ്പോഴും പറയാൻ കഴിയില്ല. ചില നറേഷനുകൾ ഒരു സമൂഹത്തിൽ വ്യാപകമായി പടർന്നുപിടിച്ചേക്കാം.
ഇവിടെ പരസ്പരം ബന്ധമില്ലാത്ത കുറേ കാര്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഇങ്ങനെയുള്ള നറേഷനുകളിലൂടെയാണ് ഒരു “സത്യം” ഉണ്ടാക്കിയെടുക്കുന്നത്. യഥാർത്ഥത്തിൽ അത് ഒരു നുണയാണ് എന്ന് നമുക്കറിയാം. പക്ഷേ ഈ നുണ എങ്ങനെയാണ് നിലനിൽക്കുന്നത്? ഈ നുണ ഒരു അന്തരീക്ഷത്തിനുള്ളിലാണ് നിലനിൽക്കുന്നത്. ഒരുപാട് നുണകൾ ഉൾപ്പെടുന്ന ഒരു എക്കോസിസ്റ്റമാണിത്. യഥാർത്ഥത്തിൽ ഫേക്ക് ന്യൂസുകളുടെയും ഫേക്ക് ഇൻഫർമേഷനുകളുടെയും ഒരു എക്കോസിസ്റ്റത്തിനുള്ളിലാണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. ഈ എക്കോസിസ്റ്റത്തെ പൊളിച്ച് ഒരാൾ പുറത്തുവരിക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതും വളരെ ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. കാരണം അത് നമ്മൾ ശ്വസിക്കുന്ന വായുപോലെ നമുക്ക് ചുറ്റുമുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലും ഇത് പ്രവർത്തിക്കുന്നു. നേരത്തെ ശ്രീ സുദേഷ് എം രഘു പറഞ്ഞ ഒരു കാര്യമുണ്ട്: “വർഗീയത” എന്ന വാക്ക്. നമ്മൾ ഒരു കാര്യത്തെ വിശേഷിപ്പിക്കുമ്പോൾ, അത് ചരിത്രത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് നമ്മുടെ ഉള്ളിലേക്ക് എത്തുന്നത്. ഒരാൾ ഒരു വാക്ക് പറയുമ്പോൾ, ആ വാക്ക് എന്താണ് കൺവേ ചെയ്യുന്നത് എന്ന് തീരുമാനിക്കുന്നത് ഇവിടെ നിലനിൽക്കുന്ന നറേഷനുകളുടെ ശക്തിയാണ്. ഈ നറേഷനുകളുടെ ശക്തി ഇല്ലാതാകണമെങ്കിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം ബദൽ നറേഷനുകൾ ഡെവലപ്പ് ചെയ്യുക മാത്രമാണ്. ഓരോ നിമിഷവും, റീൽസ് കാണുന്നതുപോലെ, നമുക്ക് ചുറ്റും പുതിയ പുതിയ കണക്ഷനുകൾ കയറി കയറി പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും പുതിയ കണക്ഷനുകൾ ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ കണക്ഷനിലും ആരൊക്കെയാണ് ഉൾപ്പെടുന്നത്, ആരൊക്കെയാണ് പുറത്താവുന്നത് എന്ന് നമുക്കറിയില്ല. അപ്പോൾ, നാം ഈ സംവിധാനത്തിനുള്ളിൽ ജീവിക്കുമ്പോൾ, ഇതിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് എളുപ്പത്തിൽ പറയാൻ കഴിയില്ല.
ഒരു ഉദാഹരണം കൂടി പറഞ്ഞിട്ട് ഞാൻ നിർത്താം. ഒരാളോട് “മതം” എന്ന് പറഞ്ഞാൽ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്ന മതം ഏതാണ് എന്ന് ചോദിച്ചാൽ, റോഡിൽ കാണുന്ന ഒരാളോട് ചോദിച്ചാൽ, നൂറുശതമാനം അയാൾ ആദ്യം പറയാൻ പോകുന്നത് മുസ്ലിംകളെക്കുറിച്ചായിരിക്കും, ഇസ്ലാമിനെക്കുറിച്ചായിരിക്കും.
അതിന് ഒരു കാരണമുണ്ട്. “ഹിന്ദു” എന്ന് പറഞ്ഞാൽ എന്താണെന്ന് ചോദിച്ചാൽ, ഒരു ഹിന്ദു എന്തായിരിക്കും പറയുക? “ഹിന്ദു ഒരു മതമാണോ?” എന്ന് ചോദിച്ചാൽ, അത് ഒരു സംസ്കാരമാണെന്ന് പറയും. ചിലർ അങ്ങനെയാണ് പറയുന്നത്. എന്നാൽ എന്തെങ്കിലും കാരണവശാൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ, ഉദാഹരണത്തിന് ഈ അടുത്ത് തിരഞ്ഞെടുപ്പിന് ശേഷം ഒരു നറേഷൻ ഉണ്ടായി: “ഹിന്ദുക്കൾക്ക് കാര്യമായ ഒന്നും കിട്ടിയില്ല, ആവശ്യമായ സീറ്റുകൾ കിട്ടിയില്ല” എന്ന രീതിയിലുള്ള നറേഷൻ. അപ്പോൾ അവർ “ഹിന്ദു” ആണ്. എന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമ്പോൾ അവർ പറയും: “അത് ഒരു സംസ്കാരത്തിന്റെ അവസ്ഥയാണ്.”
ഒരു വീട്ടിൽ നിന്ന് ഒരു സ്ത്രീ വീട്ടുകാരുടെ താൽപര്യമില്ലാതെ വിവാഹം കഴിച്ചുപോയാൽ, അതിനെ എതിർക്കുന്ന കുടുംബത്തെക്കുറിച്ച് എന്തായിരിക്കും പറയുക? ഹിന്ദു കുടുംബമാണെങ്കിൽ, “അവർ പിന്തിരിപ്പന്മാരാണ്, യാഥാസ്ഥിതികരാണ്” എന്ന് പറയും. എന്നാൽ മുസ്ലിം കുടുംബമാണെങ്കിൽ എന്തായിരിക്കും ഉപയോഗിക്കുന്ന വാക്ക്? “മതമൗലികവാദി” എന്നായിരിക്കും. മതത്തിന്റെ ഒരു സൂചനയോടുകൂടിയായിരിക്കും അത് പറയുക.
അപ്പോൾ മുസ്ലിം അല്ലെങ്കിൽ ഇസ്ലാം എന്ന് പറയുമ്പോൾ, “മതം” എന്ന കാര്യം നമ്മുടെ പൊതുധാരണയിൽ അധികമായി ചേർക്കപ്പെടുന്നു. ഇസ്ലാം ഒരു മതമാണ്; ഹിന്ദുവും ഒരു മതമാണ്. പക്ഷേ ഇസ്ലാമിന് മാത്രം “മതം” എന്നൊരു അധിക രൂപവും അധിക സ്വഭാവവും ഉള്ളതായി നമുക്ക് തോന്നുന്നു. അതേസമയം, ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആവശ്യത്തിന് അത് മതമായും ആവശ്യത്തിന് അത് സംസ്കാരമായും മാറിക്കളിക്കാനുള്ള സാഹചര്യമുണ്ട്. ഇത് ഒരു നറേഷനിലൂടെ ഉണ്ടാക്കിയതാണ്.
നറേഷനുകളുടെ ഉള്ളിലാണ് നാം ജീവിക്കുന്നത്. ഇതിൽ ഏത് നറേഷൻ ആണ് നാം സ്വീകരിക്കുന്നത് എന്നത് കുഴക്കുന്ന പ്രശ്നമാണ്. ഒരു മത്സ്യം വെള്ളത്തിൽ കിടക്കുന്നതുപോലെയാണ്. വെള്ളത്തിൽ കിടക്കുന്ന മത്സ്യത്തിന് ചുറ്റും വെള്ളമുണ്ട് എന്ന കാര്യം മനസ്സിലാകണമെങ്കിൽ അത് വെള്ളത്തിന് പുറത്തുവരണം. അതുവരെ വെള്ളം തന്നെ അതിന് ഒരു എക്കോസിസ്റ്റമാണ്. നാം ശ്വസിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയുന്നത് എപ്പോഴാണ്? മൂക്ക് കൊത്തി പിടിക്കുമ്പോഴാണ്. അതുവരെ നാം ശ്വസിക്കുന്നുണ്ടെന്ന് നാം അറിയുന്നില്ല. അതുപോലെ തന്നെയാണ് ഫേക്ക് ന്യൂസുകളുടെയും ഫേക്ക് ഇൻഫർമേഷനുകളുടെയും എക്കോസിസ്റ്റം. ഈ എക്കോസിസ്റ്റത്തിലാണ് നമ്മെപോലെ തന്നെ സാംസ്കാരിക നായകരും ജീവിക്കുന്നത്.ഇതിനെ തലകീഴാക്കി മറിച്ചാൽ മാത്രമേ സത്യങ്ങൾ പുറത്തുവരാൻ കഴിയൂ.
മുബാറക് മുണ്ടുമുഴി: കേരളത്തിൽ ഇസ്ലാമോഫോബിയ നിലനിൽക്കാൻ സാഹചര്യം വരുത്തിവെച്ചത് മുസ്ലിംകൾ തന്നെയാണ്; അത് അവരുടെ പ്രവർത്തനം കൊണ്ട് അവർ നേടിയെടുത്തതാണ് എന്ന് പറഞ്ഞുവെക്കുന്ന ചിലരുണ്ട്. അവർ പറയുന്നത്, പി.എഫ്.ഐ. പോലുള്ള സംഘടനകളുടെ അക്രമാസക്തമായ സ്വഭാവങ്ങളാണ് ഇതിന് കാരണം; അല്ലെങ്കിൽ എസ്.ഡി.പി.ഐ., പി.ഡി.പി. തുടങ്ങിയ സംഘടനകളുടെ എന്തിനെയും തൊട്ടുണർത്തുന്ന വൈകാരിക പ്രഭാഷണങ്ങളും എഴുത്തുകളും വായനകളും എല്ലാമാണ് കാരണം; അതിനപ്പുറത്തേക്ക്, മതരാഷ്ട്രവാദം പറയുന്ന ജമാഅത്തെ ഇസ്ലാമിയാണ് ഇതിനെല്ലാം കാരണക്കാരൻ എന്നൊക്കെയാണ്.
മാത്രമല്ല, ഇസ്ലാമോഫോബിയ വെറും ഒരു മറയാണ്; ന്യൂനപക്ഷ വർഗീയതയ്ക്ക് മുന്നോട്ടുപോകാനുള്ള ഒരു മറ മാത്രമാണ്; അതിനെ മറയാക്കിയിട്ടാണ് അവർ അവരുടെ ന്യൂനപക്ഷ വർഗീയത പ്രചരിപ്പിക്കുന്നത്; ഇസ്ലാമോഫോബിയക്കെതിരെ നിലപാട് എടുക്കുന്നവർ ഇത്തരം പാർട്ടികളുടെയും സംഘടനകളുടെയും ഫണ്ടിന്റെ ആളുകളാണ്; അവരിൽ നിന്ന് പണം ലഭിച്ചിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരുന്നത് — എന്നെല്ലാം പറയുന്നവരോട് നാം എങ്ങിനെയാണ് പ്രതികരിക്കുന്നത്?
സുദേഷ് എം രഘു:അവരോട് എന്ത് പ്രതികരിച്ചാലും അവർ മാറില്ല. കാരണം അതാണ് അവരുടെ അജണ്ട. 2020 മുതൽ 2025 വരെ ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകൾ മാത്രം എടുത്താൽ ഭൂരിപക്ഷവും ഇസ്ലാമോഫോബിയയെക്കുറിച്ചാണ്. വേറൊരു വിഷയം കൊടുത്തിട്ടില്ല. ഞാൻ വെറുതെ സമാഹരിച്ച് എന്റെ അടുത്ത് വെച്ചിരിക്കുന്നു. (പുസ്തകത്തിന്റെ കോപ്പി എടുത്തു കാണിക്കുന്നു). ഇവ നോക്കിയാൽ വസ്തുതാപരമല്ലാത്ത ഒരു കാര്യവും ഞാൻ അതിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. പൂർണ്ണമായും വസ്തുതകളാണ്. ഒരാൾക്കും അത് കണ്ടിക്കാൻ പറ്റില്ല. വസ്തുത വെച്ച് ഒരു സംഗതിയും നിഷേധിക്കാൻ പറ്റില്ല.
പക്ഷേ അവർ പറയും. അവർക്ക് പറയാനുള്ള ആകെയുള്ള ആരോപണം എന്താണ്? “മൗദൂദികളുടെ ഫണ്ട് മേടിച്ച് ചെയ്യുന്നതാണ്”, അല്ലെങ്കിൽ “സുഡാപ്പികളുടെ ഫണ്ട് മേടിച്ച് ചെയ്യുന്നതാണ്” എന്നതാണ്. വേറൊന്നും അവർക്ക് പറയാനില്ല. ഇതൊരൊറ്റ ആരോപണം മാത്രമാണ്. അപ്പോൾ അവരോട് നമുക്ക് എന്താണ് പറയാനുള്ളത്? ഒന്നും പറയാനില്ല. അവർക്ക് വസ്തുതകൾ വെച്ച് മറുപടി പറയാൻ കഴിയാത്തതുകൊണ്ടുള്ള ഒരു ഒഴിവുകഴിവാണ് ഇത്.
ഇത് സംഘികൾ മാത്രമല്ല. പലപ്പോഴും മറ്റു വിഭാഗത്തിൽപ്പെട്ട ആളുകളും ഇങ്ങനെ പറയാറുണ്ട്. പ്രത്യേകിച്ച് ഭരണകൂടവുമായി ബന്ധപ്പെട്ടാൽ അത് പ്രധാനപ്പെടും. ഇപ്പോൾ ഇടതുപക്ഷം ഭരിക്കുകയാണെങ്കിൽ, ഭരണകൂട ഇസ്ലാമോഫോബിയ നിലനിൽക്കുന്നതുകൊണ്ട് തന്നെ ഇടതുപക്ഷത്തുള്ള ആളുകൾ ശക്തമായ രീതിയിൽ പറയും. ഇനി യു.ഡി.എഫ്. ഭരിക്കുമ്പോൾ യു.ഡി.എഫിന്റെ ആളുകളും പറയാൻ സാധ്യതയുണ്ട്. അവരും പറയും: “ഇത് ഫണ്ട് മേടിച്ച് ചെയ്യുന്നതാണ്” എന്നൊക്കെ.
ഒറ്റക്കൊറ്റയ്ക്കും ഇങ്ങനെ പറയുന്നുണ്ട്. അതാണ് അതിന്റെ ഒരു സ്വഭാവം.
മുസ്ലിംകളിൽ എസ്.ഡി.പി.ഐ. ഉണ്ടോ, പി.എഫ്.ഐ. ഉണ്ടോ, ജമാഅത്തെ ഇസ്ലാമി ഉണ്ടോ, സുന്നികളിൽ സമസ്തയുടെ ഇ.കെ. വിഭാഗം ഉണ്ടോ, എ.പി. വിഭാഗം ഉണ്ടോ, മുജാഹിദുകൾ ഉണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് എത്രപേർക്ക് അറിയാം? മുസ്ലിംകൾക്ക് തന്നെ എത്രപേർക്കറിയാം? പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ല. ബാക്കിയുള്ള ആളുകളെ സംബന്ധിച്ച് എല്ലാവരും മുസ്ലിംകളാണ്. “സുഡാപ്പി” എന്ന വാക്കിനെക്കുറിച്ച് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഉണ്ട്. പലപ്പോഴും ആളുകൾ ചെയ്യുന്ന കമന്റുകളിൽ, മുസ്ലിംകളുമായി ബന്ധപ്പെട്ട കമന്റുകളിൽ, “ഇവൻ സുഡാപ്പിയാണ്” എന്ന് പറയുന്നത്, “ഇവൻ മുസ്ലിം ആണ്” എന്ന അർത്ഥത്തിലാണ്. അല്ലാതെ എസ്.ഡി.പി.ഐക്കാരൻ എന്ന അർത്ഥത്തിലല്ല. അവർക്ക് എസ്.ഡി.പി.ഐ. ആരാണെന്ന് പോലും അറിയാമെന്നില്ല. മുസ്ലിം എന്നതിന് പര്യായമായിട്ടാണ് “സുഡാപ്പി” എന്ന വാക്ക് ഉപയോഗിക്കുന്നത്. അത്തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.
ഒരു വിദ്യാർത്ഥി, ഏറ്റവും ടോപ്പർ ആയ ഒരു വിദ്യാർത്ഥി, ഒരു അവാർഡ് വാങ്ങുന്നതിന്റെ അടിയിൽ വരുന്ന കമന്റുകൾ വായിച്ചാൽ തന്നെ ഇത് കാണാം. “ഇവൾ ഇനി നാളെ ജിഹാദി ആവുമോ?”, “മൗദൂദി ആവുമോ?”, “അതിനുവേണ്ടിയാണോ ഇത് കൊടുക്കുന്നത്?” എന്നൊക്കെയാണ് പറയുന്നത്. അങ്ങനെ “മൗദൂദി”, “ജിഹാദി” എന്നൊക്കെ പല രീതിയിൽ ഉപയോഗിക്കും.
അതിന്റെ വേറൊരു തന്ത്രം എന്താണെന്ന് പറഞ്ഞാൽ, ഒരു വിഭാഗം ആളുകൾ ആസൂത്രിതമായി ഉപയോഗിക്കുന്ന ഒരു കാര്യമാണ്: ഒരു വിഭാഗം മുസ്ലിംകൾ “ബാഡ്” ആണ്; മറ്റൊരു വിഭാഗം മുസ്ലിംകൾ “ഗുഡ്” ആണ് എന്ന് വരുത്തുക. ഈ “ഗുഡ്” “ബാഡ്” എന്ന പദവി എപ്പോഴും മാറും. തൽക്കാലത്തേക്ക് ഒരു വിഭാഗത്തെ “ബാഡ്” ആക്കും. അടുത്ത സന്ദർഭത്തിൽ, അവർ “ഗുഡ്” ആയി നിൽക്കുന്ന ആളുകൾ “ബാഡ്” ആകും.
ഉദാഹരണത്തിന്, മുസ്ലിം ലീഗിന്റെ കാര്യം മാത്രം പരിശോധിച്ചാൽ മതി. എന്റെ ഓർമ്മയിൽ, ഞാൻ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുമ്പോൾ മുസ്ലിം ലീഗ് ഒരു “വർഗീയ പാർട്ടി” എന്ന നിലയിലാണ് ഇടതുപക്ഷക്കാരൊക്കെ പ്രചരിപ്പിച്ചിരുന്നത്. അന്ന് എസ്.ഡി.പി.ഐ. ഇല്ല. വെൽഫെയർ പാർട്ടി ഇല്ല. ഐ.എൻ.എൽ. ഇല്ല. പി.ഡി.പി. ഒന്നുമില്ല.
അത്തരം മുസ്ലിം രാഷ്ട്രീയ കക്ഷികൾ ഒന്നും ഇല്ലാത്ത കാലത്ത്, മുസ്ലിം ലീഗ് മാത്രമായിരുന്നു പ്രധാനമായിരുന്ന ഒരു സന്ദർഭത്തിൽ, മുസ്ലിം ലീഗിനെക്കുറിച്ച് പൊതുസമൂഹത്തിനകത്തുള്ള പ്രചാരണം അത് ഒരു വർഗീയ പാർട്ടി ആണെന്നായിരുന്നു. ഇപ്പോഴും ലീഗിനെതിരെ ഇടയ്ക്കിടെ “വർഗീയ പാർട്ടി” എന്ന് പറയുമെങ്കിലും, അവർ അതിൽ നിന്ന് കുറച്ച് രക്ഷപ്പെട്ടത് എങ്ങനെയാണ്? എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും പി.ഡി.പി.യും ഐ.എൻ.എലും വന്നപ്പോൾ. ഇനി ഇതെല്ലാം മാറി മറ്റൊരു പാർട്ടി വന്നാൽ, ചിലപ്പോൾ ഇവരും രക്ഷപ്പെട്ടേക്കാം. അത്രേ ഉള്ളൂ കാര്യം. ഇങ്ങനെ ഓരോ സംഘടനയെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കും.
എ.പി. വിഭാഗം സമസ്തയെ കുറിച്ച് ആലോചിച്ചു നോക്കൂ. പലരും അവരെ “അരിവാൾ സുന്നികൾ” എന്നൊക്കെ ആക്ഷേപിക്കാറുണ്ട്. എന്നാൽ അവരെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് പൊതുവിൽ അനുകൂല നിലപാട് മാത്രമാണെന്ന് പറയാൻ കഴിയില്ല. പിണറായി വിജയൻ തന്നെ കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരെ രൂക്ഷമായ രീതിയിൽ വിമർശിച്ചിട്ടുണ്ട്. പലപ്പോഴും അവർക്കെതിരെപോലും സി.പി.എം. നേതാക്കന്മാരിൽ നിന്ന് ഇസ്ലാമോഫോബിക് എന്ന് പറയാവുന്ന രീതിയിലുള്ള പരാമർശങ്ങൾ വിവിധ സന്ദർഭങ്ങളിൽ വന്നു.
വാസ്തവത്തിൽ, മുസ്ലിം എന്നൊരു വിഭാഗം വാസ്തവത്തിൽ ഏകസ്വഭാവമുള്ള ഒരു വിഭാഗമല്ല. പക്ഷേ മുസ്ലിംകളെതിരായി ഒരു വലിയ ‘ഹേറ്റ്’ അവർ ഉണ്ടാക്കി എടുത്തിട്ടുണ്ട്. അത് ഏത് വിഭാഗത്തെക്കുറിച്ചാണെന്നത് വിഷയമല്ല.അങ്ങനെ അതിന്റെ ഭാഗമായിട്ടാണ് ഈ പ്രചാരണങ്ങൾ നടത്തുന്നത്. എന്നാൽ വസ്തുതയും സത്യവും പറയുന്ന ആളുകളെ, പ്രത്യേകിച്ച് മുസ്ലിംകൾ അല്ലാത്ത ആളുകളെ, സ്വാഭാവികമായി അവർ ആക്രമിക്കും. പൊതുവിൽ ആളുകൾ കരുതുന്നത് മുസ്ലിംകൾ വർഗീയവാദികളാണ്, അതുപോലെതന്നെ തീവ്രവാദികളാണ്, ജിഹാദികളാണ്, കുഴപ്പക്കാരാണ്, ക്രിമിനലുകളാണ്, എല്ലാ കുറ്റങ്ങളുടെയും പുറകിലും മുസ്ലിംകളാണ് എന്നൊക്കെയുള്ള പൊതുബോധം നിലനിൽക്കുന്ന ഒരു സമൂഹത്തിനകത്താണ് നാം ജീവിക്കുന്നത്. മുസ്ലിംകൾ എവിടെയും ബോംബ് വെക്കുന്ന ആളുകളാണ്, എല്ലാ ബോംബ് സ്ഫോടനങ്ങൾക്കും പിന്നിൽ അവർ തന്നെയാണ്, എല്ലാ തീവ്രവാദികളും മുസ്ലിംകളാണ് എന്ന രീതിയിലുള്ള പ്രചാരണത്തിനാണ് ഇവിടെ വലിയ സ്വാധീനം ഉള്ളത്.
അങ്ങനെയുള്ള ഒരു സമൂഹത്തിൽ, “അല്ല, മുസ്ലിംകളുടെ ഭാഗത്ത് ന്യായമുണ്ട്; മുസ്ലിംകൾ പറയുന്നതിൽ സത്യമുണ്ട്; മുസ്ലിംകൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ വ്യാജങ്ങളാണ്; അത് നുണയാണ്; വസ്തുതകൾ ഇതാണ്” എന്ന് പറഞ്ഞ് ഒരാൾ വന്നാൽ, സ്വാഭാവികമായും അവർ കരുതുന്നത് ഒന്നുകിൽ ഇയാൾക്ക് തലക്ക് സുഖമില്ല, അല്ലെങ്കിൽ ഇയാൾ മനോരോഗിയാണ്, അല്ലെങ്കിൽ ഇയാൾ ഫണ്ട് വാങ്ങിയാണ് ഇതെല്ലാം പറയുന്നത് എന്നായിരിക്കും. അവരെ നമുക്ക് അങ്ങനെ മാറ്റാൻ പറ്റില്ല. പക്ഷേ നാം നമ്മുടെ പ്രചാരണങ്ങൾ സത്യസന്ധമായി തുടർന്നുകൊണ്ടിരിക്കുക എന്നതാണ് ചെയ്യേണ്ടത്. നേരത്തെ പറഞ്ഞതുപോലെ, കുറച്ച് ആളുകൾ ഇത് മനസ്സിലാക്കി വരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. നമ്മുടെ പ്രചാരണം നമുക്ക് തുടർന്നുകൊണ്ടിരിക്കുക. അവരുടെ ആരോപണങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു — അത്രയേ പറയാനുള്ളൂ.
മുബാറക് മുണ്ടുമുഴി:കേരളത്തിൽ വളരെ സവിശേഷമായി മുസ്ലിം വിരുദ്ധതയും മുസ്ലിം വംശീയതയും ഇസ്ലാമോഫോബിക് കണ്ടന്റും ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു പ്രാദേശിക സമൂഹമാണ് മലബാർ പ്രദേശം. മലപ്പുറത്തിന്റെ സകല നീക്കങ്ങളും വളരെ എണ്ണയിട്ട് യന്ത്രം പോലെ സൂക്ഷിച്ചുനോക്കപ്പെടുന്നു. പാലക്കാട് ബോർഡറിനപ്പുറത്ത് ഒരു ആന ചെരിഞ്ഞാൽ പോലും അത് മലപ്പുറത്തിന്റെ മേൽ ആരോപിക്കപ്പെടുന്നു. “മലപ്പുറത്ത് ഒരു ആന ചെരിഞ്ഞു” എന്ന രീതിയിലാണ് അത് പറയപ്പെടുന്നത്.
മലപ്പുറത്തു നിന്നുണ്ടാകുന്ന വാർത്തകൾക്ക് പോലും സവിശേഷമായ സ്വഭാവമുണ്ട് എന്ന് ഞാൻ കരുതുന്നു. കാരണം മലപ്പുറത്ത് ഒരു വാർത്ത ഉണ്ടായാൽ അതിന്റെ തലക്കെട്ടിൽ “മലപ്പുറം” എന്ന വാക്കാണ് വരുക. അത് ചെമ്മാടിയിൽ നടന്നതാകാം, പരപ്പനങ്ങാടിയിൽ നടന്നതാകാം, തിരൂരങ്ങാടിയിൽ നടന്നതാകാം. പക്ഷേ “മലപ്പുറം” എന്ന ടാഗ് ലൈനിലാണ് ആ വാർത്ത സൃഷ്ടിച്ചെടുക്കുന്നത്. മലപ്പുറം എന്തുകൊണ്ടാണ് പ്രത്യേകമായി ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ കേന്ദ്രമായി മാറുന്നത്? മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലുള്ള കാര്യം എന്തായിരിക്കും?
ബാബുരാജ് ഭഗവതി: മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള ഇസ്ലാമോഫോബിയ എന്ന് പറയുന്നത് സത്യത്തിൽ മലപ്പുറത്തെ കുറിച്ച് മാത്രമാണെന്ന് നമുക്ക് തോന്നുന്നത്, നമ്മുടെ പരിചയത്തിൽ അത് കൂടുതൽ ഉള്ളതുകൊണ്ടാണ്. യഥാർത്ഥത്തിൽ, നമ്മുടെ അന്വേഷണത്തിൽ കേരളത്തിലെ നിരവധി പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഇസ്ലാമോഫോബിയ ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതിനെ നാം ‘ഭൂമിശാസ്ത്രപരമായ ഇസ്ലാമോഫോബിയ’ എന്ന് പേരിട്ട് വിളിക്കുന്നു.
ഒന്ന് കാസർഗോഡാണ്. കാസർഗോഡ് എന്ന് പറയുന്നത് എന്തിന്റെ കേന്ദ്രമാണ് എന്ന് നിങ്ങൾക്കറിയാം — കള്ളക്കടത്തിന്റെ കേന്ദ്രം, കുറ്റവാളികളുടെ കേന്ദ്രം, അങ്ങനെ പലതരത്തിലുള്ള കാര്യങ്ങളുടെ കേന്ദ്രമായി ഡെവലപ്പ് ചെയ്തുവന്ന സ്ഥലമാണ് കാസർഗോഡ്.
മറ്റൊരു പ്രദേശം ഈരാറ്റുപേട്ടയാണ്. ഈരാറ്റുപേട്ടയെക്കുറിച്ച് ഈ കഴിഞ്ഞ ദിവസങ്ങൾ വരെ വലിയ രീതിയിലുള്ള ആഖ്യാനങ്ങളുണ്ടായി. അത് കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ്, അവിടെ പ്രത്യേകിച്ച് ഒരു പോലീസ് സ്റ്റേഷൻ വേണം, ഭീകരവിരുദ്ധ കേന്ദ്രം വേണം, ടെററിസ്റ്റ് കൺട്രോളിന് വേണ്ടി പ്രത്യേക സംവിധാനങ്ങൾ വേണം എന്നൊക്കെയായിരുന്നു ആഖ്യാനം. നിങ്ങൾ എല്ലാവർക്കും അറിയാമായിരിക്കും, അവിടെ ഒരു സിവിൽ സ്റ്റേഷൻ തുടങ്ങാൻ വേണ്ടി സ്ഥലം ചോദിച്ചു. സ്ഥലം സർക്കാരിന്റെ കയ്യിലായിരുന്നു, ആഭ്യന്തര വകുപ്പിന്റെ കയ്യിൽ. എസ്.പി.യോട് ചോദിച്ചു, സ്ഥലം തരാമോ എന്ന്. എസ്.പി. പറഞ്ഞു: തരാൻ പറ്റില്ല; ഞങ്ങൾക്ക് ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങാൻ സ്ഥലം വേണം. കാരണം ഈരാറ്റുപേട്ട കേരളത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന അപകടം പിടിച്ച സ്ഥലമാണ്; ഒരുപാട് ഭീകരവാദികളും തീവ്രവാദികളും ഇവിടെ ഉണ്ട് എന്ന രീതിയിൽ കുറേ കണക്കുകളും കൊടുത്തു. അവസാനം അത് വലിയ കേസായി. പിന്നീട് അതിൽ നിന്ന് പിന്നോട്ടുപോകേണ്ടിവന്നു. ഈ അടുത്ത് ഒരു കാർ ആക്സിഡന്റ് ഉണ്ടായപ്പോഴും ഇതേ രീതിയിലുള്ള കാര്യങ്ങൾ സംഭവിച്ചതായി നമുക്കറിയാം.
ഈരാറ്റുപേട്ടയെ പോലെ തന്നെ ആഖ്യാനം ചെയ്യപ്പെടുന്ന മറ്റൊരു സ്ഥലമാണ് ആലപ്പുഴ. ആലപ്പുഴയിൽ എച്ച്. സലാം എന്ന സി.പി.എം. നേതാവിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ എന്നറിയില്ല. ആ സി.പി.എം. നേതാവിനെക്കുറിച്ചുള്ള ആരോപണം എന്താണ്? അദ്ദേഹം മുസ്ലിം ആണ്, അദ്ദേഹം സുഡാപ്പികളുടെ, എസ്.ഡി.പി.ഐയുടെ പ്രതിനിധിയാണ്. അദ്ദേഹം സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണം, അദ്ദേഹം സി.പി.എം. പ്രതിനിധിയല്ല, സുഡാപ്പികളുടെ പ്രതിനിധിയാണ് എന്നതാണ്. അത് പറയുന്നത് ആരൊക്കെയാണ്? ഈയടുത്ത് യു.ഡി.എഫിന്റെ ഭാഗമായ സുധാകരൻ അടക്കം പറഞ്ഞthu ഓർമ്മയുണ്ട്.
അങ്ങനെ ആലപ്പുഴയും ഒരു പ്രത്യേക രീതിയിൽ ഡെവലപ്പ് ചെയ്ത സ്ഥലമാണ്.
മറ്റൊരു സ്ഥലമാണ് മട്ടാഞ്ചേരി. “മട്ടാഞ്ചേരി മാഫിയ” എന്നൊരു സിനിമ ഉണ്ടല്ലോ, പുതുതായി വരുന്നത്. മട്ടാഞ്ചേരി മാഫിയ എന്ന വാക്കിന്റെ ചരിത്രം തന്നെ ഞങ്ങൾ എഴുതിയിട്ടുണ്ട്. എങ്ങനെയാണ് “മട്ടാഞ്ചേരി മാഫിയ” എന്ന വാക്ക് ഡെവലപ്പ് ചെയ്തത് എന്ന്. കേരളത്തിലെ സിനിമാ വ്യവസായത്തിൽ എല്ലാ കാലത്തും മുസ്ലിംകളുടെ പങ്ക് വളരെ വലുതാണ്. “ചെമ്മീൻ” എന്ന സിനിമയിലെ പരീക്കുട്ടി, കൺമണി ബാബു — പഴയകാലത്ത് സ്വർണമെഡൽ കിട്ടിയ സിനിമകൾ എടുത്തിട്ടുള്ള അത്തരത്തിലുള്ള ആളുകൾ — മുസ്ലിംകളാണ്. അതുപോലെ മാമുക്കോയയെ പോലെയുള്ള നടന്മാർ, ഇതൊക്കെ മുസ്ലിംകളാണ്. മുസ്ലിംകൾ ഇതുവരെയും മലയാള സിനിമയിൽ വലിയൊരു ഭാഗമായിരുന്നു. പക്ഷേ ആദ്യമായിട്ടാണ് “മട്ടാഞ്ചേരി മാഫിയ” എന്ന വാക്ക് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. അത് ആഷിഖ് അബുവിനെതിരെയാണ് വന്നത്. എന്തായിരിക്കും കാരണം? ആഷിഖ് അബു മുസ്ലിം വിഷയങ്ങൾ വേറൊരു തരത്തിൽ പറയാൻ ശ്രമിച്ചു. അതുപോലെ മലപ്പുറവുമായി ബന്ധപ്പെട്ട സിനിമകൾ വന്നു. “കെ എൽ 10 പത്ത് ” പോലുള്ള സിനിമകൾ വന്നു. അതിനുശേഷം “സുഡാനി ഫ്രം നൈജീരിയ” വന്നു. അങ്ങനെ കുറേ സിനിമകൾ വന്നു. അപ്പോഴാണ് ഇതിൽ ഒരു “സുഡാപ്പി-മൗദൂദി എലമെന്റ്” ഉണ്ടെന്ന് പ്രചാരണം തുടങ്ങുന്നത്.അങ്ങനെ പതുക്കെ അത് ആഷിഖ് അബുവിലേക്ക് വന്നു. ആഷിഖ് അബു മട്ടാഞ്ചേരിക്കാരനാണ്. ഉടനെ അതിനെ കണക്ട് ചെയ്ത്, മലയാള സിനിമയെ മുഴുവൻ നിയന്ത്രിക്കുന്നത് മട്ടാഞ്ചേരി മാഫിയയാണ് എന്ന ആഖ്യാനം ഡെവലപ്പ് ചെയ്തു. “അൻവർ” എന്ന സിനിമ — ഞാൻ ഈയടുത്ത് വീണ്ടും രാത്രി രണ്ട് മണിക്ക് കണ്ട സിനിമയാണ് — അതിലും മട്ടാഞ്ചേരിയെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങളുണ്ട്. അങ്ങനെ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നു.
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം: എല്ലായ്പ്പോഴും ഇത് ഒരേപോലെയല്ല നടക്കുന്നത്. പുറത്തുനിന്ന് നമുക്ക് ഒരേപോലെ തോന്നാം. പക്ഷേ ഒരേപോലെയല്ല.
മലപ്പുറത്തിന്റെ പേരിൽ ഇസ്ലാമോഫോബിയ എങ്ങനെയാണ് ഡെവലപ്പ് ചെയ്തുവന്നിട്ടുള്ളത് എന്ന് ഞങ്ങൾ ചരിത്രപരമായി പരിശോധിച്ചിട്ടുണ്ട്. ആദ്യമായി, മലബാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മലപ്പുറത്തേക്ക് ഒപ്പിച്ചുവയ്ക്കുകയാണ് ചെയ്തത്. മലബാർ എന്നത് പല പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നതാണ്. മലബാറിൽ നടന്ന എല്ലാ കാര്യങ്ങളും മലപ്പുറത്താണോ നടന്നത്? അല്ല. പല സ്ഥലങ്ങളുണ്ട്, പല പ്രദേശങ്ങളുണ്ട്. പക്ഷേ മലബാറിനെക്കുറിച്ചുള്ള എല്ലാ നറേഷനും മലപ്പുറത്തിലേക്ക് കയറ്റിവയ്ക്കുകയാണ് ചെയ്തത്.
ഇത് ഇസ്ലാമോഫോബിയയുമായി എങ്ങനെ ഫിറ്റ് ആകുന്നു? അതിന് ഫിറ്റ് ആവേണ്ട കാര്യമില്ല. അത് അങ്ങനെ പറഞ്ഞാൽ മതി. നമുക്ക് മനസ്സിലാകും, അവർക്ക് മനസ്സിലാകും. അത്രയാണ് ആവശ്യം. അതാണ് ആഖ്യാനത്തിന്റെ ശക്തി. മലപ്പുറത്തെക്കുറിച്ച് കള്ളക്കടത്തിന്റെ നറേഷൻ ഡെവലപ്പ് ചെയ്യുന്നു. മലപ്പുറത്തുകാർ എന്നു പറഞ്ഞാൽ കള്ളക്കടത്തുകാർ എന്നൊരു ധാരണ 70 കളിൽ തന്നെ വികസിച്ചു. അക്കാലത്ത് തന്നെ ഗൾഫുകാരുടെ മലപ്പുറത്തെക്കുറിച്ച്, ഗൾഫും മലപ്പുറവും തമ്മിലുള്ള ബന്ധത്തെ ഇസ്ലാമോഫോബിക് ആയി ഉപയോഗിച്ചതിന്റെ ചരിത്രം ഞങ്ങൾ എഴുതിയിട്ടുണ്ട്. കള്ളക്കടത്തിന്റെ ചരിത്രവും ഞങ്ങൾ എഴുതിയിട്ടുണ്ട്.
പിന്നീട് എയർപോർട്ടുമായി ബന്ധപ്പെട്ട്, ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നതുമായി ബന്ധപ്പെട്ട്, മലദ്വാരത്തിലൂടെ സ്വർണം കടത്തുന്ന കഥകൾ — “മലദ്വാർഗോഡ്” എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാവും — അത്തരത്തിലുള്ള ആഖ്യാനങ്ങൾ ഡെവലപ്പ് ചെയ്യപ്പെട്ടു. മലബാറും മലപ്പുറവും ചേർത്താണ് ഇത്. ഇങ്ങനെ ഘട്ടം ഘട്ടമായിട്ടാണ് ഇത് വളർന്നത്. ഇന്ത്യക്ക് പുറത്തുള്ള ഒരു ട്രാവലോഗിൽ മലപ്പുറത്ത് അങ്ങനെ ചെയ്യാറുണ്ടെന്ന് ഇങ്ങിനെ ചെയ്യാറുണ്ട് എന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ പുതുതല്ല. 1970-കളിൽ തന്നെ മലയാള സാഹിത്യത്തിൽ ശരീരത്തിനുള്ളിൽ സ്വർണം കടത്തുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ വന്നിട്ടുണ്ട്.
അങ്ങനെ ഓരോ ഘട്ടത്തിലൂടെ പോയി, 1980-കളിൽ മലപ്പുറത്തെക്കുറിച്ച് വേറൊരു നറേഷൻ ഉണ്ടായി. ആദ്യം കള്ളക്കടത്ത് നറേഷൻ വന്നു. അത് ഗൾഫുമായി ബന്ധപ്പെട്ടായിരുന്നു. അതിന് ശേഷം മലപ്പുറക്കാർ മൊത്തത്തിൽ കുഴപ്പക്കാരാണ്, മലപ്പുറം മതേതരമായി ദുർബലമായ പ്രദേശമാണ് എന്നൊരു നറേഷൻ ഉണ്ടായി.എം. എം. നാരായണൻ എന്ന സി.പി.എം. നേതാവ് ഒരു പുസ്തകത്തിൽ മലപ്പുറത്തെക്കുറിച്ച് “മതേതര ദുർബല പ്രദേശം” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട് (അദേഹം പിന്നീടത് നിഷേധിച്ചു).
അപ്പോൾ മലപ്പുറം മതേതരത്വത്തിന് എതിരാണ് എന്ന് പറയാൻ എന്തൊക്കെയാണ് ഉദാഹരണങ്ങൾ? അവിടെ പട്ടിയെ വെട്ടി പഠിക്കാറുണ്ട്; തിയേറ്ററുകൾ കത്തിക്കാറുണ്ട്. ഞാൻ തിയേറ്ററുകൾ കത്തിച്ചതിന്റെ കണക്കുകൾ നോക്കിയിട്ടുണ്ട്. പന്ത്രണ്ട് തിയേറ്ററുകൾ കത്തി എന്നാണ് പറയുന്നത്. പന്ത്രണ്ട് തിയേറ്ററുകൾ കത്തിയിട്ടില്ല. ഞങ്ങൾ തിയേറ്ററുകൾ കത്തിയ സ്ഥലങ്ങളിലെ ആളുകളെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. തിയേറ്റർ കത്തിയിട്ടുണ്ട്. പക്ഷേ ആദ്യത്തെ തിയേറ്റർ കത്തിച്ചത് സി.പി.എം.ക്കാരുടേതാണ് — അങ്ങനെ ഒരു തമാശയും ഉണ്ട്. ഞങ്ങൾ അവിടുത്തെ പല ആളുകളെയും നേരിട്ട് കണ്ടു. എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരാളുടെ അമ്മാവന്റെ തിയേറ്ററാണ് ആദ്യം കത്തിയത്. അദ്ദേഹം തന്നെയാണ് പറഞ്ഞത്: “എന്റെ മാമയുടെ തിയേറ്ററാണ് ആദ്യം കത്തിയത്.” അതിന് മുസ്ലിംകൾ കത്തിച്ചു എന്നൊക്കെ പറഞ്ഞിരുന്നു. ഇതിനൊന്നും തെളിവ് ആവശ്യമില്ല.
അങ്ങനെ ഒരു നറേഷൻ ഉണ്ടായി: മലപ്പുറം സംഗീതത്തിനും സിനിമക്കും എതിരാണ്. മലപ്പുറം എന്ന് കേൾക്കുമ്പോൾ നമുക്ക് പെട്ടെന്ന് തോന്നുന്ന തരത്തിൽ ഒരു നറേഷൻ ഉണ്ടാക്കി — മലപ്പുറക്കാർ കള്ളക്കടത്തുകാർ, കരിഞ്ചന്തക്കാർ, അക്രമികൾ, സിനിമക്കെതിരായ ആളുകൾ, വയലൻസിന്റെ ആളുകൾ. പട്ടികളെ വെട്ടി പഠിക്കുന്നവർ. പാട്ടിനെതിരെ, സിനിമക്കെതിരെ, സംഗീതത്തിനെതിരെ, മതേതരത്വത്തിനെതിരെ നിൽക്കുന്നവർ.
ഇസ്ലാമോഫോബിയയുടെ പ്രത്യേകത ഇതാണ്: അത് ഒരു സ്ഥലത്ത് നിൽക്കുന്നില്ല. അത് പുതുക്കിക്കൊണ്ടേയിരിക്കും. അതിൽ പുതിയ പുതിയ കാര്യങ്ങൾ ചേർത്തുകൊണ്ടിരിക്കും. ഒരു നറേഷൻ തോറ്റുകഴിഞ്ഞാൽ, അതിനെ ഒന്ന് മാറ്റിനിർത്തി പുതിയ നറേഷൻ ഉണ്ടാക്കും. ഞങ്ങൾ ശ്രദ്ധിച്ചിട്ടുള്ള കാര്യം ഇതാണ്: 1970-ൽ ഉണ്ടാകുന്ന ഒരു നറേഷൻ അന്ന് നിന്നുപോകും. പക്ഷേ 2020-ൽ അതേ നറേഷൻ വീണ്ടും തിരിച്ചുവരും. അതായത് ഇസ്ലാമോഫോബിയ ഒരിക്കലും മരിക്കുന്നില്ല. അതിന്റെ ശക്തി ചോർന്നുപോയാലും, മറ്റൊരു സന്ദർഭത്തിൽ ഫീനിക്സ് പക്ഷിയെപ്പോലെ അത് ഉയർത്തെഴുന്നേൽക്കും. അതാണ് ആഖ്യാനത്തിന്റെ പ്രത്യേകത.
മുബാറക് മുണ്ടുമുഴി : ഞങ്ങൾ തമ്മിലുള്ള സംഭാഷണം ഇവിടെ അവസാനിക്കുകയാണ്. ഇനി കേട്ടിരുന്നവർക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം.
സദസ്സിൽ നിന്നുള്ള ഇടപെടലുകൾ
ചോദ്യം: സംഘപരിവാർ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നമ്മൾ ഏറ്റവും കൂടുതൽ കേട്ട ഒരു വാക്കാണ് ന്യൂനപക്ഷ ഏകീകരണം എന്നത്. ഈ ന്യൂനപക്ഷ ഏകീകരണം ഇസ്ലാമോഫോബിയക്ക് വളംവച്ചു എന്ന് പറഞ്ഞാൽ അത് എത്രത്തോളം സാധൂകരിക്കാൻ സാധിക്കും? അതായത്, ന്യൂനപക്ഷ ഏകീകരണം ഇസ്ലാമോഫോബിയക്ക് കൂടുതൽ അവസരം ഒരുക്കിനൽകി എന്ന് പറഞ്ഞാൽ അത് എത്രത്തോളം ശരിയാണ്?
സുദേഷ് എം രഘു: “ന്യൂനപക്ഷ ഏകീകരണം” എന്ന വാക്ക് വാസ്തവത്തിൽ പലപ്പോഴും “മുസ്ലിം ഏകീകരണം” എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ന്യൂനപക്ഷങ്ങൾ മുസ്ലിംകൾ മാത്രമല്ല. ക്രൈസ്തവർ ന്യൂനപക്ഷമാണ്, ബുദ്ധമതക്കാരുണ്ട്, പാഴ്സികളുണ്ട്; അങ്ങനെ ഒരുപാട് വിഭാഗങ്ങളുണ്ട്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് “ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കാൻ കാരണം ന്യൂനപക്ഷ ഏകീകരണമാണ്” എന്നൊരു നരേഷൻ ഉണ്ടല്ലോ. അപ്പോൾ “ന്യൂനപക്ഷ ഏകീകരണം” എന്ന പ്രയോഗം സംഘപരിവാർ വന്നതിനു ശേഷമുള്ള ഒന്നല്ല. അതിന് മുമ്പുതന്നെ “ന്യൂനപക്ഷ ഏകീകരണം” എന്ന വാക്ക് നിലവിലുണ്ട്. പക്ഷേ, പൊതുവിൽ അത് മുസ്ലിംകളുടെ രാഷ്ട്രീയ കർതൃത്വത്തെയാണ് സൂചിപ്പിക്കുന്നത്.
വ്യത്യസ്ത സമുദായങ്ങൾ അവരുടെ രാഷ്ട്രീയ അവകാശങ്ങൾ ചോദിച്ചുവാങ്ങുന്ന ഒരു സാഹചര്യം ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിന് മുമ്പ് പല സാമുദായിക അവകാശങ്ങൾക്കുവേണ്ടി നിലനിന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ നേതാക്കളും ഉണ്ടായിരുന്നു. അവർ വ്യത്യസ്ത സമുദായങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും വിവിധ ദേശീയ കക്ഷികൾ അധികാരത്തിലേക്കും രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കും പ്രവേശിച്ചതോടെയും, ഈ അവകാശങ്ങൾ ചോദിച്ചുവാങ്ങിയ ആളുകൾ പോലും പലപ്പോഴും അത് ചോദിക്കാതെയും നിശ്ശബ്ദരാകുകയും ചെയ്തു. പിന്നീട് അത് തുടർന്നുവന്ന വളരെ അപൂർവ്വം വിഭാഗങ്ങളിൽ ഒന്നാണ് മുസ്ലിംകൾ. മുസ്ലിം ലീഗിലൂടെയും വിവിധ ചെറിയ കക്ഷികളിലൂടെയും അവർ ഈ രാഷ്ട്രീയ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു.
ഞങ്ങൾ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന കാര്യം ഇതാണ്: ദേശീയ പ്രസ്ഥാനത്തിനകത്ത്, അല്ലെങ്കിൽ ദേശീയവാദ പാർട്ടികൾക്കകത്ത് — അത് കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ, കോൺഗ്രസാകട്ടെ, ബിജെപിയാകട്ടെ, മറ്റേതെങ്കിലും പാർട്ടിയാകട്ടെ — ഈ പറഞ്ഞ എല്ലാ പാർട്ടികളിലും സവർണ്ണ വിഭാഗക്കാരുടെ ഒരു സാമുദായികത ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാണ് ഈ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായും തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാരായും എം.പിമാരായും വരുന്നവർ സ്വാഭാവികമായും സവർണ്ണ സമുദായങ്ങളിൽ നിന്നായിരിക്കുക. അവർക്ക് സ്വാഭാവികമായി കടന്നുവരാൻ കഴിയും. അവർക്ക് പ്രത്യേകമായി സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി വരേണ്ട ആവശ്യമില്ല. കാരണം, ഈ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചാൽ മതി; ആ പാർട്ടികൾ തന്നെ അവരുടെ സാമുദായികത ഉയർത്തിപ്പിടിക്കും.
അതുകൊണ്ട്, ഈ സവർണ്ണ സാമുദായിക ദേശീയ പാർട്ടികൾക്കെതിരായി സ്വന്തം സമുദായത്തിന്റെ രാഷ്ട്രീയ അവകാശങ്ങൾ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് മുസ്ലിംകൾ. മുസ്ലിംകളുടെ സാമുദായികത ഉയർത്തിപ്പിടിക്കാൻ പാടില്ല, അല്ലെങ്കിൽ അവർ രാഷ്ട്രീയ അവകാശങ്ങൾ ഉന്നയിക്കാൻ പാടില്ല എന്ന വാദത്തിന്റെ വളച്ചുകെട്ടിയ രൂപമാണ് “ന്യൂനപക്ഷ ഏകീകരണം” എന്ന പ്രയോഗം.
ഈ “ന്യൂനപക്ഷ ഏകീകരണം” എന്ന് അവർ പറയുന്ന സംഭവം നടന്നില്ലെന്ന് വെക്കുക. അങ്ങനെ ഒരു രാഷ്ട്രീയ ഏകീകരണം സംഭവിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും നിയമസഭകളിലെയും പാർലമെന്റിലെയും മുസ്ലിം പ്രാതിനിധ്യം പരിശോധിച്ചാൽ അത് മനസ്സിലാക്കാൻ കഴിയും.
കേരളത്തിനകത്ത് തന്നെ 1980 എന്ന ഒരേയൊരു വർഷത്തിലാണ് മുസ്ലിംകൾക്ക് അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായ എം.എൽ.എ. പ്രാതിനിധ്യം ലഭിച്ചത്. പിന്നീട് ഒരിക്കലും ജനസംഖ്യയ്ക്ക് ആനുപാതികമായ എം എൽ എ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഇപ്പോൾ എണ്ണം കൊണ്ട് ഏറ്റവും കൂടുതൽ ലഭിച്ച തവണയാണ് പുതിയ നിയമസഭ. കേരളത്തിൽ ഇപ്പോൾ 35 മുസ്ലിം എം.എൽ.എമാർ ഉണ്ട്. അപ്പോഴും ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കുമ്പോൾ 42 വരെ ലഭിക്കണം. അതായത് ഏഴെണ്ണം കുറവാണ്. കഴിഞ്ഞ തവണ 32 ആയിരുന്നു; ഇപ്പോൾ 35 ആയി. ഇതിൽ പ്രധാനപ്പെട്ട ഭൂരിപക്ഷം മുസ്ലിം ലീഗ് അംഗങ്ങളാണ്. മുസ്ലിം ലീഗ് ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക? മുസ്ലിം എം.എൽ.എമാരെയോ മുസ്ലിം സ്ഥാനാർത്ഥികളെയോ ദേശീയവാദ പാർട്ടികൾ സീറ്റ് കൊടുത്ത് മുന്നോട്ടുകൊണ്ടുവരുമോ? കൊടുക്കാൻ പോകുന്നില്ല എന്നത് മറ്റു സംസ്ഥാനങ്ങളിലെയും മുസ്ലിം ലീഗ് ഇല്ലാത്ത ഇടങ്ങളിലെയും അനുഭവങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്.
ഇന്ത്യൻ പാർലമെന്റിന്റെ സാഹചര്യം പരിശോധിച്ചാലും അത് വ്യക്തമാകും. ഇന്ത്യൻ പാർലമെന്റിനകത്ത് ഉവൈസിയുടെ പാർട്ടിയുടെയും മുസ്ലിം ലീഗിന്റെയും അംഗങ്ങളെ ഒഴിച്ചാൽ, ബാക്കി മുസ്ലിം എം.പിമാർ എത്രയുണ്ട്? ബിജെപിയിൽ നിന്ന് ഒരാൾ പോലുമില്ല. ഒരു മന്ത്രിയുമില്ല; എം.എൽ.എയോ എം.പിയോ ഇല്ല. അതുകൊണ്ട് ഇത് ബോധപൂർവ്വം പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും സംഘപരിവാർ മാത്രമല്ല, മതേതര കക്ഷികളും ഇത് ആവർത്തിക്കുന്നു.
“ന്യൂനപക്ഷ ഏകീകരണം” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഇസ്ലാമോഫോബിക് പ്രചാരണമാണ്. “നിങ്ങൾ നിങ്ങളുടെ സമുദായ രാഷ്ട്രീയം പറയാൻ പാടില്ല” എന്നാണ് അതിന്റെ അർത്ഥം. “നിങ്ങൾ സമുദായ രാഷ്ട്രീയം പറയുന്നത് അപകടകരമാണ്; നിങ്ങൾ എപ്പോഴും ദേശീയവാദ പാർട്ടികളുടെ വാലായി നിൽക്കണം” എന്നതാണ് അതിലൂടെ പറയുന്നത്.
മറ്റു ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, അവർക്ക് എം.പിമാരും മന്ത്രിമാരുമുണ്ട്. പ്രത്യേക രാഷ്ട്രീയ കക്ഷികൾ ഇല്ലെങ്കിലും അവർക്ക് എം.എൽ.എമാരെയോ മന്ത്രിമാരെയോ എം.പിമാരെയോ ലഭിക്കാൻ വലിയ പ്രയാസമില്ല. പക്ഷേ മുസ്ലിംകളെ സംബന്ധിച്ച്, അവർക്ക് ഏകീകരണം വളരെ പ്രധാനപ്പെട്ടതാണ്. “ന്യൂനപക്ഷ ഏകീകരണം” എന്ന് ഇവർ ആക്ഷേപിക്കുന്ന സംഭവം ഇല്ലെങ്കിൽ, മുസ്ലിംകൾക്ക് രാഷ്ട്രീയ അവകാശങ്ങളും പ്രാതിനിധ്യവും ലഭിക്കില്ല. അതൊരു കെണിയാണ്. ആ കെണിയിൽ നമ്മൾ വീഴാൻ പാടില്ല.
ചോദ്യം: 2014-ൽ ബി.ജെ.പി. അധികാരത്തിൽ വരുന്നതുവരെ മുസ്ലിം വിരുദ്ധ പ്രകടനങ്ങളോ പ്രവർത്തികളോ ഒന്നും ഉണ്ടായിരുന്നില്ല; ബി.ജെ.പി. അധികാരത്തിൽ വന്നതിനുശേഷമാണ് ഇന്ത്യയിൽ പ്രകടമായി ധാരാളം മുസ്ലിം വിരുദ്ധ പ്രവർത്തികൾ ഉണ്ടാകുന്നത് — എന്നൊരു ധാരണയുണ്ട്. അതേപോലെ കേരളത്തിലും ഒരു ഫിക്സഡ് പോയിന്റ് ഉണ്ടോ? അതോ ഈ ലോകസാമൂഹിക പ്രക്രിയയുടെ ഭാഗമായി ഉണ്ടായ ഒരു ഗ്ലോബൽ ഫിനോമിന മാത്രമാണോ കേരളത്തിലെ ഇസ്ലാമോഫോബിയ?
മറ്റൊരു ചോദ്യം: നമ്മൾ ആവർത്തിച്ച് ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുന്ന സിനിമകളിലെയും സിലബസുകളിലെയും മുസ്ലിം വിരുദ്ധ പരാമർശങ്ങളും അതുപോലുള്ള ചരിത്രവക്രീകരണങ്ങളെയും എങ്ങനെയാണ് നേരിടേണ്ടത്? പ്രത്യേകിച്ച് യുവതലമുറ ലോകചരിത്രത്തെക്കുറിച്ചും, പ്രത്യേകിച്ച് മുസ്ലിം ചരിത്രത്തെക്കുറിച്ചും, അജ്ഞരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ?
ബാബുരാജ് ഭഗവതി: എങ്ങനെയാണ് നമുക്ക് ഇസ്ലാമോഫോബിയയെ മറികടക്കാൻ കഴിയുക? അല്ലെങ്കിൽ ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എങ്ങനെ നേരിടാം? അതിന്റെ ഭാഗമായിട്ടാണ് നമ്മൾ ഇപ്പോൾ ഈ ചർച്ച നടത്തുന്നത്. നിങ്ങൾ ചോദിച്ച ചോദ്യവും ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരവും നമ്മൾ എല്ലാവരും ചേർന്ന് ചർച്ച ചെയ്യേണ്ടതാണ്. വിവരങ്ങൾ പുറത്തുകൊണ്ടുവരുക, നരേഷനുകളെ തുറന്നു പരിശോധിക്കുക— ഇതൊക്കെ നിരന്തരം ചെയ്യുക എന്നതാണ് ഒരു വഴി.
പ്രധാനപ്പെട്ട കാര്യം ഇതാണ്. ഒരു നിയമം പോലെ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ്: മുസ്ലിംകൾ എന്ത് ചിന്തിക്കുന്നു, മുസ്ലിംകൾ എന്ത് പറയുന്നു, മുസ്ലിംകൾ എന്ത് പ്രവർത്തിക്കുന്നു — ഇതൊന്നും ഇസ്ലാമോഫോബിയയുടെ കാരണമായി നമ്മൾ കരുതുന്നില്ല. മുസ്ലിംകളുടെ പ്രവർത്തിയോ മുസ്ലിംകളുടെ ചിന്തയോ മുസ്ലിംകളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളോ അല്ല ഇസ്ലാമോഫോബിയയുടെ കാരണം. ഇസ്ലാമോഫോബിയ പുറത്തുനിന്നുള്ള ഒരു കാര്യമാണ്. മുസ്ലിംകൾ അതിന്റെ വാഹകരാകാം എന്നുമാത്രം. പക്ഷേ അത് മുസ്ലിംകളുടെ പ്രവർത്തിയിൽ നിന്നല്ല വരുന്നത്. നമ്മുടെ നാട്ടിലെ സ്ത്രീ വിരുദ്ധതയ്ക്ക് സ്ത്രീകൾ കാരണമല്ലാത്തതുപോലെ, നമ്മുടെ നാട്ടിലെ ദലിത് വിരുദ്ധതയ്ക്ക് ദലിതർ കാരണമല്ലാത്തതുപോലെ, നമ്മുടെ നാട്ടിലെ മുസ്ലിം വിരുദ്ധതയ്ക്ക് മുസ്ലിംകൾ കാരണമല്ല. ഇതാണ് ഒന്നാമതായി പറയുന്ന കാര്യം.
രണ്ടാമത്തെ കാര്യം, ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന എല്ലാ വാക്കുകളും യഥാർത്ഥത്തിൽ അവയുടെ നേരിട്ടുള്ള അർത്ഥം ഉൾക്കൊള്ളണമെന്നില്ല. ഒരു വാക്കിനും അത് പറയുന്ന അർത്ഥം തന്നെയായിരിക്കണമെന്നില്ല. പലപ്പോഴും അവയ്ക്ക് കല്പിതമായ അർത്ഥങ്ങളാണ് ഉണ്ടാകുന്നത്.
നേരത്തെ വന്ന ചോദ്യത്തെ അടിസ്ഥാനമാക്കി ഞാൻ ഇത് വിശദീകരിക്കാം. “ന്യൂനപക്ഷ ഏകീകരണം” എന്നാണ് നേരത്തെ ചോദ്യം പറഞ്ഞത്. യഥാർത്ഥത്തിൽ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുകൊണ്ടിരിക്കുകയാണോ? ഒരു ഉദാഹരണം പറയാം. കേരളത്തിലെ തിരഞ്ഞെടുപ്പിലാണ് ഇപ്പോൾ ഈ പ്രയോഗം വന്നത്. കേരളത്തിൽ മുസ്ലിം സംഘടനകളായി തിരഞ്ഞെടുപ്പ് രംഗത്ത് എത്ര പാർട്ടികളാണ് ഉണ്ടായിരുന്നത്? വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ., പി.ഡി.പി., ഐ.എൻ.എൽ., മുസ്ലിം ലീഗ് — നമ്മുടെ അറിവിൽ കുറഞ്ഞത് അഞ്ച് പാർട്ടികൾ ഉണ്ടായിരുന്നു.
ഈ അഞ്ച് പാർട്ടികൾ എവിടെയാണ് നിന്നത്? എസ്.ഡി.പി.ഐ. 39 സ്ഥലത്ത് മത്സരിച്ചു. ചില സ്ഥലങ്ങളിൽ ചില സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി. ചില സ്ഥലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല. വെൽഫെയർ പാർട്ടി ചില മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു; മൂന്നോ നാലോ മണ്ഡലങ്ങളിൽ അങ്ങനെ ചെയ്തു. ബാക്കി ഇടങ്ങളിൽ യു.ഡി.എഫിനെ പിന്തുണച്ചു. മുസ്ലിം ലീഗ് യു.ഡി.എഫിനെയാണ് പിന്തുണച്ചത്. ഐ.എൻ.എൽ. ഇടതുമുന്നണിയുടെ ഭാഗമായി ഇടതുപക്ഷത്തെയാണ് പിന്തുണച്ചത്, പി. ഡി. പി. എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അതായത്, ഈ മുസ്ലിം പാർട്ടികളിൽ മുസ്ലിം ലീഗും, വേണമെങ്കിൽ വെൽഫെയർ പാർട്ടിയും ഒരു ഭാഗത്താണ്. മറ്റുള്ള പാർട്ടികൾ മറ്റൊരു ഭാഗത്താണ്. അങ്ങനെ നോക്കുമ്പോൾ അവിടെ യഥാർത്ഥത്തിൽ ഏകീകരണം ഇല്ല. അപ്പോൾ ഈ വാക്ക് എന്താണ്? ഈ വാക്ക് ഒരു കല്പിത അർത്ഥമാണ്. ഒരു കല്പിത അർത്ഥം മാത്രമാണ്.
നേരത്തെ ഞാൻ “ബംഗാളി” എന്ന ഉദാഹരണം പറഞ്ഞിരുന്നു. “ബംഗാളി” എന്ന വാക്കിനും കേരളത്തിൽ ഒരു കല്പിത അർത്ഥമുണ്ട്. ബംഗാളിൽ നിന്ന് വന്ന ആളുകളെ മാത്രം സൂചിപ്പിക്കുന്ന അർത്ഥമല്ല കേരളത്തിൽ ആ വാക്കിന് ഉള്ളത്. പല സംസ്ഥാനങ്ങളിൽ നിന്ന് വന്ന കുടിയേറ്റ തൊഴിലാളികളെ പൊതുവായി വിളിക്കുന്ന ഒരു വാക്കായി അത് മാറിയിട്ടുണ്ട്. അതുപോലെ തന്നെയാണ് “ന്യൂനപക്ഷ ഏകീകരണം” എന്ന വാക്കും.
ഇസ്ലാമോഫോബിയയുടെ പ്രത്യേകത ഇതാണ്: അത് ഉപയോഗിക്കുന്ന പല വാക്കുകൾക്കും കല്പിതമായ അർത്ഥങ്ങളാണ് നൽകുന്നത്. ഈ കല്പിതമായ അർത്ഥങ്ങളിലാണ് ഇസ്ലാമോഫോബിയ എല്ലായ്പ്പോഴും പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ പരിശോധിച്ചാൽ ആ വാക്കുകൾക്ക് പറയപ്പെടുന്ന അർത്ഥം ഉണ്ടായിരിക്കണമെന്നില്ല. അടിസ്ഥാനപരമായി ഇസ്ലാമോഫോബിയയുടെ നരേഷൻ ടെക്നിക്കുകളിൽ ഒരു പ്രധാനപ്പെട്ട കാര്യം ഇതാണ്. ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയിട്ടാണ് അത് ചെയ്യുന്നത്. വളരെ നന്നായി അവർ അത് പെർഫോം ചെയ്യുന്നു. അതുകൊണ്ടാണ് നമുക്ക് അത് പലപ്പോഴും മനസ്സിലാകാതെ പോകുന്നത്. നമുക്ക് മനസ്സിലായെന്ന് തോന്നും, പക്ഷേ അത് പൂർണ്ണമായി മനസ്സിലാവില്ല.
ഉദാഹരണത്തിന്, “ന്യൂനപക്ഷ ഏകീകരണം” എന്ന വാക്ക് വളരെ കൃത്യമായി പരിശോധിച്ചാൽ, മുസ്ലിം സംഘടനകൾ എല്ലാം ഒരു സ്ഥലത്താണോ നിന്നത്? അല്ല. രണ്ട് മൂന്ന് ഭാഗങ്ങളിലായി നിന്നു. എന്നിട്ടും നമ്മൾ ആ വാക്ക് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? കാരണം, അതിന് ഒരു കല്പിത അർത്ഥം നൽകിയിട്ടുണ്ട്. ആ സ്പേസിലാണ് ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നത്.
ഇപ്പോൾ ആദ്യത്തെ ചോദ്യത്തിലേക്ക് വരാം. ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നതുപോലെ തന്നെയാണ് കേരളത്തിലും ഇന്ത്യയിലും ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്നത്. അതോടൊപ്പം കേരളത്തിന് അതിന്റെ സവിശേഷമായ സ്വഭാവങ്ങളും ഉണ്ടായിരിക്കാം.
കേരളത്തെ സംബന്ധിച്ചിടത്തോളം കൊളോണിയൽ കാലത്തെ ഇസ്ലാമോഫോബിയ നമുക്കുണ്ട് എന്ന് പറയാം. കാരണം, കൊളോണിയൽ കാലഘട്ടത്തിൽ മലബാറിനെ കേന്ദ്രീകരിച്ച് — നമ്മൾ ആദ്യം ചർച്ച ചെയ്തതുപോലെ — ഇസ്ലാമിനെ “മതഭ്രാന്ത്” എന്ന വാക്കുകളിലൂടെ അവതരിപ്പിച്ച രീതികൾ മലബാറിൽ നിന്നുണ്ടായിട്ടുണ്ട്. അത് കൊളോണിയൽ കാലത്തെ ഇസ്ലാമോഫോബിയയുടെ ഭാഗമായിരുന്നു.
ഇസ്ലാമോഫോബിയയ്ക്ക് ലോകചരിത്രമുണ്ട്. ചിലർ അതിന് 200 വർഷത്തെ ചരിത്രം പറയുന്നു. ചിലർ 500 വർഷത്തെ ചരിത്രം പറയുന്നു. സ്പെയിനിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് പറയുന്നവരുണ്ട്. കൊളോണിയൽ കാലഘട്ടവുമായി ബന്ധപ്പെട്ട് പറയുന്നവരുണ്ട്. അതൊക്കെ മാറ്റിവെച്ചാൽ പോലും, കേരളത്തെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് കൊളോണിയലിസവുമായി ബന്ധപ്പെട്ട ഇസ്ലാമോഫോബിക് അനുഭവങ്ങളിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട്.
അതിനുശേഷം കേരളത്തിന് അടുത്ത പ്രധാനപ്പെട്ട ഘട്ടം ഇന്ത്യൻ ദേശീയതയുടെ രൂപീകരണമാണ്. ഇന്ത്യ എന്ന രാജ്യം രൂപപ്പെടുന്നതോടുകൂടി, ഇന്ത്യൻ ദേശീയതയുടെ ഭാഗമായി കേരളം മാറുന്നതോടുകൂടി, ഇസ്ലാമോഫോബിയയുടെ ഒരു പുതിയ ജീവചരിത്രം ആരംഭിക്കുന്നു. ഇന്ത്യ ഉണ്ടാകുമ്പോൾ ഇന്ത്യ മാത്രം ഉണ്ടാകുന്നില്ല; ഇന്ത്യയ്ക്ക് ഒരു ദേശീയതയും ഉണ്ടാകുന്നു. ആ ദേശീയതയുടെ എതിരായി “വർഗീയത” എന്ന ആശയം രൂപപ്പെടുന്നു.
ഒരു ഉദാഹരണം പറയാം. “വർഗീയത” എന്ന വാക്കിന് പല അർത്ഥങ്ങളുണ്ട്. ഒന്നാമതായി, വർഗീയത ദേശീയതയ്ക്കെതിരായ ഒന്നായി അവതരിപ്പിക്കപ്പെട്ടു. രണ്ടാമതായി, വർഗീയത ദേശീയോദ്ഗ്രഥനത്തിന് എതിരായ ഒന്നായി പറയപ്പെട്ടു. 1960-കളിൽ വർഗീയത ദേശീയോദ്ഗ്രഥനത്തിന് എതിരായിത്തീരുന്നു. മൂന്നാമതായി, വർഗീയത മതേതരത്വത്തിന് എതിരായ ഒന്നായി പറയപ്പെട്ടു. 1950-കളിലാണ് ആ അർത്ഥം ശക്തമാകുന്നത്.
പണ്ടൊക്കെ ഒരാൾ (1960-70 കൾ) മറ്റൊരു പ്രദേശത്തുനിന്നോ മറ്റൊരു സമുദായത്തിൽ നിന്നോ വിവാഹം കഴിച്ചാൽ, അത് വർഗീയതക്കെതിരായ ഒരു ദേശീയ പ്രവർത്തിയായി പറയപ്പെട്ടിരുന്നു. അത് ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമാണെന്ന് കരുതിയിരുന്നു. എന്നാൽ 1980-കൾക്കുശേഷവും, പ്രത്യേകിച്ച് 1990-കളിലും 2000-കളിലും, ഇത്തരം വിവാഹങ്ങളെക്കുറിച്ച് പറയുന്നത് മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള വിവാഹം എന്നാണ്. അപ്പോൾ വർഗീയതയ്ക്കും അതുപോലെ പല ഘട്ടങ്ങളിൽ പല അർത്ഥങ്ങളുണ്ടായി. ആദ്യം ദേശീയതയ്ക്കെതിരായ ദോഷമായി അത് പ്രത്യക്ഷപ്പെട്ടു. പിന്നെ ദേശീയോദ്ഗ്രഥനത്തിനെതിരായ ദോഷമായി. അതിനുശേഷം മതേതരത്വത്തിനെതിരായ ദോഷമായി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1947-ൽ ഇന്ത്യ എന്ന രാജ്യം രൂപപ്പെടുന്നതോടുകൂടി തന്നെ ഇസ്ലാമോഫോബിയയുടെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു. കാരണം, ഹൈന്ദവതയെ എങ്ങനെയാണ് നിർവചിക്കുക? ദേശീയതയെ എങ്ങനെയാണ് നിർവചിക്കുക? ആ ദേശീയതയ്ക്കുള്ളിൽ മുസ്ലിംകളുടെ സ്ഥാനം എന്താണ്? — ഈ ചോദ്യങ്ങൾ അന്ന് പ്രധാനപ്പെട്ടതായിരുന്നു. ആ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട നരേഷനുകളിൽ ഒന്ന് മുസ്ലിം ലീഗ് ഇന്ത്യൻ ദേശത്തെ തകർക്കും എന്നതായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നടന്നിട്ടുള്ള നരേഷനുകളിൽ ഒന്നും അതുതന്നെ. മുസ്ലിം ലീഗ് കേരളത്തിനോ ഇന്ത്യയ്ക്കോ തുരങ്കം വയ്ക്കും, മുസ്ലിം ലീഗ് ഇന്ത്യൻ ദേശീയതയെ ഇല്ലാതാക്കും എന്നായിരുന്നു അന്ന് പറയപ്പെട്ടിരുന്നത്. അത് വർഗീയതയെക്കുറിച്ചുള്ള നരേഷൻ ശക്തമായിരുന്ന കാലഘട്ടത്തിലാണ് ഉണ്ടായത്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടം അതാണ്.
അതിനുശേഷം, ആ ചരിത്രഘട്ടം മാറിയതോടെയാണ് മുസ്ലിം ലീഗിന് ഭരിക്കാനുള്ള അവകാശം അംഗീകരിക്കപ്പെടുന്നത്. മുസ്ലിംകൾ ഭരണത്തിൽ പങ്കാളികളാകുന്നത്, ഭരണവർഗ്ഗമായി മാറുന്നത് — ഇതൊക്കെ വലിയൊരു ചരിത്രമാണ്. മുസ്ലിം ലീഗിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൂടുതൽ വ്യക്തമായി മനസ്സിലാകും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. കാരണം മുസ്ലിം ലീഗ് ഏറ്റവും ശക്തമായിരുന്നത് കേരളത്തിലായിരുന്നു.
അതിന് ശേഷം വരുന്ന ഘട്ടം മതേതരത്വത്തിന്റെ ഘട്ടമാണ്. ഈ കാലഘട്ടത്തിലാണ് മുസ്ലിംകൾ മതേതരത്വത്തിന് എതിരായ കാര്യങ്ങൾ ചെയ്യുന്നു എന്ന നരേഷൻ രൂപപ്പെടുന്നത്. അവർ സ്വന്തം സമുദായത്തിനകത്ത് വിവാഹം കഴിക്കുന്നു, പെൺകുട്ടികളെ ചില പ്രത്യേക സ്കൂളുകളിൽ വിടുന്നു, പ്രത്യേക രീതിയിലുള്ള കറുത്ത പർദ്ദ ധരിക്കുന്നു, ധാരാളം പേർ നിങ്ങളെ പോലെ വെള്ള വസ്ത്രങ്ങൾ ധരിക്കുന്നു — ഇതൊക്കെ കേരളീയതയ്ക്കും മതേതരത്വത്തിനും എതിരാണ് എന്ന നരേഷൻ ഉണ്ടാകുന്നു. അതും ഇസ്ലാമോഫോബിയയുടെ ഒരു ഘട്ടമാണ്.
പക്ഷേ, ഒരു പ്രധാനപ്പെട്ട പുതിയ ഘട്ടം പിന്നീട് വരുന്നു. അത് ഭീകരതയുമായി ബന്ധപ്പെട്ട ഘട്ടമാണ്. 2001നുശേഷം (9/11 നുശേഷം) ആണ് അത് വരുന്നത്. വർഗീയതയെ ഭീകരതയുമായി കൂട്ടിക്കെട്ടുന്ന ഒരു ഘട്ടം ഉണ്ടാകുന്നു. നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് ആ ഘട്ടത്തിലൂടെയാണ്. തിരൂരിൽ ഒരു പ്രതിമ ഉണ്ടാകുമ്പോൾ അത് ഭീകരവാദവുമായി ബന്ധിപ്പിക്കപ്പെടുന്നു. ബോംബ് സ്ഫോടനങ്ങൾ, ഭീകരവാദ സംഘടനകൾ, സുരക്ഷാ നരേഷനുകൾ — ഇതൊക്കെ കേന്ദ്രീകരിച്ച് ഇസ്ലാമോഫോബിയ പ്രവർത്തിക്കുന്ന ഘട്ടമാണ് അത്.
അതുകൊണ്ട് കേരളത്തിലെ ഇസ്ലാമോഫോബിയയെ ഒറ്റ ഘട്ടമായി മാത്രം പറയാൻ കഴിയില്ല. ആദ്യം കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇസ്ലാമോഫോബിക് ഘട്ടമുണ്ടായിരുന്നു. 1947-ന് ശേഷം ദേശീയതയുടെ കാലഘട്ടത്തിൽ മറ്റൊരു ഇസ്ലാമോഫോബിക് ഘട്ടമുണ്ടായിരുന്നു. പിന്നീട് മതേതരത്വത്തിന്റെ ഘട്ടത്തിൽ ഒരു ഇസ്ലാമോഫോബിക് ഘട്ടമുണ്ടായി. അതിനുശേഷം 9/11-ന് ശേഷം ഭീകരതയുമായി ബന്ധപ്പെട്ട മറ്റൊരു ഘട്ടം രൂപപ്പെട്ടു.
ചരിത്രപരമായ എല്ലാ ഇസ്ലാമോഫോബിയയും വൈവിധ്യങ്ങളോടെ ഒന്ന് ചേരുന്ന ഒരു രീതിയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട ആശയമാണ് “ട്രാവലിംഗ് ഇസ്ലാമോഫോബിയ” അല്ലെങ്കിൽ “സഞ്ചരിക്കുന്ന ഇസ്ലാമോഫോബിയ.” ലോകത്തിന്റെ എവിടെയെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ, ആ പ്രശ്നത്തെ നമ്മുടെ പ്രാദേശിക സാഹചര്യങ്ങളുമായി ചേർത്തുവെച്ച് പറയുന്നതാണ് ട്രാവലിംഗ് ഇസ്ലാമോഫോബിയ.
ഉദാഹരണത്തിന്, മലാലയ്ക്ക് വെടിയേറ്റ സംഭവം നോക്കാം. മലാല പാകിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്റെ ഭാഗമായാണ് ആഗോളമായി അവതരിപ്പിക്കപ്പെട്ടത്. താലിബാൻ മലാലയ്ക്ക് നേരെ വെടിവെച്ചു . നാം ഇപ്പോൾ അതിന്റെ മുഴുവൻ വസ്തുതാപരമായ നരേഷനിലേക്ക് പോകുന്നില്ല. പക്ഷേ, കേരളത്തിൽ പിന്നീട് മലാലയെ മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി ആഖ്യാനം ചെയ്തു. മലാലയും കേരളത്തിലെ മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസവും തമ്മിൽ യാതൊരു നേരിട്ടുള്ള ബന്ധവുമില്ല. മലപ്പുറം മുസ്ലിം വിദ്യാർത്ഥികളും മുസ്ലിം വിദ്യാർത്ഥിനികളും ഏറ്റവും കൂടുതൽ പഠിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം നേടിയ പ്രദേശമായും മലപ്പുറം മാറിയിട്ടുണ്ട്. എന്നിട്ടും മലാലയ്ക്ക് ശേഷം മലപ്പുറത്തെ മലാലയുമായി, താലിബാനുമായി, പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ആഖ്യാനം ചെയ്യാൻ തുടങ്ങി. പാകിസ്ഥാനിൽ ഉണ്ടായ ഒരു പ്രശ്നത്തെ കേരളത്തിലേക്ക് മാറ്റിവെക്കുന്നതാണ് അത്. അതിനെയാണ് ട്രാവലിംഗ് ഇസ്ലാമോഫോബിയ എന്ന് വിളിക്കുന്നത്. ഇങ്ങനെ പല ഘട്ടങ്ങളിലൂടെയാണ് കേരളത്തിലെ ഇസ്ലാമോഫോബിയ കടന്നുപോയത്. ഇനിയും പുതിയ ഘട്ടങ്ങൾ അത് ആർജിക്കാൻ സാധ്യതയുണ്ട്. അതെല്ലാം നമ്മൾ തുടർന്നും പരിശോധിക്കേണ്ടതാണ്. എല്ലാവർക്കും പരിശോധിക്കാവുന്നതുമാണ്. ഇസ്ലാമോഫോബിയ ഒരു കേന്ദ്രത്തെ മാത്രം ആശ്രയിച്ചു മാത്രം വികസിക്കുന്നില്ല. വിവിധ ഘട്ടങ്ങളിൽ വിവിധ കേന്ദ്രങ്ങൾ നിർമിച്ചു ഇസ്ലാമോഫോബിയ വികസിക്കുന്നതായാണ് അനുഭവം.