Geographies of Islamophobia Kerala Islamophobia Special Report

ഈരാറ്റുപേട്ടക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ (2022-2026)

കഴിഞ്ഞ ദിവസം  ഓൺലൈൻ മാധ്യമമായ ‘ബ്രേവ് ഇന്ത്യാ ന്യൂസ്’ ഇങ്ങിനെയൊരു വാർത്ത പുറത്തുവിട്ടു: “കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി.( ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി, ബ്രേവ് ഇന്ത്യാ ഡെസ്‌ക്, 28 ഏപ്രിൽ 2026). വാര്ത്ത തുടരുന്നു:

“വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന സുനിൽമോൻ കെ.എം എന്ന വ്യക്തിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവം അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.അപകടം നടന്നാൽ പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം, യാതൊരു മര്യാദയുമില്ലാതെ കുടുംബത്തിന് നേരെ അധിക്ഷേപം ഉണ്ടായതായാണ് സുനിൽ ആരോപിക്കുന്നത്. വാഹനാപകടത്തിൽപെട്ട തന്നോടും കുടുംബത്തോടും പെരുമാറിയ രീതിയും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും വിവരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

“വിഡിയോയിൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സുനിൽ ഇങ്ങനെ പറഞ്ഞു:”

“ഞാൻ ഇപ്പോൾ നിൽക്കുന്നത് ഈരാറ്റുപേട്ടയിലാണ്. വാഗമണിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ഞങ്ങൾ. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഇവിടെ വെച്ച് ഞങ്ങളുടെ വണ്ടിയുടെ പുറകിൽ വന്നിട്ട് മറ്റൊരു വണ്ടി ഇടിക്കുകയുണ്ടായി. ഇടിക്കാനുണ്ടായ കാരണം 14–15 പ്രായമുള്ള രണ്ട് പിള്ളേർ ഹെൽമറ്റ് പോലും ഇല്ലാതെ മുന്നിൽ വണ്ടി വെട്ടിച്ച് നിർത്തിയത് കൊണ്ടാണ്. അവരെ ഇടിക്കാതിരിക്കാനായി ബ്രേക്ക് ഇടുമ്പോഴാണ് അപകടം സംഭവിച്ചത്. ശേഷം ഇവിടെയുള്ള ലോക്കൽ ആളുകൾ വന്നിട്ട് ഒരു മത വിഭാഗത്തെ പറഞ്ഞ് ഞങ്ങളുമായി തർക്കമായി. ഞാൻ ആ പിള്ളേരുടെ ആക്ടിവയുടെ താക്കോൽ ഊരിയത് അവർക്ക് ഇഷ്ടമായില്ല. പോലീസ് വരുമ്പോൾ തെളിവിനായി ഇവർ അവിടെ നിൽക്കണമെന്ന് പറഞ്ഞെങ്കിലും അവർ കേട്ടില്ല.എന്നെ തല്ലിയില്ലെങ്കിലും മോശമായി പല കാര്യങ്ങളും പറഞ്ഞു. പിള്ളേരെ രക്ഷിക്കാൻ വേണ്ടി അവർ എല്ലാം ചെയ്തു. പോലീസ് വരുന്നതിന് മുമ്പ് തന്നെ അവരെ വിട്ടു. പോലീസ് വന്നപ്പോഴും അലസമായ സമീപനമാണ് ഉണ്ടായത്.കേരളത്തിൽ മതസ്പർദ്ധ ഇല്ലെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് ഉറപ്പാണ്.”

“ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട് പല വിവാദങ്ങൾ മുമ്പും ഉണ്ടായ സാഹചര്യത്തിൽ, ഈ ലൈവിന് കീഴിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.

മറുനാടൻ മലയാളിയും അവതാരകൻ ഷാജൻ സ്‌കറിയയും വാർത്തക്കു പിറകെയാണ്. പതിനൊന്നു മിനിറ്റുള്ള വിഡിയോയുടെ തലക്കെട്ട് : “ഈരാറ്റുപേട്ട മറ്റൊരു രാജ്യമാണോ?” ( 28 ഏപ്രിൽ 2026 ). രാജേഷ് നാഥൻ എന്ന യൂടൂബറും ( 28 ഏപ്രിൽ 2026) ഒരു വീഡിയോ ചെയ്തിരിക്കുന്നു. വീഡിയോയുടെ തലക്കെട്ട് : “ഈരാറ്റുപേട്ടയിൽ ഇന്ത്യൻ നിയമങ്ങൾ ബാധകമല്ല. അവിടെ ചില പ്രത്യേക കൂട്ടരുടെ ഭരണമാണ്.”

തെറ്റായ പ്രചാരണം: മുനിസിപ്പൽ ചെയർമാൻ

ഈരാറ്റുപേട്ടയിൽ ഉണ്ടായ ഒരു റോഡ് അപകടത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളും സാമുദായിക സ്വഭാവമുള്ള പ്രചാരണങ്ങളും വ്യാപകമായി പ്രചരിച്ചതായി അധികൃതർ അറിയിച്ചു ( ഈരാറ്റുപേട്ടക്കെതിരായ വൈരപ്രചാരണത്തിന് നിയമനടപടി: മുനിസിപ്പൽ ചെയർമാൻ വി.പി. നസീർ, 2026 ഏപ്രിൽ 28, ന്യൂസ് 18 ).  ഈരാറ്റുപേട്ടയെ അന്യായമായി ലക്ഷ്യമിടപ്പെടുകയാണെന്നും ഇത്  വെറുപ്പ് പ്രചാരണങ്ങളാണെന്നും മുനിസിപ്പൽ ചെയർമാൻ വി.പി. നസീർ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസിന്റെ സഹായത്തോടെ കുറ്റക്കാരെ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു അപകടത്തെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തെയോ സമൂഹത്തെയോ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സാമുദായിക വിഭജനം വളർത്തുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും  അറിയിച്ചു.

ഇസ്‌ലാമോഫോബിയയുടെ പ്രാദേശിക രാഷ്ട്രീയം 

വ്യക്തികളെപ്പോലത്തന്നെ പ്രദേശങ്ങളെയും അക്രമകേന്ദ്രങ്ങളായും സുരക്ഷാ പ്രശ്നമായും  ചിത്രീകരിക്കുക ഇസ്ലാമോഫോബിയാ പ്രചാരണങ്ങളുടെ പൊതുരീതിയാണ്. ഈ പ്രചാരണത്തിലൂടെ ഇന്ന് കേരളത്തില്‍ ‘തീവ്രവാദകേന്ദ്ര’മായി ചിത്രീകരിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ഈരാറ്റുപേട്ട. മുസ്‌ലിംകള്‍ ഉള്‍പ്പെട്ട പ്രാദേശിക സംഭവങ്ങളെ വലുതാക്കുകയും അതിനെ ഒരു വ്യാപക പ്രചാരണ ഉപാധിയാക്കുകയും ചെയ്യുകയെന്നത് സമകാലിക ഇസ്‌ലാമോഫോബിയയുടെ വലിയൊരു പ്രത്യേകതയാണ്. മുസ്‌ലിംകള്‍ എന്നു കരുതുന്നവരുടെ കയ്യില്‍നിന്നു വരുന്ന അബദ്ധങ്ങള്‍പോലും വലിയൊരു കുറ്റകൃത്യം എന്ന രീതിയില്‍ വ്യാഖ്യാനിച്ചു കൈകാര്യം ചെയ്യുന്ന പ്രവണത ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വികസിച്ചിരിക്കുന്നു. ഇപ്പോൾ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ ഒരു തുടര്ച്ചയാണ്.

2024 ഫെബ്രുവരി: സ്‌കൂൾ ഫെയര്‍വെല്‍ ആഘോഷങ്ങളുടെ പേരിൽ

2024 ഫെബ്രുവരി 23ാം തിയ്യതി ഉച്ചയോടെ ഈരാട്ടുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഫെയര്‍വെല്‍ ആഘോഷങ്ങളുടെ ഭാഗമായി പൂഞ്ഞാര്‍ ഫെറോന പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറും ബൈക്കുമടക്കമുള്ള തങ്ങളുടെ വാഹനങ്ങളുമായെത്തി. ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു ഉദ്ദേശ്യം. ആരാധന നടക്കുന്ന സമയമായതിനാല്‍ ശബ്ദശല്യമുണ്ടാക്കുന്ന രീതിയില്‍ ബൈക്ക് സ്റ്റന്‍ഡ് നടത്തിയ വിദ്യാര്‍ത്ഥികളോട് മൈതാനം വിട്ടുപോകാന്‍ പള്ളിയിലെ കൊച്ചച്ചന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ അനുസരിച്ചില്ല. കൊച്ചച്ചന്‍ മൈതാനത്തിന്റെ ഗേറ്റുകളടക്കാന്‍ തുനിഞ്ഞു.പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി ഉടന്‍ മൈതാനം വിട്ട് പുറത്തുപോയി. എന്നാല്‍ വെപ്രാളത്തിനിടയില്‍ ഒരു ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി കൊച്ചച്ചന്‍ വീഴുകയും അദ്ദേഹത്തിന് പരിക്കുപറ്റുകയും ചെയ്തു.

സംഭവം നടന്ന അന്നു വൈകീട്ട് പള്ളിയില്‍നിന്ന് കൂട്ടമണി ഉയര്‍ന്നു. കൊച്ചച്ചന്റെ ജീവന്‍ അപായപ്പെടുത്തുന്ന രീതിയില്‍ യുവാക്കളായ അക്രമികള്‍ വാഹനമോടിച്ചുവെന്നായിരുന്നു അന്ന് വൈകീട്ട് പള്ളിയില്‍നിന്ന് പുറത്തുവിട്ട ആദ്യ വിശദീകരണത്തില്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് പോലിസും ജനപ്രതിനിധികളും സജീവമായി. പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ 27 കുട്ടികളെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.

മാധ്യമങ്ങൾ ചെയ്തത്

മാധ്യമങ്ങള്‍ പല തരത്തിലാണ് ഈ സംഭവം റിപോര്‍ട്ട് ചെയ്തത്. ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി പരിക്കുപറ്റിയെന്നാണ് ആദ്യം വന്ന മിക്കവാറും വാര്‍ത്തകളില്‍ കണ്ടിരുന്നത്. എന്നാല്‍ സംഭവം നടന്ന അന്ന് രാത്രി ന്യൂസ് 18 നല്‍കിയ വാര്‍ത്തയില്‍ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്കുപയോഗിച്ച് ഇടിപ്പിച്ചതായി അവകാശപ്പെട്ടു(പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ന്യൂസ് 18, 2024 ഫെബ്രുവരി 23). ഇടിച്ചത് ബൈക്കാണെന്നുതന്നെയാണ് മനോരമ ന്യൂസ് ഫെബ്രുവരി 24 ലെ വാര്‍ത്തയിലുള്ളത് (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, 2024 ഫെബ്രുവരി 24, മനോരമ ന്യൂസ് ടി വി). എന്നാല്‍ അടുത്ത ദിവസം ഇടിപ്പിച്ച വാഹനം കാറായി മാറി. (വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 27 പേര്‍ അറസ്റ്റില്‍ ഫെബ്രുവരി 25 മനോരമഓണ്‍ലൈന്‍). നടന്നത് മനപ്പൂര്‍വമായ ആക്രമണമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാഹനങ്ങളെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ മാറ്റം വന്നു. ‘സാമൂഹ്യവിരുദ്ധര്‍’, ‘അക്രമികള്‍’ തുടങ്ങി ‘സുഡാപ്പി’കളെന്നു വരെ വിശേഷണങ്ങളുണ്ടായി. ‘വധശ്രമ’മെന്ന വാക്കാണ് സംഭവത്തെ കുറിക്കാന്‍ ഉപയോഗിച്ചത്. ചില വാക്കുകള്‍ മാധ്യമങ്ങള്‍ സ്വന്തമായി ഉപയോഗിച്ചപ്പോള്‍ മറ്റു ചിലത് മറ്റുള്ളവരുടെ അഭിപ്രായമെന്ന മട്ടിലായിരുന്നു.

2024 ഫെബ്രുവരി 26ലെ മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയില്‍(പുരോഹിതനെ വാഹനമിടിപ്പിച്ച സംഭവം: പ്രതിഷേധം ശക്തം) ‘പളളി അസി. വികാരിയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവ’മെന്നാണ് പറഞ്ഞിരിക്കുന്നത്. പത്രത്തിന്റെ അഭിപ്രായമെന്ന മട്ടില്‍തന്നെയാണ് വാര്‍ത്ത ചെയ്തിരിക്കുന്നത്. ‘സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ട’മാണെന്ന് പാലാ രൂപത എസ്എംവൈഎം, എകെസിസി, പിതൃവേദി എന്നിവര്‍ പൂഞ്ഞാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. കോട്ടയം എം പി തോമസ് ചാഴിക്കാടനും വിദ്യാര്‍ത്ഥികളെ അക്രമികളെന്ന് വിശേഷിപ്പിച്ചു. (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ന്യൂസ് 18, 2024 ഫെബ്രുവരി 23).

അധികം താമസിയാതെ കാര്യങ്ങള്‍ വധശ്രമമെന്നിടത്തുനിന്നും മുന്നോട്ടുപോയി. ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പ്രശ്നപരിസരത്തുനിന്നായി ചില പ്രതികരണങ്ങള്‍. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ഫെബ്രുവരി 24ന് നല്‍കിയ പ്രസ്താവനയില്‍ സംഭവത്തെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിനും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമായും വിശേഷിപ്പിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മതസ്പര്‍ധ ലക്ഷ്യംവച്ചുള്ള ആസൂത്രിതപദ്ധതിയാണെന്നുമാണ് ഈ പ്രസ്താവനയില്‍ പറയുന്നത്.

വാര്‍ത്തകളുടെ തുടക്കം മുതല്‍തന്നെ ഈരാറ്റുപേട്ടയിലെ മുസ്ലിംസമൂഹത്തെ നേരിട്ട് കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെ’ന്നാണ് ബ്രേവ് ഇന്ത്യ നല്‍കിയ വാര്‍ത്ത(പൂഞ്ഞാറില്‍ വൈദികനെതിരേ വധശ്രമം; നടത്തിയത് ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സാമൂഹ്യവിരുദ്ധര്‍, ബ്രേവ് ഇന്ത്യ, ഫെബ്രുവരി 24, 2024).

പി സി ജോർജ് മുതൽ നവനാസ്തികർ വരെ 

ഈരാറ്റുപേട്ടയെ ലക്ഷ്യം വച്ചവരില്‍ പ്രധാനി പി സി ജോര്‍ജ്ജാണ്. ഈരാട്ടുപേട്ട തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു വിഭാഗം രാജ്യദ്രോഹികളായി വളര്‍ന്നുവരികയാണ്. ഈരാട്ടുപേട്ട അപകടകരമായ നിലയിലാണ്. അക്രമം നടത്തിയത് കുട്ടികളാണെങ്കിലും കാരണവന്മാര്‍ അറിയാതെയല്ല അവരത് ചെയ്തത്. അവരുടെ തന്തമാരെക്കൂടി കേസില്‍ പ്രതിയാക്കണം. വലിയ ഭീകരന്മാര്‍ വളരുന്ന നാടായി ഈരാട്ടുപേട്ട മാറിക്കഴിഞ്ഞു. (പൂഞ്ഞാര്‍ ആക്രമണം, വന്‍ വെളിപ്പെടുത്തലുകളുമായി പിസി, ഷേക്കിന ന്യൂസ്, ഫെബ്രുവരി 26, 2024). അവിശുദ്ധമായ മുസ്ലിംമൂലധനത്തെക്കുറിച്ചുള്ള സൂചനയും പി സി ജോര്‍ജ്ജ് നല്‍കി. പണ്ട് ഈരാട്ടുപേട്ടക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ കള്ളക്കടത്തും പിടിച്ചുപറിയും നടത്തി കാശൊക്കെയായപ്പോള്‍ എന്തുമാവാമെന്നായിരിക്കുകയാണ്. പൂഞ്ഞാര്‍ സംഭവത്തിന്റെ ‘സാമ്പത്തികശാസ്ത്രം’ വിശകലനം ചെയ്യുന്നത് അങ്ങനെയാണ്.

പി സി ജോര്‍ജ്ജ് സംഭവത്തെ പോപുലര്‍ ഫ്രണ്ടുകാരുമായും ബന്ധപ്പെടുത്തി. പള്ളി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബൈക്ക് സ്റ്റന്‍ഡ് നടത്തി അറസ്റ്റിലായവരിലൊരാള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പോപുലര്‍ ഫ്രണ്ടുകാരന്റെ മകനാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പൂഞ്ഞാര്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ചില അക്രമസംഭവങ്ങളും നടന്നിരുന്നു. അതില്‍ ക്രൈസ്തവവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരേ കേസുമെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു മുസ്ലിം ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു നടപടി. അദ്ദേഹത്തിനെതിരേയും ജോര്‍ജ് ആക്രമണമഴിച്ചുവിട്ടു. പോപുലര്‍ ഫ്രണ്ട് നേതാവിന്റെ സഹോദരനാണ് പരാതിക്കാരനായ പോലിസുകാരനെന്നായിരുന്നു കണ്ടെത്തല്‍. ജോര്‍ജ്ജിന്റെ അഭിപ്രായത്തില്‍ ഈരാട്ടുപേട്ടയില്‍ ഏറ്റവും വലിയ നിയമലംഘനം നടക്കുന്ന രണ്ടിടമാണുള്ളത്. അവിടെയാണ് എല്ലാ നിയമലംഘനങ്ങളും വ്യത്തികേടുകളും നടക്കുന്നത്. എന്നാല്‍ കാമറ വച്ചിരിക്കുന്നത് നിയമലംഘനം പൊതുവെ കുറഞ്ഞ മറ്റൊരിടത്ത്. പോപുലര്‍ ഫ്രണ്ടുകാരനായ പോലിസുകാരന്‍ നല്‍കിയ റിപോര്‍ട്ടാണ് അതിനു കാരണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം പോപുലര്‍ ഫ്രണ്ടുകാരാണെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം ആരോപിക്കുന്നുണ്ട്.

പൂഞ്ഞാര്‍ വിഷയത്തിന്റെ സാഹചര്യത്തില്‍ ഈരാറ്റുപേട്ട ഇസ്ലാമിക രാജ്യമായി മാറിയെന്ന് അത് അപകടമാണെന്നും എക്സ് മുസ്ലിം ആരിഫ് ഹുസൈന്‍ തെരുവത്തും തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിപ്രായപ്പെട്ടു. (ഈരാറ്റുപേട്ട ഇസ് ലാമിക രാജ്യമായി… ഇത് അപകടം, 2024 ഫെബ്രുവരി 26). ഒരു പ്രദേശത്ത് മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചാല്‍ അവിടെ ഇസ്‌ലാമിക രാജ്യമാക്കാനുള്ള സാധ്യത വര്‍ധിക്കും. അതിന് ഉദാഹരണവും അദ്ദേഹം നല്‍കുന്നു, കശ്മീര്‍, ലബനോന്‍, തസ്ഥലങ്ങളില്‍കാണുന്ന അതേ പ്രവണത ഈരാറ്റുപേട്ടയിലും ഉണ്ടത്രെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈരാറ്റുപേട്ടയെ അങ്ങനെ വിശേഷിപ്പിക്കുന്നതിനു കാരണം ഇവയാണ്: ‘ഉയര്‍ന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിക തീവ്രവാദത്തിന്റെ വിളനിലം, പോലീസിനെ കൂസാത്ത ജനങ്ങള്‍.’

എന്‍ഐഎ അന്വേഷണവും ആവശ്യപ്പെട്ടു 

രാജ്യദ്രോഹം, മുസ്ലിംഅക്രമം, മതസ്പര്‍ധ, പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം തുടങ്ങിയവ മുന്നിലേക്ക് വന്നതോടെ ചിലര്‍ എന്‍ഐഎ അന്വേഷണവും ആവശ്യപ്പെട്ടു. ഫെബ്രുവരി 25ന് പൂഞ്ഞാര്‍ ഇടവക യോഗം ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തില്‍ കേസ് എന്‍ഐഎക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. (വൈദികനെ ആക്രമിച്ച കേസ്, എന്‍ഐഎ അന്വേഷണം പ്രമേയം പാസ്സാക്കി പൂഞ്ഞാര്‍ ഇടവക, ഗുഡ്നെസ് ടി വി, ഫെബ്രുവരി 25, 2024).

മുഖ്യമന്ത്രിയുടെ പ്രതികരണം 

നവകരേള സദസ്സിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് നിയമസഭാ ഹാളില്‍ നടന്ന മുസ്‌ലിം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലാണ് പൂഞ്ഞാര്‍/ ഈരാറ്റുപേട്ട സംഭവത്തില്‍ മുസ്‌ലിം വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് (2024 മാര്ച്ച് 7, മീഡിയവൺ).

എന്ത് തെമ്മാടിത്തമാണ് അവിടെ കാണിച്ചത് . ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. ചെറുപ്പക്കാരുടെ സെറ്റെന്നുപറയുമ്പോള്‍ അതില്‍ എല്ലാരും ഉണ്ടാകുമെന്നാണ് നമ്മള്‍ കരുതുക. എന്നാല്‍, അതില്‍ മുസ്‌ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത് ” – എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയ മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹുസൈന്‍ മടവൂരിനെപ്പോലെ വലിയ സ്ഥാനങ്ങളിലിരിക്കുന്നവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകം. അത് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്നും ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കേസില്‍ 27 വിദ്യാര്‍ഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

2024 മാർച്ച്: മിനി സിവിൽ സ്‌റ്റേഷൻ വിവാദം 

ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള പ്രദേശമാണെന്ന 2023 – ലെ പോലിസ് റിപോര്‍ട്ട് 2024 മാര്‍ച്ച് ആദ്യവാരത്തില്‍ സര്‍ക്കാര്‍ തിരുത്തി. മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം അറിയിച്ചത്. ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്പിയുടെ നിലപാട് ((ഈരാറ്റുപേട്ടയില്‍ തീവ്രവാദ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് പോലീസ് തിരുത്തി; തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് ബിജെപി, ന്യൂസ് 18, മാര്‍ച്ച് 5, 2024).

2023 ഒക്ടോബർ: വിവാദ പോലീസ്  റിപ്പോര്ട്ട് 

മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ 79 സെന്റ് സ്ഥലം പോലീസിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്നും ഇവിടെ ഭീകരവിരുദ്ധപരിശീലന കേന്ദ്രവും, പോലീസ് ക്വാര്‍ട്ടേഴ്‌സും, പാര്‍ക്കിംഗ് യാര്‍ഡും നിര്‍മ്മിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പ്രദേശത്തെ ഭീകരവാദ, ക്രമസമാധാന പ്രശ്‌നങ്ങളും മറ്റും പരിഗണിച്ച് സ്ഥലം പോലീസിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തമെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു.(ഈരാറ്റുപേട്ടയിലെ പോലീസിന്റെ സ്ഥലം വിട്ടുകൊടുക്കരുതെന്ന് ജില്ല പോലീസ് മേധാവി, മാതൃഭൂമി ന്യൂസ്, ഒക്ടോബര്‍ 17, 2023).

2023 ഒക്ടോബർ: ബിജെപിയുടെ പ്രതികരണം 

റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തി പ്രാപിക്കുന്ന രാജ്യവിരുദ്ധശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടും ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷന്‍ എന്‍. ഹരി അമിത്ഷായ്ക്ക് കത്തയച്ചതായി വിശ്വസംവാദ കേന്ദ്രം എന്ന സംഘപരിവാർ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. ഈരാറ്റുപേട്ടയിലേത് ഭീകരവാദപ്രവര്‍ത്തനമാണെന്നായിരുന്നു ചാലനിന്റെ നിലപാട്(ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനം; പോലീസ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജന്‍സികള്‍, വിശ്വസംവാദ കേന്ദ്രം , ഒക്ടോബര്‍ 18, 2023)

2024 മാർച്ച്: ബിജെപിയുടെ പ്രതികരണം 

2023 ലെ  റിപോര്‍ട്ടാണ് 2024 മാർച്ചിൽ മന്ത്രി വാസവന്‍ തിരുത്തിയത്. ഇതിനെതിരേ സ്വാഭാവികമായും ബിജെപി രംഗത്തുവന്നു. തീകൊള്ളികൊണ്ട് തല ചൊറിയുന്ന പരിപാടിയാണ് ഇതെന്നും ജനങ്ങളിത് ഞെട്ടലോടെ കേള്‍ക്കണമെന്നും ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘തീവ്രാവാദികള്‍ക്ക് പാലൂട്ടുന്ന സമീപനമാണിത്. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ അടക്കം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അനന്തരഫലമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ തിരുത്തല്‍. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ മാപ്പ് പറയേണ്ടി വരു’മെന്നും പ്രസ്താവനയില്‍ പറയുന്നു. (ഈരാറ്റുപേട്ടയില്‍ തീവ്രവാദ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് പോലീസ് തിരുത്തി; തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് ബിജെപി, ന്യൂസ് 18, മാര്‍ച്ച് 5, 2024)

2023 ഒക്ടോബർ: മാധ്യമങ്ങളുടെ റിപ്പോര്ട്ട് 

കോട്ടയം എസ്പിയുടെ റിപോര്‍ട്ട് (2023) പുറത്തുവന്ന സമയത്തെ മാധ്യമവാര്‍ത്തകള്‍ ഇസ്‌ലാമോഫോബിക് പരിചരണങ്ങളുടെ സവിശേഷതകളിലേക്ക് വെളിച്ചംവീശും. റിപോര്‍ട്ടിനെതിരെ പൊതുവേ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ഇതിനെ ഒരു മുസ്‌ലിം ആവശ്യമായാണ് അവതരിപ്പിച്ചത്. ഉദാഹരണത്തിന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തത് മുസ്‌ലിംസംഘടനകള്‍ റിപോര്‍ട്ടിനെതിരേ രംഗത്തെന്നാണ്. ‘ഈരാറ്റുപേട്ടയില്‍ തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്നു; കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധം’, എന്ന വാര്‍ത്തക്ക് നല്‍കിയ ഉപശീര്‍ഷകം ‘ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്’ എന്നായിരുന്നു (ഒക്ടോബര്‍ 16, 2023). പ്രതിഷേധമറിയിച്ച സംഘടനകളുടെ പേരും എടുത്തുപറഞ്ഞിരുന്നു, ജമാഅത്ത് ഇസ്‌ലാമിയും എസ്ഡിപിഐയും. ഇവര്‍ക്കു പുറമെ സിപിഎം, കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എം തുടങ്ങിയവരും പോലിസിനെതിരേയായിരുന്നുവെന്ന വസ്തുത ന്യൂസ് 18 മറച്ചുവച്ചു. റിപോര്‍ട്ട് തള്ളിയ വാര്‍ത്തയിലും അവരത് മറച്ചുപിടിച്ചിരുന്നു. പകരം മറ്റു പാര്‍ട്ടികള്‍ മുസ്‌ലിംസംഘടനകളുടെ ആവശ്യത്തിന് വഴങ്ങിയെന്ന മട്ടിലായിരുന്നു വാര്‍ത്ത. ബിജെപിയുടെ വാദവും അതായിരുന്നു.

2024 മാർച്ച് : മാധ്യമങ്ങളുടെ റിപ്പോര്ട്ട് 

എസ്ഡിപിഐയും ജമാഅത് ഇസ്ലാമിയും വാസവനെ വിരട്ടിയാണ് റിപോര്‍ട്ട് (2024-ൽ) തള്ളിയതെന്ന വാദം കര്‍മാ ന്യൂസ് പോലുള്ള സംഘപരിവാരപ്രചാരകര ചാനലുകളും ആവര്‍ത്തിച്ചു. രാജ്യത്തെ നടക്കുന്ന സ്‌ഫോടനങ്ങളുടെ പരിശീലനകേന്ദ്രമാണ് ഈരാറ്റുപേട്ടയെന്നും ആയുധശേഖരണം, ഒളിത്താവളങ്ങള്‍ ഒരുക്കല്‍, ലഹരി പോലുള്ളവയുടെ സംഭരണം തുടങ്ങി മിക്കവാറും എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായും അവര്‍ ഈരാറ്റുപേട്ടയെ ചിത്രീകരിച്ചു. (എസ്ഡിപിഐയും ജമാഅത് ഇസ്ലാമിയും വാസവനെ വിരട്ടി ;ഈരാറ്റുപേട്ട പുണ്യസ്ഥലമെന്ന് വാസവന്‍, കര്‍മ ന്യൂസ്, മാര്‍ച്ച് 6, 2024). റിപോര്‍ട്ട് തള്ളാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് എസ്ഡിപിഐ, ജമാഅത്ത് ഇസ് ലാമി തുടങ്ങിയ സംഘടനകളാണെന്നുമുള്ള കര്‍മാ ന്യൂസ് വാര്‍ത്ത ജനം വിടിയും ആവര്‍ത്തിച്ചു. രണ്ടു സംഘടനകളും ഇസ്‌ലാമിസ്റ്റ് സംഘടനകളാണെന്നു മാത്രമായിരുന്നു വാര്‍ത്തയില്‍ കൂടുതലായി ഉണ്ടായിരുന്നത്. (ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രശ്‌നം; റിപ്പോര്‍ട്ട് തിരുത്തി; തീവ്രവാദികള്‍ക്ക് കുടപിടിച്ച് ആഭ്യന്തര വകുപ്പ്, ജനം ടിവി, മാര്‍ച്ച് 5, 2024).

റിപോര്‍ട്ട് തള്ളിച്ചതിനു പിന്നില്‍ മുസ്‌ലിംസംഘടനകളുടെ സമ്മര്‍ദ്ദമാണെന്ന് സ്ഥാപിക്കാനാണ് ന്യൂസ് 18നെപ്പോലെ കര്‍മാ ന്യൂസും ജനം ടിവിയും ശ്രമിച്ചത്.

2022 ഡിസംബർ : മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമധാന പ്രശ്‌നം

ഈരാറ്റുപേട്ടയെ ഒരു ക്രിമിനല്‍ കേന്ദ്രമായി ചിത്രീകരിക്കുന്നത് പുതിയ കാര്യമല്ല.  2022-ൽ തന്നെ സര്‍ക്കാര്‍ രേഖകളിലും ഇടംപിടിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാര്‍ത്തിക് ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പര്‍ 22ന് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമധാന പ്രശ്‌നം എന്നീ കേസുകള്‍ ഈരാറ്റുപേട്ട സ്റ്റേഷനില്‍ വളരെയധികമാണെന്ന് രേഖപ്പെടുത്തിയതോടെയായിരുന്നു അത്. ഇതുമൂലം ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന് സ്ഥലം എറ്റടുക്കുവാന്‍ രണ്ട് വര്‍ഷം വൈകി. ജില്ലാ പൊലീസ് മേധാവിയുടെ ഈ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് നഗരസഭയില്‍ 2023 ഒക്ടോബര്‍ 13 ന് കൂടിയ സര്‍വ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്‌തെങ്കിലും ഒന്നും നടന്നില്ല ((ഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം: കേസുകള്‍ ഇല്ലെന്ന് പോലീസ്, മാതൃഭൂമി, ഒക്ടോബര്‍ 24, 2024).

2024 ഒക്ടോബർ : വിവരാവകാശ രേഖയിലെ വസ്തുതകൾ  

ഈരാറ്റുപേട്ടക്കെതിരായ  പ്രചാരണങ്ങളുടെ കടക്കല്‍ കത്തിവയ്ക്കുന്ന ഒരു വിവരാവകാശരേഖ പുറത്തുവന്നു. അതനുസരിച്ച് ഈരാറ്റുപേട്ടയില്‍ പോലിസും ഹിന്ദുത്വപ്രചാരകരും പ്രചരിപ്പിക്കുന്നതുപോലെ ശരാശരിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങളോ അതില്‍ കേസുകളോ ഇല്ല. ഈ സാഹചര്യത്തിലാണ് 2017 മുതല്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമാധാനം എന്നീ കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളും ആവശ്യപ്പെട്ട് ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ. മുഹമ്മദ് ഷരീഫ്, ഈരാറ്റുപേട്ട സ്‌റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ബാബു സെബാസ്റ്റ്യന് 2023 ഒക്ടോബര്‍ 31 ന് അപേക്ഷ നല്‍കിയത്.

ഈ അപേക്ഷ 2023 നവംമ്പര്‍ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഈ അപേക്ഷ നിരസിച്ചു. ഇതിനെതുടര്‍ന്ന് 2023 ഡിസംമ്പര്‍ 8 ന് പാലാ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ജെ. തോമസിന് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീല്‍ നല്‍കി. ഈ അപ്പീലും നിരസിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഷെരീഫ് 2024 ജനുവരി 9ന് വിവരവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീലിലാണ് കേസുകളും എണ്ണവും കേസ് നമ്പരും തീയതി നല്‍കാന്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ് ഉത്തരവ് നല്‍കിയത്.

നല്‍കിയ മറുപടി അനുസരിച്ച് മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം എന്നീ കേസുകള്‍ 2017 മുതല്‍ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രമസമാധാന പ്രശ്‌നത്തില്‍ ഈ കാലയളവില്‍ എടുത്ത കേസുകള്‍ 69 എണ്ണം മാത്രമാണ്. ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തലനാട് എന്നീ പഞ്ചായത്തുകളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന പരിധി(ഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം: കേസുകള്‍ ഇല്ലെന്ന് പോലീസ്, മാതൃഭൂമി, ഒക്ടോബര്‍ 24, 2024)

2025 ഏപ്രില്‍ : ഈരാറ്റുപേട്ടയ്ക്ക് കുറ്റവിമുക്തി

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ മതസ്പര്‍ധ, തീവ്രവാദ എന്നീ കേസുകള്‍ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി റിപോര്‍ട്ട് നല്‍കി. 2025 ഏപ്രില്‍ അവസാനവാരത്തിലാണ് വാര്‍ത്ത പുറത്തുവന്നതെങ്കിലും മാര്‍ച്ച് 30നുതന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പോലിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ മുഹമ്മദ് ഷെരീഫിന് ഏപ്രില്‍ 23ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പുള്ളത്.

കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാര്‍ത്തിക് ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപെട്ട് 2022 ഡിസംബര്‍ 22 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മതസ്പര്‍ധ, തീവ്രവാദ പ്രവര്‍ത്തനം, ക്രമസമധാന പ്രശ്‌നം എന്നീ കേസുകള്‍ ഈരാറ്റുപേട്ട സ്റ്റേഷനില്‍ വളരെയധികമാണെന്ന് രേഖപ്പെടുത്തിയിരുന്നു. 2024 ഒക്ടോബര്‍ 12 ന് ഈരാറ്റുപേട്ടയിലെ മതസ്പര്‍ധ, തീവ്രവാദ എന്നീ കേസുകളളുടെ കണക്കുകള്‍ ആവശ്യപ്പെട്ട് ഷെരീഫ് ഈരാറ്റുപേട്ട പോലിസില്‍ വിവരാവകാശപ്രകാരം അപേക്ഷ നല്‍കി. അത്തരം കേസുകളില്ലെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് 2024 നവംബര്‍ 18ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാര്‍ത്തികിന്റെ 2022 ഡിസംബറിലെ റിപ്പോര്‍ട്ട് ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് തിരുത്തി മാര്‍ച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്(2025 ഏപ്രില്‍ 26, മീഡിയാവണ്‍)

2025 മാര്‍ച്ച് : പാറമടയിലെ ജലാറ്റിന്‍സ്റ്റിക്കും അന്താരാഷ്ട്ര ഭീകരസംഘടനകളും ഇറാനും 

2025 മാര്‍ച്ച് ആദ്യ വാരത്തിൽ  വണ്ടന്‍മേട് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. പിന്നീട് ഈരാറ്റുപേട്ട നടക്കലിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലും സ്റ്റിക്കുകളുമടക്കം വന്‍ശേഖരം പിടി കൂടി. ഈ സംഭവത്തില്‍ ആദ്യം രണ്ടു പേരെയും പിന്നീട് നാല് പേരെയുമാണ് പിടികൂടിയത്. ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, മുഹമ്മദ് ഫാസില്‍, ഉപ്പുതറ കല്‍ത്തൊട്ടി സ്വദേശികളായ ജോസഫ് മാത്യൂ, റോയി എബ്രഹാം, പൂപ്പാറ സ്വദേശി ബിജു മാണി, ഈരാറ്റുപേട്ട നടക്കല്‍ പി എ ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്.

68 ജലാറ്റിന്‍ സ്റ്റിക്കുകളും 133 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തി. 210 ഡിറ്റനേറ്ററുകളാണ് വാങ്ങിയത്. ബാക്കിയുള്ളവ ഉപയോഗിച്ചു. അറസ്റ്റിലായവര്‍ പാറഖനന, കിണര്‍ നിര്‍മാണ തൊഴിലാളികളാണ്. ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത്. കുളം നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ ഉടമകളായ സജി വര്‍ഗീസ്, പ്രിന്‍സ് എന്നിവര്‍ക്കെതിരേയും കേസുണ്ട്. (11 മാര്‍ച്ച് 2025 മീഡിയാവണ്‍)

തികച്ചും സാധാരണമായ ഈ കുറ്റകൃത്യത്തെ കാസ അവതരിപ്പിച്ചത് അങ്ങനെയായിരുന്നില്ല. പ്രതിപ്പട്ടികയില്‍ വിവിധ മതക്കാരുണ്ടെന്ന കാര്യം കാസ മറച്ചുവച്ചു: ‘ഈരാറ്റുപേട്ടയില്‍നിന്ന് പിടികൂടപ്പെട്ട ജലാറ്റിന്‍ സ്റ്റിക്കുകള്‍ കേരളത്തിന് നല്‍കുന്നത് ഒരു വലിയൊരു മുന്നറിയിപ്പ്’ എന്ന ശീര്‍ഷകത്തില്‍ അവര്‍ ഒരു കുറിപ്പ് എഴുതി. ആഗോളരാഷ്ട്രീയവുമായി നേരിട്ടു ബന്ധപ്പെട്ട വിശദീകരണമാണ് ഈ സംഭവത്തിന് അവര്‍ നല്‍കിയത്: ”ഇറാന്റെ ആണവ പദ്ധതിയെ എന്തുകൊണ്ടാണ് അമേരിക്കയും ഇസ്രയേല്‍ പോലെയുള്ള രാജ്യങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്നതും അവരുടെ പദ്ധതിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതും എന്ന് ചോദിച്ചാല്‍ ഇറാന്റെ കയ്യില്‍ ആണവായുധം എത്തിയാല്‍ അത് തീവ്രവാദികളുടെ കൈകളില്‍ എത്താന്‍ അധികം താമസമുണ്ടാവില്ല എന്നതാണ്. അത് ലോകത്തിന് ആപത്താണ് ! ആണവായുധം കൈവശമുള്ള പാക്കിസ്ഥാനിലെ രാഷ്ട്രീയ ഭരണകൂട അസ്ഥിരതയെ ഭാരതം ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഭയത്തോടെ കാണുന്നതും അതുതന്നെയാണ്(…) ഇതുതന്നെയാണ് ഈരാറ്റുപേട്ടയില്‍ നിന്നും പിടികൂടപ്പെട്ട ജലാറ്റിന്‍ സ്റ്റിക്കുകളുടെ കാര്യത്തില്‍ ബോധമുള്ളവര്‍ ഭയത്തോടെ കാണേണ്ടതിന്റെ കാരണം”.

കുറിപ്പ് തുടരുന്നു: ”കേരളത്തില്‍ യാതൊരുവിധ തടസ്സവും ഇല്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ മതമൗലികവാദ ഭീകരവാദികളുടെ കൈകളില്‍ എത്താനുള്ള സാധ്യത ഏറെയാണ്. പാറമടയിലേക്ക് മാത്രമായാണ് ഈ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൊണ്ടുവന്നതെന്ന് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല , കാരണം പാറമടകള്‍ക്ക് ഇത്തരം സ്‌ഫോടക വസ്തുക്കള്‍ വാങ്ങുവാന്‍ ലൈസന്‍സ് ഉള്ളതാണ്, ലൈസന്‍സ് പ്രകാരമുള്ള അളവിലും കൂടുതല്‍ ഇത്തരം സ്‌ഫോടക വസ്തുക്കള്‍ ആവശ്യമുണ്ടെങ്കില്‍ അനധികൃതമായിട്ടാണെങ്കിലും അവര്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുമെന്നിരിക്കെ ഈരാറ്റുപേട്ടയിലെ ചില ആളുകള്‍ ഇടനിലക്കാരായി ഇതില്‍ വന്നത് ദുരൂഹത തന്നെയാണ്. പാറമടയില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍, ബംഗാളികളെന്ന വ്യാജേനെയെത്തുന്ന ബംഗ്ലാദേശികള്‍, ബര്‍മക്കാര്‍ തുടങ്ങി വലിയ അന്താരാഷ്ട്ര വ്യാപ്തിയിലേക്കാണ് കാസയുടെ വിശദീകരണം കടക്കുന്നത്(10 മാര്‍ച്ച്  2025 ഫേസ്ബുക്ക് പോസ്റ്റ്).

ഈ വിവരങ്ങള്‍ പൊതുജനശ്രദ്ധയില്‍ പെടുത്തിയത് നടി ലാലി പിഎമ്മാണ്: ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്? ഇനിയെങ്കിലും ഇത്തരം വാര്‍ത്തയുടെ തുടക്കത്തില്‍ കൂടെ അതില്‍ അകപ്പെട്ടിരിക്കുന്നവരുടെ പേരുകളും കൂടി കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുമല്ലോ…. പക്ഷേ എനിക്ക് തോന്നുന്നത് കാസ മുന്നറിയിപ്പ് തന്നത് കളമശ്ശേരി ബോംബ് സ്‌ഫോടനം കൂടി ആലോചിച്ചായിരിക്കണം എന്നാണ്. Thank you #casa’ (10 മാര്‍ച്ച് 2025,  ഫേസ്ബുക്ക് പോസ്റ്റ്). ഇതായിരുന്നു അവരുടെ പോസ്റ്റിലെ ചില വാചകങ്ങള്‍.

2025 മാര്‍ച്ച്: മിനി താലിബാന്‍

2025 മാര്‍ച്ച് 13ന് മാത്യു സാമുവല്‍ തൻ്റെ യൂറ്റുബ് ചാനലിൽ ഈരാറ്റപേട്ടയെ ലക്ഷ്യമിട്ട് ഒരു വീഡിയോ ചെയ്തു. ‘ഈരാറ്റുപേട്ട(മിനിതാലിബാന്‍) സൂക്ഷിക്കണം- വലിയ വില കൊടുക്കേണ്ടിവരും’- എന്ന ശീര്‍ഷകത്തില്‍. ഈരാറ്റുപേട്ടയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കുപോലും ജോലി ചെയ്യുക ബുദ്ധിമുട്ടാണ്. ഈരാറ്റുപേട്ടയില്‍ മതതീവ്രതയും മതഭ്രാന്തും വര്‍ഗീയതും ശക്തമാണ്. താലിബാനേക്കാളും കഷ്ടമാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണനിശബ്ദത പാലിക്കുകയാണ്. പിന്തുണയ്ക്കുക പോലും ചെയ്യുന്നുണ്ട്- ആക്ഷേപങ്ങള്‍ ഇങ്ങനെ പോകുന്നു.

ഈരാറ്റുപേട്ടയിലെ മതഭ്രാന്ത് ഇല്ലാതാക്കാന്‍ അദ്ദേഹം ഒരു നിര്‍ദേശംവച്ചു. അടുത്ത തിരഞ്ഞെടുപ്പ് ക്രൈസ്തവരും ഹിന്ദുക്കളും ബഹിഷ്‌കരണിക്കണം. അതപ്പോള്‍ ചര്‍ച്ചയാവും. ഈരാറ്റുപേട്ടയിലെ ബിസിനസ്സ് പൂര്‍ണമായും ബഹിഷ്‌കരിക്കണം. ആരും അവിടെനിന്ന് സാധനം വാങ്ങരുത്. അതിനടുത്തുള്ള സിറ്റിയില്‍നിന്ന് വാങ്ങണം. ഗവണ്‍മെന്റ് ഓഫിസുകള്‍ക്ക് ഈരാറ്റുപേട്ടക്ക് പുറത്ത് ഒരു അനക്‌സ് നിര്‍മിക്കണം. കാരണം ഈരാറ്റുപേട്ടയിലേക്ക് നമുക്ക് പോകാനാവില്ല. ഈരാറ്റുപേട്ട ഇന്ത്യയിലാണെങ്കിലും അവിടെ ജനാധിപത്യത്തിന് മൂല്യമില്ല- ഇങ്ങിനെ പോകുന്നു വിവരണങ്ങൾ  (13 മാര്‍ച്ച് 2025 മാത്യു സാമുവല്‍ ഒഫീഷ്യല്‍).

മാത്യു സാമുവലിനെതിരേ സ്ഥലം എംഎല്‍എ

മാത്യുസാമുവലിനെതിരേ സ്ഥലം എംഎല്‍എ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ ഒരു വീഡിയോയുമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലെത്തി. മാത്യുസാമുവല്‍ പറയുന്നത് തെറ്റാണെന്ന് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം സമൂഹം യോജിപ്പോടെ കഴിഞ്ഞുകൂടുന്ന അനുഭവങ്ങളും തെളിവായി അദ്ദേഹം ഹാജരാക്കി(18 മാര്‍ച്ച് 2025, അനില്‍ ടോക്‌സ്, യുട്യൂബ് ചാനൽ)

മാത്യു സാമുവലിനെതിരേ കേസ്

യുട്യൂബിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ നെതിരേ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂട്യൂബ് ചാനലിനെതിരെ ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, പിഡിപി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ചാനലില്‍ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാര്‍ദം തകരാന്‍ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്ന് സംഘടനകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്(17 മാര്‍ച്ച് മീഡിയാവണ്‍).

2025 ഏപ്രിൽ: വിദ്വേഷപ്രചാരകന് മുന്‍കൂര്‍ ജാമ്യം

യുട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ തെഹല്‍ക മാഗസിന്‍ മുന്‍ മാനേജിങ് എഡിറ്റര്‍ മാത്യു സാമുവലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാത്യു സാമുവല്‍ ഒഫീഷ്യല്‍ എന്ന യുട്യൂബ് ചാനലിലൂടെ ഈരാറ്റുപേട്ടയെ ‘മിനി താലിബാന്‍’ എന്നും മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ‘ഇസ്ലാമിക ഭീകരത’യെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരേ വിവിധ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹരജിക്കാരന്റെ പ്രവര്‍ത്തനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കുമെങ്കില്‍ തടവ് ഒഴിവാക്കുമെന്നും കോടതി വിലയിരുത്തി.(മതവിദ്വേഷ പ്രചാരണം: മാത്യു സാമുവലിന് മുന്‍കൂര്‍ ജാമ്യം, 8 ഏപ്രില്‍ 2025, മാധ്യമം).