Data Brief Geographies of Islamophobia Kerala Islamophobia Special Report

മലപ്പുറം എന്ന ആരോപണസ്ഥലം (1968-2025):  ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി 

ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട രീതിശാസ്ത്രങ്ങളിലൊന്നാണ്  ഭൂമിശാസ്ത്ര നിര്‍മിതി. ഒരു ജനതയുടെ വാസസ്ഥലത്തോടുള്ള ബന്ധം സ്വാഭാവികമല്ല; അത് രാഷ്ട്രീയ-സാമൂഹിക ഘടനകകളിൽ കൂടി  നിർമിക്കപ്പെടുന്നതാണ്.  മുസ്ലിം വിരുദ്ധ വംശീയതയാണ്  ഇസ്‌ലാമോഫോബിയ.  മുസ്ലിംകളായി മറ്റുള്ളവരാൽ കരുതപ്പെടുന്നവരെയും സ്വയം തിരിച്ചറിയുന്നവരെയും,  അവർ ജീവിക്കുന്ന സ്ഥലങ്ങളെയും വ്യവഹരിക്കുന്ന ഇടങ്ങളെയും,  ഒരു സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര ഭീഷണിയായും പ്രശ്നമായും  രൂപപ്പെടുത്തുന്ന വംശീയവൽക്കരണ പ്രക്രിയയാണ ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതി (കൗസർ നജിബ് & കാർമെൻ ടീപിൾ ഹോപ്പ്‌കിൻസ് (2020), ജിയോഗ്രാഫീസ് ഓഫ് ഇസ്ലാമോഫോബിയ, സോഷ്യൽ ആൻഡ് കൾച്ചറൽ ജിയോഗ്രാഫി, 21:4, പേജ്: 449-457). 

കേരളത്തിലെ വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ധാരാളം ഇസ്‌ലാമോഫോബിക് മാതൃകകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഐക്യകേരളത്തിൽ തിരിച്ചറിയാന്‍ കഴിഞ്ഞിടത്തോളം ഏറ്റവും ശക്തിയുള്ള ഇസ്‌ലാമോഫോബിക്  ഭൂമിശാസ്ത്ര നിർമിതിയാണ് മലപ്പുറം.  ഇതേ രൂപത്തിലല്ലെങ്കിലും വ്യത്യസ്തമായ ഘടനകളോടുകൂടി മറ്റു പ്രദേശങ്ങളെ ലക്ഷ്യമിട്ടും  ഇസ്‌ലാമോഫോബിക് മാതൃകകള്‍ രൂപംകൊണ്ടിട്ടുണ്ട്. ഈരാറ്റുപേട്ട, ആലുവ, കാസറഗോഡ്,  ആലപ്പുഴ, മട്ടാഞ്ചേരി, ബീമാപള്ളി  തുടങ്ങിയ പ്രദേശങ്ങളാണ് ഇത്തരത്തില്‍ തിരച്ചറിഞ്ഞിട്ടുള്ളത്. 

1969 ജൂണ്‍ 16ാം തിയ്യതിയാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. സ്വതന്ത്ര ഇൻഡ്യയില് രൂപീകരിക്കപ്പെട്ട ആദ്യത്തെ മുസ്ലിം ഭൂരിപക്ഷ ജില്ല കൂടിയായിരുന്നു മലപ്പുറം. ജില്ലാ രൂപീകരണ ആലോചന നടക്കുന്ന സമയത്തുതന്നെ അതിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇസ്ലാമോഫോബിക് പ്രചാരവേലയും ആരംഭിച്ചു. അന്ന് തുടക്കം കുറിച്ച വിദ്വേഷപ്രചാരണങ്ങള്‍ ജില്ലാ രൂപീകരണം കഴിഞ്ഞ് അര നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇന്നും സജീവമാണ്. സംഘപരിവാര്‍/ഹിന്ദുത്വ  കേന്ദ്രങ്ങള്‍ ആസൂത്രിതമായി തുടങ്ങിയ പ്രദേശത്തെ കേന്ദ്രീകരിച്ച ഈ പ്രചാരവേല ഓരോ കാലത്തും ദേശീയ-ആഗോള സാഹചര്യത്തിനനുസരിച്ച് പരിണമിച്ചും അതിനോട് ഇടപെട്ടുമാണ് വികസിച്ചത്. 

മലപ്പുറം വിരുദ്ധത: ഉൽപാദാനവും വിതരണവും

മലപ്പുറം വിരുദ്ധ  വിദ്വേഷ നിര്‍മാണത്തിന്റെ പ്രാഥമിക  ഉല്‍പ്പാദകരും പ്രായോജകരും സ്വാഭാവികമായും ഹിന്ദുത്വര്‍തന്നെ. 1968-ൽ ‘വിചാരധാര’യിലൂടെ എം എസ് ഗോൽവാൽക്കർ സൈദ്ധാന്തികമായി  വികസിപ്പിച്ചതു കൂടിയാണ് മലപ്പുറം വിരുദ്ധത(വിചാരധാര, ഗോള്‍വാല്‍ക്കര്‍, 1968 ഡിസംബര്‍, നാലാമത്തെ എഡിഷന്‍, ആഭ്യന്തര ശത്രുക്കള്‍ (ഭാഗം ഒന്ന്),പേജ്: 173, 174). മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ഹിന്ദുത്വ ഭാവനയിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കൊളോണിയൽ കാല പ്രശ്നമായി നിലകൊള്ളുന്നു. വി.ഡി. സവർക്കർ 1926-ൽ മലബാർ പോരാട്ടത്തെക്കുറിച്ചും ഏറനാട് താലൂക്കിനെക്കുറിച്ചും എഴുതിയ മറാത്തി നോവലാണ് ‘മോപ്പ്ലാൻചേ ബണ്ട് അർത്ഥത് മാൽ കായ് ത്യാചെ (ദി മോപ്പ്ലാ റിബെല്ലിയൻ, മീനിങ്ങ്, വാട്ട്‌സ് ദ വാല്യൂ ഓഫ് ഇറ്റ്?)’ അതിന്റെ ഇംഗ്ലീഷ് വിവർത്തനം 2023-ൽ പുറത്തിറങ്ങി (മാപ്പിള, 2023, ഗരുഡ പ്രകാശൻ പ്രൈവറ്റ് ലിമിറ്റഡ്). 1925 -ലാണ് ആർ എസ് എസ് രൂപീകരിക്കപ്പെട്ടതെന്നു ഓർക്കുക. 

കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനം 1942-ൽ കോഴിക്കോട് ചാലപ്പുറത്ത് ആരംഭിച്ചു. 1964 വരെ കേരളത്തിലെ പ്രവർത്തനം തമിഴ്നാട് ‘പ്രാന്തി’ൻ്റെ ഭാഗമായിരുന്നു. 1964-ൽ കേരളത്തില്‍ സ്വതന്ത്ര പ്രവർത്തനം  തുടങ്ങിയ ആര്‍എസ്എസ്സിന്റെ  വളര്‍ച്ചക്ക് വഴിത്തിരിവായി മാറിയത്  മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭ കാലഘട്ടമായിരുന്നുവെന്ന് (1968- 1969)  ആര്‍എസ്എസ് പ്രാന്തീയ പ്രചാര പ്രമുഖും കേസരി വാരിക  മുന്‍ എഡിറ്ററുമായ എം എ കൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു(കൃഷ്ണ മേനോൻ , (1995),  ‘പൊളിറ്റിക്സ് ഇന്‍ കേരള’, ഇൻഡ്യ ഇൻ്റർനാഷനൽ സെൻ്റർ ക്വാർട്ടർലി, പേജ് 16- 26). ജില്ലാ രൂപീകരണം കഴിഞ്ഞു 20 വര്‍ഷം കഴിയുമ്പോള്‍ 1989-ല്‍ ഇന്‍ഡ്യ ടുഡേ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, ഹിന്ദുത്വര്‍ തന്നെ പറയുന്നത്, മലപ്പുറം ജില്ലയാണ് കേരളത്തില്‍ ആര്‍എസ്എസിന്റെ ശക്തികേന്ദ്രമെന്നാണ്.  കേരളത്തിലെ 50000 ആർ എസ് എസ് അംഗങ്ങളിൽ 10000 പേരും മലപ്പുറത്തായിരുന്നു. മൊത്തം 3000 ശാഖകളിൽ 400 എണ്ണം മലപ്പുറം ജില്ലയിൽ.  (പങ്കജ് പചൗരി,  ‘രാഷ്ട്രീയ സ്വയംസേവക് സംഘ് ലോഞ്ചസ് സതേൺ ഒഫൻസീവ്’ , 30 ജൂൺ 1989, ഇൻഡ്യ ടുഡേ ). 

എന്നാല്‍  ഹിന്ദുത്വര്‍ക്കു മാത്രമല്ല ഒരു  വിഭാഗം ‘മതേതര’ർക്കും  ‘ദേശീയവാദികൾ’ക്കും   മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ ഭാവനയുടെ വിതരണത്തിൽ   പങ്കുണ്ട്. ജില്ലാ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, ഇ മൊയ്തു മൗലവി,  കേരള ഗാന്ധിയായ കെ കേളപ്പൻ  തുടങ്ങിയവരുടെ എതിർ പ്രചാരണങ്ങളും അടങ്ങിയതാണ് 1960കളിലെ ചരിത്രം (റോളണ്ട് മില്ലർ, (1976), മാപ്പിള മുസ്‌ലിംസ് ഓഫ് കേരള: എ സ്‌റ്റഡി ഇൻ ഇസ്‌ലാമിക് ട്രെൻഡ്സ്, പേജ്: 183). പിന്നീടു ആര്യാടൻ മുഹമ്മദ്  1980-82 കാലത്ത് സി പി എം നേതൃത്വത്തിലുള്ള  ഇ.കെ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായി.  മലപ്പുറം ജില്ലാ രൂപീകരണത്തെ അനുകൂലിച്ച ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സിപിഎം തന്നെ 1990കളോടെ  വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി മാറിയതും കാണാം. 2000- നു ശേഷം കോൺഗ്രസ് അനുകൂല  പോഷക സംഘടനകളും   സമാനമായ നിരവധി ഇസ്‌ലാമോഫോബിക് കാമ്പയിനുകൾ നടത്തി.     സംഘപരിവാറില്‍നിന്ന് വ്യത്യസ്തമായി വിവാദമായാല്‍ തിരുത്തുമെന്നതാണ്‌ സിപിഎം/ കോൺഗ്രസ് ശൈലി. കഴിഞ്ഞ ഒരു ദശകമായി വിശിഷ്യാ 2016-നു ശേഷം  സിപിഎം നേതാക്കൾ- അവരുടെ തന്നെ ചരിത്രത്തിൽ -തുല്യതയില്ലാത്ത മലപ്പുറം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളാണ് നടത്തിയത്. 

1960നു ശേഷമുള്ള മലപ്പുറം ജില്ലയുടെ ചരിത്രം പരിശോധിച്ചാല്‍ വിദ്വേഷ പ്രചാരണങ്ങള്‍ ആചാരനിഷ്ഠയോടെ ഓരോ വര്‍ഷവും തുടരുന്നതായി കാണാം. 70കളില്‍ പാകിസ്ഥാന്‍ വാദം, വിഭജനവാദം, മുസ്ലിം വര്‍ഗീയത തുടങ്ങിയ സവര്‍ണ ദേശീയതാ വ്യവഹാരങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണം നടക്കുന്നത്. 70കളിലെ  ഗള്‍ഫ് കുടിയേറ്റം മറ്റൊരു മാതൃക പ്രധാനം ചെയ്തു.  80 കളില്‍ പ്രചാരത്തിലായ മതേതരത്വ ചര്‍ച്ചകള്‍ക്കും മതമൗലികവാദ ആശങ്കകള്‍ക്കും സ്ത്രീവാദ സങ്കല്‍പ്പങ്ങള്‍ക്കും ഒപ്പം ഈ വാര്‍പ്പു മാതൃക പിന്നെയും നവീകരിക്കപ്പെട്ടു. ഇക്കാലയളവില്‍ മുസ്ലിം ലീഗാണ് മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെയും മലപ്പുറം വിരുദ്ധതയുടെയും പേരില്‍ അപരസ്ഥാനത്തുണ്ടായിരുന്നത്. 90കളില്‍ ബാബരി മസ്ജിദ് പ്രശ്‌നം തുടങ്ങിയതോടെ മലപ്പുറം വിരുദ്ധത  പുതിയ ശൈലിയും രൂപവും കൈവരിച്ചു. 2000-നു ശേഷം  ‘ആഗോള ഭീകരത’യുടെ ഹബ്ബായി വരെ  മലപ്പുറം ചിത്രീകരിക്കപ്പെടുന്നു. 2014-നു ശേഷം ഹിന്ദുത്വചിന്ത ഭരണകൂട/സ്ഥാപനരൂപം കൈവരിച്ചപ്പോൾ  മലപ്പുറംവിരുദ്ധത നിർലോഭം പൊട്ടിയൊഴുകാൻ തുടങ്ങി. 

വിദ്വേഷ പ്രചാരണം: സൂചനകളും  പ്രയോഗങ്ങളും 

രാഷ്ട്രീയ പ്രചാരണം, സിനിമ, മാധ്യമങ്ങൾ, ആരോഗ്യം, പരിസ്ഥിതി,  സാഹിത്യം, സാംസ്കാരിക പ്രവർത്തനം, മൃഗാവകാശം, വിദ്യാഭ്യാസം, സ്ത്രീയവകാശം, ഭക്ഷണ സംസ്കാരം, മതം, വർഗീയത, മതേതരത്വം, ദേശസുരക്ഷ, ദേശീയത, കടൽത്തീരം, നോമ്പ് , പ്രവാസം, തൊഴിൽ, സൈബർ, കായിക വിനോദ പ്രവർത്തനങ്ങൾ,  ഓൺലൈൻ ജീവിതം, രാഷ്ട്രം,  പോലീസ്   തുടങ്ങിയ സാമൂഹ്യ – രാഷ്ട്രീയ- ഭൂമിശാസ്ത്ര   സൂചനകളിലൂടെ  ദീര്‍ഘകാലമായി നടന്ന ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളാണ് മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷന്തരീക്ഷം രൂപപ്പെടുത്തിയത്.   

ആദ്യകാലത്തു തന്നെ വികസിപ്പിക്കപ്പെട്ട് ഇന്നും തുടരുന്ന,  വിവിധ പാക്കിസ്ഥാൻ വിശേഷണങ്ങൾ  മലപ്പുറത്തിനുണ്ട്:     ‘തെക്കന്‍’ പാകിസ്ഥാന്‍,   ‘പാക് ചാരപ്രവര്ത്തന പ്രദേശം’,  ‘കുട്ടി/മിനി/മിനിയെച്ചര്’ പാകിസ്താൻ,  ‘പാകിസ്താന്‍ പൗരന്മാരുള്ള ജില്ല’ തുടങ്ങിയവയാണ് അതില്‍ ചിലത്.  ദേശീയവാദികൾക്ക് അന്താരാഷ്ട്ര   ബന്ധങ്ങളുള്ള ജില്ലയാണിത്:  ‘ദേശീയോദ്ഗ്രഥനത്തെ’ ചോദ്യം ചെയ്യുന്ന ജില്ല, മലപ്പുറത്തിനു പിന്നില്‍ ‘അമേരിക്കന്‍’ താല്‍പര്യം,   കേരളത്തിലെ ‘ഗൾഫ് പോക്കറ്റ്’,  ‘എല്‍ടിടിഇ’ മോഡല്‍,  ‘താലിബാന്‍’ മോഡല്‍,  ‘ബംഗ്ലാദേശി’കളുടെ  സ്ഥലം,  ‘ഐഎസ്’ , അല്‍ഖഇദ’, ബന്ധം,  ‘താലിബാന്‍’ കോടതിയുള്ള ജില്ല , ‘ഖാലിസ്ഥാന്‍’ മാതൃക , ‘ലഷ്‌കര്‍-ഇ-തൊയ്ബ’ ബന്ധം,  ‘കശ്മീർ’ ബന്ധം തുടങ്ങിയ ആരോപണങ്ങൾ ദേശീയതയുടെ ബാഹ്യസ്ഥലമായി മലപ്പുറത്തെ നിർവചിക്കാൻ ഉപയോഗിച്ചു.  ദേശസുരക്ഷാ വ്യവഹാരം നൽകിയ വിളിപ്പേരുകൾ ഇവയാണ്:  ‘സെക്യൂരിറ്റി സെന്‍സറ്റീവ്’ ജില്ല,  തീരദേശത്തു ‘തിരിച്ചറിയാന്‍ കഴിയാത്ത  കപ്പലുകള്‍’ വരുന്ന ജില്ല. മലപ്പുറത്തു  ‘സായുധസേന പ്രത്യേക അധികാരനിയമം’(അഫ്സ്പ) പ്രയോഗിക്കണം എന്ന ആവശ്യം വരെ ഒടുവിൽ ഉയർന്നു. 

മലപ്പുറം ജില്ലയുടെ രണ്ടു പ്രത്യേകതകളാണ് ഏറെ ഇസ് ലാമോഫോബിക്   ആകാംക്ഷകൾ നിർമിക്കുന്നത്. ഇസ്‌ലാം, മുസ്‌ലിം  എന്നീ സൂചകങ്ങളാണത്:   ‘ഇസ് ലാമിക രാഷ്ട്രീയ’ സംഘടനയുടെ തട്ടകം, ‘മുസ് ലിം  ഭൂരിപക്ഷ’ ജില്ല,  ‘മുസ്ലിം വികാരം’ ഉള്ള ജില്ല ,  മുസ്ലിം ‘മേധാവിത്ത’ പ്രദേശം,  മുസ്ലിം ‘പോക്കറ്റ്’ – അങ്ങനെ പോകുന്നു പ്രയോഗങ്ങൾ. ഒപ്പം ജില്ലയിലെ ജനങ്ങളെ  ‘അന്യ മതവിദ്വേഷികളാക്കി’ ചിത്രീകരിക്കുന്നു: ‘ക്ഷേത്രം ആക്രമിക്കുന്നവർ’ ,  ‘റമദാൻ  മാസത്തില്‍ (നോമ്പ് കാലം) മറ്റുള്ളവർക്ക് ഭക്ഷണം നിഷേധിക്കുന്നവര്‍, ‘പ്രതിമ കളോട്‌ വിരോധമുള്ളവർ- എന്നീ ആരോപണങ്ങളും ഉണ്ട്. 

വർഗീയത/ മതേതരത്വ ദ്വന്ദവും ഇതോട് ചേര്‍ന്നു പ്രവർത്തിക്കുന്നു: ജില്ലയിൽ   ‘വര്‍ഗീയകലാപം’, ജില്ല   ഒരു ‘മതേതര ദുര്‍ബലപ്രദേശ’മാണ്,  ഉള്ളടക്കം ‘വര്‍ഗീയം’,  ‘മത-ന്യൂനപക്ഷവര്‍ഗീയതയുടെ ശാക്തീകരണമേഖല’, ഒരു ‘പ്രത്യേക മതവിഭാഗം’ മാത്രമുള്ള ജില്ല, മാസംതോറും ജില്ലയിൽ ആയിരം പേരെ ‘മതംമാറ്റുന്നു’, ‘മറ്റു മതസ്ഥർക്ക്  ശ്മശാനം’ നിഷേധിക്കുന്നു. ഒപ്പം തീവ്രവാദ വ്യവഹാരവും  വികസിച്ചു: ‘തീവ്രവാദികള്‍’, ‘മഹാഭൂരിപക്ഷം  നല്ലവർ, ‘തീവ്രവാദികള്‍ ചെറുന്യൂനപക്ഷം’. ‘തീവ്രവാദിത്തരം’, ‘കലാപക്കാര്‍’ തുടങ്ങിയ വിളിപ്പേരുകളും  നല്ല മുസ്ലിം/ മോശം മുസ്ലിം വർഗീകരണങ്ങളും  പതിവാണ്. 

90കൾക്കു ശേഷമുള്ള  മലയാള സിനിമകളുടെ  കാഴ്ച്ചയിൽ   ‘കള്ളനോട്ട്’, ‘ബോംബ്’, ‘കലാപ’ മേഖലയാണ് മലപ്പുറം. മലയാളി   ലിംഗഭേദ ആകുലതകൾ  ഇവയാണ്: ‘ബഹുഭാര്യതം’,  ‘വിവാഹപ്രായം’, ‘ബാല വിവാഹം’, ‘ഗള്‍ഫ് വൈഫ്’, ‘തട്ടം’ ധരിക്കുന്ന പെണ്‍കുട്ടികള്‍. പ്രവാസ ജീവിതവും അപരവൽകരണത്തിന്റെ ഉപാധിയായി: ചിലർക്ക് ‘കര്‍ഷകന്റെ തുണ്ടുഭൂമികളെ വേട്ടയാടുന്ന വേട്ടക്കാരനാണ്’  മലപ്പുറം ഗള്‍ഫുകാരന്‍. ഗള്ഫില് നിന്നുള്ള  ‘കറുത്തപണം’,  ‘കള്ളക്കടത്ത്’, ‘കരിഞ്ചന്ത’ ആരോപണങ്ങളും ഒപ്പം വികസിച്ചു. ‘ദാവൂദ് ഇബ്രാഹിമു’മായി ബന്ധം, ഡ്രൈവിങ് സ്‌കൂള്‍ ‘മാഫിയ’- തുടങ്ങിയ അധോലോക ബന്ധങ്ങളും മലയാളിയുടെ മലപ്പുറം ഭാവനയിലുണ്ട്. 

മലപ്പുറത്തിൻ്റെ മൃഗവായനയാണ് മറ്റൊരു മണ്ഡലം: ‘നായ്ക്കളെ’ വെട്ടുന്ന തീവ്രവാദികൾ,  മുസ്ലിം സ്ത്രീകള്‍ ‘പന്നികളെപ്പോലെ’ പെറ്റുകൂട്ടുന്നു, മലപ്പുറത്ത് ‘ആനകളെ’ മാത്രമല്ല,  ‘പക്ഷികളെയും പട്ടികളെയും’  വിഷംകൊടുത്തു കൊല്ലുന്നു, – ഇങ്ങിനെ പോകുന്നു വംശീയ പ്രചാരണങ്ങൾ. ആരോഗ്യ യുക്തിയും മലപ്പുറം വിരുദ്ധതയുടെ മണ്ഡലമാണ്: ’ആധുനിക വൈദ്യശാസ്ത്ര വിരോധം’, ‘അവികസിത മനസ്സ്’,  ‘വാക്സിന്‍ വിരുദ്ധത’ ഒക്കെ മലപ്പുറത്തിനെതിരെ മാധ്യമ തലക്കെട്ടായി വന്നതാണ്.  ഭക്ഷണ സംസ്കാരം  പോലും വിദ്വേഷ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയില്ല: ‘നോമ്പിനു ഹോട്ടലുകൾ പ്രവർത്തിക്കില്ല’, ഹിന്ദു കുടുംബങ്ങള്‍ക്ക് ‘കുടിവെള്ളം’ നിഷേധിച്ചു,  ‘ബേക്കറി’ ഉടമയെ തകര്‍ക്കാന്‍ സാധനങ്ങള്‍ വാങ്ങരുത് എന്ന് ഫത്വ ഇറക്കി, ‘മലപ്പുറം മന്തി’ എന്ന പ്രയോഗം വരെ നീളുന്ന വെറുപ്പിന്റെ വ്യാപാരം . 

ഇസ്ലാമിൻ്റെ പേരിൽ ഗ്രാമം, ജില്ല, സംസ്ഥാനം മുതൽ  രാഷ്ട്രം വരെ മലപ്പുറത്തുണ്ട്   എന്നാണ് നുണപ്രചാരണം: കേരളത്തിൻ്റെ   ‘ആത്മീയതലസ്ഥാനം’, മുസ്ലിം ’സംസ്ഥാനം’, മലപ്പുറത്തിനുള്ളിൽ കൊണ്ടോട്ടി എന്ന മറ്റൊരു ‘ജില്ല’, ആറ് ജില്ലകള്‍ ഉള്‍പ്പെടുത്തി മലപ്പുറം കേന്ദ്രമാക്കി യുണൈറ്റഡ് മലപ്പുറം എന്ന  ‘രാജ്യം’, ‘മുസ്ലിംസൈന്യമുള്ള’   മലപ്പുറം.  മലപ്പുറം ‘രാജ്യത്തിന്റെ പ്രധാനമന്ത്രി’ കുഞ്ഞാലിക്കുട്ടി,  മലപ്പുറത്ത് ‘അമുസ്ലിംകളെ’ തടയുന്ന ‘ഇസ്ലാമിക നിയമമുള്ള’ ഒരു ‘ഇസ്ലാമിക’  ‘ഗ്രാമമുണ്ട്’ എന്നൊക്കെ നീളുന്ന ആരോപണ ശൃംഘല. ജിഹാദ്  സൂചനകൾ മറുവശത്ത് വികസിച്ചു: മലപ്പുറത്ത് ‘ജിഹാദ്’ വിളി, മലപ്പുറം എന്ന ‘ജിഹാദി ഹോട്ട് -ബെഡ്’, ‘ലൗജിഹാദിനു’വേണ്ടി മലപ്പുറത്തെ സഹകരണബാങ്കുവഴി ‘കള്ളപ്പണം’ ഒഴുകുന്നു, – തുടങ്ങിയ വംശീയ പ്രചാരണങ്ങള് പുതിയ കാലത്തിന്റേതാണ്. 

മലപ്പുറത്തെക്കുറിച്ചു വസ്തുതകളുടെ പിന്‍ബലത്തില്‍ സംസാരിച്ചാൽ കിട്ടുന്ന പരിഹാസ  പേരുകൾ നോക്കൂ:’മലപ്പുറം പ്രേമികള്‍’,  ‘മലപ്പുറം വികാരം’. ചിലർക്ക് ഈ വിദ്വേഷ പ്രചാരണം ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്:  മലപ്പുറം എന്ന ‘വാക്ക്’ ഇപ്പോള്‍ പറയാന്‍ പാടില്ലെന്നാണ് ചിലര്‍ പറയുന്നതെന്നു സി പി എം പോളിറ്റ് ബ്യൂറോ മെമ്പറും മലപ്പുറത്തുകാരനുമായ  എ. വിജയരാഘവന്‍ (2024). വിദ്വേഷ പ്രചാരണം തെറ്റാണെന്നു  പറഞ്ഞാൽ   ‘മ’ എന്ന് പറയാന്‍ പറ്റില്ല, പിന്നെ മലപ്പുറമായി, മുസ്ലിമായി’ എന്നു പറഞ്ഞതു  വെള്ളാപ്പള്ളി നടേശൻ (2025).

മലപ്പുറം എന്ന   ‘ആരോപണ സ്ഥല’ത്തിന്റെ  വൈവിധ്യവും വൈരുദ്ധ്യവും പരിശോധിച്ചാൽ അവ തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മ നമ്മെ അദ്ഭുതപ്പെടുത്തും.  കാര്യ വിചാരങ്ങളെ കവിഞ്ഞുനില്‍കുന്ന, നിരന്തരം നവീകരിക്കുന്ന,   വിദ്വേഷ ഭാവനലോകമാണ് മലപ്പുറം വിരുദ്ധത എന്നതാണ് വസ്തുത. 1968- 2025 കാലയളവിൽ നടന്ന പ്രചാരണങ്ങളുടെ ഒരു പട്ടികയാണ് താഴെ കൊടുക്കുന്നത്. അനുബന്ധമായി  ‘മലപ്പുറത്തെ ക്ഷേത്രാക്രമണങ്ങള്‍ എന്ന വ്യാജപ്രചാരണം (1993-2023)’ എന്ന പട്ടികയും നൽകിയിരിക്കുന്നു. 

മാപ്പിളസ്ഥാന്‍(1960)

1960 ജൂലൈ 9, വ്യാഴാഴ്ച:  രണ്ടാം കേരള നിയമസഭയുടെ രണ്ടാം സെഷനിൽ പങ്കെടുത്തുകൊണ്ട് പാലക്കാട്, കോഴിക്കോട് ജി്ല്ലയില്‍ ഉള്‍പ്പെട്ട ഏറനാട് , തിരൂർ , പെരിന്തൽമണ്ണ  താലൂക്കുകള്‍ ചേര്‍ത്ത് പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം മുസ്‌ലിം ലീഗ് നേതാവും മങ്കട നിയോജകമണ്ഡലം എം എൽ എയുമായിരുന്ന    അഡ്വ. പി അബ്ദുള്‍ മജീദ് ഉന്നയിച്ചു (പ്രൊസീഡിംഗ്സ് ഓഫ് കേരള ലെജിസ്ലേറ്റീസ് അസംബ്ലി, സെക്കൻ്റ് സെഷൻ – 1960 , വോള്യം 9 , നമ്പർ 10 , പേജ്: 1045 – 1046)  . ‘മാപ്പിളസ്ഥാന്‍ വീണ്ടും’ എന്ന തലക്കെട്ടിലായിരുന്നു പത്രങ്ങള്‍ പിറ്റേ ദിവസം  ഈ വാര്‍ത്ത അവതരിപ്പിച്ചത്(ടി പി എം ബഷീര്, മലപ്പുറം ജില്ല:  പിറവിയും പ്രയാണവും, 2015, പേജ് 47). 

മിനിയേച്ചര്‍ പാകിസ്ഥാൻ: ഗോള്‍വാല്‍ക്കര്‍ (1968) 

1968 ഡിസംബറില്‍ വിചാരധാരയുടെ പുതിയ എഡിഷനില്‍ ലീഗ് സ്വതന്ത്രമാപ്പിളനാടിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്ന് ആർ എസ് എസ് സർസംഘ് ചാലക് ആയിരുന്ന  എം എസ് ഗോള്‍വാല്‍ക്കര്‍ ആരോപിച്ചു. അനേകം ‘മിനിയേച്ചര്‍ പാകിസ്ഥാനു’കള്‍ രൂപപ്പെടുന്നതിന്റെ തെളിവായും വിഭജനവാദത്തിന്റെ തുടര്‍ച്ചയായുമാണ് അദ്ദേഹം ജില്ലാ രൂപീകരണത്തെ വിശകലനം ചെയ്യുന്നത്. ജില്ലാ രൂപീകരണത്തിനും ഏഴ് മാസം മുമ്പാണ് ഈ പ്രയോഗം അദ്ദേഹം നടത്തുന്നത്. അതിനു തൊട്ടുമുമ്പുള്ള 1966 എഡിഷനില്‍ ഇങ്ങനെയൊരു പ്രയോഗം ഉണ്ടായിരുന്നില്ല(വിചാരധാര, ഗോള്‍വാല്‍ക്കര്‍, 1968 ഡിസംബര്‍, നാലാമത്തെ എഡിഷന്‍, ആഭ്യന്തര ശത്രുക്കള്‍ (ഭാഗം ഒന്ന്),പേജ്: 173, 174). 

ദ്വിരാഷ്ട്രവാദത്തിന്റെ പുത്തന്‍ പതിപ്പ് : കെ കേളപ്പന് ( 1968 ) 

1967-ൽ  മുസ്ലിംലീഗ് അംഗമായിരുന്ന ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് മലപ്പുറം ജില്ലാ പ്രഖ്യാപനം നടക്കുന്നത്. മലപ്പുറം ജില്ല ദ്വിരാഷ്ട്രവാദത്തിന്റെ പുത്തന്‍ പതിപ്പാണെന്നും വിഭജന കാലത്ത് മലബാറിലെ ലീഗ് നേതാക്കള്‍ മുന്നോട്ടുവച്ച മാപ്പിളസ്ഥാന്‍ വാദത്തെ അംഗീകരിക്കലാണെന്നുമാണ് സര്‍വോദയ നേതാവ് കെ കേളപ്പന്‍ ആരോപിച്ചത്. ജില്ലയെക്കുറിച്ച ആലോചനകള്‍ നടക്കുന്ന സമയത്തുതന്നെ ജനസംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ദേശീയസമ്മേളനത്തിന്റെ (1968)  മുഖ്യ അജണ്ടകളിലൊന്ന് മലപ്പുറം ജില്ലയായിരുന്നു.(അതേ പുസ്തകം, പേജ് 62). ജില്ലാ രൂപീകരണത്തെക്കുറിച്ച് കെ കേളപ്പനും കൂട്ടരും പുറത്തിറക്കിയ ലഘുലേഖയുടെ പേര് ‘മാപ്പിളസ്ഥാനോ മലപ്പുറമോ?’ (1969) എന്നായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്തുവച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് ‘വര്‍ഗീയ’മാണെന്നായിരുന്നു പ്രചാരണം. ‘കൊച്ചു പാകിസ്താന്‍’, ‘മതംമാറ്റാനുള്ള നീക്കം’ ഇതൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദേശവിരുദ്ധമെന്നായിരുന്നു മറ്റൊരു ആഖ്യാനം.

പാകിസ്താന്‍ സൈന്യം ഉപയോഗപ്പെടുത്തും:  മാതൃഭൂമി  ( 1969) 

ദേശീയതയെ തുരങ്കംവയ്ക്കുന്ന അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകാന്‍ സാധ്യതയുള്ള ഒരു ആക്രമണകേന്ദ്രമായും മലപ്പുറം വിശേഷിപ്പിക്കപ്പെട്ടു. മലപ്പുറം ജില്ലയുടെ ഭാഗമായ തിരൂരും പൊന്നാനിയും ഉള്‍പ്പെട്ട  നീണ്ട തീരദേശം പാകിസ്താന്‍ സൈന്യം ഉപയോഗപ്പെടുത്തുമെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകുമെന്നും ജനസംഘക്കാര്‍ വാദിച്ചു(07 ജൂണ്‍, 1969, ചന്ദ്രിക).  ‘ നിര്‍ദ്ദിഷ്ടമായ  മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടാല്‍ അതൊരു കൊച്ചു പാകിസ്ഥാനായിരിക്കും ‘ എന്നാണ് മാതൃഭൂമി ദിനപത്രം തലേദിവസം (6 ജൂണ്‍ 1969) എഴുതിയത്. 

അമേരിക്കൻ  താല്പര്യം: നാനാജി ദേശ്മുഖ്  ( 1969) 

അമേരിക്കന്‍ താല്‍പര്യങ്ങളെയാണ് മലപ്പുറം സേവിക്കുകയെന്നായിരുന്നു ജനസംഘം നേതാവ് നാനാജി ദേശ്മുഖിന്റെ സംശയം. പേരെടുത്തു പറയാത്ത ഏതാനും രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി മലപ്പുറം ജില്ലാ പ്രഖ്യാപനം നടന്ന് അഞ്ചാം ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു(21 ജൂണ്‍ 1969, ടൈംസ് ഓഫ് ഇന്ത്യ). 

ദേശീയ ഭദ്രതയ്ക്ക് ആപത്ത് : ഏ.ബി.വാജ്പേയി (1969)

ദേശീയതലത്തിൽ ആചരിച്ച് ‘മാപ്പിളസ്ഥാൻ വിരുദ്ധദിന’ത്തിന്റെ ഭാഗമായി 1969 മാർച്ച് 6ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാ വിരുദ്ധ കൺവൻഷൻ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡന്റ്  ഏ.ബി.വാജ്പേയിയാണ്. “മലപ്പുറം ജില്ലാ രൂപവൽക്കരണം ഇന്ത്യയുടെ ദേശീയ ഭദ്രതയ്ക്ക് ആപത്തും, കുതന്ത്രവും, കുടിലതയും നിറഞ്ഞതുമാണെന്നും വാജ്പേയി താക്കീത് നൽകി. ദുരുപദിഷ്ടമായ ‘മാപ്പിളസ്ഥാൻ’ വാദമാകുന്ന വെല്ലുവിളിയെ നേരിടാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കാണുന്നതിൽ സന്തോഷമുണ്ടെന്നും, വേണ്ടി വന്നാൽ അഖിലേന്ത്യാ തലത്തിലുള്ള പ്രക്ഷോഭണം തന്നെ പുതിയ ജില്ലക്കെതിരായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു” ( ടി പി എം ബഷീര്, മലപ്പുറം ജില്ല: പിറവിയും പ്രയാണവും , 2015, പേജ് 62)

മുസ്ലിംഭൂരിപക്ഷ ജില്ല (1970) 

ജില്ലാ രൂപീകരണം നടന്നതിനുശേഷം പുറത്തുവന്ന മിക്കവാറും റിപോര്‍ട്ടുകള്‍ മലപ്പുറത്തിന്റെ ‘മുസ്ലിംഭൂരിപക്ഷ’ സ്വഭാവം എടുത്തുപറഞ്ഞിരുന്നു(20 സെപ്തംബര്‍ 1970, ടൈംസ് ഓഫ് ഇൻഡ്യ)  ചിലയിടങ്ങളില്‍ വിദ്വേഷസ്വഭാവത്തിലും മറ്റിടങ്ങളില്‍ വസ്തുതകളെന്ന മട്ടിലും. വസ്തുതാകഥനം തന്നെ മതപരമായ മുന്‍വിധിയുടെ ഭാഗമായാണ് പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്.  മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശമായതുകൊണ്ട് മലപ്പുറത്തെ ‘ഇസ്ലാമിക രാഷ്ട്രീയ സംഘടനയുടെ തട്ടക’മെന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെയൊരു പ്രദേശമായതുകൊണ്ട് ലീഗ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെനിന്ന്  നിയമനിർമ്മാണ സഭയിലേക്ക് ജയിച്ചുപോകുന്നതെന്നും ചില എഴുത്തുകാര്‍ വായനക്കാരെ ഓര്‍മപ്പെടുത്തി(ലൂയിസ് ഫിക്കറ്റ്, ദി പൊളിറ്റിക്സ് ഓഫ് റീജ്യണലിസം, ഇൻഡ്യ , പസിഫിക് അഫയേഴ്സ്, 1971, പേജ് 193-210). മുസ്‌ലിം എന്ന സൂചകത്തിനു  ഭൂരിപക്ഷാധിപത്യത്തിൻ്റെ അർഥം ലഭിക്കുന്ന അവസരമാണിത്. 

തെക്കന്‍ പാകിസ്താന്‍  ( 1971) 

ചില വിമര്‍ശകര്‍ മലപ്പുറത്തെ ‘തെക്കന്‍ പാകിസ്താനെ’ന്നാണ് വിശേഷിപ്പിച്ചത്. ബംഗ്ലാദേശ് പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നമാണെന്നു ലീഗിന്റെ യുവജന വിഭാഗം പറഞ്ഞത് ദേശവിരുദ്ധ മനോഭാവമായി ദേശീയതലത്തില്‍ പ്രചരിപ്പിക്കപ്പെട്ടു(അന്‍താര ദത്ത, റെഫ്യൂജിസ് ആന്‍ഡ് ബോഡേഴ്‌സ് ഇന്‍ സൗത്തേഷ്യ, 2012, പേജ് 79 ) . 

വിഭജനകാല ആശയത്തിന്റെ പൂര്‍ത്തീകരണം (1972) 

മലപ്പുറത്തിന് ഇഎംഎസ്സിനെപ്പോലുള്ള കമ്മ്യൂണിസ്റ്റു നേതാക്കളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും രാജ്യത്തെ പ്രധാന മതേതരവാദികള്‍, മലപ്പുറത്തെ നടക്കാതെ പോയ (വിഭജനവാദ)ആശയത്തിന്റെ പൂര്‍ത്തീകരണമായി വിലയിരുത്തി. 1972ല്‍ ഇന്ത്യന്‍ സെക്കുലര്‍ സൊസൈറ്റി (ബോംബെ)  പ്രസിദ്ധീകരിച്ച, മഹാരാഷ്ട്രയിലെ എഴുത്തുകാരനായ ഹാമിദ് ദല്‍വായിയുടെ –  ‘മുസ്ലിം പൊളിറ്റിക്സ് ഇന്‍ ഇന്‍ഡ്യ’   എന്ന പുസ്തകം വിഭജനകാലത്തെ സര്‍വേന്ത്യാ മുസ്ലിം ലീഗ് നേതാവായ ഹുസൈന്‍ ഷഹീദ് സുഹ്രവര്‍ദിയുടെ ആശയമായാണ് ‘മുസ്ലിംഭൂരിപക്ഷ മലപ്പുറം ജില്ല’യെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് മുസ്ലിം വിഭജനവാദത്തിന്റെയും വര്‍ഗീയതയുടെയും അടയാളവുമാണ് (പേജ് 59). ദല്‍വായിലെ പില്‍ക്കാലത്ത് രാമചന്ദ്ര ഗുഹ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യ കണ്ട അവസാന ആധുനികതാവാദിയും മുസ്ലിം സാമൂഹ്യ പരിഷ്‌കര്‍ത്താവുമായാ’ണ്.

‘പാകിസ്ഥാനികൾ’ മലപ്പുറത്ത്  പിടിയിൽ ( 1972) 

വിഭജനാന്തരം നിരവധി മലയാളി മുസ്ലിംകള്‍ പാകിസ്താനില്‍ കുടുങ്ങിയിരുന്നു. ഇവരുടെ ഇന്ത്യാ സന്ദര്‍ശം ഇക്കാലത്ത് വലിയ വാര്‍ത്തയുമായിരുന്നു. വിസ തീര്‍ന്നശേഷം താസിക്കുന്നവര്‍ പല കാലത്തും പലയിടങ്ങളിലും വച്ച് അറസ്റ്റിലായി(25 ഏപ്രില്‍ 1972,  ടൈംസ് ഓഫ് ഇന്ത്യ). പാകിസ്താനെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ വളര്‍ന്നുവരാന്‍ പറ്റിയ സന്ദര്‍ഭവുമായിരുന്നു അത്.  മലപ്പുറം ജില്ലയില്‍നിന്ന് മൂന്ന് പാകിസ്താനികളെ പിടികൂടിയെന്നു ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകി (25 ഏപ്രില്‍ 1972). നേരത്തെ സൂചിപ്പിച്ച ‘മലപ്പുറം സമം പാകിസ്ഥാൻ’ എന്ന  പൊതുബോധ നിർമിതിയിലേക്കു ചേരുന്ന ഒരു സൂചനയായി വാർത്ത പ്രവർത്തിച്ചു. പിൽക്കാലത്തു നമ്മുടെ ന്യൂസ് റൂമുകളെ ഭരിച്ച ഒരു റിപ്പോർട്ടിംഗ് മാതൃക. 

മുസ്ലിം ഭൂരിപക്ഷ ജില്ല  (1973, 1975, 1979)

1973-ൽ മലപ്പുറവും മുർഷിദാബാദുമാണ് ഇൻഡ്യയിലെ മുസ്‌ലിം ‘ഭൂരിപക്ഷ ജില്ല’കൾ എന്നു വാർത്ത നിരന്തരം  വരുന്നു (ബ്ലയര് ഹാരി, മൈനോറിറ്റി ഏലക്ട്രല് പൊളിറ്റിക്സ് ഇൻ നോർത്ത് ഇൻഡ്യൻ സ്റ്റേറ്റ്സ്, ദി അമേരിക്കന് പൊലിറ്റിക്കൽ സയൻസ് റിവ്യൂ, 1973, പേജ് : 1275 – 1287).മലപ്പുറത്തെക്കുറിച്ചുള്ള ‘മുസ്‌ലിം ഭൂരിപക്ഷ’  ഉത്കണ്ഠകളുടെ  മറ്റൊരു ഘട്ടമാണിത്. പശ്ചിമ ബംഗാളിലെ  മുർഷിദാബാദ് ജില്ല ബ്രിട്ടീഷ് ഭരണകാലത്താണ് രൂപീകരിച്ചത്. 1975 ലും  മുസ്‌ലിം മെജോറിറ്റി ജില്ല എന്ന ടാഗ് ആവർത്തിച്ചു ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങളിൽ വരുന്നു. 1979-ൽ എം ഗംഗാധരനും സ്റ്റീഫൻ ഡെയ്ലും മലപ്പുറം നേർച്ചയെക്കുറിച്ചെഴുതിയ ലേഖനത്തിൽ വരെ മലപ്പുറം എന്ന മുസ്ലിം മെജോറിറ്റി ജില്ല ( പേജ് 523) എന്ന വിശേഷണം ഉണ്ട് ( ഡെയിൽ, സ്റ്റീഫൻ എഫ്., ആൻഡ് എം. ഗംഗാധര മേനോൻ. “‘ നേർച്ചാസ്:’ സെയിന്റ്-മാർട്ട്യർ വേർഷിപ്പ് എമംഗ് മുസ്ലിം സ് ഓഫ് കേരള ആരാധന.” ബുലറ്റിൻ ഓഫ് ദ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, വോൾ. 41, നമ്പർ 3, 1978, പി. 523–38). 

ഗൾഫ് പോക്കറ്റ് (1974)

കൂലിയും ഭക്ഷണവും ഒപ്പം  വിദേശ സിഗരറ്റും  കിട്ടുന്ന  ‘ഗൾഫ് പോക്കറ്റ്’ എന്ന പ്രയോഗം മലപ്പുറം പോലുള്ള പ്രദേശങ്ങളെക്കുറിച്ചു  വികസിപ്പിക്കുന്ന സമയമാണിത്. 

‘’കോണ്‍ട്രാക്റ്റ് ജോലികളിലേര്‍പ്പെട്ട ഒരു എഞ്ചിനീയര്‍ ഒരു സുപ്രഭാതത്തില്‍ അമ്പരന്നുപോയി. അദ്ദേഹത്തിനു കീഴില്‍ ജോലിചെയ്തിരുന്ന വിദഗ്ദ്ധ തൊഴിലാളി കാലത്ത് ജോലിയ്ക്കു ഹാജരായില്ല. അന്വേഷിച്ചപ്പോഴറിഞ്ഞുവത്രെ അവര്‍ മലപ്പുറം ജില്ലയിലെ ഒരു ഗള്‍ഫു പോക്കറ്റിലേയ്ക്കു നീങ്ങിയിരിക്കുകയാണ്. അവിടെ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണവും രൂപ കൂലിയും കിട്ടും. (മേമ്പൊടിക്ക് ഇട യൊരു വിദേശ സിഗരറ്റും!) താനിപ്പോള്‍ ന്യായമായ കൂലി തൊഴിലാളികളെ കിട്ടാതെ വലയുകയാണെന്ന് എഞ്ചിനീയര്‍ പരിഭവപ്പെട്ടു.’’ (ഹമീദ് ചേന്നമംഗലൂർ , ദാരിദ്യക്കടൽ, സമ്പന്നതയുടെ തുരുത്തുകൾ,  ജനുവരി 14, 1974, മാതൃഭൂമി ആഴ്ചപതിപ്പ്, പേജ് 6-9, 41). ഗൾഫും മലപ്പുറവും തമ്മിലുള്ള ബന്ധത്തെ വിദേശ ഉൽപണങ്ങൾ, തൊഴിൽ, ഭക്ഷണ സംസ്കാരം തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്ന ആദ്യ സൂചനകളിലൊന്ന്‌

ലീഗിനുള്ള  കൺസഷൻ (1976)

മലപ്പുറം ജില്ലയുടെ രൂപീകരണത്തില്‍ പങ്കുവഹിച്ച ഇഎംഎസ്സിനെ പരിഹസിക്കാനും വിമര്‍ശകര്‍ മറന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സിപിഎം മുന്നണിക്ക് മുസ്ലിംലീഗ് കൊടുത്ത പിന്തുണയ്ക്കുള്ള ‘കണ്‍സഷ’നും ‘നീക്കുപോക്കു’മാണ് മലപ്പുറം ജില്ല(റൊബർട്ട് ബ്രയാന് ഇഗാൻ, ദി അഗ്രേറിയന് കൊസ്റ്റിയൻ ഇൻ ഇൻഡ്യ, മക്ഗിൽ യൂണിവേഴ്സിറ്റി, എം എ തിസീസ്, 1976). ലീഗിനെതിരെയുള്ള അനേകം ആരോപണങ്ങളുടെ ആവർത്തനത്തെക്കുറിച്ചാണ്  ഈ ഗവേഷണ പഠനം നൽകുന്ന സൂചന. 

വര്‍ഗീയ തുരുത്ത് ( 1977) 

മലപ്പുറത്തെ ‘വര്‍ഗീയ തുരുത്തായും’ കണ്ടവരുണ്ടായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ മലബാര്‍ തനതായ ഒരു വര്‍ഗീയസ്വഭാവത്തോടുകൂടിയാണ് ഇടപെടുന്നതെന്നും മലബാറിലെ വര്‍ഗീയ തുരുത്താണ്  കൊണ്ടോട്ടി, മലപ്പുറം, താനൂര്‍, തിരൂരങ്ങാടി തുടങ്ങിയ മണ്ഡലങ്ങളെന്നും ഒരാള്‍ എഴുതി. ലീഗല്ലാതെ മറ്റൊരു സംഘടനയുമില്ലെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അതിലെ വലിയ തകരാറ്- ഇവിടെ മുസ്ലിംലീഗല്ലാതെ മറ്റൊരു പാര്‍ട്ടിയുമില്ലത്രെ. (ജോൺ പി ജോൺ, ചലഞ്ച് ഓഫ് റിലീജ്യസ് പ്രഷർ ഗ്രൂപ്പ്സ് റ്റു ഇൻഡ്യൻ പൊലിറ്റിക്കൽ സിസ്റ്റം: എ സ്റ്റഡി വിത് റെഫറൻസ് റ്റു കേരള , ഇൻഡ്യൻ ജേണൽ ഓഫ് പൊലിറ്റിക്കൽ സയൻസ് , 1977 , പേ: 54 – 63 ) . 

1970-കളിൽ മതേതരത്വത്തിൻ്റെ ബദലായല്ല മറിച്ച് ദേശീയതയുടെ ബദലായാണ് വർഗീയത എന്ന പരികൽപന കടന്നുവരുന്നത്. വർഗീയത / മതേതരത്വം എന്ന ബൈനറി അടിയന്തിരാവസ്ഥക്കു ശേഷം ശക്തിപ്പെട്ട ഒരു വിശകലന മാതൃകയാണ്. ‘മതേതര മലപ്പുറം’ എന്ന ചർച്ച 1980-കൾ വരെ അസന്നിഹിതവുമായിരുന്നു. 

ദേശീയോദ്ഗ്രഥനത്തിനു ദോഷം (1977)

മലപ്പുറം ജില്ലാ രൂപീകരണം മുസ്ലിംകളുടെ വേറിട്ടുനിൽക്കാനുള്ള പ്രവണതയുടെ ഭാഗമായാണ് പലരും വിലയിരുത്തിയത്. ഈ മനോഭാവം ദേശീയോദ്ഗ്രഥനമെന്ന ആശയത്തെന്നെ ചോദ്യം ചെയ്യുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. മലപ്പുറത്തോടുള്ള എതിര്‍പ്പിനെ ഇതിന്റെ ഭാഗമായാണ് 1977 ജൂണ്‍ 12ന്  പി കെ ശരത്കുമാര്‍ മാതൃഭൂമി ആഴ്ചപതിപ്പിൽ  എഴുതിയ കുറിപ്പില്‍ കാണുന്നത്: വേറിട്ടു നിൽക്കുന്നതിൽ കൂടി രക്ഷനേടുകയെന്ന തത്ത്വശാസ്ത്രം മാപ്പിളസമുദായത്തെയും അതിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെയും സംശയഗ്രസ്തമാക്കുകയും സമുദായാംഗങ്ങളുമായുള്ള ഉല്‍ഗ്രഥനത്തിന്റെ വൈകാരികപ്രശ്‌നങ്ങള്‍ അധികമാക്കുകയും ചെയ്തു. മലപ്പുറം ജില്ലാ രൂപീകരണത്തിന് ഉണ്ടായ രൂക്ഷമായ എതിര്‍പ്പും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ദീര്‍ഘകാലചരിത്രമുള്ള തലശ്ശേരിയില്‍ 1971 ഡിസംബര്‍ മാസാവസാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപവും ഇതിന്റെ ഫലങ്ങളായിരുന്നു(കേരളത്തിലെ മാപ്പിളമാര്‍, പി കെ ശരത്കുമാര്‍, 12 ജൂണ്‍, 1977, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

മുസ്ലിം വികാരം(1979) 

ലീഗ് മലപ്പുറത്ത് മുസ്ലിംവികാരം ഇളക്കിവിടുകയാണെന്നു മാധ്യമങ്ങള്  കുറ്റപ്പെടുത്തി (എ കെ സെന് എഴുതിയ റിപ്പോര്ട്ട്, 28 ഡിസംബര് 1979, ടൈംസ് ഓഫ് ഇൻഡ്യ).  ഇതൊരു പുതിയ പ്രയോഗമാണ്. മലപ്പുറത്തെ മുസ്‌ലിംകളുടെ ‘വൈകാരികത’ എന്ന നിർമിതിയിലേക്കുള്ള പ്രധാന ചുവടുവെപ്പ് . 

മിനി പാകിസ്താന്‍(1980)

പ്രോബ് മാഗസിന്‍ 1980 ല്‍ മലപ്പുറത്തെക്കുറിച്ച്  പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയുടെ ശീര്‍ഷകം ‘ഇന്ത്യയിലെ ഒരു മിനിപാകിസ്താന്‍’ എന്നായിരുന്നു(ദി പ്രോബ് മാഗസിന്‍, 1980). 

ബഹുഭാര്യത്വം (1981) 

ദേശീയവാദകാഴ്ചപ്പാടിലൂടെ മാത്രം കണ്ടിരുന്ന ഒരു കാലത്തുനിന്ന് ഏറെക്കുറെ വ്യത്യസ്തമായിരുന്നു 1980-കളിലെ   കാഴ്ച. മുസ്ലിംസ്ത്രീ, മുസ്ലിംകളുടെ കുടുംബം, അനുഷ്ഠാനങ്ങള്‍, സ്വത്ത് വിഭജനം, വിവാഹം തുടങ്ങി പലതും പരിശോധനകള്‍ക്ക് വിധേയമായി. 1981ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തിയ എഎസ്സിന്റെ ഒരു കാര്‍ട്ടൂണ്‍ ഇത് വെളിപ്പെടുത്തും.  സെന്‍സസ് എടുക്കാന്‍ വരുന്നയാളോട് മുസ്ലിംകഥാപാത്രം പറയുന്നതാണ് ‘നാടന്‍ താപ്പ്’ എന്ന് പേരിട്ട കാര്‍ട്ടൂണിന്റെ സന്ദര്‍ഭം. മുസ്ലിമായ ഗൃഹനാഥന്‍ പറയുന്നതിങ്ങനെ: എന്താ എയതിക്കോളി മാഷേ, ഞമ്മള് കല്യാണം കയിച്ചത് പതിനെട്ട്; മൊയി ചെല്ലീത് ആറ്, ഓരോന്നിലും മക്കള്, ഇവിടെ ഗവര്‍മ്മേണ്ടിന്റെ നിയന്ത്രണതാപ്പിന് നറച്ച ഈരണ്ട്ണ്ട് അലന്ന് കൂടിടിക്കോളീ-(03 മെയ് 1981, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 59, ലക്കം 01, പേജ് 42, 42). ഭാഷയില്‍ അദൃശ്യ സൂചകമായി – മലപ്പുറവും മുസ്ലിംമും ബഹുഭാര്യത്വവും ഈ കാര്‍ട്ടൂണില്‍ നമുക്ക് തിരിച്ചറിയാനാവും. ഇതിലെ കഥാപാത്രം എറനാടൻ  ഭാഷയില്‍ സംസാരിക്കുന്ന ഒരു മുസ്ലിമാണ്. 

ട്രാക്ക് ചെയ്യാന്‍ കഴിയാത്ത പാകിസ്ഥാനികള്‍ (1982) 

1982-ല്‍ ശ്രീകാന്ത ഘോഷ് എഴുതിയ ‘മുസ്ലിം പൊളിറ്റിക്‌സ് ഇന്‍ ഇന്‍ഡ്യ’ എന്ന പുസ്തകത്തില്‍ പോലീസിനു പോലും ട്രാക്ക് ചെയ്യാന്‍ കഴിയാത്ത പാകിസ്ഥാനികള്‍ മലപ്പുറത്തു താമസിക്കുകയും പുതുതായി പാകിസ്ഥാനികള്‍ വന്നു ചേരുന്നുവെന്നും എഴുതി (പേജ് 114). മലപ്പുറത്തെക്കുറിച്ച ഇസ്ലാമോഫോബിക് നിര്‍മതിയുടെ മറ്റൊരു പ്രത്യേകത ഒരിക്കല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ അതൊരിക്കലും രംഗമൊഴിയുകയില്ലെന്നതാണ്. മറ്റൊരു കാലത്ത് അവ പുതിയ രൂപത്തില്‍ പുനര്‍ജ്ജനിക്കുകയും തുടര്‍ജീവിതം നയിക്കുകയുംചെയ്യും.  പാകിസ്താനെക്കുറിച്ച ഇസ്ലാമോഫോബിക് ഭാവന അറുപത്/എഴുപതുകളുടെ സംഭാവനയായിരുന്നെങ്കിലും എണ്‍പതുകളിലും ഇവ മറ്റൊരു രൂപത്തിലും സാഹചര്യത്തിലും നിലനിന്നു. 

വര്‍ഗീയസമ്മര്‍ദ്ദം (1983) 

വര്‍ഗീയസമ്മര്‍ദ്ദത്തിലൂടെ ലീഗ് ഇഎംഎസ്സില്‍നിന്ന് ജില്ലാരൂപീകരണം പിടിച്ചുവാങ്ങുകയാണെന്ന് പറഞ്ഞവര്‍ പോലുമുണ്ടായിരുന്നു. ഈ ആരോപണം എണ്‍പതുകളില്‍പോലും നിലനിന്നു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ വര്‍ഗീയ പാര്‍ട്ടികളുടെ പ്രത്യേക ജില്ലകള്‍ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍ക്കുപോലും വഴങ്ങുന്നുവെന്നും മലപ്പുറം ജില്ലയ്ക്കുപകരമായാണ് കാസര്‍കോഡ് ജില്ല രൂപീകരിച്ചതെന്നുപോലും പറഞ്ഞവരുണ്ട്( 03 ജൂണ്‍ 1983, ടൈംസ് ഓഫ് ഇന്ത്യ,). 

കറുത്ത പണം ( 1984) 

എഴുപതുകളില്‍ത്തന്നെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചിരുന്നെങ്കിലും ഈ പ്രവണതയെ കേന്ദ്രീകരിച്ച് മലപ്പുറത്തെക്കുറിച്ച ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ രൂക്ഷമാകുന്നത് എണ്‍പതുകളിലാണ്. എഴുപതുകളിലെ ഗള്‍ഫ് കുടിയേറ്റം മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് ധാരാളം സാധ്യതകള്‍ തുറന്നുകൊടുത്തു. പല പ്രദേശങ്ങളിലും പഴയ തൊഴിലുപേക്ഷിച്ച് ഭാഗ്യം പരീക്ഷിക്കാന്‍ യുവാക്കള്‍ തയ്യാറായി. മലപ്പുറത്തു മാത്രല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എന്നാല്‍ ഈ പ്രവണതയോടുള്ള സാമ്പത്തികശാസ്ത്രജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടേയും പ്രതികരണം കുറ്റപ്പെടുത്തലിന്റേതായിരുന്നു. ഗള്‍ഫ് മൂലമുണ്ടാകുന്ന ‘കറുത്തപണ’ത്തെക്കുറിച്ചുള്ള ആശങ്ക സജീവമായി. മലപ്പുറത്തെ ‘ഗള്‍ഫ് പോക്കറ്റുകള്‍’ മാധ്യമശ്രദ്ധയാകര്‍ഷിച്ചത് ഈ സാഹചര്യത്തിലാണ്. കര്‍ഷകന്റെ തുണ്ടുഭൂമികളെ വേട്ടയാടുന്ന വേട്ടക്കാരനായിരുന്നു പലരുടെയും മുന്നില്‍ ഗള്‍ഫുകാരന്‍(അരിയുടെ  അര്‍ഥശാസ്ത്രം, കെ രവിരാമന്‍, 1984 ഫെബ്രുവരി 19, മാതൃഭൂമി ആഴ്ചപ്പതിപ്പ്). കറുത്തപണത്തിന്റെ സ്വാഭാവിക പരിണതിയായിരുന്നു മലപ്പുറത്തെ കേന്ദ്രീകരിച്ച കള്ളക്കടത്ത്, കരിഞ്ചന്ത ആരോപണങ്ങള്‍. 

മുസ്ലിം മേധാവിത്ത പ്രദേശം ( 1985) 

ഇക്കാലത്ത്  മുസ്ലിം ‘മേധാവിത്ത’ പ്രദേശമായും മലപ്പുറത്തെ കണക്കാക്കാന്‍ തുടങ്ങിയിരുന്നു. 1985 ല്‍-ഇതേ കാര്യം ഹിന്ദുസ്ഥാന് ടൈംസ്, ശരീഅത് വിവാദ കാലത്ത് ഒരു എഡിറ്റോറിയലില്‍ എഴുതി  (18 ജൂലൈ 1985).

രാഷ്ട്രീയ ഭരണ നിയന്ത്രണം    (1985)

ഇക്കാലത്ത് മലപ്പുറത്തെ മുസ്ലിംഭൂരിപക്ഷപ്രദേശം മാത്രമായല്ല, മുസ്ലിം മേധാവിത്ത പ്രദേശമായും കണക്കാക്കാന്‍ തുടങ്ങിയിരുന്നു. കേരളത്തിലെ മുന്നണി ഭരണത്തെ നിയന്ത്രിക്കാവുന്നിടത്തോളം അതിന് പ്രാധാന്യം കല്‍പ്പിക്കപ്പെട്ടു(ഇ ജെ തോമസ് എഴുതിയ ‘കൊയലീഷ്യന് ഗെയിം പൊളിറ്റിക്സ് ഇൻ കേരള ( 1985 ) എന്ന പുസ്തകം , പേജ്:  131) 

റോ, ഐബി, പാകിസ്താന്‍ ചാരശൃംഖല (1986)

1986ല്‍ ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ ആഗസ്റ്റ് ലക്കത്തില്‍ (24 ആഗസ്റ്റ് )  വേണു മേനോന്‍ എഴുതിയ ലേഖനം ( അണ്ടർ ദി റ്റൂ ഫ്ലാഗ്സ്) സുരക്ഷാ ഏജന്‍സികളുടെ മലപ്പുറത്തെക്കുറിച്ച വീക്ഷണം വെളിപ്പെടുത്തുന്നതാണ്. വലിയൊരു ‘മുസ്ലിംപോക്കറ്റായ’ മലപ്പുറത്ത് 250ഓളം പാകിസ്താന്‍ പൗരന്മാര്‍ ജീവിക്കുന്നുണ്ടെന്നതാണ് അവരുടെ ആശങ്കയുടെ പിന്നില്‍. പുതുതായി എത്തുന്നവരെ നിരീക്ഷിക്കുന്നതും അവര്‍ക്ക് അനുവദിച്ച മൂന്നു മാസം കഴിഞ്ഞും അവരിവിടെ തുടരുന്നുണ്ടോയെന്ന് നോക്കലും പോലിസിന് തലവേദനയാണ്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവത്രെ ആ കാലത്തും സുരക്ഷാ ഏജന്‍സികള്‍ മലബാറിനെയും പ്രത്യേകിച്ച് മലപ്പുറത്തെയും നോക്കിക്കണ്ടത്. 

ഇക്കാലത്ത് എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാല്‍ റോയുടെ റഡാറിലുള്ള ഏക ജില്ല മലപ്പുറമായിരുന്നു. ‘സെക്യൂരിറ്റി സെന്‍സറ്റീവ് ജില്ല’യെന്ന നിലയില്‍ ജില്ലയ്ക്കുവേണ്ടിമാത്രം റോയും ഐബിയും ഓരോ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ ഇത്രയേറെ പാക് പൗരന്മാര്‍ വന്നുപോകുമ്പോഴും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് പ്രത്യേകിച്ച് തെളിവൊന്നുമില്ലെന്നും ലേഖകന്‍ നിരീക്ഷിക്കുന്നുണ്ട്. 1900ത്തില്‍നിന്ന് മലപ്പുറം ഏറെ പുരോഗമിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും വികസനപരമായി നിരവധി പരാധീനതകളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളും ഇക്കാലത്ത് സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നതായി ലേഖകന്‍ എഴുതുന്നു. (വേണു മേനോന്‍, 24 ആഗസ്റ്റ്, 1986 ഇല്ലസ്ട്രേറ്റഡ് വീക്കിലി, പേജ് 42,43,44)

ഖാലിസ്ഥാന്‍വാദം ( 1986)

1980കളില്‍ ഖാലിസ്ഥാന്‍വാദം പഞ്ചാബില്‍ സജീവമായ സാഹചര്യത്തിലായിരിക്കണം ഇത്തരമൊരു മാതൃകയും മാധ്യമങ്ങള്‍ രൂപപ്പെടുത്തി. പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന പാക് പൗരന്മാരെ നിരീക്ഷിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ കരുതിയിരുന്നു. പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഒരു സാധ്യതയും വിട്ടുകൊടുക്കരുതെന്നും ഇക്കാര്യത്തില്‍ ഒരു ചാന്‍സെടുക്കേണ്ടെന്നുതന്നെയാണ് സര്‍ക്കാര്‍ കരുതിയതെന്നും നേരത്തെ പറഞ്ഞ വേണു മേനോന്റെ ലേഖനത്തില്‍ പറയുന്നു. അരുണ്‍ നെഹ്രു ഇന്റേണല്‍ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന സമയത്ത് ഈ വിഷയത്തില്‍ നടപടിയുമെടുത്തു. മലപ്പുറത്തെ കുറിച്ച്  സംശയത്തിന്റെ സൂചനയുള്ള നിരവധി ആഖ്യാനങ്ങള് ഈ ലേഖനത്തില് കാണാം ( വേണു മേനോന്‍, 24 ആഗസ്റ്റ്, 1986 ഇല്ലസ്ട്രേറ്റഡ് വീക്കിലി, പേജ് 42)

ജിഹാദ് വിളി (1987)

80കളില്‍ ബാബരി മസ്ജിദിനെച്ചൊല്ലിയുള്ള ആശങ്കയുടെ കാലമായിരുന്നു. ഇക്കാലത്ത് ബാബരി മസ്ജിദിനെതിരേയുള്ള സംഘപരിവാര്‍ ശക്തികളുടെ ആക്രമണം രൂക്ഷമായി. എണ്‍പതുകള്‍ ബാബരി പ്രതിരോധത്തിന്റെയും കാലമായിരുന്നു. മലപ്പുറത്തിനും ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനായില്ല. മലപ്പുറത്ത് ‘ജിഹാദ് വിളി’ ആരംഭിച്ചതായാണ് ഈ പ്രവണതയെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ എഴുതിയത്. മുസ്ലിംലീഗായിരുന്നു പത്രാധിപരുടെ ലക്ഷ്യം(ദി ഹിന്ദസ്ഥാന്‍ ടൈംസ്, 17 ജനുവരി 1987). 

വര്‍ഗീയകലാപം (1990) 

ബാബരി മസ്ജിദ് തകർക്കാനുള്ള ഹിന്ദുത്വ  പ്രചാരണം നടക്കുന്ന കാലം. ഇക്കാലത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള അക്രമങ്ങള്‍ രൂക്ഷമാവാന്‍ തുടങ്ങി. 1990 ഒക്ടോബറിലാണ് തൃശൂര്‍ ജില്ലയിലെ കാട്ടൂരിലെ പള്ളിയിലെ മൗലവിയെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊല്ലുന്നത്. ഇതിനെതിരേ മലപ്പുറത്തെ കരിപറമ്പിലും കൂട്ടിലങ്ങാടിയിലും പ്രതിഷേധപരിപാടി നടന്നു. കരീപറമ്പിലെ പ്രതിഷേധത്തിലേക്ക് പോലിസ് വെടിവച്ചതിനെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തിമാക്കിയതോടെ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മട്ടാഞ്ചേരിയിലും ഇതേ ദിവസങ്ങളില്‍ പ്രതിഷേധം നടന്നു. അവിടെയും ഒരാള്‍ കൊല്ലപ്പെട്ടു. ഈ പ്രതിഷേധത്തെ പല മാധ്യമങ്ങളും മലപ്പുറത്തെ  ‘വര്‍ഗീയകലാപ’മെന്നാണ് വിശേഷിപ്പിച്ചത് (17 ഒക്ടോബര്‍ 1990, ദി ടൈംസ് ഓഫ് ഇന്ത്യ). 

ക്ഷേത്രങ്ങളില്‍ കര്സേവകര് അഭയം തേടി ( 1991) 

1990ല്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ് വോളണ്ടിയര്‍മാര്‍ അയോധ്യയിലേക്ക് പുറപ്പെട്ടു. മലപ്പുറത്തുനിന്നും കുറേയേറെപ്പേര്‍ അയോധ്യ സന്ദര്‍ശിച്ചിരുന്നു. ഇക്കാലത്ത് മലപ്പുറം പ്രദേശങ്ങളില്‍നിന്ന് പോയ കര്‍സേവകര്‍ക്കിടയില്‍ ഭീതി പടര്‍ന്നുപിടിച്ചു. മുസ്ലിംകള്‍ തിരിച്ചടിക്കുമോയെന്നായിരുന്നു ഭയം. തിരിച്ചടി ഭയന്ന് ചിലര്‍ മലപ്പുറം ജില്ലയിലെ ക്ഷേത്രങ്ങളില്‍ അഭയം തേടിയതായി ‘സ്ഥിരീകരിക്കാത്ത’ റിപോര്‍ട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും കെ കെ നായരും (28 ഏപ്രില്‍ 1991, കേരള : മണ്ടൽ ഓര് മന്ദിര് ഓര് മാർക്സിസം, രാജ്ദീപ് സര്‍ദേശായി, കെ കെ നായര്‍,   ടൈംസ് ഓഫ് ഇന്ത്യ,പേജ് 11) എഴുതി. 

 കത്തുന്ന തിയേറ്ററുകള് ( 1992, 1998, 2000) 

മലപ്പുറത്തെ മുസ്ലിംകള്‍ സംഗീതത്തിനും കലയ്ക്കും എതിരാണെന്നതായിരുന്നു മറ്റൊരു  ആശങ്ക. സിമിക്കാരെയും  സുന്നി ടൈഗര് ഫോഴ്‌സ് പോലുള്ള രഹസ്യ സ്വഭാവമുള്ള ചില  മുസ്ലിം സംഘടനകളെ ലക്ഷ്യമിട്ടും  മലപ്പുറത്തെ മുസ്ലിംസമൂഹത്തിനുനേരെയും 90കളില്‍ പുതിയൊരു ആരോപണം ഉയര്‍ന്നുവന്നു. അനിസ്ലാമികമെന്ന് ആരോപിച്ച് വ്യാപകമായി സിനിമാതിയ്യറ്ററുകള്‍ കത്തിക്കുന്നുവെന്നായിരുന്നു ആരോപണം. സംഘപരിവാറാണ് ഈ ആരോപണം ആദ്യം ഉയര്‍ത്തിയതെങ്കിലും മാധ്യമങ്ങളും ആവശ്യമായ ഇന്ധനം നല്‍കി ആരോപണത്തെ സജീവമായി നിലനിര്‍ത്തി. 

അക്കാലത്തെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായിരുന്ന ഒ രാജഗോപാല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍(ഏപ്രില്‍ 7, 1992) 12 തിയ്യറ്ററുകള്‍ മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ കത്തിയതായും തിരൂരും മലപ്പുറത്തുമായി ഒരു ദിവസം കൊണ്ട് 2 തിയ്യറ്ററുകള്‍ കത്തിയതായും ആരോപിച്ചു. 1998 മാര്‍ച്ച് 7ന് ആര്‍ കൃഷ്ണകുമാര്‍ ഫ്രണ്ട്ലൈനില്‍(കണ്‍സേണ്‍സ് ഇന്‍ കേരള) എഴുതിയ റിപോര്‍ട്ടനുസരിച്ച് സിനിമാതിയ്യറ്ററുകള്‍ കത്തിച്ചത് സുന്നി ടൈഗേഴ്സ്, ജിഹാദി കമ്മിറ്റി എന്നീ ഗ്രൂപ്പുകളാണ്. അദ്ദേഹത്തിന്റെ റിപോര്‍ട്ട് തിയ്യറ്റര്‍ കത്തിക്കലിനെ വിദേശശക്തികളുമായി ബന്ധിപ്പിച്ചു. മുസ്ലിംകള്‍ അവര്‍ക്ക് ഹറാമായത് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അടുത്തതായി ബാറുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും തീകൊടുക്കുമെന്നും പ്രചാരണമുണ്ടായത്രെ. 

മലപ്പുറത്ത് തിയ്യറ്ററുകള്‍ കത്തുന്നതിനു പിന്നില്‍   പാകിസ്താന്‍ സഹായം ലഭിക്കുന്ന പ്രാദേശിക  സംഘങ്ങളാണെന്ന്  യുക്തിവാദി നേതാവ്  സെയ്ത് മുഹമ്മദ് (28 ജൂലൈ, 2000, ദി മിനി പാകിസ്താൻ, റെഡിഫ്.കോം) പിന്നീട് ആരോപിച്ചിരുന്നു. മലപ്പുറത്തെക്കുറിച്ച വാര്‍പ്പുമാതൃക നിര്‍മതിയില്‍ ഹിന്ദുത്വര്‍ക്കൊപ്പം മതേതരവാദികളെന്ന് സ്വയം വിശേഷിപ്പിച്ച പുതിയ ഒരു വിഭാഗം സജീവമാകുന്നത് ഇക്കാലത്താണ്.  

2023 ആയതോടെ മലപ്പുറത്തെക്കുറിച്ചുള്ള ഈ മാതൃക മാറിയതും നാം കാണുന്നു. മുഹ്സിന്‍ പരാരി, ഹര്‍ഷദ്, സക്കറിയ, അഷ്റഫ് ഹംസ തുടങ്ങിയ ചലചിത്രകാരന്മാരുടെ സിനിമകളെ എഴുത്തുകാരനായ എം ജി രാധാകൃഷ്ണന്‍ ‘മലപ്പുറം ന്യൂവേവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ അര്‍ത്ഥത്തേക്കാള്‍, അതിന്റെ ഭാവുകത്വത്തെയും രാഷ്ട്രീയത്തെയും സൂചിപ്പിക്കുന്ന രൂപകമായാണ് മലപ്പുറം എന്ന വാക്ക് ലേഖകന്‍ ഉപയോഗിക്കുന്നത്(എ മലപ്പുറം ന്യൂ വേവ്, എം ജി രാധാകൃഷ്ണന്‍, 27 മെയ് 2023, മാതൃഭൂമി ഇംഗ്ലീഷ്)

ഐഎസ്‌ഐ ബന്ധം, പാകിസ്താൻ കപ്പലുകള്  (1994, 1998) 

1990 കാലത്ത് മലപ്പുറത്തെ സംബന്ധിച്ചിടത്തോളം മുന്‍കാലത്തെപ്പോലെത്തന്നെ ദേശീയവാദ ആശങ്ക പ്രധാനമായും പാകിസ്താനുമായി ബന്ധപ്പെട്ടതായിരുന്നു. എല്ലാ ഹിംസയെയും ഇക്കാലത്ത് പാകിസ്താനുമായും പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായാണ് ബന്ധിപ്പിച്ചത്. മലപ്പുറത്തും അയല്‍ജില്ലകളായ തൃശൂരിലെയും കോഴിക്കോട്ടെയും തീരപ്രദേശങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള കപ്പലുകള്‍ കണ്ടുവെന്ന വാര്‍ത്ത പല പത്രങ്ങളും റിപോര്‍ട്ടുചെയ്തു( ഐഎസ്ഐ ആക്ടീവ് ഇൻ കേരള: ബി.ജെ.പി , 22 മാര്‍ച്ച്, 1994, ടൈംസ് ഓഫ് ഇന്ത്യ). മലപ്പുറത്തെ പാകിസ്താന്റെ ചാരസംഘടനയെക്കുറിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ എന്നത്തെയും പോലെ ഹിന്ദുത്വവാദികളായിരുന്നു മുന്നില്‍(ടൈംസ് ഓഫ് ഇന്‍ഡ്യ, പി കെ സുരേന്ദ്രന്‍, മിലിറ്റന്‍ഡ് ഫ്രന്റ്‌സ് ഇന്‍ കേരള പ്രൊവോക് മുസ്ലിംസ് റ്റു റിസോറ്റ് റ്റു വയലന്‍സ്, 7 ഏപ്രില്‍ 1998, പേജ് 9). 

ലീഗിന്റെ സമ്മര്‍ദ്ദം (1995)

ലീഗ് ഇടതുപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കിയാണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്ന് ‘പൊളിറ്റിക്‌സ് ഇന്‍ കേരള’ എന്ന ലേഖനത്തില്‍ കൃഷ്ണമേനോന്‍ ആരോപിച്ചു. യുഡിഎഫിനെ ഭീഷണിപ്പെടുത്തിയാണ് മുക്രിമാര്‍ക്ക് പെന്‍ഷന്‍ അനുവദിപ്പിച്ചതെന്നും അദ്ദേഹം എഴുതുന്നുണ്ട് (കൃഷ്ണ മേനോന്‍ , (1995),  ‘പൊളിറ്റിക്‌സ് ഇന്‍ കേരള’, ഇന്‍ഡ്യ ഇന്റര്‍നാഷനല്‍ സെന്റര്‍ ക്വാര്‍ട്ടര്‍ലി,പേജ്1626)

ജില്ലക്കെതിരേ വിദ്വേഷപ്രചാരണം ആര്‍എസ്എസ്സിന് ഗുണം(1995)

1964 വരെ കേരളത്തിലെ പ്രവര്‍ത്തനം തമിഴ്‌നാട് ‘പ്രാന്തി’ന്റെ ഭാഗമായിരുന്നു. 1964-ല്‍ കേരളത്തില്‍ സ്വതന്ത്ര പ്രവര്‍ത്തനം  തുടങ്ങിയ ആര്‍എസ്എസ്സിന്റെ  വളര്‍ച്ചക്ക് വഴിത്തിരിവായി മാറിയത്  മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭ കാലഘട്ടമായിരുന്നുവെന്ന് (1968-1969)  ആര്‍എസ്എസ് പ്രാന്തീയ പ്രചാര പ്രമുഖും കേസരി വാരിക  മുന്‍ എഡിറ്ററുമായ എം എ കൃഷ്ണന്‍(കൃഷ്ണ മേനോന്‍ , (1995),  ‘പൊളിറ്റിക്‌സ് ഇന്‍ കേരള’, ഇന്‍ഡ്യ ഇന്റര്‍നാഷനല്‍ സെന്റര്‍ ക്വാര്‍ട്ടര്‍ലി, പേജ് 16- 26).

മിനി പാകിസ്താന്‍ (1996)

സ്യൂഡോ -സെക്കുലറിസം ഇന്‍ ഇന്ത്യ-എന്ന പേരില്‍ സംഘപരിവാര്‍ എഴുത്തുകാരനായ  കനയ്യാലാല്‍ മങ്ഘന്ദാസ് തല്‍രേജ ഇംഗ്ലീഷില്‍ എഴുതിയ ഗ്രന്ഥത്തില്‍ മലപ്പുറത്തെ മിനി പാകിസ്ഥാന്‍ എന്നാണ് വിശേഷിപ്പിച്ചത് (സ്യൂഡോ -സെക്കുലറിസം ഇന്‍ ഇന്ത്യ, കനയ്യാലാല്‍ മങ്ഘന്ദാസ് തല്‍രേജ, രാഷ്ട്രീയ തേജന്‍ പ്രകാശന്‍, 1996). 

മലപ്പുറത്തെ  ബോംബ് ( 1997) 

മലപ്പു്‌റത്തെ ഹിംസയുടെ കേന്ദ്രമായി കാണുന്ന രീതി 90കളുടെ സൃഷ്ടിയാണ്. ഇക്കാലത്ത് പുറത്തിറങ്ങിയ പല സിനിമകളിലും മലപ്പുറത്തെ ബോംബുമായും മൊത്തത്തില്‍ ഹിംസയുമായും ബന്ധപ്പെടുത്തി. മോഹന്‍ലാലിന്റെ പ്രശസ്തമായ സിനിമ ആറാംതമ്പുരാനില്‍(1997)’ബോംബാണെങ്കില്‍ ഈസിയാണ് മലപ്പുറത്ത് സാധനം കിട്ടും’ എന്ന സംഭാഷണം അക്കാലത്തുതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

ഭീകരവാദ സംഘടനകൾ  ( 1997) 

ശീതയുദ്ധാനന്തരം ആണ് ‘ഭീകരവാദം’ എന്ന പ്രയോഗം ജനപ്രിയത  നേടുന്നത്. വർഗീയത, ദേശീയത എന്നീ പദാവലികളെക്കാള് പിന്നീട് ആ പ്രയോഗം പ്രചാരണ സ്വഭാവം കൈവരിച്ചു.  മലപ്പുറത്ത് നിരവധി ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി ഇ കെ നായനാര്‍ പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ 1997ല്‍ റിപോര്‍ട്ട് ചയ്തിരുന്നു(21 മാര്‍ച്ച് 1997). മലപ്പുറത്തെക്കുറിച്ചുള്ള സി പി എം ആഖ്യാനങ്ങളിൽ ഇസ്‌ലാമോഫോബിയ കടന്നുവരുന്നതിൻ്റെ ഒരു തുടക്കമായിരുന്നു ഇതെന്ന് പറയാം. 

കുട്ടി  പാകിസ്താൻ: ഇ കെ നായനാർ   (1998) 

ഇടതുപക്ഷവും ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഭാഗമായതും ഇക്കാലത്തിന്റെ പ്രത്യേകതയാണ്.  മലപ്പുറത്തെ ‘കുട്ടി പാകിസ്താനെന്ന്’ ഇ കെ നായനാര് വിശേഷിപ്പിച്ചുവെന്ന് ഇൻഡ്യ ടുഡേ.    ജ്യോതി ബസു ഇക്കാര്യത്തിൽ നായനാരെ വിമർശിച്ചിരുന്നു. തന്നെ തെറ്റായി ഉദ്ധരിച്ചതാണെന്ന് പിന്നീട് അദ്ദേഹം പരാതിപ്പെട്ടുവെന്നു ഇൻഡ്യ ടുഡേ റിപ്പോര്ട്ട്( ജാവേദ് എം അന്‍സാരി,മാർക്സിസ്റ്റ്സ് ഇൻ ഡിലെമ്മ ഓവർ അലയൻസ് വിത്ത് കോൺഗ്രസ്, കേരള ഗ്രൂപ്പ് ഒപ്പോസസ് ബെംഗാൾ പ്രസ്ക്രിപ്ഷൻ,  27 ഏപ്രില്‍ 1998, ഇൻഡ്യ ടുഡേ ). 

കള്ളക്കടത്ത്, ദാവൂദ് ഇബ്രാഹിം ബന്ധം ( 1998) 

മലപ്പുറത്തെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തുന്ന ആഖ്യാന ശൈലിക്ക് ഏറെ പഴക്കമുണ്ട്. ഗള്‍ഫ് കുടിയേറ്റക്കാലത്ത് ഇത് മലപ്പുറം ആഖ്യാനത്തിന്റെ ഭാഗമായിരുന്നുവെന്ന് നാം കണ്ടു. 1998ല്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മലപ്പുറത്തുനിന്ന് കെ ടി സി മുഹമ്മദ് എന്നയാളെ അറസ്റ്റ് ചെയ്തു. മുഹമ്മദിന്റെ ഭീകരവാദ ബന്ധത്തെക്കുറിച്ച് കാസര്‍കോട്ടെ മുഹമ്മദ് കുഞ്ഞുവെന്നയാള്‍ വിവരംനല്‍കിയെന്നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തത്. ദാവൂദ് കേരളത്തെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് പോലിസും അവകാശപ്പെട്ടു( 1998 ടൈംസ് ഓഫ് ഇന്ത്യ, 29 ജൂലൈ ഹിന്ദുസ്ഥാന്‍ ടൈംസ്). 

താലിബാന്‍, എൽ ടി ടി ഇ മാതൃക: പിണറായി വിജയൻ ( 1998) 

താലിബാനായിരുന്നു തൊണ്ണൂറുകള്‍ക്ക് അവസാനം ഉപയോഗിക്കപ്പെട്ട പ്രധാനമായ ആഗോള  ഇസ്ലാമോഫോബിക് രൂപകം. മലബാര്‍ മേഖലയില്‍ ഏതാനും തീവ്രവാദ മുസ്ലിംസംഘടനകള്‍ എല്‍ടിടിഇ മോഡല്‍ പരിശീലനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുവെന്നും മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലപ്പുറത്തും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ സമീപജില്ലകളുടെ ചില പോക്കറ്റുകളിലും താലിബാന്‍ മോഡലില്‍  പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു(07 ഏപ്രില്‍, 1999, സിപിഎം റാപ്സ് മുസ്ലിംകമ്മ്യൂണലിസം, ഹിന്ദുസ്ഥാന്‍ ടൈംസ്). ഇത്തരം സംഘടനകളെ ലീഗ് പ്രതിരോധിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉയര്‍ത്തി. വരാനിരിക്കുന്ന ദശകം പുതിയൊരു അന്താരാഷ്ട്ര ഇസ്ലാമോഫോബിക് മാതൃകയുടേതുമാണെന്നതിന്റെ സൂചനയായിരുന്നു ഇത്. 

മതമൗലികവാദികളുടെ താലിബാന്‍വല്‍ക്കരണം (1999)

മതമൗലികവാദികളുടെ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കുള്ള അനന്തരഫലങ്ങള്‍ വിനാശകരമാണെന്നും മലപ്പുറത്ത് സാമൂഹിക ബഹിഷ്‌കരണവും ആക്രമണങ്ങളും നേരിടേണ്ടിവരുന്നുവെന്നും കേരള യുക്തിവാദി സംഘം (യുക്തിവാദി അസോസിയേഷന്‍) ജില്ലാ സെക്രട്ടറി എസ്. ജബ്ബാര്‍ പറയുന്നു. മതമൗലികവാദികള്‍ മുസ്ലിംസമുദായത്തെ താലിബാന്‍വല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. (ഇന്ത്യ ടുഡെ, എം ജി രാധാകൃഷ്ണന്‍, ഫെബ്രുവരി 15 1999)

മലപ്പുറത്തെ സദാചാരപോലിസുകാര്‍(1999)

തീവ്രവാദസംഘടനകള്‍ മലപ്പുറത്തെ പല പ്രദേശങ്ങളിലും സദാചാരപോലിസ് ചമയുന്നുവെന്ന് മലപ്പുറം എസ്പിയായിരുന്ന  കെ നടരാജന്‍(എം ജി രാധാകൃഷ്ണന്‍, ഫെബ്രുവരി 15, 1999, ടൈംസ് ഓഫ് ഇന്ത്യ) 

പാകിസ്താനില് നിന്നുള്ള വ്യാജകറൻസി (2000)

മലപ്പുറം രൂപീകരണകാലത്ത് പാകിസ്താന്‍ താല്‍പര്യമുള്ള ഒരു ജനവിഭാഗമായി മലപ്പുറംകാരെ ചിത്രീകരിച്ചെങ്കില്‍ താമസിയാതെ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു ശൃംഖലയുടെ കണ്ണിയായി മലപ്പുറം ‘പരിവര്‍ത്തിക്കപ്പെട്ടു’. ഇക്കാലത്തും പാകിസ്താനെ വിട്ടുകളഞ്ഞില്ല. മലപ്പുറത്തെത്തുന്ന പാകിസ്താന്‍ പൗരന്മാരില്‍ പലരും ഐഎസ്ഐ ഏജന്റുമാരാണെന്നും അവരാണ് പല തീവ്രവാദസംഘടനകളും രൂപീകരിക്കുന്നതിനു പിന്നിലെന്നുമുള്ള പഴയ വാദങ്ങള്‍ ഇപ്പോഴും സാധുവായിരുന്നു. ഇക്കാലത്ത് വ്യാജകറന്‍സി വിതരണം പോലും പാകിസ്താനുമായി ബന്ധപ്പെടുത്തി(28 ജൂലൈ, 2000, റെഡിഫ്.കോം). പിന്നീടുള്ള വര്ഷങ്ങളിൽ  പുതിയ ഇസ്ലാമോഫോബിക് ഭാവനപ്രകാരം ഇപ്പോള്‍ മലപ്പുറം ഒറ്റപ്പെട്ട ഒരു തുരുത്തല്ല, ആഗോള ‘ഇസ്ലാമിക ഭീകരവാദ’ത്തിന്റെ ഭാഗമാണ്. അല്‍ഖാഇദ, ലഷ്‌കര്‍ ഇ ത്വൈബ, താലിബാന്‍, ജിഹാദ് സംഘങ്ങള്‍, ആഗോള മയക്കുമരുന്നു ശ്യംഖലകള്‍… ഇവയൊക്കെ തരാതരം കൂട്ടിച്ചേര്‍ക്കപ്പെട്ടു. 

കശ്മീര് ( 2000) 

കേരളത്തെയും മലപ്പുറത്തെയും  കശ്മീരിന് സമാനമാക്കാന്‍ വിവിധ മുസ് ലിംസംഘടനകള്‍ ശ്രമിക്കുകയാണെന്നും അക്കാര്യത്തില്‍ പാകിസ്താന്‍ പിന്തുണയുണ്ടെന്നും യുക്തിവാദിയും എഴുത്തുകാരനുമായ  സെയ്ത് മുഹമ്മദ്  പിന്നീട് ആരോപിച്ചിരുന്നു(28 ജൂലൈ, 2000, ദി മിനി പാകിസ്താൻ, റെഡിഫ്.കോം). 

തെറ്റായ ഫുട്‌ബോള്‍ അഭിനിവേശം (2002) 

മലപ്പുറം ഫുട്‌ബോളിന് പേരുകേട്ട ജില്ലയാണ്. 2002ലെ ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് മലപ്പുറംകാരുടെ ഫുട്‌ബോള്‍ ജ്വരം തെറ്റായ അഭിനിവേശമാണെന്നാണ്: ”ഇത് ഒന്നുകില്‍ തെറ്റായ അഭിനിവേശമോ ഭ്രമമോ ആണ്”. (എം ജി രാധാകൃഷ്ണന്‍, ഇന്ത്യ ടുഡെ. ജൂണ്‍ 2, 2002) 

ബുര്‍ഖയണിഞ്ഞ സ്ത്രീകളും മദ്രസയിലെ മൗലവിയും : ഇൻഡ്യയിലെ ആദ്യത്തെ ഇ- സാക്ഷര ജില്ല  (2003) 

മറ്റു ജില്ലകളെ അപേക്ഷിച്ച് ഗൾഫ് പ്രവാസം സൃഷ്ടിച്ച വികസനവും സമ്പത്തും മലപ്പുറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ദശകമാണ് ഇത്. ഇക്കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവേചനം കാണിച്ചിട്ടും വിദ്യാഭ്യാസമേഖലയില്‍ മലപ്പുറം വലിയ കുതിച്ചുചാട്ടം നേടി. മലപ്പുറത്തുനിന്നുള്ള വിദ്യാർഥിനികളായിരുന്നു ഇതില്‍ മുന്നില്‍. മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷകളിലും മലപ്പുറം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ മാറ്റത്തിന് വലിയ മാധ്യമശ്രദ്ധയും ലഭിച്ചു. മലപ്പുറത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ പല വൈരുദ്ധ്യങ്ങളും ഈ ഘട്ടത്തില്‍ നമുക്ക് ദൃശ്യമാകും. ഒരു ഭാഗത്ത് ഈ നേട്ടങ്ങളെ ഇസ്ലാമോഫോബിക് ആഖ്യാനമാതൃകയില്‍ ചിത്രീകരിക്കുന്ന ഒരു രീതി. മറുഭാഗത്ത് പിന്നാക്കാവസ്ഥയുടെ ഭാഗമായി  മലപ്പുറത്തെ ചിത്രീകരിക്കുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു ശൈലി. 

ഇക്കാലത്ത് മലപ്പുറത്തെ ഇൻഡ്യയിലെ  ആദ്യത്തെ  ഇ-  സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു (ആനന്ദ് പാർഥസാരഥി, ഇൻഡ്യാസ് ഫസ്റ്റ് ഇ ലിറ്ററേറ്റ് ഡിസ്ട്രിക്റ്റ്, ‘അപ്രോപ്രിയേറ്റ് ടെക്നോളജി’ , വോള്യം:  3 , ഇഷ്യു : 1 , പേജ്: 28 – 29 ). മുസ്ലിം ലീഗിൻ്റെ ഇടപെടൽ ഈ മാറ്റത്തിൽ പ്രധാനമായിരുന്നു. ‘ബുര്‍ഖയണിഞ്ഞ സ്ത്രീകള്‍ പോലും’ ഇതിന്റെ ഭാഗമായി എന്നും ‘മദ്രസയിലെ മൗലവിയും’ ഇ സാക്ഷരനായെന്നുമാണ് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തത്. (എം ജി രാധാകൃഷ്ണന്‍, അക്ഷയ ലിറ്ററസി പ്രൊജക്ട് എയിംസ് ടു മേക്ക് മലപ്പുറം ദ ഫസ്റ്റ് ഇ-ലിറ്ററേറ്റ് ഡിസ്ട്രിക്റ്റ് ഇൻ കേരള,   22 ഡിസംബര്‍ 2003, ഇന്ത്യടുഡേ). മതം / പ്രദേശം / സ്ത്രീ തുടങ്ങിയ ഘടകങ്ങൾ പിന്നാക്കാവസ്ഥയുടെ ലക്ഷണം മാത്രമായി കണ്ടിരുന്നതില്‍ നിന്നു ഒരു മാറ്റം. അപ്പോഴും വാർപ്പു മാതൃകയുടെ ഭാഷയും പ്രയോഗവും ആഖ്യാനത്തിൽ വിടാതെ പിന്തുടരുന്നു. 

ഗള്‍ഫ് വൈഫ് സിന്‍ഡ്രോം ( 2004) 

2004ല്‍ കെ പി എം ബഷീര്‍  ഗള്‍ഫ് വൈഫ് സിന്‍ഡ്രോം എന്ന പേരില്‍ ഒരു കുറിപ്പ് മോഹന്‍ റാവു എഡിറ്റ് ചെയ്ത ‘അൺഹേഡ് സ്‌ക്രീം’ എന്ന പുസ്‌തകത്തില്‍ പ്രസിദ്ധീകരിച്ചു. ഗള്‍ഫ്  കുടിയേറ്റം കാരണം മലപ്പുറത്തെ സ്ത്രീകളുടെ വിവാഹപ്രായം കുത്തനെ കുറയുന്നുവെന്നായിരുന്നു ലേഖനം നിരീക്ഷിച്ചത്. മലപ്പുറത്തെ സ്ത്രീകളുടെ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള പ്രയോഗമായിരുന്നു: ഗൾഫ് വൈഫ് സിൻഡ്രോം. 

മലപ്പുറത്തെ പരീക്ഷാകൃത്രിമം : വി എസ് അച്യുതാനന്ദൻ (2005) 

2005ലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ മലപ്പുറത്തുനിന്ന് കൂടുതല്‍ കുട്ടികള്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അത് അസാധാരണമാണെന്നും കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സംശയം പ്രകടിപ്പിച്ചുവെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു ( 20 ഒക്ടോബർ 2023 , നാടൻ പ്രയോഗങ്ങളിലെ മുനകൾ, ഏഷ്യാനെറ്റ്). ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്തു സൂപ്പി  ഒരു കുട്ടിയുടെ വരുമാനസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായിരുന്നു അതെങ്കിലും  മലപ്പുറം ജില്ലയിലെ കുട്ടികളുടെ എന്‍ട്രന്‍സ് വിജയശതമാനമായിരുന്നു വിഎസ്സിന്റെ പ്രതികരണത്തിന് കാരണമായത്(ഇമാജിന്റ് കേരള, നന്ദഗോപാല്‍ ആര്‍ മേനോന്‍, 21 ആഗസ്റ്റ്, 2010, ഇപിഡബ്ല്യൂ). ആ വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന്, അതെ കുറിച്ച് അന്വേഷണം നടത്തണം എന്നാണ് പറഞ്ഞതെന്ന്, വിഎസ് പിന്നീട് വ്യക്തമാക്കി. 

ശരീഅത്ത്, ഭീകരവാദം:  കോണ്ഗ്രസ് കാമ്പയിന്   ( 2006 ) 

മുസ്ലിംകള്‍ മലപ്പുറത്ത് ശരിഅത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്സിന്റെ ആരോപണം (കോണ്‍ഗ്രസ് ആന്റി ടെററിസം കാംപയിന്‍ ഇന്‍ മലപ്പുറം, 2006 നവംബര്‍ 1,  ദി ഹിന്ദു ). ‘ഭീകരവാദം’ എന്ന ശീതയുദ്ധാനന്തര ഇസ്‌ലാമോഫോബിക് ഫ്രെയിം ഇൻഡ്യൻ നാഷണല്  കോൺഗ്രസും സ്വീകരിക്കുന്ന ചരിത്രഘട്ടം. 

നോമ്പ് : ഉച്ചഭക്ഷണ വിതരണം നിറുത്തി (2006) 

മലപ്പുറത്തെ ഇതര മതസ്ഥരുടെ സ്വസ്ഥജീവിതത്തെ തകര്‍ക്കുന്ന മുസ്ലിംകളെന്ന ചര്‍ച്ച ഇക്കാലത്താണ് വേരുപിടിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചാരണം കൊഴുത്തത്. നോമ്പുകാലത്ത് മലപ്പുറത്ത് ഹോട്ടലുകള്‍ തകര്‍ക്കുന്നതായും ഇതര മതസ്ഥര്‍ ഭക്ഷണം കിട്ടാതെ അലയുന്നതായും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.  റംസാന്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ എല്‍പി/ യുപി സ്‌കൂളുകളില്‍ ഉച്ചഭക്ഷണവിതരം നിര്‍ത്തിവച്ചതായി  ഹിന്ദുത്വർ ആരോപിച്ചു (മിഡ്-ഡേ മീൽസ് കാൻസൽഡ് ആറ്റ് മലപ്പുറം ഡ്യൂറിംഗ് റമദാൻ,  16 ഒക്ടോബർ 2006 ,  ഹൈന്ദവ കേരളം ഡോട്ട് കോം). 

സിനിമ പ്രതിനിധാനം  ( 2006,  2007, 2009) 

മലപ്പുറം കലാപങ്ങളുടെയും വര്‍ഗീയ ലഹളകളുടെയും കള്ളനോട്ടിന്റെയും കേന്ദ്രമാണെന്നാണ് ഇക്കാലത്ത് വ്യാപകമായ പ്രചാരിപ്പിക്കപ്പെട്ടത്. മുഖ്യധാരാ സിനിമയിലും ഇത്തരം സൂചനകള്‍ സജീവമായി. രസതന്ത്രം (2006), വിനോദയാത്ര (2007) തുടങ്ങിയ സിനിമകള്‍ നേരിട്ടുതന്നെ ഇക്കാര്യം പറഞ്ഞു. മലപ്പുറത്തു നടന്ന വര്‍ഗീയ ലഹളയിലാണ് നായികയുടെ പോലിസുകാരനായ പിതാവിന് പരിക്കുപറ്റുന്നത്(വിനോദയാത്ര, സംവിധാനം സത്യന്‍  അന്തിക്കാട്, 2006). ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘സമസ്തകേരളം പി. ഒ’ ( 2009) എന്ന സിനിമയില്‍ മാഷ് എന്ന കഥാപാത്രം (ബാലചന്ദ്രന് ചുള്ളിക്കാട്) സ്വയം കുറ്റമേറ്റെടുത്ത് ചതിയിലൂടെ കള്ളനോട്ട് കേസില്‍ പ്രതിയാകുന്ന നായകനെ രക്ഷിക്കുന്നു. നായകന്‍ ജ്വല്ലറിയില്‍ നല്‍കിയ നോട്ടുകെട്ടില്‍ കള്ളനോട്ട് വെച്ചത് മാഷാണെന്നും അത് നല്കിയതു മലപ്പുറത്തെ ഒരു പഴയകാല സുഹൃത്താണെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നത്. ശേഷം, കുറ്റവിമുക്തനായി പുറത്തിറങ്ങുന്ന നായകനോട് മാഷിങ്ങനെ പറയുന്നു. ‘ഇനിയിപ്പോ മലപ്പുറത്തെ സുഹൃത്തിനെ തേടിയാവും പരക്കം പാച്ചില്‍, കിട്ടാന്‍ പോണില്ല, അങ്ങനൊരാളില്ല’. 

കൊണ്ടോട്ടി ജില്ല, ലഷ്‌കര്‍-ഇ-തൊയ്ബ  (2008) 

കേരളത്തില്‍ ഒരു ഭീകരാക്രമണവും നടന്നിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഇസ്ലാമിക ഗ്രൂപ്പുകള്‍ സ്വാധീനം നേടുന്നുണ്ടെന്ന് ഹിന്ദു ലേഖകന്‍ പ്രവീണ്‍ സ്വാമി എഴുതി.  മലപ്പുറം, കൊണ്ടോട്ടി ജില്ലകളില്‍ പന്ത്രണ്ട് മുന്നണി സംഘടനകളിലൂടെ സിമി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലഷ്‌കര്‍-ഇ-തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇനിയും  കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു(ദ ജിഹാദ് ഇൻ ‘ഗോഡ്സ് ഓൺ കൺട്രി’,  09  മാര്‍ച്ച്, 2008, ദി ഹിന്ദു). അദ്ദേഹത്തിന് മലപ്പുറത്തെ  കൊണ്ടോട്ടി പോലും ഒരു ജില്ലയാണ്.

ലൌ ജിഹാദ് , മലപ്പുറത്തെ സഹകരണ ബാങ്ക് ( 2009) 

വിവിധ തരം ജിഹാദുകളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഭരണം കൈക്കലാക്കാനുമുള്ള ശ്രമം നടത്തുന്ന ജിഹാദി സംഘങ്ങളെക്കുറിച്ചുള്ള ഭാവനകള്‍ വേരുപിടിക്കുന്ന ദശകമാണ് ഇത്. ഇക്കാലത്ത് പല തരം ജിഹാദുകളുടെ മാതൃകകള്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ പ്രധാനമായിരുന്നു ലൗജിഹാദ്. അതിലും മലപ്പുറംതന്നെയായിരുന്നു പ്രഭവകേന്ദ്രം. 

പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ പൗരന്‍ മലപ്പുറം ജില്ലയില്‍ നടന്ന ഒരു പ്രണയത്തി്‌ന്റെ സന്ദര്‍ഭത്തില്‍ എഴുതിയ ഒരു കുറിപ്പ് ഇങ്ങനെ നിരീക്ഷിക്കുന്നു: ജിഹാദിന്റെ പേരില്‍ നടക്കുന്നത് കേവലം ലൈംഗിക പേക്കൂത്തുകളാണ്. ചില തല തിരിഞ്ഞ തീവ്രവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, കലാശാലകളില്‍ നടക്കുന്ന കേവലം ലൈംഗിക അരാജകത്ത്വം. യഥാര്‍ത്ഥ മുസ്ലിം വിശ്വാസികളില്‍ പോലും മനമ്പുരട്ടല്‍ ഉണ്ടാക്കുന്ന ലൈംഗിക ആഭാസം. കേവലം രണ്ടു ദിവസം മുതല്‍ ഒരാഴ്ച്ച കൊണ്ട് ഇരയെ വീഴ്ത്തുന്ന കെണിയാണു ലൌ ജിഹാദ്

മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചില സഹകരണ ബാങ്കുകള്‍ വഴി കേരളത്തിലെത്തിയ കോടികളുമായി ലേഖകന്‍ ‘ലൗജിഹാദി’നെ കൂട്ടിക്കെട്ടുന്നു. മലപ്പുറം ജില്ലയില്‍ നടന്ന ഒരു പ്രണയമാണ് ലേഖനത്തിന്റെ സന്ദര്‍ഭം (06 ഡിസംബര്‍ 2009, ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ, അഡ്വ. പി പൗരന്‍, യുക്തിവാദിയായ  ഇ എ ജബ്ബാറിന്റെബ്ലോഗില്‍നിന്നും). 

സാംസ്‌കാരിക താലിബാന്‍, ഇസ്ലാമിക പാകിസ്താൻ, ഇസ്ലാമിക ബംഗ്ലാദേശ് (2010) 

2010ല്‍ ചെന്നൈയില്‍ ഇന്തോ-ജപ്പാന്‍ ചെംബര്‍ ഓഫ് കോമ്മേഴ്‌സ് ആന്റ് ഇന്റസ്ട്രി സംഘടിപ്പിച്ച സെമിനാറില്‍ അന്നത്തെ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന ഇ അഹ്‌മദ് സംഘാടകര്‍ ആവശ്യപ്പെട്ടെങ്കിലും കുത്തുവിളക്ക് കത്തിച്ചില്ല. ഇതേ കുറിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വി സുന്ദരം ഓര്‍ഗനൈസറില്‍ എ കള്‍ച്ചറല്‍ താലിബാന്‍ ഇന്‍ സെക്കുലര്‍ ഇന്ത്യയെന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതി.  നാം ജീവിക്കുന്നത് ഇസ്ലാമിക് പാകിസ്താനിലാണോ അതോ ഇസ്ലാമിക് ബംഗ്ലാദേശിലാണോ അതോ താലിബാന്‍ നിയന്ത്രിക്കുന്ന അഫ്ഗാനിസ്താനിലാണോ അതോ ചില പത്രപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഒരു മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലാണോ എന്ന ചോദ്യമാണ് ലേഖകന്‍ ഉയര്‍ത്തിയത് (എ കള്‍ച്ചറല്‍ താലിബാന്‍ ഇന്‍ സെക്കുലര്‍ ഇന്ത്യ, ഓര്‍ഗനൈസര്‍, ജനുവരി 24, 2010). 

ജിഹാദിൻ്റെ ഹോട്ട് – ബെഡ് ( 2011) 

ഇൻഡ്യയിലെ പാൻ – ഇസ്‌ലാമിക് സെപറേറ്റിസത്തിൻ്റെ തുടക്കം ‘മതേതര’ മാർക്സിസ്റ്റുകൾ സ്ഥാപിച്ച മലപ്പുറം ജില്ലയാണ്. പിന്നീടു മലപ്പുറം “ജിഹാദി പ്രവർത്തനങ്ങളുടെ ഹോട്ട് – ബെഡായി മാറി” ( രാജീവ് മൽഹോത്ര, അരവിന്ദൻ നീല കണ്ഠൻ, 2011,  ബ്രേക്കിംഗ് ഇന്ത്യ :  വെസ്റ്റേൺ ഇൻ്റെർവെൻഷൻ ഇൻ ദ്രവീഡിയൻ ആൻ്റ് ദലിത് ഫോൾട്ട്ലൈൻസ്,  പേജ് : 400 – 401 

പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ല: മഹിളാ കോണ്ഗ്രസ് കാമ്പയിന്  (2012)

‘അഞ്ചുവര്‍ഷം കൊണ്ട് ഒരു പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ലയായി മലപ്പുറം മാറുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കി. അങ്ങനെ സംഭവിച്ചാല്‍ മലപ്പുറം മറ്റൊരു പാകിസ്ഥാനായി മാറും. നിഷ്‌കളങ്കരായ സ്ത്രീകളെ പണവും സ്വാധീനവും ഉപയോഗിച്ച് മതം മാറ്റുകയാണ്. കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഉദ്ധരിച്ചുകൊണ്ടാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം(17 ജൂലൈ 2012ലെ ‘ദേശാഭിമാനി’ മുഖപ്രസംഗത്തില്‍ ഉദ്ധരിച്ചത്)

നായ്ക്കളെ വെട്ടിപ്പരിശീലനം (2012) 

2012ല്‍ മലപ്പുറത്ത് പോപലര് ഫ്രണ്ട് പ്രവര്‍ത്തകര്‍ നായ്ക്കളെ വെട്ടി പരിശീലിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നുവന്നു. എവിടെനിന്നാണ് ഈ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടതെന്ന് വ്യക്തമല്ല. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് പകല്‍സമയത്തെ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരാണ് രാത്രി കാലങ്ങളില്‍ ആയുധപരിശീലനം നടത്തുന്നത്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് ഐഎസ് മാതൃകയില്‍ ആയുധപരിശീലനം നേടുന്നത്. മലപ്പുറത്തിനു പുറത്തേക്കും ഈ ആരോപണം വ്യാപിച്ചിരുന്നു. (16 നവംബര്‍ 2012, ഡൂള്‍ ന്യൂസ്, 04 ജൂലൈ 2018, സമകാലികമലയാളം)സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പിന്നീട് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയെങ്കിലും പലപ്പോഴും ഇതാവര്‍ത്തിച്ചുവന്നു. 

താലിബാന്‍ മനസ്സും താലിബാനിസവും: പുരോഗമന കലാ സാഹിത്യ സംഘം ( 2013) 

തിരൂരില്‍ എഴുത്തച്ഛന്‍ പ്രതിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന ഒരു ആക്ഷേപം ഇക്കാലത്താണ് സജീവമാകുന്നത്. തിരൂര്‍ നഗരത്തില്‍ ഒരു എഴുത്തച്ഛന്‍ പ്രതിമസ്ഥാപിക്കാന്‍ തിരൂര്‍ നഗരസഭ തീരുമാനിച്ചതും പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും അത് നടക്കാതെ പോയതുമാണ് സന്ദര്‍ഭം. ‘താലിബാനിസ്റ്റ് ചിന്തയില്‍ അനാഥമാക്കപ്പെട്ട എഴുത്തച്ഛന്‍ പ്രതിമ’യെന്നായിരുന്നു നടക്കാതെ പോയ പ്രതിമാസ്ഥാപനത്തെക്കുറിച്ച് മലബാറി ന്യൂസിന്റെ തലക്കെട്ട്(10 മാര്‍ച്ച്, 2013, മലബാറി ന്യൂസ്). ഇക്കാലത്ത് ഒ വി വിജയന്റെ പ്രതിമയെക്കുറിച്ചുള്ള ഒരു വിവാദവും കോട്ടക്കല് രാജാസ് ഹൈസ്കൂള് കേന്ദ്രീകരിച്ച്  പൊട്ടിപ്പുറപ്പെട്ടു. ഇതും സമാനമായ രീതിയില്‍ കൈകാര്യം  ചെയ്യപ്പെട്ടു. മതമൗലികവാദം, താലിബാന്‍ മനസ്സ്, ഇസ്ലാമിക-മുസ്ലിം തീവ്രവാദം തുടങ്ങിയവയാണ് ഇതേ കുറിച്ച് വിവരിക്കാന്‍ ഉപയോഗിച്ചിരുന്ന പദസംയുക്തങ്ങള്‍. പലരും അഫ്ഗാനിലെ ബാമിയാന്‍ പ്രതിമയോടാണ് ഈ സംഭവങ്ങളെ താരതമ്യം ചെയ്തത്. ‘താലിബാനിസമല്ലെങ്കില്‍ പിന്നെ എന്താണ്’ എന്നായിരുന്നു വണ്‍ ഇന്ത്യ തങ്ങളുടെ വാര്‍ത്തയ്ക്ക് നല്‍കിയ ശീര്‍ഷകം(08 മാര്‍ച്ച്, 2013, വണ്‍ഇന്ത്യ). കോട്ടക്കല് രാജാസ് ഹൈസ്കൂളിലെ  ഒ വി വിജയന്‍ പ്രതിമയുടെ ചില ഭാഗങ്ങള്‍ അക്രമികള്‍ കേടുവരുത്തിയതിനെ താലിബാനിസമെന്നാണ് പുരോഗമന കലാ സാഹിത്യ സംഘം(27  ഫെബ്രുവരി 2013, വണ്‍ ഇന്ത്യ മലയാളം) വിശേഷിപ്പിച്ചത്. (വിശദ വായനക്ക് : ബാബുരാജ് ഭഗവതി, കെ അഷ്റഫ്,  പ്രതിമ, വിഗ്രഹഭഞ്ജനം, മലപ്പുറം, താലിബാന്‍: കേരള മാതൃകയില്‍നിന്ന് (2001-2024),  ഇസ്ലാമോഫോബിയ ഡോകുമെന്റേഷൻ ഡയറി, മീഡിയവൺ , 24 സെപ്റ്റംബര് 2024) 

വിവാഹിതരായ പത്താംക്ലാസുകാര്, പ്രാകൃത വസ്ത്രം (2013)

പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മലപ്പുറത്തെ പെണ്‍കുട്ടികളില്‍ പത്ത് ശതമാനവും വിവാഹിതരെന്ന് ഇന്ത്യാവിഷന്‍ റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫ. ഒടുവില്‍ ചാനല്‍ ഖേദപ്രകടനം നടത്തി(2013 ഇന്ത്യാവിഷന്‍, ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷൻ, 08 മെയ് 2013, വള്ളിക്കുന്ന് ബ്ലോഗ്). മലപ്പുറത്തെ മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ എന്ന  വസ്ത്രം തികച്ചും പ്രാകൃതമാണെന്നും അവര്‍ റിപോര്‍ട്ട് ചെയ്തു(2013 ഇന്ത്യാവിഷന്‍, ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം, 08 മെയ് 2013)

ഹിന്ദുത്വ  കാലത്തെ മലപ്പുറം വിരുദ്ധ   ഇസ്ലാമോഫോബിയ (2014-2025)

മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഹിന്ദുത്വ ഭരണ  കാലം വിദ്വേഷപ്രചാരണത്തിന്റെ കാലമാണ്. അമിത് ഷാ മുതലുള്ള കേന്ദ്ര മന്ത്രിമാർ മലപ്പുറത്തിനെതിരായ സംഘപരിവാർ പ്രചാരണത്തിനു ആക്കം കൂട്ടി. തുടർഭരണം ലഭിച്ച കാലത്തു സി പി എം മന്ത്രിമാരും നേതാക്കളും സ്വന്തം ശൈലിയിൽ വിദ്വേഷ പ്രചാരണം തുടരുന്നു. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന മാതൃകകള്‍ തള്ളിക്കളഞ്ഞുകൊണ്ടോ അപ്രസക്തമാക്കിക്കൊണ്ടോ അല്ല പുതിയ കാലം പ്രവര്‍ത്തനക്ഷമമാകുന്നത്. മറിച്ച് അവ കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണതന്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷണം, വസ്ത്രം , ആരോഗ്യം, വിദ്യാഭ്യാസം , സൈബർ ജീവിതം,  തൊഴിൽ, വളർത്തു മൃഗങ്ങൾ, വന്യമൃഗങ്ങൾ    തുടങ്ങി മലപ്പുറത്തെ എവിടെയും അക്രാമകമായ ഒരു മുസ്ലിംസാന്നിധ്യം കണ്ടെത്തിക്കൊണ്ടോ ഇസ്ലാമോഫോബിക് മാതൃക സൃഷ്ടിച്ചോ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വപ്രചാരണങ്ങള്‍ക്കാണ് ഇക്കാലത്ത് മേല്‍ക്കൈയെങ്കിലും സി പി എം അടക്കമുള്ള  ഇതര സാമൂഹിക- രാഷ്ട്രീയ വിഭാഗങ്ങള്‍ ഈ മാതൃക കടമെടുക്കുന്നുവെന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ്.

പച്ചബോര്‍ഡ് (2014)

തിരൂരങ്ങാടി കക്കാട് ജിഎം യുപി സ്‌കൂളിലെ പുതിയ ബ്ലോക്കില്‍ ബ്ലാക്ക് ബോര്‍ഡിനു പകരം പച്ചനിറത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ ഡിവൈഎഫ്ഐ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ കോലം കത്തിച്ചു. പച്ചബോര്‍ഡ് സ്ഥാപിച്ചത് ലീഗിന്റെ ഹിഡന്‍ അജന്‍ഡയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും പറയുന്നു(28 ജൂണ്‍, 2014, മലബാരി ന്യൂസ്, 10 ജൂലൈ, 2014, സിറാജ്)

തീവ്രവാദിത്തരം (2014) 

പാലക്കാട് യുവജനോത്സവവേദിയില്‍ സാങ്കേതികകാരണങ്ങളാല്‍ നാടകത്തിന് അവസരം നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ച മലപ്പുറത്തു നിന്നുള്ള കുട്ടികളോട് ”തീവ്രവാദികളായ നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല ഇവിടെ കൂടുതല്‍ തീവ്രവാദിത്തരം കാണിക്കരുത്” എന്ന് ഡി വൈ എസ് പി മധു ആക്രോശിച്ചു. ഡിവൈഎസ്പിക്കെതിരേ പിന്നീട് വകുപ്പ്തല നടപടിയുണ്ടായി(മലപ്പുറം ഹാജി മഹാനായ ജോജി, ജി പി രാമചന്ദ്രന്‍, സിറാജ് ദിനപത്രം,  20 ജനുവരി, 2014)

കേരളത്തിൻ്റെ രാഷ്ട്രീയ ആത്മീയതലസ്ഥാനം (2014)

മലപ്പുറം വര്‍ഗീയതയുടെ കേന്ദ്രമാണെന്നാണ് ഓപ്പണ്‍ മാഗസിനില്‍ എസ് പ്രസന്നരാജന്‍ എഴുതിയത്. മലപ്പുറത്തിന്റെ വര്‍ഗീയത പക്ഷേ, യുപിയില്‍നിന്നും ബീഹാറില്‍നിന്നും വ്യത്യസ്തമാണ്. പൊതുജീവിതത്തിന്റെ എല്ലാ മുക്കിലും മൂലയിലും അത് എത്തിയിട്ടുണ്ട്. വിദ്യാഭ്യാസം മുതല്‍ ആരോഗ്യപരിപാലനമേഖലയില്‍ വരെ അതിന്റെ സ്വാധീനമുണ്ട്. ഉമ്മന്‍ചാണ്ടി മലപ്പുറത്തെ കേരള രാഷ്ട്രീയത്തിന്റെ ‘ആത്മീയതലസ്ഥാനമായി’ കണക്കാക്കുകയും അതിന്റെ മേധാവിത്വം വകവച്ചുകൊടുക്കുകയും ചെയ്തു(സെയിന്റ് ആൻറണി ആൻഡ് ദ ഒലിഗാർക്കി ഓഫ് കമ്മ്യൂണലിസം, എസ് പ്രസന്നരാജന്‍, 03 ജൂലൈ 2014, ഓപണ്‍ മാഗസിന്‍)

മതേതര ദുര്‍ബല പ്രദേശം (2014)

മലപ്പുറം ഒരു ‘മതേതര ദുര്‍ബലപ്രദേശ’മാണെന്നും അതിനാലവിടെ ഇടതുപക്ഷത്തിനിപ്പോഴും വേണ്ടത്ര ശക്തി കൈവരിക്കാന്‍ കഴിയുന്നില്ലെന്നും എം എം നാരായണന്‍ പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കിയ ‘മലപ്പുറംഗരിമ’ എന്ന പുസ്തകത്തില്‍ പറയുന്നു (മലപ്പുറംഗരിമ, 2014, പുരോഗമന കലാസാഹിത്യസംഘം)

മലപ്പുറത്തെ മാധ്യമനിരക്ഷരതയും മതേതര സാക്ഷരതയും (2014)

“മലപ്പുറത്തെ മാധ്യമ നിരക്ഷതയെ ചൂഷണം ചെയ്ത് ഒന്നുമറിയാത്ത ഉമ്മമാരെ വീണ്ടും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ലീഗ് ആരെയും കൊല്ലാത്ത, ഖുര്‍ആന്റേയും സുന്നത്തിന്റെയും പാര്‍ട്ടിയാണെന്നാണ്….ലീഗുകാര്‍ക്ക് ഉരുളക്കുപ്പേരിപോലെ മറുപടി നല്‍കി മതനിരപേക്ഷതയെ കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോകുന്നത് മലപ്പുറത്തെ മതേതര സാക്ഷരതയുടെ പ്രശ്‌നമാണ്….”( 11 മെയ് 2014,  ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച അനസ് കെ കൊളത്തൂരിന്റെ ‘മലപ്പുറത്തിന്റെ മതേതര സാക്ഷരത ഒരു പ്രശ്‌നമാണ്’ എന്ന കത്തില്‍നിന്ന്)

ഭൂമിവില്‍പ്പനയ്ക്ക് വിലക്ക് (2015)

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വില്‍ക്കാന്‍ കഴിയില്ലെന്നും മുസ്ലിംകള്‍ക്കു മാത്രമെ അനുമതിയുള്ളൂവെന്നും സുബ്രഹ്‌മണ്യം സ്വാമി ( 29 ജനുവരി 2015, മലബാറി ന്യൂസ്). 

കള്ളപ്പണം/ ബംഗ്ലാദേശികള്‍  (2016) 

മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നുവെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. രാജ്യ ദ്രോഹനടപടികള്‍ക്കായി കൊണ്ടുവന്ന പണമാണ് ബംഗ്ലാദേശികള്‍ സഹകരണബാങ്കില്‍ നിക്ഷേപിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് കളളപ്പണ കൂട്ടുകെട്ടാണ്. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. (17 നവംബര്‍, 2016 ഡൂള്‍ ന്യൂസ്) 

സായുധ സേന വരണം, അഫ്സ്പ പ്രയോഗിക്കണം (2016)

മലപ്പുറം ജില്ല സിപിഎമ്മിന്റെ  ആദ്യ പാപം. അവിടെ സായുധസേന പ്രത്യേക അധികാരനിയമം(അഫ്സ്പ) പ്രയോഗിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍സ്വാമി. 2016 നവംബര്‍ ഒന്നാം തിയ്യതി മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന സ്ഫോടനം  ഐഎസ്സിന്റെ ഡ്രസ് റിഹേഴ്സലായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അതിനെ ഗൗരവത്തില്‍ കാണുന്നില്ല. ജില്ലാ ഭരണകൂടം  സൈന്യത്തിന് കൈമാറണം (17 നവംബര്‍, 2016 ഡൂള്‍ ന്യൂസ്)

അല്‍ഖൗദയോട് കൂറുപുലര്‍ത്തുന്ന അല്‍ ഉമ്മ (2016)

മലപ്പുറം കളക്ടറേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലെ സ്ഫോടനം ബീഫിന്റെ പേരില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമെന്ന് ഇന്ത്യ ടുഡേ. സ്ഫോടനത്തിനു പിന്നില്‍ അല്‍ഖൗദയോട് കൂറുപുലര്‍ത്തുന്ന ബേസ് മൂവ്മെന്റ് എന്ന അല്‍ ഉമ്മ. (03 നവംബര്‍ 2016, ഇന്ത്യടുഡേ)

 കശ്മീരില്ലാത്ത ഗ്ലോബ് (2016) 

കശ്മീരില്ലാത്ത ഗ്ലോബ് വിറ്റഴിച്ച കേസില്‍ എടക്കര പോലിസ് കേസെടുത്തു. ചൈനയില്‍ നിര്‍മിച്ച് വിതരണം ചെയ്ത ഗ്ലോബില്‍ കശ്മീര്‍ പാകിസ്താന്റെ ഭാഗമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നാണ് യുവമോര്‍ച്ചയുടെ പരാതി. മലപ്പുറത്ത് ഇത്തരം ഗ്ലോബ് എത്തിയത് യാദൃച്ഛികമല്ലെന്നും ധാരാളം അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ പ്രദേശത്തെ ദേശവിരുദ്ധശക്തികളാണ് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ഐഎസ്സുമായി ബന്ധമുണ്ടോയെന്നാണ് ലേഖകന്‍ സംശയിക്കുന്നത്. പാകിസ്താന്‍ ബന്ധമുള്ള സംഘടനകളാണ് പിന്നിലെന്ന് ജന്മഭൂമിയും റിപോര്‍ട്ട് ചെയ്യുന്നു(19 ഒക്ടോബര്‍, 2016, ഇന്ത്യടുഡേ, 01 ഒക്ടബോര്‍, 2016, ജന്മഭൂമി)

ഐഎസ്/ മലപ്പുറത്തിന്റെ സമീപ ജില്ല (2016)

കേരളത്തിലെ മലപ്പുറമുള്‍പ്പെടെയുള്ള ഏതാനും ജില്ലകളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ വേരോട്ടമുണ്ടെന്ന് കേന്ദ്ര രഹസ്വാന്വേഷണവിഭാഗം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മലപ്പുറത്തിന്റെ സമീപ ജില്ലകളില്‍നിന്ന് ഐഎസ് ബന്ധം സംശയിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശത്തിനു പിന്നില്‍(17 ജൂലൈ 2016, മാതൃഭൂമി)

 പന്നി  പ്രസവം (2016) 

“ഇ.എം.എസ് മുസ്ലിംങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഭാരതത്തിലെ ഒരു സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മലപ്പുറം. മുസ്ലിംങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ് മലപ്പുറം എന്ന വാക്ക് ഉപയോഗിച്ചത്. വാക്കില്‍ മുസ്ലിം ഇല്ല. ആ ജില്ലയില്‍ അതുണ്ട്. എം.എല്‍.എമാര്‍ അവിടെ കൂടുതലായി ഉണ്ടാവാന്‍ കാരണം രണ്ടും മൂന്നും ഭാര്യമാരെ വെച്ച് കൊണ്ട് പന്നി പ്രസവിക്കുന്നത് മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതുകൊണ്ടാണെന്ന്” ആര്‍എസ്എസ് നേതാവ് എന്‍ ഗോപാലകൃഷ്ണന്‍(17 ഒക്ടോബര്‍ 2016, അഴിമുഖം)

താലിബാന്‍ കോടതി (2017). 

മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്‍  (25 ആഗസ്റ്റ്, 2017 ഡൂള്‍ ന്യൂസ്)

മലപ്പുറത്തെ തീവ്രവാദികള്‍ (2017)

‘ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തെ തീവ്രവാദികളാണെ’ന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. ഗെയില്‍ പൈപ്പ്ലൈന്‍വിരുദ്ധ സമരം നയിക്കുന്നതും മലപ്പുറത്തെ തീവ്രവാദികള്‍( ഡോ. ജമീല്‍ അഹ്‌മദ്, മലപ്പുറം എന്ന പാതാളം അവിടെ പാര്‍ക്കുന്ന രാക്ഷസന്‍, 2017 ജൂണ്‍ 11, ഡബ്ല്യൂ ടി പി ലൈവ്  ലേഖനത്തില്‍ ഉദ്ധരിച്ചത്)

ജനസംഖ്യാ വര്‍ദ്ധനവ് (2017)

മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്ലിംസംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. മലപ്പുറത്തെ ജനസംഖ്യാവര്‍ധനവിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ജനരക്ഷായാത്രക്ക് എറണാകുളത്തുനടന്ന സ്വീകരണയോഗത്തിലായിരുന്നു മന്ത്രിയുടെ വിദ്വേഷപരാമര്‍ശം(12 ഒക്ടോബര്‍, 2017, ഡൂള്‍ ന്യൂസ്)

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയം ( 2017)

മലപ്പുറത്തിന്റെ ഉള്ളടക്കം കുറച്ച് വര്‍ഗീയമാണ്. അത് മത-ന്യൂനപക്ഷവര്‍ഗീയതയുടെ ശാക്തീകരണമേഖലയാണ്- മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍(18 ഏപ്രില്‍, 2017, ഡൂള്‍ ന്യൂസ്)

മതംമാറ്റം: ആഭ്യന്തര വകുപ്പ് സഹമന്ത്രി ഹന്‍സാജ് ഗംഗാറാം ആഹിര്‍ (2017)

മലപ്പുറത്ത് മാസംതോറും ആയിരം പേരെ മതംമാറ്റുന്നുണ്ടെന്ന് കേന്ദ്ര  ആഭ്യന്തര വകുപ്പ് സഹമന്ത്രി ഹന്‍സാജ് ഗംഗാറാം ആഹിര്‍  (20 ആഗസ്റ്റ്, 2017 ഡൂള്‍ ന്യൂസ്)

പട്ടാള ക്യാമ്പ് , വര്‍ഗീയ കലാപം (2018)

മലപ്പുറത്ത് നടന്ന  ഹര്‍ത്താലിന്റെ മറവില്‍ നടന്നത് വര്‍ഗീയ കലാപമാണെന്നും അവിടെ സ്ഥിരം പട്ടാളക്യാമ്പ് സ്ഥാപിക്കണമെന്നും ബിജെപി  ദേശീയനിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഹര്‍ത്താല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. പിണറായി സര്‍ക്കാരിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. മലപ്പുറത്ത് ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. (20 ഏപ്രില്‍, 2018 ഡൂള്‍ ന്യൂസ്)

ബാലവിവാഹം (2019)

ഇവിടെ ബാലവിവാഹങ്ങള്‍ ഇല്ല എന്ന് വാദിക്കുന്നവരെ അടുത്ത വലിയപെരുന്നാളിന് മലപ്പുറം കോട്ടക്കുന്നിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നു. അവിടെത്തെ ജനബാഹുല്യത്തില്‍ കാണാം കുട്ടിത്തം വിട്ടുമാറാത്ത പെണ്‍കുട്ടികളും മീശക്ക് കനം വെച്ചിട്ടില്ലാത്ത ആണ്‍കുട്ടികളും പുതുമോടിയുടെ അലങ്കാരത്തോടെ കൈകോര്‍ത്തും ചാഞ്ഞും നടക്കുന്നത്. ആ നവദമ്പതികള്‍ തരും നിങ്ങളുടെ സന്ദേഹങ്ങള്‍ക്കുള്ള ഉത്തരം-റസീന കെ കെ: മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യഅധ്യാപിക (27 ജനുവരി 2019, അഴിമുഖം)

പാകിസ്താനിലോ? -അമിത് ഷാ  (2020)

വയനാട്ടില്‍നിന്ന് ലോക്സഭയിലേക്ക് മല്‍സരിച്ച രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണഘോഷയാത്രയിലെ പച്ചക്കൊടി കണ്ടാല്‍ മലപ്പുറം ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന് സംശയം തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (06 ജൂണ്‍ 2020, മക്തൂബ് മീഡിയ)

വിദേശികള്‍ (2020)

മലപ്പുറം പ്രദേശത്ത് കടലില്ല, കടലില്ലാത്ത പ്രദേശത്തെ ആളുകളെന്തിനാണ് ആലപ്പാട്ടെ കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഇ.പി ജയരാജന്‍(14 ജനുവരി, 2019, ഡൂള്‍ ന്യൂസ്) 

മിനി പാകിസ്ഥാൻ : അമിത് ഷാ ( 2020) 

മലപ്പുറം മിനി പാകിസ്ഥാൻ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ( 8 മാർച്ച് 2020 , ദി ടെലഗ്രാഫ്) 

സര്‍ക്കാര്‍ സഹായം മുസ്ലിംകള്‍ക്കുമാത്രം (2020)

മലപ്പുറത്ത് കോവിഡ് കാലത്ത്‌പോലും ലീഗുകാര്‍ അല്ലാത്ത വീട്ടില്‍ ഒരു സര്‍ക്കാര്‍ സഹായവും എത്തിയിട്ടില്ല. ഇത് ലീഗുകാരുടെ മാത്രം പ്രശ്‌നമല്ല. അവര്‍ക്കൊപ്പം സുഡാപ്പികളും മൗദൂദികളും മറ്റും ചേര്‍ന്ന ഒരു അച്ചുതണ്ടുണ്ട്-(‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരന്‍ വേങ്ങര, 31 ജൂലൈ, 2020 കേസരി)

ബേക്കറി (2020)

കെ.ആര്‍ ബേക്കറി ഉടമയെ തകര്‍ക്കാന്‍ അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങരുത് എന്ന് ഫത്വ ഇറക്കിയിട്ടും ഗുണമില്ല എന്ന് കണ്ടു ബേക്കറിയുടെ ഏജന്‍സികള്‍ മുഴുവന്‍ വാങ്ങുകയും, ബദല്‍ ബേക്കറികള്‍ തുടങ്ങുകയും ചെയ്ത് വില്പ്പന പരമാവധി കുറച്ച് മതേതരത്വം വിജയിപ്പിച്ചതും ഇവരല്ലാതെ മറ്റാരുമല്ല(‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരന്‍ വേങ്ങര, 31 ജൂലൈ, 2020 കേസരി)

അന്യമതസ്ഥര്ക്ക് ശ്മശാനമില്ല (2020)

ശ്മശാനം ഒരുക്കുക പഞ്ചായത്തിന്റെ ചുമതലയാണെങ്കിലും മലപ്പുറത്ത് ലീഗ് ഭരിക്കുന്ന പഞ്ചായത്തുകള്‍ അതനുവദിക്കാന്‍ തയ്യാറില്ല. അന്യമതസ്ഥര്‍ക്ക് എന്തിനാണ് ശ്മശാനം എന്നും, വീട്ടില്‍ തന്നെ ദഹിപ്പിച്ചാല്‍ കൂടുതല്‍ പുണ്യം കിട്ടില്ലേ എന്നാണ് പരിഹാസം-(‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരന്‍ വേങ്ങര, 31 ജൂലൈ, 2020 കേസരി)

ജിഹാദ്, സദ്ദാം ഹുസൈന്‍ (2020)

സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ അമേരിക്കക്കെതിരെ മലപ്പുറത്ത് ജിഹാദിന് ആഹ്വാനം ചെയ്തു-  (‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരന്‍ വേങ്ങര, 31 ജൂലൈ, 2020 കേസരി)

മുസ്ലിം വൈസ് ചാന്‍സലര്‍ (2020) 

കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഒരു മുസ്ലീമോ, മുസ്ലീം നാമധാരിയോ ആയിരിക്കണം വൈസ് ചാന്‍സിലര്‍ എന്ന് അലിഖിത നിയമം പാസ്സാക്കിയവരുടെ നാടാണ് മലപ്പുറം(‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരന്‍ വേങ്ങര, 31 ജൂലൈ, 2020 കേസരി)

കുറ്റകൃത്യകേന്ദ്രം(2020)

മലപ്പുറം രാജ്യത്തെത്തന്നെ ഏറ്റവുമധികം കലുഷിതമായ ജില്ലയാണ്. ഓരോ ദിവസവും ഒരു കുറ്റകൃത്യം മലപ്പുറത്തുനിന്ന് പുറത്തുവരുന്നു. ആനകളെ മാത്രമല്ല, അവിടത്തെ ജനങ്ങള്‍ പക്ഷികളെയും പട്ടികളെയും ദിനേന വിഷംകൊടുത്തു കൊല്ലുന്നു. എത്രയോ സ്ത്രീകളെ അവര്‍ കൊന്നൊടുക്കിയിട്ടുണ്ട്. ഹിന്ദു മുസ്ലിം ലഹളയുണ്ടാക്കി മനുഷ്യരുടെ കൈകള്‍ വെട്ടുന്നു. മലപ്പുറത്തിന്റെ സ്ഥിതി ഭയാനകമാണ്- മനേകഗാന്ധി(03 ജൂണ്‍, 2020, എഎന്‍ഐ) 

കുടിവെള്ള നിഷേധം / കശ്മീര്‍ (2020)

മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചു-കര്‍ണാടക ചിക്ക് മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭാ കരന്ദ്ലജെയുടെ ട്വീറ്റ് (24 ജനുവരി 2020, ഡൂള്‍ ന്യൂസ്)

ഭക്ഷണം / നോമ്പ് / കോവിഡ് (2021)

റംസാന്‍ മാസത്തില്‍ മഞ്ചേരിയുടെ പരിസരപ്രദേശത്തെ ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിച്ചില്ലന്നു വാര്ത്ത. നിയന്ത്രണം കോവിഡ് കാലമായതിനാലെന്ന് പിന്നീട് കണ്ടെത്തി(20 ഏപ്രില്‍ 2021, വണ്‍ഇന്ത്യ)

തീവ്രവാദം (2021)

മലപ്പുറത്തെ മഹാഭൂരിപക്ഷം പേരും നല്ലവരാണെന്നും തീവ്രവാദികള്‍ ചെറുന്യൂനപക്ഷമാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എ പി അബ്ദുല്ലക്കുട്ടി.  മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനത്തിയ സമയത്താണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. (10 മാര്‍ച്ച് 2021, ഡൂള്‍ ന്യൂസ്)

ഹിന്ദുവംശഹത്യ (2022)

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ അത് തകര്‍ക്കാന്‍ ലോകത്തിലെ ഹിന്ദുമതവിശ്വാസികള്‍ മലപ്പുറത്തെത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഭീഷണി മുഴക്കി. 1921ല്‍ നടന്നത് ഹിന്ദു വംശഹത്യയാണ്. അതിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മിക്കുന്നതില്‍നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറണം. ഹിന്ദുവിന്റെ തലവെട്ടിയരിഞ്ഞ അവന്റെ അമ്മ പെങ്ങന്മാരുടെ മാനം പിച്ചിച്ചീന്തിയ സാമദ്രോഹിയുടെ സ്മാരം നിര്‍മിക്കരുതെന്നും അവര്‍ പറഞ്ഞു. (31 ആഗസ്റ്റ്, 2022, ഡൂള്‍ ന്യൂസ്)

യുണൈറ്റഡ് മലപ്പുറം  ( 2022) 

കേരളത്തിലെ ആറ് ജില്ലകള്‍ ഉള്‍പ്പെടുത്തി മലപ്പുറം കേന്ദ്രമാക്കി യുണൈറ്റഡ് മലപ്പുറം എന്ന പേരില്‍ ഒരു രാജ്യം രൂപീകരിച്ചു. സ്വന്തം മുസ്ലിംസൈന്യമുള്ള ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി കുഞ്ഞാലിക്കുട്ടിയാണ്- മുസ്ലിംയൂത്ത് ലീഗിന്റെ മാര്‍ച്ച്പാസ്റ്റിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള വ്യാജപ്രചാരണം(03 ജനുവരി 2022, ആള്‍ട്ട് ന്യൂസ്)

തട്ടം / വസ്ത്രം  ( 2023) 

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കൊണ്ടാണ്-  സിപിഎം  സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാര്‍. (03 ഒക്ടോബര്‍ 2023, ഏഷ്യനെറ്റ് ന്യൂസ്)

ആഗോള ഭീകരത (2023)

ഐഎസ് റിക്രൂറ്റ്മെന്റ് കാരണം മലപ്പുറം ജില്ല ആഗോള ഭീകരവാദത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു(അജയ് ഗുഡവർത്തി, എ. (2023). പോളിറ്റിക്സ്, എതിക്സ് ആൻഡ് ഇമോഷൻസ് ഇൻ ‘ന്യൂ ഇന്ത്യ’ (ഫസ്റ്റ് എഡിഷൻ). റൗട്ലെഡ്ജ് ഇന്ത്യ, പേജ് 157). 

മലപ്പുറം മന്തി (2023)

കോട്ടയത്തുവെച്ചു ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസര്‍ കിളിരൂര്‍ സ്വദേശിനി രശ്മി (33) മരിച്ചു. വാര്‍ത്തക്ക് കര്‍മ ന്യൂസിന്റെ തലക്കെട്ട്: ‘മലപ്പുറം മന്തി’,ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന നഴ്‌സിംഗ് ഓഫീസര്‍ മരണപെട്ടു (2 ജനുവരി 2023). 

പോലീസ് കേസുകളുടെ എണ്ണം അനാവശ്യമായി  കൂട്ടുന്നു ( 2024) 

മലപ്പുറത്തു കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം  കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ പോലീസ് ജില്ലയിൽ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നു പറഞ്ഞു ( 19 ജൂലൈ 2024 , മീഡിയവൺ). ഈ പ്രശ്നം പിന്നീടു പി വി അൻവർ എം എൽ എ ഉന്നയിച്ചു. മലപ്പുറത്തെ  പോലീസ് മേധാവി എസ് ശശിധരൻ , എസ് പി സുജിത്ദാസ് തുടങ്ങിയവരെ അൻവർ വിമർശിച്ചു. 

കലാപക്കാര്‍ (2024)

‘പ്ലസ് വണ്‍: നിശബ്ദരായി ‘കലാപക്കാര്‍’; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി’- മലബാറില്‍ പ്ലസ് വണ്‍ സീറ്റ് അപര്യപ്തതക്കെതിരേ സമരം ചെയ്തവരെക്കുറിച്ച് ദേശാഭിമാനി വാര്‍ത്ത. (14 ആഗസ്റ്റ്, 2024 ദേശാഭിമാനി).

മലപ്പുറത്തെ വിമര്‍ശിക്കാന്‍ പാടില്ല (2024)

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞപോലെയാണ് ചിലരിപ്പോള്‍ മലപ്പുറം എന്നു പറയരുതെന്ന് പറയുന്നത്- പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്കെതിരേ സി.പി.എം. സംഘടിപ്പിച്ച വിശദീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍ ((08 ഒക്ടോബര്‍ 24, മാതൃഭൂമി) 

 ‘മലപ്പുറം പ്രേമികള്‍’ (2024)

‘കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നത്?’- ഡോ. കെ ടി ജലീല്‍(06 ഒക്ടോബര്‍, 2024, ഇന്ത്യ ടുഡേ)

മുസ്ലിം കള്ളക്കടത്തുകാര്‍ (2024)

മലപ്പുറത്തെ ഹവാല-സ്വര്‍ണക്കള്ളക്കടത്തുകാരില്‍  ഭൂരിഭാഗവും മുസ്ലിംകളാണ്. കള്ളക്കടത്തിനെതിരേ പാണക്കാട് സാദിഖലി തങ്ങളും ഖാസിമാരും മഹല്ല് നേതൃത്വങ്ങളും ഫത്‌വ ഇറക്കണം-ഡോ. കെ ടി ജലീല്‍ (07 ഒക്ടോബര്‍, 2024, ന്യൂസ് 18)

ഇസ്ലാമികാധിപത്യ ജില്ല (2024)

 ‘കോളേജില്‍ ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ട്. ഉത്തര്‍പ്രദേശിലെ ചില ഹിന്ദു ആധിപതൃപ്രദേശങ്ങളിലോ കേരളത്തിലെ ചില ഇസ്ലാമികാധിപത്യമുള്ള ജില്ലകളിലോ തികച്ചും അസാധ്യമായ വിധത്തില്‍ അവര്‍ സ്വതന്ത്രമായിഒത്തുചേരുന്നു’-  രാമചന്ദ്ര ഗുഹ(മിസോകളില്‍ ഒരുവനായി – ഭൂതവും വര്‍ത്തമാനവും, 21 ഏപ്രില്‍ 2024, മാതൃഭൂമി ആഴ്ചപ്പതിപ്പ്)

‘മാപ്പിളസ്ഥാനാ’യി മാറ്റുവാന്‍ മതതീവ്രവാദികളെ അനുവദിക്കുവാൻ പാടില്ല ( 2024) 

“കേളപ്പന്റെ മലപ്പുറം ജില്ലാരൂപീകരണത്തിനെതിരായുള്ള നിലപാട്, ഗാന്ധിയന്‍ ധാര്‍മ്മികതയില്‍ എങ്ങനെ അപഗ്രഥിക്കാം? കേരളത്തിലെ മുസ്ലിം സമുദായം ജനസംഖ്യയനുസരിച്ച് ഒരു ന്യൂനപക്ഷമല്ല, ദേശീയതലത്തിലേതുപോലെ. ഏത് കാലത്തും അവര്‍ക്ക് ഭരണത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. അതേസമയം, 2014 മുതല്‍ അവര്‍ ഭീതിയിലാണ്. ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിനെതിരെ, മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണ്. അതേസമയം മലപ്പുറം ജില്ലയെ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ ആരോപിക്കുന്നതുപോലെ ഒരു ‘മാപ്പിളസ്ഥാനാ’യി മാറ്റുവാന്‍ മുസ്ലിങ്ങള്‍ക്കിടയിലെ മതതീവ്രവാദികളെ അനുവദിക്കുവാനും പാടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരങ്ങള്‍, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതതീവ്രവാദ സംഘങ്ങളെ തങ്ങളുടെ മതത്തിന്റെ ആത്മീയശക്തിയാല്‍ പ്രതിരോധിക്കണം; ഇസ്ലാമിനുള്ളില്‍ നടക്കാതെ പോകുന്ന നവീകരണത്തിനും നവോത്ഥാനത്തിനും മുന്നിട്ടിറങ്ങണം.” ( കെ അരവിന്ദാക്ഷൻ, കേളപ്പനിൽ നിന്നുള്ള നാട്ടുവഴികൾ, സമകാലിക മലയാളം വാരിക, 3 മെയ് 2024) 

കള്ളക്കടത്ത്: പിണറായി വിജയൻ ( 2024)

മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും സംസ്ഥാന പൊലീസ് പിടിച്ചെടുത്തു. ഈ പണം കേരളത്തില്‍ എത്തുന്നത് സംസ്ഥാന വിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്-പിണറായി വിജയന്‍ (30 സെപ്തബര്‍, 2024, മാതൃഭൂമി)

മലപ്പുറം മാഫിയ (2024)

ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ഡ്രൈവിങ് പരീക്ഷയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ കേരളത്തിലെ മിക്കവാറും ജില്ലകളിലെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ പ്രതിഷേധിച്ചു. മലപ്പുറത്തെ ഡ്രൈവിങ് സ്‌കൂള്‍ മാഫിയയാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം(02 മെയ് 2024, ഏഷ്യാനെറ്റ്)

മലപ്പുറം വികാരം (2024)

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റില്ലാത്തതിനെതിരേ  പ്രതിഷേധിച്ചവര്‍ മലപ്പുറം വികാരം ഇളക്കിവിടുന്നവര്‍- മന്ത്രി ശിവന്‍കുട്ടി(09 മെയ് 2024, മീഡിയാവണ്‍) 

മലപ്പുറം വിഭജനാവശ്യവുമായി മതരാഷ്ട്രവാദികള്‍ (2024)

വികസന സൌകര്യത്തിനായി മലപ്പുറം ജില്ലയെ വിഭജിക്കണമെന്നത് മതരാഷ്ട്രവാദത്തെ അനുകൂലിക്കുന്നവരുടെ മുദ്രാവാക്യമാണ്- സിപിഎം  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന (07 ഒക്ടോബര്‍ 2024, സമകാലിക മലയാളം) 

നെന്മ മരങ്ങളുടെ വംശീയത/ മലപ്പുറംകാർ മാപ്പ് പറയണം (2024)

 ‘മലബാറിലെ ഫുട്ബോള്‍ പ്രേമികളായ ‘നെന്മ’മരങ്ങളുടെ ഉള്ളിലുള്ളത് നാറുന്ന വംശീയതയാണെന്ന്. അങ്ങനെയല്ലെന്ന അഭിപ്രായമുള്ള മലപ്പുറം കാരുണ്ടെങ്കില്‍ മാപ്പു പറയണം. അയാളെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. ഫുട്ബോള്‍ പ്രേമമാണ് പോലും’ -അരീക്കോട്ടെ ചെമ്ര കാട്ടൂരില്‍ ഐവറികോസ്റ്റ് ഫുള്‍ബാള്‍ താരം ഹസന്‍ ജൂനിയര്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച്, പത്രപ്രവര്‍ത്തക കെ കെ ഷാഹിന( 13 മാര്‍ച്ച് 2024 ഫേസ്ബുക്ക് പോസ്റ്റ്). 

ഇസ്ലാമികഗ്രാമം(2024)

മലപ്പുറത്ത്  അമുസ്ലിംകളെ തടയുന്ന ഇസ്ലാമിക നിയമം ബാധകമായ ഇന്ത്യന്‍ ഭരണഘടനയ്ക്ക് സാധുതയില്ലാത്ത ഒരു ഇസ്ലാമിക  ഗ്രാമമുണ്ട്- ധര്‍മ്മ ഡിസ്പാച്ച് ചീഫ് എഡിറ്ററും സംഘ്പരിവാര്‍ എഴുത്തുകാരനുമായ സന്ദീപ് ബാലകൃഷ്ണന്‍. (12 മാര്‍ച്ച് 2024, ടിആര്‍എസ് ക്ലിപ്‌സ്, യൂ ട്യൂബ് ചാനല്‍)

തീവ്രവാദികളുടെ എണ്ണം കൂടുതല്‍ (2025)

മലപ്പുറത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്-ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ ടി രമേശ്(06 ഏപ്രില്‍, 2025, ഏഷ്യാനെറ്റ് ന്യൂസ്)

നോമ്പുകാലത്തെ ദുരിതം (2025) 

 മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഒരു മാസം വെള്ളം പോലും ലഭിക്കില്ല-ബിജെപി നേതാവ് കെ സുരേന്ദ്രന്‍(08 ഏപ്രില്‍ 2025, റിപോര്‍ട്ടര്‍)

ആരോഗ്യം/ വാക്‌സിന് / നിഗൂഢശക്തികള്‍  (2025)

മലപ്പുറം ജില്ലയില്‍ വാക്സിന്‍ എടുക്കുന്നില്ല. ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകരുത്, വാക്സിന്‍ എടുക്കരുത് എന്നാണ് പറയുന്നത്. നിഗൂഢ ശക്തികള്‍ മലപ്പുറത്ത് വന്‍ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്-  ബിജെപി നേതാവ് കെ സുരേന്ദ്രന്‍(08 ഏപ്രില്‍ 2025, റിപോര്‍ട്ടര്‍)

പാകിസ്താന്‍വാദികള്‍ (2025)

സ്വതന്ത്രതിന് മുമ്പ്  ഇന്ത്യയില്‍, പാക്കിസ്ഥാന്‍ വേണമെന്ന ആവശ്യം ഏറ്റവും കൂടുതല്‍ ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് സിപിഎം നേതാവ്  പാലോളി മുഹമ്മദ് കുട്ടി(04 ജനുവരി 2025, മാധ്യമം).

പ്രത്യേക രാജ്യം ( 2025) 

മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ്  ചിലയാളുകള്‍ കാണുന്നതെന്ന്‌ വെള്ളാപ്പള്ളി നടേശൻ ചുങ്കത്തറയില്‍ പ്രസംഗിച്ചു: “നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലുമാകില്ല “ ( 6 ഏപ്രിൽ 2025, ദേശാഭിമാനി). 

അനുബന്ധം: 

മലപ്പുറത്തെ ക്ഷേത്രാക്രമണങ്ങള്‍
എന്ന വ്യാജപ്രചാരണം : ഒരു  ടൈംലൈന്‍ ( 1993-  2023)

മലപ്പുറം ജില്ലയില്‍ നടന്ന വിഗ്രഹ ധ്വംസനങ്ങളിലോ  ക്ഷേത്രാക്രമണങ്ങളിലോ കുറ്റാരോപിതരായി മുസ്ലിം വ്യക്തികള്‍ ഇല്ല. സംഘപരിവാര്‍ വ്യക്തികളോ ഒറ്റപ്പെട്ട മുസ്ലിമേതര വ്യക്തികളോ ദുരൂഹ സാഹചര്യങ്ങളോ  ആയിരുന്നു കാരണമായുണ്ടായിരുന്നത്. ഈ ലിസ്റ്റ് അപൂര്‍ണമാണ്. മാധ്യമങ്ങളില്‍ വര്‍ഷവും തിയ്യതിയും ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ നല്‍കിയിട്ടില്ല: 

1. താനൂര്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കു മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനം (1993)
2. വളാഞ്ചേരി കൊടിമുടിക്കാട് ക്ഷേത്രം തീവെച്ച് നശിപ്പിക്കപ്പെട്ടു (1999)
3. പഴമള്ളൂര്‍ ശ്രീ കോഴിയൂര്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കായി തയ്യാറാക്കിയ നിശ്ചല ദൃശ്യങ്ങള്‍ കത്തിക്കപ്പെട്ടു (2001)
4. താനാളൂര്‍ ശ്രീ നരസിംഹ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിക്കപ്പെട്ടു (2002)
5. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് തളി ക്ഷേത്രത്തിലെ ഗോപുരവാതില്‍ ഭാഗികമായി കത്തി നശിച്ചു (2007)
6. മൊറയൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് തീയിട്ടു (2011)
7. വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചു (2017)
8. പൂക്കോട്ടുംപാടം വില്വത്തു മഹാശിവ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു (2017)
9. വളാഞ്ചേരി എടയൂര്‍ സി.കെ പാറ ശാന്തിനഗറിലെ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകള്‍ തകര്‍ക്കുകയും വിസര്‍ജ്യം ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു (2019)
10. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു പച്ച പെയിന്റ് അടിച്ചുവെന്ന വ്യാജ പ്രചാരണം (2023)