Indian Islamophobia Source Suprabhatham

ബീമാപള്ളി ആലപ്പുഴ വെടിവയ്പ്പുകള്‍

| Leave a comment

പതിനഞ്ചു വര്‍ഷം മുമ്പ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു ദിവസം കഴിഞ്ഞു മട്ടാഞ്ചേരിയിലും വെടിവയ്പ്പ് നടന്നു.

കേരളത്തില്‍ മുസ്‌ലിം ന്യൂനപക്ഷം ഉള്‍പ്പെട്ട വെടിവയ്പ്പുകളില്‍ പ്രധാനമായ മലപ്പുറം(1980), പൂന്തുറ(1992), കാസര്‍കോട്(2009) എന്നിവയില്‍നിന്നു വ്യത്യസ്തമായി പ്രാഥമികമായും മുസ് ലിം സാമൂഹിക,/വിശ്വാസ ഉള്ളടക്കമുള്ള രണ്ടു സംഭവങ്ങളാണിത്. ടി.പി കുഞ്ഞുവറീത് കമ്മിഷന്‍ റിപ്പോര്‍ട്ട്(1982) ആലപ്പുഴ സംഭവത്തെക്കുറിച്ചും ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ റിപ്പോര്‍ട്ട്(2013) ബീമാപള്ളി സംഭവത്തെക്കുറിച്ചും പുറത്തുവന്നിരുന്നു. പ്രാദേശിക, സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗവണ്‍മെന്റിനുണ്ടായ വീഴ്ചകളാണ് രണ്ടിടങ്ങളിലും വെടിവയ്പ്പില്‍ കലാശിച്ചത്. ബീമാപള്ളിയും ആലപ്പുഴയും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും സമകാലിക ഇസ് ലാമോഫോബിയയെ മനസിലാക്കാന്‍ സഹായകമാകും.

അറസ്റ്റ് ചെയ്യുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ച, പ്രശ്‌നക്കാരനായ ഒരു വ്യക്തി ബീമാപള്ളി ദര്‍ഗയിലേക്കുള്ള ബസ് തടഞ്ഞ സംഭവമാണ് വെടിവയ്പ്പിലേക്കെത്തിയത് (എന്‍.പി ജിഷാറിന്റെ റിപ്പോര്‍ട്ട്, മാധ്യമം, 23 മെയ് 2009). ഉറൂസിന്റെ ഭാഗമായി ഏറെ തിരക്കുള്ള കാലമായിരുന്നു അത്. ദര്‍ഗക്കു സമീപമുള്ള ഹോട്ടലില്‍ ദിവസങ്ങള്‍ക്കുമുമ്പ് പ്രശ്‌നമുണ്ടാക്കിയ അതേ വ്യക്തിയാണ് ബസ് തടഞ്ഞത്(മാധ്യമം, 23 മെയ് 2009 ). ആലപ്പുഴ ടൗണിലെ 36 പള്ളികള്‍ ചേര്‍ന്നാണ് 1982 ഡിസംബര്‍ 28നു റാലി നടത്തിയത്. കല്ലുപാലം ജങ്ഷനില്‍നിന്നു ലജനത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍ മൈതാനം വരെയായിരുന്നു റാലി(ദീപിക, 29 ഡിസംബര്‍ 1982). ടൈംസ് ഓഫ് ഇന്ത്യ (4 ജനുവരി 1983) റിപ്പോര്‍ട്ടു പ്രകാരം ആലപ്പുഴ നഗരത്തില്‍ നബിദിനത്തിനു ദിവസങ്ങള്‍ക്കുമുമ്പ് പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് പൊലിസ് സബ് ഇന്‍സ്‌പെക്ടറുമായി അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു. തുടര്‍ന്നു ആ ഇന്‍സ്‌പെക്ടറെ മാറ്റാമെന്ന് ആഭ്യന്തര മന്ത്രി വയലാര്‍ രവി ഉറപ്പു നല്‍കി. എന്നാല്‍ 28ാം തീയതി അതേ പൊലിസ് ഉദ്യോഗസ്ഥന്‍ നബിദിന റാലി നിയന്ത്രിക്കാന്‍ എത്തിയത് പ്രതിഷേധത്തിനിടയാക്കിയെന്നു കെ.സി ജോണ്‍(ടൈംസ് ഓഫ് ഇന്ത്യ, 4 ജനുവരി 1983) നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു. ‘മതപരമായ ഒരു ഘോഷയാത്രക്കു നേരെ’ നടന്ന പരസ്യമായ കടന്നാക്രമണം ഒരുപക്ഷേ കേരളത്തിലാദ്യമാണെന്നു ഏഴാച്ചേരി രാമചന്ദ്രന്‍ അലപ്പുഴ സംഭവത്തെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതി (സ്വയം സമാധാനിക്കുന്ന ആലപ്പുഴ, 7 ജനുവരി 1983). ആലപ്പുഴ നഗരത്തിലെ മകിടു ഷാ പള്ളിക്കകത്തു ചോര തളംകെട്ടി നില്‍ക്കുന്ന ചിത്രവും ദേശാഭിമാനി അതേ ദിവസം എഡിറ്റ് പേജില്‍ നല്‍കിയിരുന്നു.

മാധ്യമ വിവരണങ്ങള്‍

ബീമാപള്ളി വെടിവയ്പ്പിനെ ‘ചെറിയതുറയില്‍ സംഘര്‍ഷം’, ‘വെടിവയ്പ്പ്’ എന്നൊക്കെയാണ് മലയാള മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കം വിശേഷിപ്പിച്ചതെന്നു കെ.എസ് സുദീപ്, എന്‍.പി ജിഷാര്‍ തുടങ്ങിയവര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. ബീമാപള്ളിയുടെ അയല്‍ പ്രദേശമാണ് ചെറിയതുറ. ‘മുസ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീയ സംഘര്‍ഷ’മാക്കിയും ‘വര്‍ഗീയത’യുടെ ലേബല്‍ പതിച്ചും വെടിവയ്പ്പിനെ ന്യായീകരിക്കാന്‍ ശ്രമമുണ്ടായി. പിറ്റേ ദിവസം തിരുവനന്തപുരത്തു നടന്ന ഹര്‍ത്താലിനു ഏഷ്യാനെറ്റ് ‘തീവ്രവാദ’ മുദ്ര നല്‍കി. അന്നേ ദിവസം തിരുവനന്തപുരം നഗരത്തിലെ ഇതര മതസ്ഥരുടെ ആരാധാനാലയങ്ങള്‍ക്കു മുന്‍പില്‍ പൊലിസിനെ വിന്യസിച്ച് കൃത്രിമഭീതി സൃഷ്ടിച്ചതിനെപ്പറ്റി എ.എസ് അജിത് കുമാര്‍ എഴുതിയിരുന്നു.

എന്നാല്‍ ആലപ്പുഴ വെടിവയ്പ്പിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ, ദീപിക, ദേശാഭിമാനി, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് വെടിവയ്പ്പില്‍ ഭരണകൂടത്തിന്റെ വീഴ്ച കൃത്യമായി ചൂണ്ടിക്കാണിച്ചു. 1982 ഡിസംബര്‍ 29നു കൊച്ചിയിലും കോട്ടയത്തും കായംകുളത്തും തൊഴിലാളികളായ മുസ് ലിംകള്‍ വെടിവയ്പ്പിനെതിരേ ബന്ദാചരിച്ചു. ഡിസംബര്‍ 30നു സംഘര്‍ഷം തിരുവനന്തപുരത്തേക്ക് വ്യാപിച്ചു, ബീമാപള്ളിയിലും പ്രതിഷേധമുണ്ടായി. അന്നേ ദിവസം ആര്‍.എസ്.എസുകാര്‍ നെടുമങ്ങാട്ട് ക്യാമ്പ് നടത്തിയിരുന്നുവെന്നും പൊലിസ് അവരെ നിയന്ത്രിച്ചുനിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ മുസ്‌ലിംകളും പ്രതിപക്ഷ കക്ഷിയുടെ ഭാഗമായ സി.ഐ.ടി.യുക്കാരുമുണ്ടായിരുന്നു (ടൈംസ് ഓഫ് ഇന്ത്യ, 4 ജനുവരി 1983). ബീമാപള്ളി വെടിവയ്പിനെ അപേക്ഷിച്ച് ആലപ്പുഴ വെടിവയ്പ്പിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരുപരിധിവരെ ഭരണകൂട ഭാഷ്യത്തിനപ്പുറം സഞ്ചരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. 1992ലെ പൂന്തുറ വെടിവയ്പ്പിനെപ്പറ്റി കെ. അരവിന്ദാക്ഷ മേനോന്‍ റിപ്പോര്‍ട്ട് (1994) പുറത്തുവന്ന സന്ദര്‍ഭത്തില്‍ കെ. അരവിന്ദാക്ഷന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനവും ഭരണകൂട ഭാഷ്യത്തിനപ്പുറം വസ്തുതകളെ കാണുന്ന മാധ്യമ സമീപനത്തിന്റെ ഭാഗമായിരുന്നു(പൂന്തുറയുടെ പാഠങ്ങള്‍, 1995 ജനുവരി 1).

ഭരണകൂടവും ഗവണ്‍മെന്റും
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ബീമാപള്ളി വെടിവയ്പ്പ് നടന്നത്. ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലായിരുന്നു. അദ്ദേഹം ഉടന്‍ തിരികെവന്നതും ഭരണകൂടത്തിനു വീഴ്ച സംഭവിച്ചുവെന്നു സമ്മതിച്ചതും രേഖകളിലുണ്ട്. സമാനമായി, ആലപ്പുഴ വെടിവയ്പ്പിന്റെ ഉത്തരവാദിത്വം കരുണാകരന്‍ സര്‍ക്കാരിനായിരുന്നു. ആഭ്യന്തര മന്ത്രി വയലാര്‍ രവി ഉടന്‍ സംഭവസ്ഥലത്തേക്കെത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാമെന്ന് ഉറപ്പുനല്‍കി(ടൈംസ് ഓഫ് ഇന്ത്യ, 4 ജനുവരി 1983).

കെ.സി ജോണിന്റെ വീക്ഷണ പ്രകാരം ഗവണ്‍മെന്റ് തലത്തിലുള്ള അലംഭാവവും വീഴ്ചയുമാണ് ആലപ്പുഴ വെടിവയ്പ്പിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും കാരണം(ടൈംസ് ഓഫ് ഇന്ത്യ, 4 ജനുവരി 1983). പ്രതിപക്ഷ കക്ഷികളുടെ ഭാഗമായ സി.ഐ.ടി.യുവിന്റെ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തെ കൂട്ടുന്ന തരത്തിലായിരുന്നുവെന്നും സംഘര്‍ഷത്തിലിടപെടാന്‍ ശ്രമിച്ച ആര്‍.എസ്.എസിന്റെ തന്ത്രം പൊലിസ് പരാജയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ആലപ്പുഴ വെടിവയ്പ്പിനു ‘വര്‍ഗീയഛായ’ നല്‍കി ക്രമസമാധാനനില വഷളായ കാര്യം മൂടിവയ്ക്കുകയാണെന്നു ജനതാ പാര്‍ട്ടി കേരള കമ്മിറ്റി പ്രസിഡന്റ് അരങ്ങില്‍ ശ്രീധരന്‍ പ്രസ്താവിച്ചിരുന്നു(ദേശാഭിമാനി 2, ജനുവരി 1983)

കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെ ഭാഗമായി വരുമ്പോള്‍ ഭരണകൂട അധികാരത്തിന്റെ ന്യൂനപക്ഷ വിരുദ്ധതയെ ഗൗരവത്തിലെടുക്കാത്തതിന്റെ കുഴപ്പം ആലപ്പുഴയിലും ബീമാപള്ളിയിലും ഒരുപോലെ ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാരുകള്‍ മാറിയാലും ഭരണകൂടത്തിന്റെ ന്യൂനപക്ഷവിരുദ്ധ സ്വഭാവത്തില്‍ മാറ്റമുണ്ടാവുന്നില്ല. എന്നാല്‍ ആലപ്പുഴയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങില്‍ ഒരുപരിധിവരെ ഭരണകൂട ഭാഷ്യത്തിനപ്പുറം വസ്തുതകളെ കാണാനുള്ള ശ്രമമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകമായി തിടംവെച്ച മാധ്യമങ്ങളുടെ ഇസ് ലാമോഫോബിയ, ബീമാപള്ളി വെടിവയ്പ്പിനെക്കുറിച്ചുള്ള ഭരണകൂട ഭാഷ്യം ഉറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.