Islamophobia Studies Kerala Islamophobia Theorising Islamophobia

പൊതുതിരഞ്ഞെടുപ്പും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും: മുസ്‌ലിം ദൃശ്യതാ പ്രതിസന്ധികൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വ്യക്തിയും മത്സരിക്കാത്ത ഒരു വ്യക്തിയും പൊതുചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. അവർക്കെതിരെ ആരോപണങ്ങളും വാദങ്ങളും ഉയർത്തപ്പെടുന്നു. ഫാത്തിമ തഹിലിയയും ഷാഫി പറമ്പിലുമാണ് മേൽ സൂചിപ്പിച്ച രണ്ട് പേർ. അവർക്കെതിരെ ഉന്നയിക്കുന്നതെന്താണ്? രണ്ട് പേരും “വർഗീയത” പറയുന്നുവെന്നും “മതം” പറഞ്ഞു വോട്ട് പിടിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു.

ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ  മുസ്‌ലിം ലീഗ്  സ്ഥാനാർത്ഥിയും ഷാഫി പറമ്പിൽ വടകര ലോകസഭയെ പ്രതിനിധീകരിക്കുന്ന  കോൺഗ്രസ് എം. പിയും നിയമസഭാ തിരഞ്ഞെടുപ്പിലെ യു. ഡി. എഫ് കാമ്പയിനറുമാണ്. എന്നാൽ ആരോപണം ഉന്നയിക്കുന്നവർ ഇവരിൽ സമാനമായി കാണുന്നത് അവരുടെ മുസ്‌ലിം ഐഡൻറ്റിറ്റിയാണ്. ഇരുവരും  യു. ഡി.എഫ് ആണെന്നതു പ്രധാനമാണ്. പക്ഷെ, മുസ്‌ലിം ഐഡൻറ്റിറ്റിയാണ് ഭീഷണിയായി അവരെ എതിർക്കുന്ന  എൽ.ഡി.എഫും ബി.ജെ.പിയും കാണുന്നത്. സമാനമായ രണ്ടു വിവാദങ്ങൾ ഇവർക്കെതിരെ ഉയർത്തപ്പെട്ടു. “ഖൗമിലെ പെൺകുട്ടി”, “കാഫിർ സ്ക്രീൻ ഷോട്ട്” എന്നീ ആസൂത്രിത വിവാദങ്ങൾ ഇവരുടെ മുസ്‌ലിം ഐഡൻറ്റിറ്റിയെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് ഒരു പ്രതിസന്ധിയെ വ്യക്തമാക്കുന്നു.

ഐഡൻറ്റിറ്റിയിൽ/യാൽ കുരുക്കപ്പെടുമ്പോൾ

ഫാത്തിമയുടെയും ഷാഫിയുടെയും മുസ്‌ലിം ഐഡൻറ്റിറ്റിയാണ് “അതിദൃശ്യത” (ഹൈപർ വിസിബിലിറ്റി) നേടുന്നത്. മറ്റു രാഷ്ട്രീയക്കാർക്ക് പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്ന ഒരു “പൊതു മലയാളി ഇമേജ്” ഇവർക്ക് കിട്ടുന്നില്ല. എം വി ഗോവിന്ദൻ മാസ്റ്റർ, ടി പി രാമകൃഷ്ണൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ഇവരെ ആരെങ്കിലും “മത/ജാതി  ഐഡൻറ്റിറ്റി” പറഞ്ഞു നിരന്തരം ശല്യപ്പെടുത്താറുണ്ടോ?

ഐഡൻറ്റിറ്റി എന്നത് മുസ്‌ലിം രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു ആധിക്യമായി പരിഗണിക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ട്. എം.എസ്.എസ് പാണ്ഡ്യൻ മതപരിവർത്തന നിരോധനം എങ്ങനെയാണ് ഐഡൻറ്റിറ്റികളെ മാറാൻ കഴിയാത്തയൊന്നായി “നിശ്ചലമാക്കാൻ” (ഫ്രീസ്) ശ്രമിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ മുസ്‌ലിം വ്യക്തി എന്നാൽ “മതപരതയുള്ള മുസ്‌ലിം” എന്നു മാത്രമായി കാണാനാണ് മതേതര വ്യവഹാരങ്ങളും ശ്രമിക്കുന്നത്.

ഗ്യാനേന്ദ്ര പാണ്ഡെ ഐഡൻറ്റിറ്റികളെ കുറിച്ച് പറയുന്നത് ഒരേ സമയം പല ഐഡൻറ്റിറ്റികളും എല്ലാവർക്കും ഉണ്ടെന്നാണ്. ഒരു വ്യക്തി ഇന്ത്യൻ ആയിരിക്കുമ്പോൾ തന്നെ നഗരവാസി, പുരുഷൻ, സ്ത്രീ, മലയാളി, തൊഴിലാളി അങ്ങനെ വ്യത്യസ്ത ഐഡൻറ്റിറ്റികൾ വഹിക്കാം. എന്നാൽ എന്തുകൊണ്ടാണ് ഈ രീതിയിൽ ഷാഫിക്കും ഫാത്തിമക്കും ഇത് അനുവദിക്കപ്പെടാത്തത്? ഇരുവർക്കും അഭിഭാഷക, കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് നേതാവ്, സ്ത്രീ പ്രവർത്തക, യുവജന നേതാവ്, മലയാളി, ഇന്ത്യൻ തുടങ്ങി പല ഐഡൻറ്റിറ്റികളിലാകാൻ  എന്തുകൊണ്ട് അനുവദിക്കപ്പെടുന്നില്ല?

ഒപ്പം ഇരുവരെയും ഒന്നാക്കി കാണിക്കുകയും ചെയ്യുന്നു. “ഷാഫി പറമ്പിൽ അടക്കമുള്ളവർ ഫാത്തിമ തഹിലിയക്കായി വർഗീയ പ്രചരണം നടത്തുന്നു”വെന്നു( 4 ഏപ്രിൽ 2026, റിപ്പോർട്ടർ ടിവി )സി. പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? കാരണം ഇവരുടെ മുസ്‌ലിം ഐഡൻറ്റിറ്റി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നതുകൊണ്ടാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യപനത്തിനു മുമ്പേ തുടങ്ങിയതാണ് വൈവിധ്യവും വൈരുധ്യവുമുള്ള വ്യാജ  പ്രചാരണങ്ങൾ. ഫാത്തിമ തഹിലിയക്കു പിന്നിൽ  “ജമാഅത്തെ ഇസ്‌ലാമി”യാണെന്നു എൽ ഡി എഫ് മന്ത്രിസഭാംഗമായിരുന്ന  അഹ്‌മദ് ദേവർകോവിൽ തന്നെ പറഞ്ഞിരുന്നു( 22 മാർച്ച് 2026, മീഡിയവൺ ). എളമരം കരീം അവർ “വെൽഫെയർ പാർട്ടി നോമിനി”യാണെന്നു പറയുന്നു ( 6 ഏപ്രിൽ 2026 , മീഡിയവൺ ). ഷാഫി പറമ്പിൽ “പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ” വക്താവാണെന്നു പറയുന്നതു ഇടത്തുപക്ഷത്തുള്ള  പത്രപ്രവർത്തകനായ കെ പി സേതുനാഥാണ് ( 8 മാർച്ച് 2026, മലബാർ ജേണൽ) . ഷാഫിക്കു പിന്നിൽ “മുസ്‌ലിം വർഗീയത” കണ്ടെത്തുന്നത് പത്രപ്രവർത്തകനായ കെ. ജെ. ജേക്കബ്ബാണ്( 8 മാർച്ച് 2026, മലബാർ ജേണൽ).

ദലിത് അദൃശ്യതയും മുസ്‌ലിം അതിദൃശ്യതയും

വൈക്കം നിയമസഭാ മണ്ഡലത്തിലെ സണ്ണി എം കപിക്കാടിന്റെ സ്ഥാനാർഥിത്വം പരിഗണിക്കപ്പെടാതെ പോയത് ദലിതർ നേരിടുന്നത് വ്യത്യസ്തമായ പ്രശ്നമാണെന്ന് കാണാം. കേരളത്തിന്റെ മുഖ്യധാര തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദലിതർക്കുള്ള അദൃശ്യതയാണ് (ഇൻവിസിബിലിറ്റി) വ്യക്തമാക്കപ്പെടുന്നത്. കാണപ്പെടാനും കേൾക്കപ്പെടാനുമാണ് ദലിത് ആദിവാസി വിഭാഗങ്ങൾ ശ്രമിക്കുന്നത്. എന്നാൽ മുത്തങ്ങ പോലുള്ള ആദിവാസി സമരങ്ങൾ, ഡി. എച്. ആർ. എം പോലുള്ള ദലിത് പ്രസ്ഥാനങ്ങൾ “അതിദൃശ്യത” നേടി. അതിൻ്റെ കാരണം മറ്റൊന്നായിരുന്നു: “തീവ്രവാദം”, “ആക്രമണം” എന്നൊക്കെയുള്ള കുപ്രചാരണങ്ങളുടെ  പേരിൽ. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സമ്പൂർണമായ അദൃശ്യതയും അവഗണനയും ദലിത് ആദിവാസി വിഭാഗങ്ങൾക്കുണ്ട്.

ദലിത് സമുദായങ്ങൾ നേരിടുന്ന അദൃശ്യതക്ക് വിപരീതമായി മുസ്‌ലിം ഐഡന്റിറ്റി നേരിടുന്നത് അതിദൃശ്യതയാണ്. മുസ്‌ലിം നാമധാരികളായ രാഷ്ട്രീയ  വ്യക്തികൾ തന്നെ ഇതു നേരിടുന്നു. മുസ്‌ലിംകൾക്ക് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടം നൽകുകയും ഒപ്പം ശ്വാസം മുട്ടിക്കുകയും അപരവൽകരിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് മുഖ്യധാരാ മതേതര രാഷ്‌ട്രീയം പിന്തുടരുന്നത്.

ഇസ്‌ലാമോഫോബിയയും മുസ്‌ലിം അതിദൃശ്യതയും

കേരളത്തിൽ ചരിത്രപരമായി തന്നെ മുസ്‌ലിംകൾ മുഖ്യധാര തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു ദൃശ്യത നേടിയിട്ടുണ്ട്. പക്ഷെ ആ ദൃശ്യത  നിരന്തരം സംശയിക്കപ്പെടുന്നതും ദുരൂഹമാക്കപ്പെടുന്നതും  ആക്രമിക്കപ്പെടുന്നതും ആണ്. അത് നിരന്തരം  “വർഗീയത”, “തീവ്രവാദം” എന്ന് മനസിലാക്കപ്പെടുന്നു. മുസ്‌ലിം ദൃശ്യതയെ കടന്നാക്രമിക്കുന്ന രീതിയിൽ,  അതിനെ അതിദൃശ്യമാക്കി,  ഇസ്‌ലാമോഫോബിയ കേരളത്തിൽ നിലനിൽക്കുന്നു. അതു കൊണ്ടുതന്നെയാണ് ഏതുതരത്തിലുള്ള  ആരോപണവും മുസ്‌ലിം രാഷ്ട്രീയ വ്യക്തിത്വങ്ങൾക്കെതിരെ ഉന്നയിക്കാൻ കഴിയുന്നത്.

മുസ്‌ലിം  വ്യക്തികൾക്കെതിരായ ഇസ്‌ലാമോഫോബിക് ആക്രമണ കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല.  മുസ്‌ലിംകളുടെ  വ്യക്തി ജീവിതത്തിലെ തന്നെ തിരഞ്ഞെടുപ്പുകളെ ചുരുക്കുന്നതിന്റെ ഭാഗമാണത്. വസ്ത്രം, ഭാഷ, തൊഴിൽ, കക്ഷി രാഷ്ട്രീയം, സാമൂഹിക ഇടം  എന്നിവയുടെ തിരഞ്ഞെടുപ്പുകൾ വരെ ഈ രീതിയിൽ പ്രതിസന്ധി നേരിടുന്നു.

ഏറ്റവുമൊടുവിൽ,  കാസർഗോഡ് മുസ്‌ലിം ലീഗ് പ്രവർത്തകയും പ്രഭാഷകയുമായ ആയിഷ ഫർസാന “മുനാഫിഖ്” എന്നൊരു പ്രയോഗം ഒരു കുടുംബയോഗത്തിൽ നടത്തിയത് “വർഗീയത”യായി വ്യാഖ്യാനിക്കപ്പെട്ടു (5 ഏപ്രിൽ 2026, റിപ്പോർട്ടർ ടിവി). വലിയ വിവാദമായി. സമാനമായ വാക്കുപയോഗിച്ച സി. പി. എം നേതാവായ എ കെ ബാലനു പക്ഷെ “വർഗീയത” എന്ന മുദ്ര കിട്ടിയിരുന്നില്ല ( 9 ജനുവരി 2026, റിപ്പോർട്ടർ ടിവി) എന്നും ഓർക്കുക. “ഞാനൊരു മുനാഫിഖ്/ കപടവിശ്വാസി അല്ല. തൊഴിലാളി വർഗത്തോടുള്ള കൂറുള്ള (ഈമാൻ ഉള്ള ) ഒരു വിശ്വാസിയായ ഒരു കമ്യൂണിസ്റ്റാണ് ഞാൻ” എന്നാണ് അദേഹം പറഞ്ഞത്.

“ഷാ”ഫിയും “ഷോ”ഫിയും

ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഷാഫിയുടെയും ഫാത്തിമയുടെയും ജനപ്രീതിയാണ്. ഷാഫി പറമ്പിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തെ ഏറ്റവും വലിയ “ക്രൗഡ് പുള്ളര്‍” എന്ന രീതിയിൽ പറയപ്പെടുന്നു. ഈ ജനപ്രീതി ശത്രു വൃത്തങ്ങളിൽ അങ്കലാപ്പ് ശ്രഷ്ടിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഷാഫിയുടെ ജനപ്രീതിയോടുള്ള പ്രതികരണങ്ങൾ ഇത് ബോധ്യപ്പെടുത്തുന്നു. “ഷാഫി അല്ല ഷോഫി” ആണ് എന്നതാണ് ഒരു കമന്റ്. “ഷോ” മാത്രമാണ് ഇദ്ദേഹത്തിന്റേത് എന്ന ധ്വനിയാണ് ഇതിൽ ഉള്ളത്.

സി.പി.എമ്മിന്റെ സ്വരാജാണോ, ഷാഫി പറമ്പിലാണോ യഥാർത്ഥ “ക്രൗഡ് പുള്ളർ” എന്ന ഓൺലൈൻ സർവെ  ചോദ്യത്തിന് താഴെ ആവർത്തിച്ച് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു: “സ്വരാജ് റിയലും ഷാഫി റീലും.”

ഷാഫിയുടെ ജനപ്രീതിക്ക് “മതപരമായതോ സാമുദായികമായതോ” ആയ ഒരു സ്വഭാവമില്ല എന്നത് അദ്ദേഹത്തിന് ചുറ്റും കൂടുന്ന ജനക്കൂട്ടത്തിന്റെ ഇടപെടലുകളിൽ നിന്ന് വ്യക്തമാണ്. പല ജില്ലകളിൽ അദ്ദേഹം പര്യടനം നടത്തുമ്പോൾ വ്യത്യസ്ത സമുദായങ്ങൾ ഒത്തുകൂടുന്നുണ്ട്. മറ്റൊന്ന്, അദ്ദേഹം ഒരു മുസ്‌ലിം വ്യക്തിത്വം പൊതുമണ്ഡലത്തിൽ പ്രത്യേകിച്ച് പ്രകടിപ്പിക്കാൻ ശ്രമിക്കാറില്ല എന്നതാണ്.

ഇത്തരം സാഹചര്യത്തിൽ ഒരു ചോദ്യം ഉയരുന്നു: മുസ്‌ലിം വ്യക്തിത്വങ്ങൾ മതേതര മണ്ഡലത്തിൽ ജനപ്രീതി നേടുന്നത് എന്തുകൊണ്ടാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്? മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പോപ്പുലർ വ്യവഹാരത്തിൽ മുസ്‌ലിം സാന്നിധ്യം ആശങ്കകൾ ഉണ്ടാക്കുന്നുവെന്നത് ഇതിലൂടെ മനസ്സിലാക്കാം. ഇതിനെ മതേതരമോ മതപരമോ എന്ന ദ്വന്ദ്വത്തിൽ എവിടെ പെടുത്തണമെന്ന് എന്ന ആശങ്ക തന്നെയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

“മുസ്‌ലിം വിഷയങ്ങൾ” സംസാരിക്കണോ ?

ഷാഫിയെ കുറിച്ച് ചില മുസ്‌ലിം സാമുദായിക മണ്ഡലങ്ങളിൽ  നിന്നും  ഇടതുപക്ഷത്തുനിന്നും ഉയരുന്ന ഒരു ആരോപണം, അദ്ദേഹം മുസ്‌ലിം വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല എന്നതാണ്. പ്രത്യേകിച്ച് ഇടതുപക്ഷക്കാരിൽ ഒരു വിഭാഗം,  ഒരു ഭാഗത്ത് ഷാഫി “വർഗീയത”യാണ് പറയുന്നത് എന്ന് ആരോപിക്കുമ്പോൾ, മറുഭാഗത്ത് “മുസ്‌ലിം വിഷയങ്ങൾ” ഒഴിവാക്കുന്നു എന്ന വിമർശനവും ഉയർത്തുന്നു.

മുസ്‌ലിം വിഷയങ്ങൾ അദ്ദേഹം സംസാരിക്കേണ്ടത് നിർബന്ധമുള്ള ഒന്നാണോ? അതുപോലെ തന്നെ, ഇദ്ദേഹത്തിന് മതേതര വിഷയങ്ങൾ സംസാരിക്കാൻ അർഹതയില്ലേ? എന്തുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയ വ്യക്തിത്വങ്ങൾ ഇങ്ങനെ ഒരു പ്രതിസന്ധിയുടെ നടുവിൽ എത്തിപ്പെടുന്നത്?

മുസ്‌ലിംകളുടെ കാര്യത്തിൽ നമ്മുടെ “ഭാഷയുടെ തിരഞ്ഞെടുപ്പ്” തന്നെ പ്രതിസന്ധിയിലാണെന്നിതൊക്കെ വ്യക്തമാക്കുന്നു. ഈ പ്രതിസന്ധികളെ ഏതു രീതിയിലാണ് മുസ്‌ലിം സമുദായത്തിനു നേരിടാൻ കഴിയുന്നത് എന്നതാണ് പ്രധാന ചോദ്യം. തിരഞ്ഞെടുപ്പു രാഷ്ട്രീയം  കഴിഞ്ഞാലും നാം അന്വേഷിക്കേണ്ട “രാഷ്ട്രീയ” ചോദ്യമാണത്.