Kerala Islamophobia Special Report

തൊപ്പിയും അറബി ഭാഷയും (1960- 2026)

2026 മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ പുതിയ മന്ത്രിസഭയെയും പ്രതിപക്ഷത്തെയും കുറിച്ച് സിന്ധു സൂര്യകുമാര്‍ ഒരു വിശകലനം പ്രസിദ്ധീകരിച്ചു (തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ് എങ്ങോട്ട്? കവര്‍ സ്റ്റോറി, 23 മെയ് 2026).

അവരുടെ കാഴ്ചപ്പാടില്‍, മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ”അല്ലാഹുവിന്റെ നാമത്തില്‍” എന്നുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് മതേതര ജാഗ്രതയുടെ ഭാഗമായിരുന്നു. തൊപ്പി ധരിക്കാതിരുന്നതും ഇതേ ജാഗ്രതയുടെ ഭാഗമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന സമീപനത്തിന്റെ ഭാഗമായാണ് അവര്‍ അതിനെ വായിക്കുന്നത്. ഒരര്‍ത്ഥത്തില്‍, അത് ഇസ്‌ലാമോഫോബിയയ്ക്കെതിരായ ജാഗ്രതയായും അവര്‍ കാണുന്നു.

അതേസമയം, തന്റെ പിതാവിന്റെ പേരായ വടശ്ശേരി ദാമോദര മേനോന്‍ എന്നു പരാമര്‍ശിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍ സ്വീകരിച്ച നിലപാട് ടോക്കണിസമാണെന്നും, ജാതിയെക്കുറിച്ചുള്ള വിദൂര സൂചനകള്‍ അതില്‍ അടങ്ങിയിരിക്കുന്നുവെന്നും അവര്‍ വിമര്‍ശിക്കുന്നു. അവരുടെ വാക്കുകള്‍:

പാണക്കാട് സയ്യിദ് ശിഹാബ് അലി തങ്ങളുടെ മുസ്‌ലിം ലീഗ് അല്ല പാണക്കാട് സാദിഖലി തങ്ങളുടെ മുസ്‌ലിം ലീഗ്. ശിഹാബ് അലി തങ്ങള്‍ സൗമ്യമായി പിന്നണിയില്‍ നിന്ന് നയിച്ച ശൈലിയില്‍ അല്ല, മുന്നില്‍ നിന്ന് സമ്മര്‍ദ്ദതന്ത്രം സ്വീകരിച്ചു നയിക്കുന്ന സാദിഖലി തങ്ങളുടെ ശൈലി. മതേതരരാണ് എന്ന കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി കൊടുക്കാനുള്ള നിര്‍ബന്ധ ബുദ്ധിയോടെയാണ് മുസ്‌ലിം ലീഗ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ലീഗ് എംഎല്‍എമാരില്‍ ചിലര്‍ അല്ലാഹുവിന്റെ നാമത്തിലല്ല, ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ബിജെപിയും ആര്‍എസ്എസും പിടിമുറുക്കുന്ന കാലത്ത്, ബിജെപിക്ക് മൂന്ന് എംഎല്‍എമാരുള്ള കാലത്ത്, ഇസ്‌ലാമോഫോബിയ കൊടികുത്തി വാഴുന്ന കാലത്താണ് ഇതെല്ലാം എന്ന് മറക്കരുത്.

അപ്പോഴാണ് ഇപ്പുറത്ത് മേനോന്‍ സാര്‍ പ്രത്യക്ഷപ്പെടുന്നത്. ലീഗിന്റെ പാവയല്ല താന്‍ എന്ന് കാണിക്കാനും, സുകുമാരന്‍ നായര്‍ക്ക് വേണ്ടെങ്കിലും താന്‍ ഒരു ഉഗ്രന്‍ മേനോനാണ് എന്ന് ആളുകളെ അറിയിക്കാനുമുള്ള സൈക്കോളജിക്കല്‍ മൂവ്. ആ ജാതിവാല്‍ ചേര്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന രാഷ്ട്രീയവും ചര്‍ച്ചകളും മുന്‍കൂട്ടി കാണാനുള്ള കൂര്‍മ്മ ബുദ്ധി വിഡി സതീശന്‍ എന്ന രാഷ്ട്രീയ നേതാവിനുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. അച്ഛനോടുള്ള ബഹുമാനം മാത്രമായി ആ കൂട്ടിച്ചേര്‍ക്കലിനെ ആരും കാണാന്‍ ഇടയില്ല. ചിരിക്കുന്ന സതീശന്‍, സെല്‍ഫി എടുക്കുന്ന സതീശന്‍, ഗേറ്റ് തുറന്ന സതീശന്‍, ഇതെല്ലാം ടോക്കണിസം മാത്രമാണ്‘.

ലീഗിനെതിരേ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് സിന്ധു സൂര്യകുമാറിന്റെ ലക്ഷ്യമെങ്കിലും ഇസ്‌ലാമോഫോബിയയുടെ സങ്കീര്‍ണതകൾ ഏറെ വിപുലമാണ്. സാമൂഹിക മാധ്യമങ്ങളിലും ഈ വിഷയകമായി ചര്ച്ചകൾ നടന്നിരുന്നു. രണ്ടു മാതൃകകൾ താഴെ:

1. പേരുകള്‍

അല്ലാഹുവും ദൈവവും

അല്ലാഹു എന്നത് ഒരു അറബി വാക്കാണ്. അറബി ഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാധാരണ പദവുമാണ് അത്. അറബ് ലോകത്ത് മുസ്‌ലിംകള്‍ മാത്രമല്ല, ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുന്നേയും ശേഷവും അറബി സംസാരിക്കുന്നവരും ക്രിസ്ത്യാനികളും യഹൂദരും ദൈവത്തെ സൂചിപ്പിക്കാന്‍ ”അല്ലാഹു” എന്ന പദം ഉപയോഗിക്കുന്നുണ്ട്.

ഒഹയോ സ്റ്റേറ്റ് സര്‍വകലാശാലയിലെ അറബിസെമിറ്റിക് ഭാഷാശാസ്ത്രജ്ഞനും ശിലാലിഖിതവിദഗ്ധനുമായ അഹ്‌മദ് അല്‍-ജല്ലാദിന്റെ (2025, ജേണല്‍ ഓഫ് സെമിറ്റിക് സ്റ്റഡീസ്, Ancient Allah: An Epigraphic Reconstruction) പഠനപ്രകാരം, ”അല്ലാഹു” എന്ന പദവും അല്ലാഹുവിനെക്കുറിച്ചുള്ള ദിവ്യസങ്കല്‍പ്പവും ഇസ്‌ലാമിന് വളരെ മുമ്പ് തന്നെ അറേബ്യന്‍ ലോകത്ത് ഉപയോഗത്തിലുണ്ടായിരുന്നു. വടക്കുകിഴക്കന്‍ ജോര്‍ദാനിലെ ഹറ്ര പ്രദേശത്ത് കണ്ടെത്തിയ ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള സഫൈറ്റിക് ശിലാലിഖിതമാണ് ഇതിന് പ്രധാന തെളിവായി അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ ശിലാലിഖിതത്തില്‍ അല്ലാഹുവിനെ വെറും ഒരു ദൈവനാമമായി മാത്രമല്ല, പ്രകാശം നല്‍കുന്ന സ്രഷ്ടാവായ ദൈവമായി (മരണത്തെയും ഇരുട്ടിനെയും എതിരിടാന്‍ വിളിച്ചപേക്ഷിക്കപ്പെടുന്ന ദൈവമായി) അവതരിപ്പിക്കുന്നതായി അല്‍-ജല്ലാദ് വ്യക്തമാക്കുന്നു. അതിനാല്‍ ”അല്ലാഹു” എന്ന പദം മുസ്‌ലിംകളുടെ മാത്രം ഭാഷാപദമോ ഇസ്‌ലാമിനുശേഷം രൂപപ്പെട്ട പേരോ അല്ല; ഇസ്‌ലാമിനു മുമ്പുള്ള അറബി ഭാഷാ-മതപരമ്പരകളിലും ആ പദത്തിന് വ്യക്തമായ സാക്ഷ്യങ്ങളുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു. മുസ്‌ലിംകൾ അതിനു നൽകുന്ന അർഥം വ്യത്യസ്തമാണെന്നേയുള്ളൂ.

ഇന്ത്യന്‍ ഭരണഘടനയുടെ സത്യപ്രതിജ്ഞാ മാതൃകയില്‍ ”ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുക” അല്ലെങ്കില്‍ ”സോളമ്ന്‍ലി അഫേം” ചെയ്യുക എന്ന രണ്ട് വഴികളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ ”ദൈവം” എന്ന പദം ഏത് ഭാഷയില്‍ ഉച്ചരിക്കണം എന്നത് ഭരണഘടന നിര്‍ണ്ണയിക്കുന്നില്ല. അതുകൊണ്ട് ‘ഗോഡ്’, ”ദൈവം”, ”അല്ലാഹു” എന്നിവയുടെ ഉപയോഗത്തെ ഭാഷാപരമായോ മതപരമായോ വേര്‍തിരിച്ച് സംശയാസ്പദമാക്കുന്നത് തന്നെ പ്രശ്‌നകരമാണ്.

ഒരു അറബി പദം ഉപയോഗിക്കുന്നത് കൊണ്ടുതന്നെ നമ്മുടെ നാട്ടിലെ മതേതരത്വം നഷ്ടപ്പെട്ടു പോകുന്നു എന്ന് തോന്നുന്നുവെങ്കില്‍, അതില്‍ ഗൗരവമുള്ള ഒരു പ്രശ്‌നമുണ്ട്. മുസ്‌ലിംകള്‍ ”അല്ലാഹു” എന്ന വാക്ക് ഉപേക്ഷിച്ചാണ് മതേതരത്വത്തിനുവേണ്ടിയും ഇസ്‌ലാമോഫോബിയ യ്ക്കെതിരെയും പോരാടേണ്ടത് എന്ന നിര്‍ദ്ദേശം അതില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, അത് കൂടുതല്‍ പ്രശ്‌നകരമാണ്.

ഉദാഹരണമായി, സ്ത്രീകള്‍ പ്രത്യേക വസ്ത്രം ധരിക്കുന്നതുകൊണ്ടാണ് അവര്‍ ആക്രമിക്കപ്പെടുന്നത് എന്ന വാദത്തെ നാം എങ്ങനെ വിമര്‍ശിക്കുന്നുവോ, അതുപോലെ തന്നെയാണ് ഈ വിഷയത്തെയും സമീപിക്കേണ്ടത്. സ്ത്രീകള്‍ വസ്ത്രം ഉപേക്ഷിക്കേണ്ടതല്ല പരിഹാരം; അവരെ ആക്രമിക്കുന്ന പുരുഷാധിപത്യ മനോഭാവമാണ് മാറേണ്ടത്. അതുപോലെ, മുസ്‌ലിംകള്‍ അറബിയില്‍ ദൈവത്തിന്റെ പേര് പറയുന്നതുകൊണ്ടാണ് മതേതരത്വവും ഇസ്‌ലാമോഫോബിയയ്ക്കെതിരായ പോരാട്ടവും പ്രതിസന്ധിയിലാകുന്നത് എന്നാണെങ്കില്‍, മാറേണ്ടത് മുസ്‌ലിം സമൂഹമല്ല. മുസ്‌ലിം ചിഹ്നങ്ങളെയും വാക്കുകളെയും സംശയത്തോടെ കാണുന്ന പൊതുബോധമാണ്.

കൗതുകകരമായ മറ്റൊരു വസ്തുത കൂടി ശ്രദ്ധിക്കേണ്ടതാണ്. പുതിയ മന്ത്രിസഭയില്‍ കെ. മുരളീധരന്‍ മാത്രമാണ് ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലീഷിലെ ‘ഗോഡ്’, മലയാളത്തിലെ ”ദൈവം”, അറബിയിലെ ”അല്ലാഹു” എന്നിവ ദൈവത്തെ സൂചിപ്പിക്കുന്ന പദങ്ങളായിരിക്കെ, അറബി വാക്കായ ”അല്ലാഹു” മാത്രം മുസ്‌ലിംകളുടെ പ്രത്യേക മതചിഹ്നമായി സംശയിക്കപ്പെടുന്നതല്ലേ പരിശോധിക്കേണ്ടത്? തീര്‍ച്ചയായും പി. കെ. കുഞ്ഞാലിക്കുട്ടി മുതല്‍ ഏതൊരു മുസ്‌ലിം വ്യക്തിക്കും വിശ്വാസികളെന്ന നിലയിൽ സ്വന്തം ഉത്തരവാദിത്ത‍ത്തിൽ ഇഷ്ടമുള്ള ഭാഷയില്‍ പ്രതിജ്ഞ ചെയ്യാം. അതു മതേതരത്വത്തിന്റെയും ഇസ്‌ലാമോഫോബിയ വിരുദ്ധതയുടെയും ബാധ്യതയാണോ എന്നതും ആലോചിക്കേണ്ട കാര്യമാണ്.

സിന്ധു സൂര്യകുമാറിന്റെ ‘കവര്‍ സ്റ്റോറി’യുടെ തലക്കെട്ടാണ് ഏറെ കൗതുകകരം. ”തൊപ്പിയൂരി” എന്നാണ് സൂചന. എന്നാല്‍ ദൃശ്യരേഖകള്‍ പ്രകാരം, 2001-ലും 2011-ലും തൊപ്പി ധരിച്ച കുഞ്ഞാലിക്കുട്ടിയെയും, 2016-ലും 2026-ലും തൊപ്പിയില്ലാത്ത കുഞ്ഞാലിക്കുട്ടിയെയും കാണിക്കുന്നു. എന്നാല്‍ തലക്കെട്ടും ദൃശ്യരേഖകളും ഒഴിച്ചാല്‍ മറ്റു സൂചനകള്‍ തൊപ്പിയെക്കുറിച്ചില്ല.

പൊതുമണ്ഡലത്തില്‍ മുസ്‌ലിം പുരുഷന്മാരുടെ തൊപ്പി പോലുള്ള വസ്ത്രങ്ങളും അറബി നാമവും പലപ്പോഴും രാഷ്ട്രീയ സംശയത്തിന്റെയും മതേതര പരിശോധനയുടെയും വിഷയമായിട്ടുണ്ട്. അതില്‍ മന്ത്രിമാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കടന്നുവരുന്നു. ഇത്തരമൊരു ചരിത്രപരമായ സമീപനം ഈ ചര്‍ച്ചകളില്‍ പ്രധാനമാണ്.

അറബി ഭാഷയിലെ പേര്(2022)

വിഴിഞ്ഞം തീരം അദാനിക്ക് തുറമുഖം നിര്‍മിക്കാന്‍ വിട്ടുകൊടുക്കുന്നതിനെതിരേ 2022 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ വലിയ സമരം നടന്നു. സമരത്തിനു മുനിരയില്‍നിന്നിരുന്ന ലത്തീന്‍ സഭയിലെ ഒരു പുരോഹിതന്‍ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിനു കാരണമായി.

സമരം നടക്കുമ്പോള്‍ പിണറായി മന്ത്രിസഭയില്‍ മല്‍സ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മന്ത്രി വി അബ്ദുറഹ്‌മാനായിരുന്നു. അദ്ദേഹത്തിനെതിരേയാണ് സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് വംശീയപരാമര്‍ശം നടത്തിയത്. മന്ത്രി അബ്ദുറഹ്‌മാന്റെ പേരില്‍തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്: ”അബ്ദുറഹ്‌മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി. അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രിയാണ് എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചിരുന്നത് എന്നും എന്നാല്‍ അദ്ദേഹം തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്ക് വേണ്ടിയാണ് എന്നും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു”(വണ്‍ ഇന്ത്യ, നവംബര്‍ 29, 2022).

രാജ്യദ്രോഹിയായ മന്ത്രിയെ അടിയന്തരമായി പുറത്താക്കണമെന്നും ദേശീയപതാക നേരാംവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് തങ്ങളെ രാജ്യദോഹിയെന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍വച്ച് സമരം നടത്തുന്നവരെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ചിരുന്നു. അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദസൂചനയുണ്ടെന്ന് സമരസമിതി നേതാവ് പറഞ്ഞത്.

അതേസമയം വിഴിഞ്ഞം സമരത്തെ ‘രാജ്യദ്രോഹ’ത്തിന്റെ ‘വര്‍ഗീയത’യുടെയും പേരില്‍ ആക്രമിക്കുന്നതില്‍ സര്‍ക്കാരിന്റെ മുഴുവന്‍ മെഷിനറിയും പ്രവര്‍ത്തനനിരതമായിരുന്നു. സമരത്തില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്നും നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സമരത്തില്‍ നുഴഞ്ഞുകയറിയെന്നും മറ്റുമുള്ള റിപോര്‍ട്ടുകള്‍ ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് നല്‍കിയതായി കേരള കൗമുദി റിപോര്‍ട്ട് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ മുന്‍ അംഗങ്ങളാണ് സമരത്തില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും ഇതേ റിപോര്‍ട്ടില്‍ പറയുന്നു.(കേരള കൗമുദി, നവംബര്‍ 30, 2022). സര്‍ക്കാര്‍ അനുകൂലികളായ നിരവധി നേതാക്കളും പ്രവര്‍ത്തകരും സമരക്കാരെക്കുറിച്ച് സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നെങ്കിലും സമരസമിതി നേതാക്കള്‍ അബ്ദുറഹ്‌മാന്റെ മതപശ്ചാത്തലമാണ് വിമര്‍ശനവിധേയമാക്കിയത്.

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നോക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഫാദര്‍ തിയോഡോഷ്യസിനെതിരെ പോലീസ് കേസെടുത്തു. പ്രസ്താവന വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന്, തന്റെ ഭാഗത്തുനിന്നുണ്ടായത് നാക്കുപിഴയാണെന്ന് സമ്മതിച്ച് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പരസ്യമായി ക്ഷമാപണം നടത്തുകയും ആ വാക്കുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഫാദറിന്റെ പരാമര്‍ശത്തെ ലത്തീന്‍ അതിരൂപത തള്ളിപ്പറയുകയും, അത് സഭയുടെ നിലപാടല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ജെഎന്‍യുവിലെ മുസ്‌ലിം അനുഭവം (2016)

വളരെ നിര്‍ദോഷമായ ഒരു ദൈനംദിന സംഭാഷണം പേരിന്റെ പേരില്‍ സംഘര്‍ഷഭരിതമായത് ‘ജെ എന്‍ യുവിലെ എന്റെ മുസ്‌ലിം അനുഭവം’ (ഫെബ്രുവരി 2016 പച്ചക്കുതിര മാസിക) എന്ന ലേഖനത്തില്‍ ഗവേഷകനായ വസീം ആര്‍ എസ് പറയുന്നുണ്ട്: ‘ഹോസ്റ്റലില്‍ ആദ്യം പരിചയപ്പെട്ട ഒരു സുഹ്രത്ത് പേര് ചോദിച്ചു. വസീം എന്ന് പറഞ്ഞ ഞാന്‍, മറക്കാതിരിക്കാനായി വസീം അക്രത്തിന്റെ പേരു ഓര്‍ത്താല്‍ മതിയെന്ന് പറഞ്ഞതോടെ കളി കാര്യമായി. പെട്ടെന്ന് മുഖഭാവം മാറിയ സുഹ്രത്ത് പറഞ്ഞു: ”നീയെന്തിനാണ് പാകിസ്ഥാന്‍ താരത്തിന്റെ പേര് പറയുന്നത്?”. ആദ്യമായി പരിചയപ്പെടുന്ന ഓരാളോടു ഓര്‍ത്തു വെക്കാന്‍ ഒരു കളിക്കാരന്റെ പേരുപറയുന്നതു സ്വാഭാവികമാണെങ്കിലും ജെഎന്‍യുവില്‍ ഒരു മുസ് ലിം വിദ്യാര്‍ഥി പാകിസ്ഥാന്‍ കളിക്കാരന്റെ പേരു പറയുന്നതു അത്ര സ്വാഭാവികമാവുന്നില്ലായെന്നതു ഗൗരവമുള്ള കാര്യമാണ്.

അന്‍സാരി ഒരു വ്യക്തിയുടെ  പേരല്ല (1999)

സമാനമായൊരു അനുഭവം ചിന്തകനും എഴുത്തുകാരനുമായ എം ടി അന്‍സാരിയുടെ പേരുമായി ബന്ധപ്പെട്ടുണ്ട്. എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയിലെ മുസ്‌ലിം പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിച്ചു അന്‍സാരി മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു ലേഖനമെഴുതി (5 ഫ്രെബ്രുവരി & 12 ഫെബ്രുവരി 1999). എന്നാല്‍ ഒരു സാഹിത്യ വിമര്‍ശനത്തോടു പ്രതികരിക്കുന്നതിനു പകരം അന്‍സാരി ഒരു ആളിന്റെ പേരല്ലെന്നും ജാതിപേരാണെന്നും മാധവന്‍ പുച്ഛത്തോടെയാണ് പ്രതികരിച്ചത്. അന്‍സാരി താമസിക്കുന്ന നഗരത്തിനുതന്നെ തീവ്രവാദ സ്വഭാവമുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നു മാധവന്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായതാണ്. ഹൈദരാബാദില്‍ ഗവേഷക വിദ്യാര്‍ഥിയായും അധ്യാപകനായുമാണ് അക്കാലത്തു അന്‍സാരി പ്രവര്‍ത്തിച്ചിരുന്നത്.

2. തൊപ്പി

ദേശീയതയുടെ പ്രതീകമായ സമദാനിതൊപ്പി(2024)

പൊന്നാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമയത്താണ് മുസ്‌ലിംലീഗ് നേതാവും സിറ്റിങ് എം.പിയുമായ അബ്ദുസമദ് സമദാനി റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരകന്‍ അരുണ്‍ കുമാറിനെ തിരക്കേറിയ തെരുവില്‍ വച്ചു കണ്ടുമുട്ടിയത്. ഇരുവരും തൊപ്പി ധരിച്ചിരുന്നു. സമദാനിയുടെ തൊപ്പി താന്‍ ഊരിക്കോട്ടെയെന്ന് അവതാരകന്‍ ചോദിച്ചു. സമദാനി അനുവദിച്ചു. മതചടങ്ങുമായി ബന്ധപ്പെട്ടതാണോ തൊപ്പിയെന്ന ചോദ്യത്തിന് അല്ലെന്ന് സമദാനി മറുപടി നല്‍കി. പൊന്നാനിയിലേക്കു വന്നാല്‍ തൊപ്പിയിടണമെന്നാണല്ലോ പ്രമാണമെന്നും സമദാനി മതേതരത്വത്തിന്റെ മുഖമാണെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണത്തോടെ ആ രംഗം തല്‍കാലം അവസാനിച്ചു.

 

പക്ഷേ, സമദാനി വിട്ടില്ല. കിട്ടിയ അടുത്ത അവസരത്തില്‍ത്തന്നെ ചര്‍ച്ച തൊപ്പിയിലേക്ക് തിരികെകൊണ്ടുവന്നു. താന്‍ ധരിച്ചിരിക്കുന്ന തൊപ്പി ദേശീയതയുടെ ചിഹ്നമാണെന്നും മുസ്‌ലിംരാജ്യങ്ങളില്‍ പോലും വാങ്ങാന്‍ കിട്ടില്ലെന്നും പറഞ്ഞാണ് രണ്ടാം ഘട്ട സംസാരം തുടങ്ങിയത്. തന്റെ തൊപ്പിക്ക് മതപരമായ പ്രാധാന്യമില്ലെന്നും എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ അത് ‘ദേശീയ’മാണെന്നുമായിരുന്നു അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിച്ചത്.

മുസ്‌ലിംങ്ങളുടെ തൊപ്പി വിവിധ കാലങ്ങളിൽ കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ പല നിലയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. മുസ്‌ലിംമതചിഹ്നങ്ങള്‍ പൊതുസമൂഹത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ശ്രമമായും മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന്റെ സൂചനയായും ‘വര്‍ഗീയത’യായുമൊക്കെ ആക്ഷേപിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളത്. താടി, തട്ടം, പര്‍ദ്ദ തുടങ്ങി മുസ്‌ലിം സൂചന ഉള്‍ക്കൊള്ളുന്ന എന്തും ഇത്തരത്തില്‍ ആക്ഷേപിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകള്‍ക്കിടയിലാണ് സമദാനി തന്റെ തൊപ്പി ‘മത’പരമല്ല, ‘ദേശീയത’യുടെ ഭാഗമാണെന്ന് വ്യക്തത വരുത്താന്‍ ശ്രമിച്ചത്.(ഈ തൊപ്പി ഇന്‍ഡ്യയിലെ കിട്ടൂ, മുസ്‌ലിം രാജ്യങ്ങളില്‍ പോലും കിട്ടില്ല, 1 മാര്‍ച്ച് 2024, റിപ്പോര്‍ട്ടര്‍ ടി.വി )

 

മൗദൂദിയുടെ തൊപ്പി(2021)

2021 ജനുവരിയില്‍ പി ജയരാജന്‍ മൗദൂദിയുടെ തൊപ്പിയെന്ന ഒരു പ്രയോഗം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയെന്ന പേരില്‍ ഒരു പ്രചരണയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സിപിഎം നേതാവ് പി ജയരാജന്‍ എഫ്ബിയില്‍ എഴുതിയ കുറിപ്പിലാണ് കോണ്‍ഗ്രസ് ഇനി മുതല്‍ മൗദൂദിയുടെ തൊപ്പി ധരിക്കുന്നതാണ് നല്ലതെന്ന് കുറ്റപ്പെടുത്തിയത്. ലീഗ് ജമാഅത്തെ ഇസ് ലാമിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുകയാണെന്നും തീവ്രവര്‍ഗീയ നിലപാട് തുടരാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഇനി മുതല്‍ മൗദൂദിയുടെ തൊപ്പി ധരിക്കുന്നതാണ് നല്ലതെന്നാണ് ജയരാജന്‍ ഫേസ് ബുക്കിലൂടെ പരിഹസിക്കുന്നത്.

വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ്’ ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ് എന്നത്. യു.ഡി.എഫിന് തീവ്രവര്‍ഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാന്‍ ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാള്‍ തീവ്രവര്‍ഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ…അതല്ലേ യു.ഡി.ഫ് ന്റെ വര്‍ഗീയ വിളവെടുപ്പിന് കൂടുതല്‍ നല്ലത്…‘- മാധ്യമം പത്രത്തില്‍ ഒ അബ്ദുറഹ്‌മാന്‍ എഴുതിയ കുറിപ്പില്‍ അബുല്‍ കലാം ആസാദിനെ പരാമര്‍ശിച്ചതിനെക്കുറിച്ച് ജയരാജന്‍ എഴുതുന്നു. (ദി ക്യൂ, ജനുവരി 31, 2021).

ശാസ്ത്ര – സാഹിത്യ പരിഷത്തിന്റെ തൊപ്പിപേടി(2020)

കോഴിക്കോട് പൂനൂര്‍ മദീനത്തുനൂര്‍ കോളേജിലെ വിദ്യാര്‍ഥി നാദാപുരം കുറുവന്തേരി സ്വദേശി മുഹമ്മദ് മാട്ടാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് കീഴിലുള്ള യുവസമിതി കൊല്ലം ഘടകം സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. 2020 ഒക്ടോബര്‍ 28നാണ് കൊല്ലം യുവസമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടന്നത്. 2020 നവംബര്‍ 22നാണ് വിജയികളെ പ്രഖ്യാപിച്ചത്.വിദ്യാര്‍ഥിയെ അഭിനന്ദിച്ച് പുറത്തിറക്കുക്കുന്ന പോസ്റ്ററിലേക്കുള്ള ചിത്രം അയച്ചു കൊടുത്തപ്പോഴായിരുന്നു മുഹമ്മദ് ധരിച്ച തൊപ്പി ഒരു കുഴപ്പമായത്.

മുഹമ്മദ് സ്ഥിരം തൊപ്പി വെക്കുന്ന ഒരു ഇസ്‌ലാമിക കലാലയ വിദ്യാര്‍ഥിയാണ്. അതിനാല്‍ സംഘാടര്‍ക്കു തൊപ്പി വച്ച ചിത്രമാണ് വിദ്യാര്‍ഥി അയച്ചു കൊടുത്തത്. എന്നാല്‍ ‘മറ്റൊരു ചിത്രമയക്കൂ’ എന്നാണ് മറുപടി കിട്ടിയത്. ശാസ്ത്ര സാഹിത്യ പരിഷത് എന്ന ‘സംഘടന ഒരു മതേതര ചട്ടക്കൂടിലുള്ളതാണെ’ന്നുള്ള വിശദീകരണവും കിട്ടി. ഒടുവില്‍ തൊപ്പിയില്ലാത്ത മറ്റൊരു ചിത്രം അയച്ചുകൊടുത്തപ്പോഴാണ് സംഘാടകര്‍ പോസ്റ്റര്‍ പ്രസിദ്ധീകരിക്കാന്‍ തയാറായത്.

ന്യൂസ്ടാഗ് ലൈവ് ഡോട്ട് കോം (24 നവംബര്‍ 2020 ) നല്‍കിയ റിപ്പോര്‍ട്ടില്‍ മുഹമ്മദിന്റെ വിശദീകരണം വന്നു : ‘ തൊപ്പി വച്ച ഫോട്ടോ വേണ്ടെന്നു പറയുകയും പൊട്ട് ധരിച്ച പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്ത ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഹമ്മദ് തന്നെ യുവസമിതിക്ക് മറുപടി അയയ്ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ എന്താണ് ലിബറല്‍ എന്ന പദം കൊണ്ട് നിങ്ങള്‍ അര്‍ഥമാക്കുന്നതെന്ന് മുഹമ്മദ് ചോദിച്ചു. എല്ലാത്തിനേയും ഉള്‍ക്കൊള്ളുകയല്ലേ ലിബറല്‍ ആവുമ്പോള്‍ വേണ്ടത്. ഒരു മതത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയെങ്കില്‍ മറ്റു മതസ്ഥരുടെ െചിഹ്നങ്ങള്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ ഒരു പൊതു പരിപാടി മതേതര ചട്ടക്കൂട് ഉള്ളവര്‍ നടത്തുമ്പോള്‍ എല്ലാവരേയും ഉള്‍ക്കൊള്ളലാണ് അതിന്റെ മാന്യത ‘. മുഹമ്മദ് തുടര്‍ന്നു. ‘നമ്മെ പോലുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ആദ്യമേ അത് പറയണം. ഇനി ലിബറല്‍ ആയതുകൊണ്ടാണ് ഞാന്‍ തൊപ്പിയിട്ട ഫോട്ടോ നിങ്ങള്‍ ഒഴിവാക്കിയതെങ്കില്‍ മൂന്നാം സ്ഥാനം കിട്ടിയ പെണ്‍കുട്ടിയുടെ പൊട്ടും ഒഴിവാക്കണമായിരുന്നു. അതും ഒരു മതചിഹ്നമാണല്ലോ?. അപ്പോള്‍ ലിബറല്‍ എന്ന തോലണിഞ്ഞ് ചില അരികുവല്‍കരണങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തം ‘. വാട്സാപ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും മുഹമ്മദ് പുറത്തു വിട്ടു.

സോഷ്യല്‍ മീഡിയയില്‍ സംഗതി വിവാദമയതോടെ പരിഷത്ത് ഭാരവാഹികള്‍ ഇങ്ങനെ പ്രസ്താവിച്ചുവെന്നു ന്യൂസ്ടാഗ് ( 24 നവംബര്‍ 2022 ) പറയുന്നു: ‘ ഇത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടല്ലെന്നും മെസേജ് അയച്ചയാള്‍ക്ക് തെറ്റ് പറ്റിയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഭാരവാഹികള്‍ മുഹമ്മദിനെ അറിയിച്ചു’.

‘കോയയുടെ തൊപ്പി ഊരിച്ചപോലെ’!(2019)

2019ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് വയനാട് മണ്ഡലത്തില്‍നിന്ന് രാഹുല്‍ഗാന്ധിയാണ് മല്‍സരിച്ചിരുന്നത്. ലീഗിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ നടക്കുന്ന പ്രചാരണ പരിപാടികളില്‍ സ്വാഭാവികമായും ലീഗിന്റെ പച്ച നിറത്തിലുള്ള കൊടിയും ഉപയോഗിച്ചിരുന്നു. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലമായതിനാല്‍ത്തന്നെ വയനാട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. രാഹുല്‍ തന്റെ പ്രചാരണപരിപാടികളില്‍ പാക് കൊടി ഉപയോഗിച്ചുവെന്നായിരുന്നു ദേശീയതലത്തില്‍ സംഘപരിവാര്‍ വിഭാഗങ്ങള്‍ ആരോപിച്ചത്. ഇത് യുഡിഎഫ് അണികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. പിന്നീട് നടന്ന പല റാലികളിലും പച്ചപ്പതാകകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു. ഈ സാഹചര്യത്തില്‍ സിപിഎം പത്രമായ ദേശാഭിമാനി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു-അന്ന് തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടിമടക്കുന്നു(07 ഏപ്രില്‍, 2019, ദേശാഭിമാനി)എന്ന ശീര്‍ഷകത്തില്‍. കാര്യസാധ്യത്തിനായി ലീഗുകാര്‍ ഒരിക്കല്‍ തൊപ്പി ഊരിവച്ചതുപോലെ ഇന്ന് സമാനമായ മറ്റൊരു സാഹചര്യത്തില്‍ കൊടി മടക്കിയെന്നായിരുന്നു കുറിപ്പില്‍ വാദിച്ചത്.

മലയാളത്തില്‍ കുപ്പായമിടുകയെന്ന ഒരു പ്രയോഗമുണ്ട്. ഒരാള്‍ ഇസ്‌ലാമിലേക്ക് മതംമാറുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ അതുമാത്രമല്ല, തൊപ്പിയൂരിക്കുകയെന്ന പ്രയോഗമുണ്ടെന്നാണ് ദേശാഭിമാനി പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ ‘കോയയുടെ തൊപ്പി ഊരിച്ചപോലെ’ എന്നാണത്രെ പ്രയോഗം.

സ്വാതന്ത്ര്യത്തിനുശേഷം ലീഗിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ പ്രചാരണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ അവര്‍ ലീഗുമായി നീക്കുപോക്കിന് തയ്യാറായിരുന്നില്ല. 1960ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ലീഗുമായി ധാരണയുണ്ടാക്കിയാണ് മല്‍സരിച്ചതെങ്കിലും മന്ത്രിസ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസിലെ മുസ്‌ലിംനേതാക്കളായിരുന്നു എതിര്‍ത്തത്. ഒടുവില്‍ സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ തയ്യാറായി, 1960 ഫെബ്രുവരി 22ന് കെ എം സീതി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 13 മാസത്തിനുള്ളില്‍ സ്പീക്കറായിരിക്കത്തന്നെ അദ്ദേഹം മരിച്ചു. സിഎച്ചിനെ ലീഗ് നേതൃത്വം നിര്‍ദേശിച്ചു. വീണ്ടുമൊരു ലീഗുകാരനെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഒടുവില്‍ ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സിഎച്ചിനെ സ്പീക്കറാക്കാന്‍ അനുവദിച്ചു. പക്ഷേ, പകരം സിഎച്ച് തന്റെ പാര്‍ട്ടി അംഗത്വം രാജിവയ്ക്കണം. ലീഗുകാരനായ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവരുടെ ആദര്‍ശം അനുവദിക്കില്ലത്രെ. ഒടുവില്‍ സ്പീക്കര്‍ പദവി നിലനിര്‍ത്താന്‍ സിഎച്ച് സ്വന്തം പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു.

അതേസമയം സീതി സാഹിബിന്റെ മരണംകൊണ്ട് ഒഴിവുവന്ന കുറ്റിപ്പുറം സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാമെന്ന് കമ്മ്യൂണിസ്റ്റുകളും വാഗ്ദാനം ചെയ്തു. ഒടുവില്‍ കുറ്റിപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റക്ക് മല്‍സരിച്ചു. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. പകരം കോണ്‍ഗ്രസ് വിമതന്‍ മല്‍സരിച്ചു, സിപിഐ അദ്ദേഹത്തെ പിന്തുണച്ചു. ഉപതിരഞ്ഞെടുപ്പിലെ അവഗണനയില്‍ പ്രതിഷേധിച്ച് സിഎച്ച് സ്പീക്കര്‍ സ്ഥാനം രാജിവച്ചു.(മുസ്‌ലിംലീഗ് കേരളചരിത്രത്തില്‍, എന്‍ പി ചെക്കുട്ടി, ഐഒഎസ്, ബാഫഖി തങ്ങളും എം കെ ഹാജിയും മുസ് ലിം രാഷ്ട്രീയവും, പി പി അബ്ദുറഹ്‌മാന്‍ പെരിങ്ങാടി, ഇസ് ലാംഓണ്‍ലൈവ്.ഇന്‍, ജനുവരി 19, 2022)

ഇതേ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു: “ചത്ത കുതിരയായ ലീഗിനെ കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കണമെന്ന് ജവാഹര്‍ലാല്‍ നെഹ്‌റു പരസ്യമായി അധിക്ഷേപിച്ചിട്ടും ലീഗ് അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുന്നില്‍ യാചിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മനമില്ലാമനസ്സോടെ കോണ്‍ഗ്രസ് വച്ചുനീട്ടിയ സ്പീക്കര്‍ സ്ഥാനത്ത് സീതിസാഹിബിനെ അവരോധിച്ചുകൊണ്ടാണ് ലീഗ് അന്ന് സായൂജ്യമടഞ്ഞത്… സീതി സാഹിബ് മരിച്ചതിനെത്തുടര്‍ന്ന് സി എച്ച് മുഹമ്മദ് കോയയെ സ്പീക്കര്‍ ആക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ആക്കണമെങ്കില്‍ സി എച്ച് മുസ്‌ലിംലീഗ് അംഗത്വം രാജിവയ്ക്കണമെന്ന് നെഹ്‌റു നിഷ്‌കര്‍ഷിച്ചു. ലീഗിന് അന്നും ആത്മാഭിമാനത്തേക്കാള്‍ വലുത് അധികാരമായിരുന്നു. സ്പീക്കര്‍ കസേരയിലിരിക്കാനായി സി എച്ച് സ്വന്തം പാര്‍ടി അംഗത്വം രാജിവച്ചു. കാര്യസാധ്യത്തിനായി ആത്മാഭിമാനം പണയം വയ്ക്കുന്നതിന് ‘കോയയുടെ തൊപ്പി ഊരിച്ചപോലെ’ എന്ന വിശേഷണം അന്നുമുതലാണ് പ്രയോഗിച്ചുതുടങ്ങിയത്”(അന്ന് തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടിമടക്കുന്നു, ഏപ്രില്‍ 8, 2019).

ഒരു സംഘടനയെന്ന നിലയില്‍ മുസ്‌ലിംലീഗിനെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഞെരിച്ചമര്‍ത്തിയതിനെക്കുറിച്ചാണ് ഈ പരാമര്‍ശങ്ങളൊക്കെ.സ്പീക്കറായി അധികാരല്‍ക്കുന്നതിനുമുന്നോടിയായി സിഎച്ചിന് ലീഗില്‍നിന്ന് രാജിവയ്‌ക്കേണ്ടിവന്ന വാര്‍ത്തയോടൊപ്പം ദേശാഭിമാനി മുന്‍പേജില്‍ ഒരു കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചിരുന്നു(1961 ജൂണ്‍ 10). പുള്ളിപ്പുലിയുടെ പുള്ളി തേച്ചുരച്ച് കളയുന്നതാണ് ചിത്രീകരിച്ചിരുന്നത്. തലയില്‍ ഒരു തൊപ്പിയും മുഖത്ത് താടിയും വരച്ചുചേര്‍ത്തിരുന്നു.

തൊപ്പിപ്രശ്‌നം പില്‍ക്കാലത്തും ഒരു ആക്ഷേപപദം പോലെ ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് 2020 അവസാന കാലത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനക്കെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായി. പക്ഷേ, പിണറായിയുടെ പ്രസ്താവനക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ (ബിജെപി) പിന്തുണയുമായെത്തി. സിഎച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോണ്‍ഗ്രസ് ഇന്നില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം(മീഡിയാവണ്‍, 2022 ഡിസംബര്‍ 20) കോണ്‍ഗ്രസ്സ് പാര്‍ട്ടി ലീഗിനോട് മൃദുസമീപനം കൈക്കൊള്ളുന്നുവെന്നാണ് മുരളീധരന്റെ പരാതി. ബിജെപിയുടെ മാത്രമല്ല, മതേതരവാദികളുടെയും പരാതിയാണ് ഇത്.

പാവറട്ടി സ്‌കൂളിലെ തൊപ്പിപ്രശ്‌നം(1992)

തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് പാവറട്ടിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ 1992 സെപ്തംബര്‍ -ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് തൊപ്പിപ്രശ്‌നം അരങ്ങേറുന്നത്. ഏതാനും മാസങ്ങളോളം നീണ്ടുനില്‍ക്കുകയും സര്‍ക്കാരും നാട്ടുകാരും ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു.

സംഭവം ഇങ്ങനെയാണ്: 1992 സെപ്തംബര്‍ മാസത്തില്‍ ഒരു വെള്ളിയാഴ്ച പള്ളി കഴിഞ്ഞെത്തിയ മൂന്ന് കുട്ടികള്‍ തലയില്‍ തൊപ്പിയുമായി സ്‌കൂളിലെത്തി. ഇതുകണ്ട ചില അധ്യാപകര്‍ കുട്ടികളെ ശകാരിച്ച് സ്‌കൂളില്‍നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ടവരില്‍ സ്‌കൂള്‍ ചെയര്‍മാനുമുണ്ടായിരുന്നു. അവര്‍ പ്രതിഷേധിച്ചു. പരീക്ഷാസമയമായതിനാല്‍ പിടിഎ ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍ അടുത്ത ദിവസം ഹിന്ദു വിദ്യാര്‍ത്ഥികള്‍ രാഖിയും പൊട്ടും ധരിച്ച് ക്ലാസിലെത്തി. മുസ്‌ലിംകുട്ടികള്‍ ഇത് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. പക്ഷേ, നടപടിയുണ്ടായില്ല. അടുത്ത ദിവസം മുസ് ലിംകുട്ടികള്‍ കൂടുതല്‍ പേര്‍ തൊപ്പിയുമായെത്തി. ഹിന്ദുകുട്ടികളെ പുറത്താക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ പക്ഷേ, മുസ്‌ലിംവിദ്യാര്‍ത്ഥികളെ പുറത്താക്കി. പ്രശ്‌നം രൂക്ഷമായി. മതചിഹ്നങ്ങള്‍ ധരിച്ച് സ്‌കൂളിലെത്തരുതെന്ന് കെഇആറിലുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ വാദിച്ചത്.

അതിനിടയില്‍ പ്രശ്‌നത്തിന് ജനകീയമാനം കൈവന്നു. കൂടുതല്‍ പേര്‍ ഇടപെട്ടു. മുസ്‌ലിംസംഘടനകള്‍ എ പി മജീദിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുസ്‌ലിംവിദ്യാര്‍ത്ഥികള്‍ മാത്രം മതചിഹ്നങ്ങള്‍ ധരിക്കരുതെന്ന് പറയുന്നതിന്റെ യുക്തി പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു.

അതിനിടയില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതാവ് എ സെബാസ്റ്റിയന്‍ ഒരു ഭീഷണിക്കത്ത് പുറത്തുവിട്ടു. പി ഡി പിക്കു മുമ്പ് അബ്ദുന്നാവര്‍ മഅദനി രൂപീകരിച്ച ഇസ്‌ലാമിക് സേവക് സംഘ് (ഐഎസ്എസ് ) എന്ന സംഘടനയുടെ പേരിലാണ് കത്ത്. ഐഎസ്എസ് പാവറട്ടി കായികപരിശീലന കേന്ദ്രം എന്നാണത്രെ കത്തിലെ വിലാസം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഹെഡ്മാസ്റ്ററെയും വികാരിയെയും തലവെട്ടുമെന്ന് കത്തിലുണ്ടെന്ന് സെബാസ്റ്റ്യന്‍ അവകാശപ്പെട്ടു.

ആക്ഷന്‍ കൗണ്‍സില്‍ കത്ത് വ്യാജമാണെന്ന് വാദിച്ചു. ഐഎസ്എസ്സിന്റെ യൂനിറ്റ് പാവറട്ടിയിലില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ കാര്യകാരണസഹിതം വ്യക്തമാക്കി. പ്രശ്‌നത്തില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ജി രാജശേഖറും എംഎല്‍എയും വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറും ഇടപെട്ടെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രശ്‌നം അവസാനിച്ചത്. (പാവറട്ടി സംഭവം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പിടിവാശി, എന്‍സി, സെന്‍സിങ് മാസിക, 1992 നവംബര്‍).