ഇന്ത്യയെന്ന ദേശരാഷ്ട്ര സങ്കല്പത്തിൽ മുസ്‌ലിംകൾ എങ്ങനെ അപരവൽക്കരിക്കപ്പെട്ടു എന്ന ചർച്ച കവി സച്ചിദാനന്ദൻ വികസിപ്പിക്കുമ്പോൾ അപരവൽക്കരണത്തിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ട്. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവർ ചെയ്തുവെച്ച പാതകം എന്ന നിലയ്ക്കാണ് മുസ്‌ലിം അപരവൽക്കരണത്തെ സച്ചിദാനന്ദൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം എഴുതുന്നു:
“ഏകമത സമുദായത്തിൽനിന്നു വന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ബഹുമത സമുദായം എങ്ങനെ കൈകാര്യം ചെയ്യണമെന്നു് അറിയില്ലായിരുന്നു. അവർ പ്രാഥമികമായും ഒരു ഹിന്ദുരാജ്യം എന്ന നിലയിൽ തന്നെയാണ് ഇന്ത്യയെ മനസ്സിലാക്കിയത്. ഹിന്ദുക്കളുമായി ആരോഗ്യകരമായ ബന്ധം പുലർത്തിയ
മഹാനായ അക്ബറിനെപ്പോലുള്ള രാജാക്കന്മാരും ഉണ്ടായിരുന്നെന്നും പല മുസ്‌ലിം രാജാക്കന്മാരുടെയും ഉപദേശകരും സൈന്യാധിപരും മന്ത്രിമാരും ഹിന്ദുക്കളായിരുന്നു എന്ന കാര്യവും അവർ മറച്ചുവയ്ക്കുന്നു. അതായിരുന്നു മുസ്‌ലിം അപരവൽക്കരണത്തിന്റെ ആദ്യഘട്ടം.”(സച്ചിദാനന്ദൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്).
ഏതെങ്കിലും ഓഫീസിൽ കള്ളൻകയറി എഫ്.ഐ.ആർ ഉണ്ടാക്കികഴിഞ്ഞാൽ അതിനു മുന്നേ അവിടെ കാണാതായ മുഴുവൻ രേഖകളും ആ മോഷണത്തിന്റെ ചുമലിൽ കെട്ടിവെച്ച് കൈകഴുകുന്ന ഒരു ‘ഓഫീസ് യുക്തി’യാണ് സച്ചിദാനന്ദൻ ഈ ലളിതവൽക്കരണത്തിലൂടെ സാധിച്ചെടുക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനമില്ലാതെതന്നെ വളരെക്കാലം മുമ്പേ ഇസ്‌ലാമോഫോബിക് ‘പൊതുബോധം’ ഇന്നാട്ടിൽ നിലനിന്നിരുന്നു എന്നത് ഫോക്‌ലോർ സാഹിത്യത്തിൽനിന്ന് എത്രവേണമെങ്കിലും കണ്ടെത്താനാവും.
ഫോക്‌ലോർ സാഹിത്യത്തിലെ ഇസ്‌ലാമോഫോബിയ
അപരരെ ജയിക്കുക എന്ന സാമൂഹിക സ്വപ്നങ്ങളിൽ നിന്നാണ് പലപ്പോഴും വീരാപദാന കഥകളും പാട്ടുകളും ഉടലെടുക്കുക. കെട്ടിയുണ്ടാക്കിയ കഥയിലെങ്കിലും ശത്രുവിനെ വിജയിച്ച് ആഹ്ളാദം അനുഭവിക്കുന്ന വിരേചനമാണ് ഇത്തരം ‘ഫോക്കുകൾ’ സാധിച്ചെടുക്കുന്നത്. വടക്കൻപാട്ടിലെ ഉണ്ണിയാർച്ചാചരിതത്തിലും ഉടുക്കുപാട്ടുകളിലെ അയ്യപ്പനും വാവരും ചരിതത്തിലും മുസ്‌ലിങ്ങളെ മേലെ വിജയിക്കുന്ന താരങ്ങളെയാണ് പാടിപ്പുകഴ്ത്തുന്നത്.
“ജോനകർ പുളപ്പുതീർക്കൽ” എന്ന അവതാരലക്ഷ്യം നടപ്പിലാക്കാനാണ് ഉണ്ണിയാർച്ച അല്ലിമലർക്കാവിൽ കൂത്തുകാണാൻ പുറപ്പെടുന്നത്. സുന്ദരിമാരെ കണ്ടാൽ തൽക്ഷണം അപഹരിച്ചുകൊണ്ടുപോകുന്ന കാമവെറിയന്മാരും അക്രമോത്സുകരുമായിട്ടാണ് ഇവിടെ മുസ്‌ലിമിനെ അവതരിപ്പിക്കുന്നത്. അവരെ അങ്കത്തിൽ തോല്പിച്ച ഉണ്ണിയാർച്ചക്ക് നാടോടി സാഹിത്യത്തിൽ പ്രതിഷ്ഠ നേടുന്നത് അപരഹിംസയിൽ നേടുന്ന വിജയം കൊണ്ടുകൂടിയാണ്.
ഫോക്‌ലോറിലെ ചൊല്ലുകളിലും ഫലിതങ്ങളിലുമെല്ലാം ഇസ്‌ലാമോഫോബിയയുടെ സ്വരം കേൾക്കാം. യാത്രാവേളയിൽ വഴിയരുകിൽ നിസ്ക്കരിക്കുന്ന മുസൽമാനെ കാണുന്ന എണ്ണയാട്ട്തൊഴിലായ സമുദായക്കാരൻ, മുസൽമാൻ തലകുത്തി മറിയാൻ ശ്രമിച്ചു പലവട്ടം പരാജയപ്പെടുന്നതാണെന്ന് ധരിച്ചിട്ട് തന്റെ കൈയ്യിലുള്ള പാരക്കോലുകൊണ്ട് മുസൽമാനെ മറിച്ചിട്ടു സഹായിച്ചു എന്ന കഥ മുസ്‌ലിമിനെയും ദലിതരേയും ഒരേ സമയം പരിഹസിക്കാനുള്ള ‘മേൽത്തട്ടു നിർമിതി’യാണ്.
ഹുമയൂണൊരു ഭാരതീയനല്ല!
‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ എന്ന വള്ളത്തോൾ കവിത പേരുകൊണ്ടു തന്നെ ദേശീയത എന്നത് ഹിന്ദുദേശീയതയാണെന്നു പ്രഖ്യാപിക്കുന്നുണ്ട്. ഹുമയൂണെന്ന മുസ്‌ലിം ഭരണാധികാരിയുടെ അന്തപുരത്തിലേക്ക് അദ്ദേഹത്തിന്റെ സേവകനായ ഉസ്മാനാൽ ചതിക്കപ്പെട്ട് എത്തുന്ന ഹിന്ദുസ്ത്രീയാണ് പേരില് സൂചിപ്പിക്കുന്ന ഭാരതസ്ത്രീ.
ഹുമയൂണും ഉസ്മാനുമൊന്നും ‘അത്ര ഭാരതീയനല്ലെന്ന’ അബോധം കവിതയിലുടനീളം കാണാം. ഇന്ത്യയില് ജനിച്ചു ജീവിക്കുന്ന വിദേശി എന്നൊരു ‘പൊതുബോധം’ മുസ്‌ലിംകളെക്കുറിച്ച് ഹിന്ദുബോധം നിര്മ്മിച്ചിട്ടുണ്ട്. ഈ ബോധം കവിതയിൽ ഉടനീളം നിലനില്ക്കുന്നു . ഉസ്മാൻ ചതിയാലാണ് ‘ഭാരതസ്ത്രീ’യെ തന്റെ മുന്നിലെത്തിച്ചതെന്ന് തിരിച്ചറിയുമ്പോൾ അയാളെ തുറുങ്കിലടയ്ക്കാൻ ഹുമയൂൺ ചക്രവർത്തി ഉത്തരവിടുന്നു.
“മാപ്പിളമാര് ചെയ്ത തെറ്റു മറന്നു നീ/മാപ്പീ ഹുമയൂണിനേകിയാലും ” (ഭാരത
സ്ത്രികൾ തൻ ഭാവശുദ്ധി, വള്ളത്തോൾ) എന്ന് ഹുമയൂൺ ‘ഭാരതസ്ത്രീ’യോടു യാചിക്കുന്നു. മാപ്പിള എന്ന ഏകവചനം വള്ളത്തോൾ ‘മാർ’എന്ന ബഹുജനപ്രത്യയം ചേര്ത്ത് ബഹുത്വവല്ക്കരിക്കുന്നത്. ഉസ്മാൻ എന്ന വ്യക്തിയെയല്ല അയാൾ ഉൾകൊള്ളുന്ന സമുദായത്തെയാണ് പ്രതിചേര്ക്കേണ്ടതെന്ന മുൻധാരണ വള്ളത്തോളിൽ പ്രവര്ത്തിക്കുന്നതുകൊണ്ടാണ്. ഡൽഹിയിൽ ‘മാപ്പിള’ എന്ന പ്രയോഗം മുസ്‌ലിമിന് ഇല്ലെങ്കിലും മലബാറിലെ മാപ്പിള പോരാട്ടത്തെ ‘ഹിന്ദു-മുസ്‌ലിം കലാപ’മായി കാണുന്ന ഒരു ‘മഹാകവി’ വള്ളത്തോളിൽ അടങ്ങിയിട്ടുണ്ട് എന്നത് തുറന്നുപ്രഖ്യാപിക്കുന്നുണ്ട്. “ഗീരീതരജന്നു രോമാഞ്ചമേറി ഹാ../ ഭാരതസ്ത്രീകള് തൻ ഭാവ ശുദ്ധി” എന്ന് ഹുമയൂണിനെക്കൊണ്ട് പറയിക്കുന്നതിൽ ‘ഹുമയൂണൊരു ഭാരതീയനല്ല’ എന്ന അബോധം പ്രവര്ത്തിക്കുന്നതിനാലാണ്.
ആശാനും ‘ദുരവസ്ഥ’യും
മലബാർ ലഹളയിൽ നിന്നുതന്നെയാണ് കുമാരശാനും ഇസ്‌ലാമിനെ അക്രമിയായി കണ്ടെത്തുന്നത്. കലാപത്തിൽ നിന്നു രക്ഷപ്പെട്ടെത്തി ചാത്തൻ പുലയന്റെ കുടിലിൽ അഭയം തേടേണ്ടിവന്ന അന്തര്ജനത്തിന്റെ ‘ദുരവസ്ഥയും’ ദുരവസ്ഥ എന്ന ഖണ്ഡകാവ്യം പറഞ്ഞുവയ്ക്കുന്നു.ചെറിയൊരു കഥ പറച്ചിലിൽ ‘ക്രൂരമുഹമ്മദർ’ എന്ന പദം മുപ്പതിലേറെ സ്ഥലത്ത് ആശാൻ പ്രയോഗിക്കുന്നതിലും ഇസ്‌ലാമോഫോബിയയുടെ അംശങ്ങള് കാണാം.
സച്ചിദാനന്ദന്റെ ലേഖനത്തിലെ മറ്റൊരു ഭാഗത്ത് ഇങ്ങനെ പറയുന്നു. “കുമാരനാശാനെപ്പോലെ ഉല്പതിഷ്ണുവായ ഒരു കവിയെപ്പോലും വഴിതെറ്റിക്കാന് പര്യാപ്തമായിരുന്നു ഈ പ്രതീതി എന്നോര്ക്കുക. അങ്ങനെയാണ് ദുരവസ്ഥയിലെ ക്രൂരമുഹമ്മദർ എന്ന പ്രയോഗം ഉണ്ടാകുന്നത് “(സച്ചിദാനന്ദൻ, മാതൃഭൂമി).
ഇക്കാര്യം ‘ന്യൂനപക്ഷഹിംസ സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും’ എന്ന ലേഖനത്തില് സച്ചിദാനന്ദൻ പറയുന്നതിനു മുമ്പേ കെ കെ ബാബുരാജ് വിശദീകരിക്കുന്നുണ്ട്. “കേരളീയ മാര്ക്സിസം അതിന്റെ പുരോഗമന വീക്ഷണത്തിന്റെ മാനിഫെസ്റ്റോയായി പ്രഖ്യാപിച്ചിട്ടുള്ളതാണ് കുമാരനാശാന്റെ ദുരവസ്ഥ. ഈ കൃതിയില് മലബാർ കലാപകാരികളെ കൂട്ടില്കിടക്കുന്ന പൊന്നോമൽ പ്രാവിൻപിടകളെ പിച്ചിച്ചീന്തുന്ന കാട്ടുപോക്കന്മാരോട് സമീകരിച്ചാണ് അവതരിപ്പിക്കുന്നത്. ഹിന്ദുസമുദായത്തിനുള്ളിലെ പ്രശ്നമായി ജാതിയേയും ജാതിജന്യമായ അവശതകളെയും ആശാന് അംഗീകരിച്ചിരുന്നു. എന്നാൽ ഹിന്ദു ജനസംഖ്യയിൽ നിന്നും ജാതി അവശതകൾ മൂലം വിട്ടുപോയവരെ ദുഷിപ്പിക്കുന്ന അപരസാന്നിധ്യമായാണ് ആശാൻ ” അള്ളാമതത്തെ ” കണ്ടത്. കാട്ടുപോക്കന്മാരുടെ വന്യത പഴയ കീഴ്ജാതിക്കാര്ക്ക് നല്കിയത് ഇസ്‌ലാമിക മതമാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ മതത്തില് നിന്നുള്ള തിരിച്ചടികളെ കരുതിയിരിക്കാന് വേണ്ടിയുള്ള ഉദ്ബോധനമായിട്ടാണ് ആശാൻ തന്റെ പ്രസിദ്ധമായ രചന നിര്വ്വഹിച്ചത്. ” ( ഇരുട്ടിലെ കണ്ണാടി,കെ കെ ബാബുരാജ്)എന്ന നിരീക്ഷണം വസ്തുതാപരമാണ്. നമ്പൂതിരിയുവതിയും പുലയയുവാവും ഹിന്ദുവഴിയില് ഒന്നുചേരുന്നതും ‘ക്രൂരമുഹമ്മദർ’ ബഹിഷ്കൃതരാകുന്നതും ആശാന്റെ ദുരവസ്ഥയിൽ കാണാം.
ചങ്ങമ്പുഴയുടെ തുറന്നെഴുത്ത്
ഹൈന്ദവ സങ്കേതങ്ങളില് എക്കാലത്തും നിലനിന്നിരുന്ന ഇസ്‌ലാം അപരഭയം ചങ്ങമ്പുഴ കൃഷ്ണപിള്ള തന്റെ ആത്മകഥയിൽ (തുടിക്കുന്ന താളുകൾ) തുറന്നെഴുതുന്നുണ്ട്. താൻ ജീവിതംകൊണ്ടറിഞ്ഞൊരു പൊതുബോധത്തെ തെല്ലും ഒളിച്ചുവയ്ക്കാതെ തുറന്നുപറയുന്നതിൽ ചങ്ങമ്പുഴയുടെ സത്യസന്ധത വ്യക്തമാണ്.
അദ്ദേഹം എഴുതുന്നു. “മലബാറില് മാപ്പിളലഹള ശക്തിയായി നടക്കുന്ന കാലമായിരുന്നു അത്. മാപ്പിളമാർ പ്രവര്ത്തിക്കുന്ന ‘ഭൂതപ്രവര്ത്തികളെ’ കുറിച്ച് പലേകഥകളും ഞാന് കേള്ക്കുവാനിടയായി. അവയെന്നെ ഭയചകിതനാക്കി. സ്കൂളിലേക്കോ മറ്റോ പോകുമ്പോൾ ഒരു മുഹമ്മദീയനെ ദൂരെയെങ്ങാനും കണ്ടാല് മതി, ഞാന് തളര്ന്നുപോകും. പ്രാണരക്ഷാര്ത്ഥം അവരുടെ മുമ്പില്നിന്നു പലപ്പോഴും ഞാൻ പലായനം ചെയ്തിട്ടുണ്ട്. ഏതൊരു മുഹമ്മദീയനായാലും വേണ്ടില്ല കണ്ടുമുട്ടിയാല് എന്റെ കഥ കഴിക്കുമെന്നായിരുന്നു വിചാരം” (ചങ്ങമ്പുഴ കൃഷ്ണപിള്ള,തുടിക്കുന്ന താളുകള്). ഇതേ ബോധംകൊണ്ട് ഇടപ്പള്ളിയിലെ മുഹമ്മദീയരുടെ കടകളിൽ നിന്നു വീട്ടുസാധനങ്ങള് വാങ്ങാതെ ഒത്തിരിദൂരം നടന്ന് നായന്മാരുടെ കടകളില് നിന്നുമാത്രം സാധനങ്ങള് വാങ്ങിയിരുന്ന ചെറുപ്പകാലത്തെക്കുറിച്ചും ചങ്ങമ്പുഴ തുറന്നെഴുതിയിട്ടുണ്ട്.
വയലാറും ‘ആയിഷ’യും
വി. സാംബശിവന്റെ കഥാപ്രസംഗമെന്ന നിലയിൽ ഏറെ പ്രശസ്തിനേടിയ വയലാർ രാമവർമയുടെ ‘ആയിഷ’ എന്ന ഖണ്ഡകാവ്യവും അപരങ്ങളിൽനിന്ന് ദുർമാർഗികളെ കണ്ടെടുത്ത് ഉയർത്തിക്കാണിക്കുന്നതിനാലാണ് വിജയംകൊണ്ടത്. മാംസം കച്ചവടം ചെയ്യുന്ന മനുഷ്യരും അവരുടെ പരിസരവും തിന്മയുടെ മാത്രം ഇടമായി ആവിഷ്കരിക്കുന്ന ഭാവുകത്വം മലയാളത്തിലുണ്ടെന്ന് ഡോ. ഒ.കെ. സന്തോഷ് വിലയിരുത്തിയിട്ടുണ്ട്.
ആയിഷയുടെ പിതാവായ അദ്രുമാൻ, ആരോപിത തിന്മയും അതിനപ്പുറം കടന്ന് പന്നിയിറച്ചി ചോദിച്ച പാതകത്തിന് അന്യമതസ്ഥനെ കൊലചെയ്തു ജയിലിൽ കിടക്കുന്ന നരാധമനുമാണ്. ലൈംഗിക തൊഴിലാളിയായി സമൂഹത്തെ വഴിതെറ്റിക്കുന്നവളായും കൊലപാതകിയായി ബാപ്പയുടെ പിന്തുടർച്ചക്കാരിയായി ജയിലിലെത്തുന്നവളുമായാണ് ആയിഷയെ രാമവർമ്മ പൊലിപ്പിച്ചെടുത്തത്. “ഇവരെ (ഇസ്‌ലാമിനെ ) അപരിഷ്കൃതരും യാഥാസ്ഥികരുമായി കാണുന്നത് സവർണ മേധാവിത്വത്തിന്റെ കാഴ്ചയെ ആശ്രയിക്കുന്നതുപോലെ മാർക്സിസത്തിന്റെ കുഴൽക്കണ്ണാടി ഉപയോഗിക്കുന്നത് മൂലവുമാണ്”( ഇരുട്ടിലെ കണ്ണാടി) എന്ന കെ.കെ. ബാബുരാജിന്റെ വിലയിരുത്തൽ വയലാറിന്റെ ആയിഷ ശരിവയ്ക്കുന്നുണ്ട്.
ആദിവാസി പെൺകുട്ടിയെ വഞ്ചിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നൊരു ‘ജബ്ബാർ’അടികൊണ്ടു വീഴുന്നതു കാണുവാനുള്ള ‘ത്രില്ലി’ലാണ് എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ സൂപ്പർഹിറ്റായ ചെറുകഥയായതെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയായി കേരളത്തിലെത്തുന്ന ഹിന്ദുവിന്റെ ദൈന്യതയ്ക്കെല്ലാം ഹേതു പ്രവാസം കൊണ്ട് ഇസ്‌ലാം നേടിയ സമ്പന്നതയാണെന്ന ‘അധികഭാവന’ ചുരത്തി, ചർച്ചകൾക്ക് ശേഷം സ്ഥാപനവൽക്കരിക്കപ്പെട്ട, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണിയും’ വിളമ്പിനല്കുന്നത് മലയാള സാഹിത്യം തലമുറകളായി തുടർന്നുപോരുന്ന അപരവൽക്കരണത്തിന്റെ സാഹിത്യഭാവുകത്വം തന്നെയാണ്.
സിനിമയെന്ന പോപ്പുലർ കൾച്ചറിലും അടിത്തട്ടായി ഇതേ അപരബോധത്തെ താങ്ങിനിർത്തിപോരുന്നതിനും സാഹിത്യഭാവുകത്വത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടാണ് താൻ എന്തുകൊണ്ട് എഴുത്തുകാരനായി എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ തുറന്നു പറച്ചിൽ മലയാള സാഹിത്യവിമർശനത്തിന്റെ താക്കോൽ വാചകമായി നിലനിൽക്കുന്നത്.