Islamophobia Studies Theorising Islamophobia

ഇവാന്‍ അഗ്വേലി: ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ കര്‍ത്താവ്

ഇസ്‌ലാമോഫോബിയ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലാണ്. 1904ല്‍ സ്വീഡിഷ് വേരുകളുള്ള ഇവാന്‍ അഗ്വേലിയാണ് പ്രസ്തുത വാക്ക് ഇറ്റാലിയനില്‍ ആദ്യമായി വികസിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് 1923ലാണ്. ഫ്രഞ്ചിലാവട്ടെ 1910ലും. 1869ല്‍ സ്വീഡനിലെ സല എന്ന കൊച്ചു പട്ടണത്തില്‍ ജനിച്ച അഗ്വേലി അക്കാലത്തെ വിമത യൂറോപ്യന്‍ ചിന്തകരുടെ ബദല്‍ ജീവിതാന്വേഷണങ്ങളുടെ ഭാഗമായിരുന്നു. ഒട്ടോമന്‍ ചാരനെന്നു മുദ്രകുത്തപ്പെട്ട് ഒരു കൊല്ലത്തിനു ശേഷം 1917ല്‍ ബാഴ്‌സലോണയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട അഗ്വേലിയുടെ ജീവിതവും ചിന്തകളും പ്രവര്‍ത്തനങ്ങളും ഏറെ കൗതുകമുളവാക്കുന്നതാണ്. 1969ല്‍ സ്വീഡന്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേകം സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു.

സ്വീഡനില്‍ തഴച്ചുവളര്‍ന്ന മിസ്റ്റിക് പ്രസ്ഥാനങ്ങളിലൂടെയാണ് പുതിയ സാമൂഹികമാറ്റങ്ങളുമായും രാഷ്ട്രീയ മാനവിക വിമോചന സമ്പ്രദായങ്ങളുമായും ചെറുപ്പത്തില്‍ അഗ്വേലി പരിചയപ്പെടുന്നത്. പിന്നീട് ഫ്രാന്‍സില്‍ പഠനകാലത്ത് അനാര്‍ക്കിസ്റ്റായി മാറി, റാഡിക്കല്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ അഗ്വേലി അക്കാലത്ത് യൂറോപ്പിലുടനീളം യാത്ര ചെയ്തു. ലണ്ടനില്‍വച്ച് പീറ്റര്‍ ക്രോപോട്ട്കിനെപ്പോലുള്ള പ്രധാനപ്പെട്ട അനാര്‍കിസ്റ്റ് ബുദ്ധിജീവികളുമായി സംവദിച്ചു. 1894ല്‍, ഭീകരനെന്ന് ആരോപിച്ച് അഗ്വേലിയെ പാരീസില്‍വച്ച് അറസ്റ്റ് ചെയ്തു. അധികൃതര്‍ പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ വെറുതെ വിട്ടു.

അക്കാലത്ത് അഗ്വേലി മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ സജീവമായിരുന്നു. ഫ്രഞ്ച് ഫെമിനിസ്റ്റായ മേരി ഹൂട്ടിനെ കണ്ടുമുട്ടിയതും ഇക്കാലത്താണ്.എന്നാല്‍ 1898ല്‍ അദ്ദേഹം പാരീസില്‍വച്ച് ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം നടക്കുന്നത് വടക്കേ ആഫ്രിക്കയിലെ യാത്രയ്ക്കു ശേഷമാണ്. 1898ല്‍ അദ്ദേഹം ശ്രീലങ്ക (സിലോണ്‍) സന്ദര്‍ശിച്ചിരുന്നു. 1902ല്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക തത്ത്വചിന്ത (ഇല്‍ മുല്‍ കലാം)യില്‍ പഠനമാരംഭിച്ചു.

ശൈഖ് അബ്ദുല്‍ ഹാദി അല്‍ ആഖില്‍ എന്ന പേരില്‍ ഉത്തരാഫ്രിക്കയില്‍ അറിയപ്പെട്ടു. നിരവധി സൂഫി സരണികളിലൂടെ സഞ്ചരിച്ചു. വലിയൊരു ശിഷ്യസമ്പത്തിന് ഉടമയായി. വിഖ്യാത ഇസ്‌ലാമിക പാരമ്പര്യവാദിയായ (ട്രഡീഷനിലിസം എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്) റെനെ ഗുനന്‍ 1911ല്‍ ഇസ്‌ലാം മതം സ്വീകരിച്ചത് അഗ്വേലിയിലൂടെയാണ്. മുഹമ്മദ് എന്ന വിഖ്യാത പ്രവാചക ജീവചരിത്രം എഴുതിയ മാര്‍ട്ടിന്‍ ലിംഗ്‌സിന്റെ ഗുരുവാണ് റെനെ ഗുനന്‍. സൂഫി സ്വാധീനം ഗ്വെനനിലേക്ക് കൈമാറിയതും അഗ്വേലി ആയിരുന്നു.

എന്നാല്‍ കലാ വിദ്യാര്‍ഥിയായിരുന്ന അഗ്വേലി എല്ലാ കാലത്തും ചിത്രകലയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. സൂഫിസം, നിറങ്ങളുടെ മിസിറ്റിക് അര്‍ത്ഥങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഏറെ അന്വേഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ചിത്രകലയെക്കുറിച്ചുള്ള അഗ്വേലിയുടെ വീക്ഷണം പില്‍ക്കാല പാരമ്പര്യവാദികളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹം ക്യൂബിസം (പരമ്പരാഗത വിരുദ്ധവും അട്ടിമറിയും ആയി കണക്കാക്കുന്ന) ആധുനിക പ്രസ്ഥാനങ്ങളെ അഭിനന്ദിക്കുക മാത്രമല്ല, അവയില്‍ ഒരു ആത്മീയ തലം കണ്ടെത്തുകയും ചെയ്തു.
അദ്ദേഹം കിഴക്കിനെ പൗരസ്ത്യ വീക്ഷണത്തോടെ നോക്കിക്കാണുകയും തന്റെ ആദ്യയാത്രയെ വിചിത്രമായ ഒരു അന്വേഷണമായി വിഭാവനം ചെയ്യുകയും ചെയ്തുവെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. മധ്യകാല മിസ്റ്റിക് ഇബ്‌നു അറബിയുടെ ലോകം പരിചയപ്പെട്ട അഗ്വേലി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അബ്ദുല്‍കാദര്‍ ജസാഇരിയുടെ പോരാട്ട പ്രസ്ഥാനത്തെ പിന്തുണച്ചു. ഈ സമയത്ത് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിലാണ് ഇസ്‌ലാമോഫോബിയ എന്ന സംജ്ഞ കടന്നുവരുന്നത്.

 

1904ല്‍ ഇറ്റാലിയന്‍ ഭാഷയില്‍ എല്‍ കോണ്‍വിറ്റോ/ അല്‍ നാദി ( കഹ ഇീി്ശീേ/ അഹചമറശല്‍) പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമിന്റെ ശത്രുക്കള്‍’ (എനിമീസ് ഓഫ് ഇസ്‌ലാം) എന്ന ലേഖനത്തിലാണ്, ‘ഇസ്‌ലാമോഫോബിയ’ എന്ന ഇറ്റാലിയന്‍ വാക്ക് അഗ്വേലി ഉപയോഗിച്ചത്. അഞ്ചു ഭാഗങ്ങളായാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഒരേ സമയം ഇറ്റലിക്കാരെയും അറബികളെയും ഈ ജേണല്‍ അഭിസംബോധന ചെയ്തു. ഇറ്റലിക്കാര്‍ക്ക് ഇസ്‌ലാമിനെയും അറബികള്‍ക്ക് ഇറ്റലിയെയും കുറിച്ചുള്ള വികല ധാരണ തിരുത്തലും ഈ ജേണലിന്റെ ഉദ്ദേശ്യമായിരുന്നു. കെയ്‌റോവില്‍ നിന്ന് വിവിധ യൂറോപ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു ജേണലായിരുന്നു അത്.
ക്രിസ്ത്യന്‍ വിശ്വാസം, വംശീയവാദം, യുക്തിവാദം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള ഇസ്‌ലാമിനെക്കുറിച്ചുള്ള ധാരണകളെ വേര്‍തിരിക്കാനാണ് അദ്ദേഹം ആ വാക്കുപയോഗിച്ചത്. അക്കാലത്തെ ബുദ്ധിജീവികളുടെ മുസ്‌ലിംവിരുദ്ധതയും ഇസ്‌ലാമിനെതിരേയുള്ള സാമ്രാജ്യത്വ ഇടപെടലുകളെയും വിശേഷിപ്പിക്കാനാണ് 1904ല്‍ അദ്ദേഹം ഈ വാക്ക് ഉപയോഗിക്കുന്നത്. യൂറോപ്പിലെ ആര്യന്‍ വംശീയത മുതല്‍ പ്രൊട്ടസ്റ്റന്റ് കാത്തലിക് മുസ്‌ലിം വിരുദ്ധത വരെ അദ്ദേഹം ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള ധാരണകള്‍ മുന്‍വിധികളിലും സ്റ്റീരിയോടൈപ്പുകളിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം വാദിക്കുന്നു.

പിന്‍കുറി: ഇന്ന്, ‘ഇസ്‌ലാമോഫോബിയ’ എന്ന വാക്ക് മുസ്‌ലിംകള്‍ അവരുടെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സൃഷ്ടിച്ചതാണെന്ന് വാദിക്കുന്നവരുണ്ട്. ബ്രിട്ടനിലെ വലത് പക്ഷക്കാരനും യാഥാസ്ഥിതിക ചിന്തകനുമായ റോജര്‍ സ്‌ക്രൂട്ടനാണ് ഈ വാദത്തിന്റെ ഉപജ്ഞാതാവ്. ബ്രിട്ടീഷ് നാഷനലിസ്റ്റും കണ്‍സര്‍വേറ്റീവ് തത്ത്വചിന്തകനും മാര്‍ഗരറ്റ് താച്ചര്‍ പക്ഷപാതിയുമായ അദ്ദേഹത്തിന്റെ വാദമനുസരിച്ച് ഇസ്‌ലാമോഫോബിയ എന്ന വാക്ക് രൂപപ്പെടുത്തിയത് 1980കളുടെ തുടക്കത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡാണ്. സ്വയം ഇടതുപക്ഷക്കാരനെന്നു വിശ്വസിക്കുന്ന ഗിലെസ് കെപല്‍ എന്ന ഫ്രഞ്ച് രാഷ്ട്രീയ ചിന്തകന്‍ ഇതേ വാദം 1990കളില്‍ പിന്നീട് ഫ്രാന്‍സില്‍ ആവര്‍ത്തിച്ചിരുന്നു. ‘ഇസ്‌ലാമോഫോബിയ’ എന്ന വാക്ക് തുടക്കകാലത്ത് യൂറോപ്യന്‍മാരെ വിമര്‍ശിക്കാന്‍ യൂറോപ്യന്‍മാര്‍ വികസിപ്പിച്ചതാണ് എന്നതാണ് ചരിത്ര വസ്തുത. ഇന്നതിന് പുതിയ അര്‍ത്ഥങ്ങള്‍ സാധ്യമായിരിക്കുന്നു. അമേരിക്ക മുതല്‍ ഐക്യരാഷ്ട്ര സഭ വരെ അതിന്റെ അലയൊലികള്‍ കാണാവുന്നതാണ്.

റഫറൻസ് 

Mark Sedgwick M, (ed.). Anarchist, Artist, Sufi: The Politics, Painting, and Esotericism of Ivan Aguéli. London: Bloomsbury Academic, 2021.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)