Hindutva Kerala Islamophobia Special Report

റഹീമിന്റെ മോചനവും വിദ്വേഷ പ്രചാരണങ്ങളും (2024 ഏപ്രിൽ 14- 2026 മെയ് 28)

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര/കൊടമ്പുഴ സ്വദേശിയായ അബ്‌ദുൽ റഹീം 2006-ൽ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യാൻ പോയി. സൗദിയിൽ എത്തിയതിന് പിന്നാലെ തന്നെ, തന്റെ സ്പോൺസറുടെ പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ നോക്കേണ്ട ചുമതലയും റഹീമിന് ലഭിച്ചു. 2006 നവംബറിൽ ആ ബാലന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് അബ്‌ദുൽ റഹീം സൗദി പൊലീസിന്റെ കസ്റ്റഡിയിലായി. റിപ്പോർട്ടുകൾ പ്രകാരം, ബാലന്റെ ലൈഫ് സപ്പോർട്ട് ഉപകരണവുമായി ബന്ധപ്പെട്ട അപകടകരമായ സംഭവമാണ് കേസിന്റെ അടിസ്ഥാനമായി മാറിയത്. ഈ സംഭവത്തിന് ശേഷം റഹീം റിയാദിലെ ജയിലിൽ തടവിൽ കഴിയാൻ തുടങ്ങി. കേസിൽ റഹീമിനെതിരെ സൗദി കോടതിയിൽ വിചാരണ നടന്നു. 2012-ൽ സൗദി കോടതി അബ്‌ദുൽ റഹീമിന് വധശിക്ഷ വിധിച്ചു.

ശിക്ഷാ വിധിക്ക് ശേഷം റഹീമിന്റെ കുടുംബവും നാട്ടുകാരും പ്രവാസി മലയാളികളും നിയമസഹായത്തിനും മോചനത്തിനുമായി ശ്രമങ്ങൾ ആരംഭിച്ചു. വർഷങ്ങളോളം കേസ് സൗദി നിയമസംവിധാനത്തിനകത്ത് തുടരുകയും റഹീം ജയിലിൽ തുടരുകയും ചെയ്തു. ഇരയുടെ കുടുംബം ദിയ അഥവാ ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറായതാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഇരയുടെ കുടുംബം ആവശ്യപ്പെട്ട ദിയ തുക 15 മില്യൺ സൗദി റിയാൽ ആയിരുന്നു. ഇത് ഏകദേശം 34 കോടി ഇന്ത്യൻ രൂപയോളം വരുന്ന തുകയായിരുന്നു. ഈ തുക സമാഹരിക്കാൻ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ള മലയാളികൾ വലിയ ക്രൗഡ് ഫണ്ടിംഗ് ക്യാംപെയിൻ നടത്തി. 2024-ൽ ദിയ തുക സമാഹരിച്ച് കൈമാറിയതിനെ തുടർന്ന് റഹീമിന്റെ വധശിക്ഷ ഒഴിവാക്കാനുള്ള നിയമനടപടികൾക്ക് വഴി തുറന്നു. 2024 ജൂലൈയിൽ ഇരയുടെ കുടുംബം ദിയ സ്വീകരിച്ചതിന് പിന്നാലെ റഹീമിന്റെ വധശിക്ഷ മാറ്റിവെക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.എന്നാൽ വധശിക്ഷ ഒഴിവായതോടെ കേസ് അവസാനിച്ചില്ല; സൗദി നിയമപ്രകാരം റഹീമിന് 20 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടതായി വന്നു. 2025 മെയ് 26-ന് റിയാദ് ക്രിമിനൽ കോടതി റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷ നിലനിർത്തിയതായി റിപ്പോർട്ടുകൾ പറഞ്ഞു. പിന്നീട് പ്രോസിക്യൂഷൻ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് നൽകിയ അപ്പീലുകളും സൗദി കോടതികൾ തള്ളിയതായി റിപ്പോർട്ടുകൾ വന്നു. 2026 മെയ് 19-ന് അബ്‌ദുൽ റഹീമിന്റെ 20 വർഷത്തെ ജയിൽശിക്ഷ ഔദ്യോഗികമായി പൂർത്തിയായി. 2026 മെയ് 20-ന് റഹീം ജയിൽമോചിതനായതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. 2026 മെയ് 28 വ്യാഴാഴ്ച പുലർച്ചെ റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ അബ്‌ദുൽ റഹീം കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽ നിന്നും പിന്നീട് വീട്ടിലും കുടുംബാംഗങ്ങളും നാട്ടുകാരും പിന്തുണക്കാനെത്തിയവരും ചേർന്ന് റഹീമിനെ സ്വീകരിച്ചു.

 

ശശികലയുടെ ഇടപെടൽ

റഹീമിൻ്റെ മോചനം പൊതുവെ മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഹിന്ദു ഐക്യവേദി നേതാവായ കെ പി ശശികല ഒരു ഫേസ്‌ബുക് പോസ്റ്റ് പ്രസിദ്ധീകരിച്ചു ( 28 മെയ് 2026).

വീരാരാധനയാകാം. പക്ഷേ ഒരു കൊലക്കേസ് പ്രതിയെ അതും ഒരു ഭിന്നശേഷിക്കാരൻ ബാലനെ കൊന്ന കേസിൽ ജയിൽ വാസം കഴിഞ്ഞിറങ്ങിയ ഒരു പ്രതിയെ ….!!!!നമുക്കേ കഴിയു.മറ്റാർക്കും കഴിയില്ല. ഇതു കേരളമല്ലേ.” എന്നാണവർ എഴുതിയത്.

2024 ഏപ്രിൽ മാസം സംഭവിച്ചത്

ഈ പ്രചാരണങ്ങൾ 2024 ഏപ്രിൽ മാസത്തിലും ശശികല അടക്കം ചിലർ നടത്തിയിരുന്നു. അബ്ദുല്‍ റഹിം വിഷയത്തില്‍ വന്ന മുസ്ലിം വിരുദ്ധ പ്രചാരങ്ങളുടെ ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:

ശശികല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് ( (14 ഏപ്രില്‍ 2024): ‘ഇസ്‌ലാമിക ശരിഅത്തിലെ ബ്ലഡ് മണി ഏര്‍പ്പാട് അവസാനിപ്പിക്കുക, ഒരു പാവം ഡ്രൈവറുടെ ജീവന് വിലയായി 34 കോടി രൂപ കൈപ്പറ്റി വധശിക്ഷ ഒഴിവാക്കുന്നത് മഹാകൃതൃമല്ല. ഇസ്‌ലാമിക ശരിയത്തിന്റെ ബ്ലാക്‌മെയിലിംങ്ങിന് സമ്മതിച്ച് സൗദി കോടതി മുഖേന ഭീമമായ തുക നല്‍കുന്നത് അനീതിയാണ് അധര്‍മ്മമാണ്. സമ്പന്നരേയും അനൃ രാജൃക്കാരേയും മറ്റും തട്ടിക്കൊണ്ടു പോയി മോചനദ്രവൃം ആവശൃപ്പെടുന്ന കൊടുംകുറ്റവാളികളും ഭീകരപ്രവര്‍ത്തകരും സൗദി ഇസ്‌ലാമിക കോടതിയും തമ്മില്‍ ഒരു വൃതൃാസവുമില്ല. യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്ന ദുര്‍വൃാഖൃാനത്തോടെ 34 കോടി സമാഹരിച്ചവരേയും അതാവശൃപ്പെട്ട സൗദി ശരീയത്ത് കോടതിയേയും പണം കൈപ്പറ്റി കേസ് പിന്‍വലിച്ച അറബിയേയും ഒക്കെ പുകഴ്തുന്നവര്‍ ഒരു മനുഷൃ ജീവന് 34 കോടി രൂപ മനുഷൃത്വമില്ലാതെ ആവശൃപ്പെട്ട ഇക്കൂട്ടരെ തള്ളിപ്പറയുകയും ഇവരെ ദയാരഹിതമായി നിര്‍ഭയം നിശിതമായി വിമര്‍ശിക്കുകയും സാമൂഹിക-മാധൃമ കുറ്റവിചാരണ നടത്തുകയുമാണ് ചെയ്യേണ്ടത്.” കാടന്‍ ശരീഅത്ത് നിയമം, താലിബാന്‍, ജിഹാദിയടിമ, നര്‍കോട്ടിക് ജിഹാദ്, ലൗ ജിഹാദ് തുടങ്ങി നിരവധി പരാമര്‍ശങ്ങളാല്‍ സമൃദ്ധമായിരുന്നു അവരുടെ പോസ്റ്റ്.

എബിസി മലയാളം: എബിസി മലയാളം ചാനലില്‍ എ പി അഹമ്മദും രാജന്‍ ജോസഫുമായി നടന്ന സംഭാഷണം (14 ഏപ്രില്‍ 2024) കുറച്ചുകൂടെ സ്‌പെസഫിക്കായിരുന്നു. ഇത്തരം കോടതിവിധി നടത്തിയ സൗദി കോടതിയുടെയും അതിന്റെ ആളുകളുടെയും ആത്മീയതതന്നെ ചോദ്യം ചെയ്യണമെന്നും കാരുണ്യം സെലക്റ്റീവായിരുന്നുവെന്നും നിമിഷപ്രിയക്കുപകരം ആയിഷ ആണേല്‍ വിഷയം മാറുമായിരുന്നുവെന്നുമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന പോയിന്റ്.

മീഡിയ മലയാളം: മീഡിയ മലയാളം എന്ന യൂട്യൂബ് ചാനല്‍ വാടയാര്‍ സുനിലുമായി നടത്തിയ ഒരു അഭിമുഖത്തില്‍(14 ഏപ്രില്‍ 2024) അബ്ദുല്‍ റഹീമിന്റെ വിഷയത്തെ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുമായി താരതമ്യം ചെയ്യുന്നതായി കാണാം. അബ്ദുല്‍ റഹീമിന്റെ വിഷയം വന്നപ്പോള്‍ മലയാളികള്‍ മതവും ജാതിയൊന്നും നോക്കാതെ ഒന്നിച്ചെന്നും അതേസമയം നിമിഷ പ്രിയയുടെ വിഷയത്തില്‍ ആ അത്മാര്‍ത്ഥയും ജാഗ്രതയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിരാതമായ യുദ്ധങ്ങളും കൊലപാതകങ്ങളും നടക്കുന്ന ഒരു നാടായാണ് യമനെ ചിത്രീകരിച്ചിരിക്കുന്നത്. ”ആളുകളുടെ പേര് മാത്രം നോക്കി സഹായിക്കുന്നവരാണോ മലയാളികള്‍” എന്നും ഇതേ അഭിമുഖത്തില്‍ സുനില്‍ ചോദിക്കുന്നു.

നിമിഷ പ്രിയയുടെ അനുഭവം

അബ്ദുല്‍ റഹീമിന്റെ വിഷയത്തെ അറ്‌ലസ് രാമചന്ദ്രനും നിമിഷ പ്രിയയൂം ജയിലില്‍ കിടക്കുന്നതുമായി ബന്ധപ്പെടുത്തി നടത്തിയ പ്രചാരണങ്ങളെ സുപ്രഭാതം ദിനപത്രം ഫാക്ട് ചെക്ക് വിഭാഗം വിശകലനം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു(18 ഏപ്രില്‍ സുപ്രഭാതം). സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പരാതിയിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നതെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ഇടപെട്ടെങ്കിലും ഒടുവില്‍ സ്വത്ത് വില്‍പ്പന നടത്തി പണമടച്ചാണ് മോചിതനായതെന്നും അവര്‍ കണ്ടെത്തി.

നിമിഷ പ്രിയയുടെ കാര്യത്തില്‍ നിയമസഹായം നല്‍കുന്നതിന് 2020ല്‍ ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ രൂപീകരിച്ചു. ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ വിവിധ കോണുകളില്‍ നിന്ന് പിന്തുണ തേടി കൗണ്‍സില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിമിഷ പ്രിയയുമായി അവരുടെ അഭിഭാഷകരും മാതാവും സംസാരിക്കുണ്ട്. ജയിലില്‍ സാമ്പത്തികമായ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ നടത്തി കൊടുക്കാറുണ്ടെന്നും നിമിഷയുടെ മാതാവിന്റെ അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞതായി സുപ്രഭാതം റിപോര്‍ട്ട് ചെയ്തു. വിഷയത്തില്‍ വ്യവസായി എം എ യൂസഫലിയടക്കമുള്ളവര്‍ ഇടപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും യുദ്ധം മൂലം ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്ത രാജ്യമായതിനാലാണ് കൂടുതല്‍ ഇടപെടാന്‍ കഴിയാത്തതെന്നുമാണ് മനസ്സിലാക്കുന്നത്.

ശരിഅത്തും ഇസ് ലാമോഫോബിയയും: സൗദിയിലെ നിയമത്തിന്റെ പ്രത്യേകതയെന്നതിനേക്കാള്‍ ഇസ്‌ലാമിക ശരിഅത്തിന്റെ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യാനും പരിഹസിക്കാനുമായിരുന്നു റഹിമിന്റെ പേരിലുള്ള ക്രൗഡ് ഫണ്ടിങ്ങിനെ ഇസ്‌ലാമോഫോബിക് പ്രചാരകര്‍ ഉപയോഗപ്പെടുത്തിയത്. മുസ്‌ലിംകളുടെ ‘അസഹിഷ്ണുത’, ‘പിന്തിരിപ്പത്തം’, ‘വിവേചനം’, ‘കാടത്തം’ തുടങ്ങിയയായിരുന്നു മറ്റ് തീമുകള്‍. റഹിമിന്റെ വധശിക്ഷ ഒഴിവാക്കുന്നതുമായി കേരളത്തില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് വസ്തുതകളാണ് ശ്രദ്ധേയമായിട്ടുള്ളത്. ഒന്ന് ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് സിവില്‍ സമൂഹത്തിന് ഇടെപടാനുള്ള സാധ്യത. മറ്റൊന്ന് അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനുള്ള പരമാധികാരം.

രണ്ടു പരമാധികാര വ്യവസ്ഥകൾ: ഒരു വ്യക്തിക്കെതിരേ ആധുനിക ഭരണകൂടത്തിനു നൽകാവുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണ് വധശിക്ഷ. മറ്റൊരാളുടെ ജീവനെടുക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഈ ശിക്ഷയില്‍ ചില പ്രത്യേക സന്ദർഭങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത് കുടുംബമാണ് എന്നതാണ് സൗദിയിലെ നിയമത്തിന്റെ ഒരു വ്യത്യസം. ഇസ്ലാമിക നിയമത്തിന്റെ സവിശേഷ വ്യാഖ്യാനത്തിലൂടെ പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇതേ രീതി നിലനില്‍ക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വധശിക്ഷയുടെ അധികാരം കുടുംബത്തിനല്ല, മറിച്ച് ഭരണകൂടത്തിനാണ്. ഇന്ത്യയിലത് രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കുകയാണ്. എന്നാൽ സൌദി അറേബ്യയില് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവും പ്രതിയും തമ്മിലുള്ള നീക്കുപോക്കിന് (കോടതിയില് കുറ്റം തെളിഞ്ഞാലും) സാധ്യതയുണ്ട്. ഭരണകൂടം ശിക്ഷയുടെ കാര്യത്തില് എല്ലാ സന്ദർഭങ്ങളിലും പരമാധികാര ശക്തിയായി സൌദിയില് ഇടപെടുന്നില്ല (വിവരങ്ങള്ക്ക് കടപ്പാട്: റഹിമിന്റെ കോടതിയിലെ പരിഭാഷകന്‍ അലവിക്കുട്ടി മൗലവിയുമായി റഫീഖ് സലഫി (റഫീഖ് സലഫി യൂടൂബ് ചാനല്) നടത്തിയ അഭിമുഖം, 18 ഏപ്രില് 2024).

നിമിഷയുടെ കേസില്‍ ദായധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാവാത്തതാണ് അവരുടെ മോചനത്തിന് തടസ്സം. അവരുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ നടത്തിയ നിയമഇടപടെലുകള്‍ക്കുശേഷം കുടുംബത്തെക്കാണാന്‍ നിമിഷയുടെ മാതാവിന് സാധിച്ചു. കുടുംബത്തെ മാത്രമല്ല, കുടുംബമുള്‍പ്പെട്ട സമുദായത്തിന്റെ (ഗോത്രത്തിന്റെ) നേതാക്കന്മാരെക്കൂടി അവര്‍ കാണുന്നുണ്ടെന്ന് നേരത്തെ ഉദ്ധരിച്ച സുപ്രഭാതം വാര്‍ത്തയില്‍ പറയുന്നു. അതായത് അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനും സമുദായത്തിനുംകൂടി പങ്കുണ്ട്.

രാജീവ് വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയായ നളിനിക്ക് മാപ്പ് നല്‍കാന്‍ ഗാന്ധി കുടുംബം തയ്യാറായിരുന്നു. സോണിയാഗാന്ധി നളിനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന കാബിനറ്റ് നടത്തിയ ശുപാര്‍ശകൂടി പരിഗണിച്ചാണ് നളിനിയുടെ ശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി ചുരുക്കിയത്. എന്നാല്‍ സൗദിയില്‍ കൊലചെയ്യപ്പെട്ടയാളുടെ കുടുംബത്തിന് ഈ അവകാശം വ്യവസ്ഥാപിതമായിത്തന്നെ ലഭ്യമാണ്.

മറ്റൊന്ന് നിയമവ്യവസ്ഥയില്‍ ഇടപെടുന്നതില്‍ സമുദായത്തിനും പൊതുസമൂഹത്തിനും ലഭിക്കുന്ന സാധ്യതയാണ്. റഹിമിന്റെ വധശിക്ഷയില്‍ ഇളവു വരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നത് ഇന്ത്യന്‍ ഭരണകൂടമോ സംസ്ഥാന ഭരണകൂടമോ അല്ല. മറിച്ച് കേരളത്തിലെ സിവിൽസമൂഹമാണ്. അവരാണ് പണം ശേഖരിച്ച് മറ്റൊരു രാജ്യത്തെ ജയിലില്‍ തടവില്‍ കഴിയുന്നയാളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

സൌദിയിലെ വധശിക്ഷ: സൗദിയില്‍ വധശിക്ഷക്ക് വിധേയരാവുന്നതില്‍ ബഹുഭൂരിപക്ഷവും തദ്ദേശീയരായ അറബി മുസ്ലിംകളാണ്. ഉദാഹരണത്തിന് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2023 ല്‍ വധശിക്ഷക്കു വിധേയമായവരില്‍ 78 ശതമാനവും സ്വദേശികളായിരുന്നു, അതായത് സൗദി പൗരന്മാര്‍. ആ വര്‍ഷം ആകെ നടപ്പിലാക്കിയ വധശിക്ഷകളുടെ എണ്ണം 172 ആയിരുന്നെങ്കില്‍ അതില്‍ ഇന്ത്യക്കാര്‍ നാല് പേര്‍ മാത്രമാണ്. (യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്ട്ട് 2023 കാണുക). വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കെതിരേയും ചുമത്തിയ കുറ്റം സൌദി രാഷ്ട്ര നിയമപ്രകാരമുള്ള രാജ്യദ്രോഹമായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വിവര്ത്തന പ്രശ്നം: ഇസ് ലാമിലെ വലിയൊരു അനീതിയായി അവതരിപ്പിക്കുന്ന ഒന്നാണ് വധശിക്ഷ ഒഴിവാക്കുന്നതിന് പകരം ഈടാക്കുന്ന ബ്ലഡ് മണി അഥവാ അറബിയില്‍ ദിയ എന്നറിയപ്പെടുന്ന നീതിസങ്കല്പം . അറബിയില്‍നിന്ന് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുവരുന്നതിനിടയിലാണ് ‘ദിയ’ എന്ന വാക്കിന് ‘ബ്ലഡ് മണി’ എന്ന അര്‍ത്ഥം ലഭിച്ചത്. അറബിയില്‍ ‘ദിയ’ എന്നാല്‍ ‘നഷ്ടപരിഹാര’മാണ് (ഇംഗ്ലീഷില് കോംപന്സെഷന്) എന്നും അർഥമുണ്ട്. പല ഇംഗ്ലീഷ് ഖുര്ആൻ വ്യാഖ്യാനങ്ങളും ഈ രണ്ടു വാക്കുകളും മാറി ഉപയോഗിക്കുന്നു. അറബിയില്‍ ‘ദിയ’ എന്ന വാക്ക് വികസിച്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ‘ബ്ലഡ് മണി’ എന്ന വാക്ക് ഉണ്ടായതുതന്നെ( അവലംബം: ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു). 1500കളിലാണ് ഈ വാക്ക് ആദ്യമായി ഇംഗ്ലീഷിൽ ആധികാരികമായി പ്രത്യക്ഷപ്പെട്ടത്, അതും ‘തെറ്റായ വഴിയിലൂടെ നേടുന്ന പണം’ എന്ന അര്‍ത്ഥത്തില്‍. അതിനും എത്രയോ നൂറ്റാണ്ടിനുശേഷമാണ് ‘ദിയ’ എന്ന വാക്കിന് ‘ബ്ലഡ് മണി’ എന്ന അര്‍ത്ഥം ലഭിക്കുന്നത്. 1649 ലാണ് ഖുര്ആന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം വരുന്നത്. അലക്സാണ്ടര് റോസ് എന്നയാളാണ് ഫ്രഞ്ചില് നിന്നു ഇംഗ്ലീഷിലേക്ക് വിവർത്തനം നടത്തിയത് എന്നതും കൂട്ടി വായിക്കുക.