Kerala Islamophobia

ഇസ്‌ലാമോഫോബിയ ഡോക്യുമെന്റേഷൻ: എന്ത്? എങ്ങിനെ?

2024-ല്‍ കേരളത്തിൽ 220 സംഭവങ്ങളാണ് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്ടീവ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ശരാശരി ഓരോ 36 മണിക്കൂറിലും ഓരോ സംഭവം വീതം(കേരള  ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024, പേജ് 15). എന്നാല്‍ 2025ല്‍ മൊത്തം 636 സംഭവങ്ങളാണ് രേഖപ്പെടുത്തിയത് (കേരളീയം, ഇസ്‌ലാമോഫോബിയ ക്ലിനിക്) . അതായത് ശരാശരി ഓരോ 24 മണിക്കൂറിലും ഏകദേശം രണ്ട് സംഭവങ്ങള്‍ വീതം. ഇതിലേറെ വിപുലമാണ് രേഖപ്പെടുത്താന്‍ സാധിക്കാതെ പോയത് എന്നും ഓര്‍ക്കുക.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇസ്‌ലാമോഫോബിയ പൊതുവേ കുറവാണെന്ന് ഇന്ത്യ ഹേറ്റ് ലാബ് അടക്കമുള്ളവർ പുറത്തിറക്കിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്‍ഡ്യ ഹേറ്റ്‌ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. അവര്‍ തങ്ങളുടെ റിപോര്‍ട്ടുകള്‍ക്കുവേണ്ടി ഇംഗ്ലീഷ് മാധ്യമങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചത്. അതിനാല്‍ മലയാള ഭാഷാ പത്രങ്ങളിലൂടെ പുറത്തുവന്ന നിരവധി സംഭവങ്ങളും പ്രസ്താവനകളും രേഖപ്പെടുത്തപ്പെടാതെ പോകുന്നു. ഉദാഹരണമായി എസ്എന്‍ഡിപി നേതാവായ വെള്ളാപ്പള്ളി നടേശന്‍ മാത്രം 60 വിദ്വേഷ പ്രസ്താവനകള്‍ 2025 ഏപ്രില്‍ 5 നും ഡിസംബര്‍ 16 നും ഇടയ്ക്ക് നടത്തിയിട്ടുണ്ട് (വെള്ളാപ്പള്ളിയുടെ 60 വിദ്വേഷ പ്രസ്താവനകള്‍, ഇസ്‌ലാമോഫോബിയറിസര്‍ച്ച് കലക്റ്റീവ് റിപ്പോര്‍ട്ട്, 2025 ഡിസംബര്‍ 19, കേരളീയം)

ദൈനംദിന ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പറയുന്ന പ്രകാരം ഇസ്‌ലാമോഫോബിയ വ്യവസ്ഥപരമോ ഘടനാപരമോ പ്രത്യയശാസ്ത്രപരമോ ആയി മാത്രമല്ല ദൈനംദിനവും സൂക്ഷ്മവുമായി ആവിഷ്കരിക്കപ്പെടുന്നതാണ്. മടുപ്പിക്കുന്ന ആവര്‍ത്തന വിരസതയോടെ അതു നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. മറ്റൊരു രീതിയില് പറഞ്ഞാല് ഇസ്‌ലാമോഫോബിയയുടെ ആവിഷ്കാരത്തിനു വിവിധ രൂപഭാവങ്ങളുണ്ട്– സൂക്ഷ്മ ഇസ്‌ലാമോഫോബിയയും സ്ഥൂല ഇസ്‌ലാമോഫോബിയയും. ദൈനംദിന ഇസ്‌ലാമോഫോബിയസൂക്ഷ്മവും സ്ഥൂലവുമാണ്. സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയ, വ്യവസ്ഥാ ഇസ്‌ലാമോഫോബിയ, സുരക്ഷാരാഷ്ട്രീയത്തിന്റെ ഇസ്‌ലാമോഫോബിയ, സവര്‍ണ ദേശീയ ഇസ്‌ലാമോഫോബിയ, ആന്തരികവല്‍കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ, പരോക്ഷ ഇസ്‌ലാമോഫോബിയ, ലിംഗവൽകൃത ഇസ്‌ലാമോഫോബിയ, സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ തുടങ്ങിയ നിരവധി വകഭേദങ്ങളും ദൈനംദിന ഇസ്‌ലാമോഫോബിയയെ നിര്‍ണയിക്കുന്നു.

സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള പൊതുവ്യക്തികള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ദൈനംദിന ആവിഷ്‌കാരത്തെയും പൊതുപ്രകടനത്തെയും പ്രതിഫലിപ്പിക്കുന്ന സാമൂഹ്യ മാതൃകയായി പരിഗണിക്കേണ്ടതുണ്ട്. അത്തരം മാതൃകകളെ ക്രോഡീകരിക്കുന്നതും വിശകലനം ചെയ്യുന്നതും ഘടനാപരമായി വികസിച്ച ഇസ്‌ലാമോഫോബിയയുടെ ദൈനംദിന ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നു.

അടയാളപ്പെടുത്തിയും രേഖപ്പെടുത്തിയും വേര്‍തിരിച്ചും ഇസ്‌ലാമോഫോബിയയെ പഠിക്കുന്നവര്‍ക്കു മുന്നില്‍ വെല്ലുവിളികളേറെയാണ്. സാമൂഹിക – രാഷ്ട്രീയ വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വികസിക്കുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ചു ചിന്തിക്കാനും ബുദ്ധിമുട്ടേറെയാണ്. കാരണം വിമര്‍ശനവും വിവേചനവും തമ്മിലുള്ള അകലത്തെ ലഘൂകരിച്ചാണ് ഇസ്‌ലാമോഫോബിയസ്വയം ശക്തിപ്രാപിക്കുന്നത്. അതുകൊണ്ട് വിമര്‍ശനത്തെയും വിവേചനത്തെയും വേര്‍തിരിക്കേണ്ടത് പ്രധാനമായി വരുന്നു. ദൈനംദിന ഇസ്‌ലാമോഫോബിയ അഥവാ എവരിഡേ ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസത്തെ വിശകലനം ചെയ്യുന്നതിലെ വെല്ലുവിളിയാണിത്.

ഇസ്‌ലാമോഫോബിയക്കെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കേവലം തെറ്റിദ്ധാരണയില്‍ നിന്നുണ്ടാവുന്ന പ്രസ്താവനകളും ഒറ്റപ്പെട്ട സംഭവങ്ങളുമെന്നതിലുപരി സാമൂഹിക – രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമായി അധികം വിമര്‍ശനങ്ങളില്ലാതെയും പുനരാലോചനകളില്ലാതെയും പൊതു ഒഴുക്കിന്റെ ഭാഗമായി സ്വീകരിക്കപ്പെടുന്നുവെന്നതാണ് ഇവയൊക്കെ ഉന്നയിക്കുന്ന പ്രശ്‌നം. ‘ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷം’ (അറ്റ്‌മോസ്‌ഫെറിക് ഇസ്‌ലാമോഫോബിയ) എന്ന സാമൂഹിക പ്രശ്‌നത്തെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ ചര്‍ച്ചയ്ക്ക് സാധിച്ചേക്കും.

ഇസ്‌ലാമോഫോബിയ: ‘പ്രസ്താവന’കളും ‘സംഭവങ്ങ’ളും

ദൈനംദിന ഇസ്‌ലാമോഫോബിയരണ്ടു രീതിയിലാണ് പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത്, ‘പ്രസ്താവന’കളായും ‘സംഭവങ്ങ’ളായും. പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ‘സംഭവങ്ങള്‍’. അതിലടങ്ങിയ ഇസ്‌ലാമോഫോബിയയെ നമുക്ക് എളുപ്പം തിരിച്ചറിയാനാവുമെന്നതാണ് പ്രസ്താവനയുമായുള്ള അതിന്റെ വ്യത്യാസം.

എന്നാല്‍ ‘പ്രസ്താവന’കളെ വെറും ‘വാക്കുകള്‍’ മാത്രമായി കാണുന്ന ഒരു രീതിയുണ്ട്. ഈ ധാരണ പലപ്പോഴും ഇസ്‌ലാമോഫോബിയമനസ്സിലാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ഏതു പൊതുപ്രസ്താവനയും ഒരു സാമൂഹിക മാറ്റത്തെ ലക്ഷ്യം വെക്കുന്നുണ്ട്, പ്രവര്‍ത്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. പ്രവര്‍ത്തി സാധ്യമാക്കാത്ത ആവിഷ്‌കാരം സാമൂഹിക ശക്തിയില്ലാത്ത വെറും ‘ശബ്ദം’ (നോയിസ്) മാത്രമായി ഒതുങ്ങുന്നു. എല്ലാവരും സംസാരിക്കുന്നുവെങ്കിലും ചില സംസാരങ്ങള് മാത്രമാണ് പ്രസ്താവനയായി മാറുന്നത്. പ്രവര്‍ത്തിയുടെ ശക്തിയും സാധ്യതയുമാണ് ആരുടെ ‘ശബ്ദ’ത്തെയും ഒരു ‘പ്രസ്താവന’യാക്കി മാറ്റുന്നത്. ഒരു വാക്കിനെ ശബ്ദമെന്നതിനേക്കാള്‍ പ്രസ്താവനയോ ആവിഷ്‌കാരമോ (സ്പീച്ച്) ആക്കി ആക്കുന്നതും സാമൂഹിക മാറ്റമെന്ന ലക്ഷ്യം സമൂഹം അതിനു കല്പിച്ചു നല്കുന്നതിനാലാണ്. പ്രവര്‍ത്തിയിലൂടെ സാക്ഷാല്‍ക്കരിക്കാത്ത ഒരു ശബ്ദവും സാമൂഹിക പ്രാധാന്യം നേടുന്നില്ല. പാലപ്പഴും കീഴാള വിഭങ്ങളുടെ സംസാരങ്ങള് ശബ്ദം മാത്രമായി നിലനില്‍ക്കുന്നതും കാണാം.

എന്നാല്‍ എല്ലാ ശബ്ദങ്ങളും സംസാരങ്ങളും പ്രസ്താവനകളും ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ വരണമെന്നില്ല. കേവലമായ സംസാരത്തെയും വാക്കിനെയും ആവിഷ്‌കാരങ്ങളെയും വിദ്വേഷ പ്രസ്താവനകളില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇസ്‌ലാമോഫോബിയയെന്ന സങ്കല്‍പ്പത്തെത്തന്നെ അത് റദ്ദാക്കും. വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയസ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിയ്ക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. ദോഷകരമായ പ്രവര്‍ത്തിക്കു കാരണമാവുമോയെന്ന് (ഹേതുവാദം അഥവാ കോണ്‍സിക്വെന്‍ഷ്യലിസം) പരിശോധിക്കുന്നതിലൂടെയാണ് പ്രസ്താവനയിലെയോ സംസാരത്തിലെയോ ഇസ്‌ലാമോഫോബിയകണ്ടെത്താനാവുക. ഇതിന്റെ വെളിച്ചത്തില്‍ കേവല പ്രസ്താവനയെയും വിദ്വേഷ പ്രസ്താവന(ഹെറ്റ് സ്പീച്ച്)യെയും തരംതിരിക്കാം. കേവല പ്രസ്താവനകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കില്‍ വിദ്വേഷ പ്രസ്താവനകള്‍ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍വരും.

ഇസ്‌ലാമോഫോബിയ രേഖാശേഖരം: എന്ത്? എങ്ങിനെ?

ഇസ്‌ലാമോഫോബിയ രേഖപ്പെടുത്തുന്നതിനുള്ള രീതിശാസ്ത്രമായി ക്രമബദ്ധമായ മാധ്യമ നിരീക്ഷണവും രേഖാശേഖരണവും (systematic media monitoring and documentation) ഉപയോഗിക്കാം. സാമൂഹ്യശാസ്ത്രത്തിലും മാധ്യമപഠനത്തിലും രൂപപ്പെട്ട ഒരു ഗവേഷണ സമീപനമാണിത്. ഈ രീതിയുടെ പ്രധാന ഘടകങ്ങൾ ക്രമബദ്ധമായ നിരീക്ഷണം (systematic observation), സ്രോതസ്സുകളെ ആശ്രയിച്ചുള്ള ഡാറ്റ ശേഖരണം (source-based data collection), വിവരങ്ങളുടെ സ്ഥിരീകരണം (verification), രേഖാശേഖരണം (documentation/archiving) എന്നിവയാണ്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളെ പ്രാഥമിക സ്രോതസ്സുകളായി ഉപയോഗിച്ച് ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട സംഭവങ്ങളും പ്രസ്താവനകളും രേഖപ്പെടുത്തുന്നതാണ് ഇതിന്റെ അടിസ്ഥാന പ്രവർത്തനം.

ഈ രീതിയിൽ വിവിധ മാധ്യമ സ്രോതസ്സുകൾ—ദിനപ്പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ, ആഴ്ചപ്പതിപ്പുകൾ, മാഗസിനുകൾ, ഓൺലൈൻ വാർത്താ പ്ലാറ്റ്ഫോമുകൾ, യൂട്യൂബ് ചാനലുകൾ, സാമൂഹ്യമാധ്യമങ്ങൾ—ക്രമമായി നിരീക്ഷിക്കപ്പെടുന്നു. ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ പരിശോധിച്ച് ഇസ്‌ലാമോഫോബിക് സംഭവങ്ങൾ, പ്രസ്താവനകൾ, വിവാദങ്ങൾ, നയപരമായ തീരുമാനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നു. ശേഖരിച്ച വിവരങ്ങൾ പിന്നീട് വർഗ്ഗീകരിക്കുകയും ക്രമീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമ ചാനലുകള്‍, അച്ചടിമാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍ തന്നെയാണ് പ്രാഥമിക സോഴ്സായി ഉപയോഗപ്പെടുത്തിയത്. ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ കൂടുതല്‍ ഉദ്പാദിപ്പിക്കുന്ന എബിസി മലയാളം, മറുനാടന്‍ മലയാളി, കര്‍മന്യൂസ്, ന്യൂസ് കഫെ ലൈവ്, ഷെക്കീന ടിവി , ഗുഡ് ന്യൂസ്, തത്വമയി തുടങ്ങിയ നിരവധി യുട്യൂബ് ചനലുകള്‍ ഈയന്വേഷണത്തിൻ്റെ പരിധിയിൽ വരുന്നു . വ്യക്തികള്‍ നടത്തുന്ന യുട്യൂബ് ചാനലുകളും ഇതിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്.

പത്ര മാധ്യമങ്ങളെയും ദൃശ്യമാധ്യമങ്ങളെയും അപേക്ഷിച്ചു സാമൂഹിക മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ എത്രയോ കൂടുതലാണ്. ഹിന്ദുത്വർ , നവനാസ്തികർ തുടങ്ങിയ വിഭാഗങ്ങളുടെ പ്രചാരകരാണ് യൂറ്റുബിൽ ഇത്തരം ഇടപെടലുകൾ നടത്തുന്നത്. വളരെ കുറച്ചു സാമ്പിളുകൾ മാത്രമെ സ്ഥലപരിമിതി ഭയന്ന് സാമൂഹിക മാധ്യമങ്ങളിൽ നിന്നു ഉൾപ്പെടുത്തിയിട്ടുള്ളൂ.

ഓരോ ദിവസവും വരുന്ന വാർത്തകൾ, സംഭവങ്ങൾ, പ്രസ്താവനകള്‍ ശേഖരിക്കുകയും അതിൻ്റെ തുടക്കവും അവസാനവും നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. 365 ദിവസവും കഴിഞ്ഞ രണ്ടു വർഷങ്ങൾ  ഇതിനായി വിനിയോഗിച്ചു. പിന്നീടു ഇതൊരു മാസാന്ത റിപ്പോർട്ടാക്കി മാറ്റി.

രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുടെയും പ്രസ്താവനകളുടെയും സോഴ്‌സും തിയ്യതിയും കഴിയുന്നത്രെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള സൈദ്ധാന്തികമാതൃകളും പ്രായോഗിക അനുഭവങ്ങളും സമന്വയിച്ചാണ് കുറിപ്പുകള്‍ തയ്യാറാക്കിയത്. ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് രേഖാശേഖരണം നടത്തിയത്. പൗരസമൂഹത്തില്‍നിന്നുള്ള സഹായവും സ്വീകരിച്ചിട്ടുണ്ട്.

ഈ രേഖകൾ സംഗ്രഹിച്ച് പരിശോധിക്കുമ്പോൾ ഒരു നിർദ്ദിഷ്ട കാലയളവിൽ—ദിവസം, ആഴ്ച, മാസം, വർഷം—എത്ര സംഭവങ്ങൾ ഉണ്ടായിരിക്കുന്നു എന്നത് കണക്കാക്കാൻ സാധിക്കുന്നു. ഇതിലൂടെ ഇസ്‌ലാമോഫോബിയയുടെ വ്യാപ്തി, ആവർത്തനതോത്, രൂപഭേദങ്ങൾ, പ്രവർത്തനരീതികൾ എന്നിവ വിശകലനം ചെയ്യാൻ കഴിയും. ഇങ്ങനെ ക്രമബദ്ധമായി ശേഖരിച്ച ഡാറ്റ, ഇസ്‌ലാമോഫോബിയയെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാതെ, സാമൂഹിക-രാഷ്ട്രീയ പ്രവണതയായി മനസ്സിലാക്കുന്നതിനും വിമർശനാത്മകമായി പഠിക്കുന്നതിനും അടിസ്ഥാനമായി പ്രവർത്തിക്കുന്നു.

ഇസ്‌ലാമോഫോബിയ എല്ലാ ദിവസവും സംഭവിക്കാറുണ്ടെങ്കിലും അവയുടെ വിതരണം തുല്യമല്ല. ചില പ്രത്യേക കാലങ്ങളില്‍ കൂടുതല്‍ അളവില്‍ അതനുഭവപ്പെടുന്നു. സമൂഹത്തെ കൂടുതല്‍ ബാധിക്കുന്ന മെഗാ ഇവന്റുകള്‍ കൂടുതല്‍ ഇസ്ലാലമോഫോബിയാ പ്രചാരണത്തിന് കാരണമായതായി കണ്ടു. ഉദാഹരണത്തിന് തിരഞ്ഞെടുപ്പ് പോലുള്ള സംഭവങ്ങളാണ് കൂടുതല്‍ ഇസ്‌ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്നത്.

നിരീക്ഷണങ്ങൾ

ഇസ്‌ലാമോഫോബിയ രേഖപ്പെടുത്തുന്നതിനും വിശകലനം ചെയ്യുന്നതിനും സ്വീകരിക്കുന്ന സമീപനം, ഒറ്റപ്പെട്ട സംഭവങ്ങളുടെ പട്ടികയാക്കലിൽ ഒതുങ്ങുന്നതല്ല; മറിച്ച് അത് ഘടനാപരമായ സാമൂഹിക-രാഷ്ട്രീയ പ്രവണതകളെ തിരിച്ചറിയാനുള്ള ഒരു വിശകലന രീതിയായി രൂപപ്പെടുത്തുന്നതാണ്.

ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ, ഇസ്‌ലാമോഫോബിയ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളിലൊതുങ്ങുന്ന പ്രതിഭാസമല്ല; ഭരണകൂടത്തിന്റെ പ്രവർത്തനരീതികളിലും സ്ഥാപന ഘടനകളിലും പൊതുചർച്ചകളിലും പ്രവർത്തിക്കുന്ന ഒരു ഘടനാപരമായ പ്രവണതയായിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ അധികാരത്തിലുള്ള കക്ഷി മാറുന്നതിലൂടെ മാത്രം ഇസ്‌ലാമോഫോബിയയിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെന്നില്ലെന്ന ധാരണ ഈ പഠനത്തിന്റെ അടിസ്ഥാനമാണ്.

ഈ രീതിയിൽ ഇസ്‌ലാമോഫോബിയയുടെ ഉത്പാദനം, വിതരണം, വ്യാപനം എന്നിവയെ വ്യത്യസ്ത തലങ്ങളിൽ പരിശോധിക്കുന്നു. പ്രത്യേകിച്ച് പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷപ്രചരണം, സാമൂഹികമാധ്യമങ്ങളുടെ പങ്ക് എന്നിവ പ്രത്യേകം നിരീക്ഷണ വിധേയമാക്കപ്പെടുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപിക്കുന്ന ഡിജിറ്റൽ ഇസ്‌ലാമോഫോബിയയുടെ വ്യാപ്തി, രേഖപ്പെടുത്താൻ പ്രയാസമുള്ളതും അതിവേഗം പടരുന്നതുമായ സ്വഭാവമുള്ളതുമാണെന്ന് ഈ സമീപനം മുൻകൂട്ടി അംഗീകരിക്കുന്നു.

മാധ്യമ വിശകലനത്തിൽ മുഖ്യധാര മാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പ്ലാറ്റ്‌ഫോമുകൾ, യൂട്യൂബ് ചാനലുകൾ, സാമൂഹികമാധ്യമങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും പരിഗണിക്കുന്നു. വ്യാജവാർത്തകൾ, വളച്ചൊടിച്ച റിപ്പോർട്ടുകൾ, രാഷ്ട്രീയ വിമർശനത്തിന്റെ പേരിലുള്ള വിദ്വേഷപ്രചരണം എന്നിവയെ വേർതിരിച്ചറിയുകയും അവയുടെ ഉറവിടങ്ങളും വ്യാപനരീതികളും രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം, ചില മാധ്യമങ്ങൾ ഇസ്‌ലാമോഫോബിക് പ്രചാരണത്തെ എതിർക്കുന്ന സാഹചര്യങ്ങളും രേഖപ്പെടുത്തപ്പെടുന്നു, അതുവഴി മാധ്യമങ്ങളിലെ വൈവിധ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു.

രാഷ്ട്രീയ കക്ഷികൾ, പ്രത്യയശാസ്ത്ര ഗ്രൂപ്പുകൾ, മതേതരവാദികൾ, യുക്തിവാദികൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെ പങ്കാളിത്തവും ഈ രീതിയിൽ പരിശോധിക്കുന്നു. ഇസ്‌ലാമോഫോബിയ ഒരു പ്രത്യേക രാഷ്ട്രീയധ്രുവത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നതും വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളിലൂടെ പ്രചരിക്കാമെന്നതും ഈ വിശകലനത്തിന്റെ ഭാഗമാണ്.

ഇസ്‌ലാമോഫോബിയയുടെ ലക്ഷ്യങ്ങളെയും ഈ രീതിയിൽ വർഗ്ഗീകരിക്കുന്നു. മുസ്ലിം വ്യക്തികൾ, സമുദായം, സംഘടനകൾ എന്നിവയെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചറിഞ്ഞ് ആക്രമണങ്ങളുടെ സ്വഭാവം പരിശോധിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം സംഘടനകളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ഒരു പ്രത്യേക ഉപവിഭാഗമായി രേഖപ്പെടുത്തുന്നു. ഇതിലൂടെ വ്യക്തിപരമായ ആക്രമണങ്ങളെയും സംഘടനാത്മക ആക്രമണങ്ങളെയും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കുന്നു.

ഭൂമിശാസ്ത്ര തലത്തിലും ഇസ്‌ലാമോഫോബിയയുടെ വ്യാപനം പരിശോധിക്കുന്നു. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള വിദ്വേഷപ്രചാരണങ്ങൾ, പുതിയ പ്രദേശങ്ങളുടെ ഉൾപ്പെടുത്തൽ, പ്രദേശങ്ങളോട് ബന്ധപ്പെട്ട സ്ഥിരമായ സ്റ്റീരിയോട്ടൈപ്പുകൾ എന്നിവ രേഖപ്പെടുത്തുന്നു. ഇതിലൂടെ ഇസ്‌ലാമോഫോബിയയുടെ പ്രാദേശിക പാറ്റേണുകളും മാറ്റങ്ങളും തിരിച്ചറിയാൻ സാധിക്കുന്നു.

ഭരണകൂട ഏജൻസികളുടെ പങ്കും ഈ രീതിയിൽ പ്രത്യേകമായി പരിശോധിക്കുന്നു. പോലിസ്, പൊതുസ്ഥാപനങ്ങൾ, വിദേശത്തുള്ള ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തി ഭരണകൂട ഇസ്‌ലാമോഫോബിയയുടെ ഘടകങ്ങൾ വിശകലനം ചെയ്യുന്നു. ഭരണകൂട സംവിധാനങ്ങൾ തന്നെ ഇസ്‌ലാമോഫോബിക് പ്രവണതകൾ സൃഷ്ടിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഈ രീതിയിൽ പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തുന്നു.

ഈ സമഗ്ര സമീപനം, ഇസ്‌ലാമോഫോബിയയെ ഒറ്റപ്പെട്ട പ്രസ്താവനകളുടെയോ സംഭവങ്ങളുടെയോ കൂട്ടായ്മയായി മാത്രം കാണാതെ, പ്രത്യയശാസ്ത്ര, രാഷ്ട്രീയ, മാധ്യമ, സാമൂഹിക, ഭരണകൂട തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഘടനാപരമായ പ്രക്രിയയായി മനസ്സിലാക്കുന്നതിനുള്ള രീതിശാസ്ത്ര ചട്ടക്കൂട് നൽകുന്നു.

( ഇസ്‌ലാമോഫോബിയ റിസർച്ച് കലക്ടീവ് പ്രസിദ്ധീകരിച്ച ‘കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2024′ (പ്രതീക്ഷ ബുക്സ് 2024), ഉടൻ പ്രസിദ്ധീകരിക്കുന്ന  ‘കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2025’ എന്നീ പുസ്തകങ്ങളുടെ ആമുഖത്തിൽ നിന്ന്)