Kerala Islamophobia

സമുദായം, രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: സുദേഷ് എം രഘു സംസാരിക്കുന്നു

അഭിമുഖം: ഷബീര്‍ രാരങ്ങോത്ത്

ബാല്യകൗമാരങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാമെന്ന് കരുതുന്നു. എവിടെയായിരുന്നു പഠനവും മറ്റും?

1965 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ ഒരു സാധാരണ ഈഴവ കുടുംബത്തിലാണെന്റെ ജനനം. നാലു മക്കളില്‍ ഏറ്റവും ഇളയ ആള്‍. ഈഴവ സമുദായത്തിന്റെ തന്നെ, സന്മാര്‍ഗ പ്രദീപിക(എസ്.പി) സഭ നടത്തിയിരുന്ന സ്‌കൂളിലാണ് ഞാന്‍ എല്‍ പി വിദ്യാഭ്യാസം ചെയ്തത്. പിന്നീട് ആ സ്കൂളിന്റെ മാനേജറൊക്കെ ആയിട്ടുണ്ട്. എടവനക്കാട് തന്നെയുള്ള കെ പി എം ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പ്രീഡിഗ്രി, മൂത്തകുന്നം എച് എം ഡി പി സഭ നടത്തിയിരുന്ന എസ് എന്‍ എം കോളേജ് മാല്യങ്കരയിലായിരുന്നു. പ്രീഡിഗ്രിക്കു ശേഷം എന്റെ വിദ്യാഭ്യാസം പല തരത്തില്‍ തടസപ്പെടുന്ന അവസ്ഥയുണ്ടായി. നാടകം, സാമൂഹികപ്രവർത്തനം, വീട്ടിലെ സാഹചര്യങ്ങൾ, എന്റെ തന്നെ ചില കുഴപ്പങ്ങൾ തുടങ്ങിയ കാരണങ്ങളാൽ, തൃശൂരിലെ സ്കൂൾ ഒഫ് ഡ്രാമ മുതൽ എറണാകുളം മഹാരാജാസ് കോളെജിലൊക്കെ ഞാന്‍ പഠനത്തിനായി പോയെങ്കിലും അതൊന്നും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളീയ യുവജനവേദി തുടങ്ങിയ സംഘടനകളിലും പിന്നീട് മണ്ഡൽ കമ്മീഷൻ നടപ്പാക്കിയ കാലത്ത് ജനതാദൾ പാർട്ടിയിലും ഞാന്‍ പ്രവര്‍ത്തിച്ചു. പഠനം വഴിമുട്ടി നില്‍ക്കുന്ന സമയത്താണ് എനിക്കു ജോലി കിട്ടുന്നത്. ആരോഗ്യ വകുപ്പില്‍ ലെപ്രസി ഇന്‍സ്‌പെക്ടര്‍ എന്ന തസ്തികയിലാണ് ആദ്യം ജോലി ലഭിക്കുന്നത്. ശേഷം, വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോലി ലഭിച്ചു. (ആ പി എസ് സി ലിസ്റ്റിൽ എറണാകുളം ജില്ലയിലെ ഒന്നാം റാങ്കുകാരനായിരുന്നു ഞാൻ). അല്‍പ്പകാലം മാത്രമേ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തുള്ളൂ. പിന്നീട് ആരോഗ്യ വകുപ്പിലേക്കു തന്നെ തിരികെ പോയി.

ഏതാണ്ട് 29 വര്‍ഷത്തെ സര്‍ക്കാര്‍ ജോലിയില്‍ പല സ്ഥാനക്കയറ്റങ്ങളുണ്ടായിട്ടും എറണാകുളം വിട്ടു പോകേണ്ടി വന്നിട്ടില്ല. അവസാനം എറണാകുളം ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എന്ന ഗസറ്റഡ് തസ്തികയില്‍ നിന്നാണ് 2021 മെയ് 31 നു ഞാന്‍ വിരമിക്കുന്നത്.ആരോഗ്യ വകുപ്പിലെ ജോലി എനിക്ക് ഒരുപാടു സഹായകമായിട്ടുണ്ട്. വായനയ്ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമൊക്കെ എനിക്കു സാധിച്ചത് അതുകൊണ്ടുകൂടിയാണെന്നു പറയാം. ഫീൽഡ് വിഭാഗം ഉദ്യോഗവും അതിന്റെ സൂപ്പർവിഷനും ഒക്കെയായിരുന്നതിനാൽ, നല്ല ഫ്‌ലെക്‌സിബിള്‍ ആയുള്ള ടൈം ആയിരുന്നു ആരോഗ്യ വകുപ്പിലേത്.

അതിനിടയ്ക്കു വിവാഹം കഴിച്ചു. വൈഫ് മറ്റൊരു ഓബീസീ (ധീവര) സമുദായക്കാരിയാണ്. രണ്ടു മക്കളാണു ഞങ്ങള്‍ക്ക്. അതിൽ മകൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. താമസിക്കുന്നതും എടവനക്കാടാണ്. എന്റെ അമ്മയും കൂടെയുണ്ട്. അച്ഛൻ മരിച്ചുപോയി.

പിന്നീട് എപ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിപ്പെടുന്നത്?

ഞാന്‍ പറഞ്ഞല്ലോ, പ്രീഡിഗ്രി കാലം തൊട്ടു തന്നെ ശാസ്ത്രസാഹിത്യ പരിഷത്തില്‍ സജീവമായിരുന്നു. പിന്നീട് സി ആര്‍ സി സി പി ഐ എം എല്ലിന്റെ യുവജനസംഘടന(കേരളീയ  യുവജനവേദി)യില്‍ കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. 1990ലാണ്  മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിൽ വരുന്നത്. ഞാന്‍ അതിനെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. പാർട്ടിക്കകത്ത് കെ. വേണുവിന്റെ നിലപാട് കുറച്ചു ഗുണകരമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. വര്‍ഗത്തിനൊപ്പം ജാതി കൂടി പ്രധാന ഘടകമായി എടുക്കണം എന്ന നിലപാട് കെ. വേണു ഉയര്‍ത്തിയിരുന്നു.
മണ്ഡല്‍ കമ്മീഷനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പഠനമാരംഭിച്ചു. വി ടി രാജ്ശേഖർ പത്രാധിപരായിരുന്ന ദലിത് വോയ്‌സ് (സ്ഥാപിതം: 1981) എന്ന ദ്വൈവാരികയൊക്കെ അക്കാലത്തു നന്നായി വായിച്ചിരുന്നു. അംബേദ്കര്‍ സാഹിത്യങ്ങള്‍ എന്റെ വായനയിലേക്കു കടന്നു വന്നതും ആ വഴിയാണ്. പതിയെ ഞാന്‍ ദലിത് -ബഹുജന്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനും അനുഭാവിയുമൊക്കെയായി മാറി.

അതിനിടയ്ക്ക് വി പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. അതിനോടു താല്‍പ്പര്യം തോന്നി, ചില സമാനചിന്താഗതിക്കാര്‍ക്കൊപ്പം ഞാനും അദ്ദേഹത്തിന്റെ പാർട്ടിയിൽ( ജനതാദളില്‍) ചേര്‍ന്നു. വളരെ ചുരുങ്ങിയ കാലം മാത്രമേ അവിടെ നിന്നുള്ളൂ.അതിദയനീയമായിരുന്നു അവസ്ഥ. വി പി സിങ്ങിന്റെ ആദര്‍ശവുമായിട്ട് പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവുമില്ല എന്നു മനസ്സിലാക്കി. പാര്‍ട്ടി വേറൊരു സംവിധാനമാണ്. ഞങ്ങള്‍ക്കതു വേഗം മടുത്തു. എടവനക്കാടു നിന്നു പാർട്ടിയിൽ ചേർന്ന ഏതാണ്ടെല്ലാവരും പെട്ടെന്നു തന്നെ അതിൽ നിന്നു പോരുകയാണുണ്ടായത്.

പിന്നീട് ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല. ചെറിയ ചെറിയ കൂട്ടായ്മകളില്‍ മാത്രമാണ് ഇപ്പോളുള്ളത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ മെമ്പറൊക്കെയാണെങ്കിലും ഒരിക്കലും അതിലെ സജീവ പ്രവർത്തകനോ ഭാരവാഹിയോ ആയിട്ടില്ല. എം കെ രാഘവന്‍ വക്കീലൊക്കെ ഉണ്ടായിരുന്ന സമയത്ത് എസ് .എന്‍.ഡി.പി നേതൃത്വം നല്‍കിയിരുന്ന, സംവരണ മുന്നണിയിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്തു തന്നെ, തൊട്ടടുത്ത പഞ്ചായത്തായ നായരമ്പലം സ്വദേശിയായ, അറിയപ്പെടുന്ന ശ്രീനാരായണ പ്രഭാഷകനും ഗ്രന്ഥകാരനുമായ എം കെ പവിത്രനുമായി ചേര്‍ന്ന് പ്രോ മണ്ഡല്‍ ഫ്രണ്ട് എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ഞാനും പവിത്രന്‍ ചേട്ടനും പല സ്ഥലങ്ങളിലും മണ്ഡല്‍ കമ്മീഷനെക്കുറിച്ചു പ്രസംഗിക്കാന്‍ പോകുമായിരുന്നു. ചെറുപ്പം മുതല്‍ പ്രസംഗത്തില്‍ എനിക്കു ശോഭിക്കാനായിരുന്നത് ഈ ഘട്ടത്തില്‍ ഏറെ ഉപയോഗപ്പെട്ടു. അതിനു ശേഷം കെ അംബുജാക്ഷന്റെയൊക്കെ നേതൃത്വത്തിലുള്ള കേരള ദലിത് പാന്തേഴ്‌സിനോടും ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍, ഡോ മോഹന്‍ ഗോപാല്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റിലും കേരള  നെറ്റ്‌വർക്ക്  എഗൈന്‍സ്റ്റ് ഇസ്‌ലാമോഫോബിയ എന്ന കൂട്ടായ്മയിലും എടവനക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാഹോദര്യ പ്രസ്ഥാനത്തിലും സമീപകാലത്തു രൂപവത്കരിച്ച അപരപ്രിയം ട്രസ്റ്റിലും പ്രവർത്തിക്കുന്നു.ഇതൊക്കെ ചെറിയ കൂട്ടായ്മകൾ മാത്രമാണ്. ഇസ്‌ലാമോഫോബിയ , സമുദായം, പ്രാതിനിധ്യം, സംവരണം തുടങ്ങിയ വിഷയങ്ങളിൽ പഠനവും ബോധവത്കരണവും നടത്തുന്നവർക്കു സഹായകരമാകുന്ന വിധം ഒരു യൂട്യൂബ് ചാനലും (ദി ടോപ് മീഡിയ) വെബ്സൈറ്റും (ഇസ്‌ലാമോഫോബിയ വാച്ച്) ഞങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു ( ഈ മാർച്ച് 15ന്).

ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ പോരാട്ട രംഗത്തു താങ്കള്‍ സജീവമാണ്. വ്യക്തിപരമായി മുസ്‌ലിംസമുദായത്തോടു വലിയ അടുപ്പം കാണിക്കുന്നുവെന്നു തോന്നിയിട്ടുണ്ട്. എങ്ങനെയാണ് അത്തരത്തില്‍ ബന്ധരൂപവത്കരണം സാധ്യമായത്? മുസ്‌ലിംസമൂഹത്തില്‍ നിന്നുള്ള അനുഭവങ്ങള്‍ എങ്ങനെയാണ്?

മണ്ഡല്‍ കാലത്താണ് മുസ്‌ലിംകളുമായി ഞാന്‍ അടുക്കുന്നത്. ആ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തൊക്കെ മുസ്‌ലിംകൾ വളരെ സജീവമായി സഹകരിച്ചിരുന്നു. അവരോടൊപ്പം ഞാനും ചേര്‍ന്നു പ്രവർത്തിച്ചു. ഞാൻ മാത്രമല്ല, ദലിതരും ഈഴവരാദി പിന്നാക്ക സമുദായക്കാരും ചേർന്നുളള പ്രവർത്തനങ്ങളായിരുന്നു നടന്നിരുന്നത്.

അന്നു മുസ്‌ലിങ്ങളുമായി രാഷ്ട്രീയമായി കൂടിച്ചേർന്നവരിൽ ഇന്നും അവരോടൊപ്പം നിൽക്കുന്ന അപൂർവം പേരിൽ ഒരാളാണു ഞാൻ. മറ്റു രണ്ടുപേർ  വി ബി ഉണ്ണിക്കൃഷ്ണനും കെ. ഐ. ഹരിയുമാണ്. അന്നുമുതൽ ഇന്നുവരെ പിരിയാത്ത മുസ്‌ലിം സുഹൃത്തുക്കളാണ് എം കെ അബ്ദുസ്സമദ്, എം. എ. ബക്കർ,  പി. എം മാഹിന്‍, ഇല്യാസ് മംഗലത്ത്, കെ എം അബ്ദുൾ റഷീദ്, ഫൈസൽ, സിദ്ദീഖ് മുതൽപേർ. ഇതിൽ റഷീദ് എന്റെ ക്ലാസ്മേറ്റാണ്. ബാക്കിയുള്ളവരെല്ലാം എന്നേക്കാൾ ഇളയവരാണ്.

ഇതിൽ, മാഹിന്റെ കുടുംബവുമായാണ് എനിക്ക് ആദ്യം ബന്ധം വരുന്നത്. ഞാന്‍ നിത്യേനയെന്നോണം സന്ദര്‍ശിക്കുന്ന വീടുകളിലൊന്നായിരുന്നു അത്. ദലിത് വോയ്സ് മാഗസിനൊക്കെ ആദ്യം കാണുന്നത് മാഹിന്റെ ബാപ്പ പി.എ മുഹമ്മദ് സാഹിബിന്റെ പക്കലാണ്. അദ്ദേഹവുമായുള്ള  സൌഹൃദമാണ് എന്നെ ഒരെഴുത്തുകാരൻ ആക്കിയതെന്നു പറയാം. ഇങ്ങനെ നിരവധി മുസ്‌ലിം സുഹൃത്തുക്കളുമായുള്ള സൗഹൃദം, ആ സമുദായത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാന്‍ സഹായകമായിട്ടുണ്ട്. എന്റെ അനുഭവത്തില്‍ ഏറ്റവും കൂടുതല്‍ കരുണയും സ്‌നേഹവും അടുപ്പവും കാണിക്കുന്ന കമ്യൂണിറ്റിയാണത്. ഹിന്ദുത്വ രാഷ്ട്രീയം ഇവിടെ ശക്തി പ്രാപിക്കുന്നതിനു മുന്‍പേ തന്നെ, മുസ്‌ലിങ്ങൾ അപരവത്കരിക്കപ്പെടുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ നിലനില്‍പ്പ് മുസ്‌ലിംകളെ അപരവത്കരിച്ചുകൊണ്ടാണെന്നും തോന്നിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം അതിപ്പോ കൂടുതൽ ശക്തമായി ചെയ്യുന്നു എന്നേയുള്ളൂ.

എല്ലാ കമ്യൂണിറ്റികളും തമ്മില്‍ സൗഹാര്‍ദവും അടുപ്പവും നിലനില്‍ക്കണമെന്നു കരുതുന്ന ആളാണു ഞാന്‍. നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുമ്പോഴും മറ്റൊരു കമ്യൂണിറ്റിക്കെതിരെ വിദ്വേഷം പുലര്‍ത്താന്‍ നമുക്കവകാശമില്ലെന്നാണു ഞാന്‍ കരുതുന്നത്. ന്യൂനപക്ഷ സമൂഹങ്ങളുടെയും പിന്നാക്ക- ദലിത് വിഭാഗങ്ങളുടെയം അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവരാണ് ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിലെ മുന്നാക്കക്കാർ അഥവാ സവര്‍ണ സമൂഹം എന്നതു വസ്തുതാപരമായി തെളിയിക്കാനാവും. എന്നാല്‍പ്പോലും ആ വസ്തുതകളെ ചൂണ്ടിക്കാണിക്കുകയല്ലാതെ, അവർക്കെതിരെ വിദ്വേഷ സമീപനം പുലർത്താൻ പാടില്ല എന്ന സമീപനമാണ് എനിക്കുള്ളത്. ദലിതരോടൊക്കെ വളരെയേറെ ജാതിവെറി കൊണ്ടുനടക്കുന്ന സമൂഹമാണ് ഈഴവരുൾപ്പെടെയുള്ള ഓബീസീകൾ മിക്കവരും. എന്നെപ്പോലെ വളരെ കുറഞ്ഞ ആളുകളേ അവരോടടുത്തു നില്‍ക്കുന്നുള്ളൂ. ഏതൊരു സമുദായത്തോടും നല്ല നിലയില്‍ വര്‍ത്തിക്കണം എന്നാണു ഞാന്‍ കരുതുന്നത്. മുസ്‌ലിം സമുദായവുമായുള്ള എന്റെ ബന്ധം ആ സമുദായത്തെക്കുറിച്ചു നല്ല ഓര്‍മകളാണു സമ്മാനിച്ചതെന്നു ചുരുക്കം.

ഈഴവ സമുദായവും മുസ്‌ലിംസമുദായവും തമ്മിലുള്ള ചരിത്രപരമായ കൊടുക്കല്‍ വാങ്ങലുകള്‍ എങ്ങനെയാണ്?

എന്റെ ഓര്‍മയില്‍ ഈ രണ്ടു സമുദായങ്ങളും വളരെ അടുത്തു നില്‍ക്കുന്നതാണ്. സാമൂഹിക പദവി, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നിവയിലൊക്കെ ഏതാണ്ടു സമാനമായ കമ്യൂണിറ്റിയാണു രണ്ടും. കച്ചവടത്തില്‍ ഏര്‍പ്പെടുന്ന കമ്യൂണിറ്റികളായതുകൊണ്ടു തന്നെ പലപ്പോഴും സംഘര്‍ഷങ്ങളുമുണ്ട്. അതങ്ങനെയാണല്ലോ. മത്സരങ്ങള്‍ വരുമ്പോള്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണ്.

എന്നാല്‍പ്പോലും ഇന്നു കാണുന്ന തരത്തിലുള്ള വെറുപ്പും വിദ്വേഷവും മുൻപൊന്നും മുസ്‌ലിംകളും ഈഴവരും തമ്മില്‍ ഉണ്ടായിരുന്നില്ല. 50-കളിലും 60 കളിലും ജനിച്ച ഈഴവ-ധീവര സമുദായക്കാരിൽ പലർക്കും ജമീല, ഷീജ, സലിം (ഈ മൂന്നുപേരുകളും എന്റെ വൈഫ് ഹൌസിലുണ്ട്) എന്ന പേരൊക്കെ ധാരാളമായി ഉണ്ടായിരുന്നു. പരസ്പരം സൗഹൃദവും കൂട്ടുകച്ചവടങ്ങളും കൊടുക്കൽ-വാങ്ങലുകളുമെല്ലാം ഇരു സമുദായങ്ങൾക്കിടയിലും നിലനിന്നിരുന്നു .

ഹിന്ദുത്വ രാഷ്ട്രീയം സജീവമായതിനു ശേഷമാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ ഈഴവ സമുദായത്തിലും വളര്‍ന്നത് എന്നാണു ഞാന്‍ കരുതുന്നത്. അതല്ലാതെ, ഇരുകൂട്ടര്‍ക്കുമിടയില്‍ വിദ്വേഷം പുലര്‍ത്തേണ്ട ഒരു കാര്യവുമില്ല. എസ്. എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, അതിനു വേണ്ടി നിര്‍ലോഭം സഹായിച്ച, തങ്ങള്‍ കുഞ്ഞ് മുസ്‌ലിയാര്‍, മണപ്പാട്ട് കുഞ്ഞുമുഹമദ് ഹാജി തുടങ്ങിയ മുസ്‌ലിംകളെ കാണാന്‍ സാധിക്കും. അവര്‍ വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ഭൂമി ഒക്കെ വിട്ടു നല്‍കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അവർ പലരും എസ്. എന്‍.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അംഗങ്ങള്‍ പോലുമായിരുന്നിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ തുടക്കകാലത്തും ഇന്നത്തെപ്പോലെയുള്ള വിദ്വേഷമൊന്നും കാണാൻ കഴിയില്ല.

എസ്എന്‍ഡിപി യോഗത്തിന്റെ പ്രധാനപ്പെട്ട ഐക്കണ്‍ യഥാര്‍ഥത്തില്‍ ഇപ്പൊ വെള്ളാപ്പള്ളി ആണല്ലോ. പക്ഷെ വെള്ളാപ്പള്ളി വളരെ അടുത്തായിട്ട് കുറെ മുസ്‌ലിംവിരുദ്ധമായ വിദ്വേഷ പ്രസ്താവകള്‍ നടത്തിക്കൊണ്ടിരിക്കുന്നതു കാണുന്നുണ്ട്. അതു ശരിക്കും ഈഴവരുടേതായ അരക്ഷിതാവസ്ഥ കൊണ്ടാണോ അല്ലെങ്കില്‍ മുസ്‌ലിംകളുടെ ദൃശ്യത കൊണ്ടാണോ? എന്താണു നിങ്ങള്‍ക്കു തോന്നുന്നത്?

രണ്ടും ഉണ്ടെന്നു ഞാന്‍ കരുതുന്നു. ഈഴവരുടെ പിന്നാക്കാവസ്ഥയും ഉണ്ട്, മുസ്‌ലിംകളുടെ ദൃശ്യതയും ഉണ്ട്. മുസ്‌ലിംകള്‍ പൊതുവില്‍ കൂടുതല്‍ ദൃശ്യതയുള്ള കമ്മ്യൂണിറ്റി ആണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം, സമ്പത്തുണ്ടാക്കിയാല്‍ ആ സമ്പത്ത് ചെലവഴിക്കണം എന്ന മനോഭാവമുള്ളവരാണവർ. സമ്പത്ത് കെട്ടിവെക്കുന്നവരല്ല. സ്വന്തം ആവശ്യങ്ങള്‍ക്കു ചെലവഴിക്കുക, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു ചെലവഴിക്കുക, മറ്റുള്ളവരെ സഹായിക്കുക എന്നതൊക്കെ അവരുടെ മതപരമായ ബാധ്യതയാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സ്വാഭാവികമായും അവര്‍ക്ക് ആ ദൃശ്യത കാണും. നല്ല വീടുകള്‍ ഉണ്ടാക്കും, നല്ല കാര്‍ വാങ്ങും, നല്ല വസ്ത്രങ്ങള്‍ ധരിക്കും, ടൂര്‍ പോകും, പുറത്തുപോയി ഭക്ഷണം കഴിക്കും. മാത്രവുമല്ല, കലാ- സാംസ്‌കാരിക രംഗങ്ങളിലും മുസ്‌ലിംകള്‍ക്കു വലിയ തോതില്‍ ദൃശ്യതയുണ്ട്. ഈ ദൃശ്യത കാരണം പലരും കരുതുന്നത്, രാജ്യം തന്നെ ഭരിക്കുന്നത് അവരാണെന്നാണ്. വാസ്തവമതല്ല. അവരുടെ പ്രാതിനിധ്യത്തിന്റെയും മറ്റും കണക്കുകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍, അവര്‍ വളരെ പിന്നില്‍ നില്‍ക്കുന്ന കമ്മ്യൂണിറ്റി ആണെന്നു മനസ്സിലാക്കാം.

സമാനമായ ദൃശ്യത ഈഴവര്‍ക്കില്ലെന്നു വേണമെങ്കിൽ പറയാം. ഈഴവരെ സംബന്ധിച്ചിടത്തോളം അവരൊരു ബാക്ക്വേര്‍ഡ് ക്ലാസ് ആണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയമായും ഉദ്യോഗത്തിലുമുള്ള പ്രാതിനിധ്യം നോക്കിക്കഴിഞ്ഞാല്‍ താരതമ്യേന അവർക്ക് പ്രാതിനിധ്യം കുറവാണെന്നു കാണാം. ഈഴവരോ തീയ്യന്മാരോ ഇല്ലാത്ത ഒരു പഞ്ചായത്ത് പോലും കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണു ഞാന്‍ കരുതുന്നത്. അത്രയും വലിയൊരു കമ്മ്യൂണിറ്റിക്ക് അതിനനുസരിച്ചുള്ള രാഷ്ട്രീയ പ്രാതിനിധ്യമോ സാമൂഹിക പ്രാതിനിധ്യമോ വിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യമോ ഉദ്യോഗരംഗത്തെ പ്രാതിനിധ്യമോ ബിസിനസ് പ്രാതിനിധ്യമോ കാണാൻ സാധിക്കില്ല കേരളത്തിൽ. കലാകാരന്മാരുടെ പ്രാതിനിധ്യം നോക്കിയാലും കുറവാണ്. മലയാള സിനിമയിൽ പ്രേനംസീർ മുതൽ മമ്മൂട്ടി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നസ്ലേൻ വരെയുള്ള സൂപ്പർസ്റ്റാറുകൾ മുസ്‌ലിങ്ങളിൽ നിന്നുണ്ട്. ഈഴവരിൽ നിന്ന് അതുപോലെ ഒരാൾ ഇന്നുവരെ ഉണ്ടായിട്ടില്ല.

അധികാര സ്ഥാനങ്ങളിലെ പ്രാതിനിധ്യക്കുറവ് പണ്ടു മുതലേ എസ്എന്‍ഡിപി യോഗം ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. അതുകൊണ്ടാണവർ രണ്ടോ മൂന്നോ അവകാശ പ്രഖ്യാപന സമ്മേളനങ്ങള്‍ നടത്തിയിട്ടുള്ളത്. സാമൂഹിക നീതിക്കും സംവരണത്തിനും വേണ്ടിയുള്ള ആവശ്യങ്ങളായിരുന്നു അവകാശ പ്രഖ്യാപന സമ്മേളനങ്ങളില്‍ ഉന്നയിച്ചിരുന്നത്. വെള്ളാപ്പള്ളി നടേശൻ വന്നതിനുശേഷവും അത്തരമൊരു അവകാശ പ്രഖ്യാപന സമ്മേളനം നടത്തിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിംകള്‍ക്കെതിരെ പറയുന്നത് സംഘപരിവാര്‍ പറയുന്നതില്‍ നിന്നു വ്യത്യസ്തമാണെന്നാണു ഞാന്‍ പറയുന്നത്. സംഘപരിവാര്‍ എപ്പോഴും മുസ്‌ലിംകളെ ഏകപക്ഷീയമായി, വംശീയ വല്‍ക്കരണത്തിനു വിധേയമാക്കി, അവരെ ശത്രുപക്ഷത്തു നിര്‍ത്തി, വിദ്വേഷം ഉണ്ടാക്കുന്ന നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, വെള്ളാപ്പള്ളി, മുസ്‌ലിംകളെ മാത്രമല്ല, പലപ്പോഴും സവര്‍ണര്‍ക്കെതിരെയും ക്രൈസ്തവര്‍ക്കെതിരെയും പറയും. ഇതെല്ലാം പറയുന്നത് അവർ ഈഴവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നു എന്ന രീതിയിലാണ്. പക്ഷേ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അതു വസ്തുതയല്ല എന്നുള്ളതാണു യാഥാര്‍ഥ്യം.

വെള്ളാപ്പള്ളിയുടെ തുടക്കകാലത്ത് അദ്ദേഹവും സംവരണ സമുദായ മുന്നണിയിലൊക്കെ സജീവ പ്രവര്‍ത്തകനായിരുന്നു.മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗ്രൂപ്പുകളുമായി ചേര്‍ന്ന മുന്നണിയുടെ നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗും പോപ്പുലർ ഫ്രണ്ടും വരെ ആ മുന്നണിയിൽ ഉണ്ടായിരുന്നു. മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നപ്പോൾ ഈഴവരെ പറ്റിച്ചു എന്നൊക്കെയാണ് അദ്ദേഹം പറയുന്ന കാര്യം. വാസ്തവത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ഇദ്ദേഹം പറയുന്ന ആരോപണങ്ങളൊന്നും വസ്തുതാപരമായി തെളിയിക്കാന്‍ കഴിയുന്ന കാര്യമല്ല. ഒന്നുകില്‍ ബോധപൂര്‍വം അദ്ദേഹം കള്ളം പറയുന്നു; അല്ലെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിച്ചു പറയുന്നു. ഭരണകൂട സംവിധാനങ്ങളില്‍ നിന്ന്, മാധ്യമങ്ങളില്‍ നിന്ന്, മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ നിന്ന്, സാംസ്‌കാരിക രംഗത്തു നിന്നൊക്കെ നിരവധിയായ കള്ളപ്രചാരണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നുണ്ട്. ഈ റെറ്ററിക്കുകള്‍ ഒക്കെ കേട്ടു വളരുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് ഇതൊക്കെ സത്യമാണെന്നേ തോന്നൂ. അല്ലെങ്കില്‍ ബോധപൂര്‍വം തന്നെ അദ്ദേഹം പറയുന്നതാണെന്ന് കരുതണം. ഇതു രണ്ടായാലും കേരളത്തിന്റെ സമുദായ സാഹോദര്യത്തിനു വലിയ അപകടകരമാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടുകൾ.

താങ്കള്‍ കാര്യമായി ഇടപെടുന്ന ഒരു മേഖലയാണ് സംവരണം. പിഎസ് സി റൊട്ടേഷനിലെ അട്ടിമറിയെക്കുറിച്ച് താങ്കള്‍ സംസാരിച്ചു കണ്ടിട്ടുണ്ട്. ആ അട്ടിമറി എങ്ങനെയാണു മനസ്സിലാക്കിയത്? എന്തെങ്കിലും പ്രത്യേക അനുഭവമുണ്ടായിരുന്നോ?

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ് സംവരണ വിഷയം ഞാന്‍ പഠിക്കുന്നത്. സംവരണം സംബന്ധിച്ചു പഠിച്ചു് ലേഖനങ്ങളൊക്കെ എഴുതി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. മാധ്യമം പത്രവും ആഴ്ചപ്പതിപ്പും, നാട്ടിലെ ‘സായാഹ്ന കൈരളി’ എന്ന പത്രവുമാണ് എനിക്കു കൂടുതൽ അവസരങ്ങൾ നൽകിയത്.

എന്റെ ലേഖനം വായിച്ച് ഒരിക്കൽ, വടക്കൻ പറവൂരുള്ള ഒരു മുസ്‌ലിം സമുദായാംഗമായ  എൻജിനീയർ വേറൊരു സുഹൃത്തു മുഖേന എന്നെ ബന്ധപ്പെട്ടു. 1998 അവസാനമാണത്. അദ്ദേഹത്തിന്റെ, എംബിബിഎസുകാരിയായ വൈഫ്, കേരള പി എസ് സി, അസി. സർജന്മാർക്കു വേണ്ടി നടത്തിയ പരീക്ഷയിലൊക്കെ ജയിച്ച് റാങ്ക് ലിസ്റ്റില്‍ വന്നെങ്കിലും അവര്‍ക്കു നിയമനം കിട്ടിയില്ല. എന്തുകൊണ്ടാണു നിയമനം കിട്ടാതെ പോയതെന്ന് അദ്ദേഹം സ്വയം പരിശോധിച്ചു. മെറിറ്റില്‍ കിട്ടാന്‍ അര്‍ഹതയുള്ള പല ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യാഗാർഥികളും സംവരണത്തില്‍ നിയമിക്കപ്പെടുന്നു എന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഈ വിഷയം അദ്ദേഹം മനസിലാക്കിയെങ്കിലും എങ്ങനെ അത് അവതരിപ്പിക്കുമെന്നതില്‍ അദ്ദേഹത്തിനു വ്യക്തത ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എന്നെ ബന്ധപ്പെടുന്നത്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു കാര്യം കേട്ടു. പി എസ് സി റൊട്ടേഷനെക്കുറിച്ച് ആദ്യമേ എനിക്ക് അറിയാമായിരുന്നതിനാല്‍, അദ്ദേഹം പറഞ്ഞത് എനിക്കു വേഗത്തില്‍ മനസ്സിലായി. വീട്ടിലെത്തിയ ഞാന്‍, മറ്റു ചില ലിസ്റ്റുകള്‍ കൂടി എടുത്തു പരിശോധിച്ചു. ആ പരിശോധനയില്‍, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം ശരിയാണെന്നെനിക്കു ബോധ്യപ്പെട്ടു. അന്ന് അതു സംബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ ലേഖനവും എഴുതി. കവര്‍‌സ്റ്റോറിയായാണ് അതു പ്രസിദ്ധീകരിക്കപ്പെട്ടത്.

പി എസ് സി നിയമനത്തിലെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍, എത്ര ഒഴിവുണ്ടെങ്കിലും ഇരുപതിന്റെ യൂണിറ്റുകളായി വേണം നിയമനം നടത്താന്‍ എന്നതാണ്. നൂറൊഴിവുണ്ടെങ്കില്‍, ഇരുപതിന്റെ അഞ്ചു യൂനിറ്റുകളായി വേണം എടുക്കാന്‍. ഓരോ യൂനിറ്റും ഫില്‍ ചെയ്തിട്ടേ അടുത്ത യൂനിറ്റിലേക്കു പോകാന്‍ പാടുള്ളൂ. ഈ ചട്ടമാണു പ്രശ്‌നത്തിനു കാരണം. കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിലെ 14 മുതല്‍ 17 വരെ ചട്ടങ്ങളിലാണ് സംവരണത്തെക്കുറിച്ചു പറയുന്നത്. 14 (എ)യില്‍, നിയമനത്തിന്റെ യൂനിറ്റ് 20 ആയിരിക്കണം എന്നു പറയുന്നു. ആ ചട്ടം അനുസരിച്ചാണു സെലക്ഷൻ നടക്കുന്നത്. എന്നാല്‍, 14 (ബി) പറയുന്നത് പട്ടിക ജാതി -പട്ടികവര്‍ഗ- മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും മെറിറ്റില്‍ നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ്. അങ്ങനെ അവർക്കു മെറിറ്റില്‍ നിയമനം കൊടുത്തെന്നു കരുതി, അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിന്റെ എണ്ണം കുറയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. അതായത് മുസ്‌ലിംകള്‍ക്കു 12 ശതമാനം സംവരണം ഉണ്ട്. മുസ്‌ലിംകള്‍ ആര്‍ക്കെങ്കിലും മെറിറ്റില്‍ നിയമനം കിട്ടിയാല്‍ ആ ഒരു സീറ്റിന്റെ പേരില്‍ ഈ 12 ശതമാനത്തില്‍ കുറവു വരുത്താന്‍ പാടില്ല. 12 എന്തായാലും കൊടുത്തിരിക്കണം, മറ്റേത് മെറിറ്റിലും കൊടുക്കണം. ഇതാണ് ആ നിയമം. 14 (എ) പറയുന്നത് 20 യൂണിറ്റില്‍ ആയിരിക്കണം നിയമനം എന്നാണ്. ആ ചട്ടം നടപ്പാക്കുമ്പോള്‍ 14 (ബി) എന്ന ചട്ടം ലംഘിക്കപ്പെടും. ഇതാണു ഞാന്‍ ചൂണ്ടിക്കാണിച്ച പ്രശ്നം. അക്കാലത്തു തന്നെ, പ്രഫ. കെ എം ബഹാവുദ്ദീന്നും ഈ വിഷയം കലാകൗമുദിയില്‍ എഴുതിയിരുന്നു. എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലും എന്റെ ലേഖനം പ്രസിദ്ധീകരിച്ചുവന്നു. അന്ന് നിയമസഭയില്‍, മുസ്‌ലിംലീഗിലെ ചെർക്കളം അബ്ദുല്ല എം എല്‍ എ, ഇക്കാര്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍, ഉദ്യോഗസ്ഥര്‍ നല്‍കിയ, “ഒരു കുഴപ്പവുമില്ല” എന്ന മറുപടിയാണ് മുഖ്യമന്ത്രി നായനാർ നൽകിയത്.

പിന്നീട് ഈ വിഷയത്തില്‍ ഞാനാണ് ഏറ്റവും കൂടുതല്‍ ഫോളോ അപ്പ് നടത്തുകയും ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ എഴുതുകയും പഠിക്കുകയും ഒക്കെ ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്ന ഒന്നാമത്തെ വ്യക്തി ഞാനായിരിക്കും. ബാക്കി വളരെ കുറച്ചുപേരേയുള്ളൂ. ഞാനിത് എഴുതുകയും പ്രസംഗിക്കുകയും രണ്ടു പുസ്തകങ്ങള്‍ [പി. എസ്.സി നിയമങ്ങളിലെ മെറിറ്റ് അട്ടിമറി (2017, അദർ ബുക്സ്), സാമുദായിക രാഷ്ട്രീയവും സംവരണവും (2022, ഗൂസ്‌ബെറി ബുക്സ്]  ഇറക്കുകയും ചെയ്തു. ഈ പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിച്ചിട്ടും ലേഖനങ്ങളെല്ലാം ഉണ്ടായിട്ടും, ഇതിപ്പോഴും പിന്നാക്ക സമുദായത്തില്‍പ്പെട്ട നേതാക്കന്മാര്‍ക്കു വരെ മനസ്സിലായിട്ടില്ല എന്നതാണു ദൗര്‍ഭാഗ്യകരമായ സംഗതി. കുറച്ചു സങ്കീര്‍ണമായ വിഷയമായതുകൊണ്ടാവും ഇതു മനസിലാക്കാന്‍ ഇത്ര പ്രയാസം എന്നു തോന്നുന്നു.

കോടതിയില്‍ വാദിക്കാന്‍ പോകുന്ന വക്കീലന്മാരെ പഠിപ്പിച്ചെടുക്കാൻ വലിയ പാടുപെട്ടിട്ടുണ്ട്. സുപ്രീം കോടതി വരെ പോയിട്ടും കേസ് ജയിക്കാന്‍ പറ്റാതിരുന്നതിന് ഒരു കാരണം അതാണ്.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ കേസായിരുന്നു ഈ വിഷയത്തിൽ ശ്രദ്ധേയമായ കേസ് . ബീര്‍ മസ്താന്‍ കേസ് എന്നാണത് അറിയപ്പെട്ടിരുന്നത്. മുസ്‌ലിം കമ്മ്യൂണിറ്റിയില്‍പ്പെട്ട, മെറിറ്റില്‍ കിട്ടാന്‍ അര്‍ഹതയുള്ള ആളുകളെ റിസര്‍വേഷന്‍ വിഭാഗത്തില്‍ നിയമിച്ചുവെന്നും അതുകാരണം സപ്ലിമെന്ററി ലിസ്റ്റില്‍ കിടക്കുന്ന മുസ്‌ലിംകള്‍ക്കു നിയമനം കിട്ടാതെ പോയി എന്നതുമായിരുന്നു കേസ്. കേരള ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍, ഒന്നാം റാങ്ക് ഒരു മുസ്‌ലിമിനാണെന്നു കണ്ടു. അദ്ദേഹം പോലും സംവരണത്തിലാണു നിയമിക്കപ്പെട്ടത്. അക്കാര്യം കോടതിക്കു ബോധ്യം വന്നു. ഒന്നാം റാങ്കുകാരന്‍ സംവരണത്തില്‍ നിയമിക്കപ്പെടുന്നതിലെ പ്രശ്‌നം ആര്‍ക്കും ബോധ്യപ്പെടുമല്ലോ. അതന്യായമാണെന്നു കണ്ട ഹൈക്കോടതി അതു മാറ്റണമെന്ന് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍ പി.എസ്.സി അപ്പീല്‍ പോയി. സംവരണക്കേസുകളില്‍ കക്ഷി ചേരല്‍ തങ്ങളുടെ ബാധ്യതയാണെന്ന തരത്തില്‍, ഒരാവശ്യവുമില്ലാഞ്ഞിട്ടും എന്‍.എസ്എ.സും, അതില്‍ കക്ഷി ചേര്‍ന്നു. കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. ഇരുപതിന്റെ യൂനിറ്റാക്കേണ്ട കാര്യമില്ല, ഉള്ള ഒഴിവുകള്‍ ഒറ്റ യൂണിറ്റായി പരിഗണിച്ചു് അതില്‍ പകുതി മെറിറ്റും പകുതി റിസര്‍വേഷനും എന്ന രീതിയില്‍ സെലക്ഷൻ നടത്തണമെന്നു ഡിവിഷന്‍ ബെഞ്ച് വിധിച്ചു. കേസ് എസ് എല്‍ പി ആയി സുപ്രീം കോടതിയിലേക്കു പോയി. ഹര്‍ജിക്കാര്‍ക്കു വേണ്ടി ദുഷ്യന്ത് ദവെ ആയിരുന്നു ഹാജരായത്. അദ്ദേഹത്തിനു കാര്യങ്ങള്‍ ബ്രീഫ് ചെയ്യാന്‍ ഞാനും, തൃശൂരെ അഡ്വ. കെ എസ് വേണുഗോപാലും ചേർന്ന ഗ്രൂപ്പുണ്ടായിരുന്നു. വലിയ വക്കീലന്മാര്‍ക്ക് ഇതു കേൾക്കാന്‍ കൂടുതല്‍ സമയമൊന്നും ഉണ്ടാവില്ലല്ലോ. ചെറിയ സമയത്തില്‍ ഇതു മനസിലാവുകയില്ല താനും. എന്‍ എസ് എസിനു വേണ്ടി കെ കെ വേണുഗോപാല്‍ ആയിരുന്നു വാദിച്ചത്. വാദത്തിനിടെ, മെറിറ്റില്‍ കയറാന്‍ അര്‍ഹതയുള്ളവരെ സംവരണത്തില്‍ വെക്കാന്‍ പാടില്ലല്ലോ എന്നൊക്കെ ജഡ്ജി ചോദിച്ചത് പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രതികൂലമായിരുന്നു വിധി.

ചട്ട പ്രകാരം, 20 ന്റെ യൂനിറ്റുകളായി നിയമനം നടത്തണമെന്നാണല്ലോ. എന്നാല്‍, കേരളഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്, മൊത്തം ഒഴിവുകള്‍ ഒറ്റ യൂനിറ്റാക്കാനായിരുന്നു വിധിച്ചത്. അതു ചട്ടവിരുദ്ധമാണെന്നതിനാല്‍ സുപ്രീം കോടതി ആ വിധി റദ്ദു ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ കേസ് അവസാനിച്ചത്. പിന്നീടിന്നേവരെ,ആ ചട്ടം മാറ്റാനോ പ്രശ്‌നം പരിഹരിക്കാനോ നമുക്കു കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം, സമുദായ സംഘടനകള്‍ക്ക് ഇപ്പോഴും പ്രശ്‌നം എന്താണെന്നു മനസ്സിലായിട്ടില്ല എന്നതാണ്. അവര്‍ക്കു മനസിലായാലല്ലേ ഗവണ്മെന്റിനെ ബോധ്യപ്പെടുത്താന്‍ കഴിയൂ. 1958 ലാണ് ഈ റൂള്‍ വരുന്നത്. റൂള്‍ വന്ന അന്നു തുടങ്ങിയുള്ള നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുകയാണെങ്കില്‍ , ലക്ഷക്കണക്കിന് ഉദ്യോഗങ്ങള്‍- പ്രധാനമായിട്ടും ഈഴവ, മുസ്‌ലിംതുടങ്ങിയ പിന്നാക്ക സമുദായക്കാര്‍ക്ക്- നഷ്ടമായിട്ടുണ്ടെന്നു കണ്ടെത്താൻ സാധിക്കും. മെറിറ്റിൽ തിരഞ്ഞെടുക്കപ്പെടേണ്ടവരെ റിസര്‍വേഷനിലേക്ക് ഒതുക്കുമ്പോള്‍ റിസര്‍വേഷനില്‍ കിട്ടാനുള്ള ആ സമുദായക്കാര്‍ക്കു നിയമനം കിട്ടാതെ പോകും. ഇതാണു സംഭവിക്കുന്നത്. ഇതൊരു വലിയ തട്ടിപ്പ് പണിയാണ്. ഇതിന്റെ മുന്നിൽ, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടൊക്കെ നിസ്സാരമാണ്. പക്ഷേ, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു വേണ്ടി നടത്തിയ അധ്വാനവും പാടും വെച്ചു നോക്കുമ്പോള്‍, ഇതിനുവേണ്ടി നാം ഒന്നും ചെയ്തിട്ടില്ല എന്നു പറയേണ്ടിവരും.

കേരള നെറ്റ്‌വർക്ക് എഗൈന്സ്റ്റ് ഇസ്‌ലാമോഫോബിയ (2021) സ്ഥാപിച്ചിട്ടുള്ള ആളാണ് താങ്കള്‍. എന്താണ് അതിനുള്ള സാഹചര്യം? മുസ്‌ലിംകള്‍ തന്നെ ഇസ്‌ലാമോഫോബിയ കൊണ്ടു നടക്കുന്നു എന്നു തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായിട്ടും. ഇസ്‌ലാമോഫോബിയ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാര്‍ ആന്തരികവൽകരിക്കും. സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധതയുടെ പ്രചാരകരാകാറുണ്ട്. അതു പോലെ, മുസ്‌ലിംകള്‍ ഇസ്‌ലാമോഫോബിയ യുടെ പ്രചാരകർതന്നെ ആവാറുണ്ട്. ഇസ്‌ലാമോഫോബിയ മുസ്‌ലിംകള്‍ക്കെതിരായിട്ടുള്ള വംശീയതയാണെന്ന് ഇസ്‌ലാമോഫോബിയ പഠനങ്ങളെല്ലാം തന്നെ പറയുന്നു. ഐക്യരാഷ്ട്ര സഭയും അതഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണവർ, 2022 മുതൽ, എല്ലാവർഷവും, മാർച്ച് 15, ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇസ്‌ലാമോഫോബിയ ക്കെതിരായി പ്രചാരണങ്ങള്‍ നടത്തുക, അതെന്താണെന്നു മനസ്സിലാക്കുക, പഠിപ്പിക്കുക തുടങ്ങിയ ഒരുപാടു കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വാസ്തവത്തില്‍ കേരള നെറ്റ്‌വർക്ക് എഗെൻസ്റ്റ് ഇസ്‌ലാമോഫോബിയ രൂപപ്പെടുന്നത്.

സോഷ്യല്‍ മീഡിയ സജീവമായതോടുകൂടി, മുസ്‌ലിം വിഷയങ്ങളിലൊക്കെ സജീവമായി ഇടപെടുന്ന നിരവധി ആളുകളുമായി എനിക്കു ബന്ധം വരികയുണ്ടായി. അവരെയൊക്കെ വായിക്കുക വഴി, ഇസ്‌ലാമോഫോബിയയുടെ ആഴത്തെക്കുറിച്ച് കൂടുതൽ ധാരണയും കൈവന്നു. ഞാന്‍ സജീവമായി ഇടപെടുന്ന, സംവരണം, പ്രാതിനിധ്യം പോലുള്ള വിഷയങ്ങള്‍ക്കടക്കം പരിഹാരം കാണണമെങ്കില്‍, ഇസ്‌ലാമോഫോബിയ എന്ന പ്രശ്നത്തിൽ ഇടപെടേണ്ടതുണ്ടെന്നു മനസിലാക്കാനായി. ഇവിടെയുള്ള ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ നങ്കൂരം തന്നെ ഇസ്‌ലാമോഫോബിയ യിലാണ്. ഇന്ത്യയെ ജനാധിപത്യത്തിലേക്ക് തിരികെ നടത്തണമെങ്കില്‍, ഇസ്‌ലാമോഫോബിയയെ ചെറുക്കാതെ വഴിയില്ല. ഇതു മനസിലാക്കിയതോടെയാണ് ഇസ്‌ലാമോഫോബിയ യെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നത്. ഇതൊരു സാമൂഹിക നീതിയുടെ വിഷയം കൂടിയാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഇസ്‌ലാമോഫോബിയക്കെതിരായ നെറ്റ്വര്‍ക്കിന്റെ ഭാഗമാവുന്നത്.

ഇസ്‌ലാമോഫോബിയയെക്കുറിച്ചു ചർച്ച ചെയ്യാൻ 2022ൽ എടവനക്കാട് കേന്ദ്രീകരിച്ച് കേരള നെറ്റ്‌വർക്ക് എഗെൻസ്റ്റ് ഇസ്‌ലാമോഫോബിയ രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. കെ. അഷ്റഫിനെയും ബാബുരാജ് ഭഗവതിയേയും പോലുള്ളവരുടെ നേതൃത്വത്തില്‍, ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് (2023) ഉണ്ടാക്കുകയും അവരുടെ വാർഷിക  റിപ്പോര്‍ട്ടുകളും ( 2023, 2024, 2025, 2026) നിരന്തരം വരികയുണ്ടായി.

ഒരു കാലത്ത് ഇസ്‌ലാമോഫോബിയ എന്ന വാക്കു പറയാന്‍ തയ്യാറാകാതിരുന്ന ആളുകള്‍, അതെന്താണെന്നു മനസ്സിലാക്കുകയും ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കാന്‍ തയ്യാറാകുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി എന്നതു കാണേണ്ടതാണ്. എന്റെ എഴുത്തുകളിലും  എഡിറ്റ് ചെയ്ത ഒരു  പുസ്തകത്തിലും [ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍, സംവാദങ്ങള്‍, (2024, ബുക്പ്ലസ്)] സാമൂഹിക മാധ്യമ പോസ്റ്റുകളിൽ പലതും ഇസ്‌ലാമോഫോബിയയെക്കുറിച്ചു മുസ്‌ലിംകളെത്തന്നെ ബോധവത്കരിക്കാനാണു ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗുഡ് മുസ്‌ലിം, ബാഡ് മുസ്‌ലിം ബൈനറികളെ ഞാൻ തള്ളിക്കളയുന്നു. ജമാഅത്തെ ഇസ്‌ലാമിയെന്നോ എസ് ഡി പി ഐ എന്നോ മുജാഹിദെന്നോ സുന്നി എന്നോ വ്യത്യാസമില്ലാതെ, മുസ്‌ലിംഎന്ന ഐഡനൻറ്റിറ്റിയെയാണ്  ഹിന്ദുത്വരും ഇസ്‌ലാമോഫോബുകളായ ഇതരവിഭാഗങ്ങളും പ്രശ്നവത്കരിക്കുന്നതെന്നു മനസ്സിലാക്കേണ്ടതുണ്ട്.

പ്രാക്ടീസിങ് മുസ്‌ലിംകള്‍ അല്ലാത്ത, ‘സെക്യുലര്‍’ ആയി നില്‍ക്കുന്ന മുസ്‌ലിം നാമധാരികള്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് . യാതൊരു റിലീജ്യസ് പ്രാക്ടീസും ഇല്ലാത്ത ആഷിക് അബു പോലും ‘മട്ടാഞ്ചേരി മാഫിയ’ ആണിവിടെ. മുസ്‌ലിംവിഷയങ്ങളിൽ അഭിപ്രായം പോലും പറയാൻ ധൈര്യപ്പെടാത്ത, സഹപ്രവർത്തകരായ ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കോൺഗ്രസുകാർ ചെയ്യുന്നത്ര പോലും സംഘ് പരിവാർ വിമർശനം നടത്താത്ത, ഷാഫി പറമ്പിലിനെപ്പോലും ‘പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റെ’ന്നും ‘അപകടകരമായ രാഷ്ട്രീയം പറയുന്നയാളെ’ന്നും ഇടതുപക്ഷക്കാർ ആരോപിക്കുന്നു. മറുവശത്ത് എസ് എഫ് ഐയിലൂടെയും ഡി വൈ എഫി ഐയിലൂടെയും വളർന്നുവന്ന പി. എ. മുഹമദ് റിയാസിനെ, ‘മരുമോനെ’ന്നും ‘മുസ്‌ലിംതീവ്രവാദി’യെന്നും വിളിക്കുന്നു.. യഥാര്‍ഥത്തില്‍, ‘ഗുഡ് മുസ്‌ലിം’ ‘ബാഡ് മുസ്‌ലിം’ എന്നൊന്നുമുള്ള വേര്‍തിരിവില്ല ഇവിടെ. സംഘ് പരിവാറിന്റെയും അവരുടെ രാഷ്ട്രീയത്തെ പല തരത്തിൽ നോർമലൈസ് ചെയ്യുന്നവരുടെയും ശത്രുക്കള്‍ മുസ്‌ലിംകളാണ്. അതു ബോധ്യപ്പെടുതാനാണ് ഇപ്പോള്‍ എന്റെ ശ്രമം.

ഇതര സമുദായങ്ങള്‍ മുസ്‌ലിംകളോട് അറിഞ്ഞോ അറിയാതെയോ ഭയം സൂക്ഷിക്കുന്നവരാണെന്നതു ശരിയാണോ?. താങ്കളുടെ സൗഹൃദങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ എങ്ങനെയാണ്?

ഇസ്‌ലാമോഫോബിയ എന്നു പറയുന്നത് പൊതുസമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള കാര്യമാണ്. പൊതുസമൂഹത്തിനകത്ത് മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് ഭരണകൂട സംവിധാനങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഒക്കെ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമായതുകൊണ്ട് സാധാരണക്കാര്‍ ഇതില്‍ പെട്ടു പോകാന്‍ സാധ്യതയേറെയാണ്. തങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇസ്‌ലാമോഫോബിയയാണെന്നു മനസിലാക്കാതെ, തിരിച്ചറിവില്ലാതെ ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ബോധപൂര്‍വം ചെയ്യുന്നവരുമുണ്ട്. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും, ‘മുസ്‌ലിംകള്‍ കുഴപ്പക്കാരാണ്’ എന്ന ഫീല്‍ ജനിപ്പിക്കുന്നുണ്ടിവിടെ. അങ്ങിനെ ‘അവര്‍ കുഴപ്പക്കാരാണ്, അവരെ പുറത്താക്കേണ്ടതാണ്’ എന്നൊക്കെയുള്ള വിചാരത്തിലേക്ക് ആളുകള്‍ വരുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല.

എന്നാൽ, മറുവശത്ത് ഇസ്‌ലാമോഫോബിയ ക്കെതിരായ ചെറുത്തു നില്‍പ്പ് തുലോം ദുര്‍ബലമാണെന്നും കാണാം. ഈ ചെറുത്തുനില്‍പ്പില്ലായ്മ, ആളുകളുടെ ഭയത്തെ നിലനിര്‍ത്തും. വെള്ളാപ്പള്ളിയുടെ ഇസ്‌ലാംവിരുദ്ധ പ്രസ്താവനകള്‍ ഇസ്ലാമോഫോബിയ റിസർച്ച് കലക്ടീവ്  ഒന്ന് ലിസ്റ്റ് ചെയ്യുകയുണ്ടായി. ഒരു കൊല്ലത്തിനകത്ത് നാലു ദിവസത്തില്‍ ഒന്ന് എന്ന തോതില്‍ അറുപതോളം വിദ്വേഷ പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായതായി കണ്ടു. ഇതൊക്കെ മാധ്യമങ്ങളിലൂടെ ആളുകള്‍ കാണുന്നുണ്ട്. ഈ നുണപ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും പരക്കുകയാണ്. ഈ വിദ്വേഷ നുണ പ്രസ്താവനകള്‍ തുറന്നു കാണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇക്കൂട്ടര്‍ കുഴപ്പക്കാരാണെന്ന് ആളുകള്‍ വിശ്വസിക്കുന്നതിനെ തെറ്റു പറയാന്‍ കഴിയില്ല.

ഭീതി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, എന്നെപ്പോലെയുള്ള ആളുകള്‍ ഈ വിഷയം പറയുമ്പോള്‍ അവർ കരുതുന്നത് ഇത്രയും “ഭീകരവാദികളായ”, “കുഴപ്പക്കാരായ” ആളുകള്‍ക്കു വേണ്ടി സംസാരിക്കുന്ന എനിക്ക് ഒന്നുകില്‍ തലയ്ക്ക് ഭ്രാന്താണ് അല്ലെങ്കില്‍ ഞാന്‍ ഫണ്ട് മേടിച്ചിട്ടാണു പറയുന്നത് എന്നാണ്. തെറ്റു പറയാന്‍ പറ്റില്ല. അങ്ങനെയേ സ്വാഭാവികമായി ആളുകൾ കരുതുകയുള്ളൂ. അത്ര ആഴത്തിൽ ഇസ്‌ലാമോഫോബിയ വേരോടിക്കാന്‍ ഇവിടുത്തെ ഭരണകൂട സംവിധാനങ്ങള്‍ക്കും മാധ്യമങ്ങൾക്കും രാഷ്ട്രീയ-സാമുദായിക സംഘടനകൾക്കും കഴിഞ്ഞിട്ടുണ്ട് .

മുഖ്യധാരാ രാഷ്ട്രീയ കക്ഷികളടക്കം മുസ്‌ലിംകളെ ഇങ്ങനെ ശത്രുപക്ഷത്തു നിര്‍ത്താന്‍ കാരണമെന്താണ് എന്നാണു കരുതുന്നത്?

പൊതുവില്‍ നീതിപൂര്‍വകമായ സമൂഹത്തിനുവേണ്ടി നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം കൂടി മുസ്‌ലിംകള്‍ക്കുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. ഇസ്‌ലാമില്‍ ഒരു പൊളിറ്റിക്‌സ് ഉണ്ട്. നീതിയുടെ പൊളിറ്റിക്‌സാണത്. പലിശ ഹറാമാണ്. മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ ഹറാമാണ്. ഈ ഹറാമാക്കുന്നതെല്ലാം ഇവിടുത്തെ മുതലാളിത്ത സാമ്രാജ്യത്വ ശക്തികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട സംഗതികളുമാണ്. അവയ്ക്കെല്ലാമെതിരിൽ കര്‍ശന നിലപാടുള്ള വേറെ ഒരു വിഭാഗവും ലോകത്തില്ലാത്തതിനാൽ, മുസ്‌ലിങ്ങൾ, ലോക സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ ശത്രുപക്ഷത്തു വരുന്നത് സ്വാഭാവികമാണ്. പണ്ട് കമ്മ്യൂണിസ്റ്റുകളായിരുന്നു ‘ഭൂത’മായി തോന്നിയിരുന്നതെങ്കിൽ ഇന്ന് ഇസ്‌ലാമാണു ദുര്‍ഭൂതം.

ഡോക്ടര്‍ അംബേദ്കര്‍ വളരെ പണ്ടേ ചൂണ്ടിക്കാണിച്ചതുപോലെ, ഹിന്ദു എന്നൊരു ബോധം അവര്‍ണര്‍ക്കൊക്കെ ഉണ്ടാകുന്നത്, അപ്പുറത്ത് മുസ്‌ലിംഎന്ന ‘ശത്രു’ അപരസ്ഥാനത്തു വരുമ്പോഴാണ്. ‘ഹിന്ദു’ എന്ന കൃത്രിമമായ ഐക്യം ഉണ്ടാക്കിത്തീര്‍ക്കുന്നതും അങ്ങനെയാണ്. ഹിന്ദു ഭൂരിപക്ഷം എന്ന സംഗതി ഉണ്ടാക്കി വോട്ട് വാങ്ങാമെന്ന് ബിജെപിയും സിപിഎമ്മുമൊക്കെ കരുതുന്നു. അതിനനുസൃതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവർ ചെയ്യുന്നു. കോണ്‍ഗ്രസ് പക്ഷേ, കേരളത്തിനകത്ത് മുസ്‌ലിം ലീഗ് പോലെയുള്ള പാര്‍ട്ടി കൂടെ നില്‍ക്കുന്നതുകൊണ്ട്, അവരില്ലാതെ യുഡിഎഫ് മുന്നണിക്ക് അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് ‘അനിവാര്യമായ ദുരന്തം’ എന്ന രീതിയില്‍ അവരെ കൊണ്ടുനടക്കുന്നതാണ്. അതുകൊണ്ടവർ, തല്‍ക്കാലം അത്ര തുറന്ന രീതിയിലുള്ള ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നില്ല.

പക്ഷേ, കേരളത്തിനു പുറത്തുനിന്ന് അനാഥ കുട്ടികളെ കൊണ്ടുവന്ന സന്ദർഭത്തിലും (2014) അഞ്ചാം മന്ത്രി വിവാദത്തിലുമൊക്കെ (2012) പരസ്യമായിത്തന്നെ അവരും ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളാണു നടത്തിയത്. ഇസ്‌ലാമോഫോബിയ യുടെ കുളിമുറിയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നഗ്‌നരായി നില്‍ക്കുന്നു എന്നു തന്നെ പറയാം; എറ്റക്കുറച്ചിലുകളുണ്ടെന്നു മാത്രം. ഇസ്‌ലാമോഫോബിയയെ ചെറുക്കാന്‍ അവരാരും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ല. അവരിലുള്ള സവര്‍ണ ഹൈന്ദവ-ക്രൈസ്തവ സാന്നിധ്യമാണ് അതിനു കാരണം എന്നാണു ഞാന്‍ കരുതുന്നത്.

പുതിയ കാലത്ത് ഒരു ഏറ്റവും അനിവാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കുന്നത്

ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം, സാമുദായിക രാഷ്ട്രീയത്തെ  തിരിച്ചു പിടിക്കുക എന്നുള്ളതാണ്. വ്യക്തികളുടെ സമത്വത്തോടൊപ്പം തന്നെ, സമുദായങ്ങളുടെ സമത്വവും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. സമുദായങ്ങളുടെ തലത്തിലുള്ള സമത്വമുണ്ടെങ്കില്‍ മാത്രമേ, സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും ഹാര്‍മണിയും നിലനില്‍ക്കുകയുള്ളൂ. സമുദായങ്ങളുടെ സമത്വം നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്കു രാഷ്ട്രീയാധികാരം കൂടി ലഭിക്കേണ്ടതുണ്ട്. സമുദായങ്ങള്‍ക്കു രാഷ്ട്രീയാധികാരം ലഭിക്കണമെങ്കില്‍, സമുദായങ്ങളുടെ രാഷ്ട്രീയം തന്നെ വേണ്ടതുണ്ട്. സഹോദരന്‍ അയ്യപ്പനൊക്കെ, സമുദായ പ്രാതിനിധ്യവാദം മുന്നോട്ടുവെച്ച ആളാണ്. പക്ഷേ, അവസാന കാലത്ത് അദ്ദേഹം സമുദായ രാഷ്ട്രീയം ഉപേക്ഷിച്ചുകൊണ്ട് ദേശീയവാദ രാഷ്ട്രീയത്തിലേക്കു പോവുകയാണുണ്ടായത്. ദേശീയവാദ രാഷ്ട്രീയത്തില്‍, സവര്‍ണരുടെ സാമുദായികത ഒളിഞ്ഞിരിപ്പുണ്ട്. ദേശീയവാദ രാഷ്ട്രീയത്തിനകത്ത് തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ ഭൂരിപക്ഷവും സവര്‍ണരാകുന്നത് അതുകൊണ്ടാണ്. സവര്‍ണതയുടെ സാമുദായികതയാണു ദേശീയവാദം എന്നു പറയുന്നതിൽ തെറ്റില്ല. ആ ദേശീയവാദ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് ഒരിക്കലും ഈ അവര്‍ണ സമുദായങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയാധികാരമോ അവകാശങ്ങളോ സ്ഥാപിച്ചെടുക്കാന്‍ കഴിയില്ല. സ്വന്തമായ സാമുദായിക രാഷ്ട്രീയം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ഇതേ രീതിയില്‍ത്തന്നെ തുടരും.

സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാത്ത ഒരേയൊരു പാര്‍ട്ടി മുസ്‌ലിം ലീഗ് ആണ്. അതുകൊണ്ടാണ് മുസ്‌ലിംലീഗിനെയും അസദുദ്ദീൻ  ഉവൈസിയുടെ പാര്‍ട്ടി (ഐ.എം.ഐ.എം) യെയുമൊക്കെ ഇത്ര ഹീനമായ രീതിയില്‍ മുഖ്യധാര ആക്ഷേപിക്കുന്നത്. സാമുദായിക രാഷ്ട്രീയം വിട്ടുകളയാത്തതുകൊണ്ടു മാത്രമാണ് മുസ്ലീങ്ങള്‍ക്കു കുറച്ചെങ്കിലും പ്രാതിനിധ്യം കിട്ടുന്നത്. ഇതുപക്ഷേ, ഇവിടുത്തെ പിന്നോക്ക സമുദായക്കാരും ദളിതരും മനസ്സിലാക്കുന്നില്ല. ഉത്തരേന്ത്യയില്‍ ദലിതരും പിന്നോക്കക്കാരും സാമുദായിക രാഷ്ട്രീയത്തിനെ തിരിച്ചു പിടിച്ചു. അതാണ് യാദവന്മാരുടെയും ബിഎസ്പിയുടെയും അതുപോലെതന്നെ ലാലുപ്രസാദ് യാദവിന്റെയും മുലായം സിംഗിന്റെയും ഒക്കെ രാഷ്ട്രീയം. പക്ഷെ കേരളത്തില്‍ സാമുദായിക രാഷ്ട്രീയത്തിന് യാതൊരു ഹോപ്പുമില്ലാത്ത രീതിയില്‍, അതൊരു മോശം കാര്യമാണെന്ന(ജാതിരാഷ്ട്രീയം) പ്രതീതി സൃഷ്ടിക്കാൻ ദേശീയവാദ പാർട്ടികൾക്കു സാധിച്ചു. അങ്ങനെ ആക്കിത്തീർക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കുണ്ട്. സാമുദായിക രാഷ്ട്രീയത്തെ ഭീതി ജനിപ്പിക്കുന്ന ഒന്നായാണ് അവതരിപ്പിക്കുന്നത്. ഈ ഭീകര ചിത്രം ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും സാമുദായിക രാഷ്ട്രീയത്തില്‍ നിന്നകറ്റുകയാണു ചെയ്യുന്നത്. പകരമവർ, മുസ്‌ലിംലീഗിനെ അപരവത്കരിക്കുന്ന രാഷ്ട്രീയത്തോടു ചേരുന്നു. സാമുദായിക രാഷ്ട്രീയത്തിനെ പിന്നാക്ക സമുദായക്കാര്‍ക്കു തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല. ഇസ്‌ലാമോഫോബിയ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കണമെങ്കിലും വ്യത്യസ്ത സമുദായങ്ങളുടെ രാഷ്ട്രീയം വരേണ്ടതുണ്ട്. സമുദായം എന്ന രീതിയിലുള്ള ഐഡൻറ്റിറ്റി  തമസ്‌കരിച്ചുകൊണ്ട് ഹിന്ദു എന്ന വേറൊരു ഐഡന്റിറ്റിയില്‍ നില്‍ക്കുന്നത് വലിയ അപകടമാണ്.

സമുദായ പ്രാതിനിധ്യം ചോദിക്കുന്നതിനെ വര്‍ഗീയതയോടു തുലനപ്പെടുത്തുന്ന സമീപനം ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നു പോലും കാണുന്നുണ്ട്?

ചരിത്രം പരിശോധിച്ചാല്‍, വാസ്തവത്തില്‍ മുസ്‌ലിംകൾ രാഷ്ട്രീയാവകാശം ചോദിക്കാന്‍ തുടങ്ങിയ കാലത്താണ് ‘വര്‍ഗീയത’ എന്ന വാക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഗറ്റീവായി വരുന്നത്. അതുവരെ വര്‍ഗീയത എന്ന വാക്കിന് നെഗറ്റീവ് അര്‍ഥം ഉണ്ടായിരുന്നില്ല. അതു് സാമുദായികത എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്ന വാക്കാണ്. ഇടതുപക്ഷം, ന്യൂനപക്ഷ വര്‍ഗീയത- ഭൂരിപക്ഷ വര്‍ഗീയത എന്ന രീതിയിലുള്ള പ്രയോഗമാണ് പ്രചരിപ്പിക്കുന്നത്. എം വി രാഘവന്റെ ബദല്‍ രേഖയുടെ കാലത്താണ് ഇഎംഎസ് ആ പ്രയോഗം മുന്നോട്ടു വെക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയത, ന്യൂനപക്ഷ വര്‍ഗീയത എന്ന സംഭവംതന്നെ യഥാര്‍ഥത്തില്‍ ഇവിടെ ഇല്ല.

ഹിന്ദുത്വ രാഷ്ട്രീയം ‘ഭൂരിപക്ഷ വര്‍ഗീയത’യല്ല; അതൊരു ഫാസിസ്റ്റ് സംവിധാനമാണ്. സവര്‍ണരുടെ ‘ജാതിരാഷ്ട്ര’മാണ് യഥാര്‍ത്ഥത്തില്‍ ‘ഹിന്ദുത്വ രാഷ്ട്രം’ മുന്നോട്ടുവെക്കുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചാണെങ്കിൽ, ഒരു സംഘടനയും ഒരു തരത്തിലുള്ള വര്‍ഗീയതയും പ്രചരിപ്പിക്കുന്നില്ല. അവരുടെ സാമുദായിക ആവശ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. ആ ഉന്നയിക്കുന്നതിനെയാണ് ഇവര്‍ വര്‍ഗീയത എന്നു പറയുന്നത്. ഇത് ദലിതർ ഉന്നയിച്ചാലും വര്‍ഗീയത അല്ലെങ്കില്‍ ജാതിവാദം എന്നു പറയും. പിന്നാക്കക്കാര്‍ ഉന്നയിച്ചാലും വര്‍ഗീയത അല്ലെങ്കില്‍ ജാതിവാദം എന്നു പറയും. പക്ഷേ, ഇന്നേറ്റവും ഫലപ്രദമായി, വര്‍ഗീയത എന്ന വാക്ക് ഉപയോഗിക്കുന്നത് മുസ്ലീങ്ങളെ അപരവല്‍ക്കരിക്കാന്‍ വേണ്ടി മാത്രമാണ്.

ഇടതുപക്ഷം സാമുദായിക സംഘടനകളോട് പക്ഷെ കുറച്ചുകൂടെ അടുപ്പം ഒക്കെ കാണിക്കുന്നതായി പ്രത്യക്ഷത്തില്‍ കാണാം. അവര് അതില്‍ ആത്മാര്‍ഥത കാണിക്കുന്നുണ്ടോ?

സാമുദായിക സംഘടനകളില്‍, സാമുദായിക രാഷ്ട്രീയത്തിനു വേണ്ടി നില്‍ക്കുന്ന ഒരു സംഘടനയോടും അവര്‍ അടുപ്പം കാണിക്കില്ല. സാമുദായിക രാഷ്ട്രീയം പറയാത്ത സംഘടനകളുമായാണ് പൊതുവിൽ എല്ലാ രാഷ്ട്രീയ കക്ഷികളും അടുപ്പം കാണിക്കുന്നത്. അതിനപ്പുറത്തേക്ക് സമുദായ രാഷ്ട്രീയം എന്ന അജണ്ടയുണ്ടെങ്കില്‍ അവര്‍ അടുപ്പം കാണിക്കില്ല. അതുകൊണ്ടാണ് മുസ്‌ലിം ലീഗിനെയൊക്കെ അകറ്റി നിര്‍ത്തുന്നത്. എന്തെങ്കിലും നക്കാപ്പിച്ച സാധനങ്ങള്‍ ഒക്കെ കൊടുത്തുകൊണ്ട്, സമുദായ സംഘടനകളെയും അവരുടെ വോട്ടും നേടിക്കെടുക്കാന്‍ വേണ്ടി അവര്‍ ഉപയോഗിക്കും. മുസ്‌ലിം സംഘടനകളോടു മാത്രമല്ല, എല്ലാ സമുദായ സംഘടനകളോടും ഇതു തന്നെയാണ് എല്ലാവരും ഇപ്പോൾ ചെയ്യുന്നത്.

പെരുന്നാള്‍ സന്ദേശം എന്നുള്ള നിലയ്ക്ക് എന്താണു പറയാനുള്ളത്?

ലോകത്ത് ഏറ്റവും ഏറ്റവും ശക്തിയോടുകൂടി നീതിയുടെ പക്ഷത്തുനിന്നു വലിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗമാണു മുസ്‌ലിംകള്‍. അതുകൊണ്ടു തന്നെ, അവര്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നേരിടുന്നുണ്ട്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇറാനെതിരായിട്ടുള്ള ഇസ്രായേല്‍- അമേരിക്കന്‍ സാമ്രാജ്യത്വ യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും മുസ്‌ലിംകള്‍ക്കും മറ്റുമെതിരായിട്ടുള്ള വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അതിനെതിരെ, ആത്മാഭിമാനത്തില്‍ നിലയുറപ്പിച്ചു കൊണ്ടു പോരാടുന്ന, വീറുള്ള വേറൊരു കമ്മ്യൂണിറ്റി ലോകത്തില്ല. ഈ പോരാട്ടവീര്യം, അവരുടെ മതത്തില്‍ നിന്നു കിട്ടുന്നതാണ്; അവരുടെ വിശ്വാസത്തില്‍ നിന്നു കിട്ടുന്നതാണ്. ആ വിശ്വാസവും അവരുടെ മതവുമാണ് ഏറ്റവും കൂടുതല്‍ അവരെ ശാക്തീകരിക്കുന്നത്. മറ്റുള്ള ആളുകള്‍ പറയുന്നത് ഈ വിശ്വാസവും മതവുമാണ് അവരുടെ കുഴപ്പമെന്നും അതവര്‍ ഉപേക്ഷിക്കണമെന്നുമാണ്. എന്നാല്‍, അതാണ് അവരെ ശാക്തീകരിക്കുന്നത്.

നോമ്പ് മുസ്‌ലിംകളെ കൂടുതല്‍ പോരാട്ടവീര്യമുള്ളവരാക്കുന്നു എന്നാണു ഞാന്‍ കരുതുന്നത്. ത്യാഗസന്നദ്ധതയും വ്യത്യസ്ത ജനവിഭാഗങ്ങളുമായുള്ള സൗഹൃദവുമെല്ലാം അവര്‍ക്കു സാധിക്കുന്നത് അവരുടെ മതവും ആചാരങ്ങളുമാണ്. നോമ്പുതുറകളിലേക്കു ക്ഷണിക്കപ്പെടാറുള്ള അവസരങ്ങളിൽ, കഴിവതും നോമ്പു നോറ്റാണു ഞാന്‍ പോകാറുള്ളത്. ഈ സമുദായത്തോട് ഐക്യപ്പെടേണ്ടതുണ്ടെന്ന ബോധ്യത്താല്‍ കഴിഞ്ഞ വര്‍ഷം ഞാനെന്റെ വീട്ടില്‍ ഒരു സൗഹാര്‍ദ നോമ്പുതുറ നടത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ ശ്രീനാരയണദര്‍ശന വേദി, മാളയിലെ ശ്രീനാരായണ ഗുരു ധര്‍മ ട്രസ്റ്റ്, തിരുവനന്തപുരത്തെ പികെ റോസി ഫൌണ്ടേഷൻ മുതലായ ദലിത്- ബഹുജൻ രാഷ്ട്രീയം മനസ്സിലാക്കുന്ന സംഘടനകൾ, ഈ വർഷം ഇഫ്താറുകള്‍ സംഘടിപ്പിച്ചു. അവയ്ക്ക് ഒരു കാരണക്കാരന്‍ ഞാനാണെന്നു പറയാനാവും. നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുന്നതാണവ.

മുസ്‌ലിംകളുടെ എല്ലാറ്റിനോടും യോജിപ്പുള്ള ഒരാളൊന്നുമല്ല ഞാന്‍. വിയോജിപ്പുകള്‍ സ്വാഭാവികമായും ഉണ്ട്. ഞാന്‍ ഒരു വിശ്വാസി പോലുമല്ല. എന്നിരുന്നാല്‍പ്പോലും ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ ഞാന്‍ ഏറെ ആദരിക്കുന്നത് മുസ്‌ലിംകളെയാണ്. കലക്ടിവ് സാൽവേഷൻ ആണ് സെമിറ്റിക് മതങ്ങളിലുള്ളത്. നോമ്പും അങ്ങനെ തന്നെയാണ്. അത്തരം കൂട്ടായ രീതികള്‍ കെട്ടുറപ്പു നല്‍കും. അത് അങ്ങനെത്തന്നെ നിലനിന്നു പോകണം. കൂടുതൽ വിശ്വാസദാർഢ്യത്തോടെ, അനീതിക്കും അക്രമത്തിനുമെതിരിൽ പൊരുതാനുള്ള കരുത്ത് മുസ്‌ലിങ്ങൾക്കുണ്ടാവട്ടെ എന്നാണ് എനിക്കു നൽകാനുള്ള പെരുന്നാള്‍ സന്ദേശം.

(കടപ്പാട്: ഷബാബ് വെബ്സീൻ, മാർച്ച് 30, എപ്രിൽ 6 തിയ്യതികളിൽ പ്രസിദ്ധീകരിച്ച അഭിമുഖം)