2023ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ ‘ഇന്ത്യ ഹെയ്റ്റ് ലാബ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ല്‍ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇന്‍ഡ്യ ഹേറ്റ്ലാബ് റിപ്പോര്‍ട്ട് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം?
ഹിന്ദുത്വരുടെ കേരള വിരുദ്ധത
കേരളം തീര്‍ച്ചയായും ഹിന്ദുത്വരുടെ ഒരു ടാര്‍ഗറ്റാണ്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍തംഗടിയ്ക്ക് സമീപമുള്ള പ്രശസ്തമായ ഒരു ഹിന്ദു തീര്‍ഥാടനകേന്ദ്രമാണ് ധര്‍മസ്ഥല. പ്രസ്തുത ക്ഷേത്രത്തെ ചുറ്റിപ്പറ്റി വിവാദം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ശുചീകരണ തൊഴിലാളി, സി എന്‍ ചിന്നയ്യ, 2025 ജൂണ്‍ 22 നു രംഗത്തെത്തി. 1995 മുതല്‍ 2014 വരെ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടുവെന്നും, അവരുടെ മൃതദേഹങ്ങള്‍ ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും അടക്കം ചെയ്യാന്‍ തനിക്കു സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് മൃതദേഹങ്ങള്‍ സ്വന്തം കയ്യാല്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും, ഇരകളില്‍ ചിലര്‍ ആസിഡ് ആക്രമണത്തിനിരയായവരാണെന്നും, ചിലര്‍ ചെറുപ്പക്കാരികളാണെന്നും തൊഴിലാളി വിശദീകരിച്ചു.
2025 ജൂലൈ അവസാനവാരത്തില്‍ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് ആര്‍ അശോക വിചിത്രമായ ഒരു വാദമുയര്‍ത്തി. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു പിന്നില്‍ കേരള സര്‍ക്കാരാണെന്നും പരാതിക്കാരന്‍ മുസ്ലിമാണെന്നും അദ്ദേഹം ആരോപിച്ചു: ധര്‍മസ്ഥലയില്‍ പരാതി നല്‍കിയ ആള്‍ മുസ്ലിമാണ്. അതിനു പിന്നില്‍ കേരള സര്‍ക്കാരാണ്. ചില ‘അദൃശ്യകൈകള്‍’ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ ഗൂഢാലോചന നടക്കുന്നു. കേരള സ്റ്റോറി അടക്കമുള്ള സിനിമകള്‍ പറയുന്നതു പോലെ മുസ്ലിം ന്യനപക്ഷ രാഷ്ട്രീയ സംഘാടനവും ഹിന്ദുത്വ വിരുദ്ധതയും സമ്മേളിച്ച കേരളം ആക്രമിക്കപ്പെടുന്നു.
മാധ്യമങ്ങളും റിപ്പോര്‍ട്ടിംഗും
കേരളത്തില്‍നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്ന വിദ്വേഷപ്രസ്താവനകളുടെ എണ്ണത്തിലുള്ള കുറവിന് രണ്ട് കാരണങ്ങള്‍ പറയാം:
ഒന്ന്)ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. സാങ്കേതിക സ്വഭാവമുള്ളതും പൊതുബോധത്തിനുള്ളില്‍ നില്‍ക്കുന്നതും അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ളതുമായ രാഷ്ട്രീയ- മാധ്യമ പ്രചാരണമാണ് ഇവിടത്തേത്. അത് സൂക്ഷ്മവും വ്യത്യസ്തവുമാണ്. തീര്‍ച്ചയായും കേരളത്തില്‍ പോലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നഗ്നമായ രീതിയില്‍ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്.
രണ്ട്) ഇംഗ്ലീഷിലുള്ള മാധ്യമങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡ്യ ഹേറ്റ് ലാബ് അടക്കമുള്ള വിവിധ റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. അതിനാല്‍ മലയാള ഭാഷാ പത്രങ്ങളിലൂടെ പുറത്തുവന്ന സംഭവങ്ങളും പ്രസ്താവനകളും രേഖപ്പെടുത്തപ്പെടാതെ പോകുന്നു. ഉദാഹരണമായി എസ്എന്‍ഡിപി നേതാവായ വെള്ളാപ്പള്ളി നടേശന്‍ മാത്രം 60 വിദ്വേഷ പ്രസ്താവനകള്‍ 2025 ഏപ്രില്‍ 5 നും ഡിസംബര്‍ 16 നും ഇടയ്ക്ക് നടത്തിയിട്ടുണ്ട് (വെള്ളാപ്പള്ളിയുടെ 60 വിദ്വേഷ പ്രസ്താവനകള്‍, ഇസ്ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് റിപ്പോര്‍ട്ട്, 2025 ഡിസംബര്‍ 19, കേരളീയം മാസിക ഡോട്ട്കോം).
കേരളത്തിലെ ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതില്‍ ദേശീയതലത്തിലുള്ള മാധ്യമങ്ങളും സന്നദ്ധ സംഘടനകളും അനുഭവിക്കുന്ന പരിമിതികളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എഴുത്തുകാരനായ അഫ്താബ് ഇല്ലത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”ഇസ്ലാമോഫോബിയ ഇല്ലാത്ത മാന്ത്രിക സ്ഥലമായി” കേരളം തെറ്റായി വായിക്കാന്‍ ഇത് കാരണമായിട്ടുണ്ട്.
എന്നാല്‍ കേരളത്തിലെ ഇസ്ലാമോഫോബിയക്കു മറ്റൊരു ആഗോള സ്വഭാവം കൂടിയുണ്ട്. പലപ്പോഴും കേരളത്തെ പ്രാദേശിക സ്വഭാവത്തില്‍ മാത്രമാണ് നമ്മുടെ സാമാന്യബോധം മനസ്സിലാക്കുന്നത്. ആഗോളതലത്തില്‍ നടക്കുന്ന വിവിധ തരത്തിലുള്ള ഇസ്ലാമോഫോബിക് പ്രചരണങ്ങളുടെ ഇന്ധനമായി വര്‍ഷങ്ങളായി കേരളം മാറിയിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. അത് വ്യക്തമാക്കുന്ന രണ്ട് ഡോക്യുമെന്റുകള്‍ അവതരിപ്പിക്കാം
ഫിക്ഷനും ട്രാവല്‍ റൈറ്റിംഗും
2006-ലാണ് ബ്രിട്ടീഷ് നോവലിസ്റ്റായ ഫ്രെഡറിക് ഫോര്‍സൈത്ത് ‘ദി അഫ്ഗാന്‍‘ എന്ന നോവല്‍ എഴുതുന്നത്. 9/11 ശേഷം രൂപപ്പെട്ട ആഗോള ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍, കേരളത്തെ ‘ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന് സ്വീകരണമുള്ള പ്രദേശം’ എന്ന നിലയിലാണ് ചിത്രീകരിക്കുന്നത്. അല്‍-ഖായിദയുടെ നേതൃത്വത്തില്‍ അമേരിക്കയ്ക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനയാണ് നോവലിന്റെ പ്രമേയം. അതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ‘അല്‍ ഇസ്ലാമീന്‍’ എന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ ഭീകരവല്‍ക്കരിക്കപ്പെടുന്നു. ”ഒരിക്കല്‍ കമ്മ്യൂണിസത്തിന്റെ കേന്ദ്രമായിരുന്ന കേരളം, ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന് പ്രത്യേകമായി സ്വീകരണശീലമുള്ള പ്രദേശമായി” മാറിയിട്ടുണ്ടെന്ന് ഫോര്‍സൈത്ത് എഴുതുന്നു. കേരളത്തില്‍ നിന്നുള്ള ഭീകരര്‍, കരീബിയന്‍ ദ്വീപുകളിലൊന്നായ ട്രിനിഡാഡില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഖായിദയുമായി ബന്ധമുള്ള ‘അല്‍ ഇസ്ലാമീന്‍’ എന്ന സംഘത്തിന്റെ ഭാഗമായി, അമേരിക്കയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായും ചിത്രീകരിച്ചിരിക്കുന്നു. നോവലിനെക്കുറിച്ച് ഇന്‍ഡ്യ ടുഡേ അക്കാലത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ മുസ്ലിംങ്ങളെ 9/11 അനന്തര ആഗോള ഇസ്ലാമോഫോബിക് ആഖ്യാനത്തിലേക്കു ഈ നോവല്‍ കണ്ണിചേര്‍ക്കുന്ന ഒരു ഘട്ടമാണിത്.
2016-ല്‍ പുറത്തിറങ്ങിയ ‘ആന്‍ഡ് ദ മങ്കി ലേണ്‍ഡ് നത്തിംഗ്’ എന്ന ടോം ലൂറ്റ്‌സിന്റെ പുസ്തകമാണ് മലപ്പുറം ആഗോള തലത്തില്‍ അടയാളപ്പെടുത്തപ്പെട്ട മറ്റൊരു സന്ദര്‍ഭം. ടോം ലൂറ്റ്‌സ് അമേരിക്കന്‍ എഴുത്തുകാരനും സാംസ്‌കാരിക വിമര്‍ശകനും അക്കാദമിക്കും ആണ്. കാലിഫോര്‍ണിയ സര്‍വകലാശാല, റിവര്‍സൈഡില്‍ ക്രിയേറ്റീവ് റൈറ്റിംഗും ഇംഗ്ലീഷ് സാഹിത്യവും പഠിപ്പിക്കുന്നു. അക്കാദമിക് അധ്യാപനത്തോടൊപ്പം പൊതുബൗദ്ധിക രംഗത്തും സജീവമാണ്.
‘ഡൂയിംഗ് നത്തിംഗ്: എ ഹിസ്റ്ററി ഓഫ് ലോഫേഴ്‌സ്, ലൗഞ്ചേഴ്‌സ്, സ്ലാക്കേഴ്‌സ്, ആന്‍ഡ് ബംസ്’, ‘ഡ്രിങ്കിംഗ് ബിയര്‍ വിത് ജീസസ്’, ‘ആന്‍ഡ് ദ മങ്കി ലേണ്‍ഡ് നത്തിംഗ്’ എന്നിവയാണ് പ്രധാന കൃതികള്‍. സംരംഭങ്ങളിലേറ്റവും പ്രധാനപ്പെട്ടത് ‘ലോസ് ആഞ്ചലസ് റിവ്യൂ ഓഫ് ബുക്‌സ്’ എന്ന സാഹിത്യബൗദ്ധിക മാസികയാണ്; ഇതിന്റെ സ്ഥാപകനും ആദ്യ എഡിറ്ററുമായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബൗദ്ധിക ലോകത്ത് ഗൗരവമുള്ള സാഹിത്യ-സാംസ്‌കാര- രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ സംരംഭമായി ഈ പ്രസിദ്ധീകരണം വിലയിരുത്തപ്പെടുന്നു.
2016-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഐവ പ്രസ്സ് പ്രസിദ്ധീകരിച്ച ടോം ലൂറ്റ്‌സിന്റെ ‘ആന്‍ഡ് ദ മങ്കി ലേണ്‍ഡ് നത്തിംഗ്’ എന്ന യാത്രാവിവരണത്തില്‍ മലപ്പുറത്തെക്കുറിച്ച് ഒരു അധ്യായമുണ്ട്. അതിന്റെ തലക്കെട്ട് ഇതാണ്: ‘മൈ ലൈഫ് ആസ് എ പീഡോഫില്‍, മലപ്പുറം, ഇന്ത്യ’. അദ്ദേഹം മലപ്പുറം ടൗണില്‍ എത്തുന്നതും ഒരു ഹോട്ടലില്‍ താമസിക്കുന്നതുമാണ് ഇതില്‍ വിവരിക്കുന്നത്. വൈകുന്നേരം ഭക്ഷണം തേടി നടന്നപ്പോള്‍, 12 വയസ്സുകാരനായ ഒരു ബാലന്‍ സൈക്കിളില്‍ വന്ന് നല്ല ഇംഗ്ലീഷില്‍ സംസാരിച്ച് ഒരു റസ്റ്റോറന്റ് കാണിച്ചു കൊടുക്കുന്നു. പിന്നീട് 14 വയസ്സുകാരനായ മറ്റൊരു ബാലനെയും അദ്ദേഹം കണ്ടുമുട്ടുന്നു. രാത്രി മുറിയിലെത്തി ഇന്റര്‍നെറ്റില്‍ മലപ്പുറത്തെക്കുറിച്ച് തിരഞ്ഞപ്പോള്‍, യൂറോപ്യന്‍ സെക്‌സ് ടൂറിസ്റ്റുകളുടെ കേന്ദ്രമാണ് മലപ്പുറം എന്ന് അദ്ദേഹം മനസ്സിലാക്കി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ റിസപ്ഷനിലെ സമീപനവും ബാലന്മാരുടെ പെരുമാറ്റവും ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ അദ്ദേഹം പുനര്‍വായിക്കുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇറങ്ങിയപ്പോള്‍, ഹോട്ടലിലെ റെസ്റ്റോറന്റില്‍ ചില യൂറോപ്യന്‍, ജര്‍മന്‍ ടൂറിസ്റ്റുകളെ കണ്ടു. ഈ സമൂഹം തന്നെ ഒരു പീഡോഫൈലായാണ് കാണുന്നതെന്ന് ലജ്ജയോടെ അദ്ദേഹം തിരിച്ചറിയുകയാണ്.
മലപ്പുറത്ത് ‘ടൗണ്‍ സ്‌ക്വയര്‍’ എന്നൊരു സ്ഥലമില്ല. അദ്ദേഹം ഏത് പ്രദേശത്താണ് താമസിച്ചതെന്ന് വ്യക്തമല്ല; ‘മലപ്പുറം ടൗണ്‍’ എന്ന പൊതുപേരിലാണ് അനുഭവം രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്തെ ചുറ്റിപ്പറ്റി ഇന്ത്യന്‍ ദേശീയ ഭാവന രൂപപ്പെടുത്തുന്ന വാര്‍പ്പ് മാതൃക വെളുത്ത ഉപരിവര്‍ഗ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഇത് വ്യക്തമാകുന്നു.
ടോം ലൂറ്റ്‌സ് മലപ്പുറത്തെക്കുറിച്ച് നേരിട്ട് മോശമായി ഒന്നും പറയുന്നില്ല. കണ്ട മനുഷ്യരിലും കുഴപ്പം കാണുന്നില്ല. ഏതാനും മണിക്കൂറുകളേ അദ്ദേഹം മലപ്പുറത്തു ചിലവഴിക്കുന്നുന്നുള്ളൂ: വൈകുന്നേരം വരുന്നു. ഭക്ഷണം കഴിക്കുന്നു. ഉറങ്ങുന്നു. ഇത്രയേയുള്ളൂ. പിന്നീടു ഇന്റര്‍നെറ്റില്‍ കിട്ടിയ വിവരങ്ങള്‍ വെച്ചു അദ്ദേഹം ചില നിഗമനങ്ങളില്‍ എത്തുകയാണ്. ഒരു ലൂപ്പില്‍ പെട്ട പോലെ അദ്ദേഹത്തിന്റെ ബോധം തകിടം മറിയുന്നു.
മലപ്പുറത്തെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് തന്റെ എഴുത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. ആ വിവരങ്ങള്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്നത് വിശദീകരിക്കാനാവാത്ത കുറ്റബോധമാണ്. മറ്റുള്ളവരുടെ കണ്ണില്‍ താന്‍ എങ്ങനെ കാണപ്പെടുന്നുവെന്ന ബോധത്തില്‍ നിന്ന്് ഉദ്ഭവിക്കുന്നത് ആ കുറ്റബോധം,. വെള്ളക്കാരനായ ഉപരി വര്‍ഗ അമേരിക്കന്‍ യാത്രക്കാരന്‍ മലപ്പുറത്തെ ഒരു ചെറിയ ടൗണില്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷമാണ് അദ്ദേഹം വിവരിക്കുന്നത്.
സൂക്ഷ്മമായി പരിശോധിച്ചാല്‍ അദ്ദേഹത്തിന്റേത് മലപ്പുറത്തെക്കുറിച്ചുള്ള വിവരണമല്ല; മറിച്ച് ഒരു യാത്രക്കാരന്‍ അദ്ദേഹത്തിന്റെ ഭാവനയിലുള്ള ‘മലപ്പുറം’ എങ്ങനെ അനുഭവിച്ചുവെന്നാണ്. സഹൃദയനും ധാര്‍മ്മികബോധമുള്ളവനുമെന്ന് സ്വയം കരുതുന്ന ഉപരി വര്‍ഗയാത്രക്കാരന്റെ മാനസിക സംഘര്‍ഷങ്ങളും ധാര്‍മ്മിക ആകുലതകളുമാണ് പുസ്തകം അവതരിപ്പിക്കുന്നത്. സാഹിത്യം, സംസ്‌കാരം, പ്രതിനിധാനം, സാമൂഹിക ഭാവന എന്നീ തലത്തില്‍ വായിക്കുമ്പോള്‍, ഈ അനുഭവം വെള്ളക്കാരായ ടൂറിസ്റ്റുകളുടെ ഭാവനകള്‍ എത്രത്തോളം വിദൂരവും പരിമിതവുമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ രേഖയുടെ പ്രാധാന്യവും അതാണ്. ഒപ്പം മലപ്പുറത്തെക്കുറിച്ചുള്ള ആധിപത്യ പ്രതിനിധാനങ്ങളുടെ വൈപുല്യത്തെയും അത് ഓര്‍മിപ്പിക്കുന്നു.
(കടപ്പാട്: സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണരൂപം)