ലാറ്റിനമേരിക്കയിൽ നടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകൾ ആഗോളതലത്തിൽ ഗൗരവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ അമേരിക്ക സ്വീകരിച്ച സാമ്പത്തിക ഉപരോധങ്ങൾ, നയതന്ത്ര സമ്മർദങ്ങൾ, സൈനിക അട്ടിമറികൾ എന്നിവ ഈ ചർച്ചകളുടെ ഭാഗമായിരുന്നു. ഫലസ്തീനിലും ഇറാനിലും ഉക്രൈനിലുമൊക്കെ തുടരുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയത്തിന്റെ വിവിധ അധികാരഘടനകൾ നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു. ഇതൊക്കെ പ്രാദേശിക സംഘർഷമായോ അധികാരരാഷ്ട്രീയമായോ മാത്രം വായിക്കാനാവില്ല. മറിച്ച്, സാമ്രാജ്യത്വത്തിന്റെ ദീർഘകാല ചരിത്രവും അതിന്റെ ആഗോള പ്രവർത്തനരീതികളും മനസിലാക്കേണ്ട നിർണായക ഘട്ടമായാണിത് നിലകൊള്ളുന്നത്. ഈ പശ്ചാത്തലത്തിൽ ലാറ്റിനമേരിക്കയിലെ രാഷ്ട്രീയസാമൂഹിക പ്രതിസന്ധികളെയും അവിടെയുണ്ടായ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ചരിത്രത്തെയും കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ വ്യാപകമാകുകയാണ്.
വംശീയതയും സാമ്രാജ്യത്വവും
ഈ ചർച്ചകളിൽ പൊതുവേ അവഗണിക്കപ്പെടുന്ന ഒരു പ്രധാന ഘടകമാണ് ആഗോളവംശീയതയും സാമ്രാജ്യത്വവുമായുള്ള ബന്ധവും. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ ഇടപെടലുകളും ഇസ്‌ലാമോഫോബിയയും തമ്മിലുള്ള ഘടനാപരമായ ബന്ധമാണ് അതിൽ പ്രധാനം. ഇസ്‌ലാമോഫോബിയയെ സാധാരണയായി മുസ്‌ലിം പ്രദേശങ്ങളിലേക്കോ സമൂഹങ്ങളിലേക്കോ മാത്രം ചുരുക്കുന്ന സമീപനം, സാമ്രാജ്യത്വത്തിന്റെ ആഗോള വംശീയസ്വഭാവം മനസിലാക്കുന്നതിൽ വലിയ പരിമിതികൾ സൃഷ്ടിക്കുന്നു.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള വെനസ്വലപോലുള്ള രാജ്യങ്ങളിലായാലും വടക്കെ മെക്സിക്കോയിൽനിന്നുതന്നെയുള്ള സപറ്റിസ്റ്റ അടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ടവരുടെ വിമോചന പ്രസ്ഥാനങ്ങളായാലും ഇസ്‌ലാമിക ലോകത്തോടുള്ള വിപുലാർഥത്തിലുള്ള ഐക്യദാർഢ്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഉപരിതല ഐക്യദാർഢ്യമായി മാത്രം വായിക്കേണ്ടതല്ല. ആഗോളതലത്തിൽ സാമ്രാജ്യാധിപത്യത്തിന്റെ വിവിധ രൂപങ്ങളാൽ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ തമ്മിലുള്ള ചരിത്രപരമായ ഐക്യദാർഢ്യമായാണ് മനസിലാക്കേണ്ടത്. ലാറ്റിൻ അമേരിക്ക അനുഭവിച്ച സാമ്രാജ്യാതിക്രമങ്ങളുടെ ചരിത്രവും മുസ്്ലിം സമൂഹങ്ങൾ നേരിടുന്ന ആക്രമണങ്ങളും വംശീയതയ്ക്കും അധിനിവേശത്തിനുമെതിരായ സമാന പോരാട്ടാനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
നാഗരികതകളുടെ സംഘർഷവും ലാറ്റിനമേരിക്കയും
1990കളിൽ സാമുവൽ ഹണ്ടിങ്ടൺ മുന്നോട്ടുവച്ച ‘നാഗരികതകളുടെ സംഘർഷം’ എന്ന സിദ്ധാന്തം, ശീതയുദ്ധാനന്തര ലോകക്രമത്തെ വിശദീകരിക്കുന്നതെന്ന പേരിൽ വലിയ സ്വാധീനം ചെലുത്തി. പാശ്ചാത്യ ലോകവും ഇസ്്ലാമും തമ്മിൽ അനിവാര്യമായ ഒരു സംഘർഷമുണ്ടാകുമെന്ന വാദം, സാമ്രാജ്യത്വ ഇടപെടലുകൾക്ക് ബൗദ്ധിക ന്യായീകരണമായി പ്രവർത്തിച്ചു. ഈ സിദ്ധാന്തം പാശ്ചാത്യ ലോകത്തെ ക്രൈസ്തവ മൂല്യങ്ങളുടെയും ലിബറൽ ജനാധിപത്യത്തിന്റെയും സ്വാഭാവിക കൂട്ടായ്മയായി ചിത്രീകരിക്കുകയും ഇസ്്ലാമിനെ അതിന്റെ അടിസ്ഥാനപരമായ അപരമായി നിർവചിക്കുകയും ചെയ്തു. ഇതിലൂടെ ‘പാശ്ചാത്യം = ക്രൈസ്തവം ലിബറൽ ജനാധിപത്യം’ എന്ന ഒരു രാഷ്ട്രീയപരവും വംശീയവുമായ നിർമിതി ആഗോളബോധത്തിൽ ഉറപ്പിക്കപ്പെട്ടു.
ഈ നിർമിതി പാശ്ചാത്യ ലോകത്തിനുള്ളിലെ തന്നെ ക്രൈസ്തവ സംഘർഷങ്ങളെയും വംശീയ വിഭജനങ്ങളെയും പൂർണമായി മറച്ചുവച്ചു. ഒപ്പം, ക്രൈസ്തവരുടെ ആഗോള ചരിത്രം യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചുരുക്കി വായിക്കുന്ന സമീപനവും ശക്തമായി. ഇതിന്റെ ഫലമായി, ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നായ ലാറ്റിനമേരിക്ക, ‘പാശ്ചാത്യ ക്രൈസ്തവ നാഗരികതയുടെ’ ഭാഗമല്ലാത്ത ഒരു അപരപ്രദേശമായി ചിത്രീകരിക്കപ്പെട്ടു. അവിടെയുള്ള രാജ്യങ്ങൾ സാമ്രാജ്യത്വ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ഇടപെടലുകളുടെ സ്ഥിരം ലക്ഷ്യങ്ങളായി മാറുകയും ചെയ്തു. ഇതിലൂടെ ‘നാഗരികതയുടെ സംഘർഷം’ എന്ന വാദം യഥാർഥത്തിൽ മതമോ നാഗരികതയോ അല്ല, മറിച്ച് സാമ്രാജ്യത്വ അധികാരവും വംശീയതയും സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ ഉപാധിയാണെന്നത് കാര്യം വ്യക്തമാക്കുന്നു.
യൂറോപ്പിലും അമേരിക്കയിലും ഇസ്്ലാമോഫോബിയ ശക്തമായി പ്രകടമാകുമ്പോൾ ലാറ്റിനമേരിക്കയിൽ അത് സമാനതോതിൽ കാണപ്പെടുന്നില്ല എന്ന വസ്തുത പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ‘പാശ്ചാത്യ ലോകം’ എന്ന ആശയംതന്നെ യൂറോപ്യൻ വംശീയരാഷ്ട്രീയ നിർമിതിയാണെന്നും വെളുത്ത ദേശീയതക്കും (വൈറ്റ് നാഷനലിസം) സാമ്രാജ്യത്വ മൂലധനതാൽപര്യങ്ങൾക്കും അനുകൂലമായ രീതിയിൽ അത് രൂപപ്പെടുത്തിയതാണെന്നുമുള്ള തിരിച്ചറിവ് ഇക്കാര്യത്തിൽ ചില സൂചനകൾ നൽകും. ഈ നിർമിതി കോളനിവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലെ ക്രൈസ്തവരെപ്പോലും അപരമാക്കി അടിച്ചമർത്തുന്ന രാഷ്ട്രീയ പദ്ധതിയായി പ്രവർത്തിക്കുന്നുവെന്നതാണ് വസ്തുത.
ഇതിന്റെ ചരിത്രപരമായ വേരുകൾ തേടുന്നവർ 1492 എന്ന വർഷത്തിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് അർജൻ്റീനയിൽ നിന്നുള്ള ചിന്തകനായ എൻറികെ ഡ്യൂസലിൻ്റെ പഠനങ്ങൾ പറയുന്നത്. ഇസ്്ലാമിക ആൻഡലൂസിയയുടെ തകർച്ചയോടൊപ്പം, സ്പാനിഷ് കത്തോലിക്ക ക്രൈസ്തവതയെ ആധാരമാക്കിയ ഒരു ആഗോള വംശീയമാതൃക രൂപംകൊള്ളുന്നത് ഇക്കാലത്താണ്. തുടർന്നാണ് ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രകൾ ലാറ്റിനമേരിക്കയുടെ കോളനിവൽക്കരണത്തിന് തുടക്കം കുറിക്കുന്നതും ഒരേസമയം ക്രൈസ്തവതയെ കോളനിയാധിപത്യ മതമായി സ്ഥാപിക്കുന്നതും.
എന്നാൽ ഈ ചരിത്രം ഏകദിശയായിരുന്നില്ല. കോളനിയാധിപത്യ ക്രൈസ്തവതയ്ക്കെതിരേ നിലകൊള്ളുന്ന മതപരമായ പ്രതിരോധങ്ങളും ലാറ്റിനമേരിക്കയിൽ രൂപപ്പെട്ടു. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പക്ഷം പിടിക്കുന്ന ക്രൈസ്തവ രാഷ്ട്രീയബോധമാണ് അവിടെ വളർന്നത്. 1960-കൾക്കുശേഷം രൂപംകൊണ്ട വിമോചന ദൈവശാസ്ത്രം ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. സാമ്രാജ്യത്വത്തോടും മൂലധന ചൂഷണത്തോടും നേരിട്ട് ഏറ്റുമുട്ടുന്ന സോഷ്യലിസ്റ്റ് നീതിശാസ്ത്ര നിലപാടായി ക്രൈസ്തവതയെ പുനർവ്യാഖ്യാനിക്കുന്ന ചിന്താധാരയാണ് അത്.
ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ പോപ്പ് പോലും ലാറ്റിനമേരിക്കയിലെ അമേരിക്കൻ സാമ്രാജ്യത്വ ഇടപെടലുകളെ വിമർശിച്ച് രംഗത്തുവരുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ കോളനിവൽക്കരിക്കപ്പെട്ട ലോകങ്ങളിൽ മതങ്ങളെയും കീഴാള സംസ്‌കാരങ്ങളെയും പൈശാചികവൽക്കരിക്കുകയും വംശീയവൽക്കരിക്കുകയും ചെയ്യുന്ന ഒരു ആഗോള രാഷ്ട്രീയതന്ത്രം പ്രവർത്തിക്കുന്നുണ്ടെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇസ്്ലാമിനെയും ലാറ്റിനമേരിക്കൻ ജനവിഭാഗങ്ങളെയും വ്യത്യസ്ത പേരുകളിൽ അപരമാക്കി ചിത്രീകരിക്കുന്ന ഈ സമീപനം, ആഗോള സാമ്രാജ്യത്വത്തിന്റെ ആന്തരികഘടനയും അതിന്റെ വംശീയ അടിത്തറയും തുറന്നുകാട്ടുന്നു.
മതവും മയക്കുമരുന്നും
1990-കൾക്കുശേഷം ഇസ്്ലാമിനെക്കുറിച്ച് ആഗോളതലത്തിൽ പ്രചരിപ്പിച്ച സാമ്രാജ്യത്വ ആഖ്യാനങ്ങൾ, ഇസ്്ലാം = ഭീകരത എന്ന ലളിതവൽക്കരണത്തിലാണ് അധിഷ്ഠിതമായത്. മുസ്്ലിംകൾ മതപരമായി തന്നെ അക്രമപ്രവണതയുള്ളവരാണെന്ന വംശീയധാരണ ഇതിലൂടെ വ്യാപകമായി സ്ഥാപിക്കപ്പെട്ടു. ഭീകരതക്കെതിരായ യുദ്ധം(വാർ ഓൺ ടെറർ) എന്ന വംശീയ പദ്ധതിയാണിത്. അമിത മതവൽക്കരണമുള്ളവരായി മുസ്്ലിംകളെ ചിത്രീകരിച്ചു, വംശീയാക്രമണങ്ങളും സാമ്രാജ്യത്യ യുദ്ധങ്ങളും ഇതിന്റെ ഭാഗമായി വികസിച്ചു.
ഇതിന് വിപരീതമായി, ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ ഇടപെടലുകൾ ‘വാർ ഓൺ ഡ്രഗ്‌സ്’, അഥവാ മയക്കു മരുന്നിനെതിരായ പോരാട്ടം എന്ന ഓമനപ്പേരിലാണ് വികസിച്ചത്. ‘ജനങ്ങളുടെ സുരക്ഷ’, സ്വച്ഛാധിപത്യത്തിനെതിരായ പോരാട്ടം’ തുടങ്ങിയ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ലിബറൽ ജനാധിപത്യ ഭാഷകളിലൂടെയാണ് ഇതു ന്യായീകരിക്കപ്പെട്ടത്. എന്നാൽ ഈ ഇടപെടലുകളുടെ ഫലമായി ലാറ്റിനമേരിക്കയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പല ജനസമൂഹങ്ങളും ഇല്ലാതാവുകയും ചെയ്തുവെന്ന വസ്തുത മറച്ചുവെക്കപ്പെട്ടു.
‘വാർ ഓൺ ടെറർ’ എന്ന ആഗോള ഇസ്്ലാംവിരുദ്ധ ആഖ്യാനത്തിനും ‘വാർ ഓൺ ഡ്രഗ്‌സ്’ എന്ന ലാറ്റിനമേരിക്കൻ ആഖ്യാനത്തിനും ഇടയിൽ ഘടനാപരമായ സമാനതകൾ ധാരാളമുണ്ടെന്നാണ് റമോൺ ഗ്രോസ്ഫുഗൽ അടക്കമുള്ള ലാറ്റിനമേരിക്കൻ ചിന്തകർ ചൂണ്ടിക്കാണിക്കുന്നത്. അപരജനവിഭാഗങ്ങളെ വിദ്വേഷ പ്രചാരണത്തിലൂടെ ശത്രുവാക്കി മാറ്റൽ, സ്ഥിരം നിരീക്ഷണത്തിനും സൈനികവൽക്കരണത്തിനും വിധേയമാക്കൽ, അവരുടെ ദേശീയ പരമാധികാരം ദുർബലപ്പെടുത്തൽ, ഭൂമിയും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇരുവശങ്ങളിലും നടക്കുന്നത്. വ്യത്യാസം ഉപയോഗിക്കുന്ന ഭാഷയിൽ മാത്രമാണ്: ഒരിടത്ത് മതം പ്രശ്‌നമായി അവതരിപ്പിക്കുമ്പോൾ മറ്റൊരിടത്ത് വംശീയവും സാംസ്‌കാരികവുമായ പ്രത്യേകതകളെയാണ് കുറ്റപ്പെടുത്തുന്നത്.
ഹിസ്പാനോഫോബിയയുടെ അനുഭവം
ലാറ്റിനമേരിക്കക്കെതിരായ വംശീയതയും മുസ്്ലിംകൾക്കെതിരായ വംശീയതയും തമ്മിലുള്ള ഈ ബന്ധം കൂടുതൽ ആഴത്തിൽ മനസിലാക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ രാഷ്ട്രീയവും പരിഗണിക്കേണ്ടതുണ്ട്. മുസ്്ലിംകളെ പോലെത്തന്നെ, യൂറോപ്പിലും അമേരിക്കയിലും ലാറ്റിനമേരിക്കക്കാർ വലിയ കുടിയേറ്റ സമൂഹമാണ്. അമേരിക്കയിൽ ‘ഹിസ്പാനിക്’ അല്ലെങ്കിൽ ‘ലാറ്റിനോ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സമൂഹം ശക്തമായ വംശീയ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാകുന്നു. മുസ്്ലിംകളെ മതപരമായി അപകടകാരികളായി ചിത്രീകരിക്കുന്നതുപോലെ, ലാറ്റിനമേരിക്കക്കാരെയും സാമൂഹികഭീഷണിയായി നിർവചിക്കുന്നു. ശരീഅത്ത് നടപ്പാക്കി അമേരിക്കയെയും യൂറോപ്പിനെയും ആഭ്യന്തരമായി തകർക്കുന്നവരാക്കി മുസ്്ലിംകൾ ചിത്രീകരിക്കുമ്പോൾ മയക്കുമരുന്നു വ്യാപാരത്തിലൂടെ അമേരിക്കയെ ആഭ്യന്തരമായി ശിഥിലീകരിക്കുന്നവരാണത്രെ അമേരിക്കയിലെ ലാറ്റിനോ കുടിയേറ്റക്കാർ. മതവും മയക്കുമരുന്നും പോലുള്ള വ്യത്യസ്ത രൂപകങ്ങൾ ഉപയോഗിച്ചുകൊണ്ട് അമേരിക്കൻ നിർമിത സാമ്രാജ്യത്വ വംശീയത എങ്ങനെ ഒരു സാമൂഹിക നിയന്ത്രണയന്ത്രമായി പ്രവർത്തിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഈ രണ്ട് സാഹചര്യങ്ങളിലും വംശീയതയാണ് സാമ്രാജ്യത്വ മുതലാളിത്തിന്റെ മാർഗം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നിയന്ത്രണങ്ങൾ അതിന്റെയൊപ്പം പ്രവർത്തിക്കുന്നു.
(കടപ്പാട് : സുപ്രഭാതം ദിനപത്രം)