Global Islamophobia Indian Islamophobia Kerala Islamophobia

തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: മുന്നോട്ടുള്ള ആലോചനകള്‍

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ, തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഈ തിരഞ്ഞെടുപ്പുകാലം നമ്മെ ബോധ്യപ്പെടുത്തി. ഇസ്‌ലാമോഫോബിയയെ ഒരു വ്യക്തിഗത മുന്‍വിധിയായി മാത്രം കാണാനാകില്ല; അറിവിന്റെ നിര്‍മ്മാണം, മാധ്യമ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രയോഗങ്ങള്‍, ഭരണകൂടനയങ്ങള്‍, ചരിത്ര വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ഘടനാപരമായ ഒരു സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണത്. മുസ്‌ലിം സ്വയം സംഘാടനത്തിൻ്റെ നിഷേധമാണ് ഇസ്‌ലാമോഫോബിയ ലക്ഷ്യം വെക്കുന്നത്.

ഈ പശ്ചാത്തലത്തില്‍, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ കാണിക്കുന്നത്, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, ദൃശ്യത, പ്രതിനിധാനം എന്നിവയ്ക്ക് സാധ്യതകളും പരിമിതികളും ഒരേസമയം ഉണ്ടെന്നാണ്. ഈ അനുഭവങ്ങള്‍ ചേര്‍ത്ത് നോക്കുമ്പോള്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ എന്ത് പ്രതീക്ഷിക്കണം, അതിന്റെ പരിധികള്‍ എന്താണ്, എന്നതില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാനാകും. അതിലേക്കാവശ്യമായ ചില ആലോചനകളാണിത്.

എവിടെ തുടങ്ങണം?

തിരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെ എത്രത്തോളം ജനാധിപത്യത്തെ ഭൂരിപക്ഷാധിപത്യത്തില്‍ നിന്നു സംരക്ഷിച്ചു നിറുത്തുമെന്ന ആലോചനകളില്‍നിന്നുവേണം തുടങ്ങാന്‍. ഇന്ത്യയില്‍ നാം ഭൂരിപക്ഷ വോട്ടിങ് സംവിധാനമെന്ന് അറിയപ്പെടുന്ന ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടുലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പല സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ച വോട്ടിന്റെ കണക്കു പരിശോധിച്ചാല്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ക്കെതിരേ പോള്‍ ചെയ്ത വോട്ട്. ഈ സംവിധാനപ്രകാരം വിജയിക്കുന്ന സ്ഥാനാര്‍ത്ഥി 50 ശതമാനം വോട്ട് നേടണമെന്ന് നിര്‍ബന്ധമില്ല. ജയിച്ചവർ അവർക്കു ലഭിച്ച വോട്ടിനാലല്ല, രണ്ടാം സ്ഥാനക്കാർക്കു നഷ്ടപ്പെട്ട വോട്ടിനാലാണു ജയമുറപ്പാക്കുന്നത്.

ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംവിധാനം പരിമിതമാണ്. പ്രത്യേകിച്ച് അവര്‍ സംസ്ഥാനത്താകമാനം ‘ചിതറി” (ഡിസ്‌പേഴ്‌സ്ഡ്) വ്യാപിച്ചിരിക്കുകയാണെങ്കില്‍. പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇതാണവസ്ഥ. അതിനാൽതന്നെ മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും ”നിര്‍ണായകം” (പിവോറ്റല്‍) ആകാതെ പോകുന്നതിന് ഇത് കാരണമാവുന്നു.

ഉദാഹരണത്തിന്, ഒരു മണ്ഡലത്തില്‍ മുസ് ലിം വോട്ടുകള്‍ 10-15% മാത്രം ആണെങ്കില്‍, അവര്‍ ഒരുമിച്ച് വോട്ട് ചെയ്താലും ജയത്തില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ കഴിയാതെ വരാം. ഇതിലൂടെ അവരുടെ രാഷ്ട്രീയ ശക്തി ”വോട്ടുകളുടെ എണ്ണം” ഉണ്ടായിട്ടും ”സീറ്റുകളിലേക്ക്” പരിഭാഷപ്പെടാതെ പോകുന്നു. ഇന്ത്യയിലെ മുസ് ലിംകളുടെ അണ്ടര്‍-റെപ്രസന്റേഷന്‍ ഒരു രാഷ്ട്രീയ മനോഭാവത്തിന്റെ ഫലം മാത്രമല്ല; അത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ഇതിന് ഒരു പരിഹാരമായി ചില രാജ്യങ്ങള്‍ (സൗത്താഫ്രിക്ക, നമീബിയ, നെതർലൻഡ്‌സ് തുടങ്ങിയവ ) ‘പ്രൊപോര്‍ഷണല്‍ റെപ്രസന്റേഷന്‍’ പോലുള്ള സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അവിടെ ഒരു പാര്‍ട്ടി നേടുന്ന മൊത്തം വോട്ടിന്റെ അനുപാതത്തില്‍ സീറ്റുകള്‍ ലഭിക്കും. ഇതിലൂടെ ന്യൂനപക്ഷങ്ങളുടെ വോട്ട് ”വേസ്റ്റ്” ആകാതെ കുറച്ച് കൂടുതല്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിനും പരിമിതികളുണ്ട്. പാര്‍ട്ടി ലിസ്റ്റുകള്‍ ആരാണ് തയ്യാറാക്കുന്നത്, സ്വയംനിർണയവകാശമുള്ള ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് അവയില്‍ സ്ഥാനം കിട്ടുന്നുണ്ടോ എന്നത് വീണ്ടും ഒരു രാഷ്ട്രീയ പ്രശ്‌നമായി തുടരുന്നു. ഇതാണ് അടിസ്ഥാനപരമായ പ്രശ്‌നം.

ന്യൂനപക്ഷ പ്രാതിനിധ്യം: കേരളത്തിലെ ചർച്ചകൾ

ജനാധിപത്യത്തിലെ വിശിഷ്യ തിരഞ്ഞെടുപ്പ് വ്യവസ്ഥയിലെ ന്യൂനപക്ഷ പ്രശ്‌നത്തെ തിരിച്ചറിയുകയെന്നതു ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ മൂന്നുപാധിയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലൊന്നും തന്നെ ഈയൊരു അടിസ്ഥാന പ്രശ്‌നം ഉന്നയിക്കപ്പെട്ടില്ല. മുസ്‌ലിം ഉള്ളടക്കമുള്ള പാര്‍ട്ടികളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ അടിസ്ഥാന യുക്തിയായി ജനാധിപത്യത്തിലെ ന്യൂനപക്ഷ പ്രശ്നം പ്രവര്‍ത്തിച്ചില്ലെന്നു സാരം.

കേരളത്തിൽ ഇരു മുന്നണികളിലുമായി നേരിട്ടും അല്ലാതെയും ഏകദേശം അഞ്ച് മുസ്‌ലിം (കർതൃത്വപരമായി) പ്രാതിനിധ്യമുള്ള പാർട്ടികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (യു.ഡി.എഫ്) നേരിട്ട് ന്യൂനപക്ഷ അവകാശ രാഷ്ട്രീയത്തെ മുന്നോട്ട് വെക്കുമ്പോൾ, ഇന്ത്യൻ നാഷണൽ ലീഗ് (എൽ.ഡി.എഫ്), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ തുടങ്ങിയ പാർട്ടികളും നിലനിൽക്കുന്നു. ഈ അഞ്ചു പാർട്ടികളിലെല്ലാം വിവിധ സാമൂഹിക വിഭാഗങ്ങൾക്കും പങ്കാളിത്തമുണ്ട്.

എന്നാൽ 1980–82 കാലഘട്ടത്തിന് ശേഷം ഒരു ഘട്ടത്തിലും മുസ്‌ലിംകൾക്ക് കേരളത്തിലെ നിയമസഭയിൽ 100 ശതമാനം പ്രാതിനിധ്യം ലഭിച്ചിട്ടില്ല (അബ്ദുറഹ്മാൻ ഐ പി എസ്  എഴുതിയ ‘ Absent in Politics and Power: Political Exclusion of Indian Muslims (2024), കാണുക) . വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഈ കാലയളവിൽ മുസ്‌ലിം നിയമസഭാ പ്രതിനിധാനം സാധാരണയായി ഏകദേശം 60 മുതൽ 80 ശതമാനം വരെയുള്ള പരിധിയിലാണെന്നാണ്. അതായത്, മുസ്‌ലിം ജനസംഖ്യാനുപാതത്തിന് അനുസൃതമായ പൂർണ പ്രാതിനിധ്യം, അഥവാ 100 ശതമാനത്തോട് ചേർന്ന നില, 1980കളിന് ശേഷം ഒരിക്കലും കൈവരിച്ചിട്ടില്ല. ഇത്തരമൊരു പ്രാതിനിധ്യ പ്രശ്നം ഇക്കഴിഞ്ഞ നിയമസഭാ ചർച്ചകളിൽ ഒരിടത്തും ഉയർന്നില്ല.

പകരം ഉയർന്നുവന്നത് ‘ന്യൂനപക്ഷ പ്രീണനം, ന്യൂനപക്ഷ വർഗീയത, മതേതരവിരുദ്ധത, മത രാഷ്ട്രീയം, മതമൗലികവാദം, തീവ്രവാദം, ജനാധിപത്യവിരുദ്ധത’ എന്നിവയെ ചുറ്റിപ്പറ്റിയ ഇസ്‌ലാമോഫോബിക് ചർച്ചകളാണ്. പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പോലുള്ള ന്യൂനപക്ഷ അവകാശത്തെക്കുറിച്ച് പൊതുവായ നിലപാട് സ്വീകരിക്കുന്ന പാർട്ടികൾ പോലും, മുസ്‌ലിം ന്യൂനപക്ഷ പാർട്ടികളോടോ സ്വന്തം മുന്നണിക്കു പുറത്തുള്ള ശബ്ദങ്ങളോടോ സംസാരിക്കുമ്പോൾ, പലപ്പോഴും ഇസ്‌ലാമോഫോബിക് സ്വഭാവമുള്ള ഭാഷയും രാഷ്ട്രീയ രീതികളും തന്നെ ഉപയോഗിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഭരണകൂടത്തിൻ്റെ ഭാഗമായതിനാൽ 2016-2026 കാലയളവിൽ  സിപിഎം ഇതിൽ  സജീവമായി പങ്കെടുത്തു. ‘പിന്നിൽ ജമാഅത്തെ ഇസ്‌ലാമി’, പിന്നിൽ ‘ മുസ്‌ലിം അദൃശ്യകരം’ എന്നീ പ്രചാരണങ്ങൾ ഉദാഹരണം.

സ്വാഭാവികവത്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിക് ഘടനയ്ക്കുള്ളിലാണ് ഈ രാഷ്ട്രീയ സംഭാഷണങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ, മുസ്‌ലിം ഉള്ളടക്കമുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തുമ്പോൾ ഈ ഘടനയുടെ പരിധിക്കുള്ളിൽ തന്നെ സ്വയം അടയാളപ്പെടുത്തുന്ന ‘നിർബന്ധിത സാഹചര്യം’ നിലനിൽക്കുന്നു.ന്യൂനപക്ഷ പ്രാതിനിധ്യത്തെ ഘടനാപരമായി സമീപിക്കുന്നതും അവകാശാധിഷ്ഠിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയായി വികസിപ്പിക്കുന്നതുമായ ഒരു ജനാധിപത്യ വ്യവഹാര മണ്ഡലം ഇന്നും കേരളത്തിൽ സാധ്യമായിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം.

ഭൂരിപക്ഷ പ്രശ്‌നം, ന്യൂനപക്ഷ പ്രശ്‌നം

അടിസ്ഥാനപരമായി, ഭൂരിപക്ഷത്തെപ്പോലെ ന്യൂനപക്ഷത്തെ കാണാന്‍ കഴിയില്ല. ന്യൂനപക്ഷ പങ്കാളിത്തവും ഒരു നേര്‍രേഖയല്ല. ബ്രിട്ടനില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, മുസ്ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും വോട്ടിംഗ് നിരക്കില്‍ ചിലപ്പോള്‍ ഉയര്‍ന്ന പങ്കാളിത്തം കാഴ്ചവെക്കുന്നുണ്ടെങ്കിലും, അവര്‍ക്ക് രാഷ്ട്രീയ സംവിധാനങ്ങളോടുള്ള വിശ്വാസം പലപ്പോഴും പരിമിതമാണെന്നാണ്. വിവേചനാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് രാഷ്ട്രീയ സംവിധാനങ്ങളോട് ”നമ്മുടേതല്ല” എന്നൊരു മനോഭാവം ശക്തമാകുന്നു.

അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ (ഉദാഹരണത്തിന് 9/11ണു ശേഷമുള്ള കാലഘട്ടം) കാണിക്കുന്നത്, മുസ്‌ലിംകള്‍ക്കെതിരായ ഇസ് ലാമോഫോബിക് ഭരണകൂടനിരീക്ഷണവും സുരക്ഷാ രാഷ്ട്രീയവും വിദ്വേഷവും വര്‍ധിച്ചതോടെ, രാഷ്ട്രീയ പങ്കാളിത്തം ചില ഇടങ്ങളില്‍ കുറയുകയും മറ്റിടങ്ങളില്‍ കൂടുതല്‍ സംഘടിതമായ മൊബിലൈസെഷനായി മാറുകയും ചെയ്തുവെന്നാണ്.

ഇതിലൂടെ പ്രധാനപ്പെട്ട ഒരു നിഗമനത്തിലേക്ക് നമുക്കെത്താം: വിവേചനം വര്‍ധിക്കുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറിപ്പോവുക മാത്രമല്ല; ചിലപ്പോള്‍ അവര്‍ കൂടുതല്‍ ശക്തമായി രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യും. അതുകൊണ്ടാണ് പങ്കാളിത്തം ഒരു ”നേര്‍രേഖ”യല്ലെന്ന് പറയുന്നത്. രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ന്യൂനപക്ഷ പങ്കാളിത്തം സജീവമാണ്. എന്നാല്‍ അതിനെ ഒരു ‘ടെയ്കന്‍ ഫോര്‍ ഗ്രാന്‍ഡഡ്’ ആയി കാണുന്നതിനാല്‍ ”ന്യൂനപക്ഷ പ്രീണനം” , “ ന്യൂനപക്ഷ കൺസോളിഡേഷൻ” പോലുള്ള ഹിന്ദുത്വ ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാവുന്ന സ്ഥിതിയുണ്ടായി.

ന്യൂനപക്ഷങ്ങൾ പലപ്പോഴും ഒരേ സമയം ഭൂരിപക്ഷബോധവും ന്യൂനപക്ഷബോധവും പങ്കുവെക്കുന്ന ഒരു ‘ഇരട്ട ബോധാവസ്ഥ’(ഡബിൾ കോൺഷ്യസ്)യിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ ഒരുവശത്ത് ഭൂരിപക്ഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള അറിഞ്ഞും അറിയാതെതെമുള്ള ശ്രമവും മറുവശത്ത് ന്യൂനപക്ഷ അവകാശവാദം നിലനിർത്താനുള്ള വ്യത്യസ്തമായ ശ്രമവും ഒരുമിച്ച് കാണാൻ കഴിയും.ഈ സങ്കീർണത വിവിധ മുസ്‌ലിം ന്യൂനപക്ഷ പാർട്ടികളുടെ രാഷ്ട്രീയ ഇടപെടലുകളിലും വ്യക്തമായി പ്രകടമാണ്. ഇത് വസ്തുതാപരമായ ഒരു വൈരുദ്ധ്യമല്ല; മറിച്ച് ജനാധിപത്യ സംവിധാനത്തിനുള്ളിൽ നിലനിൽക്കുന്ന ന്യൂനപക്ഷ പ്രശ്നത്തിന്റെ ഘടനാപരമായ ഒരു പ്രതിസന്ധിയാണ്.

പ്രതിനിധാനം: വിവരണാത്മകവും അർത്ഥവത്തായതും

അതുപോലെ, പ്രതിനിധാനവും ഇരുതല മൂര്‍ച്ചയുള്ളതാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള അനുഭവങ്ങള്‍ ഒന്നിച്ച് നോക്കുമ്പോള്‍, ന്യൂനപക്ഷ റെപ്രസന്റേഷന്‍ (പ്രതിനിധാനം) എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് വ്യക്തമായി കാണാം. ഇന്‍ഡ്യയില്‍ നിന്നു വ്യത്യസ്തമായി ബ്രിട്ടനില്‍ മുസ് ലിം എംപിമാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും, അവര്‍ എല്ലായ്‌പ്പോഴും മുസ് ലിംപ്രശ്‌നങ്ങളെ തുറന്നും ശക്തമായും ഉയര്‍ത്തുന്നില്ല. കാരണം, അവര്‍ക്ക് പാര്‍ട്ടി അച്ചടക്കം പാലിക്കേണ്ടതുണ്ട്, വീണ്ടും ജയിക്കാനുള്ള ഇലക്ടറല്‍ ഇന്‍സെന്റീവ്‌സ് ശ്രദ്ധിക്കേണ്ടതുണ്ട്, കൂടാതെ മീഡിയ സ്‌ക്രൂട്ടിനിയും നേരിടണം. അതിനാല്‍, മുസ് ലിംഎംപിമാര്‍ ഉണ്ടെന്നതുകൊണ്ട് മുസ് ലിംപ്രശ്‌നങ്ങള്‍ ശക്തമായി പ്രതിഫലിക്കുമെന്ന് ഉറപ്പില്ല; ഇതാണ് വിവരണാത്മക പ്രാതിനിധ്യവും (ഡിസ്‌ക്രിപ്റ്റീവ് റെപ്രസന്റേഷനും) അർത്ഥവത്തായ ( സബ്സ്റ്റാന്റ്റീവ് റെപ്രസന്റേഷനും) തമ്മിലുള്ള വ്യത്യാസം.

ഇന്ത്യയില്‍ സ്ഥിതി ഇതിലും ഗുരുതരമാണ്. ഇവിടെ മുസ് ലിംഎംപിമാരുടെയും എംഎല്‍എമാരുടെയും എണ്ണം തന്നെ കുറഞ്ഞുവരുന്നു. അതായത് വിവരണാത്മക പ്രാതിനിധ്യം(ഡിസ്‌ക്രിപ്റ്റീവ് റെപ്രസന്റേഷന്‍) തന്നെ ചരിത്രപരമായി ദുര്‍ബലമാണ്. ഇതോടെ മുസ് ലിംപ്രശ്‌നങ്ങള്‍ രാഷ്ട്രീയ തലത്തില്‍ ഉയരാനുള്ള സാധ്യതയും കുറയുന്നു.

ഇത് രണ്ടും ചേര്‍ത്ത് നോക്കുമ്പോള്‍, ഒരു പ്രധാനപ്പെട്ട കാര്യം മനസ്സിലാക്കാം: റെപ്രസന്റേഷന്‍ എന്നത് വെറും ‘നിയമനിര്‍മാണ സഭയില്‍ പ്രതിനിധാനം ഉണ്ടോ ഇല്ലയോ” എന്ന ചോദ്യമല്ല. അത് അധികാര ബന്ധങ്ങള്‍ , സ്ഥാപനപരായ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രക്രിയയാണ്. അതായത്, പ്രതിനിധാനം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല; അത് നിലനിര്‍ത്താനും ശക്തിപ്പെടുത്താനും തുടര്‍ച്ചയായ സാമൂഹ്യ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്.

വിവിധ രാഷ്ട്രീയകക്ഷികളിലെ മുസ്‌ലിം പ്രാതിനിധ്യവും അവരുടെ മന്ത്രിസഭകളിലെ മുസ് ലിംപങ്കാളിത്തവും തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ വിശകലനങ്ങളില്‍ ഗൗരവത്തോടെ പ്രത്യക്ഷപ്പെടാറില്ല. പ്രാതിനിധ്യം മാത്രം ഒരു ഒറ്റമൂലിയാണ് എന്നല്ല പറയുന്നത്; മറിച്ച്, നമ്മുടെ പൊതു ചര്‍ച്ചകളില്‍ ഇത്തരം അടിസ്ഥാനപരമായ സമീപനങ്ങള്‍ തന്നെ കൈമോശം വരുന്നതാണ് പ്രശ്‌നം . വിവിധ ന്യൂനപക്ഷ പാർട്ടികളെ കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമോഫോബിക് സമീപനങ്ങളുടെ ഒരു അടിസ്ഥാന ഘടകവും ഇതുതന്നെയാണ്.

ന്യൂനപക്ഷ സംഘാടനത്തിൻ്റെ പ്രതിസന്ധികൾ

നാലാമതായി, ‘സംഘാടനം-തിരിച്ചടി’ (മൊബിലൈസേഷന്‍-ബാക്ക്‌ലാഷ്) എന്ന പ്രശ്‌നമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ദൃശ്യത വര്‍ധിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ ഫാര്‍-റൈറ്റ് സംഘാടനം വീണ്ടും ശക്തമാകുന്നുവെന്ന് യൂറോപ്പിലും അമേരിക്കയിലും നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. ഉദാഹരണത്തിന് അഭയാര്‍ത്ഥി പ്രതിസന്ധിക്കുശേഷം യൂറോപ്പില്‍ മുസ് ലിംവിരുദ്ധ രാഷ്ട്രീയ ശക്തികള്‍ ഉയര്‍ന്നത് ഈ പശ്ചാത്തലത്തില്‍ വായിക്കാം. ന്യൂനപക്ഷ സംഘാടനം ലളിതമായ, നേരേ പോകുന്ന പ്രക്രിയയല്ലെന്നും സങ്കീര്‍ണ്ണവും പരസ്പര പ്രതികരണങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതുമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നത്. അതിനാല്‍, മുസ്‌ലിം സംഘാടനം സ്വന്തം കര്‍ത്തൃത്വം നിലനിര്‍ത്തിക്കൊണ്ട് വിശാലമായ ജനാധിപത്യ സഖ്യങ്ങളുമായി ബന്ധിപ്പിക്കപ്പെടണം. എന്നാൽ ഇതും ഒരു എളുപ്പവഴിയല്ല.

ഹിന്ദുത്വവിരുദ്ധത

ഉദാഹരണമായി, കേരളത്തില്‍ ഹിന്ദുത്വത്തിനെതിരായ പോരാട്ടത്തില്‍ ഏറ്റവും ജാഗ്രതയോടുകൂടി സമീപിക്കുന്ന വിഭാഗം മുസ്‌ലിംകളാണെന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. മുസ്‌ലിം ഉള്ളടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സാധാരണയായി ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നവയാണ്. മുസ് ലിം സംഘടനകളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവരുടെ തീരുമാനം മറ്റൊരു ഘടകത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു- മുസ് ലിംകളുടെ സ്വയം സംഘാടനാവകാശം. മുസ് ലിംസംഘാടനം ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുമെന്ന് പ്രചരിപ്പിക്കുന്ന കേവല ‘മതേതര-വര്‍ഗീയ വിരുദ്ധ’ പൊതുബോധത്തോട് പോരാടിക്കൊണ്ടുവേണം അവര്‍ക്ക് ഈ അവകാശം ഉയര്‍ത്തിപ്പിടിക്കാന്‍. അതായത് സ്വയംസംഘാടന അവകാശത്തെ നിലനിര്‍ത്തിക്കൊണ്ടുത്തന്നെ ഹിന്ദുത്വത്തിനെതിരായ രാഷ്ട്രീയം വികസിപ്പിക്കണം. ഈ പ്രതിസന്ധിയും പൊതു ചർച്ചകളിൽ വിശിഷ്യ മാധ്യമങ്ങൾ കണക്കിലെടുക്കാറില്ല.

തിരഞ്ഞെടുപ്പ് കേന്ദ്രീകൃതമായി മാത്രം രാഷ്ട്രീയത്തെ മനസ്സിലാക്കുന്നവര്‍ക്ക് മുസ് ലിംസംഘടനകള്‍ നേരിടുന്ന ഘടനാപരമായ പ്രശ്‌നം തിരിച്ചറിയാനാവില്ല. കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുകാല ചര്‍ച്ചകള്‍ ഈ വസ്തുത വെളിപ്പെടുത്തുന്നു. ഏറെ ചർച്ചയായ എസ്ഡിപിഐയുടെ ഈ തിരഞ്ഞെടുപ്പിലെ നിലപാടുകള്‍ ഈ സാഹചര്യത്തില്‍ പരിശോധിക്കാവുന്നതാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്നും സംഘടനാപരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അവര്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായി വാദിക്കുകയുണ്ടായി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ അവര്‍ അക്കാര്യം പ്രഖ്യാപിച്ചു. ഫാഷിസത്തെ തടഞ്ഞുനിര്‍ത്താനുള്ള ഭരണഘടനയ്ക്ക് വേണ്ടി പോരാടാനുള്ള ബാധ്യത തങ്ങളുടേത് മാത്രമല്ല, അത് എല്ലാവരുടേതുമാണെന്നും സംഘപരിവാറിനെ തോല്‍പ്പിക്കേണ്ട ബാധ്യത എസ്ഡിപിഐക്ക് മാത്രമല്ലെന്നുമുള്ള എം കെ ഫൈസിയുടെ അഭിപ്രായം പശ്ചാത്തലത്തില്‍ക്കൂടി വായിക്കാമായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല(കേരളത്തിലെ പ്രമുഖ പാര്‍ട്ടിയുമായി എസ്ഡിപിഐ സഖ്യമുണ്ടാക്കും, എം കെ ഫൈസി, റെനി ഐലിന്‍, ഏപ്രില്‍, 2026, പ്രസാധകന്‍).

രാഷ്ട്രീയ പ്രയോഗം

നാം നേരത്തെ ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ വോട്ടിങ് സംവിധാനം ന്യൂനപക്ഷ ഉള്ളടക്കമുള്ള സംഘടനകളെ പുറത്തുനിര്‍ത്തുന്നതിനുള്ള മറ്റൊരു രീതികൂടി വളര്‍ത്തിയെടുത്തിട്ടുണ്ട്. അചഞ്ചലമെന്ന് ‘തോന്നിക്കുന്ന’ കേരളത്തിലെ മുന്നണി സംവിധാനം ഈ ഘടനയുടെ പ്രവര്‍ത്തനഫലമായി രൂപം കൊള്ളുന്നതുകൂടിയാണ്. സവർണ സമുദായങ്ങളുടെ അമിത പ്രാതിനിധ്യമാണ് ഈ രണ്ടു മുന്നണികളുടെയും പ്രാതിനിധ്യത്തിൻ്റെ പൊതു പ്രത്യേകത. തീർച്ചയായും ഇത്തരമൊരു ഭാവുകത്വം നിലനിറുത്തുന്ന നമ്മുടെ ന്യൂസ് റൂമുകളും സവർണ്ണ പ്രാതിനിധ്യത്തിൻ്റെ ഘടന പൊതുമണ്ഡലത്തിൽ ചർച്ചയാക്കില്ല.

മാത്രമല്ല, ഹിന്ദുത്വ ശക്തികളോടൊപ്പം സഹകരിക്കുന്ന ക്രിസ്ത്യൻ പശ്ചാത്തലമുള്ള പാർട്ടികൾക്ക് പോലും ഇത്തരം ഒരു ഇരട്ടബോധത്തിന്റെ സമ്മർദ്ദമോ ‘മതേതരത്വം / വർഗീയത ബൈനറി’യുടെ വിചാരണയോ അത്ര ശക്തമായി അനുഭവപ്പെടാറില്ല. കാരണം, കേരളത്തിലെ മുന്നണി രാഷ്ട്രീയം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ “ഗുഡ് മൈനോറിറ്റി”യെന്നും മുസ്‌ലിംകളെ “ബാഡ് മൈനോറിറ്റി” എന്ന രീതിയിൽ വിഭജിച്ചാണ് പ്രവർത്തിക്കുന്നത്.

ഇതോടൊപ്പം, എ എസ് അജിത്കുമാർ നിരീക്ഷിച്ചതു പോലെ ദലിത്–ആദിവാസി വിഭാഗങ്ങളെ സമ്പൂർണ്ണമായി ഒഴിവാക്കിയും നിശബ്ദരാക്കിയും, മുസ്‌ലിംകളെ ഭാഗികമായി ഉൾകൊള്ളുകയും ഒപ്പം അതിദൃശ്യമാക്കുകയും ചെയ്യുന്ന ഒരു പ്രവണതയും നിലനിൽക്കുന്നു.

ന്യൂനപക്ഷ ഉള്ളടക്കമുള്ള സംഘടനകളെ തങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ നിയന്ത്രിക്കാനുള്ള സാഹചര്യം ഇത് സൃഷ്ടിക്കുന്നു. മുന്നണിപ്രവേശം പല മുസ്‌ലിം ന്യൂനപക്ഷ സംഘടനകള്‍ക്കും മുന്നില്‍ അപ്രാപ്യമാക്കിവച്ചാണ് ഇത് സാധിക്കുന്നത്.ഇസ് ലാമോഫോബിക് പ്രചാരണങ്ങളുടെ പ്രഭവകേന്ദ്രം കൂടിയാണ് ഇത്.

1994-ൽ സ്ഥാപിതമായതിനു ശേഷം ഇടതുപക്ഷ മുന്നണിയോടൊപ്പം നില നിലനിന്നെങ്കിലും 2018 ഡിസംബറിലാണ് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) ഔദ്യോഗികമായി ഇടതുമുന്നണിയിലെ ഘടകകക്ഷിയായത്. ഇടതു നേതാക്കൾ തന്നെ പല സമയത്തും അവരെ ‘വർഗീയവാദികൾ’ എന്നാക്ഷേപിച്ചിട്ടുമുണ്ട്. ക്രൈസ്തവ പശ്ചാത്തലമുള്ള കേരള കൊൺഗ്രസുകളുടെ വിവിധ വിഭാഗങ്ങൾ ഇരുമുന്നണിയിലുമായി കയറിയിറങ്ങുന്ന ചരിത്രവുമായി ഈ അനുഭവം താരതമ്യം ചെയ്യാവുന്നതാണ്. അതേ വർഷം രൂപം കൊണ്ട പിഡിപിയാകട്ടെ ഇന്നും ഒരു മുന്നണിയുടെയും ഭാഗമല്ല. എന്നാൽ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ അവർ ഇടതു മുന്നണിയെയാണ് പിന്തുണക്കുന്നത്.

അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ വികാസവും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാമൂഹിക പ്രയോഗങ്ങളും സംബന്ധിച്ച ഗൗരവമുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്‍നിരയില്‍ എത്തിച്ചേരാത്തതും ശ്രദ്ധേയമാണ്. ഇത് കേരളത്തില്‍ തുടരുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുടെ ഒരു പ്രകടനമായും വായിക്കാം.

തിരഞ്ഞെടുപ്പ് ജനാധിപത്യം മാത്രമല്ല.

അഞ്ചാമതായി, പ്രാതിനിധ്യ ജനാധിപത്യം ഇല്ലാത്ത ഇലക്ടറല്‍ ജനാധിപത്യം പരിഹാരമല്ല എന്ന കാര്യം വ്യക്തമാക്കുന്ന പഠനങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വിവിധ ജനാധിപത്യ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന ”മൈനോറിറ്റീസ് അറ്റ് റിസ്‌ക്” പോലുള്ള പ്രോജക്റ്റുകള്‍ 1970 കൾ മുതൽ കാണിക്കുന്നത്, ന്യൂനപക്ഷങ്ങള്‍ അവരുടെ അവകാശങ്ങള്‍ നേടുന്നത് പലപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമല്ല; മറിച്ച് പ്രതിഷേധങ്ങള്‍ (പ്രൊട്ടസ്റ്റ്), നിയമപരമായ ഇടപെടലുകള്‍ (ലീഗല്‍ ആക്ഷന്‍), സിവില്‍ സൊസൈറ്റി സംഘാടനം എന്നിവയുടെ കൂട്ടിച്ചേരലിലൂടെയാണ്. തിരഞ്ഞെടുപ്പുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ന്യൂനപക്ഷരാഷ്ട്രീയത്തിന് ഏറെ പരിമിതിയുണ്ട്. തുടര്‍ച്ചയായ സാമൂഹിക സമരങ്ങളാണ് ജനാധിപത്യത്തിൻ്റെ ഭൂരിപക്ഷ സ്ഥാപനരൂപങ്ങളിൽ മാറ്റത്തിന് വഴിയൊരുക്കിയത്.ഇസ്‌ലാമോഫോബിയഫോബിയയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്.

വിവിധ പഠനങ്ങള്‍ നമ്മോട് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: ന്യൂനപക്ഷങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആവശ്യമാണ്, പക്ഷേ അത് മാത്രം അവരുടെ തുല്യാവകാശത്തിനോ പ്രാതിനിധ്യത്തിനോ മതിയാവില്ല. ജനാധിപത്യം ശക്തിപ്പെടുന്നത്, തിരഞ്ഞെടുപ്പ് രാഷ്ട്രീയവും വിവിധ ന്യൂനപക്ഷ / കീഴാള സാമൂഹിക പ്രസ്ഥാനങ്ങളും തമ്മിലുള്ള വിനിമയം ശക്തിപ്പെടുമ്പോഴാണ്. ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം ഈ മുഴുവന്‍ തലങ്ങളിലും ഒരേസമയം നടക്കേണ്ട ഒരു ദീര്‍ഘകാല രാഷ്ട്രീയ-സാമൂഹിക പ്രക്രിയയാണ്.