9/11 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 2001 സെപ്റ്റംബർ 11നു അമേരിക്കയിൽ നടന്ന അക്രമത്തെ കുറിച്ചുള്ള ഇന്റർനെറ്റ് ജോക്കുകൾ പഠിക്കുന്ന ഒരു മീഡിയ എത്നോഗ്രഫിയുടെ ഭാഗമാണ് ഈ ലേഖനം. ദക്ഷിണേഷ്യയെ കേന്ദ്രീകരിച്ചുള്ള ഈ അന്വേഷണം ഒരു നിർണ്ണായക ചോദ്യം ഉന്നയിക്കുന്നു: സംഭവം നടന്ന ഇടത്തിൽ നിന്ന് ഏറെ അകലെയുള്ള ദക്ഷിണേഷ്യൻ സന്ദർഭങ്ങളിൽ, 9/11-നെക്കുറിച്ചുള്ള ഡിജിറ്റൽ ഹ്യൂമർ എങ്ങനെ പ്രവർത്തിക്കുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ ട്രോമ, രാഷ്ട്രീയം, ഓൺലൈൻ സംസ്കാരം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ അന്തർബന്ധങ്ങൾ തെളിഞ്ഞുവരുന്നു.
അൽ-ഖ്വയ്ദ നടത്തിയ 2001-ലെ സെപ്റ്റംബർ 11 ആക്രമണങ്ങൾ അനേകം ജീവനുകൾ അപഹരിക്കപ്പെടുകയും, ലോകമെങ്ങും സൈനിക അധിനിവേശങ്ങൾക്കും നിയമനിർമാണങ്ങൾക്കും സർവൈലൻസിനും തിരികൊളുത്തുകയും ചെയ്തു. ഈ ദുരന്തം, വിരോധാഭാസമെന്നോണം, ഡിസാസ്റ്റർ ജോക്കുകൾ എന്ന ഇന്റർനെറ്റ് ഹ്യൂമറിന്റെ ഒരു പുതിയ ശാഖയ്ക്ക് കൂടി ജന്മംനൽകി. 9/11 അക്രമത്തെ കുറിച്ച തമാശകളുടെ വ്യപനമാണ് ആണ് ഡിസാസ്റ്റർ ജോക്കുകളുടെ ആദ്യ ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നത് (Kuipers, 2002). അമേരിക്കൻ-യൂറോപ്യൻ സന്ദർഭങ്ങളിൽ ഹ്യൂമറിനെക്കുറിച്ച് അനവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ഇത്തരം ജോക്കുകൾ ഗ്ലോബൽ സൗത്തിൽ എങ്ങനെ പ്രചരിക്കുന്നു, അവ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു, പ്രത്യേകിച്ചും പോസ്റ്റ്-9/11 ലോകക്രമത്തിൽ ആഴത്തിൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ, ഇനിയും വേണ്ടത്ര ശ്രദ്ധ പതിഞ്ഞിട്ടില്ല. “ഗ്ലോബൽ സൗത്ത്” എന്ന പദം ഇവിടെ ഒരു ഭൂമിശാസ്ത്ര വർഗ്ഗീകരണമായിട്ടല്ല, മറിച്ച് കൊളോണിയലിസം, സാമ്രാജ്യത്വം, ഗ്ലോബലൈസേഷൻ എന്നിവ ചേർന്ന് രൂപപ്പെടുത്തിയ ഒരു ചരിത്രപരവും രാഷ്ട്രീയവുമായ സങ്കൽപ്പമായിട്ടാണ് ഉപയോഗിക്കുന്നത്.
ഈ ലേഖനം ഗ്ലോബൽ സൗത്തിലെ 9/11 ജോക്കുകളെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനമല്ല. മറിച്ച്, അതിനുള്ളിലെ ഒരു പ്രത്യേക നിലപാടിടത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. പോസ്റ്റ്-9/11 ലോകക്രമത്തിന്റെ നിഴലിൽ വളർന്ന ദക്ഷിണേഷ്യൻ മുസ്ലിംകളായ രണ്ടുപേരുടെ നിരീക്ഷണങ്ങളാണ് ഇതിലുള്ളത്. 9/11 ജോക്കുകളോടുള്ള ഇടപെടൽ ഇന്റർനെറ്റ് കൾച്ചർ മാത്രമല്ല, 2001 മുതൽ ലോകമെങ്ങും മുസ്ലിം ജീവിതത്തെ നിർവ്വചിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ, സർവൈലൻസ്, സൈനികവൽക്കരിക്കപ്പെട്ട ജിയോപൊളിറ്റിക്സ് എന്നിവയെ കൂടി രൂപപ്പെടുത്തുന്നുണ്ട്.
പശ്ചാത്തലം
പോസ്റ്റ്-9/11 ലോകം, ആക്രമണകരമായ ഭീകരവിരുദ്ധ നയങ്ങളാലും ഇസ്ലാമോഫോബിക് വിദ്വേഷ അക്രമങ്ങളാലും സാമ്രാജ്യത്വ സൈനിക ഇടപെടലുകളാലും നിറഞ്ഞതാണ്. സ്വാഭാവികമായും അമേരിക്കയിൽ മുസ്ലിംകൾക്കും ദക്ഷിണേഷ്യക്കാർക്കും നേരെയുള്ള വിദ്വേഷ അക്രമണങ്ങൾ വർധിച്ചു; പള്ളികൾ ആക്രമിക്കപ്പെട്ടു; വേഷവിധാനത്തിന്റെ പേരിൽ സിഖ് മത വിശ്വാസികൾ പോലും ലക്ഷ്യമിടപ്പെട്ടു. ആഗോള രാഷ്ട്രീയ-സാമ്പത്തിക ആഘാതങ്ങളും വലുതായിരുന്നു; ലോകമെങ്ങും സർക്കാരുകൾ മാസ് സർവൈലൻസ് നടപ്പാക്കുകയും പൗരസ്വാതന്ത്ര്യം ഹനിക്കുന്ന കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ പാസാക്കുകയും ചെയ്തു.
“വാർ ഓൺ ടെറർ” അഫ്ഗാനിസ്ഥാനിലും ഇറാഖിലും മാത്രമല്ല, ശീതയുദ്ധത്തിന്റെ മറുപുറത്തുണ്ടായ ചെച്നിയ, കശ്മീർ തുടങ്ങിയ ഇടങ്ങളിലും സൈനിക അതിക്രമങ്ങൾ ന്യായീകരിക്കാൻ ഉപയോഗിക്കപ്പെട്ടു. ഭീകരവിരുദ്ധതയുടെ മറവിൽ സ്വേച്ഛാധിപത്യ ഭരണകൂട ഇടപെടലുകൾക്ക് നിയമസാധുത നൽകിക്കൊണ്ടായിരുന്നു അത് സംഭവിച്ചത്.
ഈ സൈനികവൽക്കരിക്കപ്പെട്ട അന്തരീക്ഷത്തിലും തമാശകൾ ഉയർന്നുകേട്ടു. ഒരു കോപ്പിങ് മെക്കാനിസം എന്ന നിലയിലും, പ്രതിരോധത്തിന്റെ ഒരു ഇടം എന്ന നിലയിലും. ആക്രമണങ്ങൾ നടന്ന ഉടൻ തന്നെ ചില ജോക്കുകൾ പ്രചരിക്കാൻ തുടങ്ങി:
ചോദ്യം: ശാസ്ത്രവും മതവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഉത്തരം: ശാസ്ത്രം നിങ്ങളെ ചന്ദ്രനിലേക്ക് പറത്തും. മതം നിങ്ങളെ കെട്ടിടങ്ങളിലേക്ക് പറത്തും.
ഇത്തരം ജോക്കുകൾ വ്യാപകമായി പ്രചരിച്ചു. ഡിജിറ്റൽ ലോകത്ത് അത് വാക്കുകളിലെ കളികളിൽ (word pun) നിന്ന് ദൃശ്യ മീമുകളിലേക്ക് പരിണമിച്ചു. ട്വിൻ ടവേഴ്സിലേക്ക് ഇടിച്ചുകയറുന്ന വിമാനങ്ങളുടെ വാർത്താ ദൃശ്യങ്ങൾ, ബിൻ ലാദന്റെ മോർഫുചെയ്യപ്പെട്ട ഫോട്ടോകൾ തുടങ്ങിയവ ദൃശ്യപരമായ ഹ്യൂമറിന് പ്രചോദനമായി. വീഡിയോ ഗെയിമുകൾ, ആൽബം കവറുകൾ, പരസ്യങ്ങൾ തുടങ്ങിയവയിൽ നിന്ന് കടമെടുത്ത എലമെന്റുകൾ കൂടെ ചേർത്തുവെച്ച വിഷ്വൽ മീമുകൾ, വേഗത്തിലുള്ള പ്രചാരണവും സർഗാത്മകമായ കൂട്ടിച്ചേർക്കലുകളും സാധ്യമാക്കി. കൊയ്പേഴ്സ് (2002) നിരീക്ഷിച്ചതുപോലെ, ഇന്റർനെറ്റ് ജോക്കുകൾക്ക് നിശ്ചിത രൂപങ്ങളില്ല; അവ പാഠാന്തര ബദ്ധതയിലൂടെ (intertextuality) അഭിവൃദ്ധി പ്രാപിക്കുന്നു.
ഒരു ജോക്ക് ആർക്കൈവ് ക്യൂറേറ്റ് ചെയ്യൽ
2023 ഒക്ടോബർ മുതൽ 2024 ഡിസംബർ വരെ, ഞാനും സുഹൃത്തും പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായ ആദിലയും ചേർന്ന് ഇൻസ്റ്റഗ്രാം ഫീഡിൽ വന്ന 9/11 മീമുകൾ കൊളാബറേറ്റീവ് കളക്ഷൻ ഫീച്ചർ ഉപയോഗിച്ച് ശേഖരിച്ചു. ട്വിൻ ടവേഴ്സ്, ബിൻ ലാദൻ, ബോംബ് വെസ്റ്റ്, മുസ്ലിം സ്റ്റീരിയോടൈപ്പുകൾ, വിമാന ജോക്കുകൾ – അങ്ങനെ ഈ വിഷയം പ്രതിപാദിക്കുന്ന എന്തും ഞങ്ങൾ സേവ് ചെയ്തു. ഒരു വർഷത്തോളം ഞങ്ങൾ ഇത്തരം കണ്ടന്റുകൾ ശേഖരിച്ചെങ്കിലും, 2024 അവസാനത്തിൽ അതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് വരെ, ഞങ്ങൾ അവയുടെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിരുന്നില്ല.
ഒരു മണിക്കൂർ നീണ്ട ആ സംഭാഷണം ഞങ്ങളുടെ മീഡിയ എത്നോഗ്രഫിയുടെ അടിത്തറയായി മാറി. ഡാർക്ക് ഹ്യൂമറിനോടുള്ള ഞങ്ങളുടെ പൊതുവായ താൽപ്പര്യം, ചില ജോക്കുകൾ എന്തുകൊണ്ട് മനസിൽ തറയ്ക്കുന്നു, ദക്ഷിണേഷ്യൻ മുസ്ലിംകൾ എന്ന നിലയിലുള്ള ഞങ്ങളുടെ നിലപാടിടം 9/11 മീമുകളോടുള്ള ഞങ്ങളുടെ പ്രതികരണത്തെ എങ്ങനെ രൂപപ്പെടുത്തുന്നു — ഇവയെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. പീന്നീട് അരമണിക്കൂർ നീണ്ട ഒരു വീഡിയോയിലേക്ക് സബ്ടൈറ്റിൽ ചെയ്ത ആ സംഭാഷണം (Laughing From The Margins), ട്രോമയാലും ഗ്ലോബലൈസേഷനാലും രൂപപ്പെട്ട ഡിജിറ്റൽ ഇടങ്ങളിലെ ചിരിയുടെ രാഷ്ട്രീയവും നൈതികതയും വിശകലനം ചെയ്യാൻ ഞങ്ങളെ സഹായിച്ചു.
ഡാർക്ക് ഹ്യൂമറും നൈതിക സങ്കീർണ്ണതയും
ഞങ്ങളുടെ സംഭാഷണം, ഡാർക്ക് ഹ്യൂമറുമായുള്ള ഇടപെടലിന്റെ പല അടരുകളുള്ള സങ്കീർണതയെ വെളിപ്പെടുത്തുന്നതായിരുന്നു. 9/11 ജോക്കുകൾ ഉൾപ്പെടെ, ഒഫൻസീവ് മീമുകൾ ആസ്വദിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും – കാരണം, അവ പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ അതിർവരമ്പുകൾ മായ്ക്കുന്ന ചെയ്യുന്ന ഡിജിറ്റൽ സബ്കൾച്ചറുകളിൽ വളരുന്നവയാണ്. എന്നിരുന്നാലും, ഇത്തരം ഹ്യൂമർ പലപ്പോഴും സ്വകാര്യമായി/സ്വസമൂഹമായി മാത്രം (in-group) ഷെയർ ചെയ്യപ്പെടുന്നവയാണ് – സ്വകാര്യമായ ആസ്വാദനമാണ് അത് നൽകുന്നത്. ഇത് ഡാർക്ക് ഹ്യൂമറിന്റെ ദ്വന്ദസ്വഭാവത്തെ അടിവരയിടുന്നു: അത് ആധിപത്യ വ്യവഹാരങ്ങളെ അട്ടിമറിക്കുന്നതോടൊപ്പം, അടഞ്ഞ വൃത്തങ്ങളിൽ മാത്രം വിഹരിക്കുകയും ചെയ്യുന്നു.
അമിതമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ട യാഥാർഥ്യത്തിൽ നിന്ന് ഒരു രക്ഷപ്പെടലായി ഡാർക്ക് ഹ്യൂമറിനെ മനസിലാക്കാം. തൊടാൻ പാടില്ലാത്ത വിഷയങ്ങളെ സങ്കോചമില്ലാതെ പരിഹസിക്കുക എന്നത്, മുസ്ലിംകൾ പലപ്പോഴും രാഷ്ട്രീയ പ്രതീകങ്ങളായി ചുരുക്കപ്പെടുന്ന ഒരു ലോകത്ത്, ആഖ്യാനത്തിന്മേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഒരു മാർഗമായി മാറുന്നുണ്ട്. ഹ്യൂമർ ഒരു കോപ്പിങ് മെക്കാനിസം ആണെന്ന കൊയ്പേഴ്സിന്റെ (2002) ആശയം ഇവിടെ പ്രസക്തമാണ്: ട്രാൻസ്ഗ്രസ്സീവ് ജോക്കുകൾ സാമൂഹിക നിഷിദ്ധതകളെ ഭേദിക്കുന്നതിലൂടെ അതുണ്ടാക്കിയ സമ്മർദ്ദത്തെ ലഘൂകരിക്കുന്നു.
തലമുറകൾ തോറും ഹ്യൂമർ മാറുന്നതെങ്ങനെ എന്നും ഞങ്ങൾ ചർച്ച ചെയ്തു. പല അമേരിക്കൻ കൗമാരക്കാർക്കും 9/11 ഒരു ശൂന്യ സൂചകമായി (empty signifier) മാറിയിരിക്കുന്നു. അതായത്, ചരിത്രപരമായ വൈകാരികതയും ആഘാതവും ചോർന്നുപോയ, മീം ആക്കാവുന്ന ഒരു സംഭവം മാത്രം. എന്നാൽ ഞങ്ങളെപ്പോലുള്ള മുസ്ലിംകൾക്ക്, ആ ഹ്യൂമറിന്റെ ജീവിതാനുഭവങ്ങൾ ഇന്നും പിന്തുടരുന്നവയാണ്: വാർ ഓൺ ടെററിന്റെ ആഗോള പ്രത്യാഘാതങ്ങൾ. 9/11-നെക്കുറിച്ച് തമാശ പറയുന്നത് കതാർട്ടിക് ആകാം. അത് ഒരു നിമിഷത്തേക്ക് നോട്ടത്തെ (gaze) മറിച്ചിടുന്നുണ്ട്; ദീർഘകാലമായി മുസ്ലിംകളെ കളങ്കപ്പെടുത്തിയ ഒരു ചരിത്രത്തെ ചിരിച്ചുകൊണ്ട് നേരിടാൻ നമ്മൾക്ക് അത് അവസരം നൽകുന്നു.
അഫ്ഗാനിസ്ഥാനിലെ ഒരു മാർക്കറ്റിലെത്തുന്ന ഒരു അമേരിക്കക്കാരൻ ട്വിൻ ടവേഴ്സിനെ ചിത്രീകരിച്ച കാർപ്പെറ്റുകൾ കാണുന്ന വീഡിയോ മീം ഞങ്ങൾ പരിശോധിച്ചു. സാംസ്കാരിക ഐറണിയിൽ ഊന്നിയ ഹ്യൂമറിന്റെ മികച്ച ഒരു ഉദാഹരണമായിരുന്നു അത്. ഇത്തരം മീമുകൾ നവകൊളോണിയൽ ഇടപെടലുകളെയും അവയുടെ അസംബന്ധമായ സാംസ്കാരിക പ്രതിധ്വനികളെയും സൂക്ഷ്മമായി പരിഹസിക്കുന്നു. റിഡൻപ്പാ (2019) വാദിക്കുന്നതുപോലെ, ക്രൈസിസ് ഹ്യൂമർ പലപ്പോഴും പൊതു ഓർമ്മയ്ക്ക് പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടുന്നു.
ഹ്യൂമറിന്റെ നൈതിക മേഖലയും ഞങ്ങളുടെ ചർച്ചയിൽ ഉയർന്നുവന്നു. ഫെമിനിസത്തെക്കുറിച്ചുള്ള ജോക്കുകൾ കേട്ട് ചിരിക്കുമ്പോഴും അവയുടെ ആഘാതത്തെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കുന്നതായി ആദില വിശദീകരിച്ചു. സറ്റയറും ഹിംസയും തമ്മിലുള്ള അതിർവരമ്പ്, ജോക്ക് പറയുന്നതും കേൾക്കു/കാണു-ന്നതും ആരാണ്, എന്തിനാണ് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു. അമേരിക്കയിലെ അടിമത്തത്തെ കുറിച്ച് തമാശ പറയുന്ന ബ്ലാക്ക് കൊമേഡിയൻമാരുമായി ഇത് താരതമ്യം ചെയ്യാമെന്ന് തോന്നുന്നു. ഒരു സമൂഹത്തിനുള്ളിൽ നിന്നുള്ള ഹ്യൂമറിന്റെ ഒരു പ്രത്യേക രൂപം, അതിന് പുറത്തുള്ളവർ ആവർത്തിച്ചാൽ വലിയ നൈതിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. തൂക്കുമര തമാശകളെ (gallows humour) കുറിച്ചുള്ള മാക്സ്വെല്ലിന്റെ (2003) നിരീക്ഷണത്തിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. അതായത്, നമ്മുടെ ചിരി, അതിന്റെ സാഹചര്യം അനുസരിച്ച്, പ്രതിരോധമോ നിർദ്ദയതയോ ആയിത്തീരാം.
മീമുകൾ ഒരു പാഠാന്തര ആർട്ടിഫാക്ടുകൾ എന്ന നിലയിൽ, അവയുടെ യഥാർഥ സന്ദർഭങ്ങളിൽ നിന്ന് അടർന്നുമാറി പുതിയ അർഥങ്ങൾ ആർജിക്കുന്നതെങ്ങനെ എന്നും ഞങ്ങൾ വിശകലനം ചെയ്തു. ഒരു 9/11 മീം ട്വിറ്ററിൽ ഉത്ഭവിക്കുകയും, സ്നാപ്ചാറ്റ് സ്റ്റോറിയാകുകയും, പിന്നീട് വൈരുധ്യം നിറഞ്ഞ ക്യാപ്ഷനുകളോടെ ഇൻസ്റ്റഗ്രാമിൽ എത്തുകയും ചെയ്തേക്കാം. ഈ പ്ലാറ്റ്ഫോം ഫ്ലൂയിഡിറ്റി മീം കൾച്ചറിനെ ചലനാത്മകമാക്കുന്നു, പക്ഷേ അത് പലപ്പോഴും നൈതികതയെ അസ്ഥിരമാക്കുന്നു. വിമർശനമായി തുടങ്ങുന്നത് പീന്നീട് അനാസ്ഥയിൽ അവസാനിക്കാം.
ഡാർക്ക് മീമുകൾ, വേദനയെ മായ്ച്ചുകളയാതെ അതിനെ ചിരിച്ചുകൊണ്ട് നേരിടാൻ ആളുകളെ അനുവദിക്കുന്നുണ്ട് എന്ന് ആദില വാദിക്കുന്നു. എന്നിരുന്നാലും, ഒരു അപകടം സർവാംഗീകൃതമാണ്: ട്രാൻസ്ഗ്രസ്സീവ് ഹ്യൂമറുമായുള്ള തുടർച്ചയായ സമ്പർക്കം പ്രേക്ഷകരെ നിർവികാരരാക്കുകയും, സഹാനുഭൂതിയെ ക്ഷയിപ്പിക്കുകയും ചെയ്തേക്കാം.
ഓർമ, ഹ്യൂമർ, പ്രതിരോധം
ഞങ്ങളുടെ പൊതുവായ ആലോചനകൾ ഇതാണ്: ഹ്യൂമർ പ്രത്യേകിച്ചും ഡിജിറ്റൽ ഇടങ്ങളിൽ, ട്രോമയും കളിയും, രാഷ്ട്രീയവും സ്വകാര്യതയും, ഓർമ്മയും വിസ്മൃതിയും തമ്മിലുള്ള ഒരു സംഭാഷണ വേദിയായി പ്രവർത്തിക്കുന്നു. അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ട സമൂഹങ്ങൾക്ക്, 9/11-നെക്കുറിച്ചുള്ള ജോക്കുകൾ വെറും അവിവേകമല്ല, അവ വളരെ രാഷ്ട്രീയപരമാണ്. മുസ്ലിംകളെ എക്കാലവും ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടിരുന്ന ഒരു ആഗോള വ്യവഹാരത്തിൽ, സ്വന്തം ശബ്ദം തിരിച്ചുപിടിക്കാനുള്ള ഒരു മാർഗം, എല്ലാ പരിമിതികളോടെയും തന്നെ, അവ നൽകുന്നു.
എന്നിരുന്നാലും, ഹ്യൂമർ ഒരിക്കലും നിഷ്പക്ഷമല്ല. ആരാണ് ചിരിക്കുന്നത്, എന്തിനെക്കുറിച്ചാണ്, എന്തിനാണ് എന്നതിനെ ആശ്രയിച്ച്, അത് അധികാരത്തെ വെല്ലുവിളിക്കുകയോ ശക്തിപ്പെടുത്തുകയോ, സൗഖ്യപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ഒക്കെ ചെയ്തേക്കാം. ഞങ്ങളുടെ അന്വേഷണങ്ങൾ കാണിക്കുന്നതുപോലെ, ഇന്റർനെറ്റ് ജോക്കുകളുടെ നൈതികത മനസിലാക്കണമെങ്കിൽ, അതിന്റെ കണ്ടന്റ് മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ സന്ദർഭം കൂടി പരിഗണിക്കേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായ “അരികുകളിൽ നിന്നുള്ള ചിരി” എന്ന വീഡിയോ 9/11 ജോക്കുകളെക്കുറിച്ച് മാത്രമല്ല; ഡിജിറ്റൽ അതിർത്തികളിലൂടെയും ഓർമകളിലൂടെയും സാമ്രാജ്യത്വത്തിന്റെ തുടരുന്ന ചരിത്രങ്ങളിലൂടെയും ഹ്യൂമർ എങ്ങനെ സഞ്ചരിക്കുന്നു എന്നതിനെക്കുറിച്ച് കൂടിയാണ്. ചിരിയിലൂടെ, കൂട്ടുത്തരവാദിത്വവും വിമർശനവും, വിസ്മൃതിയും അനുസ്മരണവും എല്ലാം ഒരുമിച്ച് നമ്മൾ കാണുന്നു. ഈ അവ്യക്തതയിൽ തന്നെയാണ് ഹ്യൂമർ ഏറ്റവും വെളിപ്പെടുത്തുന്നതും ഏറ്റവും മനുഷ്യത്വമുള്ളതാവുന്നതും.
റഫറൻസ്
Islam, Basil & K, Adila. 2025. Laughing from the Margins: A Conversation on 9/11 Jokes and Digital Humour. Accessed on March 12, 2026 (https://baasilislam.com/2025/07/18/laughing-from-margins/).
Kuipers, Giselinde. 2002. “Media Culture and Internet Disaster Jokes: Bin Laden and the Attack on the World Trade Center.” European Journal of Cultural Studies 5 (4): 450–70.
Maxwell, William. 2003. “The Use of Gallows Humour and Dark Humour During Crisis Situations.” International Journal of Emergency Mental Health 5 (2): 93–98.
Ridanpää, Jarkko. 2019. “Crisis Events and the Inter-Scalar Politics of Humour.” GeoJournal 84: 901–15.
Said, Edward W. 1978. Orientalism: Western Conceptions of the Orient. London: Routledge.
Watson Institute for International & Public Affairs. 2021. “Cost of War Project.” Brown University.