ഞാൻ വെച്ച തൊപ്പി എടുത്തുവെച്ച് ‘കൊള്ളാം, നല്ല അസ്സൽ ജിഹാദി ലുക്കുണ്ട്’ എന്ന് പറഞ്ഞത് മിതവാദിയായ ഇടതുപക്ഷ സുഹൃത്താണ്. ഹോസ്റ്റലിലെ എന്റെ കട്ടിലിനടിയിൽ ‘ബോംബ് ഉണ്ടോ’ എന്ന് പരിശോധിച്ച സംഘ്പരിവാറുകാരനും എന്റെ അനുഭവങ്ങളുടെ പട്ടികയിലുണ്ട്. നിങ്ങൾ ഇതൊക്കെയെല്ലാം ഉത്തരേന്ത്യയിലെ കാമ്പസുകളിലായിരിക്കുമെന്ന് കരുതിയിരിക്കാം. എന്നാൽ ഇവ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിലുള്ള മലയാളം സർവകലാശാലയിൽ ഞാൻ പി.ജി പഠിച്ച കാലത്തെ സംഭവങ്ങളാണ്.
എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നിലപാട് കൃത്യമായി രൂപപ്പെടാത്ത കാലഘട്ടമായിരുന്നു അത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, രാഷ്ട്രീയബോധം അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടിവന്ന സമയം. ‘സ്വത്വ രാഷ്ട്രീയം’ ഉയർത്തിപ്പിടിക്കുന്നതുമുതൽ ഇടതുപക്ഷ ആധിപത്യമുള്ള കാമ്പസിൽ ‘വർഗീയവാദി’ എന്ന മുദ്ര പതിയുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നില്ല. ശ്രദ്ധേയമായത്, ഈ മുദ്ര പതിപ്പിച്ചത് തുറന്ന വലതുപക്ഷമല്ല, പുരോഗമനത്തിന്റെയും മാനവികതയുടെയും സ്വയം അവകാശവാദികളായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ അനുഭവത്തെ വെറും വ്യക്തിപരമായ അപമാനമായി മാത്രം കാണാനാവില്ല; മറിച്ച് കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ഒരു ആഴത്തിലുള്ള ഘടനാപരമായ സ്വഭാവത്തിലേക്കുള്ള പ്രവേശനബിന്ദുവായാണ് അത് മനസിലാക്കേണ്ടത്.
ഇവിടെ അനുഭവത്തെ സിദ്ധാന്തപരമായി വായിക്കാൻ സഹായകമാകുന്നത് ഗോപാൽ ഗുരുവും സുന്ദർ സരുക്കായിയും ചേർന്നെഴുതിയ ‘ദി ക്രാക്ക്ഡ് മിറർ: ആൻ ഇന്ത്യൻ ഡിബേറ്റ് ഓൺ എക്സ്പീരിയൻസ് ആൻഡ് തിയറി’ പോലുള്ള ഇടപെടലുകളാണ്. ഇന്ത്യൻ സാമൂഹികശാസ്ത്രത്തിൽ അനുഭവവും സിദ്ധാന്തവും തമ്മിലുള്ള ബന്ധം സമാനമായി എല്ലാവർക്കും തുറന്നതല്ലെന്നും, അധീനത അനുഭവിക്കുന്ന സമൂഹങ്ങളുടെ അനുഭവങ്ങൾ പലപ്പോഴും വരേണ്യ വിജ്ഞാനരീതികളാൽ വിവക്ഷിക്കപ്പെടുകയും പുനർക്രമീകരിക്കപ്പെടുകയും ചെയ്യുന്നതാണെന്നും അവർ കാണിച്ചുതരുന്നു. ഈ ചർച്ചയിൽ ‘അനുഭവം’ എന്നത് വെറും സ്വകാര്യ ഓർമയല്ല; അത് സാമൂഹിക ഘടനകളെ വെളിപ്പെടുത്തുന്നതാണ് . കാഞ്ച ഐലയ്യ തന്റെ ‘റിസർവേഷൻസ്: എക്സ്പീരിയൻസ് ആസ് ഫ്രെയിംവർക് ഓഫ് ഡിബേറ്റ്’ എന്ന ലേഖനത്തിൽ ജീവിതാനുഭവത്തെ തന്നെ വാദത്തിന്റെ അടിസ്ഥാനമാക്കുന്നത് ഈ അർഥത്തിലാണ്. ജാതീയ വിവേചനത്തിന്റെ ലോകത്തിൽ നിന്നുള്ള അനുഭവം, സംവരണം പോലുള്ള രാഷ്ട്രീയ ഇടപെടലുകളുടെ സാമൂഹിക ആവശ്യകതയും ന്യായവും വ്യക്തമാക്കുന്നു. അതുപോലെ തന്നെ, മുസ്ലിം ശരീരത്തോടും ചിഹ്നങ്ങളോടും കാമ്പസ് എങ്ങനെ പ്രതികരിക്കുന്നു എന്ന എന്റെ അനുഭവവും വ്യക്തിപരമെന്നതിലുപരി ഒരു പൊതുസ്വഭാവമുള്ള രാഷ്ട്രീയ-സാംസ്കാരിക ഘടനയുടെ പ്രവർത്തനമായും മനസിലാക്കാൻ സഹായിക്കുന്നു.
കാമ്പസ് പൊതുമണ്ഡല രൂപീകരണത്തിന്റെ ഒരു നിർണായക ഇടമാണ്. എന്നാൽ കേരളത്തിലെ കാമ്പസുകളെ നാം പലപ്പോഴും കേവല ജ്ഞാനോൽപാദനത്തിന്റെയോ ജനാധിപത്യ പരിശീലനത്തിന്റെയോ മാത്രം ഇടങ്ങളായി കാണുന്നു; അവിടെ പ്രവർത്തിക്കുന്ന അധികാരബന്ധങ്ങളെയും സാംസ്കാരിക നിയന്ത്രണങ്ങളെയും വേണ്ടത്ര പ്രശ്നവൽക്കരിക്കാറില്ല. സ്വയം ആധുനികവും ലിബറലുമായതായി കരുതുന്ന കേരളത്തിലെ പല കാമ്പസുകളിലും ‘മുസ്ലിം’ എന്ന ഐഡന്റിറ്റി വളരെ വേഗത്തിൽ ‘വർഗീയവാദി’, ‘മതമൗലികവാദി’, അല്ലെങ്കിൽ ‘ജനാധിപത്യവിരുദ്ധൻ’ എന്ന ഐഡന്റിറ്റിയിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്നു. ഇവിടെ ഒരു നിർണായക പ്രക്രിയ പ്രവർത്തിക്കുന്നു: മുസ്ലിം സ്വത്വം സ്വയം സംസാരിക്കുന്ന ഒരു രാഷ്ട്രീയ വിഷയമായി അംഗീകരിക്കപ്പെടുന്നില്ല; പകരം അത് നിരന്തരം സംശയത്തിന്റെ, നിയന്ത്രണത്തിന്റെ, വ്യാഖ്യാനത്തിന്റെ ഒബ്ജക്റ്റായി മാറ്റപ്പെടുന്നു.
ഈ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസുകൾ പ്രത്യേകം പരിശോധിക്കേണ്ടതാണ്. കാരണം പ്രശ്നം വെറും സംഘടനാപരമായ മേൽക്കോയ്മയല്ല; അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഇടത്-ഹിന്ദുത്വ സെക്കുലർ പൊതുബോധത്തിന്റെ ഒരു പ്രത്യേക രൂപമാണ്. മടപ്പള്ളി കോളേജിൽ മുസ്ലിം സ്ത്രീക്ക് നിഷേധിക്കപ്പെടുന്ന രാഷ്ട്രീയ ഇടം കേവലം സംഘടനയുടെ ബലപ്രയോഗത്തിലൂടെയല്ല പ്രവർത്തിക്കുന്നത്; മുസ്ലിം കീഴാള ശബ്ദങ്ങളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന ജാതി-ഹിന്ദു പുരുഷാധിപത്യബോധത്തിന്റെ വഴിയും തന്നെയാണ് അത് നിർമിക്കപ്പെടുന്നത്. കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഷഹീൻബാഗ് സ്ക്വയർ നശിപ്പിക്കപ്പെട്ട സംഭവം ഇതിന്റെ ഉദാഹരണമാണ്. മുസ്ലിം കർതൃത്വം പ്രത്യക്ഷപ്പെടുമ്പോൾ, പ്രത്യേകിച്ച് അത് പ്രതിരോധ രാഷ്ട്രീയത്തിന്റെ രൂപത്തിൽ വന്നുചേരുമ്പോൾ, അതിനെ ഉൾക്കൊള്ളുന്നതിന് പകരം അപ്രാമാണികമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ഒരു പ്രവണത ഇവിടെ കാണാം.
എസ്.എഫ്.ഐയോട് സഹകരിക്കാത്ത ഒരു മുസ്ലിം വിദ്യാർഥിനിയോട്, ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഇടതുപക്ഷത്തോടൊപ്പമിരിക്കണം, മുസ്ലിം സംഘടനകളുടെ ഭാഗമാണെങ്കിൽ അവൾ തീവ്രവാദിയാണ്, ഇവിടെ ജീവിക്കാൻ പറ്റില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകണം എന്നിങ്ങനെ ആക്രോശിക്കപ്പെട്ട സംഭവം ഈ രാഷ്ട്രീയത്തിന്റെ നഗ്നരൂപമാണ്. ഇത് കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമത്തിലെ പോളിടെക്നിക്കിൽ നടന്നതാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു മുസ്ലിം വിദ്യാർഥിനി വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണെങ്കിൽ, അവൾ ഉടനെ തീവ്രവാദിയെന്നോ വർഗീയവാദിയെന്നോ മുദ്രകുത്തപ്പെടുന്നു; അതോടൊപ്പം അവളെ ‘രക്ഷിക്കപ്പെടേണ്ട’ പുരുഷാധിപത്യത്തിന്റെ ഇരയായും ചിത്രീകരിക്കുന്നു. മറുവശത്ത്, മുസ്ലിം ആൺകുട്ടികൾ വ്യത്യസ്ത രാഷ്ട്രീയം പുലർത്തുമ്പോൾ അവരെ സാമൂഹികമായി അപമാനിക്കുന്നതിനായി ‘പെണ്ണുകേസ്’ പോലുള്ള രീതികൾ വിനിയോഗിക്കപ്പെടുന്നു. അതായത്, മുസ്ലിം രാഷ്ട്രീയത്തെ തകർക്കാൻ ഒരേസമയം ലൈംഗികതയും ദേശീയതയും ഉപയോഗിക്കുന്ന ഒരു നിയന്ത്രണ സാങ്കേതികവിദ്യ ഇവിടെ പ്രവർത്തിക്കുന്നു. ഇത് ഒറ്റപ്പെട്ട ചില സംഭവങ്ങളല്ല; എസ്.എഫ്.ഐ ആധിപത്യമുള്ള പല കാമ്പസുകളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ശീലമാണ്.
എറണാകുളം മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തൃശൂർ കേരളവർമ കോളേജ് തുടങ്ങിയ ഇടങ്ങളിൽ പുറത്തുവന്ന സംഭവങ്ങൾ നോക്കുമ്പോൾ, സ്വന്തം മതത്തെയും സ്വത്വത്തെയും നിലനിർത്തി സംസാരിക്കുന്ന മുസ്ലിമിനെ കാമ്പസ് എങ്ങനെ പുറത്താക്കുന്നു എന്നതും മറുവശത്ത് ഇരയാക്കപ്പെട്ട മുസ്ലിമിനെ എങ്ങനെ സൗകര്യപ്രദമായി ഉപയോഗിക്കുന്നു എന്നതും വ്യക്തമാണ്. ഇതിനെ മുസ്ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ നിഷേധം എന്നാണ് വിളിക്കേണ്ടത്.
ഇരയായ മുസ്ലിമിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറുള്ള ഇടതുപക്ഷം, സ്വന്തം രാഷ്ട്രീയ മാനദണ്ഡങ്ങളിൽ സംസാരിക്കുന്ന മുസ്ലിമിനെ അംഗീകരിക്കാൻ തയ്യാറല്ല. അതിനാൽ അവർക്ക് വേണ്ടത് രാഷ്ട്രീയ ശബ്ദമുള്ള മുസ്ലിമിനെയല്ല; നിയന്ത്രിക്കപ്പെടുന്ന, പ്രതിനിധീകരിക്കപ്പെടുന്ന, പക്ഷേ സ്വയം പ്രതിനിധാനം ചെയ്യാൻ കഴിയാത്ത മുസ്ലിം രൂപത്തെയാണ്. ഈ പശ്ചാത്തലത്തിൽ “ഇസ്ലാമോഫോബിയ എന്നൊന്നില്ല; ഇസ്ലാമിസ്റ്റ് സംഘടനകൾ രാഷ്ട്രീയ ലാഭത്തിനായി അത് ഉപയോഗിക്കുന്നു” എന്ന തരത്തിലുള്ള എസ്.എഫ്.ഐ നേതൃത്വം നടത്തിയ പ്രസ്താവനകൾ ഏറെ പ്രസക്തമാണ്. കാരണം അത് വെറും അഭിപ്രായമല്ല; മുസ്ലിം വിരുദ്ധ അനുഭവങ്ങളെ തന്നെ അസാധുവാക്കുന്ന ഒരു വിജ്ഞാന-രാഷ്ട്രീയ ഇടപെടലാണ്.
ഇതിന്റെ ചരിത്ര പശ്ചാത്തലം കേരളത്തിലെ ഇടതുപക്ഷത്തിന്റെ സവർണ-ഹൈന്ദവ പുനർരചനകളിൽ അന്വേഷിക്കേണ്ടതുണ്ട്. 1980കളിൽ രൂപംകൊണ്ട പുതുകാല സി.പി.എം രാഷ്ട്രീയ-സാംസ്കാരിക രൂപങ്ങൾ പിന്നാക്ക ജാതി വിഭാഗങ്ങളെയും മുസ്ലിം രാഷ്ട്രീയ സ്വത്വത്തെയും ഒരേസമയം അദൃശ്യപ്പെടുത്തുന്ന ദിശയിലായിരുന്നു നീങ്ങിയത്. ശരീഅത്ത് വിരുദ്ധ സമരങ്ങൾ പോലുള്ള ഇടപെടലുകൾ ഈ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. അതായത്, ഹിന്ദുത്വത്തോടുള്ള തുറന്ന ഐക്യമല്ലെങ്കിലും മുസ്ലിം വിരുദ്ധ ഹൈന്ദവ പൊതുബോധവുമായി സംഭാഷണം നടത്തുന്ന ഒരു ഇടത് സെക്കുലർ രൂപം ഇവിടെ പ്രവർത്തിച്ചിരുന്നുവെന്ന് പറയാം. ഇ.എം.എസ് നമ്പൂതിരിപ്പാട് ആദിശങ്കരനെ ‘ഇന്ത്യൻ ഹെഗൽ’ എന്ന് വിശേഷിപ്പിച്ച കാലഘട്ടം ഓർക്കേണ്ടതും ഈ സാംസ്കാരിക-ബൗദ്ധിക പശ്ചാത്തലം മനസിലാക്കാനാണ്. ബ്രാഹ്മണിക് ഹിന്ദു ആധിപത്യം ദേശീയ ബൗദ്ധികതയുടെ ഭാഷയിൽ പുനർവായിക്കപ്പെടുന്ന ഒരു ഘട്ടം അതായിരുന്നു.
ഇവയെ കൂടുതൽ വ്യക്തമാക്കുന്നത് മണ്ഡൽ കാലത്തിന്റെ പാഠങ്ങളാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മണ്ഡൽ കമ്മീഷൻ നിർണായക മുഹൂർത്തമായിരുന്നു, കാരണം അത് സംവരണത്തിന്റെ ചോദ്യം മാത്രമല്ല, പൊതുമണ്ഡലത്തിൽ ആരാണ് സംസാരിക്കാൻ അർഹൻ എന്ന ചോദ്യവും ഉയർത്തി. ഇന്ത്യൻ സർവകലാശാലകളിലേക്ക് കീഴാള വിദ്യാർഥികളുടെ വ്യാപക പ്രവേശനം മണ്ഡലിന് ശേഷമാണ് ശക്തമായത്. അതുവരെ സ്വാഭാവികവൽക്കരിക്കപ്പെട്ടിരുന്ന ജാതി-ഹിന്ദു സെക്കുലർ ഘടനയെ ഇവർ വെല്ലുവിളിച്ചു. അതുകൊണ്ടുതന്നെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭം വെറും സംവരണ നയവിരോധമല്ല; അത് ഒരു സാമൂഹിക-സാംസ്കാരിക ആധിപത്യത്തിന്റെ ഭാഗമായിരുന്നു. സംഘപരിവാരവും ലിബറൽ ബുദ്ധിജീവികളും മാർക്സിസ്റ്റ് പരിസരങ്ങളും വ്യത്യസ്ത രീതികളിൽ മണ്ഡലിനെതിരെ നിൽക്കുകയുണ്ടായി എന്നത് ചരിത്രം രേഖപ്പെടുത്തിയ കാര്യമാണ്.
1989 ലെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൽ സോഷ്യലിസ്റ്റുകളും ലിബറലുകളും മുഖ്യപങ്കുവഹിച്ചു. ഇന്ത്യൻ സർവകലാശാലകളിൽ ബൗദ്ധിക അധികാരമുള്ള പല ഗ്രന്ഥകർത്താക്കളും ഈ വിരുദ്ധ ചേരിയിലുണ്ടായിരുന്നു. “സംവരണം സാമൂഹിക അസമത്വത്തെ പരിഹരിക്കുന്നതിനു പകരം വിഭജനമുണ്ടാക്കുന്നു, സമൂഹത്തെ വിഘടിപ്പിക്കുന്നു, ദേശീയ ഐക്യം തകർക്കുന്നു” എന്നായിരുന്നു അവരുടെ വാദം. ഇതേ വാദ ഘടനയാണ് പിന്നീടു ജാതി, പ്രാദേശികത, ന്യൂനപക്ഷ സ്വത്വം, മുസ്ലിം രാഷ്ട്രീയം എന്നിവയ്ക്കെതിരെയും പ്രയോഗിക്കപ്പെട്ടത്. അഥവാ, വരേണ്യ പൊതുബോധത്തിന് അനുസരിക്കാത്ത ഏതു സ്വത്വാവകാശവും ‘വിഭജനകാരി’, ‘വർഗീയ’, ‘ദേശവിരുദ്ധ’ രൂപത്തിൽ പുനർവിവർത്തനം ചെയ്യപ്പെട്ടു. ഈ രീതിയിൽ മണ്ഡൽ വിരുദ്ധ യുക്തി പിന്നീട് മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തിനെതിരായ ലിബറൽ-സെക്കുലർ യുക്തികളുമായി ചേർന്നു.
അതുകൊണ്ടുതന്നെ കേരളത്തിലെ കാമ്പസുകളിലെ മുസ്ലിം വിരുദ്ധതയെ ഹിന്ദുത്വത്തിന്റെ മാത്രം പ്രശ്നമായി ചുരുക്കാനാവില്ല. ലിബറലിസത്തിന്റെ ഒരു പ്രത്യേക പ്രാദേശിക രൂപം ഇവിടെ പ്രവർത്തിക്കുന്നു. ഈ ലിബറലിസം സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നുവെങ്കിലും അവയെ സർവ്വസാധാരണമായ രീതിയിൽ പ്രയോഗിക്കുന്നില്ല. മറിച്ച്, സെക്കുലർ മാനദണ്ഡങ്ങൾക്ക് വഴങ്ങുന്ന മുസ്ലിം ശരീരത്തെയും മുസ്ലിം ഭാഷയെയും മാത്രമാണ് ഇത് അംഗീകരിക്കുന്നത്. അതിനപ്പുറം സ്വന്തം മതപരമായോ സാമൂഹികമായോ രാഷ്ട്രീയമായോ അസ്തിത്വത്തെ തുറന്നു വെയ്ക്കുന്ന മുസ്ലിം സാന്നിധ്യം ഉടനെ സംശയാസ്പദമാകുന്നു. പ്രത്യേകിച്ച് മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള ഇടത്-ലിബറൽ സങ്കൽപ്പങ്ങളിൽ ഇത് കൂടുതൽ വ്യക്തമാകുന്നു. മുസ്ലിം സ്ത്രീയെ മതത്തിന്റെ തടവുകാരിയായി കാണുന്ന ഒരു ഏകദിശാ ദൃഷ്ടിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. അവൾ മതത്തെ തിരഞ്ഞെടുക്കുന്ന വ്യക്തിയായോ സ്വന്തം രാഷ്ട്രീയബോധത്തോടെ സംസാരിക്കുന്ന വിഷയമായോ കണക്കാക്കപ്പെടുന്നില്ല; പകരം അവളെ ‘വിമോചിക്കപ്പെടേണ്ട’ വസ്തു ആയിട്ട് മാത്രം കാണുന്നു.
അതുകൊണ്ടാണ് മഫ്ത, പർദ്ദ, തട്ടം, നിഖാബ് എന്നിവ വ്യക്തിപരമായോ മതപരമായോ രാഷ്ട്രീയമായി തെരഞ്ഞെടുപ്പുകളുടെ ഭാഗമാകുമ്പോൾ പോലും, അവയെ കാമ്പസ് സെക്കുലറിസത്തിന്റെ പരിധിക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നത്. അധ്യാപകരുടെ ഉപദേശം മുതൽ വിദ്യാർഥി രാഷ്ട്രീയത്തിന്റെ സമ്മർദ്ദം വരെ, മുസ്ലിം സ്ത്രീയുടെ ദേഹത്തെ നിയന്ത്രിക്കുന്ന ഈ പ്രക്രിയയെ ഒരുതരം സാംസ്കാരിക അധിനിവേശമായി വായിക്കേണ്ടതുണ്ട്. ഇവിടെ മതേതരത്വം മതസ്വാതന്ത്ര്യത്തിന്റെ ഭാഷയല്ല; മറിച്ച് ന്യൂനപക്ഷ മതജീവിതത്തെ മാനേജുചെയ്യുന്ന ഒരു നിയന്ത്രണ വ്യവസ്ഥയാണ്.
കേരളത്തിലെ ഭരണകൂട-മാധ്യമ സമീപനങ്ങളും ഇതേ യുക്തിയെ ശക്തിപ്പെടുത്തുന്നു. മുസ്ലിം സ്വത്വപ്രശ്നങ്ങൾ ഉയരുമ്പോൾ അവയെ ഉടൻ തന്നെ തീവ്ര ഇസ്ലാമിസ്റ്റ് ഭീഷണിയിലേക്കോ രാജ്യസുരക്ഷയുടെ ചട്ടക്കൂടിലേക്കോ നീട്ടിവായിക്കുന്നതാണ് പൊതുവായ പ്രവണത. അതിലൂടെ മുസ്ലിംകൾ നേരിടുന്ന അപമാനം, പുറത്താക്കൽ, അവകാശനിഷേധം എന്നിവയെ രാഷ്ട്രീയപ്രശ്നമായി വായിക്കാതെയും, സുരക്ഷാ-നിരീക്ഷണ പ്രശ്നമായി മാത്രം അവതരിപ്പിക്കാനുമാണ് സാധിക്കുന്നത്. ഈ രീതിയിൽ മുസ്ലിം സ്വത്വം സ്ഥിരമായി വിശദീകരിക്കേണ്ട ഒരു ഗണമായി മാറുന്നു.
മുസ്ലിം ഐഡന്റിറ്റിയോടുള്ള ശത്രുത ഹിന്ദുത്വവാദികളിൽ മാത്രം ഒതുങ്ങുന്നില്ല. പുരോഗമനവാദി, ലിബറൽ, മതേതരത്വം എന്ന സ്വയംവിളികളുള്ള ഇടങ്ങളിലേക്കും അത് നീളുന്നു. ഈ ഇടങ്ങൾ ലിബറൽ സെക്കുലർ മാനദണ്ഡങ്ങൾക്ക് കീഴടങ്ങുന്ന മുസ്ലിംകളെയാണ് ദൃശ്യവൽക്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത്. സ്വയം സംസാരിക്കുന്ന മുസ്ലിം രാഷ്ട്രീയ വിഷയിയെ (സബ്ജക്ട്) വർഗീയതയായി മുദ്രകുത്തി നിശബ്ദമാക്കുകയും, ശബ്ദം നഷ്ടപ്പെട്ട മുസ്ലിം രൂപത്തെ മാത്രം അംഗീകരിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയം തന്നെയാണ് കാമ്പസിലും പൊതുമണ്ഡലത്തിലും പ്രവർത്തിക്കുന്ന ഇടത്-ലിബറൽ ഇസ്ലാമോഫോബിയയുടെ കേന്ദ്ര യുക്തി.