Campus Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia

കാമ്പസ് ഇസ്‌ലാമോഫോബിയ

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസപരമായി വലിയ മുന്നേറ്റങ്ങള്‍ സാധിച്ച ഒരു സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെതെന്നു പറയാവുന്ന Report of the Commission for the Reservation of Seats in Educational Institutions (1965) പ്രകാരം ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍, പ്രത്യേകിച്ച് മലബാര്‍ മുസ്‌ലിംകള്‍. 2000ത്തിനു ശേഷം മലപ്പുറത്ത് വിജയഭേരി പോലുള്ള പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയിലുണ്ടായ മുന്നേറ്റങ്ങളും കേരളത്തിലെ പ്രൊഫഷനല്‍, ആര്‍ട്സ് കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിശിഷ്യ മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ വലിയ തോതിലുള്ള വിദ്യഭ്യാസ പങ്കാളിത്തവും എടുത്തു പറയത്തക്ക മാറ്റങ്ങളാണ്. ഈ വിഷയത്തില്‍ മുഹമ്മദ് സന്‍ജീര്‍ ആലം നടത്തിയ പഠനം (2021) ഗള്‍ഫ് കുടിയേറ്റവും മുസ്‌ലിം സമുദായ സംഘടനകളുടെ ഇടപെടലുകളും ഭരണകൂട – രാഷ്ട്രീയ ഇടപെടലിനോടൊപ്പം പ്രധാന പങ്കുവഹിച്ചുവെന്നു പറയുന്നു. സ്വയം സഹായവും സമുദായ ശാക്തീകരണവുമാണ് ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ വികസനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ‘ജേണല്‍ ഓഫ് സിവില്‍ സൊസൈറ്റി’യിലെഴുതിയ പഠനത്തില്‍ നിരീക്ഷിക്കുന്നു.

എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ ഈ വികസനം രാജ്യവ്യാപകമായുള്ള ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മുസ്‌ലിം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയില്‍ കോപ്പിയടിച്ച് വിജയിക്കുന്നുവെന്നും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സഹപാഠികളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കള്‍ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുവെന്നുമുള്ള പ്രചാരണം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നിരക്ഷരനായ മാപ്പിളയെക്കുറിച്ചുള്ള വാര്‍പ്പുമാതൃക ഇപ്പോള്‍ അക്ഷരസമ്പന്നനായ മുസ്ലിമിനെക്കുറിച്ചുള്ള വാര്‍പ്പുമാതൃകയായി മാറിയിരിക്കുന്നു. അപരിഷ്‌കൃത അപരനെക്കുറിച്ചുള്ള ആകുലതകള്‍ ഒരു പരിഷ്‌കൃത അപരനെക്കുറിച്ചുള്ള വംശീയ ഉത്കണ്ഠയായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബ കല്യാണി (2006) പോലുള്ള സിനിമകളിൽ കാണിച്ച ‘ജീന്‍സിട്ട ന്യൂജെന്‍ ഭീകരവാദി’കളെക്കുറിച്ചുള്ള ആശങ്കകള്‍ സംഘപരിവാര്‍ ഭാവനയെ പ്രചോദിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സോഫ്‌റ്റെയര്‍ എഞ്ചിനീയര്‍ യഹ്യ കമ്മുക്കുട്ടിയെപ്പോലുള്ള നിരവധി മുസ്‌ലിംചെറുപ്പക്കാര്‍ വിവിധ വ്യാജതീവ്രവാദകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് (2008 ഫെബ്രുവരി 18) ഇത്തരമൊരു സന്ദര്‍ഭത്തിലാണ്. വര്ഷങ്ങളുടെ തടവ് ജീവിതത്തിന് ശേഷം തെളിവില്ലാതെ വിട്ടയക്കപ്പെട്ട മുസ്‌ലിം യുവാക്കളുടെ ജീവിതവും കരിയറും പൂരണമായും തകര്ക്കപ്പെടുകയും ചെയ്തു. അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരും ഉന്നതവിദ്യാഭ്യാസം നേടിയ മുസ്‌ലിചെറുപ്പക്കാരായിരുന്നു.

ദേശീയതലത്തിലുള്ള കാംപസ് ഇസ്‌ലാമോഫോബിയ അനുഭവങ്ങളില്‍ പലതും കേരളത്തിലും ആവര്‍ത്തിക്കുകയുണ്ടായി. കോഴിക്കോട്ടെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനമായ പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക് (2022) പൊതുസമൂഹം ചര്‍ച്ച ചെയ്‌തെങ്കിലും നടപടിയെടുക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായില്ല. അതിനെതിരേ പ്രതിഷേധിച്ചവരെ അസാധാരണമായ നിയമനടപടികളിലൂടെ നേരിടുകയും ചെയതു. തിരുവനന്തപുരത്തെ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തലമറയ്ക്കാന്‍ അനുവദിക്കാത്തതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും (2018) കോടതി സ്ഥാപനത്തോടൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്. തലമറയ്ക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ടി സി വാങ്ങി പോകാമെന്നും കോടതി നിര്‍ദേശിച്ചു. കോപ്പിയടിയുടെ പേരില്‍ പരീക്ഷാഹാളില്‍ തലമറയ്ക്കാന്‍ അനുവദിക്കാതിരുന്നതാണ് മറ്റൊന്ന്. ദേശീയതലത്തില്‍ ആരംഭിച്ച ഈ പ്രവണത കേരളത്തിലും തലപൊക്കി. 2019-2023 കാലയളവിൽ പല സ്‌കൂളുകളിലും നീറ്റ് പരീക്ഷയ്്‌ക്കെത്തിയ മുസ്‌ലിംവിദ്യാര്‍ത്ഥികളുടെ ഹിജാബ് നിര്‍ബന്ധപൂര്‍വം അഴിച്ചുമാറ്റി.

ഇസ്ലാമോഫോബിയ പഠനങ്ങള്‍

ബ്രിട്ടനിലെ ലെസ്റ്റര്‍ യൂനിവേഴ്‌സിറ്റി പ്രൊഫസറായ ക്രിസ് അലനെ പോലുള്ള ഗവേഷകര്‍ കാംപസ് ഇസ്ലാമോഫോബിയ എന്ന പ്രതിഭാസത്തെ കുറിച്ച് ഇസ്ലാമോഫോബിയ പഠനങ്ങളില്‍ (2023) പ്രതിപാദിക്കുന്നുണ്ട്. ലോകവ്യാപകമായും ഇന്ത്യയിലും വ്യാപിച്ചിട്ടുള്ള ഇസ്ലാമോഫോബിയയുടെ ഒരു പ്രധാനപ്പെട്ട വകഭേദമാണ് കാംപസ് ഇസ്ലാമോഫോബിയ. മുസ്‌ലിംങ്ങള്‍ക്ക് തുല്യ മനുഷ്യപദവിയും സമപൗരത്വവും രാഷ്ട്രീയകര്‍തൃത്വവും സാമൂഹ്യനീതിയും നിഷേധിക്കുന്ന വംശീയ വ്യവസ്ഥയാണ് ഇസ്ലാമോഫോബിയ. എന്നാല്‍ ഇസ്ലാമോഫോബിയ എങ്ങനെയാണ് മുസ്‌ലിം യുവജനങ്ങളെയും കൗമാരക്കാരെയും നേരിട്ട് ബാധിക്കുന്നതെന്നതിനെ കുറിച്ചുള്ള സൂചന കൂടി കാംപസ് ഇസ്ലാമോഫോബിയാ പഠനങ്ങള്‍ പുറത്തുകൊണ്ടുവരുന്നു.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ എന്ന വാക്ക് തുടക്കകാലങ്ങളില്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥിസമൂഹമാണ് ഉപയോഗിച്ചിരുന്നത്. ജെഎന്‍യു പോലുള്ള കാമ്പസുകളിലെ മുസ്‌ലിം സാഹചര്യത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഈ വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതൊരു ജാര്‍ഗണ്‍ മാത്രമാണെന്ന വാദവുമായി രംഗത്തെത്തിയത് എസ്എഫ്ഐ അടക്കമുള്ള ഇടതു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളായിരുന്നുവെന്നു ജെഎന്‍യുവില്‍ ഗവേഷകനായ വസീം ആര്‍ എസ് എഴുതിയിട്ടുണ്ട്. ഇസ്ലാമിനു നല്‍കുന്ന അന്യായമായ പിന്തുണയുടെ പ്രശ്നമായാണ് അവിടത്തെ പല മതേതരവാദികളും ഈ പദപ്രയോഗത്തെ കണ്ടത്. 2017 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അദ്ദേഹതന്നെ ‘റ്റൂ സര്‍ക്കിള്‍സിൽ’ എഴുതിയ രണ്ടു ലേഖനങ്ങള്‍ ഈ വിഷയത്തിലുള്ള ആധികാരിക രേഖകളാണ് (റഫറന്‍സ് താഴെ നല്‍കുന്നു).

എന്നാല്‍ ഇന്‍ഡ്യയിലെ എഡ്യുക്കേഷനല്‍ കാമ്പസുകളിലെ ഇസ്ലാമോഫോബിയ വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. അത്തരം ഗവേഷണ പഠനങ്ങള്‍ തന്നെ വിരളമാണ്. ഇന്‍ഡ്യയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ചു പുറത്തിറങ്ങിയ നിഖില ഹെന്റിയുടെ ‘ഫെര്‍മെന്റ്: യൂത്ത് അണ്‍റെസ്റ്റ് ഇന്‍ ഇന്‍ഡ്യ’ (2017) എന്ന പുസ്തകം കാമ്പസ് ഇസ്ലാമോഫോബിയയെക്കുറിച്ചു ചില സൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ്വിഷയകമായുള്ള ഏറ്റവും വികസിച്ച അന്വേഷണം ഒരു അനുഭവ വിവരണമാണ്. ഫാഷന്‍ ഡിസൈനറായ നസിയ ഇറത്തിന്റെ ‘മദറിങ് എ മുസ്‌ലിം: ദി ഡാര്‍ക്ക് സീക്രട്ട്സ് ഇന്‍ ഔര്‍ സ്‌കൂള്‍സ് ആന്‍ഡ് പ്ലേ ഗ്രൗണ്ട്’ ( 2017) എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ ഉയര്‍ന്ന വര്‍ഗത്തിലുള്ളവരുടെ മക്കള്‍ പഠിക്കുന്ന നാനൂറോളം എലീറ്റ് സ്‌കൂളുകളില്‍ നടത്തിയ സര്‍വേയെക്കുറിച്ച് പറയുന്നുണ്ട്. എല്‍കെജി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചായിരുന്നു പഠനം. ലക്ഷങ്ങള്‍ ഫീസ് മുടക്കിയിട്ടും ഉയര്‍ന്ന ജാതി, വര്‍ഗ വിഭാഗത്തിലെ മുസ്‌ലിംകള്‍ ഇത്തരം സ്‌കൂളുകളില്‍ അനുഭവിക്കുന്ന സാമൂഹികവിവേചനങ്ങളും സഹപാഠികളായ കൊച്ചുവിദ്യാര്‍ത്ഥികള്‍ പുലര്‍ത്തിയിരുന്ന മുസ്‌ലിംവിരുദ്ധതയും പഠനം വെളിപ്പെടുത്തി. പാകിസ്ഥാനിയെന്നും ലിംഗാഗ്രച്ചേദം നടത്തിയവരെന്നും ജിഹാദിയെന്നും ടെററിസ്റ്റെന്നും വിളിച്ചു സഹപാഠിയെ തെറി വിളിക്കുന്നതും അക്രമിക്കുന്നതും ഉപരിവര്‍ഗം പഠിക്കുന്ന സ്‌കൂളുകളില്‍ പതിവായിരിക്കുന്നു. പത്തു വയസ്സിനു താഴെയുള്ള വിദ്യാര്‍ഥികള്‍ വരെ ഇസ്‌ലാമോഫോബിയ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. സ്വന്തം മാതാപിതാക്കളില്‍നിന്നും ടെലിവിഷന്‍ പരിപാടികളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും കുട്ടികള്‍ മനസിലാക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന മുസ്‌ലിംകളെ കുറിച്ചുള്ള ധാരണകള്‍ ഇത്തരം സ്‌കൂളുകളിലെ കുട്ടികളെ സ്വാധീനിക്കുന്നു. അങ്ങനെ നോക്കിയാല്‍ ജാതി, വര്‍ഗ, ലിംഗപദവിക്കപ്പുറത്ത് മുസ്‌ലിംകള്‍ വംശീയവല്‍ക്കരണം അനുഭവിക്കുന്നു. കൊച്ചുകുട്ടികളില്‍പ്പോലും അതിന്റെ പ്രതിഫലനമുണ്ട്. ഈ പുസ്തകം വിദ്യാഭ്യാസ ഇടങ്ങളിലെ ഇസ്ലാമോഫോബിയയുടെ വ്യാപ്തി നമ്മെ ബോധ്യപ്പെടുത്തുന്നു.

നഴ്‌സറി തലം മുതല്‍ ഗവേഷക സ്ഥാപനങ്ങള്‍ വരെ മുസ്‌ലിംവിദ്യാര്‍ത്ഥികള്‍ ഇസ്ലാമോഫോബിയയുടെ ഇരകളാണ്. കര്‍ണാടകയിലെ ഹിജാബ് നിരോധനം (2022), മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവല്‍കൃത കൊലപാതകം (2019) തുടങ്ങിയ പ്രശ്‌നങ്ങള്‍ തെക്കേയിന്ത്യയിലെ കാമ്പസ് ഇസ്‌ലാമോഫോബിയയുടെ ഭാഗമായി ചര്ച്ച ചെയ്യപ്പെട്ടതാണ്. ഇത്തരം പ്രശ്‌നങ്ങളുടെ കൃത്യമായ പഠനങ്ങള്‍ ഇനിയും വികസിച്ചിട്ടു വേണം.

കേരളീയ പരിസരം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുരോഗമന, മതേതര, ജനാധിപത്യ രാഷ്ട്രീയം നിലനില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിലും സമാനമായ സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ, മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാംപസ് ഇസ്ലാമോഫോബിയയുടെ ഒരു ഉപപാഠമായി (Sub text) നിലനില്‍ക്കുന്നത് ലിംഗരാഷ്ട്രീയവും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. അതായത് കാംപസ് ഇസ്ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത് ലിംഗവല്‍കൃത ഇസ്ലാമോഫോബിയയുടെ മാതൃകയെ ആശ്രയിച്ചാണ്. ഈ റിപ്പോര്‍ട്ട് പങ്കുവെക്കുന്ന എല്ലാം സംഭവങ്ങളിലും മുസ്‌ലിം സ്ത്രീ വിദ്യഭ്യാസം, മുസ്‌ലിം സ്ത്രീ ലൈംഗികത, മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ പങ്കാളിത്തം ഇവയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആകാംക്ഷകളും രാഷ്ട്രീയ ഉത്കണ്ഠകളുമൊക്കെ ആവര്‍ത്തിച്ചുവരുന്നു. സമകാലിക ഇസ്ലാമോഫോബിയയുടെ പ്രത്യേകതകളിലൊന്നുകൂടിയാണത്. മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയം അതിശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകളോടുള്ള വിയോജിപ്പും വിമര്‍ശനവും പ്രകടിപ്പിക്കാനെന്ന വ്യാജേനയും ഇസ്ലാമോഫോബിയ അരങ്ങേറുന്നുണ്ട്. ഇത്തരത്തില്‍ വിവിധ ആഖ്യാനങ്ങളെയും സാമൂഹിക മാതൃകകളേയും സ്വരൂപിച്ചാണ് കാംപസ് ഇസ്ലാമോഫോബിയ പ്രവര്‍ത്തനക്ഷമമാകുന്നത്.

ഹിന്ദുത്വ ഇസ്ലാമോഫോബിയ

2023 ജൂണില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ മാസ്‌കുമായി ബന്ധപ്പെട്ട വിവാദം തന്നെ പരിശോധിച്ചു നോക്കുക. ഓപ്പറേഷന്‍ തിയേറ്ററില്‍ സര്‍ജിക്കല്‍ മാസ്‌കിനോടൊപ്പം ഹിജാബ് ധരിക്കാനുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുറച്ച് മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ സ്ഥാപന അധികൃതര്‍ അനുഭാവത്തോടെ പരിഗണിച്ചെങ്കിലും കുട്ടികള്‍ നല്‍കിയ നിവേദനം പിന്നീട് കോളജിലെത്തന്നെ ആരോ പത്രങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി. ഒപ് ഇന്ത്യ, സ്വരാജ് പോലുള്ള സംഘപരിവാര്‍ പോര്‍ട്ടലുകളും ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങളും ഈ വാര്‍ത്ത ഇസ്ലാമോഫോബിക്കായ മാനത്തോടെയാണ് അവതരിപ്പിച്ചത്.

കൂട്ടത്തില്‍ അമേരിക്കയില്‍ നടക്കുന്ന മെഡിക്കല്‍ രംഗത്തെ ഹിജാബിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുമായി വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ ബന്ധിപ്പിക്കാനും സ്വരാജ്യ പോലുള്ള സംഘ്പരിവാര പത്രങ്ങള്‍ ശ്രമിച്ചിരുന്നു. ദീന കിഷാവി എന്ന അമേരിക്കന് മുസ്‌ലിം ഡോക്ടറുടെ മുൻകയ്യില് ഓപ്പറേഷന് തിയേറ്ററിൽ സർജിക്കൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം അമേരിക്കയിലുണ്ട്. അമേരിക്കന് മെഡിക്കല് അസോസിയേഷന് വെബ്സൈറ്റിൽ തന്നെ കിഷാവിയുടെ അഭിമുഖം (മെന്റൊറിംഗ് യംഗ് മുസ്‌ലിം വിമൻ, 2019) വായിക്കാം (റഫറൻസ് താഴെ നല്കുന്നു).

മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ ന്യായമായ ഒരു പൗരാവകാശത്തെ ആഗോള ഇസ്ലാമോഫോബിയയുടെ മാതൃകകളിലേക്ക് പരിവര്‍ത്തിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇത്. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയത്. കേരളത്തിലെ മാധ്യമങ്ങളേക്കാള്‍ ദേശീയ മാധ്യമങ്ങള്‍ സംസ്ഥാനത്തെ മുസ്‌ലിം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ അസഹിഷ്ണുതയോടെ കാണുന്നുവെന്നത് വസ്തുതയാണ്. ഇക്കാര്യത്തില്‍ സംഘപരിവാര്‍ പശ്ചാത്തലമുള്ള മാധ്യമങ്ങളും മതേതര പശ്ചാത്തലമുള്ള മാധ്യമങ്ങള്‍ തമ്മില്‍ വലിയ അന്തരമൊന്നുമില്ല.

അതുപോലെത്തന്നെ, 2023 ഒക്ടോബറില്‍ കാസര്‍ഗോഡ് ജില്ലയില്‍ ബസ് തടഞ്ഞുവെന്ന പേരില്‍ ഒരു വിഭാഗം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ബിജെപിയുടെ അഖിലേന്ത്യ സെക്രട്ടറിയായ അനില്‍ കെ ആന്റണി നടത്തിയ വിദ്വേഷ പ്രസ്താവനയും ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. അനില്‍ കെ ആന്റണിയുടെ പ്രസ്താവന കേരളത്തിലെ മാധ്യമങ്ങളേക്കാള്‍ ദേശീയ മാധ്യമങ്ങളാണ് വലിയൊരു വിദ്വേഷപ്രചാരണമാക്കി മാറ്റിയത്. മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ കേരളത്തിന്റെ തെരുവുകളില്‍ ഹിജാബും നിഖാബുമണിഞ്ഞ് തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുവെന്ന ധാരണ വായനക്കാരിലുണ്ടാക്കാനായിരുന്നു ശ്രമം.

സമാനമായ അര്‍ത്ഥത്തില്‍ 2023 ഡിസംബറില്‍ ജിയോ ബേബിയും ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനും തമ്മിലുള്ള പ്രശ്നത്തിലിടപ്പെട്ടുകൊണ്ട് ഈ വിഷയത്തിലുള്ള വസ്തുതകളെ മുഴുവന്‍ അവഗണിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യ ടുഡെ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ നടത്തിയ പ്രചാരണങ്ങളും നമുക്ക് മുന്നിലുണ്ട്.

പുരോഗമന മതേതര ഇസ്ലാമോഫോബിയ

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരത്തില്‍ നഗ്‌നമായ സംഘപരിവാര്‍ ഇസ്ലാമോഫോബിയ മാത്രമല്ല നിലനില്‍ക്കുന്നതെന്നും നാം കാണേണ്ടതുണ്ട്. 2023 ഒക്ടോബറില്‍ അഡ്വ. കെ അനില്‍ കുമാര്‍ മലപ്പുറത്തെ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ കുറിച്ച് നടത്തിയ പ്രസ്താവനയും അവരുടെ വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിലപാടും കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഈ പ്രസ്താവനയും തലശേരി ബ്രണ്ണന്‍ കോളേജിലെ മിസ്ബാഹ് സഹദ് എന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനി നിഖാബ് അണിഞ്ഞ് 2022-ലെ സ്റ്റുഡൻറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതിനെതിരെ നടന്ന പ്രചാരണങ്ങളും എടുത്തുനോക്കിയാല്‍ പുരോഗമന മതേതര ഇസ്ലാമോഫോബിയ കേരളത്തിന്റെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസിലാകും. 2023-ലും മിസ്ബാഹ് സഹദ് അനുഭവിക്കുന്ന പ്രശ്നങ്ങള് ഈ റിപ്പോർട്ടിൽ വായിക്കാം. ദേശീയ തലത്തിലുള്ള പ്രചാരണത്തിനുള്ള അസംസ്‌കൃത വസ്തുക്കളായിപ്പോലും കേരളത്തിലെ പുരോഗമന മതേതര ഇടതുപക്ഷ വ്യക്തികളുടെയും സംഘങ്ങളുടെയും മാധ്യമങ്ങളുടെയും ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ മാറുന്നു. അഡ്വ. അനില്‍കുമാറിന്റെ പ്രസ്താവനയും മിസ്ബാഹിനെതിരെ നടന്നിട്ടുള്ള പ്രചാരണങ്ങളും ഇതിന്റെ സൂചനയാണ്.

എന്നാല്‍, ഇസ്ലാമോഫോബിയ പഠനങ്ങളുടെ കാഴ്ചപാടില്‍ പരിശോധിച്ചാല്‍ വംശീയ ഉന്മൂലന സ്വഭാവമുള്ള സംഘപരിവാര്‍ ഇസ്ലാമോഫോബിയും പുരോഗമന ഇടത് രാഷ്ട്രീയത്തിന്റെ ഇസ്ലാമോഫോബിയയും സമാനമല്ല. രണ്ടും വിവേചനത്തിലും മുന്‍വിധിയിലും അധിഷ്ഠിതമാണെങ്കിലും സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ വംശീയ ഉന്മൂലന സ്വഭാവമുള്ള ഇസ്‌ലാമോഫോബിയയാണ്. അവരുടെ ഉന്മൂലന പദ്ധതികള്‍ക്കും ആഖ്യാനങ്ങള്‍ക്കും സഹായകമാവുകയും ഇന്ധനമാവുകയും ചെയ്യുന്നുവെന്നതാണ് ഇടത് പുരോഗമന മതേതര ഇസ്ലാമോഫോബിയയുടെ പ്രത്യേകത. ഇസ്ലാമോഫോബിയ ഒരു കേവല പ്രത്യയശാസ്ത്രം മാത്രമല്ല, അതൊരു പൊതുബോധം കൂടിയാണ് എന്ന സമീപനം നിരണായകമാണ്. ഈ റിപ്പോര്‍ട്ട് ഇത്തരം വസ്തുതകള്‍ക്കൂടി പുറത്തുകൊണ്ടുവരുന്നു.

ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം

അതുപോലെത്തന്നെ മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനമായ അമല്‍ജ്യോതി കോളജില്‍ 2023 ജൂണില്‍ നടന്ന ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. സംഭവത്തില്‍ സ്വാഭാവികമായും വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. ചില മുസ്‌ലിംവിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി. ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജിനെതിരെ മുസ്‌ലിംവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വിദ്വേഷപ്രചാരണമെന്നാണ് ഈ പ്രതിഷേധം വ്യാഖ്യാനിക്കപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളോ മുസ്‌ലിം വ്യക്തികളോ മുസ്‌ലിം സംഘടനകളോ ഉള്‍പ്പെടുകയാണെങ്കില്‍ ആ പ്രശ്നത്തിന്റെ മെറിറ്റ് മറികടക്കാന്‍ ഇസ്ലാമോഫോബിയ ഉപയോഗപ്പെടുത്തുന്ന ഒരു രീതിശാസ്ത്രം നമ്മുക്ക് ഇതില്‍ തെളിഞ്ഞ് കാണാം. ഇതും ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട പ്രാധാനപ്പെട്ട മറ്റൊരു തിരിച്ചറിവിലേക്ക് നമ്മളെ നയിക്കുന്നു.

മുസ്‌ലിംകള്‍ എന്ത് ചെയ്യുന്നുവെന്നോ പ്രവര്‍ത്തിക്കുന്നുവെന്നോ എന്നതിനെ ആശ്രയിച്ചല്ല ഇസ്ലാമോഫോബിയ വികസിക്കുന്നത്. മറിച്ച് ഒരു വംശീയ വ്യവസ്ഥ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ ധാരണകളെ ആയുധവത്കരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നുവെന്നതാണ് പ്രശ്‌നം. ഇത് ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്. ഇങ്ങനെ മുസ്ലികളുമായി ബന്ധപ്പെട്ടുള്ള സാമൂഹിക മുന്‍വിധികളെയും വംശീയ സമീപനങ്ങളെയും ഉപയോഗപ്പെടുത്തി ഏത് തരത്തിലുമുള്ള സാമൂഹിക നീതിക്കായുള്ള പ്രക്ഷോഭങ്ങളെയും റദ്ദ് ചെയ്യാനും അട്ടിമറിക്കാനും കഴിയുന്നു.

മുസ്‌ലിംകളുടെ കേവല സാന്നിധ്യവുമല്ല ഇസ്ലാമോഫോബിയയുടെ അടിസ്ഥാനം, മറിച്ച് മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ ധാരണകളാണ്. അങ്ങനെ നോക്കുമ്പോള്‍ മുസ്‌ലിംകളുടെ പെരുമാറ്റത്തെയും രാഷ്ട്രീയത്തെയും നിയന്ത്രിച്ചോ ക്രമപ്പെടുത്തിയോയല്ല ഇസ്ലാമോഫോബിയയെ മറികടക്കേണ്ടത്. മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ ധാരണകള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് ആഴത്തില്‍ പരിശോധിച്ച് അതിനെ സാമൂഹികമായും രാഷ്ട്രീയമായും അഭിസംബോധന ചെയ്യുന്നതിലൂടെ മാത്രമേ ഇസ്ലാമോഫോബിയയെ മറികടക്കാന്‍ കഴിയൂ. അമല്‍ ജ്യോതി കാംപസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയം സജീവമല്ലാതിരുന്നിട്ടും മുസ്‌ലിംവിരുദ്ധപ്രചാരണം നടക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

കാംപസ് ഇസ്ലാമോഫോബിയ പൊതു ഇസ്ലാമോഫോബിയയില്‍ നിന്ന് വേറിട്ട ഒന്നല്ലെങ്കിലും അതിനും തനതായ ബലതന്ത്രങ്ങളുണ്ട്. വളര്‍ന്നു വരുന്ന യുവ തലമുറയിലുള്ള പൗരന്മാര്‍ എന്ന നിലക്കുള്ള മുസ്‌ലിം വിദ്യാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥിനികളുടെയും സാമൂഹിക ചലനത്തെയും അവരുടെ വിദ്യഭ്യാസ അവകാശങ്ങളെയും റദ്ദ് ചെയ്യുന്ന തരത്തില്‍ കാംപസ് ഇസ്ലാമോഫോബിയ വളര്‍ന്നുകഴിഞ്ഞു. ഇതിന് ചുക്കാന്‍ പിടിക്കുന്നത് വലതുപക്ഷ സ്വഭാവമുള്ള സംഘടനകളോ അവരുടെ വെബ് പോര്‍ട്ടലുകളോ മാത്രമല്ല ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമാണ്. നമ്മുടെ നാട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പലരും അറിഞ്ഞും അറിയാതെയും ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മുസ്‌ലിംവിദ്യാര്‍ത്ഥി സമൂഹത്തെയും അതുവഴി മുസ് ലിംപൊതുസമൂഹത്തെയും ആഴത്തില്‍ ബാധിക്കുന്ന ഈ പ്രതിഭാസത്തിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണം. സംഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ സമൂഹത്തിന് ലഭ്യമാക്കണം. അതിലൂടെ ഇസ്ലാമോഫോബിയയുടെ കാംപസ് ആവിഷ്‌കാരങ്ങളെ തുറന്നു കാട്ടാന്‍ കഴിയും.

കാംപസ് ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തനങ്ങളെ നാം മറ്റൊരു വീക്ഷണകോണിലും പഠിക്കേണ്ടതുണ്ട്. മുസ്‌ലിംകളുടെ സാമൂഹിക, രാഷ്ട്രീയ കര്‍തൃത്വത്തിന്റെ നിഷേധമാണ് ഇസ്ലാമോഫോബിയ. മുസ്‌ലിംകളെ കുറിച്ചുള്ള കേവല മുന്‍വിധികളോ കേവലമായ വെറുപ്പോ മാത്രമല്ല ഇത്. മുസ്‌ലിംകള്‍ക്ക് സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞ മേഖലകളെ ലക്ഷ്യമിട്ടുനടക്കുന്ന വംശീയ പ്രചാരണമാണിത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിംകള്‍ക്ക് വിദ്യഭ്യാസ രംഗത്ത് മുന്നേറ്റം സാധ്യമാക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. ഫാറൂഖ് കോളേജ് പോലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലൂടെയാണ് സ്വാതന്ത്ര്യാനന്തര കാലത്ത് പെണ്‍കുട്ടികളടക്കമുള്ള മുസ്‌ലിംവിദ്യാര്‍ത്ഥി സമൂഹത്തിന്റെ വിദ്യഭ്യാസ പങ്കാളിത്തം ഉറപ്പുവരുത്തിയത്. അങ്ങനെയുള്ള കാംപസിനെക്കുറിച്ച് നടക്കുന്ന വിവാദങ്ങള്‍ എളുപ്പത്തില്‍ ഇസ്‌ലാമോഫോബിയയുടെ മാതൃകയിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നു. അതായത്, മുസ്‌ലിംകളുടെ സാമൂഹിക, രാഷ്ട്രീയ ചലനത്തോടും രാഷ്ട്രീയ, സാമൂഹിക കര്‍തൃത്വത്തോടുമുള്ള ഒരു പ്രതികരണമായി നാം ഇസ്‌ലാമോഫോബിയയെ വിലയിരുത്തണം. ഇസ്‌ലാമോഫോബിയക്കെതിരായ ബഹുജന മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ നാം തയ്യാറാകണെന്നും റിപോര്‍ട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.

റഫറൻസ് 

Chris Allen. (2023). “Everyday Experiences of Islamophobia in University Spaces: A Qualitative Study in the United Kingdom.” Education, Citizenship and Social Justice, 1(2), 1–13.

Deena Kishawi. (2019). Deena Kishawi: Mentoring young Muslim women. American Medical Association. Accessed from: https://www.ama-assn.org/about/leadership/deena-kishawi-mentoring-young-muslim-women

Mohd. Sanjeer Alam. (2021). “Community Organizations and Educational Development among Muslims: Lessons from the ‘Kerala Experience’.” Journal of Civil Society, 17(1), 63-80.

Nazia Erum. (2017). Mothering A Muslim: The Dark Secret in India’s Schools and Playgrounds. Juggernaut Publication.

Nikhila Henry. (2017). Ferment: Youth Unrest in India. Palgrave Macmillan.

Waseem R S. (2017a). “How the Indian ‘Left’ is using Islamophobia: Lessons from JNU Student Union Elections.” Two Circles. Accessed from: [https://twocircles.net/2017sep04/416070.html](https://twocircles.net/2017sep04/416070.html).

Waseem R S. (2017b). “The Islamophobia of the Left: Why the politics of Muslim solidarity is important.” Two Circles. Accessed from: [https://twocircles.net/2017sep05/416129.html](https://twocircles.net/2017sep05/416129.html).

(കടപ്പാട്: എസ് ഐ ഒ കേരള പുറത്തിറക്കിയ ‘കാമ്പസ് ഇസ്‌ലാമോഫോബിയ റിപ്പോര്ട്ട് 2023’ നു (എഡിറ്റര്: മുഹമ്മദ് റാഷിദ്)  എഴുതിയ ആമുഖം)