ഡാറ്റയാണ് ഭരണനിർവഹണത്തിന്റെ പ്രധാന ഉപകരണം. പ്രശ്‌നങ്ങൾ തിരിച്ചറിയാനും നയരൂപീകരണത്തിനും അത് പ്രായോഗികമാക്കാനും ആവശ്യമായ തിരുത്തൽനടപടി സ്വീകരിക്കാനും ഡാറ്റ ഉപയോഗിക്കുന്നു. വിശ്വാസ്യതയുള്ളതും വസ്തുനിഷ്ഠവുമായ ഡാറ്റ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമാണ്.
ജനാധിപത്യത്തിൽ പൗരരും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണ് ഡാറ്റ. അതില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും പൗരർക്ക് അതിനനുസൃതമായ തീരുമാനമെടുക്കാനും സാധിക്കില്ല. ജനപ്രതിനിധികളെ വിലയിരുത്തുന്നതിലും ഇത് നിർണായകമാണ്. മുൻകാലങ്ങളിൽ, ഡാറ്റയുടെ ലഭ്യതയിലും വിശ്വാസ്യതയിലും ഇന്ത്യയുടെ പ്രതിച്ഛായ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നെങ്കിലും മോദി ഭരണകാലത്ത്, ഇതിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഡാറ്റയിലെ ബോധപൂർവമായ ഇടപെടലും തിരുത്തലും നടന്നിട്ടുള്ള നിരവധി സംഭവങ്ങൾ ഇക്കാലയളവിലുണ്ടായി. സിംഗപ്പൂർ നാഷനൽ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകൻ ഡീഗോ മറിയാനോ തയാറാക്കിയ ‘പൊളിറ്റിസൈഷേൻ ഓഫ് ഡാറ്റ അണ്ടർ മോദി റെജിം’(2019) എന്ന പഠനമനുസരിച്ച് മൂന്നു രീതിയിലാണ് മോദി ഭരണകൂടം ഡാറ്റ മാനിപുലേഷൻ നടത്തുന്നത്. ഒന്ന്) ഡാറ്റ വൈകിപ്പിക്കൽ, രണ്ട്) ഡാറ്റ ഊതിവീർപ്പിക്കൽ, 3) ഡാറ്റ പിടിച്ചുവയ്ക്കൽ.
ഡാറ്റ വൈകിപ്പിക്കൽ
2015-16ൽ ദേശീയ കുടുംബാരോഗ്യ സർവേയുടെ (നാലാം ഘട്ടം) ഭാഗമായി ശേഖരിച്ച ബാല പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള ഡാറ്റ സർക്കാർ പുറത്തുവിട്ടു. ആ ഡാറ്റയിലെ ഒരു ഭാഗം 2016 ഒക്ടോബറിൽ കേന്ദ്രസർക്കാർ അന്താരാഷ്ട്ര ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (ഐ.എഫ്.പി.ആർ.ഐ) പങ്കുവച്ചു. അതനുസരിച്ച്, 2004-05മായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ബാല പോഷകാഹാരക്കുറവ് ഗണ്യമായി കുറഞ്ഞു. എന്നാൽ ഈ കുറവിന് കാരണമായ ഘടകങ്ങൾ എന്താണ്, ഏത് സംസ്ഥാനങ്ങളിലാണ് അല്ലെങ്കിൽ പ്രദേശങ്ങളിലാണ് കൂടുതൽ പുരോഗതി കൈവരിച്ചത് എന്നിവയെ സംബന്ധിച്ച് ഐ.എഫ്.പി.ആർ.ഐയ്ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. കാരണം സർക്കാർ ഒരു സംഖ്യ മാത്രമാണ് പങ്കുവച്ചത്; മറ്റു വിവരങ്ങൾ വൈകിപ്പിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തു.
ഡാറ്റ ഊതിവീർപ്പിക്കൽ
2015ൽ, ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നാലെ, കേന്ദ്രസർക്കാർ ജി.ഡി.പി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി. ഇത് ചില വർഷങ്ങളിലൊരിക്കൽ നടപ്പാക്കുന്ന പതിവുപ്രക്രിയയാണ്. അടിസ്ഥാനവർഷം പുതുക്കാനും കണക്കെടുപ്പ് രീതികളിൽ മെച്ചപ്പെടുത്തലുകൾവരുത്താനും പുതിയ ഡാറ്റ സ്രോതസുകൾ പരിഗണിക്കാനും അന്താരാഷ്ട്ര നിലവാരം പാലിക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നത്.
അടിസ്ഥാനവർഷം മാറ്റുമ്പോഴും കണക്കെടുപ്പ് രീതി മാറ്റുമ്പോഴും പഴയതും പുതിയതുമായ ജി.ഡി.പി കണക്കുകൾ തമ്മിൽ താരതമ്യം ചെയ്യാൻ സഹായിക്കുന്ന ‘ബാക്ക് സീരീസ്’ പ്രസിദ്ധീകരിക്കുന്നത് നിർബന്ധമാണ്. എന്നാൽ മോദി സർക്കാർ പുതിയ രീതി അവതരിപ്പിച്ച് മൂന്നു വർഷത്തിനുശേഷം 2018 ഡിസംബറിലാണ് ബാക്ക് സീരീസ് പുറത്തുവിട്ടത്.
ഡാറ്റ പിടിച്ചുവയ്ക്കൽ
2017ൽ, തൊഴിൽ-തൊഴിലില്ലായ്മ സർവേ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഫലമായി വലിയൊരു ഡാറ്റാ വിടവ് ഉണ്ടായി. കാരണം അവസാനമായി ഇത്തരമൊരു സർവേ 2012ലാണ് നടന്നത്. പിന്നീട് ആരംഭിച്ച പീരിയഡിക് ലേബർ ഫോഴ്‌സ് സർവേയുടെ ഫലം 2018 അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും 2019 വരെ പുറത്തുവിട്ടില്ല.തൊഴിൽസൃഷ്ടിയെക്കുറിച്ച് വിശ്വാസ്യതയുള്ള മറ്റൊരു ഡാറ്റാ ഉറവിടമായ വാർഷിക തൊഴിൽ സർവേയുടെ ഫലങ്ങളും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര കമ്മിഷന്റെ രണ്ട് അംഗങ്ങൾ 2019 ജനുവരിയിൽ രാജിവച്ചു.
ഹിന്ദുത്വരും ഇന്ത്യയിലെ സമാധാനാന്തരീക്ഷവും
സംഘ്പരിവാർ അനുകൂലികൾ പറയുന്ന ഒരു വാദമിതാണ് 2016നുശേഷം, നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് വർഗീയ കലാപങ്ങളിൽ കുറവു വന്നു. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് ഡാറ്റാപ്രകാരം 2014ൽ 703 ഉം 2015ൽ 751 ഉം വർഗീയ കലാപങ്ങൾ അരങ്ങേറി. എന്നാൽ സംഘ്പരിവാർ അധികാരത്തിൽ വന്നതിനു ശേഷം 2016 മുതൽ ഈ ഡാറ്റ കലക്ഷൻ നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ പൊലിസിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവർ പുറത്തുവിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഏജൻസികൾ ഈ കണക്കുകൾ തയാറാക്കാൻ തുടങ്ങിയത്. വസ്തുനിഷ്ഠമല്ലെന്ന് പറഞ്ഞ് ഇവ ഹിന്ദുത്വർ തള്ളിക്കളയുകയും ചെയ്തു.
2017 വർഷത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ സംഘടിത മുസ് ലിംവിരുദ്ധ ആക്രമണങ്ങൾ (34) റിപ്പോർട്ട് ചെയ്തതെന്നു സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി & സെക്കുലറിസത്തിന്റെ ‘2017- എ ഇയർ ഓഫ് ഹെയ്ട്രഡ്, ഇംപ്യൂനിറ്റി ആന്റ് ഹൈറ്റൻഡ് ഐഡന്റിറ്റി പൊളിറ്റിക്‌സ്’ റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തരവകുപ്പും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും(എൻ.സി.ആർ.ബി) പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കി തയാറാക്കിയ ഈ റിപ്പോർട്ട് സമൂഹിക കലാപങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ 2016ലെ കലാപങ്ങളുടെ കണക്കുകൾ ആഭ്യന്തരവകുപ്പും ക്രൈം റെക്കോർഡ്സ് ബ്യൂറോയും പുറത്തുവിട്ടിട്ടില്ല. പൊതുവേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സമൂഹിക കലാപങ്ങളുടെ എണ്ണവും ഔദ്യോഗിക കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, 2015ൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം 751 സാമൂഹിക കലാപങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 97 പേർ കൊല്ലപ്പെടുകയും 2264 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ രാജ്യത്തെ പ്രധാനപ്പെട്ട അഞ്ചു പത്രങ്ങൾ അതേ വർഷം റിപ്പോർട്ട് ചെയ്തത് വെറും 47 സംഭവങ്ങളാണ്. അതിൽ 15 പേർ കൊല്ലപ്പെടുകയും 272 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
2017ൽ, എൻ.സി.ആർ.ബി തങ്ങളുടെ റിപ്പോർട്ടുകളിൽ നിന്നുള്ള ‘സാമുദായികവും സാമൂഹികവുമായ അക്രമങ്ങൾ‘, ‘മോബ്‌ലിഞ്ചിങ്’, ‘മാനാഭിമാനക്കൊലപാതകം’ എന്ന പ്രത്യേക വിഭാഗങ്ങൾ നീക്കം ചെയ്തു. സംസ്ഥാനങ്ങൾ നൽകുന്ന കണക്കുകൾ ഏകീകൃതമല്ലെന്നാണ് പറഞ്ഞ കാരണം. ഇതോടെ ആക്രമണങ്ങളെക്കുറിച്ചുള്ള ഭരണകൂട നിശബ്ദതയുടെ ഒരു കാലഘട്ടം ആരംഭിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങൾ കുറയുകയാണെന്ന അവകാശവാദം ഉന്നയിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞുവെന്നതാണ് ഇതിന്റെ ഒരു ഫലം. കണക്കുകളുടെ വർഗീകരണം ക്രമേണ ഒരു ഭരണകൂട രാഷ്ട്രീയപ്രതിരോധമായി മാറി.
അവസാനമായി പുറത്തിറങ്ങിയ 2023ലെ നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് തികച്ചും വ്യാജമായ ഒരു ചിത്രമാണ് മുന്നോട്ടുവച്ചത്. ആ കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ കലാപങ്ങൾ വെറും 1.2 ശതമാനം മാത്രമാണ് വർധിച്ചത്. അക്രമസംഭവങ്ങൾ അൽപ്പം കുറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളും 26 ശതമാനം കുറയുകയുണ്ടായി.
ജീവിതാനുഭവങ്ങളും ഔദ്യോഗിക കണക്കുകളും തമ്മിലുള്ള പൊരുത്തമില്ലായ്മ പുതിയ കാര്യമല്ല. അത് സ്ഥിതിവിവരങ്ങളുടെ ഭാഷയെ ബ്യൂറോക്രാറ്റിക് ഭാഷയിലേക്കും ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ ‘നിരപരാധിത്വ’ത്തിന്റെ ആഖ്യാനത്തിലേക്കും മാറ്റിസ്ഥാപിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങളെ വ്യാജകണക്കുകളിലൂടെ മറച്ചുവച്ച് എൻ.സി.ആർ.ബി നിഷ്പക്ഷതയുടെ ആവരണം കൃത്രിമമായി സൃഷ്ടിച്ചു.
പ്രശ്‌നം കണക്കുകളിലല്ല, അവ സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ്. എൻ.സി.ആർ.ബി കണക്കുകൾ രജിസ്റ്റർ ചെയ്ത കേസുകളെ അടിസ്ഥാനമാക്കിയതാണ്; യഥാർഥത്തിൽ നടന്ന കുറ്റങ്ങളെയല്ല. റിപ്പോർട്ടിങ്ങിലോ പൊലിസിങ്ങിന്റെ സ്വഭാവത്തിലോ വരുന്ന മാറ്റങ്ങൾ കണക്കുകളെ സ്വാധീനിക്കുന്നു. ഇത് ന്യൂനപക്ഷങ്ങൾ, ദലിതർ, സ്ത്രീകൾ പോലുള്ള പ്രാന്തവൽക്കരിക്കപ്പെട്ടവർക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ മറഞ്ഞുപോകുന്ന അവസ്ഥ സൃഷ്ടിക്കുന്നു.
ഉദാഹരണമായി, 2023ൽ, സമകാലിക ചരിത്രത്തിൽ ഏറ്റവും നീണ്ടുനിന്ന സംഘർഷം മണിപ്പൂരിലുണ്ടായി. മെയ്‌ത്തി- കുക്കി സമുദായങ്ങളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ ജീവഹാനിയും വീടുവിടലും ഏറ്റവുമധികം അനുഭവിച്ചത് കുക്കി സമൂഹമായിരുന്നു. ഇതിനും പുറമെ കുക്കി സ്ത്രീകൾക്ക് ലൈംഗിക അക്രമങ്ങളും നേരിടേണ്ടിവന്നു. കാലക്രമേണ, എൻ.സി.ആർ.ബി സ്വതന്ത്രമായ സ്ഥാപനം എന്നതിനേക്കാൾ ന്യൂനപക്ഷങ്ങളെ പ്രത്യേകം അടയാളപ്പെടുത്തുന്ന പദങ്ങളോടുള്ള വിപ്രതിപത്തിയും ആശങ്കയും പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. 2023ലെ റിപ്പോർട്ടിൽ ഇത്തരം പദങ്ങളൊന്നും കാണുന്നില്ല. പകരം ഉപയോഗിക്കുന്നത് ‘കലാപം’, ‘സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ‘, ‘പൊതു അശാന്തി’ എന്നിവയാണ്. ഇത് വാക്കുകളുടെ കളിയല്ല. ‘സമുദായം’, ‘ജാതി’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോൾ അക്രമത്തിന്റെ ഉദ്ദേശ്യവും ഉത്തരവാദിത്വവും അംഗീകരിക്കപ്പെടുന്നു. എന്നാൽ ഇത്തരം സൂചനകളില്ലാതെ ‘കലാപം’ എന്നുപയോഗിക്കുമ്പോൾ ഇരുവശത്തും തുല്യമായതെന്തോ സംഭവിച്ചെന്ന തോന്നൽ സൃഷ്ടിക്കുന്നു.
(കടപ്പാട് : സുപ്രഭാതം ദിനപത്രം)