Hindutva Indian Islamophobia

നജീബ്  എവിടെ?

നജീബ് അഹമ്മദിന്റെ ‘നിര്‍ബന്ധിത തിരോധാന’ത്തിന് എട്ടുവര്‍ഷവും എട്ടു മാസവും രണ്ട്  ദിവസവും കഴിഞ്ഞപ്പോള്‍ ഒരു തുമ്പും കിട്ടാതെ സി.ബി.ഐ കേസ് അവസാനിപ്പിച്ചു(1 ജൂലൈ 2025). ഈ കേസില്‍ ഒരു സാധ്യതയും അവശേഷിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് കേസവസാനിപ്പിക്കാനുള്ള അനുമതി നല്‍കിയത്. 2016 ജനുവരി 17 നു  ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ‘സ്ഥാപനവല്‍കൃത കൊലപാതക’ത്തിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുമ്പാണ് ജെ.എന്‍.യുവില്‍ നജീബിന്റെ ‘നിര്‍ബന്ധിത തിരോധാനം’ സംഭവിച്ചത്.

2019ല്‍ ചെന്നൈ ഐ.ഐ.ടിയിലെ മലയാളി  വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ‘ആത്മഹത്യ’യാണ് മറ്റൊരു പ്രധാന സംഭവം. ഇന്ത്യന്‍ കാംപസുകളുടെ ഇസ് ലാമോഫോബിയയെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച രണ്ട് ദുരന്തങ്ങളാണ് നജീബിന്റെ തിരോധാനവും ഫാത്തിമയുടെ ആത്മഹത്യയും.
ഒക്ടോബര്‍ 14ൻ്റെ രാത്രി

മൂന്നുശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമേ അക്കാലത്ത് ജെ.എന്‍.യുവില്‍ പഠിക്കുന്നുള്ളൂ.  യാദവരും മുസ് ലിംകളും താമസിക്കുന്ന ഉത്തര്‍പ്രദേശിലെ ബദൗണില്‍നിന്നാണ് നജീബ് വരുന്നത്. എം.എസ്‌.സി ബയോടെക്‌നോളജി കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ച് ഒാഗസ്റ്റിലാണ് ജെ.എൻ.യുവിലെത്തിയത്. ഹോസ്റ്റൽ കിട്ടിയില്ല. ഡല്‍ഹിയിൽ ഒത്ത താമസസ്ഥലം കണ്ടെത്തുക പ്രയാസമായിരുന്നു. രണ്ടു മാസത്തിനുശേഷം ജെ.എന്‍.യുവിലെ മാഹി മാന്‍ഡവി ഹോസ്റ്റലില്‍ താമസസൗകര്യം ലഭിച്ചു.

ഒക്ടോബര്‍ 14ൻ്റെ രാത്രിയിൽ കാംപസ് ഇലക്ഷന്‍  പ്രചാരണവുമായി ഏതാനും എ.ബി.വി.പി പ്രവര്‍ത്തകര്‍ പല ഹോസ്റ്റലിലും ചുറ്റിക്കറങ്ങുകയാണ്. നജീബിന്റെ ഹോസ്റ്റലിലും അവരെത്തി. ഹോസ്റ്റല്‍ റൂമില്‍വച്ച് എ.ബി.വി.പി പ്രവര്‍ത്തകരും നജീബും തമ്മില്‍  വാക്കുതര്‍ക്കമുണ്ടായി. പതിനഞ്ചോളം എ.ബി.വി.പിക്കാര്‍ നജീബിനെ ബാത്റൂമില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. മുസ്‌ലിം വിരുദ്ധ പദപ്രയോഗങ്ങളാല്‍ അധിക്ഷേപിച്ചു. മര്‍ദനത്തിനിടയില്‍ പുറത്തേക്ക് ഇറങ്ങിയോടി. അക്രമികളും പിന്തുടര്‍ന്നു.

ആ രാത്രി തന്നെ  നജീബ് ഒരു കുറ്റവാളിയും മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണെന്നും  അക്രമിയാണെന്നും ആരോപിക്കുന്ന ഒരു കത്ത് എ.ബി.വി.പിയുടെ മുന്‍കൈയില്‍ വാര്‍ഡന് നല്‍കിയിരുന്നു. നജീബിനെ അടിയന്തരമായി ഹോസ്റ്റലില്‍നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആ കത്തില്‍ ജെ.എന്‍.യുവിലെ ഇടത് ആഭിമുഖ്യമുള്ള ഐസയുടെ നേതാവും വിദ്യാര്‍ഥി യൂനിയൻ്റെ   അപ്പോഴത്തെ പ്രസിഡന്റുമായ മോഹിത് പാണ്ഡെയും ഒപ്പുവച്ചിരുന്നു. വാര്‍ഡന്‍ ആറ് ദിവസത്തേക്ക് നജീബിനെ ഹോസ്റ്റലില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
മര്‍ദനത്തില്‍ പരുക്കേറ്റ നജീബ് രാത്രി തന്നെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേ ദിവസം രാവിലെ നജീബ് മാതാവിനെ ഫോണില്‍ വിളിച്ച് കാംപസിലെത്തണമെന്ന് പറഞ്ഞു. മാതാവ് ഫാത്തിമ നഫീസ് ഉച്ചയോടെ കാംപസിലെത്തിയെങ്കിലും നജീബിനെ കാണാനായില്ല. ഒക്ടോബര്‍ 15നു രാവിലെ 11 മണിക്കുശേഷം നജീബിനെ ആരും കണ്ടിട്ടില്ല.

സ്ഥാപനവൽകൃത ഹിംസ 

നജീബിനെ കാണാനില്ലാത്തതിനാൽ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനായി നജീബിന്റെ ഉമ്മയും സഹോദരന്‍ മുജീബും വസന്ത്കുഞ്ച് പൊലിസ് സ്റ്റേഷനിലേക്ക് ചെന്നപ്പോള്‍ എസ്.എച്ച്.ഒ സന്ദീപ് പറഞ്ഞത് ‘ഞാന്‍ എന്താണോ പറയുന്നത് അത് എഴുതിയാല്‍ മതി’യെന്നാണ്. അക്രമത്തിന് നേതൃത്വം നല്‍കിയ വിക്രാന്ത്, അജിത്ത്, സുനില്‍ എന്നീ ഹിന്ദുത്വരുടെ പേര് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കാണാതായെന്ന് എഴുതിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു. നജീബിന്റെ ചെരുപ്പ് ഹോസ്റ്റലിന് പുറത്തുനിന്ന് കിട്ടി, മൊബൈല്‍ ഫോണ്‍ റൂമിന്റെ ഉള്ളിലായിരുന്നു തുടങ്ങിയ വിവരങ്ങള്‍ എഫ്.ഐ.ആറില്‍ ചേര്‍ക്കാനും സമ്മതിച്ചില്ല. ഹിന്ദുത്വ സംഘടനയിലുള്ളവരാണ് നജീബിന്റെ തിരോധാനത്തിന് കാരണക്കാര്‍ എന്നതിനാല്‍, അവരെ സംരക്ഷിക്കാനായിരുന്നു പൊലിസ് തുടക്കം മുതല്‍ ശ്രമിച്ചത്.

നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ പരാതിയില്‍ ഡല്‍ഹി പൊലിസ്, പ്രത്യേക അന്വേഷണ സംഘം, ഒടുവില്‍ സി.ബി.ഐ എന്നിവരാണ് കേസ് അന്വേഷിച്ചത്. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍വയ്ക്കല്‍ എന്നിവയാണ് ചാര്‍ജ്‌ചെയ്ത കേസ്. അക്രമികളായ എ.ബി.വി.പി പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളുടെ പാറ്റേണ്‍ ലോക്ക് തുറക്കുവാനോ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനോ ആദ്യഘട്ടത്തിൽ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. കേസന്വേഷണത്തിനിടയിലും നജീബിനെ മാനസിക രോഗിയായും ചിത്രീകരിച്ചിരുന്നു. ഇന്ത്യയിലെ അറിയപ്പെട്ട നാല് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച നജീബിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന വാദത്തെ സഹോദരന്‍ ചോദ്യംചെയ്തു.

നജീബിനെതിരായ സംഘ്പരിവാര്‍  നടത്തിയ  അക്രമവും അദ്ദേഹത്തിന്റെ നിര്‍ബന്ധിത തിരോധാനവും തമ്മില്‍ ബന്ധമില്ല എന്ന നിലപാടാണ് ഹിന്ദുത്വ പൊതുബോധം തുടക്കം മുതല്‍ സ്വീകരിച്ചത്. അതിനാല്‍ത്തന്നെ കേസ് തേച്ചുമായ്ച്ചു കളയുക പ്രയാസമായിരുന്നില്ല. 2018-ല്‍ സി.ബി.ഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും കുടുംബം ചെറുത്തുനിന്നു.

ഷർജീൽ ഇമാമിൻ്റെ വഴിത്തിരിവ്  

2016 നവംബര്‍ ആറിനു ‘മകനെവിടെ’ എന്ന ചോദ്യമുയര്‍ത്തി സമരം ചെയ്ത  ഫാത്തിമ നഫീസിനെ ഇന്ത്യാ ഗേറ്റിനടുത്ത് വെച്ച് പൊലിസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.  രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്ത്യന്‍ കാംപസുകളിലെ ഇസ് ലാമോഫോബിക് അന്തരീക്ഷത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്കു കാരണമായി. സ്വാഭാവികമായും നജീബിനെ കുറ്റവാളിയാക്കി ചിത്രീകരിച്ച കത്തില്‍ ഒപ്പുവച്ച ‘ഐസ’യും സമ്മര്‍ദത്തിലായി. അവര്‍ തങ്ങളുടെ ആദ്യനിലപാട് തിരുത്തിയത് ഇതിന്റെ ഭാഗമായാണ്.
അപ്പോള്‍പ്പോലും സ്വന്തം നേതൃത്വത്തെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതായി പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പറയുന്നു. അന്നദ്ദേഹം നജീബ് താമസിക്കുന്ന ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നുവെന്നു മാത്രമല്ല ഐസയുടെ ജെ.എൻ.യു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. 2017-ൽ നജീബ് വിഷയത്തിലടക്കമുള്ള  ഐസയുടെ ഇസ്‌ലാമോഫോബിക് നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം സംഘടനയില്‍നിന്ന് രാജിവച്ചു. പിന്നീടു മുസ്‌ലിം സ്റ്റുഡൻസ് ഓഫ് ജെ.എൻ.യു എന്ന സംഘടന രൂപീകരിച്ചു. 2020 ജനുവരി 28 – നു പൗരത്വപ്രക്ഷോഭത്തിൻ്റെ പേരിൽ  അറസ്റ്റിലായി.

ഇസ്‌ലാമോഫോബിയ എന്ന ജാർഗൺ 

എ.ബി.വി.പിയുടെ നേതൃത്വത്തില്‍ വാര്‍ഡന് നല്‍കിയ കത്തിലെ വാദങ്ങളാണ് പിന്നീട് കേസന്വേഷിച്ച എല്ലാ ഏജന്‍സികളും ആവര്‍ത്തിച്ചത്. ഒക്ടോബര്‍ 14ാം തീയതി രാത്രി തന്നെ  എല്ലാവരും ചേര്‍ന്ന് നജീബിനെ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ജസ്റ്റിസ് ഫോര്‍ നജീബ്: ബിറ്റ്‌വീന്‍ ഐഡന്റിറ്റി ആന്റ് ഇന്‍സാഫ് (ജോണല്‍ ഫോര്‍ ജന്‍ഡര്‍ ആന്റ് കള്‍ച്ചര്‍, 2017) എന്ന ലേഖനത്തില്‍ ഗവേഷകയും അക്കാലത്ത് ജെ.എന്‍.യു വിദ്യാര്‍ഥിനിയുമായിരുന്ന ഹെബ അഹ്‌മദ്  എഴുതിയത്.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, നജീബിന്റെ വിഷയത്തെ ഒരു ‘സാധാരണ വിദ്യാര്‍ഥിയുടെ’ പ്രശ്‌നമായി കാണണമെന്നും, ‘ഇന്ന് നജീബ്, നാളെ എല്ലാവരും’ എന്ന രീതിയില്‍ സമീപിക്കണമെന്നും പറഞ്ഞു. കാംപസിലെ മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ ‘മുസ് ലിം ലൈവ്‌സ്മാറ്റര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍, ഇടതുപക്ഷമുള്‍പ്പെടെയുള്ള മുഖ്യധാരാ സംഘടനകള്‍ അതിനെ ‘വര്‍ഗീയവത്കരണമായി’ ചിത്രീകരിച്ചു. എന്നാല്‍ ‘ഫ്രം ബിഹാര്‍ റ്റു തിഹാര്‍’ എന്ന പുസ്തകത്തില്‍ നജീബ് അഹ്‌മദിനു വേണ്ടി വാദിക്കുന്ന കനയ്യ കുമാറിനെയാണ് പിന്നീടു  നാം കണ്ടത്.

നജീബിന്റെ വിഷയത്തില്‍ അനാവശ്യമായി ഇസ് ലാമോഫോബിയ ആരോപിക്കുകയാണ് എന്നാണ് സംഭവം നടക്കുന്ന സമയത്ത് പലരും വാദിച്ചത്. ‘ഇസ് ലാ മോഫോബിയ എന്ന ജാര്‍ഗണ്‍’ ഉപയോഗിച്ച് ചെറിയൊരു പ്രശ്‌നത്തെ വലുതാക്കുകയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ‘ഇസ് ലാമോഫോബിയ വെറും ജാര്‍ഗണാണെന്ന’ വാദത്തിന് വ്യാപക പ്രചാരണം ലഭിച്ച ആദ്യ സംഭവവും നജീബിന്റെ തിരോധാനമായിരിക്കണം.

വ്യാജ പ്രചാരണങ്ങൾ 

കേസന്വേഷണത്തിന്റെ സമയത്ത് ചില കേന്ദ്രങ്ങള്‍ നജീബിനെ ഭീകരനായും ചിത്രീകരിച്ചിരുന്നു. അവരില്‍ പ്രധാനിയാണ് മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. ഇന്ത്യന്‍ മുജാഹിദീന്റെ ഭീകര സംഘങ്ങളുമായി ബന്ധപ്പെട്ട ഇടമായ ദര്‍ഭംഗയില്‍ നജീബിനെ കണ്ടതായി റിപ്പോര്‍ട്ടുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. 2017-ല്‍ നജീബ് അഹ്‌മദ് സിറിയയില്‍ പോയി ഐ.എസില്‍ ചേര്‍ന്നെന്ന് ട്വീറ്റ് ചെയ്തത് (പിന്നീടു പിന്‍വലിച്ചു) അന്നത്തെ ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്, എം.പി സ്വപന്‍ദാസ് ഗുപ്ത, വക്താവ് നലിന്‍ കോഹ്ലി എന്നിവരായിരുന്നു. ജാമിഅ മില്ലിയ ഇസ് ലാ മിയ-ദര്‍ഭംഗ-ഐ.എസ്-സിറിയ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് 2017 മാര്‍ച്ചില്‍ ടൈംസ് ഓഫ് ഇന്ത്യ നജീബിനുമേല്‍ ഭീകരവാദ ബന്ധം ആരോപിച്ചത്. ഈ പ്രചാരണത്തില്‍ ഇന്ത്യ ടുഡെയും  ആജ് തക്കും ടൈംസ് നൌവും പങ്കുചേര്‍ന്നു.  നജീബ് ഐ.എസില്‍ ചേര്‍ന്നുവെന്ന വ്യാജപ്രചാരണം  2018ലും നടന്നു.

നജീബിനെിതിരേ കേരളത്തില്‍പോലും സംഘ്പരിവാര്‍ നേതൃത്വത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളും തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ 2020 ഒക്ടോബറിലെ സാമൂഹികമാധ്യമ പോസ്റ്ററിനു താഴെ സംഘ്പരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തി. നജീബ് അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുപോലും പറഞ്ഞവരുമുണ്ടായിരുന്നു.

(കടപ്പാട് : സുപ്രഭാതം ദിനപത്രം)