ഷിക്കാഗോയിലെ തെരുവുകളിൽ എട്ടു മണിക്കൂർ അധ്വാന സമയത്തിനു വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും അതിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം മെയ് ദിനം ആചരിക്കുന്നത്. 2026-ൽ ഈ പോരാട്ടത്തിന് 141 വർഷങ്ങൾ പൂർത്തിയാകുമ്പോൾ, മെയ് ദിനം എന്നത് കേവലം തൊഴിലാളികളുടെ അവകാശ സംരക്ഷണ ദിനം എന്നതിലുപരിയായി ലോകത്തിലെ മുഴുവൻ മർദ്ദിത ജനതയുടെയും വിമോചന പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രപരമായി നോക്കിയാൽ, ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന് (1917) ശേഷമാണ് മെയ് ദിനത്തിന് ഒരു അന്താരാഷ്ട്ര സ്വഭാവം കൈവരുന്നത്. സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് പിന്നാലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ (കോമിന്റേൺ) ഈ ദിനാചരണത്തിന് ആഗോളതലത്തിൽ പുതിയൊരു രൂപം നൽകി. അതോടെ, തൊഴിലാളി വർഗ്ഗത്തിന്റെയും ലോകമെമ്പാടുമുള്ള മർദ്ദിത ജനതകളുടെയും സംയുക്ത പോരാട്ടത്തിന്റെ അടയാളമായി മെയ് ദിനം മാറി.
ആഗോള മൂലധനം അതിന്റെ ആധിപത്യം ലോകമെങ്ങും ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്രാജ്യത്വ കാലഘട്ടത്തിൽ, മർദ്ദനമുറകൾക്ക് പുതിയ ഭാവങ്ങൾ കൈവന്നിട്ടുണ്ട്. ഇന്ന് തൊഴിലാളി വർഗ്ഗം നേരിടുന്ന ചൂഷണം മാത്രമല്ല ലോകത്തിന്റെ പ്രശ്നം. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിൻ്റെയും പേരിൽ വിവിധ ജനവിഭാഗങ്ങൾ ക്രൂരമായ അപരവൽക്കരണത്തിന് ഇരയാകുന്നുണ്ട്. വിവിധ തരത്തിലുള്ള ഇത്തരം മർദ്ദനങ്ങൾ അനുഭവിക്കുന്ന ജനതകളെയും തൊഴിലാളി വർഗ്ഗത്തെയും ഒരുമിച്ചണിനിരത്തി സാമ്രാജ്യത്വത്തിനെതിരെ പോരാടുക എന്നതാണ് കമ്മ്യൂണിസ്റ്റ് നിലപാട് മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്. ഈ ഒരു പശ്ചാത്തലത്തിൽ വേണം ഇന്ന് ലോകത്തിലെ മുസ്‌ലിം ജനത നേരിട്ടുകൊണ്ടിരിക്കുന്ന ശത്രുതാപരമായ സമീപനങ്ങളെയും വംശീയ അപരവൽക്കരണത്തെയും നാം വിശകലനം ചെയ്യാൻ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള മൂലധനത്തിന്റെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു പ്രത്യയശാസ്ത്ര അടിത്തറയായി ‘ഇസ്‌ലാമോഫോബിയ’ എന്ന വംശീയ ആശയത്തെ സാമ്രാജ്യത്വ ശക്തികൾ വികസിപ്പിച്ചു. ഇസ്‌ലാമിനെ ഭീകരവൽക്കരിക്കുകയും മുസ്‌ലിം വിരുദ്ധത പടർത്തുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനാണ് അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ ശ്രമിക്കുന്നത്. ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഇസ്‌ലാമോഫോബിയയെ ഒരു ആഗോള പ്രത്യയശാസ്ത്ര ആയുധമായി ഇവർ ലോകമെമ്പാടും അതിശക്തമായി പ്രക്ഷേപിച്ചു തുടങ്ങിയത്. ഇതിലൂടെ ഒരു ജനതയെ ഒന്നടങ്കം ഭീതിയുടെ നിഴലിൽ നിർത്താനും അവരെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും സാധിക്കുന്നു.
അതുകൊണ്ടുതന്നെ, ഇന്നത്തെ കാലഘട്ടത്തിൽ സാമ്രാജ്യത്വത്തിനും മൂലധന ആധിപത്യത്തിനും എതിരായ പോരാട്ടം എന്നത് ഇസ്‌ലാമോഫോബിയ എന്ന വംശീയതക്കെതിരായ പോരാട്ടം കൂടിയാണ്. തൊഴിലാളി വർഗ്ഗത്തിന്റെയും മർദ്ദിത ജനതകളുടെയും ഐക്യം തകർക്കാൻ സാമ്രാജ്യത്വം ഉപയോഗിക്കുന്ന ഇത്തരം വംശീയ തന്ത്രങ്ങളെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ചരിത്രപരമായ കാരണങ്ങളും ഇന്നത്തെ സങ്കീർണ്ണമായ വസ്തുനിഷ്ഠ സാഹചര്യങ്ങളും മുൻനിർത്തി വേണം ഈ സമരത്തെ നാം നോക്കിക്കാണാൻ. മർദ്ദിതർക്കിടയിൽ വിഭാഗീയതയുണ്ടാക്കി തങ്ങളുടെ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ആഗോള ശക്തികളെ പ്രതിരോധിക്കുമ്പോൾ മാത്രമേ മെയ് ദിനം ഉയർത്തുന്ന വിപ്ലവകരമായ സന്ദേശം അതിന്റെ പൂർണ്ണതയിൽ സാർത്ഥകമാവുകയുള്ളൂ.
മുസ്‌ലിം എന്ന പുതിയ ശത്രു
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾ ലോക രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 1990-കളിൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ കമ്മ്യൂണിസം എന്ന വലിയ ‘ശത്രു’ ഇല്ലാതായപ്പോൾ, തങ്ങളുടെ ആധിപത്യം തുടരുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾക്ക് പുതിയൊരു ശത്രുവിനെ ആവശ്യമായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതക്ക് പഴയതുപോലെ ജനപിന്തുണ ലഭിക്കില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ‘ഭീകരത സമം ഇസ്‌ലാം ‘ എന്ന സങ്കല്പം രൂപപ്പെടുന്നത്. ഈ നീക്കത്തിന്റെ ഭാഗമായാണ് ഇസ്‌ലാം മതത്തെ ഭീകരതയുടെ ഉറവിടമായി ചിത്രീകരിക്കാനും ലോകവ്യാപകമായി ഇസ്‌ലാമോഫോബിയ പടർത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
സാമുവേൽ ഹണ്ടിങ്ടന്റെ ‘ക്ലാഷ് ഓഫ് സിവിലൈസേഷൻസ്’ (നാഗരിക സംഘർഷം) എന്ന സിദ്ധാന്തം ഇത്തരം നീക്കങ്ങൾക്ക് വലിയ തോതിൽ സൈദ്ധാന്തിക പിൻബലം നൽകി. ലോകം ഇനി പ്രത്യയശാസ്ത്രങ്ങൾ തമ്മിലല്ല, മറിച്ച് നാഗരിതെകൾ തമ്മിലുള്ള പോരാട്ടത്തിനാണ് വേദിയാവുക എന്ന ഹണ്ടിങ്ടന്റെ വിചിത്ര വാദം പാശ്ചാത്യ രാജ്യങ്ങൾ ഏറ്റെടുത്തു. 2002-ൽ അമേരിക്കയുടെ അഫ്ഗാൻ അധിനിവേശവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഈ സിദ്ധാന്തത്തെ അടിവരയിടാൻ ഉപയോഗിക്കപ്പെട്ടു. 2001 സെപ്റ്റംബർ മാസം ന്യൂയോർക്കിലെ ലോക വ്യാപാര സമുച്ചയമായ ഇരട്ടഗോപുരങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ‘ഗ്ലോബൽ വാർ ഓൺ ടെറർ’ മുസ്‌ലിംകളെ ആഗോളതലത്തിൽ ‘ഭീകരവൽക്കരിക്കുന്നതിനുള്ള’ വലിയൊരു രാഷ്ട്രീയ ആയുധമായി മാറി. ഈ ‘ഭീകരവൽക്കരണം’ വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് നവലിബറൽ കാലഘട്ടത്തിലെ സാമ്രാജ്യത്വത്തിന്റെ സവിശേഷമായ ഒരു രാഷ്ട്രീയ അജണ്ടയാണ്.
വംശീയതയുടെ ചരിത്രപരമായ പരിണാമങ്ങൾ
മുസ്‌ലിംകളോടുള്ള വംശീയമായ വെറുപ്പിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ മറ്റൊരു വശമുണ്ട്. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന കുരിശുയുദ്ധങ്ങളുടെ കാലത്താണ് ഇതിന്റെ വേരുകൾ കിടക്കുന്നത്. മധ്യകാല യൂറോപ്പിനെ ‘അന്ധകാരയുഗം’ (Dark Age) എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന ഈ കാലഘട്ടത്തിൽ കത്തോലിക്കാ സഭയുടെയും പോപ്പിന്റെയും കടുത്ത ആധിപത്യത്തിലായിരുന്നു യൂറോപ്പ്. ശാസ്ത്രീയമായ അന്വേഷണങ്ങളെയും മാനവികമായ മുന്നേറ്റങ്ങളെയും ഭൗതിക പുരോഗതിയെയും തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭരണകൂടമാണ് അന്ന് നിലനിന്നിരുന്നത്. രാജഭരണവും സഭയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനജീവിതത്തെ ശ്വാസം മുട്ടിച്ചിരുന്ന കാലമായിരുന്നു അത്.
അന്ധകാര കാലഘട്ടത്തിൽ യൂറോപ്പിന് വെളിച്ചം പകർന്നു നൽകിയത് മുസ്‌ലിം മുന്നേറ്റങ്ങളായിരുന്നു എന്നത് വിസ്മരിക്കാൻ കഴിയാത്ത വസ്തുതയാണ്. സ്പെയിനിലും പോർച്ചുഗലിലും മറ്റും നിലനിന്നിരുന്ന ഖലീഫമാരുടെ ഭരണകാലം സാംസ്കാരികവും ശാസ്ത്രീയവുമായ വലിയ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇതിന് ഉത്തമ ഉദാഹരണമാണ് ഇന്നത്തെ തെക്കൻ സ്പെയിനിൽ അക്കാലത്തു നിലനിന്നിരുന്ന കൊർദോവ സർവ്വകലാശാല. കത്തോലിക്കാ സഭ കലയെയും സാഹിത്യത്തെയും ശാസ്ത്ര ഗവേഷണങ്ങളെയും നിരോധിച്ചിരുന്ന കാലത്ത്, കൊർദോവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര-ഗവേഷണ കേന്ദ്രമായി മാറി. ഇത്തരത്തിലുള്ള മുസ്‌ലിം ഇടപെടലുകൾ കത്തോലിക്കാ സഭയുടെ സർവ്വാധിപത്യത്തിന് വലിയ ഭീഷണിയുയർത്തി. ഈ ഭീഷണിയെ പ്രതിരോധിക്കാനായി സഭ നടത്തിയ രാഷ്ട്രീയവും സൈനികവുമായ ഇടപെടലുകളാണ് കുരിശുയുദ്ധങ്ങളായി പരിണമിച്ചത്.
യഥാർത്ഥത്തിൽ യൂറോപ്പിലെ നവോത്ഥാനത്തിനും (Renaissance), ജ്ഞാനോദയ ചിന്തകൾക്കും (Enlightenment), മതനവീകരണത്തിനും (Reformation) വഴിമരുന്നിട്ടത് മുസ്‌ലിം സംസ്കാരവുമായുള്ള ഈ സമ്പർക്കമാണ്. ഗ്രീക്ക് ചിന്തകളെയും ശാസ്ത്രീയ രീതികളെയും പുനരുജ്ജീവിപ്പിക്കുന്നതിൽ മുസ്‌ലിം പണ്ഡിതന്മാർ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ പിൽക്കാലത്ത് കൊളോണിയലിസം ശക്തിപ്പെട്ടപ്പോൾ, തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കുന്നതിനായി മുസ്‌ലിം വിരുദ്ധതയെ അവർ വീണ്ടും ആയുധമാക്കി. ചരിത്രപരമായ ഈ മുസ്‌ലിം വിരുദ്ധ വംശീയതയെയാണ് സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയും യൂറോപ്യൻ ശക്തികളും തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങൾക്കായി പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നാം കാണുന്ന ഇസ്‌ലാമോഫോബിയ കേവലം മതപരമായ ഒരു വിദ്വേഷമല്ല, മറിച്ച് ദീർഘകാലത്തെ ചരിത്രപരമായ മുൻവിധികളെയും ആധുനിക രാഷ്ട്രീയ താല്പര്യങ്ങളെയും കൂട്ടിയിണക്കി നിർമ്മിച്ചെടുത്ത ഒരു ആഗോള വംശീയ രാഷ്ട്രീയ തന്ത്രമാണ്.
കൊളോണിയലിസം കേവലം ഒരു ഭൗമിക അധിനിവേശമായിരുന്നില്ല, മറിച്ച് അത് സാംസ്കാരികവും മതപരവുമായ അധിനിവേശം കൂടിയായിരുന്നു. ഒരു കയ്യിൽ തോക്കും മറുകൈയ്യിൽ ബൈബിളുമായി നീങ്ങിയ കൊളോണിയൽ ശക്തികൾ തങ്ങളുടെ സാമ്രാജ്യത്വ വ്യാപനത്തിന് കാത്തലിക് ചർച്ചിനെ ഒരു വഴികാട്ടിയായി ഉപയോഗിച്ചു. ക്രൈസ്തവ വൽക്കരണമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ അധിനിവേശത്തിന് ആഗോളതലത്തിൽ ഏറ്റവും വലിയ തടസ്സമായി നിന്ന ശക്തികളിൽ ഒന്ന് ഇസ്‌ലാമായിരുന്നു എന്നതുകൊണ്ട് തന്നെ, മുസ്‌ലിം വിരുദ്ധ വംശീയത കൊളോണിയൽ ഭരണകൂടങ്ങളുടെ അടിസ്ഥാന സ്വഭാവമായി മാറി.
ചരിത്രപരമായ തുടർച്ച: ഇന്ത്യൻ സാഹചര്യം
ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയ പടുത്തുയർത്തപ്പെട്ടതിന്റെ ചരിത്രപരമായ തുടർച്ച തന്നെയാണ് ഇന്ത്യൻ സാഹചര്യത്തിലും ദൃശ്യമാകുന്നത്.ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യ നേരിട്ട സാമ്പത്തിക ചൂഷണത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. ഏതാണ്ട് 200 വർഷത്തെ ഭരണത്തിനിടയിൽ 65 ട്രില്യൺ ഡോളറിന് തുല്യമായ സമ്പത്താണ് ബ്രിട്ടൻ ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ഇന്നത്തെ ഇന്ത്യയുടെ ആകെ ജിഡിപി വരുമാനം വെറും 4 ട്രില്യൺ ഡോളർ മാത്രമാണെന്നിരിക്കെ, ബ്രിട്ടീഷുകാർ കൊള്ളയടിച്ച തുകയുടെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അമേരിക്കയുടെ ഇന്നത്തെ ദേശീയ വരുമാനത്തേക്കാൾ എത്രയോ മടങ്ങ് വലിയ തുകയാണിത്. എന്നാൽ ഈ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമായി ‘മുസ്‌ലിം അധിനിവേശ’മെന്ന പുതിയൊരു ചരിത്ര വ്യാഖ്യാനം പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടു.
മുഗൾ ഭരണത്തെ ഒരു വിദേശ അധിനിവേശമായി ചിത്രീകരിക്കാൻ ഹിന്ദുത്വ ശക്തികൾ ഇന്ന് ശ്രമിക്കുന്നുണ്ടെങ്കിലും ചരിത്രപരമായ വസ്തുതകൾ ഇതിന് വിരുദ്ധമാണ്. 17-ാം നൂറ്റാണ്ടിലെ കണക്കനുസരിച്ച് ലോക ഉൽപാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിലായിരുന്നു. ബ്രിട്ടീഷുകാരെപ്പോലെ ഇവിടുത്തെ വിഭവങ്ങൾ പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നവരായിരുന്നില്ല മുഗൾ ഭരണാധികാരികൾ. മറിച്ച്, അവർ ഈ രാജ്യവുമായി പൂർണ്ണമായും ഇണങ്ങിച്ചേരുകയും ഇന്ത്യയുടെ സംസ്കാരം, കല, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികാസത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും ശക്തമായിരുന്ന മുഗൾ കാലഘട്ടത്തെ മുസ്‌ലിം വിദ്വേഷത്തിന്റെ പേരിൽ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ മുസ്‌ലിം ജനവിഭാഗങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ബ്രിട്ടീഷ് ആധിപത്യം തുടങ്ങിയ കാലം മുതൽ അതിനെതിരെ ശക്തമായ നിലപാടെടുത്തത് മുസ്‌ലിംകളായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരിൽ 75 ശതമാനവും മുസ്‌ലിംകളായിരുന്നുവെന്നത് ഒരു ചരിത്ര സത്യമാണ്. ബഹദൂർഷാ സഫറിന്റെ നേതൃത്വത്തിൽ നടന്ന ആ പോരാട്ടം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തുകയും മുസ്‌ലിംകളെ തങ്ങളുടെ മുഖ്യ ശത്രുക്കളായി കാണാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
ആർ.എസ്.എസിന്റെ അജണ്ട
ബ്രിട്ടീഷുകാർ വിതച്ച ഈ മുസ്‌ലിം വിരുദ്ധ ബോധം തന്നെയാണ് 1925-ൽ ആർ.എസ്.എസിന്റെ രൂപീകരണത്തിന് വളമായത്. ജ്യോതിറാവു ഫൂലെയും ഡോ. ബി.ആർ. അംബേദ്കറും മുന്നോട്ടുവെച്ച ദലിത്-ബഹുജൻ മുന്നേറ്റങ്ങളെ തടയാനും ബ്രാഹ്മണ മേധാവിത്വമെന്ന ദലിത് ബഹുജൻ വിരുദ്ധ ആഭ്യന്തര ശത്രുവിനെതിരായ അജണ്ട നിലനിർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ആർ.എസ്. എസെങ്കിലും, അവർ തങ്ങളുടെ ബാഹ്യ ശത്രുവായി പ്രതിഷ്ഠിച്ചത് മുസ്‌ലിംകളെയായിരുന്നു.
ഇത്തരത്തിൽ, കുരിശുയുദ്ധ കാലം മുതൽ കൊളോണിയലിസം വഴി കൈമാറി വന്ന മുസ്‌ലിം വിരുദ്ധതയെ ഇന്ത്യൻ സാഹചര്യത്തിൽ ആർ.എസ്.എസ് ഏറ്റെടുക്കുകയും അത് ആധുനിക കാലത്തെ ഇസ്‌ലാമോഫോബിയയുമായി കണ്ണിചേർക്കപ്പെടുകയും ചെയ്തു. ഇതിലൂടെ സാമ്രാജ്യത്വ താല്പര്യങ്ങളും പ്രാദേശിക വംശീയ അജണ്ടകളും ഒരേ ബിന്ദുവിൽ സംഗമിക്കുന്നതാണ് നാം ഇന്ന് കാണുന്നത്.
ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ എന്നത് കേവലം ശീതയുദ്ധാനന്തര സംഭവങ്ങൾക്ക് ശേഷം അമേരിക്കൻ സാമ്രാജ്യത്വം നിർമ്മിച്ചെടുത്ത ഒരു ആഗോള പ്രതിഭാസം മാത്രമല്ല; മറിച്ച് ഇന്ത്യയിൽ അതിന് ആഴത്തിലുള്ളതും ദീർഘവുമായ രാഷ്ട്രീയ ചരിത്രമുണ്ട്. ആർ.എസ്.എസ്. വിഭാവനം ചെയ്യുന്ന ‘സാംസ്കാരിക ദേശീയത’ (Cultural Nationalism) എന്ന സങ്കല്പം തന്നെ മുസ്‌ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒന്നാണ്. ഇത് പുറത്തുനിന്നുള്ള നിരീക്ഷണമല്ല, മറിച്ച് ആർ.എസ്.എസിന്റെ സൈദ്ധാന്തിക ആചാര്യനായ ഗോൾവർക്കർ തന്റെ രചനകളിലൂടെ തുറന്നു പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. ചരിത്രപരമായി നോക്കിയാൽ, ഒരു വശത്ത് കൊളോണിയൽ ശക്തികളോട് തികഞ്ഞ വിധേയത്വം പുലർത്തുകയും മറുവശത്ത് മുസ്‌ലിംകളെ തങ്ങളുടെ ‘ഒന്നാം നമ്പർ ശത്രു’വായി പ്രതിഷ്ഠിക്കുകയുമാണ് ഈ പുറന്തള്ളൽ പ്രത്യയശാസ്ത്രം ചെയ്തത്.
ഇന്ത്യയിൽ നിലനിന്നിരുന്ന മുസ്‌ലിം ഭരണകാലത്തെ ഒരു അധിനിവേശമായി ചിത്രീകരിക്കുന്നതിലൂടെ, ആ കാലഘട്ടത്തിൽ രാജ്യം കൈവരിച്ച സാംസ്കാരികവും സാമ്പത്തികവുമായ നേട്ടങ്ങളെ തമസ്കരിക്കാനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനായി ചരിത്രത്തെ വളച്ചൊടിക്കുകയും മുസ്‌ലിംകളെ അപരവൽക്കരിക്കുകയും ചെയ്യുന്ന ഈ രീതി രാജ്യത്ത് എണ്ണമറ്റ മുസ്‌ലിം വിരുദ്ധ കലാപങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനും വഴിമരുന്നിട്ടു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അധികാര കൈമാറ്റ വേളയിൽ പോലും ഇത്തരം മുസ്‌ലിം വിരുദ്ധ ആക്രമണ നീക്കങ്ങൾ സജീവമായിരുന്നു എന്നത് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ഹിന്ദുത്വത്തിന്റെ വർത്തമാനം
നിലവിൽ ഇന്ത്യയിലെ ഭരണകൂട സംവിധാനങ്ങളും കോടതികളും മുസ്‌ലിംകളോട് സ്വീകരിക്കുന്ന സമീപനം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തിന് ഇന്ന് ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്ന് പല മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അക്രമങ്ങളോ അനീതിയോ വോട്ടവകാശവും പൗരത്വവും നിഷേധിക്കപ്പെടുന്നതോ അടക്കമുള്ള ഗുരുതരമായ വിഷയങ്ങളോ പരിഗണിക്കാൻ കോടതികൾ പോലും പലപ്പോഴും വിമുഖത കാണിക്കുന്നു എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്.
ഈ മുസ്‌ലിം വിരുദ്ധ വംശീയത അഥവാ ഇസ്‌ലാ മോഫോബിയ എന്നത് കേവലം ബി.ജെ.പിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭരണവർഗ്ഗ പാർട്ടികളിലും ഒരു ‘മൃദുഹിന്ദുത്വ ബോധം’ അന്തർലീനമാണ്. കോൺഗ്രസ് ഭരണകാലത്ത് ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ഇതിന്റെ പ്രധാന തെളിവാണ്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും ഇക്കാര്യത്തിൽ വിമർശനത്തിന് അതീതരല്ല. ഇന്ത്യയിലെ സവിശേഷമായ ജാതിവ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയാത്തതും യൂറോപ്യൻ രീതിയിലുള്ള യാന്ത്രികമായ വർഗ്ഗ സമീപനം സ്വീകരിക്കുന്നതും കമ്മ്യൂണിസ്റ്റുകാരെയും ഈ അപകടത്തിൽപ്പെടുത്തുന്നു. ബ്രാഹ്മണ്യത്തിന്റെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും മുക്തമാകാത്ത ഇത്തരം നിലപാടുകൾ ഇന്ത്യയിലെ മുസ്‌ലിം പിന്നോക്കാവസ്ഥയെയും അപരവൽക്കരണത്തെയും അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെടുന്നു.
ചുരുക്കത്തിൽ, നവലിബറൽ കാലഘട്ടത്തിൽ അമേരിക്കൻ സാമ്രാജ്യത്വം ആഗോളതലത്തിൽ പടർത്തിയ ഇസ്‌ലാമോഫോബിയയും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന മുസ്‌ലിം വിരോധവും ഒരേ ബിന്ദുവിൽ സംഗമിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ താല്പര്യങ്ങളും അവയുടെ പ്രാദേശിക രൂപങ്ങളും കൈകോർക്കുന്ന ഈ സങ്കീർണ്ണമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെ ഓരോ തൊഴിലാളി മുന്നേറ്റത്തെയും മെയ് ദിനം പോലുള്ള ആചരണങ്ങളെയും നാം വിലയിരുത്താൻ. അവകാശ പോരാട്ടങ്ങൾ കേവലം സാമ്പത്തിക ആവശ്യങ്ങളിൽ ഒതുങ്ങാതെ, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ വിപുലമായ ജനാധിപത്യ പ്രതിരോധമായി മാറേണ്ടതുണ്ട്.
ഇന്നത്തെ ലോകസാഹചര്യം
ലോകമെമ്പാടും പടരുന്ന ഇസ്‌ലാമോഫോബിയയുടെയും സാമ്രാജ്യത്വ ശക്തികളുടെ മൂലധന താല്പര്യങ്ങളും ചേർന്ന് രൂപപ്പെടുത്തുന്ന ഭീതിദമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് വർത്തമാനകാലം കടന്നുപോകുന്നത്. ലോകത്തിലെ ഏറ്റവും ദീർഘിച്ച ചരിത്രമുള്ള ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ രാഷ്ട്രീയ ഉപകരണമാണ് ഇന്ത്യയിലെ മോദി ഭരണകൂടം. മുസ്‌ലിംകൾക്ക് പൗരത്വം നിഷേധിക്കുകയും അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്ന ആഭ്യന്തര അജണ്ടയുടെ ആഗോള മാനിഫെസ്റ്റേഷനാണ് ഇന്ന് നമ്മൾ പശ്ചിമേഷ്യയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടവും പശ്ചിമേഷ്യയിലെ സയനിസ്റ്റ് അധിനിവേശങ്ങളും തമ്മിലുള്ള അവിശുദ്ധമായ പൊരുത്തം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഒരു മിലിറ്ററി ഔട്ട്പോസ്റ്റ് ആയി പ്രവർത്തിക്കുന്ന സയണിസ്റ്റുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ മൂലധന ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഫലസ്തീൻ ജനതക്കെതിരായി ഇസ്രായേൽ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളും വംശഹത്യയും ഹിറ്റ്‌ലറുടെ കാലഘട്ടത്തിലെ ഹോളോകോസ്റ്റിനെ അനുസ്മരിപ്പിക്കുന്നതാണ്. അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയില്ലെങ്കിൽ ഇസ്രായേലിന് അവിടെ ഒരു നിമിഷം പോലും പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ടതാണ് പശ്ചിമേഷ്യയിലെ പല ഭരണാധികാരികളുടെയും നിസ്സംഗത. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പാദസേവകരായി മാറിയ ഈ ഭരണാധികാരികൾ തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇറാനിലോ ഫലസ്തീനിലോ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭയപ്പെടുന്നു.
ഇന്ന് നരേന്ദ്ര മോദി, ബെഞ്ചമിൻ നെതന്യാഹു, ഡോണൾഡ് ട്രംപിൻ്റെ അമേരിക്കൻ നേതൃത്വം എന്നിവരടങ്ങുന്ന ഒരു അച്ചുതണ്ടാണ് ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയയുടെ അടിത്തറയായി നിലകൊള്ളുന്നത്. ഫലസ്തീനിലെയും ഇറാനിലെയും ജനതയ്ക്കെതിരായ സയണിസ്റ്റ് സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പിന്തുണ അങ്ങേയറ്റം അപമാനകരമാണ്. യൂറോപ്പിലെ ഇടതുപക്ഷക്കാർ എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ പോലും ചരിത്രപരമായ കാരണങ്ങളാൽ ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് സാമ്രാജ്യത്വത്തെയും ഇസ്രായേലിനെയും വിമർശിക്കുമ്പോൾ ഇറാനെയും ഹമാസിനെയും കൂടി പ്രതിക്കൂട്ടിൽ നിർത്തി ഒരു ‘തുലനം’ (Balancing) നടത്താൻ അവർ നിർബന്ധിതരാകുന്നത്. ആക്രമിക്കുന്നവനെയും ഇരയെയും ഒരേപോലെ കാണുന്ന ഇത്തരം സമീപനങ്ങൾ സാമ്രാജ്യത്വ വിജയത്തിന്റെ അടയാളങ്ങളാണ്.
ഈ സങ്കീർണ്ണമായ ചങ്ങലക്കെട്ടുകളിൽ നിന്ന് ലോകത്തെ മോചിപ്പിക്കാൻ മർദ്ധിത ജനതകളുടെയും ലോക തൊഴിലാളി വർഗ്ഗത്തിന്റെയും ശക്തമായ മുന്നേറ്റം അനിവാര്യമാണ്. സാമ്രാജ്യത്വത്തിനും അതിന്റെ പാദസേവ ചെയ്യുന്ന ഭരണവർഗ്ഗങ്ങൾക്കും എതിരായ പോരാട്ടം ശരിയായ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ സാധ്യമാകൂ. ഇന്ന് ലോകം നേരിടുന്ന വംശഹത്യകളുടെയും വംശീയതയുടെയും സമ്രാജ്യത്വത്തിൻ്റെയും വെല്ലുവിളികളും തിരിച്ചറിഞ്ഞുകൊണ്ട്, ആഗോളതലത്തിൽ ഒരു വിമോചന മുന്നേറ്റം കെട്ടിപ്പടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
കമ്യൂണിസ്‌റ്റുകളുടെ പാഠം
സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, മുസ്‌ലിം ജനതയുമായും അവരുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുമായും അതിനുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാകും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന മുസ്‌ലിം ജനവിഭാഗങ്ങളുമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അവിഭാജ്യമായ ബന്ധമാണുള്ളത്. 1921 ലെ ഖിലാഫത്ത് പ്രസ്ഥാനം ഉൾപ്പെടെയുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്‌ലിം നേതാക്കളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിത്തുപാകിയത് എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു ചരിത്ര സത്യമാണ്.
1920 ഒക്ടോബറിൽ താഷ്കൻ്റിൽൽ വെച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുമ്പോൾ അതിന്റെ പ്രഥമ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് ഷഫീഖ് ആയിരുന്നു. അന്നത്തെ കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായിരുന്ന പ്രമുഖരായ മൂന്ന് നേതാക്കളും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കം തന്നെ മുസ്‌ലിം ജനതയുമായുള്ള ഐക്യദാർഢ്യത്തിലായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഇത് ഒരു പ്രാദേശികമായ പ്രതിഭാസമല്ലായിരുന്നു, മറിച്ച് അന്തർദ്ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ (കോമിന്റേൺ) ഈ ഐക്യത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു.
അസർബൈജാനിലെ ബാക്കുവിലെ നടന്ന ‘കോൺഗ്രസ് ഓഫ് ദി ഈസ്റ്റ്’ എന്ന സമ്മേളനം ഇതിന്റെ മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് കൊളോണിയൽ അടിമത്വത്തിനെതിരെ പോരാടുന്ന പൂർവേഷ്യൻ രാജ്യങ്ങളിലെ സംഘടനകളുടെ ഈ മഹാസംഗമത്തിൽ പങ്കെടുത്ത 90 ശതമാനം സംഘടനകളും മുസ്‌ലിം വിഭാഗങ്ങളുടേതായിരുന്നു. കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ ഹിന്ദുത്വ ശക്തികളോ രാജാക്കന്മാരോ ആയിരുന്നില്ല, മറിച്ച് ടിപ്പു സുൽത്താനെപ്പോലെയുള്ള ദേശാഭിമാനികളായ ഭരണാധികാരികളാണ് നേതൃത്വം നൽകിയത് എന്ന യാഥാർത്ഥ്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അക്കാലത്തു തന്നെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
ബാക്കു സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ ചർച്ചകളിലൊന്ന് ഭാഷാപരമായ പ്രയോഗങ്ങളെക്കുറിച്ചായിരുന്നു. ഇസ്‌ലാമിക പ്രമാണങ്ങളിലെ ‘ജിഹാദ്’ എന്ന പദത്തെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ അറബിക് പദമായും, കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലെ ‘വർഗ്ഗസമരമായും’ (Class War) ആണ് അന്ന് വ്യാഖ്യാനിക്കപ്പെട്ടത്. മുസ്‌ലിം ജനത തങ്ങളുടെ ദൈവശാസ്‌ത്ര സംസ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന പല പദങ്ങളും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഔദ്യോഗിക ഭാഷാശേഖരത്തിലേക്ക് ഇത്തരത്തിൽ കടന്നുവന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജിഹാദിനെ കണ്ടത് അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ വിമോചന പോരാട്ടമായിട്ടാണ്.
1927 കൾക്കു ശേഷം ഇത്തരം സമീപനങ്ങളിൽ നിന്നു അവർ പുറകോട്ടു പോവുകയും ചെയ്തു. കോമിന്റേൺ പോലും പിന്നീടു മാറി. 1930 കളോടെ ഇസ്രയേലിനനുകൂലമായി വരെ നിലപാടെടുക്കുന്ന തെറ്റായ സമീപനങ്ങളിലേക്ക് അതു എത്തിപ്പെട്ടുവെന്നതു പിൽക്കാല ചരിത്രം ഓർമിപ്പിക്കുന്നു. എങ്കിലും 1917 – 1927 കാലയളവിൽ മർദ്ദിത മുസ്‌ലിംകളുടെ രാഷ്ട്രീയ സ്വയം സംഘാടനത്തോടു സാമുദായിക സ്വാതന്ത്ര്യത്തോടും എടുത്ത സമീപനം വ്യത്യസ്തമായൊരു വിമോചന നിലപാടായിരുന്നു. ഇന്ത്യയിലും അംബേദ്കറൈറ്റുകളോടു സ്വീകരിച്ച സമീപനങ്ങളിൽ 1930കളോടെ വന്ന മാറ്റവും ശ്രദ്ധേയമാണ്.
ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ കേരളത്തിൽ ഹിന്ദുത്വ പൊതുബോധം നിർമ്മിച്ചെടുക്കുന്ന ജിഹാദിൻ്റെ തെറ്റായ വ്യാഖ്യാനങ്ങളും (ഉദാ: ‘ലൗ ജിഹാദ്’, ‘നാർക്കോ ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങൾ ) ഇത്തരം പ്രായോഗങ്ങളുടെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നും വിദ്വേഷം പടർത്താനുമുള്ള ശ്രമങ്ങളിൽ നിന്നും ഉണ്ടായതാണ്.
ആഗോള നവലിബറൽ ഫാസിസ്റ്റ് കാലഘട്ടത്തിൽ, സാമ്രാജ്യത്വത്തിനും ഹിന്ദുത്വ ഫാസിസത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗവും മർദ്ദിത ജനതയും ഒന്നിച്ചുനിൽക്കേണ്ടത് അനിവാര്യമാണ്. ചരിത്രപരമായ ഈ ഐക്യത്തെ തിരിച്ചറിഞ്ഞുകൊണ്ട്, അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്തുക എന്നതാണ് മെയ്ദിനത്തിന്റെ ഈ കാലഘട്ടത്തിലെ സന്ദേശം.