Islamophobia Studies Theorising Islamophobia

ഇസ് ലാമോഫോബിയയുടെ നിർവചനം

മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ് (മാന്‍ ഇസ് എ പൊലിറ്റിക്കല്‍ അനിമല്‍) എന്ന അരിസ്റ്റോട്ടിലിന്റെ നിര്‍വചനമാണ് ആധുനിക രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന സങ്കല്പം. (‘മാന്‍’ എന്ന പുരുഷ ചരിത്രത്തിന്റെ പ്രശ്നമുള്ള നിര്‍വചനമാണിത്). ചരിത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പറയുമ്പോള്‍ പില്‍കാലത്ത് ഇബ്‌നു ഖല്ദൂനും ഇത്തരമൊരു സമീപനം സ്വീകരിക്കുണ്ട്. ‘മുഖദ്ദിമ’യില്‍ ഖല്‍ദൂന്‍ പറയുന്നു: ഹ്യൂമന്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഈസ് നെസസറി (മനുഷ്യ സാമൂഹ്യ സംഘാടനം അനിവാര്യതയാണ്).

മനുഷ്യനും ജീവിയും ആവാന്‍ രാഷ്ട്രീയ സംഘാടനം വളരെ പ്രധാനമാണ്. എന്നാല്‍ രാഷ്ട്രീയമില്ലാത്തെ ജീവികളെ പുറന്തളളുന്ന നിര്‍വചനം കൂടിയാണിത്. മൃഗങ്ങളെയും മറ്റ് ഭൗതിക-അഭൗതിക വസ്തുക്കളേയും പ്രകൃതിയേയും മാത്രമല്ല ചില ഘട്ടങ്ങളില്‍ മറ്റ് മനുഷ്യരെയും ഈ നിര്‍വചനം പുറന്തള്ളുന്നു. രാഷ്ട്രീയജീവിതം ആ അര്‍ഥത്തില്‍ എപ്പോഴും പുറന്തള്ളലിനെ ഉള്‍വഹിക്കുന്നുണ്ട്.

രാഷ്ട്രീയ പദവിയിലൂടെയാണ് മനുഷ്യപദവി കൈവരുന്നത്. അങ്ങനെയല്ലാത്ത മനുഷ്യര്‍ ഏതു തരത്തിലുള്ള ഹിംസക്കും വിധേയമാകുന്നു. ചില മനുഷ്യരെ ‘മനുഷ്യ’രല്ലാതാക്കുന്ന, അവര്‍ക്ക് രാഷ്ട്രീയപദവി നിഷേധിക്കുന്ന സമീപനത്തെ ലളിതമായി ‘വംശീയത’ എന്ന് നിര്‍വചിക്കാം. രാഷ്ട്രീയവല്‍കരണ പ്രക്രിയയിലൂടെയാണ് ‘രാഷ്ട്രീയജീവി’ എന്ന പദവി കൈവരുന്നതെങ്കില്‍ വംശീയയവല്‍കരണ പ്രക്രിയയിലൂടെയാണ് ‘വംശീയത’ സ്ഥാപിതമാവുന്നത്. വംശീയവല്‍ക്കരണം വംശീയതയുടെയും വംശത്തിന്റെയും മുന്നുപാധിയാണ്.
വംശീയതക്കു ലിംഗപരവും സാംസ്‌കാരികവും മതപരവും ജാതിപരവും വര്‍ഗപരവും സാമൂഹ്യപരവുമായ നിരവധി അര്‍ഥങ്ങള്‍ ഉണ്ട്.

ഇസ്ലാം എന്ന സൂചകത്തിലൂടെ, മുസ്ലിംകള്‍ എന്നു സ്വയം നിര്‍വചിക്കുന്ന മനുഷ്യരെ പുറന്തളളുന്ന, അവര്‍ക്ക് രാഷ്ട്രീയപദവി നിഷേധിക്കുന്ന, ആധുനിക വംശീയ പ്രയോഗമാണ് ‘ഇസ്ലാമോഫോബിയ’.

ഇസ് ലാമോഫോബിയ: ഒരു ജാര്‍ഗണ്‍

ഇസ് ലാമോഫോബിയ ഒരു ജാര്‍ഗണ്‍ മാത്രമാണ് എന്ന നിലയില്‍ നെഗറ്റീവായും പോസിറ്റീവായും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.  ആദ്യത്തേത് ഈ പദത്തിന്റെ അപര്യാപ്തതയെക്കുറിച്ച ചര്‍ച്ചയാണ്. ഈ വാക്കിനെക്കാള്‍ ‘മുസ്ലിം വിരുദ്ധ വംശീയത’യെന്നോ ‘മുസ്ലിം വെറുപ്പ്’ എന്നോ ഉപയോഗിക്കണമെന്നാണ് അത്തരക്കാര്‍ വാദിക്കുന്നത്. അടുത്തത് ഒരു ആരോപണമാണ്. ഇസ്ലാമോഫോബിയ എന്ന പദം മുസ്ലിം രാഷ്ട്രീയത്തെയും ഇസ്ലാമിക രാഷ്ട്രീയത്തെയും ഒളിച്ചുകടത്തുന്നതിനുവേണ്ടി അതിന്റെ വക്താക്കള്‍ നിര്‍മിച്ചെടുത്തിട്ടുള്ള പദമാണെന്നാണ് ആക്ഷേപം.
മറ്റൊന്ന്, ഒരു മതേതര- വര്‍ഗീയവിരുദ്ധ സമീപനമാണ്. എല്ലാ മതങ്ങള്‍ക്കെതിരേയും ലോകത്ത് വിവിധ തരത്തിലുള്ള വിവേചനമുണ്ടെന്നും അതിനാല്‍ത്തന്നെ ‘റിലീജോഫോബിയ’ എന്ന പദമാണ് അനുയോജ്യമെന്നും ഇസ്ലാമോഫോബിയ എന്ന പദം വിഭാഗീയത ഉണ്ടാക്കാനേ ഉപകരിക്കൂ എന്നും വാദിക്കുന്നവരുമുണ്ട്.

2022ല്‍ യുഎന്‍ പൊതുസഭയില്‍ മാര്‍ച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോള്‍ ഇന്ത്യ റിലീജോഫോബിയയെന്ന പദത്തെയാണ് പിന്തുണച്ചത്. ലോകത്ത് എല്ലാ മതങ്ങളും വിവിധ സന്ദര്‍ഭങ്ങളില്‍ വിവേചനം നേരിടുന്നുണ്ടെന്നും ഇസ്ലാമിനെതിരേയുള്ള വിവേചനത്തിന് പ്രാധാന്യം നല്‍കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ബിജെപി പ്രതിനിധി ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം വാദിക്കുകയുണ്ടായി. ‘മതവിവേചനം’ എന്ന പൊതുതലക്കെട്ടിനു താഴെ മുസ്ലിംവിരുദ്ധത മൂടിവെക്കാനായിരുന്നു അവരുടെ ശ്രമം. ന്യൂനപക്ഷ മതപ്രശ്നം എന്ന സവിശേഷത അങ്ങനെ ഇല്ലാതാവുന്നു.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ എന്ന വാക്ക് തുടക്കകാലങ്ങളില്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥിസമൂഹമാണ് ഉപയോഗിച്ചിരുന്നത്. ജെഎന്‍യു പോലുള്ള കാമ്പസുകളിലെ മുസ്ലിം സാഹചര്യത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഈ വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതൊരു ജാര്‍ഗണ്‍ മാത്രമാണെന്ന വാദവുമായി എസ്എഫ്ഐ പോലുള്ള ഇടത് വിദ്യാര്‍ഥി സംഘങ്ങള്‍ രംഗത്തുവന്നിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ ഇസ്ലാമിനു നല്‍കുന്ന അന്യായമായ ഒരു പിന്തുണയുടെ പ്രശ്നമായാണ് പല മതേതരവാദികളും ഇതിനെ കണ്ടത്.

ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള മറ്റേതൊരു പദംപോലെത്തന്നെ നിരവധി വ്യാഖ്യാനങ്ങള്‍ക്കും സ്വാംശീകരണങ്ങള്‍ക്കും അട്ടിമറികള്‍ക്കും വിധേയമാക്കാന്‍ ശ്രമം നടന്നിട്ടുള്ള പദമാണ് ഇസ്ലാമോഫോബിയ. ഫെമിനിസം, ജാതി, സോഷ്യലിസം, ജനാധിപത്യം, മതേതരത്വം, മതം, ദലിത് വരെയുള്ള വാക്കുകളെ പോലെത്തന്നെ വിവിധ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ പല തരം വ്യാഖ്യാനങ്ങള്‍ക്കും സ്വാംശീകരണങ്ങള്‍ക്കും ഉള്‍ക്കൊള്ളലുകള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും വിധേയമായ വാക്കുതന്നെയാണ് ഇതും. ഒരു സംജ്ഞ ഇങ്ങനെ പലതരം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെങ്കില്‍ പദമെന്ന നിലയില്‍ അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. കൂടാതെ അത് ആ സാമൂഹിക സന്ദര്‍ഭത്തിന്റെ സംഘര്‍ഷാവസ്ഥയെയും സന്നിഗ്ധാവസ്ഥയെയും സൂചിപ്പിക്കുന്നു.

1997-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍, ഇസ്ലാമോഫോബിയ എന്ന പദം വളരെ പോസിറ്റീവായ അര്‍ത്ഥത്തില്‍ റണ്ണിമേഡ് കമ്മീഷന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു. ചര്‍ച്ചകളെ അതിന്റെ വംശീയരാഷ്ട്രീയ പരിസരത്തുനിന്ന് ഊരിയെടുത്ത് കേവലം ബഹുസാംസ്‌കാരികവാദത്തിന്റെ പ്രശ്നമായി ചുരുക്കുന്നതിന്റെ ഭാഗമാണ് ഈ പ്രയോഗമെന്ന് ബ്രിട്ടീഷ് സാഹചര്യത്തിലുള്ള നിരവധി ചിന്തകന്മാര്‍ ഇതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മുസ്ലിംകളുമായി ബന്ധപ്പെട്ട വംശീയവാദത്തിനെതിരായി ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കാണ് ഇസ്ലാമോഫോബിയ. പതിനായിരത്തിലധികം പിയര്‍ റിവ്യൂഡ് ഗവേഷണപ്രബന്ധങ്ങളും നൂറു കണക്കിനു അക്കാദമിക പുസ്തകങ്ങളും ഈ വിഷയത്തില്‍ നിലവിലുണ്ടെന്നാണ് കണക്ക്. ഇസ്ലാമോഫോബിയയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അര ഡസനോളം സ്‌കൂള്‍ ഓഫ് തോട്ടുകള്‍ തന്നെ അക്കാദമിക മേഖലയില്‍ നിലവിലുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ നേരിട്ട് നിക്ഷേപം നടത്തിയിട്ടുള്ള ഗവേഷണ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണശാലകളും ഗവേഷകരും വിവിധ വീക്ഷണകോണിലും ഊന്നലുകളിലും നിന്നുകൊണ്ടുതന്നെ ഇസ്ലാമോഫോബിയക്കെതിരേ പഠനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.

അങ്ങനെ നോക്കിയാല്‍ ലോകത്ത് മുസ്ലിംവിരുദ്ധ വംശീയതയെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഏറ്റവും മൂര്‍ത്തമായി പ്രതിഫലിപ്പിക്കുന്ന ഒരു വാക്കായി വേണം ഇസ്ലാമോഫോബിയയെ കാണാന്‍. മറ്റേതൊരു പദത്തേക്കാളും പ്രചാരമുള്ള വാക്കായും ഇത് മാറിയിരിക്കുന്നു. മുസ്ലിംവിരുദ്ധ വംശീയവാദത്തിനെതിരേ നിലപാടെടുക്കുന്നവര്‍ ഈ വാക്കിനെ കൂടുതല്‍ ഉള്‍ക്കൊള്ളാനും വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനുമാണ് ശ്രമിക്കേണ്ടത്. ഇസ്ലാമോഫോബിയ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്ത് എന്നുള്ളത് വലിയ പ്രശ്നമായി കാണേണ്ടതില്ല.
ഇന്ന് ഈ വാക്കിന് ആഗോളപ്രചാരമുണ്ട്. യുഎന്‍ പൊതുസഭ മുതല്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ വരെ ഇതുപയോഗിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ സാഹചര്യത്തിലും ആഗോളതലത്തിലും മുസ്ലിം വിരുദ്ധ വംശീയ വാദത്തെക്കുറിക്കുന്ന പ്രധാനപ്പെട്ട സൂചകമായി ഇസ്ലാമോഫോബിയ എന്ന വാക്ക് മാറിക്കഴിഞ്ഞു.

ഇനി മറ്റൊരു പദം ഈ അര്‍ത്ഥത്തില്‍ പ്രചാരം നേടുകയാണെങ്കില്‍ തീര്‍ച്ചയായും അതിനെ മുന്‍നിര്‍ത്തിയും സംസാരിക്കാവുന്നതാണ്. ഒരു വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തേക്കാള്‍ അതിന്റെ ഉപയോഗമൂല്യമാണ് പ്രധാനം. അതിനെ രാഷ്ട്രീയ വ്യവഹാരമാക്കിയ സന്ദര്‍ഭമാണ് നിര്‍ണായകം.

മറുവശത്ത്, ഇസ്ലാമോഫോബിയ എന്ന വാക്കിനെ മുസ്ലിംരാഷ്ട്രീയക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി ചിത്രീകരിക്കുന്നവര്‍ അവരുടെ ഇസ്ലാമോഫോബിയയെത്തന്നെയാണ് തുറന്നുകാണിക്കുന്നത്. മുസ്ലിംകളുടെ സാമൂഹിക- സാംസ്‌കാരിക – രാഷ്ട്രീയ സ്വയംനിര്‍ണായവകാശത്തെ ഇല്ലാതാക്കുകയും ജനത എന്ന നിലയില്‍ അവരുടെ തിരഞ്ഞെടുപ്പുകളെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന പ്രക്രിയയില്‍നിന്നാണ് ഇസ്ലാമോഫോബിയ രൂപപ്പെടുന്നത്. ഇതിനെതിരേയുള്ള മുസ്ലിംകളുടെ ചെറുത്തുനില്‍പ്പുകളെ അവരുടെത്തന്നെ രാഷ്ട്രീയഗൂഢാലോചനയായി ചിത്രീകരിക്കുകയെന്നത് ഒരു ഇസ്ലാമോഫോബിക് രീതിശാസ്ത്രമായി തിരിച്ചറിയണം.

ഗൗരവം കുറഞ്ഞ, പടച്ചുണ്ടാക്കിയ, എതിരാളിയെ എറിഞ്ഞുവീഴ്ത്താനുള്ള എന്ന അര്‍ത്ഥത്തിലാണ് ‘ജാര്‍ഗണ്‍’ എന്ന വാക്ക് ഉപയോഗിക്കാറുള്ളത്. സവര്‍ണതയെക്കുറിച്ചും ബ്രാഹ്‌മണിസത്തെക്കുറിച്ചും ഹോമോഫോബിയയെക്കുറിച്ചുമുള്ള ചര്‍ച്ചകളിലും പൊതുസംവാദങ്ങളിലും സമാനമായ വാക്കുകള്‍ നാം ഉപയോഗിക്കുന്നു. സൗഹൃദസംഭാഷണങ്ങളെപ്പോലും നിശ്ചലമാക്കുന്ന രീതിയില്‍ ഇത്തരം വാക്കുകള്‍ പരസ്പരം ഉപയോഗപ്പെടുത്താറുണ്ട്. ഇത് പൊതുസംവാദങ്ങളുടെ അനിവാര്യമായ ഊരാക്കുടുക്കാണ്. ഇസ്ലാമോഫോബിയ എന്ന വാക്കും അതില്‍നിന്ന് മോചിതമല്ല. രാഷ്ട്രീയ ഉള്ളടക്കമുള്ള മറ്റേതൊരു പദത്തെപ്പോലെത്തന്നെ വ്യക്തിനിഷ്ഠമായ സാഹചര്യത്തില്‍ ഈ വാക്കും ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നുവെന്നത് സ്വാഭാവികമാണ്. അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും തടസ്സമല്ല.

നേരെ മറിച്ച് ഇന്നത്തെ ആഗോള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ശീതയുദ്ധാനന്തര കാലത്ത്, ആഗോളവ്യാപകമായി വികസിച്ചിട്ടുള്ള മുസ്ലിംവിരുദ്ധ വംശീയതയെ കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന വാക്ക് എന്ന നിലക്ക് ഇസ്ലാഫോബിയയുടെ രാഷ്ട്രീയപരിസരത്തെ ഉള്‍ക്കൊള്ളുകയാണ് നാം ചെയ്യേണ്ടത്.
ഏതൊരു വാക്കിനും അനേകം അര്‍ത്ഥങ്ങള്‍ സാധ്യമാണ്. വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആരാണ് നിര്‍ണയിക്കുകയെന്ന പ്രശ്നമുണ്ട്. ഉദാഹരണമായി മുതലാളിത്ത രാഷ്ട്രീയസാഹചര്യത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന പദം കോര്‍പറേറ്റുകളുടെ വിവിധ തരത്തിലുള്ള ചെയ്തികളെയും പ്രചാരവേലകളെയും ന്യായീകരിക്കാനുള്ള ഒരു വഴിയായി ഉപയോഗപ്പെടുത്താറുണ്ട്. തൊഴിലാളികള്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശമായി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തൊഴിലാളിവര്‍ഗപാര്‍ട്ടികളും ഉപയോഗപ്പെടുത്തുന്നു. മുതലാളി/തൊഴിലാളി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വാക്കിനു തന്നെ രണ്ട് അര്‍ത്ഥമുണ്ട്. ഇസ്‌ലാമോഫോബിയയെന്ന വാക്കിനും ഇത് ബാധകമാണ്.
ഈ വാക്കിന്റെ ‘യഥാര്‍ത്ഥ’ അര്‍ഥമല്ല, മറിച്ച് വാക്കിന്റെ അസ്ഥിത്വത്തെ സാധ്യമാക്കുന്ന ഒരു വംശീയ വിരുദ്ധ വ്യവഹാരമാണ് നിര്‍ണായകം.

ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ അര്‍ത്ഥത്തെ ചുരുക്കാനും അതിന്റെ വംശീയവിരുദ്ധ ഉള്ളടക്കത്തെ ഇല്ലാതാക്കാനുമുള്ള നീക്കങ്ങള്‍ വ്യാപകമാണ്. അവിടെയൊക്കെ ഇടപെടാനും അതിനെ മുസ്ലിംവിരുദ്ധ വംശീയവാദത്തിന്റെ പ്രശ്നമായി വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടുമാത്രമേ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. അത്തരം വ്യവഹാരങ്ങളും പ്രസ്ഥാനങ്ങളും ബോധപൂര്‍വം തന്നെ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലാത്ത ഇസ്ലാമോഫോബിയാ ചര്‍ച്ചകള്‍ സ്വാംശീകരണത്തിന്റെയും വ്യാഖ്യാനത്തിന്റെയും മാത്രം പ്രശ്നമായി ചുരുങ്ങാനാണ് സാധ്യത.

റഫറന്‍സ്

Giorgio Agamben(2003). The Open: Man and Animal. Stanford Press
Lilian Abou-Tabickh (2022). What Does Ibn Khaldun Mean by the Term Madda? On Human Association and Political-Economic Organisation, Al-Masaq: Journal of the Medieval Mediterranean, 34:3, 256-275
Ashraf Kunnummal(2022). Islamophobia Studies in India: Problems and Prospects. Islamophobia Studies Journal 7, no. 1: 25-44
Irene Zempi, Imran Awan (eds). (2019). The Routledge International Handbook of Islamophobia. Routledge.
Farid Hafez.(2018). Schools of Thought in Islamophobia Studies: Prejudice, Racism, and Decoloniality. Islamophobia Studies Journal. Vol. 4(2):210-225.
Salman Sayyid. (2014). A Measure of Islamophobia. Islamophobia Studies Journal. Vol. 2(1):10-25