Islamophobia Studies Theorising Islamophobia

വിവിധയിനം ഇസ്‌ലാമോഫോബിയകൾ

ഇസ്‌ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ ഉന്മൂലനമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതര ഇസ്‌ലാമോഫോബിക് പ്രവണതകളുടെ പ്രാഥമിക ലക്ഷ്യം വംശീയ ഉന്മൂലനമല്ല, മറിച്ച് മുസ്‌ലിംകളുടെ പലതരത്തിലുള്ള സാമൂഹിക / രാഷ്ട്രീയ നിയന്ത്രണങ്ങളാണ്. അതേസമയം ഇത്തരം വംശീയ പ്രവണതകള്‍ ഉന്മൂലനത്തിന്റെ രാഷ്ട്രീയത്തിലേക്ക് തെന്നിമാറാനുള്ള സാധ്യത നിഷേധിക്കാനുമാവില്ല.

ആന്തരവൽകരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ 

ആന്തരവൽകരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ തികച്ചും മറ്റൊരു പ്രശ്‌നമാണ്. മുസ്‌ലിംകള്‍തന്നെ ഇസ്‌ലാമോഫോബിയയുടെ ഭാഷയും യുക്തിയും ഉപയോഗിച്ച് ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുകയെന്നതാണ് ഇത്. ഇസ്‌ലാമോഫോബിയയുടെ ആന്തരവല്‍ക്കരണം ബോധപൂര്‍വമായ ആവശ്യമായിട്ടല്ല, ഒരു വ്യക്തിയോ ഒരു സാമൂഹിക വിഭാഗമോ സ്വീകരിക്കുന്നത്. ഏറ്റവും സൂക്ഷ്മമായ അര്‍ഥത്തില്‍ അവരുടെ ബോധത്തെയും കവിഞ്ഞ് നില്‍ക്കുന്ന ഒന്നാണത്. വ്യവസ്ഥാപരവും ഘടനാപരവും സാമൂഹികവുമായ ഇസ്‌ലാമോഫോബിയയുടെ ശക്തിയുടെ ഉപോല്പ്പന്നം മാത്രമാണത്. അതുകൊണ്ടുതന്നെ ആന്തരവല്‍ക്കരണത്തിന്റെ പേരില്‍ വലിയ അളവില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നതും ആന്തരികവല്‍ക്കരണത്തിന്റെ സ്വാധീനത്തെക്കുറിച്ച് ശരിയായ തിരിച്ചറിവില്ലാത്തതിന്റെ പ്രശ്നമാണ്. മറ്റൊരു പ്രധാന കാര്യം ഇസ്‌ലാമോഫോബിയക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ പോലും ആന്തരവല്‍ക്കരണ പ്രക്രിയയില്‍ നിന്ന് വിമുക്തരാവില്ലെന്നതാണ്. വ്യവസ്ഥാപരവും ഘടനാപരവുമായ പ്രശ്നമെന്ന നിലയില്‍ ഇസ്‌ലാമോഫോബിയയുടെ ആഴത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ദൈനംദിന ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പറയുന്ന പ്രകാരം ഇസ്‌ലാമോഫോബിയ വ്യവസ്ഥപരമോ ഘടനാപരമോ പ്രത്യയശാസ്ത്രപരമോ ആയി മാത്രമല്ല ദൈനംദിനവും സൂക്ഷ്മവുമായി ആവിഷ്കരിക്കപ്പെടുന്നതാണ്. മടുപ്പിക്കുന്ന ആവര്‍ത്തന വിരസതയോടെ അതു നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇസ്‌ലാമോഫോബിയയുടെ ആവിഷ്കാരത്തിനു വിവിധ രൂപഭാവങ്ങളുണ്ട്- സൂക്ഷ്മ ഇസ്‌ലാമോഫോബിയയും സ്ഥൂല ഇസ്‌ലാമോഫോബിയയും. ദൈനംദിന ഇസ്‌ലാമോഫോബിയ സൂക്ഷ്മവും സ്ഥൂലവുമാണ്. സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയ, വ്യവസ്ഥാ ഇസ്‌ലാമോഫോബിയ, സുരക്ഷാരാഷ്ട്രീയത്തിന്റെ ഇസ്‌ലാമോഫോബിയ, സവര്‍ണ ദേശീയ ഇസ്‌ലാമോഫോബിയ, ആന്തരികവല്‍കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ, പരോക്ഷ ഇസ്‌ലാമോഫോബിയ, ലിംഗവൽകൃത ഇസ്‌ലാമോഫോബിയ, സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ തുടങ്ങിയ നിരവധി വകഭേദങ്ങളും ദൈനംദിന ഇസ്‌ലാമോഫോബിയയെ നിര്‍ണയിക്കുന്നു.

സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള പൊതുവ്യക്തികള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ദൈനംദിന ആവിഷ്‌കാരത്തെയും പൊതുപ്രകടനത്തെയും പ്രതിഫലിപ്പിക്കുന്ന സാമൂഹിക മാതൃകയായി പരിഗണിക്കേണ്ടതുണ്ട്. അത്തരം മാതൃകകളെ ക്രോഡീകരിക്കുന്നതും വിശകലനം ചെയ്യുന്നതും ഘടനാപരമായി വികസിച്ച ഇസ്‌ലാമോഫോബിയയുടെ ദൈനംദിന ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നു.

അടയാളപ്പെടുത്തിയും രേഖപ്പെടുത്തിയും വേര്‍തിരിച്ചും ഇസ്‌ലാമോഫോബിയയെ പഠിക്കുന്നവര്‍ക്കു മുന്നില്‍ വെല്ലുവിളികളേറെയാണ്. സാമൂഹിക – രാഷ്ട്രീയ വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വികസിക്കുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ചു ചിന്തിക്കാനും ബുദ്ധിമുട്ടേറെയാണ്. കാരണം വിമര്‍ശനവും വിവേചനവും തമ്മിലുള്ള അകലത്തെ ലഘൂകരിച്ചാണ് ഇസ്‌ലാമോഫോബിയ സ്വയം ശക്തിപ്രാപിക്കുന്നത്. അതുകൊണ്ട് വിമര്‍ശനത്തെയും വിവേചനത്തെയും വേര്‍തിരിക്കേണ്ടത് പ്രധാനമായി വരുന്നു. ദൈനംദിന ഇസ്‌ലാമോഫോബിയ അഥവാ എവരിഡേ ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസത്തെ വിശകലനം ചെയ്യുന്നതിലെ വെല്ലുവിളിയാണിത്.

ഇസ്‌ലാമോഫോബിയക്കെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കേവലം തെറ്റിദ്ധാരണയില്‍ നിന്നുണ്ടാവുന്ന പ്രസ്താവനകളും ഒറ്റപ്പെട്ട സംഭവങ്ങളുമെന്നതിലുപരി സാമൂഹിക – രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമായി അധികം വിമര്‍ശനങ്ങളില്ലാതെയും പുനരാലോചനകളില്ലാതെയും പൊതു ഒഴുക്കിന്റെ ഭാഗമായി സ്വീകരിക്കപ്പെടുന്നുവെന്നതാണ് ഇവയൊക്കെ ഉന്നയിക്കുന്ന പ്രശ്‌നം. ‘ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷം’ (atmospheric islamophobia) എന്ന സാമൂഹിക പ്രശ്‌നത്തെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ ചര്‍ച്ചയ്ക്ക് സാധിച്ചേക്കും.

ഇസ്‌ലാമോഫോബിയ: ‘പ്രസ്താവന’കളും ‘സംഭവങ്ങ’ളും

ദൈനംദിന ഇസ്‌ലാമോഫോബിയ രണ്ടു രീതിയിലാണ് പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത്, ‘പ്രസ്താവന’കളായും ‘സംഭവങ്ങ’ളായും. പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ‘സംഭവങ്ങള്‍’. അതിലടങ്ങിയ ഇസ്‌ലാമോഫോബിയയെ നമുക്ക് എളുപ്പം തിരിച്ചറിയാനാവുമെന്നതാണ് പ്രസ്താവനയുമായുള്ള അതിന്റെ വ്യത്യാസം.

എന്നാല്‍ ‘പ്രസ്താവന’കളെ വെറും ‘വാക്കുകള്‍’ മാത്രമായി കാണുന്ന ഒരു രീതിയുണ്ട്. ഈ ധാരണ പലപ്പോഴും ഇസ്‌ലാമോഫോബിയ മനസ്സിലാക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നു. ഏതു പൊതുപ്രസ്താവനയും ഒരു സാമൂഹിക മാറ്റത്തെ ലക്ഷ്യം വെക്കുന്നുണ്ട്, പ്രവര്‍ത്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. പ്രവര്‍ത്തി സാധ്യമാക്കാത്ത ആവിഷ്‌കാരം സാമൂഹിക ശക്തിയില്ലാത്ത വെറും ‘ശബ്ദം’ (noise) മാത്രമായി ഒതുങ്ങുന്നു. എല്ലാവരും സംസാരിക്കുന്നുവെങ്കിലും ചില സംസാരങ്ങൾ മാത്രമാണ് പ്രസ്താവനയായി മാറുന്നത്. പ്രവര്‍ത്തിയുടെ ശക്തിയും സാധ്യതയുമാണ് ആരുടെ ‘ശബ്ദ’ത്തെയും ഒരു ‘പ്രസ്താവന’യാക്കി മാറ്റുന്നത്. ഒരു വാക്കിനെ ശബ്ദമെന്നതിനേക്കാള്‍ പ്രസ്താവനയോ ആവിഷ്‌കാരമോ (speech) ആക്കി ആക്കുന്നതും സാമൂഹിക മാറ്റമെന്ന ലക്ഷ്യം സമൂഹം അതിനു കല്പിച്ചു നൽകുന്നതിനാലാണ്. പ്രവര്‍ത്തിയിലൂടെ സാക്ഷാല്‍ക്കരിക്കാത്ത ഒരു ശബ്ദവും സാമൂഹിക പ്രാധാന്യം നേടുന്നില്ല. പലപ്പോഴും കീഴാള വിഭാഗങ്ങളുടെ സംസാരങ്ങൾ ശബ്ദം മാത്രമായി നിലനില്‍ക്കുന്നതും കാണാം.

എന്നാല്‍ എല്ലാ ശബ്ദങ്ങളും സംസാരങ്ങളും പ്രസ്താവനകളും ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ വരണമെന്നില്ല. കേവലമായ സംസാരത്തെയും വാക്കിനെയും ആവിഷ്‌കാരങ്ങളെയും വിദ്വേഷ പ്രസ്താവനകളില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇസ്‌ലാമോഫോബിയയെന്ന സങ്കല്‍പ്പത്തെതന്നെ അത് റദ്ദാക്കും. വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയസ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിയ്ക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. ദോഷകരമായ പ്രവര്‍ത്തിക്കു കാരണമാവുമോയെന്ന് (ഹേതുവാദം അഥവാ consequentialism) പരിശോധിക്കുന്നതിലൂടെയാണ് പ്രസ്താവനയിലെയോ സംസാരത്തിലെയോ ഇസ്‌ലാമോഫോബിയ കണ്ടെത്താനാവുക. ഇതിന്റെ വെളിച്ചത്തില്‍ കേവല പ്രസ്താവനയെയും വിദ്വേഷ പ്രസ്താവനയെയും (hate speech) തരംതിരിക്കാം. കേവല പ്രസ്താവനകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കില്‍ വിദ്വേഷ പ്രസ്താവനകള്‍ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍വരും.