The very serious function of racism is distraction. It keeps you from doing your work. It keeps you explaining, over and over again, your reason for being. Somebody says you have no language and so you spend 20 years proving that you do. Somebody says your head isn’t shaped properly so you have scientists working on the fact that it is. Somebody says that you have no art, so you dredge that up. Somebody says that you have no kingdoms, and so you dredge that up. None of that is necessary. There will always be one more thing .
1975ല്‍ ടോണി മോറിസണ്‍ അമേരിക്കയിലെ പോര്‍ട്ട് ലാന്റെ ഒറിഗണില്‍ വച്ചു നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞ വരികളാണ് മേലുദ്ധരിച്ചത്. വംശീയതയുടെ ഏറ്റവും ഗൗരവമുള്ള ധര്‍മം ശ്രദ്ധതിരിക്കലാണ്. ഇംഗ്ലീഷില്‍ ഡിസ്റ്ററാക്ഷന് എന്ന വാക്കിനു ഒരു മലയാള അര്‍ഥം നല്കിയാല് ഒരുപാടു വിശദീകരണങ്ങള്‍ കിട്ടും: സംഭ്രമം, അസ്വസ്ഥത, ശ്രദ്ധ പതറിപ്പോകുന്ന സംഗതി, പരുങ്ങല്, പതര്‍ച്ച, ശ്രദ്ധതിരിക്കല്‍, ഇതരവിചാരം, പതറല്‍ തുടങ്ങിയവായണവ. മുസ്ലിം വിരുദ്ധ വംശീയതയാണ് ഇസ്ലാമോഫോബിയ. അതിന്റെ ധര്‍മം മുസ്ലിംകളെ സംഭ്രമിപ്പിക്കുകയോ അസ്വസ്ഥരാക്കുകയോ, ശ്രദ്ധ തിരിക്കുകയോ, പരുങ്ങലിലാക്കുകയോ പതറിക്കുകയോ ചെയ്യലാണ്.
മുസ്ലിംകള് മുഴുവന്‍ കള്ളക്കടത്തുകാരാണ് എന്നു നാളെ ഒരാള്‍ പറഞ്ഞാല്‍ അതുവരെ ചെയ്തിരുന്ന കാര്യങ്ങള്‍ മാറ്റി വച്ച് അവര്‍ അതിനുത്തരം നല്‍കണം. ഖലീഫമാരുടെ ഭരണം തിരിച്ചു കൊണ്ടുവരണമെന്നു പറഞ്ഞാല്‍ കള്ളക്കടത്ത് ചര്‍ച്ച മാറ്റി വച്ചു ഇസ്ലാമിക ചരിത്രത്തിലെ ഭരണനിര്‍വഹണ മാതൃകകള്‍ ചര്‍ച്ച ചെയ്യണം. ഭൂമി തട്ടിയെടുക്കുന്നു എന്ന ആരോപണം വന്നാല്‍ അതിന്റെ രേഖകള്‍ തിരയണം. ഓരോ പ്രഭാതവും പുതിയ ഡിസ്റ്ററാക്ഷനിലൂടെ മുസ്ലിംകളെ നിയന്ത്രിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നു. നിരന്തരം സ്വയം വിശദീകരിച്ചു മാത്രമെ അവര്‍ക്ക് നിലനില്ക്കാന് കഴിയുകയുള്ളൂ.
എല്ലാം വിശദീകരിച്ചാലും വംശീയവാദികള്‍ക്കു മറ്റൊന്നു കണ്ടെത്താനും പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാനും സൗകര്യമുള്ള ലോകമാണ് ഇസ്ലാമോഫോബിയയുടേത്. വംശീയാരോപണങ്ങള് ഉന്നയിക്കുന്നവര്‍ പ്രത്യേകിച്ചു വസ്തുതകളോ യുക്തിയോ ആവശ്യമില്ലാത്ത വിധം സ്വയം അധികാരമുള്ളവരാണ്. ഞാന്‍ കണ്ടു, കേട്ടു എന്നു പറഞ്ഞാല്‍ മതി. എന്നാല്‍ ഇതിന്റെ ഇരകള്‍ക്ക് അത്തരമൊരു പ്രിവിലേജ് ഇല്ല. പ്രചാരണ സ്വഭാവമുള്ള ഒരു ഫാഷിസ്റ്റ് സംഘത്തിനും ഭരണകൂടത്തിനും ഈ സാഹചര്യത്തെ മുന്‍നിറുത്തി സോഷ്യല്‍ എഞ്ചിനീയറിങിനു വിധേയമാക്കാം. എന്നാല്‍ ഇതിനെ ചെറുക്കുന്നവര്‍ക്ക് സ്വന്തം ഭാഗം വിശദീകരിക്കാന്‍ ഇത്തരം വിഭവങ്ങളോ അധികാരമോ പങ്കാളിത്തമോ ലഭ്യമല്ല.
വ്യക്തി മനഃശാസ്ത്ര വിശകലനങ്ങള്‍ പൊതുവെ ഡിസ്റ്ററാക്ഷന് ഒഴിവാക്കാനാണ് പറയുക. ഒരു വ്യക്തിയുടെ ചോയ്സിന്റെ ഭാഗമാണ് ഇത്. ‘പ്രാക്ടീസ് മൈന്‍ഡ്ഫുള്‍നസ്’ എന്നതു മുതലാളിത്ത വ്യവസ്ഥിതി വ്യക്തിയോടാവശ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട മൂല്യമാണ്. നിരാകരണത്തിനു പല ഭാവങ്ങളുണ്ട്. തങ്ങള്‍ നല്ല മുസ്ലിംകളുടെ സുഹൃത്തുക്കളോ ആണെന്നോ സൂഫിയോ മതേതര ദേശീയ മുസ്ലിംകളാണെന്നോ എന്ന രീതിയിലുള്ള നിരാകരണയുക്തി വംശീയതയുടെ പെരുക്കലിനെയാണ് കാണിക്കുന്നത്. അപ്പോഴും അപമാനവീകരിക്കപ്പെടേണ്ട ഒരു വിഭാഗത്തെ വംശീയമായി ആശ്രയിച്ചാണ് അതിന്റെ അതിജീവനം.
എന്നാല്‍ ഇതേ മുതലാളിത്ത വ്യവസ്ഥിതിയുടെ അധോതലത്തില്‍ വ്യാപരിക്കുന്ന വംശീയത ഒരു മലവെള്ളപ്പാച്ചില്‍ പോലെ പരന്നൊഴുകുകയാണ്. മുതലാളിത്ത വ്യവസ്ഥിതിയുടെ ആഗോളഭാവനകള് കൂടുതല്‍ ഇടുങ്ങിയ ദേശീയതാ രാഷ്ട്രീയത്തിനു വഴിമാറിയ ഇക്കാലത്ത് വിശേഷിച്ചും.
അങ്ങനെയൊരു ലോകത്ത് അതിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് ഇത്തരമൊരു ചോയ്സ് ഇല്ലായെന്നതാണ് അനുഭവം. മുസ്ലിമായിരിക്കുകയോ താടിയോ പേരോ ശരീരഭാഷ കൊണ്ടോ സാമൂഹ്യ വിനിമയങ്ങള്‍ കൊണ്ടോ മറ്റുള്ളവരാല്‍ അങ്ങനെ ആരോപിക്കപ്പെടുന്നവരോ ഏതെങ്കിലും തരത്തില്‍ സ്വയം വിശദീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്നതാണ് അനുഭവം. ഇത്തരമൊരു വംശീയ സാമൂഹിക അവസ്ഥ നിലനില്ക്കുന്നുവെന്നു അംഗീകരിച്ചാല്‍ മാത്രമെ അതിനു പരിഹാരം കാണാന്‍ കഴിയൂ. മനോവിശ്ലേഷകര്‍ പറയുന്നതു പ്രകാരം നിരാകരണം സ്വന്തം അവസ്ഥയെ അഭിമുഖീകരിക്കാതെ പ്രശ്നത്തിന്റെ കാരണത്തില്‍ നിന്നും പരിഹാരത്തില്‍ നിന്നുമുള്ള ഒളിച്ചോടലാണ്. അഭിമുഖീകരണമാണ് പരിഹാരമാര്‍ഗം. പക്ഷേ, അതു വംശീയതയുടെ ധര്‍മത്തെ തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം.
ഉറച്ച വംശീയ വിരുദ്ധ നിലപാട് എടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മുസ്ലിംകളെക്കുറിച്ചും മറ്റേതു വംശീയതയുടെ ഇരകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ രണ്ടു പ്രാവശ്യം ആലോചിക്കണം. കാരണം വംശീയതയുടെ ധര്‍മത്തെ ഉള്‍വഹിക്കുന്ന നിലപാടുകള്‍ എടുക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഇരകള്‍ക്ക് അത്ര എളുപ്പം കൈവരുന്ന പദവിയല്ല അത്.
അപരം എന്നത് വ്യത്യസ്തമായ ഒരു വ്യക്തിയോ കൂട്ടമോ മാത്രമല്ല സ്വന്തത്തില്‍ നിന്നു വേറിട്ടു കരുതുന്ന ഒരു സ്ഥാപനമാണ്. സമൂഹത്തിന്റെ ആന്തരിക പ്രതിസന്ധികളും ആകുലതകളും ഭയങ്ങളും ആരോപിക്കാവുന്ന ഒരു ഇടംകൂടിയാണത്. ഇത്തര മൊരു പ്രക്രിയയിലൂടെയാണ് ഭൂരിപക്ഷ ദേശീയതയില്‍ ഒരു മുസ്ലിം അപരം നിര്‍മിക്കപ്പെടുന്നത്. അപരം സ്വന്തത്തിന്റെ പ്രശ്നമാണെന്ന തിരിച്ചറിവില്ലാതാവുമ്പോള് അത് ഹിംസകളിലേക്ക് നീങ്ങുന്നു.
അപരവല്‍ക്കരണം നടക്കുന്നത് രണ്ടു വഴികളിലൂടെയാണ്: ഒന്ന് വാര്‍പ്പുമാതൃകകളിലൂടെ, മറ്റൊന്ന് ഫാന്റസികള്‍ വഴിയും. അപരരുടെമേല് ഒരു പ്രത്യേക കാഴ്ചപ്പാട് ആരോപിക്കുന്ന ജീവചരിത്ര നിര്‍മാണമാണ് വാര്പ്പുമാതൃകയെങ്കില് സ്വന്തത്തിന്റെ പ്രശ്നങ്ങള്‍ മൂടിവെക്കാവുന്ന ആത്മകഥയാണ് ഫാന്റെസി. ഇവ പരസ്പരം വേറിട്ടുനില്‍ക്കുന്ന പ്രതിഭാസങ്ങളല്ല. ഏതു വാര്‍പ്പുമാതൃകയും അതിന്റെ ഉള്ളില്‍ ഒരു ഫാന്റെസിയെ വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് ലൗജിഹാദ് എന്ന വാര്‍പ്പുമാതൃക നോക്കുക. ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന ഒരു മുസ്ലിം പുരുഷവില്ലന്റെ വാര്‍പ്പുമാതൃകയിലൂടെയാണ് ഇത് വികസിപ്പിക്കപ്പെട്ടത്. അതേസമയം സ്ത്രീയുടെ ലൈംഗിക നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയത്തിന്റെ പ്രകടനവുമാണ് അത്. ജാതി ഹിന്ദു ക്രമത്തിന്റെ ഭ്രമകല്പനയുമായാണ് ഇതിനു ബന്ധം.
ന്യൂനപക്ഷങ്ങള്‍ ദേശീയ സമൂഹത്തിന്റെ അംഗീകൃത ചലനനിയമങ്ങള്ക്കപ്പുറത്താണ് എന്ന ആകാംക്ഷയും ആകുലതയുമാണ് ആധുനിക ദേശരാഷ്ട്രങ്ങളില്‍ അപരത്വത്തിന്റെ പ്രശ്നങ്ങളെ പുതിയ രീതിയില്‍ വികസിപ്പിച്ചത്. ദേശം വിഭജിച്ചവരാണ് മുസ്ലിംകളെന്ന വാര്‍പ്പുമാതൃക അടിസ്ഥാനപരമായി മുസ്ലിം സംഘാടനങ്ങളോടുള്ള ഭയമാണെങ്കിലും അതില്‍ മറ്റു ചില ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ജാതിക്കു അസാധ്യമായ സാമൂഹിക സംഘാടനത്തിന്റെ പ്രതിനിധികളാണ് ന്യൂനപക്ഷങ്ങളെന്നത് ജാതിവ്യവസ്ഥയുടെ പ്രായോജകരില് ചില അരക്ഷിതാവസ്ഥകളുണ്ടാക്കുന്നുണ്ട്. അതിനോടുള്ള ഭ്രമാത്മകപ്രതികരണവും കൂടിയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍. ഏതൊരു ദേശീയ സമൂഹത്തിനും ആവശ്യമായ ഭാഷയോ മതമോ നിര്‍മിക്കാന്‍ ജാതിക്ക് സാധ്യമല്ലെന്ന് അംബേദ്കര്‍ നേരത്തെത്തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം കൊളോണിയല്‍കാല സവര്‍ണ ഇന്ത്യന്‍ ദേശീയവാദത്തെ ദേശമില്ലാത്ത ദേശീയതയെന്ന് വിശേഷിപ്പിക്കുന്നത്.
അപരത്വവല്ക്കരണത്തിന്റെ ഒരു മൂര്‍ത്തഭാവമാണ് വെറുപ്പും വിദ്വേഷവും. ആത്മത്തിന്റെ ഡിഫന്‍സ് മെക്കാനിസമാണ് വെറുപ്പ്. വെറുപ്പിനെ സ്ഥാപനവല്‍ക്കരിക്കുന്ന സാമൂഹിക ഭാവനകള്‍ മുസ്ലിം എന്നു കരുതുന്ന ഒരു വിഭാഗത്തെപ്രതി നടത്തുന്ന അപരവല്ക്കരണശ്രമത്തെയാണ് ഇസ്ലാമോഫോബിയ എന്നു പറയുന്നത്. സ്വന്തം സന്തോഷങ്ങളെയും ആഹ്ളാദങ്ങളെയും തടസ്സപ്പെടുത്തുന്ന ഒന്നായി ഭൂരിപക്ഷ ദേശീയത, അപരരെ സങ്കല്പിക്കുകയും പെരുമാറുകയും ഒപ്പം അതിനെ ഒരു തീവ്രപ്രതിരോധ മാതൃകയാക്കുകയും ചെയ്യുമ്പോഴാണ് ഇസ്ലാമോഫോബിയ ഒരു വെറുപ്പായി മാറുന്നത്. ഒരു ഭൂരിപക്ഷ ദേശീയ ക്രമത്തില്‍ ഇസ്ലാമോഫോബിയ അതിന്റെ സ്വഭാവികതകള്‍ കയ്യൊഴിഞ്ഞു ആക്രമണസ്വഭാവത്തിലേക്കു മാറുന്നു. ഭൂരിപക്ഷ ദേശീയതക്കു ഒരു ഫാഷിസ്റ്റ് സ്വഭാവമാര്‍ജിക്കാന്‍ കഴിയുന്ന ഘട്ടമാണിത്. നഷ്ടപ്പെട്ടുവെന്ന് സ്വയം സങ്കല്പിക്കുന്ന ആഹ്ളാദങ്ങള്‍ തിരിച്ചുപിടിക്കാന്‍ അപരനിഗ്രഹം നടത്തി വെറുപ്പുല്പാദിപ്പിക്കുന്നതിലൂടെ സാധ്യമാവുമെന്ന സമീപനമാണിത്. അപരവെറുപ്പിലൂടെ ആത്മത്തിന്റെ ആഹ്ലാദം തിരിച്ചുപിടിക്കലെന്നും പറയാം. ഇതൊരസാധ്യതയാണ്. അതിനാല്‍ തന്നെ വെറുപ്പിനെ കൂട്ടി കൊണ്ടു അസാധ്യമായ ആഹ്ളാദങ്ങളെ തിരിച്ചു പിടിക്കാന്‍ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. അടുക്കുന്തോറും അകലുന്ന ഒന്നായി വെറുപ്പിലൂടെ ആഹ്ളാദം നിലനില്ക്കുന്നു.
വെറുപ്പ് പുറത്തുവരുന്നത് പ്രസ്താവനകളിലൂടെയാണ്. ഇറ്റലിയില്‍ മാര്‍ക്കോണി റേഡി
യോ കണ്ടുപിടിച്ചതോടെ സ്ഥാപനരൂപം കൈവരിച്ച ജൂതവിരുദ്ധത പുതിയൊരു ആവിഷ്കാരമായി പെരുകുകയുണ്ടായി. ലോകത്തെ 55 ശതമാനം ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് 2020ല്‍ ഒമര്‍ ബറ്റ്ലര്‍ എന്ന ഗവേഷകന് കണ്ടെത്തിയത്.വെറുപ്പ് സ്ഥാപനവല്കരിക്കുന്നത് പ്രസ്താവനകളിലൂടെയാണ്. വിദ്വേഷ പ്രസ്താവനകള്‍ വ്യക്തിയുടെ ബോധപൂര്‍വമായ ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി സാമൂഹിക ബോധത്തിലെ അപരവല്‍ക്കരണത്തിന്റെ ഉപാധികളെ പുനരുല്പാദിപ്പിക്കുകയാണ് ചെയ്യുക.
ഇസ്ലാമോഫോബിയയുടെ പ്രവര്ത്തത്തനത്തെ തിരിച്ചറിയുന്ന ഇടപെടലുകള്‍ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ വികസിച്ചു വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനര്‍ഥം ആരും മുസ്ലിംകളെപ്പറ്റി സംസാരിക്കേണ്ടതില്ലെന്നല്ല. നാം സ്വയം വെറുക്കാന്‍ തീരുമാനിക്കുന്ന ഘടകങ്ങളും മാനദണ്ഡങ്ങളും മുസ് ലിംകളെ വെറുക്കാനുള്ള കാരണമാക്കുന്നുണ്ടോ എന്നു പരിശോധിച്ചാല്‍മതി.
(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)