Global Islamophobia Indian Islamophobia Islamophobia Studies Theorising Islamophobia

സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്‌ലാമോഫോബിയ

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്.

ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് ദി ലീസ്റ്റ് റിലീജ്യസ് നാഷന്‍സ് കാന്‍ റ്റെല്‍ അസ് എബൗട്ട് കണ്ടന്‍മെന്റ് ‘ എന്ന പുസ്തകം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ലിബറല്‍ ക്ഷേമരാഷ്ട്രം സാധ്യമാക്കിയ ജീവിത സംതൃപ്തിയെക്കുറിച്ചുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. തീര്‍ച്ചയായും ഈ സമൂഹങ്ങളില്‍ പരമ്പരാഗത ക്രൈസ്തവ ആചാരങ്ങള്‍ ജനങ്ങളുടെ ജനനം, വിവാഹം തുടങ്ങിയ കാര്യങ്ങളെ ഇന്നും നിര്‍ണ്ണയിക്കുന്നുണ്ട്. എങ്കിലും മതവിശ്വാസത്തെ അതിന്റെ മുഴുവന്‍ ശക്തിയോടെ പിന്തുടരുന്നില്ല എന്നതാണ് വസ്തുത. എങ്കിലും നവനാസ്തികര്‍ കരുതുന്നത്ര തീവ്രമായി മതത്തെ നിരാകരിക്കുന്നവരല്ല സ്‌കാന്‍ഡിനേവിയയിലെ ജനങ്ങള്‍. സാമൂഹിക സംഘാടനത്തിനു മതത്തിനു വളരെ ചെറിയ പ്രാധാന്യമേ ഈ ദേശരാഷ്ട്രങ്ങളില്‍ ലഭിക്കുന്നുള്ളൂവെന്നതാണ് ശരിയായ വിലയിരുത്തല്‍. സാമ്പത്തിക ക്ഷേമത്തില്‍ ഭരണകൂടവും രാഷ്ട്രവും ഒരു പരിധിവരെ പിന്തുടരുന്ന സമത്വപൂര്‍ണമായ നിലപാടുകള്‍ ജനങ്ങളുടെ ജീവിതസംതൃപ്തിയെ കൂട്ടുന്നുണ്ട്. വിശ്വാസിയാകാതെയും വ്യക്തികള്‍ക്ക് മനസ്സമാധാനവും ജീവിതസംതൃപ്തിയും ലഭിക്കുന്നു. എന്നാല്‍ സ്‌കാന്‍ഡിനേവിയയിലെ സംതൃപ്തിയുള്ള ജനങ്ങള്‍ രൂപപ്പെട്ടതിനു പിന്നില്‍ ഇസ്ലാമുമായി ബന്ധപെട്ട എന്തെങ്കിലും ചരിത്ര സാഹചര്യത്തിലല്ല.

 

ഇതേ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ആത്മഹത്യാ നിരക്ക് മതസമൂഹങ്ങളേക്കാള്‍ കൂടുതലാണ് എന്നും സുക്കര്‍മാന്‍ പറയുന്നു. അതിന്റെ കാരണം വര്‍ഷത്തില്‍ കൂടുതലുള്ള അതിശൈത്യവും ശൈത്യകാലത്തെ സാമൂഹിക ഒറ്റപ്പെടലുമാണ്. മതവിശ്വാസം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നുവെന്നു കരുതാന്‍ നിര്‍വാഹമില്ല. മതവിശ്വാസമില്ലെങ്കില്‍ വ്യക്തികള്‍ ആത്മഹത്യ ചെയ്യുമെന്ന രേഖീയ സമീപനം നിര്‍മിക്കാന്‍ ഇതുകൊണ്ടാന്നും കഴിയില്ലെന്നും സുക്കര്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്‌കാന്‍ഡിനേവിയയിലെ ആത്മഹത്യ നിരക്ക് ചൂണ്ടിക്കാട്ടി മതവിമര്‍ശനത്തെ ലഘൂകരിക്കേണ്ടതില്ല.

 

എന്നാല്‍ നിര്‍ണായകമായ മറ്റൊരു പ്രധാന പ്രശ്നം ഇതോടൊപ്പമുണ്ട്. ജനങ്ങളുടെയും വ്യക്തികളുടെയും ജീവിതത്തെ നിര്‍ണയിക്കുന്ന ഒരു അധികാര കേന്ദ്രം എന്ന നിലയില്‍ സ്റ്റേറ്റ് അഥവാ രാഷ്ട്രം ഒരു സര്‍വ സമ്പൂര്‍ണ കേന്ദ്രമായി സ്‌കാന്‍ഡിനേവിയയില്‍ വര്‍ത്തിക്കുന്നു. രാഷ്ട്രത്തോടു സമ്പൂര്‍ണ അനുസരണയുള്ള വ്യക്തികളുടെ കൂട്ടായ്മയാണ് ജനങ്ങളുടേത്. ത്യാഗവും അനുസരണയും സമ്മതവും രാഷ്ട്രത്തിനു സമര്‍പ്പിച്ചാണ് സ്‌കാന്‍ഡിനേവിയന്‍ ജനങ്ങള്‍ സന്തോഷം കണ്ടെത്തുന്നത്. വളരെ കുറച്ചു പ്രതിരോധം മാത്രമെ ജനങ്ങള്‍ രാഷ്ട്രത്തിനെതിരെ നടത്തുന്നുള്ളൂ..

പിപ്പെ നോറിസും റൊണാള്‍ഡ് ഇന്‍ഗ്ലെഹാര്‍ട്ടും ചേര്‍ന്നെഴുതി 2004ല്‍ പ്രസിദ്ധീകരിച്ച ‘സേക്രഡ് ആന്‍ഡ് സെക്കുലര്‍: റിലീജ്യന്‍ ആന്‍ഡ് പൊളിറ്റിക്സ് വേള്‍ഡ് വൈഡ്’ എന്ന പുസ്തകം ഈ വിഷയത്തെ മറ്റൊരു വീക്ഷണകോണില്‍ പരിശോധിക്കുന്നു. സ്വീഡനോ ഡെന്‍മാര്‍ക്കോ മാത്രമല്ല അവരുടെ ഫോക്കസ്. വ്യക്തികള്‍ ആധുനികരും നിര്‍മതരും മതേരരും ആകുമ്പോള്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും നേടുന്നുവെന്ന രേഖീയ സമീപനത്തില്‍ കഴമ്പില്ലെന്നാണ് ഈ പഠനം ഡാറ്റകള്‍ സഹിതം കാണിച്ചുതരുന്നത്.

 

ലോകത്തെ ഏറ്റവും ആധുനികവും വികസിതവും സമ്പന്നവുമായ രാജ്യം അമേരിക്കന്‍ ഐക്യനാടുകളാണ്. സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളേക്കാള്‍ സമ്പന്നമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. എന്നാല്‍ വന്‍കിട ശാസ്ത്ര – സാമ്പത്തിക ശക്തിയായ അമേരിക്കന്‍ ഐക്യനാടുകള്‍ അതിശക്തമായ മതബോധമുള്ള ജനങ്ങളുടെ രാജ്യമാണ്. സാമ്പത്തിക – സാമൂഹിക-ശാസ്ത്ര വികസനം മതവിശ്വാസത്തെ അരിക്കുവല്‍കരിച്ച സ്‌കാന്‍ഡിനേവിയന്‍ അനുഭവത്തില്‍ നിന്നു വ്യത്യസ്തമാണിത്.

 

ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. അമേരിക്കയില്‍ രാഷ്ട്രം ജനങ്ങളുടെ ജീവിതത്തില്‍ കുറച്ചു മാത്രം ഇടപെടുന്ന തരത്തില്‍ ഭരണഘടനാ വ്യവസ്ഥയാല്‍ നിയന്ത്രിതമാണ്. മതത്തെ രാഷ്ട്രത്തില്‍ നിന്നു സംരക്ഷിക്കുന്ന ഭരണഘടനാ വ്യവസ്ഥയാണ് തത്വത്തില്‍ അമേരിക്കയിലുള്ളത്. ബ്രിട്ടണില്‍ നിന്നു അടിച്ചമര്‍ത്തല്‍ കാരണം കുടിയേറിയ വെളുത്തവരായ കാത്തലിക്ക് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തില്‍ നിന്നു മതത്തെ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ് എന്നതാണ് അമേരിക്കന്‍ ചരിത്രാനുഭവം. അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭരണഘടനാസെക്കുലരിസമാണ് അവിടുത്തെ മതവിശ്വാസത്തെ രാഷ്ട്രത്തില്‍ നിന്നു സംരക്ഷിച്ചു നിറുത്തുന്നതെന്നു സാരം.

 

ഒരു മതേതര രാഷ്ട്രം തന്നെ സാമ്പത്തിക വികസനത്തോടൊപ്പം മതവിശ്വാസത്തെയും വികസിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. സാമ്പത്തിക വികസനമോ ക്ഷേമ നടപടികളോ മതേതര രാഷ്ട്രശക്തിയുടെ വ്യാപനമോ വര്‍ദ്ധിച്ചാല്‍ ജനങ്ങള്‍ മതമുപേക്ഷിക്കുമെന്നു കരുതേണ്ടതില്ല. ഇവ്വിഷയകമായി ഒരൊറ്റ ചരിത്രാനുഭവം ഇല്ല. വിവിധ കാരണങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ വിവിധ മാതൃകകള്‍ നിര്‍മിക്കുന്നുവെന്നതാണ് ലോകാനുഭവം. മത വിശ്വാസം കുറഞ്ഞ സമൂഹങ്ങള്‍ സാധ്യമാക്കിയ സാമൂഹിക സംതൃപ്തിയുടെ സ്‌കാന്‍ഡിനേവിയന്‍ അനുഭവം വസ്തുതയാണ്. എന്നാല്‍ പ്രസ്തുത അനുഭവം ഒരു സാര്‍വലൗകിക ചരിത്രാനുഭവമാക്കി മാറ്റി ലോകത്തെ മുഴുവന്‍ അ ളക്കാനുള്ള മാതൃകയാക്കി മാറ്റുന്നുവെന്നാണ് നവനാസ്തിക പ്രചാരണത്തിന്റെ പ്രശ്നം. അമേരിക്കന്‍ ഐക്യനാടുകള്‍ക്കു പോലും പാകമാകാത്ത സ്‌കാന്‍ഡിനേവിയന്‍ മാതൃക ഉപയോഗിച്ചു മുസ്ലിം സമൂഹങ്ങളെ അളക്കുന്നതു രാഷ്ട്രാന്തരീയ അധികാര ബന്ധങ്ങളെ ഒട്ടും പരിഗണിക്കാതെയുമാണ്.

 

സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളെ പൊതു മാതൃകയാക്കി ഇസ്ലാമിനെക്കുറിച്ചു സംസാരിക്കുന്നതു തന്നെ പ്രശ്നകരമാണ് എന്നു പറയാന്‍ മറ്റൊരു കാരണവുമുണ്ട്. എഡ്രിയാന്‍ വൂള്‍റിഡ്ജും ജോണ്‍ മിക്കല്‍ത് വൈറ്റും ചേര്‍ന്നു 2009-ല്‍ എഴുതിയ ‘ ഗോഡ് ഈസ് ബാക്ക്: ഹൗ ദി ഗ്ലോബല്‍ റിവൈവല്‍ ഓഫ് ഫെയ്ത് ഈസ് ചെയ്ഞ്ചിംഗ് ദി വേള്‍ഡ്’ എന്ന പഠനം യൂറോപിലെ പഴയ കമ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും മതങ്ങള്‍ തിരിച്ചു വരുന്നുവെന്നു വാദിക്കുന്നു. ഇസ്ലാം ലോകവ്യാപകമായി തന്നെ ഏറ്റവും വളര്‍ച്ച കാണിക്കുന്ന മതവുമാണ്. 2030 – ആവുന്നതോടെ യൂറോപ്പിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായി (പത്തു ശതമാനം മുതല്‍ പതിനഞ്ചു ശതമാനം വരെയായി) മുസ്ലിംകള്‍ മാറുമെന്നു പ്യൂ റിസര്‍ച്ച് സെന്റെര്‍ നടത്തിയ പഠനങ്ങള്‍ (27 ജനുവരി 2011) പ്രവചിക്കുന്നു.

 

ചുരുക്കി പറഞ്ഞാല്‍, പാശ്ചാത്യ ലോകം വികസിതവും അതിനാല്‍ മതവിരുദ്ധവും ആണ് എന്ന നിര്‍മിതിയില്‍ തന്നെ തകരാറുണ്ടെന്നാണ് വസ്തുത. സാമ്പത്തിക വികസനം, ക്ഷേമ രാഷ്ട്രം, മതേതര ഭരണഘടന തുടങ്ങിയവ മതത്തെ ഇല്ലാതാക്കിയതിന്റെയും വളര്‍ത്തിയതിന്റെയും വിവിധ പാശ്ചാത്യ അനുഭവങ്ങളുണ്ട്. എന്നാല്‍ സ്‌കാന്‍ഡിനേവിയന്‍ ചരിത്ര- സാമൂഹ്യ മാതൃകകളെ ലളിതമായ ഉപകരണ യുക്തിയിലൂടെയും തെറ്റായ താരതമ്യത്തിലൂടെയും അവതരിപ്പിക്കുമ്പോള്‍ അതു ഇസ്ലാമിനെ അപരവല്‍കരിക്കാനുള്ള വഴിയായി മാറുന്നു. ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ നവനാസ്തികത പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിനെ ഒറ്റതിരിച്ചു വിമര്‍ശിക്കുന്ന ഹിന്ദുത്വപദ്ധതിയുടെ വിശാല സാഹചര്യത്തിലാണ്. അതാണ് നവനാസ്തികതയുടെ ഇസ്ലാമോഫോബിയ വേറിട്ട ഒരു പ്രശ്നമായി ഇന്ത്യന്‍ സാഹചര്യത്തില്‍ മാറാനുള്ളകാരണം.

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)