Global Islamophobia Kerala Islamophobia Theorising Islamophobia

തിരിച്ചുവരുന്ന ഡ്രാക്കുള: യൂറോപ്യൻ ഇസ്ലാമോഫോബിയയുടെ ഭാവനകൾ

1897ല്‍ രചിക്കപ്പെട്ട ഡ്രാക്കുള എന്ന നോവല്‍ ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബ്രാം സ്റ്റോക്കര്‍ എഴുതിയതാണ്. ഡ്രാക്കുള എന്ന അപസര്‍പ്പക നോവലിലെ പ്രതിയോഗി കഥാപാത്രം ലോകത്ത് ഏറ്റവും പ്രചാരമുള്ള രക്തദാഹിയാണ്. രക്തരക്ഷസ്സ് പ്രഭു (വാംപയര്‍ ലോഡ്) എന്നാണ് നോവലിനാദ്യം പേരിട്ടത്.

യൂറോപ്പിലെ പ്രാചീനമായ ഒരു പൈശാചിക ഭാവനയുടെ ഓര്‍മ വഹിക്കുന്ന ഡ്രാക്കുളക്കു പല ചരിത്ര സന്ദര്‍ഭങ്ങളുടെ വായനയുണ്ട്. പിന്നീടു ധാരാളം സിനിമകളും നാടകങ്ങളും ഡ്രാക്കുളയെക്കുറിച്ചു സൃഷ്ടിക്കപ്പെട്ടു. അഞ്ഞൂറു വര്‍ഷത്തെ ചരിത്രമുള്ള ഒരു പ്രേതഭാവനയാണ് ഡ്രാക്കുള. അതിന് സമകാലിക ലോകത്തു ഇസ്ലാമോഫോബിയയുടെ അര്‍ഥം കൈവന്നിരിക്കുന്നു.

ഇംഗ്ലീഷ് സന്ദര്‍ഭം

സ്റ്റോക്കര്‍ നോവലെഴുതുന്ന കാലത്ത് ലണ്ടനില്‍ വിഷജ്വരം പടര്‍ന്നിരുന്നുവെന്ന കഥയുണ്ട്. രക്തം കുടിക്കുന്ന ഒരു അദൃശ്യ മനുഷ്യരൂപത്തെക്കുറിച്ചുള്ള കഥകള്‍ വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. രക്തമൂറ്റിക്കുടിക്കുന്ന അതിഭൗതിക സാന്നിധ്യങ്ങളെകുറിച്ചുള്ള സാമൂഹ്യ ഉത്കണ്ഠയുടെ ഭാഗമാണ് സ്റ്റോക്കറുടെ നോവലെന്നാണ് ഒരു വിശദീകരണം. റൊമേനിയന്‍ ജനറലും വലേഷ്യന്‍ രാജകുമാരനുമായ വ്‌ലാദ് മൂന്നാമനെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. ഡ്രാക്കുള എന്നാല്‍ പിശാച് എന്നാണര്‍ത്ഥമെന്നു ഈ നോവല്‍ പഠനങ്ങളില്‍ കാണാം. നോവലില്‍ ഇന്നത്തെ ചെക് റിപബ്ലിക്കിനും റുമാനിയക്കും ഇടയില്‍ 1500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന കാര്‍പാത്ത്യന്‍ മലനിരകളിലെ ബോര്‍ഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം.

ഡ്രാക്കുള പകല്‍ നേരം ശവപ്പെട്ടിക്കുള്ളില്‍ കഴിയുകയും രാത്രിയില്‍ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. ഈ യുവതികള്‍ യക്ഷികളായി മാറി ഡ്രാക്കുളയുടെ സംഘത്തില്‍ ചേരുന്നു. ഡ്രാക്കുളയെ വേട്ടയാടി പിടിക്കുന്ന സംഘത്തിന്റെ നേതാവ് ഡോക്ടര്‍ വാന്‍ ഹൈസിംഗ് ആയിരുന്നു. വെള്ളക്കാരുടെ രക്തം കുടിക്കുന്ന ഒരു പിശാചിനെ തളക്കുന്ന കഥ കൂടിയാണിത്.

ഡ്രാക്കുളയുടെ യഥാര്‍ഥ ചരിത്രം എന്താണെന്നതിനേക്കാള്‍ കഥയിലെ ഉത്തമപുരുഷന്റെ രാഷ്ട്രീയ സ്വഭാവം ഏറെ അന്വേഷണ വിധേയമായതാണ്. സാഹിത്യ സംസ്‌കാര പഠിതാക്കളുടെ വിശകലന പ്രകാരം യൂറോപ്യന്‍/ വെള്ളക്കാരന്‍/ വിക്ടോറിയന്‍ സദാചാരവാദി/ ആധുനിക/ ക്രിസ്ത്യന്‍ പുരുഷന്റെ അപരഭീതികളെയാകെ ഒന്നിപ്പിക്കുന്ന ജനപ്രിയ സംസ്‌കാര ചിഹ്നമാണ് ഡ്രാക്കുള. ഡോ. വാന്‍ ഹൈസിംഗ് എന്ന ഡ്രാക്കുള വേട്ടക്കാരനാകട്ടെ നിരവധി ആധുനിക ഐഡന്റിറ്റികളുടെ ഭാഗമാണ്: കുറ്റാന്വേഷകന്‍, മനഃശാസ്ത്ര വിദഗ്ദ്ധന്‍, ജര്‍മ്മന്‍ പ്രൊഫസര്‍, മന്ത്രവാദി എന്നീ ഐഡന്റിറ്റികളെ സംയോജിപ്പിച്ചിരിക്കുന്നു. വിക്ടോറിയന്‍ പുരുഷാധിപത്യക്രമത്തിന്റെയും സദാചാരത്തിന്റെയും ക്രിസ്ത്യന്‍ വിശ്വാസത്തിന്റെയും പ്രതിനിധിയുമാണ് അദ്ദേഹം. അതോടൊപ്പം ശാസ്ത്രജ്ഞന്‍, മനഃശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ശാസ്ത്രീയ ആധുനികതയുടെ അടയാളങ്ങളും അയാള്‍ക്കുണ്ട്. ശാസ്ത്രവും മന്ത്രവും പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന വേട്ടക്കഥയാണ് ഡ്രാക്കുള ആഖ്യാനങ്ങളുടെ ഫാന്റസി ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തെ ആകര്‍ഷകമാക്കുന്നത്.

ലിംഗ രാഷ്ട്രീയം

വിക്ടോറിയന്‍ സദാചാര നിയമങ്ങളെ ലംഘിക്കുന്ന സാമൂഹിക രാഷ്ട്രീയ കാമനകളുടെ ലോകമാണ് ഡ്രാക്കുളയുടേത്. അന്നത്തെ ഭിന്നലൈംഗിക കുടുംബ വ്യവസ്ഥയില്‍ വിശിഷ്യാ വെളുത്ത സ്ത്രീകളിലുണ്ടാകുന്ന അപര ആകര്‍ഷണത്തോടുള്ള വെളുത്ത പുരുഷഭയം ഈ നോവലിലുണ്ട്. ഡ്രാക്കുളയാല്‍ വശീകരിക്കപ്പെടുന്ന വെള്ളസ്ത്രീകള്‍ വിക്ടോറിയന്‍ സദാചാരപുരുഷക്രമത്തിന്റെ അധികാരങ്ങളെ മറികടക്കുന്ന ഭീതി നിറഞ്ഞ സാമൂഹ്യ ഉത്കണ്ഠകളാണ്. മനോവിശ്ലേഷണ പഠനങ്ങള്‍ പ്രകാരം അമര്‍ത്തി വെക്കപ്പെട്ട ഭയങ്ങളാണ് അപസര്‍പ്പക കഥകളായി പൊതുഭാവനയില്‍ ചേരുന്നത്. സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പ്രേതകഥകളായി മാറുന്നുവെന്നു ചുരുക്കം.

നോവല്‍ പഠനങ്ങള്‍ പറയുന്നതു പ്രകാരം ഡ്രാക്കുളവേട്ട വായനക്കാര്‍ക്കു നല്‍കുന്ന ആത്മസംതൃപ്തി വെറുക്കപ്പെട്ട ക്രൂരനായ ഒരു അതിഭൗതിക ശക്തി ഉന്മൂലനം ചെയ്യപ്പെടുന്നുവെന്ന നിരപേക്ഷമൂല്യം മാത്രമല്ല. വ്യവസ്ഥാപിത ലിംഗ/ലൈംഗിക മാതൃകകളെ അതിവര്‍ത്തിക്കുന്ന വെളുത്ത സ്ത്രീകളെയും അപര സാമൂഹിക വിഭാഗങ്ങളെയും നിയന്ത്രിക്കുന്ന സാമൂഹികവ്യവസ്ഥയുടെ പുന:സ്ഥാപനവുമാണ്.

യൂറോപ്യന്‍ സന്ദര്‍ഭം

ഗോത്തിക് പ്രേതകഥകളില്‍ പൊതുവായ ഒരു കഥാഭാവന ഈ നോവലിലും ഉണ്ട്. കിഴക്കന്‍ യൂറോപ്പില്‍ (ട്രാന്‍സില്‍വേനിയ)നിന്ന് പാശ്ചാത്യ (സിവിലൈസ്ഡ് യൂറോപ്പ്) ലോകത്തേക്ക് വരുന്ന ഡ്രാക്കുള, ബ്രിട്ടന്റെ ശുദ്ധരക്തത്തിലേക്ക് മാലിന്യം കലര്‍ത്താനാണ് എത്തുന്നത്. അപരരുടെ കലര്‍പ്പുള്ള ഒരു പുറമ്പോക്കായാണ് കിഴക്കന്‍ യൂറോപ്പിനെ ചിത്രീകരിക്കുന്നത്. പാശ്ചാത്യരായ യൂറോപ്യരും പൗരസ്ത്യരായ യൂറോപ്യരും തമ്മിലുള്ള ഒരു വൈരുധ്യമാണിത്.

ആന്റി സെമിറ്റിസത്തിന്റെ നിഗൂഢചരിത്രവും ഡ്രാക്കുള കഥക്കുണ്ട്. 19ാം നൂറ്റാണ്ടിലെ യഹൂദരുടെ കുടിയേറ്റവും സാമ്പത്തിക ഉയര്‍ച്ചയും ധനപരമായ ഇടപാടുകളിലെ മികവും യഹൂദരെ ജീവിക്കുന്ന രക്ഷസ്സുകളായി കാണാന്‍ യൂറോപ്യരെ പ്രേരിപ്പിച്ചു. ഡ്രാക്കുളയുടെ അംഗവര്‍ണ്ണന അക്കാലത്തെ യഹൂദരുമായി ചേര്‍ന്നു പോവുന്നതാണ് എന്നാണ് ഒരു വിഭാഗം പഠനങ്ങള്‍ നല്‍കുന്ന സൂചന. ഡ്രാക്കുളയെക്കുറിച്ചു പില്‍ക്കാലത്തു പുറത്തിറങ്ങിയ പല യൂറോപ്യന്‍ സിനിമകളും ആന്റി സെമിറ്റിക് പ്രതിനിധാനം ഉള്‍വഹിക്കുന്നുണ്ടായിരുന്നു.

കോളനിവല്‍ക്കരണ കാലത്തു യൂറോപ്യന്‍ കോളനികളിലെ പ്രാകൃതരും അവികസിതരും അയുക്തികരുമായ അധിനിവേശ പ്രജകളുടെ മടങ്ങിവരവിലൂടെ സംഭവിക്കാവുന്ന സാങ്കല്‍പിക പ്രതികോളനിവത്ക്കരണത്തോടുള്ള പേടിയാണ് യൂറോപ്പിന്റെ രാഷ്ട്രീയാബോധത്തിലെ നിത്യസാന്നിധ്യമായി ഡ്രാക്കുളയെ നിലനിര്‍ത്തുന്നതെന്ന നിരീക്ഷണവുമുണ്ട്. ഇന്നത്തെ യൂറോപ്പിലെ കുടിയേറ്റഭീതിയുടെ ചരിത്രവും വര്‍ത്തമാനവും ഡ്രാക്കുളക്കഥകളിലുണ്ട്.

മുസ്‌ലിം സന്ദര്‍ഭം

ശീതയുദ്ധാനന്തരം ആഗോളീകരണത്തിനും കുടിയേറ്റത്തിനും ശേഷം യൂറോപ്പില്‍ തന്നെ ഡ്രാക്കുളയുടെ കഥക്ക് പുതിയൊരു രൂപം കൈവന്നു. ഇസ്ലാമോഫോബിയ പുതിയ രൂപത്തില്‍ കുടിയേറ്റ വിരുദ്ധ പ്രത്യയശാസ്ത്രമായപ്പോള്‍ ഡ്രാക്കുളയുടെ കഥക്കും വഴിത്തിരിവ് സംഭവിച്ചു. അതുവരെ പ്രേതമായും രക്തരക്ഷസ്സായും യൂറോപ്പിനെ വേട്ടയാടിയ ക്രൂരനും അപരസ്വത്വവുമായ ഡ്രാക്കുള എത്രയോ നല്ലവനായിരുന്നുവെന്ന ആഖ്യാനങ്ങള്‍ വികസിക്കാന്‍ തുടങ്ങി. യഥാര്‍ഥത്തില്‍ യൂറോപ്യനായ ഡ്രാക്കുളയെവരെ കൊന്നവരാണ് മുസ്ലിംകളെന്നും പ്രചാരണവുമുണ്ടായി. മുസ്ലിം വിരുദ്ധവും കുടിയേറ്റ വിരുദ്ധവുമായി യൂറോപ്യന്‍ ഭാവന വികസിച്ചപ്പോള്‍ ഡ്രാക്കുള ഒരു മുസ്ലിം വിരുദ്ധ പോരാളിയായി ആഖ്യാനം ചെയ്യപ്പെടാന്‍ തുടങ്ങി. നാഗരിക വിരുദ്ധനായ ഒരു പ്രേതമായിരുന്ന ഡ്രാക്കുള പുതിയ കാലത്തു യൂറോപ്യന്‍ നാഗരിക ചരിത്രത്തിന്റെ സംരക്ഷകനായി ചിത്രീകരിക്കപ്പെട്ടു. സിനിമകളിലാണ് ഈ മാറ്റം ഏറെ ദൃശ്യമായത്.

ഗാരി ഷോറിന്റെ 2014ല്‍ പുറത്തിറങ്ങിയ ‘ഡ്രാക്കുള അണ്‍ടോള്‍ഡ്’ എന്ന സിനിമ ഡ്രാക്കുളയുടെ കഥക്ക് ഇത്തരമൊരു വ്യാഖ്യാനമാണ് നല്‍കിയത്. യഥാര്‍ഥത്തില്‍ മുസ്ലിംകളില്‍ നിന്നു യൂറോപ്പിനെ രക്ഷിച്ച നന്മ നിറഞ്ഞ പ്രഭുവായിരുന്നു ഡ്രാക്കുളയെന്നാണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്. അതോടുകൂടി ഡ്രാക്കുളയുടെ ചരിത്രം കൂടുതല്‍ സംവാദവിധേയമായി.

1453 ഏപ്രിലിന്റെ തുടക്കത്തില്‍, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സുല്‍ത്താനായിരുന്ന ഫാതിഹ് മുഹമ്മദ്, കൊണ്‍സ്റ്റാന്റിനോപ്പിളിനെ (ഇന്നത്തെ ഇസ്താംബൂളിനെ) അവസാനമായി വളയാന്‍ ആരംഭിച്ചു. 57 ദിവസങ്ങള്‍ക്ക് ശേഷം നഗരം വീണപ്പോള്‍ യൂറോപ്പിലുടനീളം ഒരു നടുക്കം പടര്‍ന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു ഒട്ടോമന്‍ നിയന്ത്രണത്തില്‍ നിന്നു യൂറോപ്യന്‍ വ്യാപാരത്തെ ഒഴിവാക്കാനായുള്ള ക്രിസ്റ്റഫര്‍ കൊളംബസിന്റെയും വാസ്‌കോ ഡ ഗാമയുടെയും യാത്രകള്‍. ഒട്ടോമന്‍ സാമ്രാജ്യം യൂറോപ്പിലുണ്ടാക്കിയ നടുക്കത്തെ വിവരിക്കാനാണ് പുതിയ കാലത്തു ഡ്രാക്കുളയുടെ റിവിഷനിസ്റ്റ് ചരിത്രം പൊടിതട്ടിയെടുക്കുന്നത്.

1435ല്‍ ജനിച്ച വ്‌ലാഡ് വലാചിയ മൂന്നാമന്‍ എന്ന റുമേനിയന്‍ പ്രഭുവായിരുന്നു ഡ്രാക്കുളയുടെ അടിസ്ഥാന ചരിത്രമാതൃക. ഇന്നത്തെ റുമാനിയയില്‍ ഉള്‍പ്പെട്ട വല്ലാചിയന്‍ ഭരണകൂടത്തിന്റെ ഭാഗമായി വ്‌ലാഡ് അധികാരത്തിലെത്തിയപ്പോള്‍ കഠിനമായ ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കി. ശത്രുപ്രദേശങ്ങള്‍ ആക്രമിച്ചു. ശവപ്പെട്ടിക്കു മുന്‍പില്‍ മുട്ടുകുത്തി അന്ത്യകീര്‍ത്തനം വായിക്കാന്‍ എതിരാളികളെ നിര്‍ബന്ധിച്ചു. മനുഷ്യരെ കൊന്നു മരത്തില്‍ കൊളുത്തുന്നതും പച്ചക്ക് കത്തിക്കുന്നതും വിനോദമാക്കിയ വ്‌ലാഡ് മൂന്നാമനാണ് ഡ്രാക്കുള എന്ന പേരില്‍ അറിയപ്പെട്ടത്. ലാറ്റിന്‍ വാക്കായ ഡ്രാക്കോ, അഥവാ ഡ്രാഗണ്‍ എന്ന പദത്തില്‍ നിന്നാണ് ഡ്രാക്കുള എന്ന പേര് വികസിച്ചതെന്നും പറയുന്നവരുണ്ട്.

വ്‌ലാഡിന്റെ സഹോദരന്‍ റാഡു ഒരു വിമത പ്രഭുവായിരുന്നു. ഇദ്ദേഹം സ്വന്തം സഹോദരനെതിരെ ഒട്ടോമന്‍ സാമ്രാജ്യത്തോട് ചേര്‍ന്ന് പോരാടുകയും ചെയ്തു. റുമാനിയയിലെ സാധാരണ ജനങ്ങളുടെ ആവശ്യപ്രകാരമാണ് റാഡുവിനെ ഡ്രാക്കുളക്കെതിരെ ഒട്ടോമന്‍ സുല്‍ത്താന്‍ സഹായിച്ചതെന്നും വ്യാഖ്യാനമുണ്ട്. 1476ല്‍, ഓട്ടോമന്‍ സൈന്യം വ്‌ലാഡ് മൂന്നാമനെ തോല്‍പ്പിക്കുകയും കൊല്ലുകയും ചെയ്തു. വ്‌ലാഡ് മൂന്നാമന്റെ തല കോണ്‍സ്റ്റാന്റിനോപ്പിളില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. റാഡുവിന്റെ ഈ പോരാട്ടവും ഒട്ടോമന്‍ സാമ്രാജ്യത്തോടൊപ്പം ഉണ്ടായ ബന്ധവും ഒട്ടോമന്‍ സാമ്രാജ്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒട്ടോമന്‍ സൈന്യത്തിനെതിരെ യുദ്ധത്തില്‍ മരിച്ചതിനുശേഷം, ഡ്രാക്കുളയുടെ പേര് ക്രൂരതയുമായി ബന്ധപ്പെട്ട ജനകീയ കഥകളില്‍ കടന്നുവരാന്‍ തുടങ്ങി. മുഴുവന്‍ ഗ്രാമങ്ങളെയും ചുട്ടുകരിച്ച ഒരു ക്രൂരന്റെ ഭയാനകമായ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ പ്രചരിച്ചു. മിക്ക ചരിത്രകാരന്‍മാരും അതിക്രൂരനായ ഒരു ഭരണാധികാരിയായാണ് ഡ്രാക്കുളയെ അവതരിപ്പിക്കുന്നത്. ഈ കഥകള്‍ കഴിഞ്ഞ അഞ്ഞൂറു വര്‍ഷമായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.

ഇതിനിടയില്‍ യൂറോപ്പിലേക്കുള്ള മുസ്‌ലിംകുടിയേറ്റം വര്‍ധിച്ചു. ഒപ്പം കുടിയേറ്റവിരുദ്ധതയും വ്യാപകമായി. ഈ സാഹചര്യത്തിലാണ് ഡ്രാക്കുള പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. അതനുസരിച്ച് ഒട്ടോമന്‍ സാമ്രാജ്യത്തെ ചെറുത്തു നിന്ന വിമോചന പോരാളിയാണ് ഡ്രാക്കുള. ഗാരിഷോറിന്റെ സിനിമ ഈ ജനപ്രിയ ഇസ്‌ലാമോഫോബിയയുടെ മുഖ്യധാരാ വ്യാഖ്യാനമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ റെയ്മണ്ട് ഇബ്രാഹിം എഴുതിയ ഡിഫെന്‍ഡേഴ്‌സ് ഓഫ് ദി വെസ്റ്റ്: ദി ക്രിസ്ത്യന്‍ ഹീറോസ് ഹു സ്റ്റുഡ് എഗെയ്ന്‍സ്റ്റ് ഇസ്‌ലാം എന്ന പുസ്തകം ഡ്രാക്കുളയെ ഇസ്‌ലാമിക അധിനിവേശത്തിനെതിരെ പോരാടിയ ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പ്രഭുവായി ചിത്രീകരിക്കുന്നു. ഡാര്‍ക്ക് പ്രിന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് ഡ്രാക്കുള എന്ന 2000ത്തില്‍ പുറത്തിറങ്ങിയ ജോ ചാപെല്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ടി വി ഷോയും സമാനമായ ചരിത്രംപറയുന്നു.

കേരളീയ പരിസരം 

സമാനമായ ഒരു ആഖ്യാനം നമ്മുടെ നാട്ടിലുമുണ്ട്. 2013ല്‍ സെയ്ന്റ് ഡ്രാക്കുള 3ഡി എന്ന പേരില്‍ മലയാളി എഴുത്തുകാരനും കവിയും സിനിമാക്കാരനുമായ രൂപേഷ് പോള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരു സിനിമ ചെയ്തിരുന്നു. അദ്ദേഹം ഇതേ പ്രമേയത്തില്‍ ദി ലൗ ലെറ്റേഴ്‌സ് ആന്റ് സീക്രട്ട് ഡയറീസ് ഓഫ് ഡ്രാക്കുള എന്ന പേരില്‍ ഒരു നോവലും എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടത്രെ. ഒട്ടോമന്‍ ചക്രവര്‍ത്തിമാരാല്‍ നിര്‍ബന്ധപൂര്‍വം ഇസ്‌ലാമിലേക്ക് മതം മാറേണ്ടിവന്ന ഒരാളായാണ് ഇതില്‍ ഡ്രാക്കുളയെ ചിത്രീകരിച്ചിരുന്നത്.

രൂപേഷ് പോള്‍ പറയുന്നതനുസരിച്ച്, നോവല്‍ ഭാവന മാത്രമല്ല, വസ്തുതാപരവുമാണ്. യുദ്ധപോരാളികളുടെ കുടുംബത്തില്‍ ജനിച്ച, ഡ്യൂക്ക് വ്‌ലാഡ് ഡ്രാക്കുളയും സഹോദരനും 13ാം വയസ്സില്‍ ഓട്ടോമന്‍ ചക്രവര്‍ത്തി സുല്‍ത്താന്‍ മുറാദിന്റെ പിടിയിലകപ്പെട്ടു. തുര്‍ക്കി ജയിലില്‍ ഇവര്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ ഇരുവരും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശീലനത്തിനുശേഷം ചക്രവര്‍ത്തി, ഡ്രാക്കുളയെ വല്ലാച്ചിയയിലെ രാജകുമാരനാക്കി. നിര്‍ബന്ധപൂര്‍വമുള്ള ഇസ്‌ലാം സ്വീകരണം സഹോദരന്‍ അംഗീകരിച്ചെങ്കിലും ഡ്രാക്കുളയ്ക്ക് അതിനുകഴിഞ്ഞില്ല. ഈ പക അദ്ദേഹം വീട്ടിയത് തന്റെ ഭരണകാലത്ത്, ലക്ഷക്കണക്കിനു മുസ്‌ലിംകളെ കൊന്നുതള്ളിയാണ്.
എന്നാല്‍ നോവല്‍ സിനിമയായപ്പോള്‍ ഈ മതംമാറ്റ കഥ അദ്ദേഹം ഒഴിവാക്കിയത്രെ. കമലഹാസന്റെ വിശ്വരൂപത്തിനെതിരേ മുസ്‌ലിം ‘മതഭ്രാന്ത’ന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം കണ്ട് ഭയന്നായിരുന്നു അതെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു(മാര്‍ച്ച് 22, 2023, ടൈംസ് ഓഫ് ഇന്ത്യ). ആഗോള ഇസ്‌ലാമോഫോബിയയിലേക്ക് കേരളീയ ഇസ്‌ലാമോഫോബിയ കണ്ണി ചേരുന്നതെങ്ങനെയെന്നതിന് ഉദാഹരണവുമാണ് ഇത്.

 

യൂറോപ്പില്‍ ക്രൂരത പരത്തിയ ഡ്രാക്കുളയുടെ ചരിത്രം പുതിയ കാലത്തു, കിഴക്കന്‍ യൂറോപ്പിലെ ഇസ്‌ലാമിക സങ്കരസംസ്‌കാരത്തിന്റെ ക്രൂരതയെ നേരിട്ട പോരാളിയുടേതായി മാറുകയും ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ശീതയുദ്ധാനന്തരം വികസിച്ച നാഗരിക സംഘട്ടനമെന്ന നവഓറിയന്റലിസ്റ്റ് ആഖ്യാനമാതൃകയിലേക്ക് ഡ്രാക്കുളയുടെ കഥയും കണ്ണി ചേര്‍ക്കപ്പെടുകയാണ്. അങ്ങനെ ഇസ്‌ലാമിനെതിരായ യൂറോപ്യന്‍ നാഗരിക പ്രതിരോധ ചരിത്രത്തിന്റെ ഉത്തമമാതൃകയായി ഡ്രാക്കുളയുടെ കഥ വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രേതമായി വേട്ടയാടപ്പെട്ട ഡ്രാക്കുള ഇപ്പോള്‍ ഹീറോയായി തിരിച്ചുവരുന്നു.

റഫറന്‍സ്

Sophia Rose Arjana. 2014. Muslims in the Western Imaginaion. Oxford Universtiy Press
M K Sunil Kumar, 2013, A fiction by a Keralite potrrays Dracula As a Muslim, , March 22, Times of India

(കടപ്പാട്/ മറുവാക്ക്: രാഷ്ട്രീയ -സാംസ്കാരിക മാസിക)